മുന്നൂറാം ദിവസം: ലൂക്കാ 19 - 20


അദ്ധ്യായം 19


സക്കേവൂസിന്റെ ഭവനത്തില്‍
1: യേശു ജറീക്കോയില്‍പ്രവേശിച്ച് അതിലൂടെ കടന്നുപോകുകയായിരുന്നു.
2: അവിടെ സക്കേവൂസ് എന്നുപേരുള്ള ഒരുവനുണ്ടായിരുന്നു. അവന്‍ ചുങ്കക്കാരില്‍ പ്രധാനനും ധനികനുമായിരുന്നു.
3: യേശു ആരെന്നുകാണാന്‍ അവൻ ശ്രമിച്ചു. പൊക്കംകുറവായിരുന്നതിനാല്‍ ജനക്കൂട്ടത്തില്‍നിന്നുകൊണ്ട് അതു സാദ്ധ്യമല്ലായിരുന്നു.
4: യേശുവിനെക്കാണാന്‍വേണ്ടി അവന്‍ മുമ്പേ ഓടി, ഒരു സിക്കമൂര്‍ മരത്തില്‍ കയറിയിരുന്നു. യേശു അതിലേയാണു കടന്നുപോകാനിരുന്നത്.
5: ആ സ്ഥലത്തെത്തിയപ്പോള്‍ യേശു മുകളിലേക്കു നോക്കിപ്പറഞ്ഞു: സക്കേവൂസ്, വേഗമിറങ്ങിവരുക. എന്തെന്നാൽ, ഇന്നെനിക്ക്, നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു.
6: അവന്‍ തിടുക്കത്തിലിറങ്ങിവന്ന്, സന്തോഷത്തോടെ അവനെ സ്വീകരിച്ചു.
7: ഇതുകണ്ടവരെല്ലാം പിറുപിറുത്തു: ഇവന്‍, പാപിയായ ഒരുവന്റെകൂടെ താമസിക്കാൻചെന്നല്ലോ.
8: സക്കേവൂസ് എഴുന്നേറ്റു കര്‍ത്താവിനോടു പറഞ്ഞു: കര്‍ത്താവേ, എന്റെ സ്വത്തില്‍പ്പകുതി, ഇതാ, ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക, വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍, നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു.
9: യേശു അവനോടു പറഞ്ഞു: ഇന്ന്, ഈ ഭവനത്തിനു രക്ഷയുണ്ടായിരിക്കുന്നു. ഇവനും അബ്രാഹമിന്റെ പുത്രനാണ്.
10: എന്തെന്നാൽ, മനുഷ്യപുത്രന്‍ വന്നത്, നഷ്ടപ്പെട്ടുപോയതിനെ അന്വേഷിക്കാനും രക്ഷിക്കാനുമാണ്.

പത്തു നാണയത്തിന്റെ ഉപമ
11: അവര്‍ ഇതു കേട്ടുകൊണ്ടിരിക്കുമ്പോള്‍, അവന്‍ തുടര്‍ന്ന്, ഒരുപമ പറഞ്ഞു. കാരണം, അവന്‍ ജറുസലെമിനു സമീപത്തായിരുന്നു. ദൈവരാജ്യം ഉടന്‍ പ്രത്യക്ഷമാകുമെന്ന്, അവര്‍ വിചാരിക്കുകയുംചെയ്തിരുന്നു.
12: അവന്‍ പറഞ്ഞു: കുലീനനായ ഒരു മനുഷ്യൻ, രാജപദവി സ്വീകരിച്ചുതിരിച്ചുവരാന്‍, ദൂരദേശത്തേക്കു പോയി.
13: അവന്‍ ഭൃത്യരില്‍ പത്തുപേരെ വിളിച്ച്, പത്തുനാണയം അവർക്കു നല്കികൊണ്ടു പറഞ്ഞു: ഞാന്‍ തിരിച്ചുവരുന്നതുവരെ നിങ്ങള്‍ ഇതുകൊണ്ടു വ്യാപാരംചെയ്യുവിന്‍.
