അറുപത്തൊന്നാം ദിവസം: ജോഷ്വാ 16 - 18


അദ്ധ്യായം 16

എഫ്രായിമിൻ്റെ ഓഹരി

1: ജോസഫിൻ്റെ സന്തതികള്‍ക്കു നിശ്ചയിച്ചിരുന്ന സ്ഥലത്തിൻ്റെ അതിര്‍ത്തി, ജറീക്കോ നീരുറവകള്‍ക്കു കിഴക്ക്, ജറീക്കോയ്ക്കുസമീപം ജോര്‍ദ്ദാനില്‍ തുടങ്ങുന്നു. അവിടെനിന്നു മരുഭൂമിയിലൂടെ മലമ്പ്രദേശത്തു ബഥേലിലെത്തുന്നു.
2: അവിടെനിന്നു ലൂസില്‍ച്ചെന്ന്, അര്‍ക്ക്യരുടെ പ്രദേശമായ അത്താറോത്തു കടക്കുന്നു.
3: തുടര്‍ന്നു താഴോട്ടു പടിഞ്ഞാറുവശത്തുള്ള ജഫ്‌ലേത്യരുടെ ദേശത്തിലൂടെ, താഴത്തെ ബേത്‌ഹൊറോണില്‍ പ്രവേശിച്ച്, ഗേസര്‍കടന്നു കടലിലവസാനിക്കുന്നു.
4: അങ്ങനെ ജോസഫിൻ്റെ പുത്രന്മാരായ മനാസ്സെക്കും എഫ്രായിമിനും തങ്ങളുടെ അവകാശം ലഭിച്ചു.
5: കുടുംബക്രമമനുസരിച്ച്, എഫ്രായിമിൻ്റെ മക്കള്‍ക്കു കിട്ടിയ ദേശങ്ങള്‍ താഴെപ്പറയുന്നവയാണ്: കിഴക്ക്, അവരുടെ അവകാശത്തിൻ്റെ അതിര്‍ത്തി മുകളിലത്തെ ബേത്‌ഹോറോണ്‍വരെയുള്ള അത്താറോത്ത്ആദാര്‍ ആയിരുന്നു.
6: അവിടെനിന്ന് അതു കടല്‍വരെ വ്യാപിച്ചുകിടക്കുന്നു. വടക്ക്, മിക്‌മെത്താത്ത. കിഴക്കേ അതിര്‍ത്തി താനാത്ഷിലോവളഞ്ഞു, കിഴക്കു യനോവായിലെത്തുന്നു.
7: അവിടെനിന്നു താഴോട്ടിറങ്ങി, അത്താറോത്തിലും നാറായിലുമെത്തി, ജറീക്കോയെത്തൊട്ടു ജോര്‍ദ്ദാനിലവസാനിക്കുന്നു.
8: വീണ്ടും തപ്പുവായില്‍നിന്ന്, അതിര്‍ത്തി കാനാത്തോടിൻ്റെ പടിഞ്ഞാറുഭാഗത്തുകൂടെക്കടന്നു കടലിലവസാനിക്കുന്നു. എഫ്രായിം ഗോത്രത്തിനു കുടുംബക്രമമനുസരിച്ചു ലഭിച്ച അവകാശമിതാണ്.
9: മനാസ്സെഗോത്രത്തിൻ്റെ അതിര്‍ത്തിക്കുള്ളില്‍ നീക്കിവച്ച പട്ടണങ്ങളും ഗ്രാമങ്ങളുംകൂടെ എഫ്രായിംഗോത്രത്തിനു ലഭിച്ചു.
10: എന്നാല്‍, ഗേസറില്‍ വസിച്ചിരുന്ന കാനാന്യരെ അവര്‍ തുരത്തിയില്ല. അവരിന്നും എഫ്രായിമിന് അടിമവേലചെയ്തു വസിക്കുന്നു.

അദ്ധ്യായം 17

മനാസ്സെയുടെ ഓഹരി

1: പിന്നീട്, ജോസഫിൻ്റെ ആദ്യജാതനായ മനാസ്സെയുടെ ഗോത്രത്തിന്, അവകാശം നല്കി. ഗിലയാദിൻ്റെ പിതാവും മനാസ്സെയുടെ ആദ്യജാതനുമായ മാക്കീറിനു ഗിലയാദും ബാഷാനും നല്കി. കാരണം, അവന്‍ യുദ്ധവീരനായിരുന്നു.
2: മനാസ്സെയുടെ ഗോത്രത്തില്‍പ്പെട്ട മറ്റുള്ളവര്‍ക്കും കുടുംബക്രമമനുസരിച്ച്, അവകാശം നല്കി. ഇവര്‍ അബിയേസര്‍, ഹേലക്, അസ്രിയേല്‍, ഷെക്കെം, ഹേഫെര്‍, ഷെമീദാ എന്നിവരായിരുന്നു. ഇവര്‍ കുടുംബക്രമമനുസരിച്ചു ജോസഫിൻ്റെ മകനായ മനാസ്സെയുടെ പിന്‍ഗാമികളായിരുന്നു.
3: മനാസ്സെയുടെ മകന്‍ മാക്കീറിൻ്റെ മകനാണ് ഗിലയാദ്. അവൻ്റെ മകനായ സെലോഫെഹാദിനു പുത്രന്മാരുണ്ടായിരുന്നില്ല; പുത്രിമാര്‍മാത്രം. അവര്‍ മഹ്‌ലാ, നോവാ, ഹോഗ്‌ലാ, മില്‍ക്കാ, തിര്‍സാ എന്നിവരായിരുന്നു.
4: അവര്‍ പുരോഹിതനായ എലെയാസറിൻ്റെയും നൂനിൻ്റെ മകനായ ജോഷ്വയുടെയും പ്രമാണികളുടെയും മുമ്പാകെവന്നു പറഞ്ഞു: ഞങ്ങളുടെ സഹോദരന്മാരോടൊപ്പം ഞങ്ങള്‍ക്കുമവകാശം നല്‍കണമെന്നു കര്‍ത്താവു മോശയോടു കല്പിച്ചിട്ടുണ്ട്. അതനുസരിച്ചു ജോഷ്വ അവരുടെ പിതൃസഹോദരന്മാരോടൊപ്പം അവര്‍ക്കുമവകാശം നല്കി. 
5: അങ്ങനെ മനാസ്സെയ്ക്കു ജോര്‍ദ്ദാനക്കരെ കിടക്കുന്ന ഗിലയാദും ബാഷാനും കൂടാതെ പത്തോഹരി ലഭിച്ചു.
6: കാരണം, മനാസ്സെയുടെ പെണ്‍മക്കള്‍ക്കും ആണ്‍മക്കളോടൊപ്പം ഓഹരി ലഭിച്ചു. മനാസ്സെയുടെ മറ്റു പുത്രന്മാര്‍ക്കു ഗിലയാദ് അവകാശമായി കൊടുത്തു.
7: ആഷേര്‍മുതല്‍ ഷെക്കെമിനു കിഴക്ക്, മിക്ക്‌മെഥാത്ത്‌വരെ മനാസ്സെയുടെ ദേശം വ്യാപിച്ചുകിടക്കുന്നു. അതിൻ്റെ തെക്കേയതിര്‍ത്തി, എന്‍തപ്പുവാവരെ നീണ്ടുകിടക്കുന്നു. 
8: തപ്പുവാദേശം മനാസ്സെയുടെ അവകാശമായിരുന്നു. എന്നാല്‍, മനാസ്സെയുടെ അതിര്‍ത്തിയിലുള്ള തപ്പുവാപ്പട്ടണം എഫ്രായിമിൻ്റെ  മക്കളുടെ അവകാശമായിരുന്നു.
9: അതിര്‍ത്തി വീണ്ടും തെക്കോട്ട്, കാനാത്തോടുവരെ പോകുന്നു. മനാസ്സെയുടെ പട്ടണങ്ങളില്‍ തോടിനുതെക്കുള്ള പട്ടണങ്ങള്‍ എഫ്രായിമിനുള്ളതാണ്. മനാസ്സെയുടെ അതിര്‍ത്തി തോടിനു വടക്കേയറ്റത്തുകൂടെപ്പോയി കടലിലവസാനിക്കുന്നു.
10: തെക്കുവശത്തുള്ള ദേശം എഫ്രായിമിന്റേതും വടക്കുവശത്തുള്ളതു മനാസ്സെയുടേതുമാകുന്നു. സമുദ്രമാണ്, അതിൻ്റെയതിര്‍ത്തി. അതു വടക്ക് ആഷേറിനോടും കിഴക്ക് ഇസാക്കറിനോടും തൊട്ടുകിടക്കുന്നു.
11: ഇസാക്കറിലും ആഷേറിലും മനാസ്സെയ്ക്ക്, ബത്‌ഷെയാന്‍യിബ്‌ളയാം, ദോര്‍, എന്‍ദോര്‍, താനാക്ക്, മെഗിദോ എന്നിവയും അവയുടെ ഗ്രാമങ്ങളുമുണ്ടായിരുന്നു.
12: എന്നാല്‍, മനാസ്സെയുടെ പുത്രന്മാര്‍ക്ക് ആ പട്ടണങ്ങള്‍ കൈവശപ്പെടുത്താന്‍ കഴിഞ്ഞില്ല. കാനാന്യര്‍ അവിടെത്തന്നെ വസിച്ചുപോന്നു.
13: പക്ഷേ, ഇസ്രായേല്‍ക്കാര്‍ ശക്തിപ്രാപിച്ചപ്പോള്‍ അവര്‍ കാനാന്യരെക്കൊണ്ട് അടിമവേല ചെയ്യിച്ചു. അവരെ അവിടെനിന്നു നിശ്ശേഷം തുരത്തിയില്ല.
14: ജോസഫിൻ്റെ സന്തതികള്‍ ജോഷ്വയോടു ചോദിച്ചു: കര്‍ത്താവിൻ്റെയനുഗ്രഹത്താല്‍ ഞങ്ങളൊരു വലിയ ജനമായിരിക്കേ എന്തുകൊണ്ടാണ്, ഞങ്ങള്‍ക്ക് ഒരു വിഹിതംമാത്രം തന്നത്? 
15: ജോഷ്വ അവരോടു പറഞ്ഞു: നിങ്ങളൊരു വലിയ ജനതയാണെങ്കില്‍ പെരീസ്യരുടെയും റഫായിമിൻ്റെയും ദേശങ്ങളില്‍പോയി വനംതെളിച്ചു ഭൂമി സ്വന്തമാക്കുവിന്‍. എഫ്രായിമിൻ്റെ മലമ്പ്രദേശങ്ങള്‍ നിങ്ങള്‍ക്കു തീരെ അപര്യാപ്തമാണല്ലോ.
16: അവര്‍ പറഞ്ഞു: മലമ്പ്രദേശങ്ങള്‍ മതിയാകയില്ല. എന്നാല്‍, സമതലങ്ങളില്‍ വസിക്കുന്ന കാനാന്യര്‍ക്കും ബത്‌ഷെയാനിലും അതിൻ്റെ ഗ്രാമങ്ങളിലും ജസ്രേല്‍താഴ്‌വരയിലും വസിക്കുന്നവര്‍ക്കും ഇരിമ്പുരഥങ്ങളുണ്ട്.
17: ജോസഫിൻ്റെ ഗോത്രങ്ങളായ എഫ്രായിമിനോടും മനാസ്സെയോടും ജോഷ്വ പറഞ്ഞു: നിങ്ങള്‍ വലിയൊരു ജനതയാണ്; ശക്തിയുമുണ്ട്. നിങ്ങള്‍ക്ക് ഒരോഹരിമാത്രംപോരാ.
18: മലമ്പ്രദേശങ്ങള്‍ മുഴുവന്‍ നിങ്ങള്‍ക്കിരിക്കട്ടെ. അതു വനമാണെങ്കിലും അതിൻ്റെ അങ്ങേ അതിര്‍ത്തിവരെ തെളിച്ച്, നിങ്ങള്‍ക്കു സ്വന്തമാക്കിയെടുക്കാം. കാനാന്യര്‍ ശക്തന്മാരും ഇരിമ്പുരഥങ്ങളുള്ളവരുമാണെങ്കിലും നിങ്ങള്‍ക്കവരെ തുരത്തിയോടിക്കാം.

അദ്ധ്യായം 18

ശേഷിച്ച ഏഴുഗോത്രങ്ങള്‍

1: ഇസ്രായേല്‍ജനം ഷീലോയില്‍ ഒന്നിച്ചുകൂടി, അവിടെ സമാഗമകൂടാരം സ്ഥാപിച്ചു. ആ ദേശം അവര്‍ക്കധീനമായിരുന്നു.
2: ഇനിയുമാവകാശംലഭിക്കാത്ത ഏഴുഗോത്രങ്ങള്‍ ഇസ്രായേല്‍ക്കാരുടെയിടയിലുണ്ടായിരുന്നു. 
3: അതിനാല്‍, ജോഷ്വ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു നല്കിയിരിക്കുന്ന ദേശം കൈവശപ്പെടുത്താതെ, എത്രനാള്‍ നിങ്ങള്‍ അലസരായിരിക്കും?
4: ഓരോ ഗോത്രത്തില്‍നിന്നും മൂന്നുപേരെവീതം തിരഞ്ഞെടുക്കുവിന്‍. ഞാനവരെ ആ ദേശത്തേക്കയയ്ക്കാം. അവര്‍ ചുറ്റിസഞ്ചരിച്ചു തങ്ങള്‍ കൈവശമാക്കാനുദ്ദ്യേശിക്കുന്ന ഭാഗത്തിതി വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടുവരട്ടെ.
5: അവരത്, ഏഴു ഭാഗങ്ങളായിത്തിരിക്കണം. യൂദാ തെക്കുഭാഗത്തുള്ള തൻ്റെ ദേശത്തു താമസംതുടരട്ടെ; ജോസഫിൻ്റെ കുടുംബം വടക്കുഭാഗത്തുള്ള തങ്ങളുടെ സ്ഥലത്തും.
6: നിങ്ങള്‍ ആ പ്രദേശം ഏഴായിത്തിരിച്ച്, വിവരം എനിക്കുതരുവിന്‍. ഞാന്‍ നമ്മുടെ ദൈവമായ കര്‍ത്താവിൻ്റെമുമ്പില്‍ നറുക്കിട്ട്, അതു നിങ്ങള്‍ക്കു നല്കാം.
7: ലേവ്യര്‍ക്കു നിങ്ങളുടെയിടയില്‍ ഓഹരിയുണ്ടായിരിക്കുകയില്ല. കര്‍ത്താവിൻ്റെ പൗരോഹിത്യമാണ് അവരുടെ ഓഹരി. ജോര്‍ദ്ദാനുകിഴക്ക്, ഗാദിനും, റൂബനും, മനാസ്സെയുടെ അര്‍ദ്ധഗോത്രത്തിനും തങ്ങളുടെ അവകാശം ലഭിച്ചിട്ടുണ്ട്. ഇതു കര്‍ത്താവിൻ്റെ ദാസനായ മോശ അവര്‍ക്കു നല്കിയതാണ്. അവര്‍ യാത്ര പുറപ്പെട്ടു.
8: ദേശത്തു ചുറ്റിസഞ്ചരിച്ച്, വിവരംശേഖരിച്ചു മടങ്ങിവരുവിന്‍. ഇവിടെ ഷീലോയില്‍ കര്‍ത്താവിൻ്റെ മുമ്പില്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി നറുക്കിടാം എന്നു ജോഷ്വ പറഞ്ഞു.
9: അവര്‍ പോയി ചുറ്റിസഞ്ചരിച്ച്, ദേശത്തെ ഏഴായിത്തിരിച്ച്, പട്ടണങ്ങളടക്കം വിവരംരേഖപ്പെടുത്തി. അവര്‍ ഷീലോയില്‍ ജോഷ്വയുടെയിടുത്തു പാളയത്തില്‍ മടങ്ങിയെത്തി. 
10: അപ്പോള്‍ ജോഷ്വ അവര്‍ക്കുവേണ്ടി ഷീലോയില്‍ കര്‍ത്താവിൻ്റെമുമ്പില്‍വച്ചു നറുക്കിട്ടു. അവന്‍ ഇസ്രായേല്‍ജനത്തിന് ആ ദേശം, ഗോത്രമനുസരിച്ചു വിഭജിച്ചുകൊടുത്തു.

ബഞ്ചമിന്‍

11: ബഞ്ചമിന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു നറുക്കുവീണു. യൂദാഗോത്രത്തിൻ്റെയും ജോസഫ്ഗോത്രത്തിൻ്റെയും മദ്ധ്യേകിടക്കുന്ന പ്രദേശമാണവര്‍ക്കു ലഭിച്ചത്.
12: അവരുടെ വടക്കേ അതിര്‍ത്തി ജോര്‍ദ്ദാനില്‍ തുടങ്ങി ജറീക്കോയുടെ പാര്‍ശ്വംവരെ ചെന്ന്, മലമ്പ്രദേശങ്ങളിലൂടെ പടിഞ്ഞാറോട്ടു കടന്ന്, ബേത്ആവൻ മരുഭൂമിയില്‍ എത്തുന്നു.
13: അവിടെനിന്നു ലൂസിൻ്റെ - ബഥേലിൻ്റെ - തെക്കുഭാഗത്തുകൂടെ കടന്നു താഴോട്ടു ബേത്ത്‌ഹോറോണിൻ്റെ തെക്കുകിടക്കുന്ന മലയിലൂടെ അത്താറോത്ത് ആദാറിലേക്കിറങ്ങുന്നു.
14: വീണ്ടും അതു പടിഞ്ഞാറുഭാഗത്തു തിരിഞ്ഞു തെക്കോട്ടുപോയി, ബേത്‌ഹോറോമിനെതിരേകിടക്കുന്ന മലയില്‍നിന്നു യൂദാഗോത്രത്തിൻ്റെ പട്ടണമായ കിരിയാത്ബാലില്‍ - കിരിയാത്‌യെയാറിമില്‍ - വന്നു നില്‍ക്കുന്നു. അവരുടെ പടിഞ്ഞാറേ അതിര്‍ത്തിയാണിത്.
15: തെക്കുഭാഗം കിരിയാത്‌യെയാറിമിൻ്റെ പ്രാന്തങ്ങളിലാരംഭിക്കുന്നു. അവിടെനിന്ന് അത് എഫ്രോണില്‍ നെഫ്‌തോവനീരുറവവരെ ചെല്ലുന്നു.
16: അനന്തരം, അതു താഴോട്ട്, റഫായിംതാഴ്‌വരയുടെ വടക്കേയറ്റത്തുള്ള ഹിന്നോമിൻ്റെ മകൻ്റെ താഴ്‌വരയ്ക്ക് അഭിമുഖമായിനില്‍ക്കുന്ന പര്‍വ്വതത്തിൻ്റെ അതിര്‍ത്തിവരെയുമെത്തുന്നു. വീണ്ടും ഹിന്നോം താഴ്‌വരയിലൂടെയിറങ്ങി ജബൂസ്യരുടെ ദേശത്തിൻ്റെ തെക്കുഭാഗത്തുകൂടെ താഴെ എന്റോഗെലിലെത്തുന്നു.
17: പിന്നീടതു വടക്കോട്ടു തിരിഞ്ഞ്, എന്‍ഷമെഷില്‍ച്ചെന്ന്, അദുമ്മിം കയറ്റത്തിനെതിരേകിടക്കുന്ന ഗലിലോത്തിലെത്തി, താഴേക്കിറങ്ങി റൂബൻ്റെ മകനായ ബോഹൻ്റെ ശിലവരെയെത്തുന്നു.
18: വീണ്ടും ബത്അരാബായ്ക്കു വടക്കോട്ടുകടന്നു താഴേക്കിറങ്ങി അരാബായിലെത്തുന്നു.
19: ബത്‌ഹോഗ്‌ലായുടെ വടക്കു ഭാഗത്തുകൂടെ ജോര്‍ദ്ദാൻ്റെ തെക്കേയറ്റത്തുള്ള ഉപ്പുകടലിൻ്റെ വടക്കേയറ്റത്തു കിടക്കുന്ന ഉള്‍ക്കടലിലവസാനിക്കുന്നു. ഇതാണ് തെക്കേയതിര്‍ത്തി.
20: കിഴക്കേയതിര്‍ത്തി, ജോര്‍ദ്ദാനാണ്. ബഞ്ചമിന്‍ഗോത്രത്തിനു കുടുംബക്രമമനുസരിച്ചു ലഭിച്ച അവകാശത്തിൻ്റെ അതിര്‍ത്തികളാണിവ.
21: കുടംബക്രമമനുസരിച്ച്, ബഞ്ചമിന്‍ഗോത്രത്തിനുള്ള പട്ടണങ്ങളിവയാണ്: ജറീക്കോ, ബത്‌ഹോഗ്‌ല, എമെക്ക്‌കെസീസ്,
22, 23: ബത്അരാബാ, സെമറായിം, ബഥേല്‍, ആറാവിം, പാരാ, ഓഫ്രാ,
24: കേഫാര്‍അമ്മോനി, ഓഫ്‌നി, ഗേബാ എന്നീ പന്ത്രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും,
25, 26, 27: ഗിബെയോന്‍, റാമാ, ബേരോത്, മിസ്‌പെ, കെഫീരാ, മോസ, റക്കെം, ഇര്‍പ്പേല്‍, തരാല,
28: സേലാ, ഹായെലെഫ്, ജബൂസ് - ജറുസലെം വേഗിബെയാ, കിരിയാത്‌യെയാറിം എന്നീ പതിന്നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ബഞ്ചമിന്‍ ഗോത്രത്തിനു കുടുംബക്രമമനുസരിച്ചു ലഭിച്ച ഓഹരിയാണിത്.

അറുപതാം ദിവസം: ജോഷ്വാ 12 - 15


അദ്ധ്യായം 12

കീഴടക്കിയ രാജാക്കന്മാര്‍

1: ജോര്‍ദ്ദാനു കിഴക്ക്, അര്‍നോണ്‍താഴ്‌വരമുതല്‍ ഹെര്‍മോണ്‍മലവരെയും കിഴക്ക്, അരാബാമുഴുവനും ഇസ്രായേല്‍ജനം ആക്രമിച്ചു കൈവശപ്പെടുത്തി. അവര്‍ തോല്പിച്ച രാജാക്കന്മാര്‍ ഇവരാണ്.
2: ഹെഷ്ബോണില്‍ വസിച്ചിരുന്ന അമോര്യരാജാവായ സീഹോന്‍. അവൻ്റെ രാജ്യം അര്‍നോണ്‍താഴ്‌വരയുടെ അരികിലുള്ള അരോവേര്‍മുതല്‍ താഴ്‌വരയുടെ മദ്ധ്യത്തിലൂടെ അമ്മോന്യരുടെ അതിരായ യാബോക്ക് നദിവരെ കിടക്കുന്ന ഗിലയാദിൻ്റെ പകുതിയും,
3: കിഴക്ക് അരാബാമുതല്‍ കിന്നരോത്ത് സമുദ്രംവരെയും ബത്‌ജെഷിമോത്തിനുനേരേ അരാബാസമുദ്രംവരെയും തെക്കു പിസ്ഗായുടെ അടിവാരത്തുള്ള ഉപ്പുകടല്‍വരെയും വ്യാപിച്ചിരുന്നു.
4: അഷ്ത്താരോത്തിലും എദ്രേയിലും താമസിച്ചിരുന്ന റഫായിംകുലത്തില്‍ അവശേഷിച്ചിരുന്ന ബാഷാന്‍രാജാവായ ഓഗിനെയും അവര്‍ പരാജയപ്പെടുത്തി.
5: ഹെര്‍മോണ്‍മലയും സാലേക്കാ തുടങ്ങി മാക്കായുടെയും ഗഷൂറിൻ്റെയും അതിര്‍ത്തികള്‍വരെയും ബാഷാനും ഗിലയാദിൻ്റെ അര്‍ദ്ധഭാഗവും, ഹെഷ്‌ബോണ്‍ രാജാവായ സീഹോൻ്റെ അതിര്‍ത്തിവരെയും അവൻ്റെ രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു.
6: കര്‍ത്താവിൻ്റെ ദാസനായ മോശയും ഇസ്രായേല്‍ജനവും അവരെ പരാജയപ്പെടുത്തി. മോശ അവരുടെ രാജ്യം റൂബന്‍-ഗാദ് ഗോത്രങ്ങള്‍ക്കും മനാസ്സെയുടെ അര്‍ദ്ധഗോത്രത്തിനും അവകാശമായി നല്കി.
7: ജോര്‍ദ്ദാനു പടിഞ്ഞാറ്, ലബനോന്‍താഴ്‌വരയിലുള്ള ബല്‍ഗാദുമുതല്‍ സെയീറിലേക്കുള്ള കയറ്റത്തിലെ ഹാലാക്ക്‌മലവരെയുള്ള സ്ഥലത്തുവച്ചു ജോഷ്വയും ഇസ്രായേല്‍ജനവും പരാജയപ്പെടുത്തിയ രാജാക്കന്മാര്‍ ഇവരാണ്. ജോഷ്വ അവരുടെ നാട് ഇസ്രായേല്‍ഗോത്രങ്ങള്‍ക്ക് ഓഹരിപ്രകാരം നല്കി.
8: മലമ്പ്രദേശത്തും സമതലത്തും അരാബായിലും മലഞ്ചെരിവുകളിലും മരുഭൂമിയിലും നെഗെബിലുമുള്ള ഹിത്യര്‍, അമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ രാജാക്കന്മാര്‍.
9: ജറീക്കോ, ബഥേലിനു സമീപമുള്ള ആയ്, ജറുസലെം, ഹെബ്രോണ്‍, ജാര്‍മുത്, ലാഖീഷ്, എഗ്ലോണ്‍, ഗേസര്‍, ദബീര്‍, ഗേദര്‍, ഹോര്‍മാ, ആരാദ്, ലിബ്‌നാ, അദുല്ലാം, മക്കേദാ, ബഥേല്‍, തപ്പുവാ, ഹേഫര്‍, അഫെക്, ലാഷറോണ്‍, മാദോന്‍, ഹാസോര്‍, ഷിംറോണ്‍, മെറോണ്‍, അക്ഷാഫ്, താനാക്ക്, മെഗിദോ, കേദെഷ്, കാര്‍മെലിലെ യോക്ക് നെയാം, നഫ്‌ദോറിലെ ദോര്‍, ഗലീലിയിലെ ഗോയിം, തിര്‍സാ എന്നിവിടങ്ങളിലെ രാജാക്കന്മാര്‍; ആകെ മുപ്പത്തൊന്നു പേര്‍.

