ഇരുന്നൂറ്റിത്തൊണ്ണൂറ്റിമൂന്നാം ദിവസം: ലൂക്കാ 4 - 5


അദ്ധ്യായം 4

മരുഭൂമിയിലെ പരീക്ഷ
1: യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോര്‍ദ്ദാനില്‍നിന്നു മടങ്ങി. ആത്മാവാൽ അവൻ മരുഭൂമിയിലേക്കു നയിക്കപ്പെട്ടു.
2: അവന്‍ 
നാല്പതുദിവസം പിശാചിനാല്‍ പരീക്ഷിക്കപ്പെട്ടു. ആ ദിനങ്ങളില്‍ അവന്‍ ഒന്നും ഭക്ഷിച്ചില്ല. ആ ദിവസങ്ങൾ തികഞ്ഞപ്പോൾ, അവനു വിശന്നു.
3: അപ്പോള്‍ പിശാചവനോടു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലിനോട് അപ്പമാകാന്‍ കല്പിക്കുക.
4: യേശു അവനോടു പറഞ്ഞു: അപ്പംകൊണ്ടുമാത്രമല്ല, മനുഷ്യന്‍ ജീവിക്കുന്നതെന്ന് എഴുതപ്പെട്ടിരിക്കുന്നു.
5: പിന്നെ, പിശാചവനെ ആനയിച്ച്, ഭൂമിയിലെ സകലരാജ്യങ്ങളും ക്ഷണനേരംകൊണ്ട് അവനു കാണിച്ചുകൊടുത്തു.
6: പിശാചവനോട് പറഞ്ഞു: ഈ എല്ലാ അധികാരവും അവയുടെ മഹത്വവും നിനക്കു ഞാന്‍ നല്കാം. കാരണം, ഇതെല്ലാം എനിക്കേല്പിക്കപ്പെട്ടിരിക്കുന്നു. എനിക്കിഷ്ടമുള്ളവര്‍ക്കു ഞാനിതു നല്കുന്നു.
7: നീ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിന്റേതാകും.
8: യേശു മറുപടിപറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവിനെ നീയാരാധിക്കണം; അവനെമാത്രമേ നമിക്കാവൂ എന്നെഴുതപ്പെട്ടിരിക്കുന്നു.
9: അനന്തരം പിശാചവനെ ജറുസലെമിലേക്കു കൊണ്ടുപോയി, ദേവാലയഗോപുരത്തിന്റെ ശൃംഗത്തില്‍ നിറുത്തിക്കൊണ്ട്, അവനോടു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഇവിടെനിന്നു താഴേക്കുചാടുക.
10: നിന്നെ സംരക്ഷിക്കാന്‍ അവന്‍ ദൂതന്മാരോടു കല്പിക്കുമെന്നും
11: നിന്റെ കാല്‍, കല്ലില്‍ത്തട്ടാതെ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളുമെന്നും എഴുതപ്പെട്ടിട്ടുണ്ടല്ലോ.
12: യേശു മറുപടി പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുതെന്നും പറയപ്പെട്ടിരിക്കുന്നു.
13: അപ്പോള്‍ പിശാച്, എല്ലാ പരീക്ഷയുമവസാനിപ്പിച്ച്, തക്കസമയംവരെ അവനെ വിട്ടുപോയി.

യേശു ദൗത്യമാരംഭിക്കുന്നു
14: യേശു ആത്മാവിന്റെ ശക്തിയോടുകൂടെ ഗലീലിയിലേക്കു മടങ്ങിപ്പോയി. അവന്റെ കീര്‍ത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു.
15: അവന്‍ അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു. എല്ലാവരും അവനെ പുകഴ്ത്തി.

