ഇരുന്നൂറ്റിയെണ്‍പത്തിയഞ്ചാം ദിവസം: മര്‍ക്കോസ് 5 - 6


അദ്ധ്യായം 5

പിശാചുബാധിതനെ സുഖപ്പെടുത്തുന്നു

1: അവര്‍ കടലിന്റെ മറുകരയില്‍ ഗെരസേനരുടെ ദേശത്തെത്തി.
2: അവന്‍ വഞ്ചിയില്‍നിന്നിറങ്ങിയ ഉടനെ, അശുദ്ധാത്മാവുള്ള ഒരു മനുഷ്യന്‍ ശവകുടീരങ്ങള്‍ക്കിടയില്‍നിന്ന് അവന്റെ നേരേ വന്നു.
3: ശവകുടീരങ്ങള്‍ക്കിടയില്‍ താമസിച്ചിരുന്ന അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചിടാന്‍ ആർക്കുംകഴിഞ്ഞിരുന്നില്ല.
4: പലപ്പോഴും അവനെ കാല്‍വിലങ്ങുകളാലും ചങ്ങലകളാലും ബന്ധിച്ചിരുന്നെങ്കിലും, അവന്‍ ചങ്ങലകള്‍ വലിച്ചുപൊട്ടിക്കുകയും കാല്‍വിലങ്ങുകള്‍ തകര്‍ത്തുകളയുകയുംചെയ്തിരുന്നു. അവനെ കീഴ്‌പ്പെടുത്താന്‍ ആര്‍ക്കും ശക്തിയില്ലായിരുന്നു.
5: അലറുകയും 
ല്ലുകൊണ്ടു തന്നെത്തന്നെ മുറിപ്പെടുത്തുകയുംചെയ്തുകൊണ്ട്, അവന്‍ രാപകല്‍ കല്ലറകള്‍ക്കിടയിലും മലകളിലും കഴിഞ്ഞിരുന്നു.
6: അകലെവച്ചുതന്നെ അവന്‍ യേശുവിനെക്കണ്ട്, ഓടിവന്ന് അവനെ താണുവണങ്ങി.
7: ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് അവന്‍ പറഞ്ഞു: അത്യുന്നതനായ ദൈവത്തിന്റെ പുത്രാ, യേശുവേ, എനിക്കും നിനക്കുമെന്ത്? ഞാൻ നിന്നോട്, ദൈവത്തെക്കൊണ്ട് ആണയിട്ടപേക്ഷിക്കുന്നു: നീയെന്നെ പീഡിപ്പിക്കരുതേ!
8: കാരണം, അവനോട്, 
യേശു ആജ്ഞാപിച്ചിരുന്നു,
അശുദ്ധാത്മാവേ, ആ മനുഷ്യനില്‍നിന്നു പുറത്തുവരൂ! 
9: യേശു ചോദിച്ചു: നിന്റെ പേരെന്താണ്? അവന്‍ പറഞ്ഞു: എന്റെ പേര്, ലെഗിയോൻ; ഞങ്ങളനേകരുണ്ട്.
10: തങ്ങളെ ആ ദേശത്തുനിന്നു പുറത്താക്കരുതേയെന്ന് അവന്‍ കേണപേക്ഷിച്ചു.
11: വലിയ ഒരു പന്നിക്കൂട്ടം മലയരികില്‍ തീറ്റ തിന്നുണ്ടായിരുന്നു.
12: 
അവരവനോടപേക്ഷിച്ചു: ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയയ്ക്കുക, ഞങ്ങള്‍ അവയില്‍ പ്രവേശിച്ചുകൊള്ളട്ടെ!
13: അവനനുവാദം നല്കി. അശുദ്ധാത്മാക്കള്‍ പുറത്തുവന്ന്, പന്നിക്കൂട്ടത്തില്‍ പ്രവേശിച്ചു. ഏകദേശം രണ്ടായിരം പന്നികൾ, കിഴുക്കാംതൂക്കായ ചരിവിലൂടെ പാഞ്ഞുചെന്നു കടലില്‍ മുങ്ങിച്ചത്തു.
