മുന്നൂറ്റിനാലാം ദിവസം: യോഹന്നാന്‍ 4 - 5


അദ്ധ്യായം 4


യേശുവും സമരിയാക്കാരിയും
1: യോഹന്നാനേക്കാളധികമാളുകളെ താന്‍ ശിഷ്യപ്പെടുത്തുകയും സ്നാനപ്പെടുത്തുകയുംചെയ്യുന്നുവെന്നു ഫരിസേയര്‍ കേട്ടതായി കര്‍ത്താവറിഞ്ഞു.
2: വാസ്തവത്തില്‍, ശിഷ്യന്മാരല്ലാതെ, യേശുനേരിട്ട്, ആരെയും സ്നാനപ്പെടുത്തിയിട്ടില്ല.
3: അവന്‍ യൂദയാവിട്ടു വീണ്ടും ഗലീലിയിലേക്കു പുറപ്പെട്ടു.
4: അവനു സമരിയായിലൂടെ കടന്നുപോകേണ്ടിയിരുന്നു.
5: സമരിയായിലെ സിക്കാര്‍ എന്ന പട്ടണത്തില്‍ അവനെത്തി. യാക്കോബ്, തന്റെ മകന്‍ ജോസഫിനുനല്കിയ വയലിനടുത്താണ്, ഈ പട്ടണം.
6: യാക്കോബിന്റെ കിണര്‍ അവിടെയാണ്. യാത്രചെയ്തുക്ഷീണിച്ച യേശു, ആ കിണറിന്റെ കരയിലിരുന്നു. അപ്പോള്‍ ഏകദേശം ആറാംമണിക്കൂറായിരുന്നു.
7: ആ സമയം ഒരു സമരിയാക്കാരി അവിടെ വെളളംകോരാന്‍ വന്നു. യേശു അവളോട്, എനിക്കു കുടിക്കാന്‍തരുക, എന്നുപറഞ്ഞു.
8: അവന്റെ ശിഷ്യന്മാരാകട്ടെ, ഭക്ഷണസാധനങ്ങള്‍വാങ്ങാന്‍ പട്ടണത്തിലേക്കു പോയിരുന്നു.
9: ആ സമരിയാക്കാരി അവനോടു ചോദിച്ചു: നീ ഒരു യഹൂദനായിരിക്കേ, സമരിയാക്കാരിയായ എന്നോടു കുടിക്കാന്‍ചോദിക്കുന്നതെന്ത്? യഹൂദരും സമരിയാക്കാരുംതമ്മില്‍ സമ്പര്‍ക്കമൊന്നുമില്ലല്ലോ.
10: യേശു അവളോടു പറഞ്ഞു: ദൈവത്തിന്റെ ദാനമെന്തെന്നും എനിക്കു കുടിക്കാന്‍തരുകയെന്നു നിന്നോടാവശ്യപ്പെടുന്നത്, ആരെന്നുമറിഞ്ഞിരുന്നുവെങ്കില്‍, നീ അവനോടു ചോദിക്കുകയും അവന്‍ നിനക്കു ജീവജലംതരുകയും ചെയ്യുമായിരുന്നു.
11: അവള്‍ പറഞ്ഞു: പ്രഭോ, വെള്ളംകോരാന്‍ നിനക്കു പാത്രമില്ല; കിണറോ ആഴമുള്ളതും. പിന്നെ ഈ ജീവജലം നിനക്കെവിടെനിന്നു കിട്ടും?
12: ഈ കിണര്‍ ഞങ്ങള്‍ക്കുതന്ന ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാള്‍ വലിയവനാണോ നീ? അവനും അവന്റെ മക്കളും കന്നുകാലികളും ഈ കിണറ്റില്‍നിന്നാണു കുടിച്ചിരുന്നത്.
13: യേശു അവളോടു മറുപടിപറഞ്ഞു: ഈ വെള്ളംകുടിക്കുന്ന ആർക്കും വീണ്ടും ദാഹിക്കും.
