നൂറ്റിയമ്പത്തിമൂന്നാം ദിവസം: ജോബ്‌ 15 - 20


അദ്ധ്യായം 15

എലിഫാസ് വീണ്ടും സംസാരിക്കുന്നു
1: തേമാന്യനായ എലിഫാസ് പറഞ്ഞു: ബുദ്ധിമാന്‍ പൊള്ളവാക്കുകള്‍കൊണ്ടു വാദിക്കുമോ?
2: അവന്‍ കിഴക്കന്‍കാറ്റുകൊണ്ടു തന്നെത്തന്നെ നിറയ്ക്കുമോ?
3: നിഷ്പ്രയോജനമായ വിവാദത്തില്‍ അവനേര്‍പ്പെടുമോ? ഉപകാരമില്ലാത്ത വാക്കുകള്‍ അവനുപയോഗിക്കുമോ?
4: എന്നാൽ, നിനക്കു ദൈവഭയമില്ലാതായിരിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള ചിന്തപോലും നിൻ്റെ മനസ്സിലില്ല.
5: അകൃത്യങ്ങളാണു നിൻ്റെ നാവിനെയുപദേശിക്കുന്നത്. വഞ്ചനയുടെ ഭാഷയാണു നീ തിരഞ്ഞെടുക്കുന്നത്.
6: ഞാനല്ല, നീതന്നെയാണു നിന്നെ കുറ്റപ്പെടുത്തുന്നത്. നിൻ്റെ അധരംതന്നെ നിനക്കെതിരേ സാക്ഷ്യംനല്കുന്നു.
7: നീയാണോ ആദ്യത്തെ മനുഷ്യന്‍‍? പര്‍വ്വതങ്ങള്‍ക്കുമുമ്പേ നീ ജനിച്ചുവോ?
8: ദൈവത്തിൻ്റെ ആലോചനാസഭയിലെ വിചിന്തനങ്ങള്‍ നീ കേട്ടിട്ടുണ്ടോ? ജ്ഞാനം മുഴുവന്‍ നീ കൈയടക്കിവച്ചിട്ടുണ്ടോ?
9: ഞങ്ങള്‍ക്കറിഞ്ഞുകൂടാത്ത എന്താണു നിനക്കറിയാവുന്നത്? ഞങ്ങള്‍ക്കു വ്യക്തമല്ലാത്ത എന്താണു നീ മനസ്സിലാക്കിയിട്ടുള്ളത്?
10: നര ബാധിച്ചവരും വൃദ്ധരും ഞങ്ങളുടെയിടയിലുണ്ട്, അവര്‍ക്കു നിൻ്റെ പിതാവിനെക്കാള്‍ പ്രായമുണ്ട്.
11: ദൈവത്തിൻ്റെ സമാശ്വാസങ്ങളും നിന്നോടു സൗമ്യമായി പറയുന്ന വാക്കുകളും നിനക്കു നിസ്സാരമാണോ?
12: എന്തുകൊണ്ടാണു നീ വികാരാധീനനാകുന്നത്? എന്തിനാണ്, നിൻ്റെ കണ്ണുകള്‍ ജ്വലിക്കുന്നത്?
13: എന്തുകൊണ്ടാണ്, നീ ദൈവത്തിനെതിരേ കോപമഴിച്ചുവിടുന്നത്? ഇത്തരം വാക്കുകള്‍ നിന്നില്‍നിന്നു പുറപ്പെടുന്നതെന്തുകൊണ്ട്?
14: മനുഷ്യനു നിഷ്‌കളങ്കനായിരിക്കാന്‍ കഴിയുമോ? സ്ത്രീയില്‍നിന്നു ജനിച്ചവനു നീതിമാനായിരിക്കാന്‍ സാധിക്കുമോ?
15: തൻ്റെ വിശുദ്ധ ദൂതന്മാരില്‍പോലും ദൈവം വിശ്വാസമര്‍പ്പിക്കുന്നില്ല; അവിടുത്തെ ദൃഷ്ടിയില്‍ സ്വര്‍ഗ്ഗവും നിര്‍മ്മലമല്ല.
16: മ്ലേച്ഛനും നീചനും വെള്ളംപോലെ അനീതി പാനംചെയ്യുന്നവനുമായ മനുഷ്യന്‍ അവരെക്കാള്‍ എത്രയോ താഴെയാണ്!
17: ഞാന്‍ പറയുന്നതു കേള്‍ക്കുക; ഞാന്‍ വ്യക്തമാക്കിത്തരാം. ഞാന്‍ കണ്ടിട്ടുള്ളവ ഞാന്‍ വിശദമാക്കാം.
18: ജ്ഞാനികള്‍ പറഞ്ഞതും അവരുടെ പിതാക്കന്മാര്‍ ഒളിച്ചുവയ്ക്കാതിരുന്നതുംതന്നെ.
19: അവര്‍ക്കുമാത്രമാണു ദേശം നല്കിയത്. അന്യരാരും അവരുടെയിടയിലൂടെ കടന്നുപോയില്ല.
20: ദുഷ്ടന്‍ ജീവിതകാലംമുഴുവന്‍, അധര്‍മ്മിക്കു വിധിച്ച നാളുകള്‍ തികയുവോളം, വേദനയില്‍ പുളയുന്നു.
21: ഭീകരശബ്ദങ്ങള്‍ അവൻ്റെ ചെവിയില്‍ മുഴങ്ങുന്നു; ഐശ്വര്യകാലത്തു വിനാശകന്‍ അവൻ്റെമേല്‍ ചാടിവീഴുന്നു.
22: അന്ധകാരത്തില്‍നിന്നു മോചനംലഭിക്കുമെന്ന് അവന്‍ വിശ്വസിക്കുന്നില്ല. വാളിനിരയാകാന്‍ അവന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
23: ആഹാരമെവിടെയെന്നു തിരക്കി അവനലയുന്നു. അന്ധകാരത്തിൻ്റെ ദിനം ആസന്നമായെന്ന് അവനറിയുന്നു.
24: ദുഃഖവും തീവ്രവേദനയും അവനെ ഭീതിപ്പെടുത്തുന്നു; യുദ്ധസന്നദ്ധനായ രാജാവിനെപ്പോലെ, അവയവനെ കീഴടക്കുന്നു.
25: എന്തെന്നാല്‍, അവന്‍ ദൈവത്തിനെതിരേ കൈയുയര്‍ത്തുകയും സര്‍വ്വശക്തനെ വെല്ലുവിളിക്കുകയുംചെയ്തിരിക്കുന്നു.
26: കനത്ത പരിചയുമേന്തി ധിക്കാരപൂര്‍വ്വം അവിടുത്തെനേരെ പാഞ്ഞുചെല്ലുന്നു.
27: അവന്‍ മുഖവും അരയും മേദസ്സുകൊണ്ടു മൂടിയിരിക്കുന്നു.
28: വിജനമാക്കപ്പെട്ട നഗരങ്ങളിലും ആളൊഴിഞ്ഞ പാര്‍പ്പിടങ്ങളിലും അവന്‍ വസിച്ചിട്ടുണ്ട്. നാശത്തിന് ഉഴിഞ്ഞിട്ടിരുന്നവയാണവ.
29: അവന്‍ സമ്പന്നനാവുകയില്ല; അവൻ്റെ ധനം നിലനില്‍ക്കുകയില്ല. അവന്‍ ഭൂമിയില്‍ വേരുപിടിക്കുകയില്ല.
30: അവന്, അന്ധകാരത്തില്‍നിന്നു മോചനമില്ല; അഗ്നിജ്വാലകള്‍ അവൻ്റെ ശാഖകളെ ഉണക്കിക്കളയും. അവൻ്റെ പുഷ്പങ്ങള്‍ കാറ്റില്‍ പറത്തിക്കളയും.
31: തന്നെത്തന്നെ വഞ്ചിച്ച്, അവന്‍ ശൂന്യതയിലാശ്രയിക്കരുത്; ശൂന്യതയായിരിക്കും അവൻ്റെ പ്രതിഫലം.
32: അവൻ്റെ സമയമാകുന്നതിനുമുമ്പുതന്നെ അവനിതു ഭവിക്കും. അവൻ്റെ ശാഖകള്‍ ഒരിക്കലും തളിര്‍ക്കുകയില്ല.
33: മുന്തിരിച്ചെടിയുടേതുപോലെ അവൻ്റെ അപക്വഫലങ്ങള്‍ കൊഴിയും. ഒലിവുമരത്തിന്റേതെന്നപോലെ അവൻ്റെ പൂക്കള്‍ പൊഴിഞ്ഞുപോകും.
34: എന്തെന്നാല്‍, അധര്‍മ്മികളോടു സംഘംചേരുന്നതു നിഷ്ഫലമായിരിക്കും. കൈക്കൂലിയുടെ കൂടാരങ്ങള്‍ അഗ്നിക്കിരയാകും.
35: അവര്‍ ദ്രോഹം ഗര്‍ഭംധരിച്ചു തിന്മയെ പ്രസവിക്കുന്നു. അവരുടെ ഹൃദയം, വഞ്ചനയൊരുക്കുന്നു.

