ഇരുന്നൂറ്റിത്തൊണ്ണൂറ്റിയെട്ടാം ദിവസം: ലൂക്കാ 14 - 16


അദ്ധ്യായം 14

മഹോദരരോഗിയെ സുഖപ്പെടുത്തുന്നു
1: ഒരു സാബത്തില്‍, അവന്‍ ഫരിസേയപ്രമാണികളില്‍ ഒരുവന്റെ വീട്ടില്‍, ഭക്ഷണംകഴിക്കാൻപോയി. അവര്‍, അവനെ നിരീക്ഷിച്ചുകൊണ്ടിരുന്നു.
2: അവിടെ, അവന്റെമുമ്പിൽ ഒരു മഹോദരരോഗിയുണ്ടായിരുന്നു.
3: യേശു നിയമജ്ഞരോടും ഫരിസേയരോടുമായി ചോദിച്ചു: സാബത്തില്‍ രോഗശാന്തിനല്കുന്നത് അനുവദനീയമോ അല്ലയോ?
4: അവര്‍ നിശ്ശബ്ദരായിരുന്നു. യേശു അവനെ തൊട്ടുസുഖപ്പെടുത്തി അയച്ചു.
5: അനന്തരം അവനവരോടു ചോദിച്ചു: സാബത്തില്‍ തന്റെ പുത്രനോ കാളയോ കിണറ്റില്‍വീണാല്‍ ഉടന്‍ പിടിച്ചുകയറ്റാത്തവനായി നിങ്ങളിലാരുണ്ട്?
6: ഇവയോടൊന്നും മറുത്തുപറയാന്‍ അവര്‍ക്കുകഴിഞ്ഞില്ല.

അതിഥിക്കും ആതിഥേയനും ഉപദേശം
7: ക്ഷണിക്കപ്പെട്ടവര്‍ പ്രമുഖസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കുന്നതുകണ്ടപ്പോള്‍ അവനവരോട് ഒരുപമ പറഞ്ഞു:
8: ആരെങ്കിലും നിന്നെ കല്യാണവിരുന്നിനു ക്ഷണിച്ചാല്‍, പ്രമുഖസ്ഥാനത്തു കയറിയിരിക്കരുത്. ഒരുപക്ഷേ, നിന്നെക്കാള്‍ ബഹുമാന്യനായ ഒരുവനെ അയാൾ ക്ഷണിച്ചിട്ടുണ്ടായിരിക്കും.
9: നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചയാൾവന്ന്, ഇവനു സ്ഥലംകൊടുക്കുകയെന്നു നിന്നോടു പറയും. അപ്പോള്‍ നീ ലജ്ജയോടെ അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കേണ്ടിവരും.
10: എന്നാൽ, നിന്നെ വിരുന്നിനു ക്ഷണിച്ചാൽ അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കുക. ക്ഷണിച്ചയാൾവന്നു നിന്നോട്, സ്നേഹിതാ, മുന്നിലേക്കു കയറിയിരിക്കുകയെന്നുപറയും. അപ്പോള്‍ നിന്നോടുകൂടെ ഭക്ഷണത്തിനിരിക്കുന്ന സകലരുടെയുംമുമ്പാകെ നിനക്കു മഹത്വമുണ്ടാകും.
11: എന്തെന്നാൽ, തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
12: തന്നെ ക്ഷണിച്ചവനോടും അവന്‍ പറഞ്ഞു: നീ ഒരു സദ്യയോ അത്താഴവിരുന്നോ കൊടുക്കുമ്പോള്‍, നിന്റെ സ്‌നേഹിതരെയോ സഹോദരരെയോ ബന്ധുക്കളെയോ ധനികരായ അയല്‍ക്കാരെയോ വിളിക്കരുത്. ഒരുപക്ഷേ, അവര്‍ നിന്നെ പകരംക്ഷണിക്കുകയും അതു നിനക്കു പ്രതിഫലമാകുകയുംചെയ്യും.
