മുന്നൂറ്റിമൂന്നാം ദിവസം: യോഹന്നാന്‍ 1 - 3


അദ്ധ്യായം 1


വചനം മനുഷ്യനായി
1: ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.
2: അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു.
3: സമസ്തവും അവനിലൂടെ സംഭവിച്ചു. ഒന്നും അവനെക്കൂടാതെ സംഭവിച്ചിട്ടില്ല.
4: അവനില്‍ സംഭവിച്ചതു ജീവനായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു.
5: ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെക്കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല.
6: ദൈവമയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേരു യോഹന്നാന്‍.
7: അവന്‍ സാക്ഷ്യത്തിനായി വന്നു - പ്രകാശത്തിനു സാക്ഷ്യംനല്കാന്‍; അവന്‍വഴി എല്ലാവരും വിശ്വസിക്കാന്‍.
8: അവന്‍ പ്രകാശമായിരുന്നില്ല; പ്രകാശത്തിനു സാക്ഷ്യംനല്കാന്‍ വന്നവനാണ്.
9: എല്ലാമനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥവെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു.
10: അവന്‍ ലോകത്തിലായിരുന്നു. ലോകം അവനിലൂടെയുണ്ടായി. എങ്കിലും, ലോകം അവനെയറിഞ്ഞില്ല.
11: അവന്‍ സ്വജനത്തിന്റെയടുത്തേക്കു വന്നു; എന്നാല്‍, അവരവനെ സ്വീകരിച്ചില്ല.
12: തന്നെ സ്വീകരിച്ചവര്‍ക്കെല്ലാമാകട്ടെ, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവുനല്കി.
13: അവര്‍ ജനിച്ചതു രക്തത്തില്‍നിന്നോ ശാരീരികാഭിലാഷത്തില്‍നിന്നോ പുരുഷന്റെ ഇച്ഛയില്‍നിന്നോ അല്ല, പ്രത്യുത, ദൈവത്തില്‍നിന്നത്രേ.
14: വചനം മാംസമായി നമ്മുടെയിടയില്‍ കൂടാരമടിച്ചു. അവന്റെ മഹത്വം ഞങ്ങൾ ര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിൽനിന്നുള്ള ഏകജാതന്റേതുമായ മഹത്വം.
15: യോഹന്നാന്‍ അവനെക്കുറിച്ചു സാക്ഷ്യംനല്കിക്കൊണ്ടു വിളിച്ചുപറഞ്ഞു: ഇവനെപ്പറ്റിയാണു ഞാന്‍ പറഞ്ഞത്, എന്റെ പിന്നാലെവരുന്നവന്‍ എന്നെക്കാള്‍ മുമ്പനാണ്; കാരണം, എനിക്കുമുമ്പുതന്നെ അവനുണ്ടായിരുന്നു.
16: എന്തെന്നാൽ, അവന്റെ പൂര്‍ണ്ണതയില്‍നിന്നു നാമെല്ലാം കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു.
17: കാരണം, നിയമം മോശവഴി നല്കപ്പെട്ടു; കൃപയും സത്യവുമാകട്ടെ, യേശുക്രിസ്തുവഴി വന്നു.
18: ദൈവത്തെ ആരുമൊരിക്കലും കണ്ടിട്ടില്ല. പിതാവുമായി ആത്മബന്ധംപുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്.