അദ്ധ്യായം 16

ജോബിൻ്റെ മറുപടി

1: ജോബ് പറഞ്ഞു: ഇതൊക്കെ, മുമ്പും ഞാന്‍ കേട്ടിട്ടുണ്ട്.  
2: നിങ്ങള്‍നല്കുന്ന ആശ്വാസം ദയനീയമാണ്.
3: പൊള്ളവാക്കുകള്‍ക്കറുതിയില്ലേ? അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍ നിന്നെ പ്രേരിപ്പിക്കുന്നതെന്ത്?
4: നീ എൻ്റെ സ്ഥാനത്തായിരുന്നെങ്കില്‍ നിന്നെപ്പോലെ സംസാരിക്കാന്‍ എനിക്കും കഴിയുമായിരുന്നു. നിനക്കെതിരേ സംസാരിക്കാനും നിന്നെ പരിഹസിക്കാനും എനിക്കു കഴിയുമായിരുന്നു.
5: എന്നാൽ‍, എൻ്റെ സംസാരംകൊണ്ടു നിന്നെ ഞാന്‍ ശക്തിപ്പെടുത്തുമായിരുന്നു. സാന്ത്വനവാക്കുകള്‍കൊണ്ടു നിൻ്റെ വേദന ലഘൂകരിക്കുകമായിരുന്നു.
6: ഞാന്‍ സംസാരിച്ചതുകൊണ്ട്, എൻ്റെ വേദന ശമിക്കുന്നില്ല. മിണ്ടാതിരുന്നാലും അതെന്നെ വിട്ടുമാറുന്നില്ല.
7: ദൈവമിപ്പോള്‍ എന്നെ തളര്‍ത്തിയിരിക്കുകയാണ്. എൻ്റെ സ്‌നേഹിതന്മാരെയും അവിടുന്ന് അകറ്റിക്കളഞ്ഞിരിക്കുന്നു.
8: അവിടുന്നെന്നെ എല്ലുംതോലുമാക്കിയിരിക്കുന്നു. അതെൻ്റെ മുഖത്തുനോക്കി എനിക്കെതിരേ സാക്ഷ്യംനല്കുന്നു.
9: അവിടുന്നെന്നെ വെറുക്കുകയും തൻ്റെ ക്രോധത്തില്‍ എന്നെ ചീന്തിക്കളയുകയും ചെയ്തു. അവിടുന്ന് എൻ്റെനേരേ പല്ലിറുമ്മി, ശത്രു എന്നെ തീക്ഷ്ണമായി നോക്കുന്നു.
10: മനുഷ്യര്‍ എൻ്റെനേരേ വായ് പിളര്‍ന്നു, അവര്‍ ഗര്‍വ്വോടെ എൻ്റെ മുഖത്തടിച്ചു; എനിക്കെതിരേ അവര്‍ സംഘംചേരുന്നു.
11: അധര്‍മ്മികള്‍ക്ക് അവിടുന്നെന്നെ വിട്ടുകൊടുക്കുന്നു; ക്രൂരന്മാരുടെ കൈകളില്‍ എന്നെ ഏല്പിച്ചുകൊടുക്കുന്നു.
12: ഞാന്‍ സ്വസ്ഥമായി വസിച്ചിരുന്നു; അവിടുന്നെന്നെ തകര്‍ത്തു, അവിടുന്നെൻ്റെ കഴുത്തിനുപിടിച്ചു നിലത്തടിച്ചു ചിതറിച്ചു. അവിടുന്നെന്റെനേരേ ഉന്നംവച്ചിരിക്കുന്നു.
13: അവിടുത്തെ വില്ലാളികള്‍ എന്നെ വലയംചെയ്തിരിക്കുന്നു. അവിടുന്നെൻ്റെ ആന്തരാവയവങ്ങളെ കരുണയില്ലാതെ പിളര്‍ക്കുന്നു. അവിടുന്നെൻ്റെ പിത്തനീര് ഒഴുക്കിക്കളയുന്നു.
14: അവിടുന്നെന്നെ ആവര്‍ത്തിച്ചു മര്‍ദ്ദിച്ചു തകര്‍ക്കുന്നു. പടയാളിയെപ്പോലെ അവിടുന്നെന്റെമേല്‍ ചാടിവീഴുന്നു.
15: ശരീരത്തിനു ഞാന്‍ ചാക്കുവസ്ത്രം തുന്നിയിരിക്കുന്നു. എൻ്റെ നെറ്റി പൊടിയിലാണ്ടിരിക്കുന്നു.
16: കരഞ്ഞുകരഞ്ഞ്, എൻ്റെ മുഖം ചെമന്നു; എൻ്റെ കണ്‍പോളകളില്‍ അന്ധകാരം കുടിയിരിക്കുന്നു.
17: എൻ്റെ കൈകള്‍ അക്രമം പ്രവര്‍ത്തിച്ചിട്ടില്ല, എൻ്റെ പ്രാര്‍ത്ഥന നിര്‍മ്മലമാണ്.
18: ഭൂമി എൻ്റെ രക്തം മറച്ചുകളയാതിരിക്കട്ടെ! എൻ്റെ വിലാപം അവസാനിക്കാതിരിക്കട്ടെ!
19: ഇപ്പോഴും എൻ്റെ സാക്ഷി സ്വര്‍ഗ്ഗത്തിലും എൻ്റെ ജാമ്യക്കാരന്‍ ഉന്നതത്തിലുമിരിക്കുന്നു.
20: സ്‌നേഹിതന്മാര്‍ എന്നെ പരിഹസിക്കുന്നു. എൻ്റെ കണ്ണുകള്‍ ദൈവസന്നിധിയില്‍ കണ്ണീരൊഴുക്കുന്നു.
21: ഒരുവന്‍ അയല്‍ക്കാരൻ്റെമുമ്പില്‍ വാദിക്കുന്നതുപോലെ അതെനിക്കുവേണ്ടി ദൈവത്തിൻ്റെമുമ്പില്‍ ന്യായവാദം നടത്തട്ടെ.
22: ഏതാനും വര്‍ഷങ്ങള്‍കഴിയുമ്പോള്‍ തിരിച്ചുവരാന്‍കഴിയാത്ത പാതയിലൂടെ ഞാന്‍ കടന്നുപോകും.

അദ്ധ്യായം 17

1: എൻ്റെ മനസ്സു നുറുങ്ങിയിരിക്കുന്നു; എൻ്റെ ദിനങ്ങള്‍ തീര്‍ന്നിരിക്കുന്നു. ശവകുടീരം എനിക്കായൊരുങ്ങിയിരിക്കുന്നു.
2: പരിഹാസകര്‍ എന്നെ വളയുന്നു. അവരുടെ പരിഹാസം, ഞാന്‍ നിസ്സഹായനായി നോക്കിയിരിക്കുന്നു.
3: അങ്ങുതന്നെ എനിക്കു ജാമ്യംനില്ക്കണമേ! മറ്റാരാണ് എനിക്കുവേണ്ടി ജാമ്യംനില്ക്കുക?
4: അങ്ങുതന്നെ അവരുടെ ബോധത്തെ അന്ധമാക്കിയതുകൊണ്ട്, എന്നെ ജയിക്കാന്‍ അവരെയനുവദിക്കരുതേ!
5: സ്‌നേഹിതൻ്റെ സ്വത്തില്‍ പങ്കുകിട്ടാന്‍വേണ്ടി അവനെ ഒറ്റിക്കൊടുക്കുന്നവൻ്റെ സന്തതികളുടെ കണ്ണ്, അന്ധമായിപ്പോകും.
6: അവിടുന്നെന്നെ ജനങ്ങള്‍ക്കു പഴമൊഴിയാക്കിത്തീര്‍ത്തു; ആളുകള്‍ എൻ്റെ മുഖത്തു തുപ്പുന്നതിനിടയാക്കുന്നു.
7: ദുഃഖാധിക്യത്താല്‍ എൻ്റെ കണ്ണുകള്‍ മങ്ങി. എൻ്റെ അവയവങ്ങള്‍ നിഴല്‍പോലെയായി.
8: ഇതുകണ്ടു നീതിമാന്മാര്‍ പരിഭ്രാന്തരായിത്തീരുന്നു; നിഷ്‌കളങ്കന്‍ അധര്‍മ്മിയുടെനേരേ കോപിക്കുന്നു.
9: നീതിമാന്‍ തൻ്റെ മാര്‍ഗ്ഗത്തില്‍ ഉറച്ചുനില്‍ക്കുന്നു. നിര്‍മ്മലകരങ്ങളുള്ളവന്‍ അടിക്കടി കരുത്തുനേടുന്നു.
10: നിങ്ങളെല്ലാവരും ഒരുമിച്ചുവന്നാലും നിങ്ങളില്‍ ഒരു ജ്ഞാനിയുമുണ്ടായിരിക്കുകയില്ല.
11: എൻ്റെ ദിനങ്ങള്‍ കടന്നുപോയി. എൻ്റെ പദ്ധതികളും ഹൃദയാഭിലാഷങ്ങളും തകര്‍ന്നു.
12: അവര്‍ രാത്രിയെ പകലാക്കുന്നു; പ്രകാശം, അന്ധകാരത്തോടടുത്തിരിക്കുന്നു എന്നവര്‍ പറയുന്നു.
13: പാതാളത്തെ ഭവനമായി ഞാന്‍ കാണുന്നുവെങ്കില്‍ അന്ധകാരത്തില്‍ ഞാനെൻ്റെ കിടക്കവിരിക്കുന്നുവെങ്കില്‍
14: ശവക്കുഴിയോടു നീ എൻ്റെ പിതാവാണെന്നും പുഴുവിനോട് നീ എൻ്റെ അമ്മയാണ്, സഹോദരിയാണെന്നും പറയുന്നുവെങ്കില്‍
15: എൻ്റെ പ്രതീക്ഷയെവിടെ? എൻ്റെ പ്രത്യാശ ആരുകാണും?
16: അതു പാതാളകവാടംവരെയെത്തുമോ? പൊടിയിലേക്ക് എന്നോടൊത്തു വരുമോ?

അദ്ധ്യായം 18

ബില്‍ദാദ് വീണ്ടും സംസാരിക്കുന്നു.
1: ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു:
2: എത്രനേരം നീയിങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും? നീ ശ്രദ്ധിക്കുമെങ്കില്‍ ഞങ്ങള്‍ പറയാം.
3: എന്തുകൊണ്ടു നീ ഞങ്ങളെ മൃഗങ്ങളായെണ്ണുന്നു? എന്തുകൊണ്ടു ഭോഷന്മാരായി ഞങ്ങളെ കണക്കാക്കുന്നു.
4: കോപാവേശത്താല്‍ തന്നെത്തന്നെ ചീന്തിക്കളയുന്ന നിനക്കുവേണ്ടി, ഭൂമി പരിത്യക്തമാകണമോ? പാറയെ അതിൻ്റെ സ്ഥാനത്തുനിന്നു നീക്കണമോ?
5: ദുഷ്ടൻ്റെ പ്രകാശം കെടുത്തിയിരിക്കുന്നു. അവൻ്റെ അഗ്നി ജ്വലിക്കുന്നില്ല.
6: അവൻ്റെ കൂടാരത്തില്‍ പ്രകാശം ഇരുളായിമാറിയിരിക്കുന്നു; അവനുമുകളിലുള്ള ദീപം കെടുത്തിയിരിക്കുന്നു.
7: ദൃഢമായിരുന്ന അവൻ്റെ പാദങ്ങള്‍ ഇപ്പോള്‍ പതറുന്നു. അവൻ്റെ പദ്ധതികള്‍തന്നെ അവനെ നശിപ്പിക്കുന്നു.
8: അവന്‍ നടന്നുചെന്നു വലയില്‍ക്കുടുങ്ങുന്നു; അവന്‍ ചതിക്കുഴിയുടെ മീതെയാണു നടക്കുന്നത്.
9: കുരുക്ക്, അവൻ്റെ കുതികാലില്‍ വീഴുന്നു. അവന്‍ കുടുക്കിലകപ്പെടുന്നു.
10: അവനെക്കുടുക്കാന്‍ തറയില്‍ കയര്‍ ഒളിച്ചുവച്ചിരിക്കുന്നു; പാതയിലൊരു കെണിയും.
11: എല്ലാവശത്തുംനിന്നു കൊടുംഭീതികള്‍ അവനെ ഭയപ്പെടുത്തുകയും വേട്ടയാടുകയുംചെയ്യുന്നു.
12: വിശപ്പുകൊണ്ട് അവൻ്റെ ശക്തി ക്ഷയിച്ചിരിക്കുന്നു; വിനാശം അവൻ്റെ ഇടര്‍ച്ച കാത്തിരിക്കുന്നു.
13: രോഗം, അവൻ്റെ ചര്‍മ്മത്തെ കാര്‍ന്നുതിന്നുന്നു; മൃത്യു അവൻ്റെ അവയവങ്ങളെയും.
14: അവനാശ്രയിച്ചിരുന്ന കൂടാരത്തില്‍നിന്ന് അവന്‍ പറിച്ചുമാറ്റപ്പെടും. ഭീകരതയുടെ രാജാവിൻ്റെയടുത്തേക്ക് അവന്‍ നയിക്കപ്പെടും.
15: അന്യര്‍ അവന്റെ കൂടാരത്തില്‍ വസിക്കും; അവൻ്റെ ഭവനത്തിന്മേല്‍ ഗന്ധകം വര്‍ഷിക്കപ്പെടും.
16: അവൻ്റെ വേരുകളുണങ്ങിപ്പോകും; അവൻ്റെ ശാഖകള്‍ വാടിയുണങ്ങും.
17: ഭൂമിയില്‍നിന്ന് അവൻ്റെ സ്മരണ മാഞ്ഞുപോകും. തെരുവീഥിയില്‍ അവൻ്റെ പേരില്ലാതാകും.
18: പ്രകാശത്തില്‍നിന്ന് അന്ധകാരത്തിലേക്ക് അവനെ തള്ളിയിടുകയും ലോകത്തില്‍നിന്ന് അവനെ ഓടിച്ചുകളയുകയുംചെയ്യും.
19: സ്വജനത്തിൻ്റെയിടയില്‍ അവനു സന്തതികളോ പിന്‍ഗാമികളോ ഉണ്ടായിരിക്കുകയില്ല; അവൻ്റെ പാര്‍പ്പിടത്തില്‍ ആരുമവശേഷിക്കുകയില്ല.
20: അവൻ്റെ ദിനംകണ്ട്, പടിഞ്ഞാറുള്ളവര്‍ പരിഭ്രാന്തരാകും; കിഴക്കുള്ളവര്‍ സംഭീതരാകും.
21: അധര്‍മ്മികളുടെ പാര്‍പ്പിടങ്ങള്‍ ഇങ്ങനെയാണ്. ദൈവത്തെ അറിയാത്തവരുടെ സ്ഥലത്ത് ഇതു സംഭവിക്കും.

