ഇരുന്നൂറ്റിയെൺപതാം ദിവസം: മത്തായി 24 - 25


അദ്ധ്യായം 24

ദേവാലയത്തിന്റെ നാശം
1: പിന്നെ യേശു പുറത്തിറങ്ങി. ദേവാലയത്തിൽനിന്നുപോകുമ്പോള്‍ ദേവാലയത്തിന്റെ പണിത്തരങ്ങൾ അവനു കാണിച്ചുകൊടുക്കാന്‍ ശിഷ്യന്മാര്‍ അടുത്തെത്തി.
2: അവനവരോടു പറഞ്ഞു: നിങ്ങളിവയെല്ലാം കാണുന്നല്ലോ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇവിടെ കല്ലിന്മേല്‍ കല്ലുശേഷിക്കാതെ എല്ലാം തകര്‍ക്കപ്പെടും.

വേദനകളുടെ ആരംഭം
3: അവന്‍ ഒലിവുമലയിലിരിക്കുമ്പോള്‍ ശിഷ്യന്മാര്‍മാത്രമായി അവനെ സമീപിച്ചുപറഞ്ഞു: ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്റെ ആഗമനത്തിന്റെയും യുഗാന്തത്തിന്റെയും അടയാളമെന്താണെന്നും ഞങ്ങള്‍ക്കു പറഞ്ഞുതരണമേ!
4: യേശു അവരോടു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.
5: പലരും എന്റെ നാമത്തില്‍ വന്ന്, ഞാന്‍ ക്രിസ്തുവാണെന്നു പറയുകയും അനേകരെ വഴിതെറ്റിക്കുകയുംചെയ്യും.
6: നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റി കേള്‍ക്കാനിരിക്കുന്നു; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, അസ്വസ്ഥരാകാതെ സൂക്ഷിക്കുവിൻ. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍, അവസാനം ഇനിയുമായിട്ടില്ല.
7: ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായുമണിനിരക്കും. ക്ഷാമവും ഭൂകമ്പങ്ങളും പലസ്ഥലങ്ങളിലുമുണ്ടാകും.
8: ഇവയെല്ലാം ഈറ്റുനോവിന്റെ ആരംഭംമാത്രം.
9: അവര്‍ നിങ്ങളെ പീഡനത്തിനേല്പിച്ചുകൊടുക്കുകായും കൊല്ലുകയുംചെയ്യും. എന്റെ നാമംനിമിത്തം സര്‍വ്വജനങ്ങളാലും നിങ്ങൾ വെറുക്കപ്പെടും.
10: അപ്പോൾ അനേകര്‍ ഇടർച്ചയ്ക്കു വിധേയരാകുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും വെറുക്കുകയും ചെയ്യും.
11: നിരവധി വ്യാജപ്രവാചകന്മാരുണ്ടാകുകയും അനേകരെ വഴിതെറ്റിക്കുകയുംചെയ്യും.
12: അനീതി പെരുകുന്നതിനാല്‍, പലരുടെയും സ്നേഹം തണുത്തുപോകും.
13: എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവനാരോ അവന്‍ രക്ഷിക്കപ്പെടും.
14: എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനംവരും.