സ്നാപകയോഹന്നാന്റെ സാക്ഷ്യം
19: നീയാരാണെന്നു ചോദിക്കാന്‍ യഹൂദര്‍ ജറുസലെമില്‍നിന്നു പുരോഹിതന്മാരെയും ലേവ്യരെയുമയച്ചപ്പോള്‍ യോഹന്നാന്റെ സാക്ഷ്യം ഇതായിരുന്നു:
20: അവന്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു: ഞാന്‍ ക്രിസ്തുവല്ല.
21: അവരവനോടു ചോദിച്ചു: എങ്കില്‍പ്പിന്നെ നീയാരാണ്? ഏലിയായോ? അല്ലാ എന്ന്, അവന്‍ പ്രതിവചിച്ചു. നീ പ്രവാചകനാണോ? അല്ലാ എന്ന്, അവന്‍ മറുപടിനല്കി.
22: അപ്പോളവര്‍ അവനോടു ചോദിച്ചു: നീയാരാണ്, ഞങ്ങളെ അയച്ചവര്‍ക്കു മറുപടിനൽകേണ്ടതിന്, നിന്നെക്കുറിച്ചുതന്നെ നീയെന്തു പറയുന്നു?
23: അവന്‍ പറഞ്ഞു: ഏശയ്യാ ദീര്‍ഘദര്‍ശി പ്രവചിച്ചപോലെ, കര്‍ത്താവിന്റെ വഴി നേരേയാക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദമാണു ഞാന്‍.
24: ഫരിസേയരാൽ അയയ്ക്കപ്പെട്ടവരായിട്ടിരുന്നൂ, അവർ.
25: അവരവനോടു ചോദിച്ചു: നീ ക്രിസ്തുവോ ഏലിയായോ പ്രവാചകനോ അല്ലെങ്കില്‍, പിന്നെ സ്നാനംനല്കാന്‍ കാരണമെന്ത്?
26: യോഹന്നാന്‍ അവർക്കു മറുപടി നല്കി: ഞാന്‍ ജലംകൊണ്ടു സ്നാനംനല്കുന്നു. നിങ്ങളറിയാത്തവന്‍ നിങ്ങളുടെ മദ്ധ്യേ നില്പുണ്ട്.
27: എന്റെ പിന്നാലെ വരുന്ന അവന്റെ ചെരിപ്പിന്റെ വാറഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല.
28: യോഹന്നാന്‍ സ്നാനംനല്കിക്കൊണ്ടിരുന്ന ജോര്‍ദാന്റെ അക്കരെ, ബഥാനിയായിലാണ് ഇവ സംഭവിച്ചത്.

ദൈവത്തിന്റെ കുഞ്ഞാട്
29: പിറ്റേന്ന്, യേശു തന്റെയടുത്തേക്കു വരുന്നതുകണ്ട്, അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപംനീക്കിക്കളയുന്ന ദൈവത്തിന്റെ കുഞ്ഞാട്.
30: എന്റെ പിന്നാലെ വരുന്നവന്‍ എനിക്കു മുമ്പുണ്ടായിരുന്നെന്ന്, ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, ഇവൻ എന്നെക്കാൾ വലിയവനാണ്.
31: ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ഇവനെ ഇസ്രായേലിനു വെളിപ്പെടുത്താന്‍വേണ്ടിയാണ് ഞാന്‍ വന്നു ജലത്താല്‍ സ്നാനംനല്കുന്നത്.
32: ആത്മാവു പ്രാവിന്റെ രൂപത്തിൽ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന് അവന്റെമേല്‍ ആവസിക്കുന്നതു താന്‍കണ്ടു എന്നു യോഹന്നാന്‍ സാക്ഷ്യപ്പെടുത്തി.
33: ഞാനവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ജലംകൊണ്ടു സ്നാനംനല്കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞു: ആത്മാവിറങ്ങിവന്ന് ആരുടെമേല്‍ ആവസിക്കുന്നതു നീ കാണുന്നുവോ, അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്നാനംനല്കുന്നവന്‍.
34: ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

ആദ്യശിഷ്യന്മാര്‍
35: പിറ്റേന്ന്, യോഹന്നാന്‍ വീണ്ടും തന്റെ ശിഷ്യന്മാരില്‍ രണ്ടുപേരുടെകൂടെ നില്ക്കുമ്പോള്‍
36: യേശു നടന്നുവരുന്നതുകണ്ടു പറഞ്ഞു: ഇതാ, ദൈവത്തിന്റെ കുഞ്ഞാട്!
37: അവന്‍ പറഞ്ഞതുകേട്ട്, ആ രണ്ടു ശിഷ്യന്മാര്‍ യേശുവിനെ അനുഗമിച്ചു.
38: യേശു തിരിഞ്ഞ്, അവര്‍ തന്റെ പിന്നാലെ വരുന്നതുകണ്ട്, അവരോടു ചോദിച്ചു: നിങ്ങള്‍ എന്തന്വേഷിക്കുന്നു? അവരവനോടു പറഞ്ഞു: റബ്ബീ - ഗുരു എന്നാണ് ഇതിനര്‍ത്ഥം - അങ്ങെവിടെയാണു വസിക്കുന്നത്?
39: അവനവരോടു പറഞ്ഞു: വന്നുകാണുക. അവര്‍ചെന്ന്, അവന്‍ വസിക്കുന്നിടംകാണുകയും അന്ന്, അവനോടുകൂടെ താമസിക്കുകയുംചെയ്തു. അപ്പോള്‍ ഏകദേശം പത്താംമണിക്കൂര്‍ ആയിരുന്നു.
40: യോഹന്നാന്‍ പറഞ്ഞതുകേട്ട് അവനെയനുഗമിച്ച ആ രണ്ടുപേരിലൊരുവന്‍ ശിമയോന്‍ പത്രോസിന്റെ സഹോദരന്‍ അന്ത്രയോസായിരുന്നു.
41: അവന്‍ ആദ്യമേ തന്റെ സഹോദരനായ ശിമയോനെക്കണ്ട് അവനോട്, ഞങ്ങള്‍ മിശിഹായെ - ക്രിസ്തു എന്നാണ് ഇതിനര്‍ത്ഥം - കണ്ടു എന്നു പറഞ്ഞു.
42: അവനെ യേശുവിന്റെയടുത്തേക്കു കൊണ്ടുവന്നു. യേശു അവനെനോക്കിപ്പറഞ്ഞു: നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. കേപ്പാ - അതായത്, പാറ - എന്നു നീ വിളിക്കപ്പെടും.

