ഇരുന്നൂറ്റിനാല്പത്തിയഞ്ചാം ദിവസം: എസക്കിയേല്‍ 33 - 35


അദ്ധ്യായം 33

പ്രവാചകന്‍ കാവല്‍ക്കാരന്‍

1: കര്‍ത്താവെന്നോടരുളിച്ചെയ്തു: മനുഷ്യപുത്രാ,
2: നീ നിന്റെ ജനത്തോടു പറയുക; ഞാനൊരു ദേശത്തിന്റെമേല്‍ വാളയയ്ക്കുകയും
3: ആ ദേശത്തെ ജനം തങ്ങളിലൊരുവനെ കാവല്‍ക്കാരനായി നിയമിക്കുകയും വാള്‍വരുന്നതു് അവന്‍ കാണുകയും കാഹളമൂതി മുന്നറിയിപ്പുകൊടുക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ.
4: കാഹളനാദംകേട്ടിട്ടും മുന്നറിയിപ്പുസ്വീകരിക്കാത്തവനെ വാള്‍ വിച്ഛേദിച്ചുകളയും. അവന്റെ രക്തത്തിനുത്തരവാദി അവന്‍തന്നെ.
5: അവന്‍ കാഹളനാദം കേട്ടു; മുന്നറിയിപ്പു സ്വീകരിച്ചില്ല. അവന്റെ രക്തത്തിനുത്തരവാദി അവന്‍തന്നെ. മുന്നറിയിപ്പു സ്വീകരിച്ചിരുന്നെങ്കില്‍ അവനു ജീവന്‍ രക്ഷിക്കാമായിരുന്നു.
6: വാള്‍ വരുന്നതുകണ്ടിട്ടും കാവല്‍ക്കാരന്‍ കാഹളംമുഴക്കാതിരുന്നതുമൂലം ജനത്തിനു മുന്നറിയിപ്പുകിട്ടാതെ അവരിലാരെങ്കിലും വധിക്കപ്പെട്ടാല്‍ അവന്‍ തന്റെ അകൃത്യത്തിലായിരിക്കും വധിക്കപ്പെടുക. എന്നാല്‍ അവന്റെ രക്തത്തിനു കാവല്‍ക്കാരനോടു ഞാന്‍ പകരംചോദിക്കും.
7: മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനത്തിനു കാവല്‍ക്കാരനായി ഞാന്‍ നിന്നെ നിയമിച്ചിരിക്കുന്നു. എന്റെ നാവില്‍നിന്നു വചനംകേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീതു് അവരെയറിയിക്കണം.
8: ഞാന്‍ ദുഷ്ടനോടു്, ദുഷ്ടാ, നീ തീര്‍ച്ചയായും മരിക്കും എന്നു പറയുകയും അവന്‍ തന്റെ മാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിയാന്‍ നീ മുന്നറിയിപ്പുനല്‍കാതിരിക്കുകയുംചെയ്താല്‍ അവന്‍ തന്റെ ദുര്‍വൃത്തിയില്‍ത്തന്നെ മരിക്കും. എന്നാല്‍, അവന്റെ രക്തത്തിനു ഞാന്‍ നിന്നോടു പകരംചോദിക്കും.
9: ദുഷ്ടനോടു തന്റെ മാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിയാന്‍ നീ താക്കീതുകൊടുത്തിട്ടും അവന്‍ പിന്തിരിയാതിരുന്നാല്‍ അവന്‍ തന്റെ ദുര്‍വൃത്തിയില്‍ത്തന്നെ മരിക്കും. എന്നാല്‍ നീ നിന്റെ ജീവനെ രക്ഷിക്കും.

അനുതപിച്ചാല്‍ ജീവിക്കും
10: മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനത്തോടു പറയുക: ഞങ്ങളുടെയതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെമേലുണ്ടു്. അവമൂലം ഞങ്ങള്‍ ക്ഷയിച്ചു പോകുന്നു. ഞങ്ങള്‍ക്കെങ്ങനെ ജീവിക്കാന്‍ സാധിക്കും എന്നു നിങ്ങള്‍ പറഞ്ഞു.
11: അവരോടു പറയുക, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, ദുഷ്ടന്‍ മരിക്കുന്നതിലല്ല, അവന്‍ ദുഷ്ടമാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിഞ്ഞു ജീവിക്കുന്നതിലാണു് എനിക്കു സന്തോഷം. പിന്തിരിയുവിന്‍; തിന്മയില്‍നിന്നു നിങ്ങള്‍ പിന്തിരിയുവിന്‍. ഇസ്രായേല്‍ഭവനമേ, നിങ്ങളെന്തിനു മരിക്കണം?
12: മനുഷ്യപുത്രാ, നീ നിന്റെ ജനത്തോടു പറയുക: നീതിമാന്‍ ദുഷ്‌കൃത്യംചെയ്താല്‍ അവന്റെ നീതി അവനെ രക്ഷിക്കുകയില്ല. ദുഷ്ടന്‍ ദുര്‍മാര്‍ഗ്ഗത്തില്‍നിന്നു് പിന്തിരിഞ്ഞാല്‍ അവന്‍ തന്റെ ദുഷ്ടതമൂലം നശിക്കുകയില്ല. നീതിമാന്‍ പാപംചെയ്താല്‍ തന്റെ നീതിമൂലം ജീവിക്കാനവനു സാധിക്കുകയില്ല.
13: ഞാന്‍ നീതിമാനോടു് അവന്‍ തീര്‍ച്ചയായും ജീവിക്കുമെന്നു പറയുകയും അവന്‍ തന്റെ നീതിയില്‍ വിശ്വാസമര്‍പ്പിച്ചു തിന്മ പ്രവര്‍ത്തിക്കുകയുംചെയ്താല്‍ അവന്റെ നീതിനിഷ്ഠമായ ഒരു പ്രവൃത്തിയും ഞാനോര്‍ക്കുകയില്ല. അവന്‍ തന്റെ ദുഷ്‌കൃത്യത്തില്‍ത്തന്നെ മരിക്കും.
14: എന്നാല്‍, ഞാന്‍ ദുഷ്ടനോടു നീ തീര്‍ച്ചയായും മരിക്കും എന്നു പറയുകയും അവന്‍ ദുര്‍മാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും,
15: തന്റെ വാഗ്ദാനം നിറവേറ്റുകയും കവര്‍ച്ചവസ്തുക്കള്‍ തിരിയെക്കൊടുക്കുകയും ജീവന്റെ പ്രമാണങ്ങള്‍ പാലിക്കുകയും തിന്മ പ്രവര്‍ത്തിക്കാതിരിക്കുകയുംചെയ്താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; അവന്‍ മരിക്കുകയില്ല.
16: അവന്‍ ചെയ്തിട്ടുള്ള യാതൊരു പാപവും അവനെതിരേ ഓര്‍മ്മിക്കപ്പെടുകയില്ല. അവന്‍ നീതിയും ന്യായ വും പ്രവര്‍ത്തിച്ചിരിക്കുന്നു. അവന്‍ തീര്‍ച്ചയായും ജീവിക്കും.
17: എന്നിട്ടും കര്‍ത്താവിന്റെ മാര്‍ഗ്ഗം നീതിരഹിതമാണെന്നു നിന്റെ ജനം പറയുന്നു. നീതിരഹിതമായതു് അവരുടെതന്നെ മാര്‍ഗ്ഗമാണു്.
18: നീതിമാന്‍ നീതിയില്‍നിന്നു വ്യതിചലിച്ചു് തിന്മ പ്രവര്‍ത്തിച്ചാല്‍ അവനതിനാല്‍ മരിക്കും.
19: ദുഷ്ടന്‍ ദുഷ്ടതയില്‍നിന്നു പിന്തിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിച്ചാല്‍ അവനതിനാല്‍ ജീവിക്കും.
20: എന്നിട്ടും, കര്‍ത്താവിന്റെ മാര്‍ഗ്ഗം നീതിരഹിതമാണെന്നു് നിങ്ങള്‍ പറയുന്നു. ഇസ്രായേല്‍ ഭവനമേ, നിങ്ങള്‍ ഓരോരുത്തരെയും അവരവരുടെ പ്രവൃത്തികള്‍ക്കനുസൃതമായി ഞാന്‍ വിധിക്കും.
21: ഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാംവര്‍ഷം പത്താംമാസം, അഞ്ചാം ദിവസം ജറുസലെമില്‍നിന്നു് ഓടിരക്ഷപെട്ട ഒരുവനെന്റെ അടുക്കല്‍വന്നു പറഞ്ഞു: നഗരം നിപതിച്ചിരിക്കുന്നു.
22: രക്ഷപെട്ടവന്‍ എന്റെയടുക്കല്‍ വന്നതിന്റെ തലേദിവസം വൈകുന്നേരം കര്‍ത്താവിന്റെ കരം എന്റെമേല്‍ വന്നു. രാവിലെ അവനെന്റെ അടുക്കല്‍വന്നപ്പോഴേക്കും എന്റെ വായ്, കര്‍ത്താവു തുറന്നിരുന്നു. എനിക്കു സംസാരിക്കാന്‍ ശക്തിലഭിച്ചു.
23: കര്‍ത്താവെന്നോടരുളിച്ചെയ്തു:
24: മനുഷ്യപുത്രാ, ഇസ്രായേലിലെ ഈ ശൂന്യസ്ഥലങ്ങളില്‍ വസിക്കുന്നവര്‍ പറയുന്നു: അബ്രാഹം ഏകനായിരിക്കേ അവനു ദേശം അവകാശമായി ലഭിച്ചു. ഞങ്ങളോ അനവധിപേരാണു്, തീര്‍ച്ചയായും ദേശത്തിനു ഞങ്ങളവകാശികളാണു്.
25: അവരോടു പറയുക, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങള്‍ മാംസം രക്തത്തോടുകൂടെ ഭക്ഷിക്കുകയും വിഗ്രഹങ്ങളിലേക്കു കണ്ണുകളുയര്‍ത്തുകയും രക്തംചിന്തുകയും ചെയ്യുന്നു. എന്നിട്ടും ദേശം നിങ്ങള്‍ക്കവകാശമായി ലഭിക്കുമോ?
26: നിങ്ങള്‍ വാളിലാശ്രയിക്കുകയും മ്ലേച്ഛതപ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഓരോരുത്തരും അയല്‍ക്കാരന്റെ ഭാര്യയെ മലിനപ്പെടുത്തുന്നു. എന്നിട്ടും ദേശം നിങ്ങള്‍ക്കവകാശമായി ലഭിക്കുമോ? അവരോടു പറയുക:
27: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, ഞാനാണേ, ശൂന്യസ്ഥലങ്ങളിലുള്ളവര്‍ വാളിനിരയാകും. തുറസ്സായ വയലുകളിലുള്ളവരെ മൃഗങ്ങള്‍ക്കു വിഴുങ്ങാനായി ഞാന്‍ വിട്ടുകൊടുക്കും. കോട്ടകളിലും ഗുഹകളിലുമുള്ളവര്‍ പകര്‍ച്ചവ്യാധികളാല്‍ മരിക്കും.
28: ഞാന്‍ ദേശം ശൂന്യവും വിജനവുമാക്കും. അവളുടെ ശക്തിഗര്‍വ്വം അവസാനിക്കും. ആരും കടന്നുപോകാത്തവിധം ഇസ്രായേലിന്റെ പര്‍വ്വതങ്ങള്‍ വിജനമാകും.
29: അവര്‍ചെയ്ത മ്ലേച്ഛതകള്‍മൂലം ഞാന്‍ ദേശത്തെ വിജനവും ശൂന്യവുമാക്കുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു് അവരറിയും.
30: മനുഷ്യപുത്രാ, മതിലുകള്‍ക്കരികിലും വീട്ടുവാതില്‍ക്കലും നിന്റെ ജനം നിന്നെക്കുറിച്ചു സംസാരിക്കുന്നു. അവര്‍ പരസ്പരം പറയുന്നു: വരൂ, കര്‍ത്താവില്‍നിന്നു വരുന്ന വചനം എന്താണെന്നു കേള്‍ക്കാം.
31: അവര്‍ കൂട്ടമായി നിന്റെയടുക്കല്‍ വരും; എന്റെ ജനമെന്നപോലെ നിന്റെ മുമ്പിലിരിക്കും. നിന്റെ വാക്കുകളവന്‍ ശ്രവിക്കുകയും ചെയ്യും; പക്ഷേ, അതനുസരിച്ചു് അവര്‍ പ്രവര്‍ത്തിക്കുകയില്ല. കാരണം, തങ്ങളുടെ അധരങ്ങള്‍കൊണ്ടു് അവരതിയായ സ്നേഹം കാണിക്കുന്നു. അവരുടെ ഹൃദയം സ്വാര്‍ത്ഥലാഭത്തിലുറച്ചിരിക്കുന്നു.
32: ഇമ്പമുള്ള സ്വരത്തില്‍ പ്രേമഗാനമാലപിക്കുകയും വിദഗ്ദ്ധമായി വീണവായിക്കുകയുംചെയ്യുന്ന ഒരുവനെപ്പോലെയാണു് അവര്‍ക്കു നീ. കാരണം നിന്റെ വാക്കുകളവര്‍ കേള്‍ക്കുന്നു. എന്നാല്‍, അവരതനുവര്‍ത്തിക്കുകയില്ല.
33: എന്നാല്‍, അതു സംഭവിക്കുമ്പോള്‍ - അതു സംഭവിക്കുകതന്നെ ചെയ്യും- തങ്ങളുടെ മദ്ധ്യത്തിലൊരു പ്രവാചകനുണ്ടായിരുന്നുവെന്നു് അവരറിയും.

അദ്ധ്യായം 34

ഇസ്രായേലിന്റെ ഇടയന്മാര്‍
1: കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ഇസ്രായേലിന്റെ ഇടയന്മാര്‍ക്കെതിരേ പ്രവചിക്കുക. അവരോടു പറയുക. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേലിന്റെ ഇടയന്മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്മാര്‍ ആടുകളെയല്ലേ പോറ്റേണ്ടതു്?
3: നിങ്ങള്‍ മേദസ്സു ഭക്ഷിക്കുകയും രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ ആടുകളെ പോറ്റുന്നില്ല.
4: ദുര്‍ബ്ബലമായതിനു നിങ്ങള്‍ ശക്തികൊടുത്തില്ല; മുറിവേറ്റതിനെ വച്ചുകെട്ടിയില്ല; വഴിതെറ്റിയതിനെ തിരികെക്കൊണ്ടുവരുകയോ, കാണാതായതിനെ തേടുകയോചെയ്തില്ല. മറിച്ചു്, കഠിനമായും ക്രൂരമായും നിങ്ങളവയോടു പെരുമാറി.
5: ഇടയനില്ലാഞ്ഞതിനാല്‍ അവ ചിതറിപ്പോയി; കാട്ടിലെ മൃഗങ്ങള്‍ക്കു് അവ ഇരയായിത്തീര്‍ന്നു.
6: എന്റെ ആടുകള്‍ ചിതറിപ്പോയി; മലകളിലും ഉയര്‍ന്ന കുന്നുകളിലും അവ അലഞ്ഞുനടന്നു. ഭൂമുഖത്തെല്ലാം എന്റെ ആടുകള്‍ ചിതറിപ്പോയി. അവയെ തെരയാനോ അന്വേഷിക്കാനോ ആരുമുണ്ടായില്ല.
7: ആകയാല്‍, ഇടയന്മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍.
8: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, ഇടയന്മാരില്ലാഞ്ഞതിനാല്‍ എന്റെ ആടുകള്‍ വന്യമൃഗങ്ങള്‍ക്കു് ഇരയായിത്തീര്‍ന്നു. എന്റെ ഇടയന്മാര്‍ എന്റെ ആടുകളെയന്വേഷിച്ചില്ല; അവയെപ്പോറ്റാതെ അവര്‍ തങ്ങളെത്തന്നെ പോറ്റി.
9: ആകയാൽ ഇടയന്മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍.
10: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, ഞാനിടയന്മാര്‍ക്കെതിരാണു്. എന്റെ ആടുകള്‍ക്കു ഞാനവരോടു കണക്കുചോദിക്കും; അവരുടെ മേയ്ക്കലിനു ഞാനറുതിവരുത്തും. ഇനിമേല്‍ ഇടയന്മാര്‍ തങ്ങളെത്തന്നെ പോറ്റുകയില്ല. എന്റെ ആടുകളവര്‍ക്കു ഭക്ഷണമായിത്തീരാതിരിക്കാന്‍ ഞാനവയെ അവരുടെ വായില്‍നിന്നു രക്ഷിക്കും.

കര്‍ത്താവ് ഇടയന്‍
11: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍തന്നെ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും.
12: ആടുകള്‍ ചിതറിപ്പോയാല്‍ ഇടയനവയെ അന്വേഷിച്ചിറങ്ങും. അതുപോലെ ഞാനെന്റെ ആടുകളെയന്വേഷിക്കും. കാറുനിറഞ്ഞു് അന്ധകാരപൂര്‍ണ്ണമായ ആ ദിവസം, ചിതറിപ്പോയ ഇടങ്ങളില്‍നിന്നെല്ലാം ഞാനവയെ വീണ്ടെടുക്കും.
13: ജനതകളുടെയിടയില്‍നിന്നു ഞാനവയെ കൊണ്ടുവരും. രാജ്യങ്ങളില്‍നിന്നു ഞാനവയെ ഒരുമിച്ചുകൂട്ടും. സ്വദേശത്തേക്കു് അവയെ ഞാന്‍ കൊണ്ടുവരും. ഇസ്രായേലിലെ മലകളിലും നീരുറവകള്‍ക്കരികിലും മനുഷ്യവാസമുള്ള എല്ലായിടങ്ങളിലും ഞാനവയെ മേയ്ക്കും.
14: നല്ല പുല്‍ത്തകിടികളില്‍ ഞാനവയെ മേയ്ക്കും. ഇസ്രായേലിലെ ഉയര്‍ന്നമലകളിലായിരിക്കും അവയുടെ മേച്ചില്‍സ്ഥലങ്ങള്‍. അവിടെ നല്ല മേച്ചില്‍സ്ഥലത്തു് അവ കിടക്കും. ഇസ്രായേല്‍മലകളിലെ സമൃദ്ധമായ പുല്‍ത്തകിടിയില്‍ അവ മേയും.
15: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു. ഞാന്‍തന്നെ എന്റെ ആടുകളെ മേയ്ക്കും. ഞാനവയ്ക്കു വിശ്രമസ്ഥലം നല്കും.
16: നഷ്ടപ്പെട്ടതിനെ ഞാനന്വേഷിക്കും. വഴിതെറ്റിപ്പോയതിനെ ഞാന്‍ തിരിയെക്കൊണ്ടുവരും; മുറിവേറ്റതിനെ ഞാന്‍ വച്ചുകെട്ടും. ബലഹീനമായതിനെ ഞാന്‍ ശക്തിപ്പെടുത്തും; കൊഴുത്തതിനെയും ശക്തിയുള്ളതിനെയും ഞാന്‍ സംരക്ഷിക്കും. നീതിപൂര്‍വം ഞാനവയെ പോറ്റും.
17: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ അജഗണമേ, ഞാന്‍ ആടിനും ആടിനുംമദ്ധ്യേയും മുട്ടാടിനും കോലാട്ടിന്‍മുട്ടനുംമദ്ധ്യേയും വിധിനടത്തും.
18: നല്ല മേച്ചില്‍സ്ഥലത്തു നിങ്ങള്‍ക്കു മേഞ്ഞാല്‍പ്പോരേ, മിച്ചമുള്ള പുല്‍ത്തകിടി ചവിട്ടിത്തേച്ചുകളയണമോ? ശുദ്ധജലം കുടിച്ചാല്‍പോരേ, ശേഷമുള്ള ജലമെല്ലാം ചവിട്ടിക്കലക്കണമോ?
19: എന്റെ ആടുകള്‍ നിങ്ങള്‍ ചവിട്ടിത്തേച്ചവ തിന്നുകയും ചവിട്ടിക്കലക്കിയതു കുടിക്കുകയുംചെയ്യണമോ?
20: ദൈവമായ കര്‍ത്താവവരോടരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍തന്നെ കൊഴുത്ത ആടുകള്‍ക്കും മെലിഞ്ഞ ആടുകള്‍ക്കുംമദ്ധ്യേ വിധിപ്രസ്താവിക്കും.
21: അന്യദേശങ്ങളിലേക്കു ചിതറിക്കുവോളം, ദുര്‍ബ്ബലമായവയെ നിങ്ങള്‍ പാര്‍ശ്വംകൊണ്ടും ചുമലുകൊണ്ടും തള്ളുകയും കൊമ്പുകൊണ്ടു കുത്തുകയും ചെയ്യുന്നു.
22: അതുകൊണ്ടു് ഞാനെന്റെ ആട്ടിന്‍പറ്റത്തെ രക്ഷിക്കും. മേലിലവ ആര്‍ക്കുമിരയാവുകയില്ല. ആടിനും ആടിനുംമദ്ധ്യേ ഞാന്‍ വിധിനടത്തും.
23: ഞാനവയ്ക്ക് ഒരിടയനെ, എന്റെ ദാസനായ ദാവീദിനെ, നിയമിക്കും. അവനവയെ മേയ്ക്കും. അവനവയെ പോറ്റുകയും അവരുടെയിടയനായിരിക്കുകയും ചെയ്യും.
24: കര്‍ത്താവായ ഞാനവരുടെ ദൈവമായിരിക്കും. എന്റെ ദാസനായ ദാവീദ് അവരുടെ രാജാവാകും. കര്‍ത്താവായ ഞാനിതു പറഞ്ഞിരിക്കുന്നു.
25: അവരുമായി ഒരു സമാധാനയുടമ്പടി ഞാനുറപ്പിക്കും. അവര്‍ക്കു വിജനപ്രദേശങ്ങളില്‍ സുരക്ഷിതമായി വസിക്കാനും വനത്തില്‍ കിടന്നുറങ്ങാനും കഴിയുമാറ്, വന്യമൃഗങ്ങളെ ദേശത്തുനിന്നു ഞാന്‍ തുരത്തും.
26: അവരെയും എന്റെ മലയ്ക്കു ചുറ്റുമുള്ള സ്ഥലങ്ങളെയും ഞാനനുഗ്രഹിക്കും. ഞാന്‍ യഥാസമയം മഴപെയ്യിക്കും. അതു് അനുഗ്രഹവര്‍ഷമായിരിക്കും.
27: വയലിലെ വൃക്ഷങ്ങള്‍ ഫലംനല്കും; ഭൂമി വിളവുതരും; അവര്‍ തങ്ങളുടെ ദേശത്തു സുരക്ഷിതരായിരിക്കും. ഞാനവരുടെ നുകം തകര്‍ക്കുകയും അടിമപ്പെടുത്തിയവരുടെ കരങ്ങളില്‍നിന്നു് അവരെ മോചിപ്പിക്കുകയുംചെയ്യുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു് അവരറിയും.
28: മേലിലവര്‍ ജനതകള്‍ക്കു് ഇരയാവുകയോ വന്യമൃഗങ്ങളവയെ വിഴുങ്ങുകയോ ചെയ്യുകയില്ല. അവര്‍ സുരക്ഷിതരായിരിക്കും; ആരുമവരെ ഭയപ്പെടുത്തുകയുമില്ല.
29: തങ്ങളുടെ ദേശം പട്ടിണികൊണ്ടു നശിക്കാതിരിക്കേണ്ടതിനും ജനതകളുടെ നിന്ദനം ഏല്ക്കാതിരിക്കേണ്ടതിനും ഞാനവര്‍ക്കു സമൃദ്ധിയുള്ള തോട്ടങ്ങള്‍ പ്രദാനംചെയ്യും.
30: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍, അവരുടെ ദൈവമായ കര്‍ത്താവു്, അവരുടെകൂടെയുണ്ടെന്നും അവര്‍, ഇസ്രായേല്‍ഭവനം, എന്റെ ജനമാണെന്നും അവരറിയും.
31: നിങ്ങളെന്റെ ആടുകളാണു് - എന്റെ മേച്ചില്‍സ്ഥലത്തെ ആടുകള്‍. ഞാനാണു നിങ്ങളുടെ ദൈവം - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.