അദ്ധ്യായം 19

ജോബിൻ്റെ മറുപടി

1: ജോബ് പറഞ്ഞു:
2: എത്രകാലം നിങ്ങളെന്നെ പീഡിപ്പിക്കുകയും വാക്കുകൊണ്ടു നുറുക്കുകയും ചെയ്യും?
3: ഇപ്പോള്‍ പത്തുപ്രാവശ്യം നിങ്ങളെൻ്റെമേല്‍ നിന്ദചൊരിഞ്ഞിരിക്കുന്നു. എന്നെ ദ്രോഹിക്കാന്‍ നിങ്ങള്‍ക്കു ലജ്ജയില്ലേ?
4: ഞാന്‍ തെറ്റുചെയ്‌തെങ്കില്‍ത്തന്നെ അതെന്നോടുകൂടെയിരുന്നുകൊള്ളും.
5: നിങ്ങള്‍ എന്നെക്കാള്‍ വലിയവരെന്നു ഭാവിക്കുന്നെങ്കില്‍, എൻ്റെ ദൈന്യം എനിക്കെതിരേ തെളിവായി നിങ്ങള്‍ സ്വീകരിക്കുന്നെങ്കില്‍,
6: ദൈവമാണ് എന്നോടിതുചെയ്തതെന്നും എന്നെ വലയിലകപ്പെടുത്തിയതെന്നും നിങ്ങള്‍ മനസ്സിലാക്കണം.
7: അതിക്രമം എന്നുറക്കെ വിളിച്ചുപറഞ്ഞാലും എനിക്കു മറുപടി ലഭിക്കുന്നില്ല. മുറവിളികൂട്ടിയാലും എനിക്കു നീതി ലഭിക്കുന്നില്ല.
8: കടന്നുപോകാനാവാത്തവിധം അവിടുന്നെൻ്റെ വഴി, മതില്‍കെട്ടിയടച്ചു. എൻ്റെ മാര്‍ഗ്ഗങ്ങളെ അന്ധകാരപൂര്‍ണ്ണമാക്കുകയും ചെയ്തു.
9: എൻ്റെ മഹത്വം അവിടുന്നുരിഞ്ഞുമാറ്റിയിരിക്കുന്നു; എൻ്റെ കിരീടം അവിടുന്നെടുത്തുകളഞ്ഞു.
10: എല്ലാവശത്തുംനിന്ന് അവിടുന്നെന്നെ തകര്‍ക്കുന്നു. ഞാനിതാ പൊയ്ക്കഴിഞ്ഞു. അവിടുന്നെൻ്റെ പ്രത്യാശയെ വൃക്ഷത്തെയെന്നപോലെ പിഴുതുകളഞ്ഞിരിക്കുന്നു.
11: എനിക്കെതിരേ അവിടുന്നു ക്രോധം ജ്വലിപ്പിക്കുന്നു. അവിടുന്നെന്നെ ശത്രുവായെണ്ണിയിരിക്കുന്നു.
12: അവിടുത്തെ സൈന്യങ്ങള്‍ എനിക്കെതിരേ ഉപരോധമുയര്‍ത്തിയിരിക്കുന്നു. എൻ്റെ കൂടാരത്തിനുചുറ്റും അവര്‍ പാളയമടിച്ചിരിക്കുന്നു.
13: അവിടുന്നെൻ്റെ സഹോദരന്മാരെ അകറ്റിയിരിക്കുന്നു. എൻ്റെ പരിചയക്കാരും അപരിചിതരായിത്തീര്‍ന്നു.
14: ബന്ധുജനങ്ങളും ഉറ്റസ്‌നേഹിതരും എന്നെയുപേക്ഷിച്ചു.
15: എൻ്റെ ഭവനത്തിലെ അതിഥികളും എന്നെ വിസ്മരിച്ചിരിക്കുന്നു. എൻ്റെ ദാസിമാര്‍ എന്നെ അന്യനായിക്കരുതുന്നു. ഞാന്‍ അവരുടെ ദൃഷ്ടിയില്‍ പരദേശിയായിത്തീര്‍ന്നിരിക്കുന്നു.
16: ഞാന്‍ ദാസനെ വിളിച്ചാല്‍ അവന്‍ കേള്‍ക്കുന്നില്ല. ഞാനവനോടു യാചിക്കേണ്ടിവരുന്നു.
17: എൻ്റെ ഭാര്യ എന്നോടറപ്പുകാട്ടുന്നു. എൻ്റെ സഹോദരന്മാര്‍ക്കും ഞാന്‍ നിന്ദാപാത്രമായി.
18: കൊച്ചുകുട്ടികള്‍പോലും എന്നെ പുച്ഛിക്കുന്നു. എന്നെക്കാണുമ്പോള്‍ അവര്‍ പരിഹസിക്കുന്നു.
19: എൻ്റെ ഉറ്റ സ്‌നേഹിതന്മാര്‍ എന്നില്‍നിന്ന് അറപ്പോടെയകലുന്നു. ഞാന്‍ സ്‌നേഹിച്ചവര്‍ എനിക്കെതിരേതിരിഞ്ഞു.
20: എൻ്റെ അസ്ഥി, ത്വക്കിനോടും മാംസത്തോടുമൊട്ടിയിരിക്കുന്നു. ജീവന്‍ പോയിട്ടില്ലെന്നേയുള്ളു.
21: എൻ്റെ പ്രിയ സ്‌നേഹിതരേ, എന്നോടു കരുണയുണ്ടാകണമേ. ദൈവത്തിൻ്റെ കരം എൻ്റെമേല്‍ പതിച്ചിരിക്കുന്നു.
22: ദൈവത്തെപ്പോലെ നിങ്ങളും എന്നെയനുധാവനംചെയ്യുന്നതെന്ത്? എൻ്റെ മാംസംകൊണ്ടു നിങ്ങള്‍ക്കു തൃപ്തിവരാത്തതെന്ത്?
23: എൻ്റെ വാക്കുകള്‍ എഴുതപ്പെട്ടിരുന്നെങ്കില്‍! അവ ഒരു പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നെങ്കില്‍‍!
24: ഇരുമ്പുനാരായവും ഈയവുംകൊണ്ട് അവ എന്നേയ്ക്കുമായി പാറയില്‍ ആലേഖനംചെയ്തിരുന്നെങ്കില്‍ ‍!
25: എനിക്കു ന്യായംനടത്തിത്തരുന്നവന്‍ ജീവിക്കുന്നെന്നും അവസാനം അവിടുന്നെനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാനറിയുന്നു.
26: എൻ്റെ ചര്‍മ്മം അഴുകിയില്ലാതായാലും എൻ്റെ മാംസത്തില്‍നിന്നു ഞാന്‍ ദൈവത്തെ കാണും.
27: അവിടുത്തെ ഞാന്‍, എൻ്റെപക്ഷത്തു കാണും. മറ്റാരെയുമല്ല അവിടുത്തെത്തന്നെ എൻ്റെ കണ്ണുകള്‍ ദര്‍ശിക്കും. എൻ്റെ ഹൃദയം തളരുന്നു.
28: നാമെങ്ങനെ അവനെ അനുധാവനം ചെയ്യും, അവനില്‍ കുറ്റം കണ്ടെത്തിയിരിക്കുന്നുവെന്നു നിങ്ങള്‍ പറയുന്നെങ്കില്‍!
29: വാളിനെ ഭയപ്പെടുക, ക്രോധം വാളയയ്ക്കും. അങ്ങനെ ന്യായവിധിയുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കും.

അദ്ധ്യായം 20


സോഫാര്‍ വീണ്ടും സംസാരിക്കുന്നു
1: നാമാത്യനായ സോഫാര്‍ പറഞ്ഞു:
2: അക്ഷമനിമിത്തം മറുപടിപറയാന്‍ എന്നില്‍ ചിന്തകളുയരുന്നു.
3: എന്നെ നിന്ദിക്കുന്ന ശകാരങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു; മറുപടിപറയാന്‍ ഞാനുത്തേജിതനാകുന്നു.
4: പണ്ടുമുതല്‍ക്കേ, മനുഷ്യന്‍ ഭൂമുഖത്തുദ്ഭവിച്ചകാലംമുതല്‍ക്കേ, നിനക്കറിയില്ലേ,
5: ദുഷ്ടന്റെ ജയഭേരി ക്ഷണികമാണെന്ന്, അധര്‍മ്മിയുടെ സന്തോഷം നൈമിഷികമാണെന്ന്?
6: അവന്‍ ആകാശത്തോളമുയര്‍ന്നാലും, അവൻ്റെ ശിരസ്സു മേഘങ്ങളെയുരുമ്മിനിന്നാലും,
7: തൻ്റെ വിസര്‍ജ്ജനവസ്തുപോലെ അവന്‍ നശിച്ചുപോകും; അവന്‍ എവിടെയെന്ന്, അവനെ മുമ്പു കണ്ടിട്ടുള്ളവര്‍ ചോദിക്കും.
8: സ്വപ്നംപോലെ അവന്‍ മാഞ്ഞുപോകും. പിന്നീടവനെ കാണുകയില്ല; ഒരു നിശാദര്‍ശനംപോലെ അവന്‍ പലായനംചെയ്യും.
9: അവനെക്കണ്ടിട്ടുള്ള കണ്ണുകള്‍ ഇനിയവനെ കാണുകയില്ല. അവൻ്റെ പാര്‍പ്പിടം അവനെ ദര്‍ശിക്കുകയില്ല.
10: അവൻ്റെ മക്കള്‍ ദരിദ്രരുടെ കാരുണ്യം യാചിക്കും. അവൻ്റെ സമ്പത്ത് അവന്‍തന്നെ തിരിച്ചുകൊടുക്കും.
11: അവൻ്റെ അസ്ഥികളില്‍ യുവത്വം തുളുമ്പിനില്‍ക്കുന്നു. എന്നാല്‍, അതവനോടുകൂടെ പൊടിയില്‍ക്കിടക്കും.
12: അവൻ്റെ നാവിനു തിന്മ മധുരമായി തോന്നിയേക്കാം. അവനതു നാവിനടിയില്‍ ഒളിച്ചുവച്ചേക്കാം.
13: രുചി ആസ്വദിക്കാന്‍വേണ്ടി ഇറക്കാതെ വായില്‍ സൂക്ഷിച്ചാലും
14: ഉദരത്തിലെത്തുമ്പോള്‍ അതു സര്‍പ്പവിഷമായി പരിണമിക്കുന്നു.
15: വിഴുങ്ങിയ സമ്പത്ത്, അവന്‍ ഛര്‍ദ്ദിക്കുന്നു. ദൈവം, അവൻ്റെ ഉദരത്തില്‍നിന്ന് അതു പുറത്തുകൊണ്ടുവരുന്നു.
16: അവന്‍ സര്‍പ്പവിഷം കുടിക്കും; അണലിയുടെ കടിയേറ്റു മരിക്കും.
17: തേനും പാല്‍ക്കട്ടിയുമൊഴുകുന്ന നദികളെ അവന്‍ നോക്കുകയില്ല.
18: തന്റെ അദ്ധ്വാനത്തിൻ്റെ ഫലം അവനനുഭവിക്കാതെ മടക്കിക്കൊടുക്കും. തൻ്റെ വ്യാപാരലാഭവും അവനാനന്ദംപകരുകയില്ല.
19: എന്തെന്നാല്‍, അവന്‍ പാവപ്പെട്ടവരെ പീഡിപ്പിക്കുകയും അവഗണിക്കുകയും ചെയ്തു; താന്‍ പണിയാത്ത വീട്, അവന്‍ പിടിച്ചെടുത്തു.
20: തൻ്റെ അത്യാഗ്രഹത്തിന് അതിരില്ലാത്തതിനാല്‍ തനിക്കിഷ്ടപ്പെടുന്നതൊന്നുംനേടാന്‍ അവനു സാധിക്കുകയില്ല.
21: അവന്‍ ഭക്ഷിച്ചതിനുശേഷം ഒന്നും മിച്ചംവരുകയില്ല. അതിനാല്‍, അവൻ്റെ ഐശ്വര്യം നിലനില്‍ക്കുകയില്ല.
22: സമൃദ്ധിയുടെ പൂര്‍ണ്ണതയില്‍ അവനു ഞെരുക്കമുണ്ടാകും; ദുരിതങ്ങളൊന്നാകെ അവൻ്റെമേല്‍ നിപതിക്കും.
23: ദൈവം തൻ്റെ കഠിനമായ കോപത്തെ അവനിലേക്കു മതിയാവോളമയയ്ക്കും. ഭക്ഷണംപോലെ അതവൻ്റെമേല്‍ വര്‍ഷിക്കും.
24: ഇരുമ്പായുധത്തില്‍നിന്ന് ഒഴിഞ്ഞുമാറുമ്പോള്‍ പിച്ചളയസ്ത്രം അവനില്‍ തറഞ്ഞുകയറും.
25: അവൻ്റെ ശരീരത്തില്‍നിന്ന് അതൂരിയെടുക്കുന്നു. അതിൻ്റെ തിളങ്ങുന്ന മുന, പിത്തഗ്രന്ഥിയില്‍നിന്നു പുറത്തെടുക്കുന്നു. ഭീകരതകള്‍ അവൻ്റെമേല്‍ വരുന്നു.
26: സാന്ദ്രമായ തമസ്സ് അവനു നിക്ഷേപമാക്കിവച്ചിരിക്കുന്നു; ആരും ഊതിക്കത്തിക്കാത്ത അഗ്നി, അവനെ വിഴുങ്ങും; അവൻ്റെ കൂടാരത്തില്‍ അവശേഷിക്കുന്നതിനെയും അതു ദഹിപ്പിക്കും.
27: ആകാശം അവൻ്റെ അനീതികളെ വെളിപ്പെടുത്തും; ഭൂമി അവനെതിരേ ഉയരും.
28: അവൻ്റെ ഭവനത്തിലെ സമ്പാദ്യങ്ങള്‍ കവര്‍ച്ചചെയ്യപ്പെടും. ദൈവകോപത്തിൻ്റെ ദിനത്തില്‍ അവ പൊയ്‌പ്പോകും.
29: ദുഷ്ടനു ദൈവംനല്കുന്ന ഓഹരിയും ദൈവത്തില്‍നിന്ന് അവനു ലഭിക്കുന്ന അവകാശവുമിതാണ്.

