നൂറ്റിയെണ്‍പത്തിനാലാം ദിവസം: സുഭാഷിതങ്ങള്‍ 24 - 27


അദ്ധ്യായം 24

1: ദുഷ്ടരെക്കുറിച്ച് അസൂയതോന്നരുത്; അവരോടു കൂട്ടുകൂടാന്‍ ആഗ്രഹിക്കുകയുമരുത്. 
2: അവരുടെ മനസ്സ്, അക്രമം ചിന്തിക്കുകയും അവരുടെ അധരങ്ങള്‍ ഏഷണിപറയുകയും ചെയ്യുന്നു. 
3: ജ്ഞാനത്താല്‍ വീടുപണിയപ്പെടുന്നു; വിവേകത്താല്‍ അതുറപ്പിക്കപ്പെടുന്നു. 
4: അമൂല്യവും മനോഹരവുമായ വസ്തുക്കളാല്‍ വിജ്ഞാനം അതിലെ മുറികള്‍ നിറയ്ക്കുന്നു. 
5: ജ്ഞാനി കരുത്തനെക്കാള്‍ ബലവാനത്രേ; അറിവുള്ളവന്‍ ശക്തനെക്കാളും. 
6: വിവേകിയായ മാര്‍ഗ്ഗദര്‍ശിയുണ്ടെങ്കിലേ യുദ്ധത്തിനു പുറപ്പെടാവൂ; ഉപദേഷ്ടാക്കള്‍ ധാരാളമുണ്ടെങ്കില്‍ വിജയംനേടാം. 
7: ജ്ഞാനം ഭോഷനു കൈയെത്താത്ത ഉയരത്തിലാണ്; സദസ്സില്‍ അവന്‍ വായ് തുറക്കുകയില്ല. 
8: തിന്മ നിനയ്ക്കുന്നവന്‍ ഉപജാപകന്‍ എന്നറിയപ്പെടും. 
9: ഭോഷന്‍ ആലോചിക്കുന്നതെന്തും പാപമാണ്; പരിഹാസകന്‍ മനുഷ്യരെ വെറുപ്പിക്കുന്നു. 
10: ആപദ്ഘട്ടങ്ങളില്‍ പതറിപ്പോകുന്നവന്‍ ദുര്‍ബ്ബലനത്രേ. 
11: കൊലയ്ക്കു കൊണ്ടുപോകുന്നവരെ മോചിപ്പിക്കുക; കൊലക്കളത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നവരെ രക്ഷപെടുത്തുക. 
12: ഞാനിതറിഞ്ഞില്ലെന്നു നീ പറഞ്ഞാല്‍ത്തന്നെ ഹൃദയത്തെ തൂക്കിനോക്കുന്നവന്‍ സത്യം ഗ്രഹിക്കുന്നില്ലേ? നിന്റെ ആത്മാവിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍ അതറിയുകയില്ലേ? അവിടുന്നു പ്രവൃത്തിക്കുതക്ക പ്രതിഫലമല്ലേ നല്കുക? 
13: മകനേ, തേന്‍ കുടിക്കുക, അതു നല്ലതാണ്. തേന്‍തുള്ളികള്‍ നാവിന് ആസ്വാദ്യമാണ്. 
14: നിന്റെ ആത്മാവിനു ജ്ഞാനവും അതുപോലെയാണെന്നറിയുക; അതു നേടിയാല്‍ നിനക്കു നല്ല ഭാവിയുണ്ടാകും; നിന്റെ പ്രതീക്ഷയ്ക്കു ഭംഗംനേരിടുകയുമില്ല. 
15: നീതിമാന്റെ പാര്‍പ്പിടത്തിനെതിരേ, ദുഷ്ടനെപ്പോലെ പതിയിരിക്കരുത്; അവന്റെ ഭവനത്തെ ആക്രമിക്കയുമരുത്. 
16: എന്തെന്നാല്‍, നീതിമാന്‍ ഏഴുതവണ വീണാലും വീണ്ടുമെഴുന്നേല്‍ക്കും; ദുഷ്ടനാകട്ടെ കാലിടറിവീഴുന്നതു പൂര്‍ണ്ണനാശത്തിലേക്കാണ്. 
17: ശത്രുവിന്റെ പതനത്തില്‍ ആഹ്ലാദിക്കരുത്; അവന്‍ തട്ടിവീഴുമ്പോള്‍ സന്തോഷിക്കയുമരുത്. 
18: സന്തോഷിച്ചാല്‍, കര്‍ത്താവിനു നിന്നോട് അപ്രീതിതോന്നുകയും നിന്റെ ശത്രുവില്‍നിന്നു തന്റെ കോപമകറ്റിക്കളയുകയും ചെയ്യും. 
19: തിന്മ പ്രവര്‍ത്തിക്കുന്നവരെയോര്‍ത്ത് അസ്വസ്ഥനാകേണ്ടാ; ദുഷ്ടരെനോക്കി അസൂയപ്പെടുകയും വേണ്ടാ. 
20: എന്തെന്നാല്‍, തിന്മചെയ്യുന്നവനു ഭാവിയില്ല; ദുഷ്ടരുടെ വിളക്ക് അണഞ്ഞുപോകും. 
21: മകനേ, കര്‍ത്താവിനെയും രാജാവിനെയും ഭയപ്പെടുക, അവരെ ധിക്കരിക്കരുത്. 
22: എന്തെന്നാല്‍, അവരില്‍നിന്നുള്ള ശിക്ഷ പെട്ടെന്നായിരിക്കും; അതില്‍നിന്നുണ്ടാകുന്ന നാശത്തിന്റെ വലുപ്പം ആര്‍ക്കാണ് ഊഹിക്കാൻ കഴിയുക? 
23: ഇനി പറയുന്നവയും ജ്ഞാനികളുടെ സൂക്തങ്ങളാണ്. ന്യായംവിധിക്കുന്നതില്‍ പക്ഷപാതം പാടില്ല. 
24: കുറ്റവാളികളോട്, നിങ്ങള്‍ നിരപരാധരാണ് എന്നുപറയുന്നവനെ ജനങ്ങള്‍ ശപിക്കും; ജനതകള്‍ അവനെ വെറുക്കും. 
25: എന്നാല്‍, കുറ്റവാളികളെ ശാസിക്കുന്നവര്‍ സന്തോഷമനുഭവിക്കും; അവര്‍ക്കു സമൃദ്ധമായ അനുഗ്രഹംലഭിക്കും. 
26: സത്യസന്ധമായ ഉത്തരംനല്കുന്നതു ചുംബനംനല്കുന്നതുപോലെയാണ്. 
27: ആദ്യം പുറത്തെ ജോലികള്‍ ക്രമപ്പെടുത്തുക; വയലിലും എല്ലാം സജ്ജീകരിക്കുക; അതിനുശേഷം വീടുപണി തുടങ്ങുക. 
28: അയല്‍ക്കാരനെതിരേ അകാരണമായി സാക്ഷിനില്ക്കരുത്; അവനെ വാക്കുകൊണ്ട് വഞ്ചിക്കയുമരുത്. 
29: എന്നോടു പ്രവര്‍ത്തിച്ചതുപോലെ ഞാന്‍ അവനോടും പ്രവര്‍ത്തിക്കും, അവന്‍ചെയ്തതിനു ഞാൻ പകരംചെയ്യും എന്നു നീ പറയരുത്. 
30: ഞാന്‍ അലസന്റെ വയലും ബുദ്ധിശൂന്യന്റെ മുന്തിരിത്തോപ്പും കടന്നുപോയി. 
31: അവിടെയെല്ലാം മുള്ളുകള്‍ നിറഞ്ഞിരുന്നു; നിലമാകെ കളകള്‍കൊണ്ടു മൂടിയിരുന്നു; അതിന്റെ കല്‍ഭിത്തി ഇടിഞ്ഞുപൊളിഞ്ഞുകിടന്നു. 
32: അതുകൊണ്ടു ഞാന്‍ ചിന്തിച്ചു; അതില്‍നിന്ന് ഒരു ഗുണപാഠംപഠിക്കുകയും ചെയ്തു. 
33: കുറച്ചുകൂടെ ഉറങ്ങാം, തെല്ലുനേരംകൂടെ മയങ്ങാം; കൈയുംകെട്ടിയിരുന്ന് അല്പംകൂടെ വിശ്രമിക്കാം. 
34: ഫലമോ ദാരിദ്ര്യം, കവര്‍ച്ചക്കാരനെപ്പോലെയും, ദുര്‍ഭിക്ഷം, ആയുധപാണിയെപ്പോലെയും നിന്നെ സമീപിക്കും.

