ഇരുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടാം ദിവസം: ലൂക്കാ 2 - 3


അദ്ധ്യായം 2

യേശുവിന്റെ ജനനം
1: അക്കാലത്ത്, ലോകനിവാസികളെല്ലാം പേരെഴുതിക്കണമെന്ന് അഗസ്റ്റസ് സീസറില്‍നിന്നു കല്പനപുറപ്പെട്ടു.
2: 
സിറിയായില്‍ ക്വിരിനിയോസ് ദേശാധിപതിയായിരിക്കുമ്പോള്‍,  ഒന്നാമത്തെ പേരെഴുത്തുനടന്നു.
3: പേരെഴുതിക്കാൻ ഓരോരുത്തരും താന്താങ്ങളുടെ നഗരങ്ങളിലേക്കുപോയി.
4: ദാവീദിന്റെ കുടുംബത്തിലും കുലത്തിലുംപെട്ടവനായിരുന്നതിനാല്‍, 
ജോസഫ്, ഗലീലിയിലെ നസറത്ത് എന്ന നഗരത്തില്‍നിന്നു യൂദയായില്‍ ദാവീദിന്റെ നഗരമായ ബേത്‌ലെഹെമിലേക്ക്, 
5: തനിക്കു വിവാഹംനിശ്ചയിച്ചിരുന്ന ര്‍ഭിണിയായ മറിയത്തോടുകൂടെ പേരെഴുതിക്കാൻ പോയി.
6: അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവദിവസമായി. അവള്‍ തന്റെ ആദ്യജാതനെ പ്രസവിച്ചു.
7: അവനെ പിള്ളക്കച്ചപൊതിഞ്ഞു പുല്‍ത്തൊട്ടിയില്‍ക്കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലമില്ലായിരുന്നു.

ആട്ടിടയന്മാര്‍ക്കുലഭിച്ച സന്ദേശം
8: ആ പ്രദേശത്തെ വയലുകളില്‍, തങ്ങളുടെ ആടുകൾക്ക്, രാത്രി കാവലിരിക്കുന്ന ഇടയന്മാരുണ്ടായിരുന്നു.
9: കര്‍ത്താവിന്റെ ദൂതന്‍ അവരുടെയടുത്തെത്തി. കര്‍ത്താവിന്റെ മഹത്വം അവർക്കുചുറ്റും പ്രകാശിച്ചു. അവര്‍ അത്യധികം ഭയപ്പെട്ടു.
10: ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകലജനത്തിനും ഉണ്ടാകാനുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെയറിയിക്കുന്നു.
11: നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു 
ദാവീദിന്റെ നഗരത്തില്‍  ജനിച്ചിരിക്കുന്നു.
12: നിങ്ങള്‍ക്കുള്ള അടയാളമിതാണ്: പിള്ളക്കച്ചപൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ക്കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കണ്ടെത്തും.
13: പെട്ടെന്ന്, സ്വര്‍ഗ്ഗീയസൈന്യത്തിന്റെ ഒരു വ്യൂഹം, ദൂതനോടൊത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു:
14: അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം!
15: ദൂതന്മാര്‍ അവരെവിട്ട്, സ്വര്‍ഗ്ഗത്തിലേക്കുപോയപ്പോള്‍ ആട്ടിടയന്മാര്‍ പരസ്പരംപറഞ്ഞു: നമുക്കു ബേത്‌ലെഹെംവരെ പോകാം. കര്‍ത്താവു നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം.
16: അവര്‍ തിടുക്കപ്പെട്ടുപോയി, മറിയത്തെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ശിശുവിനേയും കണ്ടെത്തി. 
17: കണ്ടെത്തിയപ്പോൾ, ശിശുവിനെപ്പറ്റി, തങ്ങളോടു പറഞ്ഞിരുന്ന കാര്യങ്ങള്‍ അവര്‍ മറ്റുള്ളവരെ അറിയിച്ചു.
18: അതുകേട്ടവരെല്ലാം ഇടയന്മാര്‍ തങ്ങളോടു പറഞ്ഞതിനേപ്പറ്റി അദ്‌ഭുതപ്പെട്ടു. 
19: മറിയമാകട്ടെ കാര്യങ്ങളെല്ലാം ഹൃദയത്തില്‍സംഗ്രഹിച്ച്, ധ്യാനിച്ചുകൊണ്ടിരുന്നു.
20: തങ്ങളോടു പറയപ്പെട്ടപോലെ, കാണുകയും കേള്‍ക്കുകയുംചെയ്ത സകലത്തേയുംകുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയുംചെയ്തുകൊണ്ട് ആ ഇടയന്മാര്‍ തിരിച്ചുപോയി.

