ഇരുന്നൂറ്റിയെണ്‍പത്തേഴാം ദിവസം: മര്‍ക്കോസ് 9 - 10


അദ്ധ്യായം 9

1: അവനവരോടു പറഞ്ഞു: ദൈവരാജ്യം ശക്തിയോടെ സമാഗതമാകുന്നതു കാണുന്നതുവരെ മരിക്കുകയില്ലാത്ത ചിലര്‍ ഇവിടെ നില്ക്കുന്നവരിലുണ്ടെന്ന്, സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.

യേശു രൂപാന്തരപ്പെടുന്നു
2: ആറുദിവസംകഴിഞ്ഞ്, യേശു പത്രോസിനേയും യാക്കോബിനേയും യോഹന്നാനേയുംമാത്രമായി ഒരുയര്‍ന്നമലയിലേക്കു കൊണ്ടുപോയി. അവൻ, അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു.
3: അവന്റെ വസ്ത്രങ്ങള്‍, ഭൂമിയിലെ ഒരലക്കുകാരനും വെളുപ്പിക്കാന്‍കഴിയാത്തപോലെ, അത്യധികംതിളക്കമാർന്നു വെണ്മയുള്ളതായി.
4: ഏലിയായും മോശയും അവർക്കു പ്രത്യക്ഷപ്പെട്ടു. അവർ യേശുവിനോടു സംസാരിച്ചുകൊണ്ടിരുന്നു.
5: അപ്പോള്‍, പത്രോസ് യേശുവിനോടു പറഞ്ഞു: ഗുരോ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. ഞങ്ങള്‍ മൂന്നു കൂടാരങ്ങളുണ്ടാക്കാം: ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്.
6: എന്താണു പറയേണ്ടതെന്ന് അവനറിഞ്ഞുകൂടായിരുന്നു. കാരണം, അവര്‍ അത്രയ്ക്കു ഭയപ്പെട്ടിരുന്നു.
7: അപ്പോള്‍ ഒരു മേഘംവന്ന്, അവരെയാവരണംചെയ്തു. മേഘത്തില്‍നിന്ന് ഒരു സ്വരം പുറപ്പെട്ടു: ഇവനെന്റെ പ്രിയപുത്രന്‍; ഇവനെ ശ്രവിക്കുവിന്‍.
8: അവര്‍ ചുറ്റുംനോക്കിയപ്പോൾ യേശുവിനെയല്ലാതെ ആരെയും തങ്ങളോടുകൂടെക്കണ്ടില്ല.
9: അവര്‍കണ്ടകാര്യങ്ങള്‍ മനുഷ്യപുത്രന്‍ മരിച്ചവരില്‍നിന്നുയിര്‍ക്കുന്നതുവരെ ആരോടും പറയരുതെന്ന്, മലയില്‍നിന്നിറങ്ങിപ്പോരുമ്പോള്‍ അവനവരോടു കല്പിച്ചു.
10: മരിച്ചവരില്‍നിന്ന് ഉയിര്‍ക്കുകയെന്നത് എന്താണെന്നു ചിന്തിച്ചുകൊണ്ട് അവര്‍ ഈ വചനം തങ്ങളിൽത്തന്നെ സൂക്ഷിച്ചു.
11: അവരവനോടു ചോദിച്ചു: ഏലിയാ ആദ്യം വരേണ്ടതാണെന്നു നിയമജ്ഞര്‍ പറയുന്നതെന്തുകൊണ്ടാണ്?
12: അവന്‍ പറഞ്ഞു: ഏലിയാ ആദ്യമേവന്ന്, എല്ലാം പുനഃസ്ഥാപിക്കും. മനുഷ്യപുത്രന്‍ ഏറെപീഡകള്‍ സഹിക്കുകയും നിന്ദിക്കപ്പെടുകയുംചെയ്യണമെന്ന്, എഴുതപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്?
13: എന്നാൽ ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാ വന്നുകഴിഞ്ഞു. അവനെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെതന്നെ, തങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം അവരവനോടു ചെയ്തു.

