മുന്നൂറ്റിയറുപതാം ദിവസം: വെളിപാട് 20 -22


അദ്ധ്യായം 20


ആയിരംവര്‍ഷത്തെ ഭരണം
1: സ്വര്‍ഗ്ഗത്തിൽനിന്നൊരു ദൂതനിറങ്ങുന്നതു ഞാന്‍ കണ്ടു. അവന്റെ കൈയില്‍ പാതാളത്തിന്റെ താക്കോലും വലിയൊരു ചങ്ങലയുമുണ്ട്.
2: അവന്‍ ഒരുഗ്രസര്‍പ്പത്തെ -സാത്താനും പിശാചുമായ പുരാതനസര്‍പ്പത്തെ- പിടിച്ച്, ആയിരംവര്‍ഷത്തേക്കു ബന്ധനത്തിലാക്കി.
3: അതിനെ പാതാളത്തിലേക്കെറിഞ്ഞ്, വാതിലടച്ചു മുദ്രവച്ചു. ആയിരംവര്‍ഷം തികയുവോളം ജനതകളെ അവന്‍ വഞ്ചിക്കാതിരിക്കുന്നതിനുവേണ്ടിയാണിത്. തദനന്തരം അല്പസമയത്തേക്ക് അതിനെ അഴിച്ചുവിടേണ്ടിയിരിക്കുന്നു.
4: പിന്നെ ഞാന്‍ കുറേ സിംഹാസനങ്ങള്‍ കണ്ടു. അവയിലിരുന്നവര്‍ക്കു വിധിക്കാന്‍ അധികാരം നല്കപ്പെട്ടിരുന്നു. കൂടാതെ, യേശുവിനും ദൈവവചനത്തിനും നല്കിയ സാക്ഷ്യത്തെപ്രതി ശിരശ്ഛേദംചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ ആരാധിക്കുകയും നെറ്റിയിലും കൈയിലും അതിന്റെ മുദ്ര സ്വീകരിക്കുകയുംചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍പ്രാപിക്കുകയും ആയിരംവര്‍ഷം ക്രിസ്തുവിനോടുകൂടെ വാഴുകയും ചെയ്തു.
5: ഇതാണ് ഒന്നാമത്തെ പുനരുത്ഥാനം. മരിച്ചവരിലവശേഷിച്ചവര്‍ ആയിരംവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ജീവന്‍പ്രാപിച്ചില്ല.
6: ഒന്നാമത്തെ പുനരുത്ഥാനത്തില്‍ പങ്കുകൊള്ളുന്നവര്‍ അനുഗൃഹീതരും പരിശുദ്ധരുമാണ്. ഇവരുടെമേല്‍ രണ്ടാമത്തെ മരണത്തിന് ഒരധികാരവുമില്ല. ഇവര്‍ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതന്മാരായിരിക്കും. അവരവനോടുകൂടെ ആയിരം വര്‍ഷം വാഴുകയും ചെയ്യും.

സാത്താനു ലഭിച്ച ശിക്ഷ
7: എന്നാല്‍, ആയിരം വര്‍ഷംതികയുമ്പോള്‍ സാത്താന്‍ ബന്ധനത്തില്‍നിന്നു മോചിതനാകും.
8: ഭൂമിയുടെ നാലുകോണുകളിലുമുള്ള ജനതകളെ വഴിതെറ്റിക്കാന്‍ അവന്‍ പുറത്തുവരും. ഗോഗ്, മാഗോഗ് എന്നിവയെ യുദ്ധത്തിനായി അവന്‍ ഒന്നിച്ചുകൂട്ടും. അവരുടെ സംഖ്യ കടല്‍പ്പുറത്തെ മണല്‍ത്തരികളോളമായിരിക്കും.
9: അവര്‍ ഭൂതലത്തില്‍ക്കയറിവന്നു വിശുദ്ധരുടെ പാളയവും പ്രിയപ്പെട്ട പട്ടണവും വളഞ്ഞു. എന്നാല്‍, സ്വര്‍ഗ്ഗത്തില്‍നിന്ന് അഗ്നിയിറങ്ങി അവരെ വിഴുങ്ങി.
10: അവരെ വഴിതെറ്റിക്കുന്ന പിശാചാകട്ടെ, മൃഗവും വ്യാജപ്രവാചകനും വസിച്ചിരുന്ന ഗന്ധകാഗ്നിത്തടാകത്തിലേക്കെറിയപ്പെട്ടു. അവിടെ രാപകല്‍ നിത്യകാലത്തേക്ക് അവര്‍ പീഡിപ്പിക്കപ്പെടും.

അവസാന വിധി
11: ഞാന്‍ വെണ്മയേറിയ ഒരു വലിയ സിംഹാസനവും അതിലിരിക്കുന്നവനെയും കണ്ടു. അവന്റെ സന്നിധിയില്‍നിന്നു ഭൂമിയുമാകാശവും ഓടിയകന്നു. അവയ്ക്ക്, ഒരു സങ്കേതവും ലഭിച്ചില്ല.
12: മരിച്ചവരെല്ലാവരും, വലിയവരും ചെറിയവരും, സിംഹാസനത്തിനുമുമ്പില്‍ നില്ക്കുന്നതു ഞാന്‍ കണ്ടു. ഗ്രന്ഥങ്ങള്‍ തുറക്കപ്പെട്ടു; മറ്റൊരു ഗ്രന്ഥവും തുറക്കപ്പെട്ടു. അതു ജീവന്റെ ഗ്രന്ഥമാണ്. ഗ്രന്ഥങ്ങളിലെഴുതപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ക്കനുസൃതം, മരിച്ചവര്‍ വിധിക്കപ്പെട്ടു.
13: തന്നിലുണ്ടായിരുന്ന മൃതരെ സമുദ്രം വിട്ടുകൊടുത്തു. മരണവും പാതാളവും തങ്ങളിലുണ്ടായിരുന്നവരെയും വിട്ടുകൊടുത്തു. അവരെല്ലാവരും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതം വിധിക്കപ്പെട്ടു.
14: മൃത്യുവും പാതാളവും അഗ്നിത്തടാകത്തിലേക്കെറിയപ്പെട്ടു. ഇതാണു രണ്ടാമത്തെ മരണം- അഗ്നിത്തടാകം 
15: ജീവന്റെ ഗ്രന്ഥത്തില്‍ പേരെഴുതപ്പെടാത്തവരെല്ലാം അഗ്നിത്തടാകത്തിലേക്കെറിയപ്പെട്ടു.

അദ്ധ്യായം 21

    
പുതിയ ആകാശം പുതിയ ഭൂമി
1: ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലുമപ്രത്യക്ഷമായി.
2: വിശുദ്ധ നഗരമായ പുതിയ ജറുസലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗ്ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന്, ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു.
3: സിംഹാസനത്തില്‍നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന്, അവരോടൊത്തു വസിക്കും. അവരവിടുത്തെ ജനമായിരിക്കും. അവിടുന്നവരോടുകൂടെയായിരിക്കുകയും ചെയ്യും.
4: അവിടുന്ന്, അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണമുണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി.
5: സിംഹാസനത്തിലിരിക്കുന്നവന്‍ പറഞ്ഞു: ഇതാ, സകലവും ഞാന്‍ നവീകരിക്കുന്നു. അവന്‍ വീണ്ടും പറഞ്ഞു: എഴുതുക. ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവുമാണ്.
6: പിന്നെ അവനെന്നോടു പറഞ്ഞു: സംഭവിച്ചുകഴിഞ്ഞു. ഞാന്‍ ആല്‍ഫയും ഒമേഗയുമാണ്- ആദിയും അന്തവും. ദാഹിക്കുന്നവനു ജീവജലത്തിന്റെ ഉറവയില്‍നിന്നു സൗജന്യമായി ഞാന്‍ കൊടുക്കും.
7: വിജയംവരിക്കുന്നവന് ഇവയെല്ലാം അവകാശമായി ലഭിക്കും. ഞാനവനു ദൈവവും അവനെനിക്കു മകനുമായിരിക്കും.
8: എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗ്ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി, തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.

സ്വര്‍ഗ്ഗീയ ജറുസലെം
9: അവസാനത്തെ ഏഴു മഹാമാരികള്‍നിറഞ്ഞ ഏഴുപാത്രങ്ങള്‍ പിടിച്ചിരുന്ന ഏഴു ദൂതന്മാരിലൊരുവന്‍ വന്ന്, എന്നോടു പറഞ്ഞു: വരൂ! കുഞ്ഞാടിന്റെ മണവാട്ടിയെ നിനക്കു ഞാന്‍ കാണിച്ചുതരാം.
10: അനന്തരം, അവന്‍ ഉയരമുള്ള വലിയ ഒരു മലയിലേക്ക് ആത്മാവിലെന്നെക്കൊണ്ടുപോയി. സ്വര്‍ഗ്ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന്, ഇറങ്ങിവരുന്ന വിശുദ്ധനഗരിയായ ജറുസലെമിനെ എനിക്കു കാണിച്ചുതന്നു.
11: അതിനു ദൈവത്തിന്റെ തേജസ്സുണ്ടായിരുന്നു. അതിന്റെ തിളക്കം, അമൂല്യമായ രത്നത്തിനും
സൂര്യകാന്തക്കല്ലിനുമൊപ്പം. അതു സ്ഫടികംപോലെ നിര്‍മ്മലം.
12: അതിനു ബൃഹത്തും ഉന്നതവുമായ മതിലും പന്ത്രണ്ടു കവാടങ്ങളുമുണ്ടായിരുന്നു. ആ കവാടങ്ങളില്‍ പന്ത്രണ്ടു ദൂതന്മാര്‍. കവാടങ്ങളില്‍ ഇസ്രായേല്‍മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകളെഴുതപ്പെട്ടിരുന്നു.
13: കിഴക്കു മൂന്നു കവാടങ്ങള്‍, വടക്കു മൂന്നു കവാടങ്ങള്‍, തെക്കു മൂന്നു കവാടങ്ങള്‍, പടിഞ്ഞാറു മൂന്നു കവാടങ്ങള്‍.
14: നഗരത്തിന്റെ മതിലിനു പന്ത്രണ്ടടിസ്ഥാനങ്ങളുണ്ടായിരുന്നു; അവയിന്മേല്‍ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെ പേരുകളും.
15: എന്നോടു സംസാരിച്ചവന്റെയടുക്കല്‍ നഗരവും അതിന്റെ കവാടങ്ങളും മതിലുകളുമളക്കാന്‍, സ്വര്‍ണ്ണംകൊണ്ടുള്ള അളവുകോലുണ്ടായിരുന്നു.
16: നഗരം സമചതുരമായി സ്ഥിതിചെയ്യുന്നു. അതിനു നീളത്തോളംതന്നെ വീതി. അവന്‍ ആ ദണ്ഡുകൊണ്ടു നഗരമളന്നു- പന്തീരായിരം സ്താദിയോണ്‍. അതിന്റെ നീളവും വീതിയും ഉയരവും തുല്യം.
17: അവന്‍ അതിന്റെ മതിലുമളന്നു: മനുഷ്യന്റെ തോതനുസരിച്ച്, നൂറ്റിനാല്പത്തിനാല് മുഴം; അതുതന്നെയായിരുന്നു ദൂതന്റെ തോതും.
18: മതില്‍ സൂര്യകാന്തംകൊണ്ട്. നഗരം തനിസ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിച്ചതും സ്ഫടികതുല്യം നിര്‍മ്മലവുമായിരുന്നു.
19: നഗരമതിലിന്റെ അടിസ്ഥാനങ്ങള്‍ എല്ലാത്തരം രത്നങ്ങള്‍കൊണ്ടലംകൃതം. ഒന്നാമത്തെ അടിസ്ഥാനം സൂര്യകാന്തം, രണ്ടാമത്തേത് ഇന്ദ്രനീലം, മൂന്നാമത്തേതു വൈഡൂര്യം, നാലാമത്തേതു മരതകം,
20: അഞ്ചാമത്തേതു ഗോമേദകം ആറാമത്തേതു മാണിക്യം, ഏഴാമത്തേതു ചന്ദ്രകാന്തം, എട്ടാമത്തേതു പത്മരാഗം, ഒമ്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു പവിഴം, പതിനൊന്നാമത്തേതു വജ്രം. പന്ത്രണ്ടാമത്തേതു സൗഗന്ധികം.
21: പന്ത്രണ്ടു കവാടങ്ങള്‍ പന്ത്രണ്ടു മുത്തുകളായിരുന്നു. കവാടങ്ങളിലോരോന്നും ഓരോ മുത്തുകൊണ്ടുണ്ടാക്കപ്പെട്ടിരുന്നു. നഗരത്തിന്റെ തെരുവീഥി അച്ഛസ്ഫടികതുല്യമായ തനിത്തങ്കമായിരുന്നു.
22: നഗരത്തില്‍ ഞാന്‍ ദേവാലയം കണ്ടില്ല. എന്തുകൊണ്ടെന്നാല്‍, സര്‍വ്വശക്തനും ദൈവവുമായ കര്‍ത്താവും കുഞ്ഞാടുമാണ് അതിലെ ദേവാലയം.
23: നഗരത്തിനു പ്രകാശംനല്കാന്‍ സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമുണ്ടായിരുന്നില്ല. ദൈവതേജസ്സ് അതിനെ പ്രകാശിപ്പിച്ചു.
24: അതിന്റെ ദീപം കുഞ്ഞാടാണ്. അതിന്റെ പ്രകാശത്തില്‍ ജനതകള്‍ സഞ്ചരിക്കും. ഭൂമിയിലെ രാജാക്കന്മാര്‍ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും.
25: അതിന്റെ കവാടങ്ങള്‍ പകല്‍സമയം അടയ്ക്കപ്പെടുകയില്ല. അവിടെയാകട്ടെ രാത്രിയില്ലതാനും.
26: ജനതകള്‍ തങ്ങളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും.
27: എന്നാല്‍, കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍ പേരെഴുതപ്പെട്ടവര്‍മാത്രമേ അതില്‍ പ്രവേശിക്കൂ. അശുദ്ധമായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും, അതില്‍ പ്രവേശിക്കുകയില്ല.

അദ്ധ്യായം 22

    
    1: ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍നിന്നു പുറപ്പെടുന്നതും സ്ഫടികംപോലെ തെളിഞ്ഞതുമായ ജീവജലത്തിന്റെ നദി അവനെനിക്കു കാണിച്ചുതന്നു.
    2: നഗരവീഥിയുടെ മദ്ധ്യത്തില്‍ നദിയുടെ ഇരുഭാഗങ്ങളിലുമായി പന്ത്രണ്ടുതരം ഫലങ്ങള്‍ കായ്ക്കുന്ന ജീവന്റെ വൃക്ഷം നില്ക്കുന്നു. അതു മാസംതോറും ഫലംതരുന്നു. ആ വൃക്ഷത്തിന്റെ ഇലകള്‍ ജനതകളുടെ രോഗശാന്തിക്കുവേണ്ടിയുള്ളവയാണ്.
    3: ഇനിമേല്‍ ശപിക്കപ്പെട്ടതായി ഒന്നുമുണ്ടായിരിക്കുകയില്ല. ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിലുണ്ടായിരിക്കും.
    4: അവിടുത്തെ ദാസര്‍ അവിടുത്തെയാരാധിക്കും. അവര്‍, അവിടുത്തെ മുഖം ദര്‍ശിക്കും. അവിടുത്തെ നാമം അവരുടെ നെറ്റിത്തടത്തിലുണ്ടായിരിക്കും.
    5: ഇനിയൊരിക്കലും രാത്രിയുണ്ടാവുകയില്ല. ദീപത്തിന്റെ വെളിച്ചമോ സൂര്യന്റെ പ്രകാശമോ അവര്‍ക്കാവശ്യമില്ല. ദൈവമായ കര്‍ത്താവ്, അവരുടെമേല്‍ പ്രകാശിക്കുന്നു. അവരെന്നേയ്ക്കും വാഴും.

    ക്രിസ്തുവിന്റെ പ്രത്യാഗമനം
    6: അവനെന്നോടു പറഞ്ഞു: ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവുമാണ്. ഉടനെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ തന്റെ ദാസര്‍ക്കു കാണിച്ചുകൊടുക്കാനായി പ്രവാചകാത്മാക്കളുടെ ദൈവമായ കര്‍ത്താവു തന്റെ ദൂതനെ അയച്ചിരിക്കുന്നു.
    7: ഇതാ, ഞാന്‍ വേഗം വരുന്നു. ഈ പുസ്തകത്തിലെ പ്രവചനങ്ങള്‍ കാക്കുന്നവന്‍ ഭാഗ്യവാന്‍.
    8: യോഹന്നാനായ ഞാന്‍ ഇതു കേള്‍ക്കുകയും കാണുകയുംചെയ്തു. ഇവ കേള്‍ക്കുകയും കാണുകയുംചെയ്തപ്പോള്‍ ഇവ കാണിച്ചുതന്ന ദൂതനെയാരാധിക്കാന്‍ ഞാനവന്റെ കാല്ക്കല്‍ വീണു.
    9: അപ്പോള്‍ അവനെന്നോടു പറഞ്ഞു: അരുത്. ഞാന്‍ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ ഗ്രന്ഥത്തിലെ വചനങ്ങള്‍ കാക്കുന്നവരുടെയും സഹദാസനാണ്. ദൈവത്തെയാരാധിക്കുക.
    10: വീണ്ടും അവനെന്നോടു പറഞ്ഞു: ഈ ഗ്രന്ഥത്തിലെ പ്രവചനങ്ങള്‍ നീ മുദ്രിതമായി സൂക്ഷിക്കേണ്ടാ. എന്തെന്നാല്‍, സമയമടുത്തിരിക്കുന്നു.
    11: അനീതി ചെയ്തിരുന്നവന്‍ ഇനിയും അനീതി ചെയ്തുകൊള്ളട്ടെ. പാപക്കറപുരണ്ടവന്‍ ഇനിയുമങ്ങനെതന്നെ കഴിഞ്ഞുകൊള്ളട്ടെ. നീതിമാനിനിയും നീതി പ്രവര്‍ത്തിക്കട്ടെ. വിശുദ്ധനിനിയും വിശുദ്ധീകരിക്കപ്പെടട്ടെ. 
    12 : ഇതാ, ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലംനല്കാനാണു ഞാന്‍ വരുന്നത്.
    13: ഞാന്‍ ആല്‍ഫയും ഒമേഗയുമാണ് - ഒന്നാമനും ഒടുവിലത്തവനും - ആദിയുമന്തവും.
    14 : ജീവന്റെ വൃക്ഷത്തിന്മേല്‍ അവകാശം ലഭിക്കാനും കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനും തങ്ങളുടെ അങ്കികള്‍ കഴുകി ശുദ്ധിയാക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
    15: നായ്ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധകരും അസത്യത്തെ സ്‌നേഹിക്കുകയും അതു പ്രവര്‍ത്തിക്കുകയുംചെയ്യുന്ന സകലരും പുറത്ത്.
    16: യേശുവായ ഞാന്‍ സഭകളെക്കുറിച്ചു നിങ്ങള്‍ക്കു സാക്ഷ്യപ്പെടുത്തുന്നതിനുവേണ്ടി എന്റെ ദൂതനെ അയച്ചു. ഞാന്‍ ദാവീദിന്റെ വേരും സന്തതിയുമാണ്; പ്രഭാപൂര്‍ണ്ണനായ പ്രഭാതനക്ഷത്രം.
    17: ആത്മാവും മണവാട്ടിയും പറയുന്നു: വരുക. കേള്‍ക്കുന്നവന്‍ പറയട്ടെ: വരുക. ദാഹിക്കുന്നവന്‍ വരട്ടെ. ആഗ്രഹമുള്ളവന്‍ ജീവന്റെ ജലം സൗജന്യമായി സ്വീകരിക്കട്ടെ.

    ഉപസംഹാരം
    18: ഈ പുസ്തകത്തിലെ പ്രവചനങ്ങള്‍ ശ്രവിക്കുന്ന എല്ലാവരോടും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു: ആരെങ്കിലും ഈ വചനങ്ങളോട് എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന മഹാമാരികള്‍ ദൈവം അവന്റെമേലയയ്ക്കും.
    19: ഈ പുസ്തകത്തിലെ പ്രവചനങ്ങളില്‍നിന്ന് ആരെങ്കിലുമെന്തെങ്കിലുമെടുത്തുകളഞ്ഞാല്‍, ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന, വിശുദ്ധനഗരത്തിലും ജീവന്റെ വൃക്ഷത്തിലുമുള്ള അവന്റെ പങ്ക്‌, ദൈവം എടുത്തുകളയും.
    20: ഇതു സാക്ഷ്യപ്പെടുത്തുന്നവന്‍ പറയുന്നു: അതേ, ഞാന്‍ വേഗം വരുന്നു, ആമേന്‍; കര്‍ത്താവായ യേശുവേ, വരണമേ!
    21: കര്‍ത്താവായ യേശുവിന്റെ കൃപ എല്ലാവരോടുംകൂടെയുണ്ടായിരിക്കട്ടെ!

മുന്നൂറ്റിയമ്പത്തൊമ്പതാം ദിവസം: വെളിപാട് 16 -19


അദ്ധ്യായം 16


ക്രോധത്തിന്റെ പാത്രങ്ങള്‍
1: ശ്രീകോവിലില്‍നിന്ന് ആ ഏഴുദൂതന്മാരോടു പറയുന്ന ഒരു വലിയസ്വരം ഞാന്‍ കേട്ടു: നിങ്ങള്‍ പോയി, ദൈവകോപത്തിന്റെ ആ ഏഴുപാത്രങ്ങള്‍ ഭൂമിയിലേക്കൊഴിക്കുക.
2: ഉടനെ ഒന്നാമന്‍പോയി, തന്റെ പാത്രം ഭൂമിയിലേക്കൊഴിച്ചു. അപ്പോള്‍ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ ആരാധിക്കുന്നവരുമായ മനുഷ്യരുടെ ശരീരത്തില്‍ ദുര്‍ഗന്ധംവമിക്കുന്ന വ്രണങ്ങളുണ്ടായി.
3: രണ്ടാമന്‍ തന്റെ പാത്രം കടലിലേക്കൊഴിച്ചു. അപ്പോള്‍ കടല്‍, മരിച്ചവന്റെ രക്തംപോലെയായി. കടലിലെ സര്‍വ്വജീവികളും ചത്തുപോയി.
4: മൂന്നാമന്‍ തന്റെ പാത്രം നദികളിലും നീരുറവകളിലുമൊഴിച്ചു. അവ രക്തമായിമാറി.
5: അപ്പോള്‍ ജലത്തിന്റെ ദൂതന്‍ പറയുന്നതു ഞാന്‍ കേട്ടു: ആയിരിക്കുന്നവനും ആയിരുന്നവനും പരിശുദ്ധനുമായ അങ്ങ്, ഈ വിധികളില്‍ നീതിമാനാണ്.
6: അവര്‍ വിശുദ്ധരുടെയും പ്രവാചകന്മാരുടെയും രക്തംചൊരിഞ്ഞു. എന്നാല്‍, അങ്ങവര്‍ക്കു രക്തംകുടിക്കാന്‍കൊടുത്തു. അതാണവര്‍ക്കു കിട്ടേണ്ടത്.
7: അപ്പോള്‍ ബലിപീഠം പറയുന്നതുകേട്ടു: അതേ, സര്‍വ്വശക്തനും ദൈവവുമായ കര്‍ത്താവേ, അങ്ങയുടെ വിധികള്‍ സത്യവും നീതിയുംനിറഞ്ഞതാണ്.
8: നാലാമന്‍ തന്റെ പാത്രം സൂര്യന്റെമേലൊഴിച്ചു. അപ്പോള്‍ മനുഷ്യരെ അഗ്നികൊണ്ടു ദഹിപ്പിക്കാന്‍ അതിനനുവാദംലഭിച്ചു.
9: അത്യുഷ്ണത്താല്‍ മനുഷ്യര്‍ വെന്തെരിഞ്ഞു. ആ മഹാമാരികളുടെമേല്‍ അധികാരമുണ്ടായിരുന്ന ദൈവത്തിന്റെ നാമം അവര്‍ ദുഷിച്ചു. അവരനുതപിക്കുകയോ അവിടുത്തെ മഹത്വപ്പെടുത്തുകയോചെയ്തില്ല.
10: അഞ്ചാമന്‍ തന്റെ പാത്രം മൃഗത്തിന്റെ സിംഹാസനത്തിന്മേലൊഴിച്ചു. അപ്പോള്‍ അതിന്റെ രാജ്യം കൂരിരുട്ടിലാണ്ടു. മനുഷ്യര്‍ കഠിനവേദനകൊണ്ടു നാവുകടിച്ചു.
11: വേദനയും വ്രണങ്ങളുംമൂലം അവര്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെക്കുറിച്ചനുതപിച്ചില്ല.
12: ആറാമത്തെ ദൂതന്‍ തന്റെ പാത്രം യൂഫ്രട്ടീസ് മഹാനദിയിലൊഴിച്ചു. അപ്പോള്‍ അതിലെ ജലം വറ്റിപ്പോയി. അങ്ങനെ കിഴക്കുനിന്നുള്ള രാജാക്കന്മാര്‍ക്കു വഴിയൊരുക്കപ്പെട്ടു.
13: സര്‍പ്പത്തിന്റെ വായില്‍നിന്നും മൃഗത്തിന്റെ വായില്‍നിന്നും കള്ളപ്രവാചകന്റെ വായില്‍നിന്നും പുറപ്പെട്ട തവളകള്‍പോലുള്ള മൂന്നശുദ്ധാത്മാക്കളെ ഞാന്‍ കണ്ടു.
14: അവര്‍ സര്‍വ്വശക്തനായ ദൈവത്തിന്റെ മഹാദിനത്തിലെ യുദ്ധത്തിനായി, ലോകമെമ്പാടുമുള്ള രാജാക്കന്മാരെ ഒന്നിച്ചുകൂട്ടാന്‍ പുറപ്പെട്ടവരും അടയാളങ്ങള്‍ കാണിക്കുന്നവരുമായ പൈശാചികാത്മാക്കളാണ്.
15: ഇതാ, ഞാന്‍ കള്ളനെപ്പോലെ വരുന്നു! നഗ്നനായി മറ്റുള്ളവരുടെ മുമ്പില്‍ ലജ്ജിതനായിത്തീരാതെ വസ്ത്രംധരിച്ച്, ഉണര്‍ന്നിരിക്കുന്നവന്‍ ഭാഗ്യവാന്‍.
16: ഹെബ്രായഭാഷയില്‍ ഹര്‍മാഗെദോന്‍ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവര്‍ അവരെയൊന്നിച്ചുകൂട്ടി.
17: ഏഴാമന്‍ തന്റെ പാത്രം അന്തരീക്ഷത്തിലൊഴിച്ചു. അപ്പോള്‍ ശ്രീകോവിലിലെ സിംഹാസനത്തില്‍നിന്ന് ഒരു വലിയസ്വരം പുറപ്പെട്ടു: ഇതാ, തീര്‍ന്നു.
18: അപ്പോള്‍ മിന്നല്‍പ്പിണരുകളും ഉച്ചഘോഷങ്ങളും ഇടിമുഴക്കങ്ങളും ഭൂമിയില്‍ മനുഷ്യരുണ്ടായതുമുതല്‍ ഇന്നോളം സംഭവിച്ചിട്ടില്ലാത്തവിധം അത്രവലിയ ഭൂകമ്പവുമുണ്ടായി. മഹാനഗരം മൂന്നായിപ്പിളര്‍ന്നു.
19: ജനതകളുടെ പട്ടണങ്ങള്‍ നിലംപതിച്ചു. തന്റെ ഉഗ്രക്രോധത്തിന്റെ ചഷകം, മട്ടുവരെ കുടിപ്പിക്കാന്‍വേണ്ടി മഹാബാബിലോണിനെ ദൈവം പ്രത്യേകമോര്‍മ്മിച്ചു.
20: ദ്വീപുകളെല്ലാം ഓടിയൊളിച്ചു; പര്‍വ്വതങ്ങള്‍ കാണാതായി. 
21: താലന്തുകളുടെ ഭാരമുള്ള, വലിയകല്ലുകളുടെ പെരുമഴ ആകാശത്തുനിന്നു മനുഷ്യരുടെമേല്‍പ്പതിച്ചു. കന്മഴയാകുന്ന മഹാമാരിനിമിത്തം മനുഷ്യര്‍ ദൈവത്തെ ദുഷിച്ചു. അത്, അത്രഭയങ്കരമായിരുന്നു.