14: എന്നാല്‍, ഞാന്‍ നല്കുന്ന വെള്ളംകുടിക്കുന്നവന്, ഒരിക്കലും ദാഹിക്കുകയില്ല. മറിച്ച്, ഞാന്‍ നല്കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗ്ഗളിക്കുന്ന അരുവിയാകും.
15: അവള്‍ അവനോടു പറഞ്ഞു: പ്രഭോ, ആ ജലം എനിക്കു തരുക. മേലില്‍ എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളംകോരാന്‍ ഞാനിവിടെ വരുകയുംവേണ്ടാ.
16: അവന്‍ പറഞ്ഞു: നീ ചെന്നു നിന്റെ ഭര്‍ത്താവിനെ വിളിച്ചുക്കൊണ്ടുവരുക.
17: എനിക്കു ഭര്‍ത്താവില്ലെന്ന് ആ സ്ത്രീ മറുപടി പറഞ്ഞു. യേശു അവളോടു പറഞ്ഞു: എനിക്കു ഭര്‍ത്താവില്ലെന്നു നീ പറഞ്ഞതു ശരിയാണ്.
18: നിനക്ക് അഞ്ചു ഭര്‍ത്താക്കന്മാരുണ്ടായിരുന്നു. ഇപ്പോഴുള്ളവന്‍ നിന്റെ ഭര്‍ത്താവല്ല. നീ പറഞ്ഞതു സത്യമാണ്.
19: അവള്‍ പറഞ്ഞു: പ്രഭോ, അങ്ങൊരു പ്രവാചകനാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.
20: ഞങ്ങളുടെ പിതാക്കന്മാര്‍, ഈ മലയില്‍ ആരാധന നടത്തി; എന്നാല്‍, ആരാധനനടത്തേണ്ടസ്ഥലം ജറുസലേമിലാണെന്നു നിങ്ങള്‍ പറയുന്നു.
21: യേശു പറഞ്ഞു: സ്ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലേമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത മണിക്കൂർവരുന്നു.
22: നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാല്‍, രക്ഷ യഹൂദരിൽനിന്നാകുന്നു.
23: എന്നാല്‍, യഥാര്‍ത്ഥആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെയാരാധിക്കുന്ന മണിക്കൂർവരുന്നു. അല്ല, അതിപ്പോള്‍ത്തന്നെയാണ്. വാസ്തവത്തില്‍ അങ്ങനെയുള്ള ആരാധകരെയാണു പിതാവന്വേഷിക്കുന്നതും.
24: ദൈവം ആത്മാവാണ്. അവിടുത്തെയാരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്.
25: ആ സ്ത്രീ പറഞ്ഞു: മിശിഹാ -ക്രിസ്തു- വരുമെന്നെനിക്കറിയാം. അവന്‍ വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെയറിയിക്കും.
26: യേശു അവളോടു പറഞ്ഞു: നിന്നോടു സംസാരിക്കുന്ന ഞാന്‍തന്നെയാണവന്‍.
27: തത്സമയം, അവന്റെ ശിഷ്യന്മാര്‍ തിരിച്ചെത്തി. അവൻ, ഒരു സ്ത്രീയോടു സംസാരിക്കുന്നതുകണ്ട്, അവരദ്ഭുതപ്പെട്ടു. എന്നാല്‍, എന്തുചോദിക്കുന്നെന്നോ അല്ലെങ്കിൽ, എന്തുകൊണ്ട് അവളോടു സംസാരിക്കുന്നെന്നോ ആരുമവനോടു ചോദിച്ചില്ല.
28: ആ സ്ത്രീയാകട്ടെ കുടമവിടെ വച്ചിട്ട്, പട്ടണത്തിലേക്കു പോയി, ആളുകളോടു പറഞ്ഞു:
29: ഞാന്‍ചെയ്ത കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞൊരു മനുഷ്യനെ നിങ്ങള്‍വന്നു കാണുവിന്‍. ഇവന്‍തന്നെയല്ലേ, ക്രിസ്തു?
30: അവര്‍ പട്ടണത്തില്‍നിന്നു പുറപ്പെട്ട്, അവന്റെയടുത്തു വന്നു.
