ഇരുന്നൂറ്റിത്തൊണ്ണൂറ്റിയഞ്ചാം ദിവസം: ലൂക്കാ 8 - 9


അദ്ധ്യായം 8

യേശുവിനെനുഗമിച്ച സ്ത്രീകള്‍
1: അതിനുശേഷം അവൻ, പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സദ്‌വാർത്തയറിയിക്കുകയുംചെയ്തുകൊണ്ട്, പട്ടണങ്ങളും ഗ്രാമങ്ങളുംതോറും സഞ്ചരിക്കുകയായിരുന്നു. അവനോടുകൂടെ പന്ത്രണ്ടുപേരും 
2: ദുഷ്ടാത്മാക്കളില്‍നിന്നും വ്യാധികളില്‍നിന്നും സുഖമാക്കപ്പെട്ട ചില സ്ത്രീകളും ഏഴു ദുഷ്ടാത്മാക്കള്‍ വിട്ടുപോയ മഗ്ദലേന എന്നു വിളിക്കപ്പെടുന്ന മറിയവും 
3: ഹേറോദേസിന്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യൊവാന്നയും സൂസന്നയും മറ്റുസ്ത്രീകളുമുണ്ടായിരുന്നു. അവർ തങ്ങളുടെ സ്വത്തുകൊണ്ട്, അവരെ ശുശ്രൂഷിച്ചിരുന്നു.

വിതക്കാരന്റെ ഉപമ
4: 
വലിയ ജനക്കൂട്ടവും ഓരോ പട്ടണത്തിൽനിന്നുള്ളവരും  തന്റെ അടുത്തുകൂടിയപ്പോൾ അവനവരോട്, ഉപമയിലൂടെ അരുൾചെയ്തു:
5: വിതക്കാരന്‍ തന്റെ വിത്തു വിതയ്ക്കാന്‍ പുറപ്പെട്ടു. വിതയ്ക്കുമ്പോള്‍ ചിലതു വഴിയരികില്‍ വീണു. അതു ചവിട്ടപ്പെടുകയും ആകാശത്തിലെ പക്ഷികള്‍ തിന്നുകയുംചെയ്തു.
6: ചിലതു പാറമേല്‍ വീണു. അതു മുളച്ചുപൊങ്ങിയപ്പോൾ, നനവില്ലാതിരുന്നതുകൊണ്ട് ഉണങ്ങിപ്പോയി.
7: ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ അതിനോടൊപ്പം വളര്‍ന്ന്, അതിനെ ഞെരുക്കിക്കളഞ്ഞു.
8: ചിലതു നല്ലനിലത്തു വീണു. അതു വളര്‍ന്നു നൂറുമേനി ഫലംപുറപ്പെടുവിച്ചു. ഇത് പറഞ്ഞുകൊണ്ട്, അവന്‍ സ്വരമുയര്‍ത്തിപ്പറഞ്ഞു: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

ഉപമയുടെ വിശദീകരണം
9: ഈ ഉപമയുടെ അര്‍ത്ഥമെന്തെന്നു അവന്റെ ശിഷ്യന്മാര്‍ അവനോടു ചോദിച്ചു.
10: അവന്‍ പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ, അറിയാന്‍ നിങ്ങള്‍ക്കു നല്കപ്പെട്ടിരിക്കുന്നു. മററുള്ളവര്‍ക്കാകട്ടെ, ഉപമകളിലൂടെയും. അവര്‍ കണ്ടിട്ടും കാണാതിരിക്കാനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കാനുംവേണ്ടിയാണത്.
11: ഉപമയിതാണ്: വിത്തു ദൈവത്തിന്റെ വചനമാണ്.
12: ചിലര്‍ വചനംശ്രവിച്ചെങ്കിലും അവര്‍ വിശ്വസിക്കുകയോ രക്ഷപെടുകയോചെയ്യാതിരിക്കുവാന്‍വേണ്ടി പിശാചുവന്ന് അവരുടെ ഹൃദയങ്ങളില്‍നിന്ന്, ആ വചനമെടുത്തുകളയുന്നു. ഇവരാണു വഴിയരികില്‍വീണ വിത്ത്.
13: പാറയില്‍ വീണതാകട്ടെ, കേള്‍ക്കുമ്പോള്‍ ആ 
വചനം സന്തോഷത്തോടെ സ്വീകരിക്കുന്നവരാണ്. എങ്കിലും അവര്‍ക്കു വേരുകളില്ല. അവര്‍ കുറച്ചുസമയത്തേക്കു വിശ്വസിക്കുന്നു. എന്നാല്‍ പ്രലോഭനങ്ങളുടെ സമയത്ത്, അവര്‍ വീണുപോകുന്നു.
14: മുള്ളുകളുടെയിടയില്‍ വീണത്, കേട്ടിട്ടും, പോകുംവഴി, ഉൽക്കണ്ഠകൾ, സമ്പത്ത്, ജീവിതത്തിന്റെ സുഖഭോഗങ്ങള്‍ എന്നിവ വചനത്തെ ഞെരുക്കിക്കളയുന്നതുകൊണ്ട്, ഫലംപുറപ്പെടുവിക്കാത്തവരുമാണ്.
15: നല്ലനിലത്തു വീണതോ, ഉത്കൃഷ്ടവും നല്ലതുമായഹൃദയത്തില്‍ വചനംകേട്ട്, മുറുകെപ്പിടിക്കുകയും ക്ഷമയോടെ ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നവരാകുന്നു.