അദ്ധ്യായം 17

    
കുപ്രസിദ്ധവേശ്യയും മൃഗവും
1: ഏഴുപാത്രങ്ങള്‍ പിടിച്ചിരുന്ന ഏഴു ദൂതന്മാരിലൊരുവന്‍വന്ന് എന്നോടു പറഞ്ഞു: വരുക, സമുദ്രങ്ങളുടെമേല്‍ ഉപവിഷ്ടയായിരിക്കുന്ന മഹാവേശ്യയുടെമേലുള്ള ശിക്ഷാവിധി നിനക്കു ഞാന്‍ കാണിച്ചുതരാം.
2: അവളോടുകൂടെ ഭൂമിയിലെ രാജാക്കന്മാര്‍ വ്യഭിചാരംചെയ്തു. അവളുടെ ദുര്‍വൃത്തിയുടെ വീഞ്ഞുകുടിച്ച്, ഭൂവാസികള്‍ ഉന്മത്തരായി.
3: ആ ദൂതന്‍ ആത്മാവില്‍ എന്നെ മരുഭൂമിയിലേക്കു നയിച്ചു. ദൈവദൂഷണപരമായ നാമങ്ങള്‍നിറഞ്ഞതും, ഏഴുതലയും പത്തുകൊമ്പും കടുംചെമപ്പുനിറവുമുള്ളതുമായ ഒരു മൃഗത്തിന്റെമേലിരിക്കുന്ന ഒരു സ്ത്രീയെ ഞാന്‍കണ്ടു.
4: ആ സ്ത്രീ, ധൂമ്രവും കടുംചെമപ്പും നിറമുള്ള വസ്ത്രംധരിച്ചിരുന്നു. സ്വര്‍ണ്ണവും വിലപിടിച്ചരത്നങ്ങളും മുത്തുകളുംകൊണ്ട് അലംകൃതയുമായിരുന്നു. വേശ്യാവൃത്തിയുടെ അശുദ്ധികളും മ്ലേച്ഛതകളുംകൊണ്ടുനിറഞ്ഞ ഒരു പൊന്‍ചഷകം അവളുടെ കൈയിലുണ്ടായിരുന്നു.
5: അവളുടെ നെറ്റിത്തടത്തില്‍ ഒരു നിഗൂഢനാമം എഴുതപ്പെട്ടിരുന്നു: മഹാബാബിലോണ്‍- വേശ്യകളുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ്.
6: ആ സ്ത്രീ വിശുദ്ധരുടെയും യേശുവിന്റെ സാക്ഷികളുടെയും രക്തംകുടിച്ചുന്മത്തയായി ലഹരിപിടിച്ചിരിക്കുന്നതും ഞാന്‍ കണ്ടു. അവളെക്കണ്ടപ്പോള്‍ ഞാന്‍ അദ്ഭുതപരതന്ത്രനായി.
7: അപ്പോള്‍ ദൂതനെന്നോടു പറഞ്ഞു: നീ എന്തുകൊണ്ടു വിസ്മയിക്കുന്നു? ആ സ്ത്രീയുടെയും അവളെ വഹിക്കുന്ന ഏഴുതലയും പത്തുകൊമ്പുമുള്ള മൃഗത്തിന്റെയും രഹസ്യം ഞാന്‍ നിന്നോടു പറയാം.
8: നീ കണ്ട ആ മൃഗമുണ്ടായിരുന്നു; എന്നാല്‍ ഇപ്പോളില്ല. അതു പാതാളത്തില്‍നിന്നു കയറിവന്നു നാശത്തിലേക്കു പോകും. ലോകസ്ഥാപനംമുതല്‍ ജീവന്റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂവാസികള്‍, ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും വരാനിരിക്കുന്നതുമായ ആ മൃഗത്തെനോക്കി വിസ്മയിക്കും.
9: ഇവിടെയാണു ജ്ഞാനമുള്ള മനസ്സിന്റെ ആവശ്യം. ഏഴുതലകള്‍ ആ സ്ത്രീ ഉപവിഷ്ടയായിരിക്കുന്ന ഏഴുമലകളാണ്. അവ ഏഴുരാജാക്കന്മാരുമാണ്.
10: അഞ്ചുപേര്‍ വീണുപോയി. ഒരാള്‍ ഇപ്പോഴുണ്ട്. മറ്റൊരാള്‍ ഇനിയും വന്നിട്ടില്ല. അവന്‍ വരുമ്പോള്‍ ചുരുങ്ങിയകാലത്തേയ്ക്കേ ഇവിടെ വസിക്കുകയുള്ളൂ.
11: ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതുമായ മൃഗം എട്ടാമത്തേതും ഏഴില്‍പ്പെട്ടതുമാണ്. അതു നാശത്തിലേക്കു പോകുന്നു.
12: നീ കണ്ട പത്തുകൊമ്പുകള്‍ പത്തുരാജാക്കന്മാരാണ്. അവരിനിയും രാജത്വംസ്വീകരിച്ചിട്ടില്ല. എന്നാല്‍, ഒരു മണിക്കൂര്‍നേരത്തേക്കു മൃഗത്തോടൊത്തു രാജാക്കന്മാരുടെ അധികാരംസ്വീകരിക്കേണ്ടവരാണവര്‍.
13: അവര്‍ക്ക് ഒരേ മനസ്സാണുള്ളത്. തങ്ങളുടെ ശക്തിയുമധികാരവും അവര്‍ മൃഗത്തിനേല്പിച്ചുകൊടുക്കുന്നു.
14: ഇവര്‍ കുഞ്ഞാടിനോടു യുദ്ധംചെയ്യും. കുഞ്ഞാട് അവരെക്കീഴ്‌പ്പെടുത്തും. എന്തെന്നാല്‍, അവന്‍ നാഥന്മാരുടെ നാഥനും രാജാക്കന്മാരുടെ രാജാവുമാണ്. അവനോടുകൂടെയുള്ളവര്‍ വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമാണ്.
15: പിന്നെ അവനെന്നോടു പറഞ്ഞു: വേശ്യ ഇരിക്കുന്നതായി നീ കാണുന്ന ജലപ്പരപ്പ്, ജനതകളും ജനസമൂഹങ്ങളും രാജ്യങ്ങളും ഭാഷകളുമാണ്.
16: നീ കാണുന്ന പത്തുകൊമ്പുകളും മൃഗവും ആ വേശ്യയെ വെറുക്കും. അവളെ പരിത്യക്തയും നഗ്നയുമാക്കും. അവളുടെ മാംസംഭക്ഷിക്കുകയും അവളെ അഗ്നിയില്‍ ദഹിപ്പിക്കുകയുംചെയ്യും.
17: എന്തെന്നാല്‍, ദൈവത്തിന്റെ വചനം പൂര്‍ത്തിയാകുവോളം അവിടുത്തെ ഉദ്ദേശ്യം നടപ്പാക്കുന്നതിനും ഏകമനസ്സോടെ മൃഗത്തിനു തങ്ങളുടെ രാജത്വംനല്കുന്നതിനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു.
18: നീ കാണുന്ന ആ സ്ത്രീ ഭൂമിയിലെ രാജാക്കന്മാരുടെമേല്‍ അധീശത്വമുള്ള മഹാനഗരമാണ്.

അദ്ധ്യായം 18


ബാബിലോണിന്റെ പതനം
1: ഇതിനുശേഷം സ്വര്‍ഗ്ഗത്തില്‍നിന്നു വേറൊരുദൂതന്‍ ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. അവനു വലിയഅധികാരമുണ്ടായിരുന്നു. അവന്റെ തേജസ്സുകൊണ്ടു ഭൂമി പ്രകാശിച്ചു.
2: അവന്‍ ശക്തമായസ്വരത്തില്‍ വിളിച്ചുപറഞ്ഞു: വീണു! മഹാബാബിലോണ്‍ വീണു! അവള്‍ പിശാചുക്കളുടെ വാസസ്ഥലവും എല്ലാ അശുദ്ധാത്മാക്കളുടെയും സങ്കേതവും അശുദ്ധവും ബീഭത്സവുമായ സകലപക്ഷികളുടെയും താവളവുമായി.
3: എന്തെന്നാല്‍, സകലജനതകളും അവളുടെ ഭോഗാസക്തിയുടെ മാദകമായവീഞ്ഞു പാനംചെയ്തു. ഭൂമിയിലെ രാജാക്കന്മാര്‍ അവളുമായി വ്യഭിചാരംചെയ്തു. അവളുടെ സുഖഭോഗവസ്തുക്കള്‍വഴി വ്യാപാരികള്‍ ധനികരായി.
4: സ്വര്‍ഗ്ഗത്തില്‍നിന്നു വേറൊരുസ്വരം ഞാന്‍ കേട്ടു: എന്റെ ജനമേ, അവളില്‍നിന്നോടിയകലുവിന്‍. അല്ലെങ്കില്‍ അവളുടെ പാപങ്ങളില്‍ നിങ്ങള്‍ പങ്കാളികളാകും. അവളുടെമേല്‍പ്പതിച്ച മഹാമാരികള്‍ നിങ്ങളെയും പിടികൂടും.
5: അവളുടെ പാപങ്ങള്‍ ആകാശത്തോളം കൂമ്പാരംകൂടിയിരിക്കുന്നു. ദൈവം അവളുടെയതിക്രമങ്ങള്‍ ഓര്‍മ്മിക്കുകയുംചെയ്തിരിക്കുന്നു.
6: അവള്‍ കൊടുത്തതുപോലെതന്നെ അവള്‍ക്കും തിരികെക്കൊടുക്കുവിന്‍. അവളുടെ പ്രവൃത്തികള്‍ക്ക് ഇരട്ടി പ്രതിഫലം നല്കുവിന്‍. അവള്‍ കലര്‍ത്തിത്തന്ന പാനപാത്രത്തില്‍ അവള്‍ക്ക് ഇരട്ടി കലര്‍ത്തിക്കൊടുക്കുവിന്‍.
7: അവള്‍ തന്നെത്തന്നെ എത്രത്തോളം മഹത്വപ്പെടുത്തുകയും സുഖഭോഗങ്ങളനുഭവിക്കുകയുംചെയ്തുവോ അത്രത്തോളം പീഡനവും ദുഃഖവും അവള്‍ക്കു നല്കുവിന്‍. എന്തെന്നാല്‍, അവള്‍ ഹൃദയത്തില്‍ പറയുന്നു: ഞാന്‍ രാജ്ഞിയായി വാഴുന്നു. ഞാന്‍ വിധവയല്ല. എനിക്കൊരിക്കലും വിലപിക്കേണ്ടിവരുകയില്ല.
8: തന്മൂലം ഒറ്റദിവസംകൊണ്ട് അവളുടെമേല്‍ മഹാമാരികള്‍ വരും- മരണവും വിലാപവും ക്ഷാമവും. അഗ്നിയിലവള്‍ ദഹിപ്പിക്കപ്പെടും. അവളെ വിധിക്കുന്ന ദൈവമായ കര്‍ത്താവു ശക്തനാണ്. 

ജനങ്ങൾ ബാബിലോണിനെക്കുറിച്ചു വിലപിക്കുന്നു
9: അവളോടൊത്തു വ്യഭിചാരംചെയ്യുകയും ഭോഗജീവിതം നയിക്കുകയുംചെയ്ത ഭൂമിയിലെ രാജാക്കന്മാര്‍ അവള്‍കത്തിയെരിയുന്ന പുകകാണുമ്പോള്‍ അവളെക്കുറിച്ചു കരയുകയും അലമുറയിടുകയുംചെയ്യും.
10: അവളുടെ പീഡകളെക്കുറിച്ചുള്ള ഭയംനിമിത്തം, അകലെനിന്നുകൊണ്ട് അവര്‍ പറയും: കഷ്ടം, കഷ്ടം മഹാനഗരമേ! സുശക്തനഗരമായ ബാബിലോണേ, ഒരു വിനാഴികകൊണ്ടു നിന്റെ വിധി വന്നുകഴിഞ്ഞല്ലോ!
11: ഭൂമിയിലെ വ്യാപാരികള്‍ അവളെക്കുറിച്ചു കരയുകയും ദുഃഖിക്കുകയുംചെയ്യുന്നു. അവരുടെ കച്ചവടസാധനങ്ങള്‍ ആരും വാങ്ങുന്നില്ല.
12: കച്ചവടസാധനങ്ങളിവയാണ്- സ്വര്‍ണ്ണം, വെള്ളി, രത്നങ്ങള്‍, മുത്തുകള്‍, മൃദുലവസ്ത്രം, ധൂമ്രവസ്ത്രം, രക്താംബരം, പട്ട്, സുഗന്ധമുള്ള പലതരം തടികള്‍, ദന്തനിര്‍മിതമായവസ്തുക്കള്‍, വിലയേറിയ തടി, പിച്ചള, ഇരുമ്പ്, വെണ്ണക്കല്ല് എന്നിവയില്‍ത്തീര്‍ത്ത പലതരംവസ്തുക്കള്‍,
13: കറുവാപ്പട്ട, സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, മീറാ, കുന്തിരിക്കം, വീഞ്ഞ്, എണ്ണ, നേരിയമാവ്, ഗോതമ്പ്, കന്നുകാലികള്‍, ആടുകള്‍, കുതിരകള്‍, രഥങ്ങള്‍, അടിമകള്‍, അടിമകളല്ലാത്ത മനുഷ്യര്‍.
14: നിന്റെ ആത്മാവു കൊതിച്ചകനി, നിന്നില്‍നിന്നകന്നുപോയി. ആഡംബരവും ശോഭയുമെല്ലാം നിനക്കു നഷ്ടപ്പെട്ടു. അവയൊന്നും ഇനിയൊരിക്കലും നീ കാണുകയില്ല.
15: അവള്‍നിമിത്തം ധനികരായിത്തീര്‍ന്ന ഈ വ്യാപാരികള്‍ അവളുടെ പീഡകളെക്കുറിച്ചുള്ള ഭയത്താല്‍ അകലെനിന്നു കരയുകയും വിലപിക്കുകയും ചെയ്യും.
16: മൃദുലവസ്ത്രവും ധൂമ്രവസ്ത്രവും രക്താംബരവും ധരിച്ചതും സ്വര്‍ണ്ണവും രത്നങ്ങളും മുത്തുംകൊണ്ട് അലങ്കരിക്കപ്പെട്ടതുമായ മഹാനഗരമേ, കഷ്ടം! കഷ്ടം!
17: എന്തെന്നാല്‍, ഒരു മണിക്കൂര്‍നേരംകൊണ്ട്, നിന്റെ ധനമത്രയും ശൂന്യമാക്കപ്പെട്ടു. സകലകപ്പിത്താന്മാരും കപ്പല്‍യാത്രക്കാരും നാവികരും കടല്‍വ്യാപാരികളും അകലെ മാറിനിന്നു.
18: അവളുടെ ചിതാധൂമംകണ്ട്, അവര്‍ വിളിച്ചുപറഞ്ഞു: ഈ മഹാനഗരത്തിനു സദൃശമായി വേറെയെന്തുണ്ട്?
19: അവര്‍ തങ്ങളുടെ തലയില്‍ പൊടിവിതറുകയും കരഞ്ഞും വിലപിച്ചുംകൊണ്ടു വിളിച്ചുപറയുകയുംചെയ്തു: മഹാനഗരമേ! കഷ്ടം! കഷ്ടം! കടലില്‍ കപ്പലുകളുള്ളവരെല്ലാം നീ മൂലം സമ്പന്നരായി. പക്ഷേ, ഒറ്റമണിക്കൂര്‍കൊണ്ടു നീ നശിപ്പിക്കപ്പെട്ടു.
20: അല്ലയോ സ്വര്‍ഗ്ഗമേ, വിശുദ്ധരേ, അപ്പസ്‌തോലന്മാരേ, പ്രവാചകന്മാരേ, അവളുടെ നാശത്തിലാഹ്ലാദിക്കുവിന്‍, ദൈവം നിങ്ങള്‍ക്കുവേണ്ടി അവള്‍ക്കെതിരേ വിധി പ്രസ്താവിച്ചുകഴിഞ്ഞു.
21: അനന്തരം, ശക്തനായൊരു ദൂതന്‍ വലിയതിരികല്ലുപോലുള്ള ഒരു കല്ലെടുത്തു കടലിലേക്കെറിഞ്ഞിട്ടു പറഞ്ഞു: ബാബിലോണ്‍ മഹാനഗരവും ഇതുപോലെ വലിച്ചെറിയപ്പെടും. ഇനിയൊരിക്കലും അവള്‍ കാണപ്പെടുകയില്ല.
22: വീണവായനക്കാരുടെയും ഗായകരുടെയും കുഴലൂതുന്നവരുടെയും കാഹളം വിളിക്കുന്നവരുടെയും ശബ്ദം ഇനിയൊരിക്കലും നിന്നില്‍ കേള്‍ക്കുകയില്ല. കരകൗശലവിദഗ്ദ്ധരാരും നിന്നില്‍ ഇനിമേല്‍ കാണപ്പെടുകയില്ല. തിരികല്ലിന്റെ സ്വരം നിന്നില്‍നിന്നുയരുകയില്ല.
23: ഒരു ദീപവും ഇനിയൊരിക്കലും നിന്നില്‍ പ്രകാശിക്കുകയില്ല. വധൂവരന്മാരുടെ സ്വരം ഇനിയൊരിക്കലും നിന്നില്‍ക്കേള്‍ക്കുകയുമില്ല. നിന്റെ വ്യാപാരികള്‍ ഭൂമിയിലെ ഉന്നതന്മാരായിരുന്നു. നിന്റെ ആഭിചാരംകൊണ്ട് സകലജനതകളെയും നീ വഞ്ചിക്കുകയുംചെയ്തു.
24: പ്രവാചകരുടെയും വിശുദ്ധരുടെയും ഭൂമിയില്‍വധിക്കപ്പെട്ട സകലരുടെയും രക്തം, അവളില്‍ക്കാണപ്പെട്ടു.

അദ്ധ്യായം 19

    
സ്വര്‍ഗ്ഗത്തില്‍ വിജയഗീതം
1: ഇതിനുശേഷം സ്വര്‍ഗ്ഗത്തില്‍ വലിയജനക്കൂട്ടത്തിന്റേതുപോലുള്ള ശക്തമായ സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്റേതാണ്.
2: അവിടുത്തെ വിധികള്‍ സത്യവും നീതിപൂര്‍ണ്ണവുമാണ്. വ്യഭിചാരംകൊണ്ടു ലോകത്തെ മലിനമാക്കിയ മഹാവേശ്യയെ അവിടുന്നു വിധിച്ചു. അവളുടെ കൈകൊണ്ടുചിന്തിയ അവിടുത്തെ ദാസരുടെ രക്തത്തിന് അവിടുന്നു പ്രതികാരംചെയ്തു.
3: രണ്ടാമതും അവര്‍ പറഞ്ഞു: ഹല്ലേലുയ്യാ! അവളുടെ പുക എന്നേയ്ക്കുമുയര്‍ന്നുകൊണ്ടിരിക്കുന്നു.
4: അപ്പോള്‍ ഇരുപത്തിനാലുശ്രേഷ്ഠന്മാരും നാലുജീവികളും ആമേന്‍, ഹല്ലേലുയ്യാ എന്നു പറഞ്ഞുകൊണ്ട്, സാഷ്ടാംഗംപ്രണമിച്ച്, സിംഹാസനസ്ഥനായ ദൈവത്തെയാരാധിച്ചു. 

വിവാഹവിരുന്ന്
5 : സിംഹാസനത്തില്‍നിന്ന് ഒരു സ്വരംകേട്ടു: ദൈവത്തിന്റെ ദാസരും അവിടുത്തെ ഭയപ്പെടുന്നവരും ചെറിയവരും വലിയവരുമായ നിങ്ങളെല്ലാവരും നമ്മുടെ ദൈവത്തെ സ്തുതിക്കുവിന്‍.
6: പിന്നെ വലിയജനക്കൂട്ടത്തിന്റെയും പെരുവെള്ളത്തിന്റെയും ഗംഭീരമായ ഇടിമുഴക്കത്തിന്റെയും ശബ്ദംപോലെയുള്ള ഒരു സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! സര്‍വ്വശക്തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു.
7: നമുക്കാനന്ദിക്കാം; ആഹ്ലാദിച്ചാര്‍പ്പുവിളിക്കാം. അവിടുത്തേയ്ക്കു മഹത്വംനല്കാം. എന്തെന്നാല്‍, കുഞ്ഞാടിന്റെ വിവാഹം സമീപിച്ചിരിക്കുന്നു. അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.
8: ശോഭയേറിയതും നിര്‍മ്മലവുമായ മൃദുലവസ്ത്രം ധരിക്കാനുള്ള അനുഗ്രഹം അവള്‍ക്കു നല്കപ്പെട്ടിരിക്കുന്നു. ആ വസ്ത്രം വിശുദ്ധരുടെ സത്പ്രവൃത്തികളാണ്.
9: ദൂതനെന്നോടുപറഞ്ഞു, എഴുതുക; കുഞ്ഞാടിന്റെ വിവാഹവിരുന്നിനു വിളിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍! അവര്‍ വീണ്ടും പറഞ്ഞു: ഇവ ദൈവത്തിന്റെ സത്യവചസ്സുകളാണ്.
10: അപ്പോള്‍ ഞാന്‍ അവനെയാരാധിക്കാനായി കാല്ക്കല്‍ വീണു. എന്നാല്‍, അവനെന്നോടു പറഞ്ഞു: അരുത്. ഞാന്‍ നിന്റെ ഒരു സഹദാസനാണ് യേശുവിനു സാക്ഷ്യംനല്കുന്ന നിന്റെ സഹോദരിലൊരുവന്‍. നീ ദൈവത്തെയാരാധിക്കുക. യേശുവിനുളള സാക്ഷ്യമാണു പ്രവചനത്തിന്റെ ആത്മാവ്.

