ഇരുന്നൂറ്റിത്തൊണ്ണൂറ്റിയാറാം ദിവസം: ലൂക്കാ 10 - 11


അദ്ധ്യായം 10

എഴുപത്തിരണ്ടുപേരെ അയയ്ക്കുന്നു
1: അനന്തരം, കര്‍ത്താവു വേറെ എഴുപത്തിരണ്ടുപേരെ നിയമിച്ചു. താന്‍ പോകാനിരുന്ന ഓരോ പട്ടണത്തിലേക്കും സ്ഥലത്തേക്കും രണ്ടുപേ
രെവീതം തനിക്കുമുമ്പേ അയച്ചു.
2: അവനവരോടു പറഞ്ഞു: വിളവധികം, വേലക്കാരോ ചുരുക്കം. അതിനാല്‍ വിളഭൂമിയിലേക്കു വേലക്കാരെ
യയ്ക്കാന്‍ വിളവിന്റെ നാഥനോടു നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍.
3: പോകുവിന്‍, ഇതാ, ചെന്നായ്ക്കളുടെയിടയിൽ കുഞ്ഞാടുകളെയെന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു.
4: മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ നിങ്ങള്‍ കൊണ്ടുപോകരുത്. വഴിയില്‍വച്ച് ആരെയും അഭിവാദനംചെയ്യുകയുമരുത്.
5: നിങ്ങള്‍ ഏതുവീട്ടില്‍ പ്രവേശിച്ചാലും, 
ആദ്യമേ ആശംസിക്കണം, ഈ വീടിനു സമാധാനം.
6: സമാധാനത്തിന്റെ പുത്രന്‍ അവിടെയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവനില്‍ കുടികൊള്ളും. ഇല്ലെങ്കില്‍ അതു നിങ്ങളിലേക്കു തിരിച്ചുപോരും.
7: അവർ തരുന്നതു ഭക്ഷിക്കുകയും പാനംചെയ്യുകയുംചെയ്തുകൊണ്ട് ആ വീട്ടില്‍ത്തന്നെ വസിക്കുവിന്‍. വേലക്കാരന്‍ കൂലിക്കര്‍ഹനാണല്ലോ. നിങ്ങള്‍ വീടുതോറും നടക്കരുത്.
8: ഏതെങ്കിലും നഗരത്തില്‍ നിങ്ങള്‍ പ്രവേശിക്കുകയും അവര്‍ നിങ്ങളെ സ്വീകരിക്കുകയുംചെയ്യുമ്പോള്‍ നിങ്ങള്‍ക്കു വിളമ്പുന്നതു ഭക്ഷിക്കുവിന്‍.
9: അവിടെയുള്ള രോഗികളെ സുഖപ്പെടുത്തുവിന്‍. ദൈവരാജ്യം നിങ്ങളെ സമീപിച്ചിരിക്കുന്നുവെന്ന് അവരോടു പറയുകയുംചെയ്യുവിന്‍.
10: ഏതെങ്കിലും നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ 
നിങ്ങള്‍, പുറത്ത്, തെരുവിലേക്കിറങ്ങിപ്പറയണം:
11: നിങ്ങളുടെ നഗരത്തില്‍നിന്ന് ഞങ്ങളുടെ കാലുകളില്‍പ്പറ്റിയിട്ടുള്ള പൊടിപോലും
 നിങ്ങള്‍ക്കെതിരേ 
ഞങ്ങള്‍ തട്ടിക്കളയുന്നു. എന്നാല്‍, ദൈവരാജ്യം സമീപിച്ചിരിക്കുന്നെന്ന്, നിങ്ങളറിഞ്ഞുകൊള്ളുവിന്‍.
12: ഞാന്‍ നിങ്ങളോടു പറയുന്നു, ആ ദിവസം സോദോമിന്റെ സ്ഥിതി ആ നഗരത്തിന്റേതിനെക്കാള്‍ സഹനീയമായിരിക്കും.