ദീപം മറച്ചുവയ്ക്കരുത്
16: ആരും വിളക്കുകൊളുത്തി, പാത്രംകൊണ്ടുമൂടുകയോ കട്ടിലിനടിയില്‍ വയ്ക്കുകയോ ചെയ്യുന്നില്ല, മറിച്ച്, അകത്തുപ്രവേശിക്കുന്നവര്‍ വെളിച്ചംകാണാന്‍ അതു ദീപപീഠത്തിന്മേല്‍ വയ്ക്കുന്നു.
17: വെളിപ്പെടുത്തപ്പെടാതെ 
മറഞ്ഞിരിക്കുന്ന ഒന്നുമില്ല. അറിയപ്പെടാതെയും വെളിച്ചത്തുവരാതെയും മറഞ്ഞിരിക്കുന്നതും ഒന്നുമില്ല.
18: ആകയാല്‍, നിങ്ങളെപ്രകാരമാണു കേള്‍ക്കുന്നതെന്നു സൂക്ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, ഉള്ളവനു നല്കപ്പെടും; ഇല്ലാത്തവനില്‍നിന്ന് ഉണ്ടെന്ന് അവന്‍ വിചാരിക്കുന്നതുകൂടെയും എടുക്കപ്പെടും.

യേശുവിന്റെ അമ്മയും സഹോദരരും
19: പിന്നീട്, അവന്റെ അമ്മയും സഹോദരരും അവന്റെയടുത്തു വന്നു. എന്നാല്‍, ജനക്കൂട്ടംനിമിത്തം അവനുമായി കണ്ടുമുട്ടാൻകഴിഞ്ഞില്ല.
20: നിന്റെ അമ്മയും 
നിന്റെ സഹോദരരും നിന്നെക്കാണാനാഗ്രഹിച്ചു പുറത്തു നില്‍ക്കുന്നുവെന്ന് അവരറിയിച്ചു.
21: അവനവരോടു മറുപടിപറഞ്ഞു: ദൈവത്തിന്റെ വചനം ശ്രവിക്കുകയും നിറവേറ്റുകയുംചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരരും.

കൊടുങ്കാറ്റു ശാന്തമാക്കുന്നു
22: ഒരുദിവസം യേശുവും അവന്റെ ശിഷ്യന്മാരും വഞ്ചിയില്‍ക്കയറി. 
അവനവരോടു പറഞ്ഞു: നമുക്കു തടാകത്തിന്റെ മറുകരയ്ക്കു പോകാം. അവര്‍ പുറപ്പെട്ടു.
23: അവര്‍ തുഴഞ്ഞുകൊണ്ടിരുന്നപ്പോള്‍ അവനുറങ്ങി. അപ്പോള്‍ തടാകത്തില്‍ കൊടുങ്കാറ്റുണ്ടായി. മുങ്ങിത്തുടങ്ങിയ അവര്‍ അപകടത്തിലായി.
24: അവരടുത്തുവന്ന്, ഗുരോ, ഗുരോ, ഞങ്ങള്‍ നശിക്കുന്നു എന്നുപറഞ്ഞ് അവനെയുണര്‍ത്തി. അവനെഴുന്നേറ്റു കാറ്റിനെയും തിരകളെയും ശാസിച്ചു. അവ നിലച്ചു, ശാന്തതയുണ്ടായി.
25: അവനവരോടു ചോദിച്ചു: നിങ്ങളുടെ വിശ്വാസമെവിടെ? അവര്‍ ഭയന്ന്, അദ്ഭുതത്തോടെ അന്യോന്യം പറഞ്ഞു: ഇവനാരാണ്? കാറ്റിനോടും വെള്ളത്തോടും കല്പിക്കുകയും അവ, അവനെ  അനുസരിക്കുകയുംചെയ്യുന്നല്ലോ.