31: തത്സമയം ശിഷ്യന്മാര്‍ അവനോടപേക്ഷിച്ചു: റബ്ബീ, ഭക്ഷണംകഴിച്ചാലും.
32: അവന്‍ പറഞ്ഞു: എനിക്കുകഴിക്കാൻ, നിങ്ങളറിയാത്ത ഭക്ഷണമുണ്ട്.
33: ആരെങ്കിലും ഇവനു ഭക്ഷണംകൊണ്ടുവന്നു കൊടുത്തിരിക്കുമോയെന്നു ശിഷ്യന്മാര്‍ പരസ്പരം പറഞ്ഞു.
34: യേശു അവരോടു പറഞ്ഞു: എന്നെ അയച്ചവന്റെ ഇഷ്ടം നിവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം.
35: നാലുമാസംകൂടെക്കഴിഞ്ഞാല്‍ വിളവെടുപ്പായെന്നു നിങ്ങള്‍ പറയുന്നില്ലേ? എന്നാല്‍ ഞാന്‍ പറയുന്നു, നിങ്ങള്‍ കണ്ണുകളുയര്‍ത്തി വയലുകളിലേക്കു നോക്കുവിന്‍. അവ ഇപ്പോള്‍ത്തന്നെ വിളഞ്ഞ്, കൊയ്ത്തിനു പാകമായിരിക്കുന്നു.
36: കൊയ്യുന്നവനു കൂലികിട്ടുകയും അവന്‍ നിത്യജീവിതത്തിലേക്കു ഫലം ശേഖരിക്കുകയും ചെയ്യുന്നു. അങ്ങനെ, വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒന്നുപോലെ സന്തോഷിക്കുന്നു.
37: വിതയ്ക്കുന്നതൊരുവന്‍, കൊയ്യുന്നതു മറ്റൊരുവന്‍ എന്ന ചൊല്ല്, ഇവിടെ വാസ്തവമായിരിക്കുന്നു.
38: നിങ്ങളദ്ധ്വാനിച്ചിട്ടില്ലാത്ത വിളവുശേഖരിക്കാന്‍ ഞാന്‍ നിങ്ങളെയയച്ചു; മറ്റുള്ളവരാണദ്ധ്വാനിച്ചത്. അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങള്‍ പ്രവേശിച്ചിരിക്കുന്നു.
39: ഞാന്‍ ചെയ്തതെല്ലാം അവനെന്നോടു പറഞ്ഞു എന്ന, ആ സ്ത്രീയുടെ സാക്ഷ്യംമൂലം പട്ടണത്തിലെ സമരിയാക്കാരില്‍ അനേകരവനില്‍ വിശ്വസിച്ചു.
40: ആ സമരിയാക്കാര്‍ അവന്റെയടുത്തുവന്ന്, തങ്ങളോടൊത്തു വസിക്കണമെന്ന് അവനോടപേക്ഷിച്ചു. അവന്‍ രണ്ടുദിവസം അവിടെത്താമസിച്ചു.
41: അവന്റെ വചനംശ്രവിച്ച മറ്റനേകരും അവനില്‍ വിശ്വസിച്ചു.
42: അവര്‍ ആ സ്ത്രീയോടു പറഞ്ഞു: ഇനിമേല്‍ ഞങ്ങള്‍ വിശ്വസിക്കുന്നതു നിന്റെ വാക്കുമൂലമല്ല. കാരണം, ഞങ്ങള്‍തന്നെ നേരിട്ടു ശ്രവിക്കുകയും ഇവനാണു യഥാര്‍ത്ഥത്തില്‍ ലോകരക്ഷകനെന്നു മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു.

രാജസേവകന്റെ പുത്രനെ സുഖപ്പെടുത്തുന്നു
43: രണ്ടുദിവസംകഴിഞ്ഞ്, അവനവിടെനിന്നു ഗലീലിയിലേക്കു പോയി. 
44: പ്രവാചകനു തന്റെ പിതൃഭൂമിയിൽ ബഹുമാനംലഭിക്കുന്നില്ലെന്ന്, യേശുതന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു.