പരിച്ഛേദനം, സമര്‍പ്പണം
21: 
വന്റെ പരിച്ഛേദനത്തിനുള്ള എട്ടുദിവസങ്ങൾ പൂർത്തിയായപ്പോള്‍, അവന്‍ ഗര്‍ഭത്തില്‍ ഉരുവാകുന്നതിനുമുമ്പ്, ദൂതന്‍വിളിച്ച, യേശു എന്ന പേര് അവനു നല്കി.
22: മോശയുടെ നിയമമനുസരിച്ച്, അവരുടെ ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍പൂര്‍ത്തിയായപ്പോള്‍, അവരവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി.
23: ഇതാകട്ടെ, ആദ്യംപിറക്കുന്ന ആണ്‍കുട്ടി, കര്‍ത്താവിന്റെ പരിശുദ്ധനെന്നു വിളിക്കപ്പെടണമെന്ന്, 
കര്‍ത്താവിന്റെ നിയമത്തില്‍ എഴുതിയിട്ടുള്ളതനുസരിച്ചും 
24: ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ബലിയര്‍പ്പിക്കണ
മെന്ന്, കര്‍ത്താവിന്റെ നിയമത്തില്‍ പറഞ്ഞിട്ടുള്ളതനുസരിച്ചുമാണ്.

ശിമയോനും അന്നായും
25: ജറുസലെമില്‍ ശിമയോന്‍ എന്നൊരുവനുണ്ടായിരുന്നു. അവന്‍ നീതിമാനും ഭക്തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനുമായിരുന്നു. പരിശുദ്ധാത്മാവ് അവന്റെമേലുണ്ടായിരുന്നു.
26: കര്‍ത്താവിന്റെ അഭിഷിക്തനെക്കാണുന്നതുവരെ മരിക്കുകയില്ലെന്ന് പരിശുദ്ധാത്മാവ് അവനു വെളിപ്പെടുത്തിയിരുന്നു.
27: 
അവന്‍, പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്ഠാനത്തിന്, ശിശുവായ യേശുവിനെ മാതാപിതാക്കന്മാര്‍ കൊണ്ടുവന്നു.
28: അപ്പോൾ ശിമയോന്‍ വനെ കൈകളിൽ സ്വീകരിച്ച്, ദൈവത്തെ വാഴ്ത്തിക്കൊണ്ടു പറഞ്ഞു:
29: കര്‍ത്താവേ, 
ഇപ്പോള്‍ നിന്റെ ദാസനെ നിന്റെ വാക്കനുസരിച്ച്,  സമാധാനത്തില്‍ വിട്ടയയ്ക്കണമേ!
30, 31:  എന്തെന്നാല്‍, സകലജനത്തിന്റെയുംമുമ്പിൽ നീയൊരുക്കിയിട്ടുള്ള നിന്റെ രക്ഷ എന്റെ കണ്ണുകള്‍ കണ്ടുവല്ലോ.
32: അതു വിജാതീയര്‍ക്കു വെളിപാടിന്റെ പ്രകാശവും നിന്റെ ജനമായ ഇസ്രായേലിന്റെ മഹിമയുമാണ്.
33: അവനെക്കുറിച്ചു പറഞ്ഞവകേട്ട്, അവന്റെ പിതാവും മാതാവും അദ്ഭുതപ്പെട്ടു.
34: ശിമയോന്‍ അവരെയനുഗ്രഹിച്ചുകൊണ്ട്, അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ അനേകരുടെ വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും എതിർക്കപ്പെടുന്ന 
അടയാളത്തിനുമായി നിയോഗിക്കപ്പെട്ടിരിക്കുന്നു.
35: നിന്റെതന്നെ ആത്മാവിലൂടെ ഒരു വാള്‍ തുളച്ചുകയറും. - അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടാൻവേണ്ടിയാണത്. 
36: ഫനുവേലിന്റെ പുത്രിയും ആഷേര്‍വംശജയുമായ അന്നാ എന്ന പ്രവാചികയും അവിടെയുണ്ടായിരുന്നു. അവൾ വയോവൃദ്ധയായിരുന്നു. കന്യാപ്രായംമുതല്‍ ഏഴുവര്‍ഷം വിവാഹിതയായി ജീവിച്ചു.
37: എണ്‍പത്തിനാലുവയസ്സുള്ള ഈ വിധവ, ദേവാലയംവിട്ടുപോകാതെ, രാപകല്‍ 
ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ആരാധിച്ചുകഴിയുകയായിരുന്നു.
38: അവള്‍ ആ സമയം മുമ്പോട്ടുവന്നു ദൈവത്തെ സ്തുതിക്കുകയും ജറുസലെമില്‍, വീണ്ടെടുപ്പു പ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും അവനെക്കുറിച്ചു സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു.
39: കര്‍ത്താവിന്റെ നിയമപ്രകാരം എല്ലാം നിവര്‍ത്തിച്ചശേഷം, അവര്‍ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്കു മടങ്ങി.
40: ശിശു വളര്‍ന്നു
കൊണ്ടിരുന്നു. ജ്ഞാനംനിറഞ്ഞു ശക്തിപ്പെട്ടുകൊണ്ടുമിരുന്നു. ദൈവത്തിന്റെ കൃപ അവന്റെമേലുണ്ടായിരുന്നു.

