ഇരുന്നൂറ്റിത്തൊണ്ണൂറ്റിനാലാം ദിവസം: ലൂക്കാ 6 - 7


അദ്ധ്യായം 6

സാബത്തിനെപ്പറ്റി തര്‍ക്കം
1: ഒരു സാബത്തുദിവസം യേശു ധാന്യവയലിലൂടെ കടന്നുപോകുമ്പോള്‍, അവന്റെ ശിഷ്യന്മാര്‍ കതിരുകള്‍പറിച്ച്, കൈകൊണ്ടു തിരുമ്മിത്തിന്നുകൊണ്ടിരുന്നു.
2: ഫരിസേയരില്‍ച്ചിലര്‍ ചോദിച്ചു: എന്തുകൊണ്ടാണ്, സാബത്തില്‍ നിഷിദ്ധമായതു നിങ്ങള്‍ ചെയ്യുന്നത്?
3: യേശു മറുപടിപറഞ്ഞു: വിശന്നപ്പോള്‍ ദാവീദും കൂടെയുണ്ടായിരുന്നവരും എന്താണുചെയ്തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ?
4: അവന്‍ ദൈവത്തിന്റെ ഭവനത്തില്‍ പ്രവേശിച്ച്, പുരോഹിതന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കുംഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പമെടുത്തു ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്കു കൊടുക്കുകയുംചെയ്തതെങ്ങനെ?
5: അവനവരോടു പറഞ്ഞു: മനുഷ്യപുത്രന്‍ സാബത്തിന്റെ കര്‍ത്താവാകുന്നു.
6: മറ്റൊരു സാബത്തില്‍ അവൻ സിനഗോഗില്‍പ്രവേശിച്ച്, പഠിപ്പിക്കുകയായിരുന്നു. അവിടെ വലത്തുകൈശോഷിച്ച ഒരുവനുണ്ടായിരുന്നു.
7: നിയമജ്ഞരും ഫരിസേയരും അവനിൽ കുറ്റമാരോപിക്കാന്‍ പഴുതുനോക്കി, സാബത്തില്‍ സുഖപ്പെടുത്തുമോയെന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നു.
8: അവന്‍, അവരുടെ വിചാരങ്ങള്‍ മനസ്സിലാക്കിയിട്ട്, കൈശോഷിച്ചവനോടു പറഞ്ഞു: എഴുന്നേറ്റു നടുക്കു നില്ക്കുക. അവനെഴുന്നേറ്റുനിന്നു.
9: യേശു അവരോടു പറഞ്ഞു: ഞാന്‍ നിങ്ങളോടു ചോദിക്കുന്നു, സാബത്തില്‍ നന്മചെയ്യുന്നതോ തിന്മചെയ്യുന്നതോ ജീവന്‍ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണനുവദനീയം?
10: അവന്‍ ചുറ്റുമുള്ളവരെയെല്ലാം നോക്കിക്കൊണ്ട്, അവനോടു പറഞ്ഞു: നിന്റെ കൈനീട്ടുക. അവന്‍ അങ്ങനെചെയ്തു. അവന്റെ കൈ സുഖപ്പെട്ടു.
11: അവര്‍ രോഷംപൂണ്ട്, യേശുവിനെ എന്താണുചെയ്യേണ്ടതെന്നു പരസ്പരമാലോചിച്ചു.

അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നു
12: ആ ദിവസങ്ങളില്‍ അവന്‍ പ്രാര്‍ത്ഥിക്കാന്‍ ഒരു മലയിലേക്കു പോയി. അവിടെ, അവൻ ദൈവത്തോടുള്ള പ്രാര്‍ത്ഥനയിൽ  രാത്രിമുഴുവന്‍ ചെലവഴിച്ചു.
13: പ്രഭാതമായപ്പോള്‍ അവന്‍ ശിഷ്യന്മാരെ അടുത്തുവിളിച്ച്, അവരില്‍നിന്നു പന്ത്രണ്ടുപേരെ തിരഞ്ഞെടുത്ത്, അവര്‍ക്ക് അപ്പസ്‌തോലന്മാര്‍ എന്നു പേരുനല്കി.
14: അവര്‍, പത്രോസ് എന്ന് അവന്‍ പേരുനല്കിയ ശിമയോന്‍, അവന്റെ സഹോദരനായ അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍, പീലിപ്പോസ്, ബര്‍ത്തലോമിയോ,
15: മത്തായി, തോമസ്, ഹല്‍പൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയെന്നു വിളിക്കപ്പെട്ടിരുന്ന ശിമയോന്‍,
16: യാക്കോബിന്റെ മകനായ യൂദാസ്, ഒറ്റുകാരനായിത്തീര്‍ന്ന യൂദാസ് സ്‌കറിയോത്ത എന്നിവരാണ്.