പിശാചുബാധിതനെ സുഖപ്പെടുത്തുന്നു
26: അതിനുശേഷം അവര്‍ വഞ്ചിയിൽ, ഗലീലിക്കെതിരേയുള്ള ഗരസേനരുടെ നാട്ടിലെത്തി.
27: അവന്‍ കരയ്ക്കിറങ്ങിയപ്പോള്‍, 
ആ പട്ടണത്തില്‍നിന്ന്, പിശാചുബാധയുള്ള ഒരുവന്‍ അവനെ സമീപിച്ചു. വളരെക്കാലമായി അവന്‍ വസ്ത്രംധരിക്കാറില്ലായിരുന്നു. വീട്ടിലല്ല, കല്ലറകളിലാണ് അവന്‍ വസിച്ചിരുന്നത്.
28: യേശുവിനെക്കണ്ടപ്പോള്‍ അവന്‍ നിലവിളിച്ചുകൊണ്ട് അവന്റെ മുമ്പില്‍ വീഴുകയും വലിയസ്വരത്തിൽ പറയുകയുംചെയ്തു: യേശുവേ, അത്യുന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കുമെന്ത്? ഞാന്‍ നിന്നോടപേക്ഷിക്കുന്നു: എന്നെ പീഡിപ്പിക്കരുത്.
29: കാരണം, ആ മനുഷ്യനില്‍നിന്നു പുറത്തുപോകാന്‍ അശുദ്ധാത്മാവിനോട് യേശു കല്പിച്ചിരുന്നു. പലപ്പോഴും അതവനെ പിടികൂടിയിരുന്നു. ചങ്ങലകളും കാല്‍വിലങ്ങുകളുംകൊണ്ടു ബന്ധിച്ചുസൂക്ഷിച്ചിരുന്നിട്ടും, അവനതെല്ലാം തകര്‍ക്കുകയും അശുദ്ധാത്മാവ് വിജനപ്രദേശങ്ങളിലേക്ക്, അവനെ കൊണ്ടുപോവുകയുംചെയ്യുമായിരുന്നു.
30: യേശു അവനോടു ചോദിച്ചു: നിന്റെ പേരെന്ത്? അവന്‍ പറഞ്ഞു: ലെഗിയോണ്‍. എന്തെന്നാല്‍, അനേകം പിശാചുക്കള്‍ അവനെ ആവേശിച്ചിരുന്നു.
31: പാതാളത്തിലേക്കുപോകാന്‍ തങ്ങളോടു കല്പിക്കരുതെന്ന്, അവ അവനോടു യാചിച്ചു.
32: വലിയൊരു പന്നിക്കൂട്ടം കുന്നിന്‍പുറത്തു തീറ്റ തിന്നുണ്ടായിരുന്നു. ആ പന്നികളെ ആവേശിക്കാന്‍ തങ്ങളെയനുവദിക്കണമെന്നു പിശാചുക്കളപേക്ഷിച്ചു. അവനവയെ അനുവദിച്ചു.
33: അപ്പോളവ ആ മനുഷ്യനെവിട്ടു പന്നികളില്‍ പ്രവേശിച്ചു. പന്നിക്കൂട്ടം, കിഴുക്കാംതൂക്കായ ചരിവിലൂടെ തടാകത്തിലേക്കുപാഞ്ഞു മുങ്ങിച്ചത്തു.
34: പന്നികളെ തീറ്റുന്നവര്‍ സംഭവച്ചതുകണ്ട്, ഓടിച്ചെന്നു പട്ടണത്തിലും ഗ്രാമപ്രദേശങ്ങളിലും വിവരമറിയിച്ചു.
35: സംഭവിച്ചതെന്തെന്നുകാണാന്‍ ആളുകൾപുറപ്പെട്ട്, യേശുവിന്റെ അടുത്തുവന്നു. പിശാചുബാധയില്‍നിന്നു വിമോചിതനായ ആ മനുഷ്യന്‍ വസ്ത്രംധരിച്ച്, സുബോധത്തോടെ യേശുവിന്റെ കാല്‍ക്കലിരിക്കുന്നതുകണ്ടു. അവര്‍ ഭയപ്പെട്ടു.
36: പിശാചുബാധിതന്‍ എങ്ങനെ സുഖപ്പെട്ടുവെന്ന്, കണ്ടവർ അവരെ അറിയിച്ചു.
37: തങ്ങളെ വിട്ടുപോകണമെന്നു ഗരസേനരുടെ സമീപപ്രദേശങ്ങളിലെ ജനങ്ങളെല്ലാം അവനോടപേക്ഷിച്ചു. എന്തെന്നാൽ, വലിയഭയം അവരെ ഗ്രസിച്ചിരുന്നു. 
38: പിശാചുബാധയൊഴിഞ്ഞ ആ മനുഷ്യന്‍ അവന്റെകൂടെയായിരിക്കാന്‍ യാചിച്ചു. യേശുവാകട്ടെ, അവനെ പറഞ്ഞയച്ചുകൊണ്ട്, ആവശ്യപ്പെട്ടു:
39: നീ വീട്ടിലേക്കു തിരിച്ചുപോകുക. ദൈവം നിനക്കു ചെയ്തതതൊക്കെയും വിവരിക്കുക. യേശു തനിക്കുവേണ്ടി ചെയ്തവയെല്ലാം പട്ടണംമുഴുവന്‍ പ്രഘോഷിച്ച്, 
അവന്‍ പോയി .