14: അവന്റെ പൗരന്മാര്‍ അവനെ വെറുത്തിരുന്നു. ഇവന്‍ ഞങ്ങളെ ഭരിക്കാന്‍ ഞങ്ങളിഷ്ടപ്പെടുന്നില്ല എന്നുപറഞ്ഞ്, അവര്‍ ഒരു പ്രതിനിധിസംഘത്തെ അവന്റെ പിന്നാലെയയച്ചു.
15: അവനാകട്ടെ, രാജപദവിസ്വീകരിച്ചു തിരിച്ചുവന്നു. താന്‍ പണം നല്കിയിരുന്ന ഭൃത്യര്‍, വ്യാപാരംചെയ്ത് എന്തുസമ്പാദിച്ചെന്നറിയുന്നതിന്, അവരെ വിളിക്കാന്‍ അവന്‍ കല്പിച്ചു.
16: ഒന്നാമന്‍ വന്നുപറഞ്ഞു: യജമാനനേ, നിന്റെ നാണയം പത്തുകൂടെ നേടിയിരിക്കുന്നു.
17: അവന്‍ പറഞ്ഞു: കൊള്ളാം, നല്ലവനായ ഭൃത്യാ, ചെറിയകാര്യത്തില്‍ വിശ്വസ്തനായിരുന്നതുകൊണ്ട്, പത്തു നഗരങ്ങളുടെമേല്‍ നീ അധികാരിയായിരിക്കുക.
18: രണ്ടാമന്‍ വന്നുപറഞ്ഞു: യജമാനനേ, നിന്റെ നാണയം അഞ്ചുകൂടെ സമ്പാദിച്ചിരിക്കുന്നു.
19: യജമാനന്‍ അയാളോടു പറഞ്ഞു: നീ അഞ്ചുനഗരങ്ങളുടെമേല്‍ അധികാരിയായിരിക്കുക.
20: വേറൊരുവന്‍ വന്നുപറഞ്ഞു: യജമാനനേ, ഞാന്‍ തൂവാലയില്‍ പൊതിഞ്ഞുവച്ചിരുന്ന നിന്റെ നാണയമിതാ.
21: നിന്നെയെനിക്കു ഭയമായിരുന്നു. കാരണം, നീ കര്‍ക്കശനും വയ്ക്കാത്തതെടുക്കുന്നവനും വിതയ്ക്കാത്തതു കൊയ്യുന്നവനുമാണ്.
22: അവന്‍ പറഞ്ഞു: ദുഷ്ടഭൃത്യാ, നിന്റെ വാക്കുകൊണ്ടുതന്നെ, നിന്നെ ഞാന്‍ വിധിക്കും. ഞാന്‍ കര്‍ക്കശനും വയ്ക്കാത്തതെടുക്കുന്നവനും വിതയ്ക്കാത്തതു കൊയ്യുന്നവനുമാണെന്നു നീയറിഞ്ഞിരുന്നില്ലേ?
23: പിന്നെ നീയെന്തുകൊണ്ടു എന്റെ പണം പണമിടപാടുകാരെയേല്പിച്ചില്ല? എങ്കില്‍, ഞാന്‍ മടങ്ങിവന്നപ്പോള്‍ പലിശയോടുകൂടെ അതു തിരിച്ചുവാങ്ങുമായിരുന്നില്ലേ?
24: അവന്‍ അടുത്തുനിന്നിരുന്നവരോടു പറഞ്ഞു: അവനില്‍നിന്ന് ആ നാണയമെടുത്ത്, പത്തുനാണയമുള്ളവനു കൊടുക്കുക.
25: അവരവനോടു പറഞ്ഞു: യജമാനനേ, അവനു പത്തു നാണയമുണ്ടല്ലോ.
