ഇരുന്നൂറ്റിയെൺപത്തിയെട്ടാം ദിവസം: മര്‍ക്കോസ് 11 - 12


അദ്ധ്യായം 11

ജറുസലെമിലേക്കു രാജകീയപ്രവേശനം
1: അവര്‍ ജറുസലെമിനടൂത്ത്, ഒലിവുമലയ്ക്കു സമീപമുള്ള ബേത്ഫഗെയിലും ബഥാനിയാ
യിലുമെത്തിയപ്പോള്‍, അവന്‍ രണ്ടുശിഷ്യന്മാരെ അയച്ചുകൊണ്ട്,  
2: അവരോടു 
പറഞ്ഞു: എതിരേകാണുന്ന ഗ്രാമത്തിലേക്കു ചെല്ലുവിന്‍. അതില്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ചുകൊണ്ടുവരുവിന്‍.
3: നിങ്ങളെന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍, പറയുക: കര്‍ത്താവിന് അതിനെക്കൊണ്ട് ആവശ്യമുണ്ട്; ഉടനെ അതിനെ തിരിച്ചയയ്ക്കുന്നതാണ്. 
4: അവര്‍ പോയി, തെരുവില്‍ ഒരു പടിവാതില്‍ക്കല്‍ ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു. അവരതിനെ അഴിക്കുമ്പോള്‍
5: അവിടെ നിന്നിരുന്നവര്‍ അവരോടു ചോദിച്ചു: നിങ്ങളെന്തിനാണു കഴുതക്കുട്ടിയെ അഴിക്കുന്നത്?
6: യേശു പറഞ്ഞപോലെ ശിഷ്യന്മാര്‍ മറുപടി പറഞ്ഞു. അവർ അവരെയനുവദിച്ചു.
7: അവര്‍ കഴുതക്കുട്ടിയെ യേശുവിന്റെയടുത്തു കൊണ്ടുവന്ന്, അതിന്റെ പുറത്തു തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു. അവന്‍ അതിന്മേൽ കയറിയിരുന്നു.
8: വളരെയേറെപ്പേര്‍ തെരുവീഥിയില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു. മറ്റുള്ളവരാകട്ടെ, വയലില്‍നിന്നു
മുറിച്ച പച്ചിലക്കൊമ്പുകളും.
9: അവന്റെ മുമ്പിലും പിമ്പിലും നടന്നിരുന്നവര്‍ വിളിച്ചുപറഞ്ഞു: ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍!
10: നമ്മുടെ പിതാവായ ദാവീദിന്റെ വരാനിരിക്കുന്ന രാജ്യം അനുഗൃഹീതം! ഉന്നതങ്ങളില്‍ ഹോസാന!
11: അവന്‍ ജറുസലെമില്‍ പ്രവേശിച്ചു ദേവാലയത്തിനുള്ളിലേക്കു പോയി. ചുറ്റുംനോക്കി, എല്ലാം കണ്ടശേഷം, നേരംവൈകിയിരുന്നതിനാല്‍, പന്ത്രണ്ടുപേരോടുംകൂടെ ബഥനിയായിലേക്കു പോയി.

അത്തിവൃക്ഷത്തെ ശപിക്കുന്നു
12: അടുത്തദിവസം അവര്‍ ബഥാനിയായില്‍നിന്നു വരുമ്പോള്‍ അവനു വിശന്നു.
13: അകലെ ഇലകളുള്ള ഒരത്തിമരംകണ്ട്, അതിലെന്തെങ്കിലും കാണുമെന്നുവിചാരിച്ച്, അടുത്തുചെന്നു. എന്നാല്‍, ഇലകളല്ലാതെ മറ്റൊന്നും കണ്ടില്ല. അത് അത്തിപ്പഴങ്ങളുടെ കാലമല്ലായിരുന്നു.
14: അവന്‍ പറഞ്ഞു: ആരും ഇനിയൊരിക്കലും നിന്നില്‍നിന്നു പഴം തിന്നാതിരിക്കട്ടെ! അവന്റെ ശിഷ്യന്മാര്‍ ഇതുകേട്ടു.

