ഇരുന്നൂറ്റിയെണ്‍പത്തിയാറാം ദിവസം: മര്‍ക്കോസ് 7 - 8


അദ്ധ്യായം 7

പാരമ്പര്യത്തെക്കുറിച്ചു തര്‍ക്കം
1: ഫരിസേയരും ജറുസലെമില്‍നിന്നുവന്ന ചിലനിയമജ്ഞരും യേശുവിനുചുറ്റുംകൂടി.
2: അവന്റെ ശിഷ്യന്മാരില്‍ച്ചിലര്‍ അശുദ്ധമായ കരങ്ങളോടെ, അതായത്, ക്ഷാളനംനടത്താതെ, ഭക്ഷണംകഴിക്കുന്നത് അവര്‍ കണ്ടു.
3: ശ്രേഷ്ഠന്മാരുടെ പാരമ്പര്യമനുസരിച്ച്, ഫരിസേയരും യഹൂദരുമെല്ലാം കൈകഴുകാതെ ഭക്ഷണംകഴിക്കാറില്ല.
4: പൊതുസ്ഥലത്തുനിന്നുവരുമ്പോഴും സ്വയംശുദ്ധിവരുത്താതെ അവര്‍ ഭക്ഷണംകഴിക്കാറില്ല. കോപ്പകളുടെയും കലങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ക്ഷാളനംതുടങ്ങി, മറ്റുപലപാരമ്പര്യങ്ങളും അവരനുഷ്ഠിച്ചുപോന്നു.
5: ഫരിസേയരും നിയമജ്ഞരും അവനോടു ചോദിച്ചു: നിന്റെ ശിഷ്യന്മാര്‍, ശ്രേഷ്ഠന്മാരുടെ പാരമ്പര്യമനുസരിച്ചുനടക്കാതെ, അശുദ്ധമായ കൈകൊണ്ട്, അപ്പം ഭക്ഷിക്കുന്നതെന്ത്?
6: അവനവരോടു പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച്, ഏശയ്യാ ശരിയായിത്തന്നെ പ്രവചിച്ചു. എഴുതപ്പെട്ടിരിക്കുന്നപോലെ, ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ ദൂരെയാണ്.
7: വ്യര്‍ത്ഥമായി അവരെന്നെയാരാധിക്കുന്നു; മനുഷ്യരുടെ കല്പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയുംചെയ്യുന്നു.
8: ദൈവത്തിന്റെ കല്പനയുപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു.
9: അവനവരോടു പറഞ്ഞു: നിങ്ങളുടെ പാരമ്പര്യംപാലിക്കാന്‍വേണ്ടി നിങ്ങള്‍ കൗശലപൂര്‍വം ദൈവകല്പനയവഗണിക്കുന്നു.
10: എന്തെന്നാല്‍, നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. പിതാവിനെയോ മാതാവിനെയോ ദുഷിച്ചുപറയുന്നവന്‍ മരിക്കട്ടെ എന്നു മോശ പറഞ്ഞിട്ടുണ്ട്.
11: എന്നാല്‍, ഒരുവന്‍ തന്റെ പിതാവിനോടോ മാതാവിനോടോ നിങ്ങള്‍ക്കെന്നില്‍നിന്നു ലഭിക്കേണ്ടത്, കൊര്‍ബ്ബാന്‍, അതായത്, അർപ്പിതം എന്നു പറഞ്ഞാല്‍മതിയെന്നു നിങ്ങള്‍ പറയുന്നു.
12: പിന്നെ, പിതാവിനോ മാതാവിനോവേണ്ടി ഒന്നുംചെയ്യാന്‍ നിങ്ങളവനെ ഒരിക്കലുമനുവദിക്കുന്നുമില്ല.
13: അങ്ങനെ, നിങ്ങള്‍കൈമാറുന്ന നിങ്ങളുടെ പാരമ്പര്യംവഴി ദൈവവചനം നിങ്ങള്‍ ശൂന്യമാക്കുന്നു. ഇതുപോലെ പലതും നിങ്ങള്‍ ചെയ്യുന്നു.