ജായ്‌റോസിന്റെ മകൾ; രക്തസ്രാവക്കാരി
40: യേശു തിരിച്ചുവന്നപ്പോള്‍ ജനക്കൂട്ടം അവനെ വരവേറ്റു.
എല്ലാവരും അവനെ കാത്തിരിക്കുകയായിരുന്നു. 
41: അപ്പോള്‍, ജായ്റോസ് എന്നുപേരുള്ള ഒരുവൻ വന്നു. അയാൾ, സിനഗോഗിലെ അധികാരിയായിരുന്നു. അയാൾ, യേശുവിന്റെ കാല്‍ക്കല്‍വീണ്, തന്റെ വീട്ടിലേക്കു വരണമെന്നപേക്ഷിച്ചു.
42: കാരണം, പന്ത്രണ്ടുവയസ്സോളം പ്രായമുള്ള അവന്റെ ഏകപുത്രി ആസന്നമരണയായിരുന്നു. അവന്‍ പോകുമ്പോള്‍ ജനക്കൂട്ടം അവനെ തിക്കിക്കൊണ്ടിരുന്നു.
43:പന്ത്രണ്ടുവര്‍ഷമായി രക്തസ്രാവമുണ്ടായിരുന്നവളും സമ്പാദ്യംമുഴുവൻ വൈദ്യന്മാർക്കു കൊടുത്തിട്ടും ആര്‍ക്കും സുഖപ്പെടുത്താന്‍കഴിയാതിരുന്നവളുമായ ഒരു സ്ത്രീ
44: പിന്നിലൂടെ വന്ന്, അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ സ്പര്‍ശിച്ചു. തത്ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു.
45: യേശു ചോദിച്ചു: ആരാണെന്നെ സ്പര്‍ശിച്ചത്? എല്ലാവരും നിഷേധിച്ചപ്പോള്‍, പത്രോസ് പറഞ്ഞു: ഗുരോ, ജനക്കൂട്ടം ചുറ്റുംകൂടി, നിന്നെ തിക്കുകയാണല്ലോ.
46: യേശു പറഞ്ഞു: ആരോ എന്നെ സ്പര്‍ശിച്ചു. എന്നില്‍നിന്നു ശക്തി പുറപ്പെട്ടിരിക്കുന്നെന്നു ഞാനറിയുന്നു.
47: മറഞ്ഞിരിക്കാന്‍ സാധിക്കില്ലെന്നുകണ്ടപ്പോള്‍ അവള്‍ വിറയലോടെവന്ന്, അവന്റെ കാല്‍ക്കല്‍വീണ്, താനവനെ എന്തിനു സ്പര്‍ശിച്ചെന്നും എങ്ങനെ തൽക്ഷണം സുഖമാക്കപ്പെട്ടെന്നും ജനംമുഴുവന്റെയുംമുമ്പാകെ അറിയിച്ചു.
48: അവനവളോടു പറഞ്ഞു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തിൽ പോകുക.
49: അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, സിനഗോഗധികാരിയുടെ വീട്ടില്‍നിന്ന് ഒരാള്‍വന്നു പറഞ്ഞു: നിന്റെ മകള്‍ മരിച്ചുപോയി; ഗുരുവിനെ ഇനിയും ബുദ്ധിമുട്ടിക്കേണ്ടാ.
50: ഇതുകേട്ടു 
യേശു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക, അവള്‍ രക്ഷപ്പെടും.
51: അവന്‍ വീട്ടിലെത്തിയപ്പോള്‍ തന്നോടുകൂടെ അകത്തുപ്രവേശിക്കാന്‍ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും പെണ്‍കുട്ടിയുടെ പിതാവിനെയും മാതാവിനെയുമല്ലാതെ മറ്റാരെയുമനുവദിച്ചില്ല.
52: എല്ലാവരും കരയുകയും അവളെക്കുറിച്ചു വിലപിക്കുകയുംചെയ്തുകൊണ്ടിരുന്നു. അവന്‍ പറഞ്ഞു: കരയേണ്ടാ, അവള്‍ മരിച്ചിട്ടില്ല, ഉറങ്ങുകയാണ്.
53: എന്നാല്‍, അവള്‍ മരിച്ചുകഴിഞ്ഞു എന്നറിഞ്ഞിരുന്നതുകൊണ്ട് അവരവനെ പരിഹസിച്ചു.
54: അവനവളുടെ കൈയ്ക്കുപിടിച്ച് അവളെ വിളിച്ചുകൊണ്ടു പറഞ്ഞു: ബാലികേ, എഴുന്നേല്‍ക്കുക.
55: അപ്പോള്‍ അവളുടെ ആത്മാവ്, തിരിച്ചുവന്നു. ഉടനെ അവള്‍ എഴുന്നേറ്റിരുന്നു. അവള്‍ക്കു ഭക്ഷിക്കാൻ എന്തെങ്കിലും നല്കാൻ അവന്‍ നിര്‍ദ്ദേശിച്ചു.
56: അവളുടെ മാതാപിതാക്കന്മാർ അദ്‌ഭുതസ്തബ്ധരായി. സംഭവിച്ചതെന്തെന്ന്, ആരോടും പറയരുതെന്ന് അവൻ കല്പിച്ചു.