അദ്ധ്യായം 35

ഏദോമിനു ശിക്ഷ
1: കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, സെയിര്‍മലയ്ക്കുനേരേ മുഖംതിരിച്ചു് അതിനെതിരേ പ്രവചിക്കുക.
3: അതിനോടു പറയുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: സെയിര്‍മലയേ, ഇതാ, ഞാന്‍ നിനക്കെതിരാണു്. നിനക്കെതിരേ ഞാന്‍ കരം നീട്ടും.
4: ഞാന്‍ നിന്നെ വിജനവും ശൂന്യവുമാക്കും. ഞാന്‍ നിന്റെ പട്ടണങ്ങള്‍ ശൂന്യമാക്കും. നീ വിജനമായിത്തീരും. ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നീയറിയും.
5: നീ ഇസ്രായേലിനോടു നിത്യമായ ശത്രുതപുലര്‍ത്തുകയും കഷ്ടകാലത്തു്, അന്തിമശിക്ഷയുടെ കാലത്തു്, വാളിനു്, അവരെ ഏല്പിച്ചുകൊടുക്കുകയും ചെയ്തു.
6: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, ഞാന്‍ നിന്നെ രക്തത്തിനേല്പിക്കുന്നു. അതു നിന്നെ പിന്തുടരും. നീ രക്തംചൊരിഞ്ഞു. രക്തം, നിന്നെ പിന്തുടരുകതന്നെ ചെയ്യും.
7: സെയിര്‍മല ഞാന്‍ വിജനവും ശൂന്യവുമാക്കും. അതിലൂടെ കടന്നുപോകുന്നവരെ ഞാന്‍ സംഹരിക്കും.
8: നിഹതന്മാരെക്കൊണ്ടു നിന്റെ മലകള്‍ ഞാന്‍ നിറയ്ക്കും. വാളിനിരയായവര്‍ നിന്റെ കുന്നുകളിലും താഴ്‌വരകളിലും മലയിടുക്കുകളിലും പതിക്കും. നിന്നെ ഞാന്‍ നിത്യശൂന്യതയാക്കും.
9: മേലില്‍ നിന്റെ പട്ടണങ്ങളില്‍ ആരും വസിക്കുകയില്ല. ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നീയറിയും.
10: കര്‍ത്താവവിടെയുണ്ടായിട്ടും, ഈ രണ്ടു ജനതകളും രാജ്യങ്ങളും എന്റേതാകും; ഞാനവ കൈവശമാക്കും എന്നു നീ പറഞ്ഞു.
11: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, അവരോടുള്ള വിരോധംനിമിത്തം നീ അവരോടുകാണിച്ച കോപത്തിനും അസൂയയ്ക്കുമനുസൃതമായി ഞാന്‍ നിന്നോടു പ്രവര്‍ത്തിക്കും. നിന്നെ വിധിക്കുന്നതുവഴി ഞാനെന്നെത്തന്നെ അവര്‍ക്കു വെളിപ്പെടുത്തും.
12: അവ വിജനമാക്കപ്പെട്ടു് ഞങ്ങള്‍ക്കു വിഴുങ്ങാന്‍ വിട്ടിരിക്കുന്നുവെന്നു് ഇസ്രായേല്‍ മലകള്‍ക്കെതിരേ നീ പറഞ്ഞ സകലനിന്ദനങ്ങളും കര്‍ത്താവായ ഞാന്‍ കേട്ടിരിക്കുന്നുവെന്നു നീയറിയും.
13: എനിക്കെതിരേ നിങ്ങള്‍ വമ്പുപറഞ്ഞിരിക്കുന്നു. നിങ്ങളെന്നെ വീണ്ടുംവീണ്ടും നിന്ദിച്ചു. ഞാനതു കേട്ടിരിക്കുന്നു.
14: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഭൂമിമുഴുവന്‍ ആനന്ദിക്കേണ്ടതിനു് ഞാന്‍ നിന്നെ ശൂന്യമാക്കും.
15: ഇസ്രായേല്‍ഭവനത്തിന്റെ അവകാശം ശൂന്യമായതു കണ്ടു നീ സന്തോഷിച്ചു. അവരോടെന്നപോലെ നിന്നോടും ഞാന്‍ വര്‍ത്തിക്കും. സെയിര്‍മലയേ, ഏദോം മുഴുവനുമേ, നീ വിജനമാകും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.

ഇരുന്നൂറ്റിനാല്പത്തിനാലാം ദിവസം: എസക്കിയേല്‍ 29 - 32


അദ്ധ്യായം 29

ഈജിപ്തിനെതിരേ

1: പത്താംവര്‍ഷം പത്താംമാസം പന്ത്രണ്ടാംദിവസം കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോയുടെനേരേ മുഖംതിരിച്ചു്, അവനും ഈജിപ്തുമുഴുവനുമെതിരേ പ്രവചിക്കുക.
3: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഈജിപ്തുരാജാവായ ഫറവോ, നൈല്‍ എന്റേതാണു്, ഞാനാണതു നിര്‍മ്മിച്ചതെന്നു പറഞ്ഞുകൊണ്ടു നദികളുടെമദ്ധ്യേ ശയിക്കുന്ന മഹാസര്‍പ്പമേ, ഞാന്‍ നിനക്കെതിരാണു്.
4: നിന്റെ കടവായില്‍ ഞാന്‍ ചൂണ്ടകോര്‍ക്കും. നിന്റെ നദികളിലെ മത്സ്യങ്ങളെയെല്ലാം നിന്റെ ശല്‍ക്കങ്ങളില്‍ ഞാനൊട്ടിക്കും. എന്നിട്ടു്, അവയോടുകൂടെ നിന്നെ ഞാന്‍ വെള്ളത്തില്‍നിന്നു വലിച്ചുപുറത്തിടും.
5: നിന്നെയും നിന്റെ നദികളിലെ മത്സ്യങ്ങളെയും ഞാന്‍ മരുഭൂമിയിലേക്കു വലിച്ചെറിയും; അവിടെ തുറസ്സായസ്ഥലത്തു നീ ചെന്നുവീഴും. ആരും നിന്നെ ഒന്നിച്ചുകൂട്ടുകയോ മറവുചെയ്യുകയോ ഇല്ല. ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും നിന്നെ ഞാനിരയാക്കും.
6: ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ ഈജിപ്തുനിവാസികളെല്ലാമറിയും. എന്തെന്നാല്‍, ഇസ്രായേല്‍ഭവനത്തിനു നീയൊരു ഞാങ്ങണവടിയായിരുന്നു.
7: അവര്‍ പിടിച്ചപ്പോള്‍ നീ ഒടിഞ്ഞു. അവരുടെ തോള്‍ കീറി; അവര്‍ നിന്റെമേല്‍ ചാരിയപ്പോള്‍ നീ ഒടിഞ്ഞു; അവരുടെ നടുവിളകിപ്പോയി.
8: ആകയാല്‍ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ നിന്റെമേല്‍ വാളയയ്ക്കും. മനുഷ്യരെയും മൃഗങ്ങളെയും നിന്നില്‍നിന്നു ഞാന്‍ വിച്ഛേദിക്കും. ഈജിപ്തു വിജനവും ശൂന്യവുമാകും.
9: ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും. നൈല്‍ എന്റേതാണു്, ഞാനാണതുണ്ടാക്കിയതെന്നു നീ പറഞ്ഞു.
10: അതിനാല്‍ ഞാന്‍ നിനക്കും നിന്റെ നദികള്‍ക്കുമെതിരാണു്; മിഗ്‌ദോല്‍മുതല്‍ സെവേനെ ഗോപുരംവരെ എത്യോപ്യയുടെയതിര്‍ത്തിയോളം ഈജിപ്തിനെ ഞാന്‍ ശൂന്യവും വിജനവുമാക്കും.
11: മനുഷ്യനോ മൃഗങ്ങളോ അതിലൂടെ സഞ്ചരിക്കുകയില്ല; നാല്പതുവര്‍ഷത്തേക്കു് അതില്‍ ആരും വസിക്കുകയില്ല.
12: നിര്‍ജ്ജനദേശങ്ങളുടെമദ്ധ്യേ ഈജിപ്തിനെയും ഞാന്‍ നിര്‍ജ്ജനമാക്കും. ശൂന്യമാക്കപ്പെട്ട നഗരങ്ങളുടെകൂടെ നാല്പതുവര്‍ഷത്തേക്കു് അവളുടെ നഗരങ്ങളും ശൂന്യമായിക്കിടക്കും. ഈജിപ്തുകാരെ ജനതകളുടെയും രാജ്യങ്ങളുടെയുമിടയില്‍ ഞാന്‍ ചിതറിക്കും.
13: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ചിതറിപ്പാര്‍ത്തിരുന്ന ദേശങ്ങളില്‍നിന്നു നാല്പതുവര്‍ഷംകഴിയുമ്പോള്‍ ഞാന്‍ ഈജിപ്തുകാരെ ഒന്നിച്ചുകൂട്ടും.
14: അവരുടെ സുസ്ഥിതി ഞാന്‍ പുനഃസ്ഥാപിക്കും. തങ്ങളുടെ ജന്മദേശമായ പാത്രോസിലേക്കു ഞാനവരെ തിരിയെക്കൊണ്ടു വരും, അവിടെയവര്‍ ഒരെളിയരാജ്യമാകും.
15: അതു മറ്റെല്ലാരാജ്യങ്ങളെയുംകാള്‍ എളിയതായിരിക്കും. ഇനിയൊരിക്കലും അതു മറ്റു ജനതകളുടെമേലുയരുകയില്ല; അവരെ ഭരിക്കാനാവാത്തവിധം ഞാനതിനെ ചെറുതാക്കും.
16: ഇസ്രായേലിനിമേല്‍ ഈജിപ്തിനെയാശ്രയിക്കുകയില്ല; എന്തെന്നാല്‍, സഹായത്തിനു് അങ്ങോട്ടുതിരിയുമ്പോള്‍ തങ്ങളുടെ തെറ്റിനെക്കുറിച്ചു് അവര്‍ക്കോര്‍മ്മ വരും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.
17: ഇരുപത്തേഴാംവര്‍ഷം ഒന്നാംമാസം ഒന്നാംദിവസം കര്‍ത്താവെന്നോടരുളിച്ചെയ്തു:
18: മനുഷ്യപുത്രാ, ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ടയിറിനെതിരേ തന്റെ സൈന്യത്തെക്കൊണ്ടു കഠിനമായി പൊരുതിച്ചു. എല്ലാ തലയും കഷണ്ടിയായി. എല്ലാ തോളിലെയും തൊലിയുരിഞ്ഞുപോയി. എന്നിട്ടും അവനോ അവന്റെ സൈന്യത്തിനോ ടയിറിനെതിരേചെയ്ത വേലയ്ക്കു പ്രതിഫലമൊന്നും ലഭിച്ചില്ല.
19: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഈജിപ്തുദേശം ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിനു ഞാന്‍ നല്കും; അവനവിടത്തെ സമ്പത്തെല്ലാം തട്ടിയെടുക്കും. അവനവിടം കൊള്ളയടിക്കുകയും കുത്തിക്കവരുകയുംചെയ്യും. ഇതായിരിക്കുമവന്റെ സൈന്യത്തിനു പ്രതിഫലം.
20: അവന്റെ കഠിനാദ്ധ്വാനത്തിനു പ്രതിഫലമായി ഈജിപ്തുദേശം ഞാന്‍ കൊടുത്തിരിക്കുന്നു. എന്തെന്നാല്‍, അവനെനിക്കുവേണ്ടിയദ്ധ്വാനിച്ചു. ദൈവമായ കര്‍ത്താവരുളിചെയ്യുന്നു.
21: അന്നു് ഇസ്രായേല്‍ഭവനത്തിനു ഞാനൊരു കൊമ്പു മുളപ്പിക്കും. അവരുടെമദ്ധ്യേ, ഞാന്‍ നിന്റെ വായ് തുറക്കും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.

അദ്ധ്യായം 30

ഈജിപ്തിനു ശിക്ഷ
1: കര്‍ത്താവെന്നോടരുളിച്ചെയ്തു: മനുഷ്യപുത്രാ, പ്രവചിക്കുക,
2: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിലവിളിക്കുക, അതാ, ദുരിതത്തിന്റെ ദിനം.
3: ദിവസമടുത്തു. കര്‍ത്താവിന്റെ ദിനം സമാഗതമായി, അതു കാര്‍മൂടിയ ദിവസമായിരിക്കും. ജനതകളുടെ നാശമുഹൂര്‍ത്തമാണതു്.
4: ഈജിപ്തിന്റെമേല്‍ വാള്‍ പതിക്കും; എത്യോപ്യാ കഠിനവേദനയാല്‍ പുളയും, ഈജിപ്തില്‍ ജനം നിഹനിക്കപ്പെടുകയും ധനമപഹരിക്കപ്പെടുകയും അവളുടെയടിസ്ഥാനം തകര്‍ക്കപ്പെടുകയുംചെയ്യും.
5: അപ്പോള്‍, എത്യോപ്യാ, പുതു്, ലൂദ്, അറേബ്യ, ലിബിയ എന്നിവയും സഖ്യദേശങ്ങളും അവരോടൊപ്പം വാളിനിരയാകും.
6: കര്‍ത്താവരുളിച്ചെയ്യുന്നു: ഈജിപ്തിനെപ്പിന്താങ്ങുന്നവര്‍ നിലംപതിക്കും. അവളുടെ ഉദ്ധതവീര്യം നശിക്കും. മിഗ്‌ദോല്‍മുതല്‍ സെവേനെവരെയുള്ളവര്‍ വാളിനിരയാകും. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
7: നിര്‍ജ്ജനരാജ്യങ്ങളുടെമദ്ധ്യേ അവളും നിര്‍ജ്ജനമാകും; ശൂന്യനഗരങ്ങളുടെമദ്ധ്യേ അവളുടെ നഗരങ്ങളും ശൂന്യമാകും.
8: ഈജിപ്തിനെ ഞാനഗ്നിക്കിരയാക്കുകയും അവളുടെ സഹായകര്‍ തകര്‍ക്കപ്പെടുകയുംചെയ്യുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു് അവരറിയും.
9: അപകടഭീതിയില്ലാത്ത എത്യോപ്യരെ പരിഭ്രാന്തരാക്കാന്‍, ദൂതന്മാര്‍ എന്റെയടുത്തുനിന്നു കപ്പലുകളില്‍ പുറപ്പെടും. ഈജിപ്തിന്റെ വിനാശകാലത്തു് അവര്‍ പരിഭ്രാന്തരാകും. അതാ, അതു വന്നുകഴിഞ്ഞു.
10: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെ കരങ്ങളാല്‍ ഈജിപ്തിന്റെ സമ്പത്തു ഞാനില്ലാതാക്കും.
11: ഈജിപ്ത് നശിപ്പിക്കേണ്ടതിനു് അവനെയും അവന്റെ കൂടെയുള്ളവരെയും, ജനതകളില്‍വച്ചു് ഏറ്റവും ഭീകരന്മാരെത്തന്നെ, ഞാന്‍ കൊണ്ടുവരും. ഈജിപ്തിനെതിരേ അവര്‍ വാളൂരും. മൃതശരീരങ്ങളാല്‍ ദേശം നിറയും.
12: ഞാന്‍ നൈല്‍ വറ്റിച്ചുകളയും; നാടു ദുഷ്ടന്മാര്‍ക്കു വില്ക്കും. വിദേശീയരുടെ കരങ്ങളാല്‍ ആ ദേശവും അതിലുള്ള സമസ്തവും ഞാന്‍ ശൂന്യമാക്കും. കര്‍ത്താവായ ഞാനാണു പറഞ്ഞിരിക്കുന്നതു്.
13: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ വിഗ്രഹങ്ങള്‍ നശിപ്പിക്കും; മെംഫിസിലെ പ്രതിമകളുടച്ചുകളയും. ഈജിപ്തിലിനിമേലൊരു രാജാവുണ്ടായിരിക്കുകയില്ല. അങ്ങനെ ഞാന്‍ ഈജിപ്തില്‍ ഭീതിയുളവാക്കും.
14: ഞാന്‍ പാത്രോസിനെ ശൂന്യമാക്കും. സോവാനെ അഗ്നിക്കിരയാക്കും. തേബെസില്‍ ന്യായവിധിനടത്തും.
15: ഈജിപ്തിന്റെ ശക്തിദുര്‍ഗ്ഗമായ സിനിന്റെമേല്‍ ഞാന്‍ ക്രോധംവര്‍ഷിക്കും. തേബെസിലെ ജനങ്ങളെ നിഗ്രഹിക്കും.
16: ഈജിപ്തിനെ ഞാനഗ്നിക്കിരയാക്കും. സിന്‍ തീവ്രവേദനയനുഭവിക്കും. തേബെസ് ഭേദിക്കപ്പെടും; അതിന്റെ കോട്ടകള്‍ തകര്‍ക്കപ്പെടും.
17: ഓനിലെയും പിബേസത്തിലെയും യുവാക്കള്‍ വാളിനിരയാകും; ആ നഗരങ്ങള്‍ അടിമത്തത്തില്‍ നിപതിക്കും.
18: തെഹഫ്‌നെഹസില്‍വച്ചു് ഈജിപ്തിന്റെ ആധിപത്യം ഞാന്‍ തകര്‍ക്കുമ്പോൾ, അവിടെ പകലിരുണ്ടു പോകും. അവളുടെ ശക്തിഗര്‍വ്വമവസാനിക്കും. അവളെ മേഘംമൂടും; അവളുടെ പുത്രിമാരടിമകളാകും.
19: ഇപ്രകാരം ഈജിപ്തില്‍ ഞാന്‍ ന്യായവിധിനടത്തും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.
20: പതിനൊന്നാംവര്‍ഷം ഒന്നാംമാസം, ഏഴാംദിവസം കര്‍ത്താവെന്നോടരുളിച്ചെയ്തു:
21: മനുഷ്യപുത്രാ, ഈജിപ്തിലെ രാജാവായ ഫറവോയുടെ കരം ഞാന്‍ തകര്‍ത്തിരിക്കുന്നു. വാളെടുക്കാന്‍ വീണ്ടും ശക്തിലഭിക്കത്തക്കവിധം സുഖപ്പെടാൻ, അതു വച്ചുകെട്ടിയിട്ടുമില്ല.
22: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഈജിപ്തുരാജാവായ ഫറവോയ്ക്കു ഞാനെതിരാണു്. അവന്റെ ബലിഷ്ഠമായകരവും ഒടിഞ്ഞകരവും രണ്ടും ഞാനൊടിക്കും. അവന്റെ കൈയില്‍നിന്നു വാള്‍ താഴെവീഴും.
23: ഈജിപ്തുകാരെ ജനതകളുടെയും രാജ്യങ്ങളുടെയുമിടയില്‍ ഞാന്‍ ചിതറിക്കും.
24: ബാബിലോണ്‍രാജാവിന്റെ കരം ഞാന്‍ ശക്തമാക്കും. എന്റെ വാൾ, അവന്റെ കൈയില്‍ ഞാനേല്പിക്കും. എന്നാല്‍ ഫറവോയുടെ കരങ്ങള്‍ ഞാന്‍ തകര്‍ക്കും. മാരകമായ മുറിവേറ്റവനെപ്പോലെ ഫറവോ അവന്റെ മുമ്പില്‍ ഞരങ്ങും.
25: ബാബിലോണ്‍രാജാവിന്റെ കരങ്ങള്‍ ഞാന്‍ ശക്തമാക്കും. എന്നാല്‍ ഫറവോയുടെ കൈകള്‍ തളര്‍ത്തും; ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും. ബാബിലോണ്‍രാജാവിന്റെ കൈയില്‍ ഞാനെന്റെ വാളേല്പിക്കുമ്പോള്‍ അവനതു് ഈജിപ്തിനെതിരേ ഉയര്‍ത്തും.
26: ജനതകളുടെയും രാജ്യങ്ങളുടെയുമിടയില്‍ ഈജിപ്തിനെ ഞാന്‍ ചിതറിക്കുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു് അവരറിയും.


അദ്ധ്യായം 31

ഈജിപ്ത് ഒരു ദേവദാരു
1: പതിനൊന്നാംവര്‍ഷം മൂന്നാംമാസം ഒന്നാംദിവസം കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോയോടും അവന്റെ ജനത്തോടും പറയുക, പ്രതാപത്തില്‍ നീ ആര്‍ക്കു തുല്യനാണു്?
3: മനോഹരമായ ശാഖകള്‍വീശി ഇലതൂര്‍ന്ന്, ഉയരമേറിയ ലബനോനിലെ ദേവദാരുപോലെയാണു നീ. അതിന്റെ അഗ്രം മേഘങ്ങളെ മുട്ടിനിന്നു.
4: ജലം അതിനെപ്പോറ്റി. അതു നട്ടിരുന്ന സ്ഥലത്തിനുചുറ്റും തന്റെ നദികളെയൊഴുക്കി. വനത്തിലെ വൃക്ഷങ്ങള്‍ക്കെല്ലാം ജലംപകര്‍ന്ന്, ആഴിയതിനെ ഉയരത്തില്‍ വളര്‍ത്തി.
5: അങ്ങനെ വനത്തിലെ എല്ലാ വൃക്ഷങ്ങളെക്കാൾ അതു വളര്‍ന്നുപൊങ്ങി. ശാഖകളുണ്ടാകുന്നസമയത്തു ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ടു്, അവ വളര്‍ന്നുനീണ്ടു.
6: അതിന്റെ ശാഖകളില്‍ ആകാശപ്പറവകള്‍ കൂടുകെട്ടി; കീഴില്‍ വന്യമൃഗങ്ങള്‍ കുഞ്ഞുങ്ങളെ വളര്‍ത്തി; അതിന്റെ തണലില്‍ വലിയരാജ്യങ്ങളെല്ലാം പുലര്‍ന്നു.
7: വലിപ്പംകൊണ്ടും ശാഖകളുടെ നീളംകൊണ്ടും അതു മനോഹരമായിരുന്നു. അതിന്റെ വേരുകള്‍ ആഴത്തില്‍ സമൃദ്ധമായ ജലത്തിനടുത്തെത്തി.
8: ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾ അതിനു കിടയായിരുന്നില്ല. സരളവൃക്ഷങ്ങൾ അതിന്റെ ശാഖകള്‍ക്കു തുല്യമായിരുന്നില്ല. അരിഞ്ഞില്‍വൃക്ഷങ്ങൾ അതിന്റെ ശാഖകളോടു തുലനംചെയ്യുമ്പോള്‍ ഒന്നുമായിരുന്നില്ല; മനോഹാരിതയില്‍ അതിനു തുല്യമായി ഒരു വൃക്ഷവും ദൈവത്തിന്റെ തോട്ടത്തിലില്ലായിരുന്നു.
9: ശാഖാബാഹുല്യത്താല്‍ അതിനെ ഞാന്‍ സുന്ദരമാക്കി. ദൈവത്തിന്റെ തോട്ടമായ ഏദനിലുണ്ടായിരുന്ന സകലവൃക്ഷങ്ങള്‍ക്കും അതിനോടസൂയതോന്നി.
10: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: അതു വളര്‍ന്നുയര്‍ന്നു മേഘങ്ങളെ ഉരുമ്മുകയും ആ വളര്‍ച്ചയില്‍ അഹങ്കരിക്കുകയും ചെയ്തു.
11: അതുകൊണ്ടു ജനതകളില്‍ ശക്തനായവന്റെ കരങ്ങളില്‍ ഞാനതിനെയേല്പിക്കും. അതിന്റെ ദുഷ്ടതയ്ക്കര്‍ഹമായവിധം അവനതിനോടു പ്രവര്‍ത്തിക്കും. ഞാനതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.
12: ജനതകളില്‍വച്ചു് ഏറ്റവും ക്രൂരന്മാരായ വിദേശികൾ അതു വെട്ടിനശിപ്പിക്കും. എല്ലാ മലകളിലും താഴ്‌വരകളിലും അതിന്റെ ശാഖകള്‍ വീഴും. അതിന്റെ കൊമ്പുകള്‍ രാജ്യത്തെ എല്ലാ നദിയുടെയും കരയിലൊടിഞ്ഞുകിടക്കും; ഭൂമിയിലെ എല്ലാ ജനതകളും അതിന്റെ തണല്‍ വിട്ടുപോകും.
13: അതിന്റെ അവശിഷ്ടങ്ങളില്‍ ആകാശപ്പറവകള്‍ കൂടുകെട്ടും. വന്യമൃഗങ്ങളതിന്റെ ശാഖകള്‍ക്കിടയില്‍ പാര്‍ക്കും.
14: ജലത്തിനരികേനില്ക്കുന്ന ഒരു വൃക്ഷവും തന്റെ ഉയര്‍ച്ചയില്‍ അഹങ്കരിക്കാതിരിക്കുന്നതിനും തന്റെ അഗ്രം മേഘങ്ങള്‍വരെ ഉയര്‍ത്താതിരിക്കുന്നതിനും ജലം സുഭിക്ഷമായി വലിച്ചെടുക്കുന്ന ഒരു വൃക്ഷവും അത്രയ്ക്കുയരത്തില്‍ എത്താതിരിക്കുന്നതിനുംവേണ്ടിയാണിതു്. എന്തെന്നാല്‍ പാതാളത്തില്‍പ്പതിക്കുന്ന മര്‍ത്ത്യരോടൊപ്പം ഭൂമിയുടെ അധോഭാഗത്തിനു്, മരണത്തിനു്, അതേല്പിക്കപ്പെട്ടിരിക്കുന്നു.
15: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: അതു പാതാളത്തിലേക്കിറങ്ങിച്ചെല്ലുമ്പോള്‍, ആഴം അതിനെച്ചൊല്ലി വിലപിക്കാന്‍ ഞാനിടയാക്കും. അതിന്റെ നദികളെ ഞാന്‍ തടഞ്ഞുനിറുത്തും. ജലപ്രവാഹങ്ങള്‍ നിലയ്ക്കും. അതിനെക്കുറിച്ചുള്ള ദുഃഖം ലബനോനെ ആവരണംചെയ്യും. തന്മൂലം വയലിലെ വൃക്ഷങ്ങളെല്ലാം വാടിപ്പോകും.
16: പാതാളത്തില്‍പ്പതിക്കുന്നവരോടൊപ്പം ഞാനതിനെ അധോലോകത്തേക്കു വലിച്ചെറിയുമ്പോള്‍, അതിന്റെ പതനത്തിന്റെ മുഴക്കത്തില്‍ ജനതകള്‍ നടുങ്ങിപ്പോകും. ഏദനിലെ വൃക്ഷങ്ങള്‍ക്കു്, ലബനോനിലെ ശ്രേഷ്ഠമായ മരങ്ങള്‍ക്കു്, സുഭിക്ഷമായി ജലംവലിച്ചെടുത്തുവളര്‍ന്ന വൃക്ഷങ്ങള്‍ക്കു്, അധോലോകത്തില്‍ ആശ്വാസംലഭിക്കും.
17: അതിനോടൊപ്പം, അതിന്റെ തണലില്‍വസിച്ചിരുന്ന ജനതകളും പാതാളത്തിലേക്കു്, വാളിനിരയായവരുടെയടുത്തേക്കു പോകും.
18: ഏദനിലെ ഏതുവൃക്ഷത്തോടാണു മഹത്വത്തിലും പ്രതാപത്തിലും നിനക്കു തുല്യത? അവിടത്തെ വൃക്ഷങ്ങളോടൊപ്പം നീയും അധോലോകത്തിലേക്കെറിയപ്പെടും. വാളിനിരയായവരോടുകൂടെ, അപരിച്ഛേദിതരുടെയിടയില്‍ നീ കിടക്കും. ഇതാണു് ഫറവോയ്ക്കും അവന്റെ ജനത്തിനും സംഭവിക്കുക - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.