ഭീകരദുരിതങ്ങള്‍
15: ദാനിയേല്‍പ്രവാചകന്‍പറഞ്ഞ വിനാശത്തിന്റെ മ്ലേച്ഛത, വിശുദ്ധസ്ഥലത്തായിരിക്കുന്നതു നിങ്ങൾ കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ -
16: യൂദയായിലുള്ളവര്‍ പര്‍വ്വതങ്ങളിലേക്കു പലായനംചെയ്യട്ടെ.
17: പുരമുകളിലായിരിക്കുന്നവന്‍ വീട്ടില്‍നിന്ന് എന്തെങ്കിലുമെടുക്കാന്‍ താഴേയ്ക്കിറങ്ങാതിരിക്കട്ടെ.
18: വയലിലായിരിയ്ക്കുന്നവന്‍ മേലങ്കിയെടുക്കാന്‍ പിന്തിരിയാതിരിക്കട്ടെ,
19: ആ ദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം!
20: നിങ്ങളുടെ പലായനം ശീതകാലത്തോ സാബത്തിലോ ആകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുവിന്‍.
21: എന്തെന്നാല്‍, ലോകാരംഭംമുതല്‍ ഇന്നുവരെയുണ്ടായിട്ടില്ലാത്ത, ഇനിയുണ്ടാകാനിടയില്ലാത്ത, ഉഗ്രപീഡനം അന്നുണ്ടാകും.
22: ആ ദിവസങ്ങള്‍ ചുരുക്കപ്പെടുന്നില്ലെങ്കില്‍, ഒരുവനും രക്ഷപ്പെടുകയില്ലാ. എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ടവരെപ്രതി ആ ദിവസങ്ങള്‍ ചുരുക്കപ്പെടും.
23: അപ്പോളിതാ, ക്രിസ്തു ഇവിടെ, അല്ലെങ്കില്‍ അവിടെ എന്ന്, ആരെങ്കിലുംപറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്.
24: കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരുമുണ്ടാകുകയും സാധിക്കുമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയുംചെയ്യും.
25: ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
26: അതുകൊണ്ട്, ഇതാ, അവന്‍ മരുഭൂമിയിലുണ്ടെന്ന്, അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. ഇതാ, അവന്‍ മുറിക്കുള്ളിലുണ്ടെന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്.
27: കിഴക്കുനിന്നു പടിഞ്ഞാറോട്ടുപായുന്ന മിന്നല്‍പ്പിണര്‍പോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം.
28: ശവം എവിടെയുണ്ടോ അവിടെ കഴുകന്മാര്‍ വന്നുകൂടും.

മനുഷ്യപുത്രന്റെ ആഗമനം
29: പീഡനത്തിനുശേഷം പൊടുന്നനെ സൂര്യനിരുണ്ടുപോകും. ചന്ദ്രന്‍, അതിന്റെ പ്രകാശംതരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തില്‍നിന്നു നിപതിക്കും. ആകാശശക്തികള്‍ ഇളകുകയുംചെയ്യും.
30: അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും; ഭൂമിയിലെ സകലഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന്‍ വാനമേഘങ്ങളില്‍ ശക്തിയോടും മഹത്വത്തോടുംകൂടെവരുന്നതു കാണുകയുംചെയ്യും.
31: വലിയ കാഹളധ്വനിയോടെ അവന്‍ തന്റെ ദൂതന്മാരെ അയയ്ക്കും. അവര്‍ ആകാശത്തിന്റെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ നാലുദിക്കുകളിലുംനിന്ന് അവന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.
32: അത്തിമരത്തില്‍നിന്നു നിങ്ങളൊരുപമ പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍ ഇളതാവുകയും തളിര്‍ക്കുകയുംചെയ്യുമ്പോള്‍ വേനല്‍ക്കാലമടുത്തിരിക്കുന്നെന്നു നിങ്ങള്‍ മനസ്സിലാക്കുന്നു.
33: അതുപോലെ, നിങ്ങളും ഇവയെല്ലാംകാണുമ്പോള്‍ അവന്‍ സമീപത്ത്, വാതില്‍ക്കലെത്തിയിരിക്കുന്നു എന്നു മനസ്സിലാക്കിക്കൊള്ളുവിന്‍.
34: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇവയെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.
35: ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.

