ഇരുന്നൂറ്റിത്തൊണ്ണൂറ്റിയൊമ്പതാം ദിവസം: ലൂക്കാ 17 - 18


അദ്ധ്യായം 17

ശിഷ്യര്‍ക്ക് ഉപദേശങ്ങള്‍
1: അവന്‍ തന്റെ ശിഷ്യന്മാരോടു പറഞ്ഞു: ഇടർച്ചകളുണ്ടാകാതിരിക്കുക അസാദ്ധ്യം. എന്നാല്‍, ആരുമൂലം അവയുണ്ടാകുന്നുവോ അവനു ദുരിതം!
2: ഈ ചെറിയവരിലൊരുവന്, ഇടർച്ചനല്കുന്നതിനെക്കാള്‍, കഴുത്തില്‍ തിരികല്ലുകെട്ടി കടലിലെറിയപ്പെടുന്നതാണു നല്ലത്.
3: ശ്രദ്ധിച്ചുകൊള്ളുവിന്‍. നിന്റെ സഹോദരന്‍ തെറ്റുചെയ്താല്‍ അവനെ ശാസിക്കുക; പശ്ചാത്തപിച്ചാല്‍ അവനോടു ക്ഷമിക്കുക.
4: ദിവസത്തില്‍ ഏഴുപ്രാവശ്യം അവന്‍ നിനക്കെതിരായി പാപംചെയ്യുകയും ഏഴുപ്രാവശ്യവും തിരിച്ചുവന്ന്, ഞാന്‍ പശ്ചാത്തപിക്കുന്നെന്നു പറയുകയുംചെയ്താല്‍ നീ അവനോടു ക്ഷമിക്കണം.
5: അപ്പോള്‍ അപ്പസ്‌തോലന്മാര്‍ കര്‍ത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ!
6: കര്‍ത്താവു പറഞ്ഞു: നിങ്ങള്‍ക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍വൃക്ഷത്തോട്, കടയോടെയിളകി, കടലില്‍ച്ചെന്നു വേരുറയ്ക്കുകയെന്നു പറഞ്ഞാല്‍ അതു നിങ്ങളെയനുസരിക്കും.
7: നിങ്ങളുടെ ഒരു ഭൃത്യന്‍ ഉഴുകുകയോ ആടുമേയിക്കുകയോചെയ്തിട്ടു വയലില്‍നിന്നു വരുമ്പോള്‍ അവനോട്, നീ ഉടനേവന്നു ഭക്ഷണത്തിനിരിക്കുകയെന്നു നിങ്ങളിലാരെങ്കിലും പറയുമോ?
8:  നിങ്ങളിങ്ങനെയല്ലേ അവനോടു പറയുക: എനിക്കു ഭക്ഷിക്കാൻ എന്തെങ്കിലും തയ്യാറാക്കുക. ഞാന്‍ തിന്നുകയും കുടിക്കുകയുംചെയ്യുന്നതുവരെ, അരമുറുക്കി എന്നെ പരിചരിക്കുക; അതിനുശേഷം നിനക്കു തിന്നുകയും കുടിക്കുകയുംചെയ്യാം.
9: കല്പിക്കപ്പെട്ടതു ചെയ്തതുകൊണ്ട്, ദാസനോടു നിങ്ങള്‍ നന്ദിപറയുമോ?
10: ഇതുപോലെതന്നെ നിങ്ങളും കല്പിക്കപ്പെട്ടവയെല്ലാം ചെയ്തശേഷം, ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്മാരാണ്; കടപെട്ടതു ചെയ്തതേയുള്ളു എന്നു പറയുവിന്‍.