ബാലനായ യേശു ദേവാലയത്തില്‍
41: 
അവന്റെ മാതാപിതാക്കന്മാര്‍ ആണ്ടുതോറും പെസഹാത്തിരുനാളിനു ജറുസലെമിലേക്കു പോകുമായിരുന്നു.
42: അവനു പന്ത്രണ്ടുവയസ്സായപ്പോള്‍, ആചാരമനുസരിച്ച്, അവര്‍ തിരുനാളിനുപോയി.
43: തിരുനാള്‍ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവര്‍ മടങ്ങിപ്പോന്നു. ബാലനായ യേശുവാകട്ടെ, ജറുസലെമില്‍ത്തങ്ങി; മാതാപിതാക്കന്മാര്‍ അതറിഞ്ഞില്ല.
44: അവന്‍ യാത്രാസംഘത്തിന്റെ കൂടെക്കാണുമെന്നുവിചാരിച്ച്, അവര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുക്കളുടെയും പരിചയക്കാരുടെയുമിടയില്‍ അവനെ
യന്വേഷിച്ചു. 
45: എന്നാൽ കാണായ്കയാല്‍, അവനെത്തിരക്കി അവര്‍ ജറുസലെമിലേക്കു തിരിച്ചുപോയി.
46: മൂന്നുദിവസങ്ങള്‍ക്കുശേഷം അവരവനെ ദേവാലയത്തില്‍ കണ്ടെത്തി. അവന്‍ വേദശാസ്ത്രികളുടെ ഇടയിലിരുന്ന്, അവരെ കേള്‍ക്കുകയും അവരോടു ചോദ്യങ്ങളുന്നയിക്കുകയും ചെയ്യുകയായിരുന്നു.
47: കേട്ടവരെല്ലാം അവന്റെ ഉൾക്കാഴ്ചയിലും മറുപടികളിലും അദ്ഭുതപ്പെട്ടു.
48: അവനെക്കണ്ടപ്പോള്‍ മാതാപിതാക്കന്മാർ വിസ്മയിച്ചു. അവന്റെയമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെചെയ്തതെന്ത്? നിന്റെ പിതാവും ഞാനും അതീവം വ്യസനിച്ചുകൊണ്ട്, നിന്നെയന്വേഷിക്കുകയായിരുന്നു. അവനവരോടു ചോദിച്ചു:
49: നിങ്ങളെന്നെയന്വേഷിച്ചതെന്തിന്? ഞാനെന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്നു നിങ്ങളറിഞ്ഞിരുന്നില്ലേ?
50: അവന്‍ തങ്ങളോടു പറഞ്ഞ വാക്ക്, അവര്‍ ഗ്രഹിച്ചില്ല.
51: അവനവരോടൊപ്പമിറങ്ങി, നസറത്തില്‍ വന്ന്, അവര്‍ക്കു വിധേയനായി കഴിഞ്ഞു. അവന്റെയമ്മയാകട്ടെ, ഇക്കാര്യങ്ങളെല്ലാം തന്റെ ഹൃദയത്തില്‍ സംഗ്രഹിച്ചുകൊണ്ടിരുന്നു.
52: യേശു, ജ്ഞാനത്തിലും ആകാരത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ വളര്‍ന്നുവന്നു.