സമതലത്തിലെ ശുശ്രൂഷ 
17: അവന്‍ അവരോടുകൂടെയിറങ്ങി, സമതലത്തില്‍ നിന്നു. ശിഷ്യന്മാരുടെ ഒരു വലിയകൂട്ടവും, യൂദയാമുഴുവനിൽനിന്നും ജറുസലെമിൽനിന്നും ടയിര്‍, സീദോന്‍ എന്നീ തീരപ്രദേശങ്ങളില്‍നിന്നുമുള്ള ജനത്തിന്റെ വലിയൊരു സംഘവുമുണ്ടായിരുന്നു. 
18: അവർ അവനെ ശ്രവിക്കുന്നതിനും തങ്ങളുടെ രോഗങ്ങളിൽനിന്നു സുഖപ്പെടുന്നതിനും വന്നു. അശുദ്ധാത്മാക്കളാല്‍ പീഡിതരായവരും സുഖപ്പെട്ടു.
19: ജനക്കൂട്ടമെല്ലാം അവനെ ഒന്നുസ്പര്‍ശിക്കാന്‍ ശ്രമിച്ചിരുന്നു. എന്തെന്നാല്‍, അവനില്‍നിന്നു ശക്തി പുറപ്പെടുകയും എല്ലാവരെയും സുഖപ്പെടുത്തുകയും ചെയ്തിരുന്നു.

സുവിശേഷഭാഗ്യങ്ങള്‍
20: അവന്‍ തന്റെ ശിഷ്യരുടെനേരേ കണ്ണുകളുയര്‍ത്തി അരുൾചെയ്തു: ദരിദ്രരേ, നിങ്ങളനുഗൃഹീതർ; എന്തെന്നാൽ ദൈവരാജ്യം നിങ്ങളുടേതാകുന്നു.
21: ഇപ്പോള്‍ വിശക്കുന്നവരേ, നിങ്ങളനുഗൃഹീതർ; എന്തെന്നാൽ നിങ്ങള്‍ തൃപ്തരാക്കപ്പെടും. ഇപ്പോള്‍ കരയുന്നവരേ, നിങ്ങളനുഗൃഹീതർ; എന്തെന്നാൽ നിങ്ങള്‍ ചിരിക്കും.
22: മനുഷ്യപുത്രന്‍നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷിക്കുകയും ഒറ്റപ്പെടുത്തുകയും അവഹേളിക്കുകയും നിങ്ങളുടെ പേര്, ദുഷിച്ചതായിക്കരുതി, പുറന്തള്ളുകയുംചെയ്യുമ്പോള്‍ നിങ്ങളനുഗൃഹീതർ.
23: ആ ദിവസം നിങ്ങള്‍ സന്തോഷിക്കുകയും കുതിച്ചുചാടുകയുംചെയ്യുവിന്‍; സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുത്. അവരുടെ പിതാക്കന്മാര്‍ പ്രവാചകന്മാരോടും ഇപ്രകാരംതന്നെയാണു പ്രവര്‍ത്തിച്ചത്.

ദുരിതങ്ങൾ 
24: എന്നാല്‍, സമ്പന്നരേ, നിങ്ങള്‍ക്കു ദുരിതം! എന്തെന്നാൽ നിങ്ങളുടെ ആശ്വാസം നിങ്ങള്‍ക്കു ലഭിച്ചുകഴിഞ്ഞു. ഇപ്പോള്‍ സംതൃപ്തരായിക്കഴിയുന്നവരേ, നിങ്ങള്‍ക്കു ദുരിതം! എന്തെന്നാൽ നിങ്ങള്‍ക്കു വിശക്കും.
25: ഇപ്പോള്‍ ചിരിക്കുന്നവരേ, നിങ്ങള്‍ക്കു ദുരിതം! എന്തെന്നാൽ നിങ്ങള്‍ വിലപിക്കുകയും കരയുകയുംചെയ്യും.
26: മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചുപറയുമ്പോള്‍ നിങ്ങള്‍ക്കു ദുരിതം! എന്തെന്നാൽ അവരുടെ പിതാക്കന്മാര്‍ വ്യാജപ്രവാചകന്മാരോടും അങ്ങനെതന്നെ ചെയ്തു.