ആന്തരികവും ബാഹ്യവുമായ ശുദ്ധി
14: ജനകൂട്ടത്തെ വീണ്ടുമടുത്തേക്കു വിളിച്ച്, അവനവരോടു പറഞ്ഞു: നിങ്ങളെല്ലാവരും എന്റെ വാക്കുകേട്ടു മനസ്സിലാക്കുവിന്‍.
15: പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, മനുഷ്യനെയശുദ്ധനാക്കാന്‍ ഒന്നിനുംകഴിയുകയില്ല. എന്നാല്‍, 
മനുഷ്യന്റെ ഉള്ളില്‍നിന്നു പുറപ്പെടുന്നവയാണ്, അവനെയശുദ്ധനാക്കുന്നത്.
16: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
17: അവന്‍ ജനങ്ങളെവിട്ടു ഭവനത്തിലെത്തിയപ്പോള്‍ ഈ ഉപമയെക്കുറിച്ച്‌, അവന്റെ ശിഷ്യന്മാര്‍ ചോദിച്ചു.
18: അവന്‍ പറഞ്ഞു: നിങ്ങളും ഗ്രഹണശക്തിയില്ലാത്തവരാണോ? പുറമേനിന്നു മനുഷ്യന്റെയുള്ളില്‍ പ്രവേശിക്കുന്ന ഒന്നിനും അവനെയശുദ്ധനാക്കാന്‍ സാധിക്കില്ലെന്നു നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ?
19: കാരണം, അവ മനുഷ്യന്റെ ഹൃദയത്തില്‍ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്കു കടക്കുകയും വിസര്‍ജ്ജിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും ശുദ്ധമാണെന്ന് അങ്ങനെയവന്‍ പ്രഖ്യാപിച്ചു.
20: അവന്‍ തുടര്‍ന്നു: മനുഷ്യന്റെയുള്ളില്‍നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്.
21: എന്തെന്നാല്‍, ഉള്ളില്‍നിന്നാണ്, മനുഷ്യന്റെ ഹൃദയത്തില്‍നിന്നാണ്, ദുശ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം,
22: വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നത്.
23: ഈ തിന്മകളെല്ലാം ഉള്ളില്‍നിന്നുവരുകയും മനുഷ്യനെ അശുദ്ധനാക്കുകയുംചെയ്യുന്നു.

സീറോ - ഫിനേഷ്യന്‍സ്ത്രീയുടെ വിശ്വാസം
24: അവന്‍ അവിടെനിന്നെഴുന്നേറ്റു ടയിർപ്രദേശത്തേക്കു പോയി. അവിടെയൊരു വീട്ടില്‍ പ്രവേശിച്ചു. തന്നെ ആരും തിരിച്ചറിയാതിരിക്കണമെന്ന് അവനാഗ്രഹിച്ചു. എങ്കിലും, അവനു മറഞ്ഞിരിക്കാന്‍കഴിഞ്ഞില്ല.
25: ഉടനേ, ഒരു സ്ത്രീ അവനെക്കുറിച്ചുകേട്ട് അവിടെയെത്തി. അവള്‍ക്ക്, അശുദ്ധാത്മാവുബാധിച്ച ഒരു കൊച്ചുമകളുണ്ടായിരുന്നു. ആ സ്ത്രീ വന്ന്, അവന്റെ പാദത്തിങ്കൽ വീണു.
26: അവള്‍ സീറോ-ഫിനീഷ്യന്‍വംശത്തില്‍പ്പെട്ട ഒരു ഗ്രീക്കുകാരിയായിരുന്നു. തന്റെ മകളില്‍നിന്നു പിശാചിനെ ബഹിഷ്കരിക്കണമെന്ന് അവളവനോടപേക്ഷിച്ചു.
27: അവന്‍ പറഞ്ഞു: ആദ്യം മക്കള്‍ ഭക്ഷിച്ചുതൃപ്തരാകട്ടെ. മക്കളുടെ അപ്പമെടുത്തു നായ്ക്കള്‍ക്കെറിഞ്ഞുകൊടുക്കുന്നതു നന്നല്ല.
28: അവള്‍ മറുപടി പറഞ്ഞു: കര്‍ത്താവേ, എങ്കിലും, മേശയ്ക്കു കീഴെനിന്നു നായ്ക്കളും മക്കളുടെ അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലോ.
29: അവനവളോടു പറഞ്ഞു: ഈ വാക്കുമൂലം, നീ പൊയ്‌ക്കൊള്ളുക; പിശാചു നിന്റെ മകളെ വിട്ടുപോയിരിക്കുന്നു.
30: അവള്‍ വീട്ടിലേക്കു പോയി. കുട്ടി, കട്ടിലില്‍ക്കിടക്കുന്നത് അവള്‍ കണ്ടു. പിശാച്, അവളെവിട്ടുപോയിരുന്നു.