അദ്ധ്യായം 3 

സ്നാപകന്റെ പ്രഭാഷണം 
1: തിബേരിയൂസ് സീസറിന്റെ പതിനഞ്ചാംഭരണവര്‍ഷം പൊന്തിയൂസ് പീലാത്തോസ്‌ യൂദയായുടെ ദേശാധിപതിയും ഹേറോദേസ് ഗലീലിയുടെയും അവന്റെ സഹോദരന്‍ പീലിപ്പോസ് ഇത്തൂറിയ, ത്രാക്കോണിത്തിസ്പ്രദേശങ്ങളുടെയും ലിസാനിയോസ് അബിലേനെയുടെയും ഭരണാധിപന്മാരും,
2: അന്നാസും കയ്യാഫാസും പ്രധാനപുരോഹിതന്മാരുമായിരിക്കേ, സഖറിയായുടെ പുത്രനായ യോഹന്നാന്, മരുഭൂമിയില്‍വച്ചു ദൈവത്തിന്റെ അരുളപ്പാടുണ്ടായി.
3: അവന്‍ പാപമോചനത്തിനുള്ള മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചുകൊണ്ട്, ജോര്‍ദ്ദാന്റെ സമീപത്തുള്ള എല്ലാപ്രദേശങ്ങളിലേക്കും വന്നു.
4: ഏശയ്യാപ്രവാചകന്റെ വചനങ്ങളുടെ പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നപോലെ, മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം: കര്‍ത്താവിന്റെ വഴിയൊരുക്കുവിന്‍; 
അവന്റെ പാതകൾ നേരെയാക്കുവിന്‍. 
5: ഓരോ താഴ്‌വരയും നികത്തപ്പെടും, ഓരോ പർവ്വതവും കുന്നും താഴ്ത്തപ്പെടും, വളഞ്ഞവ നേരെയാക്കപ്പെടും, ദുർഘടമായവഴികൾ സുഗമമാക്കപ്പെടും.
6: സകലമനുഷ്യരും ദൈവത്തിന്റെ രക്ഷകാണും.
7: അവനിൽനിന്ന്, സ്നാനംസ്വീകരിക്കാന്‍വന്നിരുന്ന ജനക്കൂട്ടത്തോട് അവന്‍ ചോദിച്ചു: അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന്, ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പുനല്കിയതാരാണ്?
8: മാനസാന്തരത്തിനുയോജിച്ച ഫലങ്ങള്‍പുറപ്പെടുവിക്കുവിന്‍. ഞങ്ങള്‍ക്കു പിതാവായി അബ്രാഹമുണ്ട് എന്നുള്ളിൽപ്പറയാൻ നിങ്ങൾ തുനിയരുത്. കാരണം, ഈ കല്ലുകളില്‍നിന്ന്, അബ്രാഹാമിനു മക്കളെപ്പുറപ്പെടുവിക്കാന്‍ ദൈവത്തിനുകഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
9: വൃക്ഷങ്ങളുടെ കടയ്ക്കൽ കോടാലിവയ്ക്കപ്പെട്ടുകഴിഞ്ഞു. നല്ലഫലംനല്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി, തീയിലെറിയപ്പെടും.
10: ജനക്കൂട്ടം അവനോടു ചോദിച്ചു: അതുകൊണ്ട്, ഞങ്ങളെന്താണു ചെയ്യേണ്ടത്?
11: അവന്‍ പറഞ്ഞു: രണ്ടുടുപ്പുള്ളവന്‍ ഒന്നുമില്ലാത്തവനുമായി പങ്കുവയ്‌ക്കട്ടെ. ഭക്ഷണമുള്ളവനും ഇതുപോലെചെയ്യട്ടെ.
12: ചുങ്കക്കാരും സ്നാനപ്പെടാൻ വന്നു. അവരും അവനോടു ചോദിച്ചു: ഗുരോ, ഞങ്ങളെന്തുചെയ്യണം?
13: അവനവരോടു പറഞ്ഞു: നിങ്ങളോടാജ്ഞാപിച്ചിട്ടുള്ളതില്‍ക്കൂടുതല്‍ ഈടാക്കരുത്.
14: പടയാളികളും അവനോടു ചോദിച്ചു: ഞങ്ങളെന്തു ചെയ്യണം? അവനവരോടു പറഞ്ഞു: നിങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തരുത്. വ്യാജമായി കുറ്റമാരോപിക്കരുത്. വേതനംകൊണ്ടു തൃപ്തിപ്പെടണം.
15: പ്രതീക്ഷയോടെയിരുന്ന ജനമെല്ലാം, ഇവന്‍തന്നെയോ ക്രിസ്തു എന്നു യോഹന്നാനെപ്പറ്റി ഹൃദയത്തിൽ വിചാരിച്ചുകൊണ്ടിരുന്നു.
16: യോഹന്നാൻ എല്ലാവരോടും മറുപടിയായിപ്പറഞ്ഞു: ഞാന്‍ നിങ്ങളെ ജലംകൊണ്ടു സ്നാനപെടുത്തുന്നു. എന്നേക്കാള്‍ ശക്തനായ ഒരുവന്‍ വരുന്നു. അവന്റെ ചെരിപ്പിന്റെ വാറഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല. അവന്‍ പരിശുദ്ധാത്മാവാലും അഗ്നിയാലും നിങ്ങളെ സ്നാനപെടുത്തും..
17: വീശുമുറം അവന്റെ കൈയിലുണ്ട്. അവന്‍ കളംവെടിപ്പാക്കി, ഗോതമ്പ്, അറപ്പുരയില്‍ ശേഖരിക്കുകയും പതിര്, കെടാത്തതീയില്‍ ദഹിപ്പിക്കുകയുംചെയ്യും.
18: ഇതുപോലെ, മറ്റുപലതും ഉദ്‌ബോധിപ്പിച്ചുകൊണ്ട്, അവന്‍ ജനത്തെ സദ്വാര്‍ത്തയറിയിച്ചു.

