മുന്നൂറ്റിയഞ്ചാം ദിവസം: യോഹന്നാന്‍ 6 - 7


അദ്ധ്യായം 6

അപ്പം വര്‍ദ്ധിപ്പിക്കുന്നു
1: യേശു തിബേരിയാസ് എന്നു വിളിക്കപ്പെടുന്ന ഗലീലിക്കടലിന്റെ മറുകരയിലേക്കു പോയി.
2: വലിയജനക്കൂട്ടം അവനെയനുഗമിച്ചു. കാരണം, രോഗികളില്‍ അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ അവര്‍ കണ്ടിരുന്നു.
3: യേശു മലയിലേക്കു കയറി, ശിഷ്യന്മാരോടുകൂടെ അവിടെയിരുന്നു.
4: യഹൂദരുടെ പെസഹാത്തിരുനാള്‍ അടുത്തിരുന്നു.
5: യേശു കണ്ണുകളുയര്‍ത്തി, ഒരു വലിയജനക്കൂട്ടം തന്റെയടുത്തേക്കു വരുന്നതു കണ്ട്, പീലിപ്പോസിനോടു ചോദിച്ചു: ഇവര്‍ക്കു ഭക്ഷിക്കാൻ നാമെവിടെനിന്ന് അപ്പംവാങ്ങും?
6: അവനെ പരീക്ഷിക്കാനാണ് യേശു ഇങ്ങനെ ചോദിച്ചത്. എന്തുചെയ്യാൻപോകുന്നുവെന്ന്, യേശു അറിഞ്ഞിരുന്നു.
7: പീലിപ്പോസ് മറുപടി പറഞ്ഞു: ഓരോരുത്തര്‍ക്കും അല്പംവീതം ലഭിക്കാൻ, ഇരുനൂറു ദനാറയ്ക്കുള്ള അപ്പംപോലും തികയുകയില്ല.
8: ശിഷ്യന്മാരിലൊരുവനും ശിമയോന്‍പത്രോസിന്റെ സഹോദരനുമായ അന്ത്രയോസ് അവനോടു പറഞ്ഞു:
9: അഞ്ചു ബാര്‍ലിയപ്പവും രണ്ടു മീനും കൈവശമുള്ള ഒരു കുട്ടിയിവിടെയുണ്ട്. എന്നാല്‍, ഇത്രയുംപേര്‍ക്ക് അതെന്തുണ്ട്?
10: യേശു പറഞ്ഞു: ആളുകളെ ഭക്ഷണത്തിനിരുത്തുവിന്‍. ആ സ്ഥലത്തു ധാരാളം പുല്ലുണ്ടായിരുന്നു. അയ്യായിരത്തോളംപുരുഷന്മാര്‍ അവിടെ പന്തിയിലിരുന്നു.
11: അനന്തരം യേശു അപ്പമെടുത്തു കൃതജ്ഞതാസ്‌തോത്രംചെയ്ത് അവര്‍ക്കു പങ്കിട്ടുകൊടുത്തു. അതുപോലെതന്നെ മീനും വേണ്ടുവോളം നല്കി.
12: അവര്‍ ഭക്ഷിച്ചു തൃപ്തരായപ്പോള്‍ അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങളെല്ലാം ശേഖരിക്കുവിന്‍.
13: അഞ്ചു ബാര്‍ലിയപ്പത്തില്‍നിന്നു ഭക്ഷിച്ചശേഷം മിച്ചംവന്ന കഷണങ്ങള്‍ പന്ത്രണ്ടുകുട്ടനിറയെ അവര്‍ ശേഖരിച്ചു. അവന്‍ പ്രവര്‍ത്തിച്ച അടയാളംകണ്ട ആളുകൾ പറഞ്ഞു:
14: ലോകത്തിലേക്കു വരാനിരുന്ന പ്രവാചകന്‍ സത്യമായും ഇവനാണ്.