അദ്ധ്യായം 13

ദേശവിഭജനം

1: ജോഷ്വ വൃദ്ധനായപ്പോള്‍, കര്‍ത്താവവനോടു പറഞ്ഞു: നീ വൃദ്ധനായിരിക്കുന്നു; ഇനിയും വളരെയധികം സ്ഥലങ്ങള്‍ കൈവശപ്പെടുത്താനുണ്ട്.
2: അവശേഷിക്കുന്ന സ്ഥലമിതാണ്; ഫിലിസ്ത്യരുടെയും ഗഷൂര്യരുടെയും ദേശങ്ങളും, കാനാന്യര്‍ക്കുള്ളതെന്നു കരുതപ്പെടുന്നതും
3: ഈജിപ്തിനു കിഴക്ക്, ഷീഹോര്‍ മുതല്‍ വടക്ക് എക്രോൻ്റെ അതിര്‍ത്തികള്‍വരെയുള്ള സ്ഥലവും ഫിലിസ്ത്യരാജാക്കന്മാര്‍ ഭരിച്ചിരുന്ന ഗാസാ, അഷ്‌ദോദ്, അഷ്‌കലോണ്‍, ഗത്ത്, എക്രോണ്‍ എന്നീ അഞ്ചു പ്രദേശങ്ങളും
4: തെക്ക് ആവിംദേശവും കാനാന്‍ദേശവും സീദോന്യരുടെ മൊറാറയും അമോര്യരുടെ അതിര്‍ത്തിയായ അഫേക്‌വരെയും;
5: ഗബാല്യരുടെ ദേശവും, ഹെര്‍മോണ്‍ മലയുടെതാഴെ ബാല്‍ഗാദുമുതല്‍ ഹാമാത്തിലേക്കുള്ള പ്രവേശനംവരെയും,
6: ലബനോനും, മിസ്രെഹോത്മായിമിനും ലബനോനുമിടയ്ക്കുള്ള സീദോന്യരുടെ മലമ്പ്രദേശങ്ങളും ഇതില്‍പ്പെടുന്നു. ഇസ്രായേല്‍ജനം മുന്നേറുന്നതനുസരിച്ച്, ഞാന്‍തന്നെ അവരെ അവിടെനിന്നോടിക്കും. ഞാന്‍ നിന്നോടു കല്പിച്ചിട്ടുള്ളതുപോലെ, നീ ആ ദേശം ഇസ്രായേല്‍ക്കാര്‍ക്ക് അവകാശമായിക്കൊടുക്കണം.
7: ഈ ദേശം ഒമ്പതു ഗോത്രക്കാര്‍ക്കും മനാസ്സെയുടെ അര്‍ദ്ധഗോത്രത്തിനും അവകാശമായി വിഭജിച്ചുകൊടുക്കുക.

ജോര്‍ദ്ദാനു കിഴക്ക്


8: റൂബന്‍-ഗാദുഗോത്രങ്ങളും മനാസ്സെയുടെ മറ്റേ അര്‍ദ്ധഗോത്രവും, കര്‍ത്താവിൻ്റെ ദാസനായ മോശ നല്കിയ ദേശം, നേരത്തെതന്നെ കൈവശമാക്കിയിരുന്നു. ജോര്‍ദ്ദാന്‍നദിയുടെ കിഴക്കുവശത്തായിരുന്നു അത്.
9: അര്‍നോണ്‍ താഴ്‌വരയുടെ മദ്ധ്യത്തിലുള്ള പട്ടണവും ആ താഴ്‌വരയുടെ അറ്റത്തുള്ള അരോവേര്‍മുതല്‍ മെദേബാ സമതലം ഉള്‍പ്പെടെ ദീബോന്‍വരെയും,
10: ഹെഷ്ബോണ്‍ ഭരിച്ചിരുന്ന അമോര്യരാജാവായ സീഹോൻ്റെ പട്ടണങ്ങളും, അമ്മോന്യരുടെ അതിര്‍ത്തികള്‍വരെയും,
11: ഗിലയാദും ഗഷൂറും മാക്കായും ഹെര്‍മോണ്‍മലയും സലേക്കാവരെയുള്ള ബാഷാനും
12: എദ്രേയിലും അസ്താരോത്തിലും ഭരിച്ചിരുന്ന ബാഷാന്‍രാജാവായ ഓഗിൻ്റെ ദേശങ്ങളും ഉള്‍പ്പെട്ടതായിരുന്നു അത്. ഓഗ് മാത്രമേ റഫായിംകുലത്തില്‍ അവശേഷിച്ചിരുന്നുള്ളു.
13: ഇവരെ മോശ തോല്പിച്ചു പുറത്താക്കി. എങ്കിലും ഇസ്രായേല്‍ജനം ഗഷൂര്യരെയോ മാക്കാത്യരെയോ തുരത്തിയില്ല. അവര്‍ ഇന്നും ഇസ്രായേല്‍ക്കാരുടെ ഇടയില്‍ വസിക്കുന്നു.
14: ലേവിയുടെ ഗോത്രത്തിനു മോശ അവകാശമൊന്നും നല്കിയില്ല. അവന്‍ അവരോടു പറഞ്ഞതുപോലെ ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിനര്‍പ്പിക്കുന്ന ദഹനബലികളാണ് അവരുടെ അവകാശം.

റൂബൻ്റെ ഓഹരി

15: റൂബൻ്റെ ഗോത്രത്തിനും കുടുംബമനുസരിച്ച്, മോശ അവകാശം കൊടുത്തു.
16: മെദേബായോടു ചേര്‍ന്നുകിടക്കുന്ന സമതലങ്ങളും അര്‍നോണ്‍ താഴ്‌വരയുടെ മദ്ധ്യത്തിലുള്ള പട്ടണവും ആ താഴ്‌വരയുടെ അറ്റത്തുള്ള അരോവേറും ഉള്‍പ്പെട്ടതാണ് അവരുടെ ദേശം.
17: ഹെഷ്‌ബോണും സമതലവും അതിലുള്ള പട്ടണങ്ങളും ദീബോനും ബാമോത്ബാലും ബേത്ബാല്‍മേയോനും
18: യാഹാസും, കെദേമോത്തും, മെഫാത്തും
19: കിരിയാത്തായിമും, സിബ്മായും സമതലത്തിലെ ചെറുകുന്നിലുള്ള സെരെത്ഷാഹാറും
20: ബേത്‌പെയോറും പിസ്ഗാ ചരിവുകളും ബേത്ജഷിമോത്തും
21: ഹെഷ്‌ബോണ്‍ ഭരിച്ചിരുന്ന അമോര്യരാജാവായ സീഹോൻ്റെ രാജ്യംമുഴുവനും സമതലത്തിലെ പട്ടണങ്ങളും ഇതിലുള്‍പ്പെടുന്നു. അവൻ്റെയും മിദിയാനിലെ നേതാക്കന്മാരായ ഏവി, റേക്കം, സുര്‍, ഹൂര്‍, റേബാ എന്നിവരെയും മോശ തോല്പിച്ചു. സീഹോനിലെ പ്രഭുക്കന്മാരായ ഇവര്‍ അവിടെ വസിച്ചിരുന്നു.
22: ഇസ്രായേല്‍ജനം വാളിനിരയാക്കിയവരുടെ കൂട്ടത്തില്‍ ബയോറിൻ്റെ മകനും മന്ത്രവാദിയുമായ ബാലാമും ഉണ്ടായിരുന്നു.
23: ജോര്‍ദ്ദാന്‍തീരമായിരുന്നു റൂബന്‍ഗോത്രത്തിൻ്റെ പശ്ചിമ അതിര്‍ത്തി. അവര്‍ക്കു കുടുംബക്രമമനുസരിച്ച്, അവകാശമായി ലഭിച്ച പട്ടണങ്ങളും ഗ്രാമങ്ങളുമാണിവ.

ഗാദിൻ്റെ ഓഹരി

24: ഗാദ്‌ഗോത്രത്തിനും കുടുംബക്രമമനുസരിച്ചു മോശ അവകാശം നല്കി.
25: അവരുടെ ദേശങ്ങള്‍ യാസാര്‍, ഗിലയാദിലെ പട്ടണങ്ങള്‍, റബ്ബായുടെ കിഴക്ക് അരോവേര്‍വരെ അമ്മോന്യരുടെ ദേശത്തിൻ്റെ പകുതി,
26: ഹെഷ്‌ബോണ്‍മുതല്‍ റാമാത്ത് മിസ്‌പെയും ബത്തോണിമുംവരെ മഹനായിംമുതല്‍ ദബീറിൻ്റെ പ്രദേശംവരെ,
27: താഴ്‌വരയിലെ ബത്ഹാറാം, ബത്‌നിമ്രാ, സുക്കോത്ത്, സാഫോന്‍, ഹെഷ്‌ബോണ്‍രാജാവായ സീഹോൻ്റെ രാജ്യത്തിലെ ബാക്കിഭാഗം എന്നിവയാണ്. കിന്നരോത്തുകടലിൻ്റെ താഴത്തേ അറ്റംവരെ, ജോര്‍ദ്ദാൻ്റെ കിഴക്കേത്തീരമാണ് അതിൻ്റെ അതിര്‍ത്തി.
28: ഗാദ്‌ഗോത്രത്തിനു കുടുംബക്രമമനുസരിച്ച് അവകാശമായി ലഭിച്ച പട്ടണങ്ങളും ഗ്രാമങ്ങളുമാണിവ.

മനാസ്സെയുടെ ഓഹരി

29: മനാസ്സെയുടെ അര്‍ദ്ധഗോത്രത്തിനു മോശ കുടുംബക്രമമനുസരിച്ച്, അവകാശം നല്കി.
30: അവരുടെ ദേശം, മഹനായിംമുതല്‍ ബാഷാന്‍മുഴുവനും, ബാഷാന്‍രാജാവായ ഓഗിൻ്റെ രാജ്യംമുഴുവനും ബാഷാനിലുള്ള ജായിറിൻ്റെ എല്ലാ പട്ടണങ്ങളും -
31: -അറുപതു പട്ടണങ്ങളും ഗിലയാദിൻ്റെ പകുതിയും, അഷ്താരോത്ത്, എദ്രെയി എന്നീ ബാഷാനിലെ ഓഗിൻ്റെ രാജ്യത്തുള്ള പട്ടണങ്ങളും - ഉള്‍പ്പെട്ടിരുന്നു. മനാസ്സെയുടെ മകനായ മാക്കീറിൻ്റെ സന്തതികളില്‍ പകുതിപ്പേര്‍ക്കു കുടുംബക്രമമനുസരിച്ചു ലഭിച്ചതാണിവ.
32: ജറീക്കോയുടെ കിഴക്കു ജോര്‍ദ്ദാനക്കരെ മൊവാബ് സമതലത്തില്‍വച്ചു മോശ അവകാശമായി വിഭജിച്ചുകൊടുത്തവയാണിവ.
33: എന്നാല്‍, ലേവിയുടെ ഗോത്രത്തിന്, മോശ അവകാശമൊന്നും നല്കിയില്ല. അവനവരോടു പറഞ്ഞതുപോലെ ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവുതന്നെയാണ് അവരുടെ അവകാശം.

അദ്ധ്യായം 14

ജോര്‍ദ്ദാനു പടിഞ്ഞാറ്

1: കാനാന്‍ദേശത്ത്, ഇസ്രായേല്‍ജനത്തിനവകാശമായി ലഭിച്ച സ്ഥലങ്ങളിവയാണ്. പുരോഹിതനായ എലെയാസറും നൂനിൻ്റെ മകനായ ജോഷ്വയും ഇസ്രായേല്‍ഗോത്രപിതാക്കന്മാരില്‍ തലവന്മാരുംകൂടെ, ഇവ അവര്‍ക്കു ഭാഗിച്ചുകൊടുത്തു.
2: കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ ഒമ്പതുഗോത്രത്തിനും അര്‍ദ്ധഗോത്രത്തിനും അവകാശങ്ങള്‍ ഭാഗിച്ചുകൊടുത്തതു നറുക്കിട്ടാണ്.
3: ജോര്‍ദ്ദാനു മറുകരയില്‍ രണ്ടുഗോത്രങ്ങള്‍ക്കും അര്‍ദ്ധഗോത്രത്തിനുമായി മോശ അവകാശംകൊടുത്തുകഴിഞ്ഞിരുന്നു. എന്നാല്‍, അവരുടെയിടയില്‍ ലേവ്യര്‍ക്ക് അവകാശമൊന്നുംകൊടുത്തില്ല.
4: ജോസഫിൻ്റെ സന്തതികള്‍, മനാസ്സെ, എഫ്രായിം എന്നു രണ്ടുഗോത്രങ്ങളായിരുന്നു. താമസിക്കുന്നതിനു പട്ടണങ്ങളും കന്നുകാലികളെ മേയ്ക്കുന്നതിനു പുല്‍മേടുകളുംമാത്രമല്ലാതെ ലേവ്യര്‍ക്ക് അവിടെ വിഹിതമൊന്നും നല്കിയില്ല.
5: കര്‍ത്താവു മോശയോടു കല്പിച്ചതുപോലെതന്നെ അവര്‍ സ്ഥലം പങ്കിട്ടെടുത്തു.
6: അതിനുശേഷം യൂദായുടെ മക്കള്‍ ഗില്‍ഗാലില്‍ ജോഷ്വയുടെ അടുത്തുവന്നു. കെനീസ്യനായ യഫുന്നയുടെ മകന്‍ കാലെബ് അവനോടു പറഞ്ഞു: കര്‍ത്താവു ദൈവപുരുഷനായ മോശയോട് എന്നെക്കുറിച്ചും നിന്നെക്കുറിച്ചും കാദെഷ്ബര്‍ണിയായില്‍വച്ച് എന്താണരുളിച്ചെയ്തതെന്നു നിനക്കറിയാമല്ലോ.
7: കാദെഷ്ബര്‍ണിയായില്‍നിന്നു ദേശം ഒറ്റുനോക്കുന്നതിന് കര്‍ത്താവിൻ്റെ ദാസനായ മോശ എന്നെയയയ്ക്കുമ്പോള്‍ എനിക്കു നാല്പതുവയസ്സുണ്ടായിരുന്നു. ഞാന്‍ സത്യാവസ്ഥ അവനെയറിയിക്കുകയുംചെയ്തു.
8: എന്നാല്‍, എന്നോടുകൂടെ വന്ന സഹോദരന്മാര്‍, ജനത്തെ നിരുത്സാഹപ്പെടുത്തി. എന്നിട്ടും ഞാന്‍ എൻ്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണമായി പിന്‍ചെന്നു.
9: അന്നു മോശ ശപഥംചെയ്തു പറഞ്ഞു: നീ കാലുകുത്തിയ സ്ഥലം എന്നേക്കും നിനക്കും നിൻ്റെ സന്തതികള്‍ക്കും അവകാശമായിരിക്കും. എന്തെന്നാല്‍, എൻ്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണമായും നീ പിന്‍ചെന്നിരിക്കുന്നു.
10: ഇസ്രായേല്‍ക്കാര്‍ മരുഭൂമിയില്‍ സഞ്ചരിച്ചകാലത്തു കര്‍ത്താവു മോശയോട് ഇക്കാര്യം സംസാരിച്ചതുമുതല്‍ നാല്പത്തഞ്ചു സംവത്സരങ്ങള്‍ അവിടുന്നെന്നെ ജീവിക്കാനനുവദിച്ചു. ഇപ്പോളെനിക്ക് എണ്‍പത്തിയഞ്ചു വയസ്സായി.
11: മോശ എന്നെയയച്ചപ്പോളുണ്ടായിരുന്ന അതേ ശക്തി ഇന്നുമെനിക്കുണ്ട്. യുദ്ധംചെയ്യാനും മറ്റെന്തിനും, അന്നത്തെ ശക്തി ഇന്നുമെനിക്കുണ്ട്.
12: ആകയാല്‍, കര്‍ത്താവന്നുപറഞ്ഞ ഈ മലമ്പ്രദേശം എനിക്കു തന്നാലും. പ്രബലങ്ങളായ വലിയ പട്ടണങ്ങളോടുകൂടിയതും അനാക്കിമുകള്‍ വസിക്കുന്നതുമാണ് ഈ സ്ഥലമെന്നു നീ കേട്ടിട്ടുണ്ടല്ലോ. കര്‍ത്താവ് എന്നോടുകൂടെയുണ്ടെങ്കില്‍ അവിടുന്നെന്നോടു പറഞ്ഞിട്ടുള്ളതുപോലെ ഞാനവരെ ഓടിച്ചുകളയും.
13: ജോഷ്വ, യഫുന്നയുടെ മകനായ കാലെബിനെയനുഗ്രഹിച്ച്, അവനു ഹെബ്രോണ്‍ അവകാശമായിക്കൊടുത്തു.
14: അങ്ങനെ ഇന്നുവരെ ഹെബ്രോണ്‍ കെനീസ്യനായ യഫുന്നയുടെ മകന്‍ കാലെബിൻ്റെ അവകാശമാണ്. എന്തെന്നാല്‍, അവന്‍ ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിനെ പരിപൂര്‍ണ്ണമായി പിന്‍ചെന്നു.
15: ഹെബ്രോണിൻ്റെ പേരു പണ്ടു കിരിയാത്ത്അര്‍ബ്ബാ എന്നായിരുന്നു. ഇത് അനാക്കിമുകളുടെ സ്ഥലങ്ങളില്‍ ഏറ്റവും പ്രധാനമായിരുന്നു. നാട്ടില്‍ സമാധാനമുണ്ടായി.

അദ്ധ്യായം 15

യൂദായുടെ ഓഹരി

1: യൂദാഗോത്രത്തിനു കുടുംബക്രമമനുസരിച്ചു ലഭിച്ച ഓഹരി, തെക്ക്, സിന്‍മരുഭൂമിയുടെ തെക്കേയറ്റമായ ഏദോം അതിര്‍ത്തിവരെ വ്യാപിച്ചുകിടക്കുന്നു.
2: അവരുടെ തെക്കേയതിര്‍ത്തി ഉപ്പുകടലിൻ്റെ തെക്കോട്ടു നീണ്ടുകിടക്കുന്ന ഉള്‍ക്കടലിലാരംഭിക്കുന്നു.
3: അത്, അക്രാബിമിൻ്റെ കയറ്റത്തിലൂടെ തെക്കോട്ടുചെന്ന്, സിനിലേക്കുകടന്ന്, കാദെഷ്ബര്‍ണ്ണയായുടെ തെക്കുഭാഗത്തുകൂടെ ഹെസ്രോണിലൂടെ അദാറിലെത്തി, കര്‍ക്കായിലേക്കു തിരിയുന്നു.
4: അവിടെനിന്ന് അസ്‌മോണ്‍കടന്ന്, ഈജിപ്തു തോടുവരെചെന്നു കടലിലവസാനിക്കുന്നു. ഇതായിരിക്കും നിങ്ങളുടെ തെക്കേയതിര്‍ത്തി.
5: ജോര്‍ദ്ദാന്‍നദീമുഖംവരെയുള്ള ഉപ്പുകടലായിരിക്കും നിങ്ങളുടെ കിഴക്കേയതിര്‍ത്തി. വടക്കേയതിര്‍ത്തി ജോര്‍ദ്ദാന്‍നദീമുഖത്തുള്ള ഉള്‍ക്കടലില്‍നിന്നാരംഭിക്കുന്നു.
6: അതു ബേത്‌ഹോഗ്‌ലായിലൂടെ പോയി ബേത്അരാബായുടെ വടക്കുകൂടെക്കടന്നു റൂബൻ്റെ മകന്‍ ബോഹാൻ്റെ ശിലവരെ പോകുന്നു.
7: തുടര്‍ന്ന് ആഖോര്‍താഴ്‌വരയില്‍നിന്നു ദബീര്‍വരെപോയി വടക്കോട്ടു ഗില്‍ഗാലിലേക്കു തിരിയുന്നു. താഴ്‌വരയുടെ തെക്കുവശത്തുള്ള അദുമ്മിംകയറ്റത്തിൻ്റെ എതിര്‍വശത്താണു ഗില്‍ഗാല്‍ അതിര്‍ത്തി. എന്‍ഷമേഷ് ജലാശയത്തിലൂടെ കടന്ന്, എന്റോഗലിലെത്തുന്നു.
8: അവിടെനിന്ന്, അത് ജബൂസ്യമലയുടെ - ജറുസലെമിൻ്റെ - തെക്കേയറ്റത്തു ബന്‍ഹിന്നോം താഴ്‌വരവരെപോകുന്നു. പിന്നീട് ഹിന്നോം താഴ്‌വരയുടെമുമ്പില്‍ പടിഞ്ഞാറോട്ടും റഫായിംതാഴ്‌വരയുടെയടുത്തു വടക്കോട്ടുമുള്ള മലമുകളിലേക്കു കയറുന്നു.
9: വീണ്ടുമതു മലമുകളില്‍നിന്ന്, നെഫ്‌തോവാ അരുവികള്‍വരെയും അവിടെനിന്നു എഫ്രോണ്‍മലയിലെ പട്ടണങ്ങള്‍വരെയും, അവിടെനിന്ന് ബാലായിലേക്ക്, അതായത്, കിരിയാത്ത് യെയാറിമിലേക്കു വളഞ്ഞുപോകുന്നു.
10: ബാലായുടെ പശ്ചിമഭാഗത്തുകൂടെക്കടന്ന്, സെയിര്‍മലയിലെത്തി, യയാറിംമലയുടെ - കെസലോണിൻ്റെ - വടക്കുഭാഗത്തുകൂടെക്കടന്നു ബത്ഷമേഷിലേക്കിറങ്ങി, തിമ്‌നായിലൂടെ നീങ്ങുന്നു.
11: അത് എക്രോണിൻ്റെ വടക്കുള്ള കുന്നിന്‍പ്രദേശങ്ങളിലൂടെചെന്നു ഷിക്കറോണ്‍ചുറ്റി ബാലാമലയിലൂടെ കടന്ന്, യാബ്‌നേലിലെത്തി, സമുദ്രത്തില്‍വന്നവസാനിക്കുന്നു.
12: പടിഞ്ഞാറേയതിര്‍ത്തി, മഹാസമുദ്രവും അതിൻ്റെ തീരപ്രദേശവുമാണ്. യൂദാഗോത്രത്തിനു കുടുംബക്രമമനുസരിച്ചു ലഭിച്ച അവകാശത്തിനുചുറ്റുമുള്ള അതിര്‍ത്തിയാണിത്.
13: ജോഷ്വയോടു കര്‍ത്താവു കല്പിച്ചതനുസരിച്ച്, യഫുന്നയുടെ മകനായ കാലെബിനു യൂദാഗോത്രത്തിൻ്റെയിടയില്‍ കിരിയാത്ത് അര്‍ബ്ബാ - ഹെബ്രോണ്‍ - കൊടുത്തു. അനാക്കിൻ്റെ പിതാവായിരുന്നു അര്‍ബ്ബാ.
14: അവിടെനിന്നു കാലെബ്, അനാക്കിൻ്റെ സന്തതികളായ ഷേഷായി, അഹിമാന്‍, തല്‍മായി എന്നിവരെത്തുരത്തി.
15: പിന്നീടവന്‍ ദബീര്‍നിവാസികള്‍ക്കെതിരേ പുറപ്പെട്ടു. ദബീറിൻ്റെ പഴയപേര് കിരിയാത്‌സേഫര്‍ എന്നായിരുന്നു.
16: കാലെബ് പറഞ്ഞു: കിരിയാത്‌സേഫര്‍ പിടിച്ചടക്കുന്നവന്, എൻ്റെ മകള്‍ അക്സായെ ഞാന്‍ ഭാര്യയായിക്കൊടുക്കും.
17: കാലെബിൻ്റെ സഹോദരന്‍ കെനസിൻ്റെ മകനായ ഒത്‌നിയേല്‍ അതു പിടിച്ചെടുത്തു. അവനു തൻ്റെ മകളായ അക്സായെ കാലെബ് ഭാര്യയായി നല്കി.
18: അവളടുത്തുചെന്നപ്പോള്‍ പിതാവിനോടൊരു വയല്‍ ചോദിക്കണമെന്ന് അവന്‍ നിര്‍ബന്ധിച്ചു; അവള്‍ കഴുതപ്പുറത്തുനിന്നിറങ്ങിയപ്പോള്‍ കാലെബ് അവളോടു ചോദിച്ചു:
19: നിനക്കെന്താണു വേണ്ടത്? അവള്‍ പറഞ്ഞു: എനിക്കൊരു സമ്മാനം വേണം. നീയെന്നെ, വരണ്ട നെഗെബിലേക്കയയ്ക്കുന്നതിനാല്‍ എനിക്കു നീരുറവകള്‍ തരണം. കാലെബ് അവള്‍ക്ക്, മലയിലും താഴ്‌വരയിലും നീരുറവകള്‍ കൊടുത്തു.
20: യൂദാഗോത്രത്തിനു കുടുംബക്രമമനുസരിച്ചു ലഭിച്ച അവകാശം:
21: തെക്കേയറ്റത്ത്, ഏദോം അതിര്‍ത്തിക്കരികേ യൂദാഗോത്രത്തിനുള്ള പട്ടണങ്ങള്‍ ഇവയാണ്: കബ്‌സേല്‍, ഏദര്‍, യാഗുര്‍,
22, 23: കീന, ദിമോന, അദാദാ,  കേദെഷ്, ഹാസോര്‍, ഇത്‌നാന്‍,
24: സിഫ്, തേലെം, ബേയാലോത്,
25: ഹാസോര്‍ഹദാത്താ, കെരിയോത്ത് ഹെസ്രോണ്‍-ഹാസോര്‍-
26, 27: അമാം, ഷേമ, മൊളാദ, ഹസാര്‍ഗാദ, ഹെഷ് മോണ്‍, ബത്‌പെലെത്,
28: ഹസാര്‍ഷുവാല്‍, ബേര്‍ഷേബാ, ബിസിയോതിയ, ബാല, ഇയിം, ഏസെം,
30: എല്‍ത്തോലാദ്, കെസില്‍, ഹോര്‍മ, സിക്‌ലാഗ്, മദ്മന്നാ, സാന്‍സന്ന,
32: ലബാവോത്ത്, ഷില്‍ഹിം, അയിന്‍, റിമ്മോന്‍ - അങ്ങനെ ആകെ ഇരുപത്തിയൊമ്പതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
33: സമതലത്തില്‍ എഷ്താവോല്‍, സോറ, അഷ്‌ന,
34: സനോവ, എന്‍ഗന്നിം, തപ്പുവാ, ഏനാം,
35: യാര്‍മുത്; അദുല്ലാം, സൊക്കോ, അസേക്ക,
36: ഷറായിം, അദിത്തായിം, ഗദേറ, ഗദറോത്തായിം എന്നീ പതിന്നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
37, 38: സെനാന്‍, ഹദാഷാ, മിഗ്ദല്‍ഗാദ്, ദിലെയാന്‍, മിസ്‌പേ, യോക്‌തേല്‍,
39, 40: ലാഖീഷ്, ബൊസ്‌ക്കത്ത്, എഗ്‌ലോന്‍, കബോന്‍, ലഹ്മാം, കിത്ത്‌ലിഷ്,
41: ഗദെറോത്ത്, ബത് ദാഗോന്‍, നാമാ, മക്കേദ എന്നീ പതിനാറു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
42, 43, 44: ലിബ്‌നാ, എത്തോര്‍, ആഷാന്‍, ഇഫ്താ, അഷ്‌നാ, നെസിബ്, കെയില, അക്സീബ്, മറേഷ എന്നീ ഒമ്പതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
45: എക്രോണിലെ പട്ടങ്ങളും ഗ്രാമങ്ങളും.
46: എക്രോണ്‍മുതല്‍ സമുദ്രംവരെ അഷ്‌ദോദിൻ്റെയരികിലുള്ള പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
47: അഷ് ദോദിലെ പട്ടണങ്ങളും ഗ്രാമങ്ങളും, ഗാസയിലെ പട്ടണങ്ങളും ഗ്രാമങ്ങളും, ഈജിപ്തുതോടും മഹാസമുദ്രവും അതിന്റെ തീരവും വരെ
48: മലമ്പ്രദേശങ്ങളില്‍ ഷമീര്‍, യത്തീര്‍, സൊക്കോ,
49, 50: ദന്നാ, കിരിയാത്ത്‌സന്നാ - ദബീര്‍ - അനാബ്, എഷ്‌തെമോ, അനീ,
51: ഗോഷന്‍, ഹോലോന്‍, ഗിലോ എന്നീ പതിനൊന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
52: അരാബ്, ദുമ, എഷാന്‍, യാനീം, ബത്തപ്പുവാ, അഫേക്കാ,
54: ഹുംത, കിരിയാത്ത് അര്‍ബ്ബാ - ഹെബ്രോണ്‍-സിയൊര്‍ എന്നീ ഒമ്പതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
55, 56: മാവോന്‍, കാര്‍മല്‍, സിഫ്, യുത്താ, യസ്രേല്‍, യോക്‌ദെയാം, സനോവാ,
57: കായിന്‍, ഗിബെയാ, തിംനാ എന്നീ പത്തു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
58, 59: ഹാല്‍ഹുല്‍, ബത്‌സുര്‍, ഗദോര്‍, മാറാത്, ബത്അനോത്, എല്‍തെക്കോന്‍ എന്നീ ആറുപട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
60: കിരിയാത് ബാല്‍ - കിരിയാത്‌യയാറിം - റാബ്ബാ എന്നീ രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
61, 62: മരുഭൂമിയില്‍ ബത്അരാബാ, മിദ്ദീന്‍, സെക്കാക്ക, നിബ്ഷാന്‍ഉപ്പുനഗരം, എന്‍ഗേദി എന്നീ ആറുപട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
63: എന്നാല്‍, യൂദാഗോത്രത്തിനു ജറുസലെംനിവാസികളായ ജബൂസ്യരെ തുരത്താന്‍ സാധിച്ചില്ല. അതുകൊണ്ട്, ഇന്നും ജബൂസ്യര്‍ അവരോടൊന്നിച്ചു ജറുസലെമില്‍ വസിക്കുന്നു.

