മുന്നൂറ്റിയാറാം ദിവസം: യോഹന്നാന്‍ 8 - 9


അദ്ധ്യായം 8


വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീ
1: യേശുവാകട്ടെ, ഒലിവുമലയിലേക്കു പോയി.
2: അതിരാവിലേ അവന്‍ വീണ്ടും ദേവാലയത്തിലേക്കു വന്നു. ജനമെല്ലാം അവന്റെയടുക്കലെത്തി. അവനിരുന്ന് അവരെ പഠിപ്പിച്ചു.
3: വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരുംകൂടെ അവന്റെയടുക്കല്‍ കൊണ്ടുവന്നു, നടുക്കുനിറുത്തി.
4: അവരവനോടു പറഞ്ഞു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളാണ്.
5: ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണു മോശ നിയമത്തില്‍ കല്പിച്ചിരിക്കുന്നത്. അതുകൊണ്ട്, നീയെന്തു പറയുന്നു?
6: ഇത്, അവനില്‍ കുറ്റമാരോപിക്കാന്‍വേണ്ടി അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചതാണ്. യേശുവാകട്ടെ, കുനിഞ്ഞു വിരല്‍കൊണ്ടു നിലത്തെഴുതിക്കൊണ്ടിരുന്നു.
7: അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്‍ന്ന്, അവരോടു പറഞ്ഞു: നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യമവളെ കല്ലെറിയട്ടെ.
8: അവന്‍ വീണ്ടും കുനിഞ്ഞു നിലത്തെഴുതിക്കൊണ്ടിരുന്നു.
9: എന്നാല്‍, ഇതുകേട്ടപ്പോള്‍ മുതിര്‍ന്നവര്‍തുടങ്ങി ഓരോരുത്തരായി സ്ഥലംവിട്ടു. ഒടുവില്‍ യേശുവും നടുക്കുനിന്നിരുന്ന ആ സ്ത്രീയുംമാത്രം ശേഷിച്ചു.
10: യേശു നിവര്‍ന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവരെവിടെ? ആരും നിന്നെ വിധിച്ചില്ലേ?
11: അവള്‍ പറഞ്ഞു: ഇല്ല, കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപംചെയ്യരുത്.

യേശു ലോകത്തിന്റെ പ്രകാശം
12: യേശു വീണ്ടുമവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു. എന്നെയനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.
13: അപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: നീതന്നെ നിനക്കു സാക്ഷ്യംനല്കുന്നു. നിന്റെ സാക്ഷ്യം സത്യമല്ല.
14: യേശു പ്രതിവചിച്ചു: ഞാന്‍തന്നെ എനിക്കു സാക്ഷ്യംനല്കിയാലും എന്റെ സാക്ഷ്യം സത്യമാണ്. കാരണം, ഞാനെവിടെനിന്നു വരുന്നുവെന്നും എവിടേയ്ക്കു പോകുന്നുവെന്നും എനിക്കറിയാം. എന്നാല്‍, ഞാനെവിടെനിന്നു വരുന്നുവെന്നോ എവിടേയ്ക്കു പോകുന്നുവെന്നോ നിങ്ങളറിയുന്നില്ല.
15: നിങ്ങളുടെ വിധി, മാനുഷികമാണ്. ഞാനാരെയും വിധിക്കുന്നില്ല.
16: ഞാന്‍ വിധിക്കുന്നെങ്കില്‍ത്തന്നെ എന്റെ വിധി സത്യമാണ്; കാരണം, ഞാന്‍ തനിച്ചല്ല, എന്നെ അയച്ച പിതാവും എന്നോടുകൂടെയുണ്ട്.
17: രണ്ടുപേരുടെ സാക്ഷ്യം സത്യമാണെന്നു നിങ്ങളുടെ നിയമത്തില്‍ത്തന്നെ എഴുതിയിട്ടുണ്ടല്ലോ.
18: എന്നെക്കുറിച്ചു ഞാന്‍തന്നെ സാക്ഷ്യംനല്കുന്നു. എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യംനല്കുന്നു.