പീലിപ്പോസും നഥാനയേലും
43: പിറ്റേന്ന്, അവന്‍ ഗലീലിയിലേക്കു പോകാനാഗ്രഹിച്ചു. പീലിപ്പോസിനെക്കണ്ടപ്പോള്‍ യേശു അവനോടു പറഞ്ഞു: എന്നെയനുഗമിക്കുക.
44: പീലിപ്പോസ് അന്ത്രയോസിന്റെയും പത്രോസിന്റെയും പട്ടണമായ ബേത്സൈദായില്‍നിന്നുള്ളവനായിരുന്നു.
45: പീലിപ്പോസ് നഥാനയേലിനെക്കണ്ട് അവനോടു പറഞ്ഞു: നിയമത്തിൽ, മോശയും അതുപോലെ പ്രവാചകരും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ - ജോസഫിന്റെ മകന്‍, നസറത്തില്‍നിന്നുള്ള യേശുവിനെ - ഞങ്ങള്‍ കണ്ടു.
46: നഥാനയേല്‍ അവനോടു പറഞ്ഞു: നസ്രത്തില്‍നിന്ന് എന്തെങ്കിലും നന്മയുണ്ടാകുമോ? പീലിപ്പോസ് അവനോടു പറഞ്ഞു: വന്നുകാണുക!
47: നഥാനയേല്‍ തന്റെയടുത്തേക്കുവരുന്നതുകണ്ട്, യേശു അവനെപ്പറ്റിപ്പറഞ്ഞു: ഇതാ, കാപട്യമില്ലാത്ത, ഒരു യഥാര്‍ത്ഥ ഇസ്രായേല്‍ക്കാരന്‍!
48: നഥാനയേല്‍ അവനോടു പറഞ്ഞു: നീയെന്നെ എങ്ങനെയറിയുന്നു? യേശു മറുപടി പറഞ്ഞു: പീലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടിലായിരിക്കുമ്പോള്‍ ഞാന്‍ നിന്നെക്കണ്ടു.
49: നഥാനയേല്‍ അവനോടു പറഞ്ഞു: റബ്ബീ, അങ്ങു ദൈവപുത്രനാണ്; ഇസ്രായേലിന്റെ രാജാവാണ്.
50: യേശു പറഞ്ഞു: അത്തിമരത്തിന്റെ ചുവട്ടില്‍ നിന്നെക്കണ്ടു എന്നു ഞാന്‍ പറഞ്ഞതുകൊണ്ട്, നീ വിശ്വസിക്കുന്നു, അല്ലേ? ഇതിനെക്കാള്‍ വലിയകാര്യങ്ങള്‍ നീ കാണും.
51: അവന്‍ തുടര്‍ന്നു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, സ്വര്‍ഗ്ഗം തുറക്കപ്പെടുന്നതും ദൈവദൂതന്മാര്‍ മനുഷ്യപുത്രന്റെമേല്‍ കയറിപ്പോകുന്നതും ഇറങ്ങിവരുന്നതും നിങ്ങള്‍ കാണും.