അദ്ധ്യായം 25

സോളമന്റെ സുഭാഷിതങ്ങള്‍ - തുടര്‍ച്ച


1: യൂദാരാജാവായ ഹെസക്കിയായുടെ ആളുകള്‍ പകര്‍ത്തിവച്ച സോളമന്റെ സുഭാഷിതങ്ങളാണു താഴെപ്പറയുന്നവയും.
2: നിഗൂഢത ദൈവത്തിന്റെ മഹത്വമാണ്; രാജാക്കന്മാരുടെ മഹത്വമോ, കാര്യങ്ങള്‍ ആരാഞ്ഞറിയുന്നതും.
3: ആകാശങ്ങളുടെ ഉയരവും ഭൂമിയുടെ ആഴവുംപോലെ രാജാക്കന്മാരുടെ മനസ്സും അമേയമാണ്.
4: വെള്ളിയില്‍നിന്നു കിട്ടം മാറ്റിക്കളഞ്ഞാല്‍ പണിക്കാരനു പാത്രനിര്‍മ്മാണത്തിനുള്ള പദാര്‍ത്ഥമായി.
5: രാജസന്നിധിയില്‍നിന്നു ദുഷ്ടന്മാരെ അകറ്റിക്കളയുമ്പോള്‍ സിംഹാസനം നീതിയിലുറച്ചുനില്ക്കും.
6: രാജസന്നിധിയില്‍ മുന്‍നിരയില്‍ കയറിനില്ക്കുകയോ സമുന്നതരോടൊപ്പം സ്ഥാനംപിടിക്കുകയോ അരുത്.
7: എന്തെന്നാല്‍, രാജസന്നിധിയില്‍വച്ചു പിറകോട്ടു മാറ്റിനിറുത്തപ്പെടുന്നതിനെക്കാള്‍ അഭികാമ്യം, മുമ്പോട്ടു കയറിവരുക എന്നു ക്ഷണിക്കപ്പെടുന്നതാണ്.
8: കണ്ടതാണെങ്കിലും ഒരു കാര്യവും കോടതിയില്‍ തിടുക്കത്തില്‍ച്ചെന്നു വെളിപ്പെടുത്തരുത്. എന്തെന്നാല്‍, പിന്നീട്, നീ പറഞ്ഞതു തെറ്റാണെന്നു മറ്റൊരുവന്‍തെളിയിച്ചാല്‍, എന്തുചെയ്യും?
9: അയല്‍ക്കാരനുമായുള്ള തര്‍ക്കം, പരസ്പരം പറഞ്ഞുതീര്‍ക്കുക; മറ്റൊരുവന്റെ രഹസ്യം വെളിപ്പെടുത്തരുത്.
10: അവനതു കേള്‍ക്കാനിടയായാല്‍ നിന്നെ ഖണ്ഡിക്കുകയും നിനക്കു തീരാത്തദുഷ്‌കീര്‍ത്തിയുണ്ടാവുകയും ചെയ്യും.
11: ഉചിതമായ വാക്ക് വെള്ളിത്തകിടില്‍ പതിച്ചുവച്ച സ്വര്‍ണ്ണനിര്‍മ്മിതമായ ആപ്പിള്‍പ്പഴംപോലെയാണ്.
12: ഉപദേശം സ്വീകരിക്കുന്ന കാതുകള്‍ക്കു ജ്ഞാനിയായ ശാസകന്‍ സ്വര്‍ണ്ണംകൊണ്ടുളള കര്‍ണ്ണാഭരണമോ കണ്ഠാഭരണമോപോലെയാണ്.
13: വിശ്വസ്തനായ ദൂതന്‍, തന്നെ അയച്ചവര്‍ക്ക്, കൊയ്ത്തുകാലത്തു തണുപ്പുമായെത്തുന്ന മഞ്ഞുപോലെയാണ്; അവന്‍ യജമാനന്മാരുടെ മനസ്സിനു കുളിര്‍മ്മനല്കുന്നു.
14: കൊടുക്കാത്ത ദാനത്തെക്കുറിച്ചു വമ്പുപറയുന്നവന്‍ മഴതരാത്ത മേഘങ്ങളും കാറ്റുംപോലെയാണ്.
15: ക്ഷമകൊണ്ട് ഒരു ഭരണാധിപനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞേക്കാം. മൃദുലമായ നാവിനു കടുത്തഅസ്ഥിയെപ്പോലും ഉടയ്ക്കുവാനുള്ള കരുത്തുണ്ട്.
16: തേന്‍ കിട്ടിയാല്‍ ആവശ്യത്തിനുമാത്രമേ കുടിക്കാവൂ; അല്ലെങ്കില്‍ ചെടിപ്പുതോന്നി ഛര്‍ദ്ദിച്ചേക്കാം.
17: അയല്‍വാസിയുടെ വീട്ടില്‍ ചുരുക്കമായേ പോകാവൂ. അല്ലെങ്കില്‍ മടുപ്പുതോന്നി അവന്‍ നിന്നെ വെറുത്തേക്കാം.
18: അയല്‍ക്കാരനെതിരായി കള്ളസ്സാക്ഷി പറയുന്നവന്‍ ഗദയോ വാളോ കൂരമ്പോപോലെയാണ്.
19: ആപത്കാലത്ത് അവിശ്വസ്തനിലര്‍പ്പിക്കുന്ന വിശ്വാസം, കേടുള്ള പല്ലോ മുടന്തുകാലോപോലെയാണ്.
20: വിഷാദമഗ്നനുവേണ്ടി പാട്ടുപാടുന്നത്, കൊടുംതണുപ്പില്‍ ഒരാളുടെ വസ്ത്രമുരിഞ്ഞുമാറ്റുന്നതുപോലെയും വ്രണത്തില്‍ വിനാഗിരി വീഴ്ത്തുന്നതുപോലെയുമാണ്.
21: ശത്രുവിനു വിശക്കുമ്പോള്‍ ആഹാരവും ദാഹത്തിനു ജലവും കൊടുക്കുക:
22: അത്, അവന്റെ തലയില്‍ പശ്ചാത്താപത്തിന്റെ തീക്കനല്‍ കൂട്ടും; കര്‍ത്താവു നിനക്ക് പ്രതിഫലംനല്കുകയുംചെയ്യും.
23: വടക്കന്‍കാറ്റു മഴ കൊണ്ടുവരുന്നു; ഏഷണി പറയുന്ന നാവു രോഷവും.
24: കലഹക്കാരിയായ ഭാര്യയോടൊത്തു വീട്ടിനുള്ളില്‍ പാര്‍ക്കുന്നതിനെക്കാള്‍മെച്ചം തട്ടിന്‍പുറത്ത് ഒരു കോണില്‍ കഴിഞ്ഞുകൂടുകയാണ്.
25: ദാഹാര്‍ത്തനു ശീതജലംപോലെയാണു ദൂരദേശത്തുനിന്നെത്തുന്ന സദ്വാര്‍ത്ത.
26: ദുഷ്ടനു വഴങ്ങുന്ന നീതിമാന്‍, കലങ്ങിയ അരുവിയോ മലിനമായ ഉറവയോപോലെയാണ്.
27: തേന്‍ അധികം കുടിക്കുന്നതു നന്നല്ല; അതുപോലെ പ്രശംസയ്ക്കു ചെവികൊടുക്കുന്നതില്‍ നിയന്ത്രണംപാലിക്കുക.
28: ആത്മനിയന്ത്രണമില്ലാത്ത മനുഷ്യന്‍, കോട്ടകളില്ലാത്ത നഗരംപോലെയാണ്.