45: അവന്‍ ഗലീലിയില്‍ച്ചെന്നപ്പോള്‍ ഗലീലിയാക്കാര്‍ അവനെ സ്വാഗതംചെയ്തു. എന്തെന്നാല്‍, തിരുനാളില്‍, അവന്‍ ജറുസലെമില്‍ച്ചെയ്തകാര്യങ്ങള്‍ അവര്‍ കണ്ടിരുന്നു. അവരും തിരുനാളിനു പോയിട്ടുണ്ടായിരുന്നു.
46: അവന്‍ വീണ്ടും ഗലീലിയിലെ കാനായിലെത്തി. അവിടെവച്ചാണ് അവന്‍ വെള്ളം വീഞ്ഞാക്കിയത്. കഫര്‍ണാമില്‍ ഒരു രാജസേവകനുണ്ടായിരുന്നു. അവന്റെ മകന്‍ രോഗബാധിതനായിരുന്നു.
47: യേശു യൂദയായില്‍നിന്നു ഗലീലിയിലേക്കു വന്നെന്നുകേട്ടപ്പോള്‍ അവന്‍ചെന്ന്, തന്റെ ആസന്നമരണനായ മകനെ, വന്നുസുഖപ്പെടുത്തണമെന്ന് അവനോടപേക്ഷിച്ചു.
48: അപ്പോള്‍ യേശു അവനോടു പറഞ്ഞു: അടയാളങ്ങളും അദ്ഭുതങ്ങളും കാണുന്നില്ലെങ്കില്‍ നിങ്ങളൊരിക്കലും വിശ്വസിക്കുകയില്ലല്ലോ.
49: അപ്പോള്‍, ആ രാജസേവകന്‍ അവനോടപേക്ഷിച്ചു: കര്‍ത്താവേ, എന്റെ മകന്‍ മരിക്കുംമുമ്പേ വരണമേ! യേശു അവനോടു പറഞ്ഞു: പൊയ്‌ക്കൊള്ളുക. നിന്റെ മകന്‍ ജീവിക്കും.
50: യേശുപറഞ്ഞ വചനംവിശ്വസിച്ച്, അവന്‍ പോയി.
51: പോകുംവഴി, മകന്‍ ജീവിച്ചിരിക്കുന്നെന്ന വാര്‍ത്തയുമായി ഭൃത്യന്മാര്‍ എതിരേ വന്നു.
52: ഏതുസമയത്താണ് അവന്റെ സ്ഥിതിമെച്ചപ്പെട്ടതെന്ന് അവനന്വേഷിച്ചു. ഇന്നലെ ഏഴാംമണിക്കൂറില്‍ പനി വിട്ടുമാറിയെന്ന് അവര്‍ പറഞ്ഞു.
53: നിന്റെ മകന്‍ ജീവിക്കുമെന്ന് യേശു പറഞ്ഞത് ആ മണിക്കൂറില്‍ത്തന്നെയാണെന്ന് ആ പിതാവു മനസ്സിലാക്കി; അവനും കുടുംബംമുഴുവനും വിശ്വസിച്ചു.
54: ഇത്, യൂദയായില്‍നിന്നു ഗലീലിയിലേക്കു വന്നപ്പോള്‍ യേശുപ്രവര്‍ത്തിച്ച രണ്ടാമത്തെ അടയാളമാണ്.

അദ്ധ്യായം 5

ബേത്സഥാക്കുളത്തിലെ രോഗശാന്തി
1: ഇതിനുശേഷം, യഹൂദരുടെ ഒരു തിരുനാളിന്, യേശു ജറുസലെമിലേക്കു പോയി.
2: ജറുസലെമില്‍ അജകവാടത്തിനടുത്ത്, ഹെബ്രായഭാഷയില്‍ ബേത്സഥാ എന്നുവിളിക്കപ്പെടുന്ന അഞ്ചുമണ്ഡപങ്ങളുള്ള ഒരു കുളമുണ്ടായിരുന്നു.