അദ്ധ്യായം 32

ഈജിപ്ത് ഒരു ഘോരസത്വം
1: പന്ത്രണ്ടാംവര്‍ഷം പന്ത്രണ്ടാംമാസം ഒന്നാംദിവസം കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോയ്ക്കുവേണ്ടി നീയൊരു വിലാപഗാനമാലപിക്കുക. അവനോടു പറയുക: ജനതകളുടെയിടയിലൊരു സിംഹമായി നീ നിന്നെ കണക്കാക്കുന്നു. എന്നാല്‍, നീ കടലിലെ ഘോരസത്വംപോലെയാണു്. നീ നിന്റെ നദികളില്‍ച്ചാടി വെള്ളം ചവിട്ടിക്കലക്കി അവരുടെ നദികള്‍ മലിനമാക്കുന്നു.
3: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: അനേകം ജനതകളുമായി വന്നു ഞാന്‍ നിന്റെമേല്‍ വലവീശും; അവര്‍ നിന്നെ വലിച്ചുപുറത്തിടും.
4: നിന്നെ ഞാന്‍ നിലത്തെറിയും. തുറസ്സായസ്ഥലത്തേക്കു നിന്നെ ഞാന്‍ ചുഴറ്റിയെറിയും. ആകാശത്തിലെ എല്ലാപ്പറവകളും നിന്റെമേല്‍ പറന്നുവീഴുന്നതിനും ഭൂമിയിലെ എല്ലാ മൃഗങ്ങളും നിന്നെ തിന്നുതൃപ്തരാകുന്നതിനും ഞാനിടവരുത്തും.
5: നിന്റെ മാംസം ഞാന്‍ പര്‍വ്വതങ്ങളില്‍ വിതറും; താഴ്‌വരകള്‍ നിന്റെ പിണംകൊണ്ടു ഞാന്‍ നിറയ്ക്കും.
6: നിന്റെ രക്തമൊഴുക്കി ഞാന്‍ ഭൂമിയെ മലകള്‍വരെ കുതിര്‍ക്കും; നീര്‍ച്ചാലുകള്‍ നിന്നെക്കൊണ്ടു നിറയും.
7: നിന്നെ നിര്‍മ്മാര്‍ജ്ജനംചെയ്തുകഴിയുമ്പോള്‍ ഞാന്‍ ആകാശത്തെ മൂടിക്കളയും. നക്ഷത്രങ്ങളെ അന്ധകാരമയമാക്കും. സൂര്യനെ മേഘംകൊണ്ടു മറയ്ക്കും; ചന്ദ്രന്‍ പ്രകാശംതരുകയില്ല.
8: ആകാശത്തിലെ എല്ലാ പ്രകാശഗോളങ്ങളെയും നിന്റെമേല്‍ ഞാന്‍ തമോമയമാക്കും. നിന്റെ ദേശം അന്ധകാരത്തിലാഴ്ത്തും. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
9: നിനക്കു് അജ്ഞാതമായ രാജ്യങ്ങളിലേക്കു്, ജനതകളുടെയിടയിലേക്കു്, നിന്നെ ഞാൻ അടിമയാക്കിക്കൊണ്ടുപോകുന്നതുകാണുമ്പോള്‍ അനേകരുടെ ഹൃദയങ്ങളസ്വസ്ഥമാകും.
10: അനേകര്‍ നിന്നെക്കണ്ടു് സ്തബ്ദ്ധരാകുന്നതിനു ഞാനിടയാക്കും. അവര്‍കാണ്‍കേ ഞാന്‍ വാള്‍വീശുമ്പോളവരുടെ രാജാക്കള്‍ നിന്നെപ്രതി പ്രകമ്പിതരാകും. നിന്റെ പതനദിവസം എല്ലാവരും തങ്ങളുടെ ജീവനെച്ചൊല്ലി ഓരോനിമിഷവും വിറകൊള്ളും.
11: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവിന്റെ വാള്‍ നിന്റെമേല്‍പ്പതിക്കും.
12: നിന്റെ ജനക്കൂട്ടത്തെ മുഴുവന്‍ ശക്തന്മാരുടെ വാളിനു് ഞാനിരയാക്കും. ജനതകളില്‍വച്ചു് ഏറ്റവും ഭീകരന്മാരാണു് അവരെല്ലാം. ഈജിപ്തിന്റെ അഹങ്കാരം അവരവസാനിപ്പിക്കും. അവിടത്തെ ജനംമുഴുവന്‍ നശിച്ചുപോകും.
13: ജലാശയങ്ങളുടെ അരികില്‍നിന്നു് എല്ലാ മൃഗങ്ങളെയും ഞാന്‍ നശിപ്പിക്കും; മനുഷ്യന്റെ പാദങ്ങളോ മൃഗങ്ങളുടെ കുളമ്പുകളോ മേലില്‍ അവയെ കലക്കുകയില്ല.
14: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനവരുടെ ജലം തെളിമയുള്ളതാക്കും; അവരുടെ നദികള്‍ എണ്ണപോലെ ഒഴുകുന്നതിനു ഞാനിടയാക്കും.
15: ഈജിപ്തിനെ ഞാന്‍ വിജനമാക്കുകയും ദേശത്തുള്ളതെല്ലാം നശിപ്പിച്ചു്, അതിനെ ശൂന്യമാക്കുകയും അതിലെ നിവാസികളെ വധിക്കുകയുംചെയ്യുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു് അവരറിയും.
16: ആലപിക്കാനുള്ള ഒരു വിലാപമാണിതു്; ജനതകളുടെ പുത്രിമാര്‍ ഈജിപ്തിനെയും അവളുടെ എല്ലാ ജനങ്ങളെയുംകുറിച്ചു് ഇതാലപിക്കും; ദൈവമായ കര്‍ത്താവരുളിച്ചെയ്തിരിക്കുന്നു.

ജനതകള്‍ പാതാളത്തില്‍
17: പന്ത്രണ്ടാംവര്‍ഷം ഒന്നാംമാസം പതിനഞ്ചാംദിവസം കര്‍ത്താവെന്നോടരുളിച്ചെയ്തു:
18: മനുഷ്യപുത്രാ, ഈജിപ്തിലെ ജനങ്ങളെയോര്‍ത്തു വിലപിക്കുക; അവളെയും ശക്തരായ ജനങ്ങളുടെ പുത്രിമാരെയും പാതാളത്തില്‍ പതിക്കുന്നവരോടുകൂടെ അധോലോകത്തിലേക്കു തള്ളിയിടുക.
19: സൗന്ദര്യത്തില്‍ ആരെയാണു നീ അതിശയിക്കുക? താഴെച്ചെന്നു് അപരിച്ഛേദിതരുടെകൂടെ കിടക്കുക.
20: വാളിനിരയായവരുടെമദ്ധ്യേ അവര്‍ ചെന്നുവീഴും. അവളോടൊപ്പം അവളുടെ ജനവും കിടക്കും.
21: ശക്തന്മാരായ പ്രമാണികള്‍ അവരുടെ സഹായകരോടുകൂടെ പാതാളത്തിന്റെ മദ്ധ്യേനിന്നു് അവരെപ്പറ്റി ഇങ്ങനെ പറയും: അവര്‍ താഴെയെത്തിയിട്ടുണ്ടു്. വാളിനിരയാക്കപ്പെട്ട അപരിച്ഛേദിതരായ അവര്‍ നിശ്ചലരായിക്കിടക്കുന്നു.
22: അസ്സീറിയാ അവിടെയുണ്ടു്. അവളുടെ വാളേറ്റുമരിച്ച ജനസമൂഹവും തങ്ങളുടെ ശവക്കുഴികളില്‍ അവള്‍ക്കുചുറ്റും കിടക്കുന്നു.
23: അവരുടെ ശവകുടീരങ്ങള്‍ പാതാളത്തിന്റെ ഏറ്റവുമടിയില്‍ സ്ഥിതിചെയ്യുന്നു; അവളുടെ കൂട്ടം അവളുടെ ശവക്കുഴിക്കു ചുറ്റുമുണ്ടു്. ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയ അവര്‍ ഇന്നു വാളേറ്റു മരിച്ചുകിടക്കുന്നു.
24: ഏലാമും അവിടെയുണ്ടു്; അവളുടെ ശവകുടീരത്തിനുചുറ്റും അവളുടെ ജനക്കൂട്ടവും. ജീവനുള്ളവരുടെദേശത്തു ഭീതിപരത്തിയ അവര്‍ ഇന്നു വാളേറ്റുമരിച്ചു്, അപരിച്ഛേദിതരായി അധോലോകത്തിലെത്തിയിരിക്കുന്നു. പാതാളത്തില്‍പ്പതിച്ചവരോടൊപ്പം അവരവമാനിതരായിക്കഴിയുന്നു.
25: വധിക്കപ്പെട്ടവരുടെമദ്ധ്യത്തില്‍ അവരവള്‍ക്കു കിടക്കയൊരുക്കി. വാളേറ്റു മരിച്ച അപരിച്ഛേദിതരായ അവളുടെ ജനങ്ങളുടെ ശവകുടീരങ്ങളൾ അവള്‍ക്കുചുററുമുണ്ടു്. എന്തെന്നാല്‍ ജീവനുള്ളവരുടെദേശത്തു ഭീതിപരത്തിയ അവര്‍, പാതാളത്തില്‍പ്പതിക്കുന്നവരുടെകൂടെ ഇന്നു ലജ്ജിതരായി കഴിയുന്നു. വധിക്കപ്പെട്ടവരുടെകൂടെയാണു് അവര്‍ക്കിടംലഭിച്ചതു്.
26: മേഷെക്കും തൂബാലും അവിടെയുണ്ടു്. അവരുടെ ജനസമൂഹത്തിന്റെ ശവകുടീരങ്ങളും അവര്‍ക്കു ചുറ്റുമുണ്ടു്. അവരെല്ലാം അപരിച്ഛേദിതരും വാളിനിരയായവരുമാണു്. ജീവനുള്ളവരുടെദേശത്തു ഭീതിപരത്തിയവരാണവര്‍.
27: വാളുകള്‍ തലയ്ക്കുകീഴേയും പരിചകള്‍ അസ്ഥികളുടെ മുകളിലുംവച്ചു് പടക്കോപ്പുകളോടെ പാതാളത്തിലേക്കുപോയ വധിക്കപ്പെട്ട അപരിച്ഛേദിതരായ വീരന്മാരുടെ കൂട്ടത്തില്‍ അവര്‍ കിടക്കുകയില്ല. കാരണം, ജീവനുള്ളവരുടെദേശത്തു് ശക്തന്മാരായ അവര്‍ ഭീഷണിയായിരുന്നു.
28: അപരിച്ഛേദിതരുടെയിടയില്‍ വാളിനിരയാക്കപ്പെട്ടവരോടുകൂടെ നിങ്ങള്‍ തകര്‍ന്നുകിടക്കും.
29: ഏദോമും അവളുടെ രാജാക്കന്മാരും എല്ലാപ്രഭുക്കന്മാരുമവിടെയുണ്ടു്. എല്ലാശക്തിയുമുണ്ടായിരുന്നിട്ടും അവര്‍ വാളിനിരയായ അപരിച്ഛേദിതരുടെയും പാതാളത്തില്‍പ്പതിച്ചവരുടെയുംകൂടെ കിടക്കുന്നു.
30: വടക്കുനിന്നുള്ള പ്രഭുക്കന്മാരും സീദോന്യരുമവിടെയുണ്ടു്. തങ്ങളുടെ ശക്തിയാല്‍ ഭീതിയുളവാക്കിയവരെങ്കിലും അവരും വധിക്കപ്പെട്ടവരോടുകൂടെ ലജ്ജിതരായി താഴേക്കിറങ്ങിയിരിക്കുന്നു. അവര്‍ വാളിനിരയാക്കപ്പെട്ടവരോടുകൂടെ പാതാളത്തില്‍പ്പതിക്കുന്നവരുടെ അപമാനംസഹിച്ചു്, അപരിച്ഛേദിതരായിക്കഴിയുന്നു.
31: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: വാളിനിരയാക്കപ്പെട്ട ഫറവോയും അവന്റെ സൈന്യവും അവരെക്കാ ണുമ്പോള്‍ സ്വന്തംജനങ്ങളെക്കുറിച്ചു് ആശ്വാസംകൊള്ളും.
32: ജീവിക്കുന്നവരുടെ ദേശത്തു്, അവന്‍ ഭീതിപരത്തി. എന്നാല്‍, ഫറവോയും അവന്റെ ജനവും അപരിച്ഛേദിതരുടെയിടയില്‍ വാളിനിരയാക്കപ്പെട്ടവരോടുകൂടെക്കിടക്കും - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.

ഇരുന്നൂറ്റിനാല്പത്തിമൂന്നാം ദിവസം: എസക്കിയേല്‍ 25 - 28


അദ്ധ്യായം 25

അമ്മോന്യര്‍ക്കെതിരേ

1: കര്‍ത്താവെന്നോടരുളിച്ചെയ്തു: മനുഷ്യപുത്രാ,
2: അമ്മോന്യരുടെനേരേതിരിഞ്ഞു്, അവര്‍ക്കെതിരേ പ്രവചിക്കുക.
3: അമ്മോന്യരോടു പറയുക: ദൈവമായ കര്‍ത്താവിന്റെ വചനംശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കപ്പെട്ടപ്പോള്‍ അതിനെക്കുറിച്ചും ഇസ്രായേല്‍ദേശം വിജനമാക്കപ്പെട്ടപ്പോള്‍ അതിനെക്കുറിച്ചും യൂദാഭവനം പ്രവാസത്തിലേക്കുപോയപ്പോള്‍ അതിനെക്കുറിച്ചും നീ ആഹാ, എന്നുപറഞ്ഞുപരിഹസിച്ചു.
4: അതിനാല്‍ ഞാന്‍ നിന്നെ പൗരസ്ത്യര്‍ക്ക് അവകാശമായിക്കൊടുക്കാന്‍പോകുന്നു; അവര്‍ നിന്നില്‍ പാളയമടിച്ചുവാസമുറപ്പിക്കും. അവര്‍ നിനക്കുള്ള ഫലം ഭക്ഷിക്കുകയും പാല്‍ കുടിക്കുകയുംചെയ്യും.
5: ഞാന്‍ റബ്ബായെ ഒട്ടകങ്ങള്‍ക്കു മേച്ചില്‍സ്ഥലവും അമ്മോന്യരുടെ നഗരങ്ങളെ ആട്ടിന്‍പറ്റങ്ങള്‍ക്കു താവളവുമാക്കും. ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നീയറിയും.
6: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍ദേശത്തിനെതിരേ, നിന്റെ ഹൃദയത്തിലുള്ള ദുഷ്ടതമൂലം കൈകൊട്ടിത്തുള്ളിച്ചാടിയാഹ്ലാദിച്ചതിനാല്‍,
7: ഞാന്‍ നിനക്കെതിരേ എന്റെ കരമുയര്‍ത്തുകയും നിന്നെ ജനതകള്‍ക്കു കവര്‍ച്ചചെയ്യാന്‍ വിട്ടുകൊടുക്കുകയുംചെയ്യും. ജനതകളില്‍നിന്നു നിന്നെ ഞാന്‍ വിച്ഛേദിക്കും. രാജ്യങ്ങളുടെയിടയില്‍നിന്നു നിന്നെ ഞാന്‍ ഉന്മൂലനംചെയ്യും; ഞാന്‍ നിന്നെ നശിപ്പിക്കും. ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നീയറിയും.

മൊവാബിനെതിരേ
8: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: യൂദാഭവനം മറ്റുജനതകളെപ്പോലെയാണെന്നു മൊവാബ് പറഞ്ഞതുകൊണ്ടു്
9: മൊവാബിന്റെ പാര്‍ശ്വങ്ങളായ അതിര്‍ത്തിനഗരങ്ങള്‍ ഞാന്‍ വെട്ടിത്തുറക്കും- രാജ്യത്തിന്റെ മഹത്വമായ ബേത്‌യഷിമോത്തു്, ബാല്‍മെയോന്‍, കിരിയാത്തായിം എന്നീ നഗരങ്ങള്‍.
10: അതിനെയും ഞാന്‍ അമോന്യരോടൊപ്പം പൗരസ്ത്യര്‍ക്കവകാശമായിക്കൊടുക്കും. അതൊരിക്കലും സ്മരിക്കപ്പെടുകയില്ല.
11: മൊവാബിന്റെമേല്‍ ഞാന്‍ ശിക്ഷാവിധിനടത്തും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.

ഏദോമിനെതിരേ
12: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: യൂദാഭവനത്തോടു് ഏദോം പ്രതികാരബുദ്ധിയോടെ ക്രൂരമായി പെരുമാറിയിരിക്കുന്നു.
13: ആകയാല്‍ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഏദോമിനെതിരേ ഞാന്‍ കരമുയര്‍ത്തും. മനുഷ്യരെയും മൃഗങ്ങളെയും അവിടെനിന്നു ഞാന്‍ നീക്കിക്കളയും. ഞാനതിനെ വിജനമാക്കും; തേമാന്‍മുതല്‍ ദദാന്‍വരെയുള്ളവര്‍ വാളിനിരയാകും. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു:
14: എന്റെ ജനമായ ഇസ്രായേലിന്റെ കരംകൊണ്ടു് ഏദോമിനെതിരേ ഞാന്‍ പ്രതികാരം ചെയ്യും. എന്റെ കോപത്തിനും ക്രോധത്തിനുമനുസൃതമായി അവരവിടെ വര്‍ത്തിക്കും. അങ്ങനെ അവരെന്റെ പ്രതികാരമറിയും.

ഫിലിസ്ത്യര്‍ക്കെതിരേ
15: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഫിലിസ്ത്യര്‍ പ്രതികാരംചെയ്തിരിക്കുന്നു. ഒടുങ്ങാത്ത വിരോധത്താല്‍ നശിപ്പിക്കാന്‍വേണ്ടി ദുഷ്ടതയോടെയവര്‍ പ്രതികാരംചെയ്തിരിക്കുന്നു.
16: അതിനാല്‍ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഫിലിസ്ത്യര്‍ക്കെതിരായി ഞാന്‍ കരമുയര്‍ത്തും; ക്രേത്യരെ ഞാന്‍ കൊല്ലുകയും കടല്‍ത്തീരത്തു ശേഷിക്കുന്നവരെ നശിപ്പിക്കുകയും ചെയ്യും.
17: ക്രോധംനിറഞ്ഞ പ്രഹരങ്ങളാല്‍ ഞാനവരോടു കഠിനമായി പ്രതികാരംചെയ്യും. ഞാന്‍ പ്രതികാരംചെയ്യുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു് അവരറിയും.

അദ്ധ്യായം 26

ടയിറിനെതിരേ
1: പതിനൊന്നാംവര്‍ഷം മാസത്തിന്റെ ആദ്യദിവസം കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ജറുസലെമിനെക്കുറിച്ചു ടയിര്‍ പറഞ്ഞു: ജനതകളുടെ കവാടമായ അവള്‍ തകര്‍ന്നിരിക്കുന്നു. അതെനിക്കായി തുറന്നിരിക്കുന്നു. അവള്‍ നശിച്ചിരിക്കുന്നു. അങ്ങനെ ഞാന്‍ സമ്പന്നയാകും.
3: അതിനാല്‍ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ടയിര്‍, ഇതാ ഞാന്‍ നിനക്കെതിരാണു്. കടല്‍, തിരമാലകളെയെന്നപോലെ ഞാനനേകംജനതകളെ നിനക്കെതിരേ അണിനിരത്തും.
4: അവര്‍ ടയിറിന്റെ കോട്ടകള്‍ ഇടിച്ചുനിരത്തി, ഗോപുരങ്ങള്‍ തകര്‍ക്കും. മണ്ണെല്ലാം വടിച്ചുകോരി ഞാനവളെ വെറും പാറപോലെയാക്കും.
5: സമുദ്രമദ്ധ്യത്തില്‍, വല വിരിച്ചുണക്കാനുള്ള സ്ഥലമായി അവള്‍ പരിണമിക്കും. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണു് ഇതു പറയുന്നതു്; അവള്‍ ജനതകള്‍ക്കൊരു കവര്‍ച്ചവസ്തുവായിത്തീരും.
6: സമതലത്തിലുള്ള അവളുടെ പുത്രിമാര്‍ വാളിനിരയാകും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.
7: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു. ഞാന്‍ വടക്കുനിന്നു് ബാബിലോണിലെ രാജാവും രാജാധിരാജനുമായ നബുക്കദ്‌നേസറിനെ കുതിരകളോടും രഥങ്ങളോടും കുതിരപ്പടയാളികളോടും സൈന്യവ്യൂഹങ്ങളോടുംകൂടെ ടയിറിനെതിരേ കൊണ്ടുവരും.
8: സമതലത്തിലുള്ള നിന്റെ പുത്രിമാരെയവന്‍ വാളിനിരയാക്കുകയും നിനക്കെതിരേ ഉപരോധസങ്കേതമുയര്‍ത്തി, പരിചകള്‍കൊണ്ടു മറയുണ്ടാക്കുകയുംചെയ്യും.
9: നിന്റെ മതിലുകള്‍, അവന്‍ യന്ത്രമുട്ടികള്‍കൊണ്ടു് ഇടിച്ചു തകര്‍ക്കും; കോടാലികൊണ്ടു ഗോപുരങ്ങള്‍ തകര്‍ക്കും.
10: അവന്റെ അശ്വബാഹുല്യത്താല്‍ ഉയരുന്ന പൊടി, നിന്നെ മൂടിക്കളയും. കോട്ടയിടിഞ്ഞ പട്ടണത്തിലേക്കു കടക്കുന്നതുപോലെ അവന്‍ നിന്റെ കവാടങ്ങളിലൂടെ പ്രവേശിക്കുമ്പോള്‍ കുതിരക്കാരുടെയും വണ്ടികളുടെയും രഥങ്ങളുടെയും ശബ്ദംകൊണ്ടു നിന്റെ മതിലുകള്‍ നടുങ്ങും.
11: കുതിരകളുടെ കുളമ്പുകള്‍കൊണ്ടു നിന്റെ തെരുവീഥികളവന്‍ ചവിട്ടിമെതിക്കും; നിന്റെ ജനത്തെ വാളിനിരയാക്കും; നിന്റെ ഉറപ്പുള്ള തൂണുകള്‍ നിലംപതിക്കും.
12: അവര്‍ നിന്റെ ധനം കവര്‍ച്ചചെയ്യുകയും വ്യാപാരച്ചരക്കുകള്‍ കൊള്ളയടിക്കുകയും ചെയ്യും. നിന്റെ മതിലുകളും നിന്റെ മനോഹരങ്ങളായ ഭവനങ്ങളും അവര്‍ നശിപ്പിക്കുകയും കല്ലും മണ്ണും മരവും സമുദ്രമദ്ധ്യത്തിലേക്കു വലിച്ചെറിയുകയും ചെയ്യും.
13: നിന്റെ സംഗീതത്തിന്റെ സ്വരം ഞാന്‍ നിര്‍ത്തും; വീണാനാദം മേലില്‍ കേള്‍ക്കുകയില്ല.
14: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിന്നെ ഞാന്‍ വെറും പാറപോലെയാക്കും. വലവിരിച്ചുണക്കുന്നതിനുള്ള സ്ഥലമായി നീ തീരും. ഒരിക്കലും നീ പുനരുദ്ധരിക്കപ്പെടുകയില്ല. കര്‍ത്താവായ ഞാനാണിതു പറയുന്നതു്.
15: ദൈവമായ കര്‍ത്താവു ടയിറിനോടരുളിച്ചെയ്യുന്നു: നിന്റെ മദ്ധ്യത്തില്‍ സംഹാരംനടക്കുമ്പോള്‍, മുറിവേറ്റവര്‍ ഞരങ്ങുമ്പോള്‍, നിന്റെ പതനത്തിന്റെ ശബ്ദത്താല്‍ ദ്വീപുകള്‍ നടുങ്ങുകയില്ലേ?
16: അപ്പോള്‍ സമുദ്രത്തിലെ എല്ലാ രാജാക്കന്മാരും സിംഹാസനംവിട്ടിറങ്ങി മേലങ്കികള്‍ മാറ്റി, അലംകൃതവസ്ത്രങ്ങളുരിഞ്ഞുകളയും. അവരെ വിറയല്‍ പൊതിയും, അവര്‍ നിലത്തിരിക്കുകയും ഓരോ നിമിഷവും ഞെട്ടുകയും നിന്നെയോര്‍ത്തു ചകിതരാവുകയുംചെയ്യും.
17: നിന്നെക്കുറിച്ചു് അവരുച്ചത്തില്‍ വിലപിച്ചുപറയും; സമുദ്രമദ്ധ്യത്തില്‍ ശക്തിയും കീര്‍ത്തിയുംപരത്തിയ നഗരമേ, കരയില്‍ ഭയമുളവാക്കിയ നീയും നിന്നില്‍ വസിക്കുന്നവരും സമുദ്രത്തില്‍നിന്നു മാഞ്ഞുപോയതെങ്ങിനെ?
18: നിന്റെ പതനദിവസം ദ്വീപുകള്‍ വിറയ്ക്കുകയും നിന്റെ തിരോധാനത്തില്‍ സമുദ്രത്തിലെ ദ്വീപുകള്‍ സംഭ്രമിക്കുകയുംചെയ്യുന്നു.
19: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിര്‍ജ്ജനനഗരംപോലെ നിന്നെ ഞാന്‍ ശൂന്യമാക്കുമ്പോള്‍, ആഴിയെ നിന്റെമേലൊഴുക്കി പെരുവെള്ളംകൊണ്ടു നിന്നെമൂടുമ്പോള്‍,
20: പാതാളത്തില്‍പ്പതിക്കുന്ന പുരാതനജനങ്ങളോടൊപ്പം നിന്നെ ഞാന്‍ തള്ളിയിടും. നിന്നില്‍ ആരും വസിക്കാതിരിക്കാനും ജീവനുള്ളവരുടെ നാട്ടില്‍ നിനക്കു സ്ഥലം ലഭിക്കാതിരിക്കാനുമായി, പാതാളത്തില്‍ താഴ്ന്നവരുടെകൂടെ പുരാതനാവശിഷ്ടങ്ങള്‍ക്കിടയില്‍ അധോലോകത്തില്‍ നിന്നെ ഞാന്‍ പാര്‍പ്പിക്കും.
21: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഭീതിജനകമായ അവസാനം ഞാന്‍ നിനക്കു വരുത്തും. നീ എന്നേയ്ക്കുമായി ഇല്ലാതാകും; നിന്നെയന്വേഷിക്കുന്നവര്‍ ഒരിക്കലും കണ്ടെത്തുകയില്ല.