അദ്ധ്യായം 9 

അപ്പസ്‌തോലന്മാരെ അയയ്ക്കുന്നു
1: അവന്‍ പന്ത്രണ്ടുപേരെയും അടുക്കൽവിളിച്ച്, സകലപിശാചുക്കളുടെയുംമേല്‍ അവര്‍ക്കു ശക്തിയും 
ധികാരവുംകൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും.
2: ദൈവരാജ്യംപ്രഘോഷിക്കാനും രോഗികളെ സുഖപ്പെടുത്താനും അവനവരെ അയച്ചു.
3: അവന്‍ പറഞ്ഞു: യാത്രയ്ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നുമെടുക്കരുത്. രണ്ടുടുപ്പുമുണ്ടായിരിക്കരുത്.
4: നിങ്ങള്‍ ഏതുവീട്ടില്‍ പ്രവേശിക്കുന്നുവോ അവിടെ താമസിക്കുക. അവിടെനിന്നു പുറപ്പെടുകയുംചെയ്യുക.
5: ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരുന്നാൽ, ആ പട്ടണത്തില്‍നിന്നു പോകുമ്പോള്‍ അവര്‍ക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ പാദത്തിലെ പൊടി, തട്ടിക്കളയുവിന്‍.
6: അവര്‍ പുറപ്പെട്ട്, ഗ്രാമങ്ങള്‍തോറും സഞ്ചരിച്ച്, എല്ലായിടത്തും സദ്‌വാർത്ത അറിയിക്കുകയും സുഖപ്പെടുത്തുകയുംചെയ്തു.

ഹേറോദേസിന്റെ ഉത്കണ്ഠ
7: സംഭവിച്ചതെല്ലാംകേട്ടു ഭരണാധികാരിയായ ഹേറോദേസ് ചിന്താക്കുഴപ്പത്തിലായി. എന്തെന്നാല്‍, യോഹന്നാന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നെന്നു ചിലരും,
8: ഏലിയാ പ്രത്യക്ഷപ്പെട്ടിരിക്കുന്നെന്നു മറ്റുചിലരും പൂർവ്വപ്രവാചകന്മാരിലൊരുവന്‍ ഉയിര്‍ത്തുവന്നിരിക്കുന്നെന്നു വേറെചിലരും പറഞ്ഞിരുന്നു.
9: ഹേറോദേസ് പറഞ്ഞു: ഞാന്‍ യോഹന്നാനെ ശിരച്ഛേദംചെയ്തു. പിന്നെ ആരെക്കുറിച്ചാണു ഞാനിക്കാര്യങ്ങള്‍ കേള്‍ക്കുന്നത്? അവനാരാണ്? അവനെക്കാണാന്‍ ഹേറോദേസ് അന്വേഷിച്ചുകൊണ്ടിരുന്നു.

അപ്പം വര്‍ദ്ധിപ്പിക്കുന്നു
10: അപ്പസ്‌തോലന്മാര്‍ മടങ്ങിവന്ന്, തങ്ങള്‍ചെയ്തതെല്ലാം യേശുവിനെ അറിയിച്ചു. അവന്‍ 
അവരെ കൂട്ടിക്കൊണ്ടു സ്വകാര്യമായി, ബേത്സയ്ദാ എന്ന പട്ടണത്തിലേക്കു പിൻവാങ്ങി. 
11: ഇതറിഞ്ഞ ജനക്കൂട്ടം അവനെയനുഗമിച്ചു. അവനവരെ സ്വീകരിച്ച് ദൈവരാജ്യത്തെപ്പറ്റി സംസാരിക്കുകയും സൗഖ്യമാവശ്യമായിരുന്നവരെ സുഖപ്പെടുത്തുകയുംചെയ്തുകൊണ്ടിരുന്നു.
12: പകല്‍ അസ്തമിച്ചുതുടങ്ങിയപ്പോള്‍ പന്ത്രണ്ടുപേരും അടുത്തുവന്ന് അവനോടു പറഞ്ഞു: നാം വിജനപ്രദേശത്തായതുകൊണ്ട്, ചുറ്റുമുള്ള ഗ്രാമങ്ങളിലും നാട്ടിന്‍പുറങ്ങളിലുംപോയി താമസിക്കുന്നതിനും ഭക്ഷണസാധനങ്ങള്‍ കണ്ടെത്തുന്നതിനും ജനക്കൂട്ടത്തെ പറഞ്ഞയയ്ക്കുക.
13: അവനവരോടു പറഞ്ഞു: നിങ്ങളവര്‍ക്കു ഭക്ഷിക്കാൻ കൊടുക്കുവിന്‍. എന്നാൽ അവര്‍ പറഞ്ഞു: ഞങ്ങളുടെ പക്കല്‍ അഞ്ചപ്പവും രണ്ടു മീനുംമാത്രമേയുള്ളു, ഈ ജനത്തിനുമുഴുവൻ ഭക്ഷണംനല്കണമെങ്കില്‍ ഞങ്ങള്‍പോയി വാങ്ങിക്കൊണ്ടുവരണം.
14: അവിടെ ഏകദേശം അയ്യായിരം പുരുഷന്മാരുണ്ടായിരുന്നു. അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: ജനത്തെ അമ്പതുവീതം പന്തികളായി ഇരുത്തുവിന്‍.
15: അവരങ്ങനെ ചെയ്തു; എല്ലാവരെയുമിരുത്തി.
16: അപ്പോള്‍ അവന്‍ ആ അഞ്ചപ്പവും രണ്ടുമീനുമെടുത്ത്, സ്വര്‍ഗ്ഗത്തിലേക്കു നോക്കി, ആശീര്‍വ്വദിച്ചു മുറിച്ച്, ജനങ്ങള്‍ക്കു വിളമ്പാനായി ശിഷ്യന്മാരെയേല്പിച്ചു.
17: എല്ലാവരും ഭക്ഷിച്ചുതൃപ്തരായി. ബാക്കിവന്ന കഷണങ്ങള്‍, പന്ത്രണ്ടുകുട്ട അവര്‍ ശേഖരിച്ചു.