അശുദ്ധാത്മാവുബാധിച്ച ബാലനെ സുഖപ്പെടുത്തുന്നു
14: അവര്‍ ശിഷ്യന്മാരുടെയടുത്തെത്തിയപ്പോള്‍ വലിയൊരു ജനക്കൂട്ടം അവരുടെചുറ്റും കൂടിയിരിക്കുന്നതും നിയമജ്ഞര്‍ അവരോടു തര്‍ക്കിച്ചുകൊണ്ടിരിക്കുന്നതും കണ്ടു.
15: അവനെ കണ്ടയുടനെ, വിസ്മയഭരിതമായി ജനക്കൂട്ടംമുഴുവന്‍ ഓടിച്ചെന്ന്, അവനെ അഭിവാദ്യംചെയ്തു.
16: അവനവരോടു ചോദിച്ചു: നിങ്ങളെന്താണ് അവരുമായി തര്‍ക്കിക്കുന്നത്?
17: ജനക്കൂട്ടത്തിലൊരാള്‍ മറുപടിപറഞ്ഞു: ഗുരോ, ഞാന്‍ എന്റെ മകനെ അങ്ങയുടെയടുത്തുകൊണ്ടുവന്നിട്ടുണ്ട്. മൂകാത്മാവ് അവനെ ആവേശിച്ചിരിക്കുന്നു.
18: അത്, എവിടെവച്ചുപിടികൂടിയാലും അവനെ തള്ളിവീഴ്ത്തുന്നു. അപ്പോളവന്‍ പല്ലുകടിക്കുകയും നുരയും പതയും പുറപ്പെടുവിക്കുകയും മരവിച്ചുപോകുകയും ചെയ്യുന്നു. അതിനെ ബഹിഷ്കരിക്കാന്‍ അങ്ങയുടെ ശിഷ്യന്മാരോട് ഞാനപേക്ഷിച്ചു; അവര്‍ക്കു കഴിഞ്ഞില്ല.
19: അവനവരോടു പ്രതിവചിച്ചു: വിശ്വാസമില്ലാത്ത തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും? എത്രനാള്‍ ഞാന്‍ നിങ്ങളെ സഹിക്കണം? അവനെ എന്റെയടുക്കല്‍ കൊണ്ടുവരൂ.
20: അവരവനെ അവന്റെയടുക്കല്‍ കൊണ്ടുവന്നു. കണ്ടയുടനെ ആത്മാവവനെ തള്ളിയിട്ടു. നുരയും പതയും പുറപ്പെടുവിച്ച് അവന്‍ നിലത്തു വീണുരുണ്ടു.
21: യേശു അവന്റെ പിതാവിനോടു ചോദിച്ചു: ഇതു തുടങ്ങിയിട്ട് എത്രകാലമായി? അവന്‍ പറഞ്ഞു: ശൈശവംമുതല്‍.
22: പലപ്പോഴും അത്, വനെ നശിപ്പിക്കാന്‍ തീയിലും വെള്ളത്തിലും വീഴ്ത്തിയിട്ടുണ്ട്. എന്തെങ്കിലുംചെയ്യാന്‍ നിനക്കുകഴിയുമെങ്കില്‍ ഞങ്ങളുടെമേല്‍ മനസ്സലിഞ്ഞ്‌, ഞങ്ങളെ സഹായിക്കണമേ!
23: യേശു പറഞ്ഞു: കഴിയുമെങ്കിലെന്നോ! വിശ്വസിക്കുന്നവന് എല്ലാക്കാര്യങ്ങളും സാധിക്കും.
24: ഉടനേ കുട്ടിയുടെ പിതാവു വിളിച്ചുപറഞ്ഞു: ഞാന്‍ വിശ്വസിക്കുന്നു. എന്റെ അവിശ്വാസത്തിൽ സഹായിക്കണമേ!
25: ജനങ്ങള്‍ ഓടിക്കൂടുന്നതുകണ്ട്, യേശു അശുദ്ധാത്മാവിനെ ശകാരിച്ചു: മൂകനും ബധിരനുമായ ആത്മാവേ, നിന്നോടു ഞാനാജ്ഞാപിക്കുന്നു, അവനില്‍നിന്നു പുറത്തുപോവുക. ഇനിയൊരിക്കലും അവനില്‍ പ്രവേശിക്കരുത്.
26: അപ്പോളവനെ ശക്തമായി തള്ളിയിടുകയും ഉച്ചത്തില്‍ നിലവിളിക്കുകയുംചെയ്തുകൊണ്ട് അതു പുറത്തുപോയി. അവന്‍ മൃതപ്രായനായതിനാൽ പലരും പറഞ്ഞു: അവന്‍ മരിച്ചുപോയി.
27: യേശു അവനെ കൈയ്ക്കു പിടിച്ചുയര്‍ത്തി; അവനെഴുന്നേറ്റു.
28: യേശു വീട്ടിലെത്തിയപ്പോള്‍ ശിഷ്യന്മാര്‍ സ്വകാര്യമായി അവനോടു ചോദിച്ചു: എന്തുകൊണ്ടാണ് അതിനെ ബഹിഷ്കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെപോയത്?
29: അവനവരോടു പറഞ്ഞു: പ്രാര്‍ത്ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗ്ഗം പുറത്തുപോവുകയില്ല.