13: എന്നാല്‍, നീ സദ്യനടത്തുമ്പോള്‍ ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടര്‍ എന്നിവരെ ക്ഷണിക്കുക.
14: അപ്പോള്‍ നീ അനുഗൃഹീതനായിരിക്കും; കാരണം, നിനക്കു തിരിച്ചുനല്കാന്‍ അവർക്കൊന്നുമില്ല. നീതിമാന്മാരുടെ ഉത്ഥാനത്തില്‍ നിനക്കു പ്രതിഫലമുണ്ടാകും.

വിരുന്നിന്റെ ഉപമ
15: അവനോടുകൂടെ ഭക്ഷിച്ചുകൊണ്ടിരുന്നവരിൽ ഒരുവനിതു കേട്ടിട്ട് അവനോടു പറഞ്ഞു: ദൈവരാജ്യത്തില്‍ അപ്പംഭക്ഷിക്കുന്നവന്‍ 
അനുഗൃഹീതന്‍.
16: അപ്പോള്‍ യേശു അവനോടു പറഞ്ഞു: ഒരിക്കൽ,
ഒരുവനൊരു വലിയ സദ്യയൊരുക്കി; വളരെപ്പേരെ ക്ഷണിക്കുകയുംചെയ്തു.
17: സദ്യയ്ക്കു നേരമായപ്പോള്‍ അവന്‍ ദാസനെ
യച്ച്, ക്ഷണിക്കപ്പെട്ടവരെയറിയിച്ചു: വരുവിന്‍, എല്ലാം തയ്യാറായിരിക്കുന്നു.
18: എന്നാല്‍ അവരെല്ലാവരും ഒന്നുപോലെ ഒഴികഴിവു പറയാന്‍തുടങ്ങി, ഒന്നാമന്‍ പറഞ്ഞു: ഞാനൊരു വയല്‍ വാങ്ങി; അതുപോയി കാണേണ്ടിയിരിക്കുന്നു. എനിക്കൊഴിവുതരണം എന്നു ഞാനപേക്ഷിക്കുന്നു.
19: മറ്റൊരുവന്‍ പറഞ്ഞു: ഞാന്‍ അഞ്ച് ഏർ കാളകളെ വാങ്ങി; അവയെ പരീക്ഷിച്ചുനോക്കാന്‍ പോകുന്നു; എനിക്ക് ഒഴിവുതരണമെന്ന് അപേക്ഷിക്കുന്നു.
20: മൂന്നാമതൊരുവന്‍ പറഞ്ഞു: ഞാൻ ഒരു സ്ത്രീയെ വിവാഹംകഴിച്ചിരിക്കുന്നു. അതിനാല്‍ എനിക്കു വരാന്‍ നിവൃത്തിയില്ല.
21: ആ ദാസന്‍ തിരിച്ചുവന്നു യജമാനനെ വിവരമെല്ലാമറിയിച്ചു. അപ്പോൾ ഗൃഹനാഥന്‍ ക്രുദ്ധനായി ദാസനോടു പറഞ്ഞു: നീ വേഗം പട്ടണത്തിന്റെ തെരുവുകളിലും ഊടുവഴികളിലും പോകുക. ദരിദ്രരെയും വികലാംഗരെയും കുരുടരെയും മുടന്തരെയും ഇവിടേക്കാനയിക്കുക 
22: അനന്തരം ആ ദാസന്‍ പറഞ്ഞു: യജമാനനേ, നീ കല്പിച്ചപോലെ ഞാന്‍ ചെയ്തു. ഇനിയും സ്ഥലമുണ്ട്.
23: യജമാനന്‍ ദാസനോടു പറഞ്ഞു: നീ വഴികളിലേക്കും ഇടവഴി
കളിലേക്കും പോകുക. എന്റെ വീടു നിറയേണ്ടതിന്, അകത്തേയ്ക്കുവരാന്‍ അവരെ നിര്‍ബന്ധിക്കുക.