15: അവര്‍വന്ന്, തന്നെ രാജാവാക്കാന്‍വേണ്ടി, ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ഭാവിക്കുന്നെന്നു മനസ്സിലാക്കിയ യേശു, തനിയെ വീണ്ടും മലമുകളിലേക്കു മാറി.

വെള്ളത്തിനുമീതേ നടക്കുന്നു
16: വൈകുന്നേരമായപ്പോള്‍ അവന്റെ ശിഷ്യന്മാര്‍ കടല്‍ത്തീരത്തേക്കു പോയി.
17: അവര്‍ ഒരു വള്ളത്തില്‍ക്കയറി കടലിനക്കരെ കഫര്‍ണാമിലേക്കു പുറപ്പെട്ടു. അപ്പോള്‍ നേരം ഇരുട്ടിത്തുടങ്ങി; യേശു അവരുടെ അടുക്കലെത്തിയിരുന്നുമില്ല.
18: ശക്തിയേറിയ കാറ്റടിച്ചിരുന്നതുകൊണ്ടു കടല്‍ ക്ഷോഭിച്ചു.
19: ഇരുപത്തഞ്ചോ മുപ്പതോ സ്താദിയോണ്‍ദൂരം തണ്ടുവലിച്ചുകഴിഞ്ഞപ്പോള്‍ യേശു കടലിനുമീതേ നടന്നു വളളത്തെ സമീപിക്കുന്നതു കണ്ട്, അവര്‍ ഭയപ്പെട്ടു.
20: അവനവരോടു പറഞ്ഞു: ഞാനാകുന്നു, ഭയപ്പെടേണ്ടാ.
21: അവനെ വള്ളത്തില്‍ക്കയറ്റാന്‍ അവരാഗ്രഹിച്ചു. പെട്ടെന്നു വള്ളം അവര്‍ ലക്ഷ്യംവച്ചിരുന്ന കരയ്ക്കടുത്തു.
22: അവിടെ ഒരു വള്ളംമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ശിഷ്യന്മാരോടുകൂടെ യേശു അതില്‍ കയറിയിരുന്നില്ലെന്നും ശിഷ്യന്മാര്‍ തനിയേയാണു പോയതെന്നും കടലിന്റെ മറുകരെനിന്ന ആളുകള്‍ പിറ്റേദിവസം മനസ്സിലാക്കി.
23: കര്‍ത്താവു കൃതജ്ഞതാസ്‌തോത്രംചെയ്തു നല്കിയ അപ്പം ജനങ്ങള്‍ ഭക്ഷിച്ച ആ സ്ഥലത്തിനടുത്തേക്ക്, തിബേരിയാസില്‍നിന്നു മറ്റുവള്ളങ്ങള്‍ വന്നു.
24: യേശുവോ ശിഷ്യന്മാരോ അവിടെയില്ലെന്നു കണ്ടപ്പോള്‍ ജനക്കൂട്ടം വള്ളങ്ങളില്‍ക്കയറി യേശുവിനെത്തിരക്കി കഫര്‍ണാമിലെത്തി.

ജീവന്റെ അപ്പം
25: യേശുവിനെ കടലിന്റെ മറുകരയില്‍ കണ്ടെത്തിയപ്പോള്‍ അവര്‍ ചോദിച്ചു: റബ്ബീ, അങ്ങെപ്പോള്‍ ഇവിടെയെത്തി?
26: യേശു പ്രതിവചിച്ചു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പംഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങളെന്നെ അന്വേഷിക്കുന്നത്.
27: നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ, മനുഷ്യപുത്രന്‍തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്റെമേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു.
28: അപ്പോള്‍ അവരവനോടു ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവര്‍ത്തികൾ അനുഷ്ഠിക്കുന്നവരാകാന്‍ ഞങ്ങളെന്തു ചെയ്യണം?
29: യേശു മറുപടി പറഞ്ഞു: ഇതാണു ദൈവത്തിന്റെ പ്രവൃത്തി - അവിടുന്നയച്ചവനില്‍ വിശ്വസിക്കുക.
