ഇരുന്നൂറ്റിയെൺപത്തിനാലാം ദിവസം: മര്‍ക്കോസ് 3 - 4


അദ്ധ്യായം 3

സാബത്തില്‍ രോഗശാന്തി
1: യേശു വീണ്ടും സിനഗോഗില്‍ പ്രവേശിച്ചു. കൈശോഷിച്ച ഒരു മനുഷ്യൻ അവിടെയുണ്ടായിരുന്നു.
2: യേശുവില്‍ കുറ്റമാരോപിക്കാൻ, സാബത്തില്‍ അവന്‍ രോഗശാന്തിനല്കുമോ എന്നറിയാന്‍ അവര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
3: കൈ ശോഷിച്ചവനോട് അവന്‍ പറഞ്ഞു: എഴുന്നേറ്റു നടുക്കുനില്ക്കുക.
4: അനന്തരം, അവനവരോടു ചോദിച്ചു: സാബത്തില്‍ നന്മചെയ്യുന്നതോ തിന്മചെയ്യുന്നതോ, ജീവന്‍രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണനുവദനീയം? അവര്‍ നിശ്ശബ്ദരായിരുന്നു.
5: അവരുടെ ഹൃദയകാഠിന്യത്തില്‍ ദുഃഖിച്ച്, അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്, യേശു അവനോടു പറഞ്ഞു: കൈ നീട്ടുക; അവന്‍ കൈനീട്ടി; അവന്റെ കൈ സുഖമാക്കപ്പെട്ടു.
6: ഫരിസേയര്‍ ഉടനേ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കേണ്ടതെങ്ങനെയെന്ന്, ഹേറോദേസ്‌പക്ഷക്കാരുമായി കൂടിയാലോചനനടത്തി.

കടല്‍ത്തീരത്തെ അദ്ഭുതങ്ങള്‍
7: യേശു ശിഷ്യന്മാരോടുകൂടെ കടല്‍ത്തീരത്തേക്കു പോയി. ഗലീലിയില്‍നിന്ന് ഒരു വലിയസംഘം അവനെയനുഗമിച്ചു.
8: യൂദയാ, ജറുസലെം, ഇദുമെയാ എന്നിവിടങ്ങളില്‍നിന്നും ജോര്‍ദ്ദാന്റെ മറുകരെനിന്നും ടയിര്‍, സീദോന്‍ എന്നിവയുടെ പരിസരങ്ങളില്‍നിന്നും വലിയസംഘം അവൻ ചെയ്തതത്രയുംകേട്ട്, അവന്റെയടുത്തെത്തി.
9: ജനക്കൂട്ടം തന്നെ ഞെരുക്കാതിരിക്കാൻ, 
ഒരു വള്ളം ഒരുക്കിനിറുത്താന്‍, ശിഷ്യന്മാരോട് അവനാവശ്യപ്പെട്ടു.
10: എന്തെന്നാല്‍, അവന്‍ അനേകരെ സുഖപ്പെടുത്തിയതുമൂലം അവനെ  സ്പര്‍ശിക്കാന്‍, രോഗമുണ്ടായിരുന്നവരെല്ലാം തിക്കിത്തിരക്കിക്കൊണ്ടിരുന്നു.
11: അശുദ്ധാത്മാക്കള്‍ അവനെക്കണ്ടപ്പോഴൊക്കെ അവന്റെ മുമ്പില്‍വീണ്, നീ ദൈവപുത്രനാണെന്നു വിളിച്ചുപറഞ്ഞു.
12: തന്നെ വെളിപ്പെടുത്തരുതെന്ന് അവനവയെ കര്‍ശനമായി ശാസിച്ചു.