14: അവയെ തീറ്റിക്കൊണ്ടിരുന്നവര്‍ ഓടിപ്പോയി, നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും വിവരമറിയിച്ചു. സംഭവിച്ചതെന്തെന്നു കാണാന്‍ ആളുകൾ വന്നുകൂടി.
15: അവര്‍ യേശുവിന്റെയടുത്തെത്തി, ലെഗിയോനുണ്ടായിരുന്ന പിശാചുബാധിതന്‍ വസ്ത്രംധരിച്ച്, സുബോധത്തോടെ അവിടെയിരിക്കുന്നതു കണ്ടു. അവര്‍ ഭയപ്പെട്ടു.
16: പിശാചുബാധിതനും പന്നികള്‍ക്കും സംഭവിച്ചതുകണ്ടവര്‍ ,അക്കാര്യങ്ങളവരോടു പറഞ്ഞു.
17: തങ്ങളുടെ പ്രദേശം വിട്ടുപോകണമെന്ന് അവര്‍ യേശുവിനോടപേക്ഷിക്കാൻതുടങ്ങി.
18: അവൻ വഞ്ചിയില്‍ക്കയറുമ്പോൾ, അവനോടുകൂടെപ്പോകാൻ 
പിശാചുബാധിച്ചിരുന്നവന്‍ അനുവാദം ചോദിച്ചു.
19: എന്നാല്‍, യേശു അനുവദിച്ചില്ല. അവന്‍ പറഞ്ഞു: നീ വീട്ടില്‍, സ്വന്തക്കാരുടെയടുത്തേക്കു പോവുക. കര്‍ത്താവു നിനക്കുവേണ്ടി ചെയ്തതൊക്കെയും നിന്നോടു കരുണകാണിച്ചതും അവരെയറിയിക്കുക.
20: അവന്‍ പോയി, യേശു തനിക്കുവേണ്ടിച്ചെയ്‌തെതൊക്കെ, ദെക്കാപ്പോളിസില്‍ പ്രഘോഷിക്കാന്‍തുടങ്ങി. എല്ലാവരുമദ്ഭുതപ്പെട്ടു.

ജായ്‌റോസിന്റെ മകള്‍; രക്തസ്രാവക്കാരി
21: യേശു വീണ്ടും വഞ്ചിയില്‍ മറുകരയെത്തിയപ്പോള്‍ ഒരു വലിയ ജനക്കൂട്ടം അവനുചുറ്റും കൂടി. അവന്‍ കടല്‍ത്തീരത്തു നില്ക്കുകയായിരുന്നു.
22: അപ്പോള്‍, സിനഗോഗധികാരികളിലൊരുവനായ ജായ്റോസ് അവിടെ വന്നു. അവന്‍ യേശുവിനെക്കണ്ട് കാല്‍ക്കല്‍വീണ്, അവനോടു കേണപേക്ഷിച്ചു:
23: എന്റെ ഓമനമകള്‍ മരിക്കാറായിക്കിടക്കുന്നു. അവൾ സൗഖ്യംപ്രാപിച്ചു ജീവിക്കാനായി, അങ്ങു വന്ന്, അവളുടെമേല്‍ കൈകള്‍വയ്ക്കണമേ!
24: യേശു അവന്റെകൂടെപ്പോയി. വലിയൊരു ജനക്കൂട്ടം അവനെയനുഗമിക്കുകയും തിക്കിഞെരുക്കുകയുംചെയ്തു.
25: പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീയുണ്ടായിരുന്നു.