സദാ ജാഗരൂകരായിരിക്കുവിന്‍
36: ആ ദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.
37: നോഹയുടെ ദിവസങ്ങള്‍പോലെയായിരിക്കും, മനുഷ്യപുത്രന്റെ ആഗമനം. ജലപ്രളയത്തിനുമുമ്പുള്ള ദിവസങ്ങളില്‍,
38: നോഹ പേടകത്തില്‍ പ്രവേശിച്ച ദിവസംവരെ, അവര്‍ തിന്നും കുടിച്ചും വിവാഹംചെയ്തും ചെയ്യിച്ചും കഴിഞ്ഞുപോന്നു.
39: ജലപ്രളയംവന്നു സർവ്വരെയും സംഹരിക്കുന്നതുവരെ അവർ ഒന്നുമറിഞ്ഞില്ല. ഇപ്രകാരംതന്നെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനവും.
40: അപ്പോള്‍ രണ്ടുപേര്‍ വയലിലായിരിക്കും; ഒരാളെടുക്കപ്പെടും മറ്റെയാളുപേക്ഷിക്കപ്പെടും.
41: രണ്ടു സ്ത്രീകള്‍ തിരികല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും. ഒരുവളെടുക്കപ്പെടും, മറ്റവളുപേക്ഷിക്കപ്പെടും.
42: ആകയാൽ 
ജാഗരൂകരായിരിക്കുവിന്‍. നിങ്ങളുടെ കര്‍ത്താവ് ഏതുദിവസംവരുമെന്ന് നിങ്ങളറിയുന്നില്ലാ.
43: അതിനാൽ നിങ്ങളിതറിയുവിൻ. കള്ളന്‍, രാത്രിയുടെ ഏതുയാമത്തിൽ വരുമെന്ന്, ഗൃഹനാഥനറിഞ്ഞിരുന്നെങ്കില്‍, അവനുണര്‍ന്നിരിക്കുകയും ഭവനംഭേദനംചെയ്യാന്‍ ഇടകൊടുക്കാതിരിക്കുകയും ചെയ്യുമായിരുന്നു.
44: അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്.
45: തന്റെ ഭവനത്തിലുള്ളവര്‍ക്കു കൃത്യസമയത്തു ഭക്ഷണംകൊടുക്കാന്‍ യജമാനന്‍ നിയോഗിച്ച വിശ്വസ്തനും വിവേകിയുമായ ഭൃത്യനാരാണ്?
46: 
തന്റെ യജമാനന്‍ വരുമ്പോള്‍, അപ്രകാരംചെയ്യുന്നതായിക്കാണപ്പെടുന്ന ആ ഭൃത്യന്‍ ഭാഗ്യവാന്‍.
47: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, യജമാനന്‍ അവനെ തന്റെ വസ്തുക്കളുടെയെല്ലാം മേല്‍നോട്ടക്കാരനാക്കും.
48: എന്നാല്‍, ദുഷ്ടനായ ഭൃത്യന്‍ എന്റെ യജമാനന്‍ താമസിച്ചേവരൂ എന്ന് ഉള്ളിൽപ്പറഞ്ഞ്,
49: തന്റെ സഹഭൃത്യന്മാരെ മര്‍ദ്ദിക്കാനും മദ്യപന്മാരോടുകൂടെ ഭക്ഷിക്കാനും പാനംചെയ്യാനുംതുടങ്ങിയാല്‍
50: പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും 
ആ ഭൃത്യന്റെ യജമാനന്‍വന്ന്, അവനെ അതിനിഷ്ഠൂരമായി ശിക്ഷിക്കുകയും കപടനാട്യക്കാരുടെ കൂട്ടത്തില്‍ തള്ളുകയുംചെയ്യും.
51: അവിടെ കരച്ചിലും പല്ലുകടിയുമായിരിക്കും.

അദ്ധ്യായം 25

പത്തുകന്യകമാരുടെ ഉപമ
1: സ്വര്‍ഗ്ഗരാജ്യം, വിളക്കുമെടുത്തു മണവാളന്റെ എതിരേല്പിനുപുറപ്പെട്ട പത്തുകന്യകമാര്‍ക്കു സദൃശം.
2: അവരില്‍ അഞ്ചുപേര്‍ വിവേകശൂന്യരും അഞ്ചുപേര്‍ ബുദ്ധിമതികളുമായിരുന്നു.
3: വിവേകശൂന്യകള്‍ അവരുടെ വിളക്കെടുത്തപ്പോള്‍, കൂടെ എണ്ണയെടുത്തിരുന്നില്ല.
4: ബുദ്ധിമതികളാകട്ടെ വിളക്കുകളോടൊപ്പം പാത്രങ്ങളില്‍ എണ്ണയുമെടുത്തിരുന്നു.
5: മണവാളന്‍ വരാന്‍വൈകിയപ്പോൾ നിദ്രാഭാരത്താൽ എല്ലാവരും കിടന്നുറങ്ങി.
6: അര്‍ദ്ധരാത്രിയില്‍ ആർപ്പുവിളിയുണ്ടായി. ഇതാ, മണവാളന്‍! അവന്റെയെതിരേല്പിനു പുറത്തുവരുവിൻ!
7: ആ കന്യകമാരെല്ലാം ഉണര്‍ന്ന്, അവരവരുടെ വിളക്കുകളൊരുക്കി.
8: വിവേകശൂന്യകള്‍ ബുദ്ധിമതികളോടു പറഞ്ഞു: ഞങ്ങളുടെ വിളക്കുകള്‍ അണഞ്ഞുപോകുന്നതിനാല്‍ നിങ്ങളുടെ എണ്ണയില്‍ കുറേ ഞങ്ങള്‍ക്കുതരുക.
9: ബുദ്ധിമതികള്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മതിയാകാതെവരുമെന്നതിനാല്‍ നിങ്ങള്‍ വില്പനക്കാരുടെയടുത്തുപോയി വാങ്ങിക്കൊള്ളുവിന്‍.
10: അവര്‍ വാങ്ങാന്‍പോയപ്പോള്‍ മണവാളന്‍ വന്നു. ഒരുങ്ങിയിരുന്നവര്‍ അവനോടൊത്തു വിവാഹവിരുന്നിന് അകത്തു പ്രവേശിച്ചു; വാതിലടയ്ക്കപ്പെടുകയും ചെയ്തു.
11: പിന്നീടു മറ്റു കന്യകമാര്‍ വന്ന്, കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നുതരണമേ എന്നപേക്ഷിച്ചു.
12: അവന്‍ പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ നിങ്ങളെ അറിയുകയില്ല.
13: അതിനാൽ ജാഗരൂകരായിരിക്കുവിന്‍. ആ ദിവസമോ, മണിക്കൂറോ നിങ്ങളറിയുന്നില്ല.