അദ്ധ്യായം 27

ടയിറിനെക്കുറിച്ചു് വിലാപഗാനം
1: കര്‍ത്താവെന്നോടരുളിച്ചെയ്തു.
2: മനുഷ്യപുത്രാ, ടയിറിനെക്കുറിച്ചു് ഒരു വിലാപഗാനമാലിപിക്കുക.
3: സമുദ്രമുഖത്തു സ്ഥിതിചെയ്ത്, അനേകം ദ്വീപുകളിലെ ജനങ്ങളുടെ വ്യാപാരകേന്ദ്രമായിരുന്ന ടയിറിനോടു പറയുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, ടയിര്‍, അവികലസൗന്ദര്യത്തിടമ്പെന്ന് നീയഹങ്കരിച്ചു.
4: നിന്റെ അതിര്‍ത്തികള്‍ സമുദ്രത്തിന്റെ ഹൃദയഭാഗത്താണു്; നിന്റെ നിര്‍മ്മാതാക്കള്‍ നിന്റെ സൗന്ദര്യം തികവുറ്റതാക്കി.
5: സെനീറിലെ സരളമരംകൊണ്ടു് അവര്‍ നിന്റെ തട്ടുപലകകളുണ്ടാക്കി. ലബനോനിലെ ദേവദാരുകൊണ്ടു് അവര്‍ നിനക്കു പായ്മരം നിര്‍മ്മിച്ചു.
6: ബാഷാനിലെ കരുവേലകംകൊണ്ടു് അവര്‍ നിനക്കു തുഴയുണ്ടാക്കി. സൈപ്രസ്‌തീരങ്ങളില്‍നിന്നുള്ള കാറ്റാടിമരത്തില്‍ ആനക്കൊമ്പു പതിച്ചു്, അവര്‍ നിനക്കു മേല്‍ത്തട്ടൊരുക്കി.
7: നിന്റെ കപ്പല്‍പ്പായ് ഈജിപ്തില്‍നിന്നുകൊണ്ടുവന്ന ചിത്രാലംകൃതമായ ചണവസ്ത്രമായിരുന്നു. അതായിരുന്നു നിന്റെ അടയാളം. എലീഷാദ്വീപില്‍നിന്നുള്ള നീലാംബരവും ധൂമ്രപടവുമായിരുന്നു നിന്റെ ആവരണം.
8: സീദോനിലെയും അര്‍വ്വാദിലെയും നിവാസികളായിരുന്നു നിന്റെ തണ്ടുവലിക്കാര്‍. സേമറില്‍നിന്നുവന്ന വിദഗ്ദ്ധന്മാരായ കപ്പിത്താന്മാര്‍ നിനക്കുണ്ടായിരുന്നു.
9: ഗേബാലിലെ ശ്രേഷ്ഠന്മാരും നിപുണന്മാരും നിനക്കു് ഓരായപ്പണിചെയ്യാനുണ്ടായിരുന്നു. സമുദ്രത്തിലെ എല്ലാ കപ്പലുകളും കപ്പല്‍ക്കാരും നീയുമായി കച്ചവടം ചെയ്യാന്‍ വന്നിരുന്നു.
10: പേര്‍ഷ്യ, ലൂദ്, പുത് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ നിന്റെ സൈന്യത്തിലുണ്ടായിരുന്നു. അവര്‍ അവരുടെ പരിചയും പടത്തൊപ്പിയും നിന്നില്‍ത്തൂക്കിയിട്ടു. അവര്‍ നിനക്കു മഹിമചാര്‍ത്തി.
11: അര്‍വ്വാദിലെയും ഹേലെക്കിലെയും ജനങ്ങള്‍ നിനക്കുചുററുമുള്ള മതിലുകളിലും ഗാമാദിലെ ജനങ്ങള്‍ നിന്റെ ഗോപുരങ്ങളിലും കാവല്‍നിന്നു. അവരവരുടെ പരിചകള്‍ നിനക്കുചുറ്റും മതിലുകളില്‍ത്തൂക്കി; നിന്റെ സൗന്ദര്യം അവര്‍ പരിപൂര്‍ണ്ണമാക്കി.
12: നിന്റെ എല്ലാത്തരത്തിലുമുള്ള സമ്പത്തുകണ്ടു താര്‍ഷീഷുകാര്‍ നീയുമായി വ്യാപാരത്തിനു വന്നു. വെള്ളി, ഇരുമ്പ്, വെള്ളീയം, കാരീയം എന്നിവ അവര്‍ നിന്റെ ചരക്കുകള്‍ക്കു പകരംതന്നു.
13: യാവാന്‍, തൂബാല്‍, മേഷെക് എന്നീ രാജ്യങ്ങള്‍ നീയുമായി വ്യാപാരത്തിലേര്‍പ്പെട്ടു. അവര്‍ നിന്റെ ചരക്കുകള്‍ക്കുപകരം ആളുകളെയും ഓട്ടുപാത്രങ്ങളെയും തന്നു.
14: ബേത്തോഗര്‍മാക്കാര്‍ കുതിരകളെയും പടക്കുതിരകളെയും, കോവര്‍കഴുതകളെയും നിന്റെ ചരക്കുകള്‍ക്കുപകരം തന്നു.
15: ദദാന്‍കാര്‍ നീയുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടു. നിന്റെ പ്രത്യേകവ്യാപാരകേന്ദ്രങ്ങളായി ധാരാളം ദ്വീപുകളുണ്ടായിരുന്നു. ആനക്കൊമ്പും കരിന്താളിയും അവിടെനിന്നു നിനക്കു പ്രതിഫലമായി ലഭിച്ചു.
16: നിന്റെ ചരക്കുകളുടെ ബാഹുല്യംനിമിത്തം ഏദോം നീയുമായി വ്യാപാരത്തിലേര്‍പ്പെട്ടു. അവര്‍ രത്നക്കല്ലുകളും ധൂമ്രവസ്ത്രങ്ങളും ചിത്രത്തുന്നലുള്ള വസ്ത്രങ്ങളും നേര്‍ത്തചണവസ്ത്രങ്ങളും പവിഴവും പത്മരാഗവും പകരംതന്നു.
17: യൂദായും ഇസ്രായേല്‍ദേശവും നിന്നോടു വ്യാപാരംചെയ്തു. മിനിത്തിലെ ഗോതമ്പ്, അത്തിപ്പഴം,തേന്‍, എണ്ണ, സുഗന്ധലേപനങ്ങളെന്നിവ അവര്‍ പകരംതന്നു.
18: നിന്റെ ധാരാളമായ ചരക്കുകളും ബഹുവിധസമ്പത്തുംകണ്ടു ദമാസ്‌ക്കസ് നിന്നോടു വ്യാപാരബന്ധത്തിലേര്‍പ്പെട്ടു.
19: ഹെല്‍ബോനിലെ വീഞ്ഞു്, വെളുത്ത ആട്ടിന്‍രോമം, ഉസാലില്‍നിന്നുള്ള വീഞ്ഞു്, ഇരുമ്പുരുപ്പടികള്‍, ഇലവര്‍ങ്ങം, കറുവാപ്പട്ടയെന്നിവ നിന്റെ ചരക്കുകള്‍ക്കുപകരം അവര്‍ കൊണ്ടുവന്നു.
20: രഥത്തില്‍ വിരിക്കാനുള്ള പരവതാനി, ദദാനിലെ ജനങ്ങള്‍ കൊണ്ടുവന്നു.
21: അറേബ്യക്കാരും കേദാര്‍പ്രഭുക്കന്മാരുമാണു് ആടുകള്‍, ആട്ടുകൊറ്റന്മാര്‍, കോലാടുകളെന്നിവയെ നിനക്കു വിറ്റതു്.
22: ഷേബായിലെയും റാമായിലെയും ആളുകള്‍ നീയുമായി വ്യാപാരത്തിലേര്‍പ്പെട്ടു. ഏറ്റവും നല്ലയിനം പരിമളതൈലങ്ങള്‍, വിലപിടിച്ചരത്നങ്ങള്‍, സ്വര്‍ണ്ണം എന്നിവ നിന്റെ ചരക്കുകള്‍ക്കുപകരമായി അവര്‍ തന്നു.
23: ഹാരാന്‍, കന്നെ, ഏദന്‍, അഷൂര്‍, കില്‍മാദ് എന്നീ രാജ്യങ്ങള്‍ നീയുമായി വ്യാപാരത്തിലേര്‍പ്പെട്ടു.
24: അവര്‍ വിശിഷ്ടവസ്ത്രങ്ങള്‍, ചിത്രത്തുന്നലുള്ള നീലത്തുണികള്‍, പിരിച്ചചരടുകൊണ്ടു ബലപ്പെടുത്തിയ നാനാവര്‍ണ്ണത്തിലുള്ള പരവതാനികളെന്നിവ നിനക്കു പകരംനല്കി.
25: താര്‍ഷീഷിലെക്കപ്പലുകള്‍ നിന്റെ വ്യാപാരച്ചരക്കുകളുമായി സഞ്ചരിച്ചു. അങ്ങനെ സമുദ്രമദ്ധ്യേ നീ നിറഞ്ഞു്, വളരെ ധനികയായിത്തീര്‍ന്നു.
26: തണ്ടുവലിച്ചിരുന്നവര്‍ പ്രക്ഷുബ്ദ്ധമായ സമുദ്രത്തിലേക്കു നിന്നെക്കൊണ്ടുപോയി; സമുദ്രമദ്ധ്യേ കിഴക്കന്‍കാറ്റു നിന്നെ തകര്‍ത്തുകളഞ്ഞു.
27: നിന്റെ ധനവും വിഭവങ്ങളും ചരക്കുകളും നാവികരും കപ്പിത്താന്മാരും ഓരായപ്പണിക്കാരും വ്യാപാരികളും പടയാളികളും കപ്പല്‍ജോലിക്കാരും നിന്റെ നാശത്തിന്റെനാളില്‍ നിന്നോടൊപ്പം ആഴിയുടെയടിത്തട്ടില്‍ത്താണു.
28: നിന്റെ കപ്പിത്താന്മാരുടെ നിലവിളിയാല്‍ നാട്ടിന്‍പുറങ്ങള്‍ നടുങ്ങി.
29: നിന്റെ തണ്ടുവലിക്കാരും നാവികരും കപ്പിത്താന്മാരും കരയിലിറങ്ങിനില്ക്കുന്നു.
30: അവര്‍ നിന്നെക്കുറിച്ചു്, ഉറക്കെക്കരയുകയും കഠിനദുഃഖത്തോടെ വിലപിക്കുകയുംചെയ്യുന്നു; അവര്‍ തലയില്‍ പൂഴിവിതറി, ചാരത്തില്‍ക്കിടന്നുരുളുന്നു.
31: നിന്നെപ്രതി അവര്‍ ശിരസ്സു മുണ്ഡനംചെയ്തു ചാക്കുടുക്കുന്നു; ഹൃദയവ്യഥയോടും അതീവ ദുഃഖത്തോടുംകൂടെ വിലപിക്കുന്നു.
32: നിന്നെപ്രതിയുള്ള അവരുടെ കരച്ചിൽ, ഒരു വിലാപഗാനമായി ഉയരുന്നു. ടയിറിനെപ്പോലെ സമുദ്രമദ്ധ്യത്തില്‍ വേറെയാരുനശിച്ചിട്ടുള്ളൂ എന്നു്, അവര്‍ വിലപിക്കുന്നു.
33: സമുദ്രത്തില്‍നിന്നു നിന്റെ കച്ചവടസാധനങ്ങള്‍ വന്നിരുന്നപ്പോള്‍ അനേകജനതകളെ നീ തൃപ്തരാക്കി. നിന്റെ വലിയസമ്പത്തും ചരക്കുകളുംകൊണ്ടു ഭൂമിയിലെ രാജാക്കന്മാരെ നീ സമ്പന്നരാക്കി.
34: ഇപ്പോള്‍ സമുദ്രംതന്നെ നിന്നെത്തകര്‍ത്തിരിക്കുന്നു. നിന്റെ വ്യാപാരവസ്തുക്കളും കപ്പലിലുണ്ടായിരുന്നവരും നിന്നോടുകൂടെ സമുദ്രത്തിന്റെ അടിത്തട്ടിലേക്കു മുങ്ങിപ്പോയി.
35: ദ്വീപുനിവാസികള്‍ നിന്നെയോര്‍ത്തു സ്തബ്ധരായി; അവരുടെ രാജാക്കന്മാര്‍ പരിഭ്രാന്തരായി. അവരുടെ മുഖത്തെ ഞരമ്പുകള്‍ വലിഞ്ഞുമുറുകിനിന്നു.
36: ജനതകള്‍ക്കിടയിലുള്ള വ്യാപാരികള്‍ നിന്നെ നിന്ദിക്കുന്നു; ഭയാനകമായ അവസാനം, നിനക്കു വന്നുകഴിഞ്ഞു. എന്നേയ്ക്കുമായി നീ നശിച്ചുകഴിഞ്ഞു.

അദ്ധ്യായം 28

ടയിര്‍രാജാവിനെതിരേ

1: കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ടയിര്‍രാജാവിനോടു പറയുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, അഹങ്കാരത്തള്ളല്‍കൊണ്ടു നീ പറഞ്ഞു: ഞാന്‍ ദേവനാണു്; സമുദ്രമദ്ധ്യേ ദേവന്മാരുടെ സിംഹാസനത്തില്‍ ഞാനിരിക്കുന്നു. എന്നാല്‍ നീ ദൈവത്തെപ്പോലെ ബുദ്ധിമാനെന്നു തന്നത്താന്‍ കണക്കാക്കുന്നെങ്കിലും നീ ദൈവമല്ല, മനുഷ്യന്‍മാത്രമാണു്.
3: തീര്‍ച്ചയായും നീ ദാനിയേലിനെക്കാള്‍ ബുദ്ധിമാനാണു്. ഒരു രഹസ്യവും നിന്നില്‍നിന്നു മറഞ്ഞിരിക്കുന്നില്ല.
4: ബുദ്ധികൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു; പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തില്‍ സംഭരിച്ചു.
5: വ്യാപാരത്തിലുള്ള നിന്റെ വലിയ അറിവുമൂലം നീ സമ്പത്തു വര്‍ദ്ധിപ്പിച്ചു. ധനംമൂലം അഹങ്കരിച്ചു.
6: ആകയാല്‍, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നീ നിന്നെത്തന്നെ ദൈവത്തെപ്പോലെ ജ്ഞാനിയായി കണക്കാക്കി.
7: അതിനാല്‍ ജനതകളില്‍വച്ചു് ഏറ്റവും ഭീകരന്മാരായവരെ ഞാന്‍ നിന്റെമേലയയ്ക്കും. നിന്റെ ജ്ഞാനത്തിന്റെ മനോഹാരിതയ്ക്കുനേരേ അവര്‍ വാളൂരും. അവര്‍ നിന്റെ തേജസ്സു കെടുത്തിക്കളയും.
8: അവര്‍ നിന്നെ പാതാളത്തിലേക്കു തള്ളിയിടും. വധിക്കപ്പെട്ടവനെപ്പോലെ നീ സമുദ്രമദ്ധ്യേ മരിക്കും.
9: നിന്നെക്കൊല്ലുന്നവന്റെ മുമ്പില്‍വച്ചു് ഞാന്‍ ദേവനാണെന്ന് നീയിനിയും പറയുമോ? നിന്നെ മുറിവേല്പിക്കുന്നവന്റെ കൈകളില്‍ നീ ദേവനല്ല, വെറും മനുഷ്യനാണു്.
10: അപരിച്ഛേദിതനെപ്പോലെ നീ വിദേശികളുടെ കരത്താല്‍ മരിക്കും. കര്‍ത്താവായ ഞാനാണിതു പറഞ്ഞിരിക്കുന്നതു്.
11: കര്‍ത്താവെന്നോടരുളിച്ചെയ്തു:
12: മനുഷ്യപുത്രാ, ടയിര്‍രാജാവിനെക്കുറിച്ചു് ഒരു വിലാപഗാനമാലപിക്കുക, അവനോടുപറയുക, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നീ പൂര്‍ണ്ണതയ്ക്കു മാതൃകയായിരുന്നു; വിജ്ഞാനംതികഞ്ഞവനും സൗന്ദര്യസമ്പുഷ്ടനും.
13: നീ ദൈവത്തിന്റെ തോട്ടമായ ഏദനിലായിരുന്നു. മാണിക്യം, പുഷ്യരാഗം, സൂര്യകാന്തം, പത്മരാഗം, ചന്ദ്രകാന്തം, ഗോമേദകം, ഇന്ദ്രനീലം, വൈഡൂര്യം, മരതകം എന്നിവ നിന്നെപ്പൊതിഞ്ഞിരുന്നു. നിന്റെ തംബുരുവും പുല്ലാംകുഴലും സ്വര്‍ണ്ണനിര്‍മ്മിതമായിരുന്നു. നീ സൃഷ്ടിക്കപ്പെട്ട ദിവസംതന്നെ അവയെല്ലാം ഒരുക്കിയിരുന്നു.
14: ഒരു അഭിഷിക്തകെരൂബിനെ നിനക്കു കാവല്‍നിറുത്തി. നീ ദൈവത്തിന്റെ വിശുദ്ധഗിരിയിലായിരുന്നു. തീപോലെ തിളങ്ങുന്ന രത്നങ്ങളുടെയിടയില്‍ നീ സഞ്ചരിച്ചു.
15: നിന്നെ സൃഷ്ടിച്ചനാള്‍മുതല്‍ അധര്‍മ്മം നിന്നില്‍ പ്രത്യക്ഷപ്പെട്ടതുവരെ നീ നിഷ്കളങ്കനായിരുന്നു.
16: വ്യാപാരത്തിന്റെ പെരുപ്പത്തില്‍ അക്രമവും പാപവും നിന്നില്‍ നിറഞ്ഞു. അതുകൊണ്ടു ദൈവത്തിന്റെ ഗിരിയില്‍നിന്നു നിന്നെ ഞാനശുദ്ധവസ്തുവായി ദൂരെയെറിഞ്ഞു. നിനക്കു കാവല്‍നിന്ന കെരൂബ്, തിളങ്ങുന്ന രത്നങ്ങളുടെയിടയില്‍നിന്നു് നിന്നെ ആട്ടിപ്പുറത്താക്കി. നിന്റെ സൗന്ദര്യത്തില്‍ നീയഹങ്കരിച്ചു.
17: നിന്റെ മഹിമയ്ക്കായി ജ്ഞാനത്തെ നീ ദുരുപയോഗപ്പെടുത്തി. നിന്നെ ഞാന്‍ നിലത്തെറിഞ്ഞു കളഞ്ഞു. രാജാക്കന്മാര്‍ക്കു കണ്ടുരസിക്കാന്‍ നിന്നെ ഞാനവരുടെ മുമ്പില്‍ നിറുത്തി.
18: നിന്റെ ദുഷ്‌കൃത്യങ്ങളുടെ ആധിക്യവും വ്യാപാരത്തിലെ അനീതിയും നിമിത്തം നിന്റെ വിശുദ്ധസ്ഥലങ്ങള്‍ നീ അശുദ്ധമാക്കി. നിന്റെ മദ്ധ്യത്തില്‍നിന്നൊരഗ്നി പുറപ്പെടുവിച്ചു്, എല്ലാവരും കാണ്‍കേ ഞാന്‍ നിന്നെ ദഹിപ്പിച്ചു ഭസ്മമാക്കി.
19: നിന്നെയറിയുന്ന ജനതകള്‍ നിന്നെക്കണ്ടു സ്തബ്ദ്ധരാകും. ഭീകരമായ അവസാനത്തിലേക്കു നീയെത്തിയിരിക്കുന്നു. എന്നേക്കുമായി നീയില്ലാതാകും.

സീദോനെതിരേ
20: കര്‍ത്താവെന്നോടരുളിച്ചെയ്തു:
21: മനുഷ്യപുത്രാ, സീദോനുനേരേ മുഖംതിരിച്ചു്, അവള്‍ക്കെതിരായി പ്രവചിക്കുക.
22: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: സീദോന്‍, ഇതാ, ഞാന്‍ നിനക്കെതിരാണു്. നിന്റെ മദ്ധ്യേ ഞാനെന്റെ മഹത്വം പ്രകടിപ്പിക്കും; എന്റെ ന്യായവിധി അവളില്‍ ഞാന്‍നടത്തും. എന്റെ വിശുദ്ധി അവളില്‍ ഞാന്‍ വെളിപ്പെടുത്തും. ഞാനാണു കര്‍ത്താവെന്നു് അപ്പോളെല്ലാവരുമറിയും.
23: ഞാനവളുടെനേരേ പകര്‍ച്ചവ്യാധികളയയ്ക്കും; അവരുടെ തെരുവീഥികളില്‍ രക്തമൊഴുക്കും. ചുററുംനിന്നു് അവള്‍ക്കെതിരേവരുന്ന വാളേറ്റു മരിക്കുന്നവർ അവളുടെ മദ്ധ്യത്തില്‍ വീഴും. ഞാനാണു കര്‍ത്താവെന്നു് അപ്പോളവരറിയും.