ദൈവവചനം
11: സ്വര്‍ഗ്ഗം തുറക്കപ്പെട്ടതായി ഞാന്‍ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര. അതിന്റെ പുറത്തിരിക്കുന്നവന്‍ വിശ്വസ്തനെന്നും സത്യവാനെന്നും വിളിക്കപ്പെടുന്നു. അവന്‍ നീതിയോടെ വിധിക്കുകയും പടപൊരുതുകയുംചെയ്യുന്നു.
12: അവന്റെ മിഴികള്‍ തീനാളംപോലെ; അവന്റെ ശിരസ്സില്‍ അനേകം കിരീടങ്ങള്‍. അവന് ആലേഖനംചെയ്യപ്പെട്ട ഒരു നാമമുണ്ട്; അത്, അവനല്ലാതെ മറ്റാര്‍ക്കുമറിഞ്ഞുകൂടാ.
13: അവന്‍ രക്തത്തില്‍മുക്കിയ മേലങ്കിധരിച്ചിരിക്കുന്നു. അവന്റെ നാമം ദൈവവചനമെന്നാണ്.
14: സ്വര്‍ഗ്ഗീയസൈന്യങ്ങള്‍ നിര്‍മ്മലവും ധവളവുമായ മൃദുലവസ്ത്രമണിഞ്ഞു വെള്ളക്കുതിരകളുടെ പുറത്ത് അവനെയനുഗമിക്കുന്നു.
15: അവന്റെ വായില്‍നിന്നു മൂര്‍ച്ചയുള്ളൊരു വാള്‍ പുറപ്പെടുന്നു. സര്‍വ്വജനതകളുടെയുംമേല്‍ അതു പതിക്കും. ഇരുമ്പുദണ്ഡുകൊണ്ട് അവരെ ഭരിക്കും. സര്‍വ്വശക്തനായ ദൈവത്തിന്റെ ഉഗ്രക്രോധത്തിന്റെ മുന്തിരിച്ചക്ക്, അവന്‍ ചവിട്ടുകയും ചെയ്യും.
16: അവനു മേലങ്കിയിലും തുടയിലും എഴുതപ്പെട്ട ഒരു നാമമുണ്ട്: രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനും.

നിര്‍ണ്ണായകയുദ്ധം
17: സൂര്യനില്‍നില്ക്കുന്ന ഒരു ദൂതനെയും ഞാന്‍ കണ്ടു. അവന്‍ മദ്ധ്യാകാശത്തില്‍പ്പറക്കുന്ന സകലപക്ഷികളോടും വലിയസ്വരത്തില്‍ വിളിച്ചു പറഞ്ഞു: ദൈവത്തിന്റെ മഹാവിരുന്നിനു വരുവിന്‍.
18: രാജാക്കന്മാര്‍, സൈന്യാധിപന്മാര്‍, ശക്തന്മാര്‍ എന്നിവരുടെയും, കുതിരകളുടെയും അവയുടെ പുറത്തിരിക്കുന്നവരുടെയും, സ്വതന്ത്രരും അടിമകളും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസംഭക്ഷിക്കുന്നതിന് ഒന്നിച്ചുകൂടുവിന്‍.
19: അപ്പോള്‍ അശ്വാരൂഢനോടും അവന്റെ സൈന്യനിരയോടും യുദ്ധംചെയ്യാന്‍ മൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചുകൂടിയിരിക്കുന്നതു ഞാന്‍ കണ്ടു.
20: മൃഗം പിടിക്കപ്പെട്ടു. അതിനോടൊപ്പം അതിന്റെ മുമ്പാകെ അടയാളങ്ങള്‍ കാണിച്ച്, മൃഗത്തിന്റെ മുദ്ര സ്വീകരിക്കുകയും അതിന്റെ സാദ്യശ്യത്തെ ആരാധിക്കുകയുംചെയ്തിരുന്നവരെ പാപത്തിലേക്കു വശീകരിച്ചിരുന്ന വ്യാജപ്രവാചകനും പിടിക്കപ്പെട്ടു. ഇരുവരും ഗന്ധകമെരിയുന്ന അഗ്നിത്തടാകത്തിലേക്കു ജീവനോടെ എറിയപ്പെട്ടു.
21: ശേഷിച്ചിരുന്നവര്‍ അശ്വാരൂഢന്റെ വായില്‍നിന്നു പുറപ്പെട്ട വാളുകൊണ്ടു വധിക്കപ്പെട്ടു. പക്ഷികളെല്ലാം അവരുടെ മാംസംതിന്നു തൃപ്തിയടഞ്ഞു.

മുന്നൂറ്റിയമ്പത്തെട്ടാം ദിവസം: വെളിപാട് 11 -15


അദ്ധ്യായം 11


രണ്ടു സാക്ഷികള്‍
1: ദണ്ഡുപോലുള്ള ഒരു മുഴക്കോല്‍ എനിക്കു നല്കപ്പെട്ടു. ഞാനിങ്ങനെ കേള്‍ക്കുകയുംചെയ്തു: നീയെഴുന്നേറ്റ്, ദൈവത്തിന്റെ ആലയത്തെയും ബലിപീഠത്തെയും അവിടെയാരാധിക്കുന്നവരെയും അളക്കുക.
2: ദേവാലയത്തിന്റെ മുറ്റമളക്കേണ്ടാ. കാരണം, അതു ജനതകള്‍ക്കു നല്കപ്പെട്ടതാണ്. നാല്പത്തിരണ്ടുമാസം അവര്‍ വിശുദ്ധനഗരത്തെ ചവിട്ടിമെതിക്കും.
3: ചാക്കുടുത്ത്, ആയിരത്തിയിരുനൂറ്റിയറുപതു ദിവസം പ്രവചിക്കാന്‍ ഞാനെന്റെ രണ്ടുസാക്ഷികള്‍ക്ക് അനുവാദംകൊടുക്കും.
4: അവര്‍ ഭൂമിയുടെ നാഥന്റെ മുമ്പില്‍നില്ക്കുന്ന രണ്ട് ഒലിവുമരങ്ങളും രണ്ടു ദീപപീഠങ്ങളുമാണ്.
5: ആരെങ്കിലും അവരെ ഉപദ്രവിക്കാനിച്ഛിച്ചാല്‍, അവരുടെ വായില്‍നിന്ന് അഗ്നിപുറപ്പെട്ട്, ശത്രുക്കളെ ദഹിപ്പിച്ചുകളയും. അവരെയുപദ്രവിക്കാന്‍പുറപ്പെടുന്നവര്‍ ഇങ്ങനെ കൊല്ലപ്പെടണം.
6: തങ്ങളുടെ പ്രവചനദിവസങ്ങളില്‍ മഴപെയ്യാതിരിക്കാന്‍വേണ്ടി ആകാശമടയ്ക്കാനുള്ള അധികാരം അവര്‍ക്കുണ്ട്. ജലാശയങ്ങളെ രക്തമാക്കിമാറ്റാനും, ആഗ്രഹിക്കുമ്പോഴൊക്കെ സകലമഹാമാരികളുംകൊണ്ടു ഭൂമിയെ പീഡിപ്പിക്കാനും അവര്‍ക്കധികാരമുണ്ട്.
7: അവര്‍ തങ്ങളുടെ സാക്ഷ്യംനിറവേറ്റിക്കഴിയുമ്പോള്‍ പാതാളത്തില്‍നിന്നു കയറിവരുന്ന മൃഗം, അവരോടു യുദ്ധംചെയ്ത്, അവരെ കീഴടക്കിക്കൊല്ലും.
8: സോദോം എന്നും ഈജിപ്ത് എന്നും പ്രതീകാർത്ഥത്തില്‍വിളിക്കുന്ന മഹാനഗരത്തിന്റെ തെരുവില്‍ അവരുടെ മൃതദേഹം കിടക്കും. അവിടെവച്ചാണ് അവരുടെ നാഥന്‍ ക്രൂശിക്കപ്പെട്ടത്.
9: ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും രാജ്യങ്ങളിലുംനിന്നുള്ളവര്‍ മൂന്നരദിവസം അവരുടെ മൃതദേഹങ്ങള്‍ നോക്കിനില്ക്കും. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അവരനുവദിക്കുകയില്ല.
10: ഭൂവാസികള്‍ അവരെക്കുറിച്ചു സന്തോഷിക്കും. ആഹ്ലാദം പ്രകടിപ്പിച്ച്, അവരന്യോന്യം സമ്മാനങ്ങള്‍കൈമാറും. കാരണം, ഇവരാണ്, ഭൂമിയില്‍വസിക്കുന്നവരെ പീഡിപ്പിച്ചിരുന്ന രണ്ടുപ്രവാചകന്മാര്‍.
11: മൂന്നരദിവസത്തിനുശേഷം ദൈവത്തില്‍നിന്നുള്ള ജീവാത്മാവ് അവരില്‍ പ്രവേശിച്ചു. അവര്‍ എഴുന്നേറ്റുനിന്നു. അവരെ നോക്കിനിന്നവര്‍ വല്ലാതെ ഭയപ്പെട്ടു.
12: സ്വര്‍ഗ്ഗത്തില്‍നിന്നു വലിയൊരു സ്വരം തങ്ങളോടിങ്ങനെ പറയുന്നത് അവര്‍ കേട്ടു: ഇങ്ങോട്ടു കയറിവരുവിന്‍. അപ്പോള്‍ ശത്രുക്കള്‍ നോക്കിനില്ക്കേ അവരൊരു മേഘത്തില്‍ സ്വര്‍ഗ്ഗത്തിലേക്കു കയറി.
13: ആ മണിക്കൂറില്‍ വലിയഭൂകമ്പമുണ്ടായി. പട്ടണത്തിന്റെ പത്തിലൊന്നു നിലംപതിച്ചു. മനുഷ്യരില്‍ ഏഴായിരംപേര്‍ കൊല്ലപ്പെട്ടു. ശേഷിച്ചവര്‍ വിഹ്വലരായി, സ്വര്‍ഗ്ഗസ്ഥനായദൈവത്തെ മഹത്വപ്പെടുത്തി.
14: രണ്ടാമത്തെ ദുരിതം കടന്നുപോയി. ഇതാ, മൂന്നാമത്തെ ദുരിതം വേഗംവരുന്നു.

ഏഴാമത്തെ കാഹളം
15: ഏഴാമത്തെ ദൂതന്‍ കാഹളംമുഴക്കി. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ വലിയസ്വരങ്ങളുണ്ടായി: ലോകത്തിന്റെ ഭരണാധികാരം നമ്മുടെ കര്‍ത്താവിന്റേതും അവിടുത്തെ അഭിഷിക്തന്റേതുമായിരിക്കുന്നു. അവിടുന്ന് എന്നേയ്ക്കും ഭരിക്കും.
16: അപ്പോള്‍ ദൈവസന്നിധിയില്‍ സിംഹാസനങ്ങളിലിരിക്കുന്ന ഇരുപത്തിനാലുശ്രേഷ്ഠന്മാര്‍ സാഷ്ടാംഗംപ്രണമിച്ചു. അവര്‍ ദൈവത്തെ ആരാധിച്ചുകൊണ്ടു പറഞ്ഞു:
17: ആയിരുന്നവനും ആയിരിക്കുന്നവനും സര്‍വ്വശക്തനും ദൈവവുമായ കര്‍ത്താവേ, അങ്ങേയ്ക്കു ഞങ്ങള്‍ നന്ദിപറയുന്നു. എന്തെന്നാല്‍, അങ്ങു വലിയശക്തിപ്രയോഗിക്കാനും ഭരിക്കാനുംതുടങ്ങിയല്ലോ.
18: ജനതകള്‍ രോഷാകുലരായി. അങ്ങയുടെ ക്രോധം സമാഗതമായി. മരിച്ചവരെ വിധിക്കാനും അങ്ങയുടെ ദാസരായ പ്രവാചകന്മാര്‍ക്കും വിശുദ്ധര്‍ക്കും അങ്ങയുടെ നാമത്തെ ഭയപ്പെടുന്ന ചെറിയവര്‍ക്കും വലിയവര്‍ക്കും പ്രതിഫലംനല്കാനും ഭൂമിയെ നശിപ്പിക്കുന്നവരെ ഉന്മൂലനംചെയ്യാനുമുള്ള സമയവും സമാഗതമായി.
19: അപ്പോള്‍, സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെയാലയം തുറക്കപ്പെട്ടു. അതില്‍ അവിടുത്തെ വാഗ്ദാനപേടകം കാണായി. മിന്നല്‍പ്പിണരുകളും ഘോഷങ്ങളും ഇടിമുഴക്കങ്ങളും ഭൂകമ്പവും വലിയകന്മഴയുമുണ്ടായി.

അദ്ധ്യായം 12

    
സ്ത്രീയും ഉഗ്രസര്‍പ്പവും
1: സ്വര്‍ഗ്ഗത്തില്‍ വലിയൊരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്സില്‍ പന്ത്രണ്ടുനക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം.
2: അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള്‍ നിലവിളിച്ചു. പ്രസവക്ലേശത്താല്‍ അവള്‍ ഞെരുങ്ങി.
3: സ്വര്‍ഗ്ഗത്തില്‍ മറ്റൊരടയാളംകൂടെ കാണപ്പെട്ടു. ഇതാ, അഗ്നിമയനായ ഒരുഗ്രസര്‍പ്പം. അതിന് ഏഴുതലയും പത്തുകൊമ്പും. തലകളില്‍ ഏഴുകിരീടങ്ങള്‍.
4: അതിന്റെ വാല്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്കെറിഞ്ഞു. ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെവിഴുങ്ങാന്‍, സര്‍പ്പം അവളുടെ മുമ്പില്‍ കാത്തുനിന്നു.
5: അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. സകലജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ടു ഭരിക്കാനുള്ളവനാണവന്‍. അവളുടെ ശിശു ദൈവത്തിന്റെയും അവിടുത്തെ സിംഹാസനത്തിന്റെയുമടുത്തേക്കു സംവഹിക്കപ്പെട്ടു.
6: ആ സ്ത്രീ മരുഭൂമിയിലേക്ക് ഓടിപ്പോയി. അവിടെ ആയിരത്തിയിരുന്നൂറ്റിയറുപതുദിവസം അവളെ പോറ്റുന്നതിനു ദൈവം സജ്ജമാക്കിയ ഒരു സ്ഥലമുണ്ടായിരുന്നു.
7: അനന്തരം, സ്വര്‍ഗ്ഗത്തില്‍ ഒരു യുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ ദൂതന്മാരും എതിര്‍ത്തു യുദ്ധംചെയ്തു.
8: എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്കിടമില്ലാതായി.
9: ആ വലിയസര്‍പ്പം, സര്‍വ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടെ അവന്റെ ദൂതന്മാരും.
10: സ്വര്‍ഗ്ഗത്തില്‍ ഒരു വലിയസ്വരം വിളിച്ചുപറയുന്നതു ഞാന്‍കേട്ടു: ഇപ്പോള്‍ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവിടുത്തെ അഭിഷിക്തന്റെ അധികാരവും ആഗതമായിരിക്കുന്നു. എന്തെന്നാല്‍, നമ്മുടെ സഹോദരരെ ദുഷിക്കുകയും രാപകല്‍ ദൈവസമക്ഷം അവരെ പഴിപറയുകയുംചെയ്തിരുന്നവന്‍ വലിച്ചെറിയപ്പെട്ടു.
11: അവരാകട്ടെ കുഞ്ഞാടിന്റെ രക്തംകൊണ്ടും സ്വന്തംസാക്ഷ്യത്തിന്റെ വചനംകൊണ്ടും അവന്റെമേല്‍ വിജയംനേടി. ജീവന്‍നല്കാനും അവര്‍ തയ്യാറായി.
12: അതിനാല്‍, സ്വര്‍ഗ്ഗമേ, അതില്‍ വസിക്കുന്നവരേ, ആനന്ദിക്കുവിന്‍. എന്നാല്‍, ഭൂമിയേ, സമുദ്രമേ, നിങ്ങള്‍ക്കു ദുരിതം! ചുരുങ്ങിയസമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ്, അരിശംകൊണ്ട്, പിശാചു നിങ്ങളുടെയടുത്തേക്കിറങ്ങിയിട്ടുണ്ട്.
13: താന്‍ ഭൂമിയിലേക്കെറിയപ്പെട്ടു എന്നുകണ്ടപ്പോള്‍, ആണ്‍കുട്ടിയെ പ്രസവിച്ച സ്ത്രീയെയന്വേഷിച്ച്, സര്‍പ്പം പുറപ്പെട്ടു.
14: സര്‍പ്പത്തിന്റെ വായില്‍നിന്നു രക്ഷപെട്ട്, തന്റെ സങ്കേതമായ മരുഭൂമിയിലേക്കു പറന്നുപോകാന്‍വേണ്ടി ആ സ്ത്രീയ്ക്കു വന്‍കഴുകന്റെ രണ്ടുചിറകുകള്‍ നല്കപ്പെട്ടു. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും അവളവിടെ സംരക്ഷിക്കപ്പെടേണ്ടിയിരുന്നു.
15: സ്ത്രീയെ ഒഴുക്കിക്കളയാന്‍ സര്‍പ്പം തന്റെ വായില്‍നിന്നു നദിപോലെ ജലം അവളുടെപിന്നാലെ പുറപ്പെടുവിച്ചു.
16: എന്നാല്‍, ഭൂമി അവളെ സഹായിച്ചു. അതു വായ്‌തുറന്ന്, സര്‍പ്പം വായില്‍നിന്നൊഴുക്കിയ നദിയെ വിഴുങ്ങിക്കളഞ്ഞു.
17: അപ്പോള്‍ സര്‍പ്പം സ്ത്രീയുടെനേരേ കോപിച്ചു. ദൈവകല്പനകള്‍കാക്കുന്നവരും യേശുവിനു സാക്ഷ്യംവഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോടു യുദ്ധംചെയ്യാന്‍ അതു പുറപ്പെട്ടു.
18: അതു സമുദ്രത്തിന്റെ മണല്‍ത്തിട്ടയില്‍ നിലയുറപ്പിച്ചു.

അദ്ധ്യായം 13


രണ്ടു മൃഗങ്ങള്‍
1: കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തുകൊമ്പും ഏഴുതലയും കൊമ്പുകളില്‍ പത്തുരത്നങ്ങളും തലകളില്‍ ദൈവദൂഷണപരമായ ഒരു നാമവുമുണ്ടായിരുന്നു.
2: ഞാന്‍കണ്ട മൃഗം പുള്ളിപ്പുലിയെപ്പോലിരുന്നു. അതിന്റെ കാലുകള്‍ കരടിയുടേതുപോലെ, വായ് സിംഹത്തിന്റേതുപോലെയും. സര്‍പ്പം തന്റെ ശക്തിയും സിംഹാസനവും വലിയഅധികാരവും അതിനുകൊടുത്തു.
3: അതിന്റെ തലകളിലൊന്ന്, മാരകമായി മുറിപ്പെട്ടതുപോലെതോന്നി. എങ്കിലും മരണകാരണമായ ആ മുറിവു സുഖമാക്കപ്പെട്ടു. ഭൂമിമുഴുവന്‍ ആ മൃഗത്തെക്കുറിച്ച് ആശ്ചര്യപ്പെട്ടു.
4: മൃഗത്തിന് അധികാരംനല്കിയതുനിമിത്തം അവര്‍ സര്‍പ്പത്തെയാരാധിച്ചു. അവരിങ്ങനെ പറഞ്ഞുകൊണ്ടു മൃഗത്തെയുമാരാധിച്ചു: ഈ മൃഗത്തെപ്പോലെയാരുണ്ട്? ഇതിനോടു പോരാടാന്‍ ആര്‍ക്കുകഴിയും?
5: ദൈവദൂഷണവും വമ്പുംപറയുന്ന ഒരു വായ് അതിനു നല്കപ്പെട്ടു. നാല്പത്തിരണ്ടുമാസം പ്രവര്‍ത്തനംനടത്താന്‍ അതിനധികാരവും നല്കപ്പെട്ടു.
6: ദൈവത്തിനെതിരേ ദൂഷണംപറയാന്‍ അതു വായ്‌തുറന്നു. അവിടുത്തെ നാമത്തെയും അവിടുത്തെ വാസസ്ഥലത്തെയും സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവരെയും അതു ദുഷിച്ചുപറഞ്ഞു.
7: വിശുദ്ധരോടു പടപൊരുതി, അവരെ കീഴ്‌പ്പെടുത്താന്‍ അതിനനുവാദംനല്കി. സകലഗോത്രങ്ങളുടെയും ജനതകളുടെയും ഭാഷകളുടെയും രാജ്യങ്ങളുടെയുംമേല്‍ അതിനധികാരവും ലഭിച്ചു.
8: വധിക്കപ്പെട്ട കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍, ലോകസ്ഥാപനംമുതല്‍ പേരെഴുതപ്പെടാത്തവരായി ഭൂമിയില്‍ വസിക്കുന്ന സര്‍വ്വരും അതിനെയാരാധിക്കും.
9: ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
10: തടവിലാക്കപ്പെടേണ്ടവന്‍ തടവിലേക്കുപോകുന്നു. വാളുകൊണ്ടു വധിക്കുന്നവന്‍ വാളിനിരയാകണം. ഇവിടെയാണ് വിശുദ്ധരുടെ സഹനശക്തിയും വിശ്വാസവും.
11: ഭൂമിക്കടിയില്‍നിന്നു കയറിവരുന്ന വേറൊരുമൃഗത്തെ ഞാന്‍ കണ്ടു. അതിനു കുഞ്ഞാടിന്റേതുപോലുള്ള രണ്ടുകൊമ്പുകളുണ്ടായിരുന്നു. അതു സര്‍പ്പത്തെപ്പോലെ സംസാരിച്ചു.
12: അത്, ആദ്യത്തെ മൃഗത്തിന്റെ എല്ലാ അധികാരവും അതിന്റെ മുമ്പില്‍ പ്രയോഗിച്ചു. മാരകമായ മുറിവു സുഖമാക്കപ്പെട്ട ആദ്യത്തെ മൃഗത്തെയാരാധിക്കാന്‍ അതു ഭൂമിയെയും ഭൂവാസികളെയും നിര്‍ബ്ബന്ധിച്ചു.
13: ആകാശത്തുനിന്നു ഭൂമിയിലേക്കു തീയിറക്കുകപോലുംചെയ്ത് വലിയഅടയാളങ്ങളും മനുഷ്യരുടെ മുമ്പാകെ അതു കാണിച്ചു.
14: മൃഗത്തിന്റെമുമ്പില്‍ പ്രവര്‍ത്തിക്കാന്‍ തനിക്കനുവദിക്കപ്പെട്ടിരുന്ന അടയാളങ്ങള്‍വഴി, അതു ഭൂവാസികളെ വഴിതെറ്റിച്ചു. വാളുകൊണ്ടു മുറിവേറ്റിട്ടും ജീവന്‍ നഷ്ടപ്പെടാതിരുന്ന മൃഗത്തിന്റെ പ്രതിമയുണ്ടാക്കാന്‍ അതു ഭൂവാസികളോടു നിര്‍ദ്ദേശിച്ചു.
15: മൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസംപകരാന്‍ അതിനനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്കു സംസാരശക്തിലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനുംവേണ്ടിയായിരുന്നു അത്.
16: ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്ധിച്ചു.
17: മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍വാങ്ങല്‍ അസാദ്ധ്യമാക്കാന്‍വേണ്ടിയായിരുന്നു അത്.
18: ഇവിടെയാണ്, ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അതൊരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂറ്റിയറുപത്തിയാറ്.