24: എന്തെന്നാല്‍, ക്ഷണിക്കപ്പെട്ടവരാരും എന്റെസദ്യ ആസ്വദിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

ശിഷ്യത്വത്തിന്റെ വില
25: വലിയ ജനക്കൂട്ടം അവനോടുകൂടെ പോകുകയായിരുന്നു. അവന്‍ തിരിഞ്ഞ് അവരോടു പറഞ്ഞു:
26: സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്റെയടുത്തുവരുന്ന ആര്‍ക്കും എന്റെ ശിഷ്യരായിരിക്കാന്‍ സാധിക്കുകയില്ല.
27: സ്വന്തം കുരിശുവഹിക്കാതെ എന്റെ പിന്നാലെവരുന്നവന് എന്റെ ശിഷ്യനായിരി
ക്കാന്‍ കഴിയുകയില്ല.
28: ഗോപുരംപണിയാനാഗ്രഹിക്കുമ്പോള്‍, അതിന്റെ പൂർത്തീകരണത്തിനുവേണ്ട വക തനിക്കുണ്ടോയെന്ന്, ഇരുന്ന്, അതിന്റെ ചെലവ് ആദ്യമേ കണക്കുകൂട്ടിനോക്കാത്തവന്‍ നിങ്ങളിലാരുണ്ട്?
29: അല്ലെങ്കില്‍ അടിത്തറയിട്ടുക്കഴിഞ്ഞ് പണിമുഴുവനാക്കാന്‍ കഴിയാതെവരുമ്പോള്‍, കാണുന്നവരെല്ലാം അവനെ ആക്ഷേപിക്കാൻ തുടങ്ങും.
30: അവര്‍ പറയും: ഈ മനുഷ്യന്‍ പണി തുടങ്ങി; പക്ഷേ, മുഴുവനാക്കാന്‍കഴിഞ്ഞില്ല.
31: അല്ലെങ്കില്‍, 
രാജാവിനോടു യുദ്ധംചെയ്യാൻപോകുമ്പോൾ, ഇരുപതിനായിരവുമായി വരുന്നവനെ പതിനായിരത്തേക്കൊണ്ടു നേരിടാനാകുമോയെന്ന് ആദ്യമേയിരുന്ന്, ആലോചിക്കാത്തത്, ഏതുരാജാവാണ്?
32: അതു സാദ്ധ്യമല്ലെങ്കില്‍, അവന്‍ ദൂരത്തായിരിക്കുമ്പോള്‍ത്തന്നെ ദൂതന്മാരെയയച്ച്, സമാധാനത്തിനപേക്ഷിക്കും.
33: ഇതുപോലെ, സ്വന്തമായതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്റെ ശിഷ്യനാകുക സാദ്ധ്യമല്ല.
34: ഉപ്പു നല്ലതുതന്നെ; എന്നാല്‍ ഉറകെട്ടുപോയാല്‍ എങ്ങനെ ഉറകൂട്ടും?
35: നിലത്തിനോ വളത്തിനോ ഉപകരിക്കുകയില്ല. മനുഷ്യൻ അതു പുറത്തെറിഞ്ഞുകളയുന്നു. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

അദ്ധ്യായം 15 

കാണാതായ ആടിന്റെ ഉപമ
1: ചുങ്കക്കാരും പാപികളുമെല്ലാം അവനെക്കേള്‍ക്കാന്‍ അടുത്തുവന്നുകൊണ്ടിരുന്നു.
2: ഫരിസേയരും നിയമജ്ഞരും പിറുപിറുത്തു: ഇവന്‍ പാപികളെ സ്വീകരിക്കുകയും അവരോടുകൂടെ ഭക്ഷിക്കുകയും ചെയ്യുന്നു.
3: അവനവരോട് ഈ ഉപമ പറഞ്ഞു:
4: തനിക്കു നൂറാടുകളുണ്ടായിരിക്കേ, അവയിലൊന്നു നഷ്ടപ്പെട്ടാല്‍, നിങ്ങളിലാരാണ്, തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയില്‍വിട്ടിട്ട്, നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്?