ഇസ്രായേലിനു രക്ഷ
24: ഇസ്രായേല്‍ഭവനത്തെ നിന്ദിച്ച അയല്‍ക്കാരിലാരും മേലില്‍ കുത്തുന്ന മുള്‍പ്പടര്‍പ്പോ മുറിവേല്പിക്കുന്ന മുള്ളോ ആയിരിക്കുകയില്ല. ഞാനാണു ദൈവമായ കര്‍ത്താവെന്നു് അപ്പോളവരറിയും.
25: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ജനതകളുടെയിടയില്‍ ചിതറിക്കിടക്കുന്ന ഇസ്രായേല്‍ഭവനത്തെ ഞാനൊന്നിച്ചുകൂട്ടും. ജനതകളുടെ മുമ്പില്‍വച്ച്, ഞാനെന്റെ വിശുദ്ധി അവരില്‍ വെളിപ്പെടുത്തും. എന്റെ ദാസനായ യാക്കോബിനു ഞാന്‍നല്കിയ അവരുടെ സ്വന്തം ദേശത്തു് അവര്‍ വസിക്കും.
26: അവരവിടെ സുരക്ഷിതരായിരിക്കും, അവര്‍ വീടുപണിയുകയും മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുകയും ചെയ്യും. അവരോടവജ്ഞയോടെ പെരുമാറിയ ചുറ്റുമുള്ളവരുടെമേല്‍ ഞാന്‍ വിധിനടത്തുമ്പോള്‍ അവര്‍ സുരക്ഷിതരായിരിക്കും. ഞാനാണു തങ്ങളുടെ ദൈവമായ കര്‍ത്താവെന്നു് അപ്പോളവരറിയും.

ഇരുന്നൂറ്റിനാല്പത്തിരണ്ടാം ദിവസം: എസക്കിയേല്‍ 22 - 24

അദ്ധ്യായം 22

ജറുസലെമിന്റെ അകൃത്യങ്ങള്‍
1: കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, നീ വിധിക്കുകയില്ലേ? രക്തപങ്കിലമായ ഈ നഗരത്തെ നീ വിധിക്കുകയില്ലേ? എങ്കില്‍ അവളുടെ മ്ലേച്ഛതകൾ അവളെയറിയിക്കുക.
3: നീ അവളോടു പറയുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, രക്തച്ചൊരിച്ചില്‍നടത്തി തന്റെ വിധിദിനം ആസന്നമാക്കുകയും വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചു തന്നത്താൻ അശുദ്ധയാക്കുകയുംചെയ്യുന്ന നഗരമേ,
4: നീ ചൊരിഞ്ഞ രക്തത്താല്‍ നീ കുറ്റവാളിയായിത്തീര്‍ന്നിരിക്കുന്നു; നീ നിര്‍മ്മിച്ച വിഗ്രഹങ്ങളാല്‍ നീ അശുദ്ധയായിരിക്കുന്നു. നിന്റെ ദിനം, നിന്റെ ആയുസ്സിന്റെ അവസാനം, നീതന്നെ വിളിച്ചുവരുത്തിയിരിക്കുന്നു. ആകയാല്‍ ഞാന്‍ നിന്നെ ജനതകള്‍ക്കു നിന്ദാവിഷയവും എല്ലാ രാജ്യങ്ങള്‍ക്കും പരിഹാസപാത്രവുമാക്കിയിരിക്കുന്നു.
5: അടുത്തുമകലെയുമുള്ള എല്ലാവരും കുപ്രസിദ്ധയും പ്രക്ഷുബ്ധയുമായ നിന്നെ
ധിക്ഷേപിക്കും.
6: ഇസ്രായേല്‍രാജാക്കന്മാര്‍ തങ്ങളുടെ ശക്തിക്കൊത്തു നിന്നില്‍ രക്തച്ചൊരിച്ചില്‍നടത്തി.
7: നിന്നില്‍, മാതാപിതാക്കന്മാര്‍ നിന്ദിക്കപ്പെട്ടു; പരദേശികള്‍ കൊള്ളയടിക്കപ്പെട്ടു; അനാഥരും വിധവകളും ദ്രോഹിക്കപ്പെട്ടു.
8: നീ എന്റെ വിശുദ്ധവസ്തുക്കളെ നിന്ദിച്ചു; എന്റെ സാബത്തുകളശുദ്ധമാക്കി.
9: രക്തച്ചൊരിച്ചിലിനിടവരുത്തുന്ന അപവാദംപറഞ്ഞുനടക്കുന്നവരും പൂജാഗിരികളില്‍വച്ചു ഭുജിക്കുന്നവരും നിന്നിലുണ്ടു്. നിന്റെമദ്ധ്യേ ഭോഗാസക്തിനടമാടുന്നു.
10: അവിടെയവര്‍ പിതാക്കന്മാരുടെ നഗ്നത അനാവരണംചെയ്യുന്നു. ആര്‍ത്തവംകൊണ്ടശുദ്ധരായ സ്ത്രീകളെ സമീപിക്കുന്നു.
11: നിന്നില്‍ അയല്‍വാസിയുടെ ഭാര്യയുമായി മ്ലേച്ഛതപ്രവര്‍ത്തിക്കുന്നവരുമുണ്ടു്. മരുമകളെ പ്രാപിച്ചു് അശുദ്ധയാക്കുന്നവരുണ്ടു്. സ്വന്തം പിതാവില്‍നിന്നു ജനിച്ച സഹോദരിയെ അശുദ്ധയാക്കുന്നവരുണ്ടു്.
12: നിന്നില്‍ രക്തംചിന്തുന്നതിനായി കോഴവാങ്ങുന്നവരുണ്ടു്. നീ പലിശവാങ്ങുകയും ലാഭമുണ്ടാക്കുകയും അയല്‍ക്കാരനെ ഞെരുക്കി സമ്പത്തുണ്ടാക്കുകയും ചെയ്യുന്നു. എന്നെ നീ വിസ്മരിച്ചിരിക്കുന്നു. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
13: ആകയാല്‍ നീ നേടിയ കൊള്ളലാഭത്തെയും നീ ചൊരിഞ്ഞ രക്തത്തെയുംപ്രതി ഞാന്‍ മുഷ്ടി ചുരുട്ടുന്നു.
14: ഞാന്‍ നിന്നോടെതിരിടുമ്പോള്‍ നിന്റെ ധൈര്യം നിലനില്‍ക്കുമോ? നിന്റെ കരങ്ങള്‍ ബലവത്തായിരിക്കുമോ? കര്‍ത്താവായ ഞാനാണു് ഇതു പറയുന്നതു്. ഞാനതു നിറവേറ്റുകയും ചെയ്യും.
15: നിന്നെ ജനതകളുടെയും രാജ്യങ്ങളുടെയുമിടയില്‍ ചിതറിച്ചുകൊണ്ടു നിന്റെ അശുദ്ധി ഞാന്‍ തുടച്ചുമാറ്റും.
16: ജനതകളുടെ മുമ്പില്‍ നീ നിന്നെത്തന്നെ മലിനയാക്കും. അപ്പോള്‍ ഞാനാണു കര്‍ത്താവെന്നു നീയറിയും.
17: എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
18: മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനംമുഴുവനും എനിക്കു ലോഹക്കിട്ടമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ വെള്ളിയും ഓടും വെളുത്തീയവും ഇരുമ്പും കാരീയവുമുരുക്കിയ ചൂളയിലെ കിട്ടംപോലെയായിരിക്കുന്നു.
19: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളെല്ലാവരും കിട്ടമായിത്തീര്‍ന്നിരിക്കുന്നതുകൊണ്ടു നിങ്ങളെ ഞാന്‍ ജറുസലെമിന്റെമദ്ധ്യേ ഒരുമിച്ചുകൂട്ടും.
20: വെള്ളിയും ഓടും ഇരുമ്പും കാരീയവും വെളുത്തീയവും ചൂളയിലൊരുമിച്ചുകൂട്ടി തീയൂതി ഉരുക്കുന്നതുപോലെ നിങ്ങളെയും ഞാനവിടെ ഒരുമിച്ചുകൂട്ടി എന്റെ കോപത്തിലും ക്രോധത്തിലും ഉരുക്കും.
21: നിങ്ങളെ ഒരുമിച്ചുകൂട്ടി നിങ്ങളുടെമേല്‍ എന്റെ കോപാഗ്നി ഞാന്‍ ചൊരിയും.
22: അതില്‍ നിങ്ങളുരുകും, ചൂളയില്‍ വെള്ളിയെന്നപോലെ എന്റെ കോപാഗ്നിയില്‍ നിങ്ങളുരുകും. കര്‍ത്താവായ ഞാനെന്റെ ക്രോധം നിങ്ങളുടെമേല്‍ ചൊരിഞ്ഞിരിക്കുന്നുവെന്നു് അപ്പോള്‍ നിങ്ങളറിയും.
23: കര്‍ത്താവെന്നോടരുളിച്ചെയ്തു:
24: മനുഷ്യപുത്രാ, നീ അവളോടു പറയുക, ക്രോധത്തിന്റെ ദിനത്തില്‍ വൃത്തിയാക്കപ്പെടാത്തതും മഴപെയ്യാത്തതുമായ ഒരു ദേശമായിരിക്കും നീ.
25: അവളുടെമദ്ധ്യേ പ്രഭുക്കന്മാര്‍, ഇരയെ ചീന്തിക്കീറിയലറുന്ന സിംഹത്തെപ്പോലെയാണു്. അവര്‍ മനുഷ്യരെ വിഴുങ്ങുന്നു. സമ്പത്തും അമൂല്യവസ്തുക്കളും കൈവശപ്പെടുത്തുന്നു. അവളുടെ മദ്ധ്യത്തില്‍ അവര്‍ പലരെയും വിധവകളാക്കുന്നു.
26: അവളുടെ പുരോഹിതന്മാര്‍ എന്റെ നിയമം ലംഘിക്കുന്നു. അവര്‍ എന്റെ വിശുദ്ധവസ്തുക്കളെ മലിനമാക്കുന്നു. വിശുദ്ധവും അശുദ്ധവുംതമ്മില്‍ അവരന്തരം കാണുന്നില്ല. നിര്‍മ്മലവും മലിനവുംതമ്മിലുള്ള വ്യത്യാസം അവര്‍ പഠിപ്പിക്കുന്നില്ല. എന്റെ സാബത്തുകൾ, അവരവഗണിക്കുന്നു. തന്മൂലം അവരുടെയിടയില്‍ ഞാനപമാനിതനായിരിക്കുന്നു.
27: അവളിലെ പ്രമാണികള്‍ ഇരയെ കടിച്ചുചീന്തുന്ന ചെന്നായ്ക്കളെപ്പോലെയാണു്. കൊള്ളലാഭമുണ്ടാക്കാന്‍ അവര്‍ രക്തംചൊരിയുകയും ജീവന്‍ നശിപ്പിക്കുകയുംചെയ്യുന്നു.
28: അവളുടെ പ്രവാചകന്മാര്‍ കര്‍ത്താവു സംസാരിക്കാതിരിക്കെ, കര്‍ത്താവിങ്ങനെ അരുളിച്ചെയ്യുന്നുവെന്നു പറഞ്ഞുകൊണ്ടു് അവര്‍ക്കുവേണ്ടി വ്യാജദര്‍ശനങ്ങള്‍കാണുകയും കള്ളപ്രവചനങ്ങള്‍ നടത്തുകയുംചെയ്ത്, അവരുടെ തെറ്റുകള്‍ മൂടിവയ്ക്കുന്നു.
29: ദേശത്തെ ജനം പിടിച്ചുപറിക്കുകയും കൊള്ളയടിക്കുകയുംചെയ്യുന്നു. അവര്‍ ദരിദ്രരെയും അഗതികളെയും ഞെരുക്കുന്നു; പരദേശികളെയും അന്യായമായി പീഡിപ്പിക്കുന്നു.
30: ഞാന്‍ ആ ദേശത്തെനശിപ്പിക്കാതിരിക്കേണ്ടതിനു കോട്ടപണിയാനോ കോട്ടയുടെ വിള്ളലില്‍ നിലയുറപ്പിക്കാനോ തയ്യാറുള്ള ഒരുവനെ അവരുടെയിടയില്‍ ഞാനന്വേഷിച്ചു. എന്നാല്‍ ആരെയും കണ്ടില്ല.
31: അതുകൊണ്ടു് ഞാനവരുടെമേല്‍ എന്റെ രോഷം ചൊരിഞ്ഞു. എന്റെ ക്രോധാഗ്നിയാല്‍ ഞാനവരെ സംഹരിച്ചു. അവരുടെ പ്രവൃത്തിക്കുള്ള ശിക്ഷ ഞാനവരുടെ തലയില്‍ത്തന്നെ വരുത്തി-ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.

അദ്ധ്യായം 23

രണ്ടു സഹോദരികള്‍
1: എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
2: മനുഷ്യപുത്രാ, ഒരമ്മയ്ക്കു രണ്ടു പുത്രിമാരുണ്ടായിരുന്നു.
3: അവര്‍ ഈജിപ്തില്‍വച്ചു തങ്ങളുടെ യൗവനത്തില്‍ വ്യഭിചാരവൃത്തിയിലേര്‍പ്പെട്ടു. അവിടെവച്ചു് അവരുടെ പയോധരങ്ങളമര്‍ത്തപ്പെട്ടു; കന്യകകളായിരുന്ന അവരുടെ മാറിടം സ്പര്‍ശിക്കപ്പെട്ടു.
4: മൂത്തവളുടെ പേര് ഒഹോലാ എന്നും ഇളയവളുടെ പേര് ഒഹോലിബാ എന്നുമായിരുന്നു. അവര്‍ എന്റേതായി; അവര്‍ക്കു പുത്രന്മാരും പുത്രിമാരും ജനിച്ചു. അവരില്‍ ഓഹോലാ സമരിയായെയും ഒഹോലിബാ ജറുസലെമിനെയും സൂചിപ്പിക്കുന്നു.
5: ഒഹോലാ എന്റേതായിരുന്നപ്പോള്‍ വ്യഭിചാരംചെയ്തു. അവള്‍ അസ്സീറിയാക്കാരായ തന്റെ കാമുകന്മാരില്‍ അഭിലാഷംപൂണ്ടു.
6: നീലവസ്ത്രധാരികളായ യോദ്ധാക്കളും ദേശാധിപതികളും സേനാപതികളുമായ അവര്‍, അഭികാമ്യരും അശ്വാരൂഢരുമായ യുവാക്കന്മാരായിരുന്നു.
7: അസ്സീറിയായലെ പ്രമുഖന്മാരായ അവരോടുകൂടെ അവള്‍ ശയിച്ചു. താന്‍മോഹിച്ച എല്ലാവരുടെയും ബിംബങ്ങളാല്‍ അവള്‍ തന്നെത്തന്നെ മലിനയാക്കി.
8: ഈജിപ്തില്‍വച്ചു പരിശീലിച്ച വ്യഭിചാരവൃത്തി അവളുപേക്ഷിച്ചില്ല; അവരവളുടെ യൗവനത്തില്‍ അവളോടൊപ്പം ശയിച്ചു. കന്യകയായ അവളുടെ പയോധരങ്ങളമര്‍ത്തി. അവര്‍ തങ്ങളുടെ വിഷയാസക്തി അവളില്‍ച്ചൊരിഞ്ഞു.
9: ആകയാല്‍ അവളത്യന്തംമോഹിച്ച അവളുടെ കാമുകന്മാരായ അസ്സീറിയാക്കാരുടെ കരങ്ങളില്‍ അവളെ ഞാന്‍ ഏല്പിച്ചുകൊടുത്തു.
10: അവരവളുടെ നഗ്നത അനാവരണംചെയ്തു. അവരവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചെടുക്കുകയും അവളെ വാളിനിരയാക്കുകയും ചെയ്തു. ന്യായവിധി അവളുടെമേല്‍ നടപ്പിലാക്കിക്കഴിഞ്ഞപ്പോള്‍ അവള്‍ സ്ത്രീകളുടെയിടയിലൊരു പഴമൊഴിയായിമാറി.
11: അവളുടെ സഹോദരി ഒഹോലിബാ ഇതു കണ്ടു; എന്നിട്ടും വിഷയാസക്തിയിലും വ്യഭിചാരത്തിലും തന്റെ സഹോദരിയെക്കാള്‍ വഷളായിരുന്നു അവള്‍.
12: അസ്സീറിയാക്കാരെ അവളും അത്യന്തം മോഹിച്ചു. സ്ഥാനപതികള്‍, സേനാപതികള്‍, പടക്കോപ്പണിഞ്ഞ യോദ്ധാക്കള്‍, അശ്വാരൂഢരായ യോദ്ധാക്കളെന്നിങ്ങനെ ആരുമാഗ്രഹിക്കുന്ന യുവത്തിടമ്പുകളെ അവളും മോഹിച്ചു.
13: അവളശുദ്ധയായി എന്നു ഞാന്‍ കണ്ടു. അവരിരുവരും ഒരേമാര്‍ഗ്ഗമാണു സ്വീകരിച്ചതു്.
14: എന്നാല്‍, ഇവള്‍ തന്റെ വ്യഭിചാരവൃത്തി ഒന്നുകൂടെ വിപുലമാക്കി. ചുവരുകളില്‍ സിന്ദൂരംകൊണ്ടു വരച്ച കല്‍ദായപുരുഷന്മാരുടെ ചിത്രങ്ങളവള്‍ കണ്ടു.
15: അരപ്പട്ടകൊണ്ടു് അരമുറുക്കി, തലയില്‍ വര്‍ണ്ണശബളമായ തലപ്പാവുചുറ്റി കല്‍ദായ നാട്ടില്‍ ജനിച്ച, ബാബിലോണിയക്കാരെപ്പോലെ കാണപ്പെടുന്ന വീരന്മാരുടെ ചിത്രങ്ങള്‍.
16: അവ കണ്ടപ്പോള്‍ത്തന്നെ അവളവരെയത്യന്തം മോഹിച്ചു; അവള്‍ കല്‍ദായയില്‍ അവരുടെ സമീപത്തേക്കു ദൂതന്മാരെയയച്ചു.
17: അവളോടൊത്തു ശയിക്കാന്‍ ബാബിലോണിയക്കാര്‍ വന്നു; അവരവളെ വിഷയാസക്തികൊണ്ടു മലിനയാക്കി. അതിനുശേഷം അവള്‍ക്ക് അവരോടു വെറുപ്പുതോന്നി.
18: അവള്‍ പരസ്യമായി വ്യഭിചാരംചെയ്യുകയും നഗ്നതതുറന്നുകാട്ടുകയുംചെയ്തപ്പോള്‍ അവളുടെ സഹോദരിയോടെന്നപോലെ അവളോടും എനിക്കു വെറുപ്പായി.
19: എന്നിട്ടും ഈജിപ്തില്‍ വ്യഭിചാരവൃത്തിനടത്തിയ യൗവനകാലത്തെ അനുസ്മരിച്ചുകൊണ്ടു്, അവള്‍ കൂടുതല്‍കൂടുതല്‍ വ്യഭിചരിച്ചു.
20: കഴുതകളുടേതുപോലെയുള്ള ലിംഗവും കുതിരകളുടേതുപോലുള്ള ബീജസ്രവണവുമുള്ള തന്റെ ജാരന്മാരെ അവളമിതമായി കാമിച്ചു.
21: ഈജിപ്തുകാര്‍ മാറിടത്തിലമര്‍ത്തുകയും ഇളംസ്തനങ്ങളെ ലാളിക്കുകയുംചെയ്ത നിന്റെ യൗവനത്തിലെ വിഷയലമ്പടത്വം നീ കൊതിച്ചു.
22: അതിനാല്‍ ഒഹോലിബാ, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നീ വെറുത്ത, നിന്റെ കാമുകന്മാരെ ഞാന്‍ നിനക്കെതിരെ ഇളക്കിവിടും. എല്ലാവശങ്ങളിലുംനിന്നു് അവരെ ഞാന്‍ കൊണ്ടുവരും.
23: ആരുംകൊതിക്കുന്ന യുവാക്കളായ സ്ഥാനപതികളും സേനാനായകന്മാരും പ്രഭുക്കന്മാരും അശ്വാരൂഢരുമായ ബാബിലോണിയാക്കാരെയും കല്‍ദായരെയും പൊക്കോദ്, ഷോവാ, കോവാ എന്നീ ദേശക്കാരെയും എല്ലാ അസ്സീറിയാക്കാരെയും ഞാന്‍ കൊണ്ടുവരും.
24: അവര്‍ ധാരാളം രഥങ്ങളോടും വാഹനങ്ങളോടും കാലാള്‍പ്പടയോടുംകൂടെ വടക്കുനിന്നു നിനക്കെതിരേ വരും. അവര്‍ കവചവും പരിചയും പടത്തൊപ്പിയുംധരിച്ചു നിനക്കെതിരേ അണിനിരക്കും. ന്യായവിധി ഞാനവരെയേല്പിക്കും; അവര്‍ തങ്ങളുടെ ന്യായമനുസരിച്ചു നിന്നെ വിധിക്കും.
25: ഞാനെന്റെ രോഷം നിന്റെനേരേ തിരിച്ചുവിടും. അവര്‍ നിന്നോടു ക്രോധത്തോടെ വര്‍ത്തിക്കും. അവര്‍ നിന്റെ മൂക്കും ചെവികളും മുറിച്ചുകളയും. നിന്നിലവശേഷിക്കുന്നവര്‍ വാളിനിരയാകും. നിന്റെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ പിടിച്ചെടുക്കും. അവശേഷിക്കുന്നവർ അഗ്നിക്കിരയാകും.
26: അവര്‍ നിന്റെ വസ്ത്രമുരിഞ്ഞെടുക്കുകയും അമൂല്യരത്നങ്ങള്‍ കൊള്ളയടിക്കുകയുംചെയ്യും.
27: അങ്ങനെ നിന്റെ ഭോഗാസക്തിക്കും ഈജിപ്തില്‍വച്ചു നീ ശീലിച്ച വ്യഭിചാരവൃത്തിക്കും ഞാനറുതിവരുത്തും. ഇനി നീ ഈജിപ്തുകാരുടെനേരേ കണ്ണുതിരിക്കുകയോ അവരെ സ്മരിക്കുകയോ ചെയ്യുകയില്ല.
28: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നീ വെറുക്കുന്നവരുടെ കരങ്ങളില്‍, നീ മനംമടുത്തു് ഉപേക്ഷിച്ചവരുടെ കരങ്ങളില്‍, നിന്നെ ഞാനേല്പിക്കും.
29: അവര്‍ നിന്നോടു വെറുപ്പോടെ പ്രവര്‍ത്തിക്കും; നിന്റെ അദ്ധ്വാനഫലം അവര്‍ കൊള്ളയടിക്കും. നഗ്നയും അനാവൃതയുമായി നിന്നെയവരുപേക്ഷിക്കും. അങ്ങനെ നിന്റെ വൃഭിചാരവൃത്തിയുടെ നഗ്നതയും നിന്റെ ഭോഗാസക്തിയും വേശ്യാവൃത്തിയും അനാവൃതമാകും.
30: നീ ജനതകളോടൊത്തു വ്യഭിചാരംചെയ്യുകയും അവരുടെ വിഗ്രഹങ്ങളാല്‍ മലിനയാക്കപ്പെടുകയുംചെയ്തതുകൊണ്ടാണ്, ഞാനിവയെല്ലാം നിന്നോടു പ്രവര്‍ത്തിക്കുന്നതു്.
31: നീ നിന്റെ സഹോദരിയുടെ പാതയില്‍ച്ചരിച്ചു; അതുകൊണ്ടു്, അവളുടെ പാനപാത്രം ഞാന്‍ നിന്റെ കരങ്ങളിലേല്പിക്കും.
32: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നിന്റെ സഹോദരിയുടെ കുഴിയും വട്ടവുമുള്ള പാനപാത്രത്തില്‍നിന്നു കുടിച്ച്, നീ പരിഹസിക്കപ്പെടുകയും നിന്ദിക്കപ്പെടുകയുംചെയ്യും. അതില്‍ വളരെയേറെക്കുടിക്കാനുണ്ടു്.
33: ഭീതിയുടെയും ശൂന്യതയുടെയും പാനപാത്രത്തില്‍നിന്നു്, നിന്റെ സഹോദരിയായ സമരിയായുടെ പാനപാത്രത്തില്‍നിന്നു കുടിച്ചു്, ഉന്മത്തതയും ദുഃഖവുംകൊണ്ടു നീ നിറയും.
34: നീയതു കുടിച്ചുവറ്റിക്കും. പാത്രമുടച്ചു കഷണങ്ങള്‍ കാര്‍ന്നുതിന്നും; നിന്റെ മാറിടം, നീ പിച്ചിച്ചീന്തും. ഞാനാണിതു പറഞ്ഞിരിക്കുന്നതു്, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
35: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: നീ എന്നെ വിസ്മരിക്കുകയും പുറന്തള്ളുകയുംചെയ്തതിനാല്‍ നിന്റെ ഭോഗാസക്തിയുടെയും വ്യഭിചാരത്തിന്റെയും ഫലം നീയനുഭവിക്കും.
36: കര്‍ത്താവെന്നോടരുളിച്ചെയ്തു: മനുഷ്യപുത്രാ, ഒഹോലായെയും, ഒഹോലിബായെയും നീ വിധിക്കുകയില്ലേ? എങ്കില്‍, അവരുടെ മ്ലേച്ഛതകള്‍ നീ അവരുടെമുമ്പില്‍ തുറന്നുകാട്ടുക. അവര്‍ വ്യഭിചാരംചെയ്തു.
37: അവരുടെ കരങ്ങള്‍ രക്തപങ്കിലമാണു്. അവരുടെ വിഗ്രഹങ്ങളുമായി അവര്‍ പരസംഗം ചെയ്തു; എനിക്കവരില്‍ജനിച്ച പുത്രന്മാരെ, അവയ്ക്കു ഭക്ഷണമായി അഗ്നിയില്‍ ഹോമിച്ചു.
38: അതിനുംപുറമേ ഇതുകൂടി അവരെന്നോടു ചെയ്തു; അന്നുതന്നെ അവരെന്റെ വിശുദ്ധസ്ഥലം മലിനമാക്കുകയും എന്റെ സാബത്തുകളശുദ്ധമാക്കുകയും ചെയ്തു.
39: വിഗ്രഹങ്ങള്‍ക്കു ബലിയര്‍പ്പിക്കാന്‍വേണ്ടി തങ്ങളുടെ കുട്ടികളെ വധിച്ച ദിവസംതന്നെ അവര്‍ എന്റെ വിശുദ്ധസ്ഥലത്തു പ്രവേശിച്ചു്, അതു മലിനപ്പെടുത്തി. ഇതാണു് അവര്‍ എന്റെ ഭവനത്തില്‍ ചെയ്തതു്.
40: കൂടാതെ, വിദൂരത്തുനിന്നു്, അവര്‍ ദൂതനെയയച്ച്, പുരുഷന്മാരെ വരുത്തി. അവര്‍ക്കുവേണ്ടി നീ കുളിച്ചുകണ്ണെഴുതി, ആഭരണങ്ങളണിഞ്ഞു.
41: രാജകീയമായ ഒരു സപ്രമഞ്ചത്തില്‍ നീ ഇരുന്നു; അതിനരുകിലൊരു മേശയൊരുക്കി എന്റെ സുഗന്ധവസ്തുക്കളും തൈലവും വച്ചു.
42: സുഖലോലുപരായ ജനക്കൂട്ടത്തിന്റെ ശബ്ദം അവള്‍ക്കു ചുറ്റുമുണ്ടായിരുന്നു. വിജനപ്രദേശത്തുനിന്നുവരുത്തിയ മദ്യപന്മാരും സാധാരണക്കാരോടൊപ്പമുണ്ടായിരുന്നു. അവര്‍ സ്ത്രീകളെ, കൈയില്‍ വളയണിയിച്ചു്, ശിരസ്സില്‍ മനോഹരമായ കിരീടംധരിപ്പിച്ചു.
43: ഞാന്‍ ചിന്തിച്ചുപോയി. വ്യഭിചാരവൃത്തികൊണ്ടു വൃദ്ധയായ സ്ത്രീ! അവളുമായി അവര്‍ പരസംഗത്തിലേര്‍പ്പെടുമോ?
44: എന്നാലൊരു വേശ്യയെ എന്നപോലെ അവളെയവര്‍ സമീപിച്ചു. ഇങ്ങനെ വ്യഭിചാരിണികളായ ഒഹോലായെയും ഒഹോലിബായെയും അവര്‍ സമീപിച്ചു.
45: വേശ്യകളെയും രക്തംചിന്തിയ സ്ത്രീകളെയും വിധിക്കുന്നുതുപോലെ, നീതിമാന്മാരവരെ വിധിക്കും. കാരണം, അവര്‍ വേശ്യകളാണു്; അവരുടെ കരം, രക്തപങ്കിലവുമാണു്.
46: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: അവര്‍ക്കെതിരായി ഒരു സൈന്യത്തെ അണിനിരത്തുക. സംഭീതരാക്കാനും കൊള്ളയടിക്കാനും അവരെയവര്‍ക്ക് ഏല്പിച്ചുകൊടുക്കുക.
47: സൈന്യം അവരെ കല്ലെറിയുകയും വാളുകൊണ്ടു ചീന്തിക്കളയുകയും ചെയ്യും. അവര്‍, അവരുടെ പുത്രന്മാരെയും പുത്രിമാരെയും കൊല്ലുകയും അവരുടെ ഭവനങ്ങള്‍ കത്തിച്ചുകളയുകയുംചെയ്യും.
48: സ്ത്രീകള്‍ ഇതൊരു മുന്നറിയിപ്പായി കരുതി, നിന്നെപ്പോലെ വിഷയാസക്തിക്കു് അധീനരാകാതിരിക്കാന്‍ ഞാന്‍ ദേശത്തു വിഷയാസക്തിക്കു് അറുതിവരുത്തും.
49: വിഷയാസക്തിക്കു നിങ്ങള്‍ ശിക്ഷയനുഭവിക്കും, വിഗ്രഹങ്ങള്‍കൊണ്ടുള്ള നിങ്ങളുടെ പാപങ്ങള്‍ക്കു നിങ്ങള്‍ ശിക്ഷയനുഭവിക്കും. ഞാനാണു ദൈവമായ കര്‍ത്താവെന്നു് അപ്പോള്‍ നിങ്ങളറിയും.