പീഡാനുഭവവും ഉത്ഥാനവും - രണ്ടാം പ്രവചനം
30: അവര്‍ അവിടെനിന്നു യാത്രതിരിച്ച്, ഗലീലിയിലൂടെ കടന്നുപോയി. ഇക്കാര്യം ആരുമറിയരുതെന്ന് അവനാഗ്രഹിച്ചു. 
31: അവനാകട്ടെ, ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു. അവന്‍ പറഞ്ഞു: മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളിലേല്പിക്കപ്പെടുകയും അവരവനെ വധിക്കുകയുംചെയ്യും. അവന്‍ വധിക്കപ്പെട്ടു മൂന്നുദിവസംകഴിയുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.
32: ഈ വചനം അവര്‍ക്കു മനസ്സിലായില്ല. എങ്കിലും, അവനോടു ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടു.

സ്വര്‍ഗ്ഗരാജ്യത്തിലെ വലിയവന്‍
33: അവര്‍ പിന്നീടു കഫര്‍ണാമിലെത്തി, അവന്‍ വീട്ടിലായിരിക്കുമ്പോള്‍ അവരോടു ചോദിച്ചു: വഴിയില്‍വച്ച് എന്തിനെക്കുറിച്ചാണു നിങ്ങള്‍തമ്മില്‍ തര്‍ക്കിച്ചിരുന്നത്?
34: അവര്‍ നിശ്ശബ്ദരായിരുന്നതേയുള്ളു. കാരണം, തങ്ങളിലാരാണു വലിയവന്‍ എന്നതിനെക്കുറിച്ചാണ് വഴിയില്‍വച്ച് അവര്‍ തര്‍ക്കിച്ചത്.
35: അവന്‍ ഇരുന്നിട്ടു പന്ത്രണ്ടുപേരെയും വിളിച്ച്, അവരോടു പറഞ്ഞു: ആരെങ്കിലും ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നെങ്കിൽ, അവൻ എല്ലാവരിലും അവസാനത്തെയാളും എല്ലാവരുടെയും ശുശ്രൂഷകനുമായിരിക്കട്ടെ!
36: അവന്‍ ഒരു ശിശുവിനെയെടുത്ത്, അവരുടെമദ്ധ്യേ നിറുത്തി. അവനെ കരങ്ങളിലെടുത്തുകൊണ്ടു പറഞ്ഞു:
37: ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവന്‍ എന്നെയല്ല, എന്നെ അയച്ചവനെയാണു സ്വീകരിക്കുന്നത്.

നമുക്കെതിരല്ലാത്തവന്‍ 
38: യോഹന്നാന്‍ അവനോടു പറഞ്ഞു: ഗുരോ, നിന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌ക്കരിക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു. ഞങ്ങളവനെ തടഞ്ഞു. കാരണം, അവന്‍ നമ്മെ അനുഗമിച്ചിരുന്നില്ല.
39: യേശു പറഞ്ഞു: അവനെ തടയേണ്ടാ, ഒരുവന് എന്റെ നാമത്തില്‍ അദ്ഭുതപ്രവൃത്തിചെയ്യാനും ഉടനെ എന്നെക്കുറിച്ചു ദൂഷണംപറയാനും സാധിക്കുകയില്ല.
40: നമുക്കെതിരല്ലാത്തവന്‍ നമ്മുടെ പക്ഷത്താണ്.
41: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ക്രിസ്തുവിന്റേതാകയാല്‍ അവന്റെ നാമത്തില്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഒരുപാത്രം വെള്ളം കുടിക്കാന്‍തന്നാല്‍, അവനു തന്റെ  പ്രതിഫലം നഷ്ടമാകുകയില്ല.