പത്തു കുഷ്ഠരോഗികള്‍
11: ജറൂസലെമിലേക്കുയാത്രചെയ്യുമ്പോൾ, അവന്‍ സമരിയായ്ക്കും ഗലീലിക്കുംമദ്ധ്യേകൂടെ കടന്നുപോവുകയായിരുന്നു.
12: അവന്‍, ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ അകലെനിന്നിരുന്ന പത്തു കുഷ്ഠരോഗികള്‍ അവനെക്കണ്ടുമുട്ടി.
13: അവര്‍ സ്വരമുയര്‍ത്തി, യേശുവേ, ഗുരോ, ഞങ്ങളില്‍ക്കനിയണമേ എന്നപേക്ഷിച്ചു.
14: അവരെക്കണ്ടപ്പോള്‍ അവന്‍ പറഞ്ഞു: പോയി നിങ്ങളെത്തന്നെ പുരോഹിതന്മാര്‍ക്കു കാണിച്ചുകൊടുക്കുവിന്‍. പോകുംവഴി അവര്‍ ശുദ്ധരാക്കപ്പെട്ടു.
15: അവരിലൊരുവന്‍ , താന്‍ രോഗവിമുക്തനായി എന്നുകണ്ട് വലിയസ്വരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു തിരിച്ചുവന്നു.
16: അവന്‍ യേശുവിന്റെ കാല്‍ക്കല്‍ കമിഴ്ന്നുവീണു നന്ദിപറഞ്ഞു. അവനൊരു സമരിയാക്കാരനായിരുന്നു.
17: യേശു ചോദിച്ചു: പത്തുപേരല്ലേ ശുദ്ധരാക്കപ്പെട്ടത്? ബാക്കി ഒമ്പതുപേരെവിടെ?
18: തിരിച്ചുവന്നു ദൈവത്തിനു മഹത്വംകൊടുക്കാൻ ഈ വിജാതീയനെയല്ലാതെ മറ്റാരെയും കണ്ടില്ലല്ലോ!
19: അനന്തരം, യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു പൊയ്‌ക്കൊള്ളുക. നിന്റെ വിശ്വാസം, നിന്നെ രക്ഷിച്ചിരിക്കുന്നു.

മനുഷ്യപുത്രന്റെ ആഗമനം
20: ദൈവരാജ്യം എപ്പോഴാണു വരുന്നതെന്നു ഫരിസേയര്‍ ചോദിച്ചതിന്, അവന്‍ മറുപടി പറഞ്ഞു: ബാഹ്യമായി കാണത്തക്കവിധമല്ല, ദൈവരാജ്യം വരുന്നത്.
21: ഇതാ ഇവിടെ, ഇതാ അവിടെ എന്നാരും പറയുകയുമില്ല. എന്തെന്നാല്‍, ദൈവരാജ്യം നിങ്ങളുടെയിടയിലുണ്ട്.
22: അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: മനുഷ്യപുത്രന്റെ ദിവസങ്ങളിലൊന്നുകാണാന്‍ നിങ്ങളാഗ്രഹിക്കുന്ന സമയംവരും. എന്നാല്‍, നിങ്ങള്‍ കാണുകയില്ല.
23: ഇതാ അവിടെ, ഇതാ ഇവിടെ എന്ന്, അവര്‍ നിങ്ങളോടു പറയും. നിങ്ങള്‍ പോകരുത്. അവരെ നിങ്ങള്‍ പിന്തുടരുകയുമരുത്.
24: ആകാശത്തിന്റെ ഒരറ്റത്തുനിന്നു മറ്റേയറ്റത്തേക്കു പായുന്ന മിന്നല്‍പ്പിണര്‍പോലെയായിരിക്കും തന്റെ ദിവസത്തില്‍ മനുഷ്യപുത്രനും.
25: എന്നാല്‍, ആദ്യമേ അവന്‍ വളരെയധികം സഹിക്കുകയും ഈ തലമുറയാല്‍ ഉപേക്ഷിക്കപ്പെടുകയും വേണ്ടിയിരിക്കുന്നു.
26: നോഹയുടെ ദിവസങ്ങളില്‍ സംഭവിച്ചതെങ്ങനെയോ അങ്ങനെയായിരിക്കും മനുഷ്യപുത്രന്റെ ദിവസങ്ങളിലും.
27: നോഹ, പെട്ടകത്തില്‍ പ്രവേശിക്കുകയും ജലപ്രളയംവന്നു സകലതും നശിപ്പിക്കുകയുംചെയ്തതുവരെ, അവര്‍ തിന്നും കുടിച്ചും വിവാഹംചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞിരുന്നു.
28: ലോത്തിന്റെ നാളുകളിലും അങ്ങനെതന്നെയായിരുന്നു- അവര്‍ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്ക്കുകയും നടുകയും വീടുപണിയുകയും ചെയ്തുകൊണ്ടിരുന്നു.
29: പക്ഷേ, ലോത്തു സോദോമില്‍നിന്ന് ഓടിപ്പോയ ദിവസം, സ്വര്‍ഗ്ഗത്തില്‍നിന്നു തീയും ഗന്ധകവും പെയ്യിച്ച്, അവരെയെല്ലാം നശിപ്പിച്ചു.
30: ഇപ്രകാരംതന്നെയായിരിക്കും മനുഷ്യപുത്രന്‍ വെളിപ്പെടുന്ന ദിവസത്തിലും.
31: ആ ദിവസം പുരമുകളിലായിരിക്കുന്നവന്‍ വീട്ടിനകത്തുള്ള തന്റെ സാധനങ്ങളെടുക്കാന്‍ താഴേയ്ക്കിറങ്ങരുത്. അതുപോലെ വയലിലായിരിക്കുന്നവനും പിന്നിലുള്ളവയിലേക്കു തിരിയരുത്.
32: ലോത്തിന്റെ ഭാര്യയെ ഓര്‍ക്കുക.
33: തന്റെ ജീവന്‍ സംരക്ഷിക്കാന്‍ പരിശ്രമിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും. എന്നാല്‍, അതു നഷ്ടപ്പെടുത്തുന്നവന്‍ ജീവന്‍ നിലനിറുത്തും.
34: ഞാന്‍ നിങ്ങളോടു പറയുന്നു: ആ രാത്രി ഒരു കട്ടിലില്‍ രണ്ടുപേരുണ്ടായിരിക്കും. ഒരാളെടുക്കപ്പെടും; മറ്റേയാള്‍ ഉപേക്ഷിക്കപ്പെടും.
35: രണ്ടു സ്ത്രീകള്‍ ഒരുമിച്ചു ധാന്യംപൊടിച്ചുകൊണ്ടിരിക്കും. ഒരുവളെടുക്കപ്പെടും; മറ്റവള്‍ ഉപേക്ഷിക്കപ്പെടും.
36: അവര്‍ ചോദിച്ചു: കര്‍ത്താവേ, എവിടെ?
37: അവനവരോടു പറഞ്ഞു: ശവമെവിടെയോ അവിടെ കഴുകന്മാര്‍ വന്നുകൂടും.