അദ്ധ്യായം 14


കുഞ്ഞാടും അനുയായികളും

1: ഒരു കുഞ്ഞാടു സീയോന്‍മലമേല്‍ നില്ക്കുന്നതു ഞാന്‍ കണ്ടു; അവനോടുകൂടെ നൂറ്റിനാല്പത്തിനാലായിരംപേരും. അവരുടെ നെറ്റിയില്‍ അവന്റെ നാമവും അവന്റെ പിതാവിന്റെ നാമവുമെഴുതിയിട്ടുണ്ട്.
2: വെള്ളച്ചാട്ടത്തിന്റെ ഇരമ്പല്‍പോലെയും വലിയ ഇടിനാദംപോലെയും സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരം ഞാന്‍ കേട്ടു - വീണക്കാര്‍ വീണമീട്ടുന്നതുപോലൊരു സ്വരം.
3: അവര്‍ സിംഹാസനത്തിന്റെയും നാലുജീവികളുടെയും ശ്രേഷ്ഠന്മാരുടെയുംമുമ്പാകെ ഒരു പുതിയ ഗാനമാലപിച്ചു. ഭൂമിയില്‍നിന്നു വിലയ്ക്കുവാങ്ങപ്പെട്ട നൂറ്റിനാല്പത്തിനാലായിരംപേരൊഴികെ, ആര്‍ക്കും ആ ഗാനം പഠിക്കാന്‍കഴിഞ്ഞില്ല.
4: അവര്‍ സ്ത്രീകളോടുചേര്‍ന്നു മലിനരാകാത്തവരാണ്. അവര്‍ ബ്രഹ്മചാരികളുമാണ്. അവരാണു കുഞ്ഞാടിനെ അതു പോകുന്നിടത്തെല്ലാമനുഗമിക്കുന്നവര്‍. അവര്‍ ദൈവത്തിനും കുഞ്ഞാടിനുമുള്ള ആദ്യഫലമായി മനുഷ്യരില്‍നിന്നു വിലയ്ക്കുവാങ്ങപ്പെട്ടവരാണ്.
5: അവരുടെ അധരങ്ങളില്‍ വ്യാജംകാണപ്പെട്ടില്ല; അവര്‍ നിഷ്‌കളങ്കരാണ്.

മൂന്നുദൂതന്മാര്‍
6: മദ്ധ്യാകാശത്തില്‍പ്പറക്കുന്ന വേറൊരു ദൂതനെ ഞാന്‍ കണ്ടു. ഭൂമിയിലുള്ളവരോടും സകലജനതകളോടും ഗോത്രങ്ങളോടും ഭാഷകളോടും രാജ്യങ്ങളോടും വിളംബരംചെയ്യാനുള്ള ഒരു സനാതനസുവിശേഷം അവന്റെ പക്കലുണ്ട്.
7: അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ദൈവത്തെ ഭയപ്പെടുകയും അവിടുത്തേയ്ക്കു മഹത്വംനല്കുകയുംചെയ്യുവിന്‍. എന്തെന്നാല്‍, അവിടുത്തെ വിധിയുടെ സമയം വന്നുകഴിഞ്ഞു. ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും നീരുറവകളെയും സൃഷ്ടിച്ചവനെ ആരാധിക്കുവിന്‍.
8: രണ്ടാമതൊരു ദൂതന്‍വന്നു പറഞ്ഞു: മഹാബാബിലോണ്‍ വീണുപോയി. ഭോഗാസക്തിയുടെ വീഞ്ഞ്, സകലജനതകളെയും കുടിപ്പിച്ചിരുന്ന അവള്‍ നിലംപതിച്ചു.
9: മൂന്നാമതൊരു ദൂതന്‍വന്ന് ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ആരെങ്കിലും മൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ മുദ്ര സ്വീകരിക്കുകയോചെയ്താല്‍,
10: അവന്‍ ദൈവകോപത്തിന്റെ പാത്രത്തില്‍ അവിടുത്തെ ക്രോധത്തിന്റെ വീഞ്ഞ്, കലര്‍പ്പില്ലാതെ പകര്‍ന്നുകുടിക്കും. വിശുദ്ധദൂതന്മാരുടെയും കുഞ്ഞാടിന്റെയുംമുമ്പാകെ അഗ്നിയാലും ഗന്ധകത്താലും അവന്‍ പീഡിപ്പിക്കപ്പെടുകയുംചെയ്യും.
11: അവരുടെ പീഡനത്തിന്റെ പുക എന്നെന്നും ഉയര്‍ന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിന്റെ പ്രതിമയെയും ആരാധിക്കുന്നവര്‍ക്കും അതിന്റെ നാമമുദ്ര സ്വീകരിക്കുന്നവര്‍ക്കും രാപകല്‍ ഒരാശ്വാസവുമുണ്ടായിരിക്കയില്ല.
12: ഇവിടെയാണു ദൈവത്തിന്റെ കല്പനകള്‍പാലിക്കുന്ന വിശുദ്ധരുടെ സഹനശക്തിയും യേശുവിലുള്ള വിശ്വാസവുംവേണ്ടത്.
13: അനന്തരം, സ്വര്‍ഗ്ഗത്തില്‍നിന്നു പറയുന്ന ഒരു സ്വരം ഞാന്‍ കേട്ടു: എഴുതുക, ഇപ്പോള്‍മുതല്‍ കര്‍ത്താവില്‍ മൃതിയടയുന്നവര്‍ അനുഗൃഹീതരാണ്. അതേ, തീര്‍ച്ചയായും. അവര്‍ തങ്ങളുടെ അദ്ധ്വാനങ്ങളില്‍നിന്നു വിരമിച്ചു സ്വസ്ഥരാകും; അവരുടെ പ്രവൃത്തികള്‍, അവരെയനുഗമിക്കുന്നെന്ന് ആത്മാവരുളിച്ചെയ്യുന്നു.

വിളവെടുപ്പ്
14: പിന്നെ ഞാന്‍ കണ്ടു: ഇതാ, ഒരു വെണ്‍മേഘം; മേഘത്തിന്മേല്‍ മനുഷ്യപുത്രനെപ്പോലെയുള്ള ഒരുവന്‍, അവന്റെ ശിരസ്സില്‍ സ്വര്‍ണ്ണകിരീടവും കൈയില്‍ മൂര്‍ച്ചയുള്ള അരിവാളുമുണ്ട്.
15: ദേവാലയത്തില്‍നിന്നു മറ്റൊരു ദൂതന്‍ പുറത്തുവന്ന്, മേഘത്തിന്മേലിരിക്കുന്നവനോട് ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: അരിവാളെടുത്തുകൊയ്യുക. കൊയ്ത്തിനു കാലമായി. ഭൂമിയിലെ വിളവു പാകമായിക്കഴിഞ്ഞു.
16: അപ്പോള്‍, മേഘത്തിലിരിക്കുന്നവന്‍ തന്റെയരിവാള്‍ ഭൂമിയിലേക്കെറിയുകയും ഭൂമി കൊയ്യപ്പെടുകയുംചെയ്തു.
17: സ്വര്‍ഗ്ഗത്തിലെ ദേവാലയത്തില്‍നിന്നു മൂര്‍ച്ചയുള്ള ഒരരിവാളുമായി മറ്റൊരു ദൂതനിറങ്ങിവന്നു.
18: വേറൊരു ദൂതന്‍ ബലിപീഠത്തില്‍നിന്നു പുറത്തുവന്നു. അവന് അഗ്നിയുടെമേല്‍ അധികാരമുണ്ടായിരുന്നു. മൂര്‍ച്ചയുള്ള അരിവാളുള്ളവനോട് അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: നിന്റെ അരിവാളിറക്കി ഭൂമിയിലെ മുന്തിരിക്കുലകള്‍ ശേഖരിക്കുക; മുന്തിരിപ്പഴം പാകമായിരിക്കുന്നു.
19: അപ്പോള്‍ ദൂതന്‍ അരിവാള്‍ ഭൂമിയിലേക്കെറിഞ്ഞു. ഭൂമിയിലെ മുന്തിരിവിള ശേഖരിച്ച്, ദൈവത്തിന്റെ ക്രോധമാകുന്ന വലിയ മുന്തിരിച്ചക്കിലിട്ടു.
20: പട്ടണത്തിനു വെളിയിലുള്ള ചക്കിലിട്ടു മുന്തിരിപ്പഴം ആട്ടി. ചക്കില്‍നിന്ന്, കുതിരകളുടെ കടിഞ്ഞാണ്‍വരെ ഉയരത്തില്‍ ആയിരത്തിയറുനൂറു സ്താദിയോണ്‍ നീളത്തില്‍ രക്തപ്രവാഹമുണ്ടായി.

അദ്ധ്യായം 15


വിജയികളുടെ സ്തുതിഗീതം
1: സ്വര്‍ഗ്ഗത്തില്‍ മഹത്തും വിസ്മയാവഹവുമായ മറ്റൊരടയാളം ഞാന്‍ കണ്ടു: ഏഴു മഹാമാരികളേന്തിയ ഏഴുദൂതന്മാര്‍. ഈ മഹാമാരികള്‍ അവസാനത്തേതാണ്. എന്തെന്നാല്‍, ഇവയോടെയാണു ദൈവത്തിന്റെ ക്രോധമവസാനിക്കുന്നത്.
2: അഗ്നിമയമായ പളുങ്കുകടല്‍പോലെ ഒരു കാഴ്ച ഞാന്‍ കണ്ടു. മൃഗത്തിന്മേലും അവന്റെ പ്രതിമയിന്മേലും അവന്റെ നാമസംഖ്യയിന്മേലും വിജയംവരിച്ച്, ദൈവത്തിന്റെ വീണപിടിച്ചുകൊണ്ട് പളുങ്കുകടലില്‍ നില്ക്കുന്നവരെയും ഞാന്‍ കണ്ടു.
3: അവര്‍ ദൈവത്തിന്റെ ദാസനായ മോശയുടെയും കുഞ്ഞാടിന്റെയും ഗീതങ്ങളാലപിച്ചുകൊണ്ടു പറഞ്ഞു: സര്‍വ്വശക്തനും ദൈവവുമായ
4: കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍ മഹനീയവും വിസ്മയാവഹവുമാണ്. ജനതകളുടെ രാജാവേ, അങ്ങയുടെ മാര്‍ഗ്ഗങ്ങള്‍ നീതിപൂര്‍ണ്ണവും സത്യസന്ധവുമാണ്. കര്‍ത്താവേ, അങ്ങേ നാമത്തെ ഭയപ്പെടാത്തവനും സ്തുതിക്കാത്തവനുമാരുണ്ട്? അങ്ങുമാത്രമാണു പരിശുദ്ധന്‍. സകലജനതകളും വന്ന്, അങ്ങയെ ആരാധിക്കും. കാരണം, അങ്ങയുടെ ന്യായവിധികള്‍ വെളിവാക്കപ്പെട്ടിരിക്കുന്നു.
5 : ഇതിനുശേഷം സ്വര്‍ഗ്ഗത്തില്‍ സാക്ഷ്യകൂടാരത്തിന്റെ ശ്രീകോവില്‍ തുറക്കപ്പെടുന്നതു ഞാന്‍ കണ്ടു.
6: ഏഴുമഹാമാരികളേന്തിയ ഏഴുദൂതന്മാര്‍ ശ്രീകോവിലില്‍നിന്നു പുറത്തുവന്നു. അവര്‍ ധവളവസ്ത്രം ധരിച്ചിരുന്നു; വക്ഷസ്സില്‍ പൊന്നുകൊണ്ടുള്ള ഇടക്കച്ച കെട്ടിയിരുന്നു.
7: നാലുജീവികളിലൊന്ന്, എന്നെന്നും ജീവിക്കുന്നവനായ ദൈവത്തിന്റെ ക്രോധംനിറച്ച ഏഴു പൊന്‍കലശങ്ങള്‍ ഏഴുദൂതന്മാര്‍ക്കു കൊടുത്തു.
8: ദൈവത്തിന്റെ മഹത്വത്തിന്റെയും ശക്തിയുടെയും ധൂപംകൊണ്ടു ശ്രീകോവില്‍ നിറഞ്ഞു. ഏഴുദൂതന്മാരുടെ ഏഴു മഹാമാരികളുമവസാനിക്കുവോളം ഒരുവനും ശ്രീകോവിലില്‍ പ്രവേശിക്കാന്‍കഴിഞ്ഞില്ല.

മുന്നൂറ്റിയമ്പത്തേഴാം ദിവസം: വെളിപാട് 5 - 10


അദ്ധ്യായം 5


മുദ്രിതഗ്രന്ഥവും കുഞ്ഞാടും
1: സിംഹാസനസ്ഥന്റെ വലത്തുകൈയില്‍, അകത്തും പുറത്തും എഴുതപ്പെട്ടതും സപ്തമുദ്രകള്‍ പതിച്ചതുമായ ഒരു പുസ്തകച്ചുരുള്‍ ഞാന്‍ കണ്ടു.
2: ശക്തനായൊരു ദൂതനെയും ഞാന്‍ കണ്ടു. അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചു പറഞ്ഞു: ഈ ചുരുള്‍ നിവര്‍ത്താനും അതിന്റെ മുദ്രകള്‍ പൊട്ടിക്കാനും അര്‍ഹതയുള്ള ആരുണ്ട്?
3: എന്നാല്‍, സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ ഭൂമിക്കടിയിലോ ഉള്ള ആര്‍ക്കും ഈ ചുരുള്‍ നിവര്‍ത്താനോ അതിലേക്കു നോക്കാനോ കഴിഞ്ഞില്ല.
4: ചുരുള്‍ നിവര്‍ത്താനോ അതിലേക്കു നോക്കാനോ യോഗ്യനായി ആരെയും കണ്ടെത്താഞ്ഞതിനാല്‍ ഞാന്‍ വളരെയേറെക്കരഞ്ഞു.
5: അപ്പോള്‍ ശ്രേഷ്ഠന്മാരിലൊരാള്‍ എന്നോടു പറഞ്ഞു: കരയാതിരിക്കൂ; ഇതാ, യൂദാവംശത്തില്‍നിന്നുള്ള സിംഹവും ദാവീദിന്റെ വേരുമായവന്‍ വിജയിച്ചിരിക്കുന്നു. അവനു ചുരുള്‍നിവര്‍ത്താനും സപ്തമുദ്രകള്‍ പൊട്ടിക്കാനും കഴിയും.
6: അപ്പോള്‍, സിംഹാസനത്തിന്റെയും നാലുജീവികളുടെയുംമദ്ധ്യേ, ശ്രേഷ്ഠന്മാരുടെ നടുവില്‍, കൊല്ലപ്പെട്ടതായിതോന്നുന്ന ഒരു കുഞ്ഞാടു നില്ക്കുന്നതു ഞാന്‍ കണ്ടു. അവന് ഏഴുകൊമ്പുകളും ഏഴുകണ്ണുകളുമുണ്ട്; ഈ കണ്ണുകള്‍ ലോകമെമ്പാടും അയയ്ക്കപ്പെട്ട ദൈവത്തിന്റെ സപ്താത്മാക്കളാണ്.
7: അവന്‍ചെന്നു സിംഹാസനസ്ഥന്റെ വലത്തുകൈയില്‍നിന്നു ചുരുള്‍ വാങ്ങി.
8: അവനതു സ്വീകരിച്ചപ്പോള്‍ നാലുജീവികളും ഇരുപത്തിനാലുശ്രേഷ്ഠന്മാരും കുഞ്ഞാടിന്റെമുമ്പില്‍ സാഷ്ടാംഗംപ്രണമിച്ചു. ഓരോരുത്തരും വീണയും വിശുദ്ധരുടെ പ്രാര്‍ത്ഥനകളാകുന്ന പരിമളദ്രവ്യംനിറഞ്ഞ സ്വര്‍ണ്ണകലശങ്ങളും കൈയിലേന്തിയിരുന്നു.
9: അവര്‍ ഒരു നവ്യഗാനമാലപിച്ചു: പുസ്‌കതകച്ചുരുള്‍സ്വീകരിക്കാനും അതിന്റെ മുദ്രകള്‍തുറക്കാനും നീ യോഗ്യനാണ്. കാരണം, നീ വധിക്കപ്പെടുകയും നിന്റെ രക്തംകൊണ്ട്, എല്ലാഗോത്രത്തിലും ഭാഷയിലും ജനതകളിലും രാജ്യങ്ങളിലുംനിന്നുള്ളവരെ ദൈവത്തിനുവേണ്ടി വിലയ്ക്കുവാങ്ങുകയും ചെയ്തു.
10: നീയവരെ നമ്മുടെ ദൈവത്തിന്, ഒരു രാജ്യവും പുരോഹിന്മാരുമാക്കി. അവന്‍ ഭൂമിയുടെമേല്‍ ഭരണംനടത്തും.
11: പിന്നെ, ഞാന്‍ സിംഹാസനത്തിന്റെയും ജീവികളുടെയും ശ്രേഷ്ഠന്മാരുടെയുംചുറ്റും അനേകം ദൂതന്മാരെക്കണ്ടു; അവരുടെ സ്വരവും ഞാന്‍ കേട്ടു. അവരുടെ എണ്ണം പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങളുടെ ആയിരങ്ങളുമായിരുന്നു.
12: ഉച്ചസ്വരത്തില്‍ ഇവരുദ്‌ഘോഷിച്ചു: കൊല്ലപ്പെട്ട കുഞ്ഞാട്, ശക്തിയും ധനവും ജ്ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്തുതിയും സ്വീകരിക്കാന്‍ യോഗ്യനാണ്. 
13: സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും സമുദ്രത്തിലുമുള്ള എല്ലാ സൃഷ്ടികളും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു; സിംഹാസനസ്ഥനും കുഞ്ഞാടിനും എന്നേയ്ക്കും സ്തുതിയും ബഹുമാനവും മഹത്വവുമാധിപത്യവും.
14: നാലുജീവികളും ആമേന്‍ എന്നുപ്രതിവചിച്ചു. ശ്രേഷ്ഠന്മാര്‍ സാഷ്ടാംഗംവീണാരാധിച്ചു.

അദ്ധ്യായം 6

    
ആറു മുദ്രകൾ തുറക്കുന്നു
1: കുഞ്ഞാട് ആ ഏഴു മുദ്രകളിലൊന്നു തുറന്നപ്പോള്‍ ഞാന്‍ നോക്കി. ആ നാലുജീവികളിലൊന്ന് ഇടിനാദംപോലെയുള്ള സ്വരത്തില്‍, വരുകയെന്നു പറയുന്നതു ഞാന്‍ കേട്ടു.
2: ഞാന്‍ ഒരു വെള്ളക്കുതിരയെക്കണ്ടു. അതിന്റെ പുറത്തു വില്ലുമായിരിക്കുന്ന ഒരുവന്‍ . അവനൊരു കിരീടം നല്കപ്പെട്ടു. വിജയത്തില്‍നിന്നു വിജയത്തിലേക്ക് അവന്‍ ജൈത്രയാത്രയാരംഭിച്ചു.
3: അവന്‍ രണ്ടാമത്തെ മുദ്രതുറന്നപ്പോള്‍ രണ്ടാമത്തെ ജീവി, വരുകയെന്നു പറയുന്നതു ഞാന്‍ കേട്ടു.
4: അപ്പോള്‍ തീക്കനലിന്റെ നിറമുള്ള മറ്റൊരു കുതിര കടന്നുവന്നു. മനുഷ്യര്‍ പരസ്പരം ഹിംസിക്കുമാറ്, ഭൂമിയില്‍നിന്നു സമാധാനമെടുത്തുകളയാന്‍ കുതിരപ്പുറത്തിരുന്നവന് അധികാരം നല്കപ്പെട്ടു. അവനൊരു വലിയ ഖഡ്ഗവുംകൊടുത്തു.
5: അവന്‍ മൂന്നാമത്തെ മുദ്രതുറന്നപ്പോള്‍, വരുകയെന്നു മൂന്നാമത്തെ ജീവി പറയുന്നതു ഞാന്‍ കേട്ടു. നോക്കിയപ്പോള്‍ ഇതാ, ഒരു കറുത്തകുതിര. അതിന്റെ പുറത്തിരിക്കുന്നവന്റെ കൈയില്‍ ഒരു ത്രാസ്.
6: ആ നാലുജീവികളുടെ മദ്ധ്യത്തില്‍നിന്നുണ്ടായ ഒരു ശബ്ദംപോലെ ഞാന്‍ കേട്ടു: ഒരു ദനാറായ്ക്ക് ഇടങ്ങഴി ഗോതമ്പ്, ഒരു ദനാറായ്ക്കു മൂന്നിടങ്ങഴി ബാര്‍ലി. എണ്ണയും വീഞ്ഞും നശിപ്പിച്ചുകളയരുത്.
7: അവന്‍ നാലാമത്തെ മുദ്രതുറന്നപ്പോള്‍, വരുകയെന്നു നാലാമത്തെ ജീവി പറയുന്നതു ഞാന്‍ കേട്ടു.
8: ഞാന്‍ നോക്കി, ഇതാ, വിളറിയ ഒരു കുതിര. അതിന്റെ പുറത്തിരിക്കുന്നവനു മരണമെന്നു പേര്. പാതാളമവനെപ്പിന്തുടരുന്നു. വാളുകൊണ്ടും ക്ഷാമംകൊണ്ടും പകര്‍ച്ചവ്യാധികൊണ്ടും ഭൂമിയിലെ വന്യമൃഗങ്ങളെക്കൊണ്ടും സംഹാരംനടത്താന്‍ ഭൂമിയുടെ നാലിലൊന്നിന്മേല്‍ അവര്‍ക്കധികാരം ലഭിച്ചു.
9: അവന്‍ അഞ്ചാമത്തെ മുദ്രതുറന്നപ്പോള്‍, ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്ഷ്യത്തെപ്രതിയും വധിക്കപ്പെട്ടവരുടെ ആത്മാക്കളെ ബലിപീഠത്തിനുകീഴില്‍ ഞാന്‍ കണ്ടു.
10: വലിയസ്വരത്തില്‍ അവരിങ്ങനെ വിളിച്ചുപറഞ്ഞു: പരിശുദ്ധനും സത്യവാനുമായ നാഥാ, ഭൂമിയില്‍ വസിക്കുന്നവരുടെമേല്‍ ന്യായവിധിനടത്തി, ഞങ്ങളുടെ രക്തത്തിനു പ്രതികാരംചെയ്യാന്‍ അങ്ങെത്രത്തോളം വൈകും?
11: അവര്‍ക്കോരോരുത്തര്‍ക്കും ധവളവസ്ത്രം നല്കപ്പെട്ടു. അവരെപ്പോലെ വധിക്കപ്പെടാനിരുന്ന സഹദാസരുടെയും സഹോദരരുടെയും എണ്ണംതികയുന്നതുവരെ അല്പസമയംകൂടെ വിശ്രമിക്കാന്‍ അവര്‍ക്കു നിര്‍ദ്ദേശം കിട്ടി.
12: അവന്‍ ആറാമത്തെ മുദ്രതുറന്നപ്പോള്‍ ഞാന്‍ നോക്കി. വലിയൊരു ഭൂകമ്പമുണ്ടായി; സൂര്യന്‍ കരിമ്പടംപോലെ കറുത്തു; ചന്ദ്രനാകെ രക്തംപോലെയായി.
13: കൊടുങ്കാറ്റിലാടിയുലയുന്ന അത്തിവൃക്ഷത്തില്‍നിന്നു പച്ചക്കായ്കള്‍ പൊഴിയുന്നതുപോലെ ആകാശനക്ഷത്രങ്ങള്‍ ഭൂമിയില്‍ പതിച്ചു.
14: ആകാശം, തെറുത്തുമാറ്റിയ ചുരുള്‍പോലെ അപ്രത്യക്ഷമായി. എല്ലാപ്പര്‍വ്വതങ്ങളും ദ്വീപുകളും അവയുടെ സ്ഥാനങ്ങളില്‍നിന്നു മാറ്റപ്പെട്ടു.
15: ഭൂമിയിലെ രാജാക്കന്മാരും പ്രമുഖന്മാരും സൈന്യാധിപന്മാരും ധനികരും പ്രബലരും എല്ലാ അടിമകളും സ്വതന്ത്രരും ഗുഹകളിലും പാറക്കെട്ടുകളിലും ചെന്നൊളിച്ചു.
16: അവര്‍ മലകളോടും പാറകളോടും വിളിച്ചുപറഞ്ഞു: ഞങ്ങളുടെമേല്‍ വന്നുവീഴുവിന്‍; സിംഹാസനസ്ഥന്റെ ദൃഷ്ടിയില്‍നിന്നും കുഞ്ഞാടിന്റെ ക്രോധത്തില്‍നിന്നും ഞങ്ങളെ മറയ്ക്കുവിന്‍.
17: എന്തെന്നാല്‍, അവരുടെ ക്രോധത്തിന്റെ ഭീകരദിനം വന്നുകഴിഞ്ഞു; ചെറുത്തുനില്ക്കാന്‍ ആര്‍ക്കുകഴിയും?