അദ്ധ്യായം 2

കാനായിലെ വിവാഹവിരുന്ന്
1: മൂന്നാംദിവസം, ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്റെ അമ്മ അവിടെയുണ്ടായിരുന്നു.
2: യേശുവും ശിഷ്യന്മാരും വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു.
3: അവിടെ വീഞ്ഞുതീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മ അവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല.
4: യേശു അവളോടു പറഞ്ഞു: സ്ത്രീയേ, എനിക്കും നിനക്കുമെന്ത്? എന്റെ മണിക്കൂർ ഇനിയുമായിട്ടില്ല.
5: അവന്റെയമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതെന്തായാലും അതുചെയ്യുവിന്‍.
6: യഹൂദരുടെ ശുദ്ധീകരണകര്‍മ്മത്തിനുള്ള വെള്ളംനിറയ്ക്കുന്ന ആറു കല്‍ഭരണികള്‍ അവിടെയുണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു.
7: ഭരണികളില്‍ വെള്ളംനിറയ്ക്കുവിനെന്ന് യേശു അവരോടു കല്പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു.
8: ഇനി, പകര്‍ന്നു കലവറക്കാരന്റെയടുത്തു കൊണ്ടുചെല്ലുവിനെന്ന് അവന്‍ പറഞ്ഞു. അവരപ്രകാരം ചെയ്തു.
9: വീഞ്ഞായിമാറിയ ആ വെള്ളം കലവറക്കാരന്‍ രുചിച്ചുനോക്കി. അതെവിടെനിന്നാണെന്ന് അവനറിഞ്ഞില്ല. എന്നാല്‍, വെള്ളംകോരിയ പരിചാരകരറിഞ്ഞിരുന്നു. കലവറക്കാരന്‍ മണവാളനെ വിളിച്ചു
10: അവന്‍ പറഞ്ഞു: എല്ലാവരും മേല്‍ത്തരംവീഞ്ഞ്, ആദ്യം വിളമ്പുന്നു, അതിഥികള്‍ക്കു ലഹരിപിടിച്ചുകഴിയുമ്പോള്‍ താഴ്ന്നതരവും. എന്നാല്‍, നീ നല്ലവീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ.
11: യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനുപ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ കാനായില്‍ ചെയ്തത്. അവന്റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു.
12: അതിനുശേഷം അവന്‍ തന്റെ അമ്മയോടും സഹോദരന്മാരോടും ശിഷ്യന്മാരോടുംകൂടെ കഫര്‍ണാമിലേക്കു പോയി. അവരവിടെ ഏതാനുംദിവസം താമസിച്ചു.

യേശു ദേവാലയംശുദ്ധീകരിക്കുന്നു
13: യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ യേശു ജറൂസലെമിലേക്കുപോയി.
14: കാള, ആട്, പ്രാവ് എന്നിവ വില്‍ക്കുന്നവരെയും നാണയംമാറ്റാനിരിക്കുന്നവരെയും ദേവാലയത്തില്‍ അവന്‍ കണ്ടു.
15: അവന്‍ ചരടുകൊണ്ടു ചാട്ടയുണ്ടാക്കി അവയെയെല്ലാം, ആടുകളേയും കാളകളേയും ദേവാലയത്തില്‍നിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയുംചെയ്തു.
16: പ്രാവുകൾ വില്ക്കുന്നവരോട് അവന്‍ പറഞ്ഞു: ഇവയെ ഇവിടെനിന്ന് എടുത്തുകൊണ്ടുപോകുവിന്‍. എന്റെ പിതാവിന്റെ ഭവനം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്.
17: അവിടുത്തെ ഭവനത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും എന്നെഴുതപ്പെട്ടിരിക്കുന്നത് അപ്പോള്‍ അവന്റെ ശിഷ്യന്മാരനുസ്മരിച്ചു.
18: യഹൂദര്‍ അവനോടുചോദിച്ചു: ഇവ ചെയ്യുന്നതിന് എന്തടയാളമാണ് നീ ഞങ്ങളെക്കാണിക്കുന്നത്?
19: യേശു മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാനതു പുനരുദ്ധരിക്കും.
20: അപ്പോൾ, യഹൂദര്‍ ചോദിച്ചു: ഈ ദേവാലയംപണിയുവാന്‍ നാല്പത്താറു സംവത്സരമെടുത്തു. വെറും മൂന്നുദിവസത്തിനകം നീയതു പുനരുദ്ധരിക്കുമോ?
21: എന്നാല്‍, അവന്‍ പറഞ്ഞതു തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്.
22: അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍, അവന്റെ ശിഷ്യന്മാര്‍, അവന്‍ ഇതു പറഞ്ഞിരുന്നുവെന്ന് ഓര്‍മ്മിക്കുകയും അങ്ങനെ, ലിഖിതവും യേശുപ്രസ്താവിച്ച വചനവും വിശ്വസിക്കുകയും ചെയ്തു.
23: പെസഹാത്തിരുനാളിന് അവന്‍ ജറുസലെമിലായിരിക്കുമ്പോള്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍കണ്ട്, ഏറെപ്പേര്‍ അവന്റെ നാമത്തില്‍ വിശ്വസിച്ചു.
24: യേശുവാകട്ടെ അവരെ വിശ്വസിച്ചില്ല. കാരണം, അവന്‍ അവരെയെല്ലാം അറിഞ്ഞിരുന്നു.
25: മനുഷ്യനെപ്പറ്റി ആരുടെയും സാക്ഷ്യം അവനാവശ്യമായിരുന്നില്ല; കാരണം, മനുഷ്യനിലുള്ളത് എന്താണെന്ന് അവനറിഞ്ഞിരുന്നു.