പ്രവാചകന്‍ സ്വദേശത്ത് അവഗണിക്കപ്പെടുന്നു
16: യേശു താന്‍ വളര്‍ന്നസ്ഥലമായ നസറത്തില്‍ വന്നു. ഒരു സാബത്തുദിവസം അവന്‍ 
പതിവുപോലെ, സിനഗോഗില്‍പ്രവേശിച്ച്, വായിക്കാനെഴുന്നേറ്റുനിന്നു.
17: ഏശയ്യാപ്രവാചകന്റെ ചുരുൾ അവനു നല്കപ്പെട്ടു. ചുരുൾ നിവർത്തിയപ്പോൾ, ഇപ്രകാരമെഴുതിയിരിക്കുന്ന ഭാഗം അവന്‍ കണ്ടു:
18: കര്‍ത്താവിന്റെ ആത്മാവ് എന്റെമേലുണ്ട്. എന്തെന്നാൽ, ദരിദ്രരെ സദ്‌വാർത്തയറിയിക്കാന്‍ അവനെന്നെ അഭിഷേചിച്ചിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും പ്രഘോഷിക്കാനും  അടിച്ചമര്‍ത്തപ്പെട്ടവരെ മോചനത്തിലേക്കു നയിക്കാനും 
19: കര്‍ത്താവിന്റെ പ്രസാദവത്സരം പ്രഘോഷിക്കാനും അവൻ, എന്നെയയച്ചിരിക്കുന്നു.
20: ചുരുൾമടക്കി, ശുശ്രൂഷകനെ ഏല്പിച്ചശേഷം അവനിരുന്നു. സിനഗോഗിലുണ്ടായിരുന്ന എല്ലാവരുംടേയും കണ്ണുകൾ അവനിൽത്തറച്ചിരുന്നു. 
21: അവനവരോടു പറയാന്‍തുടങ്ങി. നിങ്ങള്‍ കേട്ടിരിക്കെത്തന്നെ, ഇന്നീ ലിഖിതം, പൂർത്തിയാക്കപ്പെട്ടിരിക്കുന്നു.
22: എല്ലാവരും അവനെപ്പറ്റി സാക്ഷ്യപ്പെടുത്തുകയും അവന്റെ നാവില്‍നിന്നു പുറപ്പെട്ട കൃപാവചസ്സുകൾകേട്ട്, അദ്ഭുതപ്പെടുകയും ചെയ്തു. ഇവന്‍ ജോസഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു.
23: അവനവരോടു പറഞ്ഞു: വൈദ്യാ, നിന്നെത്തന്നെ സുഖപ്പെടുത്തുക എന്നചൊല്ല് ഉദ്ധരിച്ചുകൊണ്ട്, തീര്‍ച്ചയായും നിങ്ങളെന്നോട്, കഫര്‍ണാമില്‍ സംഭവിച്ചതായി ഞങ്ങൾകേട്ട കാര്യങ്ങള്‍, ഇവിടെ, നിന്റെ സ്വന്തം സ്ഥലത്തും ചെയ്യുക എന്നു പറയും.
24: അവൻ പറഞ്ഞു: എന്നാൽ‍, സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഒരു പ്രവാചകനും സ്വന്തംനാട്ടില്‍ സ്വീകാര്യനല്ലാ.
25: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാപ്രവാചകന്റെകാലത്ത്, ഇസ്രായേലില്‍ അനേകം വിധവകളുണ്ടായിരുന്നു. അന്നു മൂന്നുവര്‍ഷവും ആറുമാസവും ആകാശമടയ്ക്കപ്പെടുകയും ഭൂമിയിലെങ്ങും രൂക്ഷമായ ക്ഷാമമുണ്ടാവുകയും ചെയ്തു.
26: എന്നാല്‍, സിദോനില്‍ സറെപ്തായിലെ ഒരു വിധവയുടെ അടുത്തേക്കല്ലാതെ, മറ്റാരുടേയുമടുത്തേക്ക്, ഏലിയാ അയയ്ക്കപ്പെട്ടില്ല.
27: ഏലീഷാപ്രവാചകന്റെകാലത്ത്, ഇസ്രായേലില്‍ അനേകം കുഷ്ഠരോഗികളുണ്ടായിരുന്നു. എന്നാൽ, അവരില്‍ സിറിയാക്കാരനായ നാമാനല്ലാതെ മറ്റാരും ശുദ്ധമാക്കപ്പെട്ടില്ല.
28: ഇതുകേട്ടപ്പോള്‍ സിനഗോഗിലുണ്ടായിരുന്ന എല്ലാവരും രോഷംകൊണ്ടു നിറഞ്ഞു.
29: അവരെഴുന്നേറ്റ്, അവനെ പട്ടണത്തില്‍നിന്നു പുറത്താക്കുകയും തങ്ങളുടെ പട്ടണം സ്ഥിതിചെയ്യുന്ന മലയുടെ ശൃംഗത്തില്‍നിന്നു താഴേയ്‌ക്കു തള്ളിയിടാൻ കൊണ്ടുപോവുകയും ചെയ്തു.
30: എന്നാൽ, അവനോ, അവരുടെയിടയിലൂടെ കടന്നുപോയി.