ശത്രുക്കളെ സ്നേഹിക്കുവിൻ 
27: ശ്രവിച്ചുകൊണ്ടിരിക്കുന്ന നിങ്ങളോടു ഞാന്‍ പറയുന്നു, നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു നന്മചെയ്യുവിന്‍;
28: നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; നിങ്ങളെ അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍.
29: ഒരു ചെകിട്ടത്തടിക്കുന്നവനു മറ്റേ ചെകിടുകൂടെ കാണിച്ചുകൊടുക്കുക. നിന്റെ മേലങ്കിയെടുക്കുന്നവന്, കുപ്പായവും നിഷേധിക്കരുത്. 
30: നിന്നോടു ചോദിക്കുന്ന ആർക്കും കൊടുക്കുക. നിന്റെ വകകള്‍ എടുത്തുകൊണ്ടുപോകുന്നവനിൽനിന്ന്, തിരികെച്ചോദിക്കരുത്.
31: മറ്റുള്ളവര്‍ നിങ്ങളോടെങ്ങനെ പെരുമാറണമെന്നു നിങ്ങളാഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങളവരോടും പെരുമാറുവിന്‍.
32: നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്നേഹിക്കുന്നതില്‍, എന്തുമേന്മയാണുള്ളത്? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ.
33: നിങ്ങള്‍ക്കു നന്മചെയ്യുന്നവര്‍ക്കു നിങ്ങള്‍ നന്മചെയ്യുന്നതില്‍ എന്തു മേന്മയാണുള്ളത്? പാപികളും അതുതന്നെചെയ്യുന്നുണ്ടല്ലോ.
34: തിരിച്ചുകിട്ടുമെന്നു പ്രതീക്ഷിച്ചു വായ്പകൊടുക്കുന്നതില്‍ എന്തുമേന്മയാണുളളത്? അത്രത്തോളം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ പാപികളും പാപികള്‍ക്കു വായ്പകൊടുക്കുന്നില്ലേ?
35: എന്നാല്‍, നിങ്ങള്‍ ശത്രുക്കളെ സ്നേഹിക്കുവിന്‍. തിരിച്ചുകിട്ടുമെന്നു പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്കു നന്മചെയ്യുകയും വായ്പകൊടുക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങള്‍ അത്യുന്നതന്റെ പുത്രരായിരിക്കുകയുംചെയ്യും. എന്തെന്നാൽ അവിടുന്നു നന്ദിഹീനരോടും ദുഷ്ടരോടും കരുണയുള്ളവനാണ്.
36: നിങ്ങളുടെ പിതാവ്, അനുകമ്പയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും അനുകമ്പയുള്ളവരായിരിക്കുവിന്‍.