യോഹന്നാന്‍ കാരാഗൃഹത്തില്‍
19: യോഹന്നാന്‍, ഭരണാധികാരിയായ, ഹേറോദേസിനെ അവന്റെ സഹോദരഭാര്യയായ ഹേറോദിയാനിമിത്തവും അവന്‍ചെയ്തിരുന്ന മറ്റെല്ലാ ദുഷ്ടതകളുടെപേരിലും കുറ്റപ്പെടുത്തിയിരുന്നു.
20: ഹേറോദേസാകട്ടെ, എല്ലാറ്റിനോടുംകൂടെ ഇതുംചേർത്ത്, യോഹന്നാനെ കാരാഗൃഹത്തിലടച്ചു; 

യേശുവിന്റെ അഭിഷേകം 
21: ജനമെല്ലാം സ്നാനപ്പെട്ടപ്പോൾ യേശുവും സ്നാനപ്പെട്ടു. അവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു.
22: പരിശുദ്ധാത്മാവു പ്രാവിന്റെ ഗാത്രരൂപത്തില്‍ അവന്റെമേലിറങ്ങി വന്നു. സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടായി: നീ എന്റെ പ്രിയപുത്രനാകുന്നു; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.

യേശുവിന്റെ വംശാവലി
23: പരസ്യജീവിതമാരംഭിക്കുമ്പോള്‍ യേശുവിന് ഏകദേശം മുപ്പതു വയസ്സായിരുന്നു. അവന്‍ ജോസഫിന്റെ മകനാണെന്നു കരുതപ്പെട്ടിരുന്നു. ജോസഫ് ഹേലിയുടെ പുത്രനായിരുന്നു.
24: ഹേലി, മത്താത്തിന്റെയും മത്താത്ത്, ലേവിയുടെയും ലേവി, മെല്ക്കിയുടെയും മെല്ക്കി, യാന്നിയുടെയും യാന്നി, ജോസഫിന്റെയും പുത്രന്‍.
25: ജോസഫ്, മത്താത്തിയായുടെയും മത്താത്തിയാ, ആമോസിന്റെയും ആമോസ്, നാവൂമിന്റെയും നാവൂം, ഹെസ്‌ലിയുടെയും ഹെസ്‌ലി, നഗ്ഗായിയുടെയും പുത്രന്‍.
26: നഗ്ഗായി, മാത്തിന്റെയും മാത്ത്, മത്താത്തിയായുടെയും മത്താത്തിയാ, സെമയിന്റെയും സെമയിന്‍, യോസേക്കിന്റെയും യോസേക്ക്, യോദായുടെയും പുത്രന്‍.
27: യോദ, യോഹന്നാന്റെയും യോഹന്നാന്‍, റേസായുടെയും റേസാ, സെറുബാബേലിന്റെയും സെറുബാബേല്‍, സലാത്തിയേലിന്റെയും സലാത്തിയേല്‍, നേരിയുടെയും പുത്രന്‍.