26: പല വൈദ്യന്മാരിലുംനിന്ന്, ഏറെ കഷ്ടപ്പാടുകൾ സഹിക്കുകയും  അവൾക്കുള്ളതെല്ലാം ചെലവഴിക്കുകയുംചെയ്തിട്ടും പ്രയോജനമില്ലെന്നുമാത്രമല്ലാ, കൂടുതല്‍ മോശമാകുകയാണു ചെയ്തത്.
27: യേശുവിനെക്കുറിച്ചു കേട്ടിരുന്ന 
അവള്‍, ജനക്കൂട്ടത്തിനിടയിലൂടെ അവന്റെ പിന്നില്‍ച്ചെന്ന്, വസ്ത്രത്തില്‍ത്തൊട്ടു.
28: കാരണം, അവൾ പറഞ്ഞിരുന്നു, അവന്റെ വസ്ത്രത്തില്‍ ഒന്നുതൊട്ടാല്‍മാത്രംമതി, ഞാന്‍ സുഖംപ്രാപിക്കും.
29: ഉടനേ അവളുടെ രക്തസ്രാവം നിലച്ചു. താന്‍ വ്യാധിയിൽനിന്നു സുഖംപ്രാപിച്ചിരിക്കുന്നുവെന്ന് അവള്‍ക്കു ശരീരത്തിലനുഭവപ്പെട്ടു.
30: 
ഉടനേ യേശു, തന്നില്‍നിന്നു ശക്തി പുറപ്പെട്ടെന്നറിഞ്ഞ്, തിരിഞ്ഞു ജനമദ്ധ്യത്തിൽനിന്നുകൊണ്ടു ചോദിച്ചു: ആരാണ് എന്റെ വസ്ത്രത്തില്‍തൊട്ടത്?
31: ശിഷ്യന്മാര്‍ അവനോടു പറഞ്ഞു: ജനക്കൂട്ടം നിന്നെ തിക്കിഞെരുക്കുന്നതു കാണുന്നില്ലേ? എന്നിട്ടും, ആരാണെന്നെ തൊട്ടത് എന്നു നീ ചോദിക്കുന്നുവോ?
32: ഇതു ചെയ്തതാരെന്നുകാണാൻ, അവന്‍ ചുറ്റുംനോക്കി.
33: ആ സ്ത്രീ തനിക്കു സംഭവിച്ചതറിഞ്ഞ്, ഭയന്നുവിറച്ച് അവന്റെ മുമ്പിൽവീണ്, സത്യംമുഴുവൻ അവനോടു പറഞ്ഞു.
34: അവനവളോടു പറഞ്ഞു: മകളേ, നിന്റെ വിശ്വാസം, നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോവുക; വ്യാധിയില്‍നിന്നു വിമുക്തയായിരിക്കുക.
35: യേശു സംസാരിച്ചുകൊണ്ടിരിക്കേ, സിനഗോഗധികാരിയുടെ വീട്ടില്‍നിന്ന് ചിലര്‍വന്നു പറഞ്ഞു: നിന്റെ മകള്‍ മരിച്ചു; ഗുരുവിനെ ഇനിയുമെന്തിനു ബുദ്ധിമുട്ടിക്കുന്നു?
36: ആ വാക്കു കാര്യമാക്കാതെ, യേശു സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക.
37: പത്രോസും യാക്കോബും യാക്കോബിന്റെ സഹോദരന്‍ യോഹന്നാനുമൊഴികെ മറ്റാരും തന്നോടുകൂടെപ്പോരാന്‍ അവനനുവദിച്ചില്ല.
38: അവര്‍ സിനഗോഗധികാരിയുടെ വീട്ടിലെത്തി. അവിടെ ബഹളവും വിലാപവും ഉച്ചത്തിലുള്ള അലമുറയും അവന്‍ കണ്ടു.
39: അകത്തുപ്രവേശിച്ച് അവനവരോടു പറഞ്ഞു: എന്തിനാണു നിങ്ങള്‍ ബഹളംവയ്ക്കുകയും വിലപിക്കുകയും ചെയ്യുന്നത്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്.