അപ്പസ്‌തോലന്മാരെ തിരഞ്ഞെടുക്കുന്നു
13: പിന്നെ, അവന്‍ മലയിലേക്കു കയറി, തനിക്കിഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവരവന്റെ സമീപത്തേക്കു ചെന്നു.
14: 
അവന്‍ പന്ത്രണ്ടുപേരെ നിയോഗിച്ച്,അവരെ അപ്പസ്തോലന്മാർ എന്നുവിളിച്ചു: - തന്നോടുകൂടെ ആയിരിക്കുന്നതിനും പ്രഘോഷിക്കാന്‍ അയയ്ക്കുന്നതിനും
15: പിശാചുക്കളെ ബഹിഷ്‌കരിക്കാന്‍ അധികാരമുണ്ടായിരിക്കുന്നതിനും. 
16: അവര്‍, പത്രോസ് എന്ന് അവന്‍ പേരുനല്കിയ ശിമയോന്‍,
17: ബൊവനെര്‍ഗെസ് - 
ഇടിമുഴക്കത്തിന്റെ പുത്രന്മാര്‍ - എന്നു പേരു നല്‍കിയ സെബദീപുത്രന്മാരായ യാക്കോബും സഹോദരന്‍ യോഹന്നാനും,
18: അന്ത്രയോസ്, പീലിപ്പോസ്, ബര്‍ത്തലോമിയ, മത്തായി, തോമസ്, ഹല്‍പൈയുടെ പുത്രന്‍ യാക്കോബ്, തദ്ദേവൂസ്, കാനാന്‍കാരനായ ശിമയോന്‍,
19: അവനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയോത്താ.

യേശുവും ബേല്‍സെബൂലും
20: അനന്തരം അവന്‍ സ്വഭവനത്തിലേക്കു വന്നു. ജനങ്ങള്‍ വീണ്ടും വന്നുകൂടിക്കൊണ്ടിരുന്നു. തന്മൂലം, ഭക്ഷണം കഴിക്കാന്‍പോലും അവര്‍ക്കു സാധിച്ചില്ല.
21: അവന്റെ സ്വന്തക്കാര്‍ ഇതുകേട്ട്, അവനെ പിടിച്ചുകൊണ്ടു പോകാന്‍ പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നെന്ന് അവര്‍ പറഞ്ഞിരുന്നു.
22: ജറുസലെമില്‍നിന്നു വന്ന നിയമജ്ഞര്‍ പറഞ്ഞു: അവനെ ബേല്‍സെബൂല്‍ ആവേശിച്ചിരിക്കുന്നു: പിശാചുക്കളുടെ തലവനെക്കൊണ്ടാണ് അവന്‍ പിശാചുക്കളെ ബഹിഷ്‌ക്കരിക്കുന്നത്.
23: അവനവരെ അടുത്തുവിളിച്ച്, ഉപമകള്‍വഴി അവരോടു പറഞ്ഞു: സാത്താന്, എങ്ങനെയാണു സാത്താനെ പുറത്താക്കാന്‍കഴിയുക?
24: അന്തശ്ഛിദ്രമുള്ള രാജ്യം നിലനില്‍ക്കുകസാദ്ധ്യമല്ലാ.
25: അന്തശ്ഛിദ്രമുള്ള ഭവനവും നിലനില്‍ക്കുകസാദ്ധ്യമല്ലാ.
26: സാത്താന്‍ തനിക്കുതന്നെ എതിരായി നില്ക്കുകയും ഭിന്നിക്കുകയുംചെയ്താല്‍ അവനു നിലനില്ക്കുക സാദ്ധ്യമല്ല. മറിച്ച്, അവന്റെ അവസാനമായിരിക്കും.
27: ശക്തനായ ഒരുവന്റെ ഭവനത്തില്‍പ്രവേശിച്ച്, അവന്റെ വസ്തുക്കള്‍ കവര്‍ച്ചചെയ്യണമെങ്കില്‍, ആദ്യം അവനെ ബന്ധിക്കണം. അനന്തരം,അവന്റെ വീടു കവര്‍ച്ചചെയ്യാം.
28: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യമക്കളുടെ എല്ലാ പാപങ്ങളും അവര്‍ പറയുന്ന ദൂഷണങ്ങളും മോചിപ്പിക്കപ്പെടും.
29: എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ദൂഷണംപറയുന്നവന്, ഒരുകാലത്തും മോചനമില്ല. അവന്‍ നിത്യപാപത്തിനുത്തരവാദിയാകും.
30: എന്തെന്നാൽ, അവന് അശുദ്ധാത്മാവുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു.