അദ്ധ്യായം 7

    
സംരക്ഷണമുദ്ര
1: ഇതിനുശേഷം ഭൂമിയുടെ നാലുകോണുകളില്‍ നാലുദൂതന്മാര്‍ നില്ക്കുന്നതു ഞാന്‍ കണ്ടു. കരയിലോ കടലിലോ വൃക്ഷങ്ങളിലോ വീശാതിരിക്കാന്‍, ഭൂമിയിലെ നാലുകാറ്റുകളെയും അവര്‍ പിടിച്ചുനിറുത്തിയിരുന്നു.
2: വേറൊരു ദൂതന്‍, ജീവിക്കുന്ന ദൈവത്തിന്റെ മുദ്രയുമായി സൂര്യനുദിക്കുന്ന ദിക്കില്‍നിന്ന് ഉയര്‍ന്നുവരുന്നതു ഞാന്‍ കണ്ടു. കരയ്ക്കും കടലിനും നാശംചെയ്യാന്‍ അധികാരംനല്കപ്പെട്ട ആ നാലു ദൂതന്മാരോട് അവന്‍ ഉറച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു
3: ഞങ്ങള്‍ നമ്മുടെ ദൈവത്തിന്റെ ദാസരുടെ നെറ്റിത്തടത്തില്‍ മുദ്രകുത്തിത്തീരുവോളം നിങ്ങള്‍ കരയോ കടലോ വൃക്ഷങ്ങളോ നശിപ്പിക്കരുത്.
4: മുദ്രിതരുടെ എണ്ണം ഞാന്‍ കേട്ടു: ഇസ്രായേല്‍മക്കളുടെ എല്ലാ ഗോത്രങ്ങളിലുംനിന്ന് ആകെ നൂറ്റിനാല്പത്തിനാലായിരം;
5: യൂദാഗോത്രത്തില്‍നിന്നു മുദ്രിതര്‍ പന്തീരായിരം; റൂബന്‍ഗോത്രത്തില്‍നിന്നു പന്തീരായിരം; ഗാദ്ഗോത്രത്തില്‍നിന്നു പന്തീരായിരം;
6: ആഷേര്‍ഗോത്രത്തില്‍നിന്നു പന്തീരായിരം; നഫ്ത്താലിഗോത്രത്തില്‍നിന്നു പന്തീരായിരം; മനാസ്സെഗോത്രത്തില്‍നിന്നു പന്തീരായിരം;
7: ശിമയോന്‍ഗോത്രത്തില്‍നിന്നു പന്തീരായിരം; ലേവിഗോത്രത്തില്‍നിന്നു പന്തീരായിരം; ഇസ്‌സാക്കര്‍ഗോത്രത്തില്‍നിന്നു പന്തീരായിരം;
8: സെബുലൂണ്‍ഗോത്രത്തില്‍നിന്നു പന്തീരായിരം; ജോസഫ്‌ഗോത്രത്തിൽനിന്നു പന്തീരായിരം; ബഞ്ചമിന്‍ഗോത്രത്തില്‍നിന്നു മുദ്രിതര്‍ പന്തീരായിരം.

വിശുദ്ധരുടെ പ്രതിഫലം
9: ഇതിനുശേഷം ഞാന്‍ നോക്കിയപ്പോള്‍ ഇതാ, എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കുംസാധിക്കാത്ത, ഒരു വലിയജനക്കൂട്ടം. അവര്‍ സകലജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലുംനിന്നുള്ളവര്‍. അവര്‍ വെള്ളയങ്കിയണിഞ്ഞു കൈകളില്‍ കുരുത്തോലയുമായി സിംഹാസനത്തിനുമുമ്പിലും കുഞ്ഞാടിന്റെമുമ്പിലും നിന്നിരുന്നു.
10: അവര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: സിംഹാസനാരൂഢനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും പക്കലാണു രക്ഷ.
11: ദൂതന്മാരെല്ലാം സിംഹാസനത്തിനും ശ്രേഷ്ഠന്മാര്‍ക്കും നാലുജീവികള്‍ക്കുംചുറ്റും നിന്നു. അവര്‍ സിംഹാസനത്തിനുമുമ്പില്‍ കമിഴ്ന്നുവീണ്, ദൈവത്തെ ആരാധിച്ചുകൊണ്ടു പറഞ്ഞു:
12: ആമേന്‍, നമ്മുടെ ദൈവത്തിനു സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
13: ശ്രേഷ്ഠന്മാരിലൊരുവന്‍ എന്നോടു ചോദിച്ചു: വെള്ളയങ്കിയണിഞ്ഞ ഇവരാരാണ്? ഇവരെവിടെനിന്നു വരുന്നു?
14: ഞാന്‍ മറുപടി പറഞ്ഞു: പ്രഭോ, അങ്ങേയ്ക്കറിയാമല്ലോ. അപ്പോള്‍ അവന്‍ പറഞ്ഞു: ഇവരാണു വലിയഞെരുക്കത്തില്‍നിന്നു വന്നവര്‍; കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകിവെളുപ്പിച്ചവര്‍.
15: അതുകൊണ്ട്, ഇവര്‍ ദൈവത്തിന്റെ സിംഹാസനത്തിനുമുമ്പില്‍ നില്ക്കുകയും, അവിടുത്തെ ആലയത്തില്‍ രാപകല്‍ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. സിംഹാസനസ്ഥന്‍, തന്റെ സാന്നിദ്ധ്യത്തിന്റെ കൂടാരത്തില്‍ അവര്‍ക്കഭയംനല്കും. 
16 : ഇനിയൊരിക്കലും അവര്‍ക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല. വെയിലോ ചൂടോ അവരുടെമേല്‍ പതിക്കുകയില്ല.
17: എന്തെന്നാല്‍, സിംഹാസനമദ്ധ്യത്തിലിരിക്കുന്ന കുഞ്ഞാട്, അവരെ മേയിക്കുകയും ജീവജലത്തിന്റെ ഉറവകളിലേക്കു നയിക്കുകയും ചെയ്യും. ദൈവം അവരുടെ കണ്ണുകളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും.

അദ്ധ്യായം 8


ഏഴാംമുദ്ര, ധൂപകലശം
1: അവന്‍ ഏഴാമത്തെ മുദ്രപൊട്ടിച്ചപ്പോള്‍, അരമണിക്കൂറോളം സ്വര്‍ഗ്ഗത്തില്‍ നിശ്ശബ്ദതയുണ്ടായി.
2: ദൈവസന്നിധിയില്‍നിന്നിരുന്ന ഏഴുദൂതന്മാരെ ഞാന്‍ കണ്ടു. അവര്‍ക്ക് ഏഴുകാഹളങ്ങള്‍ നല്കപ്പെട്ടു.
3: മറ്റൊരു ദൂതന്‍ സ്വര്‍ണ്ണംകൊണ്ടുള്ള ഒരു ധൂപകലശവുമായി ബലിപീഠത്തിനുമുമ്പില്‍ വന്നുനിന്നു. സിംഹാസനത്തിന്റെ മുമ്പിലുള്ള ബലിപീഠത്തിന്മേല്‍ എല്ലാ വിശുദ്ധരുടെയും പ്രാര്‍ത്ഥനയോടൊപ്പമര്‍പ്പിക്കാനായി ധാരാളം പരിമളദ്രവ്യം അവനു നല്കപ്പെട്ടു.
4: ദൂതന്റെ കൈയില്‍നിന്നു പരിമളദ്രവ്യങ്ങളുടെ ധൂപം വിശുദ്ധരുടെ പ്രാര്‍ത്ഥനകളോടൊപ്പം ദൈവസന്നിധിയിലേക്കുയര്‍ന്നു.
5: ദൂതന്‍, ധൂപകലശമടുത്ത്, ബലിപീഠത്തിലെ അഗ്നികൊണ്ടുനിറച്ച്, ഭൂമിയിലേക്കെറിഞ്ഞു. അപ്പോള്‍ ഇടിമുഴക്കങ്ങളും ഉച്ചഘോഷങ്ങളും മിന്നല്‍പ്പിണരുകളും ഭൂമികുലുക്കവുമുണ്ടായി.

നാലു കാഹളങ്ങള്‍
6: ഏഴുകാഹളങ്ങള്‍പിടിച്ചിരുന്ന ഏഴുദൂതന്മാര്‍ അവ ഊതാന്‍ തയ്യാറായി.
7: ഒന്നാമന്‍ കാഹളംമുഴക്കി; അപ്പോള്‍ രക്തംകലര്‍ന്ന തീയും കന്മഴയുമുണ്ടായി; അതു ഭൂമിയില്‍പ്പതിച്ചു. ഭൂമിയുടെ മൂന്നിലൊരുഭാഗം വെന്തെരിഞ്ഞു; വൃക്ഷങ്ങളില്‍ മൂന്നിലൊന്നും കത്തിച്ചാമ്പലായി; പച്ചപ്പുല്ലുമുഴുവനും കത്തിയെരിഞ്ഞുപോയി.
8: രണ്ടാമത്തെ ദൂതന്‍ കാഹളം മുഴക്കി. തീപിടിച്ച, വലിയമലപോലെ എന്തോ ഒന്നു കടലിലേക്കെറിയപ്പെട്ടു. അപ്പോള്‍ കടലിന്റെ മൂന്നിലൊന്നു രക്തമായി.
9: കടലിലെ ജീവജാലങ്ങളില്‍ മൂന്നിലൊന്നു ചത്തുപോയി. മൂന്നിലൊരുഭാഗം കപ്പലുകളും നശിപ്പിക്കപ്പെട്ടു.
10: മൂന്നാമത്തെ ദൂതന്‍ കാഹളംമുഴക്കി. അപ്പോള്‍ പന്തംപോലെ കത്തുന്ന ഒരു വലിയനക്ഷത്രം ആകാശത്തുനിന്നടര്‍ന്ന്, നദികളുടെ മൂന്നിലൊന്നിന്മേലും നീരുറവകളിന്മേലും പതിച്ചു.
11: ആ നക്ഷത്രത്തിന്റെ പേരു തിക്തകം. അതു വീണപ്പോള്‍ ജലത്തിന്റെ മൂന്നിലൊന്നു തിക്തകമായി. ഈ ജലത്താല്‍ അനേകംപേര്‍ മൃതിയടഞ്ഞു. കാരണം, അതു കയ്പുള്ളതാക്കപ്പെട്ടിരുന്നു.
12: നാലാമത്തെ ദൂതന്‍ കാഹളംമുഴക്കി. അപ്പോള്‍ സൂര്യന്റെ മൂന്നിലൊന്നും ചന്ദ്രന്റെ മൂന്നിലൊന്നും നക്ഷത്രങ്ങളുടെ മൂന്നിലൊന്നും തകര്‍ക്കപ്പെട്ടു. തന്മൂലം അവയുടെ മൂന്നിലൊന്ന് ഇരുണ്ടുപോയി. പകലിന്റെ മൂന്നിലൊന്നും ഇരുണ്ടുപോയി; അതുപോലെതന്നെ രാത്രിയുടെ മൂന്നിലൊന്നും.
13: പിന്നെ, മദ്ധ്യാകാശത്തില്‍ പറക്കുന്ന ഒരു കഴുകനെ ഞാന്‍ കണ്ടു. വലിയസ്വരത്തില്‍ അതിങ്ങനെ വിളിച്ചുപറയുന്നതും കേട്ടു: ഇനിയും കാഹളംമുഴക്കാനിരിക്കുന്ന മൂന്നുദൂതന്മാരുടെ കാഹളദ്ധ്വനിമൂലം ഭൂവാസികള്‍ക്കു ദുരിതം, ദുരിതം, ദുരിതം!

അദ്ധ്യായം 9


അഞ്ചാമത്തെ കാഹളം
1: അഞ്ചാമത്തെ ദൂതന്‍ കാഹളംമുഴക്കി. അപ്പോള്‍ ആകാശത്തുനിന്നു ഭൂമിയിലേക്ക് ഒരു നക്ഷത്രം വീഴുന്നതു ഞാന്‍ കണ്ടു. പാതാളഗര്‍ത്തത്തിന്റെ താക്കോല്‍ അതിനു നല്കപ്പെട്ടു.
2: അതു പാതാളഗര്‍ത്തം തുറന്നു. അവിടെനിന്നു വലിയ തീച്ചൂളയില്‍നിന്നെന്നപോലെ പുകപൊങ്ങി.
3: ആ പുകകൊണ്ട്, സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി. ആ പുകയില്‍നിന്നു വെട്ടുകിളികള്‍ ഭൂമിയിലേക്കു പുറപ്പെട്ടു വന്നു. ഭൂമിയിലെ തേളുകളുടേതുപോലുള്ള ശക്തി അവയ്ക്കു നല്കപ്പെട്ടു.
4: നെററിയില്‍ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യരെയല്ലാതെ മറ്റാരെയും, ഭൂമിയിലെ പുല്ലിനെയോ പച്ചച്ചെടികളെയോ വൃക്ഷങ്ങളെയോ ഉപദ്രവിക്കരുതെന്ന് അവയോടു കല്പിച്ചു.
5: മനുഷ്യരെ കൊല്ലാനല്ല, അഞ്ചുമാസം പീഡിപ്പിച്ചു ഞെരുക്കാനാണ് അവയ്ക്ക് അനുവാദം നല്കപ്പെട്ടത്.
6: അവരുടെ പീഡനമാകട്ടെ തേളുകുത്തുമ്പോഴത്തേതുപോലെതന്നെ. ആ നാളുകളില്‍ മനുഷ്യര്‍ മരണത്തെ തേടും; പക്ഷേ, കണ്ടെത്തുകയില്ല. അവര്‍ മരിക്കാനാഗ്രഹിക്കും; എന്നാല്‍, മരണം അവരില്‍നിന്നോടിയകലും.
7: വെട്ടുകിളികള്‍ പടക്കോപ്പണിഞ്ഞ കുതിരകള്‍ക്കു സദൃശമായിരുന്നു. അവയുടെ തലയില്‍ സ്വര്‍ണ്ണകിരീടംപോലെ എന്തോ ഒന്ന്. മുഖം മനുഷ്യമുഖംപോലെയും.
8: അവയ്ക്കു സ്ത്രീകളുടേതുപോലുള്ള തലമുടി. സിംഹങ്ങളുടേതുപോലുള്ള പല്ലുകള്‍.
9: ഇരുമ്പുകവചങ്ങള്‍പോലുള്ള ശല്ക്കങ്ങള്‍, അവയുടെ ചിറകുകളുടെ ശബ്ദം പോര്‍ക്കളത്തിലേക്കു പായുന്ന അനേകം അശ്വരഥങ്ങളുടെ ശബ്ദംപോലെ.
10: അവയ്ക്കു തേളുകളുടേതുപോലെ വാലും വിഷമുള്ളുമുണ്ടായിരുന്നു. ഈ വാലുകളില്‍ അഞ്ചുമാസത്തേക്കു മനുഷ്യരെ പീഡിപ്പിക്കാന്‍പോന്ന ശക്തിയുണ്ടായിരുന്നു.
11: പാതാളത്തിന്റെ ദൂതനാണ് അവയുടെ രാജാവ്. അവന്റെ പേര് ഹെബ്രായഭാഷയില്‍ അബദോന്‍, ഗ്രീക്കുഭാഷയില്‍ അപ്പോളിയോന്‍.
12: ഒന്നാമത്തെ ദുരിതം കടന്നുപോയി രണ്ടു ദുരിതങ്ങള്‍കൂടെ ഇനിയും വരാനിരിക്കുന്നു.

ആറാമത്തെ കാഹളം
13: ആറാമത്തെ ദൂതന്‍ കാഹളംമുഴക്കി. അപ്പോള്‍ ദൈവസന്നിധിയിലുള്ള സുവര്‍ണ്ണബലിപീഠത്തിന്റെ നാലുവളര്‍കോണുകളില്‍നിന്ന് ഒരു സ്വരം ഞാന്‍ കേട്ടു.
14 : അതു കാഹളംപിടിച്ചിരുന്ന ആറാമത്തെ ദൂതനോടു പറഞ്ഞു: യൂഫ്രട്ടീസ് വന്‍നദിയുടെ കരയില്‍ ബന്ധിതരായിക്കഴിയുന്ന നാലുദൂതന്മാരെ അഴിച്ചുവിടുക.
15: ആ നാലുദൂതന്മാരും വിമോചിതരായി. അവര്‍, മനുഷ്യരില്‍ മൂന്നിലൊരുഭാഗത്തെക്കൊന്നൊടുക്കാന്‍ നിശ്ചയിക്കപ്പെട്ടിരുന്ന മണിക്കൂറിനും ദിവസത്തിനും മാസത്തിനും വര്‍ഷത്തിനുംവേണ്ടി തയ്യാറാക്കി നിറുത്തിയിരുന്നവരാണ്.
16: ഞാന്‍ കുതിരപ്പടയുടെ എണ്ണംകേട്ടു; പതിനായിരങ്ങളുടെ ഇരുപതിനായിരം മടങ്ങ്.
17: ഞാന്‍ ദര്‍ശനത്തില്‍ കുതിരകളെയും അവയുടെ പുറത്തിരുന്നവരെയും കണ്ടു. അവര്‍ക്കു തീയുടെയും ഇന്ദ്രനീലക്കല്ലിന്റെയും ഗന്ധകത്തിന്റെയും നിറമുള്ള കവചങ്ങളുണ്ടായിരുന്നു. കുതിരകളുടെ തലകള്‍ സിംഹങ്ങളുടെ തലപോലെ; അവയുടെ വായില്‍നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടിരുന്നു.
18: അവയുടെ വായില്‍നിന്നു പുറപ്പെട്ടിരുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു മഹാമാരികള്‍മൂലം മനുഷ്യരില്‍ മൂന്നിലൊരുഭാഗം മൃതരായി.
19: ആ കുതിരകളുടെ ശക്തി, വായിലും വാലിലുമാണ്. അവയുടെ വാലുകള്‍ സര്‍പ്പങ്ങളെപ്പോലെയാണ്. അവയ്ക്കു തലകളുണ്ട്, ആ തലകള്‍കൊണ്ട് അവ മുറിവേല്പിക്കുന്നു.
20: ഈ മഹാമാരികള്‍നിമിത്തം മൃതരാകാതെ അവശേഷിച്ചവര്‍, തങ്ങളുടെ കരവേലയെപ്പറ്റി അനുതപിക്കുകയോ, പിശാചുക്കളെയും കാണാനോ കേള്‍ക്കാനോ നടക്കാനോ കഴിവില്ലാത്തതും സ്വര്‍ണ്ണം, വെള്ളി, പിച്ചള, കല്ല്, തടി എന്നിവയാല്‍ നിര്‍മ്മിക്കപ്പെട്ടതുമായ വിഗ്രഹങ്ങളെയും ആരാധിക്കുന്നതില്‍നിന്നു പിന്തിരിയുകയോ ചെയ്തില്ല.
21: തങ്ങളുടെ കൊലപാതകം, മന്ത്രവാദം, വ്യഭിചാരം, മോഷണം എന്നിവയെക്കുറിച്ചും അവരനുതപിച്ചില്ല.

അദ്ധ്യായം 10

    
ചുരുളേന്തിയ ദൂതന്‍
1: മേഘാവൃതനും ശക്തനുമായ വേറൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. അവന്റെ ശിരസ്സനുമീതേ മഴവില്ല്; മുഖം സൂര്യനെപ്പോലെ; പാദങ്ങള്‍ അഗ്നിസ്തംഭങ്ങള്‍പോലെയും.
2: അവന്റെ കൈയില്‍ നിവര്‍ത്തിയ ചെറിയൊരു ഗ്രന്ഥച്ചുരുളുണ്ടായിരുന്നു. അവന്‍ വലത്തുകാല്‍ കടലിലും ഇടത്തുകാല്‍ കരയിലുമുറപ്പിച്ചു.
3: സിംഹഗര്‍ജ്ജനംപോലെ ഭയങ്കരസ്വരത്തില്‍ അവന്‍ വിളിച്ചുപറഞ്ഞു. അപ്പോള്‍ ഏഴിടിനാദങ്ങള്‍ മുഴങ്ങി.
4: ആ ഏഴിടിനാദങ്ങള്‍ മുഴങ്ങിയപ്പോള്‍ ഞാനെഴുതാനൊരുങ്ങി. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരം പറയുന്നതു കേട്ടു: ആ ഏഴിടിനാദങ്ങള്‍ പറഞ്ഞതു മുദ്രിതമായിരിക്കട്ടെ. അതു രേഖപ്പെടുത്തരുത്.
5: കടലിലും കരയിലും നിലയുറപ്പിച്ചവനായി ഞാന്‍കണ്ട ദൂതന്‍ വലത്തുകൈ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി,
6: ആകാശവും അതിലുള്ളവയും, ഭൂമിയും അതിലുള്ളവയും, സമുദ്രവും അതിലുള്ളവയുംസൃഷ്ടിച്ച നിത്യംജീവിക്കുന്നവന്റെ നാമത്തിലാണയിട്ടു: ഇനി കാലവിളംബമുണ്ടാവുകയില്ല.
7: ഏഴാമത്തെ ദൂതന്‍  മുഴക്കാനിരിക്കുന്ന കാഹളദ്ധ്വധ്വനിയുടെ ദിവസങ്ങളില്‍, തന്റെ ദാസരായ പ്രവാചകന്മാരെ ദൈവമറിയിച്ച രഹസ്യം നിവൃത്തിയാകും.

ചുരുള്‍ വിഴുങ്ങുന്നു
8: സ്വര്‍ഗ്ഗത്തില്‍നിന്നു ഞാന്‍കേട്ട സ്വരം വീണ്ടുമെന്നോടു പറഞ്ഞു: നീ പോയി, കടലിലും കരയിലും നിലയുറപ്പിച്ചിരിക്കുന്ന ദൂതന്റെ കൈയില്‍നിന്ന് ആ നിവര്‍ത്തിയ ചുരുള്‍ വാങ്ങുക.
9: ഞാന്‍ ദൂതന്റെയടുത്തുചെന്ന്, ആ ചെറിയചുരുള്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ഇതെടുത്തു വിഴുങ്ങുക. നിന്റെ ഉദരത്തില്‍ ഇതു കയ്പായിരിക്കും: എന്നാല്‍, വായില്‍ തേന്‍പോലെ മധുരിക്കും;
10: ഞാന്‍ ദൂതന്റെ കൈയില്‍നിന്നു ചുരുള്‍ വാങ്ങി വിഴുങ്ങി. അത്, എന്റെ വായില്‍ തേന്‍പോലെ മധുരിച്ചു. എന്നാല്‍, വിഴുങ്ങിയപ്പോള്‍ ഉദരത്തില്‍ അതു കയ്പായി മാറി.
11: വീണ്ടും ഞാന്‍ കേ ട്ടു: നീയിനിയും അനേകം ജനതകളെയും രാജ്യങ്ങളെയും ഭാഷകളെയും രാജാക്കന്മാരെയുംകുറിച്ചു പ്രവചിക്കണം.

മുന്നൂറ്റിയമ്പത്തിയാറാം ദിവസം: വെളിപാട്: 1 - 4


അദ്ധ്യായം 1


പ്രാരംഭം
1: ആസന്നഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയെ തന്റെ ദാസന്മാര്‍ക്കു വെളിപ്പെടുത്തുന്നതിനുവേണ്ടി, ദൈവം യേശുക്രിസ്തുവിനു നല്കിയ വെളിപാട്.
2: അവന്‍ തന്റെ ദൂതനെയയച്ച്, ദാസനായ യോഹന്നാന് ഇതു വെളിപ്പെടുത്തി. അവന്‍ ദൈവവചനത്തിനും യേശുക്രിസ്തുവിന്റെ വെളിപാടിനും താന്‍കണ്ട സകലത്തിനും സാക്ഷ്യംനല്കി.
3: ഈ പ്രവചനത്തിലെ വാക്കുകള്‍ വായിക്കുന്നവരും കേള്‍ക്കുന്നവരും ഇതിലെഴുതപ്പെട്ടിരിക്കുന്നതു പാലിക്കുന്നവരും അനുഗൃഹീതര്‍. എന്തെന്നാല്‍, സമയമടുത്തിരിക്കുന്നു. 

അഭിവാദനം
4: യോഹന്നാന്‍ ഏഷ്യയിലുള്ള ഏഴുസഭകള്‍ക്കെഴുതുന്നത്: ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമായവനില്‍നിന്നും അവന്റെ സിംഹാസനസന്നിധിയിലെ സപ്താത്മാക്കളില്‍നിന്നും
5: വിശ്വസ്തസാക്ഷിയും മൃതരില്‍നിന്നുള്ള ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാരുടെ അധിപതിയുമായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.
6: നമ്മെ സ്‌നേഹിക്കുകയും സ്വന്തം രക്തത്താല്‍ നമ്മെ പാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരുമാക്കുകയുംചെയ്തവനു മഹത്വവും പ്രതാപവും എന്നേയ്ക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
7: ഇതാ, അവന്‍ മേഘങ്ങളുടെയകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെക്കാണും. അവനെ കുത്തിമുറിവേല്പിച്ചവരും അവനെപ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സര്‍വ്വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ആമേന്‍.
8: ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വ്വശക്തനുമായ കര്‍ത്താവായ ദൈവമരുളിച്ചെയ്യുന്നു: ഞാന്‍ ആദിയുമന്തവുമാണ്. 