30: അപ്പോള്‍ അവര്‍ ചോദിച്ചു: ഞങ്ങള്‍കണ്ട്, നിന്നെ വിശ്വസിക്കേണ്ടതിന്, എന്തടയാളമാണു നീ ചെയ്യുക? എന്താണു നീ പ്രവര്‍ത്തിക്കുക?
31: അവിടുന്നവര്‍ക്കു ഭക്ഷിക്കുവാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് അപ്പംകൊടുത്തു എന്നെഴുതപ്പെട്ടിരിക്കുന്നതുപോലെ, ഞങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു.
32: യേശു മറുപടി പറഞ്ഞു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മോശയല്ല നിങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍നിന്ന് അപ്പം തന്നത്; എന്റെ പിതാവാണു സ്വര്‍ഗ്ഗത്തില്‍നിന്നു നിങ്ങള്‍ക്കു യഥാര്‍ത്ഥമായ അപ്പംതരുന്നത്.
33: എന്തെന്നാല്‍, ദൈവത്തിന്റെ അപ്പമാണ്, സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്നു ലോകത്തിനു ജീവന്‍ നല്കുന്നത്..
34: അപ്പോള്‍ അവരവനോടപേക്ഷിച്ചു: കര്‍ത്താവേ, ഈ അപ്പം ഞങ്ങള്‍ക്കെപ്പോഴും നല്കണമേ.
35: യേശു അവരോടു പറഞ്ഞു: ഞാനാണു ജീവന്റെ അപ്പം. എന്റെയടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവനു ദാഹിക്കുകയുമില്ല.
36: എന്നാല്‍, നിങ്ങളെന്നെക്കണ്ടിട്ടും വിശ്വസിക്കുന്നില്ലെന്നു ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ.
37: പിതാവ് എനിക്കു നല്കുന്നവരെല്ലാം എന്റെയടുത്തു വരും. എന്റെയടുക്കല്‍വരുന്നവനെ ഞാനൊരിക്കലും തള്ളിക്കളയുകയുമില്ല.
38: ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെയിഷ്ടമല്ലാ, എന്നെയയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ്.
39: അവിടുന്നെനിക്കു നല്കിയവരില്‍ ഒരുവനെപ്പോലും നഷ്ടപ്പെടുത്താതെ, അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നതാണ് എന്നെ അയച്ചവന്റെ ഇഷ്ടം.
40: പുത്രനെക്കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവനുണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെയിഷ്ടം. അന്ത്യദിനത്തില്‍ അവനെ ഞാനുയിര്‍പ്പിക്കും.
41: സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന അപ്പം ഞാനാണെന്നു പറഞ്ഞതിനാല്‍ യഹൂദര്‍ അവനെതിരേ പിറുപിറുത്തു.
42: അവര്‍ പറഞ്ഞു: ഇവന്‍ ജോസഫിന്റെ മകനായ യേശുവല്ലേ? ഇവന്റെ പിതാവിനെയും മാതാവിനെയും നമുക്കറിഞ്ഞുകൂടെ? പിന്നെയെങ്ങനെയാണ്, ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്നിരിക്കുന്നെന്ന് ഇവന്‍ പറയുന്നത്?
43: യേശു അവരോടു പറഞ്ഞു: നിങ്ങള്‍ പരസ്പരം പിറുപിറുക്കേണ്ടാ.
44: എന്നെയയച്ച പിതാവ് ആകര്‍ഷിച്ചവനല്ലാതെ ഒരുവനും എന്റെയടുക്കലേക്കുവരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാനുയിര്‍പ്പിക്കും.
45: അവരെല്ലാവരും ദൈവം പഠിപ്പിച്ചവരാകുമെന്ന് പ്രവാചകഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. പിതാവില്‍നിന്നു ശ്രവിക്കുകയും പഠിക്കുകയുംചെയ്തവരെല്ലാം എന്റെയടുക്കല്‍ വരുന്നു.
46: ആരെങ്കിലും പിതാവിനെക്കണ്ടിട്ടുണ്ടെന്നല്ല ഇതിനര്‍ത്ഥം. ദൈവത്തില്‍നിന്നുള്ളവന്‍മാത്രമേ പിതാവിനെക്കണ്ടിട്ടുള്ളു.