അമ്പത്തിയൊമ്പതാം ദിവസം: ജോഷ്വാ 9 - 11


അദ്ധ്യായം 9

ഗിബയോന്‍കാരുടെ വഞ്ചന

1: ജോര്‍ദ്ദാൻ്റെ മറുകരയില്‍ മലകളിലും താഴ്‌വരകളിലും ലബനോന്‍വരെ നീണ്ടുകിടക്കുന്ന വലിയ കടലിൻ്റെതീരത്തും വസിച്ചിരുന്ന ഹിത്യരും അമോര്യരും കാനാന്യരും പെരീസ്യരും ഹിവ്യരും ജബൂസ്യരുമായ രാജാക്കന്മാരെല്ലാവരും
2: ഇതുകേട്ടപ്പോള്‍ ജോഷ്വയ്ക്കും ഇസ്രായേലിനുമെതിരേ യുദ്ധംചെയ്യാന്‍ ഒരുമിച്ചുകൂടി.
3: എന്നാല്‍, ജറീക്കോയോടും ആയ്‌പട്ടണത്തോടും ജോഷ്വ ചെയ്തതറിഞ്ഞപ്പോള്‍
4: ഗിബയോന്‍നിവാസികള്‍ തന്ത്രപൂര്‍വ്വം പ്രവര്‍ത്തിച്ചു. പഴകിയ ചാക്കുകളില്‍ ഭക്ഷണസാധനങ്ങളും കീറിത്തുന്നിയ തോല്‍ക്കുടങ്ങളില്‍ വീഞ്ഞുമെടുത്ത്, അവര്‍ കഴുതപ്പുറത്തു കയറ്റി.
5: നന്നാക്കിയെടുത്ത പഴയചെരിപ്പുകളും കീറിപ്പറിഞ്ഞ വസ്ത്രങ്ങളുംധരിച്ച്, അവര്‍ പുറപ്പെട്ടു. അവരുടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണങ്ങിയതും പൂത്തതുമായിരുന്നു.
6: അവര്‍ ഗില്‍ഗാലില്‍ ജോഷ്വയുടെ പാളയത്തില്‍ച്ചെന്ന് അവനോടും ഇസ്രായേല്‍ക്കാരോടും പറഞ്ഞു: ഞങ്ങള്‍ വിദൂരദേശത്തുനിന്നു വരുകയാണ്. ഞങ്ങളുമായി ഒരുടമ്പടിചെയ്യണം.
7: അപ്പോള്‍ ഇസ്രായേല്‍ജനം ഹിവ്യരോടു പറഞ്ഞു: നിങ്ങള്‍ ഞങ്ങളുടെ സമീപത്തുള്ളവരാണെങ്കിലോ? നിങ്ങളുമായി ഞങ്ങള്‍ക്ക്, ഉടമ്പടിചെയ്യാനാവില്ല.
8: ഞങ്ങള്‍ അങ്ങയുടെ ദാസന്മാരാണെന്ന് അവര്‍ ജോഷ്വയോടു പറഞ്ഞു. അപ്പോള്‍ അവനവരോടു ചോദിച്ചു: നിങ്ങളാരാണ്? എവിടെനിന്നു വരുന്നു? അവര്‍ പറഞ്ഞു:
9: നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ നാമംകേട്ടു വിദൂരദേശത്തുനിന്ന് ഈ ദാസന്മാര്‍ വന്നിരിക്കുന്നു. എന്തെന്നാല്‍, അവിടുത്തെക്കുറിച്ചും അവിടുന്ന് ഈജിപ്തില്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ചും ഞങ്ങളറിഞ്ഞു.
10: ജോര്‍ദ്ദാൻ്റെ മറുകരയിലുള്ള അമോര്യരാജാക്കന്മാരായ ഹെഷ്‌ബോനിലെ സീഹോനോടും അഷ്ത്താറോത്തില്‍ താമസിക്കുന്ന ബാഷാന്‍രാജാവായ ഓഗിനോടും പ്രവര്‍ത്തിച്ചതും ഞങ്ങള്‍ കേട്ടിട്ടുണ്ട്.
11: ഞങ്ങളുടെ ശ്രേഷ്ഠന്മാരും നാട്ടുകാരും ഞങ്ങളോടു പറഞ്ഞു: യാത്രയ്ക്കുവേണ്ട ഭക്ഷണസാധനങ്ങളെടുത്തുചെന്ന് അവരെക്കണ്ട് ഞങ്ങള്‍ നിങ്ങളുടെ ദാസന്മാരാണ്, അതുകൊണ്ടു ഞങ്ങളുമായി ഒരുടമ്പടിയുണ്ടാക്കുക എന്നു പറയണം.
12: ഇതാ ഞങ്ങളുടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണങ്ങിപ്പൂത്തിരിക്കുന്നു. യാത്രാമദ്ധ്യേ ഭക്ഷിക്കുന്നതിനായി ഞങ്ങളുടെ വീടുകളില്‍നിന്നെടുത്ത ഇവയ്ക്ക്, പുറപ്പെടുമ്പോള്‍ ചൂടുണ്ടായിരുന്നു.
13: ഞങ്ങള്‍ വീഞ്ഞുനിറയ്ക്കുമ്പോള്‍ ഈ തോല്‍ക്കുടങ്ങള്‍ പുതിയവയായിരുന്നു. ഇപ്പോളിതാ, അവ കീറിയിരിക്കുന്നു. സുദീര്‍ഘമായ യാത്രയില്‍ ഞങ്ങളുടെ വസ്ത്രങ്ങളും ചെരിപ്പുകളും കീറി നശിച്ചിരിക്കുന്നു. കര്‍ത്താവിൻ്റെ നിര്‍ദ്ദേശമാരായാതെ ജനം ആ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പങ്കുചേര്‍ന്നു.
14: ജോഷ്വ അവരുടെ ജീവന്‍ രക്ഷിക്കാമെന്നു സമാധാനയുടമ്പടിചെയ്തു.
15: ജനപ്രമാണികളും അങ്ങനെ ശപഥംചെയ്തു.
16: ഉടമ്പടിചെയ്തു മൂന്നുദിവസംകഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ അയല്‍വാസികളും തങ്ങളുടെ മദ്ധ്യേതന്നെ വസിക്കുന്നവരുമാണെന്ന് ഇസ്രായേല്‍ക്കാര്‍ക്കു മനസ്സിലായി.
17: ഇസ്രായേല്‍ജനം യാത്രപുറപ്പെട്ട്, മൂന്നാംദിവസം അവരുടെ പട്ടണങ്ങളായ ഗിബയോന്‍, കെഫീറാ, ബേറോത്ത്, കിര്യാത്ത്‌യയാറിം എന്നിവിടങ്ങളില്‍ എത്തിച്ചേര്‍ന്നു.
18: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ നാമത്തില്‍ ജനപ്രമാണികള്‍ ശപഥംചെയ്തിരുന്നതിനാല്‍ ജനമവരെ വധിച്ചില്ല. സമൂഹംമുഴുവന്‍ ജനപ്രമാണികള്‍ക്കെതിരേ പിറുപിറുത്തു.
19: പ്രമാണികളവരോടു പറഞ്ഞു: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ നാമത്തില്‍ ശപഥംചെയ്തതിനാല്‍ ഇപ്പോള്‍ നമ്മളവരെ ഉപദ്രവിച്ചുകൂടാ.
20: നമുക്കിങ്ങനെ ചെയ്യാം. അവര്‍ ജീവിച്ചുകൊള്ളട്ടെ; അല്ലാത്തപക്ഷം ദൈവകോപം നമ്മുടെമേല്‍ പതിക്കും. നാമവരോടു ശപഥംചെയ്തതാണല്ലോ.
21: അവര്‍ ഇസ്രായേല്‍ജനത്തിനുവേണ്ടി വിറകുവെട്ടിയും വെള്ളംകോരിയും ജീവിച്ചുകൊള്ളട്ടെയെന്നു പ്രമാണികള്‍ നിര്‍ദ്ദേശിച്ചു. സമൂഹം അതംഗീകരിച്ചു.
22: ജോഷ്വ അവരെ വിളിച്ചു ചോദിച്ചു: അടുത്തുതന്നെ വസിക്കേ, വളരെ ദൂരത്താണെന്നു പറഞ്ഞു നിങ്ങള്‍ ഞങ്ങളെ വഞ്ചിച്ചതെന്തിന്?
23: അതിനാല്‍, നിങ്ങള്‍ ശപിക്കപ്പെട്ടവരാകട്ടെ! നിങ്ങളെന്നും എൻ്റെ ദൈവത്തിൻ്റെ ഭവനത്തില്‍ വെള്ളംകോരുകയും വിറകുവെട്ടുകയുംചെയ്യുന്ന അടിമകളായിരിക്കും.
24: അവര്‍ ജോഷ്വയോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവു തൻ്റെ ദാസനായ മോശയോട് ഈ ദേശം മുഴുവനും നിങ്ങള്‍ക്കു തരണമെന്നും തദ്ദേശവാസികളെയെല്ലാം നിഗ്രഹിക്കണമെന്നും കല്പിച്ചിട്ടുണ്ടെന്നു നിൻ്റെ ദാസന്മാരായ ഞങ്ങള്‍ക്കറിവുകിട്ടി. അതുകൊണ്ട്, നിങ്ങളുടെ മുന്നേറ്റത്തില്‍ ഭയന്ന്, ജീവന്‍രക്ഷിക്കാന്‍ ഇങ്ങനെ ചെയ്തുപോയി.
25: ഇതാ, ഇപ്പോള്‍ ഞങ്ങള്‍, നിങ്ങളുടെ കരങ്ങളിലാണ്. ന്യായവും യുക്തവുമെന്നു തോന്നുന്നതു ഞങ്ങളോടു ചെയ്യുക.
26: അപ്രകാരംതന്നെ അവനവരോടു പ്രവര്‍ത്തിച്ചു; അവരെ ഇസ്രായേല്‍ജനങ്ങളുടെ കരങ്ങളില്‍നിന്നു മോചിപ്പിച്ചു; അവരെ വധിച്ചില്ല.
27: അന്നു ജോഷ്വ അവരെ ഇസ്രായേല്‍ക്കാര്‍ക്കും കര്‍ത്താവിൻ്റെ ബലിപീഠത്തിനുംവേണ്ടി വിറകുവെട്ടാനും വെള്ളംകോരാനും നിയമിച്ചു. തന്നെയാരാധിക്കാനായി കര്‍ത്താവു തിരഞ്ഞെടുത്ത സ്ഥലത്ത്, അവരിന്നും അതേ ജോലി ചെയ്യുന്നു.

അദ്ധ്യായം 10

അമോര്യരെ കീഴടക്കുന്നു

1: ജോഷ്വ ജറീക്കോയോടും അവിടുത്തെ രാജാവിനോടും പ്രവര്‍ത്തിച്ചതുപോലെ ആയ് പട്ടണം പിടിച്ചടക്കി പരിപൂര്‍ണ്ണമായി നശിപ്പിക്കുകയും അതിന്റെ രാജാവിനെ വധിക്കുകയും ചെയ്തുവെന്നും ഗിബയോനിലെ ജനങ്ങള്‍ ഇസ്രായേല്‍ക്കാരുമായി ഒരു സമാധാനസന്ധിയുണ്ടാക്കി അവരുടെയിടയില്‍ ജീവിക്കുന്നുവെന്നും ജറുസലെം രാജാവായ അദോനിസെദേക്ക് കേട്ടു.
2: അപ്പോള്‍ ജറുസലെംനിവാസികള്‍ പരിഭ്രാന്തരായി. കാരണം, മറ്റേതൊരു രാജകീയപട്ടണവുംപോലെ, ഗിബയോനും ഒരു വലിയ പട്ടണമായിരുന്നു. അത്. ആയ്‌പട്ടണത്തെക്കാള്‍ വലുതും അവിടത്തെ ജനങ്ങള്‍ ശക്തന്മാരുമായിരുന്നു.
3: ജറുസലെംരാജാവായ അദോനിസെദേക്ക് ഹെബ്രോണ്‍രാജാവായ ഹോഹാമിനും യാര്‍മുത്‌രാജാവായ പിറാമിനും ലാഖീഷ്‌രാജാവായ ജഫിയായ്ക്കും എഗ്‌ലോണ്‍രാജാവായ ദബീറിനും ഈ സന്ദേശമയച്ചു.
4: നിങ്ങള്‍വന്ന്, എന്നെ സഹായിക്കുക. നമുക്കു ഗിബയോനെ നശിപ്പിക്കാം. അവര്‍ ജോഷ്വയോടും ഇസ്രായേല്‍ക്കാരോടും സമാധാനസന്ധിചെയ്തിരിക്കുന്നു. 
5: ജറുസലെം, ഹെബ്രോണ്‍, യാര്‍മുത്, ലാഖീഷ്, എഗ്‌ലോണ്‍ എന്നിവയുടെ അധിപന്മാരായ അഞ്ച് അമോര്യരാജാക്കന്മാര്‍ സൈന്യസമേതംചെന്ന് ഗിബയോനെതിരേ താവളമടിച്ചു യുദ്ധംചെയ്തു.
6: ഗിബയോനിലെ ജനങ്ങള്‍ ഗില്‍ഗാലില്‍ പാളയമടിച്ചിരുന്ന ജോഷ്വയെ അറിയിച്ചു: അങ്ങയുടെ ദാസന്മാരെ കൈവിടരുതേ! വേഗംവന്നു ഞങ്ങളെ രക്ഷിക്കുക; ഞങ്ങളെ സഹായിക്കുക! എന്തെന്നാല്‍, മലമ്പ്രദേശത്തു വസിക്കുന്ന അമോര്യരാജാക്കന്മാര്‍ ഞങ്ങള്‍ക്കെതിരായി സംഘടിച്ചിരിക്കുന്നു.
7: ഉടന്‍തന്നെ ജോഷ്വയും ശക്തന്മാരും യുദ്ധവീരന്മാരുമായ എല്ലാവരും ഗില്‍ഗാലില്‍നിന്നു പുറപ്പെട്ടു.
8: കര്‍ത്താവു ജോഷ്വയോട് അരുളിച്ചെയ്തു: അവരെ ഭയപ്പെടേണ്ടാ. ഞാന്‍ അവരെ നിൻ്റെ കരങ്ങളിലേല്പിച്ചുതന്നിരിക്കുന്നു. നിന്നോടെതിരിടാന്‍ അവരിലാര്‍ക്കും സാധിക്കുകയില്ല.
9: ജോഷ്വ ഗില്‍ഗാലില്‍നിന്നു പുറപ്പെട്ടു രാത്രിമുഴുവന്‍ സഞ്ചരിച്ച് അവര്‍ക്കെതിരേ മിന്നലാക്രമണം നടത്തി.
10: ഇസ്രായേലിൻ്റെമുമ്പില്‍ അമോര്യര്‍ ഭയവിഹ്വലരാകുന്നതിനു കര്‍ത്താവ് ഇടയാക്കി. ഇസ്രായേല്‍ക്കാര്‍ ഗിബയോനില്‍വച്ച് അവരെ വകവരുത്തി. ബത്‌ഹോറോണ്‍ ചുരത്തിലൂടെ അവരെ ഓടിക്കുകയും അസേക്കായിലും മക്കേദായിലുംവച്ചു നിശ്ശേഷം നശിപ്പിക്കുകയും ചെയ്തു.
11: അവര്‍ ഇസ്രായേല്‍ക്കാരില്‍നിന്നു പിന്തിരിഞ്ഞോടി ബത്ഹോറോണ്‍ ചുരം ഇറങ്ങുമ്പോള്‍ അവിടംമുതല്‍ അസേക്കാവരെ അവരുടെമേല്‍ കര്‍ത്താവു കന്മഴ വര്‍ഷിച്ചു. അവര്‍ മരിച്ചുവീണു. ഇസ്രായേല്‍ക്കാര്‍ വാളുകൊണ്ടു നിഗ്രഹിച്ചവരെക്കാള്‍ കൂടുതല്‍പേര്‍ കന്മഴകൊണ്ടു മരണമടഞ്ഞു.
12: കര്‍ത്താവ് ഇസ്രായേല്‍ക്കാര്‍ക്ക് അമോര്യരെ ഏല്പിച്ചുകൊടുത്ത ദിവസം ജോഷ്വ അവിടുത്തോടു പ്രാര്‍ത്ഥിച്ചു. അനന്തരം, അവര്‍ കേള്‍ക്കെപ്പറഞ്ഞു: സൂര്യാ, നീ ഗിബയോനില്‍ നിശ്ചലമായി നില്ക്കുക. ചന്ദ്രാ, നീ അയ്യലോണ്‍താഴ്‌വരയിലും നില്‍ക്കുക.
13: അവര്‍ ശത്രുക്കളോടു പ്രതികാരംചെയ്യുന്നതുവരെ സൂര്യന്‍ നിശ്ചലമായി നിന്നു; ചന്ദ്രന്‍ അനങ്ങിയതുമില്ല. യാഷാറിൻ്റെ പുസ്തകത്തില്‍ ഇതു രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അങ്ങനെ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവനും സൂര്യന്‍ അസ്തമിക്കാതെ നിന്നു.
14: കര്‍ത്താവ്, ഒരു മനുഷ്യൻ്റെ വാക്കുകേട്ട് ഇസ്രായേലിനുവേണ്ടി യുദ്ധംചെയ്ത ആ ദിവസംപോലെ ഒരു ദിവസം അതിനു മുമ്പും പിമ്പും ഉണ്ടായിട്ടില്ല.
15: അനന്തരം, ഗില്‍ഗാലിലുള്ള പാളയത്തിലേക്കു ജോഷ്വയും അവനോടൊപ്പം ഇസ്രായേലും തിരികെപ്പോന്നു.
16: ആ അഞ്ചു രാജാക്കന്മാരും മക്കേദായിലുള്ള ഒരു ഗുഹയില്‍ ഓടിയൊളിച്ചു.
17: അവര്‍ ഗുഹയിലൊളിച്ചകാര്യം ജോഷ്വ അറിഞ്ഞു.
18: അവന്‍ പറഞ്ഞു: ഗുഹയുടെ പ്രവേശനദ്വാരത്തില്‍ വലിയ കല്ലുകളുരുട്ടിവച്ച് കാവലേര്‍പ്പെടുത്തുക.
19: നിങ്ങളവിടെ നില്‍ക്കരുത്.
20: ശത്രുക്കളെ പിന്തുടര്‍ന്നാക്രമിക്കുക. പട്ടണങ്ങളില്‍ പ്രവേശിക്കാന്‍ അവരെയനുവദിക്കരുത്. നിങ്ങളുടെ ദൈവമായ കര്‍ത്താവ്, അവരെ നിങ്ങളുടെ കൈകളിലേല്പിച്ചിരിക്കുന്നു. ശത്രുക്കളെ ഉന്മൂലനംചെയ്യുന്നതുവരെ ജോഷ്വയും ഇസ്രായേല്‍ജനവും സംഹാരം തുടര്‍ന്നു. ഏതാനുംപേര്‍ രക്ഷപെട്ടു കോട്ടയിലഭയംപ്രാപിച്ചു.
21: അനന്തരം, ഇസ്രായേല്‍ക്കാര്‍ സുരക്ഷിതരായി മക്കേദായിലെ പാളയത്തില്‍ ജോഷ്വയുടെ സമീപമെത്തി. അവര്‍ക്കെതിരേ ആരും നാവനക്കിയില്ല.
22: അപ്പോള്‍ ജോഷ്വ കല്പിച്ചു: ഗുഹയുടെ വാതില്‍തുറന്ന്, ആ അഞ്ചു രാജാക്കന്മാരെയും എൻ്റെയടുക്കല്‍ കൊണ്ടുവരുവിന്‍.
23: അവന്‍ പറഞ്ഞതനുസരിച്ച്, ഗുഹയില്‍നിന്ന്, ജറുസലെം, ഹെബ്രോണ്‍, യാര്‍മുത്, ലാഖീഷ്, എഗ്‌ലോണ്‍ എന്നിവിടങ്ങളിലെ രാജാക്കന്മാരെ അവര്‍ കൊണ്ടുവന്നു.
24: ജോഷ്വ ഇസ്രായേല്‍ജനത്തെ വിളിച്ചുകൂട്ടി തന്നോടൊപ്പംപോന്ന യോദ്ധാക്കളുടെ തലവന്മാരോടു പറഞ്ഞു: അടുത്തുവന്ന്, ഈ രാജാക്കന്മാരുടെ കഴുത്തില്‍ ചവിട്ടുവിന്‍. അവരങ്ങനെ ചെയ്തു.
25: ജോഷ്വ അവരോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടുകയോ ചഞ്ചലചിത്തരാവുകയോ വേണ്ടാ. ഉറപ്പും ധൈര്യവുമുള്ളവരായിരിക്കുവിന്‍. നിങ്ങള്‍ നേരിടുന്ന എല്ലാ ശത്രുക്കളോടും ഇപ്രകാരം തന്നെ കര്‍ത്താവു പ്രവര്‍ത്തിക്കും.
26: അനന്തരം ജോഷ്വ അവരെ അടിച്ചുകൊന്ന്, അഞ്ചുമരങ്ങളില്‍ കെട്ടിത്തൂക്കി. സായാഹ്നംവരെ ജഡം മരത്തില്‍ തൂങ്ങിക്കിടന്നു.
27: എന്നാല്‍ സൂര്യാസ്തമയസമയത്ത്, ജോഷ്വയുടെ കല്പനപ്രകാരം വൃക്ഷങ്ങളില്‍നിന്ന് അവയിറക്കി, അവരൊളിച്ചിരുന്ന ഗുഹയില്‍ കൊണ്ടുപോയിട്ടു. അതിൻ്റെ വാതില്‍ക്കല്‍, വലിയ കല്ലുകളുരുട്ടിവച്ചു. അതിന്നുമവിടെയുണ്ട്.
28: അന്നുതന്നെ ജോഷ്വ മക്കേദാ പിടിച്ചടക്കി, അതിനെയും അതിൻ്റെ രാജാവിനെയും വാളിനിരയാക്കി. അവിടെയുള്ള എല്ലാവരെയും നിര്‍മൂലമാക്കി. ആരുമവശേഷിച്ചില്ല. ജറീക്കോ രാജാവിനോടുചെയ്തതുപോലെ മക്കേദാരാജാവിനോടും അവന്‍ പ്രവര്‍ത്തിച്ചു.
29: അനന്തരം, ജോഷ്വയും ഇസ്രായേല്‍ജനവും മക്കേദായില്‍നിന്നു ലിബ്‌നായിലെത്തി അതിനെയാക്രമിച്ചു.
30: ആ പട്ടണത്തെയും അതിൻ്റെ രാജാവിനെയും ഇസ്രായേല്‍ക്കാരുടെ കൈകളില്‍ കര്‍ത്താവേല്പിച്ചു. ആരുമവശേഷിക്കാത്തവിധം, അവര്‍ എല്ലാവരെയും വാളിനിരയാക്കി. ജറീക്കോരാജാവിനോടുചെയ്തതുപോലെ ലിബ്‌നാരാജാവിനോടും അവന്‍ പ്രവര്‍ത്തിച്ചു.
31: ജോഷ്വയും ഇസ്രായേല്‍ജനവും ലിബ്‌നായില്‍നിന്ന് ലാഖീഷിലെത്തി അതിനെയാക്രമിച്ചു.
32: ലാഖീഷിനെയും കര്‍ത്താവ് ഇസ്രായേല്‍ക്കാരുടെ കൈകളിലേല്പിച്ചുകൊടുത്തു. രണ്ടാംദിവസം അവനതു പിടിച്ചടക്കുകയും ലിബ്‌നായോടു ചെയ്തതുപോലെ, അവിടെയുള്ള എല്ലാവരെയും വാളിനിരയാക്കുകയും ചെയ്തു.
33: ഗേസറിലെ രാജാവായ ഹോരാം ലാഖീഷിൻ്റെ സഹായത്തിനെത്തി. എന്നാല്‍, ആരുമവശേഷിക്കാത്തവിധം ജോഷ്വ അവനെയും അവൻ്റെ ജനത്തെയും സംഹരിച്ചു.
34: ജോഷ്വയും ഇസ്രായേല്‍ജനവും, ലാഖീഷില്‍നിന്ന് എഗ്‌ലോണിലെത്തി. അതിനെ ആക്രമിച്ചു കീഴടക്കി.
35: അന്നുതന്നെ അതു പിടിച്ചടക്കുകയും വാളിനിരയാക്കുകയും ചെയ്തു. ലാഖീഷിനോടു ചെയ്തതുപോലെ, അവനന്നുതന്നെ അവരെയും നശിപ്പിച്ചു.     
36: അതിനുശേഷം ജോഷ്വയും ഇസ്രായേല്‍ജനവും എഗ്‌ലോണില്‍നിന്നു ഹെബ്രോണിലെത്തി അതിനെ ആക്രമിച്ചു.
37: അതു പിടിച്ചടക്കി, അതിൻ്റെ രാജാവിനെയും അതിലെ പട്ടണങ്ങളെയും സര്‍വ്വജനങ്ങളെയും വാളിനിരയാക്കി. എഗ്‌ലോണില്‍ പ്രവര്‍ത്തിച്ചതുപോലെ ഒന്നൊഴിയാതെ എല്ലാവരെയും നിശ്ശേഷം നശിപ്പിച്ചു.
38: ജോഷ്വയും ഇസ്രായേല്‍ജനവും ദബീറിൻ്റെനേരേ തിരിഞ്ഞ്, അതിനെയാക്രമിച്ചു.
39: അതിൻ്റെ രാജാവിനെയും സകലപട്ടണങ്ങളെയും പിടിച്ചടക്കി, വാളിനിരയാക്കി. അവിടെ ഒന്നും അവശേഷിച്ചില്ല. ഹെബ്രോണിനോടും ലിബ്‌നായോടും അതിലെ രാജാവിനോടും പ്രവര്‍ത്തിച്ചതുപോലെ ദബീറിനോടും അതിലെ രാജാവിനോടും അവന്‍ പ്രവര്‍ത്തിച്ചു.
40: അങ്ങനെ ജോഷ്വ, രാജ്യംമുഴുവനും മലമ്പ്രദേശങ്ങളും നെഗെബും താഴ്‌വരകളും കുന്നിന്‍ചെരുവുകളും അവയിലെ രാജാക്കന്മാരോടൊപ്പം കീഴടക്കി. ഒന്നൊഴിയാതെ എല്ലാ ജീവികളെയും ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ കല്പനയനുസരിച്ചു നശിപ്പിച്ചു.
41: കാദെഷ്ബര്‍ണിയാ മുതല്‍ ഗാസാവരെയും ഗോഷന്‍മുതല്‍ ഗിബയോന്‍വരെയും ജോഷ്വ പിടിച്ചടക്കി.
42: ഈ രാജാക്കന്മാരെയും അവരുടെ ദേശങ്ങളെയും ഒറ്റപ്പടയോട്ടത്തില്‍ പിടിച്ചെടുത്തു. എന്തെന്നാല്‍, ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവ്, അവര്‍ക്കുവേണ്ടി യുദ്ധംചെയ്തു.
43: അതിനുശേഷം ജോഷ്വയും ഇസ്രായേല്‍ജനവും ഗില്‍ഗാലില്‍, തങ്ങളുടെ പാളയത്തിലേക്കു തിരിച്ചുപോന്നു.