താലന്തുകളുടെ ഉപമ
14: വീണ്ടും, ഒരുമനുഷ്യന്‍ യാത്രപുറപ്പെടുന്നതിനുമുമ്പു ഭൃത്യന്മാരെ വിളിച്ച്, തന്റെ സമ്പത്ത് അവരെ ഭരമേല്പിച്ചതുപോലെ. 
15: അവന്‍ ഓരോരുത്തന്റെയും കഴിവനുസരിച്ച്, ഒരുവന് അഞ്ചുതാലന്തും മറ്റൊരുവന് രണ്ടും വേറൊരുവന് ഒന്നും കൊടുത്തശേഷം, യാത്രപുറപ്പെട്ടു.
16: അഞ്ചുതാലന്തു ലഭിച്ചവന്‍ ഉടനേപോയി വ്യാപാരംചെയ്ത്, അഞ്ചുതാലന്തുകൂടെ സമ്പാദിച്ചു.
17: അതുപോലെ രണ്ടുതാലന്തു കിട്ടിയവൻ രണ്ടുകൂടെ നേടി.
18: എന്നാല്‍, ഒരു താലന്തു ലഭിച്ചവന്‍ പോയി നിലംകുഴിച്ച്‌, യജമാനന്റെ പണം മറച്ചുവച്ചു.
19: ഏറെക്കാലത്തിനുശേഷം ആ ഭ്യത്യന്മാരുടെ യജമാനന്‍വന്ന് അവരുമായി കണക്കുതീര്‍ത്തു.
20: അഞ്ചു താലന്തുകിട്ടിയവന്‍ വന്ന്, അഞ്ചുകൂടെ സമര്‍പ്പിച്ച്, യജമാനനേ, നീയെനിക്ക് അഞ്ചുതാലന്താണല്ലോ നല്കിയത്. ഇതാ, ഞാന്‍ അഞ്ചുകൂടെ സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു.
21: അവന്റെ യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.
22: രണ്ടു താലന്തു കിട്ടിയവനും വന്നുപറഞ്ഞു: യജമാനനേ, നീയെനിക്കു രണ്ടു താലന്താണല്ലോ നല്കിയത്. ഇതാ, ഞാന്‍ രണ്ടുകൂടെ സമ്പാദിച്ചിരിക്കുന്നു.
23: 
അവന്റെ യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.
24: ഒരു താലന്തു കിട്ടിയവന്‍ വന്നുപറഞ്ഞു: യജമാനനേ, നീ വിതയ്ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയുംചെയ്യുന്ന കഠിനമനുഷ്യനാണെന്നു ഞാന്‍ മനസ്സിലാക്കി.
25: അതിനാല്‍ ഞാന്‍ ഭയപ്പെട്ട്, നിന്റെ താലന്തു മണ്ണില്‍ മറച്ചുവച്ചു. ഇതാ, നിന്റേത്, എടുത്തുകൊളളുക.
26: 
അവന്റെ യജമാനന്‍ അവനോടുപറഞ്ഞു: ദുഷ്ടനും മടിയനുമായ ഭൃത്യാ, ഞാന്‍ വിതയ്ക്കാത്തിടത്തുനിന്നു കൊയ്യുന്നവനും വിതറാത്തിടത്തുനിന്നു ശേഖരിക്കുന്നവനുമാണെന്നു നീ മനസ്സിലാക്കിയിരുന്നല്ലോ.
27: അതിനാൽ എന്റെ പണം, നീ പണമിടപാടുകാരുടെപക്കല്‍ നിക്ഷേപിക്കേണ്ടതായിരുന്നു. ഞാന്‍ വന്ന്, എന്റെ പണം പലിശസഹിതം വാങ്ങുമായിരുന്നു.
28: ആ താലന്ത് അവനില്‍നിന്നെടുത്ത്, പത്തു താലന്തുള്ളവനു കൊടുക്കുക.
29: ഉള്ളവനു നല്കപ്പെടും; അവനു സമൃദ്ധിയുണ്ടാവുകയുംചെയ്യും. ഇല്ലാത്തവനില്‍നിന്ന് ഉള്ളതുപോലുമെടുക്കപ്പെടും.
30: പ്രയോജനമില്ലാത്ത ആ ഭൃത്യനെ, പുറത്ത്, അന്ധകാരത്തിലേക്കു തള്ളിക്കളയുക. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.