അദ്ധ്യായം 18 

ന്യായാധിപനും വിധവയും
1: ഭഗ്നാശരാകാതെ, എപ്പോഴും പ്രാര്‍ത്ഥിക്കണമെന്നുകാണിക്കാന്‍ യേശു അവരോട് ഒരുപമ പറഞ്ഞു:
2: ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോചെയ്യാത്ത ഒരു ന്യായാധിപന്‍ ഒരു പട്ടണത്തിലുണ്ടായിരുന്നു.
3: ആ പട്ടണത്തില്‍ ഒരു വിധവയുമുണ്ടായിരുന്നു. അവള്‍വന്ന് അവനോട്, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്നപേക്ഷിക്കുമായിരുന്നു.
4: കുറേനാളത്തേക്ക് അവനതു ഗൗനിച്ചില്ല. പിന്നീട്, അവനിങ്ങനെ ആത്മഗതംചെയ്തു: ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോചെയ്യുന്നില്ല.
5: എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ട്, ഇനിവന്ന്, എന്നെ അസഹ്യപ്പെടുത്താതിരിക്കാൻ, ഞാനവള്‍ക്കു നീതി നടത്തിക്കൊടുക്കും.
6: കര്‍ത്താവു പറഞ്ഞു: നീതിരഹിതനായ ആ ന്യായാധിപന്‍ പറഞ്ഞതെന്തെന്നു ശ്രദ്ധിക്കുവിന്‍.
7: അങ്ങനെയെങ്കില്‍, രാവും പകലും തന്നെവിളിച്ചുകരയുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്, ദൈവം നീതി നടത്തിക്കൊടുകാത്തിരിക്കുമോ? അവിടുന്ന് അതിനു കാലവിളംബംവരുത്തുമോ?
8: അവര്‍ക്കു വേഗം, നീതി നടത്തിക്കൊടുക്കുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും മനുഷ്യപുത്രന്‍ വരുമ്പോള്‍, ഭൂമിയില്‍ വിശ്വാസംകണ്ടെത്തുമോ?