യേശുവിന്റെ അമ്മയും സഹോദരരും
31: അവന്റെ അമ്മയും സഹോദരന്മാരും വന്നു. അവർ പുറത്തുനിന്നുകൊണ്ട് അവനെ വിളിക്കാന്‍ ആളയച്ചു.
32: ജനക്കൂട്ടം അവനുചുറ്റും ഇരിക്കുകയായിരുന്നു. അവര്‍ പറഞ്ഞു: നിന്റെ അമ്മയും സഹോദരന്മാരും സഹോദരിമാരും 
പുറത്തു നിന്നെയന്വേഷിക്കുന്നു.
33: അവന്‍ ചോദിച്ചു: ആരാണ് എന്റെ അമ്മയും സഹോദരങ്ങളും?
34: ചുറ്റുമിരിക്കുന്നവരെ നോക്കിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും എന്റെ സഹോദരങ്ങളും!
35: ദൈവത്തിന്റെ ഹിതം പ്രാവർത്തികമാക്കുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.

അദ്ധ്യായം 4

വിതക്കാരന്റെ ഉപമ
1: കടല്‍ത്തീരത്തുവച്ച്, യേശു വീണ്ടും പഠിപ്പിക്കാന്‍ തുടങ്ങി. വളരെ വലിയൊരു ജനക്കൂട്ടം അവന്റെയടുത്തു വന്നുകൂടി. അതിനാല്‍, കടലില്‍, ഒരു വഞ്ചിയില്‍ക്കയറി 
അവനിരുന്നു. ജനക്കൂട്ടമെല്ലാം കരയില്‍ കടലിനഭിമുഖമായി നിന്നു.
2: അവന്‍ ഉപമകളിൽ അനേകം കാര്യങ്ങള്‍ അവരെപ്പഠിപ്പിച്ചു.
3: പ്രബോധനത്തിൽ, അവനവരോടു പറഞ്ഞു: കേള്‍ക്കുവിന്‍, ഇതാ, ഒരു വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു.
4: വിതച്ചപ്പോള്‍ വിത്തുകളില്‍ച്ചിലതു വഴിയരികില്‍ വീണു. പക്ഷികള്‍വന്ന്, അവ തിന്നുകളഞ്ഞു.
5: മറ്റുചിലത്, മണ്ണധികമില്ലാത്ത പാറപ്പുറത്തു വീണു. മണ്ണിന് ആഴമില്ലാതിരുന്നതിനാല്‍ അവ പെട്ടെന്നു മുളച്ചുപൊങ്ങി.
6: സൂര്യനുദിച്ചപ്പോള്‍ അവ വെയിലേറ്റുവാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോകുകയുംചെയ്തു.
7: വേറെ ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന്, അതിനെ ഞെരുക്കിക്കളഞ്ഞു. അതു ഫലംനല്കിയില്ലാ.
8: മറ്റുള്ള വിത്തുകള്‍ നല്ല മണ്ണില്‍പ്പതിച്ചു. അവ മുളച്ചുപൊങ്ങിവളര്‍ന്ന്, ഫലംനല്കി. മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും വിളവുനല്കി.
9: അവന്‍ പറഞ്ഞു: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

ഉപമകളുടെ ഉദ്ദേശ്യം
10: അവന്‍ തനിച്ചായപ്പോള്‍ പന്ത്രണ്ടുപേരോടുംകൂടെ, ചുറ്റുമുണ്ടായിരുന്നവർ ഉപമകളെക്കുറിച്ച് അവനോടു ചോദിച്ചു.
11: അവന്‍ പറഞ്ഞു:
 നിങ്ങള്‍ക്കാണു ദൈവരാജ്യത്തിന്റെ രഹസ്യം നല്കപ്പെട്ടിരിക്കുന്നത്, പുറത്തുള്ളവര്‍ക്കാകട്ടെ, എല്ലാം ഉപമകളിൽ.
12: അവര്‍ കണ്ടിട്ടും ദർശിക്കാതിരിക്കാനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കാനും അങ്ങനെ അവര്‍ മനസ്സുതിരിഞ്ഞു മോചിതരാകാതിരിക്കാനുമാണത്.