അദ്ധ്യായം 24

ക്ലാവുപിടിച്ച കലം
1: ഒമ്പതാംവര്‍ഷം പത്താംമാസം പത്താംദിവസം കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ഈ ദിവസത്തിന്റെ, ഇതേ ദിവസത്തിന്റെതന്നെ, പേരെഴുതുക. ബാബിലോണ്‍രാജാവു ജറുസലെമിനെയാ ക്രമിച്ചതു്, ഈ ദിവസമാണു്.
3: നീ ധിക്കാരികളുടെ ഈ ഭവനത്തോട് ഒരു അന്യാപദേശം പറയുക. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഒരു കലമെടുത്തു് അതില്‍ വെള്ളമൊഴിക്കുക.
4: എന്നിട്ടു മാംസക്കഷണങ്ങള്‍, തുടയുടെയും കൈക്കുറകിന്റെയും നല്ല കഷണങ്ങളിടുക. നല്ല എല്ലുകൊണ്ടു് അതു നിറയ്ക്കുക.
5: ആട്ടിന്‍കൂട്ടത്തില്‍ ഏറ്റവും മികച്ചതിനെവേണമെടുക്കാന്‍; അതിനുകീഴില്‍ വിറകടുക്കി നല്ലതുപോലെ വേവിക്കുക. എല്ലിന്‍കഷണങ്ങളും അതില്‍ക്കിടന്നു തിളയ്ക്കട്ടെ.
6: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: രക്തപങ്കിലമായ നഗരമേ, തുരുമ്പുപിടിച്ച പാത്രമേ, തുരുമ്പു വിട്ടുപോകാത്ത പാത്രമേ, നിനക്കു ദുരിതം! പ്രത്യേകംതിരഞ്ഞെടുക്കാതെ, കഷണംകഷണമായി അതില്‍നിന്നു കോരിയെടുക്കുക.
7: അവള്‍ ചൊരിഞ്ഞരക്തം അവളുടെ മദ്ധ്യത്തില്‍തന്നെയുണ്ടു്. അവളതു വെറും പാറമേലാണൊഴുക്കിയതു്. മണ്ണുകൊണ്ടുമൂടത്തക്കവിധം അവളതു നിലത്തൊഴിച്ചില്ല.
8: എന്റെ ക്രോധമുണര്‍ത്തി, പ്രതികാരംചെയ്യാന്‍വേണ്ടി അവള്‍ചൊരിഞ്ഞ രക്തംമറയ്ക്കാതെ, പാറയുടെ മുകളില്‍ ഞാന്‍ നിറുത്തി -
9: ദൈവമായ കര്‍ത്താവരുളിച്ചെയ്യന്നു. രക്തപങ്കിലമായ നഗരത്തിനു ദുരിതം! വിറകുകൂമ്പാരം ഞാന്‍ വലുതാക്കും.
10: വിറകുകൂട്ടി തീ കൊളുത്തുക, മാംസം നന്നായി വേവിക്കുകയും ചാറു വറ്റിക്കുകയും ചെയ്യുക.
11: എല്ലിന്‍കഷണങ്ങള്‍ കരിയട്ടെ. പാത്രം ശൂന്യമാക്കി തീക്കനലിന്മേല്‍ വയ്ക്കുക. അങ്ങനെ അതിന്റെ ചെമ്പു ചുട്ടുപഴുത്തു്, അതിലെ കറ ഉരുകിപ്പോവുകയും ക്ലാവു നശിക്കുകയുംചെയ്യട്ടെ.
12: എന്റെ പ്രയത്നം വിഫലമാണു്. അതിലെ കട്ടിയേറിയ ക്ലാവ്, അഗ്നികൊണ്ടു മാറുന്നതല്ല.
13: നിന്റെ നിന്ദ്യമായ ഭോഗാസക്തിയാണു് അതിലെ കട്ടിയേറിയ ക്ലാവ്. ഞാന്‍ നിന്നെ ശുദ്ധീകരിക്കാന്‍ശ്രമിച്ചിട്ടും നിന്റെ മലിനതകളില്‍നിന്നു നീ ശുദ്ധയായില്ല. എന്റെ ക്രോധം നിന്റെമേല്‍ പ്രയോഗിച്ചുതുടങ്ങുന്നതുവരെ ഇനി നീ ശുദ്ധയാവുകയില്ല.
14: കര്‍ത്താവായ ഞാനിതു പറഞ്ഞിരിക്കുന്നു. ഇതു പൂര്‍ത്തിയാകും. ഞാനതു നിറവേറ്റുകതന്നെചെയ്യും. ഞാന്‍ പിന്മാറുകയോ മാപ്പുനല്കുകയോ മനസ്സുമാറ്റുകയോ ഇല്ല. നിന്റെ മാര്‍ഗ്ഗങ്ങള്‍ക്കും പ്രവൃത്തികള്‍ക്കുമനുസരിച്ചു ഞാന്‍ നിന്നെ വിധിക്കും - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.

ഭാര്യയുടെ മരണം
15: കര്‍ത്താവെന്നോടരുളിച്ചെയ്തു:
16: മനുഷ്യപുത്രാ, നിന്റെ കണ്ണുകളുടെ ആനന്ദഭാജനത്തെ ഞാനൊറ്റയടിക്കു നിന്നില്‍നിന്നു നീക്കിക്കളയാന്‍പോകുന്നു. എങ്കിലും നീ കരയുകയോ പ്രലപിക്കുകയോ അരുതു്. നിന്റെ കണ്ണുകളില്‍നിന്നു കണ്ണീര്‍ ഒഴുകരുതു്.
17: നെടുവീര്‍പ്പിടാം, എന്നാലുച്ചത്തിലാകരുതു്. മരിച്ചവരെയോര്‍ത്തു നീ വിലപിക്കരുതു്. നീ തലപ്പാവു കെട്ടുകയും പാദുകങ്ങളണിയുകയും ചെയ്യുക. നീ അധരം മറയ്ക്കരുതു്; വിലാപഭോജ്യം ഭക്ഷിക്കയുമരുതു്.
18: പ്രഭാതത്തില്‍ ഞാനിങ്ങനെ ജനത്തോടു സംസാരിച്ചു. സായംകാലത്തു് എന്റെ ഭാര്യ അന്തരിച്ചു. എന്നോടു കല്പിച്ചിരുന്നതുപോലെ ഞാന്‍ 
ടുത്തപ്രഭാതത്തില്‍ പ്രവര്‍ത്തിച്ചു.
19: ജനം എന്നോടു ചോദിച്ചു: നീ ഈ ചെയ്യുന്നതിന്റെ അര്‍ത്ഥമെന്തെന്നു ഞങ്ങളോടു പറയുകയില്ലേ?
20: ഞാന്‍ പറഞ്ഞു: കര്‍ത്താവെന്നോടരുളിച്ചെയ്തു:
21: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നുവെന്നു് ഇസ്രായേല്‍ജനത്തോടു പറയുക. നിങ്ങളുടെ ശക്തിയുടെയഭിമാനവും കണ്ണുകള്‍ക്ക് ആനന്ദവിഷയവും, ഹൃദയത്തിന്റെ അഭിലാഷവുമായ എന്റെ വിശുദ്ധസ്ഥലം ഞാനശുദ്ധമാക്കും. നീ വിട്ടുപോന്ന പുത്രന്മാരും പുത്രിമാരും വാളിനിരയാകും.
22: ഞാന്‍ ചെയ്തതുപോലെ നിങ്ങളും അന്നു ചെയ്യും. നിങ്ങള്‍ അധരം മറയ്ക്കുകയോ വിലാപഭോജ്യം ഭക്ഷിക്കുകയോ ഇല്ല.
23: നിങ്ങളുടെ തലയില്‍ തലപ്പാവും കാലുകളില്‍ പാദുകങ്ങളുമുണ്ടാകും. നിങ്ങള്‍ കരയുകയോ പ്രലപിക്കുകയോ ചെയ്യുകയില്ല. എന്നാല്‍, നിങ്ങള്‍ നിങ്ങളുടെ അകൃത്യങ്ങളില്‍തന്നെ ക്ഷയിച്ചുപോകും; ഓരോരുത്തനും അപരനെനോക്കി ഞരങ്ങും.
24: ഇങ്ങനെ എസെക്കിയേല്‍ നിങ്ങള്‍ക്ക് ഒരടയാളമായിരിക്കും. അവന്‍ചെയ്തതുപോലെ നിങ്ങളും ചെയ്യും. ഇവ സംഭവിക്കുമ്പോള്‍ ഞാനാണു ദൈവമായ കര്‍ത്താവെന്നു നിങ്ങളറിയും.
25: മനുഷ്യപുത്രാ, ഞാനവരില്‍നിന്നു് അവരുടെ ദുര്‍ഗ്ഗവും ആനന്ദവും മഹത്വവും കണ്ണുകള്‍ക്ക് ആനന്ദവിഷയവും ഹൃദയങ്ങളുടെയഭിലാഷവുമായതിനെയും അവരുടെ പുത്രീപുത്രന്മാരെയും എടുക്കുന്ന ദിവസം,
26: ഒരഭയാര്‍ത്ഥി വന്നു്, ഈ വാര്‍ത്ത നിന്നെയറിയിക്കും.
27: അവനോടന്നു നീ വായ്‌തുറന്നു സംസാരിക്കും. അപ്പോള്‍മുതല്‍ നീ ഊമനായിരിക്കുകയില്ല; അങ്ങനെ നീയവര്‍ക്ക് അടയാളമായിരിക്കും- ഞാനാണു കര്‍ത്താവെന്നു് അവരറിയും.