40: അവരവനെപ്പരിഹസിച്ചു. അവനാകട്ടെ, അവരെയെല്ലാവരെയും പുറത്താക്കിക്കൊണ്ട്, കുട്ടിയുടെ മാതാപിതാക്കന്മാരെയും തന്റെകൂടെയുണ്ടായിരുന്നവരെയും കൂട്ടിക്കൊണ്ട്, കുട്ടിയുടെയടുത്തേക്കുചെന്നു.
41: അവൻ കുട്ടിയുടെ കൈപിടിച്ചുകൊണ്ട്, അവളോടു പറഞ്ഞു: 'തലീത്താ കും.' 
ബാലികേ, എഴുന്നേല്‍ക്കൂ എന്നര്‍ത്ഥം.
42: ഉടനേ, ബാലിക എഴുന്നേറ്റുനടന്നു. അവള്‍ക്കു പന്ത്രണ്ടുവയസ്സായിരുന്നു. അവര്‍ അത്യന്തം ആശ്ചര്യപ്പെട്ടു.
43: ആരും ഈ വിവരമറിയരുതെന്ന് യേശു അവര്‍ക്കു കര്‍ശനമായ ആജ്ഞനല്കി. അവള്‍ക്കു ഭക്ഷിക്കാൻകൊടുക്കുവിനെന്നും അവന്‍ പറഞ്ഞു.

അദ്ധ്യായം 6 

യേശു സ്വദേശത്ത് അവഗണിക്കപ്പെടുന്നു
1: യേശു അവിടെനിന്നു പോയി, സ്വദേശത്തു വന്നു. ശിഷ്യന്മാര്‍ അവനെയനുഗമിച്ചു.
2: സാബത്തായപ്പോൾ
 അവന്‍ സിനഗോഗില്‍ പഠിപ്പിക്കാനാരംഭിച്ചു. അവന്റെ വാക്കുകേട്ട അനേകംപേർ ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവനിതെല്ലാം എവിടെനിന്ന്? ഇവനുകിട്ടിയ ഈ ജ്ഞാനമെന്ത്? എന്തെന്തദ്‌ഭുതങ്ങളാണ്, ഇവന്റെ കരങ്ങള്‍വഴി സംഭവിക്കുന്നത്!
3: ഇവന്‍ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മോടുകൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവര്‍ അവനിലിടറി.
4: യേശു അവരോടു പറഞ്ഞു: സ്വദേശത്തും ബന്ധുജനങ്ങളുടെയിടയിലും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകന്‍ അവമതിക്കപ്പെടുന്നില്ല.
5: ഏതാനും രോഗികളുടെമേല്‍ കൈകള്‍വച്ചു സുഖപ്പെടുത്താനല്ലാതെ മറ്റ
ദ്‌ഭുതമൊന്നും അവിടെച്ചെയ്യാന്‍ അവനു സാധിച്ചില്ല.
6: അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അവന
ദ്‌ഭുതപ്പെട്ടു. അവൻ പഠിപ്പിച്ചുകൊണ്ട്, ഗ്രാമപ്രദേശങ്ങളിൽ ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു.

ശിഷ്യന്മാരെയയയ്ക്കുന്നു
7:  അവന്‍ പന്ത്രണ്ടുപേരെ അടുത്തുവിളിച്ച്, രണ്ടുപേരെവീതം അയയ്ക്കാന്‍ തുടങ്ങി. അശുദ്ധാത്മാക്കളുടെമേല്‍ 
അവര്‍ക്കധികാരവുംകൊടുത്തു. അവന്‍ കല്പിച്ചു:
8: യാത്രയ്ക്കു വടിയല്ലാതെ മറ്റൊന്നും, അപ്പമോ സഞ്ചിയോ അരപ്പട്ടയില്‍ പണമോ കരുതരുത്.