അദ്ധ്യായം 11

യാബീനും സഖ്യകക്ഷികളും

1: ഹാസോര്‍രാജാവായ യാബീന്‍ ഇതുകേട്ടപ്പോള്‍, മാദോന്‍രാജാവായ യോബാബിനും ഷിമ്രോണിലെയും അക്ഷാഫിലെയും രാജാക്കന്മാര്‍ക്കും
2: വടക്കു മലമ്പ്രദേശത്തും താഴ്‌വരയില്‍ കിന്നരോത്തിനു സമീപം അരാബായിലും പടിഞ്ഞാറ് നഫത്‌ദോറിലുമുള്ള രാജാക്കന്മാര്‍ക്കും
3: കിഴക്കുപടിഞ്ഞാറ് കാനാന്യര്‍ക്കും, മലമ്പ്രദേശത്തുള്ള അമോര്യര്‍, ഹിത്യര്‍, പെരീസ്യര്‍, ജബൂസ്യര്‍ എന്നിവര്‍ക്കും മിസ്പാദേശത്ത് ഹെര്‍മോണ്‍താഴ്‌വരയില്‍ വസിച്ചിരുന്ന ഹിവ്യര്‍ക്കും ആളയച്ചു.
4: അവര്‍ സമുദ്രതീരത്തെ മണല്‍ത്തരിപോലെ, എണ്ണമറ്റ സൈന്യത്തോടും വളരെയധികം കുതിരകളോടും രഥങ്ങളോടുംകൂടെ പുറപ്പെട്ടു.
5: ഈ രാജാക്കന്മാര്‍ സൈന്യസമേതം ഇസ്രായേലിനോടു പടവെട്ടുന്നതിന് ഒരുമിച്ചുകൂടി മെറോംനദീതീരത്തു താവളമടിച്ചു.
6: കര്‍ത്താവു ജോഷ്വായോടരുളിച്ചെയ്തു: അവരെ ഭയപ്പെടേണ്ടാ. നാളെ ഈ സമയത്ത്, അവരെ ഇസ്രായേലിൻ്റെമുമ്പില്‍ ഞാന്‍ കൊന്നുനിരത്തും. നിങ്ങളവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടുകയും അവരുടെ രഥങ്ങള്‍ കത്തിക്കുകയുംചെയ്യണം.
7: ഉടനെ ജോഷ്വ യോദ്ധാക്കളുമൊന്നിച്ച്, മെറോംനദീതീരത്തുവന്ന് അവരെയാക്രമിച്ചു.
8: കര്‍ത്താവവരെ ഇസ്രായേലിൻ്റെ കൈകളിലേല്പിച്ചു. ഇസ്രായേല്‍ക്കാര്‍ അവരെ വധിക്കുകയും മഹാസിദോന്‍വരെയും മിസ്‌റെഫോത്ത്മയിംവരെയും കിഴക്കോട്ടു മിസ്പാതാഴ്‌വരവരെയും ഓടിക്കുകയുംചെയ്തു. ഒന്നൊഴിയാതെ എല്ലാവരെയും ഉന്മൂലനംചെയ്തു.
9: കര്‍ത്താവു കല്പിച്ചിരുന്നതുപോലെ, ജോഷ്വ അവരോടു പ്രവര്‍ത്തിച്ചു; കുതിരകളുടെ കുതിഞരമ്പു വെട്ടുകയും രഥങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.
10: ജോഷ്വ തിരിച്ചുചെന്ന്, ഹാസോറിനെ കീഴടക്കി. അവിടത്തെ രാജാവിനെ വാളിനിരയാക്കി. ഹാസോര്‍ പണ്ട്, ആ രാജ്യങ്ങള്‍ക്കിടയില്‍ പ്രബലസ്ഥാനം വഹിച്ചിരുന്നു.
11: ജോഷ്വ അവിടെയുണ്ടായിരുന്ന സകലരെയും വാളിനിരയാക്കി നിശ്ശേഷം നശിപ്പിച്ചു. ജീവനുള്ളതൊന്നും അവശേഷിക്കാത്തവിധം ഹാസോറിനെ അഗ്നിക്കിരയാക്കി.
12: കര്‍ത്താവ് തൻ്റെ ദാസനായ മോശയോടു കല്പിച്ചിരുന്നതുപോലെ ജോഷ്വ ആ രാജാക്കന്മാരെയും അവരുടെ പട്ടണങ്ങളെയും ആക്രമിച്ച് വാളിനിരയാക്കി ഉന്മൂലനം ചെയ്തു.
13: എന്നാല്‍, ഉയരത്തില്‍പ്പണിത പട്ടണങ്ങളില്‍ ജോഷ്വ നശിപ്പിച്ച ഹാസോറൊഴികെ ഒന്നും ഇസ്രായേല്‍ക്കാര്‍ അഗ്നിക്കിരയാക്കിയില്ല.
14: ഈ പട്ടണങ്ങളില്‍നിന്നു കൊള്ളവസ്തുക്കളും കന്നുകാലികളും അവര്‍ എടുത്തു. ആരും ജീവനോടെ അവശേഷിക്കാത്തവിധം ഒന്നൊഴിയാതെ എല്ലാവരെയും അവര്‍ വാളിനിരയാക്കി.
15: കര്‍ത്താവ് തൻ്റെ ദാസനായ മോശയോടു കല്പിച്ചതുപോലെ മോശയും ജോഷ്വയോടു കല്പിച്ചു. ജോഷ്വ അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു. കര്‍ത്താവു മോശയോടു കല്പിച്ചതൊന്നും ജോഷ്വ ചെയ്യാതിരുന്നില്ല.
16: ഇപ്രകാരം ജോഷ്വ, നാടുമുഴുവന്‍ - മലമ്പ്രദേശവും നെഗെബു മുഴുവനും ഗോഷെന്‍ദേശമൊക്കെയും സമതലങ്ങളും അരാബായും ഇസ്രായേലിലെ മലമ്പ്രദേശവും അതിൻ്റെ താഴ്‌വരയും -
17: സെയീര്‍വ്വരെ ഉയര്‍ന്നുനില്‍ക്കുന്ന ഹാലാക്മലയും ഹെര്‍മോണ്‍ മലയ്ക്കു താഴെ ബാല്‍ഗാദ്‌വരെ കിടക്കുന്ന ലബനോന്‍ താഴ്‌വരയും പിടിച്ചെടുത്തു. അവിടത്തെ രാജാക്കന്മാരെയെല്ലാം അവന്‍ വധിച്ചു.
18: ജോഷ്വ വളരെനാള്‍ ആ രാജാക്കന്മാരോടു യുദ്ധംചെയ്തു.
19: ഗിബയോന്‍നിവാസികളായ ഹിവ്യരൊഴികെ ഇസ്രായേല്‍ജനവുമായി വേറെയാരും സമാധാനസന്ധിയുണ്ടാക്കിയിരുന്നില്ല. മറ്റു പട്ടണങ്ങള്‍ അവര്‍ യുദ്ധത്തില്‍ പിടിച്ചടക്കി.
20: എന്തെന്നാല്‍, കര്‍ത്താവു മോശയോടു കല്പിച്ചിരുന്നതുപോലെ അവര്‍ കഠിനഹൃദയരാകണമെന്നും ഇസ്രായേലിനെതിരേ യുദ്ധംചെയ്ത്, പരിപൂര്‍ണ്ണമായി നശിക്കണമെന്നും നിഷ്‌കരുണം നിര്‍മൂലമാക്കപ്പെടണമെന്നും കര്‍ത്താവു നിശ്ചയിച്ചിരുന്നു.
21: ഇക്കാലത്തു ജോഷ്വ മലമ്പ്രദേശത്തു - ഹെബ്രോണ്‍, ദബീര്‍, അനാബ് എന്നിവിടങ്ങളിലും യൂദായിലെയും ഇസ്രായേലിലെയും മലമ്പ്രദേശങ്ങളിലും - വസിച്ചിരുന്ന അനാക്കിമുകളെയും അവരുടെ പട്ടണങ്ങളെയും നിശ്ശേഷം നശിപ്പിച്ചു.
22: ഇസ്രായേല്‍ക്കാരുടെ രാജ്യത്ത് അനാക്കിമുകളില്‍ ആരുമവശേഷിച്ചില്ല. ഗാസായിലും ഗത്തിലും അഷ്‌ദോദിലുംമാത്രം ഏതാനുംപേരവശേഷിച്ചു.
23: അങ്ങനെ കര്‍ത്താവു മോശയോടു പറഞ്ഞതുപോലെ ആ ദേശമെല്ലാം ജോഷ്വ പിടിച്ചെടുത്തു. ഇസ്രായേല്‍ക്കാര്‍ക്ക് ഗോത്രമനുസരിച്ചു ജോഷ്വ അത് അവകാശമായി നല്കി. അങ്ങനെ ആ നാടിനു യുദ്ധത്തില്‍നിന്ന് ആശ്വാസംലഭിച്ചു.

അമ്പത്തിയെട്ടാം ദിവസം: ജോഷ്വാ 5 - 8


അദ്ധ്യായം 5

ഇസ്രായേല്‍ ഗില്‍ഗാലില്‍

1: ഇസ്രായേല്‍ജനത്തിന് അക്കരെ കടക്കാന്‍വേണ്ടി, കര്‍ത്താവു ജോര്‍ദ്ദാനിലെ ജലം വറ്റിച്ചുകളഞ്ഞെന്നുകേട്ടപ്പോള്‍ അതിൻ്റെ പടിഞ്ഞാറെക്കരയിലുള്ള അമോര്യരാജാക്കന്മാരും സമുദ്രതീരത്തുള്ള കാനാന്യരാജാക്കന്മാരും അവരെ ഭയപ്പെട്ടു ചഞ്ചലചിത്തരായി.
2: അപ്പോള്‍ കര്‍ത്താവു ജോഷ്വയോടു കല്പിച്ചു: കല്‍ക്കത്തിയുണ്ടാക്കി ഇസ്രായേല്‍ജനത്തെ പരിച്ഛേദനംചെയ്യുക.
3: ജോഷ്വ ഗിബെയാത്ത്-ഹാരലോത്തില്‍, കല്‍ക്കത്തികൊണ്ട് ഇസ്രായേല്‍മക്കളെ പരിച്ഛേദനംചെയ്തു.
4: അവരെ പരിച്ഛേദനംചെയ്യാന്‍ കാരണമിതാണ്: ഈജിപ്തില്‍നിന്നു പുറപ്പെട്ടപ്പോള്‍ യുദ്ധംചെയ്യാന്‍പ്രായമായിരുന്ന പുരുഷന്മാര്‍, മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടയില്‍ മരിച്ചുപോയി.
5: ഈജിപ്തില്‍നിന്നു പുറപ്പെട്ടവരെല്ലാം പരിച്ഛേദിതരായിരുന്നെങ്കിലും യാത്രാമദ്ധ്യേ ജനിച്ചവര്‍ പരിച്ഛേദിതരായിരുന്നില്ല.
6: ഇസ്രായേല്‍ജനം, നാല്പതു സംവത്സരം മരുഭൂമിയിലൂടെ നടന്നു. ഈജിപ്തില്‍നിന്നു പുറപ്പെട്ട, യുദ്ധംചെയ്യാന്‍പ്രായമായ പുരുഷന്മാരെല്ലാം കര്‍ത്താവിൻ്റെ വാക്കു കേള്‍ക്കാഞ്ഞതുകൊണ്ടു മരിച്ചുപോയി; അവര്‍ക്കു നല്കുമെന്ന്, പിതാക്കന്മാരോടു വാഗ്ദാനംചെയ്ത, തേനും പാലുമൊഴുകുന്ന ദേശം, അവരെക്കാണിക്കുകയില്ലെന്നു കര്‍ത്താവു ശപഥംചെയ്തിരുന്നു.
7: അവര്‍ക്കു പകരം അവകാശികളായുയര്‍ത്തിയ മക്കളെയാണ്, ജോഷ്വ പരിച്ഛേദനം ചെയ്യിച്ചത്; യാത്രാമദ്ധ്യേ, പരിച്ഛേദനകര്‍മ്മംനടന്നിരുന്നില്ല.
8: പരിച്ഛേദനംകഴിഞ്ഞവര്‍ സൗഖ്യംപ്രാപിക്കുന്നതുവരെ അവര്‍ പാളയത്തില്‍ത്തന്നെ താമസിച്ചു.
9: അപ്പോള്‍ കര്‍ത്താവു ജോഷ്വയോടരുളിച്ചെയ്തു: ഈജിപ്തിൻ്റെ അപകീര്‍ത്തി ഇന്നു നിങ്ങളില്‍നിന്നു ഞാന്‍ നീക്കിക്കളഞ്ഞിരിക്കുന്നു. അതിനാല്‍, ആ സ്ഥലം ഗില്‍ഗാല്‍ എന്ന്, ഇപ്പോഴുമറിയപ്പെടുന്നു.
10: ഇസ്രായേല്‍ജനം ജറീക്കോസമതലത്തിലെ ഗില്‍ഗാലില്‍ താവളമടിച്ചു. ആ മാസം പതിനാലാം ദിവസം വൈകുന്നേരം അവരവിടെ പെസഹാ ആഘോഷിച്ചു.
11: പിറ്റേദിവസം അവര്‍ ആ ദേശത്തെ വിളവില്‍നിന്നുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും വറുത്ത ഗോതമ്പും ഭക്ഷിച്ചു.
12: പിറ്റേന്നുമുതല്‍ മന്നാ വര്‍ഷിക്കാതായി. ഇസ്രായേല്‍ജനത്തിനു പിന്നീടു മന്നാ ലഭിച്ചില്ല. അവര്‍ ആ വര്‍ഷംമുതല്‍, കാനാന്‍ദേശത്തെ ഫലങ്ങള്‍കൊണ്ട് ഉപജീവനംനടത്തി.

കര്‍ത്താവിൻ്റെ സൈന്യാധിപന്‍

13: ജറീക്കോയെ സമീപിച്ചപ്പോള്‍ ജോഷ്വ കണ്ണുകളുയര്‍ത്തി നോക്കി; അപ്പോള്‍, കൈയ്യില്‍ ഊരിയ വാളുമായി അതാ ഒരു മനുഷ്യന്‍. ജോഷ്വ അവൻ്റെയടുത്തുചെന്നു; നീ ഞങ്ങളുടെ പക്ഷത്തോ ശത്രുപക്ഷത്തോ എന്നു ചോദിച്ചു.
14: അവന്‍ പറഞ്ഞു: അല്ല, ഞാന്‍ കര്‍ത്താവിൻ്റെ സൈന്യാധിപനാണ്. ജോഷ്വ സാഷ്ടാംഗം പ്രണമിച്ച് അവനോടു ചോദിച്ചു: അങ്ങ് ഈ ദാസനോടു കല്പിക്കുന്നതെന്താണ്?
15: കര്‍ത്താവിൻ്റെ സൈന്യാധിപന്‍ പറഞ്ഞു: നിൻ്റെ പാദങ്ങളില്‍നിന്നു ചെരിപ്പഴിച്ചു മാറ്റുക. നീ നില്‍ക്കുന്ന ഈ സ്ഥലം വിശുദ്ധമാണ്. ജോഷ്വ അങ്ങനെ ചെയ്തു.

അദ്ധ്യായം 6


ജറീക്കോയുടെ പതനം

1: ഇസ്രായേല്‍ജനത്തെ ഭയന്നു ജറീക്കോപ്പട്ടണം അടച്ചുഭദ്രമാക്കിയിരുന്നു. ആരും പുറത്തേക്കുപോവുകയോ അകത്തേക്കു വരുകയോ ചെയ്തില്ല. 
2: കര്‍ത്താവു ജോഷ്വയോടരുളിച്ചെയ്തു: ഇതാ ഞാന്‍ ജറീക്കോപ്പട്ടണത്തെ അതിൻ്റെ രാജാവിനോടും യുദ്ധവീരന്മാരോടുംകൂടെ നിൻ്റെ കരങ്ങളിലേല്പിച്ചിരിക്കുന്നു. 
3: നിങ്ങളുടെ യോദ്ധാക്കള്‍ ദിവസത്തിലൊരിക്കല്‍ പട്ടണത്തിനുചുറ്റും നടക്കണം. ഇങ്ങനെ ആറു ദിവസം ചെയ്യണം. 
4: ഏഴു പുരോഹിതന്മാര്‍ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളവുംപിടിച്ചു വാഗ്ദാനപേടകത്തിൻ്റെ മുമ്പിലൂടെ നടക്കണം. ഏഴാംദിവസം പുരോഹിതന്മാര്‍ കാഹളം മുഴക്കുകയും നിങ്ങള്‍ പട്ടണത്തിനുചുറ്റും ഏഴുപ്രാവശ്യം നടക്കുകയുംവേണം. 
5: അവര്‍ കാഹളംമുഴക്കുന്നതു കേള്‍ക്കുമ്പോള്‍ നിങ്ങളാര്‍ത്തട്ടഹസിക്കണം. അപ്പോള്‍ പട്ടണത്തിൻ്റെ മതില്‍ നിലംപതിക്കും. നിങ്ങള്‍, നേരേ ഇരച്ചുകയറുക. 
6: നൂനിൻ്റെ മകനായ ജോഷ്വ പുരോഹിതന്മാരെ വിളിച്ചു പറഞ്ഞു: വാഗ്ദാനപേടകമെടുക്കുക. ഏഴു പുരോഹിതന്മാര്‍ കര്‍ത്താവിൻ്റെ പേടകത്തിൻ്റെമുമ്പില്‍ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടുനില്‍ക്കട്ടെ. 
7: അവന്‍ ജനത്തോടു പറഞ്ഞു: മുന്നോട്ടുപോകുവിന്‍; പട്ടണത്തിനുചുറ്റും നടക്കുവിന്‍; ആയുധധാരികള്‍ കര്‍ത്താവിൻ്റെ പേടകത്തിനു മുമ്പില്‍ നടക്കട്ടെ. 
8: ജോഷ്വ കല്പിച്ചതുപോലെ ഏഴുപുരോഹിതന്മാര്‍, ആട്ടിന്‍കൊമ്പുകൊണ്ടുള്ള കാഹളംമുഴക്കിക്കൊണ്ടു കര്‍ത്താവിൻ്റെ മുമ്പില്‍ നടന്നു. കര്‍ത്താവിൻ്റെ വാഗ്ദാനപേടകം അവര്‍ക്കു പിന്നാലെയുണ്ടായിരുന്നു. 
9: ആയുധധാരികള്‍, കാഹളംമുഴക്കുന്ന പുരോഹിതരുടെമുമ്പിലും ബാക്കിയുള്ളവര്‍ വാഗ്ദാനപേടകത്തിൻ്റെ പിന്നിലും നടന്നു. കാഹളധ്വനി സദാ മുഴങ്ങിക്കൊണ്ടിരുന്നു. 
10: കല്പന കിട്ടുന്നതുവരെ അട്ടഹസിക്കുകയോ ശബ്ദിക്കുകയോ അരുതെന്നും കല്പിക്കുമ്പോള്‍ അട്ടഹസിക്കണമെന്നും ജോഷ്വ ജനത്തോടു പറഞ്ഞു. 
11: അങ്ങനെ കര്‍ത്താവിൻ്റെ പേടകം പട്ടണത്തിന്, ഒരു പ്രാവശ്യം പ്രദക്ഷിണം വച്ചു. അവര്‍ പാളയത്തിലേക്കു മടങ്ങി, രാത്രികഴിച്ചു. 
12: പിറ്റേദിവസം അതിരാവിലെ ജോഷ്വയുണര്‍ന്നു; പുരോഹിതന്മാര്‍ കര്‍ത്താവിൻ്റെ പേടകമെടുത്തു. 
13: ഏഴു പുരോഹിതന്മാര്‍ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളങ്ങള്‍ സദാ മുഴക്കിക്കൊണ്ടു കര്‍ത്താവിൻ്റെ പേടകത്തിനുമുമ്പേ നടന്നു. ആയുധധാരികള്‍ അവര്‍ക്കു മുമ്പേയും ബാക്കിയുള്ളവര്‍ വാഗ്ദാനപേടകത്തിൻ്റെ പിമ്പേയും നടന്നു. കാഹളധ്വനി സദാ മുഴങ്ങിക്കൊണ്ടിരുന്നു. 
14: രണ്ടാം ദിവസവും അവര്‍ പട്ടണത്തിനു പ്രദക്ഷിണംവയ്ക്കുകയും പാളയത്തിലേക്കു മടങ്ങുകയുംചെയ്തു. ആറുദിവസം ഇങ്ങനെ ചെയ്തു. 
15: ഏഴാംദിവസം അതിരാവിലെയുണര്‍ന്ന്, ആദ്യത്തേതുപോലെ ഏഴുപ്രാവശ്യം അവര്‍ പ്രദക്ഷിണംവച്ചു. അന്നുമാത്രമേ ഏഴുപ്രാവശ്യം പ്രദക്ഷിണംവച്ചുള്ളു. 
16: ഏഴാംപ്രാവശ്യം പുരോഹിതന്മാര്‍ കാഹളംമുഴക്കിയപ്പോള്‍ ജോഷ്വ ജനത്തോടു പറഞ്ഞു: അട്ടഹസിക്കുവിന്‍. ഈ പട്ടണം കര്‍ത്താവു നിങ്ങള്‍ക്കു നല്കിയിരിക്കുന്നു. 
17: പട്ടണവും അതിലുള്ള സമസ്തവും കര്‍ത്താവിനു കാഴ്ചയായി നശിപ്പിക്കപ്പെടേണ്ടതാണ്. നമ്മുടെ ദൂതന്മാരെ ഒളിപ്പിച്ചതിനാല്‍ വേശ്യയായ റാഹാബും അവളുടെ കുടുംബത്തിലുള്ളവരും ജീവനോടെയിരിക്കട്ടെ. 
18: നശിപ്പിക്കേണ്ട ഈ പട്ടണത്തില്‍നിന്നു നിങ്ങള്‍ ഒന്നുമെടുക്കരുത്; അങ്ങനെചെയ്താല്‍ ഇസ്രായേല്‍പാളയത്തിനു നാശവുമനര്‍ത്ഥവും സംഭവിക്കും. 
19: എന്നാല്‍, വെള്ളിയും സ്വര്‍ണ്ണവും പിച്ചളയും ഇരുമ്പുംകൊണ്ടു നിര്‍മ്മിതമായ പാത്രങ്ങള്‍ കര്‍ത്താവിനു വിശുദ്ധമാണ്; അവ കര്‍ത്താവിൻ്റെ ഭണ്ഡാരത്തില്‍ നിക്ഷേപിക്കണം. 
20: കാഹളം മുഴങ്ങി. കാഹളധ്വനികേട്ടപ്പോള്‍ ജനം ആര്‍ത്തട്ടഹസിക്കുകയും മതില്‍ നിലംപതിക്കുകയും ചെയ്തു. അവരിരച്ചുകയറി പട്ടണം പിടിച്ചെടുത്തു. 
21: അതിലുള്ള സമസ്തവും അവര്‍ നിശ്ശേഷം നശിപ്പിച്ചു. പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും ആടുമാടുകളെയും കഴുതകളെയും അവര്‍ വാളിനിരയാക്കി. 
22: ദേശനിരീക്ഷണത്തിനുപോയ ഇരുവരോടും ജോഷ്വ പറഞ്ഞു: നിങ്ങള്‍ ആ വേശ്യയുടെ വീട്ടില്‍ച്ചെന്ന് അവളോടു സത്യംചെയ്തിരുന്നതുപോലെ അവളെയും കുടുംബാംഗങ്ങളെയും പുറത്തുകൊണ്ടുവരുവിന്‍. 
23: ആ യുവാക്കള്‍ അവിടെച്ചെന്ന്, റാഹാബിനെയും അവളുടെ മാതാപിതാക്കളെയും സഹോദരരെയും ബന്ധുജനങ്ങളെയും കൊണ്ടുവന്ന് ഇസ്രായേല്‍പ്പാളയത്തിനു പുറത്തു താമസിപ്പിച്ചു. 
24: പിന്നീടവര്‍ ആ പട്ടണവും അതിലുള്ള സമസ്തവും അഗ്നിക്കിരയാക്കി. പിച്ചളയും ഇരുമ്പുംകൊണ്ടുണ്ടാക്കിയ പാത്രങ്ങളും സ്വര്‍ണ്ണവും വെള്ളിയും അവര്‍ കര്‍ത്താവിൻ്റെ ഭണ്ഡാഗരത്തില്‍ നിക്ഷേപിച്ചു. 
25: വേശ്യയായ റാഹാബിനെയും അവളുടെ പിതൃഭവനത്തെയും വസ്തുവകകളെയും ജോഷ്വ സംരക്ഷിച്ചു. എന്തെന്നാല്‍, ജറീക്കോ നിരീക്ഷിക്കുന്നതിനു ജോഷ്വയയച്ച ദൂതന്മാരെ അവളൊളിപ്പിച്ചു. അവളുടെ കുടുംബം ഇസ്രായേലില്‍ ഇന്നുമുണ്ട്. 
26: ജോഷ്വ അന്ന്, അവരോടു ശപഥംചെയ്തുപറഞ്ഞു: ജറീക്കോ പുതുക്കിപ്പണിയാന്‍ തുനിയുന്നവന്‍ ശപ്തന്‍. അതിൻ്റെ അടിസ്ഥാനമിടാന്‍ ഒരുമ്പെടുന്നവന് അവൻ്റെ മൂത്തമകനും, കവാടങ്ങള്‍ നിര്‍മ്മിക്കാന്‍ പരിശ്രമിക്കുന്നവന് അവൻ്റെ ഇളയമകനും നഷ്ടപ്പെടും. 
27: കര്‍ത്താവു ജോഷ്വയോടുകൂടെയുണ്ടായിരുന്നു. അവൻ്റെ കീര്‍ത്തി നാട്ടിലെങ്ങും വ്യാപിച്ചു.