പത്രോസിന്റെ വിശ്വാസപ്രഖ്യാപനം
18: ഒരിക്കല്‍, അവന്‍ തനിയെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ, ശിഷ്യന്മാരും അവന്റെകൂടെയുണ്ടായിരുന്നു. അപ്പോളവന്‍ ചോദിച്ചു: ഞാനാരെന്നാണു ജനങ്ങള്‍ പറയുന്നത്? അവര്‍ മറുപടി നല്കി.
19: ചിലര്‍ സ്നാപകയോഹന്നാനെന്നും മറ്റു ചിലര്‍ ഏലിയായെന്നും വേറെ ചിലര്‍ പൂര്‍വ്വപ്രവാചകന്മാരിലൊരാള്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നും പറയുന്നു.
20: അവനവരോടു പറഞ്ഞു: എന്നാൽ, ഞാനാരെന്നാണു നിങ്ങള്‍ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: ദൈവത്തിന്റെ ക്രിസ്തു.

പീഡാനുഭവത്തെക്കുറിച്ച്: ഒന്നാം പ്രവചനം
21: ഇക്കാര്യം ആരോടും പറയരുതെന്നു കല്പിച്ചശേഷം
22: അവനരുളിച്ചെയ്തു: മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും, ജനപ്രമാണികള്‍, പുരോഹിതപ്രമുഖന്മാര്‍, നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിര്‍പ്പിക്കപ്പെടുകയുംവേണം.
23: അവന്‍ എല്ലാവരോടുമായി പറഞ്ഞു: ആരെങ്കിലും എന്റെ പിന്നാലേ വരാനാഗ്രഹിക്കുന്നെങ്കില്‍ അയാൾ സ്വയംപരിത്യജിച്ച്, അനുദിനം തന്റെ കുരിശെടുത്ത്, എന്നെയനുഗമിക്കട്ടെ.
24: സ്വന്തംജീവന്‍ രക്ഷിക്കാനാഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നെപ്രതി സ്വ
ന്തംജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതിനെ രക്ഷിക്കും.
25: ഒരുവന്‍ ലോകംമുഴുവന്‍ നേടിയാലും സ്വയംനഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോചെയ്താല്‍ അയാൾക്കെന്തു പ്രയോജനം?
26: ആരെങ്കിലും എന്നെക്കുറിച്ചോ എന്റെ വചനങ്ങളെക്കുറിച്ചോ ലജ്ജിച്ചാല്‍ അയാളെക്കുറിച്ചു തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തില്‍വരുമ്പോള്‍ 
മനുഷ്യപുത്രനും ലജ്ജിക്കും
27: എന്നാല്‍, സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യം കാണുന്നതിനുമുമ്പു മരണം രുചിക്കുകയില്ലാത്ത ചിലര്‍ ഈ നില്ക്കുന്നവരുടെ ഇടയിലുണ്ട്.