മനുഷ്യപുത്രന്റെ ദർശനം
9: നിങ്ങളുടെ സഹോദരനും, പീഡകളിലും രാജ്യത്തിലും ക്ഷമാപൂര്‍വ്വമായ സഹനത്തിലും യേശുവില്‍ നിങ്ങളോടൊപ്പം പങ്കുചേര്‍ന്നവനുമായ യോഹന്നാനായ ഞാന്‍ ദൈവവചനത്തെയും യേശുവിനെക്കുറിച്ചു നല്കിയ സാക്ഷ്യത്തെയുംപ്രതി, പാത്മോസ് എന്ന ദ്വീപിലായിരുന്നു.
10: കര്‍ത്താവിന്റെ ദിനത്തില്‍, ഞാന്‍ ആത്മാവില്‍ ലയിച്ചിരിക്കേ,
11: കാഹളത്തിന്റേതുപോലുള്ള ഒരു വലിയ സ്വരം എന്റെ പിറകില്‍നിന്നു കേട്ടു: നീ കാണുന്നത്, ഒരു ഗ്രന്ഥത്തിലെഴുതി എഫേസോസ്, സ്മിര്‍ണാ, പെര്‍ഗാമോസ്, തിയത്തീറ, സാര്‍ദീസ്, ഫിലദെല്‍ഫിയാ, ലവൊദീക്യ എന്നീ ഏഴു സ്ഥലങ്ങളിലെ സഭകള്‍ക്കുമയച്ചുകൊടുക്കുക.
12: എന്നോടു സംസാരിച്ച സ്വരംശ്രദ്ധിക്കാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ സ്വര്‍ണ്ണനിര്‍മ്മിതമായ ഏഴു ദീപപീഠങ്ങള്‍ ഞാന്‍ കണ്ടു.
13: ദീപപീഠങ്ങളുടെ മദ്ധ്യേ മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍ ! അവനു പാദംവരെ നീണ്ടുകിടക്കുന്ന മേലങ്കി; മാറോടടുത്തു സ്വര്‍ണ്ണംകൊണ്ടുള്ള ഇടക്കച്ച.
14: അവന്റെ ശിരസ്സും മുടിയുമാകട്ടെ വെണ്മഞ്ഞുപോലെയും വെണ്‍കമ്പിളിപോലെയും ധവളം; നയനങ്ങള്‍ തീജ്ജ്വാലപോലെ;
15: പാദങ്ങള്‍ ചൂളയിലുരുകിയ പിച്ചളപോലെ; സ്വരം പെരുവെള്ളത്തിന്റേതുപോലെയും.
16: അവന്റെ വലത്തുകൈയില്‍ ഏഴു നക്ഷത്രങ്ങള്‍; വായില്‍നിന്നു പുറത്തേക്കു വരുന്ന മൂര്‍ച്ചയുള്ള ഇരുവായ്ത്തലവാള്‍; വദനം പൂര്‍ണ്ണശക്തിയോടെ പ്രകാശിക്കുന്ന സൂര്യനെപ്പോലെ.
17: അവനെക്കണ്ടപ്പോള്‍, ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തുകൈ എന്റെമേല്‍വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഞാനാണ് ആദിയുമന്തവും ജീവിക്കുന്നവനും.
18: ഞാന്‍ മരിച്ചവനായിരുന്നു; എന്നാലിതാ, ഞാനെന്നേയ്ക്കും ജീവിക്കുന്നു; മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകള്‍ എന്റെ കൈയിലുണ്ട്.
19: അതുകൊണ്ട്, ഇപ്പോളുള്ളവയും ഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയുമായി നീ ദര്‍ശനത്തില്‍ക്കാണുന്ന സകലതും രേഖപ്പെടുത്തുക.
20: എന്റെ വലത്തുകൈയില്‍ നീ കാണുന്ന ഏഴു നക്ഷത്രങ്ങളുടെയും ഏഴു സ്വര്‍ണ്ണദീപപീഠങ്ങളുടെയും രഹസ്യമിതാണ്: ഏഴു നക്ഷത്രങ്ങള്‍ ഏഴു സഭകളുടെ ദൂതന്മാരുടെയും, ഏഴു ദീപപീഠങ്ങള്‍ ഏഴു സഭകളുടെയും പ്രാതിനിധ്യം വഹിക്കുന്നു. 

അദ്ധ്യായം 2


സഭകൾക്കുള്ള കത്തുകൾ: എഫേസോസിലെ സഭയ്ക്ക്.
1: എഫേസോസിലുള്ള സഭയുടെ ദൂതനെഴുതുക: വലത്തുകൈയില്‍ ഏഴു നക്ഷത്രങ്ങള്‍ വഹിച്ചുകൊണ്ട് ഏഴു സ്വര്‍ണ്ണദീപപീഠങ്ങള്‍ക്കുമദ്ധ്യേ നടക്കുന്നവന്‍ ഇപ്രകാരം പറയുന്നു:
2: നിന്റെ പ്രവൃത്തികളും പ്രയത്നങ്ങളും ക്ഷമാപൂര്‍വ്വമായ ഉറച്ചുനില്പും, ദുഷ്ടരോടുള്ള സഹിഷ്ണുതയും ഞാന്‍ മനസ്സിലാക്കുന്നു. അപ്പസ്തോലന്മാരെന്നു നടിക്കുകയും എന്നാല്‍, അങ്ങനെയല്ലാതിരിക്കുകയുംചെയ്യുന്നവരെ പരിശോധിച്ച്, അവര്‍ വ്യാജം പറയുന്നവരാണെന്നു നീ കണ്ടുപിടിച്ചു.
3: തീര്‍ച്ചയായും, ക്ഷമാപൂര്‍വ്വം പിടിച്ചുനില്ക്കാന്‍തക്ക കഴിവു നിനക്കുണ്ട്. എന്റെ നാമത്തെപ്രതി പീഡകള്‍ സഹിച്ചിട്ടും നീ ക്ഷീണിച്ചില്ല.
4: എങ്കിലും, നിനക്കെതിരേ എനിക്കൊന്നു പറയാനുണ്ട്: നിനക്ക് ആദ്യമുണ്ടായിരുന്ന സ്‌നേഹം നീ കൈവെടിഞ്ഞു.
5: അതിനാല്‍, നീ ഏതവസ്ഥയില്‍നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക; അനുതപിച്ച്, ആദ്യത്തെ പ്രവൃത്തികള്‍ ചെയ്യുക. അല്ലെങ്കില്‍ ഞാന്‍ നിന്റെയടുത്തുവരുകയും നിന്റെ ദീപപീഠം, അതിന്റെ സ്ഥലത്തുനിന്നു നീക്കിക്കളയുകയും ചെയ്യും.
6: എന്നാല്‍, നിനക്കീ ഗുണമുണ്ട്: നിക്കൊളാവോസ് പക്ഷക്കാരുടെ ചെയ്തികള്‍ നീ വെറുക്കുന്നു. അവ ഞാനും വെറുക്കുന്നു.
7: ആത്മാവു സഭകളോടരുളിച്ചെയ്യുന്നതു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. വിജയംവരിക്കുന്നവനു ദൈവത്തിന്റെ പറുദീസായിലുള്ള ജീവവൃക്ഷത്തില്‍നിന്നു ഞാന്‍ ഭക്ഷിക്കാന്‍ കൊടുക്കും.

സ്മിർണിയായിലെ സഭയ്ക്ക്
8: സ്മിര്‍ണായിലെ സഭയുടെ ദൂതനെഴുതുക: ആദിയുമന്തവുമായവന്‍, മരിച്ചവനും എന്നാല്‍, വീണ്ടും ജീവിക്കുന്നവനുമായവന്‍, പറയുന്നു:
9: നിന്റെ ഞെരുക്കവും ദാരിദ്ര്യവുമെനിക്കറിയാം. എങ്കിലും നീ സമ്പന്നനാണ്. യഹൂദരെന്നവകാശപ്പെടുകയും, എന്നാല്‍ അങ്ങനെയല്ലാതെ സാത്താന്റെ സിനഗോഗായി വര്‍ത്തിക്കുകയും ചെയ്യുന്നവരുടെ ദോഷാരോപണങ്ങളും ഞാനറിയുന്നുണ്ട്.
10: നീയുടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടരുത്. നിങ്ങളില്‍ച്ചിലരെ, പിശാചു തടവിലിടാനിരിക്കുന്നു. അതു നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതിനാണ്; പത്തു ദിവസത്തേക്കു നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. മരണംവരെ വിശ്വസ്തനായിരിക്കുക; ജീവന്റെ കീരിടം നിനക്കു ഞാന്‍ നല്കും.
11: ആത്മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. വിജയംവരിക്കുന്നവന്‍ തീര്‍ച്ചയായും രണ്ടാമത്തെ മരണത്തിനധീനനാകയില്ല. 

പെർഗാമോസിലെ സഭയ്ക്ക്
12: പെര്‍ഗാമോസിലെ സഭയുടെ ദൂതനെഴുതുക: മൂര്‍ച്ചയേറിയ ഇരുതല വാളുള്ളവന്‍ പറയുന്നു,
13: നീ എവിടെ വസിക്കുന്നെന്നെനിക്കറിയാം - സാത്താന്റെ സിംഹാസനമുള്ളിടത്തുതന്നെ. എങ്കിലും, എന്റെ നാമത്തെ നീ മുറുകെപ്പിടിക്കുന്നു. സാത്താന്‍വസിക്കുന്ന നിങ്ങളുടെ സമൂഹത്തില്‍വച്ച്, എന്റെ വിശ്വസ്തസാക്ഷിയായ അന്തിപ്പാസ് വധിക്കപ്പെട്ട നാളുകളില്‍പ്പോലും എന്നിലുള്ള വിശ്വാസം നീ കൈവെടിഞ്ഞില്ല.
14: എങ്കിലും, നിനക്കെതിരായി ചില കാര്യങ്ങള്‍ എനിക്കു പറയാനുണ്ട്: വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവ ഭക്ഷിക്കാനും വ്യഭിചാരംചെയ്യാനും ഇസ്രായേല്‍മക്കള്‍ക്കു ദുഷ്‌പ്രേരണ നല്കാന്‍ ബാലാക്കിനെ പഠിപ്പിച്ച ബാലാമിന്റെ ഉപദേശങ്ങള്‍ മുറുകെപ്പിടിക്കുന്നവര്‍ അവിടെയുണ്ട്.
15: അതുപോലെതന്നെ, നിക്കൊളാവോസ് പക്ഷക്കാരുടെ പ്രബോധനങ്ങളെ മുറുകെപ്പിടിക്കുന്നവരുമവിടെയുണ്ട്.
16: അതുകൊണ്ട്, അനുതപിക്കുക; അല്ലെങ്കില്‍, നിന്റെയടുത്തേക്കു ഞാനുടനെ വന്ന്, എന്റെ വായിലെ വാള്‍കൊണ്ട്, അവരോടു പോരാടും.
17: ആത്മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുളളവന്‍ കേള്‍ക്കട്ടെ. വിജയം വരിക്കുന്നവനു ഞാന്‍ നിഗൂഢ മന്ന നല്കും. അവനു ഞാന്‍ ഒരു വെള്ളക്കല്ലും കൊടുക്കും: അതിലൊരു പുതിയ നാമം കൊത്തിയിരിക്കും. അതെന്തെന്നു സ്വീകരിക്കുന്നവനൊഴികെ മറ്റാരുമറിയുകയില്ല. 

തിയത്തീറായിലെ സഭയ്ക്ക്
18: തിയത്തീറായിലെ സഭയുടെ ദൂതനെഴുതുക: അഗ്നിനാളംപോലെ മിഴികളും പിച്ചളപോലെ പാദങ്ങളുമുള്ള ദൈവസുതനരുളിചെയ്യുന്നു:
19: നിന്റെ പ്രവൃത്തികളും സ്‌നേഹവും വിശ്വാസവും ശുശ്രൂഷയും ദീര്‍ഘമായ സഹനവും ഞാനറിയുന്നു. നിന്റെ അവസാനപ്രവര്‍ത്തനങ്ങള്‍ ആദ്യത്തേതിനെക്കാള്‍ മെച്ചപ്പെട്ടവയാണ്.
20: എങ്കിലും നിനക്കെതിരായി എനിക്കൊന്നു പറയാനുണ്ട്: പ്രവാചികയെന്നവകാശപ്പെടുകയും, വ്യഭിചാരംചെയ്യാനും വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവ ഭക്ഷിക്കാനും എന്റെ ദാസരെ പഠിപ്പിക്കുകയും വശീകരിക്കുകയുംചെയ്യുന്ന ജസെബല്‍ എന്ന സ്ത്രീയോടു നീ സഹിഷ്ണുത കാണിക്കുന്നു.
21: അനുതപിക്കാന്‍ ഞാനവള്‍ക്കവസരം നല്കി. എന്നാല്‍, അവള്‍ തന്റെ വ്യഭിചാരത്തെക്കുറിച്ച് അനുതപിക്കാന്‍ കൂട്ടാക്കുന്നില്ല.
22: ഇതാ, ഞാനവളെ രോഗശയ്യയില്‍ തള്ളിയിടുന്നു. അവളുമായുള്ള വേഴ്ചയെപ്പറ്റി അനുതപിക്കുന്നില്ലെങ്കില്‍, അവളോടുകൂടെ വ്യഭിചാരംചെയ്യുന്നവരെയും വലിയ ഞെരുക്കത്തിലേക്കു ഞാനെറിയും.
23: അവളുടെ മക്കളെയാകട്ടെ, മരണത്താല്‍ ഞാന്‍ ശിക്ഷിക്കും. ഹൃദയങ്ങളും മനസ്സുകളും പരിശോധിക്കുന്നവനാണു ഞാനെന്നു സകല സഭകളും അപ്പോള്‍ ഗ്രഹിക്കും. നിങ്ങള്‍ക്കോരോരുത്തര്‍ക്കും പ്രവൃത്തികള്‍ക്കനുസൃതം ഞാന്‍ പ്രതിഫലം നല്കും.
24: സാത്താന്റെ രഹസ്യങ്ങളെന്നു വിളിക്കപ്പെടുന്ന ഈ പ്രബോധനമറിയാത്തവരും സ്വീകരിക്കാത്തവരുമായി തിയത്തീറായില്‍ ബാക്കിയുള്ള നിങ്ങളോടു ഞാന്‍ പറയുന്നു: നിങ്ങളുടെമേല്‍ വേറെ ഭാരം, ഞാന്‍ ചുമത്തുന്നില്ല.
25: എന്നാല്‍, നിങ്ങള്‍ക്കു ലഭിച്ചതിനെ ഞാന്‍വരുവോളം മുറുകെപ്പിടിക്കുവിന്‍.
26: വിജയംവരിക്കുന്നവനും അവസാനംവരെ എന്റെ പ്രവൃത്തികള്‍ ചെയ്യുന്നവനും ജനപദങ്ങളുടെമേല്‍ ഞാനധികാരം നല്കും.
27: ഇരുമ്പുദണ്ഡുകൊണ്ട്, അവനവരെ മേയിക്കും; മണ്‍പാത്രങ്ങള്‍പോലെ അവരെ തകര്‍ക്കും;
28: ഞാന്‍ എന്റെ പിതാവില്‍നിന്ന് അധികാരം സ്വീകരിച്ചതുപോലെതന്നെ. പുലര്‍കാലനക്ഷത്രം ഞാനവനു നല്കും.
29: ആത്മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

അദ്ധ്യായം 3


 സാർദീസിലെ സഭയ്ക്ക് 
1: സാര്‍ദീസിലെ സഭയുടെ ദൂതനെഴുതുക: ദൈവത്തിന്റെ സപ്താത്മാക്കളും സപ്തതാരങ്ങളുമുള്ളവന്‍ പറയുന്നു: നിന്റെ ചെയ്തികള്‍ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവനെന്നാണു നിന്നെക്കുറിച്ചു പറയുന്നത്; പക്ഷേ, നീ മൃതനാണ്.
2: ഉണരുക, നിന്നില്‍ ആസന്നമരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക. എന്തെന്നാല്‍, എന്റെ ദൈവത്തിന്റെ മുമ്പില്‍ നിന്റെ പ്രവൃത്തികള്‍ പൂര്‍ണ്ണമായും നിര്‍വ്വഹിക്കപ്പെട്ടതായി ഞാന്‍ കാണുന്നില്ല.
3: അതുകൊണ്ടു നീ സ്വീകരിച്ചതും കേട്ടതും എന്തെന്നനുസ്മരിച്ച്, അതു കാത്തുസൂക്ഷിക്കുകയും അനുതപിക്കുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കില്‍ ഞാന്‍ കള്ളനെപ്പോലെ വരും. ഏതു സമയത്താണു ഞാന്‍ നിന്നെ പിടികൂടുകയെന്നു നീയറിയുകയില്ല.
4: എന്നാല്‍, വസ്ത്രങ്ങള്‍ മലിനമാക്കിയിട്ടില്ലാത്തവരായി കുറെപ്പേര്‍ സാര്‍ദീസില്‍ നിനക്കുണ്ട്. അവര്‍ ധവളവസ്ത്രധാരികളായി എന്റെ കൂടെ നടക്കും. അവരതിനു യോഗ്യരാണ്.
5: വിജയം വരിക്കുന്നവനെ വെള്ളവസ്ത്രം ധരിപ്പിക്കും; ജീവന്റെ പുസ്തകത്തില്‍നിന്ന് അവന്റെ നാമം ഞാനൊരിക്കലും മായിച്ചുകളയുകയില്ല. എന്റെ പിതാവിന്റെയും അവിടുത്തെ ദൂതന്മാരുടെയും സന്നിധിയില്‍ അവന്റെ നാമം ഞാനേറ്റുപറയും.
6: ആത്മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 

ഫിലദൽഫിയായിലെ സഭയ്ക്ക്
7: ഫിലദെല്‍ഫിയായിലെ സഭയുടെ ദൂതനെഴുതുക. പരിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോല്‍ കൈവശമുള്ളവനും മറ്റാര്‍ക്കുമടയ്ക്കാന്‍കഴിയാത്തവണ്ണം തുറക്കുന്നവനും മറ്റാര്‍ക്കും തുറക്കാന്‍കഴിയാത്തവിധമടയ്ക്കുന്നവനുമായവന്‍ പറയുന്നു:
8: നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു. ഇതാ, നിന്റെ മുമ്പില്‍ ആര്‍ക്കും പൂട്ടാന്‍കഴിയാത്തവിധം തുറന്നുകിടക്കുന്ന ഒരു വാതില്‍ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു. നിന്റെ ശക്തി പരിമിതമാണ്. എങ്കിലും നീയെന്റെ വചനം കാത്തു; എന്റെ നാമം നിഷേധിച്ചതുമില്ല.
9: ഇതാ, യഹൂദരാണെന്നു പറയുകയും എന്നാല്‍, അങ്ങനെയല്ലാതെ നുണയന്മാരായി നടക്കുകയുംചെയ്യുന്ന സാത്താന്റെ സിനഗോഗില്‍നിന്നുള്ള ചിലര്‍! അവരെ ഞാന്‍ നിന്റെ കാല്ക്കല്‍വരുത്തി, കുമ്പിടുവിക്കും. അങ്ങനെ, ഞാന്‍ നിന്നെ സ്‌നേഹിച്ചുവെന്ന് അവര്‍ ഗ്രഹിക്കും.
10: സകല ഭൂവാസികളെയും പരിശോധിക്കാനായി ലോകത്തിലുണ്ടാകാനിരിക്കുന്ന പരീക്ഷണങ്ങളുടെ സമയത്തു ഞാന്‍ നിന്നെ സംരക്ഷിക്കുകയും ചെയ്യും. എന്തെന്നാല്‍, പരീക്ഷകളില്‍ ഉറച്ചുനില്ക്കണമെന്നുള്ള എന്റെ വചനം നീ കാത്തു.
11: ഞാന്‍ വേഗം വരുന്നു. നിന്റെ കിരീടം, ആരും കവര്‍ന്നെടുക്കാതിരിക്കാന്‍ നിനക്കുള്ളതു കാത്തുസൂക്ഷിക്കുക.
12: വിജയംവരിക്കുന്നവനെ ഞാന്‍ എന്റെ ദൈവത്തിന്റെ ആലയത്തിലെ ഒരു സ്തംഭമാക്കും; അവന്‍ പിന്നെ ഒരിക്കലും പുറത്തുപോവുകയില്ല. അവന്റെമേല്‍ എന്റെ ദൈവത്തിന്റെ നാമവും ദൈവസന്നിധിയില്‍നിന്നു സ്വര്‍ഗ്ഗംവിട്ടിറങ്ങിവരുന്ന പുതിയ ജറുസലെമാകുന്ന ദൈവനഗരത്തിന്റെ നാമവും എന്റെ പുതിയനാമവും ഞാനെഴുതും.
13: ആത്മാവുു സഭകളോടരുളിച്ചെയ്യുന്നതു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 

ലവോദീക്യായിലെ സഭയ്ക്ക്
14: ലവൊദീക്യായിലെ സഭയുടെ ദൂതനെഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയും ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തിന്റെ ആരംഭവുമായിരിക്കുന്ന ആമേന്‍ അരുളിചെയ്യുന്നു:
15: നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കിലെന്നു ഞാനാഗ്രഹിക്കുന്നു.
16: ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും.
17: എന്തെന്നാല്‍, ഞാന്‍ ധനവാനാണ്, എനിക്കു സമ്പത്തുണ്ട്, ഒന്നിനും കുറവില്ല, എന്നു നീ പറയുന്നു. എന്നാല്‍, നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനുമാണെന്നു നീയറിയുന്നില്ല.
18: ഞാന്‍ നിന്നെയുപദേശിക്കുന്നു; നീ ധനികനാകാന്‍ അഗ്നിശുദ്ധിവരുത്തിയ സ്വര്‍ണ്ണം എന്നോടു വാങ്ങുക; നിന്റെ നഗ്നത മറ്റുള്ളവര്‍ കണ്ട്, നീ ലജ്ജിക്കാതിരിക്കുവാന്‍ ശുഭ്രവസ്ത്രങ്ങള്‍ എന്നോടു വാങ്ങുക. കാഴ്ച ലഭിക്കുന്നതിനു കണ്ണിലെഴുതാനുള്ള അഞ്ജനവും എന്നോടു വാങ്ങുക.
19: ഞാന്‍ സ്‌നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, തീക്ഷ്ണതയുള്ളവനാകുക. അനുതപിക്കുക. 
20: 
ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരംകേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്റെയടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷിക്കുകയുംചെയ്യും.
21: ഞാന്‍ വിജയംവരിച്ച്, എന്റെ പിതാവിനോടൊത്ത് അവിടുത്തെ സിംഹാസനത്തിലിരിക്കുന്നതുപോലെ, വിജയംവരിക്കുന്നവനെ എന്നോടൊത്ത്, എന്റെ സിംഹാസനത്തില്‍ ഞാനിരുത്തും.
22: ആത്മാവു സഭകളോടരുളിച്ചെയ്യുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!

അദ്ധ്യായം 4

    
സ്വര്‍ഗ്ഗദര്‍ശനം
1: ഇതിനുശേഷം സ്വര്‍ഗ്ഗത്തിലൊരു തുറന്ന വാതില്‍ ഞാന്‍ കണ്ടു. കാഹളദ്ധ്വനിപോലെ ഞാനാദ്യംകേട്ട സ്വരം എന്നോടു പറഞ്ഞു: ഇങ്ങോട്ടു കയറി വരൂ; ഇനിയും സംഭവിക്കേണ്ടവ നിനക്കു ഞാന്‍ കാണിച്ചുതരാം.
2: പെട്ടെന്ന്, ഞാന്‍ ആത്മീയാനുഭൂതിയില്‍ ലയിച്ചു. അതാ, സ്വര്‍ഗ്ഗത്തിലൊരു സിംഹാസനമൊരുക്കപ്പെട്ടിരിക്കുന്നു. സിംഹാസനത്തില്‍ ഒരുവനിരിക്കുന്നു.
3: സിംഹാസനസ്ഥന്‍ കാഴ്ചയില്‍ സൂര്യകാന്തംപോലെയും മാണിക്യംപോലെയുമായിരുന്നു. സിംഹാസനത്തിനു ചുറ്റും മരതകംപോലെയുള്ളൊരു മഴവില്ലും കാണപ്പെട്ടു.
4: ആ സിംഹാസനത്തിനു ചുറ്റും ഇരുപത്തിനാലു സിംഹാസനങ്ങള്‍. അവയില്‍ ധവളവസ്ത്രധാരികളായ ഇരുപത്തിനാലു ശ്രേഷ്ഠന്മാര്‍. അവരുടെ ശിരസ്സില്‍ സ്വര്‍ണ്ണകിരീടങ്ങള്‍.
5: സിംഹാസനത്തില്‍നിന്നു മിന്നല്‍പ്പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കങ്ങളും പുറപ്പെടുന്നു. സിംഹാസനത്തിനു മുമ്പില്‍ ജ്വലിക്കുന്ന ഏഴു തീപ്പന്തങ്ങള്‍; ഇവ ദൈവത്തിന്റെ സപ്താത്മാക്കളാണ്.
6: സിംഹാസനത്തിനുമുമ്പില്‍ ഒരു പളുങ്കുകടല്‍. സിംഹാസനത്തിന്റെ മദ്ധ്യത്തിലും ചുററിലുമായി നാലു ജീവികള്‍; അവയ്ക്കു മുമ്പിലും പിമ്പിലും നിറയെ കണ്ണുകള്‍.
7: ഒന്നാമത്തെ ജീവി സിംഹത്തെപ്പോലെ; രണ്ടാമത്തേതു കാളയെപ്പോലെ; മൂന്നാമത്തേതിനു മനുഷ്യന്റേതുപോലുള്ള മുഖം. നാലാമത്തേതു പറക്കുന്ന കഴുകനെപ്പോലെ.
8: ഈ നാലു ജീവികള്‍ക്കും ആറു ചിറകുകള്‍വീതം. ചുറ്റിലും ഉള്ളിലും നിറയെ കണ്ണുകള്‍, രാപകല്‍ ഇടവിടാതെ അവയുദ്‌ഘോഷിക്കുന്നു: ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വ്വശക്തനും ദൈവവുമായ കര്‍ത്താവ് പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍.
9: ആ ജീവികള്‍ സിംഹാസനസ്ഥന്, നിത്യം ജീവിക്കുന്നവന്, മഹത്വവും ബഹുമാനവും സ്തുതിയും നല്കിയപ്പോഴെല്ലാം
10: ആ ഇരുപത്തിനാലു ശ്രേഷ്ഠന്മാര്‍ സിംഹാസനസ്ഥന്റെ മുമ്പില്‍ വീണ്, നിത്യം ജീവിക്കുന്നവനെ സാഷ്ടാംഗം പ്രണമിക്കുകയും തങ്ങളുടെ കിരീടങ്ങള്‍ സിംഹാസനത്തിനു മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട് ഇങ്ങനെ പറയുകയുംചെയ്തിരുന്നു:
11: ഞങ്ങളുടെ ദൈവവും കര്‍ത്താവുമായ അവിടുന്നു മഹത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാനര്‍ഹനാണ്. അങ്ങു സര്‍വ്വവും സൃഷ്ടിച്ചു. അങ്ങയുടെ ഹിതമനുസരിച്ച്, അവയ്ക്കസ്തിത്വം ലഭിക്കുകയും അവ സൃഷ്ടിക്കപ്പെടുകയും ചെയ്തു.