അദ്ധ്യായം 26

1: വേനല്‍ക്കാലത്തു മഞ്ഞും കൊയ്ത്തുകാലത്തു മഴയുംപോലെ, ഭോഷനു ബഹുമതിയിണങ്ങുകയില്ല.
2: പാറിപ്പറക്കുന്ന കുരുവിയും തെന്നിപ്പറക്കുന്ന മീവല്‍പക്ഷിയും എങ്ങും തങ്ങാത്തതുപോലെ അകാരണമായ ശാപം എങ്ങുമേശുന്നില്ല.
3: കുതിരയ്ക്കു ചമ്മട്ടി, കഴുതയ്ക്കു കടിഞ്ഞാണ്‍, ഭോഷന്റെ മുതുകിനു വടിയും.
4: ഭോഷനോട് അവന്റെ വിഡ്ഢിത്തത്തിനൊപ്പിച്ചു മറുപടി പറയരുത്, നീയും അവനു തുല്യനെന്നുവരും.
5: ഭോഷനു തന്റെ ഭോഷത്തത്തിനു തക്കമറുപടി കൊടുക്കുക; അല്ലെങ്കില്‍, താന്‍ ജ്ഞാനിയാണെന്ന് അവന്‍ വിചാരിക്കും.
6: ഭോഷന്റെ കൈയില്‍ സന്ദേശം കൊടുത്തയയ്ക്കുന്നവന്‍ സ്വന്തം കാല്‍ മുറിച്ചുകളയുകയും അക്രമം വിളിച്ചുവരുത്തുകയുമാണു ചെയ്യുന്നത്.
7: നിരുപയോഗമായി തൂങ്ങിക്കിടക്കുന്ന മുടന്തുകാലുപോലെയാണു ഭോഷന്മാരുടെ നാവില്‍ ആപ്തവാക്യം.
8: ഭോഷനു ബഹുമാനംകൊടുക്കുന്നതു കവിണയില്‍ കല്ലു തൊടുക്കുന്നതുപോലെയാണ്.
9: മദ്യപന്റെ കൈയില്‍ തുളഞ്ഞുകയറിയ മുള്ളുപോലെയാണ് ഭോഷന്മാരുടെവായില്‍ ആപ്തവാക്യം.
10: വഴിയേപോയ ഭോഷനെയോ മദ്യപനെയോ കൂലിക്കുനിര്‍ത്തുന്നവന്‍ കാണുന്നവരെയൊക്കെ എയ്യുന്ന വില്ലാളിയെപ്പോലെയാണ്.
11: ഭോഷത്തം ആവര്‍ത്തിക്കുന്നവന്‍ ഛര്‍ദ്ദിച്ചതു ഭക്ഷിക്കുന്ന നായയെപ്പോലെയാണ്.
12: ജ്ഞാനിയെന്നു ഭാവിക്കുന്നവനെക്കാള്‍ ഭോഷനു കൂടുതല്‍ പ്രതീക്ഷയ്ക്കുവകയുണ്ട്.
13: അലസൻ പറയുന്നു: വഴിയില്‍ സിംഹമുണ്ട്; തെരുവില്‍ സിംഹമുണ്ട്.
14: ചുഴിക്കുറ്റിയില്‍ കതകെന്നപോലെ അലസൻ കിടക്കയില്‍ക്കിടന്നു തിരിയുന്നു.
15: അലസന്‍ കൈ പാത്രത്തിലാഴ്ത്തിവയ്ക്കുന്നു; അതു വായിലേക്കടുപ്പിക്കുന്നതുപോലും അവനു ക്ലേശമാണ്.
16: വകതിരിവോടെ സംസാരിക്കാന്‍കഴിവുള്ള ഏഴുപേരെക്കാള്‍ കൂടുതല്‍ വിവേകിയാണു താനെന്ന് അലസന്‍ ഭാവിക്കുന്നു.
17: അന്യരുടെ വഴക്കില്‍ തലയിടുന്നവന്‍ വഴിയേപോകുന്ന പട്ടിയെ ചെവിക്കു പിടിച്ചു നിറുത്തുന്നവനെപ്പോലെയാണ്. 
18, 19: അയല്‍ക്കാരനെ വഞ്ചിച്ചിട്ട് ഇതൊരു നേരമ്പോക്കുമാത്രമെന്നു പറയുന്നവന്‍ തീക്കൊള്ളിയും അമ്പുകളും മരണവും ചുഴറ്റിയെറിയുന്ന ഭ്രാന്തനെപ്പോലെയാണ്.
20: വിറകില്ലെങ്കില്‍ തീ കെട്ടടങ്ങുന്നു; ഏഷണിക്കാരനില്ലാത്തിടത്തു കലഹം ശമിക്കുന്നു.
21: കരി, കനലിനെയും വിറക്, അഗ്നിയെയുമെന്നപോലെ കലഹപ്രിയന്‍ ശണ്ഠ ജ്വലിപ്പിക്കുന്നു.
22: ഏഷണിക്കാരന്റെ വാക്കുകള്‍ സ്വാദുള്ള അപ്പക്കഷണങ്ങള്‍പോലെയാണ്; അത് ഉള്ളിലേക്കിറങ്ങിച്ചെല്ലുന്നു.
23: മലിനഹൃദയം മറച്ചുവയ്ക്കുന്ന മധുരവാക്കുകള്‍ മണ്‍പാത്രത്തിന്റെ പുറത്തെ മിനുക്കുപണിപോലെയാണ്.
24: മനസ്സില്‍ വിദ്വേഷമുള്ളവന്‍ വാക്കുകൊണ്ടു സ്‌നേഹം നടിക്കുകയും ഹൃദയത്തില്‍ വഞ്ചന പുലര്‍ത്തുകയുംചെയ്യുന്നു.
25: അവൻ മധുരമായി സംസാരിക്കുമ്പോഴും അവനെ വിശ്വസിക്കരുത്; കാരണം, അവന്റെ ഹൃദയത്തില്‍ ഏഴു മ്ലേച്ഛതയുണ്ട്.
26: അവന്‍ വിദ്വേഷം കൗശലത്തില്‍മറച്ചുവച്ചാലും അവന്റെ ദുഷ്ടത, സംഘത്തില്‍വച്ചു വെളിപ്പെടും.
27: താന്‍കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴും; താനുരുട്ടുന്ന കല്ലു തന്റെമേല്‍ത്തന്നെ വിഴും.
28: കള്ളം പറയുന്നത് അതിനിരയായവരെ വെറുക്കുകയാണ്; മുഖസ്തുതി പറയുന്ന നാവ്, നാശംവരുത്തിവയ്ക്കുന്നു.

 
അദ്ധ്യായം 27


1: നാളെയെച്ചൊല്ലി അഹങ്കരിക്കേണ്ടാ, ഒരു ദിവസംകൊണ്ട് എന്തുസംഭവിക്കാമെന്നു നീ അറിയുന്നില്ല.
2: ആത്മപ്രശംസ ചെയ്യരുത്. മറ്റുള്ളവര്‍ നിന്നെ പ്രശംസിക്കട്ടെ. അന്യന്റെ നാവാണ്, നിന്റേതല്ല, അതു ചെയ്യേണ്ടത്.
3: കല്ലിനു ഭാരമുണ്ട്, മണലിനും ഭാരമുണ്ട്; എന്നാല്‍, ഭോഷന്റെ പ്രകോപനം ഇവ രണ്ടിനെയുംകാള്‍ ഭാരമുള്ളതത്രേ.
4: ക്രോധം ക്രൂരമാണ്; കോപം അനിയന്ത്രിതമാണ്; എന്നാല്‍, അസൂയയെ നേരിടാന്‍ ആര്‍ക്കാണുകഴിയുക?
5: തുറന്ന കുറ്റപ്പെടുത്തലാണു നിഗൂഢമായ സ്‌നേഹത്തെക്കാള്‍ മെച്ചം.
6: സ്‌നേഹിതന്‍ മുറിപ്പെടുത്തുന്നത് ആത്മാര്‍ത്ഥതനിമിത്തമാണ്; ശത്രുവാകട്ടെ നിന്നെ തെരുതെരെ ചുംബിക്കുകമാത്രംചെയ്യുന്നു.
7: ഉണ്ടുനിറഞ്ഞവനു തേന്‍പോലും മടുപ്പുണ്ടാക്കുന്നു; വിശക്കുന്നവനു കയ്പും മധുരമായി തോന്നുന്നു.
8: വീടുവിട്ടലയുന്നവൻ കൂടുവിട്ടലയുന്ന പക്ഷിയെപ്പോലെയാണ്.
9: തൈലവും സുഗന്ധദ്രവ്യവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; അപ്പോഴും ക്ലേശങ്ങള്‍ ആത്മാവിനെയുലച്ചുകൊണ്ടിരിക്കുന്നു.
10: സ്വന്തം സ്‌നേഹിതനെയും പിതാവിന്റെ സ്‌നേഹിതനെയും പരിത്യജിക്കരുത്; ആപത്തുവരുമ്പോള്‍ സഹോദരന്റെ ഭവനത്തില്‍ പോവുകയുമരുത്. അടുത്തുള്ള അയല്‍ക്കാരനാണ് അകലെയുള്ള സഹോദരനെക്കാള്‍ മെച്ചം.
11: മകനേ, നീ ജ്ഞാനിയാവുക, അങ്ങനെ എന്നെ സന്തോഷിപ്പിക്കുക. എന്നെ കുറ്റപ്പെടുത്തുന്നവനു മറുപടികൊടുക്കാന്‍ അപ്പോള്‍ എനിക്കു സാധിക്കും.
12: വിവേകി ആപത്തുകണ്ടറിഞ്ഞ്, ഒഴിഞ്ഞുമാറുന്നു; അല്പബുദ്ധി അതിലേക്കുചെന്നു ശിക്ഷയനുഭവിക്കുന്നു.
13: അന്യനു ജാമ്യം നില്ക്കുന്നവന്റെ കുപ്പായം കൈവശപ്പെടുത്തിക്കൊള്ളുക; പരദേശികള്‍ക്കു ജാമ്യം നില്ക്കുന്നവനോട് പണയം വാങ്ങിക്കൊള്ളുക.
14: അതിരാവിലെ അയല്‍ക്കാരന് ഉച്ചത്തില്‍നേരുന്ന അനുഗ്രഹം ശാപമായി ഗണിക്കും.
15: ദിവസംമുഴുവന്‍ പെയ്തുകൊണ്ടിരിക്കുന്ന ചാറ്റല്‍മഴയും കലഹപ്രിയയായ ഭാര്യയും ഒന്നുപോലെതന്നെ.
16: അവളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതു കാറ്റിനെ പിടിച്ചടക്കാന്‍ തുനിയുന്നതുപോലെയോ, കൈയില്‍ എണ്ണ മുറുക്കിപ്പിടിക്കാന്‍ ശ്രമിക്കുന്നതുപോലെയോ, ആണ്.
17: ഇരുമ്പ്, ഇരുമ്പിനു മൂര്‍ച്ചകൂട്ടുന്നു; ഒരുവന്‍ അപരന്റെ ബുദ്ധിക്കു മൂര്‍ച്ചകൂട്ടുന്നു.
18: അത്തിമരം വളര്‍ത്തുന്നവന്‍ അതിന്റെ പഴം തിന്നും; യജമാനനെ ശുശ്രൂഷിക്കുന്നവന്‍ ബഹുമാനിക്കപ്പെടും.
19: വെള്ളത്തില്‍ മുഖം പ്രതിബിംബിക്കുന്നതുപോലെ മനുഷ്യന്റെ മനസ്സ് അവനെത്തന്നെ പ്രതിഫലിപ്പിക്കുന്നു.
20: പാതാളവും നരകവും ഒരിക്കലും തൃപ്തിയടയുന്നില്ല; മനുഷ്യന്റെ കണ്ണുകള്‍ ഒരിക്കലും സംതൃപ്തമാകുന്നില്ല.
21: വെള്ളിയുടെ മാറ്റു മൂശയിലൂടെയും സ്വര്‍ണ്ണത്തിന്റെ മാറ്റു ചൂളയിലൂടെയുമെന്നപോലെ, മനുഷ്യന്റെ മാറ്റ്, അവനു ലഭിക്കുന്ന പ്രശംസയിലൂടെ നിര്‍ണ്ണയിക്കപ്പെടുന്നു.
22: ഭോഷനെ ധാന്യത്തോടൊപ്പം ഉരലിലിട്ടിടിച്ചാലും അവന്റെ ഭോഷത്തം വിട്ടുമാറുകയില്ല.
23: നിന്റെ ആട്ടിന്‍പറ്റങ്ങളെ ശരിക്കു നോക്കിക്കൊള്ളുക; കന്നുകാലികളെ സശ്രദ്ധംപാലിക്കുക;
24: എന്തെന്നാല്‍, സമ്പത്ത് എന്നേയ്ക്കും നിലനില്ക്കുകയില്ല. കിരീടം എല്ലാ തലമുറകളിലും നിലനില്ക്കാറുണ്ടോ?
25: പുല്ലു തീര്‍ന്നുപോകുന്നു; പുതിയത് മുളച്ചുവരുന്നു; കുന്നിൻപുറങ്ങളിലെ പച്ചപ്പുല്ലു ശേഖരിക്കപ്പെടുന്നു.
26: അപ്പോള്‍ ആട്ടിന്‍കുട്ടികള്‍ ഉടുപ്പിനുള്ള വകയും കോലാടുകള്‍ നിലത്തിനുള്ള വിലയും നിനക്കു നേടിത്തരും.
27: നിനക്കും കുടുംബത്തിനുംവേണ്ടത്ര പാലും പരിചാരികമാരെ പോറ്റാനുള്ള വകയും ലഭിക്കും.