അനുതപിക്കാത്ത നഗരങ്ങള്‍
13: കൊറാസീന്‍, നിനക്കു ദുരിതം! ബേത്സയ്ദാ, നിനക്കു ദുരിതം! നിങ്ങളില്‍നടന്ന അദ്ഭുതങ്ങള്‍ ടയിറിലും സീദോനിലുംനടന്നിരുന്നുവെങ്കില്‍ അവർ ചാക്കിലും ചാരത്തിലുമിരുന്ന്, പണ്ടേ മാനസാന്തരപ്പെടുമായിരുന്നു.
14: എന്നാൽ, ന്യായവിധിയില്‍ ടയിറിന്റെയും സീദോന്റെയും സ്ഥിതി, നിങ്ങളുടേതിനെക്കാള്‍ സഹനീയമായിരിക്കും.
15: കഫര്‍ണാമേ, നീ ആകാശത്തോളം ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നോ? നീ പാതാളത്തോളം താഴ്ത്തപ്പെടും.
16: നിങ്ങളെക്കേള്‍ക്കുന്നവന്‍ എന്നെ
ക്കേള്‍ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു.

എഴുപത്തിരണ്ടുപേര്‍ മടങ്ങിയെത്തുന്നു
17: എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്നു പറഞ്ഞു: കര്‍ത്താവേ, നിന്റെ നാമത്തില്‍ പിശാചുക്കള്‍പോലും ഞങ്ങള്‍ക്കു കീഴ്‌പ്പെടുന്നു.
18: അവനവരോടു പറഞ്ഞു: സാത്താന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇടിമിന്നല്‍പോലെ നിപതിക്കുന്നതു ഞാന്‍ കണ്ടു.
19: ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകലശക്തികളുടെയുംമേൽ നിങ്ങള്‍ക്കു ഞാൻ അധികാരംതന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കയില്ല.
20: എന്നാല്‍, അരൂപികൾ നിങ്ങള്‍ക്കു കീഴടങ്ങുന്നു എന്നതില്‍ നിങ്ങള്‍ സന്തോഷിക്കേണ്ടാ; മറിച്ച്, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗ്ഗത്തിലെഴുതപ്പെട്ടിരിക്കുന്നുവെന്നതില്‍ സന്തോഷിക്കുവിന്‍.

യേശു ആത്മാവിലാനന്ദിക്കുന്നു
21: ആ മണിക്കൂറിൽത്തന്നെ പരിശുദ്ധാത്മാവിലാനന്ദിച്ച്, അവന്‍ പറഞ്ഞു: സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, അവിടുത്തെ ഞാന്‍ സ്തുതിക്കുന്നു. എന്തെന്നാല്‍, അങ്ങിവ 
ബുദ്ധിമതികളിലും വിവേകികളിലുംനിന്നു മറച്ചുവയ്ക്കുകയും ശിശുക്കള്‍ക്കു വെളിപ്പെടുത്തുകയുംചെയ്തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ തിരുവുള്ളം.
22: സർവ്വവും പിതാവ്, എന്നെയേല്പിച്ചിരിക്കുന്നു. പുത്രനാരെന്നു പിതാവല്ലാതെ ആരുമറിയുന്നില്ല; പിതാവാരെന്നു പുത്രനും, പുത്രനാര്‍ക്കു വെളിപ്പെടുത്താനാഗ്രഹിക്കുന്നുവോ അവനുമല്ലാതെ മറ്റാരു
മറിയുന്നില്ല.
23: അവന്‍ ശിഷ്യന്മാരുടെനേരേ തിരിഞ്ഞ്, അവരോടുമാത്രമായി പറഞ്ഞു: നിങ്ങള്‍കാണുന്നവ കാണുന്ന കണ്ണുകള്‍ ഭാഗ്യമുള്ളവ.
24: കാരണം, ഞാന്‍ പറയുന്നു, അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങള്‍ കാണുന്നവ കാണാനാഗ്രഹിച്ചു; എങ്കിലും കണ്ടില്ല. നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാനാഗ്രഹിച്ചു; എങ്കിലും കേട്ടില്ല.