വിതക്കാരന്റെ ഉപമ - വിശദീകരണം
13: അവനവരോടു ചോദിച്ചു: ഈ ഉപമ നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ? എങ്കില്‍, ഉപമകളെല്ലാം നിങ്ങളെങ്ങനെ മനസ്സിലാക്കും?
14: വിതക്കാരന്‍ വചനം വിതയ്ക്കുന്നു. 
15: വഴിയരികില്‍ വിതയ്ക്കപ്പെട്ട വിത്ത്, ഇവരാണ്: വചനംശ്രവിക്കുമ്പോള്‍ത്തന്നെ സാത്താന്‍വന്ന്, അവരില്‍ വിതയ്ക്കപ്പെട്ട വചനം നീക്കംചെയ്യുന്നു.
16:  പാറപ്പുറത്തു വിതയ്ക്കപ്പെട്ട വിത്ത് ഇവരാണ്: അവര്‍ വചനം കേള്‍ക്കുമ്പോള്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു.
17: വേരില്ലാത്തതിനാല്‍, അവ അല്പസമയത്തേക്കുമാത്രം നിലനില്ക്കുന്നു. വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോള്‍ ഉടനേ അവര്‍ വീണുപോകുന്നു.
18: മുള്‍ച്ചെടികള്‍ക്കിടയില്‍ വിതയ്ക്കപ്പെട്ടവരാണ്, മറ്റുള്ളവർ. അവര്‍ വചനം ശ്രവിക്കുന്നു.
19: എന്നാല്‍, ലൗകികവ്യഗ്രതയും സമ്പത്തിന്റെ വശീകരണവും മറ്റുള്ളവയ്ക്കുവേണ്ടിയുള്ള ആസക്തിയും അവരില്‍ കടന്നുകൂടി, വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയുംചെയ്യുന്നു.
20: നല്ല മണ്ണില്‍ വിതയ്ക്കപ്പെട്ട വിത്താകട്ടെ, വചനംശ്രവിക്കുകയും സ്വീകരിക്കുകയും മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലംപുറപ്പെടുവിക്കു
കയുംചെയ്യുന്നവരാണ്.

ദീപം മറച്ചുവയ്ക്കരുത്
21: അവനവരോടു പറഞ്ഞു: വിളക്കുകൊണ്ടുവരുന്നത്, പറയുടെ കീഴിലോ കട്ടിലിന്റെ അടിയിലോ വയ്ക്കാനാണോ? ദീപപീഠത്തിന്മേല്‍ വയ്ക്കാനല്ലേ?
22: വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തുവരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല.
23: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. അവനവരോടു പറഞ്ഞു:
24: നിങ്ങള്‍ കേള്‍ക്കുന്നതു 
ശ്രദ്ധിക്കുവിൻ. നിങ്ങളളക്കുന്ന അളവില്‍ത്തന്നെ നിങ്ങള്‍ക്കുമളന്നുകിട്ടും; കൂടുതലും ലഭിക്കും.
25: ഉള്ളവനു നല്കപ്പെടും; ഇല്ലാത്തവനില്‍നിന്ന് ഉള്ളതും എടുക്കപ്പെടും.