3, 4: അവിടെ കുരുടരും മുടന്തരും തളര്‍വാതക്കാരുമായ അനേകം രോഗികള്‍ കിടന്നിരുന്നു.
5: മുപ്പത്തെട്ടുവര്‍ഷമായി രോഗിയായ ഒരുവന്‍ അവിടെയുണ്ടായിരുന്നു.
6: അവന്‍, അവിടെക്കിടക്കുന്നത്, യേശു കണ്ടു. അവന്‍ ഏറെനാളായി കിടപ്പിലാണെന്നറിഞ്ഞ്, യേശു ചോദിച്ചു: സുഖംപ്രാപിക്കാന്‍ നിനക്കാഗ്രഹമുണ്ടോ?
7: അവന്‍ പറഞ്ഞു: കര്‍ത്താവേ, വെള്ളമിളകുമ്പോള്‍ എന്നെ കുളത്തിലേക്കിറക്കാന്‍ ആരുമില്ല. ഞാനെത്തുമ്പോഴേക്കും മറ്റൊരുവന്‍ വെള്ളത്തിലിറങ്ങിക്കഴിഞ്ഞിരിക്കും.
8: യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു നിന്റെ കിടക്കയെടുത്തു നടക്കുക.
9: ആ മനുഷ്യൻ തത്ക്ഷണം സുഖംപ്രാപിച്ചു കിടക്കയെടുത്തു നടന്നു. അന്നു സാബത്തായിരുന്നു.
10: അതിനാല്‍, സുഖംപ്രാപിച്ച ആ മനുഷ്യനോടു യഹൂദര്‍ പറഞ്ഞു: ഇന്നു സാബത്താകയാല്‍ കിടക്കചുമക്കുന്നതു നിഷിദ്ധമാണ്.
11: അവന്‍ മറുപടി പറഞ്ഞു: എന്നെ സുഖപ്പെടുത്തിയവന്‍ നിന്റെ കിടക്കയെടുത്തുനടക്കുകയെന്ന് എന്നോടു പറഞ്ഞു.
12: അപ്പോള്‍ അവര്‍ ചോദിച്ചു: കിടക്കയെടുത്തുനടക്കുകയെന്നു നിന്നോടു പറഞ്ഞവനാരാണ്?
13:അവനാരാണെന്നു സുഖംപ്രാപിച്ചവനറിഞ്ഞിരുന്നില്ല. കാരണം, അവിടെയുണ്ടായിരുന്ന ജനക്കൂട്ടത്തില്‍, യേശു മറഞ്ഞുകഴിഞ്ഞിരുന്നു.
14: പിന്നീട്, യേശു ദേവാലയത്തില്‍വച്ച്, അവനെക്കണ്ടപ്പോള്‍ പറഞ്ഞു: ഇതാ, നീ സൗഖ്യംപ്രാപിച്ചിരിക്കുന്നു. കൂടുതല്‍ മോശമായതൊന്നുംസംഭവിക്കാതിരിക്കാന്‍ മേലില്‍ പാപംചെയ്യരുത്.
15: അവന്‍ പോയി, യേശുവാണു തന്നെ സുഖപ്പെടുത്തിയതെന്നു യഹൂദരെയറിയിച്ചു.
16: സാബത്തില്‍ ഇവചെയ്തിരുന്നതുകൊണ്ട്, യേശുവിനെ യഹൂദര്‍ ഉപദ്രവിച്ചിരുന്നു.
17: യേശു അവരോടു പറഞ്ഞു: എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു; ഞാനും പ്രവര്‍ത്തിക്കുന്നു.
18: ഇതുമൂലം അവനെ വധിക്കാന്‍ യഹൂദര്‍ കൂടുതലായി ശ്രമിച്ചു. കാരണം, അവന്‍ സാബത്തുലംഘിക്കുകമാത്രമല്ല, തന്നെത്തന്നെ ദൈവതുല്യനാക്കിക്കൊണ്ടു ദൈവത്തെ തന്റെ പിതാവെന്നു വിളിക്കുകയുംചെയ്തു.