ഇടർച്ച നല്കാതിരിക്കുക
42: വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ചവരുത്തുന്നവനാരായാലും, അവനു കൂടുതല്‍ നല്ലത്, ഒരു വലിയ തിരികല്ലു കഴുത്തില്‍ക്കെട്ടി കടലിലെറിയപ്പെടുന്നതാണ്.
43: നിന്റെ കൈ നിനക്ക് ഇടർച്ചവരുത്തുന്നെങ്കിൽ, അതു വെട്ടിക്കളയുക.
44: ഇരുകൈകളുമുള്ളവനായി നരകത്തിലെ കെടാത്തഅഗ്നിയില്‍ നിപതിക്കുന്നതിനെക്കാള്‍ നല്ലത്, അംഗഹീനനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്.
45: നിന്റെ പാദം, നിനക്ക് ഇടർച്ചവരുത്തുന്നെങ്കിൽ, അതു മുറിച്ചുകളയുക.
46: രണ്ടു പാദങ്ങളുമുള്ളവനായി നരകത്തിലെറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, മുടന്തനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്.
47: നിന്റെ കണ്ണ്, നിനക്ക് ഇടർച്ചവരുത്തുന്നെങ്കിൽ, അതു ചൂഴ്‌ന്നെടുത്തുകളയുക. ഇരുകണ്ണുകളുമുള്ളവനായി, നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, ഒരു കണ്ണോടുകൂടെ ദൈവരാജ്യത്തിലേക്കു പ്രവേശിക്കുന്നതാണ്.
48: അവിടെ, അവരുടെ പുഴു ചാകുന്നില്ലാ, തീകെടുന്നുമില്ലാ.
49: കാരണം, എല്ലാവരും അഗ്നിയാല്‍ ഉറകൂട്ടപ്പെടും.
50: ഉപ്പു നല്ലതാണ്. എന്നാല്‍, ഉപ്പ്, ഉറകെട്ടുപോയാല്‍പ്പിന്നെ എന്തുകൊണ്ട് അതിനുറകൂട്ടും? നിങ്ങളില്‍ ഉപ്പുണ്ടായിരിക്കട്ടെ. പരസ്പരം സമാധാനത്തില്‍ വര്‍ത്തിക്കുകയുംചെയ്യുവിന്‍.

അദ്ധ്യായം 10 

വിവാഹമോചനം
1: അവനെഴുന്നേറ്റ്, അവിടംവിട്ടു യൂദയാപ്രദേശങ്ങളിലേക്കും ജോര്‍ദ്ദാന്റെ മറുകരയിലേക്കും പോയി. വീണ്ടും ജനക്കൂട്ടം അവന്റെയടുക്കല്‍ ഒരുമിച്ചുകൂടി. പതിവുപോലെ, അവൻ വീണ്ടും അവരെ പഠിപ്പിച്ചു.
2: ഫരിസേയര്‍വന്ന്, അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഭാര്യയെ ഉപേക്ഷിക്കുന്നതു നിയമാനുസൃതമാണോ?
3: അവന്‍ മറുപടിപറഞ്ഞു: മോശ എന്താണു നിങ്ങളോടു കല്പിച്ചത്?
4: അവര്‍ പറഞ്ഞു: മോചനപത്രമെഴുതി, അവളെയുപേക്ഷിക്കാന്‍ മോശയനുവദിച്ചിട്ടുണ്ട്.
5: യേശു അവരോടു പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യംകൊണ്ടാണ്, ഈ കല്പന അവൻ നിങ്ങള്‍ക്കുവേണ്ടിയെഴുതിയത്.
6: എന്നാല്‍, സൃഷ്ടിയുടെ ആരംഭംമുതലേ ദൈവമവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു.
7: ഇക്കാരണത്താല്‍, പുരുഷന്‍ പിതാവിനെയും മാതാവിനെയും വിടുകയും ഭാര്യയോടു ചേരുകയും ചെയ്യും. അവരിരുവരും ഒരു ശരീരമായിത്തീരും.
8: പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റശരീരമായിരിക്കും.
9: അതിനാല്‍, ദൈവം സംയോജിപ്പിച്ചത്, മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.
10: ഇക്കാര്യത്തെക്കുറിച്ച് ശിഷ്യന്മാര്‍ വീട്ടില്‍വച്ചു വീണ്ടുമവനോടു ചോദിച്ചു.
11: അവന്‍ പറഞ്ഞു: ഒരുവൻ തന്റെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹംചെയ്യുമ്പോൾ അവളുമായി വ്യഭിചാരംചെയ്യുന്നു.
12: 
ഒരുവൾ തന്റെ ഭര്‍ത്താവിനെയുപേക്ഷിച്ചു മറ്റൊരാളെ വിവാഹംചെയ്യുമ്പോൾ അവളും വ്യഭിചാരംചെയ്യുന്നു.