19: അപ്പോള്‍ അവരവനോടു ചോദിച്ചു: നിന്റെ പിതാവെവിടെയാണ്? യേശു പറഞ്ഞു: നിങ്ങള്‍ എന്നെയാകട്ടെ എന്റെ പിതാവിനെയാകട്ടെ അറിയുന്നില്ല; എന്നെയറിഞ്ഞിരുന്നെങ്കില്‍ എന്റെ പിതാവിനെയുമറിയുമായിരുന്നു.
20: ദേവാലയത്തില്‍ ഭണ്ഡാരസ്ഥലത്തു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ് അവന്‍ ഇതെല്ലാം പറഞ്ഞത്. എന്നാല്‍, ആരുമവനെ പിടികൂടിയില്ലാ. എന്തെന്നാൽ, അവന്റെ മണിക്കൂർ ഇനിയും വന്നിരുന്നില്ല.

യഹൂദര്‍ക്കു മുന്നറിയിപ്പ്
21: യേശു വീണ്ടുമവരോടു പറഞ്ഞു: ഞാന്‍ പോകുന്നു. നിങ്ങളെന്നെയന്വേഷിക്കും; എന്നാല്‍, നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കും. ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.
22: അപ്പോള്‍ യഹൂദര്‍ പറഞ്ഞു: ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ലെന്ന് അവന്‍ പറയുന്നല്ലോ. അവന്‍ ആത്മഹത്യചെയ്തേക്കുമോ?
23: അവന്‍ പറഞ്ഞു: നിങ്ങള്‍ താഴെനിന്നുള്ളവരാണ്; ഞാന്‍ മുകളില്‍നിന്നുള്ളവനും. നിങ്ങള്‍ ഈലോകത്തിന്റേതാണ്; ഞാന്‍ ഈ ലോകത്തിന്റേതല്ല.
24: അതുകൊണ്ട്, നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കുമെന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു. കാരണം, ഞാന്‍ ആകുന്നു, എന്നു  വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.
25: അപ്പോളവര്‍ ചോദിച്ചു: നീയാരാണ്? യേശു അവരോടു പറഞ്ഞു: ആരംഭംമുതലേ ഉള്ളവൻ. അതാണ്, ഞാന്‍ നിങ്ങളോടു പറയുന്നത്.
26: എനിക്കു നിങ്ങളെക്കുറിച്ചു പലതും പറയാനും വിധിക്കാനുമുണ്ട്. എന്നെ അയച്ചവന്‍ സത്യവാനാണ്. അവനില്‍നിന്നു കേട്ടവ ഞാന്‍ ലോകത്തോടു പറയുന്നു.
27: പിതാവിനെക്കുറിച്ചാണ് അവന്‍ തങ്ങളോടു സംസാരിച്ചതെന്ന് അവര്‍ മനസ്സിലാക്കിയില്ല.
28: അതുകൊണ്ട് യേശു പറഞ്ഞു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ആകുന്നു എന്നും  ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, പിതാവ്, എന്നെ പഠിപ്പിച്ചപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസ്സിലാക്കും. എന്നെ അയച്ചവന്‍ എന്നോടുകൂടെയുണ്ട്.
29: അവിടുന്നെന്നെ തനിയെ വിട്ടിരിക്കുകയല്ല. കാരണം, ഞാനെപ്പോഴും അവിടുത്തേക്കു പ്രീതികരമായതു പ്രവര്‍ത്തിക്കുന്നു.
30: ഇതു പറഞ്ഞപ്പോള്‍ ഏറെപ്പേര്‍ അവനില്‍ വിശ്വസിച്ചു.

സത്യം നിങ്ങളെ സ്വതന്ത്രരാക്കും
31: തന്നില്‍ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്റെ ശിഷ്യരാണ്.
32: നിങ്ങള്‍ സത്യമറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.
33: അവരവനോടു പറഞ്ഞു: ഞങ്ങള്‍ അബ്രാഹമിന്റെ സന്തതികളാണ്. ഞങ്ങളൊരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെങ്ങനെയാണു നിങ്ങള്‍ സ്വതന്ത്രരാക്കപ്പെടുമെന്നു നീ പറയുന്നത്?