നൂറ്റിയമ്പത്തിരണ്ടാം ദിവസം: ജോബ്‌ 10 - 14


അദ്ധ്യായം 10

1: എന്റെ ജീവിതത്തെ ഞാന്‍ വെറുക്കുന്നു; എന്റെ പരാതികള്‍ ഞാനുച്ചത്തില്‍ വിളിച്ചുപറയും; എന്റെ മനോവ്യഥയില്‍നിന്ന് ഞാന്‍ സംസാരിക്കും.
2: എന്നെ കുറ്റംവിധിക്കരുതെന്നും എന്നെയെതിര്‍ക്കാന്‍ കാരണമെന്തെന്ന് അറിയിക്കണമെന്നും ഞാന്‍ ദൈവത്തോടു പറയും.
3, 4: അങ്ങയുടെ സൃഷ്ടികളെ പീഡിപ്പിക്കുന്നതും നിന്ദിക്കുന്നതും ദുഷ്ടന്റെ പദ്ധതികളെ അനുകൂലിക്കുന്നതും അങ്ങേയ്ക്കു യോജിച്ചതാണോ?
5: ഞാന്‍ നിഷ്‌കളങ്കനാണെന്നും അങ്ങയുടെ കരങ്ങളില്‍നിന്ന് എന്നെ രക്ഷിക്കാന്‍ ആരുമില്ലെന്നും അറിയുന്ന അങ്ങ്,
6: എന്റെ അനീതികളും പാപങ്ങളും അന്വേഷിച്ചു കണ്ടുപിടിക്കാന്‍ അങ്ങേയ്ക്കു മനുഷ്യനേത്രങ്ങളാണോ ഉള്ളത്?
7: മനുഷ്യന്‍ കാണുന്നതുപോലെയാണോ അങ്ങു ദര്‍ശിക്കുന്നത്? അങ്ങയുടെ ദിനങ്ങളും വര്‍ഷങ്ങളും മനുഷ്യന്റേതുപോലെയാണോ?
8: അങ്ങയുടെ കരങ്ങള്‍ എനിക്കു രൂപംനല്കി, എന്നെ സൃഷ്ടിച്ചു. എന്നാലിപ്പോള്‍, അങ്ങെനിക്കെതിരേതിരിഞ്ഞ്, എന്നെ നശിപ്പിക്കുന്നു.
9: കളിമണ്ണുകൊണ്ടാണ് അങ്ങെന്നെ സൃഷ്ടിച്ചതെന്ന് അനുസ്മരിക്കണമേ! പൊടിയിലേക്കുതന്നെ അങ്ങെന്നെ തിരിച്ചയയ്ക്കുമോ?
10: അങ്ങെന്നെ പാലുപോലെ പകര്‍ന്ന്‌, തൈരുപോലെ ഉറകൂട്ടിയില്ലേ?
11: അങ്ങു ചര്‍മ്മവും മാംസവുംകൊണ്ട് എന്നെയാവരണംചെയ്തു; അസ്ഥിയും സ്നായുക്കളുംകൊണ്ട് എന്നെ തുന്നിച്ചേര്‍ത്തു.
12: അങ്ങെന്നില്‍ ജീവനും ഗാഢമായ സ്നേഹവും നിക്ഷേപിച്ചു. അങ്ങയുടെ പരിപാലന, എന്റെയാത്മാവിനെ സംരക്ഷിച്ചു.
13: എന്നിട്ടും ഇവയെല്ലാം അങ്ങു ഹൃദയത്തില്‍ മറച്ചുവച്ചിരുന്നു; അങ്ങയുടെ ഉദ്ദേശ്യം ഇതായിരുന്നുവെന്നു ഞാന്‍ മനസ്സിലാക്കുന്നു.
14: ഞാന്‍ പാപംചെയ്താല്‍ അങ്ങെന്നെ ശ്രദ്ധിക്കുന്നു; എന്റെ അതിക്രമങ്ങള്‍ക്ക്, എന്നെ ശിക്ഷിക്കാതെവിടുന്നുമില്ല.
15: ഞാന്‍ ദുഷ്ടനാണെങ്കില്‍, എനിക്കു ദുരിതം! ഞാന്‍ നീതിമാനാണെങ്കില്‍ എനിക്കു ശിരസ്സുയര്‍ത്താന്‍ സാധിക്കുന്നില്ല. അവമാനബോധത്തോടെ ഞാനെന്റെ പീഡകളെ കാണുന്നു.
16: ഞാന്‍ ശിരസ്സുയര്‍ത്തിയാല്‍ സിംഹത്തെപ്പോലെ അങ്ങെന്നെ വേട്ടയാടും; വീണ്ടും അങ്ങെനിക്കെതിരായി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും.
17: എനിക്കെതിരേ അങ്ങു പുതിയ സാക്ഷികളെ അവതരിപ്പിക്കും. എന്റെനേര്‍ക്കുള്ള പീഡനങ്ങള്‍ അങ്ങു വര്‍ദ്ധിപ്പിക്കും. പുതിയ സൈന്യനിരയെ അങ്ങെനിക്കെതിരേ അണിനിരത്തും.
18: അമ്മയുടെ ഉദരത്തില്‍നിന്ന് എന്തിന് അങ്ങെന്നെ പുറത്തുകൊണ്ടുവന്നു?
19: ജന്മം ലഭിക്കാത്തവനെപ്പോലെ, അമ്മയുടെ ഉദരത്തില്‍നിന്ന് എന്നെ ശവക്കുഴിയിലേക്കു കൊണ്ടുപോയിരുന്നെങ്കില്‍ ! ആരുമെന്നെ കാണുന്നതിനുമുമ്പു ഞാന്‍ മരിച്ചിരുന്നെങ്കില്‍ !
20, 21: അന്ധകാരാവൃതമായ സ്ഥലത്തേക്ക്, പ്രകാശം തമസ്സുപോലെയിരിക്കുന്ന, അന്ധകാരത്തിന്റെയും ശൂന്യതയുടെയും ദേശത്തേക്ക്, ഒരിക്കലും മടങ്ങിവരാത്തവിധം ഞാന്‍ പോകുന്നതിനുമുമ്പ് എന്നെ ഏകനായി വിടുക;
22:ഞാനല്പം ആശ്വാസംകണ്ടെത്തട്ടെ. എന്റെ ജീവിതകാലം ഹ്രസ്വമല്ലേ?

അദ്ധ്യായം 11

സോഫാറിന്റെ പ്രഭാഷണം
1: നാമാത്യനായ സോഫാര്‍ പറഞ്ഞു:
2: അതിഭാഷണത്തിനു മറുപടി ലഭിക്കാതിരിക്കുമോ? ഏറെപ്പറഞ്ഞാല്‍ ന്യായീകരണമാകുമോ?
3: നിന്റെ ജല്പനം മനുഷ്യരെ നിശ്ശബ്ദരാക്കുമോ? നിന്റെ പരിഹാസത്തിന് ആരും നിന്നെ ലജ്ജിതനാക്കുകയില്ലേ?
4: ഞാന്‍ പറയുന്നതു കളങ്കരഹിതമാണ്; ദൈവത്തിന്റെ ദൃഷ്ടിയില്‍ ഞാന്‍ നിര്‍മ്മലനാണെന്നു നീ പറയുന്നു.
5: ദൈവം അധരം തുറന്നു നിന്നോടു സംസാരിക്കുകയും ദുര്‍ഗ്രഹമായ ജ്ഞാനത്തിന്റെ രഹസ്യങ്ങള്‍ നിന്നെയറിയിക്കുകയുംചെയ്തിരുന്നെങ്കില്‍!
6: നിന്റെ അകൃത്യങ്ങള്‍ അര്‍ഹിക്കുന്നതിനെക്കാള്‍ കുറച്ചുമാത്രമേ ദൈവം നിന്നില്‍നിന്ന് ഈടാക്കിയിട്ടുള്ളു എന്നു മനസ്സിലാക്കുക.
7: ദൈവത്തിന്റെ ദുരൂഹരഹസ്യങ്ങള്‍ ഗ്രഹിക്കാന്‍ നിനക്കു കഴിയുമോ? സര്‍വ്വശക്തന്റെ സീമ നിര്‍ണ്ണയിക്കാന്‍ നിനക്കു സാധിക്കുമോ?
8: അത്, ആകാശത്തെക്കാള്‍ ഉന്നതമാണ്; നിനക്കെന്തുചെയ്യാന്‍ കഴിയും? അതു പാതാളത്തെക്കാള്‍ അഗാധമാണ്; നിനക്കെന്തു മനസ്സിലാക്കാന്‍ സാധിക്കും?
9: അതു ഭൂമിയെക്കാള്‍ നീളമുള്ളതും സമുദ്രത്തെക്കാള്‍ വീതിയേറിയതുമാണ്.
10: അവിടുന്നു കടന്നുവന്നു ബന്ധനത്തിലാക്കുകയും ന്യായവിധിക്കു വിളിക്കുകയുംചെയ്താല്‍ ആര്‍ക്കവിടുത്തെ തടയാന്‍ കഴിയും?
11: എന്തെന്നാല്‍, നിസ്സാരരായ മനുഷ്യരെ അവിടുന്നറിയുന്നു; അകൃത്യങ്ങള്‍ കാണുമ്പോള്‍ അവിടുന്ന്, അതു കണക്കിലെടുക്കാതിരിക്കുമോ?
12: കാട്ടുകഴുതയുടെ കുട്ടി മനുഷ്യനായിപ്പിറക്കുമ്പോള്‍ മൂഢന്‍ ബുദ്ധിമാനായിത്തീരും.
13: ഹൃദയത്തെ ദൈവത്തിലുറപ്പിച്ച്, കൈകളുയര്‍ത്തി പ്രാര്‍ത്ഥിച്ചിരുന്നെങ്കില്‍ !
14: നിന്റെ കൈകള്‍ അകൃത്യംചെയ്യുന്നതെങ്കിൽ‍, അതു നീക്കിക്കളയുക. നിന്റെ കൂടാരത്തില്‍ ദുഷ്ടത കുടിപാര്‍ക്കാതിരിക്കട്ടെ!
15: അപ്പോള്‍ നിശ്ചയമായും കളങ്കരഹിതനായി നീ നിന്റെ മുഖമുയര്‍ത്തും. നീ സുരക്ഷിതനും നിര്‍ഭയനുമായിരിക്കും.
16: നിന്റെ ദുരിതങ്ങള്‍ നീ വിസ്മരിക്കും. ഒഴുകിപ്പോയ ജലംപോലെയേ നീ അതിനെ ഓര്‍ക്കുകയുള്ളു.
17: നിന്റെ ജീവിതം മധ്യാഹ്നത്തെക്കാള്‍ പ്രകാശമേറിയതായിരിക്കും; അതിന്റെ ഇരുട്ടു പ്രഭാതംപോലെയായിരിക്കും.
18: പ്രത്യാശയുള്ളതുകൊണ്ടു നിനക്കാത്മവിശ്വാസമുണ്ടാകും. നീ സംരക്ഷിക്കപ്പെടുകയും സുരക്ഷിതനായി വിശ്രമിക്കുകയും ചെയ്യും.
19: വിശ്രമിക്കുന്ന നിന്നെ ആരും ഭയപ്പെടുത്തുകയില്ല. അനേകര്‍ നിന്റെ പ്രസാദം യാചിക്കും.
20: ദുഷ്ടരുടെ കണ്ണുകള്‍ നിഷ്പ്രഭമാകും. രക്ഷാമാര്‍ഗ്ഗങ്ങള്‍ അവര്‍ക്കു ലഭിക്കുകയില്ല. മരണംമാത്രമാണ് അവര്‍ക്കു പ്രത്യാശിക്കാനുള്ളത്.