അദ്ധ്യായം 7

ആഖാൻ്റെ പാപം

1: തനിക്കു ബലിയായി ദഹിപ്പിക്കേണ്ട ജറീക്കോയില്‍നിന്ന്, ഒന്നുമെടുക്കരുതെന്നു കര്‍ത്താവുനല്കിയ കല്പന ഇസ്രായേല്‍ജനം ലംഘിച്ചു. യൂദാഗോത്രത്തില്‍പ്പെട്ട സേരായുടെ മകന്‍ സബ്ദിയുടെ പൗത്രനും കാര്‍മ്മിയുടെ പുത്രനുമായ ആഖാന്‍, നിഷിദ്ധവസ്തുക്കളില്‍ ചിലതെടുത്തു. തന്മൂലം കര്‍ത്താവിൻ്റെ കോപം ഇസ്രായേല്‍ജനത്തിനെതിരേ ജ്വലിച്ചു.
2: ബഥേലിനു കിഴക്ക്, ബേഥാവനു സമീപത്തുള്ള ആയ്‌പട്ടണത്തിലേക്കു ജറീക്കോയില്‍നിന്ന് ജോഷ്വ ആളുകളെയയച്ചു പറഞ്ഞു: നിങ്ങള്‍പോയി അവിടം രഹസ്യമായി നിരീക്ഷിക്കുവിന്‍.
3: അവരങ്ങനെ ചെയ്തു. അവര്‍ തിരികെവന്നു ജോഷ്വയോടു പറഞ്ഞു. എല്ലാവരും അങ്ങോട്ടു പോകേണ്ടതില്ല; രണ്ടായിരമോ മൂവായിരമോപേര്‍ പോയി, ആയിയെ ആക്രമിക്കട്ടെ. എല്ലാവരും പോയി ബുദ്ധിമുട്ടേണ്ടതില്ല; കാരണം, അവര്‍ കുറച്ചുപേര്‍മാത്രമേയുള്ളു.
4: അങ്ങനെ അവരില്‍നിന്ന്, ഏകദേശം മൂവായിരംപേര്‍ പോയി; എന്നാല്‍ അവര്‍ ആയ്‌പട്ടണക്കാരുടെമുമ്പില്‍ തോറ്റോടി. 
5: ആയ്‌നിവാസികള്‍ മുപ്പത്താറോളംപേരെ വധിച്ചു. അവര്‍ അവരെ നഗരകവാടം മുതല്‍ ഷബാറിംവരെ പിന്തുടരുകയും താഴോട്ടിറങ്ങുമ്പോള്‍ വധിക്കുകയും ചെയ്തു.
6: ജനം ചകിതരായി. ജോഷ്വ വസ്ത്രംകീറി. അവനും ഇസ്രായേലിലെ ശ്രേഷ്ഠന്മാരും ശിരസ്സില്‍ പൊടിവാരിയിട്ടു സായാഹ്നംവരെ കര്‍ത്താവിൻ്റെ വാഗ്ദാനപേടകത്തിനുമുമ്പില്‍ സാഷ്ടാംഗം വീണുകിടന്നു.
7: ജോഷ്വ പ്രാര്‍ത്ഥിച്ചു: ദൈവമായ കര്‍ത്താവേ, അമോര്യരുടെ കരങ്ങളിലേല്പിച്ചു നശിപ്പിക്കുന്നതിന്, അങ്ങ് ഈ ജനത്തെയെന്തിനു ജോര്‍ദ്ദാനിക്കരെ കൊണ്ടുവന്നു? അക്കരെത്താമസിച്ചാല്‍ മതിയായിരുന്നു.
8: കര്‍ത്താവേ, ഇസ്രായേല്‍ക്കാര്‍ ശത്രുക്കളോടു തോറ്റുപിന്‍വാങ്ങിയ ഈയവസരത്തില്‍ ഞാനെന്തുപറയേണ്ടു? 
9: കാനാന്യരും അവിടെയുള്ള മറ്റുള്ളവരും ഇതു കേള്‍ക്കും. അവര്‍ ഞങ്ങളെ വളയുകയും ഞങ്ങളുടെ നാമം ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുകയുംചെയ്യുമ്പോള്‍ അങ്ങയുടെ നാമത്തിൻ്റെ മഹത്വംകാക്കാന്‍ എന്തുചെയ്യും?
10: കര്‍ത്താവു ജോഷ്വയോടരുളിച്ചെയ്തു: എഴുന്നേല്‍ക്കുക; നീയെന്തിനിങ്ങനെ സാഷ്ടാംഗം വീണുകിടക്കുന്നു?
11: ഇസ്രായേല്‍ പാപംചെയ്തിരിക്കുന്നു; എൻ്റെ കല്പന അവര്‍ ലംഘിച്ചു. നിഷിദ്ധവസ്തുക്കളില്‍ച്ചിലത്, അവര്‍ കൈവശപ്പെടുത്തി. അവ തങ്ങളുടെ സാമാനങ്ങളോടുകൂടെവച്ചിട്ടു വ്യാജം പറയുകയുംചെയ്തിരിക്കുന്നു.
12: അതിനാല്‍, ഇസ്രായേല്‍ജനത്തിനു ശത്രുക്കളെ ചെറുത്തുനില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെമുമ്പില്‍ തോറ്റു പിന്മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ളൊരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങളെടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍, ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല.
13: നീയെഴുന്നേറ്റു ജനത്തെ ശുദ്ധീകരിക്കുക. നാളത്തേക്കു തങ്ങളെത്തന്നെ ശുദ്ധീകരിക്കാന്‍ അവരോടു പറയുക. ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേലേ, നിഷിദ്ധവസ്തുക്കള്‍ നിങ്ങളുടെയിടയിലുണ്ട്. അത് എടുത്തുമാറ്റുന്നതുവരെ നിങ്ങളുടെ ശത്രുക്കളെനേരിടാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല.
14: പ്രഭാതത്തില്‍ ഗോത്രംഗോത്രമായി നിങ്ങള്‍ വരണം. കര്‍ത്താവു ചൂണ്ടിക്കാണിക്കുന്ന ഗോത്രം ഓരോ കുലമായും, കുലം കുടുംബക്രമത്തിലും അടുത്തുവരണം. കര്‍ത്താവു വീണ്ടും ചൂണ്ടിക്കാണിക്കുന്ന കുടുംബത്തില്‍നിന്ന്, ഓരോരുത്തരായി മുന്നോട്ടുവരണം.
15: നിഷിദ്ധവസ്തുക്കളോടുകൂടെ പിടിക്കപ്പെടുന്നവനെ, അവൻ്റെ സകലവസ്തുക്കളോടുംകൂടെ അഗ്നിക്കിരയാക്കണം. എന്തെന്നാല്‍, അവന്‍ കര്‍ത്താവിൻ്റെ ഉടമ്പടി ലംഘിച്ച്, ഇസ്രായേലില്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചിരിക്കുന്നു.
16: ജോഷ്വ അതിരാവിലെയെഴുന്നേറ്റ്, ഇസ്രായേലിനെ ഗോത്രമുറയ്ക്കു വരുത്തി. അതില്‍നിന്നു യൂദാഗോത്രത്തെ മാറ്റിനിര്‍ത്തി.
17: അവനു യൂദായുടെ കുലങ്ങളെ വരുത്തി അതില്‍നിന്നു സേരാകുലത്തെ മാറ്റിനിര്‍ത്തി. പിന്നീട് അവന്‍ സേരാകുലത്തിലെ ഓരോ കുടുംബത്തെയും വരുത്തി, അതില്‍നിന്നു സബ്ദികുടുംബത്തെ വേര്‍തിരിച്ചു.
18: വീണ്ടും സബ്ദികുടുംബത്തില്‍നിന്ന് ഓരോരുത്തരെയും വരുത്തി. യൂദാഗോത്രത്തിലെ സേരായുടെ മകന്‍ സബ്ദിയുടെ പൗത്രനും കാര്‍മ്മിയുടെ പുത്രനുമായ ആഖാനെ മാറ്റിനിറുത്തി. ജോഷ്വ ആഖാനോടു പറഞ്ഞു:
19: എൻ്റെ മകനേ, ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിനെ മഹത്വപ്പെടുത്തി അവിടുത്തെ സ്തുതിക്കുക. നീ എന്തുചെയ്‌തെന്ന് എന്നോടുപറയുക. എന്നില്‍നിന്ന് ഒന്നും മറച്ചുവയ്ക്കരുത്.
20: ആഖാന്‍ മറുപടി പറഞ്ഞു: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിനെതിരേ ഞാന്‍ പാപംചെയ്തിരിക്കുന്നു. ഞാന്‍ ചെയ്തതിതാണ്:
21: കൊള്ളവസ്തുക്കളുടെകൂടെ ഷീനാറില്‍നിന്നുള്ള അതിവിശിഷ്ടമായൊരു മേലങ്കിയും ഇരുനൂറുഷെക്കല്‍ വെള്ളിയും അമ്പതുഷെക്കല്‍ തൂക്കമുള്ളൊരു സ്വര്‍ണ്ണക്കട്ടിയും ഞാന്‍ കണ്ടു. മോഹംതോന്നി ഞാനവയെടുത്തു. വെള്ളി ഏറ്റവുമടിയിലായി, അവയെല്ലാം എൻ്റെ കൂടാരത്തിനുള്ളില്‍ കുഴിച്ചിടുകയുംചെയ്തു. 
22: ഉടനെ ജോഷ്വ, ദൂതന്മാരെയയച്ചു: അവര്‍ കൂടാരത്തിലേക്കോടി. വെള്ളി ഏറ്റവുമടിയിലായി, അവയെല്ലാമൊളിച്ചുവച്ചിരിക്കുന്നത് അവര്‍ കണ്ടു.
23: അവര്‍ കൂടാരത്തില്‍നിന്നവയെടുത്ത്, ജോഷ്വയുടെയും ഇസ്രായേല്‍ജനത്തിൻ്റെയും മുമ്പാകെ കൊണ്ടുവന്നു; അവരതു കര്‍ത്താവിൻ്റെ മുമ്പില്‍ നിരത്തിവച്ചു.
24: ജോഷ്വയും ഇസ്രായേല്‍ജനവും സേരായുടെ മകനായ ആഖാനെയും അവൻ്റെ പുത്രീപുത്രന്മാരെയും വെള്ളി, മേലങ്കി, സ്വര്‍ണ്ണക്കട്ടി എന്നിവയും, കാള, കഴുത, ആട്, കൂടാരം എന്നിങ്ങനെ അവനുള്ള സമസ്തവസ്തുക്കളെയും ആഖോര്‍താഴ്‌വരയിലേക്കു കൊണ്ടുപോയി.
25: അവിടെയെത്തിയപ്പോള്‍ ജോഷ്വ പറഞ്ഞു: നീയെന്തുകൊണ്ടാണ്, ഞങ്ങളുടെമേല്‍ കഷ്ടതകള്‍വരുത്തിവച്ചത്? നിൻ്റെമേലും ഇന്നു കര്‍ത്താവു കഷ്ടതകള്‍ വരുത്തും. അപ്പോള്‍ ഇസ്രായേല്‍ജനം അവനെയും കുടുംബത്തെയും കല്ലെറിഞ്ഞു; വസ്തുവകകള്‍ അഗ്നിക്കിരയാക്കി.
26: അവരവൻ്റെമേല്‍, ഒരു വലിയ കല്‍ക്കൂമ്പാരമുണ്ടാക്കി. അതിന്നുമവിടെയുണ്ട്. അങ്ങനെ കര്‍ത്താവിൻ്റെ ഉജ്ജ്വലകോപം ശമിച്ചു. ഇന്നും ആ സ്ഥലം ആഖോറിൻ്റെ താഴ്‌വര എന്നറിയപ്പെടുന്നു.

അദ്ധ്യായം 8

ആയ്‌പട്ടണം നശിപ്പിക്കുന്നു

1: കര്‍ത്താവു ജോഷ്വയോടരുളിച്ചെയ്തു: എല്ലാ യോദ്ധാക്കളെയുംകൂട്ടി ആയിയിലേക്കു പോവുക. ഭയമോ പരിഭ്രമമോ വേണ്ടാ. ഇതാ, ഞാന്‍ അവിടത്തെ രാജാവിനെയും പ്രജകളെയും പട്ടണത്തെയും രാജ്യത്തെയും നിൻ്റെ കൈകളിലേല്പിച്ചിരിക്കുന്നു.
2: ജറീക്കോയോടും അവിടത്തെ രാജാവിനോടും നീ പ്രവര്‍ത്തിച്ചതുപോലെ ആയിയോടും അവിടത്തെ രാജാവിനോടും പ്രവര്‍ത്തിക്കുക. എന്നാല്‍, കന്നുകാലികളെയും കൊള്ളവസ്തുക്കളെയും നിങ്ങള്‍ക്കെടുക്കാം. പട്ടണത്തെ ആക്രമിക്കുന്നതിന്, അതിനുപിന്നില്‍ പതിയിരിക്കണം.
3: ജോഷ്വയും യോദ്ധാക്കളും ആയ്‌പട്ടണത്തിലേക്കു പുറപ്പെട്ടു. ജോഷ്വ ധീരപരാക്രമികളായ മുപ്പതിനായിരംപേരെ തിരഞ്ഞെടുത്തു രാത്രിയില്‍ത്തന്നെ അയച്ചു.
4: അവന്‍ അവരോടാജ്ഞാപിച്ചു: പട്ടണത്തെ ആക്രമിക്കുന്നതിനു നിങ്ങള്‍ അതിനു പിന്നില്‍ ഒളിച്ചിരിക്കണം. വളരെയകലെപ്പോകരുത്. സദാ ജാഗരൂകരായിരിക്കുകയുംവേണം. 
5: ഞാനും കൂടെയുള്ളവരും പട്ടണത്തെ സമീപിക്കും. അവര്‍ ഞങ്ങള്‍ക്കെതിരേ വരുമ്പോള്‍ മുമ്പിലത്തെപ്പോലെ ഞങ്ങള്‍ പിന്തിരിഞ്ഞോടും.
6: പട്ടണത്തില്‍നിന്നു വളരെയകലെയെത്തുന്നതുവരെ അവര്‍ ഞങ്ങളെ പിന്തുടരും. അപ്പോളവര്‍ പറയും ഇതാ, അവര്‍ മുമ്പിലത്തെപ്പോലെ പരാജിതരായി ഓടുന്നു. ഞങ്ങളങ്ങനെ ഓടും.
7: അപ്പോള്‍ നിങ്ങള്‍ പുറത്തുവന്ന്, പട്ടണം പിടിച്ചടക്കണം. നിങ്ങളുടെ ദൈവമായ കര്‍ത്താവ്, അതു നിങ്ങളുടെ കൈകളിലേല്പിച്ചുതരും.
8: കര്‍ത്താവു കല്പിച്ചതുപോലെ പട്ടണം പിടിച്ചടക്കിയതിനുശേഷം അതഗ്നിക്കിരയാക്കണം. ഞാന്‍ നിങ്ങളോടു കല്പിക്കുന്നു.
9: ജോഷ്വ അവരെ യാത്രയാക്കി. അവര്‍ പോയി, ആയ്‌പട്ടണത്തിനു പടിഞ്ഞാറ്, ആ പട്ടണത്തിനും ബഥേലിനുംമദ്ധ്യേ ഒളിച്ചിരുന്നു. ജോഷ്വ ആ രാത്രിയില്‍ ജനത്തോടുകൂടെത്താമസിച്ചു.
10: അവന്‍ അതിരാവിലെയെഴുന്നേറ്റു യോദ്ധാക്കളെ വിളിച്ചുകൂട്ടി. ഇസ്രായേലിലെ ശ്രേഷ്ഠന്മാരോടുകൂടെ, ജനത്തെ ആയ്‌പട്ടണത്തിലേക്കു നയിച്ചു.
11: അവനും കൂടെയുണ്ടായിരുന്ന യോദ്ധാക്കളും പട്ടണത്തിൻ്റെ പ്രധാനകവാടത്തിനു വടക്കുവശത്തായി പാളയമടിച്ചു. അവര്‍ക്കും ആയ്‌പട്ടണത്തിനുംമദ്ധ്യേ ഒരു താഴ്‌വരയുണ്ടായിരുന്നു.
12: പട്ടണത്തിനു പടിഞ്ഞാറുവശത്ത്, ബഥേലിനും പട്ടണത്തിനുംമദ്ധ്യേ, ഏകദേശം അയ്യായിരം യോദ്ധാക്കളെ അവനൊളിപ്പിച്ചു.
13: പ്രധാനപാളയം പട്ടണത്തിനു വടക്കുഭാഗത്തും ബാക്കിയുള്ളവ പടിഞ്ഞാറുഭാഗത്തുമായിരുന്നു. ജോഷ്വ ആ രാത്രി, താഴ്‌വരയില്‍ത്തന്നെ കഴിച്ചുകൂട്ടി.
14: ആയ്‌രാജാവ് ഇതുകണ്ടപ്പോള്‍ അരാബായിലേക്കുള്ള ഇറക്കത്തില്‍വച്ച് ഇസ്രായേല്‍ക്കാരെ നേരിടാന്‍ സൈന്യസമേതം പുറപ്പെട്ടു. എന്നാല്‍, പട്ടണത്തിൻ്റെ പുറകില്‍ ശത്രുസൈന്യം പതിയിരുന്നത് അവരറിഞ്ഞില്ല.
15: ജോഷ്വയും ജനവും, പരാജിതരായെന്നു നടിച്ചു മരുഭൂമിയുടെനേരേയോടി.
16: അവരെ പിന്തുടരുന്നതിന്, രാജാവു പട്ടണത്തിലുണ്ടായിരുന്നവരെയെല്ലാം വിളിച്ചുകൂട്ടി. അവര്‍ ജോഷ്വയെ പിന്തുടര്‍ന്നു പട്ടണത്തില്‍നിന്നു വളരെ വിദൂരത്തായി.
17: ഇസ്രായേലിനെ പിന്തുടരാത്തവരായി ആരും ബഥേലിലോ ആയ്‌പട്ടണത്തിലോ ഉണ്ടായിരുന്നില്ല. അവര്‍ പട്ടണമടയ്ക്കാതെയാണു പോയത്. 
18: കര്‍ത്താവു ജോഷ്വയോടരുളിച്ചെയ്തു: നിൻ്റെ കൈയിലിരിക്കുന്ന കുന്തം ആയ്‌പട്ടണത്തിനുനേരേ ചൂണ്ടുക; ഞാന്‍ പട്ടണം നിൻ്റെ കരങ്ങളിലേല്പിക്കും. ജോഷ്വ അങ്ങനെ ചെയ്തു.
19: അവന്‍ കൈയുയര്‍ത്തിയയുടനെ, ഒളിച്ചിരുന്നവരെഴുന്നേറ്റു പട്ടണത്തിലേക്കു പാഞ്ഞുചെന്ന്, അതു കൈവശപ്പെടുത്തി; തിടുക്കത്തില്‍ പട്ടണത്തിനു തീവച്ചു.
20: ആയ്‌നിവാസികള്‍ തിരിഞ്ഞുനോക്കിയപ്പോള്‍ പട്ടണത്തില്‍നിന്നു പുക ആകാശത്തേക്കുയരുന്നതു കണ്ടു. അവര്‍ക്ക്, അങ്ങോട്ടോ ഇങ്ങോട്ടോ ഓടുന്നതിനു സാധിച്ചില്ല. കാരണം, മരുഭൂമിയിലേക്കോടിയവര്‍ ഓടിച്ചവരുടെനേരേ തിരിഞ്ഞു.
21: പതിയിരുന്നവര്‍ പട്ടണം പിടിച്ചടക്കിയെന്നും അതില്‍നിന്നു പുകപൊങ്ങുന്നെന്നുംകണ്ടപ്പോള്‍ ജോഷ്വയും ഇസ്രായേല്‍ജനവും തിരിഞ്ഞ്, ആയ്‌നിവാസികളെ വധിച്ചു.
22: പട്ടണത്തില്‍ക്കടന്ന ഇസ്രായേല്യരും ശത്രുക്കള്‍ക്കെതിരേ പുറത്തുവന്നു. ആയ്‌നിവാസികള്‍ ഇസ്രായേല്‍ക്കാരുടെ മദ്ധ്യത്തില്‍ക്കുടുങ്ങി. അവരെ ഇസ്രായേല്യര്‍ സംഹരിച്ചു; ആരും രക്ഷപെട്ടില്ല.
23: എന്നാല്‍, രാജാവിനെ ജീവനോടെ പിടിച്ച്, അവര്‍ ജോഷ്വയുടെയടുക്കല്‍ കൊണ്ടുവന്നു.
24: ഇസ്രായേല്‍ തങ്ങളെ പിന്തുടര്‍ന്ന ആയ് പട്ടണക്കാരെയെല്ലാം വിജനദേശത്തുവച്ചു സംഹരിച്ചു. അവസാനത്തെയാള്‍വരെ വാളിനിരയായി. പിന്നീട്, ഇസ്രായേല്യര്‍ ആയ് പട്ടണത്തിലേക്കു മടങ്ങിച്ചെന്ന് അവശേഷിച്ചവരെയും വാളിനിരയാക്കി.
25: ആയ് പട്ടണത്തിലുണ്ടായിരുന്ന പന്തീരായിരം സ്ത്രീപുരുഷന്മാര്‍ അന്നു മൃതിയടഞ്ഞു.
26: ആയ്‌നിവാസികള്‍ പൂര്‍ണ്ണമായി നിഗ്രഹിക്കപ്പെടുന്നതുവരെ കുന്തം നീട്ടിപ്പിടിച്ചിരുന്ന തൻ്റെ കരങ്ങള്‍, ജോഷ്വ പിന്‍വലിച്ചില്ല.
27: കര്‍ത്താവു ജോഷ്വയോടു കല്പിച്ചതനുസരിച്ച് ഇസ്രായേല്‍ക്കാര്‍ പട്ടണത്തില്‍നിന്നു കന്നുകാലികളെയും കൊള്ളവസ്തുക്കളെയുമെടുത്തു.
28: അങ്ങനെ ജോഷ്വ, ആയ്‌പട്ടണത്തിനു തീവച്ച്, അതിനെയൊരു നാശക്കൂമ്പാരമാക്കി. ഇന്നുമത് അങ്ങനെതന്നെ കിടക്കുന്നു.
29: പിന്നീടവന്‍ ആയ്‌രാജാവിനെ ഒരു മരത്തില്‍ തൂക്കിക്കൊന്നു. സായാഹ്നംവരെ, ജഡം അതിന്മേല്‍ തൂങ്ങിക്കിടന്നു. സൂര്യാസ്തമയമായപ്പോള്‍ ശരീരം മരത്തില്‍നിന്നിറക്കി നഗരകവാടത്തില്‍വയ്ക്കാന്‍ ജോഷ്വ കല്പിച്ചു. അവരങ്ങനെ ചെയ്തു. അതിനുമുകളില്‍ ഒരു കല്‍ക്കൂമ്പാരമുയര്‍ത്തി. അത് ഇന്നുമവിടെയുണ്ട്.
30: ജോഷ്വ, ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിന്, ഏബാല്‍മലയിലൊരു ബലിപീഠം നിര്‍മ്മിച്ചു.
31: കര്‍ത്താവിൻ്റെ ദാസനായ മോശ ഇസ്രായേല്‍ജനത്തോടു കല്പിച്ചതുപോലെയും മോശയുടെ നിയമഗ്രന്ഥത്തില്‍ എഴുതിയിരുന്നതുപോലെയും ചെത്തിമിനുക്കാത്ത കല്ലുകള്‍കൊണ്ടുള്ളതും ഇരുമ്പായുധം സ്പര്‍ശിക്കാത്തതുമായിരുന്നു അത്. അതിലവര്‍ കര്‍ത്താവിനു ദഹനബലികളും സമാധാനബലികളുമര്‍പ്പിച്ചു. 
32: മോശയെഴുതിയ നിയമത്തിൻ്റെയൊരു പകര്‍പ്പ്, ഇസ്രായേല്‍ജനത്തിൻ്റെ സാന്നിദ്ധ്യത്തില്‍, ജോഷ്വയവിടെ, കല്ലില്‍ കൊത്തിവച്ചു.
33: അവിടെ ഇസ്രായേല്‍ജനം, തങ്ങളുടെ ശ്രേഷ്ഠന്മാര്‍, സ്ഥാനികള്‍, ന്യായാധിപന്മാര്‍ എന്നിവരോടും തങ്ങളുടെയിടയിലുള്ള വിദേശികളോടും സ്വദേശികളോടുംകൂടെ കര്‍ത്താവിൻ്റെ വാഗ്ദാനപേടകംവഹിച്ചിരുന്ന ലേവ്യപുരോഹിതന്മാര്‍ക്കെതിരേ ഇരുവശങ്ങളിലുമായി നിന്നു. അവരില്‍ പകുതി ഗരിസിംമലയുടെ മുമ്പിലും, പകുതി ഏബാല്‍മലയുടെ മുമ്പിലും നിലകൊണ്ടു. കര്‍ത്താവിൻ്റെ ദാസനായ മോശ കല്പിച്ചിരുന്നതുപോലെ അനുഗ്രഹംസ്വീകരിക്കാനായിരുന്നു ഇത്.
34: അതിനുശേഷം അവന്‍ നിയമഗ്രന്ഥത്തിലെ വാക്കുകളെല്ലാം - അനുഗ്രഹവചസ്സുകളും ശാപവാക്കുകളും - വായിച്ചു.
35: മോശകല്പിച്ച ഒരു വാക്കുപോലും, സ്ത്രീകളും കുട്ടികളും തങ്ങളുടെയിടയില്‍ പാര്‍ത്തിരുന്ന പരദേശികളുമടങ്ങിയ ഇസ്രായേല്‍സമൂഹത്തില്‍ ജോഷ്വ വായിക്കാതിരുന്നില്ല.