നല്ല സമരിയാക്കാരന്റെ ഉപമ
25: അപ്പോള്‍ ഒരു നിയമജ്ഞന്‍ എഴുന്നേറ്റുനിന്ന് അവനെ പരീക്ഷിക്കാന്‍ ചോദിച്ചു: ഗുരോ, നിത്യജീവനവകാശമാക്കാന്‍ ഞാനെന്തുചെയ്യണം?
26: അവന്‍ ചോദിച്ചു: നിയമത്തില്‍ എന്തെഴുതിയിരിക്കുന്നു? നീ എങ്ങനെ വായിക്കുന്നു?
27: അവന്‍ മറുപടി പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ, പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കണം; നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും.
28: അവന്‍ പ്രതിവചിച്ചു: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ചു പ്രവര്‍ത്തിക്കുക; നീ ജീവിക്കും.
29: എന്നാല്‍, അവന്‍ തന്നെത്തന്നെ സാധൂകരിക്കാനാഗ്രഹിച്ച് യേശുവിനോടു ചോദിച്ചു: ആരാണെന്റെ അയല്‍ക്കാരൻ?
30: യേശു പറഞ്ഞു: ഒരുവന്‍ ജറുസലെമില്‍നിന്നു ജറീക്കോയിലേക്കു പോകുകയായിരുന്നു. അവന്‍ കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ടു. അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അര്‍ദ്ധപ്രാണനാക്കിയിട്ടു പൊയ്ക്കളഞ്ഞു.
31: ഒരു പുരോഹിതന്‍ ആ വഴിയേ വരാനിടയായി. അവനെക്കണ്ടു മറുവശത്തുകൂടെ കടന്നുപോയി.
32: അതുപോലെ ഒരു ലേവായനും ആ സ്ഥലത്തുവന്നപ്പോള്‍, അവനെക്കണ്ടെങ്കിലും മറുവശത്തുകൂടെ കടന്നുപോയി.
33: എന്നാല്‍, ഒരു സമരിയാക്കാരന്‍ യാത്രാമദ്ധ്യേ അവന്‍കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട്, അനുകമ്പതോന്നി,
34: അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച്, അവന്റെ മുറിവുകള്‍ വച്ചുകെട്ടി, തന്റെ മൃഗത്തിന്റെ പുറത്തുകയറ്റി, ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു.
35: അടുത്തദിവസം അവന്‍ സത്രംസൂക്ഷിപ്പുകാരന്റെ കൈയില്‍ രണ്ടുദനാറകൊടുത്തിട്ടു പറഞ്ഞു: ഇവനെ പരിചരിച്ചുകൊള്ളണം. കൂടുതൽ എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം.
36: കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ട അവന്, ഈ മൂവരിലാരാണ് അയല്‍ക്കാരനായിത്തീർന്നതെന്നാണു നീ വിചാരിക്കുന്നത്?
37: അവൻ പറഞ്ഞു: അവനോടു കരുണകാണിച്ചവൻ. യേശു അവനോടു പറഞ്ഞു: നീയുംപോയി അതുപോലെ ചെയ്യുക.

മര്‍ത്തായും മറിയവും
38: അവര്‍ പോകുന്നവഴി, അവനൊരു ഗ്രാമത്തില്‍ പ്രവേശിച്ചു. മര്‍ത്താ എന്നുപേരുള്ള ഒരുവള്‍ അവനെ ഭവനത്തില്‍ സ്വീകരിച്ചു.
39: അവള്‍ക്കു മറിയം എന്നുപേരായ ഒരു സഹോദരിയുണ്ടായിരുന്നു. അവള്‍ കര്‍ത്താവിന്റെ 
പാദത്തിങ്കൽ വചനംകേട്ടുകൊണ്ടിരുന്നു.
40: മര്‍ത്തായാകട്ടെ ശുശ്രൂഷയില്‍ വളരെയേറെ വ്യഗ്രചിത്തയായിരുന്നു. അവള്‍ അവന്റെയടുത്തുചെന്നു പറഞ്ഞു: കര്‍ത്താവേ, ശുശ്രൂഷയ്ക്കായി എന്റെ സഹോദരി എന്നെ തനിയെ വിട്ടിരിക്കുന്നതു നീ കാണുന്നില്ലേ? എന്നെ സഹായിക്കാന്‍ അവളോടു പറയുക.
41: കര്‍ത്താവവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു.
42: എന്നാൽ ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍നിന്നെടുക്കപ്പെടുകയില്ല.