ശിശുക്കളെ അനുഗ്രഹിക്കുന്നു
13: അവന്‍, തൊടുന്നതിനുവേണ്ടി ശിശുക്കളെ അവന്റെയടുക്കല്‍ അവര്‍ കൊണ്ടുവന്നു. ശിഷ്യന്മാരാകട്ടെ അവരെ ശകാരിച്ചു.
14: ഇതു കണ്ടപ്പോള്‍ യേശു അമർഷംപൂണ്ട് അവരോടു പറഞ്ഞു: ശിശുക്കള്‍ എന്റെയടുത്തുവരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലുള്ളവരുടേതാണ്.
15: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല.
16: അവന്‍ ശിശുക്കളെയെടുത്ത്, അവരുടെമേല്‍ കൈകള്‍വച്ച് അനുഗ്രഹിച്ചു.

ധനികനും ദൈവരാജ്യവും
17: യേശു വഴിയിലേക്കിറങ്ങിയപ്പോള്‍ ഒരുവനോടിവന്ന് അവന്റെ മുമ്പില്‍ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവനവകാശമാക്കാന്‍ ഞാനെന്തുചെയ്യണം?
18: യേശു അവനോടുചോദിച്ചു: എന്തുകൊണ്ടാണ് നീയെന്നെ നല്ലവനെന്നു വിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരുമില്ല.
19: പ്രമാണങ്ങള്‍ നിനക്കറിയാമല്ലോ: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നല്കരുത്, വഞ്ചിക്കരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
20: അവന്‍ പറഞ്ഞു: ഗുരോ, എന്റെ ചെറുപ്പംമുതല്‍ ഞാനിവയെല്ലാം പാലിക്കുന്നുണ്ട്.
21: യേശു അവനെ നോക്കി. 
സ്‌നേഹംതോന്നി അവനോടു പറഞ്ഞു: ഒരുകാര്യം നിനക്കു കുറവുണ്ട്. പോയി, നിനക്കുള്ളതെല്ലാംവിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെയനുഗമിക്കുക.
22: ഈ വചനംമൂലം മുഖംവാടി, അവൻ സങ്കടത്തോടെ തിരിച്ചുപോയി. കാരണം, അവനു വളരെയേറെ സമ്പത്തുണ്ടായിരുന്നു.
23: യേശു ചുറ്റുംനോക്കി തന്റെ ശിഷ്യരോടു പറഞ്ഞു: സമ്പന്നർ ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്രയോ ദുഷ്ക്കരം!
24: അവന്റെ വാക്കുകളിൽ ശിഷ്യന്മാര്‍ വിസ്മയിച്ചു. യേശു വീണ്ടുമവരോടു പറഞ്ഞു: മക്കളേ, ദൈവരാജ്യത്തില്‍ പ്രവേശിക്കുക 
എത്രയോ ദുഷ്ക്കരം!
25: ധനവാന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാളെളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.
26: അവര്‍ അത്യന്തം വിസ്മയഭരിതരായി തങ്ങളോടുതന്നെ ചോദിച്ചു: അങ്ങനെയെങ്കില്‍, രക്ഷിക്കപ്പെടാന്‍ ആര്‍ക്കാണു സാദ്ധ്യമാകുക?
27: യേശു അവരുടെനേരേ നോക്കിപ്പറഞ്ഞു: മനുഷ്യന് ഇതസാദ്ധ്യമാണ്; എന്നാൽ, ദൈവത്തിനല്ല. എന്തെന്നാൽ ദൈവത്തിന്, എല്ലാം സാദ്ധ്യമാണ്.
28: പത്രോസ് അവനോടു പറയാൻതുടങ്ങി: ഇതാ, എല്ലാമുപേക്ഷിച്ചു
 ഞങ്ങള്‍ നിന്നെയനുഗമിച്ചിരിക്കുന്നു.
29: യേശു പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നെപ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്മാരെയോ സഹോദരിമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും
30: ഇവിടെ വച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കില്ല - ഭവനങ്ങളും സഹോദരന്മാരും സഹോദരിമാരും മാതാക്കളും മക്കളും വയലുകളും അവയോടൊപ്പം പീഡനങ്ങളും; വരാനിരിക്കുന്ന കാലത്തു നിത്യജീവനും.
31: എന്നാല്‍, മുമ്പന്മാരില്‍ പലരും പിമ്പന്മാരും പിമ്പന്മാരില്‍ പലരും മുമ്പന്മാരുമാകും.