അദ്ധ്യായം 12

ജോബിന്റെ മറുപടി
1: ജോബ് പറഞ്ഞു:
2: നിങ്ങളുടേതു ജനസ്വരമാണ്, സംശയമില്ല. നിങ്ങള്‍ മരിച്ചാല്‍ വിജ്ഞാനവുമില്ലാതാകും.
3: എന്നാല്‍, നിങ്ങളെപ്പോലെ എനിക്കും ജ്ഞാനമുണ്ട്. ഞാന്‍ നിങ്ങളെക്കാള്‍ താഴെയല്ല. ഇതൊക്കെ ആര്‍ക്കാണറിഞ്ഞുകൂടാത്തത്?
4: ഞാനെന്റെ സ്നേഹിതന്മാര്‍ക്കു പരിഹാസപാത്രമാണ്. ഞാന്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചു; അവിടുന്നെനിക്കുത്തരമരുളി; ഞാന്‍ നിഷ്കളങ്കനും നീതിമാനുമാണ്, എന്നിട്ടും ഞാന്‍ പരിഹാസപാത്രമായിത്തീര്‍ന്നു.
5: സ്വസ്ഥതയനുഭവിക്കുന്നവന്‍ നിര്‍ഭാഗ്യത്തെ അവജ്ഞയോടെ നോക്കുന്നു. കാലിടറുന്നവനെ അതു തള്ളിയിടുന്നു.
6: കവര്‍ച്ചക്കാരുടെ കൂടാരങ്ങള്‍ സമാധാനപൂര്‍ണ്ണമാണ്. ദൈവം തങ്ങള്‍ക്ക് അധീനനെന്നു വിചാരിച്ച് അവിടുത്തെ പ്രകോപിപ്പിക്കുന്നവന്‍ സുരക്ഷിതനാണ്.
7: വന്യമൃഗങ്ങളോടു ചോദിക്കുവിന്‍, അവ നിങ്ങളെ പഠിപ്പിക്കും, ആകാശപ്പറവകളോടു ചോദിക്കുവിൻ‍, അവ നിങ്ങള്‍ക്കു പറഞ്ഞുതരും.
8: ഭൂമിയിലെ സസ്യങ്ങളോടു ചോദിക്കുവിൻ‍, അവ നിങ്ങളെയുപദേശിക്കും. ആഴിയിലെ മത്സ്യങ്ങളും നിങ്ങളോടു പ്രഖ്യാപിക്കും
9: കര്‍ത്താവിന്റെ കരങ്ങളാണ് ഇവയെല്ലാം പ്രവര്‍ത്തിച്ചതെന്ന് അവയിലേതിനാണ് അറിഞ്ഞുകൂടാത്തത്?
10: മാനവരാശിയുടെ ജീവശ്വാസവും സകല ജീവജാലങ്ങളുടെയും പ്രാണനും അവിടുത്തെ കരങ്ങളിലാണ്.
11: നാവു ഭക്ഷണത്തിന്റെ സ്വാദു പരിശോധിക്കുന്നതുപോലെ, ചെവി വാക്കുകളെ പരിശോധിക്കയില്ലേ?
12: വൃദ്ധരിലാണു വിജ്ഞാനം; വയോധികനിലാണു വിവേകം.
13: വിജ്ഞാനവും ശക്തിയും ദൈവത്തോടുകൂടെയാണ്. അവിടുത്തേക്ക് ആലോചനയും വിവേകവുമുണ്ട്.
14: അവിടുന്നു നശിപ്പിച്ചാല്‍ ആര്‍ക്കും പുനരുദ്ധരിക്കാന്‍കഴിയുകയില്ല. അവിടുന്നു ബന്ധിച്ചാല്‍ ആര്‍ക്കും മോചിപ്പിക്കാന്‍കഴിയുകയില്ല.
15: അവിടുന്നു ജലത്തെ തടഞ്ഞുനിറുത്തിയാല്‍ അതു വറ്റിപ്പോകുന്നു. അവിടുന്നവയെ തുറന്നുവിടുമ്പോള്‍ അവ ഭൂമിയെ മൂടിക്കളയുന്നു.
16: ശക്തിയും ജ്ഞാനവും അവിടുത്തോടുകൂടെയാണ്. വഞ്ചിതനും വഞ്ചകനും അവിടുത്തേക്കധീനര്‍.
17: അവിടുന്ന്, ഉപദേഷ്ടാക്കളുടെ ജ്ഞാനം ഉരിഞ്ഞുകളയുന്നു. ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു.
18: രാജാക്കന്മാരുടെ അരപ്പട്ട, അവിടുന്നഴിക്കുകയും അവരെ കച്ചയുടുപ്പിക്കുകയും ചെയ്യുന്നു.
19: അവിടുന്നു പുരോഹിതന്മാരുടെ അങ്കി ഉരിഞ്ഞുകളയുന്നു; ശക്തരെ മറിച്ചിടുന്നു.
20: അവിടുന്നു വിദഗ്ദ്ധരായ ഉപദേഷ്ടാക്കളെ മൂകരാക്കുന്നു; അവിടുന്നു വൃദ്ധരുടെ വിവേകം എടുത്തുകളയുന്നു.
21: അവിടുന്നു പ്രഭുക്കളുടെമേല്‍ നിന്ദചൊരിയുകയും ശക്തരുടെ അരപ്പട്ട അയയ്ക്കുകയും ചെയ്യുന്നു.
22: അന്ധകാരത്തിലാണ്ട ആഴങ്ങളെ അവിടുന്നനാവരണംചെയ്യുന്നു; സാന്ദ്രമായ തമസ്സിനെ പ്രകാശത്തിലേക്കു നയിക്കുന്നു.
23: അവിടുന്നു രാജ്യങ്ങളെ ബലപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നു. അവിടുന്ന് അവയെ വിസ്തൃതമാക്കുകയും ഉപേക്ഷിക്കുകയുംചെയ്യുന്നു.
24: അവിടുന്നു ജനപ്രമാണികളുടെ വിവേകം എടുത്തുകളയുകയും വഴിയില്ലാത്ത വിജനതയിലലയാന്‍ അവര്‍ക്ക് ഇടവരുത്തുകയുംചെയ്യുന്നു.
25: അവര്‍ വെളിച്ചമില്ലാതെ ഇരുട്ടില്‍ തപ്പിത്തടയുന്നു. ഉന്മത്തനെപ്പോലെ കാലുറയ്ക്കാതെ നടക്കാന്‍ അവര്‍ക്കിടയാക്കുന്നു.

അദ്ധ്യായം 13

1: ഞാന്‍ ഇതെല്ലാം കാണുകയും കേള്‍ക്കുകയും ഗ്രഹിക്കുകയുംചെയ്തിട്ടുണ്ട്.
2: നിങ്ങളറിയുന്നതു ഞാനുമറിയുന്നു, ഞാന്‍ നിങ്ങളെക്കാള്‍ത്താഴെയല്ല.
3: ഞാന്‍ സര്‍വ്വശക്തനോടു സംസാരിക്കും, ദൈവവുമായി ന്യായവാദംനടത്താന്‍ ഞാന്‍ തയ്യാറാണ്.
4: നിങ്ങളാകട്ടെ വ്യാജംകൊണ്ടു വെള്ളപൂശുന്നു; നിങ്ങള്‍ വിലയില്ലാത്ത വൈദ്യന്മാരാണ്.
5: നിങ്ങള്‍ മൗനമവലംബിച്ചിരുന്നെങ്കില്‍ അതു നിങ്ങള്‍ക്കു ജ്ഞാനമാകുമായിരുന്നു.
6: ഇപ്പോള്‍ എന്റെ ന്യായവാദം ശ്രവിക്കുവിന്‍‍, അഭ്യര്‍ത്ഥനകള്‍ ശ്രദ്ധിക്കുവിന്‍ ‍.
7: നിങ്ങള്‍ ദൈവത്തിനുവേണ്ടി നുണ പറയുമോ? അവിടുത്തേക്കുവേണ്ടി വഞ്ചന സംസാരിക്കുമോ?
8: നിങ്ങള്‍ ദൈവത്തോടു പക്ഷപാതം കാണിക്കുമോ? അവിടുത്തേക്കുവേണ്ടി ന്യായവാദം നടത്തുമോ?
9: അവിടുന്നു നിങ്ങളെ പരിശോധിച്ചാല്‍ നിങ്ങളില്‍ നന്മ കണ്ടെത്തുമോ? അല്ലെങ്കില്‍ ‍, മനുഷ്യനെ വഞ്ചിക്കുന്നതുപോലെ അവിടുത്തെ വഞ്ചിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ?
10: രഹസ്യമായി പക്ഷപാതം കാണിച്ചാല്‍ നിശ്ചയമായും അവിടുന്നു നിങ്ങളെ ശകാരിക്കും.
11: അവിടുത്തെ പ്രതാപം, നിങ്ങളെ ഭയപ്പെടുത്തുകയില്ലേ? അവിടുത്തെക്കുറിച്ചുള്ള ഭീതി, നിങ്ങളുടെമേല്‍ പതിക്കുകയില്ലേ?
12: നിങ്ങളുടെ സൂക്തങ്ങള്‍ നാശത്തിന്റെ പഴമൊഴികളത്രേ. നിങ്ങളുടെ ന്യായവാദം കളിമണ്‍കട്ടപോലെ ദുര്‍ബ്ബലമാണ്.
13: നിശ്ശബ്ദരായിരിക്കുവിന്‍, ഞാന്‍ സംസാരിക്കട്ടെ. എനിക്ക് എന്തും സംഭവിച്ചുകൊള്ളട്ടെ.
14: ഞാന്‍ എന്റെ മാംസം ചവയ്ക്കാനും ജീവന്‍ കൈയിലെടുക്കാനും ഒരുക്കമാണ്.
15: പ്രത്യാശയറ്റ എന്നെ, ദൈവം വധിച്ചാല്‍ത്തന്നെയെന്ത്? എങ്കിലും അവിടുത്തെ മുഖത്തുനോക്കി ഞാന്‍ വാദിക്കും.
16: അധര്‍മ്മി അവിടുത്തെമുമ്പില്‍ വരുകയില്ല. ഇതായിരിക്കും എന്റെ രക്ഷ.
17: എന്റെ വാക്കു ശ്രദ്ധിച്ചുകേള്‍ക്കുവിന്‍ ‍. എന്റെ പ്രഖ്യാപനം നിങ്ങളുടെ കാതില്‍ മുഴങ്ങട്ടെ!
18: ഞാന്‍ എന്റെ ന്യായവാദം തയ്യാറാക്കിയിട്ടുണ്ട്. ഞാന്‍ നിര്‍ദ്ദോഷനെന്നു പ്രഖ്യാപിക്കപ്പെടുമെന്ന് എനിക്കുറപ്പുണ്ട്.
19: എന്നോടു തര്‍ക്കിക്കാനാരുണ്ട്? എന്നെ നിശ്ശബ്ദനാക്കി വധിക്കാനാരുണ്ട്?
20: രണ്ടു കാര്യങ്ങള്‍മാത്രം എനിക്കു നല്കുക, ഞാനങ്ങില്‍നിന്ന് ഒളിക്കുകയില്ല
21: അങ്ങയുടെ കരങ്ങള്‍ എന്നില്‍നിന്നു പിന്‍വലിക്കുക. അങ്ങയെക്കുറിച്ചുള്ള ഭീതി എന്നെ പരിഭ്രാന്തനാക്കാതിരിക്കട്ടെ!
22: എന്നിട്ടു വിളിക്കുക, ഞാന്‍ മറുപടി നല്കാം. അല്ലെങ്കില്‍ ഞാന്‍ സംസാരിക്കാം, അങ്ങുത്തരംപറയുക.
23: എന്റെ പാപങ്ങളും അപരാധങ്ങളുമെത്ര? എന്റെ അതിക്രമങ്ങളും പാപങ്ങളും ഏവയെന്നു പറയുക.
24: അങ്ങെന്തുകൊണ്ടു മുഖംമറയ്ക്കുന്നു? എന്തുകൊണ്ടു ശത്രുവിനെപ്പോലെ എന്നെക്കരുതുന്നു?
25: കൊഴിയുന്ന ഇലയെ അങ്ങു ഭയപ്പെടുത്തുമോ? ഉണങ്ങിയ പതിരിനെ അങ്ങ് അനുധാവനം ചെയ്യുമോ?
26: അങ്ങെനിക്കെതിരായി കഠിനമായ ആരോപണങ്ങള്‍ എഴുതുന്നു. എന്റെ യൗവനത്തിലെ അകൃത്യങ്ങളുടെ ഫലം എന്നെ അനുഭവിപ്പിക്കുന്നു.
27: അങ്ങെന്റെ കാലുകള്‍ ആമത്തിലിടുകയും എന്റെ വഴികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്റെ കാലടികള്‍ക്ക് അങ്ങു പരിധി വച്ചിരിക്കുന്നു.
28: ചീഞ്ഞഴിഞ്ഞ പദാര്‍ത്ഥംപോലെയും ചിതല്‍തിന്ന വസ്ത്രംപോലെയും മനുഷ്യന്‍ നശിച്ചുപോകുന്നു.