അദ്ധ്യായം 11 

യേശു പഠിപ്പിച്ച പ്രാര്‍ത്ഥന
1: അവന്‍ ഒരിടത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകഴിഞ്ഞപ്പോള്‍, ശിഷ്യന്മാരിലൊരുവന്‍ അവനോടു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്റെ ശിഷ്യരെ പഠിപ്പിച്ചപോലെ ഞങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക.
2: അവനരുൾചെയ്തു: നിങ്ങൾ പ്രാര്‍ത്ഥിക്കുമ്പോൾ ഇ
ങ്ങനെ പറയുവിന്‍. പിതാവേ, അങ്ങയുടെ നാമം പരിശുദ്ധമാക്കപ്പെടണമേ. അങ്ങയുടെ രാജ്യംവരണമേ;
3: അന്നന്നുവേണ്ട ആഹാരം അനുദിനം ഞങ്ങള്‍ക്കു നല്കണമേ.
4: ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ. കാരണം, ഞങ്ങളുടെ എല്ലാ കടക്കാരോടും ഞങ്ങൾ ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തിലുള്‍പ്പെടുത്തരുതേ.

പ്രാര്‍ത്ഥനയുടെ ശക്തി

5: അവനവരോടു പറഞ്ഞു: നിങ്ങളിലൊരുവന് ഒരു സ്നേഹിതനുണ്ടെന്നിരിക്കട്ടെ. അര്‍ദ്ധരാത്രി അവന്റെയടുത്തുചെന്ന് അവന്‍ പറയുന്നു: സ്‌നേഹിതാ, എനിക്കു മൂന്നപ്പം വായ്പതരുക.
6: എന്തെന്നാൽ, ഒരു സ്‌നേഹിതന്‍ യാത്രാമദ്ധ്യേ എന്റെയടുക്കല്‍ വന്നിരിക്കുന്നു. അവനു വിളമ്പാൻ എനിക്കൊന്നുമില്ല.
7: അപ്പോള്‍, അവന്‍ അകത്തുനിന്നു മറുപടിപറയുന്നു: എന്നെ ഉശല്യപ്പെടുത്തരുത്. കതകടച്ചുകഴിഞ്ഞു. എന്റെ കുട്ടികളും എന്റെകൂടെ കിടക്കയിലാണ്. എഴുന്നേറ്റ്, നിനക്ക് ഒന്നുംതരാന്‍ സാധിക്കുകയില്ല.
8: ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ സ്നേഹിതനായിട്ടും എഴുന്നേറ്റ്, അവനു കൊടുക്കുകയില്ലെങ്കില്‍ത്തന്നെ, നിർലജ്ജമായ  നിര്‍ബ്ബന്ധത്താൽ, എഴുന്നേറ്റ് അവന്, ആവശ്യമുള്ളിടത്തോളം കൊടുക്കും.
9: വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു: ചോദിക്കുവിന്‍; നിങ്ങള്‍ക്കു നല്കപ്പെടും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറക്കപ്പെടും.
10: എന്തെന്നാല്‍ ചോദിക്കുന്ന ആർക്കും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറക്കപ്പെടുകയും ചെയ്യുന്നു.
11: നിങ്ങളില്‍ ഏതു പിതാവാണ്, മകന്‍ മീന്‍ചോദിച്ചാല്‍ പകരം പാമ്പിനെക്കൊടുക്കുന്നത്?
12: മുട്ട ചോദിച്ചാല്‍ പകരം തേളിനെ
ക്കൊടുക്കുന്നത്?
13: മക്കള്‍ക്കു നല്ലദാനങ്ങള്‍നല്കാന്‍ ദുഷ്ടരായ നിങ്ങള്‍ക്കറിയാമെങ്കില്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവ്, തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുകയില്ല!