ബധിരനെ സുഖപ്പെടുത്തുന്നു
31: അവന്‍ ടയിര്‍പ്രദേശത്തുനിന്നുപുറപ്പെട്ട്, സീദോന്‍കടന്ന്, ദെക്കാപ്പോളീസ് പ്രദേശത്തുകൂടെ ഗലീലിക്കടല്‍ത്തീരത്തേക്കുപോയി.
32: ബധിരനും മൂകനുമായ ഒരുവനെ അവര്‍ അവന്റെയടുത്തു കൊണ്ടുവന്നു. അവന്റെമേല്‍ കൈകള്‍വയ്ക്കണമെന്ന് അവരവനോടപേക്ഷിച്ചു.
33: യേശു അവനെ ജനക്കൂട്ടത്തില്‍നിന്നു തനിച്ചുമാറ്റിനിറുത്തി, അവന്റെ ചെവികളില്‍ വിരലുകളിട്ടു; തുപ്പലുകൊണ്ട് അവന്റെ നാവില്‍ത്തൊട്ടു. 
34: സ്വര്‍ഗ്ഗത്തിലേക്കു നോക്കി, നെടുവീര്‍പ്പിട്ടുകൊണ്ട് അവനോടു പറഞ്ഞു: എഫ്ഫാത്ത. അതായത്, തുറക്കപ്പെടട്ടെ.
35: ഉടനെ അവന്റെ ചെവികള്‍ തുറന്നു. നാവിന്റെ കെട്ടഴിഞ്ഞു. അവന്‍ സ്ഫുടമായി സംസാരിച്ചു.
36: ഇക്കാര്യം ആരോടും പറയരുതെന്ന് അവനവരോടു കല്പിച്ചു. എന്നാല്‍, എത്രയേറെ അവന്‍ കല്പിച്ചുവോ അത്രയേറെ അവരതു പ്രഘോഷിച്ചു.
37: അവര്‍ അളവറ്റ വിസ്മയത്തോടെ പറഞ്ഞു: അവന്‍ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു; ബധിരര്‍ക്കു ശ്രവണശക്തിയും ഊമര്‍ക്കു സംസാരശക്തിയും നല്കുന്നു.

അദ്ധ്യായം 8 

1: ആ ദിവസങ്ങളില്‍ വീണ്ടുമൊരു വലിയ ജനക്കൂട്ടമുണ്ടായി. അവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമില്ലായിരുന്നു. അവന്‍ ശിഷ്യന്മാരെ വിളിച്ച്, അവരോടു പറഞ്ഞു:
2: ഈ ജനക്കൂട്ടത്തോട് എനിക്കനുകമ്പതോന്നുന്നു. കാരണം, ഇവര്‍ മൂന്നുദിവസമായി എന്നോടുകൂടെയാണ്. അവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമില്ല.
3: അവരെ വിശക്കുന്നവരായി വീട്ടിലേക്കു പറഞ്ഞയച്ചാല്‍ വഴിയില്‍ തളര്‍ന്നുവീഴാം. അവരിൽച്ചിലര്‍ ദൂരെനിന്നു വന്നവരാണ്.
4: ശിഷ്യന്മാര്‍ അവനോടുചോദിച്ചു: ഈ വിജനസ്ഥലത്ത് ആർക്കെവിടെനിന്ന്, അപ്പം ഇവർക്കു കൊടുക്കാനാവും?
5: അവന്‍ ചോദിച്ചു: നിങ്ങൾക്ക്, എത്ര അപ്പമുണ്ട്? അവര്‍ പറഞ്ഞു: ഏഴ്.
6: അവന്‍ ജനക്കൂട്ടത്തോടു നിലത്തിരിക്കാനാജ്ഞാപിച്ചു. പിന്നീട്, അവന്‍ ആ ഏഴപ്പമെടുത്ത്, കൃതജ്ഞതാസ്‌തോത്രംചെയ്ത്, മുറിച്ച്, വിളമ്പാന്‍ തന്റെ ശിഷ്യന്മാരെയേല്പിച്ചു. അവരതു ജനക്കൂട്ടത്തിനു വിളമ്പി.
7: കുറെ ചെറിയമത്സ്യങ്ങളും അവർക്കുണ്ടായിരുന്നു. അവന്‍ അവയും വാഴ്ത്തി, വിളമ്പാന്‍പറഞ്ഞു.
8: ജനക്കൂട്ടം ഭക്ഷിച്ചുതൃപ്തരായി. ശേഷിച്ചകഷണങ്ങള്‍ ഏഴുകുട്ടയുണ്ടായിരുന്നു.
9: ഭക്ഷിച്ചവര്‍ ഏകദേശം നാലായിരമായിരുന്നു. അവനവരെ പറഞ്ഞയച്ചു.
10: ഉടനേ അവൻ ശിഷ്യന്മാരോടൊപ്പം ഒരു വഞ്ചിയില്‍ക്കയറി ദല്‍മാനൂത്താപ്രദേശത്തേക്കു പോയി.