പുത്രന്റെ അധികാരം
19: അപ്പോൾ, യേശു അവരോടു പറഞ്ഞു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവു ചെയ്തുകാണുന്നതല്ലാതെ, പുത്രനു സ്വയമേ, ഒന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, പിതാവു ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനുംചെയ്യുന്നു.
20: എന്തെന്നാല്‍, പിതാവു പുത്രനെ സ്നേഹിക്കുകയും താന്‍ചെയ്യുന്നതെല്ലാം അവനെക്കാണിക്കുകയും ചെയ്യുന്നു. നിങ്ങള്‍ വിസ്മയിക്കത്തക്കവിധം ഇവയെക്കാള്‍ വലിയപ്രവൃത്തികളും അവിടുന്നവനെക്കാണിക്കും.
21: എന്തെന്നാൽ, പിതാവു മരിച്ചവരെ ഉയിർപ്പിച്ച്, അവര്‍ക്കു ജീവന്‍നല്കുന്നപോലെതന്നെ പുത്രനും താനിച്ഛിക്കുന്നവര്‍ക്കു ജീവന്‍ നല്കുന്നു.
22: പിതാവാരെയും വിധിക്കുന്നില്ല; വിധിമുഴുവനും അവിടുന്നു പുത്രനെയേല്പിച്ചിരിക്കുന്നു.
23: പിതാവിനെ ആദരിക്കുന്നപോലെ, എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണിത്. പുത്രനെ ആദരിക്കാത്തവരാരും അവനെയയച്ച പിതാവിനെയുമാദരിക്കുന്നില്ല.
24: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയുംചെയ്യുന്നവനു നിത്യജീവനുണ്ട്. അവൻ ശിക്ഷാവിധിക്കു വിധേയനാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു.
25: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്റെ സ്വരംശ്രവിക്കുന്ന മണിക്കൂർ വരുന്നു; അല്ല, വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും.
26: എന്തെന്നാല്‍, പിതാവിനു തന്നില്‍ത്തന്നെ ജീവനുള്ളതുപോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുണ്ടാകാന്‍ അവിടുന്നു വരംനല്കിയിരിക്കുന്നു.
27: മനുഷ്യപുത്രനായതുകൊണ്ട്, വിധിക്കാനുള്ള അധികാരവും അവനു നല്കിയിരിക്കുന്നു.
28: ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരംശ്രവിക്കുന്ന മണിക്കൂർ വരുന്നു.
29: അപ്പോള്‍ നന്മചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തുവരും.

യേശുവിന്റെ സാക്ഷ്യം
30: സ്വമേധയാ ഒന്നുംചെയ്യാന്‍ എനിക്കു സാധിക്കുകയില്ല. ഞാന്‍ ശ്രവിക്കുന്നപോലെ, ഞാന്‍ വിധിക്കുന്നു. എന്റെ വിധി നീതിപൂര്‍വ്വകവുമാണ്. എന്തെന്നാൽ, എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണു ഞാനന്വേഷിക്കുന്നത്.
31: ഞാന്‍ എന്നെക്കുറിച്ചുതന്നെ സാക്ഷ്യപ്പെടുത്തുന്നെങ്കില്‍, എന്റെ സാക്ഷ്യം സത്യമല്ല.
32: എന്നെക്കുറിച്ചു സാക്ഷ്യംനല്കുന്ന വേറൊരാളുണ്ട്. എന്നെക്കുറിച്ചുള്ള അവന്റെ സാക്ഷ്യം സത്യമാണെന്ന് എനിക്കറിയാം.
33: നിങ്ങള്‍ യോഹന്നാന്റെയടുത്തേക്ക് ആളയച്ചു. അവന്‍ സത്യത്തിനു സാക്ഷ്യംനല്കുകയുംചെയ്തു.
34: ഞാന്‍ മനുഷ്യരുടെ സാക്ഷ്യം സ്വീകരിക്കുന്നില്ലാ. എന്നാൽ, നിങ്ങള്‍ രക്ഷിക്കപ്പെടേണ്ടതിനാണു ഞാനിതെല്ലാം പറയുന്നത്.