5: കണ്ടുകിട്ടുമ്പോള്‍ സന്തോഷിച്ച്, അതിനെ തോളിലേറ്റുന്നു.
6: വീട്ടിലെത്തുമ്പോള്‍ അവന്‍ തന്റെ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടിപ്പറയും: നിങ്ങള്‍ എന്നോടുകൂടെ സന്തോഷിക്കുവിന്‍. നഷ്ടപ്പെട്ട 
എന്റെ ആടിനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു.
7: അതുപോലെതന്നെ, മാനസാന്തരമാവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ച് എന്നതിനെക്കാള്‍ മാനസാന്തരപ്പെടുന്നൊരു പാപിയെക്കുറിച്ച്, സ്വര്‍ഗ്ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

കാണാതായ നാണയത്തിന്റെ ഉപമ

8: ഏതു സ്ത്രീയാണ്, പത്തു നാണയമുണ്ടായിരിക്കേ, അതിലൊന്നു നഷ്ടപ്പെട്ടാല്‍ വിളക്കുകൊളുത്തി, വീട് അടിച്ചുവാരി, അതു കണ്ടുകിട്ടുവോളം അവധാനപൂര്‍വ്വം അന്വേഷിക്കാത്തത്?
9: കണ്ടുകിട്ടുമ്പോള്‍ അവള്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടിപ്പറയും: എന്നോടുകൂടെ സന്തോഷിക്കുവിന്‍. 
നഷ്ടപ്പെട്ട എന്റെ നാണയം ഞാന്‍ കണ്ടെത്തിയിരിക്കുന്നു. 
10: അതുപോലെതന്നെ, അനുതപിക്കുന്നൊരു പാപിയെക്കുറിച്ച്, ദൈവദൂതന്മാരുടെമുമ്പില്‍ സന്തോഷമുണ്ടാകുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.

ധൂര്‍ത്തപുത്രന്റെ ഉപമ
11: അവന്‍ പറഞ്ഞു: ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു.
12: ഇളയവന്‍ പിതാവിനോടു പറഞ്ഞു: പിതാവേ, സ്വത്തില്‍ എന്റെ ഓഹരി എനിക്കു തരിക. അവന്‍ സ്വത്ത് അവര്‍ക്കായി ഭാഗിച്ചു.
13: ഏറെത്താമസിയാതെ, ഇളയമകന്‍ എല്ലാംശേഖരിച്ചുകൊണ്ടു ദൂരദേശത്തേക്കു പോയി, അവിടെ ധൂര്‍ത്തനായി ജീവിച്ച്, തനിക്കുള്ളത് ദുർവ്യയംചെയ്തു.
14: അവന്‍ എല്ലാം ചെലവഴിച്ചുകഴിഞ്ഞപ്പോള്‍ ആ ദേശമാകെ ഒരു കഠിനക്ഷാമമുണ്ടാവുകയും അവന്‍ ഞെരുക്കത്തിലാവുകയും ചെയ്തു.
15: അവന്‍, ആ ദേശത്തെ ഒരു പൗരന്റെയടുത്ത് ആശ്രയംതേടി. അയാളവനെ പന്നികളെത്തീറ്റാൻ വയലിലേക്കയച്ചു.
16: പന്നി തിന്നിരുന്ന, തവിടുകൊണ്ടു വിശപ്പുമാറ്റാൻ അവനാശിച്ചു. പക്ഷേ, ആരുമവനു കൊടുത്തില്ല.
17: അപ്പോള്‍, തന്നിലേക്കുതിരിഞ്ഞ്‌, അവന്‍ പറഞ്ഞു: എന്റെ പിതാവിന്റെ എത്രയോ കൂലിക്കാർക്ക് സുഭിക്ഷമായി ഭക്ഷണമുണ്ട്. ഞാനോ ഇവിടെ വിശപ്പുകൊണ്ടു നശിക്കുന്നു.
18: ഞാനെഴുന്നേറ്റ്, എന്റെ പിതാവിന്റെയടുത്തേക്കു പോകും. ഞാനവനോടു പറയും: പിതാവേ, സ്വര്‍ഗ്ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപംചെയ്തു.