അമ്പത്തിയേഴാം ദിവസം: ജോഷ്വാ 1 - 4


അദ്ധ്യായം 1

കാനാനില്‍ പ്രവേശിക്കാനൊരുങ്ങുന്നു

1: കര്‍ത്താവിൻ്റെ ദാസനായ മോശയുടെ മരണത്തിനുശേഷം, അവൻ്റെ സേവകനും നൂനിൻ്റെ പുത്രനുമായ ജോഷ്വയോടു കര്‍ത്താവരുളിച്ചെയ്തു:
2: എൻ്റെ ദാസന്‍, മോശ മരിച്ചു. നീയും ജനംമുഴുവനും ഉടനെ തയ്യാറായി ജോര്‍ദ്ദാന്‍നദികടന്ന്, ഞാന്‍ ഇസ്രായേല്‍ജനത്തിനു നല്കുന്ന ദേശത്തേക്കുപോവുക.
3: മോശയോടു വാഗ്ദാനംചെയ്തിട്ടുള്ളതുപോലെ നിങ്ങള്‍ കാലുകുത്തുന്ന ദേശമെല്ലാം ഞാന്‍ നിങ്ങള്‍ക്കു തരും.
4: തെക്കുവടക്കു മരുഭൂമിമുതല്‍ ലബനോന്‍വരെയും കിഴക്കുപടിഞ്ഞാറ്,‌ യൂഫ്രട്ടീസ് മഹാനദിയും ഹിത്യരുടെ എല്ലാദേശങ്ങളുമടക്കം മഹാസമുദ്രംവരെയും നിങ്ങളുടേതായിരിക്കും.
5: നിൻ്റെ ആയുഷ്‌കാലത്തൊരിക്കലും ആര്‍ക്കും നിന്നെ തോല്പിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ മോശയോടുകൂടെയെന്നപോലെ നിന്നോടുകൂടെയുമുണ്ടായിരിക്കും.
6: ഒരിക്കലും നിന്നെ കൈവിടുകയില്ല. ശക്തനും ധീരനുമായിരിക്കുക. ഈ ജനത്തിനു നല്കുമെന്ന്, ഇവരുടെ പിതാക്കന്മാരോടു ഞാന്‍ വാഗ്ദാനംചെയ്തിരുന്നദേശം, ഇവര്‍ക്കവകാശമായി വീതിച്ചുകൊടുക്കേണ്ടതു നീയാണ്.
7: എൻ്റെ ദാസനായ മോശനല്കിയിട്ടുള്ള എല്ലാ നിയമങ്ങളുമനുസരിക്കുകയും ശക്തനും ധീരനുമായിരിക്കുകയും ചെയ്യുക. അവയില്‍നിന്ന്, ഇടംവലം വ്യതിചലിക്കരുത്. നിൻ്റെ ഉദ്യമങ്ങളിലെല്ലാം നീ വിജയംവരിക്കും.
8: ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിൻ്റെയധരത്തിലുണ്ടായിരിക്കണം. അതിലെഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്ധിക്കണം. അതിനെക്കുറിച്ചു രാവുംപകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്ധി പ്രാപിക്കുകയും വിജയംവരിക്കുകയുംചെയ്യും.
9: ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്പിച്ചിട്ടില്ലയോ? നിൻ്റെ ദൈവമായ കര്‍ത്താവ്, നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെയുണ്ടായിരിക്കും.
10: ജോഷ്വ ജനപ്രമാണികളോടു കല്പിച്ചു:
11: പാളയത്തിലൂടെചെന്നു ജനങ്ങളോട് ഇങ്ങനെയാജ്ഞാപിക്കുവിന്‍: വേഗം നിങ്ങള്‍ക്കാവശ്യമായവ സംഭരിക്കുവിന്‍. നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കവകാശമായി നല്കാന്‍പോകുന്ന ദേശം കൈവശപ്പെടുത്താന്‍, മൂന്നു ദിവസത്തിനുള്ളില്‍ നിങ്ങള്‍ ജോര്‍ദ്ദാന്‍ കടക്കണം.
12: റൂബന്‍, ഗാദ് ഗോത്രങ്ങളോടും മനാസ്സെയുടെ അര്‍ദ്ധഗോത്രത്തോടും ജോഷ്വ പറഞ്ഞു:
13: നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു സ്വസ്ഥമായി വസിക്കാന്‍ ഒരു സ്ഥലം തരുകയാണ്; അവിടുന്ന് ഈ ദേശം നിങ്ങള്‍ക്കും തരുമെന്നു കര്‍ത്താവിൻ്റെ ദാസനായ മോശ നിങ്ങളോടു പറഞ്ഞതനുസ്മരിക്കുവിന്‍.
14: നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കന്നുകാലികളും ജോര്‍ദ്ദാനിക്കരെ, മോശ നിങ്ങള്‍ക്കു നല്കിയ ദേശത്തു വസിക്കട്ടെ. എന്നാല്‍, നിങ്ങളില്‍ കരുത്തന്മാര്‍ ആയുധംധരിച്ച്, നിങ്ങളുടെ സഹോദരന്മാര്‍ക്കു മുമ്പേ പോകണം.
15: നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കെന്നതുപോലെ നിങ്ങളുടെ സഹോദരന്മാര്‍ക്കും ആശ്വാസംനല്കുകയും അവിടുന്ന്, അവര്‍ക്കു കൊടുക്കുന്നദേശം അവര്‍ കൈവശമാക്കുകയുംചെയ്യുന്നതുവരെ നിങ്ങളവരെ സഹായിക്കണം. അനന്തരം മടങ്ങിവന്ന്, ജോര്‍ദ്ദാനിക്കരെ കിഴക്കുവശത്ത്, കര്‍ത്താവിൻ്റെ ദാസനായ മോശ നിങ്ങള്‍ക്ക് അവകാശമായിത്തന്നിരിക്കുന്ന സ്ഥലത്തു വസിച്ചുകൊള്ളുവിന്‍.
16: അവര്‍ ജോഷ്വയോടു പറഞ്ഞു: നീ കല്പിക്കുന്നതെല്ലാം ഞങ്ങള്‍ ചെയ്യാം; അയയ്ക്കുന്നിടത്തേക്കെല്ലാം ഞങ്ങള്‍ പോകാം.
17: മോശയെയെന്നതുപോലെ ഞങ്ങള്‍ എല്ലാക്കാര്യങ്ങളിലും നിന്നെയുമനുസരിക്കും. നിൻ്റെ ദൈവമായ കര്‍ത്താവ്, മോശയോടുകൂടെയെന്നതുപോലെ നിന്നോടുകൂടെയുമുണ്ടായിരിക്കട്ടെ!
18: നിൻ്റെയാജ്ഞകള്‍ ധിക്കരിക്കുകയും നിൻ്റെ വാക്കുകളനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍ മരിക്കണം. നീ ധീരനും ശക്തനുമായിരിക്കുക!

അദ്ധ്യായം 2

ജറീക്കോയിലേക്കു ചാരന്മാര്‍

1: നൂനിൻ്റെ മകനായ ജോഷ്വ, ഷിത്തിമില്‍നിന്നു രണ്ടുപേരെ രഹസ്യനിരീക്ഷണത്തിനയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍പോയി നാടുനിരീക്ഷിക്കുവിന്‍, പ്രത്യേകിച്ച് ജറീക്കോ. അവര്‍ പട്ടണത്തിലെത്തി. വേശ്യയായ റാഹാബിൻ്റെ വീട്ടില്‍ രാത്രികഴിച്ചു.
2: നാടൊറ്റുനോക്കാന്‍ ഏതാനുമിസ്രായേല്‍ക്കാര്‍ രാത്രിയില്‍ അവിടെയെത്തിയിട്ടുണ്ടെന്നു ജറീക്കോ രാജാവിനറിവുകിട്ടി.
3: അവനാളയച്ചു റാഹാബിനെയറിയിച്ചു: നിൻ്റെയടുക്കല്‍ വന്നിട്ടുള്ളവരെ വിട്ടുതരുക. അവര്‍ ദേശം ഒറ്റുനോക്കാന്‍ വന്നവരാണ്.
4: ഇരുവരെയും ഒളിപ്പിച്ചിട്ട് അവള്‍ പറഞ്ഞു: ഏതാനുംപേര്‍ ഇവിടെ വന്നു എന്നതു വാസ്തവംതന്നെ. എന്നാല്‍, അവരെവിടത്തുകാരാണെന്ന് എനിക്കറിഞ്ഞുകൂടാ.
5: രാത്രിയില്‍ പട്ടണവാതിലടയ്ക്കുന്നതിനുമുമ്പേ അവര്‍ പുറത്തുപോയി. അവരെങ്ങോട്ടാണു പോയതെന്നും എനിക്കറിഞ്ഞുകൂടാ.
6: വേഗംചെന്നാല്‍ നിങ്ങള്‍ക്കവരെ പിടികൂടാം. അവളാകട്ടെ അവരെ പുരമുകളിലടുക്കിവച്ചിരുന്ന ചണത്തുണ്ടുകള്‍ക്കിടയിലൊളിപ്പിച്ചിരുന്നു.
7: അന്വേഷിച്ചുവന്നവര്‍ ജോര്‍ദ്ദാനിലേക്കുള്ള വഴിയില്‍, കടവുവരെ അവരെ തിരഞ്ഞു. അന്വേഷകര്‍ പുറത്തുകടന്നയുടനെ, പട്ടണവാതിലടയ്ക്കുകയുംചെയ്തു.
8: കിടക്കാന്‍പോകുന്നതിനുമുമ്പു റാഹാബ് അവരുടെയടുക്കല്‍ച്ചെന്നു പറഞ്ഞു:
9: കര്‍ത്താവ് ഈ ദേശം നിങ്ങള്‍ക്കു തന്നിരിക്കുന്നുവെന്നു ഞാനറിയുന്നു. നിങ്ങള്‍ ഞങ്ങളെ ചകിതരാക്കുന്നു; നാടുമുഴുവന്‍ നിങ്ങളെക്കുറിച്ചുള്ള ഭീതിനിറഞ്ഞിരിക്കുന്നു.
10: നിങ്ങള്‍ ഈജിപ്തില്‍നിന്നുപോന്നപ്പോള്‍ കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും, ജോര്‍ദ്ദാനക്കരെ സീഹോന്‍, ഓഗ് എന്നീ രണ്ട് അമോര്യരാജാക്കന്മാരെ നിങ്ങള്‍ നിര്‍മൂലമാക്കിയതും ഞങ്ങള്‍ കേട്ടിട്ടുണ്ട്.
11: ഇതുകേട്ടപ്പോള്‍ ഞങ്ങളുടെ മനസ്സു തകര്‍ന്നു. നിങ്ങള്‍നിമിത്തം എല്ലാവരും നഷ്ടധൈര്യരായിത്തീര്‍ന്നു; മുകളിലാകാശത്തിലും താഴെ ഭൂമിയിലും നിങ്ങളുടെ ദൈവമായ കര്‍ത്താവുതന്നെയാണു ദൈവം.
12: അതുകൊണ്ടു ഞാന്‍ നിങ്ങളോടു കാരുണ്യത്തോടെ വര്‍ത്തിക്കുന്നതുപോലെ നിങ്ങള്‍ എൻ്റെ പിതൃഭവനത്തോടും കാരുണ്യപൂര്‍വ്വം വര്‍ത്തിക്കുമെന്നു കര്‍ത്താവിൻ്റെ നാമത്തില്‍ എന്നോടു ശപഥം ചെയ്യുവിന്‍.
13: എൻ്റെ മാതാപിതാക്കളുടെയും സഹോദരീസഹോദരന്മാരുടെയും മറ്റുബന്ധുക്കളുടെയും ജീവന്‍ രക്ഷിക്കുമെന്നതിന്, ഉറപ്പുള്ള അടയാളവും എനിക്കു തരണം.
14: അവര്‍ പറഞ്ഞു: നിങ്ങളുടെ ജീവനുപകരം ഞങ്ങളുടെ ജീവന്‍ കൊടുക്കും. ഇക്കാര്യം നീ ആരോടും പറയാതിരുന്നാല്‍, കര്‍ത്താവ്, ഈ ദേശം ഞങ്ങള്‍ക്കേല്പിച്ചുതരുമ്പോള്‍ നിങ്ങളോടു കാരുണ്യത്തോടും വിശ്വസ്തതയോടുംകൂടെ ഞങ്ങള്‍ വര്‍ത്തിക്കും.
15: മതിലിനോടുചേര്‍ത്തു പണിതതായിരുന്നു അവളുടെ വീട്. ജനലില്‍ക്കൂടെ, കയറുവഴി അവളവരെ താഴേക്കിറക്കിവിട്ടു.
16: അവളവരോടു പറഞ്ഞു: തേടിപ്പോയവര്‍ നിങ്ങളെക്കണ്ടുമുട്ടാതിരിക്കാന്‍, നിങ്ങള്‍ മലമുകളിലേക്കുപോയി, അവര്‍ തിരിച്ചുവരുവോളം, മൂന്നുദിവസം അവിടെയൊളിച്ചിരിക്കുവിന്‍. അതിനുശേഷം നിങ്ങളുടെ വഴിക്കുപോകാം.
17: അവര്‍ പറഞ്ഞു: ഞങ്ങളെക്കൊണ്ടു ശപഥംചെയ്യിച്ച വാഗ്ദാനം, ഞങ്ങള്‍ പാലിക്കും.
18: ഞങ്ങള്‍ തിരിച്ചുവരുമ്പോള്‍ ഞങ്ങളെയിറക്കിവിട്ട ജനാലയില്‍, ചുവന്ന ഈ ചരടു കെട്ടിയിരിക്കണം. നിൻ്റെ മാതാപിതാക്കളെയും സഹോദരരെയും പിതൃഭവനത്തിലെ എല്ലാവരെയും നിൻ്റെ വീട്ടില്‍ വിളിച്ചുകൂട്ടണം.
19: ആരെങ്കിലും നിൻ്റെ വീടിൻ്റെ പടിവാതില്‍കടന്നു തെരുവിലേക്കുപോകുന്നുവെങ്കില്‍ അവൻ്റെ മരണത്തിന്, അവന്‍തന്നെ ഉത്തരവാദിയായിരിക്കും; ഞങ്ങള്‍ നിരപരാധരും. എന്നാല്‍, വീട്ടിലായിരിക്കുമ്പോള്‍ നിങ്ങളിലാരെങ്കിലും വധിക്കപ്പെട്ടാല്‍ അവൻ്റെ രക്തത്തിനു ഞങ്ങളുത്തരവാദികളായിരിക്കും.
20: ഇക്കാര്യം നീ വെളിപ്പെടുത്തിയാല്‍, ഞങ്ങളെക്കൊണ്ടുചെയ്യിച്ച ഈ ശപഥത്തില്‍നിന്ന് ഞങ്ങള്‍ വിമുക്തരായിരിക്കും.
21: അങ്ങനെയാവട്ടെ എന്നുപറഞ്ഞ്, അവളവരെ യാത്രയാക്കി. അവര്‍ പോയി. ആ ചുവന്ന ചരട്, അവള്‍ ജനാലയില്‍ കെട്ടിയിട്ടു.
22: അന്വേഷകര്‍ തിരിച്ചുവരുന്നതുവരെ മൂന്നുദിവസം അവര്‍ മലയിലൊളിച്ചിരുന്നു. തിരഞ്ഞുപോയവര്‍ വഴിനീളേ അന്വേഷിച്ചെങ്കിലും അവരെക്കണ്ടെത്തിയില്ല.
23: അനന്തരം, ചാരന്മാര്‍ മലയില്‍നിന്നിറങ്ങി. നദികടന്നു നൂനിൻ്റെ മകനായ ജോഷ്വയുടെയടുക്കലെത്തി. സംഭവിച്ചതെല്ലാമറിയിച്ചു.
24: അവര്‍ പറഞ്ഞു: ആ ദേശം കര്‍ത്താവു നമുക്ക് ഏല്പിച്ചുതന്നിരിക്കുന്നു; തീര്‍ച്ച. അവിടത്തുകാരെല്ലാം നമ്മെ ഭയപ്പെട്ടാണു കഴിയുന്നത്.

അദ്ധ്യായം 3

ജോര്‍ദ്ദാന്‍ കടക്കുന്നു.

1: ജോഷ്വ അതിരാവിലെയെഴുന്നേറ്റ് സകലഇസ്രായേല്യരോടുംകൂടെ ഷിത്തിമില്‍നിന്നു പുറപ്പെട്ടു ജോര്‍ദ്ദാന്‍നദിക്കരികെ എത്തി.
2: മറുകരകടക്കാന്‍ സൗകര്യംപാര്‍ത്ത്, അവിടെക്കൂടാരമടിച്ചു.
3: മൂന്നുദിവസംകഴിഞ്ഞു പ്രമാണികള്‍ പാളയത്തിലൂടെ നടന്നു ജനത്തോടു കല്പിച്ചു: ലേവ്യപുരോഹിതന്മാര്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ വാഗ്ദാനപേടകം സംവഹിക്കുന്നതു കാണുമ്പോള്‍, നിങ്ങള്‍ അവരെയനുഗമിക്കുവിന്‍.
4: ഈ വഴിയിലൂടെ ഇതിനുമുമ്പു നിങ്ങള്‍ പോയിട്ടില്ലാത്തതിനാല്‍, പോകേണ്ടവഴി അവര്‍ കാണിച്ചുതരും. എന്നാല്‍, നിങ്ങള്‍ക്കും വാഗ്ദാനപേടകത്തിനുമിടയ്ക്കു രണ്ടായിരംമുഴം അകലമുണ്ടായിരിക്കണം. അതിനെ സമീപിക്കരുത്.
5: ജോഷ്വ ജനത്തോടു പറഞ്ഞു: നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെയിടയില്‍ കര്‍ത്താവ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും.
6: വാഗ്ദാനപേടകമെടുത്തു ജനങ്ങള്‍ക്കുമുമ്പേ നടക്കുവിനെന്ന് അവന്‍ പുരോഹിതന്മാരോടു പറഞ്ഞു: അവരപ്രകാരം ചെയ്തു.
7: കര്‍ത്താവു ജോഷ്വയോടു പറഞ്ഞു: ഞാന്‍ മോശയോടുകൂടെയെന്നപോലെ നിന്നോടുകൂടെയുമുണ്ടെന്ന് അവരറിയുന്നതിന്, ഇന്നു നിന്നെ ഞാന്‍ ഇസ്രായേല്‍ജനത്തിൻ്റെ മുമ്പാകെ ഉന്നതനാക്കാന്‍പോകുന്നു.
8: ജോര്‍ദ്ദാനിലെ വെള്ളത്തിനരികിലെത്തുമ്പോള്‍ അവിടെ നിശ്ചലരായി നില്‍ക്കണമെന്ന്, വാഗ്ദാനപേടകം വഹിക്കുന്ന പുരോഹിതന്മാരോടു നീ കല്പിക്കണം.
9: ജോഷ്വ ഇസ്രായേല്യരോടു പറഞ്ഞു: നിങ്ങളടുത്തുവന്നു ദൈവമായ കര്‍ത്താവിൻ്റെ വാക്കു കേള്‍ക്കുവിന്‍.
10: അവന്‍ തുടര്‍ന്നു: ജീവിക്കുന്ന ദൈവം നിങ്ങളുടെയിടയിലുണ്ടെന്നും കാനാന്യര്‍, ഹിത്യര്‍, ഹിവ്യര്‍, പെരീസ്യര്‍, ഗിര്‍ഗാഷ്യര്‍, അമോര്യര്‍, ജബൂസ്യര്‍ എന്നിവരെ നിങ്ങളുടെ മുമ്പില്‍നിന്ന് അവിടുന്നു തുരത്തുമെന്നും ഇതിനാല്‍ നിങ്ങളറിയണം.
11: ഭൂമി മുഴുവൻ്റെയും നാഥനായ കര്‍ത്താവിൻ്റെ വാഗ്ദാനപേടകം നിങ്ങള്‍ക്കുമുമ്പേ ജോര്‍ദ്ദാനിലേക്കു പോകുന്നതുകണ്ടാലും.
12: ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്ന്, ഗോത്രത്തിനൊന്നുവീതം, പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുവിന്‍.
13: ഭൂമി മുഴുവൻ്റെയും നാഥനായ കര്‍ത്താവിൻ്റെ പേടകംവഹിക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ ജോര്‍ദ്ദാനിലെ ജലത്തെ സ്പര്‍ശിക്കുമ്പോള്‍ വെള്ളത്തിൻ്റെ ഒഴുക്കു നിലയ്ക്കുകയും മുകളില്‍നിന്നുവരുന്ന വെള്ളം, ചിറപോലെ കെട്ടിനില്‍ക്കുകയും ചെയ്യും.
14: തങ്ങള്‍ക്കുമുമ്പേ വാഗ്ദാനപേടകം വഹിച്ചുകൊണ്ടുപോകുന്ന പുരോഹിതന്മാരുടെകൂടെ ജനം ജോര്‍ദ്ദാന്‍നദി കടക്കുന്നതിനു കൂടാരങ്ങളില്‍നിന്നു പുറപ്പെട്ടു.
15: വാഗ്ദാനപേടകം വഹിച്ചിരുന്നവര്‍ ജോര്‍ദ്ദാന്‍ നദീതീരത്തെത്തി. പേടകംവഹിച്ചിരുന്ന പുരോഹിതന്മാരുടെ പാദങ്ങള്‍ ജലത്തെ സ്പര്‍ശിച്ചു - കൊയ്ത്തുകാലം മുഴുവന്‍ ജോര്‍ദ്ദാന്‍ കരകവിഞ്ഞൊഴുകുക പതിവാണ്.
16: വെള്ളത്തിൻ്റെ ഒഴുക്കു നിലച്ചു. സാരെഥാനു സമീപമുള്ള ആദംപട്ടണത്തിനരികെ അതു ചിറപോലെ പൊങ്ങി. അരാബാ ഉപ്പുകടലിലേക്കൊഴുകിയ വെള്ളം, നിശ്ശേഷം വാര്‍ന്നുപോയി. ജനം ജറീക്കോയ്ക്കുനേരേ മറുകര കടന്നു.
17: ഇസ്രായേല്‍ജനം വരണ്ട നിലത്തുകൂടെ നദികടന്നപ്പോള്‍ കര്‍ത്താവിൻ്റെ വാഗ്ദാനപേടകം വഹിച്ചുകൊണ്ടു പുരോഹിതന്മാര്‍ ജോര്‍ദ്ദാൻ്റെ മദ്ധ്യത്തില്‍, വരണ്ടനിലത്തു നിന്നു. സര്‍വ്വരും ജോര്‍ദ്ദാന്‍ കടക്കുന്നതുവരെ അവരവിടെ നിന്നു.