ഇരുന്നൂറ്റിനാല്പത്തൊന്നാം ദിവസം: എസക്കിയേല്‍ 20 - 21


അദ്ധ്യായം 20

ഇസ്രായേലിന്റെ അവിശ്വസ്തത

1: ഏഴാംവര്‍ഷം അഞ്ചാംമാസം പത്താംദിവസം ഇസ്രായേലിലെ ശ്രേഷ്ഠന്മാരില്‍ച്ചിലര്‍ കര്‍ത്താവിന്റെ ഹിതമാരായാന്‍ എന്റെ മുമ്പില്‍ വന്നു.
2: കര്‍ത്താവെന്നോടരുളിച്ചെയ്തു:
3: മനുഷ്യപുത്രാ, നീ ഇസ്രായേല്‍ശ്രേഷ്ഠന്മാരോടു പറയുക, ദൈവമായ കര്‍ത്താവവരോടരുളിച്ചെയ്യുന്നു: എന്റെ ഹിതമാരായാനാണോ നിങ്ങള്‍ വന്നിരിക്കുന്നതു്? ഞാനാണേ, എന്നില്‍നിന്നു് നിങ്ങള്‍ക്കുത്തരം ലഭിക്കുകയില്ല- ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
4: നീയവരെ വിധിക്കുകയില്ലേ? മനുഷ്യപുത്രാ, നീയവരെ വിധിക്കുകയില്ലേ? അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകള്‍ നീ അവരെയറിയിക്കുക.
5: നീയവരോടു പറയുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, ഞാൻ ഇസ്രായേലിനെ തിരഞ്ഞെടുത്ത ദിവസം യാക്കോബുഭവനത്തിലെ സന്തതിയോടു ശപഥംചെയ്തു. നിങ്ങളുടെ ദൈവമായ കര്‍ത്താവു ഞാനാണു് എന്നു ശപഥംചെയ്തുകൊണ്ടു്, ഈജിപ്തില്‍വച്ചു ഞാനവര്‍ക്ക് എന്നെ വെളിപ്പെടുത്തി.
6: ഞാനവര്‍ക്കായി കണ്ടുവച്ചതും, തേനും പാലുമൊഴുകുന്നതും എല്ലാ ദേശങ്ങളെയുംകാള്‍ ശ്രേഷ്ഠവുമായ ഈ ദേശത്തേക്കു്, അവരെ ഈജിപ്തില്‍നിന്നു കൊണ്ടുപോകുമെന്നു് അന്നു ഞാന്‍ ശപഥംചെയ്തു.
7: ഞാനവരോടു പറഞ്ഞു: നിങ്ങളുടെ കണ്ണുകളെ പ്രലോഭിപ്പിക്കുന്ന മ്ലേച്ഛവസ്തുക്കള്‍ നിങ്ങളോരോരുത്തരും ദൂരെയെറിഞ്ഞുകളയണം. ഈജിപ്തിലെ വിഗ്രഹങ്ങള്‍വഴി നിങ്ങളിലാരുമശുദ്ധരാകരുതു്. ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
8: എന്നാല്‍, അവരെന്നെ ധിക്കരിച്ചു. അവര്‍ എന്റെ വാക്കുകേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ആരും തങ്ങളുടെ കണ്ണുകളെ പ്രലോഭിപ്പിച്ചിരുന്ന മ്ലേച്ഛവസ്തുക്കള്‍ ദൂരെയെറിഞ്ഞില്ല. ഈജിപ്തിലെ വിഗ്രഹങ്ങളെ അവരുപേക്ഷിച്ചില്ല. ഈജിപ്തില്‍വച്ചുതന്നെ, എന്റെ ക്രോധം അവരുടെമേല്‍ച്ചൊരിയണമെന്നും എന്റെ കോപം അവരില്‍ പ്രയോഗിച്ചുതീര്‍ക്കണമെന്നും ഞാന്‍ ചിന്തിച്ചു.
9: എങ്കിലും, ആരുടെയിടയില്‍ അവര്‍ കഴിഞ്ഞുകൂടിയോ, ആരുടെ മദ്ധ്യത്തില്‍വച്ചു് ഞാനവരെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരുമെന്നു പറഞ്ഞ്, എന്നെത്തന്നെ വെളിപ്പെടുത്തിയോ, ആ ജനതയുടെ മുമ്പില്‍ എന്റെ നാമം അശുദ്ധമാകാതിരിക്കാനായി ഞാന്‍ പ്രവര്‍ത്തിച്ചു.
10: അതുകൊണ്ട്, ഞാനവരെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നു മരുഭൂമിയിലെത്തിച്ചു.
11: എന്റെ കല്പനകള്‍ ഞാനവര്‍ക്കു നല്കുകയും എന്റെ പ്രമാണങ്ങള്‍ അവരെയറിയിക്കുകയും ചെയ്തു. അവയനുഷ്ഠിക്കുന്നവന്‍ ജീവിക്കും.
12: തങ്ങളെ വിശുദ്ധീകരിക്കുന്ന കര്‍ത്താവു ഞാനാണെന്നു് അവരറിയാന്‍വേണ്ടി അവര്‍ക്കും എനിക്കുമിടയില്‍ അടയാളമായി എന്റെ സാബത്തുകളും ഞാനവര്‍ക്കു നല്കി.
13: എങ്കിലും, ഇസ്രായേല്‍ഭവനം, മരുഭൂമിയില്‍വച്ചു് എന്നെ ധിക്കരിച്ചു. അവര്‍ എന്റെ കല്പനകളനുസരിച്ചില്ല. ജീവിക്കേണ്ടതിനു മനുഷ്യര്‍ പാലിക്കേണ്ട എന്റെ പ്രമാണങ്ങള്‍ അവരുപേക്ഷിച്ചു. എന്റെ സാബത്തുകള്‍ അവരശുദ്ധമാക്കി. അവരെ പൂര്‍ണ്ണമായി നശിപ്പിക്കാന്‍വേണ്ടി മരുഭൂമിയില്‍വച്ചുതന്നെ, എന്റെ ക്രോധം അവരുടെമേല്‍ച്ചൊരിയണമെന്നു ഞാന്‍ വീണ്ടും ചിന്തിച്ചു.
14: എന്നാല്‍ ഞാനവരെ പുറത്തുകെണ്ടുവരുന്നതുകണ്ട ജനതകളുടെ ദൃഷ്ടിയില്‍ എന്റെ നാമം അശുദ്ധമാകാതിരിക്കാനായി ഞാന്‍ പ്രവര്‍ത്തിച്ചു.
15: ഞാനവര്‍ക്കു നല്കിയിരുന്നതും തേനും പാലുമൊഴുകുന്നതും എല്ലാദേശങ്ങളെക്കാള്‍ ശ്രേഷ്ഠവുമായ ദേശത്തു്, അവരെ പ്രവേശിപ്പിക്കുകയില്ലെന്ന്, മരുഭൂമിയില്‍വച്ചു ഞാനവരോടു ശപഥംചെയ്തു.
16: എന്തെന്നാല്‍ അവര്‍ എന്റെ പ്രമാണങ്ങള്‍ നിരാകരിച്ചു, അവര്‍ എന്റെ കല്പനകളനുസരിച്ചില്ല. എന്റെ സാബത്തുകള്‍ അവരശുദ്ധമാക്കി. അവരുടെ ഹൃദയം വിഗ്രഹങ്ങളുടെ പിന്നാലെപോയി.
17: എന്നിട്ടും ഞാനവരെ കാരുണ്യപൂര്‍വ്വം വീക്ഷിച്ചു. ഞാനവരെ നശിപ്പിക്കുകയോ മരുഭൂമിയില്‍വച്ചു് അവരെ നിശ്ശേഷം സംഹരിക്കുകയോ ചെയ്തില്ല.
18: മരുഭൂമിയില്‍വച്ചു് അവരുടെ സന്തതികളോടു ഞാന്‍ പറഞ്ഞു: നിങ്ങളുടെ പിതാക്കന്മാരുടെ കല്പനകളനുസരിച്ചു നടക്കുകയോ അവരുടെ പ്രമാണങ്ങള്‍ പാലിക്കുകയോ അരുതു്. അവര്‍ പൂജിച്ച വിഗ്രഹങ്ങള്‍കൊണ്ടു നിങ്ങളെത്തന്നെ അശുദ്ധമാക്കരുതു്.
19: ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്. എന്റെ കല്പനകളനുസരിക്കുകയും എന്റെ പ്രമാണങ്ങള്‍ ശ്രദ്ധയോടെ പാലിക്കുകയും ചെയ്യുക.
20: നിങ്ങളുടെ ദൈവമായ കര്‍ത്താവു ഞാനാണെന്നു നിങ്ങള്‍ ഗ്രഹിക്കാന്‍വേണ്ടി നിങ്ങള്‍ക്കും എനിക്കുമിടയിലൊരടയാളമായി എന്റെ സാബത്തുകള്‍ നിങ്ങള്‍ വിശുദ്ധമായി ആചരിക്കുക.
21: എന്നാല്‍, അവരുടെ മക്കളും എന്നെ ധിക്കരിച്ചു. അവര്‍ എന്റെ കല്പനകളനുസരിച്ചില്ല. ജീവിക്കേണ്ടതിനു മനുഷ്യന്‍ പാലിക്കേണ്ട എന്റെ പ്രമാണങ്ങള്‍ പാലിക്കുന്നതില്‍ അവര്‍ ശ്രദ്ധവച്ചില്ല. അവര്‍ എന്റെ സാബത്തുകളശുദ്ധമാക്കി. മരുഭൂമിയില്‍വച്ചുതന്നെ, എന്റെ ക്രോധം അവരുടെമേല്‍ ചൊരിയണമെന്നും അവരുടെമേല്‍ എന്റെ കോപം പ്രയോഗിച്ചുതീര്‍ക്കണമെന്നും ഞാന്‍ വിചാരിച്ചു.
22: എന്നിട്ടും ഞാന്‍ കരമുയര്‍ത്തിയില്ല. ഞാനവരെ പുറത്തുകൊണ്ടുവരുന്നതു കണ്ട ജനതകളുടെ ദൃഷ്ടിയില്‍ എന്റെ നാമം അശുദ്ധമാകാതിരിക്കാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചു.
23: അവരെ ജനതകളുടെയും രാജ്യങ്ങളുടെയുമിടയില്‍ ചിതറിച്ചുകളയുമെന്നും മരുഭൂമിയില്‍വച്ചു് അവരോടു ഞാന്‍ ശപഥം ചെയ്തു.
24: എന്തെന്നാല്‍, അവര്‍ എന്റെ പ്രമാണങ്ങള്‍ പാലിച്ചില്ല. അവര്‍ എന്റെ കല്പനകള്‍ നിരാകരിക്കുകയും എന്റെ സാബത്തുകളശുദ്ധമാക്കുകയും ചെയ്തു. അവര്‍ തങ്ങളുടെ പിതാക്കന്മാര്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളില്‍ കണ്ണുറപ്പിച്ചിരുന്നു.
25: തന്മൂലം ഞാനവര്‍ക്കു ദോഷകരമായ കല്പനകളും ജീവന്‍ നേടാനുതകാത്ത പ്രമാണങ്ങളും നല്കി.
26: അവരുടെ ആദ്യജാതരെ ദഹനബലിയായി അര്‍പ്പിക്കാനിടയാക്കിയതുവഴി ഞാനവരെയശുദ്ധരാക്കി. അവരെ ഭയപ്പെടുത്തുന്നതിനും അങ്ങനെ ഞാന്‍തന്നെയാണു കര്‍ത്താവെന്നു് അവരറിയുന്നതിനുംവേണ്ടിയായിരുന്നു അതു്.
27: മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനത്തോടു പറയുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, നിങ്ങളുടെ പിതാക്കന്മാര്‍ അവിശ്വസ്തമായി പെരുമാറിക്കൊണ്ടു് എന്നെ വീണ്ടും നിന്ദിക്കുകയായിരുന്നു.
28: ഞാനവര്‍ക്കു കൊടുക്കാമെന്നു ശപഥംചെയ്തിരുന്ന ദേശത്തേക്ക് അവരെ കൊണ്ടുവന്നപ്പോള്‍ ഉയര്‍ന്നമലയും തഴച്ചമരവുംകണ്ടിടത്തെല്ലാം അവര്‍ ബലിയര്‍പ്പിച്ചു. അവരുടെ ബലി എന്നെ പ്രകോപിപ്പിച്ചു. അവിടെയവര്‍ സുഗന്ധധൂപമുയര്‍ത്തുകയും പാനീയബലിയൊഴുക്കുകയുംചെയ്തു.
29: നിങ്ങള്‍ പോകുന്ന ആ പൂജാഗിരി എന്താണെന്നു ഞാന്‍ ചോദിച്ചു. അതുകൊണ്ടു് ഇന്നും ആ സ്ഥലം ബാമാ എന്നു വിളിക്കപ്പെടുന്നു.
30: ഇസ്രായേല്‍ഭവനത്തോടു പറയുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, നിങ്ങളും നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങളെത്തന്നെ അശുദ്ധരാക്കുകയും അവരുടെ മ്ലേച്ഛവസ്തുക്കളുടെ പിന്നാലെ വഴിപിഴച്ചു പോവുകയും ചെയ്യുമോ?
31: നിങ്ങള്‍ കാഴ്ചകളര്‍പ്പിക്കുമ്പോഴും പുത്രന്മാരെ ദഹനബലിയായിക്കൊടുക്കുമ്പോഴും നിങ്ങളുടെ വിഗ്രഹംമൂലം നിങ്ങളെത്തന്നെ ഇന്നുമശുദ്ധരാക്കുന്നു. ഇസ്രായേല്‍ഭവനമേ, നിങ്ങള്‍ക്ക് എന്നില്‍നിന്നുത്തരംലഭിക്കുമോ? ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, നിങ്ങള്‍ക്കുത്തരംലഭിക്കുകയില്ല.
32: ജനതകളെപ്പോലെയും വിദേശീയഗോത്രങ്ങളെപ്പോലെയും നമുക്കു കല്ലിനെയും മരത്തെയുമാരാധിക്കാമെന്ന നിങ്ങളുടെ വിചാരം, ഒരിക്കലും നിറവേറുകയില്ല.
33: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, ശക്തിയേറിയ കരത്തോടും, നീട്ടിയഭുജത്തോടും കോരിച്ചൊരിയുന്ന ക്രോധത്തോടുംകൂടെ ഞാന്‍ നിങ്ങളെ ഭരിക്കും.
34: ശക്തിയേറിയ കരത്തോടും നീട്ടിയഭുജത്തോടും കോരിച്ചൊരിയുന്ന ക്രോധത്തോടുംകൂടെ ജനതകളുടെയിടയില്‍നിന്നു നിങ്ങളെ ഞാന്‍ പുറത്തുകൊണ്ടുവരുകയും, നിങ്ങള്‍ ചിതറിപ്പാര്‍ക്കുന്ന രാജ്യങ്ങളില്‍നിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടുകയുംചെയ്യും.
35: നിങ്ങളെ ഞാന്‍ ജനതകളുടെ മരുഭൂമിയിലേക്കു കൊണ്ടുപോകും. അവിടെവച്ചു മുഖാഭിമുഖം നിങ്ങളെ ഞാന്‍ വിചാരണചെയ്യും.
36: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഈജിപ്തിലെ മരുഭൂമിയില്‍വച്ചു നിങ്ങളുടെ പിതാക്കന്മാരെ ഞാന്‍ വിചാരണചെയ്തതുപോലെ നിങ്ങളെയും വിചാരണചെയ്യും.
37: നിങ്ങളെ ഞാന്‍ വടിക്കീഴില്‍ നടത്തുകയും ഉടമ്പടിയുടെ ബന്ധനത്തിനു വിധേയരാക്കുകയുംചെയ്യും.
38: എന്നെ ധിക്കരിക്കുന്നവരെയും എനിക്കെതിരെയതിക്രമംകാട്ടുന്നവരെയും ഞാന്‍ നിങ്ങളില്‍നിന്നു നീക്കംചെയ്യും. അവര്‍ ചെന്നുപാര്‍ക്കുന്ന രാജ്യങ്ങളില്‍നിന്നു് അവരെ ഞാന്‍ പുറത്തുകൊണ്ടുവരും. എന്നാല്‍, അവര്‍ ഇസ്രായേല്‍ദേശത്തു പ്രവേശിക്കുകയില്ല. ഞാനാണു കര്‍ത്താവെന്നു് അപ്പോള്‍ നിങ്ങളറിയും.
39: ഇസ്രായേല്‍ഭവനമേ, ദൈവമായ കര്‍ത്താവു നിങ്ങളോടരുളിച്ചെയ്യുന്നു: നിങ്ങളെന്റെ വാക്കു കേള്‍ക്കുകയില്ലെങ്കില്‍, പോയി നിങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചുകൊള്ളുക. എന്നാല്‍, ഇനിമേല്‍ നിങ്ങളുടെ കാഴ്ചകളും വിഗ്രഹങ്ങളുംവഴി എന്റെ വിശുദ്ധനാമം അശുദ്ധമാക്കരുതു്.
40: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍ ഭവനം മുഴുവന്‍, ദേശത്തുള്ളവരെല്ലാം, എന്റെ വിശുദ്ധ ഗിരിയില്‍, ഇസ്രായേലിലെ പര്‍വ്വതശൃംഗത്തില്‍, എന്നെ ആരാധിക്കും. അവിടെയവരെ ഞാന്‍ സ്വീകരിക്കും. നിങ്ങളുടെ കാഴ്ചകളും ആദ്യഫലങ്ങളും നേര്‍ച്ചകളും അവിടെ ഞാന്‍ ആവശ്യപ്പെടും.
41: നിങ്ങള്‍ ചിതറിപ്പാര്‍ത്തിരുന്ന ദേശത്തുനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടുകയും ജനതകളുടെയിടയില്‍നിന്നു നിങ്ങളെ പുറത്തുകൊണ്ടുവരുകയുംചെയ്യുമ്പോള്‍ നിങ്ങളെ സുഗന്ധധൂപംപോലെ ഞാന്‍ സ്വീകരിക്കും. ജനതകള്‍കാണ്‍കേ, നിങ്ങളുടെയിടയില്‍ ഞാനെന്റെ വിശുദ്ധിവെളിപ്പെടുത്തും.
42: നിങ്ങളുടെ പിതാക്കന്മാര്‍ക്കു നല്കുമെന്നു ഞാന്‍ ശപഥംചെയ്ത ഇസ്രായേല്‍ദേശത്തേക്കു നിങ്ങളെയാനയിക്കുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു നിങ്ങളറിയും.
43: നിങ്ങളെത്തന്നെ മലിനമാക്കിയ നിങ്ങളുടെ ജീവിതരീതിയും പ്രവൃത്തികളും അപ്പോള്‍ നിങ്ങളനുസ്മരിക്കും. നിങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ള തിന്മകളോര്‍ത്തു നിങ്ങള്‍ക്കു നിങ്ങളോടുതന്നെ വെറുപ്പു തോന്നും.
44: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഭവനമേ, നിങ്ങളുടെ തെറ്റായപ്രവര്‍ത്തനങ്ങള്‍ക്കും ദുഷിച്ചമാര്‍ഗ്ഗങ്ങള്‍ക്കുമനുസൃതമായിട്ടല്ല, എന്റെ നാമത്തെപ്രതി, ഞാന്‍ നിങ്ങളോടു പെരുമാറുമ്പോള്‍ ഞാനാണു കര്‍ത്താവെന്നു നിങ്ങളറിയും.
45: കര്‍ത്താവെന്നോടരുളിച്ചെയ്തു:
46: മനുഷ്യപുത്രാ, ദക്ഷിണദിക്കിലേക്കു മുഖംതിരിച്ചു്, അതിനെതിരേ പ്രഘോഷിക്കുക, നെഗെബിലെ വനങ്ങള്‍ക്കെതിരേ പ്രവചിക്കുക.
47: നെഗെബിലെ വനത്തോടു പറയുക: കര്‍ത്താവിന്റെ വചനം ശ്രവിക്കുക. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ നിന്നില്‍ തീകൊളുത്തും. അതു നിന്നിലുള്ള പച്ചയും ഉണങ്ങിയതുമായ എല്ലാ വൃക്ഷങ്ങളും ദഹിപ്പിക്കും. അഗ്നിജ്വാലകളണയുകയില്ല. തെക്കുമുതല്‍ വടക്കുവരെയുള്ള എല്ലാവരും അതില്‍ക്കരിയും.
48: കര്‍ത്താവായ ഞാനാണു് അതു കൊളുത്തിയതെന്നു് എല്ലാ മര്‍ത്ത്യരുമറിയും. അതു് അണയുകയില്ല.
49: അപ്പോള്‍ ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, അവന്‍ കടംകഥക്കാരനല്ലേയെന്നു് അവരെന്നെക്കുറിച്ചു പറയുന്നു.


അദ്ധ്യായം 21

കര്‍ത്താവിന്റെ വാള്‍

1: കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ജറുസലെമിനുനേരേ മുഖംതിരിച്ച്, വിശുദ്ധസ്ഥലങ്ങള്‍ക്കെതിരായി പ്രഘോഷിക്കുക;
3: ഇസ്രായേല്‍ദേശത്തിനെതിരേ പ്രവചിക്കുക; ഇസ്രായേല്‍ഭവനത്തോടു പറയുക: കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്കെതിരാണു്. ഉറയില്‍നിന്നു വാളൂരി നീതിമാന്മാരെയും ദുഷ്ടന്മാരെയും നിന്നില്‍നിന്നു ഞാന്‍ വെട്ടിമാറ്റും.
4: നീതിമാന്മാരെയും ദുഷ്ടന്മാരെയും നിന്നില്‍നിന്നു വെട്ടിമാറ്റാനായിത്തന്നെയാണു് തെക്കുമുതല്‍ വടക്കുവരെയുള്ള എല്ലാവര്‍ക്കുമെതിരായി ഞാന്‍ ഉറയില്‍നിന്നു വാളൂരുന്നതു്.
5: കര്‍ത്താവായ ഞാന്‍ ഉറയില്‍നിന്നു വാളൂരിയിരിക്കുന്നുവെന്ന്, എല്ലാവരുമറിയും. അതു്, ഇനിയൊരിക്കലും ഉറയിലിടുകയില്ല.
6: മനുഷ്യപുത്രാ, അവരുടെ മുമ്പില്‍ കഠിനദുഃഖത്തോടെ, ഹൃദയംപൊട്ടുമാറു നെടുവീര്‍പ്പിടുക.
7: നീയെന്തിനാണു നെടുവീര്‍പ്പിടുന്നതെന്നു് അവര്‍ ചോദിക്കുമ്പോള്‍ പറയുക: ഒരു വാര്‍ത്തനിമിത്തമാണു്; അതു ശ്രവിക്കുമ്പോൾ, എല്ലാ ഹൃദയങ്ങളുമുരുകും. എല്ലാ കരങ്ങളും ദുര്‍ബ്ബലമാകും. എല്ലാ മനസ്സുകളും തളരും. എല്ലാ കാല്‍മുട്ടുകളും വിറയ്ക്കും. ഇതാ, അതു വരുന്നു. അതു നിറവേറുകയും ചെയ്യും - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
8: എനിക്കു വീണ്ടും കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
9: മനുഷ്യപുത്രാ, പ്രവചിക്കുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, ഇതാ ഒരു വാള്‍, തേച്ചുമിനുക്കി, മൂര്‍ച്ചകൂട്ടിയ വാള്‍.
10: വധത്തിനായി അതിനു മൂര്‍ച്ചകൂട്ടിയിരിക്കുന്നു. ഇടിവാള്‍പോലെ തിളങ്ങാൻ, അതു മിനുക്കിയിരിക്കുന്നു. അപ്പോള്‍ നമുക്കുല്ലസിക്കാമെന്നോ? എന്റെ പുത്രന്റെ ചേങ്കോലിനെ മറ്റു തടിക്കഷണങ്ങളെപ്പോലെ നിങ്ങള്‍ നിന്ദിച്ചു.
11: ആകയാലുടനെ ഉപയോഗിക്കാന്‍ വേണ്ടിത്തന്നെ, അതു മിനുക്കാന്‍ കൊടുത്തിരിക്കുന്നു. സംഹാരകന്റെ കൈയില്‍ക്കൊടുക്കാന്‍വേണ്ടി അതു മൂര്‍ച്ചകൂട്ടി മിനുക്കിയിരിക്കുന്നു.
12: മനുഷ്യപുത്രാ, നീ ഉച്ചത്തില്‍ക്കരയുകയും മുറവിളികൂട്ടുകയുംചെയ്യുക. എന്തെന്നാല്‍, വാള്‍ എന്റെ ജനത്തിനും ഇസ്രായേലിലെ എല്ലാപ്രഭുക്കന്മാര്‍ക്കുമെതിരായി പ്രയോഗിക്കാനുള്ളതാണു്. എന്റെ ജനത്തോടൊപ്പം പ്രഭുക്കന്മാരും വാളിനിരയാക്കപ്പെടും; ആകയാല്‍ നീ മാറത്തടിച്ചു കരയുക.
13: നിങ്ങള്‍ ചെങ്കോലിനെ നിന്ദിച്ചാല്‍ എന്തുണ്ടാകും? ഇതൊരു പരീക്ഷണമല്ല, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
14: മനുഷ്യപുത്രാ, നീ പ്രവചിക്കുക. കൈകൊട്ടുക; സംഹാരഖഡ്ഗം വീണ്ടുംവീണ്ടും അവരുടെമേല്‍പ്പതിക്കട്ടെ. അവര്‍ക്കുചുറ്റും ചുഴറ്റുന്ന കൊലവാളാണിതു്.
15: അവരുടെ ധൈര്യംകെടുത്തുന്നതിനും അനേകര്‍ നിപതിക്കുന്നതിനുംവേണ്ടി ഓരോ കവാടത്തിലും ഞാന്‍ സ്ഥാപിച്ചിരിക്കുന്ന വാളാണതു്. ഇടിവാള്‍പോലെ തിളങ്ങുന്നതിനു മിനുക്കിയതും സംഹാരത്തിനായി മൂര്‍ച്ചകൂട്ടിയതുമാണതു്.
16: ഇടത്തോട്ടോ, വലത്തോട്ടോ, നിന്റെ വായ്ത്തല എങ്ങോട്ടു തിരിയുന്നുവോ അങ്ങോട്ടു വെട്ടുക.
17: ഞാനും കൈകൊട്ടും. എന്റെ ക്രോധത്തിനു തൃപ്തി വരുത്തും. കര്‍ത്താവായ ഞാന്‍ പറഞ്ഞിരിക്കുന്നു.
18: കര്‍ത്താവെന്നോടു വീണ്ടുമരുളിച്ചെയ്തു:
19: മനുഷ്യപുത്രാ, ബാബിലോണ്‍രാജാവിന്റെ വാള്‍ കടന്നുവരുന്നതിനു രണ്ടുവഴികള്‍ നീ അടയാളപ്പെടുത്തുക. ഒരു ദേശത്തുനിന്നുതന്നെ പുറപ്പെടണം. നഗരത്തിലേക്കുള്ള വഴി ആരംഭിക്കുന്നിടത്തൊരു ചൂണ്ടുപലക നാട്ടുക.
20: അങ്ങനെ അമ്മോന്യരുടെ റബ്ബായിലേക്കും യൂദായിലേക്കും കോട്ടകളാല്‍ സുരക്ഷിതമായ ജറുസലെമിലേക്കും ആ വാള്‍ കടന്നുവരുന്നതിനു നീ വഴി അടയാളപ്പെടുത്തുക.
21: എന്തെന്നാല്‍ ബാബിലോണ്‍രാജാവു വഴിത്തിരിവില്‍ ശകുനംനോക്കിനില്‍ക്കുന്നു. അവനസ്ത്രങ്ങളിളക്കുകയും കുലദൈവങ്ങളോട് ഉപദേശമാരായുകയും കരള്‍നോട്ടംനടത്തുകയും ചെയ്യുന്നു.
22: അവന്റെ വലംകൈയില്‍ ജറുസലെമിലേക്കു് എന്ന കുറി ലഭിച്ചു. കൂട്ടക്കൊലയ്ക്ക് ആജ്ഞ നല്കാനും പോര്‍വിളിമുഴക്കാനും പ്രവേശനകവാടങ്ങളില്‍ യന്ത്രമുട്ടിസ്ഥാപിക്കാനും മണ്‍തിട്ടകളുയര്‍ത്താനും പ്രതിരോധഗോപുരങ്ങള്‍ നിര്‍മ്മിക്കാനും നിര്‍ദ്ദേശംനല്കുന്നതായിരുന്നു അതു്.
23: ജറുസലെം നിവാസികള്‍ക്ക് ഇതു നിരര്‍ത്ഥകമായ ഒരു ശകുനമായിത്തോന്നും. അവര്‍ സഖ്യത്തിലായിരുന്നല്ലോ. എന്നാല്‍, അവരെ പിടിച്ചടക്കാനിടവരുത്തിയ അവരുടെയകൃത്യങ്ങള്‍ അവനവരെ ഓര്‍മ്മിപ്പിക്കും.
24: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: പരസ്യമായ അതിക്രമങ്ങള്‍നിമിത്തം നിങ്ങളുടെ അപരാധങ്ങള്‍ എന്നെയനുസ്മരിപ്പിച്ചതുകൊണ്ടും നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും പാപം പ്രത്യക്ഷപ്പെടുന്നതുകൊണ്ടും, നിങ്ങളെന്റെ ഓര്‍മ്മയെ ഉണര്‍ത്തിയതുകൊണ്ടും നിങ്ങള്‍ പിടിക്കപ്പെടും.
25: ദുഷ്ടനും അധര്‍മ്മിയുമായ ഇസ്രായേല്‍രാജാവേ, നിന്റെ ദിനം, നിന്റെ അവസാനശിക്ഷയുടെ ദിനംവരുന്നു. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു:
26: നിന്റെ തലപ്പാവും കിരീടവുമെടുത്തുമാറ്റുക. ഇനി പഴയപടി തുടരുകയില്ല. താഴ്ന്നവനുയര്‍ത്തപ്പെടും. ഉയര്‍ന്നവന്‍ താഴ്ത്തപ്പെടും.
27: നാശക്കൂമ്പാരം! ഞാനതിനെ നാശക്കൂമ്പാരമാക്കും. യഥാര്‍ത്ഥഅവകാശി വരുന്നതുവരെ, അതിന്റെ പൊടിപോലുമവശേഷിക്കുകയില്ല. അവനു ഞാനതു നല്കും.
28: മനുഷ്യപുത്രാ, പ്രവചിക്കുക: അമ്മോന്യരെപ്പറ്റിയും അവരുടെ ധിക്കാരത്തെപ്പറ്റിയും ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു. സംഹാരത്തിനായി ഒരു വാള്‍ ഊരിയിരിക്കുന്നു. മിന്നൽപോലെ വെട്ടിത്തിളങ്ങാന്‍ അതു തേച്ചുമിനുക്കിയിരിക്കുന്നു.
29: നിങ്ങള്‍ക്കുവേണ്ടി വ്യാജദര്‍ശനങ്ങള്‍കാണുകയും കള്ളപ്രവചനംനടത്തുകയും ചെയ്യുന്ന ദുഷ്ടരായ അധര്‍മ്മികളുടെ കഴുത്തില്‍ ആ വാള്‍ വീശും. അവരുടെ ദിനം വന്നുകഴിഞ്ഞു. അവരുടെ അവസാനശിക്ഷയുടെ സമയം! അതുറയിലിടുക.
30: നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്ത്, നിന്റെ ജന്മദേശത്തുവച്ചു്, നിന്നെ ഞാന്‍ വിധിക്കും.
31: എന്റെ രോഷം ഞാന്‍ നിന്റെമേല്‍ ചൊരിയും. എന്റെ ക്രോധാഗ്നിജ്ജ്വാലകള്‍ നിന്റെമേല്‍ വീശും. നിഷ്ഠുരന്മാരായ സംഹാരവിദഗ്ദ്ധരുടെ കരങ്ങളില്‍ ഞാന്‍ നിന്നെയേല്പിച്ചുകൊടുക്കും.
32: നീ അഗ്നിക്കിരയാകും. നിന്റെ രക്തം ദേശത്തുകൂടെയൊഴുകും. നിന്റെ സ്മരണപോലുമവശേഷിക്കുകയില്ല. കര്‍ത്താവായ ഞാനാണിതു പറയുന്നതു്.