34: യേശു പ്രതിവചിച്ചു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പാപംചെയ്യുന്നവന്‍ പാപത്തിന്റെ അടിമയാണ്.
35: അടിമ എക്കാലവും ഭവനത്തില്‍ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു.
36: അതുകൊണ്ടു പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാകും.
37: നിങ്ങള്‍ അബ്രാഹമിന്റെ സന്തതികളാണെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങള്‍ എന്നെക്കൊല്ലാനന്വേഷിക്കുന്നു. കാരണം, എന്റെ വചനം നിങ്ങളില്‍ വസിക്കുന്നില്ല.
38: എന്റെ പിതാവിന്റെ സന്നിധിയില്‍ക്കണ്ടവയെപ്പറ്റി ഞാന്‍ സംസാരിക്കുന്നു. നിങ്ങളുടെ പിതാവില്‍നിന്നു കേട്ടതു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

പിശാചു നിങ്ങളുടെ പിതാവ്
39: അവരവനോടു പറഞ്ഞു: അബ്രാഹമാണു ഞങ്ങളുടെ പിതാവ്. യേശു അവരോടു പറഞ്ഞു: നിങ്ങള്‍ അബ്രാഹമിന്റെ മക്കളാണെങ്കില്‍ അബ്രാഹമിന്റെ പ്രവൃത്തികള്‍ ചെയ്യുമായിരുന്നു.
40: എന്നാല്‍, ദൈവത്തില്‍നിന്നുകേട്ട സത്യം നിങ്ങളോടുപറഞ്ഞ മനുഷ്യനെ, അതായത് എന്നെ, കൊല്ലാന്‍ നിങ്ങളാലോചിക്കുന്നു. അബ്രാഹം ഇങ്ങനെ ചെയ്തിട്ടില്ല.
41: നിങ്ങള്‍ നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ ജാരസന്തതികളല്ല; ഞങ്ങള്‍ക്കു പിതാവൊന്നേയുള്ളൂ - ദൈവം.
42: യേശു അവരോടു പറഞ്ഞു: ദൈവമാണു നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങളെന്നെ സ്നേഹിക്കുമായിരുന്നു. കാരണം, ഞാന്‍ ദൈവത്തില്‍നിന്നാണു വന്നിരിക്കുന്നത്. ഞാന്‍ സ്വമേധയാ വന്നതല്ല; അവിടുന്നെന്നെ അയച്ചതാണ്.
43: ഞാന്‍ പറയുന്നത് എന്തുകൊണ്ടു നിങ്ങള്‍ ഗ്രഹിക്കുന്നില്ല? എന്റെ വചനം ശ്രവിക്കാന്‍ നിങ്ങള്‍ക്കു കഴിവില്ലാത്തതുകൊണ്ടുതന്നെ.
44: നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്നുള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവനൊരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളംപറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ നുണയനും നുണയരുടെ പിതാവുമാണ്. ഞാനാകട്ടെ, സത്യം പറയുന്നതുകൊണ്ടു നിങ്ങളെന്നെ വിശ്വസിക്കുന്നില്ല.
46: നിങ്ങളിലാര്‍ക്ക് എന്നില്‍ പാപമാരോപിക്കാന്‍ കഴിയും? ഞാന്‍ സത്യമാണു പറയുന്നതെങ്കില്‍, എന്തുകൊണ്ട് നിങ്ങളെന്നെ വിശ്വസിക്കുന്നില്ല?
47: ദൈവത്തില്‍നിന്നുള്ളവന്‍ ദൈവത്തിന്റെ വാക്കുകൾ ശ്രവിക്കുന്നു. നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരല്ല. അതുകൊണ്ടു നിങ്ങള്‍ അവ ശ്രവിക്കുന്നില്ല.

അബ്രാഹമിനുമുമ്പു ഞാനുണ്ട്
48: യഹൂദര്‍ അവനോടു മറുപടി പറഞ്ഞു: നീ ഒരു സമരിയാക്കാരനാണെന്നും നിന്നില്‍ പിശാചുണ്ടെന്നും ഞങ്ങള്‍ പറയുന്നതു ശരിയല്ലേ?