9: എന്നാൽ, ചെരിപ്പുധരിക്കാം, രണ്ടുടുപ്പുകള്‍ ധരിക്കരുത്;
10: അവനവരോടു പറഞ്ഞു: നിങ്ങള്‍ ഏതെങ്കിലും സ്ഥലത്ത്, ഒരുവീട്ടില്‍ പ്രവേശിച്ചാല്‍, അവിടംവിട്ടുപോകുന്നതുവരെ ആ വീട്ടില്‍ത്താമസിക്കുവിന്‍.
11: 
ഏതെങ്കിലും സ്ഥലത്ത്, നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ നിങ്ങളെ ശ്രവിക്കാതിരിക്കുകയോചെയ്താല്‍ അവിടംവിട്ടുപോരുമ്പോള്‍ അവര്‍ക്കു സാക്ഷ്യത്തിനായി നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിന്‍.
12: ശിഷ്യന്മാര്‍ പുറപ്പെട്ട്, ആളുകൾ മാനസാന്തരപ്പെടേണ്ടതിനു പ്രഘോഷിച്ചു. 
13: അനേകം പിശാചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലംപൂശി സുഖപ്പെടുത്തി.

സ്നാപകയോഹന്നാന്റെ ശിരച്ഛേദം
14: 
യേശുവിന്റെ പേര് പ്രസിദ്ധമായിക്കഴിഞ്ഞിരുന്നതിനാൽ ഹേറോദേസ് രാജാവും അവനെക്കുറിച്ചു കേട്ടു. ചിലര്‍ പറഞ്ഞു: സ്നാപകയോഹന്നാന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തിരിക്കുന്നു. അതുകൊണ്ടാണ്, ഈ ശക്തികള്‍ ഇവനില്‍ പ്രവര്‍ത്തിക്കുന്നത്.
15: മറ്റുചിലര്‍ പറഞ്ഞു: ഇവന്‍ ഏലിയാ ആണ്, വേറേ ചിലര്‍ പറഞ്ഞു: പ്രവാചകരില്‍ ഒരുവനെപ്പോലെ ഇവനുമൊരു പ്രവാചകനാണ്.
16: എന്നാല്‍, ഇതെല്ലാംകേട്ടപ്പോള്‍ ഹേറോദേസ് പറഞ്ഞു: ഞാന്‍ ശിരച്ഛേദംചെയ്ത യോഹന്നാന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
17: ഹേറോദേസ് ആളയച്ച് യോഹന്നാനെപ്പിടിപ്പിക്കയും കാരാഗൃഹത്തില്‍ ബന്ധിക്കയുംചെയ്തിരുന്നു. ഇത്, സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാനിമിത്തമാണ്.  അവന്‍ അവളെ വിവാഹം ചെയ്തിരുന്നു.
18: യോഹന്നാന്‍ ഹേറോദേസിനോടു പറഞ്ഞു: സഹോദരന്റെ ഭാര്യയെ നീ സ്വന്തമാക്കുന്നതു നിഷിദ്ധമാണ്.
19: തന്മൂലം, ഹേറോദിയായ്ക്കു യോഹന്നാനോടു പകയുണ്ടായി. അവനെ വധിക്കാന്‍ അവളാഗ്രഹിച്ചു. എന്നാല്‍ അവള്‍ക്കു സാധിച്ചില്ല.
20: എന്തെന്നാല്‍, യോഹന്നാന്‍ നീതിമാനും വിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട്, ഹേറോദേസ് അവനെ ഭയപ്പെടുകയും സംരക്ഷിക്കുകയുംചെയ്തു. അവനെ കേൾക്കുമ്പോൾ അവൻ അസ്വസ്ഥനായിരുന്നെങ്കിലും, സന്തോഷത്തോടെ അവനെ ശ്രവിക്കുമായിരുന്നു.