35: കത്തിജ്ജ്വലിക്കുന്ന വിളക്കായിരുന്നു അവന്‍. അല്പസമയത്തേക്ക് അവന്റെ പ്രകാശത്തിലാഹ്ലാദിക്കാന്‍ നിങ്ങൾ ആഗ്രഹിച്ചുമിരുന്നു.
36: എന്നാല്‍, യോഹന്നാന്റേതിനെക്കാള്‍ വലിയസാക്ഷ്യം  എനിക്കുണ്ട്. എന്തെന്നാല്‍, പൂര്‍ത്തിയാക്കാനായി പിതാവെന്നെയേല്പിച്ച പ്രവൃത്തികള്‍ - ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന  പ്രവൃത്തികള്‍തന്നെ - പിതാവാണ് എന്നെ അയച്ചതെന്നു സാക്ഷ്യപ്പെടുത്തുന്നു.
37: എന്നെയയച്ച പിതാവുതന്നെ എന്നെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവിടുത്തെ സ്വരം നിങ്ങളൊരിക്കലും ശ്രവിച്ചിട്ടില്ല, രൂപം കണ്ടിട്ടുമില്ല.
38: അവിടുത്തെ വചനം നിങ്ങളില്‍ വസിക്കുന്നില്ല. കാരണം, അവിടുന്നയച്ചവനെ നിങ്ങള്‍ വിശ്വസിക്കുന്നില്ലാ.
39: ലിഖിതങ്ങള്‍ നിങ്ങള്‍ സൂക്ഷ്മപരിശോധന നടത്തുന്നു. എന്തെന്നാല്‍, അവയില്‍ നിത്യജീവനുണ്ടെന്നു നിങ്ങള്‍ വിചാരിക്കുന്നു. അവതന്നെയാണ്, എന്നെക്കുറിച്ചു സാക്ഷ്യംനല്കുന്നത്.
40: എന്നിട്ടും നിങ്ങള്‍ക്കു ജീവനുണ്ടാകേണ്ടതിന്, എന്റെയടുത്തേക്കുവരാന്‍ നിങ്ങളാഗ്രഹിക്കുന്നില്ലാ.
41: മനുഷ്യരില്‍നിന്നു ഞാന്‍ മഹത്വംസ്വീകരിക്കുന്നില്ല.
42: എനിക്കു നിങ്ങളെയറിയാം. നിങ്ങളില്‍ ദൈവസ്നേഹമില്ല.
43: ഞാന്‍, എന്റെ പിതാവിന്റെ നാമത്തില്‍ വന്നിരിക്കുന്നു. എന്നിട്ടും നിങ്ങളെന്നെ സ്വീകരിക്കുന്നില്ല. എന്നാല്‍, വേറൊരുവന്‍ സ്വന്തംനാമത്തില്‍ വന്നാല്‍, നിങ്ങളവനെ സ്വീകരിക്കും.
44: പരസ്പരം മഹത്വംസ്വീകരിക്കുകയും ഏകദൈവത്തില്‍നിന്നുവരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയുംചെയ്യുന്ന നിങ്ങള്‍ക്കെങ്ങനെ വിശ്വസിക്കാന്‍കഴിയും?
45: പിതാവിന്റെ സന്നിധിയില്‍ ഞാനായിരിക്കും നിങ്ങളെ കുറ്റപ്പെടുത്തുന്നതെന്നു നിങ്ങള്‍ വിചാരിക്കേണ്ടാ. നിങ്ങള്‍ പ്രത്യാശയര്‍പ്പിച്ചിരിക്കുന്ന മോശയായിരിക്കും നിങ്ങളെക്കുറ്റപ്പെടുത്തുന്നത്.
46: എന്തെന്നാൽ, നിങ്ങള്‍ മോശയെ വിശ്വസിച്ചിരുന്നെങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു. കാരണം, എന്നെക്കുറിച്ചാണ്, അവനെഴുതിയിരിക്കുന്നത്.
47: എന്നാല്‍, അവനെഴുതിയവ നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍, എന്റെ വാക്കുകളെങ്ങനെ വിശ്വസിക്കും?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