ഫരിസേയനും ചുങ്കക്കാരനും
9: തങ്ങള്‍ നീതിമാന്മാരാണെന്ന ധാരണയില്‍ തങ്ങളില്‍ത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയുംചെയ്യുന്നവരോട് അവന്‍ ഈ ഉപമ പറഞ്ഞു:
10: രണ്ടുപേര്‍ പ്രാര്‍ത്ഥിക്കാന്‍ ദേവാലയത്തിൽപ്പോയി- ഒരാള്‍ ഫരിസേയനും മറ്റേയാള്‍ ചുങ്കക്കാരനും.
11: ഫരിസേയന്‍ നിന്നുകൊണ്ട്, സ്വയം ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ദൈവമേ, ഞാന്‍ നിനക്കു നന്ദി പറയുന്നു. എന്തെന്നാല്‍, ഞാന്‍ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റുമനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല.
12: ഞാന്‍ ആഴ്ചയില്‍ രണ്ടുപ്രാവശ്യം ഉപവസിക്കുന്നു. ഞാന്‍ എനിക്കു ലഭിക്കുന്ന സകലത്തിന്റെയും ദശാംശം കൊടുക്കുന്നു.
13: ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകളുയര്‍ത്താന്‍പോലും തുനിയാതെ, മാറത്തടിച്ചുകൊണ്ടു പറഞ്ഞു: ദൈവമേ, പാപിയായ എന്നില്‍ക്കനിയണമേ.
14: ഞാന്‍ നിങ്ങളോടു പറയുന്നു, ഇവന്‍ ആ ഫരിസേയനെക്കാള്‍ നീതിമത്കരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി. എന്തെന്നാല്‍, തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.

ശിശുക്കളെ ആശീര്‍വ്വദിക്കുന്നു
15: അവന്‍ കൈവച്ചനുഗ്രഹിക്കേണ്ടതിന്, ശിശുക്കളെ അവന്റെയടുത്ത് അവര്‍ കൊണ്ടുവന്നു. 
ഇതുകണ്ടപ്പോള്‍ അവന്റെ ശിഷ്യന്മാര്‍ അവരെ ശകാരിച്ചു.
16: എന്നാല്‍, യേശു അവരെ തന്റെയടുത്തേക്കു വിളിച്ചിട്ടു പറഞ്ഞു: ശിശുക്കള്‍ എന്റെയടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാകുന്നു.
17: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യംസ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല.

ധനികനായ അധികാരി 
18: ഒരധികാരി അവനോടു ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവനവകാശമാക്കാന്‍ ഞാനെന്തുചെയ്യണം?
19: യേശു പറഞ്ഞു: എന്തുകൊണ്ടാണു നീയെന്നെ നല്ലവനെന്നു വിളിക്കുന്നത്? ദൈവമൊരുവനല്ലാതെ നല്ലവനായി മറ്റാരുമില്ല.
20: പ്രമാണങ്ങള്‍ നിനക്കറിയാമല്ലോ: വ്യഭിചാരംചെയ്യരുത്; കൊല്ലരുത്; മോഷ്ടിക്കരുത്; കള്ളസ്സാക്ഷ്യംനല്കരുത്; പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
21: അവന്‍ പറഞ്ഞു: ചെറുപ്പംമുതലേ ഇവയെല്ലാം ഞാന്‍ പാലിച്ചിട്ടുണ്ട്.
22: അതുകേട്ട്, യേശു അവനോടു പറഞ്ഞു: ഇനിയും നിനക്കൊരു കുറവുണ്ട്. നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക, അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും. അനന്തരംവന്ന്, എന്നെയനുഗമിക്കുക.
23: ഇതുകേട്ടപ്പോള്‍ അവന്‍ അതീവം ദുഖിതനായിത്തത്തീർന്നു. കാരണം, അവന്‍ ഏറെ ധനികനായിരുന്നു.
24: യേശു അവനെ നോക്കിക്കൊണ്ടു പറഞ്ഞു: സമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് എത്ര ദുഷ്‌കരം!
25: ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനേക്കാളെളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്.
26: ഇതുകേട്ടവര്‍ ചോദിച്ചു: അങ്ങനെയെങ്കില്‍ രക്ഷപ്പെടാൻ ആര്‍ക്കു സാധിക്കും?
27: അവന്‍ പറഞ്ഞു: മനുഷ്യര്‍ക്കസാദ്ധ്യമായതു ദൈവത്തിനു സാദ്ധ്യമാണ്.
28: പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ സ്വന്തമായവയെല്ലാമുപേക്ഷിച്ചു നിന്നെയനുഗമിച്ചിരിക്കുന്നു.
29: യേശു പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യത്തിനുവേണ്ടി വീടിനെയോ ഭാര്യയെയോ സഹോദരന്മാരെയോ മാതാപിതാക്കളെയോ സന്താനങ്ങളെയോ ഉപേക്ഷിച്ചവരിലാര്‍ക്കും,
30: ഇക്കാലത്തുതന്നെ അവ അനേകമടങ്ങു ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്നകാലത്തു നിത്യജീവനും.