ഫരിസേയര്‍ അടയാളമാവശ്യപ്പെടുന്നു
11: ഫരിസേയര്‍വന്ന് അവനുമായി തര്‍ക്കിക്കാന്‍തുടങ്ങി. അവരവനെ പരീക്ഷിച്ചുകൊണ്ട്, സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരടയാളമാവശ്യപ്പെട്ടു.
12: അവന്‍ ആത്മാവില്‍ നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു: എന്തുകൊണ്ടാണ് ഈ തലമുറ അടയാളമന്വേഷിക്കുന്നത്? സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ തലമുറയ്ക്ക് അടയാളം നല്കപ്പെടുകയില്ല.
13: അവനവരെ വിട്ട്, വീണ്ടും വഞ്ചിയില്‍ക്കയറി മറുകരയിലേക്കുപോയി.

ഫരിസേയരുടെ പുളിമാവ്
14: ശിഷ്യന്മാര്‍ അപ്പമെടുക്കാന്‍ മറന്നുപോയിരുന്നു. വഞ്ചിയില്‍ അവരുടെ പക്കല്‍ ഒരപ്പമേ ഉണ്ടായിരുന്നുള്ളു.
15: അവനവരെ അനുശാസിച്ചു: നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. ഫരിസേയരുടെയും ഹേറോദേസിന്റെയും പുളിമാവിനെക്കുറിച്ചു കരുതലോടെയിരിക്കുവിന്‍.
16: അവർക്ക് അപ്പമില്ലെന്ന് അവര്‍ പരസ്പരം പറഞ്ഞു.
17: ഇതു മനസ്സിലാക്കിയ യേശു അവരോടു പറഞ്ഞു: നിങ്ങള്‍ക്ക് അപ്പമില്ലാത്തതിനെക്കുറിച്ച്, എന്തിനുതര്‍ക്കിക്കുന്നു? ഇനിയും നിങ്ങള്‍ മനസ്സിലാക്കുകയും ഗ്രഹിക്കുകയുംചെയ്യുന്നില്ലേ? നിങ്ങളുടെ ഹൃദയം കഠിനമാക്കപ്പെട്ടിരിക്കുന്നുവോ?
18: കണ്ണുണ്ടായിട്ടും നിങ്ങള്‍ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും നിങ്ങള്‍ കേള്‍ക്കുന്നില്ലേ? നിങ്ങള്‍ ഓര്‍മ്മിക്കുന്നില്ലേ?
19: അഞ്ചപ്പം ഞാന്‍ അയ്യായിരംപേര്‍ക്കായി മുറിച്ചപ്പോള്‍, എത്രകുട്ട നിറയെ 
കഷണങ്ങള്‍ നിങ്ങളെടുത്തു? വര്‍ പറഞ്ഞു: പന്ത്രണ്ട്. 
20: നാലായിരംപേര്‍ക്കായി, ഏഴപ്പംകൊണ്ട്, എത്രകുട്ടനിറയെ കഷണങ്ങൾ നിങ്ങൾ ശേഖരിച്ചു? അവര്‍ മറുപടി പറഞ്ഞു: ഏഴ്.
21: അവന്‍ ചോദിച്ചു: എന്നിട്ടും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?

അന്ധനു കാഴ്ച
22: പിന്നീടവന്‍ ബേത്സയ്ദായിലെത്തി. കുറെപ്പേര്‍ ഒരന്ധനെ അവന്റെയടുത്തുകൊണ്ടുവന്ന്, അവനെ തൊടണമെന്ന് യേശുവിനോടപേക്ഷിച്ചു.
23: അവന്‍ അന്ധനെ കൈപിടിച്ചു ഗ്രാമത്തിനു വെളിയിലേക്കു കൊണ്ടുപോയി. അവന്റെ കണ്ണുകളില്‍ തുപ്പിയശേഷം അവന്റെമേല്‍ കൈകള്‍വച്ചുകൊണ്ടു ചോദിച്ചു: നീ എന്തെങ്കിലും കാണുന്നുണ്ടോ?
24: നോക്കിയിട്ട് അവന്‍ പറഞ്ഞു: ഞാന്‍ മനുഷ്യരെ കാണുന്നു. മരങ്ങളെപ്പോലെ; നടക്കുന്നതായും 
ഞാന്‍ കാണുന്നു.
25: വീണ്ടും യേശു അവന്റെ കണ്ണുകളില്‍ കൈകള്‍വച്ചു. അവന്‍ ഉറ്റുനോക്കി; പൂർവ്വസ്ഥിതിയിലായി, അവനെല്ലാം വ്യക്തമായി കാണുകയുംചെയ്തു.
26: ഗ്രാമത്തില്‍ പ്രവേശിക്കുകപോലുംചെയ്യരുതെന്നു പറഞ്ഞ്, യേശു അവനെ വീട്ടിലേക്കയച്ചു.