47: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്.
48: ഞാനാകുന്നൂ, ജീവന്റെയപ്പം.
49: നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു; എങ്കിലും അവര്‍ മരിച്ചു.
50: ഇതാകട്ടെ, മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല.
51: സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാകുന്നു. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവനെന്നേയ്ക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ്.
52: അപ്പോൾ, ഇതേപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. ഭക്ഷിക്കാൻ, നമുക്കു തന്റെ ശരീരംനല്കാൻ, ഇവനെങ്ങനെകഴിയുമെന്ന് അവര്‍ ചോദിച്ചു.
53: യേശു പറഞ്ഞു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയുംചെയ്യുന്നില്ലെങ്കില്‍, നിങ്ങളിൽ ജീവനുണ്ടായിരിക്കുകയില്ല.
54: എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയുംചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാനവനെ ഉയിര്‍പ്പിക്കും.
55: എന്തെന്നാല്‍, എന്റെ ശരീരം യഥാര്‍ത്ഥഭക്ഷണമാകുന്നു. എന്റെ രക്തം യഥാര്‍ത്ഥപാനീയവും.
56: എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാനവനിലും വസിക്കുന്നു.
57: ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍മൂലം ജീവിക്കും.
58: ഇതു സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാകുന്നു. പിതാക്കന്മാര്‍ മന്നാ ഭക്ഷിക്കുകയും മരിക്കുകയുംചെയ്തപോലെയല്ല; ഈ അപ്പം ഭക്ഷിക്കുന്നവന്‍, എന്നേയ്ക്കും ജീവിക്കും.
59: കഫര്‍ണാമിലെ സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവനിതു പറഞ്ഞത്.

നിത്യജീവന്റെ വചസ്സുകള്‍
60: ഇതുകേട്ട്, അവന്റെ ശിഷ്യരില്‍ പലരും പറഞ്ഞു: ഈ വചനം കഠിനമാണ്. ഇതു ശ്രവിക്കാന്‍ ആര്‍ക്കുകഴിയും?
61: തന്റെ ശിഷ്യന്മാര്‍ പിറുപിറുക്കുന്നെന്നു മനസ്സിലാക്കി യേശു അവരോടു ചോദിച്ചു: ഇതു നിങ്ങള്‍ക്കിടര്‍ച്ചവരുത്തുന്നുവോ?
62: അങ്ങനെയെങ്കില്‍ മനുഷ്യപുത്രന്‍ ആദ്യമായിരുന്നിടത്തേക്ക് ആരോഹണംചെയ്യുന്നതു നിങ്ങള്‍ കണ്ടാലോ?
63: ആത്മാവാണു ജീവന്‍ നല്കുന്നത്; ശരീരമൊന്നിനുപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്.
64: എന്നാല്‍, വിശ്വസിക്കാത്തവരായി നിങ്ങളില്‍ച്ചിലരുണ്ട്. അവരാരെന്നും തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നവനാരെന്നും ആദ്യംമുതൽ അവനറിഞ്ഞിരുന്നു.
65: അവന്‍ പറഞ്ഞു: ഇതുകൊണ്ടാണ്, പിതാവില്‍നിന്നു നല്കപ്പെടുന്നവനല്ലാതെ, എന്റെയടുക്കലേക്കുവരാന്‍ ആര്‍ക്കും സാധിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറഞ്ഞത്.
66: ഇതിനുശേഷം അവന്റെ ശിഷ്യന്മാരില്‍ ഏറെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്റെകൂടെ നടന്നില്ല.
67: അപ്പോൾ യേശു പന്ത്രണ്ടുപേരോടുമായി ചോദിച്ചു: നിങ്ങളും വിട്ടുപോകാനാഗ്രഹിക്കുന്നില്ലേ?
68: ശിമയോന്‍ പത്രോസ് മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെയടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്.