അദ്ധ്യായം 14

1: സ്ത്രീയില്‍നിന്നു ജനിക്കുന്ന മര്‍ത്ത്യന്‍ അല്പായുസ്സാണ്; അവന്റെ ദിനങ്ങള്‍ ദുരിതംനിറഞ്ഞതും.
2: അവന്‍ പുഷ്പംപോലെ വിടരുന്നു. കൊഴിഞ്ഞുപോകുന്നു. അവന്‍ നിഴല്‍പോലെ കടന്നുപോകുന്നു; നിലനില്‍ക്കുന്നില്ല.
3: അങ്ങനെയുള്ളവനെയാണോ അങ്ങു നോട്ടമിട്ടിരിക്കുന്നത്? അവനെയാണോ അങ്ങു വിധിക്കാന്‍ കൊണ്ടുവരുന്നത്?
4: അശുദ്ധമായതില്‍നിന്നു ശുദ്ധമായതുണ്ടാക്കാന്‍ ആര്‍ക്കു കഴിയും? ആര്‍ക്കും സാധിക്കയില്ല.
5: അവന്റെ ദിനങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു. അവന്റെ മാസങ്ങളുടെ എണ്ണം അങ്ങേയ്ക്കധീനമാണ്. അവനു കടക്കാന്‍പാടില്ലാത്ത പരിധി അങ്ങു നിശ്ചയിച്ചിരിക്കുന്നു.
6: അവനില്‍നിന്ന് അങ്ങു കണ്ണെടുക്കുക. അവനെ തനിയെ വിട്ടേക്കുക. കൂലിക്കാരനെപ്പോലെ അവന്‍ തന്റെ ദിവസമാസ്വദിക്കട്ടെ.
7: വൃക്ഷത്തിനു പ്രത്യാശയുണ്ട്, മുറിച്ചാല്‍ അതു വീണ്ടും തളിര്‍ക്കും; അതിനു പുതിയ ശാഖകളുണ്ടാകാതിരിക്കയില്ല.
8: അതിന്റെ വേരുകള്‍ മണ്ണിനടിയില്‍ പഴകിപ്പോയാലും, അതിന്റെ കുറ്റി മണ്ണില്‍ കെട്ടുപോയാലും
9: വെള്ളത്തിന്റെ ഗന്ധമേറ്റാല്‍ അതു തളിര്‍ക്കുകയും ഇളംചെടിപോലെ ശാഖപുറപ്പെടുവിക്കുകയും ചെയ്യും.
10: എന്നാല്‍, മനുഷ്യന്‍ മരിക്കുന്നു; അവനെ മണ്ണില്‍ സംസ്കരിക്കുന്നു. അന്ത്യശ്വാസംവലിച്ചാല്‍, പിന്നെ അവനെവിടെ?
11: തടാകത്തിലെ ജലം വറ്റിപ്പോകുന്നതുപോലെയും നദി, ഉണങ്ങിവരണ്ടുപോകുന്നതുപോലെയും മനുഷ്യന്‍ ശയ്യയെ അവലംബിക്കുന്നു, പിന്നെയെഴുന്നേല്‍ക്കുന്നില്ല.
12: ആകാശങ്ങള്‍ ഇല്ലാതാകുന്നതുവരെ അവന്‍ എഴുന്നേല്‍ക്കുകയില്ല; ഉറക്കത്തില്‍നിന്ന് ഉണരുകയില്ല.
13: അങ്ങെന്നെ പാതാളത്തില്‍ മറയ്ക്കുകയും അങ്ങയുടെ ക്രോധം ശമിക്കുന്നതുവരെ എന്നെ ഒളിച്ചുവയ്ക്കുകയും ചെയ്തിരുന്നെങ്കില്‍ ‍! എന്നെയോര്‍ക്കാന്‍ ഒരു സമയം നിശ്ചയിച്ചിരുന്നെങ്കില്‍ !
14: മരിച്ച മനുഷ്യന്‍ വീണ്ടും ജീവിക്കുമോ? എങ്കില്‍ എന്റെ സേവനകാലംതീര്‍ന്ന്‌, മോചനത്തിന്റെ നാള്‍വരുന്നതുവരെ ഞാന്‍ കാത്തിരിക്കുമായിരുന്നു.
15: അങ്ങു വിളിക്കും, ഞാന്‍ വിളികേള്‍ക്കും. അങ്ങയുടെ സൃഷ്ടിയെ അങ്ങു കാത്തിരിക്കും.
16: അപ്പോള്‍ എന്റെ കാലടികള്‍ അങ്ങെണ്ണും. എന്റെ പാപങ്ങളെ അങ്ങു നിരീക്ഷിച്ചുകൊണ്ടിരിക്കയില്ല.
17: എന്റെ അതിക്രമങ്ങളെ സഞ്ചിയിലാക്കി മുദ്രവയ്ക്കും. എന്റെ അകൃത്യങ്ങളെ അങ്ങു മറക്കും.
18: പര്‍വ്വതങ്ങള്‍ വീണുതകരുകയും പാറകള്‍ ഇളകിമാറുകയും ചെയ്യും.
19: ജലം കല്ലുകള്‍ക്കു തേയ്മാനംവരുത്തുന്നു. പ്രവാഹത്തില്‍ മണ്ണൊലിച്ചുപോകുന്നു. അതുപോലെ അങ്ങു മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു.
20: അങ്ങെപ്പോഴും അവന്റെമേല്‍ വിജയംനേടുന്നു. അവനോ കടന്നുപോകുന്നു. അങ്ങ്, അവന്റെ മുഖം വിരൂപമാക്കി അവനെ പറഞ്ഞയയ്ക്കുന്നു.
21: അവന്റെ പുത്രന്മാര്‍ ബഹുമതിനേടുന്നു; പക്ഷേ, അവനതറിയുന്നില്ല. അവര്‍ അധഃപതിക്കുന്നു; അതുമവനറിയുന്നില്ല.
22: സ്വന്തം ശരീരത്തിന്റെ വേദനമാത്രമാണവനറിയുന്നത്. തനിക്കുവേണ്ടിമാത്രമാണ് അവന്‍ വിലപിക്കുന്നത്.