അവസാനവിധി

31: എല്ലാദൂതന്മാരോടുംകൂടെ, 
മനുഷ്യപുത്രന്‍ മഹത്വത്തിലെഴുന്നള്ളുമ്പോള്‍ അവന്‍ തന്റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും.
32: അവന്റെമുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചുകൂട്ടപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്‍തിരിക്കുന്നതുപോലെ
33: അവനവരെത്തമ്മില്‍ വേര്‍തിരിക്കും. അവന്‍ ചെമ്മരിയാടുകളെ തന്റെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും.
34: അനന്തരം രാജാവു തന്റെ വലത്തുഭാഗത്തുള്ളവരോട് അരുൾചെയ്യും: എന്റെ പിതാവാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനംമുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍.
35: എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങളെന്നെ സ്വീകരിച്ചു.
36: ഞാന്‍ നഗ്നനായിരുന്നു; നിങ്ങളെന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങളെന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങളെന്റെയടുത്തു വന്നു.
37: അപ്പോള്‍ നീതിമാന്മാര്‍ ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട്, ഞങ്ങൾ ഭക്ഷിക്കാൻനല്കിയതും ദാഹിക്കുന്നവനായിക്കണ്ടു കുടിക്കാന്‍നല്കിയതുമെപ്പോള്‍?
38: നിന്നെ പരദേശിയായിക്കണ്ടു സ്വീകരിച്ചതും നഗ്നനായിക്കണ്ട് ഉടുപ്പിച്ചതുമെപ്പോള്‍?
39: നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോ, കാരാഗൃഹത്തിലോ കണ്ടു സന്ദര്‍ശിച്ചതെപ്പോള്‍?
40: രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവുമെളിയ ഈ സഹോദരന്മാരില്‍ ഒരുവനു നിങ്ങളിതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണു ചെയ്തുതന്നത്.
41: അനന്തരം അവന്‍ തന്റെ ഇടത്തുഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍നിന്നകന്ന്, പിശാചിനും അവന്റെ ദൂതന്മാര്‍ക്കുമായി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍.
42: എനിക്കു വിശന്നു; നിങ്ങള്‍ ആഹാരം തന്നില്ല. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നില്ല.
43: ഞാന്‍ പരദേശിയായിരുന്നു; നിങ്ങളെന്നെ സ്വീകരിച്ചില്ല. ഞാന്‍ നഗ്നനായിരുന്നു; നിങ്ങളെന്നെ ഉടുപ്പിച്ചില്ല. രോഗാവസ്ഥയിലും കാരാഗൃഹത്തിലുമായിരുന്നു; നിങ്ങളെന്നെ സന്ദര്‍ശിച്ചില്ല.
44: അപ്പോള്‍, അവര്‍ ചോദിക്കും: കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ, ദാഹിക്കുന്നവനോ, പരദേശിയോ, നഗ്നനോ, രോഗിയോ, കാരാഗൃഹത്തില്‍ക്കഴിയുന്നവനോ ആയിക്കണ്ടതും നിനക്കു ശുശ്രൂഷചെയ്യാതിരുന്നതുമെപ്പോള്‍?
45: അവന്‍ മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ഏറ്റവുമെളിയവരില്‍ ഒരുവന് നിങ്ങളിതുചെയ്യാതിരുന്നപ്പോള്‍ എനിക്കുതന്നെയാണു ചെയ്യാതിരുന്നത്.
46: ഇവര്‍ നിത്യശിക്ഷയിലേക്കും നീതിമാന്മാര്‍ നിത്യജീവനിലേക്കും പ്രവേശിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