യേശുവും ബേല്‍സെബൂലും
14: അവന്‍ ഊമയായ ഒരു പിശാചിനെ ബഹിഷ്കരിക്കുകയായിരുന്നു. പിശാചു പുറത്തുപോയപ്പോള്‍ ആ ഊമ സംസാരിച്ചു. ജനക്കൂട്ടം അദ്ഭുതപ്പെട്ടു.
15: അവരില്‍ച്ചിലര്‍ പറഞ്ഞു: അവന്‍ പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ടാണു പിശാചുക്കളെ ബഹിഷ്കരിക്കുന്നത്.
16: വേറേചിലര്‍, അവനെപ്പരീക്ഷിക്കാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരടയാളം അവനോടാവശ്യപ്പെട്ടു.
17: അവരുടെ വിചാരങ്ങളറിഞ്ഞുകൊണ്ട് അവന്‍ പറഞ്ഞു: 
അന്തഃഛിദ്രമുള്ള ഓരോരാജ്യവും വിജനമാക്കപ്പെടും. ഭവനം ഭാവനത്തിന്മേൽപ്പതിക്കും.
18: സാത്താന്‍ തനിക്കുതന്നെയെതിരായി ഭിന്നിച്ചാല്‍, അവന്റെ രാജ്യം എങ്ങനെ നിലനില്‍ക്കും? ഞാന്‍ ബേല്‍സെബൂലിനെക്കൊണ്ടു പിശാചുക്കളെ പുറത്താക്കുന്നെന്നു നിങ്ങള്‍ പറയുന്നു.
19: ബേല്‍സെബൂലിനെക്കൊണ്ടാണു ഞാന്‍ പിശാചുക്കളെ ബഹിഷ്കരിക്കുന്നതെങ്കില്‍ നിങ്ങളുടെ പുത്രന്മാര്‍ ആരെക്കൊണ്ടാണു ബഹിഷ്കരിക്കുന്നത? അതുകൊണ്ട്, അവര്‍ നിങ്ങളുടെ വിധികര്‍ത്താക്കളായിരിക്കും.
20: എന്നാൽ‍, ദൈവത്തിന്റെ വിരൽകൊണ്ടാണു ഞാന്‍ പിശാചുക്കളെ 
ബഹിഷ്കരിക്കുന്നതെങ്കില്‍, ദൈവരാജ്യം നിങ്ങളിൽ വന്നുകഴിഞ്ഞിരിക്കുന്നു.
21: ശക്തന്‍, ആയുധധാരിയായി തന്റെ കൊട്ടാരത്തിനു കാവല്‍നില്ക്കുമ്പോള്‍, അവനുള്ളവയെല്ലാം സുരക്ഷിതമാണ്.
22: എന്നാല്‍, കൂടുതല്‍ ശക്തനായ ഒരുവന്‍, അവനെ ആക്രമിച്ചുകീഴ്‌പ്പെടുത്തിയാല്‍ അവനാശ്രയിച്ചിരുന്ന ആയുധങ്ങള്‍ മറ്റേയാൾ അപഹരിക്കുകയും കൊള്ളമുതല്‍ ഭാഗിച്ചെടുക്കുകയും ചെയ്യും.
23: എന്നോടുകൂടെയല്ലാത്തവന്‍ എനിക്കെതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു.

അശുദ്ധാരൂപിയുടെ തിരിച്ചുവരവ്
24: അശുദ്ധാരൂപി ഒരു മനുഷ്യനെ വിട്ടുപോയാല്‍, വരണ്ടസ്ഥലങ്ങളിലൂടെ ആശ്വാസംതേടി അലഞ്ഞുനടക്കും. കണ്ടെത്താതെവരുമ്പോള്‍ അതു പറയുന്നു: ഇറങ്ങിപ്പോന്ന ഭവനത്തിലേക്കുതന്നെ ഞാന്‍ തിരിച്ചുചെല്ലും.
25: തിരിച്ചുവരുമ്പോള്‍ ആ വീട്, അടിച്ചുവാരിയും സജ്ജീകരിക്കപ്പെട്ടും കാണുന്നു.
26: അപ്പോള്‍ അവന്‍പോയി, തന്നേക്കാള്‍ ദുഷ്ടരായ ഏഴശുദ്ധാ
രൂപികളെക്കൂടെ കൊണ്ടുവന്ന്, അവിടെ പ്രവേശിച്ച്, വാസമുറപ്പിക്കുന്നു. അങ്ങനെ, ആ മനുഷ്യന്റെ അവസാനത്തെ അവസ്ഥ, ആദ്യത്തേതിനേക്കാള്‍ മോശമായിത്തീരുന്നു.

കൂടുതൽ അനുഗൃഹീതർ 
27: അവന്‍ ഇതരുൾചെയ്തുകൊണ്ടിരിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍നിന്ന് ഒരു സ്ത്രീ സ്വരമുയർത്തി അവനോടു പറഞ്ഞു: നിന്നെവഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും അനുഗൃഹീതം.
28: അവന്‍ പറഞ്ഞു: ദൈവവചനംകേട്ട്, അതു പാലിക്കുന്നവര്‍ കൂടുതല
നുഗൃഹീതര്‍.