നൂറ്റിയെണ്‍പത്തിമൂന്നാം ദിവസം: സുഭാഷിതങ്ങള്‍ 19 - 23


അദ്ധ്യായം 19

1: സത്യസന്ധനായ ദരിദ്രന്‍ ദുര്‍ഭാഷണംചെയ്യുന്ന ഭോഷനെക്കാള്‍ ശ്രേഷ്ഠനാണ്.
2: വിജ്ഞാനരഹിതമായ ഉത്സാഹം ശ്രേയസ്‌കരമല്ല; തിടുക്കംകൂട്ടുന്നവനു വഴിതെറ്റുന്നു.
3: സ്വന്തം ഭോഷത്തമാണു നാശത്തിലെത്തിക്കുന്നത്; എന്നിട്ടും ഹൃദയം കര്‍ത്താവിനെതിരേ കോപംകൊണ്ടു ജ്വലിക്കുന്നു.
4: സമ്പത്ത്, അനേകം പുതിയ സ്നേഹിതരെ നേടുന്നു; ദാരിദ്ര്യം, ഉള്ള സ്‌നേഹിതരെപ്പോലുമകറ്റുന്നു.
5: കള്ളസ്സാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല; കള്ളംപറയുന്നവന്‍ രക്ഷപെടുകയില്ല.
6: ഉദാരമനസ്‌കന്റെ പ്രീതി നേടാൻ പലരും ശ്രമിക്കുന്നു; സമ്മാനങ്ങള്‍കൊടുക്കുന്നവന് എല്ലാവരും സ്‌നേഹിതരാണ്.
7: സഹോദരര്‍പോലും ദരിദ്രനെ വെറുക്കുന്നു; പിന്നെ സ്‌നേഹിതര്‍ അവനില്‍നിന്ന് അകന്നുമാറാതിരിക്കുമോ? അവന്‍ നല്ല വാക്കുകള്‍പറഞ്ഞ്, അവരുടെ പിറകേ പോകുന്നെങ്കിലും അവര്‍ വശപ്പെടുന്നില്ല.
8: ജ്ഞാനംനേടുന്നതു തന്നെത്തന്നെ സ്നേഹിക്കലാണ്; വിവേകം കാത്തുസൂക്ഷിക്കുന്നവന്‌ ഐശ്വര്യമുണ്ടാകും.
9: കള്ളസ്സാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല; വ്യാജംപറയുന്നവന്‍ നശിക്കും.   
10: ഭോഷന്‍ സുഭിക്ഷതയര്‍ഹിക്കുന്നില്ല; പ്രഭുക്കന്മാരെ ഭരിക്കാന്‍ അടിമയ്ക്ക് അത്രപോലുമര്‍ഹതയില്ല;
11: സദ്ബുദ്ധി ക്ഷിപ്രകോപത്തെ നിയന്ത്രിക്കും; തെറ്റുപൊറുക്കുന്നത് അവനു ഭൂഷണം.
12: രാജാവിന്റെ കോപം സിംഹഗര്‍ജ്ജനംപോലെയാണ്; അവന്റെ പ്രീതിയാവട്ടെ പുല്‍ക്കൊടിയിലെ മഞ്ഞുതുള്ളിപോലെയും.
13: ഭോഷനായ പുത്രന്‍ പിതാവിനെ നശിപ്പിക്കുന്നു. ഭാര്യയുടെ കലഹം തുടര്‍ച്ചയായ ചാറ്റല്‍മഴപോലെയാണ്.
14: വീടും സമ്പത്തും പിതാക്കനുമാരില്‍നിന്ന് അവകാശമായി കിട്ടുന്നു; വിവേകവതിയായ ഭാര്യയാവട്ടെ കര്‍ത്താവിന്റെ ദാനമാണ്.
15: അലസത ഒരുവനെ ഗാഢനിദ്രയിലാഴ്ത്തുന്നു; മടിയനു പട്ടിണികിടക്കേണ്ടിവരും.
16: കല്പനപാലിക്കുന്നവന്‍ ജീവന്‍ സംരക്ഷിക്കുന്നു; ഉപദേശത്തെ നിന്ദിക്കുന്നവന്‍ മൃതിയടയും.
17: ദരിദ്രരോടു ദയകാണിക്കുന്നവൻ കര്‍ത്താവിനാണു കടംകൊടുക്കുന്നത്; അവിടുന്ന് ആ കടം വീട്ടും.
18: നന്നാകുമെന്നു പ്രതീക്ഷയുള്ളപ്പോള്‍ നിന്റെ മകനെ ശിക്ഷിക്കുക; അവന്‍ നശിച്ചുപൊയ്‌ക്കൊള്ളട്ടെ എന്നു കരുതരുത്.
19: കഠിനമായി കോപിക്കുന്നവന്‍ പിഴയൊടുക്കേണ്ടിവരും. കോപശീലനെ രക്ഷിക്കാന്‍നോക്കിയാല്‍ അതാവര്‍ത്തിക്കേണ്ടിവരും.
20: ഉപദേശം കേള്‍ക്കുകയും പ്രബോധനമംഗീകരിക്കുകയുംചെയ്യുക, നീ ജ്ഞാനിയാകും.
21: മനുഷ്യന്‍ പലതുമാലോചിച്ചുവയ്ക്കുന്നു; നടപ്പില്‍വരുന്നതു കര്‍ത്താവിന്റെ തീരുമാനമാണ്. 
22: ആരിലും നാം പ്രതീക്ഷിക്കുന്നതു സത്യസന്ധതയാണ്; ദരിദ്രന്‍ നുണയനെക്കാള്‍ ഉത്തമനാണ്.
23: ദൈവഭക്തി ജീവനിലേക്കു നയിക്കുന്നു; ഭക്തന്‍ ഉപദ്രവം നേരിടാതെ സംതൃപ്തനായിക്കഴിയുന്നു.
24: അലസന്‍ കൈ പാത്രത്തില്‍ അമഴ്ത്തിവയ്ക്കുന്നു; അതു വായിലേക്കു കൊണ്ടുചെല്ലാന്‍ അവനു പ്രയാസമാണ്.
25: പരിഹാസകന്‍ പ്രഹരമേല്‍ക്കുന്നതുകണ്ട് അല്പബുദ്ധികള്‍ വിവേകം പഠിക്കും. ബുദ്ധിയുള്ളവന്‍ ശാസനംകൊണ്ടുതന്നെ വിജ്ഞാനം നേടും.
26: പിതാവിനോട് അതിക്രമം കാട്ടുകയും അമ്മയെ ആട്ടിയോടിക്കുകയുംചെയ്യുന്ന മകന്‍ അപമാനവും അധിക്ഷേപവും വരുത്തിവയ്ക്കുന്നു.
27: മകനേ, വിജ്ഞാനത്തിന്റെ വചനത്തില്‍നിന്ന് വ്യതിചലിക്കണമെന്നുണ്ടെങ്കിൽമാത്രമേ പ്രബോധനം ചെവിക്കൊള്ളാതിരിക്കാവൂ.
28: വിലകെട്ട സാക്ഷി, നീതിയെ നിന്ദിക്കുന്നു; ദുഷ്ടന്റെ വായ്, അന്യായത്തെ വിഴുങ്ങുന്നു.
29: പരിഹാസകര്‍ക്കു ശിക്ഷാവിധിയും ഭോഷന്മാരുടെ മുതുകിനു പ്രഹരവും സജ്ജമായിരിക്കുന്നു.