19: നിന്റെ പുത്രനെന്നു വിളിക്കപ്പെടാന്‍ ഞാനിനി യോഗ്യനല്ല. എന്നെ നിന്റെ കൂലിക്കാരിലൊരുവനാക്കണമേ!
20: അവനെഴുന്നേറ്റ്, പിതാവിന്റെയടുത്തേക്കു ചെന്നു. ദൂരെവച്ചുതന്നെ പിതാവവനെ കണ്ടു. മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു.
21: മകന്‍ പറഞ്ഞു: പിതാവേ, സ്വര്‍ഗ്ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്റെ പുത്രനെന്നു വിളിക്കപ്പെടാന്‍ ഞാനിനി യോഗ്യനല്ല.
22: പിതാവാകട്ടെ, തന്റെ ദാസരോടു പറഞ്ഞു: ഉടനെ മേല്‍ത്തരം മേലങ്കികൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിന്‍. ഇവന്റെ കൈയില്‍ മോതിരവും പാദങ്ങളിൽ ചെരിപ്പുമണിയിക്കുവിന്‍.
23: കൊഴുപ്പിച്ച കാളക്കുട്ടിയെക്കൊണ്ടുവന്നു കൊല്ലുവിന്‍. നമുക്കു ഭക്ഷിച്ച്, ആഹ്ലാദിക്കാം.
24: എന്തെന്നാൽ, എന്റെയീ മകന്‍ മൃതനായിരുന്നു; വീണ്ടും ജീവിക്കുന്നു. അവന്‍ നഷ്ടപ്പെട്ടവനായിരുന്നു; അവനെ കണ്ടുകിട്ടിയിരിക്കുന്നു. അവരാഹ്ലാദിക്കാന്‍തുടങ്ങി.
25: അവന്റെ മൂത്തമകന്‍ വയലിലായിരുന്നു. അവന്‍ തിരിച്ചുവരുമ്പോള്‍ വീടിനടുത്തുവച്ചു സംഗീതവും നൃത്തഘോഷവും കേട്ടു.
26: അവന്‍ ഒരു വേലക്കാരനെ വിളിച്ച്, എന്താണിതൊക്കെയെന്നു തിരക്കി.
27: 
അവന്‍ പറഞ്ഞു: നിന്റെ സഹോദരന്‍ വന്നിട്ടുണ്ട്. അവനെ സുഖമായിത്തന്നെ തിരിച്ചുകിട്ടിയതുകൊണ്ട് നിന്റെ പിതാവ്, കൊഴുപ്പിച്ച കാളക്കുട്ടിയെ കൊന്നിരിക്കുന്നു.
28: അവന്‍ ക്രുദ്ധനായി, അകത്തുകയറാന്‍ വിസമ്മതിച്ചു. അപ്പോൾ, പിതാവു പുറത്തുവന്ന്, അവനോടു സാന്ത്വനങ്ങള്‍ പറഞ്ഞു.
29: എന്നാല്‍, അവന്‍ പിതാവിനോടു പറഞ്ഞു: നോക്കൂ, എത്രവര്‍ഷമായി ഞാന്‍ നിനക്കു ദാസവേലചെയ്യുന്നു. ഒരിക്കലും നിന്റെ കല്പന ഞാന്‍ ലംഘിച്ചിട്ടില്ല. എങ്കിലും, എന്റെ കൂട്ടുകാരോടൊത്താഹ്ലാദിക്കാന്‍ ഒരാട്ടിന്‍കുട്ടിയെപ്പോലും നീയെനിക്കു തന്നിട്ടില്ല.
30: എന്നാല്‍, വേശ്യകളോടു കൂട്ടുചേര്‍ന്ന്, നിന്റെ സ്വത്തെല്ലാം ധൂര്‍ത്തടിച്ച നിന്റെയീ മകന്‍ തിരിച്ചുവന്നപ്പോള്‍ അവനുവേണ്ടി നീ കൊഴുപ്പിച്ച കാളയെക്കൊന്നിരിക്കുന്നു.