നൂറ്റിയമ്പത്തൊന്നാം ദിവസം: ജോബ്‌ 6 - 9


അദ്ധ്യായം 6

ജോബിന്റെ മറുപടി
1: ജോബ് പറഞ്ഞു: എന്റെ കഷ്ടതകള്‍ തൂക്കിനോക്കിയിരുന്നെങ്കില്‍! 
2: എന്റെ അനര്‍ത്ഥങ്ങള്‍ തുലാസ്സില്‍വച്ചിരുന്നെങ്കില്‍! 
3: അവ കടല്‍ത്തീരത്തെ മണലിനെക്കാള്‍ ഭാരമേറിയതായിരിക്കും. അതിനാല്‍, എന്റെ വാക്കുകള്‍ വിവേകശൂന്യമായിപ്പോയി. 
4: സര്‍വ്വശക്തന്റെ അസ്ത്രങ്ങള്‍ എന്നില്‍ത്തറച്ചിരിക്കുന്നു. എന്റെ ജീവന്‍ അവയുടെ വിഷം പാനംചെയ്യുന്നുദൈവത്തിന്റെ ഭീകരതകള്‍ എനിക്കെതിരായി അണിനിരന്നിരിക്കുന്നു. 
5: തിന്നാന്‍ പുല്ലുള്ളപ്പോള്‍ കാട്ടുകഴുത കരയുമോതീറ്റി മുമ്പിലുള്ളപ്പോള്‍ കാള മുക്രയിടുമോ?   
6: രുചിയില്ലാത്തത് ഉപ്പുചേര്‍ക്കാതെ തിന്നാനാകുമോമുട്ടയുടെ വെള്ളയ്ക്കു വല്ല രുചിയുമുണ്ടോ? 
7: എനിക്കു തിന്നാൻപറ്റാത്ത ഇവയാണ് ഇപ്പോള്‍ എന്റെ ആഹാരം. 
8: ദൈവം എന്റെ അപേക്ഷ സ്വീകരിച്ചിരുന്നെങ്കില്‍! എന്റെ ആഗ്രഹം സഫലമാക്കിയിരുന്നെങ്കില്‍! 
9: അവിടുന്ന് എന്നെ തകര്‍ക്കാന്‍ കനിഞ്ഞിരുന്നെങ്കില്‍! കരംനീട്ടി എന്നെ വിച്ഛേദിച്ചിരുന്നെങ്കില്‍! 
10: അതെനിക്ക് ആശ്വാസമാകുമായിരുന്നുവേദനയുടെ നടുവില്‍പ്പോലും ഞാന്‍ ആര്‍ത്തുല്ലസിക്കുമായിരുന്നുപരിശുദ്ധനായവന്റെ വചനത്തെ ഞാന്‍ തിരസ്കരിച്ചിട്ടില്ല.   
11: കാത്തിരിക്കാന്‍ എനിക്കു ശക്തിയുണ്ടോഎന്തിനുവേണ്ടിയാണു ഞാന്‍ ക്ഷമയോടെ കാത്തിരിക്കേണ്ടത്? 
12: എന്റെ ശക്തി കല്ലുകളുടെ ബലമാണോഎന്റെ മാംസം പിച്ചളയാണോ? 
13: എന്റെ ശക്തി വാര്‍ന്നുപോയിരിക്കുന്നുഎനിക്ക് ആശ്രയമറ്റിരിക്കുന്നു. 
14: സ്‌നേഹിതനോടു ദയകാണിക്കാത്തവന്‍ സര്‍വ്വശക്തനോടുള്ള ഭക്തിയാണുപേക്ഷിക്കുന്നത്.   
15: എന്റെ സഹോദരന്മാര്‍ മലവെള്ളച്ചാലുപോലെ ചതിയന്മാരാണ്. അവര്‍ വേഗം വരണ്ടുപോകുന്ന അരുവികള്‍പോലെയാണ്. 
16: അവയിലെ ഇരുണ്ടജലത്തിനു പോഷണം, മഞ്ഞുകട്ടയാണ്. മഞ്ഞുപെയ്യുമ്പോള്‍ അവയില്‍ ജലം പെരുകുന്നു.   
17: വേനലില്‍ അവ വറ്റിപ്പോകുന്നുചൂടേറുമ്പോള്‍ അവ അപ്രത്യക്ഷമാകുന്നു. 
18: കച്ചവടസംഘം അവയെത്തേടി വഴിവിട്ടുപോകുന്നു. അവര്‍ മരുഭൂമിയില്‍ച്ചെന്നു നാശമടയുന്നു.   
19: തേമാന്യരുടെ കച്ചവടസംഘം അവയെത്തേടുന്നു. ഷേബായരുടെ യാത്രാസംഘം അവയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. 
20: വരണ്ട അരുവിയുടെ കരയില്‍ അവരുടെ പ്രതീക്ഷ കൊഴിഞ്ഞുവീഴുന്നു. 
21: നിങ്ങളെനിക്ക് അതുപോലെയായിത്തീര്‍ന്നിരിക്കുന്നുഎന്റെ വിപത്തു കണ്ടു നിങ്ങള്‍ ഭയപ്പെടുന്നു. 
22: എനിക്കൊരു സമ്മാനം നല്‍കാനോ നിങ്ങളുടെ ധനത്തില്‍നിന്ന് എനിക്കുവേണ്ടി കോഴ കൊടുക്കാനോ ഞാനാവശ്യപ്പെട്ടോ? 
23: ശത്രുകരങ്ങളില്‍നിന്ന് എന്നെ രക്ഷിക്കാനോമര്‍ദ്ദകരില്‍നിന്ന് എന്നെ മോചിക്കാനോ ഞാനഭ്യര്‍ത്ഥിച്ചോ?   
24: ഉപദേശിച്ചുകൊള്ളുകഞാന്‍ നിശ്ശബ്ദം കേള്‍ക്കാം. ഞാന്‍ എന്തു തെറ്റുചെയ്തുവെന്നു മനസ്സിലാക്കിത്തരുക.  
25: ആത്മാര്‍ത്ഥമായ വാക്കുകള്‍ സ്വീകാര്യമാണ്എന്നാല്‍, നിങ്ങളുടെ ശാസനയ്ക്ക് അടിസ്ഥാനമെന്ത്? 
26: കാറ്റുമായ്ക്കുന്ന നിരാശപൂണ്ട വാക്കുകളെ ശാസിക്കാന്‍ നിങ്ങള്‍ തുനിയുന്നുവോ?   
27: അനാഥനുവേണ്ടി നിങ്ങള്‍ കുറിയിടുന്നു. സ്വന്തം സ്‌നേഹിതനു നിങ്ങള്‍ വിലപേശുന്നു. 
28: എന്നാല്‍, ഇപ്പോള്‍ എന്നെ കരുണാപൂര്‍വ്വം നോക്കുകനിങ്ങളോടു ഞാന്‍ കള്ളംപറയുകയില്ല.   
29: നില്‍ക്കണേഎന്നോടു നീതികാട്ടണമേ! എന്റെ ന്യായവാദം കേട്ടില്ലല്ലോ! 
30: ഞാന്‍ പറഞ്ഞതു തെറ്റായിരുന്നോവിപത്തുകള്‍ വിവേചിച്ചറിയാന്‍ എനിക്കു കഴിവില്ലേ? 

അദ്ധ്യായം 7

1: മനുഷ്യജീവിതം നിര്‍ബ്ബന്ധിതസേവനംമാത്രമല്ലേഅവന്റെ ദിനങ്ങള്‍ കൂലിക്കാരന്റെ ദിനങ്ങള്‍ക്കു തുല്യമല്ലേ? 
2: അടിമ തണലിനുവേണ്ടിയെന്നപോലെയും കൂലിക്കാരന്‍ കൂലിക്കുവേണ്ടിയെന്നപോലെയും;  
3: ശൂന്യതയുടെ മാസങ്ങളും ദുരിതങ്ങളുടെ രാവുകളും എനിക്കു ലഭിച്ചിരിക്കുന്നു. 
4: ഉറങ്ങാന്‍കിടക്കുമ്പോള്‍, എപ്പോഴാണു പ്രഭാതമാവുകയെന്നു ഞാന്‍ ചിന്തിക്കുന്നു. എന്നാല്‍, രാത്രി നീണ്ടതാണ്. പ്രഭാതംവരെ ഞാന്‍ കിടന്നുരുളുന്നു.   
5: പുഴുക്കളും മാലിന്യവും എന്റെ ശരീരത്തെ പൊതിഞ്ഞിരിക്കുന്നു. എന്റെ തൊലി വിണ്ടുകീറി ചലമൊലിക്കുന്നു. 
6: എന്റെ ദിനങ്ങള്‍ നെയ്ത്തുകാരന്റെ ഓടത്തെക്കാള്‍ വേഗത്തില്‍ കടന്നുപോകുന്നു. പ്രത്യാശയില്ലാതെ അസ്തമിക്കുന്നു.
7: എന്റെ ജീവന്‍ ഒരു ശ്വാസംമാത്രമാണെന്ന് അനുസ്മരിക്കണമേ! എന്റെ കണ്ണുകള്‍ ഇനിയൊരിക്കലും നന്മ ദര്‍ശിക്കുകയില്ല.   
8: എന്നെക്കാണാറുള്ള കണ്ണുകള്‍ പിന്നീടൊരിക്കലും എന്നെക്കാണുകയില്ല. നീ എന്നെ നോക്കിയിരിക്കേ ഞാന്‍ പൊയ്ക്കഴിഞ്ഞിരിക്കും. 
9: മേഘങ്ങള്‍ മാഞ്ഞുമറയുന്നതുപോലെ പാതാളത്തില്‍പ്പതിക്കുന്നവന്‍ മടങ്ങിവരുകയില്ല. 
10: അവന്‍ തന്റെ വീട്ടിലേക്ക് ഒരിക്കലും തിരിച്ചുവരുന്നില്ലഅവന്റെ ഭവനമിനി അവനെയറിയുകയില്ല. 
11: അതിനാല്‍, എനിക്കു നിശ്ശബ്ദതപാലിക്കാന്‍ കഴിയുകയില്ലഎന്റെ ഹൃദയവ്യഥകള്‍ക്കിടയില്‍ ഞാന്‍ സംസാരിക്കും. എന്റെ മനോവേദനകള്‍ക്കിടയില്‍ ഞാന്‍ സങ്കടം പറയും. 
12: അങ്ങെനിക്കു കാവലേര്‍പ്പെടുത്താന്‍ ഞാന്‍ കടലോ കടല്‍ജന്തുവോ?   
13: എന്റെ കിടക്ക, എന്നെയാശ്വസിപ്പിക്കുംഎന്റെ തല്പം എന്റെ വ്യസനം ശമിപ്പിക്കും എന്നു ഞാന്‍ പറയുമ്പോള്‍,  
14: സ്വപ്നങ്ങള്‍കൊണ്ട് അങ്ങെന്നെ ഭയപ്പെടുത്തുന്നുദര്‍ശനങ്ങള്‍കൊണ്ട് എന്നെ പരിഭ്രാന്തനാക്കുന്നു. 
15: അസ്ഥിപഞ്ജരമാകുന്നതിനെക്കാള്‍ കഴുത്തുഞെരിച്ചുള്ള മരണമാണു ഞാനിഷ്ടപ്പെടുന്നത്. 
16: ഞാന്‍ ആശയറ്റവനാണ്ഞാന്‍ എന്നേയ്ക്കും ജീവിച്ചിരിക്കുകയില്ല. എന്നെ ഏകനായി വിടുകഎന്റെ ജീവിതം ഒരു ശ്വാസംമാത്രമാണ്. 
17: അങ്ങു മനുഷ്യനെ ഇത്രകാര്യമാക്കാനും അവന്റെ പ്രവൃത്തികള്‍ ഉറ്റുനോക്കാനും 
18: ഓരോ പ്രഭാതത്തിലും അവനെ പരിശോധിക്കാനും ഓരോ നിമിഷവും അവനെപരീക്ഷിക്കാനും അവനാരാണ്? 
19: ഉമിനീരിറക്കാന്‍പോലും ഇടതരാതെ എത്രനാള്‍ അങ്ങെന്നെ നോക്കിയിരിക്കും? 
20: മനുഷ്യനെ ഉറ്റുനോക്കിയിരിക്കുന്നവനേഞാന്‍ പാപംചെയ്താല്‍ത്തന്നെ അങ്ങേയ്ക്കതിനെന്താണ്അങ്ങെന്തുകൊണ്ട് എന്നെ ഉന്നംവച്ചിരിക്കുന്നുഎന്തുകൊണ്ടാണ്ഞാന്‍ അങ്ങേയ്ക്ക് ഒരു ഭാരമായിത്തീര്‍ന്നത്? 
21: എന്റെ പാപങ്ങള്‍ അങ്ങേയ്ക്കു ക്ഷമിച്ചുകൂടേഎന്റെ തെറ്റുകള്‍ പൊറുത്തുകൂടേഞാന്‍ ഇപ്പോള്‍ പൊടിയില്‍ ചേരും. അങ്ങ് എന്നെയന്വേഷിക്കുംഎന്നാല്‍, ഞാനുണ്ടായിരിക്കുകയില്ല.