26: ഞാന്‍ നിങ്ങളോടു പറയുന്നു, ഉള്ളവനു കൊടുക്കപ്പെടും; ഇല്ലാത്തവനില്‍നിന്ന് ഉള്ളതുപോലുമെടുക്കപ്പെടും.
27: ഞാന്‍ ഭരിക്കുന്നതിഷ്ടമില്ലാതിരുന്ന എന്റെ ശത്രുക്കളെ ഇവിടെക്കൊണ്ടുവന്ന്, എന്റെ മുമ്പില്‍വച്ചു കൊന്നുകളയുവിന്‍.

ജറുസലെമിലേക്കു രാജകീയപ്രവേശം
28: അവന്‍ ഇതു പറഞ്ഞശേഷം ജറുസലെമിലേക്കുകയറി, മുമ്പേ പൊയ്ക്കൊണ്ടിരുന്നു.
29: ഒലിവുമലയ്ക്കരികെയുള്ള ബേത്ഫഗെയ്ക്കും ബഥാനിയായ്ക്കുമടുത്തെത്തിയപ്പോൾ, അവന്‍ രണ്ടു ശിഷ്യന്മാരെ ഇപ്രകാരം നിര്‍ദ്ദേശിച്ചയച്ചു:
30: എതിരേയുള്ള ഗ്രാമത്തിലേക്കു പോകുവിന്‍. അതിൽ പ്രവേശിക്കുമ്പോൾ, ഒരിക്കലും മനുഷ്യരാരും ഇരുന്നിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ചുകൊണ്ടുവരിക.
31: നിങ്ങളതിനെ അഴിക്കുന്നതെന്തിനെന്ന്, ആരെങ്കിലും ചോദിച്ചാല്‍, ഇങ്ങനെ പറയണം: കര്‍ത്താവിന് അതിനെക്കൊണ്ടാവശ്യമുണ്ട്.
32: അയയ്ക്കപ്പെട്ടവര്‍ പോയി, അവനവരോടു പറഞ്ഞപോലെ കണ്ടു.
33: അവര്‍ കഴുതക്കുട്ടിയെ അഴിക്കുമ്പോള്‍, അതിന്റെ ഉടമസ്ഥരവരോട്, നിങ്ങളെന്തിനാണു കഴുതക്കുട്ടിയെ അഴിക്കുന്നതെന്നു ചോദിച്ചു.
34: കര്‍ത്താവിന് അതിനെക്കൊണ്ടാവശ്യമുണ്ടെന്ന് അവര്‍ പറഞ്ഞു.
35: അവരതിനെ യേശുവിന്റെയടുക്കല്‍ കൊണ്ടുവന്നു. തങ്ങളുടെ വസ്ത്രങ്ങള്‍ കഴുതക്കുട്ടിയുടെ പുറത്തുവിരിച്ച്, അവര്‍ യേശുവിനെക്കയറ്റിയിരുത്തി.
36: അവന്‍ കടന്നുപോകുമ്പോള്‍ അവര്‍ വഴിയില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു.
37: അവന്‍ ഒലിവുമലയുടെ ഇറക്കത്തിലെത്തിയപ്പോൾ ശിഷ്യസമൂഹംമുഴുവന്‍ സന്തോഷിച്ച്, തങ്ങള്‍കണ്ട എല്ലാ അദ്ഭുതങ്ങളേയുംപറ്റി വലിയസ്വരത്തില്‍ ദൈവത്തെ സ്തുതിക്കാന്‍തുടങ്ങി.
38: കര്‍ത്താവിന്റെ നാമത്തില്‍വരുന്ന രാജാവ് വാഴ്ത്തപ്പെട്ടവൻ! സ്വര്‍ഗ്ഗത്തില്‍ സമാധാനം, അത്യുന്നതങ്ങളില്‍ മഹത്വം!
39: ജനക്കൂട്ടത്തിലുണ്ടായിരുന്ന ചില ഫരിസേയര്‍ അവനോടു പറഞ്ഞു: ഗുരോ, നിന്റെ ശിഷ്യരെ ശാസിക്കുക.