21: ഹേറോദേസ്, തന്റെ ജന്മദിനത്തില്‍ രാജസേവകന്മാര്‍ക്കും സഹസ്രാധിപന്മാര്‍ക്കും ഗലീലിയിലെ പ്രമാണിമാർക്കും വിരുന്നുനല്കിയപ്പോള്‍ അനുകൂലമായ ഒരവസരം വന്നുചേര്‍ന്നു.
22: 
ഹേറോദിയായുടെ മകള്‍ വന്നു നൃത്തംചെയ്ത്, ഹേറോദേസിനെയും വിരുന്നുകാരെയും പ്രീതിപ്പെടുത്തി. രാജാവു പെണ്‍കുട്ടിയോടു പറഞ്ഞു: നീ ആഗ്രഹിക്കുന്നതെന്തും ചോദിച്ചുകൊള്ളുക. അതു ഞാന്‍ നിനക്കുതരും.
23: അവനവളോടു ശപഥംചെയ്തു: നീ എന്തുതന്നെ ചോദിച്ചാലും, ഞാന്‍ നിനക്കു തരും, 
എന്റെ രാജ്യത്തിന്റെ പകുതിപോലും!
24: അവള്‍ പോയി അമ്മയോടു ചോദിച്ചു: ഞാന്‍ എന്താണാവശ്യപ്പെടേണ്ടത്? അവൾ  പറഞ്ഞു: സ്നാപകയോഹന്നാന്റെ ശിരസ്സ്.
25: അവളുടനെ ബദ്ധപ്പെട്ട്, അകത്തുവന്നു രാജാവിനോടാവശ്യപ്പെട്ടു: ഇപ്പോള്‍ത്തന്നെ സ്നാപകയോഹന്നാന്റെ ശിരസ്സ്, ഒരു തളികയില്‍വച്ചുകൊണ്ടുവന്ന്, എനിക്കുതരണമെന്നു ഞാനാഗ്രഹിക്കുന്നു.
26: രാജാവ് അതീവം ദുഃഖിതനായി. എങ്കിലും, തന്റെ ശപഥത്തെയും വിരുന്നുകാരെയുംപ്രതി, അവളുടെ ആഗ്രഹം നിരസിക്കാന്‍ അവനു തോന്നിയില്ല.
27: അവന്റെ തല കൊണ്ടുവരാനാജ്ഞാപിച്ച്, ഒരു കാവൽപ്പടയാളിയെ രാജാവുടനെ അയച്ചു. അവന്‍ കാരാഗൃഹത്തില്‍ച്ചെന്ന്, യോഹന്നാന്റെ തല വെട്ടിയെടുത്തു.
28: അതൊരു തളികയില്‍വച്ചുകൊണ്ടുവന്നു പെണ്‍കുട്ടിക്കു കൊടുത്തു. 
പെണ്‍കുട്ടി അതമ്മയ്ക്കു കൊടുത്തു.
29: ഈ വിവരമറിഞ്ഞ യോഹന്നാന്റെ ശിഷ്യന്മാര്‍ വന്ന്, മൃതദേഹമെടുത്ത്, കല്ലറയില്‍ സംസ്കരിച്ചു.

അപ്പം വര്‍ദ്ധിപ്പിക്കുന്നു
30: അപ്പസ്‌തോലന്മാര്‍ യേശുവിന്റെയടുത്ത് ഒരുമിച്ചുകൂടി, തങ്ങള്‍ ചെയ്തതും പഠിപ്പിച്ചതുമെല്ലാം അവനെയറിയിച്ചു.
31: അവനവരോടു പറഞ്ഞു: 
നിങ്ങള്‍ തനിച്ച്, ഒരു വിജനസ്ഥലത്തേക്കു വരുവിന്‍;  അല്പം വിശ്രമിക്കുവിൻ. എന്തെന്നാൽ, അനേകമാളുകള്‍ വരുകയും പോകുകയുംചെയ്തുകൊണ്ടിരുന്നു. തന്മൂലം,  ഭക്ഷണംകഴിക്കാന്‍പോലും അവര്‍ക്കവസരമുണ്ടായിരുന്നില്ലാ.