അന്യരെ വിധിക്കരുത്
37: വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണംനടത്തരുത്; നിങ്ങളുടെമേലും കുറ്റമാരോപിക്കപ്പെടുകയില്ല, ക്ഷമിക്കുവിന്‍; നിങ്ങളോടും ക്ഷമിക്കപ്പെടും.
38: കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറഞ്ഞുകവിയുന്ന നല്ല അളവിൽ അവര്‍ നിങ്ങളുടെ മടിയിലിട്ടുതരും. കാരണം, നിങ്ങളളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങള്‍ക്കും തിരിച്ചളന്നുകിട്ടും.
39: അവന്‍ ഒരുപമയും അവരോടു പറഞ്ഞു: കുരുടനു കുരുടനെ നയിക്കാന്‍ സാധിക്കില്ലല്ലോ? ഇരുവരും കുഴിയില്‍വീഴുകയില്ലേ?
40: ശിഷ്യന്‍ ഗുരുവിനെക്കാള്‍മേലെയല്ലാ, എന്നാല്‍, അഭ്യസനം പൂർത്തിയാകുമ്പോള്‍ ഓരോരുത്തനും ഗുരുവിനെപ്പോലെയാകും.
41: നിന്റെ സഹോദരന്റെ കണ്ണിലെ കരടു നീ കാണുകയും സ്വന്തം കണ്ണിലെ തടിക്കഷണം ഗൗനിക്കാതിരിക്കുകയുംചെയ്യുന്നതെന്ത്?
42: സ്വന്തം കണ്ണിലെ തടിക്കഷണം കാണാതിരിക്കേ, സഹോദരാ, നിന്റെ കണ്ണിലെ കരടു ഞാനെടുത്തുകളയട്ടെയെന്നു നിന്റെ സഹോദരനോടു പറയാന്‍ നിനക്കെങ്ങനെകഴിയും? കപടനാട്യക്കാരാ, ആദ്യം നിന്റെ കണ്ണിലെ തടിക്കഷണമെടുത്തു മാറ്റുക. അപ്പോള്‍ നിന്റെ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാന്‍ നിന്റെ കാഴ്ച തെളിയും.

ഫലത്തില്‍നിന്നു വൃക്ഷത്തെയറിയുക
43: നല്ല വൃക്ഷം ചീത്തഫലങ്ങള്‍ കായ്ക്കുന്നില്ല; നല്ല ഫലംകായ്ക്കുന്ന ചീത്തവൃക്ഷങ്ങളുമില്ലാ.
44: ഓരോ വൃക്ഷവും അതതിന്റെ ഫലംകൊണ്ടറിയുന്നു. മുള്‍ച്ചെടിയില്‍നിന്ന് അത്തിപ്പഴം ശേഖരിക്കുന്നില്ലാ. ഞെരിഞ്ഞിലില്‍നിന്നു മുന്തിരിക്കുല പറിക്കുന്നുമില്ലാ.
45: നല്ല മനുഷ്യന്‍, തന്റെ ഹൃദയത്തിലെ നല്ലശേഖരത്തില്‍നിന്നു നന്മ പുറപ്പെടുവിക്കുന്നു. ദുഷ്ടനാകട്ടേ, തിന്മയില്‍നിന്നു തിന്മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവില്‍നിന്നാണല്ലോ അധരം സംസാരിക്കുന്നത്.

ഉറച്ച അടിസ്ഥാനം
46: നിങ്ങളെന്നെ കര്‍ത്താവേ, കര്‍ത്താവേ, എന്നു വിളിക്കുകയും, ഞാന്‍പറയുന്നവ പ്രവര്‍ത്തിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്?
47: എന്റെയടുത്തുവരുകയും എന്റെ വചനങ്ങൾ കേള്‍ക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശനാണെന്നു ഞാന്‍ നിങ്ങൾക്കു വ്യക്തമാക്കാം.
48: ആഴത്തില്‍ക്കുഴിച്ച്, പാറമേല്‍ അടിസ്ഥാനമിട്ടു ഭവനംപണിത മനുഷ്യനോടു സദൃശനാണവന്‍. വെള്ളപ്പൊക്കമുണ്ടാകുകയും ജലപ്രവാഹം, ആ ഭവനത്തിന്മേല്‍ ആഞ്ഞടിക്കുകയുംചെയ്തു. എന്നാല്‍ അതിളക്കാന്‍കഴിഞ്ഞില്ല; എന്തെന്നാല്‍, അതു നല്ലവണ്ണം പണിയപ്പെട്ടിരുന്നു.
49: എന്നാല്‍, കേട്ടിട്ടും അനുസരിക്കാത്ത മനുഷ്യന്‍, അടിസ്ഥാനമില്ലാത്ത മണ്ണിൽ, ഭവനംപണിതവനു തുല്യന്‍. ജലപ്രവാഹം അതിന്മേല്‍ ആഞ്ഞടിച്ചു; ഉടനേ അതു നിലംപൊത്തി. ആ ഭവനത്തിന്റെ തകര്‍ച്ച വലുതായിരുന്നു.