യേശു രൂപാന്തരപ്പെടുന്നു
28: ഈ വചനങ്ങൾക്കുശേഷം ഏകദേശം എട്ടുദിവസങ്ങള്‍കഴിഞ്ഞ്, അവൻ, പത്രോസ്, യോഹന്നാന്‍, യാക്കോബ് എന്നിവരെ കൂട്ടിക്കൊണ്ട്, പ്രാര്‍ത്ഥിക്കാന്‍ മലയിലേക്കു കയറിപ്പോയി.
29: പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍, അവന്റെ മുഖഭാവംമാറി; വസ്ത്രം തിളങ്ങുന്ന വെണ്മയാർന്നു.
30: അപ്പോള്‍ രണ്ടുപേര്‍ - മോശയും ഏലിയായും - അവനോടു സംസാരിച്ചുകൊണ്ടിരുന്നു.
31: അവര്‍ മഹത്വത്തോടെ കാണപ്പെട്ടു. അടുത്തുതന്നെ ജറുസലെമില്‍ പൂര്‍ത്തിയാകേണ്ട അവന്റെ പുറപ്പാടിനെക്കുറിച്ചാണ് അവര്‍ സംസാരിച്ചുകൊണ്ടിരുന്നത്.
32: 
പത്രോസും കൂടെയുള്ളവരും നിദ്രാവിവശരായിരുന്നു. അവർ ഉണര്‍ന്നപ്പോൾ അവന്റെ മഹത്വം ദര്‍ശിച്ചു; അവനോടുകൂടെനില്ക്കുന്ന ഇരുവരെയും കണ്ടു.
33: അവരവനെ വിട്ടുപോകുമ്പോൾ പത്രോസ് യേശുവിനോടു പറഞ്ഞു: ഗുരോ, നാം ഇവിടെ ആയിരിക്കുന്നതു നല്ലതാണ്. ഞങ്ങള്‍ മൂന്നു കൂടാരങ്ങളുണ്ടാക്കട്ടെ. ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്. താനെന്താണു പറയുന്നതെന്ന് അവനുതന്നെ അറിയില്ലായിരുന്നു.
34: അവനിതു പറയുമ്പോള്‍ ഒരു മേഘംവന്ന്, അവരെ ആവരണം ചെയ്തു. അവര്‍ മേഘത്തിനുള്ളിൽ പ്രവേശിച്ചപ്പോള്‍ ശിഷ്യന്മാര്‍ ഭയപ്പെട്ടു.
35: അപ്പോള്‍ മേഘത്തില്‍നിന്ന് ഒരു സ്വരമുണ്ടായി: ഇവനെന്റെ പുത്രന്‍, എന്റെ തിരഞ്ഞെടുക്കപ്പെട്ടവന്‍; ഇവനെ ശ്രവിക്കുവിന്‍.
36: സ്വരം നിലച്ചപ്പോള്‍ യേശുമാത്രം കാണപ്പെട്ടു. ശിഷ്യന്മാര്‍ മൗനമവലംബിച്ചു; തങ്ങള്‍ കണ്ടതൊന്നും ആ ദിവസങ്ങളില്‍ അവര്‍ ആരോടും പറഞ്ഞില്ല.

പിശാചുബാധിച്ച ബാലനെ സുഖപ്പെടുത്തുന്നു
37: പിറ്റേദിവസം അവര്‍ മലയില്‍നിന്ന് ഇറങ്ങിവന്നപ്പോള്‍ വലിയൊരു ജനക്കൂട്ടം അവനെ കണ്ടുമുട്ടി.
38: അപ്പോൾ, ജനക്കൂട്ടത്തില്‍നിന്ന് ഒരുവന്‍ വിളിച്ചുപറഞ്ഞു: ഗുരോ, എന്റെ മകനെ കടാക്ഷിക്കണമെന്നു നിന്നോടു ഞാനപേക്ഷിക്കുന്നു. അവന്‍ എന്റെ ഏകമകനാണ്.
39: അവനെ ഒരരൂപി പിടികൂടുന്നു. അപ്പോളവന്‍ പെട്ടെന്നു നിലവിളിക്കുന്നു. അതവനെ വായിൽ നുര പതയുംവിധം, കോച്ചിവലിക്കുകയും വിട്ടുമാറാതെ ഞെരുക്കുകയുംചെയ്യുന്നു.
40: അതിനെ പുറത്താക്കാന്‍ ഞാന്‍ നിന്റെ ശിഷ്യന്മാരോടപേക്ഷിച്ചു. എന്നാല്‍, അവര്‍ക്കു സാധിച്ചില്ല.
41: യേശു മറുപടി പറഞ്ഞു: വിശ്വാസമില്ലാത്ത, വഴിപിഴച്ചതലമുറയേ, ഞാനെത്രനാള്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും? എത്രനാള്‍ നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെക്കൊണ്ടുവരുക.
42: യേശുവിന്റെ അടുത്തേക്കു വരുമ്പോള്‍ത്തന്നെ പിശാചവനെ തള്ളിയിട്ടു കോച്ചിവലിച്ചു. യേശു അശുദ്ധാരൂപിയെ ശാസിക്കുകയും കുട്ടിയെ സുഖപ്പെടുത്തി പിതാവിനെ ഏല്പിക്കുകയുംചെയ്തു.
43: ദൈവത്തിന്റെ മഹിമാതിരേകത്തിൽ എല്ലാവരുമദ്ഭുതപ്പെട്ടു.