ദേവാലയശുദ്ധീകരണം
15: അവര്‍ ജറുസലെമിലെത്തി. അവന്‍ ദേവാലയത്തില്‍ പ്രവേശിച്ച്, അവിടെ ക്രയവിക്രയംചെയ്തുകൊണ്ടിരുന്നവരെ പുറത്താക്കാന്‍തുടങ്ങി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവില്പനക്കാരുടെ ഇരിപ്പിടങ്ങളും അവന്‍ തട്ടിമറിച്ചിട്ടു.
16: ദേവാലയത്തിലൂടെ പാത്രങ്ങള്‍ ചുമന്നുകൊണ്ടുപോകാന്‍ ആരെയുമവനനുവദിച്ചില്ല.
17: പഠിപ്പിച്ചുകൊണ്ട് 
അവനവരോടു പറഞ്ഞു: 'എന്റെ ഭവനം എല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും' എന്നെഴുതപ്പെട്ടിട്ടില്ലേ? എന്നാൽ, നിങ്ങളതിനെ കവര്‍ച്ചക്കാരുടെ ഗുഹയാക്കിത്തീര്‍ത്തിരിക്കുന്നു.
18: പ്രധാനപുരോഹിതന്മാരും നിയമജ്ഞരും ഇതുകേട്ട്, അവനെ എങ്ങനെ നശിപ്പിക്കാമെന്നന്വേഷിച്ചു; കാരണം, അവനെയവര്‍ ഭയപ്പെട്ടു. ജനങ്ങളെല്ലാം അവന്റെ പ്രബോധനങ്ങളെക്കുറിച്ചു വിസ്മയിച്ചിരുന്നു.
19: വൈകുന്നേരമായപ്പോള്‍ അവര്‍ നഗരത്തിനു വെളിയിലേക്കുപോയി.

വിശ്വാസത്തിന്റെ ശക്തി
20: അവര്‍ രാവിലെ അത്തിമരത്തിന്റെ സമീപത്തുകൂടെ കടന്നുപോകുമ്പോള്‍ അതു സമൂലം ഉണങ്ങിപ്പോയിരിക്കുന്നതു കണ്ടു.
21: അപ്പോള്‍ അവനെയനുസ്മരിപ്പിച്ചുകൊണ്ട്,
 പത്രോസ് പറഞ്ഞു: ഗുരോ, നോക്കൂ, നീ ശപിച്ച അത്തിമരം ഉണങ്ങിപ്പോയിരിക്കുന്നു!
22: യേശു അവരോടു പ്രതിവചിച്ചു: ദൈവത്തില്‍ വിശ്വാസമുണ്ടായിരിക്കുക.
23: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ആരെങ്കിലും ഈ മലയോട് ഉയർന്നു കടലില്‍പതിക്കട്ടെയെന്നുപറയുകയും ഹൃദയത്തില്‍ ശങ്കിക്കാതെ, താന്‍ പറയുന്നതു സംഭവിക്കുമെന്നു വിശ്വസിക്കുകയുംചെയ്താല്‍ അവനതു സാധിച്ചുകിട്ടും.
24: അതിനാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പ്രാര്‍ത്ഥിക്കുകയും യാചിക്കുകയുംചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു സാധിച്ചുകിട്ടും.
25: നിങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടുനില്ക്കുമ്പോള്‍ നിങ്ങള്‍ക്കാരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ ക്ഷമിക്കുവിന്‍.
26: അപ്പോള്‍ സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവു നിങ്ങളുടെ തെറ്റുകളും ക്ഷമിക്കും.

യേശുവിന്റെ അധികാരം
27: അവര്‍ വീണ്ടും ജറുസലെമില്‍ വന്നു. അവന്‍ ദേവാലയത്തിലൂടെ നടക്കുമ്പോള്‍ പ്രധാനപുരോഹിതന്മാരും നിയമജ്ഞരും ശ്രേഷ്ഠന്മാരും അവന്റെയടുത്തെത്തി.
28: അവരവനോടു ചോദിച്ചു: എന്തധികാരത്താലാണ് നീ ഇവയൊക്കെ ചെയ്യുന്നത്? ഇവ പ്രവര്‍ത്തിക്കുന്നതിന്, ആരാണു നിനക്കീയധികാരം നല്കിയത്?
29: യേശു 
അവരോടു പറഞ്ഞു: ഞാന്‍ നിങ്ങളോടൊരുകാര്യം ചോദിക്കാം. എന്നോടുത്തരം പറയുവിന്‍. എങ്കിൽ, എന്തധികാരത്താലാണ് ഞാനിവചെയ്യുന്നതെന്നു പറയാം.
30: യോഹന്നാന്റെ സ്നാനം സ്വര്‍ഗ്ഗത്തില്‍നിന്നോ മനുഷ്യരില്‍നിന്നോ? ഉത്തരം പറയുവിന്‍.
31: അവര്‍ പരസ്പരമാലോചിച്ചു: സ്വര്‍ഗ്ഗത്തില്‍നിന്നെന്നു പറഞ്ഞാല്‍, പിന്നെന്തുകൊണ്ടു നിങ്ങളവനെ വിശ്വസിച്ചില്ലെന്ന് അവന്‍ ചോദിക്കും.
32: എന്നാൽ, മനുഷ്യരില്‍നിന്ന് എന്നുപറഞ്ഞാലോ? അവര്‍ക്കു ജനക്കൂട്ടത്തെ ഭയമായിരുന്നു. കാരണം, യോഹന്നാന്‍ യഥാര്‍ത്ഥത്തില്‍ ഒരു പ്രവാചകനാണെന്ന് എല്ലാവരും കരുതിയിരുന്നു.
33: അതിനാല്‍, അവര്‍ യേശുവിനോടു പറഞ്ഞു: ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അപ്പോള്‍ യേശു പറഞ്ഞു: എന്തധികാരത്താലാണ് ഞാനിവ ചെയ്യുന്നതെന്നു ഞാനും നിങ്ങളോടു പറയുന്നില്ല.