32: അവര്‍തനിച്ച്, വഞ്ചിയില്‍ ഒരു വിജനസ്ഥലത്തേക്കു പോയി.
33: അവൻ പോകുന്നത്, പലരും കാണുകയും തിരിച്ചറിയുകയുംചെയ്തു. എല്ലാപ്പട്ടണങ്ങളിലുംനിന്ന് ആളുകൾ കരവഴിയോടി, അവര്‍ക്കുമുമ്പേ അവിടെയെത്തി.
34: അവന്‍ കരയ്ക്കിറങ്ങിയപ്പോള്‍ വലിയൊരു ജനക്കൂട്ടത്തെക്കണ്ടു. അവരോട് അവനനുകമ്പതോന്നി. കാരണം, അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെയായിരുന്നു. അവനവരെ പല കാര്യങ്ങളും പഠിപ്പിക്കാന്‍തുടങ്ങി.
35: നേരംവൈകിയപ്പോള്‍, ശിഷ്യന്മാര്‍ അവന്റെയടുത്തുവന്നു പറഞ്ഞു: ഇതൊരു വിജനപ്രദേശമാണല്ലോ. സമയവും വൈകിയിരിക്കുന്നു.
36: ചുറ്റുമുള്ള നാട്ടിന്‍പുറങ്ങളിലും ഗ്രാമങ്ങളിലും ചെന്ന്, ഭക്ഷിക്കാനെന്തെങ്കിലും വാങ്ങാൻ, അവരെ പറഞ്ഞയയ്ക്കുക.
37: അവനവരോടു മറുപടി പറഞ്ഞു: നിങ്ങള്‍തന്നെ അവര്‍ക്കു ഭക്ഷിക്കാന്‍കൊടുക്കുവിന്‍. അവരവനോടു പറഞ്ഞു: ഞങ്ങള്‍ ചെന്ന്, ഇരുന്നൂറു ദനാറയ്ക്ക് അപ്പംവാങ്ങിക്കൊണ്ടുവന്ന് അവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കട്ടെയോ?
38: അവന്‍ ചോദിച്ചു: നിങ്ങൾക്ക്, എത്രയപ്പമുണ്ട്? ചെന്നുനോക്കുവിന്‍. അവര്‍ നോക്കിയിട്ടു പറഞ്ഞു: അഞ്ച്, രണ്ടു മീനും.
39: എല്ലാവരും പച്ചപ്പുല്‍ത്തകിടിയില്‍ കൂട്ടംകൂട്ടമായി ഇരിക്കാന്‍ അവന്‍ നിര്‍ദ്ദേശംനല്കി.
40: നൂറും അമ്പതുംവീതമുള്ള പന്തികളിലായി അവരിരുന്നു.
41: അവന്‍ അഞ്ചപ്പവും രണ്ടു മീനുമെടുത്ത്, സ്വര്‍ഗ്ഗത്തിലേക്കു നോക്കി, വാഴ്ത്തി, അപ്പം മുറിച്ചശേഷം അവർക്കു വിളമ്പാന്‍ ശിഷ്യന്മാരെയേല്പിച്ചു. ആ രണ്ടു മീനും അവനെല്ലാവര്‍ക്കുമായി വിഭജിച്ചു.
42: അവരെല്ലാവരും ഭക്ഷിച്ചുതൃപ്തരായി.
43: ബാക്കിവന്ന അപ്പക്കഷണങ്ങളും മീനും പന്ത്രണ്ടു കുട്ടനിറയെ അവര്‍ ശേഖരിച്ചു.
44: അപ്പംഭക്ഷിച്ചവര്‍ അയ്യായിരം പുരുഷന്മാരായിരുന്നു.