49: യേശു പറഞ്ഞു: എനിക്കു പിശാചില്ല. ഞാന്‍ എന്റെ പിതാവിനെ ബഹുമാനിക്കുന്നു. നിങ്ങളാകട്ടെ എന്നെയപമാനിക്കുന്നു.
50: ഞാന്‍ എന്റെ മഹത്വമന്വേഷിക്കുന്നില്ല. അതന്വേഷിക്കുന്നവനും വിധികര്‍ത്താവുമായ ഒരുവനുണ്ട്.
51: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്റെ വചനംപാലിച്ചാല്‍ അവനൊരിക്കലും മരണംകാണുകയില്ല.
52: യഹൂദര്‍ അപ്പോൾ അവനോടു പറഞ്ഞു: നിനക്കു പിശാചുണ്ടെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്കു വ്യക്തമായിരിക്കുന്നു. അബ്രാഹം മരിച്ചു; പ്രവാചകന്മാരും മരിച്ചു. എന്നിട്ടും, എന്റെ വചനംപാലിക്കുന്ന ഒരുവനും, ഒരിക്കലും മരണംരുചിക്കുകയില്ലെന്നു നീ പറയുന്നു.
53: ഞങ്ങളുടെ പിതാവായ അബ്രാഹമിനേക്കാള്‍ വലിയവനാണോ നീ? അവനാകട്ടെ, മൃതിയടഞ്ഞു. പ്രവാചകന്മാരും മരിച്ചുപോയി. നീ നിന്നെത്തന്നെ ആരാക്കിത്തീർക്കുകയാണ്?
54: യേശു മറുപടി പറഞ്ഞു: ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തുന്നെങ്കിൽ, എന്റെ മഹത്വത്തിനു വിലയില്ല.
55: എന്നാല്‍, നിങ്ങളുടെ ദൈവമെന്നു നിങ്ങള്‍പറയുന്ന, എന്റെ പിതാവാണ് എന്നെ മഹത്വപ്പെടുത്തുന്നത്. എന്നാല്‍, നിങ്ങള്‍ അവിടുത്തെ അറിഞ്ഞിട്ടില്ല; ഞാനോ അവിടുത്തെ അറിയുന്നു. ഞാന്‍ അവിടുത്തെ അറിയുന്നില്ലെന്നു പറയുന്നെങ്കില്‍ ഞാനും നിങ്ങളെപ്പോലെ നുണയനാകും. എന്നാല്‍, ഞാനവിടുത്തെ അറിയുകയും അവിടുത്തെ വചനം പാലിക്കുകയുംചെയ്യുന്നു.
56: എന്റെ ദിവസം കാണാമെന്നതില്‍ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു. അവനതു കാണുകയും സന്തോഷിക്കുകയുംചെയ്തു.
57: അപ്പോള്‍ യഹൂദര്‍ അവനോടു പറഞ്ഞു: നിനക്കിനിയും അമ്പതുവയസ്സായിട്ടില്ല. എന്നിട്ടും നീ അബ്രാഹമിനെക്കണ്ടെന്നോ?
58: യേശു അവരോടു പറഞ്ഞു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാൻ ആകുന്നു.
59: അപ്പോള്‍ അവര്‍ അവനെയെറിയാന്‍ കല്ലുകളെടുത്തു. എന്നാല്‍ യേശു അവരില്‍നിന്നു മറഞ്ഞ്, ദേവാലയത്തില്‍നിന്നു പുറത്തുപോയി.

അദ്ധ്യായം 9 


അന്ധനെ സുഖപ്പെടുത്തുന്നു
1: അവന്‍ കടന്നുപോകുമ്പോള്‍, ജന്മനാ അന്ധനായ ഒരുവനെക്കണ്ടു.
2: ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു: റബ്ബീ, ഇവന്‍ അന്ധനായി ജനിക്കാൻ ആരു പാപംചെയ്തു? ഇവനോ, ഇവന്റെ മാതാപിതാക്കന്മാരോ?
3: യേശു മറുപടി പറഞ്ഞു: ഇവനോ, ഇവന്റെ മാതാപിതാക്കന്മാരോ പാപംചെയ്തിട്ടല്ലാ, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്.