അദ്ധ്യായം 20

1: വീഞ്ഞു പരിഹാസകനും, മദ്യം കലഹക്കാരനുമാണ്; അവയ്ക്കടിമപ്പെടുന്നവനു വിവേകമില്ല.
2: രാജാവിന്റെ ഉഗ്രകോപം സിംഹഗര്‍ജ്ജനംപോലെയാണ്. അവനെ പ്രകോപിപ്പിക്കുന്നവന്‍ ജീവനപകടത്തിലാക്കുന്നു.
3: കലഹത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതു ബഹുമതിയാണ്; ഭോഷന്മാര്‍ ശണ്ഠകൂട്ടിക്കൊണ്ടിരിക്കും.
4: അലസന്‍ ഉഴവുകാലത്തു നിലമൊരുക്കുന്നില്ല; കൊയ്ത്തുകാലത്തു തേടിനടക്കും; ഒന്നും ലഭിക്കുകയില്ല.
5: മനസ്സിലുള്ള ആലോചന, അഗാധമായ ജലംപോലെയാണ്; ഉള്‍ക്കാഴ്ചയുള്ളവന്, അതു കോരിയെടുക്കാം.
6: തങ്ങള്‍ വിശ്വസ്തരാണെന്നു പലരും കൊട്ടിഗ്ഘോഷിക്കാറുണ്ട്; യഥാര്‍ത്ഥത്തില്‍ വിശ്വസ്തനായ ഒരുവനെ ആര്‍ക്കു കണ്ടെത്താൻകഴിയും?
7: സത്യസന്ധതയില്‍ ചരിക്കുന്ന നീതിമാന്റെ പിന്‍തലമുറകള്‍ അനുഗ്രഹിക്കപ്പെട്ടതാണ്.
8: ന്യായാസനത്തിലിരിക്കുന്ന രാജാവ്‌, നോട്ടംകൊണ്ട് എല്ലാ തിന്മകളെയും പാറ്റിക്കൊഴിക്കുന്നു.
9: ഹൃദയം നിര്‍മ്മലമാക്കി, പാപത്തില്‍നിന്നു ശുദ്ധി നേടിയിരിക്കുന്നു എന്നുപറയാന്‍ ആര്‍ക്കുകഴിയും?
10: വ്യാജമായ തൂക്കങ്ങളും അളവുകളും ഒന്നുപോലെ കര്‍ത്താവു വെറുക്കുന്നു.
11: തങ്ങളുടെ സ്വഭാവം നിര്‍ദോഷവും നീതിയുക്തവുമാണോ എന്നു ശിശുക്കള്‍പോലും സ്വന്തം പ്രവൃത്തികളിലൂടെ വെളിപ്പെടുത്തുന്നു.
12: കേള്‍ക്കാന്‍ ചെവിയും കാണാൻ കണ്ണും, കര്‍ത്താവാണ് ഇവ രണ്ടും സൃഷ്ടിച്ചിരിക്കുന്നത്.
13: ഉറക്കത്തിനടിമയാകരുത്; ദാരിദ്ര്യം നിന്നെ പിടികൂടും. ജാഗരൂകത പാലിക്കുക; നിനക്കു ധാരാളം ആഹാരം ലഭിക്കും.
14: വാങ്ങുമ്പോള്‍ മോശം മോശം എന്ന് ഒരുവന്‍ പറയുന്നു; വാങ്ങിക്കൊണ്ടുപോകുമ്പോള്‍ അവന്‍ തന്നെത്തന്നെ പ്രശംസിക്കുന്നു.
15: സ്വര്‍ണ്ണവും വിലയേറിയ രത്നങ്ങളും സുലഭമാണ്; എന്നാല്‍, ജ്ഞാനവചസ്സ് അമൂല്യരത്നമത്രേ.
16: അന്യനു ജാമ്യംനില്ക്കുന്നവന്റെ കുപ്പായം കൈവശപ്പെടുത്തിക്കൊള്ളുക; പരദേശികള്‍ക്കു ജാമ്യംനില്ക്കുന്നവനോട്, പണയം വാങ്ങിക്കൊള്ളുക.
17: വഞ്ചനയിലൂടെ നേടിയ ആഹാരം, ആദ്യം മധുരിക്കുന്നു; പിന്നീടു വായില്‍ ചരല്‍ നിറയും.
18: ആലോചനയോടെ പദ്ധതി തയ്യാറാക്കുക; ബുദ്ധിപൂര്‍വ്വമായ നിര്‍ദ്ദേശമനുസരിച്ചു യുദ്ധംചെയ്യുക.
19: ഏഷണിക്കാരന്‍ രഹസ്യങ്ങള്‍ പുറത്തുവിടുന്നു; ബുദ്ധിശൂന്യമായി സംസാരിക്കുന്നവനുമായി സംസര്‍ഗ്ഗമരുത്.
20: അപ്പനെയോ അമ്മയെയോ പ്രാകുന്നവന്റെ വിളക്കു കൂരിരുട്ടില്‍ കെട്ടുപോകും.
21: തിടുക്കത്തില്‍ കൈവശപ്പെടുത്തിയ സ്വത്ത് അവസാനം അനുഗ്രഹകരമായിരിക്കുകയില്ല.
22: തിന്മയ്ക്കു പ്രതികാരംചെയ്യുമെന്നു പറയരുത്; കര്‍ത്താവിലാശ്രയിക്കുക, അവിടുന്നു നിന്നെ സഹായിക്കും.
23: കള്ളത്തൂക്കം കര്‍ത്താവു വെറുക്കുന്നു; കള്ളത്രാസു നന്നല്ല.
24: മനുഷ്യന്റെ കാല്‍വയ്പുകള്‍ കര്‍ത്താവാണു നിയന്ത്രിക്കുന്നത്; തന്റെ വഴി തന്നത്താന്‍ ഗ്രഹിക്കാന്‍ മര്‍ത്ത്യനു കഴിയുമോ?
25: ഇതു വിശുദ്ധമാണ് എന്നു പറഞ്ഞു തിടുക്കത്തില്‍ വഴിപാടുനേരുകയും പിന്നീടുമാത്രം അതിനെക്കുറിച്ചാലോചിക്കുകയുംചെയ്യുന്നത് ഒരു കെണിയാണ്.
26: ജ്ഞാനിയായ രാജാവു ദുഷ്ടരെ പറത്തിക്കളയുന്നു; അവരുടെമേല്‍ രഥചക്രം പായിക്കുന്നു.
27: മനുഷ്യചേതന കര്‍ത്താവുകൊളുത്തിയ വിളക്കാണ്; അതവന്റെ ഉള്ളറകള്‍ പരിശോധിക്കുന്നു.
28: ദയയും വിശ്വസ്തതയും രാജാവിനെ സംരക്ഷിക്കുന്നു; നീതി അവന്റെ സിംഹാസനമുറപ്പിക്കുന്നു.
29: യുവാക്കളുടെ മഹത്വം, അവരുടെ കരുത്താണ്; നരച്ച മുടി വൃദ്ധരുടെ അലങ്കാരവും.
30: മുറിപ്പെടുത്തുന്ന താഡനങ്ങള്‍ ദുശ്ശീലങ്ങളെ നിര്‍മ്മാര്‍ജ്ജനംചെയ്യുന്നു. കനത്ത അടി മനസ്സിന്റെ ഉള്ളറകളെ ശുചിയാക്കുന്നു.