40: അവന്‍ പ്രതിവചിച്ചു: ഇവര്‍ മൗനംഭജിച്ചാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
41: അവനടുത്തുവന്ന്, പട്ടണംകണ്ടപ്പോള്‍ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ടു പറഞ്ഞു:
42: സമാധാനത്തിനുള്ളത്, ഈ ദിവസമെങ്കിലും നീയറിഞ്ഞിരുന്നെങ്കില്‍! എന്നാല്‍, അവയിപ്പോള്‍ നിന്റെ ദൃഷ്ടിയില്‍നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു.
43: ശത്രുക്കള്‍ നിനക്കുചുറ്റും തടകെട്ടി, നിന്നെവളയുകയും, എല്ലാഭാഗത്തുംനിന്നു നിന്നെ ഞെരുക്കുകയുംചെയ്യുന്ന ദിവസങ്ങള്‍ വരും.
44: നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നശിപ്പിക്കുകയും നിന്നില്‍ കല്ലിന്മേല്‍കല്ലു ശേഷിപ്പിക്കാതിരിക്കുകയും ചെയ്യും. എന്തെന്നാല്‍, നിന്റെ സന്ദര്‍ശനത്തിന്റെ സമയം നീയറിഞ്ഞില്ല.

ദേവാലയശുദ്ധീകരണം
45: അവന്‍ ദേവാലയത്തില്‍ പ്രവേശിച്ച്, അവിടെ കച്ചവടംനടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കാന്‍തുടങ്ങി.
46: അവനവരോടു പറഞ്ഞു: എന്റെ ആലയം പ്രാര്‍ത്ഥനാലയമായിരിക്കുമെന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതു കൊള്ളക്കാരുടെ ഗുഹയാക്കിയിരിക്കുന്നു.
47: അവന്‍ ദിവസവും ദേവാലയത്തില്‍ പഠിപ്പിച്ചിരുന്നു. പ്രധാനപുരോഹിതന്മാരും നിയമജ്ഞരും ജനപ്രമാണികളും അവനെ നശിപ്പിക്കാന്‍ നോക്കിയിരുന്നു.
48: എന്നാല്‍, ചെയ്യേണ്ടതെന്തെന്ന് അവർ കണ്ടെത്തിയില്ലാ. എന്തെന്നാൽ, ജനങ്ങളെല്ലാം അവനെ ശ്രവിച്ചുകൊണ്ട് അവനോടുചേർന്നുനിന്നു.


അദ്ധ്യായം 20 

യേശുവിന്റെ അധികാരം
1: ഒരു ദിവസം അവന്‍ ദേവാലയത്തില്‍ ജനങ്ങളെ പഠിപ്പിക്കുകയും സുവിശേഷമറിയിക്കുകയുംചെയ്തുകൊണ്ടിരിക്കുമ്പോള്‍, പ്രധാനപുരോഹിതന്മാരും നിയമജ്ഞരും ജനപ്രമാണിമാരോടുകൂടെ അവന്റെയടുത്തുവന്നു.
2: അവരവനോടു പറഞ്ഞു: എന്തധികാരത്താലാണു നീയിതൊക്കെ ചെയ്യുന്നത്, അല്ലെങ്കിൽ, നിനക്കീയധികാരംനല്കിയതാരാണെന്നു ഞങ്ങളോടു പറയുക.
3: അവനവരോടു മറുപടിപറഞ്ഞു: ഞാനും നിങ്ങളോടൊന്നു ചോദിക്കട്ടെ; എന്നോടുപറയുക,
4: യോഹന്നാന്റെ സ്നാനം സ്വര്‍ഗ്ഗത്തില്‍നിന്നോ മനുഷ്യരില്‍നിന്നോ?
5: അവര്‍ പരസ്പരമാലോചിച്ചു: സ്വര്‍ഗ്ഗത്തില്‍നിന്നെന്നു നാം പറഞ്ഞാല്‍, പിന്നെന്തുകൊണ്ടു നിങ്ങളവനെ വിശ്വസിച്ചില്ലെന്ന് അവന്‍ ചോദിക്കും.