പീഡാനുഭവത്തെക്കുറിച്ച്: രണ്ടാം പ്രവചനം
44: അവന്റെ പ്രവൃത്തികളെക്കുറിച്ച് എല്ലാവരും വിസ്മയിക്കവേ, അവന്‍ ശിഷ്യരോടു പറഞ്ഞു. ഈ വചനങ്ങള്‍ നിങ്ങൾ ശ്രദ്ധയോടെ കേൾക്കുവിൻ. മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളിലേല്പിക്കപ്പെടാന്‍പോകുന്നു.
45: ഇപ്പറഞ്ഞത് അവർക്കു മനസ്സിലായില്ലാ. അവര്‍ ഗ്രഹിക്കാതിരിക്കാൻതക്കവിധം അതവരിൽനിന്നു മറയ്ക്കപ്പെട്ടിരുന്നു.അവനോടു ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടി
രുന്നു.

ആരാണു വലിയവൻ‍?
46: തങ്ങളില്‍ ആരാണു വലിയവനെന്ന് അവരുടെയിടയിൽ തർക്കമുണ്ടായി.
47: 
യേശു, അവരുടെ ഹൃദയവിചാരമറിഞ്ഞ്, ഒരു ശിശുവിനെയെടുത്ത്, തന്റെയടുത്തു നിറുത്തി,
48: അവരോടു പറഞ്ഞു: എന്റെ നാമത്തില്‍ ഈ ശിശുവിനെ സ്വീകരിക്കുന്ന ഏവനും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. എന്തെന്നാൽ, നിങ്ങളില്‍ ഏറ്റവും ചെറിയവനാരോ അവനാണു നിങ്ങളില്‍ ഏറ്റവും വലിയന്‍.

നിങ്ങള്‍ക്കെതിരല്ലാത്തയാൾ നിങ്ങളുടെ ഭാഗത്ത്.
49: യോഹന്നാന്‍ പറഞ്ഞു: ഗുരോ, നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ഒരുവനെ ഞങ്ങള്‍ കണ്ടു. അയാൾ ഞങ്ങളോടൊപ്പം നിന്നെയനുഗമിക്കാത്തതുകൊണ്ട് ഞങ്ങളയാളെത്തടഞ്ഞു.
50: യേശു പറഞ്ഞു: അവനെത്തടയേണ്ടാ, എന്തെന്നാൽ‍, നിങ്ങള്‍ക്കെതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്.

സമരിയാക്കാരുടെ തിരസ്‌കാരം
51: തന്റെ ആരോഹണത്തിന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കവേ, അവന്‍ ജറുസലെമിലേക്കുപോകാൻ തീരുമാനിച്ചുറച്ചു.
52: അവന്‍ തനിക്കുമുമ്പേ ദൂതന്മാരെയയച്ചു. അവർപോയി, അവനുവേണ്ട ഒരുക്കങ്ങള്‍ചെയ്യാന്‍ സമരിയാക്കാരുടെ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു.
53: അവന്‍ ജറുസലെമിലേക്കു പോകുകയായിരുന്നതുകൊണ്ട് അവരവനെ സ്വീകരിച്ചില്ല.
54: ഇതുകണ്ടപ്പോള്‍ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും പറഞ്ഞു: കര്‍ത്താവേ, സ്വര്‍ഗ്ഗത്തില്‍നിന്ന് അഗ്നിയിറങ്ങി ഇവരെ നശിപ്പിക്കട്ടെയെന്നു ഞങ്ങള്‍ പറയാൻ നീ മനസ്സാകുന്നുവോ?
55: അവന്‍ തിരിഞ്ഞ് അവരെ ശാസിച്ചു.
56: അനന്തരം, അവര്‍ മറ്റൊരു ഗ്രാമത്തിലേക്കുപോയി.

ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ
57: അവര്‍ വഴിയേ 
പോകുമ്പോൾ ഒരുവനവനോടു പറഞ്ഞു: നീ എവിടെപ്പോയാലും ഞാന്‍ നിന്നെയനുഗമിക്കും.
58: യേശു അവനോടു പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശപ്പറവകള്‍ക്കു കൂടുകളുമുണ്ട്; മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല.
59: അവന്‍ മറ്റൊരുവനോടു പറഞ്ഞു: എന്നെയനുഗമിക്കുക. അവന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ ആദ്യംപോയി എന്റെ പിതാവിനെ സംസ്കരിക്കാന്‍ അനുവദിച്ചാലും.
60: 
യേശു പറഞ്ഞു: മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നീ പോയി ദൈവരാജ്യംപ്രസംഗിക്കുക.
61: വേറൊരുവന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ നിന്നെയനുഗമിക്കാം; പക്ഷേ, ആദ്യംപോയി എന്റെ വീട്ടുകാരോടു യാത്രപറയാനനുവദിക്കണം.
62: യേശു അവനോടു പറഞ്ഞു: കലപ്പയില്‍ കൈവച്ചിട്ടു പിന്തിരിഞ്ഞുനോക്കുന്ന ഒരുവനും ദൈവരാജ്യത്തിനു യോഗ്യനല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