പത്രോസിന്റെ വിശ്വാസപ്രഖ്യാപനം
27: യേശുവും ശിഷ്യന്മാരും കേസറിയാഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിമദ്ധ്യേ അവൻ‍ ശിഷ്യന്മാരോടു ചോദിച്ചു: ഞാനാരെന്നാണ് ആളുകള്‍ പറയുന്നത്?
28: അവര്‍ പറഞ്ഞു: ചിലര്‍ സ്നാപകയോഹന്നാനെന്നും മറ്റുചിലര്‍ ഏലിയായെന്നും, വേറെ ചിലര്‍ പ്രവാചകന്മാരിലൊരുവനെന്നും പറയുന്നു.
29: അവന്‍ ചോദിച്ചു: ഞാനാരെന്നാണു നിങ്ങള്‍ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: നീ ക്രിസ്തുവാണ്.
30: തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവനവരോടു കല്പിച്ചു.

പീഡാനുഭവവും ഉത്ഥാനവും - ഒന്നാം പ്രവചനം

31: മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും ശ്രേഷ്ഠന്മാർ, പ്രധാനപുരോഹിതന്മാര്‍, നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നുദിവസത്തിനുശേഷം ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവനവരെ പഠിപ്പിക്കാന്‍തുടങ്ങി.
32: അവന്‍ ഇക്കാര്യം തുറന്നുപറഞ്ഞു. അപ്പോള്‍, പത്രോസ് അവനെ മാറ്റിനിര്‍ത്തിക്കൊണ്ടു ശാസിക്കാൻ തുടങ്ങി.
33: യേശു പിന്തിരിഞ്ഞു നോക്കിയപ്പോള്‍ ശിഷ്യന്മാര്‍ നില്ക്കുന്നതു കണ്ടു പത്രോസിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: സാത്താനേ, നീ എന്റെ പിന്നിലേക്കു പോകൂ. നീ ചിന്തിക്കുന്നതു ദൈവത്തിന്റെ കാര്യങ്ങളല്ലാ, മനുഷ്യരുടേതാണ്.
34: അവന്‍ ശിഷ്യന്മാരോടൊപ്പം ജനക്കൂട്ടത്തെയും തന്റെയടുത്തേക്കു വിളിച്ചുവരുത്തി അവരോടു പറഞ്ഞു: ആരെങ്കിലും എന്നെയനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ചു തന്റെ കുരിശ്ശെടുത്ത് എന്നെയനുഗമിക്കട്ടെ.
35: എന്തെന്നാൽ, സ്വന്തംജീവന്‍ രക്ഷിക്കാനാഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കോ സുവിശേഷത്തിനോ വേണ്ടി, സ്വന്തംജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവനതിനെ രക്ഷിക്കും.
36: കാരണം, ഒരുവന്‍ ലോകംമുഴുവന്‍ നേടിയാലും തന്റെ ജീവൻ നഷ്ടപ്പെടുത്തിയാല്‍, അതുകൊണ്ട് അവനെന്തുപ്രയോജനം?
37: മനുഷ്യന്‍ സ്വന്തം ജീവനുപകരമായി എന്തു കൊടുക്കും?
38: വഴിപിഴച്ചതും പാപംനിറഞ്ഞതുമായ ഈ തലമുറയിൽ, എന്നെക്കുറിച്ചോ എന്റെ വചനങ്ങളെക്കുറിച്ചോ ലജ്ജിക്കുന്നവനെപ്പറ്റി, മനുഷ്യപുത്രനും തന്റെ പിതാവിന്റെ മഹത്വത്തിൽ വിശുദ്ധദൂതന്മാരോടുകൂടെവരുമ്പോൾ ലജ്ജിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