31: അപ്പോള്‍ പിതാവു പറഞ്ഞു: മകനേ, നീയെപ്പോഴും എന്നോടുകൂടെയുണ്ടല്ലോ. എ
ന്റേതെല്ലാം നിന്റേതാണ്.
32: ഇപ്പോള്‍ നമ്മള്‍, ആഹ്ലാദിക്കുകയും സന്തോഷിക്കുകയുംവേണം. എന്തെന്നാല്‍, നിന്റെ ഈ സഹോദരന്‍ മൃതനായിരുന്നു; അവ
ന്‍ ജീവിക്കുന്നു. നഷ്ടപ്പെട്ടവനായിരുന്നു; ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്നു.

അദ്ധ്യായം 16  

നീതിരഹിതനായ കാര്യസ്ഥന്‍
1: യേശു ശിഷ്യന്മാരോടു പറഞ്ഞു: ഒരു മനുഷ്യന്, ഒരു കാര്യസ്ഥനുണ്ടായിരുന്നു. അവന്‍ സ്വത്തു ദുര്‍വ്യയംചെയ്യുന്നുവെന്നു പരാതിയുണ്ടായി.
2: അയാൾ അവനെ വിളിച്ചുചോദിച്ചു: നിന്നെപ്പറ്റി ഞാന്‍ കേള്‍ക്കുന്നതെന്താണ്? നിന്റെ കാര്യസ്ഥതയുടെ കണക്കു ബോധിപ്പിക്കുക. മേലില്‍, നീ കാര്യസ്ഥനായിരിക്കാന്‍ പാടില്ല.
3: ആ കാര്യസ്ഥന്‍ ആത്മഗതംചെയ്തു: യജമാനന്‍ കാര്യസ്ഥത എന്നില്‍നിന്ന് എടുത്തുകളയുന്നതിനാല്‍ ഞാനിനി എന്തുചെയ്യും? കിളയ്ക്കാന്‍ എനിക്കു ശക്തിയില്ല. ഭിക്ഷയാചിക്കാന്‍ ഞാൻ ലജ്ജിക്കുന്നു.
4: എന്നാല്‍, യജമാനൻ കാര്യസ്ഥത എന്നില്‍നിന്ന് എടുത്തുകളയുമ്പോള്‍ ആളുകള്‍ തങ്ങളുടെ വീടുകളില്‍ എന്നെ സ്വീകരിക്കേണ്ടതിന്, എന്തുചെയ്യണമെന്നെനിക്കറിയാം.
5: അവൻ, യജമാനന്റെ കടക്കാരിൽ, ഓരോരുത്തരെയായി അടുത്തുവിളിച്ചു. ഒന്നാമനോട് അവന്‍ ചോദിച്ചു: നീ എന്റെ യജമാനന് എന്തു കടപെട്ടിരിക്കുന്നു?
6: അവന്‍ പറഞ്ഞു: നൂറു ബത്ത് എണ്ണ. അവന്‍ പറഞ്ഞു: നിന്റെ പ്രമാണമെടുത്ത്, പെട്ടെന്നിരുന്ന്, അമ്പതു ബത്ത് എന്നെഴുതുക.
7: അനന്തരം അവന്‍ മറ്റൊരുവനോടു ചോദിച്ചു: നീയെന്തു കടപ്പെട്ടിരിക്കുന്നു? അവന്‍ പറഞ്ഞു: നൂറുകോര്‍ ഗോതമ്പ്. അവന്‍ പറഞ്ഞു: നിന്റെ പ്രമാണമെടുത്ത് എണ്‍പതുകോര്‍ 
എന്നെഴുതുക.
8: ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചതിനാല്‍ നീതിരഹിതനായ കാര്യസ്ഥനെ യജമാനന്‍ പ്രശംസിച്ചു. എന്തെന്നാല്‍, ഈയുഗത്തിന്റെ മക്കള്‍ തങ്ങളുടെ തലമുറയില്‍, വെളിച്ചത്തിന്റെ മക്കളെക്കാള്‍ ബുദ്ധിശാലികളാണ്.