പിശാചുബാധിതനെ സുഖപ്പെടുത്തുന്നു
31: പിന്നെ അവന്‍ ഗലീലിയിലെ ഒരു പട്ടണമായ കഫര്‍ണാമിലേക്കുപോയി. സാബത്തില്‍ അവരെ പഠിപ്പിച്ചുകൊണ്ടിരുന്നു.
32: അവന്റെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, അധികാരത്തോടെയായിരുന്നു അവന്റെ വചനം.
33: 
അശുദ്ധാത്മാവുബാധിച്ച ഒരു മനുഷ്യൻ സിനഗോഗിലുണ്ടായിരുന്നു. അവന്‍ വലിയസ്വരത്തിൽ വിളിച്ചുപറഞ്ഞു:
34: ഹാ! നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കുമെന്ത്? ഞങ്ങളെ നശിപ്പിക്കാനാണോ, നീ വന്നിരിക്കുന്നത്? നീയാരാണെന്ന് എനിക്കറിയാം. ദൈവത്തിന്റെ പരിശുദ്ധന്‍.
35: യേശു അവനെ ശാസിച്ചുപറഞ്ഞു: മിണ്ടരുത്, അവനെ വിട്ടുപോകൂ. ആ പിശാച്, ഉപദ്രവമൊന്നുംവരുത്താതെ നടുവിലേക്കു തള്ളിയിട്ടശേഷം അവനെ വിട്ടുപോയി.
36: എല്ലാവരും അദ്ഭുതപ്പെട്ട് പരസ്പരംപറഞ്ഞു: എന്തൊരു വചനമാണിത്! ഇവന്‍ അധികാരത്തോടും ശക്തിയോടുംകൂടെ അശുദ്ധാത്മാക്കളോടു കല്പിക്കുകയും അവ, വിട്ടുപോകുകയുംചെയ്യുന്നല്ലോ.
37: അവനേപ്പറ്റിയുള്ള വാർത്ത, സമീപപ്രദേശങ്ങളിലെല്ലാം വ്യാപിച്ചു.

യേശു പത്രോസിന്റെ ഭവനത്തില്‍
38: അവന്‍ സിനഗോഗില്‍നിന്നെഴുന്നേറ്റ്, ശിമയോന്റെ വീട്ടിലേക്കു പോയി. ശിമയോന്റെ അമ്മായിയമ്മ കലശലായ പനിബാധിച്ചു കിടപ്പായിരുന്നു. ആളുകള്‍ അവള്‍ക്കുവേണ്ടി അവനോടപേക്ഷിച്ചു.
39: അവനവളുടെ അടുത്തുചെന്ന്, പനിയെ ശാസിച്ചു; അതവളെ വിട്ടുമാറി. ഉടനെ അവളെഴുന്നേറ്റ് അവരെ ശുശ്രൂഷിച്ചു.
40: സൂര്യാസ്തമയമായപ്പോള്‍, വിവിധരോഗങ്ങളാല്‍ അവശരായവരെയെല്ലാം അവര്‍ അവന്റെയടുത്തുകൊണ്ടുവന്നു. ഓരോരുത്തരുടെയുംമേല്‍ കൈവച്ച്, അവനവരെ സുഖപ്പെടുത്തി.
41: നീ ദൈവപുത്രനാണ് എന്നുറക്കെവിളിച്ചുപറഞ്ഞുകൊണ്ട് അനേകരില്‍നിന്ന് പിശാചുക്കള്‍ വിട്ടുപോയി. അവനവയെ ശാസിച്ചു. 
സംസാരിക്കാന്‍ അവനവയെ അനുവദിച്ചില്ല. കാരണം, അവന്‍ ക്രിസ്തുവാണെന്ന് അവയ്ക്കറിയാമായിരുന്നു.

യൂദയായിലെ ശുശ്രൂഷ
42: പ്രഭാതമായപ്പോള്‍ അവൻ പുറപ്പെട്ട്, ഒരു വിജനസ്ഥലത്തേക്കു പോയി. ജനക്കൂട്ടം, അവനെയന്വേഷിച്ചുചെന്നു. തങ്ങളെ വിട്ടുപോകുന്നതിൽനിന്ന്, അവരവനെ തടഞ്ഞു.
43: എന്നാല്‍, അവന്‍ പറഞ്ഞു; മറ്റുപട്ടണങ്ങളിലും ഞാന്‍ ദൈവരാജ്യത്തിന്റെ സദ്‌വാർത്ത അറിയിക്കേണ്ടിയിരിക്കുന്നു. എന്തെന്നാൽ, അതിനുവേണ്ടിയാണു ഞാനയയ്ക്കപ്പെട്ടിരിക്കുന്നത്.
44: അവന്‍ യൂദയായിലെ സിനഗോഗുകളില്‍ പ്രസംഗിച്ചുകൊണ്ടിരുന്നു.