69: നീയാണു ദൈവത്തിന്റെ പരിശുദ്ധനെന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയുംചെയ്തിരിക്കുന്നു.
70: യേശു അവരോടു പറഞ്ഞു: നിങ്ങള്‍ പന്ത്രണ്ടുപേരെ ഞാന്‍ തിരഞ്ഞെടുത്തില്ലേ? എന്നാല്‍ നിങ്ങളിലൊരുവന്‍ പിശാചാകുന്നു.
71: അവനിതു പറഞ്ഞതു ശിമയോന്‍ സ്കറിയോത്തായുടെ മകനായ യൂദാസിനെക്കുറിച്ചാണ്. എന്തെന്നാല്‍, പന്ത്രണ്ടുപേരിലൊരുവനായ അവനാണ് യേശുവിനെ ഒറ്റിക്കൊടുക്കാനിരുന്നത്.

അദ്ധ്യായം 7 

കൂടാരത്തിരുനാള്‍
1: ഇതിനുശേഷം, യേശു ഗലീലിയില്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. യഹൂദര്‍ അവനെ വധിക്കാന്‍ അവസരംപാര്‍ത്തിരുന്നതിനാല്‍, യൂദയായില്‍ സഞ്ചരിക്കാന്‍ അവനിഷ്ടപ്പെട്ടില്ല.
2: യഹൂദരുടെ കൂടാരത്തിരുനാള്‍ സമീപിച്ചിരുന്നു.
3: അതുകൊണ്ട്, അവന്റെ സഹോദരന്മാര്‍ അവനോടു പറഞ്ഞു: നീ ചെയ്യുന്ന പ്രവൃത്തികള്‍ നിന്റെ ശിഷ്യന്മാര്‍ കാണേണ്ടതിന്, നീ ഇവിടംവിട്ടു യൂദയായിലേക്കു പോവുക.
4: പരസ്യമായി അറിയപ്പെടാനാഗ്രഹിക്കുന്നവന്‍ രഹസ്യമായി പ്രവര്‍ത്തിക്കുകയില്ല. നീ ഇതെല്ലാം ചെയ്യുന്നെങ്കില്‍, നിന്നെത്തന്നെ ലോകത്തിനു വെളിപ്പെടുത്തുക.
5: അവന്റെ സഹോദരന്മാര്‍പോലും അവനില്‍ വിശ്വസിച്ചിരുന്നില്ല.
6: അപ്പോൾ, യേശു പറഞ്ഞു: എന്റെ സമയം ഇതുവരെയുമായിട്ടില്ല. നിങ്ങള്‍ക്കാകട്ടെ എപ്പോഴും അനുകൂലമായ സമയമാണല്ലോ.
7: ലോകത്തിനു നിങ്ങളെ വെറുക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, അതിന്റെ പ്രവൃത്തികള്‍ തിന്മയാണെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നതിനാല്‍ അതെന്നെ വെറുക്കുന്നു.
8: നിങ്ങള്‍ തിരുനാളിനു പൊയ്‌ക്കൊള്ളുവിന്‍. ഞാന്‍ ഈ തിരുനാളിനു പോകുന്നില്ല. എന്തെന്നാല്‍, എന്റെ സമയം ഇനിയും പൂര്‍ത്തിയായിട്ടില്ല.
9: ഇപ്രകാരം പറഞ്ഞ്, അവന്‍ ഗലീലിയില്‍ത്തന്നെതാമസിച്ചു.
10: എന്നാല്‍, അവന്റെ സഹോദരന്മാര്‍ തിരുനാളിനുപോയശേഷം, അവനും പോയി; പരസ്യമായല്ലാ, രഹസ്യമായി.
11: അവനെവിടെയെന്നു ചോദിച്ചുകൊണ്ട് തിരുനാളില്‍ യഹൂദര്‍ അവനെയന്വേഷിച്ചുകൊണ്ടിരുന്നു.