വിത്തിന്റെ ഉപമ
26: അവന്‍ പറഞ്ഞു: ദൈവരാജ്യം, ഒരുവന്‍ നിലത്തു വിത്തുവിതയ്ക്കുന്നതിനു സദൃശം.
27: അവന്‍ രാവും പകലും ഉറങ്ങിയുമുണര്‍ന്നും കഴിയുന്നു. അവനറിയാതെതന്നെ വിത്തുകള്‍ പൊട്ടിമുളച്ചുവളരുന്നു.
28: ആദ്യം ഇല, പിന്നെ കതിര്‍, തുടര്‍ന്നു കതിരില്‍ ധാന്യമണികള്‍ - ഇങ്ങനെ ഭൂമി സ്വയമേവ ഫലംപുറപ്പെടുവിക്കുന്നു.
29: ധാന്യം വിളയുമ്പോള്‍ ഉടനേ അരിവാള്‍വയ്ക്കുന്നു.

കടുകുമണിയുടെ ഉപമ
30: അവന്‍ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ നമ്മൾ എന്തിനോടു താരതമ്യപ്പെടുത്തും? എന്തുപമകൊണ്ട് അതവതരിപ്പിക്കും?
31: അതൊരു കടുകുമണിക്കു സദൃശമാണ്. നിലത്തു പാകുമ്പോള്‍, അതു ഭൂമിയിലുള്ള എല്ലാ വിത്തുകളെയുംകാള്‍ ചെറുതാണ്.
32: എന്നാല്‍, പാകിക്കഴിയുമ്പോള്‍ അതുവളര്‍ന്ന്, എല്ലാച്ചെടികളെയുംകാള്‍ വലുതാകുകയും വലിയശാഖകള്‍ പുറപ്പെടുവിക്കുകയുംചെയ്യുന്നു. അങ്ങനെ, ആകാശത്തിലെ പക്ഷികള്‍ക്ക്, അതിന്റെ തണലില്‍ ചേക്കേറാന്‍കഴിയുന്നു.
33: അവര്‍ക്കു മനസ്സിലാകുംവിധം ഇത്തരം അനേകം ഉപമകളിലൂടെ അവന്‍ വചനം പ്രസംഗിച്ചു.
34: ഉപമകളിലൂടെയല്ലാതെ അവനവരോടു സംസാരിച്ചിരുന്നില്ല. എന്നാല്‍, ശിഷ്യന്മാര്‍ക്കുമാത്രമായി, എല്ലാം  വിശദമാക്കിക്കൊടുത്തിരുന്നു.

കടലിനെ ശാന്തമാക്കുന്നു
35: അന്നു സായാഹ്നമായപ്പോള്‍ അവനവരോടു പറഞ്ഞു:
36: നമുക്ക് അക്കരയ്ക്കുപോകാം. അവര്‍ ജനക്കൂട്ടത്തെപ്പറഞ്ഞുവിട്ട്, അവനിരുന്ന വഞ്ചിയില്‍ത്തന്നെ അവനെ അക്കരയ്ക്കു കൊണ്ടുപോയി. വേറെ വഞ്ചികളും കൂടെയുണ്ടായിരുന്നു.
37: അപ്പോള്‍ ഒരു കൊടുങ്കാറ്റുണ്ടായി. തിരമാലകള്‍ വഞ്ചിയിലേക്ക് ആഞ്ഞടിച്ചുകയറി. വഞ്ചിയില്‍ വെള്ളംനിറഞ്ഞുകൊണ്ടിരുന്നു.
38: യേശു അമരത്തു തലയണവച്ച് ഉറങ്ങുകയായിരുന്നു. അവരവനെ വിളിച്ചുണര്‍ത്തിപ്പറഞ്ഞു: ഗുരോ, ഞങ്ങള്‍ നശിക്കാന്‍പോകുന്നതു ഗൗനിക്കുന്നില്ലേ?
39: അവനുണര്‍ന്ന്, കാറ്റിനെ ശാസിച്ചുകൊണ്ടു കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; വലിയ ശാന്തതയുണ്ടായി.
40: അവനവരോടു ചോദിച്ചു: നിങ്ങള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ?
41: അവര്‍ അത്യധികംഭയന്നു പരസ്പരം പറഞ്ഞു: ഇവനാരാണ്! കാറ്റും കടലുംപോലും ഇവനെയനുസരിക്കുന്നല്ലോ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