4: പകലായിരിക്കുവോളം 
എന്നെ അയച്ചവന്റെ പ്രവൃത്തികള്‍ നാം ചെയ്യേണ്ടിയിരിക്കുന്നു. ആര്‍ക്കും ജോലിചെയ്യാന്‍കഴിയാത്ത രാത്രിവരുന്നു.
5: ലോകത്തിലായിരിക്കുമ്പോള്‍ ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്.
6: ഇതു പറഞ്ഞിട്ട് അവന്‍ നിലത്തു തുപ്പി; തുപ്പല്‍കൊണ്ടു ചെളിയുണ്ടാക്കി, അവന്റെ കണ്ണുകളില്‍ പൂശിയിട്ട്,
7: അവനോടു പറഞ്ഞു: നീ പോയി സീലോഹാ - അയയ്ക്കപ്പെട്ടവന്‍ എന്നര്‍ത്ഥം - കുളത്തില്‍ കഴുകുക. അവന്‍ പോയിക്കഴുകി, കാഴ്ചയുള്ളവനായി തിരിച്ചുവന്നു.
8: അയല്‍ക്കാരും അവനെ, മുമ്പുയാചകനായി കണ്ടിട്ടുള്ളവരും പറഞ്ഞു: ഇവന്‍തന്നെയല്ലേ, അവിടെയിരുന്നു ഭിക്ഷയാചിച്ചിരുന്നത്?
9: ചിലര്‍ പറഞ്ഞു: ഇവന്‍തന്നെ, മറ്റുചിലര്‍ പറഞ്ഞു: അല്ലാ, ഇവന്‍ അവനെപ്പോലെയിരിക്കുന്നു. എന്നാല്‍, അവന്‍ പറഞ്ഞു: ഞാന്‍തന്നെയാണ്.
10: അപ്പോള്‍ അവരവനോടു ചോദിച്ചു: എങ്ങനെയാണു നിന്റെ കണ്ണുകള്‍ തുറക്കപ്പെട്ടത്?
11: അവന്‍ മറുപടി പറഞ്ഞു: യേശു എന്നുപേരുള്ള മനുഷ്യന്‍ ചെളിയുണ്ടാക്കി എന്റെ കണ്ണുകളില്‍ പുരട്ടി, സീലോഹായില്‍പ്പോയി കഴുകുകയെന്നു പറഞ്ഞു. ഞാന്‍ പോയിക്കഴുകി; എനിക്കു കാഴ്ചലഭിച്ചു.
12: അവരവനോടു ചോദിച്ചു: അവനെവിടെ? എനിക്കറിഞ്ഞുകൂടാ, അവന്‍ പറഞ്ഞു.
13: മുമ്പ്, അന്ധനായിരുന്ന അവനെ അവര്‍ ഫരിസേയരുടെ അടുത്തു കൊണ്ടുചെന്നു.
14: യേശു ചെളിയുണ്ടാക്കി അവന്റെ കണ്ണുകള്‍ തുറന്നത്, ഒരു സാബത്തു ദിവസമായിരുന്നു.
15: അതുകൊണ്ട്, വീണ്ടും ഫരിസേയര്‍ അവനോട് എങ്ങനെയവനു കാഴ്ച ലഭിച്ചെന്നു ചോദിച്ചു. അവന്‍ പറഞ്ഞു: അവന്‍ എന്റെ കണ്ണുകളില്‍ ചെളിപുരട്ടി; ഞാന്‍ കഴുകി; ഞാന്‍ കാണുകയും ചെയ്യുന്നു.
16: അപ്പോൾ, ഫരിസേയരില്‍ച്ചിലര്‍ പറഞ്ഞു: ഈ മനുഷ്യന്‍ ദൈവത്തില്‍നിന്നുള്ളവനല്ല. കാരണം, അവന്‍ സാബത്താചരിക്കുന്നില്ല. എന്നാല്‍ മറ്റുള്ളവര്‍ പറഞ്ഞു: പാപിയായ ഒരു മനുഷ്യനെങ്ങനെ ഇത്തരമടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍കഴിയും? അങ്ങനെ അവരുടെയിടയില്‍ ഭിന്നതയുണ്ടായി.