അദ്ധ്യായം 21


1: രാജാവിന്റെ ഹൃദയം കര്‍ത്താവു നിയന്ത്രിക്കുന്ന അരുവിയാണ്; അവിടുന്ന് തനിക്കിഷ്ടമുള്ളിടത്തേക്ക് അതിനെയൊഴുക്കിവിടുന്നു.
2: മനുഷ്യനു തന്റെ വഴികള്‍ ശരിയെന്നുതോന്നുന്നു. എന്നാല്‍, കര്‍ത്താവു ഹൃദയത്തെ തൂക്കിനോക്കുന്നു.
3: നന്മയും നീതിയും അനുഷ്ഠിക്കുന്നതാണു കര്‍ത്താവിനു ബലിയെക്കാള്‍ സ്വീകാര്യം.
4: ഗര്‍വ്വുനിറഞ്ഞ കണ്ണുകളും അഹങ്കരിക്കുന്ന ഹൃദയവും ദുഷ്ടരുടെ പ്രൗഢിയും പാപകരമത്രേ.
5: ഉത്സാഹശീലമുള്ളവരുടെ ആലോചനകള്‍ തീര്‍ച്ചയായും സമൃദ്ധികൈവരുത്തുന്നു. തിടുക്കംകൂട്ടുന്നവര്‍ ദുര്‍ഭിക്ഷത്തിലെത്തുകയേയുള്ളു.
6: കള്ളംപറയുന്ന നാവു നേടിത്തരുന്ന സമ്പത്ത്, പെട്ടെന്നു തിരോഭവിക്കുന്ന നീരാവിയും മരണത്തിന്റെ കെണിയുമാണ്.
7: ദുഷ്ടരുടെ അക്രമം അവരെ തൂത്തെറിയും; കാരണം, നീതി പ്രവര്‍ത്തിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു.
8: തെറ്റുചെയ്യുന്നവരുടെ മാര്‍ഗ്ഗം കുടിലമാണ്; നിഷ്‌കളങ്കരുടെ പെരുമാറ്റം നേര്‍വഴിക്കുള്ളതും.
9: കലഹക്കാരിയായ ഭാര്യയോടൊപ്പം വീട്ടിനുള്ളില്‍ പാര്‍ക്കുന്നതിനെക്കാള്‍ മെച്ചം തട്ടിന്‍പുറത്ത് ഒരു കോണില്‍ കഴിഞ്ഞുകൂടുകയാണ്.
10: ദുഷ്ടന്റെ ഹൃദയം, തിന്മയഭിലഷിക്കുന്നു; അവന്‍ അയല്‍ക്കാരനോടു ദയകാണിക്കുന്നില്ല.
11: പരിഹാസകന്‍ ശിക്ഷിക്കപ്പെടുന്നതുകണ്ടു സരളചിത്തന്‍ ജ്ഞാനിയായിത്തീരുന്നു; ബോധനം ലഭിക്കുമ്പോള്‍ ബുദ്ധിമാന്‍ ജ്ഞാനംനേടുന്നു;
12: നീതിമാന്‍ ദുഷ്ടന്റെ ഭവനം നിരീക്ഷിക്കുന്നു; ദുഷ്ടന്‍ നാശത്തിലേക്കു വലിച്ചെറിയപ്പെടുന്നു.
13: ദരിദ്രന്റെ നിലവിളിക്കു ചെവികൊടുക്കാത്തവനു വിലപിക്കേണ്ടിവരും; അതാരും കേള്‍ക്കുകയുമില്ല.
14: രഹസ്യമായി ചെയ്യുന്ന ദാനം, കോപത്തെയും മടിയില്‍ തിരുകിക്കൊടുക്കുന്ന കൈക്കൂലി കടുത്ത രോഷത്തെയും ഒഴിവാക്കുന്നു.
15: നീതി നിര്‍വ്വഹിക്കപ്പെടുന്നതു നീതിമാന്മാര്‍ക്ക് ആനന്ദവും ദുഷ്‌കര്‍മ്മികള്‍ക്കു പരിഭ്രാന്തിയുമുളവാക്കുന്നു.
16: വിവേകത്തിന്റെ മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിക്കുന്നവന്‍ മരിച്ചവരുടെയിടയില്‍ ചെന്നുപാര്‍ക്കും.
17: സുഖലോലുപന്‍ ദരിദ്രനായിത്തീരും; വീഞ്ഞിലും സുഗന്ധതൈലത്തിലും ആസക്തികാട്ടുന്നവന്‍ ധനവാനാവുകയില്ല.
18: ദുഷ്ടന്‍ നീതിമാനു മോചനദ്രവ്യമാണ്; അവിശ്വസ്തന്‍ സത്യസന്ധനും.
19: കലഹക്കാരിയും കോപശീലയുമായ ഭാര്യയോടൊത്തു കഴിയുന്നതിനെക്കാള്‍ നല്ലത് മരുഭൂമിയില്‍ ജീവിക്കുന്നതാണ്.
20: ജ്ഞാനിയുടെ ഭവനത്തില്‍ അമൂല്യനിധികളുണ്ടായിരിക്കും; ഭോഷന്‍ സമ്പത്തു ധൂര്‍ത്തടിച്ചുകളയുന്നു.
21: നീതിയും കാരുണ്യവും പിന്തുടരുന്നവര്‍ ജീവനും ബഹുമതിയും നേടും.
22: ജ്ഞാനി പ്രബലരുടെ നഗരത്തെ ഭേദിച്ച്, അവര്‍ ആശ്രയിക്കുന്ന സങ്കേതം നിലംപതിപ്പിക്കും.
23: സ്വന്തം അധരങ്ങളെയും നാവിനെയും നിയന്ത്രിക്കുന്നവന്‍ ഉപദ്രവങ്ങളില്‍നിന്നു രക്ഷപെടുന്നു.
24: അഹങ്കാരിയും ധിക്കാരിയുമായ മനുഷ്യന്റെ പേര് പരിഹാസകന്‍ എന്നാണ്; അവന്‍ ആരെയുംകൂസാതെ ഗര്‍വോടെ പ്രവര്‍ത്തിക്കുന്നു.
25: അലസന്റെ ആഗ്രഹങ്ങള്‍ അവനെ കൊന്നുകളയുന്നു; എന്തെന്നാല്‍, അവന്റെ കരങ്ങള്‍ അദ്ധ്വാനിക്കാന്‍ വിസമ്മതിക്കുന്നു.
26: ദുഷ്ടന്മാര്‍ എന്നും അത്യാഗ്രഹത്തോടെ കഴിയുന്നു; നീതിമാന്മാരാകട്ടെ നിര്‍ലോപം ദാനംചെയ്യുന്നു.
27: ദുഷ്ടന്റെ ബലി വെറുപ്പുളവാക്കുന്നു; ദുരുദ്ദേശ്യത്തോടെ സമര്‍പ്പിക്കുമ്പോള്‍ അതെത്രയോ അധികമായി വെറുക്കപ്പെടുന്നു!
28: കള്ളസ്സാക്ഷി നാശമടയും; ഉപദേശമനുസരിക്കുന്നവന്റെ വാക്കു നിലനില്ക്കും.