മുന്നൂറ്റിയമ്പത്തഞ്ചാം ദിവസം: 2 യോഹന്നാൻ; 3 യോഹന്നാൻ; യൂദാസ്



2 യോഹന്നാൻ



അഭിവാദനം
1: തിരഞ്ഞെടുക്കപ്പെട്ട മഹതിക്കും അവളുടെ മക്കള്‍ക്കും സഭാശ്രേഷ്ഠനെഴുതുന്നത്.
2: നമ്മില്‍ വസിക്കുന്നതും എക്കാലവും നമ്മോടൊത്തുണ്ടായതുമായ സത്യത്തെ മുന്‍നിർത്തിയും സത്യത്തിന്റെപേരിലും ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു; ഞാന്‍മാത്രമല്ല, സത്യമറിയാവുന്നവരെല്ലാം നിങ്ങളെ സ്‌നേഹിക്കുന്നു.
3: പിതാവായ ദൈവത്തില്‍നിന്നും അവിടുത്തെ പുത്രനായ യേശുക്രിസ്തുവില്‍നിന്നുമുള്ള കൃപയും കരുണയും സമാധാനവും സത്യത്തിലും സ്‌നേഹത്തിലും നമ്മോടുകൂടെയുണ്ടായിരിക്കും.

സത്യവും സ്‌നേഹവും
4: പിതാവില്‍നിന്നു നാം സ്വീകരിച്ച കല്പനയ്ക്കനുസൃതമായി, നിന്റെ മക്കളില്‍ച്ചിലര്‍ സത്യത്തില്‍ വ്യാപരിക്കുന്നതുകണ്ട്, ഞാനത്യന്തം സന്തോഷിച്ചു.
5: അല്ലയോ മഹതീ, ഞാന്‍ നിന്നോടഭ്യര്‍ത്ഥിക്കുന്നു. ഒരു പുതിയ കല്പനയായിട്ടല്ല, ആരംഭംമുതലേ നമുക്കു ലഭിച്ചിരിക്കുന്ന ഒന്നായിട്ടാണു ഞാനിതെഴുതുന്നത്: നാം പരസ്പരം സ്‌നേഹിക്കണം.
6: ഇതാണു സ്‌നേഹം: നാമവിടുത്തെ കല്പനകളനുസരിച്ചുനടക്കുക. കല്പനയാകട്ടെ, ആരംഭംമുതലേ നിങ്ങള്‍ ശ്രവിച്ചിരിക്കുന്നതുപോലെ സ്‌നേഹത്തില്‍ വ്യാപരിക്കുകയെന്നതും.
7: വളരെയധികം വഞ്ചകര്‍ ലോകത്തിലേയ്ക്കിറങ്ങിയിട്ടുണ്ട്. യേശുക്രിസ്തു മനുഷ്യശരീരംധരിച്ചുവന്നുവെന്നു സമ്മതിക്കാത്തവരാണവര്‍. ഇങ്ങനെയുള്ളവനാണു വഞ്ചകനും അന്തിക്രിസ്തുവും.
8: ഞങ്ങളുടെ അദ്ധ്വാനഫലം നിങ്ങള്‍ നഷ്ടമാക്കാതെ, അതു പൂര്‍ണ്ണമായി നേടാന്‍ ശ്രദ്ധിക്കുവിന്‍.
9: ക്രിസ്തുവിന്റെ പ്രബോധനത്തില്‍ നിലനില്ക്കാതെ അതിനെയതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്ക്കുന്നവനു പിതാവും പുത്രനുമുണ്ട്.
10: പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ, ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനംചെയ്യുകയോ അരുത്.
11: എന്തെന്നാല്‍, അവനെ അഭിവാദനംചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്.
12: ഇനി വളരെക്കാര്യങ്ങള്‍ നിങ്ങള്‍ക്കെഴുതാനുണ്ട്. എങ്കിലും, അതിനു കടലാസും മഷിയുമുപയോഗിക്കാന്‍ എനിക്കു താത്പര്യമില്ല. എന്നാല്‍, നമ്മുടെ ആനന്ദം പൂര്‍ണ്ണമാകുന്നതിനുവേണ്ടി, നിങ്ങളുടെയടുത്തുവന്നു മുഖാഭിമുഖം സംസാരിക്കാമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.
13: നിന്റെ തിരഞ്ഞെടുക്കപ്പെട്ട സഹോദരിയുടെ മക്കള്‍ നിന്നെ അഭിവാദനംചെയ്യുന്നു.



3 യോഹന്നാൻ




അഭിവാദനം
1: സഭാശ്രേഷ്ഠനായ ഞാന്‍ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ഗായൂസിനെഴുതുന്നത്:
2: വാത്സല്യഭാജനമേ, നിന്റെ ആത്മാവു ക്ഷേമസ്ഥിതിയിലായിരിക്കുന്നതുപോലെതന്നെ, എല്ലാകാര്യങ്ങളിലും നിനക്ക് ഐശ്വര്യമുണ്ടാകട്ടെയെന്നും നീ ആരോഗ്യവാനായിരിക്കട്ടെയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
3: നീ സത്യമനുസരിച്ചാണു ജീവിക്കുന്നതെന്ന്, സഹോദരന്മാര്‍ വന്ന്, നിന്റെ സത്യത്തെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയപ്പോള്‍ ഞാന്‍ വളരെ സന്തോഷിച്ചു.
4: എന്റെ മക്കള്‍ സത്യത്തിലാണു ജീവിക്കുന്നതെന്നു കേള്‍ക്കുന്നതിനെക്കാള്‍ വലിയസന്തോഷമെനിക്കുണ്ടാകാനില്ല.

പ്രശംസയും ശാസനവും
5: വാത്സല്യഭാജനമേ, നീ സഹോദരര്‍ക്കുവേണ്ടി, പ്രത്യേകിച്ച്, അപരിചിതര്‍ക്കുവേണ്ടി ചെയ്യുന്നതെല്ലാം വിശ്വാസത്തിനുയോജിച്ച പ്രവൃത്തികളാണ്.
6: അവര്‍ സഭയുടെമുമ്പാകെ നിന്റെ സ്‌നേഹത്തെക്കുറിച്ചു സാക്ഷ്യപ്പെടുത്തി. ദൈവത്തിനു പ്രീതികരമായവിധം നീയവരെ യാത്രയാക്കുന്നതു നന്നായിരിക്കും.
7: കാരണം, അവിടുത്തെ നാമത്തെപ്രതിയാണ് അവര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. വിജാതീയരില്‍നിന്ന്, അവരൊരു സഹായവും സ്വീകരിച്ചിട്ടില്ല.
8: ആകയാല്‍, നാം സത്യത്തില്‍ സഹപ്രവര്‍ത്തകരായിരിക്കേണ്ടതിന്, ഇപ്രകാരമുള്ളവരെ സ്വീകരിച്ചുസംരക്ഷിക്കേണ്ടിയിരിക്കുന്നു.
9: ഞാന്‍ ചിലകാര്യങ്ങള്‍ സഭയ്‌ക്കെഴുതിയിരുന്നു. എന്നാല്‍, പ്രഥമസ്ഥാനം മോഹിക്കുന്ന ദിയോത്രെഫെസ് ഞങ്ങളുടെധികാരത്തെ അംഗീകരിക്കുന്നില്ല.
10: അതിനാല്‍, ഞാന്‍ വന്നാല്‍ അവന്റെ ചെയ്തികളെപ്പറ്റി അവനെയനുസ്മരിപ്പിക്കും. അവന്‍ ഞങ്ങള്‍ക്കെതിരേ ദുഷിച്ചുസംസാരിക്കുന്നു. അതുകൊണ്ടും തൃപ്തനാകാതെ സഹോദരരെ അവന്‍ നിരസിക്കുന്നു. തന്നെയുമല്ല, അവരെ സ്വീകരിക്കാന്‍ തയ്യാറാകുന്നവരെ അവന്‍ തടയുകയും സഭയില്‍നിന്നു പുറത്താക്കുകയുംചെയ്യുന്നു.
11: വാത്സല്യഭാജനമേ, തിന്മയെ അനുകരിക്കരുത്; നന്മയെ അനുകരിക്കുക. നന്മ പ്രവര്‍ത്തിക്കുന്നവന്‍ ദൈവത്തിന്റെ സ്വന്തമാണ്. തിന്മ പ്രവര്‍ത്തിക്കുന്നവനാകട്ടെ ദൈവത്തെ കണ്ടിട്ടേയില്ല.
12: ദെമേത്രിയോസിന് എല്ലാവരിലുംനിന്ന്, സത്യത്തില്‍നിന്നുതന്നെയും, സാക്ഷ്യംലഭിച്ചിരിക്കുന്നു. ഞങ്ങളും അവനു സാക്ഷ്യംനല്കുന്നു. ഞങ്ങളുടെ സാക്ഷ്യം സത്യമാണെന്നു നിനക്കറിയാം.
13: എനിക്കു വളരെയധികം കാര്യങ്ങളെഴുതാനുണ്ട്. എന്നാല്‍, അതെല്ലാം തൂലികയും മഷിയുംകൊണ്ടു നിനക്കെഴുതാന്‍ ഞാനാഗ്രഹിക്കുന്നില്ല.
14: താമസിയാതെ, നിന്നെക്കാണാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അപ്പോള്‍ മുഖാഭിമുഖം നമുക്കു സംസാരിക്കാം.
15: നിനക്കു സമാധാനം. സ്‌നേഹിതന്മാര്‍ നിന്നെ അഭിവാദനംചെയ്യുന്നു. എല്ലാ സ്‌നേഹിതരെയും പ്രത്യേകംപ്രത്യേകം അഭിവാദനമറിയിക്കുക.


യൂദാസ് 




അഭിവാദനം
1: യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാസ്, പിതാവായ ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നവരും യേശുക്രിസ്തുവിനുവേണ്ടി കാത്തുസൂക്ഷിക്കപ്പെടുന്നവരുമായ വിളിക്കപ്പെട്ടവര്‍ക്കെഴുതുന്നത്:
2: നിങ്ങളില്‍ കരുണയും സമാധാനവും സ്‌നേഹവും സമൃദ്ധമായുണ്ടാകട്ടെ!

വ്യാജോപദേഷ്ടാക്കള്‍
3: പ്രിയപ്പെട്ടവരേ, നമുക്കു പൊതുവായി ലഭിച്ചിരിക്കുന്ന രക്ഷയെക്കുറിച്ചു നിങ്ങള്‍ക്കെഴുതുവാന്‍ ഞാനതിയായി ആഗ്രഹിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ്, വിശുദ്ധര്‍ക്ക് എന്നന്നേയ്ക്കുമായി ഏല്പിച്ചുകൊടുത്തിരിക്കുന്ന വിശ്വാസത്തിനുവേണ്ടി പോരാടണമെന്നുപദേശിച്ചുകൊണ്ട്, നിങ്ങള്‍ക്കെഴുതേണ്ടിവന്നിരിക്കുന്നത്.
4: പണ്ടുതന്നെ ശിക്ഷയ്ക്കായി നിശ്ചയിക്കപ്പെട്ടിരുന്ന ചില ദുഷ്ടമനുഷ്യര്‍ നിങ്ങളുടെയിടയില്‍ കയറിക്കൂടിയിട്ടുണ്ട്. അവര്‍ നമ്മുടെ ദൈവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്ധജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും കര്‍ത്താവുമായ യേശുക്രിസ്തുവിനെ തള്ളിപ്പറയുകയും ചെയ്യുന്നു.
5: നിങ്ങള്‍ക്ക് എല്ലാക്കാര്യങ്ങളും നല്ലപോലെയറിയാമെങ്കിലും, ചിലകാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തണമെന്നു ഞാനാഗ്രഹിക്കുന്നു. ഈജിപ്തുദേശത്തുനിന്ന് ഇസ്രായേല്‍ജനത്തെ രക്ഷിച്ച കര്‍ത്താവ്, വിശ്വസിക്കാതിരുന്നവരെ പിന്നീടു നശിപ്പിച്ചു.
6: സ്വന്തം നിലമറന്നു തങ്ങളുടേതായ വാസസ്ഥാനമുപേക്ഷിച്ചുകളഞ്ഞ ദൂതന്മാരെ, മഹാദിനത്തിലെ വിധിവരെ അവിടുന്ന് അന്ധകാരത്തില്‍ നിത്യബന്ധനത്തില്‍ സൂക്ഷിച്ചിരിക്കുന്നുവെന്നോര്‍ക്കുക.
7: അതുപോലെതന്നെ, സോദോമിനെയും ഗൊമോറായെയും അവയെ അനുകരിച്ചു ഭോഗാസക്തിയിലും വ്യഭിചാരത്തിലുംമുഴുകിയ ചുറ്റുമുള്ള പട്ടണങ്ങളെയും നിത്യാഗ്നിയുടെ ശിക്ഷയ്ക്കു വിധേയമാക്കി, അവിടുന്നെല്ലാവര്‍ക്കും ദൃഷ്ടാന്തംനല്കിയിരിക്കുന്നു.
8: സ്വപ്നങ്ങളില്‍ നിമഗ്നരായിരിക്കുന്ന ഈ മനുഷ്യര്‍ ശരീരത്തെയശുദ്ധമാക്കുകയും അധികാരത്തെ തള്ളിപ്പറയുകയും മഹിമയണിഞ്ഞവരെ നിന്ദിക്കുകയുംചെയ്യുന്നു.
9: പ്രധാനദൂതനായ മിഖായേല്‍, മോശയുടെ ശരീരത്തെച്ചൊല്ലി, പിശാചിനോടു തര്‍ക്കിച്ചപ്പോള്‍ അവനെ കുറ്റപ്പെടുത്തി ഒരു നിന്ദാവചനംപോലുമുച്ചരിക്കാന്‍ തുനിഞ്ഞില്ല; പിന്നെയോ, കര്‍ത്താവു നിന്നെ ശാസിക്കട്ടെയെന്നുമാത്രം പറഞ്ഞു.
10: ഈ മനുഷ്യരാകട്ടെ, തങ്ങള്‍ക്കു മനസ്സിലാകാത്ത എല്ലാക്കാര്യങ്ങളെയും ദുഷിക്കുന്നു. വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ, തങ്ങളുടെ ജന്മവാസനകൊണ്ടു മനസ്സിലാക്കുന്ന കാര്യങ്ങള്‍വഴി അവര്‍ മലിനരാവുകയുംചെയ്യുന്നു.
11: അവര്‍ക്കു ദുരിതം! എന്തുകൊണ്ടെന്നാല്‍, അവര്‍ കായേന്റെ മാര്‍ഗ്ഗത്തിലൂടെ നടക്കുകയും ലാഭേച്ഛകൊണ്ട് ബാലാമിന്റെ തെറ്റില്‍ ചെന്നുവീഴുകയും കോറായുടെ പ്രക്ഷോഭത്തില്‍ നശിക്കുകയുംചെയ്യുന്നു.
12: തങ്ങളുടെ കാര്യംമാത്രംനോക്കി നിര്‍ഭയം തിന്നുകുടിച്ചു മദിക്കുന്ന അവര്‍, നിങ്ങളുടെ സ്‌നേഹവിരുന്നുകള്‍ക്കു കളങ്കമാണ്; അവര്‍ കാറ്റിനാല്‍ തുരത്തപ്പെടുന്ന ജലശൂന്യമായ മേഘങ്ങളാണ്; ഉണങ്ങിക്കടപുഴകിയ ഫലശൂന്യമായ ശരത്കാലവൃക്ഷംപോലെയാണ്.
13: അവര്‍ തങ്ങളുടെതന്നെ ലജ്ജയുടെ നുരയുയര്‍ത്തുന്ന ഉന്മത്ത തരംഗങ്ങളാണ്; വഴിതെറ്റിപ്പോകുന്ന നക്ഷത്രങ്ങളാണ്. അവര്‍ക്കുവേണ്ടി അന്ധകാരഗര്‍ത്തങ്ങള്‍ എന്നേയ്ക്കും തയ്യാറാക്കപ്പെട്ടിരിക്കുന്നു.
14: ആദത്തില്‍നിന്ന് ഏഴാംതലമുറക്കാരനായ ഹെനോക്ക് പ്രവചിച്ചത് ഇവരെക്കുറിച്ചാണ്: കണ്ടാലും, കര്‍ത്താവു തന്റെ വിശുദ്ധരുടെ പതിനായിരങ്ങളോടുകൂടെ ആഗതനായിരിക്കുന്നു.
15: എല്ലാവരുടെയുംമേല്‍ വിധിനടത്താനും സകലദുഷ്ടരെയും, അവര്‍ചെയ്ത സകലദുഷ്‌കര്‍മങ്ങളുടെപേരിലും തനിക്കെതിരായിപ്പറഞ്ഞ എല്ലാ ക്രൂരവാക്കുകളുടെ പേരിലും, കുറ്റംവിധിക്കാനും അവിടുന്നു വന്നു.
16: അവര്‍ പിറുപിറുക്കുന്നവരും അസംതൃപ്തരും തങ്ങളുടെ ദുരാശകള്‍ക്കൊത്തവിധം നടക്കുന്നവരും വമ്പുപറയുന്നവരും കാര്യസാധ്യത്തിനുവേണ്ടി മുഖസ്തുതിപറയുന്നവരുമാണ്.

താക്കീതും ഉപദേശവും
17: എന്റെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ അപ്പസ്‌തോലന്മാരാല്‍ മുന്‍കൂട്ടി പറയപ്പെട്ട വചനങ്ങളോര്‍ക്കുവിന്‍.
18: അവര്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ട്: തങ്ങളുടെ ദുഷ്ടമായ അധമവികാരങ്ങള്‍ക്ക് അടിമപ്പെട്ടുജീവിക്കുന്ന പരദൂഷകര്‍ അവസാനനാളുകളില്‍ വരും.
19: പരിശുദ്ധാത്മാവില്ലാത്തവരും കേവലം ലൗകികരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്.
20: എന്നാല്‍, പ്രിയപ്പെട്ടവരേ, നിങ്ങള്‍ പരിശുദ്ധാത്മാവില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്, നിങ്ങളുടെ പവിത്രമായ വിശ്വാസത്തില്‍ അഭിവൃദ്ധിപ്രാപിക്കുവിന്‍.
21: നിത്യജീവിതത്തിനായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കാരുണ്യത്തെ ഉറ്റുനോക്കിക്കൊണ്ട് ദൈവസ്‌നേഹത്തില്‍ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിന്‍.
22: ചഞ്ചലചിത്തരോട് അനുകമ്പകാണിക്കുവിന്‍.
23: അഗ്നിയിലകപ്പെട്ടവരെ പിടിച്ചുകയറ്റുവിന്‍. മാംസദാഹത്താല്‍ കളങ്കിതരായവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ട്, ഭയത്തോടെ അവരോടു കരുണകാണിക്കുവിന്‍.
24: വീഴാതെ നിങ്ങളെ കാത്തുകൊള്ളാനും തന്റെ മഹത്വത്തിന്റെ സന്നിധിയില്‍ നിങ്ങളെ കളങ്കരഹിതരായി സന്തോഷത്തോടെ നിറുത്താനും കഴിവുള്ള
25: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി, നമ്മുടെ രക്ഷകനായ ഏകദൈവത്തിനു സ്തുതിയും മഹത്വവും ശക്തിയും ആധിപത്യവും സര്‍വ്വകാലത്തിനുമുമ്പും ഇപ്പോഴും എപ്പോഴുമുണ്ടായിരിക്കട്ടെ. ആമേന്‍.

മുന്നൂറ്റിയമ്പത്തിനാലാം ദിവസം: 1 യോഹന്നാൻ 1 - 5


അദ്ധ്യായം 1


ജീവന്റെ വചനം

1: ആദിമുതലുണ്ടായിരുന്നതും ഞങ്ങള്‍കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങളറിയിക്കുന്നു.
2: ജീവന്‍ വെളിപ്പെട്ടു; ഞങ്ങളതു കണ്ടു; അതിനു സാക്ഷ്യംനല്കുകയുംചെയ്യുന്നു. പിതാവിനോടുകൂടെയായിരുന്നതും ഞങ്ങള്‍ക്കു വെളിപ്പെട്ടതുമായ നിത്യജീവന്‍ ഞങ്ങള്‍ നിങ്ങളോടു പ്രഘോഷിക്കുന്നു.
3: ഞങ്ങള്‍ കാണുകയും കേള്‍ക്കുകയുംചെയ്തതു നിങ്ങളെയും ഞങ്ങളറിയിക്കുന്നു. ഞങ്ങളുമായി നിങ്ങള്‍ക്കും കൂട്ടായ്മയുണ്ടാകേണ്ടതിനാണ്, ഞങ്ങളിതു പ്രഘോഷിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുമാണ്.
4: ഞങ്ങള്‍ ഇതെഴുതുന്നത്, ഞങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകാനാണ്.

ദൈവം പ്രകാശമാണ്
5: ഇതാണു ഞങ്ങളവനില്‍നിന്നു കേള്‍ക്കുകയും നിങ്ങളോടു പ്രഖ്യാപിക്കുകയുംചെയ്യുന്ന സന്ദേശം: ദൈവം പ്രകാശമാണ്.
6: ദൈവത്തിലന്ധകാരമില്ല. അവിടുത്തോടു കൂട്ടായ്മയുണ്ടെന്നുപറയുകയും അതേസമയം അന്ധകാരത്തില്‍ നടക്കുകയുംചെയ്താല്‍ നാം വ്യാജംപറയുന്നവരാകും; സത്യം പ്രവര്‍ത്തിക്കുന്നുമില്ല.
7: അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ, നമ്മളും പ്രകാശത്തില്‍ സഞ്ചരിക്കുന്നെങ്കില്‍, നമുക്കു പരസ്പരം കൂട്ടായ്മയുണ്ടാകും. അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം, എല്ലാപ്പാപങ്ങളിലുംനിന്നു നമ്മെ ശുദ്ധീകരിക്കുന്നു.
8: നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍, അതാത്മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നുവരും.
9: എന്നാല്‍, നാം പാപങ്ങളേറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലുംനിന്നു നമ്മെ ശുദ്ധീകരിക്കുകയുംചെയ്യും.
10 : നാം പാപംചെയ്തിട്ടില്ലെന്നുപറഞ്ഞാല്‍ നാമവനെ വ്യാജംപറയുന്നവനാക്കുന്നു. അവന്റെ വചനം നമ്മിലുണ്ടായിരിക്കുകയുമില്ല.