ഇരുന്നൂറ്റിനാല്പതാം ദിവസം: എസക്കിയേല്‍ 17 - 19

അദ്ധ്യായം 17

മുന്തിരിച്ചെടിയും കഴുകന്മാരും

1: കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനത്തോട് ഒരു കടംകഥ പറയുക; ഒരന്യാപദേശം വിവരിക്കുക.
3: നീ പറയുക: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: വലിയ ചിറകുകളും നീണ്ടതും നിറപ്പകിട്ടുള്ളതുമായ ധാരാളം തൂവലുകളുമുള്ളള്ളൊരു വലിയ കഴുകന്‍, ലബനോനില്‍ വന്ന്, ഒരു ദേവദാരുവിന്റെ അഗ്രഭാഗം കൊത്തിയെടുത്തു.
4: അവനതിന്റെ ഇളംചില്ലകളുടെ അഗ്രം അടര്‍ത്തിക്കളഞ്ഞിട്ട്, വാണിജ്യത്തിന്റെ നാട്ടില്‍ വ്യാപാരികളുടെ നഗരത്തില്‍ അതു നട്ടു.
5: അവന്‍ ആ ദേശത്തെ ഒരു വിത്തെടുത്തു ഫലഭൂയിഷ്ഠമായ മണ്ണില്‍, നിറഞ്ഞ ജലാശയത്തിനരികില്‍ അരളിയുടെ കമ്പു നടുന്നതുപോലെ നട്ടു.
6: അതു മുളച്ചു്, താഴ്ന്നുപടരുന്ന ഒരു മുന്തിരിച്ചെടിയായിത്തീര്‍ന്നു. അതിന്റെ ശാഖകളവന്റെനേര്‍ക്കു തിരിഞ്ഞിരുന്നു. വേരുകളടിയിലേക്കിറങ്ങി. അതു മുന്തിരിച്ചെടിയായിവളര്‍ന്ന്, ശാഖകള്‍വീശി ഇലകള്‍നിറഞ്ഞു.
7: വലിയ ചിറകുകളും ധാരാളം തൂവലുകളുമുള്ള മറ്റൊരു കഴുകനുമുണ്ടായിരുന്നു. തന്നെ അവന്‍ നനയ്ക്കുമെന്നു കരുതി, മുന്തിരിച്ചെടി അവന്റെനേരേ ശാഖകള്‍ നീട്ടുകയും വേരുകൾ അവന്റെ നേരേ തിരിച്ചുവിടുകയും ചെയ്തു.
8: ശാഖകള്‍വീശി ഫലമണിഞ്ഞ് ഒരു നല്ല മുന്തിരിച്ചെടിയായിത്തീരാന്‍വേണ്ടി അവനതിനെ നിറഞ്ഞ ജലാശയത്തിനരികില്‍ ഫലഭൂയിഷ്ഠമായ മണ്ണില്‍ പറിച്ചുനട്ടു.
9: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നുവെന്നു പറയുക: അതു തഴച്ചുവളരുമോ? അവനതിന്റെ വേരുകള്‍ പറിച്ചെടുക്കുകയും ശാഖകള്‍ വെട്ടിമാറ്റുകയും ചെയ്യുകയില്ലേ? അതിന്റെ തളിര്‍പ്പുകള്‍ കരിഞ്ഞുപോവുകയില്ലേ? അതു പിഴുതെടുക്കാന്‍ വലിയ ശക്തിയോ ഏറെ ആളുകളോ ആവശ്യമില്ല.
10: പറിച്ചുനട്ടാല്‍ അതു തഴച്ചുവളരുമോ? കിഴക്കന്‍കാറ്റടിക്കുമ്പോൾ അതു നിശ്ശേഷം നശിച്ചുപോവുകയില്ലേ? വളരുന്ന തടത്തില്‍ത്തന്നെ നിന്നു്, അതു കരിഞ്ഞുപോവുകയില്ലേ?
11: കര്‍ത്താവെന്നോടരുളിച്ചെയ്തു:
12: ധിക്കാരികളുടെ ഭവനത്തോടു പറയുക: ഇതിന്റെ അര്‍ത്ഥമെന്തെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? അവരോടു പറയുക, ബാബിലോണ്‍രാജാവ് ജറുസലെമില്‍ വന്നു്, അവളുടെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി.
13: അവന്‍ രാജകുമാരന്മാരില്‍ ഒരുവനെ തിരഞ്ഞെടുത്തു്, അവനുമായി ഒരുടമ്പടിയുണ്ടാക്കുകയും അവനെക്കൊണ്ടു സത്യംചെയ്യിക്കുകയും ചെയ്തു.
14: സ്വയം ഉയരാനാവാത്തവിധം, രാജ്യം ദുര്‍ബ്ബലമാകാനും അവന്റെ ഉടമ്പടി പാലിച്ചുകൊണ്ടുമാത്രം നിലനില്ക്കാനുമായി അവനവിടത്തെ പ്രബലന്മാരെ പിടിച്ചുകൊണ്ടുപോയിരുന്നു.
15: എന്നാലവന്‍ കുതിരകളെയും വലിയൊരു സൈന്യത്തെയും ആവശ്യപ്പെട്ടുകൊണ്ട് ഈജിപ്തിലേക്കു് സ്ഥാനപതികളെ അയച്ചു്, അവനെ ധിക്കരിച്ചു. അവന്‍ വിജയിക്കുമോ? ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഒരുവനു രക്ഷപ്പെടാനാകുമോ? അവന് ഉടമ്പടിലംഘിച്ചിട്ടു രക്ഷപ്പെടാന്‍കഴിയുമോ?
16: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, ആരവനെ രാജാവാക്കിയോ, ആരോടുള്ള പ്രതിജ്ഞ അവനവഹേളിച്ചുവോ, ആരുടെ ഉടമ്പടി അവന്‍ ലംഘിച്ചുവോ ആ രാജാവു വസിക്കുന്ന ബാബിലോണില്‍വച്ചുതന്നെ അവന്‍ മരിക്കും.
17: വളരെപ്പേരെ നശിപ്പിക്കാന്‍ കോട്ടകെട്ടി ഉപരോധമേര്‍പ്പെടുത്തുമ്പോള്‍ ഫറവോയുടെ ശക്തമായ സൈന്യവും സന്നാഹങ്ങളും അവനെ യുദ്ധത്തില്‍ സഹായിക്കുകയില്ല.
18: എന്തെന്നാല്‍ രാജകുമാരന്‍ പ്രതിജ്ഞ അവഗണിച്ചു് ഉടമ്പടി ലംഘിച്ചു. കൈകൊടുത്തു സത്യംചെയ്തിരുന്നിട്ടും ഇങ്ങനെ പ്രവര്‍ത്തിച്ചതുമൂലം അവന്‍ രക്ഷപെടുകയില്ല.
19: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, അവനെന്റെ പ്രതിജ്ഞ ധിക്കരിക്കുകയും എന്റെ ഉടമ്പടി ലംഘിക്കുകയുംചെയ്തതിനുള്ള പ്രതികാരം അവന്റെ തലയില്‍ത്തന്നെ ഞാന്‍ വരുത്തും.
20: അവന്റെമേല്‍ ഞാന്‍ വലവീശും. അവനെന്റെ കെണിയില്‍ വീഴും. അവനെ ഞാന്‍ ബാബിലോണിലേക്കു കൊണ്ടുപോകും. അവനെനിക്കെതിരേചെയ്ത അതിക്രമത്തിനു ഞാനവിടെവച്ചു് അവനെ വിധിക്കും.
21: അവന്റെ സൈന്യത്തിലെ വീരന്മാര്‍ വാളിനിരയാകും. ശേഷിക്കുന്നവര്‍ നാനാദിക്കിലേക്കും ചിതറിക്കപ്പെടും. കര്‍ത്താവായ ഞാനാണു സംസാരിച്ചതെന്നു നിങ്ങളപ്പോളറിയും.
22: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഉയരമുള്ള ദേവദാരുവിന്റെ മുകളില്‍നിന്നൊരു കൊമ്പെടുത്തു ഞാന്‍ നടും. അതിന്റെ ഇളംചില്ലകളില്‍ ഏറ്റവും മുകളിലുള്ളതെടുത്തു് ഉന്നതമായ പര്‍വ്വതശൃംഗത്തില്‍ നട്ടുപിടിപ്പിക്കും.
23: ഇസ്രായേലിലെ പര്‍വ്വതശൃംഗത്തില്‍ത്തന്നെ ഞാനതു നടും. അതു ശാഖകള്‍വീശി ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ഒരു വലിയ ദേവദാരുവായിത്തീരുകയും ചെയ്യും. എല്ലാത്തരം മൃഗങ്ങളും അതിന്റെ കീഴില്‍ വസിക്കും. അതിന്റെ കൊമ്പുകളുടെ തണലില്‍ പറവകള്‍ കൂടുകെട്ടും.
24: കര്‍ത്താവായ ഞാന്‍ താഴ്ന്നമരത്തെ ഉയര്‍ത്തുകയും ഉയര്‍ന്നതിനെ താഴ്ത്തുകയും, പച്ചമരത്തെ ഉണക്കുകയും ഉണക്കമരത്തെ തളിര്‍പ്പിക്കുകയുംചെയ്യുന്നുവെന്ന്, വയലിലെ വൃക്ഷങ്ങളെല്ലാം അപ്പോളറിയും- കര്‍ത്താവായ ഞാനാണിതു പറയുന്നതു്. ഞാനതു നിറവേറ്റുകയുംചെയ്യും.

അദ്ധ്യായം 18

വ്യക്തിപരമായ ഉത്തരവാദിത്വം

1: കര്‍ത്താവെന്നോടരുളിച്ചെയ്തു:
2: പിതാക്കന്മാര്‍ പുളിക്കുന്ന മുന്തിരിങ്ങ തിന്നു, മക്കളുടെ പല്ലു പുളിച്ചുവെന്നു് ഇസ്രായേല്‍ദേശത്തെക്കുറിച്ചുള്ള ഈ പഴമൊഴി നിങ്ങളിപ്പോഴും ആവര്‍ത്തിക്കുന്നതെന്തിന്?
3: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനാണേ, ഈ പഴമൊഴി ഇനിയൊരിക്കലും ഇസ്രായേലില്‍ നിങ്ങള്‍ ആവര്‍ത്തിക്കുകയില്ല.
4: എല്ലാവരുടെയും ജീവൻ എന്റേതാണു്. പിതാവിന്റെ ജീവനെന്നപോലെ പുത്രന്റെ ജീവനും എനിക്കുള്ളതാണു്. പാപംചെയ്യുന്നവന്റെ ജീവന്‍ നശിക്കും.
5: ഒരുവന്‍ നീതിമാനും നീതിയും ന്യായവുമനുസരിച്ചു പ്രവര്‍ത്തിക്കുന്നവനുമാണെന്നിരിക്കട്ടെ.
6: അവന്‍ പൂജാഗിരികളില്‍വച്ചു ഭക്ഷിക്കുകയോ ഇസ്രായേലിലെ വിഗ്രഹങ്ങളുടെനേര്‍ക്കു കണ്ണുകളുയര്‍ത്തുകയോ ചെയ്യുന്നില്ല. അവൻ അയല്‍വാസിയുടെ ഭാര്യയെ മലിനപ്പെടുത്തുകയോ ആര്‍ത്തവകാലത്തു സ്ത്രീയെ സമീപിക്കുകയോചെയ്യുന്നില്ല.
7: അവന്‍ ആരെയും പീഡിപ്പിക്കുന്നില്ല; കടക്കാരനു പണയവസ്തു തിരികെനല്കുന്നു; കൊള്ളയടിക്കുന്നില്ല. അവന്‍ വിശക്കുന്നവന് ആഹാരംനല്‍കുകയും നഗ്നനെ വസ്ത്രംധരിപ്പിക്കുകയും ചെയ്യുന്നു.
8: അവന്‍ പലിശവാങ്ങുകയോ ലാഭമെടുക്കുകയോ ചെയ്യുന്നില്ല. അകൃത്യങ്ങള്‍ ചെയ്യുന്നില്ല. മനുഷ്യര്‍തമ്മിലുള്ള തര്‍ക്കത്തില്‍ സത്യമനുസരിച്ചു തീര്‍പ്പുകല്പിക്കുന്നു.
9: അവൻ എന്റെ കല്പനകളനുസരിക്കുകയും പ്രമാണങ്ങള്‍ വിശ്വസ്തതയോടെ പാലിക്കുകയുംചെയ്യുന്നു. അവനാണു നീതിമാന്‍. അവന്‍ തീര്‍ച്ചയായും ജീവിക്കും - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
10: എന്നാല്‍ അവന് കൊള്ളക്കാരനും കൊലപാതകിയുമായ ഒരു പുത്രനുണ്ടായെന്നിരിക്കട്ടെ.
11: അവന്‍ തന്റെ പിതാവുചെയ്തിട്ടില്ലാത്ത തിന്മകള്‍ ചെയ്തു. പൂജാഗിരികളില്‍വച്ചു ഭക്ഷിക്കുകയും അയല്‍വാസിയുടെ ഭാര്യയെ മലിനപ്പെടുത്തുകയുംചെയ്യുന്നുവെന്നിരിക്കട്ടെ.
12: അവന്‍ ദരിദ്രരെയും അഗതികളെയും പീഡിപ്പിക്കുകയും കൊള്ളചെയ്യുകയും, പണയവസ്തു തിരിച്ചുകൊടുക്കാതിരിക്കുകയും വിഗ്രഹങ്ങളുടെനേരേ കണ്ണുയര്‍ത്തുകയും മ്ലേച്ഛതകള്‍ പ്രവര്‍ത്തിക്കുകയുംചെയ്‌തേക്കാം.
13: അവന്‍ പലിശവാങ്ങുകയും ലാഭമെടുക്കുകയുംചെയ്യുന്നവനായിരിക്കാം. അങ്ങനെയെങ്കില്‍ അവന്‍ ജീവിക്കുമോ? ഇല്ല. ഈ മ്ലേച്ഛതകളൊക്കെ പ്രവര്‍ത്തിച്ചതുകൊണ്ട് അവന്‍ തീര്‍ച്ചയായും മരിക്കും. അവന്റെ രക്തം അവന്റെമേല്‍ത്തന്നെ പതിക്കും.
14: എന്നാല്‍, ഈ മനുഷ്യന് ഒരു പുത്രന്‍ ജനിക്കുകയും അവന്‍ തന്റെ പിതാവിന്റെ പാപംകണ്ടു ഭയപ്പെട്ടു്, അതുപോലെ പ്രവര്‍ത്തിക്കാതിരിക്കുകയുംചെയ്യുന്നുവെന്നിരിക്കട്ടെ.
15: അവന്‍ പൂജാഗിരികളില്‍വച്ചു് ഭക്ഷിക്കാതിരിക്കുകയും ഇസ്രായേലിലെ വിഗ്രഹങ്ങളുടെനേര്‍ക്കു കണ്ണുകളുയര്‍ത്താതിരിക്കുകയും, അയല്‍വാസിയുടെ ഭാര്യയെ മലിനപ്പെടുത്താതിരിക്കുകയും ചെയ്യുന്നു.
16: അവന്‍ ആര്‍ക്കും ദ്രോഹം ചെയ്യുന്നില്ല. പണയം തിരിച്ചുകൊടുക്കുന്നു. കൊള്ളചെയ്യുന്നില്ല. അവന്‍ വിശക്കുന്നവനു തന്റെ ആഹാരം കൊടുക്കുകയും നഗ്നനെ വസ്ത്രംധരിപ്പിക്കുകയും ചെയ്യുന്നു.
17: അവൻ അകൃത്യം പ്രവര്‍ത്തിക്കുന്നില്ല. അവന്‍ പലിശവാങ്ങുകയോ ലാഭമെടുക്കുകയോ ചെയ്യുന്നില്ല. എന്റെ കല്പനകള്‍പാലിക്കുകയും പ്രമാണങ്ങളനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കില്‍, അവന്‍ തന്റെ പിതാവിന്റെ അകൃത്യങ്ങള്‍മൂലം മരിക്കുകയില്ല. അവന്‍ തീര്‍ച്ചയായും ജീവിക്കും.
18: അവന്റെ പിതാവാകട്ടെ, കവര്‍ച്ചനടത്തുകയും സഹോദരനെ കൊള്ളയടിക്കുകയും സ്വജനങ്ങളുടെയിടയില്‍ തിന്മ പ്രവര്‍ത്തിക്കുകയുംചെയ്തതുകൊണ്ട്, തന്റെ അകൃത്യങ്ങള്‍നിമിത്തം മരിക്കും.
19: പിതാവിന്റെ ദുഷ്ടതകള്‍ക്കുള്ള ശിക്ഷ പുത്രനനുഭവിക്കാത്തതെന്തെന്നു നിങ്ങള്‍ ചോദിച്ചേക്കാം. പുത്രന്‍ നിയമാനുസൃതവും ന്യായപ്രകാരവും വര്‍ത്തിക്കുകയും എന്റെ കല്പനകളനുസരിക്കുന്നതില്‍ ശ്രദ്ധവയ്ക്കുകയുംചെയ്താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും.
20: പാപംചെയ്യുന്നവന്‍ മാത്രമായിരിക്കും മരിക്കുക. പുത്രന്‍ പിതാവിന്റെ തിന്മകള്‍ക്കുവേണ്ടിയോ പിതാവു പുത്രന്റെ തിന്മകള്‍ക്കുവേണ്ടിയോ ശിക്ഷിക്കപ്പെടുകയില്ല. നീതിമാന്‍ തന്റെ നീതിയുടെ ഫലവും ദുഷ്ടൻ തന്റെ ദുഷ്ടതയുടെ ഫലവുമനുഭവിക്കും.
21: എന്നാല്‍ ദുഷ്ടന്‍ താന്‍ചെയ്ത പാപങ്ങളില്‍നിന്നെല്ലാം പിന്തിരിയുകയും എന്റെ കല്പനകളനുസരിക്കുകയും നീതിയും ന്യായവും പ്രവര്‍ത്തിക്കുകയുംചെയ്താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; മരിക്കുകയില്ല.
22: അവന്‍ ചെയ്തിട്ടുള്ള അതിക്രമങ്ങള്‍ അവനെതിരായി പരിഗണിക്കപ്പെടുകയില്ല. അവന്‍ പ്രവര്‍ത്തിച്ചിട്ടുള്ള നീതിയെപ്രതി അവന്‍ ജീവിക്കും.
23: ദൈവമായ കര്‍ത്താവു ചോദിക്കുന്നു: ദുഷ്ടന്റെ മരണത്തില്‍ എനിക്കു സന്തോഷമുണ്ടോ? അവന്‍ ദുര്‍മാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിയുകയും ജീവിക്കുകയും ചെയ്യണമെന്നല്ലേ എന്റെ ആഗ്രഹം?
24: നീതിമാന്‍ നീതിയുടെ പാതയില്‍നിന്നു വ്യതിചലിച്ചു തിന്മപ്രവര്‍ത്തിക്കുകയും, ദുഷ്ടന്‍ പ്രവര്‍ത്തിക്കുന്ന മ്ലേച്ഛതകള്‍തന്നെ ആവര്‍ത്തിക്കുകയുംചെയ്താല്‍ അവന്‍ ജീവിക്കുമോ? അവന്‍ചെയ്തിട്ടുള്ള നീതിപൂര്‍വ്വകമായ പ്രവൃത്തികളൊന്നും പരിഗണിക്കപ്പെടുകയില്ല. അവന്റെ അവിശ്വസ്തതയും പാപവുംമൂലം അവന്‍ മരിക്കും.
25: എന്നിട്ടും കര്‍ത്താവിന്റെ വഴി നീതിപൂര്‍വ്വകമല്ലെന്നു നിങ്ങള്‍ പറയുന്നു. ഇസ്രായേല്‍ഭവനമേ, കേള്‍ക്കുക. എന്റെ വഴി നീതിപൂര്‍വ്വകമല്ലേ? നിങ്ങളുടെ വഴികളല്ലേ നീതിക്കു നിരക്കാത്തതു്?
26: നീതിമാന്‍ തന്റെ നീതിമാര്‍ഗ്ഗംവെടിഞ്ഞു തിന്മ പ്രവര്‍ത്തിച്ചാല്‍ ആ തിന്മകള്‍നിമിത്തം അവന്‍ മരിക്കും; അവന്‍ ചെയ്ത അകൃത്യങ്ങള്‍നിമിത്തം അവന്‍ മരിക്കും.
27: ദുഷ്ടന്‍ താന്‍ പ്രവര്‍ത്തിച്ചിരുന്ന തിന്മയില്‍നിന്നു പിന്തിരിഞ്ഞു നീതിയും ന്യായവും പാലിച്ചാല്‍ അവന്‍ തന്റെ ജീവന്‍ രക്ഷിക്കും.
28: താന്‍ പ്രവര്‍ത്തിച്ചിരുന്ന തിന്മകള്‍ മനസ്സിലാക്കി, അവയില്‍നിന്നു പിന്മാറിയതിനാല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; അവന്‍ മരിക്കുകയില്ല.
29: എന്നിട്ടും കര്‍ത്താവിന്റെ വഴികള്‍ നീതിപൂര്‍വ്വകമല്ല എന്നു് ഇസ്രായേല്‍ഭവനം പറയുന്നു. ഇസ്രായേല്‍ഭവനമേ, എന്റെ വഴികള്‍ നീതിപൂര്‍വ്വകമല്ലേ? നിങ്ങളുടെ മാര്‍ഗ്ഗങ്ങളല്ലേ നീതിരഹിതം?
30: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഭവനമേ, ഓരോരുത്തരെയും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതമായി ഞാന്‍ വിധിക്കും. തിന്മ നിങ്ങളെ നശിപ്പിക്കാതിരിക്കാന്‍, പശ്ചാത്തപിച്ചു് എല്ലാ അതിക്രമങ്ങളിലുംനിന്നു പിന്തിരിയുവിന്‍.
31: എനിക്കെതിരായി നിങ്ങള്‍ചെയ്ത അതിക്രമങ്ങളുപേക്ഷിക്കുവിന്‍. ഒരു പുതിയ ഹൃദയവും പുതിയ ചൈതന്യവും നേടുവിന്‍. ഇസ്രായേല്‍ഭവനമേ, നിങ്ങളെന്തിനു മരിക്കണം?
32: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ആരുടെയും മരണത്തില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. നിങ്ങള്‍ പശ്ചാത്തപിക്കുകയും ജീവിക്കുകയും ചെയ്യുവിന്‍.

അദ്ധ്യായം 19

വിലാപഗാനം

1: ഇസ്രായേലിലെ പ്രഭുക്കന്മാരെക്കുറിച്ചു് നീയൊരു വിലാപഗാനമാലപിക്കുക
2: നിന്റെ അമ്മ, സിംഹങ്ങളുടെയിടയിലൊരു സിംഹിയായിരുന്നു. യുവസിംഹങ്ങളുടെയിടയില്‍ അവള്‍ തന്റെ കുട്ടികളെ വളര്‍ത്തി.
3: അവയിലൊന്ന്, ഒരു യുവസിംഹമായി വളര്‍ന്ന്, ഇരപിടിക്കാന്‍ ശീലിച്ചു. അവന്‍ മനുഷ്യരെ വിഴുങ്ങി.
4: ജനതകൾ, അവനെപ്പറ്റിക്കേട്ടു. അവനവരുടെ കുഴിയില്‍ വീണു, കൊളുത്തിട്ടു വലിച്ചു്, അവനെയവര്‍ ഈജിപ്തിലേക്കു കൊണ്ടുപോയി.
5: കാത്തിരുന്നു പ്രതീക്ഷയറ്റപ്പോള്‍ അവള്‍ മറ്റൊരു കുട്ടിയെ യുവസിംഹമായി വളര്‍ത്തിയെടുത്തു.
6: അവന്‍ സിംഹങ്ങളുടെയിടയില്‍ സഞ്ചരിച്ചു്, ഒരു യുവസിംഹമായി വളര്‍ന്നു. അവൻ, ഇരതേടാന്‍ ശീലിച്ചു; മനുഷ്യരെ വിഴുങ്ങി.
7: അവനവരുടെ കോട്ടകള്‍ നശിപ്പിക്കുകയും നഗരങ്ങള്‍ ശൂന്യമാക്കുകയും ചെയ്തു. അവന്റെ ഗര്‍ജ്ജനംകേട്ടു ദേശവും ദേശവാസികളും ചകിതരായി.
8: ജനതകൾ, എല്ലാ ദിക്കുകളിലുംനിന്നു് അവനെതിരേ പുറപ്പെട്ടു. അവരവന്റെമേല്‍ വലവീശി. അവനവരുടെ കുഴിയില്‍വീണു.
9: കൊളുത്തുകളിട്ടു കൂട്ടിലടച്ചു്, അവരവനെ ബാബിലോണ്‍രാജാവിന്റെയടുത്തു കൊണ്ടുചെന്നു. ഇസ്രായേല്‍മലകളില്‍ അവന്റെ സ്വരം മേലില്‍ കേള്‍ക്കാതിരിക്കാന്‍വേണ്ടി, അവനെയവര്‍ തുറുങ്കിലടച്ചു.
10: നിന്റെ അമ്മ, ജലാശയത്തിനടുത്തു നട്ടിരിക്കുന്ന മുന്തിരിച്ചെടിപോലെയാണു്. ധാരാളമായി വെള്ളം കിട്ടിയതുമൂലം അതു വളര്‍ന്നു ശാഖകള്‍വീശി. നിറയെ ഫലം പുറപ്പെടുവിച്ചു.
11: ഭരണാധിപന്മാരുടെ ചെങ്കോലിനുതകുംവിധം ബലമേറിയ കൊമ്പുകളതിന്മേലുണ്ടായി. തഴച്ചുവളര്‍ന്ന കൊമ്പുകള്‍ക്കിടയിലൂടെ അതു തലയുയര്‍ത്തിനിന്നു. ധാരാളം ശാഖകളോടെ അതുയര്‍ന്നു കാണപ്പെട്ടു.
12: എന്നാല്‍, അതു ക്രോധത്തോടെ പിഴുതെറിയപ്പെട്ടു. കിഴക്കന്‍കാറ്റ് അതിനെയുണക്കി. അതിന്റെ പഴങ്ങള്‍ പൊഴിഞ്ഞുപോയി. അതിന്റെ ബലമേറിയ കൊമ്പുകളുണങ്ങിപ്പോയി. അഗ്നി അവയെ ദഹിപ്പിച്ചുകളഞ്ഞു.
13: അതിനെ ഇപ്പോള്‍ മരുഭൂമിയില്‍, ഉണങ്ങിവരണ്ട മണ്ണില്‍, നട്ടിരിക്കുന്നു.
14: അതിന്റെ ഒരു ശാഖയില്‍നിന്നു തീ പുറപ്പെട്ടു്, ഫലങ്ങള്‍ ദഹിപ്പിച്ചുകളഞ്ഞു. ഭരണാധിപനു ചെങ്കോലായിത്തീരത്തക്കവിധം ബലമേറിയ കൊമ്പൊന്നും അതിലവശേഷിച്ചിട്ടില്ല. ഇതൊരു വിലാപഗീതമാണു്; വിലാപഗീതമായിരിക്കുകയുംചെയ്യും.