യോനായുടെ അടയാളം
29: ജനക്കൂട്ടം വര്‍ദ്ധിച്ചുവന്നപ്പോള്‍ അവന്‍ പറയാൻതുടങ്ങി: ഈ തലമുറ ദുഷിച്ചതലമുറയാണ്. ഇത് അടയാളമന്വേഷിക്കുന്നു. എന്നാല്‍, യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും അതിനു നല്കപ്പെടുകയില്ല.
30: യോനാ, നിനെവേക്കാര്‍ക്ക് അടയാളമായിരുന്നപോലെ മനുഷ്യപുത്രന്‍ ഈ തലമുറയ്ക്കും അടയാളമായിരിക്കും.
31: ദക്ഷിണദേശത്തെ രാജ്ഞി, ന്യായവിധിയില്‍ ഈ തലമുറയിലെ ആളുകളോടൊപ്പം ഉയിര്‍പ്പിക്കപ്പെടുകയും അവരെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാൽ‍, സോളമന്റെ വിജ്ഞാനംശ്രവിക്കാന്‍ അവള്‍ ഭൂമിയുടെ അതിര്‍ത്തിയില്‍നിന്നു വന്നു. എന്നാലിതാ, ഇവിടെ സോളമനെക്കാള്‍ വലിയവന്‍!
32: നിനെവേക്കാരായ ആളുകൾ 
ന്യായവിധിയില്‍ ഈ തലമുറയോടുകൂടെ ഉയിര്‍ത്തെഴുന്നേല്ക്കുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാല്‍, യോനായുടെ പ്രസംഗത്താൽ, അവര്‍ മാനസാന്തരപ്പെട്ടു. എന്നാലിതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍!

കണ്ണു ശരീരത്തിന്റെ വിളക്ക്
33: വിളക്കുകൊളുത്തി ആരും നിലവറയിലോ പറയുടെ കീഴിലോ വയ്ക്കാറില്ല. മറിച്ച്, അകത്തുപ്രവേശിക്കുന്നവര്‍ക്കു വെളിച്ചംകാണാന്‍, പീഠത്തിന്മേലാണു വയ്ക്കുന്നത്.
34: നിന്റെ കണ്ണാണു ശരീരത്തിന്റെ വിളക്ക്.
 നിന്റെ കണ്ണ്, അന്യൂനമെങ്കില്‍ ശരീരംമുഴുവന്‍ പ്രകാശിക്കും. ദുഷിച്ചതെങ്കിലോ നിന്റെ ശരീരം ഇരുണ്ടുപോകും.
35: അതുകൊണ്ട്, നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
36: ഇരുളടഞ്ഞ ഒരു ഭാഗവുമില്ലാതെ, ശരീരംമുഴുവന്‍ പ്രകാശിതമാണെങ്കിൽ, വിളക്ക്, അതിന്റെ കിരണങ്ങള്‍കൊണ്ടു നിനക്കു വെളിച്ചം തരുന്നപോലെ, ശരീരംമുഴുവന്‍ പ്രകാശമാനമായിരിക്കും.