അദ്ധ്യായം 7 

ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നു
1: യേശു ജനംകേൾക്കേയുള്ള തന്റെ വാക്കുകളെല്ലാം പൂർത്തിയാക്കിയപ്പോൾ, കഫര്‍ണാമിലേക്കു പ്രവേശിച്ചു. 
2: ഒരു ശതാധിപന്റെ ഭൃത്യന്‍ രോഗംബാധിച്ച് ആസന്നമരണനായി കിടന്നിരുന്നു. അവന്‍ യജമാനനു പ്രിയങ്കരനായിരുന്നു.
3: ശതാധിപന്‍ യേശുവിനെപ്പറ്റിക്കേട്ട്, തന്റെ ഭൃത്യനെ, വന്നുസുഖപ്പെടുത്തണമെന്നപേക്ഷിക്കാന്‍ യഹൂദശ്രേഷ്ഠന്മാരെ അവന്റെയടുത്തേക്കയച്ചു.
4: അവര്‍ യേശുവിന്റെ അടുത്തുവന്നു താല്പര്യപൂർവ്വം യാചിച്ചു: നീ ഇതു ചെയ്തുകൊടുക്കാന്‍ അവനര്‍ഹനാണ്.
5: എന്തെന്നാല്‍, അവന്‍ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു. നമുക്ക് ഒരു സിനഗോഗു പണിയിച്ചുതരുകയുംചെയ്തിട്ടുണ്ട്.
6:
 യേശു അവരോടൊപ്പം പുറപ്പെട്ടു. ഭവനത്തിൽനിന്ന്, അവന്‍ അധികമകലെയല്ലാതിരുന്നപ്പോൾ ആ ശതാധിപന്‍ തന്റെ സ്‌നേഹിതരെ അയച്ച്, അവനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങു ബുദ്ധിമുട്ടേണ്ടാ. അങ്ങെന്റെ വീട്ടില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല.
7: അതിനാൽ, അങ്ങയുടെയടുത്തു നേരിട്ടുവരാൻ എനിക്കു യോഗ്യതയില്ല എന്നു ഞാന്‍ വിചാരിച്ചു. അങ്ങൊരു വാക്കുച്ചരിക്കുക, എന്റെ ഭൃത്യന്‍ സുഖപ്പെടട്ടെ.
8: കാരണം, ഞാനും അധികാരത്തിനു കീഴ്‌പ്പെട്ടവനാണ്; എന്റെ കീഴിലും പടയാളികളുണ്ട്. ഞാന്‍ ഒരുവനോടു 
പറയുന്നു, പോകുക; അവന്‍ പോകുന്നു. വേറൊരുവനോടു വരുക; അവന്‍ വരുന്നു. എന്റെ ദാസനോട്, ഇതു ചെയ്യുക; അവന്‍ ചെയ്യുന്നു.
9: യേശു ഇതുകേട്ട്, അവനെപ്പറ്റി വിസ്മയിച്ചു. തന്നെയനുഗമിച്ചിരുന്ന ജനക്കൂട്ടത്തിനുനേരേതിരിഞ്ഞ് അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളോടു പറയുന്നു, ഇസ്രായേലില്‍പോലും ഇത്രവലിയ വിശ്വാസം ഞാന്‍ കണ്ടിട്ടില്ല.
10: അയയ്ക്കപ്പെട്ടവര്‍ തിരിച്ചുചെന്നപ്പോള്‍ ആ ഭൃത്യന്‍ ആരോഗ്യവാനായിരിക്കുന്നതുകണ്ടു.