6: മനുഷ്യരില്‍നിന്നെന്നു പറഞ്ഞാല്‍, ജനങ്ങളെല്ലാം നമ്മെ കല്ലെറിയും. എന്തെന്നാല്‍, യോഹന്നാന്‍ ഒരു പ്രവാചകനാണെന്ന് അവര്‍ക്കു ബോദ്ധ്യപ്പെട്ടിരിക്കുന്നു.
7: അതിനാല്‍, അവര്‍ മറുപടി പറഞ്ഞു: എവിടെനിന്നെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
8: അപ്പോള്‍ യേശു പറഞ്ഞു: എന്തധികാരത്താലാണ്, ഇതുചെയ്യുന്നതെന്നു ഞാനും നിങ്ങളോടു പറയുന്നില്ല.

മുന്തിരിത്തോട്ടവും കൃഷിക്കാരും
9: അവന്‍ ജനത്തോട് ഈയുപമ പറയാൻതുടങ്ങി: ഒരുവന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതു പാട്ടത്തിനു കൃഷിക്കാരെ ഏല്പിച്ചശേഷം, ദീര്‍ഘകാലത്തേക്ക് അവിടെനിന്നു പോയി.
10: സമയമായപ്പോള്‍ മുന്തിരിപ്പഴത്തിന്റെ ഓഹരി, തനിക്കവർ തരേണ്ടതിന്, അവനൊരു ഭൃത്യനെ കൃഷിക്കാരുടെ അടുത്തേക്കയച്ചു. എന്നാല്‍, കൃഷിക്കാരവനെ അടിച്ച്, വെറുംകൈയോടെ തിരിച്ചയച്ചു.
11: അവന്‍ പിന്നെ, മറ്റൊരു ഭൃത്യനെയയച്ചു. അവനെയുമവര്‍ അടിക്കുകയും അപമാനിക്കുകയുംചെയ്ത്, വെറുംകൈയോടെ തിരിച്ചയച്ചു.
12: അവന്‍ പിന്നെ, മൂന്നാമത്തവനെയയച്ചു. അവനെയാകട്ടെ, അവർ മുറിവേല്പിച്ച്, പുറത്തേക്കെറിഞ്ഞു.
13: അപ്പോള്‍ തോട്ടത്തിന്റെ ഉടമസ്ഥന്‍പറഞ്ഞു: ഞാനെന്തുചെയ്യും? എന്റെ പ്രിയപുത്രനെ ഞാനയയ്ക്കും. അവനെയവര്‍ മാനിച്ചേക്കും.
14: പക്ഷേ, കൃഷിക്കാര്‍ അവനെക്കണ്ടപ്പോള്‍ പരസ്പരമാലോചിച്ചു: ഇവനാണവകാശി; അവകാശം നമുക്കാകേണ്ടതിന്, ഇവനെ നമുക്കു കൊന്നുകളയാം.
15: അവരവനെ മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു കൊന്നുകളഞ്ഞു. ആകയാല്‍, മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ അവരോടെന്തുചെയ്യും?
16: അവന്‍ വന്ന്, കൃഷിക്കാരെ നശിപ്പിക്കുകയും മുന്തിരിത്തോട്ടം മറ്റാളുകളെ ഏല്പിക്കുകയുംചെയ്യും. ഇതുകേട്ട്, ഇതു സംഭവിക്കാതിരിക്കട്ടെയെന്ന്, അവർ പറഞ്ഞു.
17: യേശു അവരെ നോക്കിക്കൊണ്ടു പറഞ്ഞു: പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞകല്ല്, മൂലക്കല്ലായിത്തീര്‍ന്നു എന്നെഴുതപ്പെട്ടിരിക്കുന്നതെന്താണ്?