അദ്ധ്യായം 3 

യേശുവും നിക്കൊദേമോസും
1: ഫരിസേയരില്‍, നിക്കൊദേമോസ് എന്നുപേരുള്ള ഒരു യഹൂദപ്രമാണിയുണ്ടായിരുന്നു.
2: അവന്‍ രാത്രി യേശുവിന്റെയടുത്തുവന്നു പറഞ്ഞു: റബ്ബീ, അങ്ങു ദൈവത്തില്‍നിന്നു വന്ന ഒരു ഗുരുവാണെന്നു ഞങ്ങളറിയുന്നു. ദൈവം കൂടെയില്ലെങ്കില്‍, ഒരുവനും അങ്ങുചെയ്യുന്ന ഈ അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍കഴിയുകയില്ല.
3: യേശു അവനോടു പറഞ്ഞു: സത്യംസത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍കഴിയുകയില്ല.
4: നിക്കൊദേമോസ് അവനോടു ചോദിച്ചു: പ്രായമായ മനുഷ്യന് എങ്ങനെ ജനിക്കാന്‍സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടുംപ്രവേശിച്ച്, അവനു ജനിക്കാന്‍കഴിയുമോ?
5: യേശു പ്രതിവചിച്ചു: സത്യംസത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍പ്രവേശിക്കുക സാദ്ധ്യമല്ല.
6: മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവും.
7: നിങ്ങള്‍ വീണ്ടും ജനിക്കണമെന്നു ഞാന്‍ പറഞ്ഞതുകൊണ്ടു നീ വിസ്മയിക്കേണ്ടാ.
8: കാറ്റ് അതിനിഷ്ടമുളളിടത്തേക്കു വീശുന്നു; അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അതെവിടെനിന്നു വരുന്നെന്നോ എവിടേയ്ക്കു പോകുന്നെന്നോ നീയറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍നിന്നു ജനിക്കുന്ന ഏതുവ്യക്തിയും.
9: നിക്കൊദേമോസ് ചോദിച്ചു: ഇതെല്ലാം എങ്ങനെ സംഭവിക്കും?
10: യേശു പറഞ്ഞു: നീ ഇസ്രായേലിലെ ഗുരുവല്ലേ? എന്നിട്ടും ഇക്കാര്യമൊന്നും മനസ്സിലാകുന്നില്ലേ?
11: സത്യംസത്യമായി ഞാന്‍ നിന്നോടു പറയുന്നു: ഞങ്ങള്‍ അറിയുന്നവയെപ്പറ്റി സംസാരിക്കുന്നു; കണ്ടവയെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍ സ്വീകരിക്കുന്നില്ല.
12: ഭൗമികകാര്യങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞതു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗീയകാര്യങ്ങള്‍പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും?
13: സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ, മറ്റാരും സ്വര്‍ഗ്ഗത്തില്‍ കയറിയിട്ടില്ല.
14: മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയപോലെ,
15: തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവനുണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.
16: എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിന്, തന്റെ ഏകജാതനെ നല്കാന്‍തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.
17: ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചതു ലോകത്തെ ശിക്ഷ വിധിക്കാനല്ല. പ്രത്യുത, അവന്‍വഴി ലോകം രക്ഷപ്രാപിക്കാനാണ്.
18: അവനില്‍ വിശ്വസിക്കുന്ന ആരും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു.
19: ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കുവന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാളധികമായി അന്ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്മയുള്ളവയായിരുന്നു.
20: തിന്മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശംവെറുക്കുന്നു. അവന്റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന്, അവന്‍ വെളിച്ചത്തിലേക്കു വരുന്നില്ല.
21: സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്റെ പ്രവൃത്തികള്‍ ദൈവത്തില്‍ചെയ്യുന്നവയെന്നു വെളിപ്പെടുന്നു.