9: ഞാന്‍ നിങ്ങളോടു പറയുന്നു. അധാര്‍മ്മികമാമോനെക്കൊണ്ട്, നിങ്ങള്‍ക്കായി സ്നേഹിതരെ സമ്പാദിച്ചുകൊള്ളുവിന്‍. അതില്ലാതാകുമ്പോള്‍ അവര്‍ നിങ്ങളെ നിത്യകൂടാരങ്ങളില്‍ സ്വീകരിക്കേണ്ടതിനാണിത്.
10: ചെറിയകാര്യത്തില്‍ വിശ്വസ്തന്‍ വലിയകാര്യത്തിലും വിശ്വസ്തനായിരിക്കും. ചെറിയകാര്യത്തില്‍ അവിശ്വസ്തന്‍ വലിയകാര്യത്തിലും അവിശ്വസ്തനായിരിക്കും.
11: അധാര്‍മ്മിക
മാമോന്റെ കാര്യത്തില്‍ വിശ്വസ്തരായിരിക്കുന്നില്ലെങ്കില്‍ യഥാര്‍ത്ഥധനം ആരു നിങ്ങളെ വിശ്വസിച്ചേല്പിക്കും?
12: മറ്റൊരുവന്റെ കാര്യത്തില്‍ വിശ്വസ്തരല്ലെങ്കില്‍, നിങ്ങള്‍ക്കു സ്വന്തമായവ ആരു നിങ്ങള്‍ക്കുതരും?
13: ഒരു ഭൃത്യനു രണ്ടു യജമാനന്മാരെ സേവിക്കുവാന്‍ സാധിക്കുകയില്ല. കാരണം, ഒന്നുകില്‍ അവന്‍ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്‌നേഹിക്കുകയുംചെയ്യും. അല്ലെങ്കില്‍ ഒരുവനോടു ചേർന്നുനില്ക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും 
മാമോനെയും ഒന്നിച്ചുസേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.
14: പണക്കൊതിയരായ ഫരിസേയര്‍ ഇതെല്ലാം കേട്ടപ്പോള്‍ അവനെ പരിഹസിച്ചു.
15: അവനവരോടു പറഞ്ഞു: മനുഷ്യരുടെ മുമ്പില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ ന്യായീകരിക്കുന്നു. എന്നാല്‍, ദൈവം നിങ്ങളുടെ ഹൃദയങ്ങളറിയുന്നു. മനുഷ്യര്‍ക്ക് ഉത്കൃഷ്ടമായതു ദൈവദൃഷ്ടിയില്‍ നികൃഷ്ടമാണ്.
16: നിയമവും പ്രവാചകന്മാരും യോഹന്നാന്‍വരെ ആയിരുന്നു. അതിനുശേഷം, ദൈവരാജ്യം പ്രസംഗിക്കപ്പെടുന്നു. എല്ലാവരും ബലംപ്രയോഗിച്ച് അതില്‍ പ്രവേശിക്കുന്നു.
17: നിയമത്തിലെ ഒരു പുള്ളി ഇല്ലാതാകുന്നതിനേക്കാൾ, ആകാശവും ഭൂമിയും മാറിപ്പോകുന്നതാണെളുപ്പം.
18: ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹംചെയ്യുന്നവന്‍ വ്യഭിചാരംചെയ്യുന്നു. ഭര്‍ത്താവുപേക്ഷിച്ചവളെ വിവാഹം ചെയ്യുന്നവനും വ്യഭിചാരംചെയ്യുന്നു.

ധനവാനും ലാസറും
19: ധനികനായൊരു മനുഷ്യനുണ്ടായിരുന്നു. അവന്‍ ചെമന്നപട്ടും മൃദുലവസ്ത്രങ്ങളും ധരിക്കുകയും എന്നും ആർഭാടപൂർവ്വം ഭക്ഷിച്ചാഹ്ലാദിക്കുകയും ചെയ്തിരുന്നു.