അദ്ധ്യായം 4

സ്മാരകശിലകള്‍ സ്ഥാപിക്കുന്നു

1: ജനം, ജോര്‍ദ്ദാന്‍കടന്നുകഴിഞ്ഞപ്പോള്‍, കര്‍ത്താവു ജോഷ്വയോടരുളിച്ചെയ്തു:     
2: ഓരോ ഗോത്രത്തിലുംനിന്ന്, ഒരാളെവീതം ജനത്തില്‍നിന്നു പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുക; അവരോടു പറയുക:
3: ജോര്‍ദ്ദാൻ്റെ നടുവില്‍, പുരോഹിതന്മാര്‍ നിന്നിരുന്ന സ്ഥലത്തുനിന്നു പന്ത്രണ്ടു കല്ലുകൊണ്ടുവന്ന്, ഇന്നുരാത്രി നിങ്ങള്‍ താവളമടിക്കുന്ന സ്ഥലത്തു സ്ഥാപിക്കണം.
4: ഗോത്രത്തിനൊന്നുവീതം ഇസ്രായേല്‍ജനത്തില്‍നിന്നു തിരഞ്ഞെടുത്ത പന്ത്രണ്ടുപേരെ ജോഷ്വ വിളിച്ചു;
5: അവനവരോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ പേടകത്തിനുമുമ്പേ, ജോര്‍ദ്ദാൻ്റെ മദ്ധ്യത്തിലേക്കു പോകുവിന്‍. അവിടെനിന്ന്, ഇസ്രായേല്‍ഗോത്രങ്ങളുടെ എണ്ണമനുസരിച്ച്, ഓരോരുത്തരും ഓരോ കല്ലു ചുമലിലെടുക്കണം.
6: ഇതു നിങ്ങള്‍ക്കൊരു സ്മാരകമായിരിക്കും.
7: ഇതെന്തു സൂചിപ്പിക്കുന്നുവെന്നു ഭാവിയില്‍ നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ അവരോടു പറയണം: കര്‍ത്താവിൻ്റെ വാഗ്ദാനപേടകം നദികടന്നപ്പോള്‍, ജോര്‍ദ്ദാനിലെ ജലം വിഭജിക്കപ്പെട്ടു. ഈ കല്ലുകളെക്കാലവും ഇസ്രായേല്‍ജനത്തെ ഇക്കാര്യമനുസ്മരിപ്പിക്കും.
8: ജോഷ്വയാജ്ഞാപിച്ചതുപോലെ ജനംചെയ്തു. കര്‍ത്താവു ജോഷ്വയോടു പറഞ്ഞതുപോലെ, ഇസ്രായേല്‍ഗോത്രങ്ങളുടെ എണ്ണമനുസരിച്ച്, അവര്‍ ജോര്‍ദ്ദാനില്‍നിന്നു പന്ത്രണ്ടു കല്ലെടുത്തു; അതു കൊണ്ടുപോയി തങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തു വച്ചു.
9: ജോര്‍ദ്ദാൻ്റെ നടുവില്‍ വാഗ്ദാനപേടകം വഹിക്കുന്ന പുരോഹിതന്മാര്‍ നിന്നിരുന്നിടത്തും ജോഷ്വ പന്ത്രണ്ടു കല്ലു സ്ഥാപിച്ചു. അവയിന്നും അവിടെയുണ്ട്.
10: മോശ, ജോഷ്വയോടു പറഞ്ഞിരുന്നതുപോലെചെയ്യാന്‍ ജനത്തോടു കല്പിക്കണമെന്ന്, കര്‍ത്താവു ജോഷ്വയോടരുളിച്ചെയ്തു. എല്ലാം ചെയ്തുതീരുവോളം പേടകംവഹിച്ചിരുന്ന പുരോഹിതന്മാര്‍ ജോര്‍ദ്ദാനുനടുവില്‍ നിന്നു.
11: ജനം അതിവേഗം മറുകര കടന്നു. ജനം കടന്നുകഴിഞ്ഞപ്പോള്‍ കര്‍ത്താവിൻ്റെ പേടകംവഹിച്ചുകൊണ്ട്, പുരോഹിതന്മാരും നദികടന്ന് അവര്‍ക്കുമുമ്പേ നടന്നു.
12: മോശ കല്പിച്ചിരുന്നതുപോലെ റൂബന്‍, ഗാദു ഗോത്രങ്ങളും മനാസ്സെയുടെ അര്‍ദ്ധഗോത്രവും യുദ്ധസന്നദ്ധരായി ഇസ്രായേല്യര്‍ക്കുമുമ്പേ നടന്നു.
13: ഏകദേശം നാല്പതിനായിരം യോദ്ധാക്കള്‍ കര്‍ത്താവിൻ്റെമുമ്പില്‍ ജറീക്കോ സമതലങ്ങളിലേക്കു നീങ്ങി.
14: അന്നു കര്‍ത്താവ്, ഇസ്രായേല്‍ജനത്തിൻ്റെ മുമ്പാകെ, ജോഷ്വയെ മഹത്വപ്പെടുത്തി; അവര്‍ മോശയെപ്പോലെ അവനെയും ബഹുമാനിച്ചു.
15: കര്‍ത്താവു ജോഷ്വയോടരുളിച്ചെയ്തു:
16: സാക്ഷ്യപേടകംവഹിക്കുന്ന പുരോഹിതന്മാരോടു ജോര്‍ദ്ദാനില്‍നിന്നു കയറിവരാന്‍ കല്പിക്കുക.
17: ജോഷ്വ അവരോടു കയറിവരാന്‍ കല്പിച്ചു.
18: കര്‍ത്താവിൻ്റെ വാഗ്ദാനപേടകം വഹിച്ചിരുന്ന പുരോഹിതന്മാര്‍ ജോര്‍ദ്ദാനില്‍നിന്നു കയറി, കരയില്‍ കാല്‍കുത്തിയപ്പോള്‍ ജോര്‍ദ്ദാനിലെ വെള്ളം, പഴയപടിയൊഴുകി കരകവിഞ്ഞു.
19: ഒന്നാം മാസം പത്താം ദിവസമാണ് ജനം ജോര്‍ദ്ദാനില്‍നിന്നു കയറി ജറീക്കോയുടെ കിഴക്കേ അതിര്‍ത്തിയിലുള്ള ഗില്‍ഗാലില്‍ താവളമടിച്ചത്.
20: ജോര്‍ദ്ദാനില്‍നിന്നു കൊണ്ടുവന്ന പന്ത്രണ്ടു കല്ല്, ജോഷ്വ ഗില്‍ഗാലില്‍ സ്ഥാപിച്ചു.
21: അവന്‍ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: ഭാവിയില്‍ നിങ്ങളുടെ സന്തതികള്‍ പിതാക്കന്മാരോട് ഈ കല്ലുകൾ, എന്തു സൂചിപ്പിക്കുന്നെന്നു ചോദിക്കുമ്പോള്‍,
22: ഇസ്രായേല്‍, ഉണങ്ങിയ നിലത്തുകൂടെ ജോര്‍ദ്ദാന്‍കടന്നു എന്നു നിങ്ങളവര്‍ക്കു പറഞ്ഞുകൊടുക്കണം.
23: ദൈവമായ കര്‍ത്താവ്, ഞങ്ങള്‍ കടന്നുകഴിയുന്നതുവരെ, ചെങ്കടല്‍ വറ്റിച്ചതുപോലെ നിങ്ങള്‍ കടക്കുന്നതുവരെ ജോര്‍ദ്ദാനിലെ വെള്ളവും വറ്റിച്ചു.
24: അങ്ങനെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ എന്നെന്നും ഭയപ്പെടുകയും അവിടുത്തെക്കരങ്ങള്‍ ശക്തമാണെന്നു ലോകമെങ്ങുമുള്ള ജനങ്ങളറിയുകയുംചെയ്യട്ടെ!

അമ്പത്തിയാറാം ദിവസം: നിയമാവര്‍ത്തനം 31 - 34


അദ്ധ്യായം 31

ജോഷ്വ മോശയുടെ പിന്‍ഗാമി

1: മോശ ഇസ്രായേല്‍ജനത്തോടു തുടര്‍ന്നു സംസാരിച്ചു. 
2: അവന്‍ പറഞ്ഞു: എനിക്കിപ്പോള്‍ നൂറ്റിയിരുപതു വയസ്സായി. നിങ്ങളെ നയിക്കാന്‍ എനിക്കു ശക്തിയില്ലാതായി. നീ ഈ ജോര്‍ദ്ദാന്‍ കടക്കുകയില്ലെന്നു കര്‍ത്താവെന്നോടു പറഞ്ഞിട്ടുണ്ട്. 
3: നിങ്ങളുടെ ദൈവമായ കര്‍ത്താവുതന്നെ നിങ്ങള്‍ക്കുമുമ്പേ പോകും. അവിടുന്നു നിങ്ങളുടെ മുമ്പില്‍നിന്ന് ഈ ജനതകളെ നശിപ്പിക്കും; നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കുകയുംചെയ്യും. കര്‍ത്താരുളിച്ചെയ്തിട്ടുള്ളതുപോലെ, ജോഷ്വ നിങ്ങളെ നയിക്കും. 
4: കര്‍ത്താവ്, അമോര്യരാജാക്കന്മാരായ സീഹോനെയും ഓഗിനെയും അവരുടെ ദേശത്തെയും നശിപ്പിച്ചതുപോലെ ഇവരെയും നശിപ്പിക്കും. 
5: കര്‍ത്താവവരെ നിങ്ങള്‍ക്കേല്പിച്ചുതരുമ്പോള്‍, ഞാന്‍ നിങ്ങള്‍ക്കു നല്കിയിട്ടുള്ള കല്പനകളനുസരിച്ചു നിങ്ങളവരോടു പ്രവര്‍ത്തിക്കണം. 
6: ശക്തരും ധീരരുമായിരിക്കുവിന്‍, ഭയപ്പെടേണ്ടാ; അവരെപ്രതി പരിഭ്രമിക്കുകയും വേണ്ടാ. എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവാണു കൂടെവരുന്നത്. അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയോ പരിത്യജിക്കുകയോ ഇല്ല. 
7: അനന്തരം, മോശ ജോഷ്വയെ വിളിച്ച്, എല്ലാവരുടെയും മുമ്പില്‍വച്ച് അവനോടു പറഞ്ഞു: ശക്തനും ധീരനുമായിരിക്കുക. കര്‍ത്താവ്, ഈ ജനത്തിനു നല്കുമെന്ന് ഇവരുടെ പിതാക്കന്മാരോടു ശപഥംചെയ്തിട്ടുള്ള ദേശം കൈവശമാക്കാന്‍ നീയിവരെ നയിക്കണം. 
8: കര്‍ത്താവാണു നിൻ്റെ മുമ്പില്‍ പോകുന്നത്. അവിടുന്നു നിന്നോടുകൂടെയുണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോവേണ്ടാ. 

നിയമപാരായണം

9: മോശ ഈ നിയമമെഴുതി, കര്‍ത്താവിൻ്റെ ഉടമ്പടിയുടെ പേടകംവഹിക്കുന്നവരും ലേവിയുടെ മക്കളുമായ പുരോഹിതന്മാരെയും ഇസ്രായേലിലെ എല്ലാ ശ്രേഷ്ഠന്മാരെയുമേല്പിച്ചു. 
10, 11: അനന്തരം, അവനവരോടു കല്പിച്ചു: വിമോചനവര്‍ഷമായ ഏഴാംവര്‍ഷം കൂടാരത്തിരുന്നാളാഘോഷിക്കാന്‍ ഇസ്രായേല്‍ജനം കര്‍ത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്ത്, അവിടുത്തെ മുമ്പില്‍ സമ്മേളിക്കുമ്പോള്‍, എല്ലാവരുംകേള്‍ക്കേ നീ ഈ നിയമം വായിക്കണം. 
12: അതുകേട്ട്, നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടാന്‍ പഠിക്കുന്നതിനും ഈ നിയമം അക്ഷരംപ്രതിയനുസരിക്കുന്നതിനുംവേണ്ടി എല്ലാ ജനങ്ങളെയും - പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും നിൻ്റെ പട്ടണത്തിലെ പരദേശികളെയും - വിളിച്ചുകൂട്ടണം. 
13: അതറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കളും അതുകേള്‍ക്കുകയും ജോര്‍ദ്ദാനക്കരെ നിങ്ങള്‍ കൈവശമാക്കാന്‍പോകുന്ന ദേശത്തു നിങ്ങള്‍ വസിക്കുന്നകാലത്തോളം നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടാന്‍ പഠിക്കുകയും ചെയ്യട്ടെ. 

മോശയ്ക്ക് അന്തിമനിര്‍ദ്ദേശങ്ങള്‍

14: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഇതാ നിൻ്റെ മരണദിവസം ആസന്നമായിരിക്കുന്നു. ഞാന്‍ ജോഷ്വയെ നേതാവായി നിയോഗിക്കാന്‍, നീ അവനെ കൂട്ടിക്കൊണ്ടു്, സമാഗമകൂടാരത്തിലേക്കു വരുക. അവര്‍ സമാഗമകൂടാരത്തിലെത്തി. 
15: അപ്പോള്‍, കര്‍ത്താവൊരു മേഘസ്തംഭത്തില്‍ കൂടാരത്തിനകത്തു പ്രത്യക്ഷപ്പെട്ടു. മേഘസ്തംഭം കൂടാരവാതിലിനു മുകളില്‍നിന്നു. 
16: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഇതാ, നീ നിൻ്റെ  പിതാക്കന്മാരോടുകൂടെ നിദ്രപ്രാപിക്കാറായിരിക്കുന്നു. ഈ ജനം തങ്ങള്‍ വസിക്കാന്‍പോകുന്ന ദേശത്തെ അന്യദേവന്മാരെ പിഞ്ചെന്ന്, അവരുമായി വേശ്യാവൃത്തിയിലേര്‍പ്പെടുകയും എന്നെ പരിത്യജിക്കുകയും ഞാനവരോടുചെയ്തിട്ടുള്ള ഉടമ്പടി ലംഘിക്കുകയുംചെയ്യും. 
17: അന്ന്, അവരുടെനേരേ എൻ്റെ കോപം ജ്വലിക്കും. ഞാനവരെ പരിത്യജിക്കുകയും അവരില്‍നിന്ന് എൻ്റെ മുഖം മറയ്ക്കുകയും ചെയ്യും. അവര്‍ നാശത്തിനിരയാകും. അനേകം അനര്‍ത്ഥങ്ങളും കഷ്ടതകളും അവര്‍ക്കുണ്ടാകും. നമ്മുടെ ദൈവം നമ്മുടെയിടയില്‍ ഇല്ലാത്തതുകൊണ്ടല്ലേ ഈ കഷ്ടപ്പാടുകള്‍ നമുക്കു വന്നുഭവിച്ചതെന്ന് ആ ദിവസം അവര്‍ പറയും. 
18: അവര്‍ അന്യദേവന്മാരെപ്പിഞ്ചെന്നുചെയ്ത തിന്മകള്‍നിമിത്തം ഞാനന്ന്, എൻ്റെ മുഖം മറച്ചുകളയും. 
19: ആകയാല്‍, ഈ ഗാനമെഴുതിയെടുത്ത് ഇസ്രായേല്‍ജനത്തെ പഠിപ്പിക്കുക. അവര്‍ക്കെതിരേ സാക്ഷ്യമായിരിക്കേണ്ടതിന്, ഇതവരുടെ അധരത്തില്‍ നിക്ഷേപിക്കുക. 
20: അവരുടെ പിതാക്കന്മാര്‍ക്കു നല്കുമെന്നു ശപഥംചെയ്ത, തേനും പാലുമൊഴുകുന്ന ഭൂമിയില്‍ ഞാനവരെയെത്തിക്കും. അവിടെ അവര്‍ ഭക്ഷിച്ചു തൃപ്തരായി തടിച്ചുകൊഴുക്കും. അപ്പോളവര്‍ അന്യദേവന്മാരുടെനേരേതിരിഞ്ഞ്, അവരെ സേവിക്കും. എൻ്റെയുടമ്പടി ലംഘിച്ച്, എന്നെ നിന്ദിക്കും. 
21: അനേകം അനര്‍ത്ഥങ്ങളും കഷ്ടതകളും അവര്‍ക്കു വന്നുഭവിക്കുമ്പോള്‍ ഈ ഗാനം അവര്‍ക്കെതിരേ സാക്ഷ്യമായി നില്‍ക്കും. വിസ്മൃതമാകാതെ അവരുടെ സന്തതികളുടെ നാവില്‍ ഇതു നിലകൊള്ളും. അവര്‍ക്കു നല്കുമെന്നു ശപഥംചെയ്ത ദേശത്തു ഞാന്‍, അവരെ എത്തിക്കുന്നതിനു മുമ്പുതന്നെ അവരില്‍ കുടികൊള്ളുന്ന വിചാരങ്ങള്‍ എനിക്കറിയാം. 
22: അന്നുതന്നെ മോശ ഈ ഗാനമെഴുതി ഇസ്രായേല്‍ജനത്തെ പഠിപ്പിച്ചു. 
23: കര്‍ത്താവ് നൂനിൻ്റെ മകനായ ജോഷ്വയെ അധികാരമേല്പിച്ചുകൊണ്ടു പറഞ്ഞു: ശക്തനും ധീരനുമായിരിക്കുക. ഞാന്‍ ഇസ്രായേല്‍മക്കള്‍ക്കു നല്കുമെന്ന് ശപഥംചെയ്തിരിക്കുന്ന നാട്ടിലേക്കു നീയവരെ നയിക്കും; ഞാന്‍, നിന്നോടുകൂടെയുണ്ടായിരിക്കും. 
24: മോശ ഈ നിയമങ്ങളെല്ലാം പുസ്തകത്തിലെഴുതി. 
25: അനന്തരം, അവന്‍ കര്‍ത്താവിൻ്റെ ഉടമ്പടിയുടെ പേടകംവഹിച്ചിരുന്ന ലേവ്യരോടു കല്പിച്ചു: 
26: ഈ നിയമപുസ്തകമെടുത്തു നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ ഉടമ്പടിയുടെ പേടകത്തിനരികില്‍ വയ്ക്കുവിന്‍. അവിടെ ഇതു നിങ്ങള്‍ക്കെതിരേ ഒരു സാക്ഷ്യമായിരിക്കട്ടെ. 
27: നിങ്ങളുടെ ധിക്കാരവും ദുശ്ശാഠ്യവും എനിക്കറിയാം. ഇതാ, ഞാന്‍ നിങ്ങളോടുകൂടെ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ നിങ്ങള്‍ ദൈവത്തെ എതിര്‍ത്തിരിക്കുന്നു. എൻ്റെ മരണത്തിനുശേഷം എത്രയധികമായി നിങ്ങള്‍ അവിടുത്തെയെതിര്‍ക്കും! 
28: നിങ്ങളുടെ ഗോത്രത്തിലെ എല്ലാ ശ്രേഷ്ഠന്മാരെയും അധികാരികളെയും എൻ്റെയടുക്കല്‍ വിളിച്ചുകൂട്ടുവിന്‍; ആകാശത്തെയും ഭൂമിയെയും അവര്‍ക്കെതിരേ സാക്ഷിനിര്‍ത്തിക്കൊണ്ട് ഈ വാക്കുകള്‍ അവര്‍ കേള്‍ക്കേ ഞാന്‍ പ്രഖ്യാപിക്കട്ടെ. 
29: എന്തുകൊണ്ടെന്നാല്‍, എൻ്റെ മരണത്തിനുശേഷം നിങ്ങള്‍ തീര്‍ത്തും ദുഷിച്ചുപോകുമെന്നും ഞാന്‍ കല്പിച്ചിരിക്കുന്ന മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിക്കുമെന്നും എനിക്കറിയാം. കര്‍ത്താവിൻ്റെമുമ്പില്‍ തിന്മ പ്രവര്‍ത്തിക്കുകയും നിങ്ങളുടെ കരവേലകളാല്‍ അവിടുത്തെ പ്രകോപിപ്പിക്കുകയുംചെയ്യുന്നതുകൊണ്ട്, വരാനിരിക്കുന്ന നാളുകളില്‍ നിങ്ങള്‍ക്ക് അനര്‍ത്ഥമുണ്ടാകും. 
30: അനന്തരം, മോശ ഇസ്രായേല്‍സമൂഹത്തെ മുഴുവന്‍ ഈ ഗാനം അവസാനംവരെ ചൊല്ലിക്കേള്‍പ്പിച്ചു.