17: അപ്പോള്‍ ആ അന്ധനോടു വീണ്ടുമവര്‍ ചോദിച്ചു: അവന്‍ നിന്റെ കണ്ണുകള്‍ തുറന്നല്ലോ; അവനെപ്പറ്റി നീയെന്തുപറയുന്നു? അവന്‍ പറഞ്ഞു: അവനൊരു പ്രവാചകനാണ്.
18: അവന്‍ അന്ധനായിരുന്നെന്നും കാഴ്ചപ്രാപിച്ചെന്നും കാഴ്ചപ്രാപിച്ചവന്റെ മാതാപിതാക്കന്മാരെവിളിച്ചു ചോദിക്കുവോളം, യഹൂദര്‍ വിശ്വസിച്ചില്ല.
19: അവര്‍ അവരോടു ചോദിച്ചു: അന്ധനായി ജനിച്ചെന്നു നിങ്ങള്‍ പറയുന്ന നിങ്ങളുടെ മകന്‍ ഇവനാണോ? ആണെങ്കില്‍ എങ്ങനെയാണ് അവനിപ്പോള്‍ കാണുന്നത്?
20: അപ്പോൾ, അവന്റെ മാതാപിതാക്കന്മാര്‍ പറഞ്ഞു: അവന്‍ ഞങ്ങളുടെ മകനാണെന്നും അവന്‍ അന്ധനായി ജനിച്ചെന്നും ഞങ്ങള്‍ക്കറിയാം.
21: എന്നാല്‍, ഇപ്പോള്‍ അവന്‍ എങ്ങനെ കാണുന്നെന്നും അവന്റെ കണ്ണുകള്‍ ആരു തുറന്നെന്നും ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അത് അവനോടുതന്നെ ചോദിക്കുക. അവനു പ്രായപൂർത്തിയായല്ലോ. അവനെക്കുറിച്ച് അവന്‍തന്നെ പറയും.
22: അവന്റെ മാതാപിതാക്കന്മാര്‍ ഇവ പറഞ്ഞതു യഹൂദരെ ഭയന്നിട്ടാണ്. കാരണം, യേശുവിനെ, ക്രിസ്തുവെന്ന് ആരെങ്കിലും ഏറ്റുപറഞ്ഞാല്‍ അവനെ സിനഗോഗില്‍നിന്നു പുറത്താക്കണമെന്നു യഹൂദര്‍ തീരുമാനിച്ചിരുന്നു.
23: അതുകൊണ്ടാണ്, അവന്റെ മാതാപിതാക്കന്മാര്‍ അവനു പ്രായപൂർത്തിയായല്ലോ; അവനോടുതന്നെ ചോദിക്കുക എന്നു പറഞ്ഞത്.
24: അപ്പോൾ, അന്ധനായിരുന്ന അവനെ യഹൂദര്‍ വീണ്ടുംവിളിച്ച്, അവനോടു പറഞ്ഞു: ദൈവത്തെ മഹത്വപ്പെടുത്തുക. ആ മനുഷ്യന്‍ പാപിയാണെന്നു ഞങ്ങള്‍ക്കറിയാം.
25: അപ്പോൾ, അവന്‍ പറഞ്ഞു: അവന്‍ പാപിയാണോയെന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍, ഒരു കാര്യമെനിക്കറിയാം. ഞാനന്ധനായിരുന്നു; ഇപ്പോള്‍ ഞാന്‍ കാണുന്നു.
26: അവരവനോടു വീണ്ടും ചോദിച്ചു: അവന്‍ നിനക്കുവേണ്ടി എന്തുചെയ്തു? എങ്ങനെയാണ്, അവന്‍ നിന്റെ കണ്ണുകള്‍തുറന്നത്?
27: അവന്‍ മറുപടി പറഞ്ഞു: നിങ്ങളോടു ഞാന്‍ പറഞ്ഞുകഴിഞ്ഞല്ലോ. എന്നാൽ നിങ്ങള്‍ കേട്ടില്ല. എന്തുകൊണ്ടാണു വീണ്ടുംകേള്‍ക്കാന്‍ നിങ്ങളാഗ്രഹിക്കുന്നത്? നിങ്ങളും അവന്റെ ശിഷ്യരാകാന്‍ ഇച്ഛിക്കുന്നുവോ?