യേശു വെള്ളത്തിനുമീതെ നടക്കുന്നു
45: ജനക്കൂട്ടത്തെ പിരിച്ചുവിടുമ്പോഴേക്കും വഞ്ചിയില്‍ക്കയറി തനിക്കുമുമ്പേ മറുകരയിലുള്ള ബേത്സയ്ദായിലേക്കുപോകാന്‍ അവനുടനെ ശിഷ്യന്മാരെ നിര്‍ബന്ധിച്ചു.
46: ആളുകളോടു യാത്രപറഞ്ഞശേഷം അവന്‍ പ്രാര്‍ത്ഥിക്കാന്‍ മലയിലേക്കുപോയി.
47: വൈകുന്നേരമായപ്പോള്‍ വഞ്ചി നടുക്കടലിലായിരുന്നു; അവന്‍ തനിച്ചു കരയിലും.
48: അവര്‍ വഞ്ചിതുഴഞ്ഞ്, അവശരായെന്ന് അവന്‍ മനസ്സിലാക്കി. കാരണം, കാറ്റു പ്രതികൂലമായിരുന്നു. ഏകദേശം, രാത്രി നാലാംയാമത്തില്‍ അവന്‍ കടലിനുമീതേ നടന്ന് അവരുടെയടുത്തെത്തി, അവരെക്കടന്നുപോകാന്‍ ഭാവിച്ചു.
49: അവന്‍ കടലിനുമീതേ നടക്കുന്നതുകണ്ട്, അതൊരു ഭൂതമായിരിക്കുമെന്നുകരുതി അവര്‍ നിലവിളിച്ചു.
50: എന്തെന്നാൽ, അവരെല്ലാവരും അവനെക്കണ്ടു പരിഭ്രമിച്ചിരുന്നു. ഉടനെ അവനവരോടു സംസാരിച്ചു: ധൈര്യത്തോടെയിരിക്കുവിന്‍, ഞാനാകുന്നു; ഭയപ്പെടേണ്ടാ.
51: അവനവരുടെയടുക്കലേക്ക്, വഞ്ചിയിലേക്കു കയറി. അപ്പോള്‍ കാറ്റു ശമിച്ചു. അവര്‍ അത്യന്തം ആശ്ചര്യഭരിതരായി.
52: കാരണം, അപ്പത്തെക്കുറിച്ച് അവര്‍ ഗ്രഹിച്ചിരുന്നില്ല. അവരുടെ ഹൃദയം കഠിനമാക്കപ്പെട്ടിരുന്നു.

ഗനേസറത്തിലെ അദ്ഭുതങ്ങള്‍
53: അവര്‍ അക്കരെകടന്ന്, ഗനേസറത്തിലെത്തി, വഞ്ചിയടുപ്പിച്ചു.
54: അവർ വഞ്ചിയിൽനിന്നു പുറത്തിറങ്ങിയപ്പോള്‍ ആളുകളവനെ, ഉടനെ തിരിച്ചറിഞ്ഞു.
55: അവര്‍ സമീപപ്രദേശങ്ങളിലെല്ലാം ഓടിനടന്ന്, രോഗികളെ കിടക്കയിലെടുത്ത്, അവനുണ്ടെന്നുകേട്ടിടത്തേക്കു കൊണ്ടുവരാന്‍തുടങ്ങി.
56: ഗ്രാമങ്ങളിലോ, നഗരങ്ങളിലോ, നാട്ടിന്‍പുറങ്ങളിലോ, അവന്‍ ചെന്നിടത്തൊക്കെ, ആളുകള്‍ രോഗികളെക്കൊണ്ടുവന്ന്, പൊതുസ്ഥലങ്ങളില്‍ക്കിടത്തി, അവന്റെ വസ്ത്രത്തിന്റെ വിളുമ്പിലെങ്കിലും സ്പര്‍ശിക്കാനനുവദിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടിരുന്നു. അവനെത്തൊട്ടവരെല്ലാം സുഖംപ്രാപിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