അദ്ധ്യായം 5

ശിമയോനെ വിളിക്കുന്നു.
1: ദൈവവചനംശ്രവിക്കാന്‍ ജനക്കൂട്ടം അവനുചുറ്റും തിങ്ങിക്കൂടി. അവന്‍ ഗനേസറത്തു തടാകത്തിന്റെ തീരത്തു നില്ക്കുകയായിരുന്നു.
2: രണ്ടു വള്ളങ്ങള്‍ കരയോടടുത്തുകിടക്കുന്നത് അവന്‍ കണ്ടു. മീന്‍പിടിത്തക്കാര്‍ അവയില്‍നിന്നിറങ്ങി, വല കഴുകുകയായിരുന്നു.
3: ശിമയോന്റേതായിരുന്നു വള്ളങ്ങളിലൊന്ന്. അവന്‍ അതില്‍ക്കയറി, കരയില്‍നിന്ന് അല്പം നീക്കാനാവശ്യപ്പെട്ടു. വഞ്ചിയിലിരുന്ന് അവന്‍ ജനക്കൂട്ടത്തെ പഠിപ്പിച്ചു.
4: സംസാരിച്ചുതീര്‍ന്നപ്പോള്‍ അവന്‍ ശിമയോനോടു പറഞ്ഞു: മീന്‍പിടിക്കാന്‍, 
ആഴത്തിലേക്കു നീക്കി, നിങ്ങളുടെ വലയിറക്കുക.
5: ശിമയോന്‍ മറുപടിപറഞ്ഞു: ഗുരോ, രാത്രിമുഴുവനദ്ധ്വാനിച്ചിട്ടും ഞങ്ങള്‍ക്കൊന്നും കിട്ടിയില്ല. എങ്കിലും നിന്റെ വാക്കനുസരിച്ചു ഞാന്‍ വലയിറക്കാം.
6: അങ്ങനെചെയ്തപ്പോള്‍ വളരെവലിയൊരു മത്സ്യക്കൂട്ടത്തെ അവർ പിടിച്ചു. അവരുടെ വല കീറിത്തുടങ്ങി.
7: അവര്‍ മറ്റേവള്ളത്തിലുണ്ടായിരുന്ന പങ്കുകാരെ, 
സഹായത്തിനുവരാൻ ആംഗ്യംകാണിച്ചു. അവര്‍ വന്ന്, രണ്ടുവള്ളങ്ങളും മുങ്ങാറാകുവോളം നിറച്ചു.
8: ഇതു കണ്ടപ്പോള്‍, ശിമയോന്‍പത്രോസ്, യേശുവിന്റെ കാല്‍ക്കല്‍ വീണ്, കര്‍ത്താവേ, എന്നില്‍നിന്നകന്നുപോകണമേ; ഞാന്‍ പാപിയാണ് എന്നുപറഞ്ഞു.
9: എന്തെന്നാല്‍, തങ്ങള്‍നടത്തിയ മീൻപിടുത്തത്തെപ്പറ്റി, ശിമയോനും കൂടെയുണ്ടായിരുന്ന എല്ലാവരും അദ്ഭുതപ്പെട്ടു.
10: അതുപോലെതന്നെ, അവന്റെ കൂട്ടാളികളായ സെബദീപുത്രന്മാര്‍, - യാക്കോബും യോഹന്നാനും - വിസ്മയിച്ചു. ശിമയോനോട്, 
യേശു പറഞ്ഞു: ഭയപ്പെടേണ്ടാ; ഇപ്പോള്‍മുതല്‍ 
നീ മനുഷ്യരെപ്പിടിക്കുന്നവനാകും.
11: വള്ളങ്ങള്‍ കരയ്ക്കടുപ്പിച്ചശേഷം എല്ലാമുപേക്ഷിച്ച്, അവരവനെ അനുഗമിച്ചു.