അദ്ധ്യായം 8

ബില്‍ദാദിന്റെ പ്രസംഗം
1: ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു: 
2: നിന്റെ പ്രചണ്ഡഭാഷണത്തിനവസാനമില്ലേ? 
3: ദൈവം നീതിക്കു മാര്‍ഗ്ഗഭ്രംശംവരുത്തുമോസര്‍വ്വശക്തന്‍ ന്യായം വളച്ചൊടിക്കുമോ?   
4: നിന്റെ മക്കള്‍ അവിടുത്തേക്കെതിരായി പാപംചെയ്തിരിക്കാം. തക്കശിക്ഷ അവര്‍ക്കു ലഭിച്ചു. 
5: നീ ദൈവത്തെയന്വേഷിക്കുകയും സര്‍വ്വശക്തനോടു കേണപേക്ഷിക്കുകയുംചെയ്താല്‍ നീ നിര്‍മ്മലനും 
6: നീതിനിഷ്ഠനുമാണെങ്കില്‍ അവിടുന്നു നിശ്ചയമായും നിനക്കുവേണ്ടി ഉണര്‍ന്നെഴുന്നേല്‍ക്കുംനിനക്കവകാശപ്പെട്ട ഭവനം അവിടുന്നു നിനക്കു സമ്മാനിക്കും. 
7: നിന്റെ ആരംഭം എളിയതായിരുന്നെങ്കില്‍ത്തന്നെ അന്ത്യദിനങ്ങള്‍ അതിമഹത്തായിരിക്കും. 
8: ഞാന്‍ നിന്നോടഭ്യര്‍ത്ഥിക്കുന്നുകടന്നുപോയ തലമുറകളോടാരായുകപിതാക്കന്മാരുടെ അനുഭവങ്ങള്‍ പരിഗണിക്കുക. 
9: ഇന്നലെപ്പിറന്ന നമുക്ക് ഒന്നുമറിഞ്ഞുകൂടാഭൂമിയിലെ നമ്മുടെ ജീവിതം നിഴല്‍പോലെ മാഞ്ഞുപോകുന്നു.   
10: അവര്‍ നിന്നെ പഠിപ്പിക്കുംവിജ്ഞാന വചസ്സുകള്‍ നിനക്കുപദേശിച്ചുതരും.  
11: ചതുപ്പുനിലത്തല്ലാതെ ഞാങ്ങണ വളരുമോനനവുകൂടാതെ പോട്ടപ്പുല്ലു വളരുമോ? 
12: തഴച്ചുവളരുമെങ്കിലും വെട്ടിയെടുക്കാതെതന്നെ അവ മറ്റു ചെടികളെക്കാള്‍വേഗത്തില്‍ ഉണങ്ങിപ്പോകും.   
13: ദൈവത്തെ മറക്കുന്നവരുടെ പാതയും അങ്ങനെതന്നെദൈവഭക്തിയില്ലാത്തവന്റെ പ്രത്യാശ നശിക്കും. 
14: അവന്റെ ആത്മവിശ്വാസം തകര്‍ന്നുപോകുന്നു. അവന്റെ ശരണം ചിലന്തിവലയാണ്. 
15: അവന്‍ തന്റെ ഭവനത്തിന്മേല്‍ ചാരുന്നുഎന്നാല്‍ അതുറച്ചുനില്‍ക്കുകയില്ല. അവന്‍ അതിന്മേല്‍ മുറുകെപ്പിടിക്കുംഎന്നാല്‍ അതു നിലനില്ക്കുകയില്ല.  
16: അവന്‍ സൂര്യപ്രകാശത്തില്‍ തഴച്ചുവളരുന്നുഅവന്റെ ശാഖകള്‍ തോട്ടത്തില്‍ പടര്‍ന്നുപന്തലിച്ചുനില്ക്കുന്നു. 
17: അവന്റെ വേരുകള്‍ കല്‍ക്കൂനകളില്‍ചുറ്റിപ്പടരുന്നുഅവന്‍ പാറകളുടെയിടയില്‍ വളരുന്നു. 
18: അവിടെനിന്നു പിഴുതെടുത്താല്‍, ഞാനൊരിക്കലും നിന്നെക്കണ്ടിട്ടില്ലെന്ന് അതു പറയും. 
19: ഇത്രയേ ഉള്ളു അവന്റെ സന്തോഷംഅവിടെ വേറെ മുളകള്‍ പൊന്തിവരും. 
20: നിഷ്‌കളങ്കനെ ദൈവമുപേക്ഷിക്കുകയില്ല. തിന്മ പ്രവര്‍ത്തിക്കുന്നവനെ കൈപിടിച്ചു നടത്തുകയുമില്ല. 
21: അവിടുന്നു നിന്റെ വാ, പൊട്ടിച്ചിരികൊണ്ടും നിന്റെയധരം, ജയാരവംകൊണ്ടും നിറയ്ക്കും. 
22: നിന്നെ വെറുക്കുന്നവരെ ലജ്ജ ആവരണം ചെയ്യും. ദുഷ്ടരുടെ കൂടാരങ്ങള്‍ നശിച്ചുപോകും. 

അദ്ധ്യായം 9

ജോബിന്റെ മറുപടി
1: ജോബ് പറഞ്ഞു: അതങ്ങനെതന്നെ.   
2: ഒരുവനു ദൈവത്തിന്റെമുമ്പില്‍ എങ്ങനെ നീതിമാനാകാന്‍കഴിയും?   
3: ഒരുവന്‍ അവിടുത്തോടു വാഗ്വാദത്തിലേര്‍പ്പെട്ടാല്‍ ആയിരത്തിലൊരുതവണപോലും അവിടുത്തോടുത്തരംപറയാന്‍ കഴിയുകയില്ല. 
4: അവിടുന്നു ജ്ഞാനിയും ബലിഷ്ഠനുമാണ്. അവിടുത്തോടെതിര്‍ത്ത് ആരു ജയിച്ചിട്ടുണ്ട്? 
5: അവിടുന്നു പര്‍വ്വതങ്ങളെ നീക്കിക്കളയുന്നു. തന്റെ കോപത്തില്‍ അവയെ മറിച്ചുകളയുന്നുഎന്നാല്‍ അവ അതറിയുന്നില്ല. 
6: അവിടുന്നു ഭൂമിയെ പ്രകമ്പനംകൊള്ളിക്കുന്നു. അതിന്റെ തൂണുകള്‍ വിറയ്ക്കുന്നു. 
7: അവിടുന്നു സൂര്യനോടു കല്പിക്കുന്നുഅതുദിക്കുന്നില്ല. അവിടുന്നു നക്ഷത്രങ്ങള്‍ക്കു മുദ്രവയ്ക്കുന്നു. 
8: അവിടുന്നുമാത്രമാണ് ആകാശത്തെ വിരിച്ചത്അവിടുന്നു സമുദ്രത്തിലെ തിരമാലകളെ ചവിട്ടിമെതിക്കുന്നു.   
9: സപ്തര്‍ഷിമണ്ഡലംമകയിരംകാര്‍ത്തിക എന്നിവയെയുംതെക്കേ നക്ഷത്രമണ്ഡലത്തെയും അവിടുന്നു സൃഷ്ടിച്ചു.  
10: ദുര്‍ജ്ഞേയമായ മഹാകൃത്യങ്ങളും എണ്ണമറ്റ അദ്ഭുതങ്ങളും അവിടുന്നു പ്രവര്‍ത്തിക്കുന്നു.   
11: അവിടുന്നെന്നെ കടന്നുപോകുന്നുഞാനവിടുത്തെ കാണുന്നില്ലഅവിടുന്നു നടന്നുനീങ്ങുന്നുഞാനവിടുത്തെ അറിയുന്നില്ല. 
12: അവിടുന്നു പിടിച്ചെടുക്കുന്നുതടയാന്‍ ആര്‍ക്കുകഴിയുംഎന്താണീച്ചെയ്യുന്നതെന്ന്, ആര്‍ക്കു ചോദിക്കാന്‍കഴിയും?  
13: ദൈവം തന്റെ കോപത്തെ പിന്‍വലിക്കുകയില്ലറാഹാബിന്റെ സഹായകര്‍ അവിടുത്തെമുമ്പില്‍ കുമ്പിടുന്നു.   
14: അപ്പോള്‍ അവിടുത്തോടുത്തരംപറയാന്‍ എനിക്കെങ്ങനെ വാക്കു കിട്ടും?   
15: ഞാന്‍ നീതിമാനായിരുന്നാലും അവിടുത്തോടു മറുപടിപറയാന്‍ എനിക്കു കഴിയുകയില്ല. എന്നെ കുറ്റംവിധിക്കുന്ന അവിടുത്തെ കരുണയ്ക്കുവേണ്ടി ഞാന്‍ യാചിക്കണം.   
16: ഞാന്‍ വിളിച്ചപേക്ഷിച്ചിട്ട്, അവിടുന്നുത്തരമരുളിയാലും അവിടുന്നെന്റെ ശബ്ദം ശ്രവിക്കുകയായിരുന്നുവെന്നു ഞാന്‍ വിശ്വസിക്കുകയില്ല.   
17: എന്തെന്നാല്‍, കൊടുങ്കാറ്റയച്ച് അവിടുന്നെന്നെ തകര്‍ക്കുന്നു. അകാരണമായി എന്റെ മുറിവുകള്‍ വര്‍ദ്ധിപ്പിക്കുന്നു.  
18: ശ്വസിക്കാന്‍പോലും അവിടുന്നെന്നെ അനുവദിക്കുന്നില്ലതിക്താനുഭവങ്ങള്‍കൊണ്ട് അവിടുന്നെന്നെ നിറയ്ക്കുന്നു.  
19: ഇതൊരു ബലപരീക്ഷണമാണെങ്കില്‍ അവിടുന്നുതന്നെ വിജയിക്കും. ഇതു നീതിയുടെ കാര്യമാണെങ്കില്‍ എന്റെ ന്യായവാദംകേള്‍ക്കാന്‍ ആരവിടുത്തെ വിളിച്ചുവരുത്തും? 
20: ഞാന്‍ നിഷ്‌കളങ്കനായിരുന്നാലും എന്റെ വാതന്നെ എന്നെ കുറ്റംവിധിക്കും. ഞാന്‍ കുറ്റമറ്റവനാണെങ്കിലും അവിടുന്നെന്നെ കുറ്റക്കാരനായി തെളിയിക്കും. 
21: ഞാന്‍ നിഷ്‌കളങ്കനാണ്ഞാന്‍ എന്നെത്തന്നെ പരിഗണിക്കുന്നില്ലഞാന്‍ എന്റെ ജീവനെ വെറുക്കുന്നു. 
22: എല്ലാം ഒന്നുപോലെയാണ്അതിനാല്‍, ഞാന്‍ പറയുന്നുഅവിടുന്നു നിഷ്‌കളങ്കനെയും ദുഷ്ടനെയും ഒന്നുപോലെ നശിപ്പിക്കുന്നു.   
23: അനര്‍ത്ഥം അപ്രതീക്ഷിതമായ മരണത്തിനു കാരണമാകുമ്പോള്‍, അവിടുന്നു നീതിമാനുണ്ടായ വിപത്തില്‍ പരിഹസിച്ചുചിരിക്കുന്നു.   
24: ഭൂമി ദുഷ്ടന്റെ കൈകളില്‍ ഏല്പിക്കപ്പെട്ടിരിക്കുന്നുന്യായാധിപന്മാരുടെ മുഖം അവിടുന്നു മൂടിക്കളയുന്നു. അവിടുന്നല്ലെങ്കില്‍ മറ്റാരാണിതു ചെയ്തത്?   
25: എന്റെ ദിനങ്ങള്‍ ഓട്ടക്കാരനേക്കാള്‍ വേഗത്തില്‍ പായുന്നു. അവ പറന്നുപോകുന്നുഒരു നന്മയും കാണുന്നില്ല.  
26: ഈറ്റകൊണ്ടുള്ള ഓടിവള്ളംപോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും അവ കടന്നുപോകുന്നു.   
27: പരാതിമറന്നു വിഷാദഭാവമകറ്റി, പ്രസന്നതയോടെയിരിക്കുമെന്നു ഞാന്‍ പറഞ്ഞാല്‍   
28: അങ്ങെന്നെ നിര്‍ദ്ദോഷനായി എണ്ണുകയില്ലെന്നറിഞ്ഞ്, ഞാനെന്റെ എല്ലാ ദുരിതങ്ങളെയും ഭയപ്പെടുന്നു.   
29: ഞാന്‍ കുറ്റക്കാരനായി വിധിക്കപ്പെടും. പിന്നെന്തിനു ഞാന്‍ നിഷ്ഫലമായി പ്രയത്നിക്കുന്നു?   
30: ഞാന്‍ മഞ്ഞുകൊണ്ടെന്നെ കഴുകിയാലുംഎന്റെ കരങ്ങള്‍ക്കു ക്ഷാരശുദ്ധിവരുത്തിയാലും   
31: അങ്ങെന്നെ ചെളിക്കുഴിയില്‍ മുക്കും. എന്റെ വസ്ത്രങ്ങള്‍പോലും എന്നെ വെറുക്കും.   
32: ഞാന്‍ അവിടുത്തോടു മറുപടിപറയേണ്ടതിനും ഒരുമിച്ചു ന്യായവിസ്താരത്തിനു വരുന്നതിനും അവിടുന്നെന്നെപ്പോലെ മനുഷ്യനല്ലല്ലോ. 
33: നമ്മളിരുവരെയും നിയന്ത്രിക്കാന്‍ കെല്പുള്ള ഒരു മദ്ധ്യസ്ഥന്‍ നമ്മള്‍ക്കില്ലല്ലോ.   
34: അവിടുന്നു ശിക്ഷാദണ്ഡ് എന്നില്‍നിന്നു നീക്കിക്കളയട്ടെഅവിടുത്തെക്കുറിച്ചുള്ള ഭീതി എന്നെ ഭയപ്പെടുത്താതിരിക്കട്ടെ. 
35: അപ്പോള്‍, അവിടുത്തെക്കുറിച്ചുള്ള ഭയംകൂടാതെ ഞാന്‍ സംസാരിക്കും. എന്നാല്‍, എന്റെ സ്ഥിതി അതല്ല.