പീഡാനുഭവവും ഉത്ഥാനവും - മൂന്നാം പ്രവചനം
32: അവര്‍ ജറുസലെമിലേക്കുള്ള വഴിയേ കയറിപ്പോകുകയായിരുന്നു. യേശു അവരുടെമുമ്പില്‍ നടന്നിരുന്നു. അവര്‍ വിസ്മയിച്ചു. അനുയാത്രചെയ്തിരുന്നവര്‍ ഭയപ്പെടുകയുംചെയ്തു. അവന്‍ പന്ത്രണ്ടുപേരെയും വീണ്ടും അടുത്തുവിളിച്ച്, തനിക്കു സംഭവിക്കുവാനിരിക്കുന്ന കാര്യങ്ങള്‍ പറയാന്‍ തുടങ്ങി.
33: ഇതാ, നമ്മള്‍ ജറുസലെമിലേക്കു പോകുന്നു. മനുഷ്യപുത്രന്‍ പ്രധാനപുരോഹിതന്മാര്‍ക്കും നിയമജ്ഞന്മാര്‍ക്കും ഏല്പിക്കപ്പെടും.
34: അവരവനെ മരണത്തിനുവിധിക്കുകയും വിജാതീയര്‍ക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്യും. അവരവനെ പരിഹസിക്കുകയും അവന്റെമേല്‍ തുപ്പുകയും അവനെ ചമ്മട്ടികൊണ്ടടിക്കുകയും വധിക്കുകയും ചെയ്യും. മൂന്നു ദിവസത്തിനുശേഷം അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.