28: നേരി, മെല്‍ക്കിയുടെയും മെല്‍ക്കി, അദ്ദിയുടെയും അദ്ദി, കോസാമിന്റെയും കോസാം, എല്‍മാദാമിന്റെയും എല്‍മാദാം, ഏറിന്റെയും പുത്രന്‍.
29: ഏര്‍, ജോഷ്വായുടെയും ജോഷ്വാ, എലിയേസറിന്റെയും എലിയേസര്‍, യോറീമിന്റെയും യോറീം, മത്താത്തിന്റെയും മത്താത്ത്, ലേവിയുടെയും പുത്രന്‍.
30: ലേവി, ശിമയോന്റെയും ശിമയോന്‍, യൂദായുടെയും യൂദാ, ജോസഫിന്റെയും ജോസഫ്, യോനാമിന്റെയും യോനാം, ഏലിയാക്കിമിന്റെയും പുത്രന്‍.
31: ഏലിയാക്കീം, മെലെയായുടെയും മെലെയാ, മെന്നായുടെയും മെന്നാ, മത്താത്തായുടെയും മത്താത്താ, നാഥാന്റെയും നാഥാന്‍, ദാവീദിന്റെയും പുത്രന്‍.
32: ദാവീദ്, ജസ്സെയുടെയും ജസ്സെ, ഓബദിന്റെയും ഓബദ്, ബോവാസിന്റെയും ബോവാസ്, സാലായുടെയും സാലാ, നഹഷോന്റെയും പുത്രന്‍.
33: നഹഷോന്‍ അമിനാദാബിന്റെയും അമിനാദാബ്, അദ്മിന്റെയും അദ്മിന്‍, അര്‍നിയുടെയും അര്‍നി, ഹെസ്‌റോന്റെയും ഹെസ്‌റോന്‍, പേരെസിന്റെയും പേരെസ്, യൂദായുടെയും പുത്രന്‍.
34: യൂദാ, യാക്കോബിന്റെയും യാക്കോബ്, ഇസഹാക്കിന്റെയും ഇസഹാക്ക്, അബ്രാഹമിന്റെയും അബ്രാഹം, തേരായുടെയും തേരാ നാഹോറിന്റെയും പുത്രന്‍.
35: നാഹോര്‍ സെറൂഹിന്റെയും സെറൂഹ്, റവുവിന്റെയും റവു, പേലെഗിന്റെയും പേലെഗ്, ഏബറിന്റെയും ഏബര്‍, ഷേലായുടെയും പുത്രന്‍.
36: ഷേലാ, കൈനാന്റെയും കൈനാന്‍, അര്‍ഫക്സാദിന്റെയും അര്‍ഫക്സാദ്, ഷേമിന്റെയും ഷേം, നോഹയുടെയും നോഹ, ലാമെക്കിന്റെയും പുത്രന്‍.
37: ലാമെക്ക്, മെത്തുസേലഹിന്റെയും മെത്തുസേലഹ് ഹെനോക്കിന്റെയും ഹെനോക്ക്,‌ യാരെദിന്റെയും യാരെദ്, മഹലലേലിന്റെയും മഹലലേല്‍, കൈനാന്റെയും പുത്രന്‍.
38: കൈനാന്‍, ഏനോസിന്റെയും ഏനോസ്, സേത്തിന്റെയും സേത്ത്, ആദാമിന്റെയും ആദം ദൈവത്തി
ന്റെയും പുത്രന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