അദ്ധ്യായം 12 

മുന്തിരിത്തോട്ടത്തിലെ കൃഷിക്കാർ 
1: യേശു അവരോട് ഉപമകള്‍വഴി സംസാരിക്കാന്‍ തുടങ്ങി. ഒരുവന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു; അതിനുചുറ്റും വേലികെട്ടി; മുന്തിരിച്ചക്കു സ്ഥാപിച്ചു; ഒരു ഗോപുരവും പണിതു. അതു കൃഷിക്കാരെ പാട്ടത്തിനേല്പിച്ചിട്ട് അവൻ യാത്രപോയി.
2: സമയമായപ്പോള്‍ മുന്തിരിഫലങ്ങളില്‍നിന്നു തന്റെ ഓഹരി ശേഖരിക്കാന്‍ അവന്‍ കൃഷിക്കാരുടെയടുത്തേക്കു ഭൃത്യനെ അയച്ചു.
3: എന്നാല്‍, അവരവനെപ്പിടിച്ച്, അടിക്കുകയും വെറുംകൈയോടെ പറഞ്ഞയയ്ക്കുകയും ചെയ്തു.
4: വീണ്ടുമവന്‍ മറ്റൊരുഭൃത്യനെ അയച്ചു. അവരവനെ തലയ്ക്കു പരിക്കേല്പിക്കുകയും അപമാനിച്ചയയ്ക്കുകയും ചെയ്തു.
5: അവന്‍ വീണ്ടുമൊരുവനെയയച്ചു. അവനെയവര്‍ കൊന്നുകളഞ്ഞു. മറ്റു പലരെയുമയച്ചു. ചിലരെ അവരടിക്കുകയും ചിലരെക്കൊല്ലുകയും ചെയ്തു.
6: അവനിനി ഒരുവന്‍മാത്രമവശേഷിച്ചു - തന്റെ പ്രിയപുത്രന്‍. എന്റെ പുത്രനെ അവര്‍ മാനിക്കുമെന്നുപറഞ്ഞ്, അവസാനം അവനെയും അവരുടെയടുത്തേക്കയച്ചു.
7: കൃഷിക്കാര്‍ പരസ്പരം പറഞ്ഞു: ഇവനാണവകാശി; വരൂ, ഇവനെ നമുക്കു കൊന്നുകളയാം; അവകാശം നമ്മുടേതാകും.
8: അവരവനെപ്പിടിച്ചു കൊന്നു, മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു.
9: ഇനി മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥനെന്തുചെയ്യും? അവന്‍ വന്ന്, ആ കൃഷിക്കാരെ നശിപ്പിച്ച് മുന്തിരിത്തോട്ടം വേറെ ആളുകളെയേല്പിക്കും.
10: ഈ വിശുദ്ധലിഖിതം നിങ്ങള്‍ വായിച്ചിട്ടില്ലേ? പണിക്കാരുപേക്ഷിച്ച കല്ലുതന്നെ മൂലക്കല്ലായിത്തീര്‍ന്നു.
11: ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്ടിയില്‍, ഇതദ്ഭുതകരമായിരിക്കുന്നു.
12: തങ്ങള്‍ക്കെതിരേയാണ് ഈ ഉപമ അവന്‍ പറഞ്ഞതെന്നു മനസ്സിലാക്കി, അവരവനെ പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ജനക്കൂട്ടത്തെ അവര്‍ ഭയപ്പെട്ടു. അതുകൊണ്ട്, അവരവനെ വിട്ടുപോയി.