12: ആളുകള്‍ക്കിടയിൽ അവനെപ്പറ്റി പലരഹസ്യംപറച്ചിലുമുണ്ടായി. അവന്‍ ഒരു നല്ല മനുഷ്യനാണ് എന്നു ചിലര്‍ പറഞ്ഞു. അല്ലാ, അവന്‍ ജനങ്ങളെ വഴിപിഴപ്പിക്കുന്നു എന്നു മറ്റുചിലരും.
13: എങ്കിലും യഹൂദരോടുള്ള ഭയംനിമിത്തം, ആരുമവനെപ്പറ്റി പരസ്യമായൊന്നും സംസാരിച്ചില്ല.

യേശുവിന്റെ വിജ്ഞാനം
14: തിരുനാള്‍ പകുതിയായപ്പോള്‍ യേശു ദേവാലയത്തില്‍ച്ചെന്നു പഠിപ്പിച്ചുതുടങ്ങി.
15: ഒന്നും പഠിച്ചിട്ടില്ലാതിരിക്കെ, ഇവന്, ഇത്രയും അറിവെവിടെനിന്നുകിട്ടിയെന്നു പറഞ്ഞു യഹൂദര്‍ വിസ്മയിച്ചു.
16: യേശു പറഞ്ഞു: എന്റെ പ്രബോധനം എന്റെ സ്വന്തമല്ല, എന്നെ അയച്ചവന്റേതത്രേ.
17: അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ മനസ്സുള്ളവന്‍, ഈ പ്രബോധനം ദൈവത്തില്‍നിന്നുള്ളതോ അതോ ഞാന്‍ സ്വയംനല്കുന്നതോ എന്നു മനസ്സിലാക്കും.
18: സ്വമേധയാ സംസാരിക്കുന്നവന്‍ സ്വന്തം മഹത്വമന്വേഷിക്കുന്നു; എന്നാല്‍, തന്നെ അയച്ചവന്റെ മഹത്വമന്വേഷിക്കുന്നവന്‍ സത്യവാനാണ്. അവനില്‍ അധർമ്മമില്ലാ.
19: മോശ നിങ്ങള്‍ക്കു നിയമംനല്കിയില്ലേ? എന്നിട്ടും നിങ്ങളാരും നിയമംപാലിക്കുന്നില്ല. എന്തുകൊണ്ടാണു നിങ്ങളെന്നെ കൊല്ലാനന്വേഷിക്കുന്നത്?
20: ജനങ്ങള്‍ പറഞ്ഞു: നിനക്കു പിശാചുണ്ട്. ആരാണു നിന്നെ കൊല്ലാനന്വേഷിക്കുന്നത്?
21: യേശു പ്രതിവചിച്ചു: ഞാനൊരു പ്രവൃത്തി ചെയ്തു. അതില്‍ നിങ്ങളെല്ലാവരും ആശ്ചര്യപ്പെടുന്നു.
22: മോശ നിങ്ങള്‍ക്കു പരിച്ഛേദനനിയമം നല്കിയിരിക്കുന്നു. വാസ്തവത്തില്‍ അതു മോശയില്‍നിന്നല്ല, പിതാക്കന്മാരില്‍നിന്നാണ്. അതനുസരിച്ചു സാബത്തില്‍ നിങ്ങള്‍ ഒരുവനു പരിച്ഛേദനം നടത്തുന്നു.
23: മോശയുടെ നിയമം ലംഘിക്കാതിരിക്കുന്നതിന്, ഒരുവന്‍ സാബത്തുദിവസം പരിച്ഛേദനംസ്വീകരിക്കുന്നുവെങ്കില്‍, സാബത്തുദിവസം ഒരു മനുഷ്യനെ ഞാന്‍ പൂര്‍ണ്ണമായി സുഖമാക്കിയതിനു നിങ്ങളെന്നോടു കോപിക്കുന്നുവോ?
24: പുറമേ കാണുന്നതനുസരിച്ചു വിധിക്കാതെ, നീതിയായി വിധിക്കുവിന്‍.

ഇവനാണോ ക്രിസ്തു?