യേശുവും സ്നാപകയോഹന്നാനും.
22: ഇതിനുശേഷം യേശുവും ശിഷ്യന്മാരും യൂദയാദേശത്തേക്കു പോയി. അവിടെയവന്‍ അവരോടൊത്തു താമസിച്ച്, സ്നാനം നല്കികൊണ്ടിരുന്നു.
23: സാലിമിനടുത്തുള്ള ഏനോനില്‍ വെള്ളം ധാരാളമുണ്ടായിരുന്നതിനാല്‍ അവിടെ യോഹന്നാനും സ്നാനംനല്കിയിരുന്നു. ആളുകള്‍ അവന്റെയടുത്തുവന്നു സ്നാനം സ്വീകരിച്ചിരുന്നു.
24: യോഹന്നാന്‍, ഇനിയും കാരാഗൃഹത്തിലടയ്ക്കപ്പെട്ടിരുന്നില്ല.
25: അവന്റെ ശിഷ്യന്മാരും ഒരു യഹൂദനുംതമ്മില്‍ ശുദ്ധീകരണത്തെപ്പററി തര്‍ക്കമുണ്ടായി.
26: അവര്‍ യോഹന്നാനെ സമീപിച്ചുപറഞ്ഞു: ഗുരോ, ജോര്‍ദ്ദാന്റെ അക്കരെ നിന്നോടുകൂടെയുണ്ടായിരുന്നവന്‍, നീ ആരെപ്പറ്റി സാക്ഷ്യപ്പെടുത്തിയോ അവൻ, ഇതാ, ഇവിടെ സ്നാനംനല്കുന്നു. എല്ലാവരും അവന്റെയടുത്തേക്കു പോകുകയാണ്.
27: യോഹന്നാന്‍ പ്രതിവചിച്ചു: സ്വര്‍ഗ്ഗത്തില്‍നിന്നു നല്കപ്പെടുന്നില്ലെങ്കില്‍ ആര്‍ക്കും ഒന്നും സ്വീകരിക്കാന്‍ സാധിക്കുകയില്ല.
28: ഞാന്‍ ക്രിസ്തുവല്ല. പ്രത്യുത, അവനുമുമ്പേ അയയ്ക്കപ്പെട്ടവനാണെന്നു ഞാന്‍ പറഞ്ഞതിനു നിങ്ങള്‍തന്നെ സാക്ഷികളാണ്.
29: മണവാട്ടിയുള്ളവനാണു മണവാളന്‍. അടുത്തുനിന്നു മണവാളനെ ശ്രവിക്കുന്ന സ്‌നേഹിതന്‍ അവന്റെ സ്വരത്തില്‍ വളരെയധികം സന്തോഷിക്കുന്നു. അതുകൊണ്ട്, എന്റെ ഈ സന്തോഷം ഇപ്പോള്‍ പൂര്‍ണ്ണമായിരിക്കുന്നു.
30: അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം.
31: ഉന്നതത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കുമുപരിയാണ്. ഭൂമിയില്‍നിന്നുള്ളവന്‍ ഭൂമിയുടേതാണ്. അവന്‍ ഭൗമികകാര്യങ്ങള്‍ സംസാരിക്കുന്നു. സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കുമുപരിയാണ്.
32: അവന്‍ കാണുകയും കേള്‍ക്കുകയുംചെയ്തതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു; അവന്റെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല.
33: അവന്റെ സാക്ഷ്യംസ്വീകരിക്കുന്നവന്‍ ദൈവം സത്യവാനാണെന്നതിനു മുദ്രവയ്ക്കുന്നു.
34: ദൈവമയച്ചവന്‍ ദൈവത്തിന്റെ വാക്കുകള്‍ സംസാരിക്കുന്നു; ദൈവം അളന്നല്ലല്ലോ ആത്മാവിനെക്കൊടുക്കുന്നത്.
35: പിതാവു പുത്രനെ സ്നേഹിക്കുന്നു. എല്ലാം അവന്റെ കൈയിലേല്പിക്കുകയും ചെയ്തിരിക്കുന്നു.
36: പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെയനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവക്രോധം അവന്റെമേലുണ്ടായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