28: അവനെ ശകാരിച്ചുകൊണ്ട് അവര്‍ പറഞ്ഞു: നീയാണ് അവന്റെ ശിഷ്യന്‍. ഞങ്ങളാകട്ടെ, മോശയുടെ ശിഷ്യന്മാരാണ്.
29: ദൈവം മോശയോടു സംസാരിച്ചെന്നു ഞങ്ങള്‍ക്കറിയാം. എന്നാല്‍, ഇവൻ എവിടെനിന്നാണെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
30: അവന്‍ മറുപടി പറഞ്ഞു. ഇതു വിചിത്രമായിരിക്കുന്നു! അവന്‍ എവിടെനിന്നാണെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ. എന്നാല്‍, അവനെന്റെ കണ്ണുകള്‍ തുറന്നു.
31: ദൈവം പാപികളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ലെന്നു നമുക്കറിയാം. എന്നാല്‍, ദൈവത്തെ ആരാധിക്കുകയും അവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്റെ പ്രാര്‍ത്ഥന, ദൈവം കേൾക്കുന്നു.
32: അന്ധനായിപ്പിറന്ന ഒരു മനുഷ്യന്റെ കണ്ണ്, ആരും തുറന്നതായി ലോകാരംഭംമുതല്‍ ഇന്നോളം കേട്ടിട്ടില്ല.
33: ആ മനുഷ്യന്‍ ദൈവത്തില്‍നിന്നുള്ളവനല്ലെങ്കില്‍ ഒന്നുംചെയ്യാന്‍ അവനു കഴിയുമായിരുന്നില്ല.
34: അവരവനോടു മറുപടി പറഞ്ഞു: പൂർണ്ണമായും പാപത്തില്‍പ്പിറന്ന നീ ഞങ്ങളെ പഠിപ്പിക്കുന്നോ? അവരവനെ പുറത്താക്കി.

ആത്മീയാന്ധത
35: അവരവനെ പുറത്താക്കിയെന്നു യേശു കേട്ടു. അവനെക്കണ്ടപ്പോള്‍ യേശു ചോദിച്ചു: 
നീ മനുഷ്യപുത്രനില്‍ വിശ്വസിക്കുന്നുവോ?
36: അവന്‍ ചോദിച്ചു: കര്‍ത്താവേ, ഞാന്‍ അവനില്‍ വിശ്വസിക്കേണ്ടതിന് അവനാരാണ്?
37: യേശു പറഞ്ഞു: നീയവനെ കണ്ടുകഴിഞ്ഞു. നിന്നോടു സംസാരിക്കുന്നവന്‍തന്നെയാണവന്‍.
38: കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവന്‍ യേശുവിനെ പ്രണമിച്ചു.
39: യേശു പറഞ്ഞു: കാഴ്ചയില്ലാത്തവര്‍, കാഴ്ചയുള്ളവരും കാഴ്ചയുള്ളവര്‍, കാഴ്ചയില്ലാത്തവരുമാകേണ്ടതിന്, ന്യായവിധിക്കാണ്, ഞാന്‍ ഈ ലോകത്തിലേക്കു വന്നത്.
40: അവന്റെയടുത്തുണ്ടായിരുന്ന 
ഫരിസേയരിൽ ഏതാനുംപേര്‍ ഇതുകേട്ട് അവനോടു ചോദിച്ചു: അപ്പോള്‍ ഞങ്ങളും കാഴ്ചയില്ലാത്തവരാണോ?
41: യേശു അവരോടു പറഞ്ഞു: കാഴ്ചയില്ലാത്തവരായിരുന്നെങ്കില്‍ നിങ്ങള്‍ക്കു പാപമുണ്ടാകുമായിരുന്നില്ല. എന്നാല്‍, ഞങ്ങള്‍ കാണുന്നെന്നു നിങ്ങള്‍ പറയുന്നു. അതുകൊണ്ടു നിങ്ങളുടെ പാപം നിലനില്ക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