പീഡാനുഭവപ്രവചനം
31: അവന്‍ പന്ത്രണ്ടുപേരെയും അടുത്തുവിളിച്ചുകൊണ്ടു പറഞ്ഞു: ഇതാ, നമ്മള്‍ ജറുസലെമിലേക്കു പോകുന്നു. മനുഷ്യപുത്രനെപ്പറ്റി പ്രവാചകന്മാര്‍വഴി എഴുതപ്പെട്ടതെല്ലാം പൂര്‍ത്തിയാകും. അവന്‍ വിജാതീയര്‍ക്ക് ഏല്പിക്കപ്പെടും.
32: അവരവനെ പരിഹസിക്കുകയും അപമാനിക്കുകയും അവന്റെമേല്‍ തുപ്പുകയുംചെയ്യും.
33: അവരവനെ പ്രഹരിക്കുകയും വധിക്കുകയുംചെയ്യും. എന്നാല്‍, മൂന്നാംദിവസം അവനുയിര്‍ത്തെഴുന്നേല്‍ക്കും.
34: ഇവയൊന്നും അവര്‍ ഗ്രഹിച്ചില്ല. ഇക്കാര്യം അവരില്‍നിന്നു മറയ്ക്കപ്പെട്ടിരുന്നു; അവന്‍ പറഞ്ഞവ അവര്‍ മനസ്സിലാക്കിയതുമില്ല.

അന്ധനു കാഴ്ചനല്കുന്നു
35: അവന്‍ ജറീക്കോയെ സമീപിച്ചപ്പോള്‍ ഒരു കുരുടന്‍ വഴിയരുകിലിരുന്ന് ഭിക്ഷയാചിക്കുന്നുണ്ടായിരുന്നു.
36: ജനക്കൂട്ടം കടന്നുപോകുന്ന ശബ്ദംകേട്ട്, അതെന്താണെന്ന് അവനന്വേഷിച്ചു.
37: നസറായനായ യേശു കടന്നുപോകുന്നെന്ന് അവര്‍ പറഞ്ഞു.
38: അപ്പോള്‍ അവന്‍ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ക്കനിയണമേ!
39: മുമ്പേപൊയ്‌ക്കൊണ്ടിരുന്നവര്‍, നിശ്ശബ്ദനായിരിക്കാന്‍ ശാസിച്ചു. അവനാകട്ടെ, കൂടുതലുച്ചത്തില്‍ ദാവീദിന്റെ പുത്രാ, എന്നില്‍ക്കനിയണമേ എന്നു നിലവിളിച്ചുകൊണ്ടിരുന്നു.
40: യേശു അവിടെ നിന്നു; അവനെ തന്റെയടുത്തേക്കു കൊണ്ടുവരാന്‍ കല്പിച്ചു.
41: അവനടുത്തു വന്നപ്പോള്‍ യേശു ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നീയാഗ്രഹിക്കുന്നത്? അവന്‍ പറഞ്ഞു: കര്‍ത്താവേ, എനിക്കു കാഴ്ച വീണ്ടുകിട്ടണം.
42: യേശു അവനോടു പറഞ്ഞു: നിനക്കു കാഴ്ച വീണ്ടുകി
ട്ടട്ടെ. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.
43: തത്ക്ഷണം അവനു കാഴ്ച വീണ്ടുകിട്ടി. അവന്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് യേശുവിനെയനുഗമിച്ചു. ഇതുകണ്ട്, ജനംമുഴുവൻ ദൈവത്തെ സ്തുതിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