25: ജറുസലെംനിവാസികളില്‍ ചിലര്‍ പറഞ്ഞു: ഇവനെയല്ലേ അവര്‍ കൊല്ലാനന്വേഷിക്കുന്നത്?
26: എന്നാല്‍ ഇതാ, ഇവന്‍ പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവരിവനോട് ഒന്നുംപറയുന്നില്ല. ഇവന്‍തന്നെയാണു ക്രിസ്തുവെന്ന് ഒരുപക്ഷേ അധികാരികള്‍ യഥാര്‍ത്ഥത്തില്‍ അറിഞ്ഞിരിക്കുമോ?
27: ഇവന്‍ എവിടെനിന്നുവരുന്നെന്നു നമുക്കറിയാം. എന്നാല്‍, ക്രിസ്തു വരുമ്പോള്‍ എവിടെനിന്നാണു വരുന്നതെന്ന് ആരുമറിയുകയില്ല.
28: അതുകൊണ്ട്, ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു ഉച്ചത്തില്‍ പറഞ്ഞു: ഞാനാരാണെന്നും എവിടെനിന്നു വരുന്നുവെന്നും നിങ്ങള്‍ക്കറിയാം, അല്ലേ? എന്നാല്‍ ഞാന്‍ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെ നിങ്ങള്‍ക്കറിഞ്ഞുകൂടാ.
29: എനിക്കവിടുത്തെയറിയാം. എന്തെന്നാല്‍, ഞാനവിടുത്തെ അടുക്കല്‍നിന്നാണ്. അവിടുന്നാണെന്നെ അയച്ചത്.
30: അവനെ ബന്ധിക്കാന്‍ അവര്‍ ശ്രമിച്ചു; എന്നാല്‍ ആര്‍ക്കുമവനെ പിടിക്കാന്‍കഴിഞ്ഞില്ല. അവന്റെ മണിക്കൂർ ഇനിയുംവന്നിരുന്നില്ല.
31: ജനക്കൂട്ടത്തില്‍നിന്നാകട്ടെ, ഏറെ
പ്പേര്‍ അവനില്‍ വിശ്വസിച്ചു. അവര്‍ ചോദിച്ചു: ക്രിസ്തുവരുമ്പോള്‍ ഇവന്‍ പ്രവര്‍ത്തിച്ചതിലേറെ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുമോ?

വേര്‍പാടിനെക്കുറിച്ച്
32: അവനെക്കുറിച്ചുള്ള 
ജനക്കൂട്ടത്തിന്റെ പിറുപിറുക്കൽ ഫരിസേയര്‍ കേട്ടു. പ്രധാനപുരോഹിതന്മാരും ഫരിസേയരും അവനെപ്പിടികൂടാൻ സേവകരെ അയച്ചു.
33: അപ്പോൾ യേശു പറഞ്ഞു: അല്പസമയംകൂടെ ഞാന്‍ നിങ്ങളോടുകൂടെയുണ്ട്. അതിനുശേഷം ഞാന്‍ എന്നെ അയച്ചവന്റെയടുത്തേക്കു പോകും.
34: നിങ്ങളെന്നെയന്വേഷിക്കും; കണ്ടെത്തുകയില്ല. ഞാനായിരിക്കുന്നിടത്തു വരാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല.
35: യഹൂദര്‍ പരസ്പരം പറഞ്ഞു: നമുക്കു കണ്ടെത്താന്‍കഴിയാത്തവിധം എവിടേക്കാണവന്‍ പോകുന്നത്? ഗ്രീക്കുകാരുടെയിടയില്‍ ചിതറിപ്പാര്‍ക്കുന്നവരുടെയടുക്കല്‍പ്പോയി, ഗ്രീക്കുകാരെ പഠിപ്പിക്കാനായിരിക്കുമോ?
36: നിങ്ങളെന്നെയന്വേഷിക്കും, കണ്ടെത്തുകയില്ലെന്നും ഞാനായിരിക്കുന്നിടത്തു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ലെന്നും അവന്‍ പറഞ്ഞ ഈ വചനമെന്താണ്?