കുഷ്ഠരോഗിയെ ശുദ്ധനാക്കുന്നു
12: പിന്നീടൊരിക്കല്‍ യേശു ഒരു പട്ടണത്തിലായിരിക്കുമ്പോള്‍, ഇതാ, കുഷ്ഠംനിറഞ്ഞ ഒരുവൻ വന്ന്, അവനെക്കണ്ട്, അവന്റെമുമ്പിൽ കമിഴ്ന്നുവീണു പ്രാര്‍ത്ഥിച്ചു: കര്‍ത്താവേ, അങ്ങേയ്ക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍കഴിയും.
13: യേശു കൈനീട്ടി, അവനെ തൊട്ടുകൊണ്ടു പറഞ്ഞു: എനിക്കു മനസ്സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ! തത്ക്ഷണം കുഷ്ഠം അവനെ വിട്ടുമാറി.
14: യേശു അവനോടു കല്പിച്ചു: ഇക്കാര്യം നീ ആരോടും പറയരുത്. പോയി, നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുകയും മോശ കല്പിച്ചിട്ടുള്ളതനുസരിച്ച്, അവർക്കു തെളിവിനായി, നിന്റെ ശുദ്ധീകരണക്കാഴ്ച സമര്‍പ്പിക്കുകയുംചെയ്യുക.
15: എന്നാല്‍, യേശുവിനെക്കുറിച്ചുള്ള വാർത്ത, പൂര്‍വ്വാധികം വ്യാപിച്ചുകൊണ്ടിരുന്നു. വലിയജനക്കൂട്ടം, അവനെ കേൾക്കാനും രോഗങ്ങളിൽനിന്നു സുഖപ്പെടാനും വന്നുകൂടിക്കൊണ്ടിരുന്നു.
16: അവനാകട്ടെ മരുഭൂമിയിലേക്കു പിന്‍വാങ്ങി, പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു
17: ഒരു ദിവസം യേശു പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, ഗലീലിയിലെ എല്ലാ ഗ്രാമങ്ങളില്‍നിന്നും യൂദയായില്‍നിന്നും ജറൂസലെമില്‍നിന്നുംവന്ന ഫരിസേയരും നിയമാദ്ധ്യാപകന്മാരും അവിടെയിരുന്നിരുന്നു. രോഗികളെ സുഖപ്പെടുത്താന്‍ കര്‍ത്താവിന്റെ ശക്തി അവനിലുണ്ടായിരുന്നു.
18: അപ്പോള്‍, ചിലര്‍ ഒരു തളര്‍വാതരോഗിയെ കിടക്കയിലെടുത്തുകൊണ്ടുവന്നു. അവരവനെ, അകത്തുകൊണ്ടുവന്ന്, യേശുവിന്റെമുമ്പില്‍ കിടത്താൻശ്രമിച്ചു.
19: ജനക്കൂട്ടംനിമിത്തം ഒരുവഴിയുംകാണാഞ്ഞ്, അവര്‍ പുരമുകളില്‍ക്കയറി, മേച്ചിലിളക്കി, കിടക്കയോടെ അവനെ, അവരുടെമദ്ധ്യേ, യേശുവിന്റെ സമക്ഷം വച്ചു.
20: അവരുടെ വിശ്വാസംകണ്ട്, അവന്‍ പറഞ്ഞു: മനുഷ്യാ, നിന്റെ പാപങ്ങള്‍ നിന്നോടു ക്ഷമിക്കപ്പെട്ടിരിക്കുന്നു.
21: നിയമജ്ഞരും ഫരിസേയരും അന്തരാചിന്തിച്ചുകൊണ്ടു പറഞ്ഞു: ദൈവദൂഷണംപറയുന്ന ഇവനാര്? ആര്‍ക്കാണു പാപങ്ങള്‍ ക്ഷമിക്കാന്‍കഴിയുക, 
ദൈവത്തിനുമാത്രമല്ലാതെ?
22: അവരുടെ വിചാരങ്ങൾ മനസ്സിലാക്കി യേശു അവരോടു മറുപടി പറഞ്ഞു: എന്താണു നിങ്ങൾ ഹൃദയത്തില്‍ സംവദിക്കുന്നത്?
23: ഏതാണു കൂടുതലെളുപ്പം, നിന്റെ പാപങ്ങള്‍ 
നിന്നോടു ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നുപറയുന്നതോ എഴുന്നേറ്റു നടക്കുക എന്നുപറയുന്നതോ?
24: ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രനധികാരമുണ്ടെന്നു നിങ്ങളറിയേണ്ടതിന്, യേശു തളര്‍വാതരോഗിയോടു പറഞ്ഞു: ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റു നിന്റെ കിടക്കയെടുത്തു വീട്ടിലേക്കു പോവുക.
25: ഉടനെ, അവരുടെ മുമ്പാകെ, അവനെഴുന്നേറ്റ്, താൻ കിടന്നിരുന്ന കിടക്കയെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ടു വീട്ടിലേക്കുപോയി.
26: എല്ലാവരും വിസ്മയഭരിതരായി ദൈവത്തെ മഹത്വപ്പെടുത്തി. അവര്‍ ഭയപൂരിതരായി പറഞ്ഞു: ഇന്നു നാം വിചിത്രമായവ കണ്ടിരിക്കുന്നു.