വിധവയുടെ മകനെ പുനര്‍ജ്ജീവിപ്പിക്കുന്നു.
11: അതിനുശേഷം അവന്‍ നായിന്‍ എന്ന പട്ടണത്തിലേക്കു പോയി. ശിഷ്യന്മാരും വലിയൊരു ജനക്കൂട്ടവും അവനെ അനുയാത്രചെയ്തു.
12: അവന്‍ നഗരകവാടത്തിനടുത്തെത്തിയപ്പോള്‍, മരിച്ചുപോയ ഒരുവനെ ചിലര്‍ എടുത്തുകൊണ്ടുവരുന്നതു കണ്ടു. 
അവന്‍ അമ്മയുടെ ഏകപുത്രനായിരുന്നു. അവൾ വിധവയും. പട്ടണത്തില്‍നിന്ന് വലിയൊരു ജനക്കൂട്ടവും അവളോടൊപ്പമുണ്ടായിരുന്നു.
13: അവളെക്കണ്ട്, അനുകമ്പതോന്നി, കര്‍ത്താവവളോടു പറഞ്ഞു: കരയേണ്ടാ.
14: അവന്‍ മുന്നോട്ടുവന്നു ശവമഞ്ചത്തിന്മേല്‍ തൊട്ടു. അതു വഹിച്ചിരുന്നവര്‍ നിന്നു. അവന്‍ പറഞ്ഞു: യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്ക്കുക.
15: മരിച്ചവന്‍ ഉടനേ എഴുന്നേറ്റിരിക്കുകയും സംസാരിക്കാന്‍തുടങ്ങുകയുംചെയ്തു. യേശു അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു
16: ഭയം എല്ലാവരെയും ഗ്രസിച്ചു. അവര്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു പറഞ്ഞു: ഒരു വലിയപ്രവാചകന്‍ നമ്മുടെയിടയില്‍ ഉയർന്നിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു.
17: അവനെപ്പറ്റിയുള്ള ഈ വാര്‍ത്ത, യൂദയാമുഴുവനിലും സമീപപ്രദേശങ്ങളിലും പരന്നു.

സ്നാപകന്റെശിഷ്യന്മാര്‍ യേശുവിനെ സമീപിക്കുന്നു.
18: ഇവയെപ്പറ്റിയെല്ലാം യോഹന്നാന്റെ ശിഷ്യന്മാര്‍ അവനെയറിയിച്ചു. യോഹന്നാന്‍ ശിഷ്യന്മാരില്‍ രണ്ടുപേരെ വിളിച്ച്,
19: ഇങ്ങനെ 
ചോദിക്കാന്‍ കർത്താവിന്റെയടുക്കൽ പറഞ്ഞയച്ചു. വരാനിരിക്കുന്നവന്‍ നീതന്നെയോ, അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ? 
20: അവരവന്റെ അടുത്തുചെന്നു പറഞ്ഞു: വരാനിരിക്കുന്നവന്‍ നീതന്നെയോ, അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ എന്നു ചോദിക്കാന്‍ സ്നാപകയോഹന്നാന്‍ ഞങ്ങളെ നിന്റെയടുത്തേക്ക് അയച്ചിരിക്കുന്നു.
21: ആ സമയം, യേശു അനേകംപേരെ രോഗങ്ങളില്‍നിന്നും പീഡകളില്‍നിന്നും അശുദ്ധാത്മാക്കളില്‍നിന്നും സുഖപ്പെടുത്തുകയും അനേകം കുരുടന്മാര്‍ക്കു കാഴ്ചകൊടുക്കുകയും ചെയ്തു.
22: അവനവരോടു മറുപടി പറഞ്ഞു: നിങ്ങള്‍ കാണുകയും കേള്‍ക്കുകയുംചെയ്തതെല്ലാം, ചെന്നു യോഹന്നാനെ അറിയിക്കുക. കുരുടന്മാര്‍ കാണുന്നു; മുടന്തന്മാര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ സുഖപ്പെടുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു; ദരിദ്രരോടു സദ്‌വാർത്ത അറിയിക്കപ്പെടുന്നു.
23: എന്നില്‍ ഇടര്‍ച്ചയുണ്ടാകാത്തവന്‍ അനുഗൃഹീതൻ.