സീസറിനു നികുതികൊടുക്കണമോ?
13: അവനെ വാക്കില്‍ക്കുടുക്കുന്നതിനുവേണ്ടി, കുറേ ഫരിസേയരേയും ഹേറോദ്യ
രേയും അവര്‍ അവന്റെയടുത്തേക്കയച്ചു.
14: അവര്‍ വന്ന് അവനോടു പറഞ്ഞു: ഗുരോ, നീ സത്യവാനാണെന്നും ആരാലും സ്വാധീനിക്കപ്പെടാത്തവനാണെന്നും ആരുടേയും മുഖനോക്കാതെ, നിര്‍ഭയം ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നവനാണെന്നും ഞങ്ങളറിയുന്നു. സീസറിനു നികുതികൊടുക്കുന്നതു നിയമാനുസൃതമോ അല്ലയോ? ഞങ്ങൾ കൊടുക്കണമോ വേണ്ടയോ?
15: അവരുടെ കാപട്യം മനസ്സിലാക്കി അവനവരോടു പറഞ്ഞു: നിങ്ങളെന്തിനെന്നെ പരീക്ഷിക്കുന്നു? ഒരു ദനാറ എന്റെയടുത്തു കൊണ്ടുവരുക. ഞാന്‍ കാണട്ടെ.
16: അവരതു കൊണ്ടുവന്നപ്പോള്‍ അവന്‍ ചോദിച്ചു: ഈ രൂപവും ലിഖിതവുമാരുടേതാണ്?
 അവരവനോടു പറഞ്ഞു: സീസറിന്റേത്.
17: യേശു അവരോടു പറഞ്ഞു: സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക. അവരവനെക്കുറിച്ചു വിസ്മയിച്ചു.

ഉത്ഥാനത്തെക്കുറിച്ചു വിവാദം
18: അനന്തരം, 
ത്ഥാനമില്ല എന്നുപറഞ്ഞിരുന്ന സദുക്കായര്‍ അവനെ സമീപിച്ചുചോദിച്ചു:
19: ഗുരോ, ഒരുവന്‍ സന്താനമില്ലാതെ മരിക്കുകയും ഭാര്യ ജീവിച്ചിരിക്കുകയുംചെയ്യുന്നെങ്കില്‍ അവന്റെ സഹോദരന്‍ അവളെ ഭാര്യയായി സ്വീകരിച്ച്, അവനുവേണ്ടി സന്താനങ്ങളെ ഉത്പാദിപ്പിക്കണമെന്നു മോശ എഴുതിയിട്ടുണ്ട്.
20: ഒരിടത്ത് ഏഴുസഹോദരന്മാരുണ്ടായിരുന്നു. ഒന്നാമന്‍ ഒരുവളെ വിവാഹംചെയ്തു. അവന്‍ സന്താനമില്ലാതെ മരിച്ചു.
21: രണ്ടാമനവളെ സ്വീകരിച്ചു. അവനും സന്താനമില്ലാതെ മരിച്ചു. മൂന്നാമനും അങ്ങനെതന്നെ.
22: ഇങ്ങനെ ഏഴുപേരും സന്താനമില്ലാതെ മരിച്ചു. അവസാനം ആ സ്ത്രീയും മരിച്ചു.
23: ഉത്ഥാനത്തില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അവളാരുടെ ഭാര്യയായിരിക്കും? കാരണം, അവള്‍ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ.
24: യേശു അവരോടു പറഞ്ഞു: ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്?
25: എന്തെന്നാല്‍, മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കുമ്പോള്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. മറിച്ച്, അവര്‍ സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെയാണ്.
26: മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ച്, ദൈവം മുള്‍പ്പടര്‍പ്പില്‍നിന്നു മോശയോടരുളിച്ചെയ്തതെന്താണെന്ന്, മോശയുടെ പുസ്തകത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അവിടുന്നു പറഞ്ഞു: ഞാന്‍ അബ്രാഹമിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമാണ്.
27: അവിടുന്നു മരിച്ചവരുടെ 
ദൈവല്ല, പ്രത്യുത, ജീവിക്കുന്നവരുടെയാണ്. നിങ്ങള്‍ക്കു വലിയ തെറ്റുപറ്റിയിരിക്കുന്നു.