ലേവിയെ വിളിക്കുന്നു
27: ഇതിനുശേഷം, 
യേശു പുറത്തേക്കിറങ്ങിയപ്പോൾ, ലേവി എന്നുപേരുള്ള ചുങ്കക്കാരന്‍, ചുങ്കസ്ഥലത്തിരിക്കുന്നതു ശ്രദ്ധിച്ചു. അവനവനോടു പറഞ്ഞു:
 എന്നെനുഗമിക്കുക.
28: അവന്‍ എല്ലാമുപേക്ഷിച്ച്, എഴുന്നേറ്റ്, അവനെയനുഗമിച്ചു.
29: ലേവി തന്റെവീട്ടില്‍, അവനുവേണ്ടി ഒരു വലിയവിരുന്നൊരുക്കി. ചുങ്കക്കാരും മറ്റുള്ളവരുമായി വലിയൊരു ജനക്കൂട്ടം, അവരോടൊപ്പം ഭക്ഷണത്തിനിരുന്നു.
30: ഫരിസേയരും അവരുടെ നിയമജ്ഞരും ശിഷ്യന്മാർക്കെതിരേ പിറുപിറുത്തു. എന്തുകൊണ്ടാണ്, നിങ്ങള്‍ ചുങ്കക്കാരോടും പാപികളോടുമൊത്തു തിന്നുകയും കുടിക്കുകയുംചെയ്യുന്നത്? യേശു അവരോടു മറുപടിപറഞ്ഞു:
31: 
വൈദ്യനെയാവശ്യം ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ്.
32: ഞാന്‍ വന്നിരിക്കുന്നതു നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്കു വിളിക്കാനാണ്.

ഉപവാസംസംബന്ധിച്ചു തര്‍ക്കം
33: അവരവനോടു പറഞ്ഞു: യോഹന്നാന്റെ ശിഷ്യന്മാര്‍ മിക്കപ്പോഴും ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയുംചെയ്യുന്നു. 
അങ്ങനെതന്നെ ഫരിസേയരുടെ ശിഷ്യന്മാരും. എന്നാല്‍, നിന്റെകൂടെയുള്ളവർ തിന്നുകയും കുടിക്കുകയുംചെയ്യുന്നു.
34: യേശു അവരോടു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴരെക്കൊണ്ട് ഉപവസിപ്പിക്കാന്‍ നിങ്ങള്‍ക്കുകഴിയുമോ?
35: എന്നാല്‍, മണവാളന്‍ അവരില്‍നിന്ന് എടുക്കപ്പെടുന്ന ദിവസങ്ങള്‍ വരും; ആ ദിവസങ്ങളിൽ അവരുപവസിക്കും.
36: അവനവരോട് ഒരുപമയും പറഞ്ഞു: ആരും പുതിയവസ്ത്രത്തില്‍നിന്നു കഷണം കീറിയെടുത്തു പഴയവസ്ത്രത്തോടു ചേര്‍ക്കാറില്ല. അങ്ങനെചെയ്താല്‍ പുതിയവസ്ത്രം കീറുന്നു എന്നുമാത്രമല്ല പുതിയകഷണം പഴയതിനോടു ചേരാതെവരുകയുംചെയ്യും.
37: ആരും പുതിയവീഞ്ഞു പഴയതോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെചെയ്താല്‍, പുതിയവീഞ്ഞു പഴയതോല്‍ക്കുടങ്ങള്‍ഭേദിച്ച്, ഒഴുകിപ്പോവുകയും തോല്‍ക്കുടങ്ങള്‍ നശിക്കുകയും ചെയ്യും.
38: പുതിയവീഞ്ഞു പുതിയ തോല്‍ക്കുടങ്ങളിലാണ് ഒഴിച്ചുവയ്‌ക്കേണ്ടത്.
39: പഴയവീഞ്ഞു കുടിച്ച ഒരുവനും പുതിയതിഷ്ടപ്പെടുകയില്ല. എന്തെന്നാൽ, പഴയതാണു മെച്ചം എനാണല്ലോ പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