യോഹന്നാനെക്കുറിച്ചു യേശുവിന്റെ സാക്ഷ്യം
24: യോഹന്നാന്റെ ദൂതന്മാര്‍ പോയപ്പോള്‍ യേശു അവനെപ്പറ്റി ജനക്കൂട്ടത്തോടു പറയാന്‍തുടങ്ങി. എന്തുകാണാനാണു 
നിങ്ങൾ മരുഭൂമിയിലേക്കു പോയത്? കാറ്റിലുലയുന്ന ഞാങ്ങണയോ?
25: അല്ലെങ്കില്‍ എന്തുകാണാനാണു നിങ്ങള്‍ പോയത്? മൃദുലവസ്ത്രങ്ങള്‍ധരിച്ച മനുഷ്യനേയോ? മോടിയായി വസ്ത്രംധരിച്ച്, ആഡംബരത്തില്‍ജീവിക്കുന്നവര്‍ രാജകൊട്ടാരങ്ങളിലാണല്ലോ.
26: അല്ലെങ്കില്‍, എന്തുകാണാനാണു നിങ്ങള്‍ പോയത്? പ്രവാചകനെയോ? അതേ, ഞാന്‍ നിങ്ങളോടു പറയുന്നു, പ്രവാചകനെക്കാള്‍ വലിയവനെ.
27: ഇവനെപ്പറ്റിയാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്. ഇതാ, നിനക്കുമുമ്പേ, എന്റെ ദൂതനെ ഞാനയയ്ക്കുന്നു. അവന്‍ നിന്റെ മുമ്പിൽ, നിനക്കു വഴിയൊരുക്കും.
28: ഞാന്‍ നിങ്ങളോടു പറയുന്നു, സ്ത്രീകളില്‍നിന്നുജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവനാരുമില്ല. എങ്കിലും, ദൈവരാജ്യത്തിലെ ഏറ്റവുംചെറിയവന്‍ അവനേക്കാള്‍ വലിയവനാണ്.
29: ഇതു കേട്ട്, ജനംമുഴുവനും 
ചുങ്കക്കാരും യോഹന്നാന്റെ സ്നാനംസ്വീകരിച്ച്, ദൈവത്തിന്റെ നീതി അംഗീകരിച്ചു.
30: ഫരിസേയരും നിയമജ്ഞരുമാകട്ടെ, യോഹന്നാന്റെ സ്നാനംസ്വീകരിക്കാതെ, തങ്ങളെപ്പറ്റിയുള്ള ദൈവത്തിന്റെ പദ്ധതി നിരസിച്ചുകളഞ്ഞു.
31:
 ഈ തലമുറയുടെ മനുഷ്യരെ എന്തിനോടാണു ഞാനുപമിക്കേണ്ടത്? അവര്‍ എന്തിനോടു തുല്യരാണ്? 
അവര്‍ ചന്തസ്ഥലത്തിരുന്നു പരസ്പരം വിളിച്ചുപറയുന്ന കുട്ടികളെപ്പോലെയാണ്.
32: ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതി; എങ്കിലും നിങ്ങള്‍ നൃത്തംചെയ്തില്ല; ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി വിലാപഗാനമാലപിച്ചു; എങ്കിലും നിങ്ങള്‍ കരഞ്ഞില്ല.
33: എന്തെന്നാല്‍, സ്നാപകയോഹന്നാന്‍ അപ്പംഭക്ഷിക്കാത്തവനും വീഞ്ഞുകുടിക്കാത്തവനുമായി വന്നു. അവൻ പിശാചുബാധിതനാണെന്നു നിങ്ങള്‍ പറയുന്നു.
34: മനുഷ്യപുത്രന്‍ ഭക്ഷിക്കുന്നവനും പാനംചെയ്യുന്നവനുമായി വന്നു. അപ്പോള്‍ ഇതാ, ഭോജനപ്രിയനും വീഞ്ഞുകുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനുമായ മനുഷ്യന്‍ എന്നു നിങ്ങള്‍ പറയുന്നു.
35: ജ്ഞാനം തന്റെ സകലസന്താനങ്ങളാലും നീതിമത്ക്കരിക്കപ്പെടുന്നു.