ഫരിസേയരുടെയും നിയമജ്ഞരുടെയും കപടനാട്യം
37: അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു ഫരിസേയന്‍ തന്റെകൂടെ ഭക്ഷണംകഴിക്കാൻ അവനെ ക്ഷണിച്ചു. അവന്‍ പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു.
38: ഭക്ഷണത്തിനു മുമ്പ് ആദ്യം അവന്‍ ക്ഷാളനംചെയ്യാതിരുന്നതുകൊണ്ട്, ആ ഫരിസേയന്‍ ആശ്ചര്യപ്പെട്ടു.
39: അപ്പോള്‍ കര്‍ത്താവവനോടു പറഞ്ഞു: ഫരിസേയരായ നിങ്ങള്‍, കോപ്പകളുടെയും പാത്രങ്ങളുടെയും പുറം ശുദ്ധമാക്കുന്നു. നിങ്ങളുടെ അകമോ ആർത്തിയും ദുഷ്ടതയുംകൊണ്ടു നിറഞ്ഞിരിക്കുന്നു.
40: ഭോഷന്മാരേ, പുറം നിര്‍മ്മിച്ചവന്‍തന്നെയല്ലേ അകവും നിര്‍മ്മിച്ചത്?
41: ഉള്ളിലുള്ളവ ദാനംചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാം ശുദ്ധമായിരിക്കും.
42: ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, നിങ്ങള്‍ കർപ്പൂര
തുളസിയുടെയും അരൂതയുടെയും മറ്റെല്ലാച്ചെടികളുടെയും ദശാംശം കൊടുക്കുന്നു. എന്നാല്‍, ദൈവത്തിന്റെ നീതിയും സ്‌നേഹവും നിങ്ങളവഗണിച്ചുകളയുന്നു. ഇവയാണ്, മറ്റുള്ളവ അവഗണിക്കാതെതന്നെ നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്.
43: ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, നിങ്ങള്‍ സിനഗോഗുകളില്‍ ഉന്നതപീഠവും പൊതുസ്ഥലങ്ങളില്‍ അഭിവാദനവുമഭിലഷിക്കുന്നു.
44: നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, അടയാളപ്പെടുത്താത്ത കുഴിമാടങ്ങള്‍പോലെയാണു നിങ്ങള്‍. മീതേ നടക്കുന്നവർ അറിയുന്നില്ല.
45: നിയമജ്ഞരില്‍ ഒരുവൻ അവനോടു പറഞ്ഞു: ഗുരോ, നീ ഇതൊക്കെപ്പറയുമ്പോള്‍ ഞങ്ങളെയും അപമാനിക്കുകയാണ്. 
46: അവന്‍ പറഞ്ഞു: നിയമജ്ഞരേ, നിങ്ങള്‍ക്കു ദുരിതം! താങ്ങാനാവാത്ത ചുമടുകള്‍ മനുഷ്യരുടെമേല്‍ നിങ്ങള്‍ കെട്ടിയേല്പിക്കുന്നു. നിങ്ങളോ ആ 
ചുമടുകള്‍ വിരല്‍കൊണ്ടു തൊടുന്നുപോലുമില്ല.
47: നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, നിങ്ങളുടെ പിതാക്കന്മാര്‍ വധിച്ച പ്രവാചകന്മാര്‍ക്കു നിങ്ങള്‍ കല്ലറകള്‍പണിയുന്നു.
48: അങ്ങനെ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികള്‍ക്ക്, നിങ്ങള്‍ സാക്ഷികളാകുകയും അവ അംഗീകരിക്കുകയുംചെയ്യുന്നു. അവര്‍ അവരെക്കൊന്നു; നിങ്ങളോ അവര്‍ക്കു കല്ലറകള്‍ പണിയുന്നു.
49: അതുകൊണ്ട്, ദൈവത്തിന്റെ ജ്ഞാനം ഇങ്ങനെ പറഞ്ഞിരിക്കുന്നു: ഞാന്‍ അവരുടെയടുത്തേക്കു പ്രവാചകന്മാരെയും അപ്പസ്‌തോലന്മാരെയുമയയ്ക്കും. അവരില്‍ച്ചിലരെ അവര്‍ 
കൊല്ലുകയും  ചിലരെ പീഡിപ്പിക്കുകയുംചെയ്യും.
50: ലോകത്തിന്റെ സംസ്ഥാപനംമുതല്‍ ചൊരിയപ്പെട്ടിട്ടുള്ള സകലപ്രവാചകന്മാരുടെയും രക്തത്തിന് 
ഈ തലമുറ ഉത്തരംപറയേണ്ടിവരും. 
51: 
ആബേലിന്റെ രക്തംമുതല്‍, ബലിപീഠത്തിനും വിശുദ്ധസ്ഥലത്തിനും മദ്ധ്യേവച്ചു കൊല്ലപ്പെട്ട സഖറിയായുടെ രക്തംവരെ, അതേ, ഞാന്‍ പറയുന്നു, ഈ തലമുറ ഉത്തരംപറയേണ്ടിവരും. 
52: നിയമജ്ഞരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ അറിവിന്റെ താക്കോല്‍ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തുപ്രവേശിച്ചില്ല; പ്രവേശിക്കാന്‍ വന്നവരെ തടസ്സപ്പെടുത്തുകയുംചെയ്തു.
53: അവന്‍ അവിടെനിന്നുപോകവേ, നിയമജ്ഞരും ഫരിസേയരും പലകാര്യങ്ങളെയുംപ്പറ്റി സംസാരിക്കാന്‍ അതീവദുഷ്ടലാക്കോടെ അവനെ പ്രകോപിപ്പിക്കുകയും 
54: അവന്റെ വായിൽനിന്നു വല്ലതുംവീണുകിട്ടുമോയെന്നു തക്കംനോക്കുകയുംചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