അദ്ധ്യായം 32

മോശയുടെ കീര്‍ത്തനം

1: ആകാശങ്ങളേ, ചെവിക്കൊള്‍ക, ഞാന്‍ സംസാരിക്കുന്നു; ഭൂമി എൻ്റെ വാക്കുകള്‍ ശ്രവിക്കട്ടെ.
2: എൻ്റെ ഉപദേശം മഴത്തുള്ളിപോലെ പതിക്കട്ടെ; എൻ്റെ വാക്കുകള്‍ ഹിമകണങ്ങള്‍പോലെ പൊഴിയട്ടെ; അവ ഇളംപുല്ലിന്മേല്‍ മൃദുലമായ മഴപോലെയും സസ്യങ്ങളുടെമേല്‍ വര്‍ഷധാരപോലെയുമാകട്ടെ.
3: കര്‍ത്താവിൻ്റെ നാമം ഞാന്‍ പ്രഘോഷിക്കും; നമ്മുടെ ദൈവത്തിൻ്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍.
4: കര്‍ത്താവു പാറയാകുന്നു, അവിടുത്തെ പ്രവൃത്തി പരിപൂര്‍ണ്ണവും അവിടുത്തെവഴികള്‍ നീതിയുക്തവുമാണ്. തിന്മയറിയാത്തവനും വിശ്വസ്തനുമാണു ദൈവം; അവിടുന്നു നീതിമാനും സത്യസന്ധനുമാണ്.
5: അവിടുത്തെമുമ്പില്‍ അവര്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചു; അവര്‍ അവിടുത്തെ മക്കളല്ലാതായി; ദുഷ്ടവും വക്രവുമായ തലമുറയാണവരുടേത്.
6: ഭോഷരും ബുദ്ധിഹീനരുമായ ജനമേ, ഇതോ കര്‍ത്താവിനു പ്രതിഫലം? അവിടുന്നല്ലയോ നിങ്ങളെ സൃഷ്ടിച്ച നിങ്ങളുടെ പിതാവ്? നിങ്ങളുടെ സ്രഷ്ടാവും പരിപാലകനും അവിടുന്നല്ലയോ?
7: കഴിഞ്ഞുപോയ കാലങ്ങളോര്‍ക്കുവിന്‍, തലമുറകളിലൂടെ കടന്നുപോയ വര്‍ഷങ്ങളനുസ്മരിക്കുവിന്‍; പിതാക്കന്മാരോടു ചോദിക്കുവിന്‍; അവര്‍ നിങ്ങള്‍ക്കു പറഞ്ഞുതരും. പ്രായംചെന്നവരോടു ചോദിക്കുവിന്‍; അവര്‍ നിങ്ങള്‍ക്കു വിവരിച്ചുതരും.
8: അത്യുന്നതന്‍ ജനതകള്‍ക്ക് അവരുടെ പൈതൃകം വീതിച്ചുകൊടുത്തപ്പോള്‍, മനുഷ്യമക്കളെ അവിടുന്നു വേര്‍തിരിച്ചപ്പോള്‍ ഇസ്രായേല്‍മക്കളുടെ എണ്ണമനുസരിച്ച്, അവിടുന്നു ജനതകള്‍ക്ക് അതിര്‍ത്തി നിശ്ചയിച്ചു.
9: കര്‍ത്താവിൻ്റെ ഓഹരി അവിടുത്തെ ജനമാണ്, യാക്കോബ് അവിടുത്തെ അവകാശവും.
10: അവിടുന്നവനെ മരുഭൂമിയില്‍, ശൂന്യതയോരിയിടുന്ന മണലാരണ്യത്തില്‍ കണ്ടെത്തി; അവനെ വാരിപ്പുണര്‍ന്നു, താത്പര്യപൂര്‍വ്വം പരിചരിച്ച്, തൻ്റെ കണ്ണിലുണ്ണിയായി സൂക്ഷിച്ചു.
11: കൂടു ചലിപ്പിക്കുകയും കുഞ്ഞുങ്ങളുടെമുകളില്‍ ചിറകടിക്കുകയും വിരിച്ച ചിറകുകളില്‍ കുഞ്ഞുങ്ങളെ വഹിക്കുകയുംചെയ്യുന്ന കഴുകനെപ്പോലെ,
12: അവനെ നയിച്ചതു കര്‍ത്താവാണ്; അന്യദേവന്മാരാരും അവനോടൊത്തുണ്ടായിരുന്നില്ല.
13: ഭൂമിയിലെ ഉത്തുംഗതലങ്ങളിലൂടെ അവിടുന്നവനെ സവാരി ചെയ്യിച്ചു; വയലിലെ വിളവുകള്‍ അവന്‍ ഭക്ഷിച്ചു; പാറയില്‍നിന്നു തേനും കഠിനശിലയില്‍നിന്ന് എണ്ണയും അവിടുന്നവനു കുടിക്കാന്‍കൊടുത്തു.
14: കാലിക്കൂട്ടത്തില്‍നിന്നു തൈരും ആട്ടിന്‍പ്പറ്റങ്ങളില്‍നിന്നു പാലും ആട്ടിന്‍കുട്ടികളുടെയും മുട്ടാടുകളുടെയും ബാഷാന്‍ കാലിക്കൂട്ടത്തിൻ്റെയും കോലാടുകളുടെയും കൊഴുപ്പും വിശിഷ്ടമായ ധാന്യവും നിനക്കു നല്കി. ശുദ്ധമായ മുന്തിരിച്ചാറു നീ പാനംചെയ്തു.
15: യഷുറൂണ്‍ തടിച്ചു ശക്തനായി, കൊഴുത്തുമിനുങ്ങി; അവന്‍ തന്നെസൃഷ്ടിച്ച ദൈവത്തെയുപേക്ഷിക്കുകയും തൻ്റെ രക്ഷയുടെ പാറയെ, പുച്ഛിച്ചുതള്ളുകയുംചെയ്തു.
16: അന്യദേവന്മാരെക്കൊണ്ട് അവര്‍ അവിടുത്തെ അസൂയപിടിപ്പിച്ചു; നിന്ദ്യകര്‍മ്മങ്ങള്‍കൊണ്ടു കുപിതനാക്കി.
17: ദൈവമല്ലാത്ത ദുര്‍ദ്ദേവതകള്‍ക്ക് അവര്‍ ബലിയര്‍പ്പിച്ചു; അവരറിയുകയോ നിങ്ങളുടെ പിതാക്കന്മാര്‍ ഭയപ്പെടുകയോചെയ്തിട്ടില്ലാത്തവരും പുതുതായി പ്രത്യക്ഷപ്പെട്ടവരുമാണ് ഈ ദേവന്മാര്‍.
18: നിനക്കു ജന്മംനല്കിയ ശിലയെ നീയവഗണിച്ചു; നിനക്കു രൂപമേകിയ ദൈവത്തെ നീ വിസ്മരിച്ചു.
19: കര്‍ത്താവ് അതുകാണുകയും തൻ്റെ പുത്രീപുത്രന്മാരുടെ പ്രകോപനംനിമിത്തം അവരെ വെറുക്കുകയുംചെയ്തു.
20: അവിടുന്നു പറഞ്ഞു: അവരില്‍നിന്ന് എൻ്റെ മുഖം ഞാന്‍ മറയ്ക്കും; അവര്‍ക്ക് എന്തു സംഭവിക്കുമെന്ന് എനിക്കു കാണണം; അവര്‍ വക്രവും അവിശ്വസ്തവുമായ തലമുറയാണ്.
21: ദൈവമല്ലാത്തതിനെക്കൊണ്ട് അവരെന്നിൽ അസൂയയുണര്‍ത്തി. മിഥ്യാമൂര്‍ത്തികളാല്‍ അവരെന്നെ പ്രകോപിപ്പിച്ചു; അതിനാല്‍, ജനതയല്ലാത്തവരെക്കൊണ്ട് അവരില്‍ ഞാന്‍ അസൂയയുണര്‍ത്തും; ഭോഷന്മാരുടെ ഒരു ജനതയെക്കൊണ്ട് അവരെ ഞാന്‍ പ്രകോപിപ്പിക്കും.
22: എൻ്റെ ക്രോധത്തില്‍നിന്ന്, അഗ്നി ജ്വലിച്ചുയരുന്നു; പാതാളഗര്‍ത്തംവരെയും അതു കത്തിയിറങ്ങും; ഭൂമിയെയും അതിൻ്റെ വിളവുകളെയും അതു വിഴുങ്ങുന്നു; പര്‍വ്വതങ്ങളുടെ അടിത്തറകളെ അതു ദഹിപ്പിക്കുന്നു.
23: അവരുടേമേല്‍ ഞാന്‍ തിന്മ കൂനകൂട്ടും; എൻ്റെയസ്ത്രങ്ങള്‍ ഒന്നൊഴിയാതെ അവരുടെമേല്‍ വര്‍ഷിക്കും.
24: വിശപ്പ്, അവരെ കാര്‍ന്നുതിന്നും; ദഹിപ്പിക്കുന്ന ചൂടും വിഷവ്യാധിയും അവരെ വിഴുങ്ങും; ഹിംസ്രജന്തുക്കളെയും വിഷപ്പാമ്പുകളെയും ഞാന്‍ അവരുടെമേലയയ്ക്കും.
25: വെളിയില്‍ വാളും സങ്കേതത്തിനുള്ളില്‍ ഭീകരതയും യുവാവിനെയും കന്യകയെയും, ശിശുവിനെയും വൃദ്ധനെയും ഒന്നുപോലെ നശിപ്പിക്കും.
26: അവരെ ഞാന്‍ ചിതറിച്ചുകളയും, ജനതകളുടെയിടയില്‍നിന്ന് അവരുടെ ഓര്‍മ്മപോലും തുടച്ചുനീക്കുമെന്നു ഞാന്‍ പറയുമായിരുന്നു.
27: എന്നാല്‍, ശത്രു പ്രകോപനപരമായിപ്പെരുമാറുകയും എതിരാളികള്‍ അഹങ്കാരോന്മത്തരായി, ഞങ്ങളുടെ കരം വിജയിച്ചിരിക്കുന്നു, കര്‍ത്താവല്ല ഇതുചെയ്തതെന്നു പറയുകയുംചെയ്‌തേക്കുമെന്നു ഞാന്‍ ഭയപ്പെട്ടു.
28: ആലോചനയില്ലാത്തൊരു ജനമാണവര്‍; വിവേകവും അവര്‍ക്കില്ല.
29: ജ്ഞാനികളായിരുന്നെങ്കില്‍ അവരിതു മനസ്സിലാക്കുമായിരുന്നു; തങ്ങളുടെ അവസാനത്തെപ്പറ്റിച്ചിന്തിക്കുമായിരുന്നു.
30: ഇസ്രായേലിൻ്റെ അഭയം അവരെ വിറ്റുകളയുകയും, കര്‍ത്താവവരെ കൈവെടിയുകയുംചെയ്തിരുന്നില്ലെങ്കില്‍ ആയിരംപേരെ അനുധാവനംചെയ്യാന്‍ ഒരാള്‍ക്കെങ്ങനെ കഴിയുമായിരുന്നു? പതിനായിരങ്ങളെ തുരത്താന്‍ രണ്ടുപേര്‍ക്കെങ്ങനെ സാധിക്കുമായിരുന്നു?
31: എന്തെന്നാല്‍, നമ്മുടെ ആശ്രയംപോലെയല്ല അവരുടെ ആശ്രയം; നമ്മുടെ ശത്രുക്കള്‍തന്നെ അതു സമ്മതിക്കും.
32: അവരുടെ മുന്തിരി, സോദോമിലെയും ഗൊമോറായിലെയും വയലുകളില്‍ വളരുന്നു. അതിൻ്റെ പഴങ്ങള്‍ വിഷമയമാണ്; കുലകള്‍ തിക്തവും.
33: അവരുടെ വീഞ്ഞ്, കരാളസര്‍പ്പത്തിൻ്റെ വിഷമാണ്; ക്രൂരസര്‍പ്പത്തിൻ്റെ കൊടിയവിഷം!
34: ഈ കാര്യം ഞാന്‍ ഭദ്രമായി സൂക്ഷിക്കുകയല്ലേ? എൻ്റെ അറകളിലാക്കി മുദ്രവച്ചിരിക്കുകയല്ലേ?
35: അവരുടെ കാല്‍വഴുതുമ്പോള്‍ പ്രതികാരംചെയ്യുന്നതും പകരംകൊടുക്കുന്നതും ഞാനാണ്; അവരുടെ വിനാശകാലം ആസന്നമായി, അവരുടെമേല്‍ പതിക്കാനിരിക്കുന്ന നാശം അതിവേഗം അടുത്തുവരുന്നു.
36: അവരുടെ ശക്തിക്ഷയിച്ചെന്നും സ്വതന്ത്രനോ തടവുകാരനോ അവശേഷിച്ചിട്ടില്ലെന്നുംകണ്ട്, കര്‍ത്താവു തൻ്റെ ജനത്തിനുവേണ്ടി നീതിനടത്തും; തൻ്റെ ദാസരോടു കരുണകാണിക്കും.
37: അവിടുന്നു ചോദിക്കും, അവരുടെ ദേവന്മാരെവിടെ? അവരഭയംപ്രാപിച്ച പാറയെവിടെ?
38: അവരര്‍പ്പിച്ച ബലികളുടെ കൊഴുപ്പാസ്വദിക്കുകയും കാഴ്ചവച്ച വീഞ്ഞുകുടിക്കുകയുംചെയ്ത ദേവന്മാരെവിടെ? അവരെഴുന്നേറ്റു നിങ്ങളെ സഹായിക്കട്ടെ. അവരായിരിക്കട്ടെ, നിങ്ങളുടെ സംരക്ഷകര്‍!
39: ഇതാ, ഞാനാണ്, ഞാന്‍മാത്രമാണു ദൈവം; ഞാനല്ലാതെ വേറെ ദൈവമില്ല; കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാന്‍; മുറിവേല്പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍തന്നെ; എൻ്റെ കൈയില്‍നിന്നു രക്ഷപെടുത്തുക ആര്‍ക്കും സാദ്ധ്യമല്ല.
40: ഇതാ, സ്വര്‍ഗ്ഗത്തിലേക്കു കരമുയര്‍ത്തി ഞാന്‍ പ്രഖ്യാപിക്കുന്നു: ഞാനാണ് എന്നേയ്ക്കും ജീവിക്കുന്നവന്‍.
41: തിളങ്ങുന്ന വാളിനു ഞാന്‍ മൂര്‍ച്ചകൂട്ടും; വിധിത്തീര്‍പ്പു കൈയിലെടുക്കും; എൻ്റെ ശത്രുക്കളോടു ഞാന്‍ പകവീട്ടും; എന്നെ വെറുക്കുന്നവരോടു പകരംചോദിക്കും.
42: എൻ്റെയസ്ത്രങ്ങള്‍ രക്തം കുടിച്ചുമദിക്കും, എൻ്റെ വാള്‍ മാംസം വിഴുങ്ങും; മാരകമായ മുറിവേറ്റവരുടെയും തടവുകാരുടെയും രക്തം; ശത്രുനേതാക്കളുടെ ശിരസ്സുകളും.
43: ജനതകളേ, നിങ്ങള്‍ അവിടുത്തെ ജനത്തോടൊത്ത് ആര്‍ത്തുവിളിക്കുവിന്‍; അവിടുന്നു തൻ്റെ ദാസന്മാരുടെ രക്തത്തിനു പ്രതികാരംചെയ്യും; എതിരാളികളോടു പകരംചോദിക്കും; തൻ്റെ ജനത്തിൻ്റെ ദേശത്തുനിന്നു പാപക്കറ നീക്കിക്കളയും.


മോശയുടെ അന്തിമോപദേശം

45: ഇങ്ങനെ ഇസ്രായേല്‍ജനത്തെ ഉദ്ബോധിപ്പിച്ചതിനുശേഷം മോശ പറഞ്ഞു:     
46: ഞാനിന്നു നിങ്ങളോടു കല്പിച്ചിരിക്കുന്ന ഈ നിയമത്തിലെ ഓരോവാക്കും ശ്രദ്ധാപൂര്‍വ്വം പാലിക്കാന്‍ നിങ്ങളുടെ മക്കളോടാജ്ഞാപിക്കുന്നതിനായി അവ ഹൃദയത്തില്‍ സംഗ്രഹിക്കുവിന്‍.
47: എന്തെന്നാല്‍, ഇതു നിസ്സാരമായ കാര്യമല്ല, നിങ്ങളുടെ ജീവനാണിത്. നിങ്ങള്‍ ജോര്‍ദ്ദാനക്കരെ കൈവശമാക്കാന്‍പോകുന്ന ദേശത്തു ദീര്‍ഘകാലം വസിക്കുന്നത് ഇതുമൂലമായിരിക്കും.
48: അന്നുതന്നെ, കര്‍ത്താവു മോശയോടരുളിച്ചെയ്തു:
49: ജറീക്കോയുടെ എതിര്‍വശത്തു മൊവാബുദേശത്തുള്ള അബറീംപര്‍വ്വതനിരയിലെ നെബോമലയില്‍ക്കയറി, ഞാന്‍ ഇസ്രായേല്‍മക്കള്‍ക്ക് അവകാശമായിനല്കുന്ന കാനാന്‍ദേശം നീ കണ്ടുകൊള്ളുക.
50: നിൻ്റെ സഹോദരന്‍ അഹറോന്‍, ഹോര്‍മലയില്‍വച്ചു മരിക്കുകയും തൻ്റെ ജനത്തോടു ചേരുകയുംചെയ്തതുപോലെ നീയും മരിച്ചു നിൻ്റെ ജനത്തോടുചേരും.
51: എന്തെന്നാല്‍, സിന്‍മരുഭൂമിയില്‍, കാദെഷിലെ മെരീബാജലാശയത്തിനു സമീപം ഇസ്രായേല്‍ജനത്തിൻ്റെ മുമ്പില്‍വച്ചു നീ എന്നോട് അവിശ്വസ്തമായി പെരുമാറി; എൻ്റെ പരിശുദ്ധിക്കു നീ സാക്ഷ്യം നല്കിയില്ല.
52: ഇസ്രായേല്‍ജനത്തിനു ഞാന്‍ നല്കുന്ന ആ ദേശം നീ കണ്ടുകൊള്ളുക; എന്നാല്‍ നീയവിടെ പ്രവേശിക്കുകയില്ല.

അദ്ധ്യായം 33

മോശയുടെ ആശീര്‍വാദം

1: ദൈവപുരുഷനായ മോശ, തൻ്റെ മരണത്തിനുമുമ്പ് ഇസ്രായേല്‍ജനത്തിനുനല്കിയ അനുഗ്രഹമാണിത്.
2: അവന്‍ പറഞ്ഞു: കര്‍ത്താവു സീനായില്‍നിന്നു വന്നു, നമുക്കായി സെയിറില്‍നിന്നുദിച്ച്, പാരാന്‍പര്‍വ്വതത്തില്‍നിന്നു പ്രകാശിച്ചു; വിശുദ്ധരുടെ പതിനായിരങ്ങളോടൊത്തുവന്നു. നമുക്കായി അവിടുത്തെ വലത്തു ഭാഗത്തുനിന്നു ജ്വലിക്കുന്ന നിയമം പുറപ്പെട്ടു.
3: അവിടുന്നു തൻ്റെ ജനത്തെ സ്‌നേഹിച്ചു; തൻ്റെ വിശുദ്ധരെല്ലാവരും അവിടുത്തെ കരങ്ങളിലായിരുന്നു; അവിടുത്തെ പാദാന്തികത്തിലിരുന്ന്, അവിടുത്തെ വചനം അവര്‍ ശ്രവിച്ചു.
4: മോശ നമുക്കു നിയമം നല്കി; യാക്കോബിനു പിതൃസ്വത്താണത്.
5: ഇസ്രായേല്‍ഗോത്രങ്ങളും ജനത്തിൻ്റെ തലവന്മാരും ഒരുമിച്ചുകൂടിയപ്പോള്‍ യഷുറൂണില്‍ കര്‍ത്താവായിരുന്നു രാജാവ്.
6: റൂബന്‍ ജീവിക്കട്ടെ, അവന്‍ മരിക്കാതിരിക്കട്ടെ, എന്നാല്‍, അവൻ്റെ സംഖ്യ പരിമിതമായിരിക്കട്ടെ.
7: യൂദായെ ഇപ്രകാരമനുഗ്രഹിച്ചു: കര്‍ത്താവേ, യൂദായുടെ സ്വരം ശ്രവിക്കണമേ; അവനെ തൻ്റെ ജനത്തിൻ്റെയടുക്കലേക്കു കൊണ്ടുവരണമേ! അങ്ങയുടെ കരം അവനെ സംരക്ഷിക്കട്ടെ! അവൻ്റെ ശത്രുക്കള്‍ക്കെതിരേ അങ്ങവനു തുണയായിരിക്കണമേ!
8: ലേവിയെക്കുറിച്ച് അവന്‍ പറഞ്ഞു: അങ്ങയുടെ തുമ്മീമും ഉറീമും അങ്ങയുടെ വിശ്വസ്തനു നല്കണമേ! അവനെയാണ്, അങ്ങ് മാസായില്‍വച്ചു പരീക്ഷിച്ചത്. അവനുമായാണ് മെരീബാ ജലാശയത്തിങ്കല്‍വച്ച് അങ്ങ് ഏറ്റുമുട്ടിയത്.
9: നിങ്ങളെ ഞാനറിയില്ലെന്ന് അവന്‍ തൻ്റെ മാതാപിതാക്കന്മാരോടു പറഞ്ഞു; സഹോദരരെ അവനംഗീകരിച്ചില്ല, സ്വന്തം മക്കളെ സ്വീകരിച്ചുമില്ല. അവര്‍ അവിടുത്തെ വാക്കുകളനുസരിച്ച് അവിടുത്തെയുടമ്പടി പാലിച്ചു.
10: അവര്‍ യാക്കോബിനെ അവിടുത്തെ നീതിവിധികള്‍ പഠിപ്പിക്കും; ഇസ്രായേലിനെ അവിടുത്തെ നിയമവും. അവര്‍ അവിടുത്തെ സന്നിധിയില്‍ ധൂപമര്‍പ്പിക്കും. അവിടുത്തെ ബലിപീഠത്തിന്മേല്‍ ദഹനബലികളും.
11: കര്‍ത്താവേ, അവനെ അനുഗ്രഹിച്ചു സമ്പന്നനാക്കണമേ! പ്രയത്‌നങ്ങളെ ആശീര്‍വ്വദിക്കണമേ! അവൻ്റെ ശത്രുവിൻ്റെയും അവനെ വെറുക്കുന്നവൻ്റെയും നടുവൊടിക്കണമേ! അവരെഴുന്നേല്‍ക്കാതിരിക്കട്ടെ!
12: ബഞ്ചമിനെക്കുറിച്ച്, അവന്‍ പറഞ്ഞു: കര്‍ത്താവിനു പ്രിയപ്പെട്ടവന്‍; അവിടുത്തെ സമീപത്ത് അവന്‍ സുരക്ഷിതനായി വസിക്കുന്നു. അവിടുന്ന് എല്ലായ്‌പ്പോഴും അവനെ വലയംചെയ്യും; അവിടുത്തെ ചുമലുകളുടെയിടയില്‍ അവന്‍ വാസമുറപ്പിക്കും.
13: ജോസഫിനെക്കുറിച്ച് അവന്‍ പറഞ്ഞു: അവൻ്റെദേശം കര്‍ത്താവിനാല്‍ അനുഗൃഹീതമാകട്ടെ! ആകാശത്തുനിന്ന് വിശിഷ്ടമായ മഞ്ഞ്, അഗാധതയില്‍നിന്നുള്ള ഉറവ,
14: സൂര്യപ്രകാശത്തില്‍ വിളയുന്ന നല്ലഫലങ്ങള്‍, മാസംതോറും ലഭിക്കുന്ന വിശിഷ്ടവിഭവങ്ങള്‍,
15: പ്രാചീനപര്‍വ്വതങ്ങളുടെ ശ്രേഷ്ഠദാനങ്ങള്‍, ശാശ്വതശൈലങ്ങളുടെ അമൂല്യനിക്ഷേപങ്ങള്‍,
16: ഭൂമിയിലെ നല്ലവസ്തുക്കള്‍, അവയുടെ സമൃദ്ധി എന്നിവകൊണ്ടു മുള്‍പ്പടര്‍പ്പില്‍ വസിക്കുന്നവൻ്റെ പ്രസാദം, ജോസഫിൻ്റെ ശിരസ്‌സില്‍, സഹോദരന്മാര്‍ക്കിടയില്‍ പ്രഭുവായിരുന്നവൻ്റെ നെറുകയില്‍ വരുമാറാകട്ടെ!
17: അവൻ്റെ കരുത്തു കടിഞ്ഞൂല്‍ക്കൂറ്റന്റേത്; അവൻ്റെ കൊമ്പുകള്‍ കാട്ടുപോത്തിന്റേത്; ആ കൊമ്പുകള്‍കൊണ്ട് അവന്‍ ജനതകളെയെല്ലാം ഭൂമിയുടെ അതിര്‍ത്തിയിലേക്കു തള്ളിമാറ്റും. അവരാണ് എഫ്രായിമിൻ്റെ പതിനായിരങ്ങള്‍; അവരാണ് മനാസ്സെയുടെ ആയിരങ്ങള്‍.
18: സെബുലൂണിനെക്കുറിച്ച് അവന്‍ പറഞ്ഞു: സെബുലൂണ്‍, നീ നിൻ്റെ പ്രയാണത്തില്‍ സന്തോഷിച്ചാലും! ഇസാക്കര്‍, നീ നിൻ്റെ കൂടാരത്തിലും.
19: അവര്‍ ജനതകളെ പര്‍വ്വതത്തിലേക്കു വിളിക്കും; അവിടെ അവര്‍ നീതിയുടെ ബലികളര്‍പ്പിക്കും; അവര്‍ സമുദ്രങ്ങളുടെ സമൃദ്ധി വലിച്ചുകുടിക്കും; മണലിലെ നിഗൂഢനിക്ഷേപങ്ങളും.
20: ഗാദിനെക്കുറിച്ച് അവന്‍ പറഞ്ഞു: ഗാദിൻ്റെ അതിര്‍ത്തി വിസ്തൃതമാക്കുന്നവന്‍ അനുഗൃഹീതന്‍, ഗാദ് ഒരു സിംഹത്തെപ്പോലെ വസിക്കുന്നു; അവന്‍ ഭുജം മൂര്‍ദ്ധാവോടുകൂടെ വലിച്ചുകീറുന്നു.
21: അവന്‍ നാടിൻ്റെ ഏറ്റവും നല്ല ഭാഗം സ്വന്തമാക്കി; അവിടെയാണു നേതാവിൻ്റെ ഓഹരിനിക്ഷിപ്തമായിരുന്നത്. അവന്‍ ജനനേതാക്കളുമൊത്തു വന്നു; കര്‍ത്താവിൻ്റെ നീതി നടപ്പിലാക്കി; ഇസ്രായേലില്‍ അവിടുത്തെ കല്പനകളും നീതിവിധികളും.
22: ദാനിനെക്കുറിച്ച് അവന്‍ പറഞ്ഞു: ദാന്‍ ഒരു സിംഹക്കുട്ടിയാണ്; അവന്‍ ബാഷാനില്‍നിന്നു കുതിച്ചുചാടുന്നു.
23: നഫ്താലിയെക്കുറിച്ച് അവന്‍ പറഞ്ഞു: നഫ്താലി പ്രസാദത്താല്‍ സംതൃപ്തന്‍; ദൈവത്തിൻ്റെ അനുഗ്രഹംകൊണ്ടു സമ്പൂര്‍ണ്ണന്‍. കടലും ദക്ഷിണദിക്കും നീ കൈവശമാക്കുക.
24: ആഷേറിനെക്കുറിച്ച് അവന്‍ പറഞ്ഞു: പുത്രന്മാരില്‍ ഏറ്റവും അനുഗൃഹീതന്‍ ആഷേറായിരിക്കട്ടെ! സഹോദരന്മാരില്‍ പ്രിയങ്കരനും. അവന്‍ തൻ്റെ പാദങ്ങള്‍ എണ്ണയില്‍ക്കഴുകട്ടെ!
25: നിൻ്റെ ഓടാമ്പല്‍ ഇരുമ്പും പിത്തളയും; നിൻ്റെ ആയുസ്സോളം നിൻ്റെ ശക്തിയും.
26: യഷുറൂണ്‍, നിൻ്റെ ദൈവത്തെപ്പോലെ ആരുമില്ല; നിന്നെ സഹായിക്കാന്‍ അവിടുന്നു വിഹായസ്സിലൂടെ മഹത്വപൂര്‍ണ്ണനായി മേഘത്തിന്മേല്‍ സഞ്ചരിക്കുന്നു.
27: നിത്യനായ ദൈവം നിൻ്റെ അഭയം; താങ്ങാന്‍ ശാശ്വതഹസ്തങ്ങള്‍; അവിടുന്നു നിൻ്റെ ശത്രുവിനെ തട്ടിമാറ്റും. സംഹരിക്കൂ! അവിടുന്നു പറയും.
28: ഇസ്രായേല്‍ സുരക്ഷിതമായി വസിക്കും; യാക്കോബിൻ്റെ സന്തതികള്‍ ധാന്യവും വീഞ്ഞുമുള്ള നാട്ടില്‍ തനിച്ചുപാര്‍ക്കും; ആകാശം മഞ്ഞുപൊഴിക്കും.
29: ഇസ്രായേലേ, നീ ഭാഗ്യവാന്‍! നിന്നെ സഹായിക്കുന്ന പരിചയും നിന്നെ മഹത്വമണിയിക്കുന്ന വാളുമായ കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ട നിന്നെപ്പോലെ മറ്റേതു ജനമാണുള്ളത്? ശത്രുക്കള്‍ നിന്നെ വഞ്ചിക്കാന്‍ ശ്രമിക്കും; എന്നാല്‍, നീ അവരുടെ ഉന്നതസ്ഥലങ്ങള്‍ ചവിട്ടിമെതിക്കും.

അദ്ധ്യായം 34

മോശയുടെ മരണം

1: അനന്തരം, മോശ മൊവാബു സമതലത്തില്‍നിന്നു ജറീക്കോയുടെ എതിര്‍വശത്തു സ്ഥിതിചെയ്യുന്ന നെബോമലയിലെ പിസ്ഗായുടെ മുകളില്‍ക്കയറി. കര്‍ത്താവവന്, എല്ലാ പ്രദേശങ്ങളും കാണിച്ചുകൊടുത്തു വേഗിലയാദുമുതല്‍ ദാന്‍വരെയുള്ള പ്രദേശങ്ങളും
2: നഫ്താലി മുഴുവനും എഫ്രായിമിൻ്റെയും മനാസ്സെയുടെയും ദേശങ്ങളും പശ്ചിമസമുദ്രംവരെയുള്ള യൂദാദേശവും
3: നെഗെബും ഈന്തപ്പനകളുടെ പട്ടണമായ ജറീക്കോ സ്ഥിതിചെയ്യുന്ന താഴ്‌വരയിലെ സോവാര്‍വരെയുള്ള സമതലവും.
4: അനന്തരം, കര്‍ത്താവവനോടു പറഞ്ഞു: നിൻ്റെ സന്തതികള്‍ക്കു നല്കുമെന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ഞാന്‍ ശപഥംചെയ്ത ദേശമാണിത്. ഇതുകാണാന്‍ ഞാന്‍ നിന്നെയനുവദിച്ചു; എന്നാല്‍, നീ ഇതില്‍ പ്രവേശിക്കുകയില്ല.
5: കര്‍ത്താവിൻ്റെ ദാസനായ മോശ, അവിടുന്നരുളിച്ചെയ്തതുപോലെ മൊവാബുദേശത്തുവച്ചു മരിച്ചു.
6: മൊവാബുദേശത്തു ബത്പെയോറിനെതിരേയുള്ള താഴ്‌വരയില്‍ അവന്‍ സംസ്‌കരിക്കപ്പെട്ടു. എന്നാലിന്നുവരെ, അവൻ്റെ ശവകുടീരത്തിൻ്റെ സ്ഥാനം ആര്‍ക്കുമറിവില്ല.
7: മരിക്കുമ്പാള്‍ മോശയ്ക്കു നൂറ്റിയിരുപതു വയസ്സുണ്ടായിരുന്നു. അവൻ്റെ കണ്ണു മങ്ങുകയോ ശക്തിക്ഷയിക്കുകയോ ചെയ്തിരുന്നില്ല.
8: ഇസ്രായേല്‍, മുപ്പതുദിവസം മൊവാബുതാഴ്‌വരയില്‍ മോശയെയോര്‍ത്തു വിലപിച്ചു. മോശയ്ക്കുവേണ്ടിയുള്ള വിലാപദിവസങ്ങള്‍ പൂര്‍ത്തിയായി.
9: നൂനിൻ്റെ പുത്രനായ ജോഷ്വ, ജ്ഞാനത്തിൻ്റെ ആത്മാവിനാല്‍ പൂരിതനായിരുന്നു; എന്തെന്നാല്‍, മോശ അവൻ്റെമേല്‍ കൈകള്‍വച്ചിരുന്നു. ഇസ്രായേല്‍ജനം അവൻ്റെ വാക്കു കേള്‍ക്കുകയും കര്‍ത്താവു മോശയോടു കല്പിച്ചിരുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.
10: കര്‍ത്താവ് മുഖാഭിമുഖം സംസാരിച്ച മോശയെപ്പോലെ മറ്റൊരു പ്രവാചകന്‍ പിന്നീട് ഇസ്രായേലില്‍ ഉണ്ടായിട്ടില്ല.
11: കര്‍ത്താവിനാല്‍ നിയുക്തനായി, ഈജിപ്തില്‍ ഫറവോയ്ക്കും ദാസന്മാര്‍ക്കും രാജ്യത്തിനു മുഴുവനുമെതിരായി അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങളിലും അദ്ഭുതങ്ങളിലും,
12: ഇസ്രായേല്‍ജനത്തിൻ്റെ മുമ്പില്‍ പ്രകടമാക്കിയ മഹത്തും ഭയാനകവുമായ പ്രവൃത്തികളിലും മോശ അതുല്യനാണ്.