സെബദീപുത്രന്മാരുടെ അഭ്യര്‍ത്ഥന
35: സെബദീപുത്രന്മാരായ യാക്കോബും യോഹന്നാനും അവനെ സമീപിച്ച് അപേക്ഷിച്ചു: ഗുരോ, ഞങ്ങള്‍ അങ്ങയോടപേക്ഷിക്കുന്നതെന്തും ഞങ്ങള്‍ക്കു ചെയ്തുതരണമെന്നു ഞങ്ങളാഗ്രഹിക്കുന്നു.
36: അവനവരോടു ചോദിച്ചു: നിങ്ങള്‍ക്കുവേണ്ടി ഞാനെന്തുചെയ്യണമെന്നാണ് നിങ്ങളാഗ്രഹിക്കുന്നത്?
37: അവര്‍ പറഞ്ഞു: അങ്ങയുടെ മഹത്വത്തില്‍ ഞങ്ങളിലൊരാള്‍ അങ്ങയുടെ വലത്തുവശത്തും മറ്റെയാള്‍ ഇടത്തുവശത്തും ഉപവിഷ്ടരാകാന്‍ അനുവദിക്കണമേ!
38: യേശു അവരോടു പ്രതിവചിച്ചു: നിങ്ങള്‍ ചോദിക്കുന്നതെന്താണെന്നു നിങ്ങളറിയുന്നില്ല. ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാന്‍ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കാനോ നിങ്ങള്‍ക്കുകഴിയുമോ?
39: 
അവര്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്കു കഴിയും. യേശു അവരോടു പറഞ്ഞു: ഞാന്‍ കുടിക്കുന്ന പാനപാത്രം നിങ്ങള്‍ കുടിക്കും; ഞാന്‍ സ്വീകരിക്കുന്ന സ്നാനം നിങ്ങള്‍ സ്വീകരിക്കും.
40: എന്നാല്‍, എന്റെ വലത്തുവശത്തോ ഇടത്തുവശത്തോ ഇരിക്കാനനുവദിക്കേണ്ടതു ഞാനല്ല. അത്, ഒരുക്കപ്പെട്ടവര്‍ക്കുവേണ്ടിയുള്ളതാണ്.
41: ഇതുകേട്ടപ്പോള്‍ ബാക്കി പത്തുപേര്‍ക്കും യാക്കോബിനോടും യോഹന്നാനോടും അമര്‍ഷംതോന്നി.
42: യേശു അവരെ അടുത്തുവിളിച്ചു പറഞ്ഞു: വിജാതീയരെ ഭരിക്കുന്നു
വെന്നുകരുതുന്നവർ, അവരുടെമേല്‍ ആധിപത്യം പുലര്‍ത്തുന്നെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നെന്നും നിങ്ങള്‍ക്കറിയാമല്ലോ.
43: എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്. പ്രത്യുത, നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം.
44: നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം.
45: കാരണം, മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്കാനുമത്രേ.

ബര്‍തിമേയൂസിനു കാഴ്ച
46: അവര്‍ ജറീക്കൊയിലെത്തി. അവന്‍ ശിഷ്യരോടും വലിയൊരു ജനാവലിയോടുംകൂടെ ജറീക്കോവിട്ടുപോകുമ്പോള്‍ തിമേയൂസിന്റെ പുത്രനായ ബര്‍തിമേയൂസ് എന്ന അന്ധയാചകന്‍ വഴിയരികില്‍ ഇരിപ്പുണ്ടായിരുന്നു.
47: നസറായനായ യേശുവാണു പോകുന്നതെന്നു കേട്ടപ്പോള്‍, അവന്‍ ഉച്ചത്തില്‍ വിളിച്ചുപറയാൻതുടങ്ങി: ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ക്കനിയണമേ!
48: നിശ്ശബ്ദനായിരിക്കാൻ പലരുമവനെ ശകാരിച്ചു. എന്നാല്‍, അവന്‍ കൂടുതലുച്ചത്തില്‍ വിളിച്ചുകൊണ്ടിരുന്നു: ദാവീദിന്റെ പുത്രാ, എന്നില്‍
ക്കനിയണമേ!
49: യേശു നിന്നിട്ടു പറഞ്ഞു: അവനെ വിളിക്കുക. അവര്‍ അന്ധനെ വിളിച്ച്, അവനോടു പറഞ്ഞു: ധൈര്യമായിരിക്കൂ; എഴുന്നേല്ക്കുക; യേശു നിന്നെ വിളിക്കുന്നു.
50: അവന്‍ തന്റെ പുറങ്കുപ്പായം ദൂരെയെറിഞ്ഞ്, കുതിച്ചുചാടിക്കൊണ്ട്, യേശുവിന്റെയടുത്തെത്തി.
51: യേശു 
അവനോടു ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടി എന്തുചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്? അന്ധന്‍ അവനോടു പറഞ്ഞു: ഗുരോ, എനിക്കു കാഴ്ച വീണ്ടുകിട്ടണം.
52: യേശു പറഞ്ഞു: നീ പൊയ്‌ക്കൊള്ളുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തത്ക്ഷണം അവനു കാഴ്ച ലഭിക്കുകയും വഴിയിൽ അവനെ അനുഗമിക്കുകയുംചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