അദ്ധ്യായം 22

1: സത്കീര്‍ത്തി, വലിയസമ്പത്തിനെക്കാള്‍ അഭികാമ്യമാണ്. ദയ, സ്വര്‍ണ്ണത്തെയും വെള്ളിയെയുംകാള്‍ വിലയേറിയതാണ്.
2: ധനികരും ദരിദ്രരും ഒരുകാര്യത്തില്‍ തുല്യരാണ്; ഇരുകൂട്ടരെയും സൃഷ്ടിച്ചതു കര്‍ത്താവാണ്.
3: ജ്ഞാനി, ആപത്തു കണ്ടറിഞ്ഞ് ഒഴിഞ്ഞുമാറുന്നു; അല്പബുദ്ധി മുമ്പോട്ടുപോയി ദുരന്തംവരിക്കുന്നു.
4: വിനയത്തിനും ദൈവഭക്തിക്കുമുള്ള പ്രതിഫലം സമ്പത്തും ജീവനും ബഹുമതിയുമാണ്.
5: വികടബുദ്ധികളുടെ മാര്‍ഗ്ഗം മുള്ളുകളും കെണികളും നിറഞ്ഞതാണ്. കരുതലോടെ നടക്കുന്നവന്‍ അവയില്‍നിന്ന് ഒഴിഞ്ഞുമാറും.
6: ശൈശവത്തില്‍ത്തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക; വാര്‍ദ്ധക്യത്തിലും അതില്‍നിന്നു വ്യതിചലിക്കുകയില്ല.
7: ധനികന്‍ ദരിദ്രന്റെമേല്‍ ഭരണംനടത്തുന്നു; കടംവാങ്ങുന്നവന്‍ കൊടുക്കുന്നവന്റെ അടിമയാണ്.
8: അനീതി വിതയ്ക്കുന്നവന്‍ അനര്‍ത്ഥം കൊയ്യും; അവന്റെ കോപദണ്ഡു പ്രയോജനപ്പെടുകയില്ല.
9: ദയാദൃഷ്ടിയുള്ളവന്‍ അനുഗൃഹീതനാകും; എന്തെന്നാല്‍, അവന്‍ തന്റെ ആഹാരം ദരിദ്രരുമായി പങ്കുവയ്ക്കുന്നു.
10: പരിഹാസകനെ ആട്ടിയോടിക്കുക; കലഹം വിട്ടുപോകും; വഴക്കും ശകാരവും അവസാനിക്കുകയുംചെയ്യും.
11: ഹൃദയനൈര്‍മ്മല്യത്തെ സ്നേഹിക്കുകയും മധുരമായി സംസാരിക്കുകയുംചെയ്യുന്നവന്‍ രാജാവിന്റെ മിത്രമാകും.
12: കര്‍ത്താവിന്റെ കണ്ണുകള്‍ ജ്ഞാനത്തെ കാത്തുസൂക്ഷിക്കുന്നു; അവിശ്വസ്തരുടെ പാദങ്ങളെ അവിടുന്നു തകിടംമറിക്കുന്നു.
13: അലസന്‍ പറയുന്നു: പുറത്തു സിംഹമുണ്ട്; തെരുവില്‍വച്ച് ഞാന്‍ കൊല്ലപ്പെടും.
14: ദുശ്ചരിതയായ സ്ത്രീയുടെ വായ്, അഗാധഗര്‍ത്തമാണ്; കര്‍ത്താവിന്റെ കോപത്തിനിരയായവന്‍ അതില്‍ നിപതിക്കും.
15: ശിശുവിന്റെ ഹൃദയത്തില്‍ ഭോഷത്തം കെട്ടുപിണഞ്ഞുകിടക്കുന്നു; ശിക്ഷണത്തില്‍, വടി അതിനെ ആട്ടിയോടിക്കുന്നു.
16: സ്വന്തം സമ്പത്തു വര്‍ദ്ധിപ്പിക്കാന്‍വേണ്ടി, ദരിദ്രരെ ഞെരുക്കുകയോ സമ്പന്നര്‍ക്കു പാരിതോഷികംനല്കുകയോചെയ്യുന്നവന്‍ ദാരിദ്ര്യത്തില്‍ നിപതിക്കുകയേയുള്ളു.


ജ്ഞാനികളുടെ ആപ്തവാക്യങ്ങള്‍

17: ജ്ഞാനികളുടെ വാക്കു സശ്രദ്ധം കേള്‍ക്കുക; ഞാന്‍ നല്കുന്ന വിജ്ഞാനത്തില്‍ മനസ്സു പതിക്കുക.
18: അവയെ ഉള്ളിൽ‍ സംഗ്രഹിക്കുകയും അധരങ്ങളില്‍ ഒരുക്കിവയ്ക്കുകയുംചെയ്യുന്നത് ആഹ്ലാദപ്രദമായിരിക്കും.
19: കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കേണ്ടതിന് ഇന്നു ഞാനവയെ വെളിപ്പെടുത്തിത്തന്നിരിക്കുന്നു.
20: ഉപദേശവും വിജ്ഞാനവുമടങ്ങുന്ന മുപ്പതു സൂക്തങ്ങള്‍ നിനക്കു ഞാനെഴുതിയിട്ടുണ്ടല്ലോ.
21: നിന്നെ അയച്ചവര്‍ക്ക് ഉചിതമായ ഉത്തരംനല്കത്തക്കവിധം സത്യവും ശരിയുമായ കാര്യങ്ങള്‍ നിന്നെ ഗ്രഹിപ്പിക്കാന്‍വേണ്ടിയാണവ.
22: നിസ്സഹായനെന്നു കരുതി ദരിദ്രന്റെ മുതല്‍ അപഹരിക്കുകയോ നിന്റെ പടിവാതില്‍ക്കല്‍വച്ച്, കഷ്ടപ്പെടുന്നവരെ മര്‍ദ്ദിക്കുകയോചെയ്യരുത്.
23: എന്തെന്നാല്‍, കര്‍ത്താവ്, അവരുടെപക്ഷത്തു നില്ക്കുകയും, അവരുടെ മുതല്‍ കൈക്കലാക്കുന്നവരുടെ ജീവനപഹരിക്കുകയുംചെയ്യും.
24: കോപശീലനോടു സൗഹൃദം പാടില്ല; രോഷാകുലനോട് ഇടപെടുകയുമരുത്.
25: അങ്ങനെ ചെയ്താല്‍, നീ അവന്റെ ശീലങ്ങള്‍ കണ്ടുപഠിക്കുകയും കെണിയില്‍ കുരുങ്ങിപ്പോവുകയും ചെയ്യും.
26: അന്യര്‍ക്കുവേണ്ടി വാക്കുകൊടുക്കുകയോ ജാമ്യംനില്ക്കുകയോ ചെയ്യുന്നവരുടെ കൂട്ടത്തിലുള്‍പ്പെടരുത്.
27: കടംവീട്ടാന്‍ വകയില്ലാതെയായി നിന്റെ കിടക്കപോലും നഷ്ടപ്പെടാന്‍ ഇടയാക്കുന്നതെന്തിന്?
28: പിതാക്കന്മാര്‍ പണ്ടേ ഉറപ്പിച്ചിട്ടുള്ള അതിര്‍ത്തിക്കല്ലു മാറ്റരുത്.
29: ജോലിയില്‍ വിദഗ്ദ്ധനായ ഒരുവനെ നോക്കൂ. അവനു രാജസന്നിധിയില്‍ സ്ഥാനംലഭിക്കും; അവനു സാധാരണക്കാരോടുകൂടെ നില്ക്കേണ്ടിവരുകയില്ല.
 