20: അവന്റെ പടിവാതില്‍ക്കല്‍ ലാസര്‍ എന്നൊരു ദരിദ്രന്‍ 
വ്രണബാധിതനായി കിടന്നിരുന്നു. 
21: ധനവാന്റെ മേശയില്‍നിന്നു വീണിരുന്നവകൊണ്ടു വിശപ്പടക്കാന്‍ അവനാഗ്രഹിച്ചു. മാത്രമല്ലാ, നായ്ക്കള്‍വന്ന് അവന്റെ വ്രണങ്ങള്‍ നക്കിയിരുന്നു.
22: ആ ദരിദ്രന്‍ മരിച്ചു. ദൈവദൂതന്മാര്‍ അവനെ അബ്രാഹമിന്റെ മടിയിലേക്കു സംവഹിച്ചു. ആ ധനികനും മരിച്ചടക്കപ്പെട്ടു.
23: അവന്‍ നരകത്തില്‍ പീഡനങ്ങളിലായിരിക്കേ, കണ്ണുകളുയര്‍ത്തിനോക്കി; ദൂരെ അബ്രാഹമിനെയും മടിയില്‍ ലാസറിനെയും കണ്ടു.
24: അവന്‍ വിളിച്ചുപറഞ്ഞു: പിതാവായ അബ്രാഹമേ, എന്നില്‍ കനിയേണമേ! തന്റെ വിരല്‍ത്തുമ്പു വെള്ളത്തില്‍മുക്കി, എന്റെ നാവുതണുപ്പിക്കാൻ ലാസറിനെ അയയ്ക്കണമേ! എന്തെന്നാൽ, ഞാനീ അഗ്നിജ്വാലയില്‍ക്കിടന്നു യാതനയനുഭവിക്കുന്നു.
25: അബ്രാഹം പറഞ്ഞു: മകനേ, നീയോര്‍മ്മിക്കുക: നിനക്കു ജീവിതകാലത്ത് നല്ലതൊക്കെയും ലഭിച്ചിരുന്നു; ലാസറിനോ ദോഷമായവയും. ഇപ്പോള്‍ അവനിവിടെ ആശ്വസിപ്പിക്കപ്പെടുകയും നീ യാതനയനുഭവിക്കുകയുംചെയ്യുന്നു.
26: ഇതിനുപുറമേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുംമദ്ധ്യേ വലിയൊ
രു ഗര്‍ത്തം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അതിനാൽ, ഇവിടെനിന്നു നിങ്ങളുടെയടുത്തേക്കു വരാനാഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കുകയില്ല.
27: അപ്പോള്‍ അവന്‍ പറഞ്ഞു: പിതാവേ, അങ്ങനെയെങ്കില്‍, അവനെ എന്റെ പിതൃഭവനത്തിലേക്കയയ്ക്കണമേയെന്നു ഞാനപേക്ഷിക്കുന്നു.
28: എന്തെന്നാൽ, എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്. അവരും പീഡനങ്ങളുടെ ഈ സ്ഥലത്തു വരാതിരിക്കേണ്ടതിന് അവനവര്‍ക്കു സാക്ഷ്യം നല്കട്ടെ.
29: അബ്രാഹം പറഞ്ഞു: അവര്‍ക്കു മോശയും പ്രവാചകന്മാരുമുണ്ടല്ലോ. അവരെ കേള്‍ക്കട്ടെ.
30: അയാൾ പറഞ്ഞു: പിതാവായ അബ്രാഹമേ, അങ്ങനെയല്ല, മരിച്ചവരില്‍ ഒരുവന്‍ചെന്നുപറഞ്ഞാല്‍ അവർ മാനസാന്തരപ്പെടും.
31: അബ്രാഹം അവനോടു പറഞ്ഞു: മോശയേയും പ്രവാചകന്മാരേയും കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍നിന്ന് ഒരുവനുയിര്‍ത്താലും അവര്‍ക്കു ബോദ്ധ്യപ്പെടുകയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