പാപിനിക്കു മോചനം
36: ഫരിസേയരിലൊരുവന്‍ തന്നോടൊത്തു ഭക്ഷണംകഴിക്കാന്‍ അവനെ ക്ഷണിച്ചു. യേശു അവന്റെ വീട്ടില്‍പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു.
37: അപ്പോള്‍, ആ പട്ടണത്തിലെ പാപിനിയായ ഒരു സ്ത്രീ ഫരിസേയന്റെ വീട്ടില്‍, അവന്‍ ഭക്ഷണത്തിനിരിക്കുന്നുവെന്നറിഞ്ഞ്, ഒരു വെണ്‍കല്‍ഭരണിനിറയെ സുഗന്ധതൈലംകൊണ്ടുവന്ന്,
38: അവന്റെ പിന്നില്‍ പാദത്തിനരികെ കരഞ്ഞുകൊണ്ടു നിന്നു. കണ്ണീരുകൊണ്ട്, അവളവന്റെ പാദങ്ങള്‍ നനയ്ക്കുകയും തലമുടികൊണ്ടു തുടയ്ക്കുകയും ചുംബിക്കുകയും സുഗന്ധതൈലം പൂശുകയുംചെയ്തുതുടങ്ങി.
39: 
ഇതുകണ്ട്, അവനെ ക്ഷണിച്ച ആ ഫരിസേയന്‍ ആത്മഗതംചെയ്തു: ഇവന്‍ പ്രവാചകനാണെങ്കില്‍, തന്നെ സ്പര്‍ശിക്കുന്ന സ്ത്രീയാരെന്നും ഏതുതരക്കാരിയെന്നും അറിയുമായിരുന്നു. എന്തെന്നാൽ, ഇവള്‍ ഒരു പാപിനിയാണല്ലോ.
40: യേശു അവനോടു പറഞ്ഞു: ശിമയോനേ, എനിക്കു നിന്നോടൊരു കാര്യംപറയാനുണ്ട്. ഗുരോ, അരുളിച്ചെയ്താലും എന്നവന്‍ പറഞ്ഞു.
41: ഒരുത്തമര്‍ണ്ണന്, രണ്ടു കടക്കാരുണ്ടായിരുന്നു. ഒരുവന്‍ 
അഞ്ഞൂറു ദനാറ കടപ്പെട്ടിരുന്നു. മറ്റവന്‍ അമ്പതും. 
42: വീട്ടാന്‍ വകയില്ലാത്തതുകൊണ്ട്, ഇരുവര്‍ക്കും അവനിളച്ചുകൊടുത്തു. അങ്ങനെയെങ്കിൽ അവരില്‍ ആരവനെ കൂടുതല്‍ സ്നേഹിക്കും?
43: ശിമയോന്‍ മറുപടി പറഞ്ഞു: ആര്‍ക്കവന്‍ കൂടുതലിളവുചെയ്തോ അവന്‍ എന്നു ഞാന്‍ വിചാരിക്കുന്നു. അവന്‍ പറഞ്ഞു: നീ ശരിയായിത്തന്നെ വിധിച്ചു.
44: അനന്തരം യേശു ആ സ്ത്രീയുടെനേരേതിരിഞ്ഞു ശിമയോനോടു പറഞ്ഞു: നീ ഈ സ്ത്രീയെ കാണുന്നല്ലോ. ഞാന്‍ നിന്റെ വീട്ടില്‍ വന്നു; കാലുകഴുകാന്‍ നീയെനിക്കു വെള്ളംതന്നില്ല. എന്നാല്‍, ഇവള്‍ കണ്ണീരുകൊണ്ട് എന്റെ കാൽ നനയ്ക്കുകയും തലമുടികൊണ്ടു തുടയ്ക്കുകയുംചെയ്തു.
45: നീയെനിക്കു ചുംബനംതന്നില്ല; എന്നാല്‍, ഞാനിവിടെ പ്രവേശിച്ചതുമുതല്‍, എന്റെ പാദങ്ങള്‍ ചുംബിക്കുന്നതില്‍നിന്ന് ഇവള്‍ വിരമിച്ചിട്ടില്ല.
46: നീ എന്റെ തലയില്‍ തൈലംപൂശിയില്ല, ഇവളോ എന്റെ പാദങ്ങളില്‍ സുഗന്ധതൈലംപൂശിയിരിക്കുന്നു.
47: അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്നേഹിച്ചു. ആരോട് അല്പംക്ഷമിക്കപ്പെടുന്നുവോ അയാൾ അല്പം സ്‌നേഹിക്കുന്നു.
48: അവനവളോടു പറഞ്ഞു: നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
49: അവനോടുകൂടെ പന്തിയിലിരുന്നവര്‍ പരസ്പരം പറയാന്‍തുടങ്ങി: പാപങ്ങള്‍ ക്ഷമിക്കുകപോലുംചെയ്യുന്ന ഇവനാരാണ്?
50: അവനവളോടു പറഞ്ഞു: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തിൽ പോകുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