18: ആ കല്ലിന്മേല്‍ നിപതിക്കുന്ന ആരും ഛിന്നഭിന്നമാകും. അതാരുടെമേല്‍ പതിക്കുന്നുവോ അവനെയതു ധൂളിയാക്കും.
19: തങ്ങള്‍ക്കെതിരായാണ് ഈ ഉപമ അവന്‍ പറഞ്ഞതെന്നു നിയമജ്ഞരും പ്രധാനപുരോഹിതന്മാരും മനസ്സിലാക്കി, അവനെ ആ മണിക്കൂറിൽത്തന്നെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചു. എന്നാലവര്‍ ജനത്തെ ഭയപ്പെട്ടു.

സീസറിനു നികുതികൊടുക്കണമോ?
20: അവനെ വാക്കിൽക്കുടുക്കി, ദേശാധിപതിയുടെ വിധിക്കും അധികാരത്തിനും ഏല്പിച്ചുകൊടുക്കാൻ, അവര്‍, അവനെ നിരീക്ഷിച്ചുകൊണ്ട്, നീതിമാന്മാരാണെന്നു ഭാവിക്കുന്ന ചാരന്മാരെയയച്ചു.
21: അവരവനോടു ചോദിച്ചു: ഗുരോ, നീ ശരിയായി സംസാരിക്കുന്നെന്നും പഠിപ്പിക്കുന്നെന്നും മുഖംനോക്കാതെ ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നെന്നും ഞങ്ങള്‍ക്കറിയാം.
22: ഞങ്ങള്‍ സീസറിനു നികുതികൊടുക്കുന്നതു നിയമാനുസൃതമോ, അല്ലയോ?
23: അവന്‍, അവരുടെ കൗശലംമനസ്സിലാക്കി, അവരോടു പറഞ്ഞു:
24: നിങ്ങള്‍ ഒരു ദനാറ എന്നെക്കാണിക്കുവിന്‍. ആരുടെ രൂപവും ലിഖിതവുമാണ് ഇതിലുള്ളത്? സീസറിന്റേതെന്ന് അവര്‍ പറഞ്ഞു.
25: അവനവരോടു പറഞ്ഞു: എങ്കില്‍ സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുവിന്‍.
26: ജനത്തിന്റെമുമ്പിൽവച്ച്, അവനെ വാക്കില്‍ക്കുടുക്കാന്‍ അവര്‍ക്കു സാധിച്ചില്ല. അവന്റെ മറുപടിയില്‍ ആശ്ചര്യപ്പെട്ട് അവര്‍ മൗനമവലംബിച്ചു.

ഉത്ഥാനത്തെക്കുറിച്ചു വിവാദം
27: ഉത്ഥാനമില്ലെന്നു വാദിക്കുന്ന സദ്ദുക്കായരില്‍ച്ചിലര്‍ അവനെ സമീപിച്ചു ചോദിച്ചു:
28: ഗുരോ, ഒരുവന്റെ സഹോദരന്‍, ഭാര്യയുണ്ടായിരിക്കേ, സന്താനമില്ലാതെ മരിച്ചാല്‍, അവന്‍ ആ സഹോദരന്റെ ഭാര്യയെ സ്വീകരിച്ച്, അവനുവേണ്ടി സന്താനത്തെ ഉത്പാദിപ്പിക്കണമെന്നു മോശ ഞങ്ങൾക്കെഴുതിയിട്ടുണ്ട്.
29: ഒരിടത്ത് ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമന്‍ ഒരുവളെ വിവാഹംചെയ്തു; അവന്‍ സന്താനമില്ലാതെ മരിച്ചു.
30: അനന്തരം രണ്ടാമനും, പിന്നെ മൂന്നാമനും അവളെ സ്വീകരിച്ചു.
31: അങ്ങനെ ഏഴുപേരും സന്താനങ്ങളില്ലാതെ മരിച്ചു.
32: അവസാനം ആ സ്ത്രീയും മരിച്ചു.