സുപ്രധാനകല്പനകള്‍
28: ഒരു നിയമജ്ഞന്‍ വന്ന്, അവരുടെ വിവാദം കേട്ടു. അവന്‍ നന്നായി ഉത്തരം പറയുന്നുവെന്നു മനസ്സിലാക്കി അവനോടു ചോദിച്ചു: എല്ലാറ്റിലും പ്രഥമമായ കല്പനയേതാണ്?
29: യേശു പ്രതിവചിച്ചു: ഒന്നാമത്തേതി
താണ്: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏകകര്‍ത്താവ്.
30: നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടുംകൂടെ സ്‌നേഹിക്കുക.
31: രണ്ടാമ
ത്തേതിതാണ്നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഇവയെക്കാള്‍ വലിയകല്പന വേറെയില്ലാ.
32: നിയമജ്ഞന്‍ അവനോടുപറഞ്ഞു: ഗുരോ, 
ശരിതന്നെ. അങ്ങു സത്യമായി പറഞ്ഞു. അവിടുന്ന് ഏകനാണെന്നും അവിടുന്നല്ലാതെ വേറൊരുവനില്ലെന്നും
33: അവിടുത്തെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടുംകൂടെ സ്‌നേഹിക്കുന്നതും തന്നെപ്പോലെതന്നെ അയല്‍ക്കാരനെ സ്‌നേഹിക്കുന്നതും എല്ലാ ദഹനബലികളെയും യാഗങ്ങളെയുംകാള്‍ മഹനീയമാണെന്നും!
34: അവന്‍ ബുദ്ധിപൂര്‍വ്വം മറുപടി പറഞ്ഞുവെന്നു മനസ്സിലാക്കി യേശു പറഞ്ഞു: നീ ദൈവരാജ്യത്തില്‍നിന്നകലെയല്ല. പിന്നീട് യേശുവിനോട് 
ആരും ഒന്നും ചോദിക്കാന്‍ മുതിർന്നില്ല.

ക്രിസ്തു ദാവീദിന്റെ പുത്രന്‍
35: ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു ചോദിച്ചു: ക്രിസ്തു ദാവീദിന്റെ പുത്രനാണെന്നു നിയമജ്ഞര്‍ പറയുന്നതെങ്ങനെ?
36: പരിശുദ്ധാത്മാവില്‍ ദാവീദുതന്നെ പറഞ്ഞിട്ടുണ്ട്: കര്‍ത്താവ് എന്റെ കര്‍ത്താവിനോടരുൾചെയ്തു. ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തു ഭാഗത്തുപവിഷ്ടനാവുക.
37: ദാവീദുതന്നെ അവനെ കര്‍ത്താവെന്നു വിളിക്കുന്നു. പിന്നെങ്ങനെയാണ് അവന്‍ അവന്റെ പുത്രനാകുന്നത്? വലിയജനക്കൂട്ടം സന്തോഷപൂര്‍വ്വം അവനെ ശ്രവിച്ചു.

നിയമജ്ഞരെ വിമര്‍ശിക്കുന്നു
38: അവനിങ്ങനെ പഠിപ്പിച്ചു: നിങ്ങള്‍ നിയമജ്ഞരെ സൂക്ഷിച്ചുകൊള്ളുവിന്‍. നീണ്ടമേലങ്കികള്‍ ധരിച്ചുനടക്കാൻ
 അവരാഗ്രഹിക്കുന്നു. കൂടാതെ, പൊതുസ്ഥലങ്ങളില്‍ അഭിവാദ്യവും 
39: സിനഗോഗുകളില്‍ ഉന്നതപീഠങ്ങളും വിരുന്നുകളില്‍ പ്രമുഖസ്ഥാനങ്ങളും.
40: എന്നാല്‍, അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുകയും ദീര്‍ഘമായി പ്രാര്‍ത്ഥിക്കുന്നെന്നു നടിക്കുകയുംചെയ്യുന്നു. ഇവര്‍ക്കു കൂടുതല്‍കഠിനമായ ശിക്ഷാവിധി ലഭിക്കും.

വിധവയുടെ കാണിക്ക
41: അവന്‍ ഭണ്ഡാരത്തിന് എതിര്‍വശത്തിരുന്ന്, ജനക്കൂട്ടം ഭണ്ഡാരത്തില്‍ നാണയത്തുട്ടുകളിടുന്നതു ശ്രദ്ധിച്ചു. പല ധനവാന്മാരും അധികം നിക്ഷേപിച്ചു.
42: അപ്പോള്‍, ദരിദ്രയായ ഒരു വിധവ വന്ന്, ഏറ്റവും വിലകുറഞ്ഞ രണ്ടു ചെമ്പുനാണയങ്ങളിട്ടു.
43: അവന്‍ തന്റെ ശിഷ്യന്മാരെ അടുത്തുവിളിച്ച്, അവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ,
 ഭണ്ഡാരത്തിലിട്ട എല്ലാവരേയുംകാള്‍ കൂടുതലായി ഇട്ടിരിക്കുന്നു.
44: എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്നിട്ടു. ഇവളാകട്ടെ, തന്റെ ദാരിദ്ര്യത്തില്‍നിന്ന്, തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വകമുഴുവനും, ഇട്ടിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