അദ്ധ്യായം 2


നമ്മുടെ മദ്ധ്യസ്ഥന്‍
1: എന്റെ കുഞ്ഞുമക്കളേ, നിങ്ങള്‍ പാപംചെയ്യാതിരിക്കേണ്ടതിനാണ് ഞാനിവ നിങ്ങള്‍ക്കെഴുതുന്നത്. എന്നാല്‍, ആരെങ്കിലും പാപംചെയ്യാനിടയായാല്‍ത്തന്നെ പിതാവിന്റെ സന്നിധിയില്‍ നമുക്കൊരു മദ്ധ്യസ്ഥനുണ്ട്. നീതിമാനായ യേശുക്രിസ്തു.
2: അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്; നമ്മുടെമാത്രമല്ല, ലോകംമുഴുവന്റെയും പാപങ്ങള്‍ക്ക്.
3: നാമവന്റെ കല്പനകള്‍പാലിച്ചാല്‍ അതില്‍നിന്ന്, നാമവനെയറിയുന്നുവെന്നു തീര്‍ച്ചയാക്കാം.
4: ഞാനവനെയറിയുന്നെന്നു പറയുകയും അവന്റെ കല്പനകള്‍ പാലിക്കാതിരിക്കുകയുംചെയ്യുന്നവന്‍ കള്ളംപറയുന്നു; അവനില്‍ സത്യമില്ല.
5: എന്നാല്‍, അവന്റെ വചനംപാലിക്കുന്നവനില്‍ സത്യമായും ദൈവസ്‌നേഹം പൂര്‍ണ്ണതപ്രാപിച്ചിരിക്കുന്നു. നാം അവനില്‍ വസിക്കുന്നെന്ന് ഇതില്‍നിന്നു നാമറിയുന്നു.
6: അവനില്‍ വസിക്കുന്നെന്നുപറയുന്നവന്‍, അവന്‍നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു.

പുതിയ കല്പന
7: പ്രിയപ്പെട്ടവരേ, ഒരു പുതിയകല്പനയല്ല ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്; ആരംഭംമുതല്‍ നിങ്ങള്‍ക്കു നല്കപ്പെട്ട പഴയകല്പനതന്നെ. ആ പഴയകല്പനയാകട്ടെ, നിങ്ങള്‍ശ്രവിച്ച വചനംതന്നെയാണ്.
8: എങ്കിലും, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത് ഒരു പുതിയ കല്പനയെക്കുറിച്ചാണ്. അതവനിലും നിങ്ങളിലും സത്യമാണ്. എന്തുകൊണ്ടെന്നാല്‍ അന്ധകാരം അസ്തമിച്ചുകൊണ്ടിരിക്കുന്നു; യഥാര്‍ത്ഥപ്രകാശമുദിച്ചുകഴിഞ്ഞിരിക്കുന്നു.
9: താന്‍ പ്രകാശത്തിലാണെന്നുപറയുകയും, അതേസമയം തന്റെ സഹോദരനെ ദ്വേഷിക്കുകയുംചെയ്യുന്നവന്‍, ഇപ്പോഴുമന്ധകാരത്തിലാണ്.
10: സഹോദരനെ സ്‌നേഹിക്കുന്നവന്‍ പ്രകാശത്തില്‍ വസിക്കുന്നു; അവന് ഇടര്‍ച്ചയുണ്ടാകുന്നില്ല.
11: എന്നാല്‍, തന്റെ സഹോദരനെ വെറുക്കുന്നവന്‍ ഇരുട്ടിലാണ്. അവന്‍ ഇരുട്ടില്‍ നടക്കുന്നു. ഇരുട്ട്, അവന്റെ കണ്ണുകളെയന്ധമാക്കിയതിനാല്‍ എവിടേയ്ക്കാണു പോകുന്നതെന്ന് അവനറിയുന്നില്ല.
12: കുഞ്ഞുമക്കളേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: അവന്റെ നാമത്തെപ്രതി, നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
13: പിതാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: ആദിമുതലുള്ളവനെ നിങ്ങളറിയുന്നു: യുവാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: ദുഷ്ടനെ നിങ്ങള്‍ ജയിച്ചിരിക്കുന്നു.
14: കുഞ്ഞുങ്ങളേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: പിതാവിനെ നിങ്ങളറിയുന്നു. പിതാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: ആദിമുതലുള്ളവനെ നിങ്ങളറിയുന്നു. യുവാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: നിങ്ങള്‍ ശക്തന്മാരാണ്. ദൈവത്തിന്റെ വചനം, നിങ്ങളില്‍ വസിക്കുന്നു; നിങ്ങള്‍ ദുഷ്ടനെ ജയിക്കുകയും ചെയ്തിരിക്കുന്നു.
15: ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്‌നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാല്‍, പിതാവിന്റെ സ്‌നേഹം അവനിലുണ്ടായിരിക്കുകയില്ല.
16: എന്തെന്നാല്‍, ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല; പ്രത്യുത, ലോകത്തിന്റേതാണ്.
17: ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേയ്ക്കും നിലനില്ക്കുന്നു.

ക്രിസ്തുവിന്റെ വൈരികള്‍
18: കുഞ്ഞുങ്ങളേ, ഇതവസാനമണിക്കൂറാണ്. അന്തിക്രിസ്തു വരുന്നൂ, എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്തുമാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാനമണിക്കൂറാണെന്ന് അതില്‍നിന്നു നമുക്കറിയാം.
19: അവര്‍ നമ്മുടെ കൂട്ടത്തില്‍നിന്നാണു പുറത്തുപോയത്; അവര്‍ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കില്‍ നമ്മോടുകൂടെ നില്ക്കുമായിരുന്നു. എന്നാല്‍, അവരാരും നമുക്കുള്ളവരല്ലെന്ന് ഇങ്ങനെ തെളിഞ്ഞിരിക്കുന്നു.
20: പരിശുദ്ധനായവന്‍ നിങ്ങളെ അഭിഷേകംചെയ്തിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ.
21: നിങ്ങള്‍ സത്യമറിയായ്കകൊണ്ടല്ല ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്. നിങ്ങള്‍ സത്യമറിയുന്നതുകൊണ്ടും വ്യാജമായതൊന്നും സത്യത്തില്‍നിന്നല്ലാത്തതുകൊണ്ടുമാണ്.
22: യേശുവാണു ക്രിസ്തു എന്നതു നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തിക്രിസ്തു.
23: പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല. പുത്രനെ ഏറ്റുപറയുന്നവനു പിതാവുമുണ്ടായിരിക്കും
24: ആരംഭംമുതല്‍ നിങ്ങള്‍ ശ്രവിച്ചതു നിങ്ങളില്‍ നിലനില്ക്കട്ടെ. അതു നിങ്ങളില്‍ നിലനില്ക്കുമെങ്കില്‍ നിങ്ങള്‍ പുത്രനിലും പിതാവിലും നിലനില്ക്കും.
25: അവന്‍ നമുക്കു നല്കിയിരിക്കുന്ന വാഗ്ദാനമിതാണ് - നിത്യജീവന്‍.
26: നിങ്ങളെ വഴിതെറ്റിക്കുന്നവര്‍നിമിത്തമാണ് ഇതു ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്.
27: ക്രിസ്തുവില്‍നിന്നു നിങ്ങള്‍ സ്വീകരിച്ച അഭിഷേകം നിങ്ങളില്‍ നിലനില്ക്കുന്നു. അതിനാല്‍ മാറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്റെ അഭിഷേകം എല്ലാകാര്യങ്ങളെയുംകുറിച്ചു നിങ്ങളെ പഠിപ്പിക്കും. അതു സത്യമാണ്, വ്യാജമല്ല. അവന്‍ നിങ്ങളെ പഠിപ്പിച്ചതനുസരിച്ചു നിങ്ങളവനില്‍ വസിക്കുവിന്‍.
28: കുഞ്ഞുമക്കളേ, അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നമുക്ക് ആത്മധൈര്യമുണ്ടായിരിക്കാനും അവന്റെ മുമ്പില്‍ ലജ്ജിക്കാതിരിക്കാനുംവേണ്ടി അവനില്‍ വസിക്കുവിന്‍.
29: അവന്‍ നീതിമാനാണെന്നു നിങ്ങള്‍ക്കറിയാമെങ്കില്‍ നീതി പ്രവര്‍ത്തിക്കുന്ന ഏവനും അവനില്‍നിന്നു ജനിച്ചവനാണെന്നു നിങ്ങള്‍ക്കു തീര്‍ച്ചയാക്കാം.

അദ്ധ്യായം 3

    
നാം ദൈവമക്കള്‍
1: കണ്ടാലും! എത്രവലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാമങ്ങനെയാണു താനും. ലോകം നമ്മെയറിയുന്നില്ല; കാരണം, അതവിടുത്തെയറിഞ്ഞിട്ടില്ല.
2: പ്രിയപ്പെട്ടവരേ, നാമിപ്പോള്‍ ദൈവത്തിന്റെ മക്കളാണ്. നാമെന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെയാകും. അവിടുന്നായിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയുംചെയ്യും.
3: ഈ പ്രത്യാശയുള്ളവന്‍ അവിടുന്നു പരിശുദ്ധനായിരിക്കുന്നതുപോലെ തന്നെത്തന്നെ വിശുദ്ധനാക്കുന്നു.
4: പാപംചെയ്യുന്നവന്‍ നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ്.
5: പാപങ്ങളേറ്റെടുക്കാന്‍വേണ്ടിയാണ് അവന്‍ പ്രത്യക്ഷനായതെന്നു നിങ്ങളറിയുന്നു. അവനില്‍ പാപമില്ല.
6: അവനില്‍ വസിക്കുന്ന ഒരുവനും പാപം ചെയ്യുന്നില്ല. പാപംചെയ്യുന്ന ഒരുവനും അവനെക്കണ്ടിട്ടില്ല; അറിഞ്ഞിട്ടുമില്ല.
7: കുഞ്ഞുമക്കളേ, നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കട്ടെ. നീതി പ്രവര്‍ത്തിക്കുന്ന ഏവനും, അവന്‍ നീതിമാനായിരിക്കുന്നതുപോലെ, നീതിമാനാണ്.
8: പാപംചെയ്യുന്നവന്‍ പിശാചില്‍നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്. പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്ഷനായത്.
9: ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപംചെയ്യുന്നില്ല. കാരണം, ദൈവചൈതന്യം അവനില്‍ വസിക്കുന്നു. അവന്‍ ദൈവത്തില്‍നിന്നു ജനിച്ചവനായതുകൊണ്ട്, അവനു പാപംചെയ്യാന്‍ സാദ്ധ്യമല്ല.
10: ദൈവത്തിന്റെ മക്കളാരെന്നും പിശാചിന്റെ മക്കളാരെന്നും ഇതിനാല്‍ വ്യക്തമാണ്. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍നിന്നുള്ളവനല്ല; തന്റെ സഹോദരനെ സ്‌നേഹിക്കാത്തവനും അങ്ങനെതന്നെ.

പരസ്പരം സ്‌നേഹിക്കുവിന്‍
11: ആദിമുതലേ നിങ്ങള്‍ കേട്ടിരിക്കുന്ന സന്ദേശമിതാണ്: നാം പരസ്പരം സ്‌നേഹിക്കണം.
12: തിന്മയുടെ സന്തതിയും സഹോദരനെ കൊന്നവനുമായ കായേനെപ്പോലെയാകരുത്. എന്തു കാരണത്താലാണ് അവന്‍ സഹോദരനെ കൊന്നത്? തന്റെ പ്രവൃത്തികള്‍ ദുഷിച്ചതും തന്റെ സഹോദരന്റെ പ്രവൃത്തികള്‍ നീതിയുക്തവുമായിരുന്നതുകൊണ്ടുതന്നെ.
13: സഹോദരരേ, ലോകം നിങ്ങളെ ദ്വേഷിക്കുന്നെങ്കില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ.
14: സഹോദരരെ സ്‌നേഹിക്കുന്നതുകൊണ്ടു നമ്മള്‍ മരണത്തില്‍നിന്നും ജീവനിലേക്കു കടന്നിരിക്കുന്നു എന്നു നാമറിയുന്നു; സ്‌നേഹിക്കാത്തവനാകട്ടെ മരണത്തില്‍ത്തന്നെ നിലകൊള്ളുന്നു
15: സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്. കൊലപാതകിയില്‍ നിത്യജീവന്‍ വസിക്കുന്നില്ലെന്നു നിങ്ങള്‍ക്കറിയാമല്ലോ.
16: ക്രിസ്തു, സ്വന്തം ജീവന്‍ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍നിന്നു സ്‌നേഹമെന്തെന്നു നാമറിയുന്നു. നമ്മളും സഹോദരര്‍ക്കുവേണ്ടി ജീവന്‍ പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
17: ലൗകികസമ്പത്തുണ്ടായിരിക്കേ, ഒരുവന്‍ തന്റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയമടയ്ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്‌നേഹം എങ്ങനെ കുടികൊള്ളും?
18: കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്.
19: ഇതുമൂലം നമ്മള്‍ സത്യത്തില്‍നിന്നുള്ളവരാണെന്നു നാമറിയുന്നു.
20: നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നെങ്കില്‍ത്തന്നെ, ദൈവം നമ്മുടെ ഹൃദയത്തേക്കാള്‍ വലിയവനും എല്ലാമറിയുന്നവനുമാകയാല്‍, അവിടുത്തെ സന്നിധിയില്‍ നാം സമാധാനം കണ്ടെത്തും.
21: പ്രിയപ്പെട്ടവരേ, ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നില്ലെങ്കില്‍, ദൈവത്തിന്റെമുമ്പില്‍ നമുക്ക് ആത്മധൈര്യമുണ്ട്.
22: നാം ആവശ്യപ്പെടുന്നതെന്തും അവിടുന്നു നമുക്കു നല്കുകയും ചെയ്യും. കാരണം, നമ്മള്‍ അവിടുത്തെ കല്പനകളനുസരിക്കുകയും അവിടുത്തേക്കു പ്രീതിജനകമായതു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
23: അവിടുത്തെ പുത്രനായ യേശുവിന്റെ നാമത്തില്‍ നാം വിശ്വസിക്കുകയും അവന്‍ നമ്മോടു കല്പിച്ചതുപോലെ നാം പരസ്പരം സ്‌നേഹിക്കുകയും ചെയ്യണം; ഇതാണവന്റെ കല്പന.
24: അവന്റെ കല്പനകളനുസരിക്കുന്ന ഏവനും അവനില്‍ വസിക്കുന്നു; അവന്‍, കല്പനകള്‍ പാലിക്കുന്നവനിലും. അവന്‍ നമുക്കു നല്കിയിരിക്കുന്ന ആത്മാവുമൂലം അവന്‍ നമ്മില്‍ വസിക്കുന്നെന്നു നാമറിയുകയുംചെയ്യുന്നു.

അദ്ധ്യായം 4


സത്യാത്മാവിനെ വിവേചിച്ചറിയുക
1: പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍നിന്നാണോയെന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
2: ദൈവത്തിന്റെ ആത്മാവിനെ നിങ്ങള്‍ക്കിങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തു ശരീരം ധരിച്ചുവന്നു എന്നേറ്റുപറയുന്ന ആത്മാവു ദൈവത്തില്‍നിന്നാണ്.
3: യേശുവിനെ ഏറ്റുപറയാത്ത ആത്മാവ്, ദൈവത്തില്‍നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള അന്തിക്രിസ്തുവിന്റെ ആത്മാവാണത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്.
4: കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരാണ്. നിങ്ങള്‍ വ്യാജപ്രവാചകന്മാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്.
5: അവര്‍ ലോകത്തിന്റേതാണ്; അതുകൊണ്ട്, അവര്‍ പറയുന്നതു ലൗകികവുമാണ്; ലോകം അവരുടെ വാക്കു ശ്രദ്ധിക്കുകയുംചെയ്യുന്നു.
6: നാം ദൈവത്തില്‍നിന്നുള്ളവരാണ്. ദൈവത്തെ അറിയുന്നവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നു. ദൈവത്തില്‍നിന്നല്ലാത്തവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നില്ല. ഇതുവഴി സത്യത്തിന്റെ ആത്മാവിനെയും അസത്യത്തിന്റെ ആത്മാവിനെയും നമുക്കു തിരിച്ചറിയാം. 

ദൈവം സ്നേഹമാണ്.
7: പ്രിയപ്പെട്ടവരേ, നമുക്കു പരസ്പരം സ്‌നേഹിക്കാം; എന്തെന്നാല്‍, സ്‌നേഹം ദൈവത്തില്‍നിന്നുള്ളതാണ്. സ്‌നേഹിക്കുന്ന ഏവനും ദൈവത്തില്‍നിന്നു ജനിച്ചവനാണ്; അവന്‍ ദൈവത്തെയറിയുകയും ചെയ്യുന്നു.
8: സ്‌നേഹിക്കാത്തവന്‍ ദൈവത്തെയറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്‌നേഹമാണ്.
9: തന്റെ ഏകപുത്രന്‍വഴി, നാം ജീവിക്കേണ്ടതിനായി ദൈവമവനെ ലോകത്തിലേക്കയച്ചു. അങ്ങനെ, ദൈവത്തിന്റെ സ്‌നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു.
10: നാം ദൈവത്തെ സ്‌നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെ സ്‌നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണു സ്‌നേഹം.
11: പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇപ്രകാരം സ്‌നേഹിച്ചെങ്കില്‍ നാമും പരസ്പരം സ്‌നേഹിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
12: ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല; എന്നാല്‍, നാം പരസ്പരം സ്‌നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അവിടുത്തെ സ്‌നേഹം നമ്മില്‍ പൂര്‍ണ്ണമാവുകയും ചെയ്യും.
13: ദൈവം, തന്റെ ആത്മാവിനെ നമുക്കു തന്നിരിക്കുന്നതിനാല്‍ നാം ദൈവത്തിലും ദൈവം നമ്മിലും വസിക്കുന്നുവെന്നു നാമറിയുന്നു.
14: പിതാവു തന്റെ പുത്രനെ ലോകരക്ഷകനായി അയച്ചു എന്നു ഞങ്ങളറിഞ്ഞിരിക്കുന്നു; ഞങ്ങളതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
15: യേശു ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു; അവന്‍ ദൈവത്തിലും വസിക്കുന്നു.
16: ദൈവത്തിനു നമ്മോടുള്ള സ്‌നേഹം നാമറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവമവനിലും വസിക്കുന്നു.
17: വിധിദിനത്തില്‍ നമുക്ക് ആത്മധൈര്യം ഉണ്ടാകുന്നതിന്, സ്‌നേഹം നമ്മില്‍ പൂര്‍ണ്ണതപ്രാപിച്ചിരിക്കുന്നു. എന്തെന്നാല്‍, ഈ ലോകത്തില്‍ത്തന്നെ നാം അവനെപ്പോലെയായിരിക്കുന്നു.
18: സ്‌നേഹത്തില്‍ ഭയത്തിനിടമില്ല; പൂര്‍ണ്ണമായ സ്‌നേഹം, ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണ്ണനായിട്ടില്ല.
19: ആദ്യം അവിടുന്നു നമ്മെ സ്‌നേഹിച്ചു. അതിനാല്‍, നാമും അവിടുത്തെ സ്‌നേഹിക്കുന്നു.
20: ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയുംചെയ്താല്‍, അവന്‍ കള്ളംപറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല.
21: ക്രിസ്തുവില്‍നിന്ന് ഈ കല്പന നമുക്കു ലഭിച്ചിരിക്കുന്നു: ദൈവത്തെ സ്‌നേഹിക്കുന്നവന്‍, സഹോദരനെയും സ്‌നേഹിക്കണം.

അദ്ധ്യായം 5


ലോകത്തെ ജയിക്കുക
1: യേശുവാണു ക്രിസ്തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്റെ പുത്രനാണ്. പിതാവിനെ സ്‌നേഹിക്കുന്നവന്‍ അവന്റെ പുത്രനെയും സ്‌നേഹിക്കുന്നു.
2: നമ്മള്‍ ദൈവത്തെ സ്‌നേഹിക്കുകയും അവിടുത്തെ കല്പനകളനുസരിക്കുകയുംചെയ്യുമ്പോള്‍ ദൈവത്തിന്റെ മക്കളെ സ്‌നേഹിക്കുന്നു എന്നു നാമറിയുന്നു.
3: ദൈവത്തെ സ്‌നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്പനകളനുസരിക്കുകയെന്നര്‍ത്ഥം. അവിടുത്തെ കല്പനകള്‍ ഭാരമുള്ളവയല്ല.
4: എന്തെന്നാല്‍, ദൈവത്തില്‍നിന്നു ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു. ലോകത്തിന്മേലുള്ള വിജയമിതാണ് - നമ്മുടെ വിശ്വാസം.
5: യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്?

ക്രിസ്തുവിനു സാക്ഷ്യം
6: ജലത്താലും രക്തത്താലും വന്നവന്‍, ഇവനാണ്, യേശുക്രിസ്തു. ജലത്താല്‍മാത്രമല്ല, ജലത്താലും രക്തത്താലുമാണവന്‍ വന്നത്. ആത്മാവാണു സാക്ഷ്യം നല്കുന്നത്. ആത്മാവു സത്യമാണ്.
7: മൂന്നു സാക്ഷികളാണുള്ളത് - ആത്മാവ്, ജലം, രക്തം-
8: ഇവ മൂന്നും ഒരേ സാക്ഷ്യം നല്കുന്നു.
9: മനുഷ്യരുടെ സാക്ഷ്യം നാം സ്വീകരിക്കുന്നെങ്കില്‍, ദൈവത്തിന്റെ സാക്ഷ്യം അതിനെക്കാള്‍ ശ്രേഷ്ഠമാണ്. ഇതാണു തന്റെ പുത്രനെക്കുറിച്ചു ദൈവം നല്കിയിരിക്കുന്ന സാക്ഷ്യം
10: ദൈവപുത്രനില്‍ വിശ്വസിക്കുന്നവന്, അവനില്‍ത്തന്നെ സാക്ഷ്യമുണ്ട്. ദൈവത്തെ വിശ്വസിക്കാത്തവന്‍, ദൈവം തന്റെ പുത്രനെക്കുറിച്ചു നല്കിയ സാക്ഷ്യം വിശ്വസിക്കായ്കകൊണ്ട് അവിടുത്തെ കള്ളംപറയുന്നവനാക്കിയിരിക്കുന്നു.
11: ഇതാണ് ആ സാക്ഷ്യം: ദൈവം നമുക്കു നിത്യജീവന്‍ നല്കി. ഈ ജീവന്‍ അവിടുത്തെ പുത്രനിലാണ്.
12: പുത്രനെ സ്വന്തമാക്കിയവന്‍ ജീവനെ സ്വന്തമാക്കിയിരിക്കുന്നു. ദൈവപുത്രനെ സ്വന്തമാക്കാത്തവനു ജീവനില്ല.

നിത്യജീവന്‍
13: ഞാന്‍ ഇവയെല്ലാമെഴുതിയത്, ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്കു നിത്യജീവനുണ്ടെന്നു നിങ്ങളറിയേണ്ടതിനാണ്.
14: അവന്റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ പ്രാര്‍ത്ഥനകേള്‍ക്കുമെന്നതാണ് നമുക്കവനിലുള്ള ഉറപ്പ്.
15: നമ്മുടെ അപേക്ഷ അവിടുന്നു കേള്‍ക്കുന്നെന്നു നമുക്കറിയാമെങ്കില്‍, നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്നു നമുക്കറിയാം.
16: മരണത്തിനര്‍ഹമല്ലാത്ത പാപം സഹോദരന്‍ ചെയ്യുന്നത് ഒരുവന്‍ കണ്ടാല്‍ അവന്‍ പ്രാര്‍ത്ഥിക്കട്ടെ. അവനു ദൈവം ജീവന്‍ നല്കും. മരണാര്‍ഹമല്ലാത്ത പാപംചെയ്യുന്നവര്‍ക്കുമാത്രമാണിത്. മരണാര്‍ഹമായ പാപമുണ്ട്. അതെപ്പറ്റി പ്രാര്‍ത്ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല.
17: എല്ലാ അധര്‍മ്മവും പാപമാണ്. എന്നാല്‍ മരണാര്‍ഹമല്ലാത്ത പാപവുമുണ്ട്.
18: ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല; ദൈവപുത്രന്‍ അവനെ സംരക്ഷിക്കുന്നുവെന്നു നാമറിയുന്നു. ദുഷ്ടന്‍ അവനെ തൊടുകയുമില്ല.
19: നാം ദൈവത്തില്‍നിന്നുള്ളവരാണെന്നും ലോകം മുഴുവന്‍ ദുഷ്ടന്റെ ശക്തിവലയത്തിലാണെന്നും നാമറിയുന്നു.
20: ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെയറിയാനുള്ള കഴിവു നമുക്കു നല്കിയെന്നും നാമറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിലുമാണ്. ഇവനാണു സത്യദൈവവും നിത്യജീവനും
21: കുഞ്ഞുമക്കളേ, വിഗ്രഹങ്ങളില്‍നിന്ന് അകന്നിരിക്കുവിന്‍.