33: ഉത്ഥാനത്തില്‍ അവള്‍ അവരിലാരുടെ ഭാര്യയായിരിക്കും? അവള്‍ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ.
34: യേശു അവരോടു പറഞ്ഞു: ഈ യുഗത്തിന്റെ സന്താനങ്ങള്‍ വിവാഹംചെയ്യുകയും വിവാഹംചെയ്തുകൊടുക്കുകയും ചെയ്യുന്നു.
35: എന്നാല്‍, ആ യുഗംപ്രാപിക്കുന്നതിനും മരിച്ചവരില്‍നിന്നുള്ള ഉയിര്‍പ്പിനും യോഗ്യരായവര്‍, വിവാഹംചെയ്യുകയോ വിവാഹംചെയ്തുകൊടുക്കുകയോ ഇല്ല.
36: ഉത്ഥാനത്തിന്റെ മക്കളായതിനാൽ, അവര്‍ ദൈവമക്കളും ദൈവദൂതന്മാരെപ്പോലെയുമാണ്. ആകയാല്‍, അവര്‍ക്കിനിയൊരിക്കലും മരിക്കാന്‍സാധിക്കുകയില്ല.
37: മോശയും മുള്‍പ്പടര്‍പ്പിങ്കല്‍വച്ചു കര്‍ത്താവിനെ, അബ്രാഹമിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നുവിളിച്ചുകൊണ്ട്, മരിച്ചവര്‍ ഉയിര്‍ക്കപ്പെടുന്നെന്നു കാണിച്ചുതന്നിട്ടുണ്ട്.
38: അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. എന്തെന്നാൽ, അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവര്‍തന്നെ.
39: നിയമജ്ഞരില്‍ച്ചിലര്‍ ഗുരോ, നീ ശരിയായി സംസാരിച്ചു, എന്നുപറഞ്ഞു.
40: അവനോടെന്തെങ്കിലുംചോദിക്കാന്‍ പിന്നീടവര്‍ മുതിര്‍ന്നില്ല.

ക്രിസ്തു, ദാവീദിന്റെ പുത്രന്‍
41: അപ്പോള്‍ അവനവരോടു ചോദിച്ചു: ക്രിസ്തു ദാവീദിന്റെ പുത്രനാണെന്നുപറയാന്‍ എങ്ങനെകഴിയും?
42: ദാവീദുതന്നെയും സങ്കീര്‍ത്തനപുസ്തകത്തില്‍ പറയുന്നു: കര്‍ത്താവ്, എന്റെ കര്‍ത്താവിനോടരുൾചെയ്തു,
43: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീയെന്റെ വലത്തുഭാഗത്തിരിക്കുക.
44: ദാവീദവനെ കര്‍ത്താവെന്നു വിളിക്കുന്നു. പിന്നെങ്ങനെയാണ് അവന്‍ ദാവീദിന്റെ പുത്രനാകുന്നത്?

നിയമജ്ഞരുടെ കപടജീവിതം
45: ജനമെല്ലാം കേള്‍ക്കേ, അവന്‍ തന്റെ ശിഷ്യന്മാരോടു പറഞ്ഞു:
46: നീ, മേലങ്കിയിട്ടുനടക്കാനാഗ്രഹിക്കുകയും പൊതുസ്ഥലങ്ങളില്‍ അഭിവാദനങ്ങളും സിനഗോഗുകളില്‍ ഉന്നതപീഠങ്ങളും അത്താഴവിരുന്നുകളില്‍ മുഖ്യസ്ഥാനങ്ങളും ഇഷ്ടപ്പെടുകയുംചെയ്യുന്ന നിയമജ്ഞരെ സൂക്ഷിച്ചുകൊള്ളുവിന്‍.
47: അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുകയും ദീര്‍ഘനേരം പ്രാര്‍ത്ഥിക്കുന്നതായി നടിക്കുകയുംചെയ്യുന്നു. അവര്‍ക്കു കഠിനതരമായ ശിക്ഷാവിധി ലഭിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