ജീവജലത്തിന്റെ അരുവികള്‍
37: തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റുനിന്നു ശബ്ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍, അവന്‍ എന്റെയടുക്കല്‍വരട്ടെ.
38: എന്നില്‍ വിശ്വസിക്കുന്നവൻ പാനംചെയ്യുകയുംചെയ്യട്ടെ. ലിഖിതം പ്രസ്താവിക്കുന്നതുപോലെ, അവ
ന്റെ ഹൃദയത്തില്‍നിന്ന്, ജീവജലത്തിന്റെ അരുവികളൊഴുകും.
39: അവനിതു പറഞ്ഞത്, തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്. അതുവരെയും ആത്മാവു നല്കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാല്‍, യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല.

അധികാരികളുടെ അവിശ്വാസം
40: ഈ വാക്കുകള്‍ കേട്ടപ്പോള്‍, ജനങ്ങൾക്കിടയിൽ 
ചിലര്‍ പറഞ്ഞു: ഇവന്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകനാണ്.
41: മറ്റുചിലര്‍ പറഞ്ഞു: ഇവന്‍ ക്രിസ്തുവാണ്. എന്നാല്‍, വേറെചിലര്‍ ചോദിച്ചു: ക്രിസ്തു ഗലീലിയില്‍നിന്നാണോ വരുക?
42: ക്രിസ്തു ദാവീദിന്റെ സന്താനപരമ്പരയില്‍നിന്നാണെന്നും ദാവീദിന്റെ ഗ്രാമമായ ബേത്‌ലെഹെമില്‍നിന്ന് അവന്‍ വരുമെന്നുമല്ലേ വിശുദ്ധലിഖിതം പറയുന്നത്?
43: അങ്ങനെ അവനെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായി.
44: ചിലര്‍ അവനെ ബന്ധിക്കാനാഗ്രഹിച്ചു. എന്നാല്‍, ആരുമവന്റെമേല്‍ കൈവച്ചില്ല.
45: സേവകന്മാര്‍ തിരിച്ചുചെന്നപ്പോള്‍ പുരോഹിതപ്രമുഖന്മാരും ഫരിസേയരും അവരോടു ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങള്‍ അവനെ കൊണ്ടുവരാഞ്ഞത്?
46: അവര്‍ മറുപടി പറഞ്ഞു: ഇങ്ങനെ ആരുമിതുവരെ സംസാരിച്ചിട്ടില്ല.
47: അപ്പോള്‍ ഫരിസേയരവരോടു ചോദിച്ചു: നിങ്ങളും വഞ്ചിതരായോ?
48: അധികാരികളിലോ ഫരിസേയരിലോ ആരെങ്കിലുമവനില്‍ വിശ്വസിച്ചിട്ടുണ്ടോ?
49: നിയമമറിഞ്ഞുകൂടാത്ത ഈ ജനക്കൂട്ടം ശപിക്കപ്പെട്ടതാണ്.
50: മുമ്പൊരിക്കല്‍ യേശുവിന്റെ അടുക്കല്‍പ്പോയവനും അവരിലൊരുവനുമായ നിക്കൊദേമോസ് അപ്പോളവരോടു ചോദിച്ചു:
51: ഒരുവനു പറയാനുള്ളത് ആദ്യംകേള്‍ക്കാതെയും അവനെന്താണു ചെയ്യുന്നതെന്നറിയാതെയും അവനെ വിധിക്കാന്‍ നമ്മുടെ നിയമമനുവദിക്കുന്നുണ്ടോ?
52: അവരവനോടു പ്രതികരിച്ചു: നീയും ഗലീലിയില്‍നിന്നാണോ? പരിശോധിച്ചുനോക്കൂ, ഒരു പ്രവാചകനും ഗലീലിയില്‍നിന്നു വരുന്നില്ലെന്ന് അപ്പോള്‍ മനസ്സിലാകും.
53: ഓരോരുത്തരും താന്താങ്ങളുടെ വീടുകളിലേക്കു പോയി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