അദ്ധ്യായം 23

1: ഭരണാധിപനോടൊപ്പം ഭക്ഷണത്തിനിരിക്കുമ്പോള്‍ നിന്റെ മുമ്പിലുള്ളതെന്താണെന്നു ശ്രദ്ധിക്കുക.
2: ഭക്ഷണക്കൊതിയനാണെങ്കില്‍, നീ നിയന്ത്രണംപാലിക്കുക.
3: അവന്റെ വിശിഷ്ടവിഭവങ്ങളില്‍ കൊതിവയ്ക്കരുത്; അതു നിന്നെ ചതിക്കും;
4: സമ്പത്തുനേടാന്‍ അമിതാദ്ധ്വാനംചെയ്യരുത്, അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍വേണ്ട വിവേകംകാണിക്കുക.
5: സമ്പത്തിന്മേല്‍ കണ്ണുവയ്ക്കുമ്പോഴേക്കും അതപ്രത്യക്ഷമാകും; കഴുകനെപ്പോലെ ചിറകുവച്ച് ആകാശത്തിലേക്കു പെട്ടെന്നതു പറന്നുപോകുന്നു.
6: പിശുക്കന്‍ തരുന്ന ആഹാരം കഴിക്കരുത്; അവന്റെ വിശിഷ്ടവിഭവങ്ങള്‍ കൊതിക്കുകയുമരുത്.
7: എന്തെന്നാല്‍, അവന്‍ മനസ്സില്‍ എണ്ണിനോക്കുന്നുണ്ട്. തിന്നുക, കുടിക്കുക എന്നവന്‍ പറയുമെങ്കിലും അവനാത്മാര്‍ത്ഥതയില്ല.
8: കഴിച്ചഭക്ഷണം, നീ ഛര്‍ദ്ദിച്ചുകളയും; നിന്റെ നല്ല വാക്കുകള്‍ പാഴായിപ്പോവുകയും ചെയ്യും.
9: ഭോഷന്‍കേള്‍ക്കേ സംസാരിക്കരുത്; നിന്റെ വാക്കുകളിലെ ജ്ഞാനത്തെ അവന്‍ നിന്ദിക്കുകയേയുള്ളു.
10: പണ്ടേയുള്ള അതിര്‍ത്തിക്കല്ലു മാറ്റുകയോ അനാഥരുടെ നിലം കൈയേറുകയോ അരുത്.
11: എന്തെന്നാല്‍, അവരുടെ സംരക്ഷകന്‍ ശക്തനാണ്; അവിടുന്നു നിങ്ങള്‍ക്കെതിരായി അവരുടെപക്ഷം വാദിക്കും.
12: നിന്റെ മനസ്സു പ്രബോധനത്തിലും കാതുകള്‍ വിജ്ഞാനംനിറഞ്ഞ വചനങ്ങളിലും ഉറപ്പിക്കുക.
13: കുട്ടിയെ ശിക്ഷിക്കാന്‍ മടിക്കേണ്ടാ, വടികൊണ്ടടിച്ചെന്നുവച്ച് അവന്‍ മരിച്ചുപോവുകയില്ല.
14: അടിക്കുമ്പോള്‍ നീ അവന്റെ ജീവനെ പാതാളത്തില്‍നിന്നു രക്ഷിക്കുകയാണ്.
15: മകനേ, നിന്റെ ഹൃദയം ജ്ഞാനമുള്ളതെങ്കില്‍ എന്റെ ഹൃദയവും സന്തോഷിക്കും.
16: നിന്റെ അധരങ്ങള്‍ നീതി മൊഴിയുമ്പോള്‍ എന്റെയാത്മാവ് ആഹ്ലാദിക്കും.
17: നിന്റെ ഹൃദയം പാപികളെ നോക്കി അസൂയപ്പെടരുത്; എപ്പോഴും ദൈവഭക്തിയിലുറച്ചുനില്‍ക്കുക.
18: തീര്‍ച്ചയായും നിനക്കൊരു ഭാവിയുണ്ട്; നിന്റെ പ്രതീക്ഷയ്ക്കു ഭംഗം നേരിടുകയില്ല.
19: മകനേ, ശ്രദ്ധിച്ചുകേള്‍ക്കുക, വിവേകം പുലര്‍ത്തുക, മനസ്സിനെ നല്ലവഴിക്കു നയിക്കുകയും ചെയ്യുക.
20: അമിതമായി വീഞ്ഞു കുടിക്കുകയും മാംസം ഭക്ഷിക്കുകയുംചെയ്യുന്നവരുടെ കൂട്ടത്തില്‍പ്പെടരുത്.
21: എന്തെന്നാല്‍ മദ്യപനും ഭോജനപ്രിയനും ദാരിദ്ര്യത്തിലകപ്പെടും; മത്തുപിടിച്ചു മയങ്ങുന്നവന് കീറത്തുണിയുടുക്കേണ്ടിവരും.
22: നിനക്കു ജന്മംനല്കിയ പിതാവിനെയനുസരിക്കുക; വൃദ്ധയായ അമ്മയെ നിന്ദിക്കരുത്. 
23: എന്തു വിലകൊടുത്തും സത്യംനേടുക; അതു കൈവിടരുത്. ജ്ഞാനവും പ്രബോധനവും ബുദ്ധിയും നേടുക.
24: നീതിമാന്റെ പിതാവ് അത്യധികമാഹ്ലാദിക്കും; ജ്ഞാനിയായ പുത്രനെ ലഭിച്ചവന്‍ അവനില്‍ സന്തുഷ്ടികണ്ടെത്തും.
25: നിന്റെ മാതാപിതാക്കള്‍ സന്തുഷ്ടരാകട്ടെ, നിന്റെ പെറ്റമ്മയാഹ്ലാദിക്കട്ടെ.
26: മകനേ, ഞാന്‍ പറയുന്നതു ഹൃദയപൂര്‍വ്വം കേള്‍ക്കുക; എന്റെ മാര്‍ഗ്ഗം അനുവര്‍ത്തിക്കുക.
27: വേശ്യ ഒരഗാധഗര്‍ത്തമാണ്; സ്വൈരിണി ഇടുങ്ങിയ ഒരു കിണറും.
28: അവള്‍ കവര്‍ച്ചക്കാരനെപ്പോലെ പതിയിരിക്കുന്നു; പുരുഷന്മാരുടെയിടയില്‍ അവിശ്വസ്തരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു.
29: ദുരിതവും ദുഃഖവും കലഹവുമാവലാതിയും ആര്‍ക്കാണ്? ആര്‍ക്കാണ് അകാരണമായ മുറിവുകള്‍? ആരുടെ കണ്ണാണു ചുവന്നുകലങ്ങിയത്?
30: വീഞ്ഞുകുടിച്ചു സമയംപോക്കുന്നവര്‍ക്കും വീഞ്ഞുകലര്‍ത്തി രുചി പരീക്ഷിക്കുന്നവര്‍ക്കുംതന്നെ.
31: ചഷകങ്ങളില്‍ വീഞ്ഞു ചെമന്നുതിളങ്ങി, കവിഞ്ഞൊഴുകുന്നതു നോക്കിയിരിക്കരുത്.
32: അവസാനം അതു പാമ്പിനെപ്പോലെ കടിക്കുകയും അണലിയെപ്പോലെ കൊത്തുകയും ചെയ്യും.
33: അപ്പോള്‍ നീ വിചിത്രകാഴ്ചകള്‍ കാണുകയും വികടത്തം ജല്പിക്കുകയും ചെയ്യും.
34: നീ നടുക്കടലില്‍ അകപ്പെട്ടവനെപ്പോലെയും പാമരത്തിന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്നവനെപ്പോലെയുമായിത്തീരും.
35: നീ പറയും: അവരെന്നെയടിച്ചു; എനിക്കു വേദനിച്ചില്ല. അവരെന്നെ പ്രഹരിച്ചു; എനിക്കേറ്റില്ല; ഞാന്‍ എപ്പോഴാണുണരുക? ഞാനിനിയും കുടിക്കും.

നൂറ്റിയെൺപത്തിരണ്ടാം ദിവസം: സുഭാഷിതങ്ങള്‍ 14 - 18


അദ്ധ്യായം 14

1: ജ്ഞാനം വീടുപണിയുന്നു; ഭോഷത്തം സ്വന്തം കൈകൊണ്ട്, അതിടിച്ചുനിരത്തുന്നു.
2: സത്യസന്ധൻ കര്‍ത്താവിനെ ഭയപ്പെടുന്നു. കുടിലമാര്‍ഗ്ഗി അവിടുത്തെ നിന്ദിക്കുന്നു.
3: ഭോഷന്റെ സംസാരം അവന്റെ മുതുകത്തുവീഴുന്ന വടിയാണ്; വിവേകികളുടെ വാക്ക് അവരെ കാത്തുകൊള്ളും.
4: കാളകളില്ലാത്തിടത്തു ധാന്യവുമില്ല; കാളയുടെ കരുത്ത്, സമൃദ്ധമായ വിളവുനല്കുന്നു.
5: വിശ്വസ്തനായ സാക്ഷി കള്ളംപറയുന്നില്ല; കള്ളസ്സാക്ഷി പൊളിപറഞ്ഞുകൂട്ടുന്നു.
6: പരിഹാസകന്‍ വിവേകമന്വേഷിക്കുന്നതു നിഷ്ഫലമാണ്; ബുദ്ധിമാന് അറിവു ലഭിക്കുക എളുപ്പവും.
7: ഭോഷനില്‍നിന്ന് അകന്നുമാറിക്കൊള്ളുക; അവനില്‍നിന്നു സാരമുള്ള വാക്കുകള്‍ ലഭിക്കുകയില്ല.
8: തന്റെ മാര്‍ഗ്ഗം വ്യക്തമായി ഗ്രഹിക്കുന്നതിലാണ് ബുദ്ധിമാന്റെ വിവേകം; വിഡ്ഢികളുടെ ഭോഷത്തം അവരെത്തന്നെ കബളിപ്പിക്കുന്നു.
9: ദുഷ്ടരെ ദൈവം വെറുക്കുന്നു; സത്യസന്ധര്‍ അനുഗ്രഹംപ്രാപിക്കുന്നു.
10: ഹൃദയത്തിന്റെ ദുഃഖം അതിനുമാത്രമേ അറിഞ്ഞുകൂടൂ; അതിന്റെ സന്തോഷത്തിലും അന്യര്‍ക്കു പങ്കില്ല.
11: ദുഷ്ടരുടെ ഭവനം നശിപ്പിക്കപ്പെടും; സത്യസന്ധരുടെ കൂടാരം പുഷ്ടിപ്രാപിക്കും.
12: ശരിയെന്നു തോന്നുന്ന വഴി ചിലപ്പോള്‍ മരണത്തിലേക്കു നയിക്കുന്നതാവാം.
13: ചിരിക്കുമ്പോള്‍പ്പോലും ഹൃദയം ദുഃഖഭരിതമാണ്; സന്തോഷം സന്താപത്തിലാണവസാനിക്കുക.
14: വഴിപിഴച്ചവന്‍ തന്റെ പ്രവൃത്തികളുടെ ഫലമനുഭവിക്കും; ഉത്തമനായ മനുഷ്യന്‍ തന്റെ പ്രവൃത്തികളുടെയും.
15: ശുദ്ധഗതിക്കാരന്‍ എന്തും വിശ്വസിക്കുന്നു; ബുദ്ധിമാന്‍ ലക്ഷ്യത്തില്‍ത്തന്നെ ശ്രദ്ധവയ്ക്കുന്നു.
16: വിവേകി ജാഗരൂകതയോടെ തിന്മയില്‍നിന്നകന്നുമാറുന്നു; ഭോഷന്‍ വീണ്ടുവിചാരമില്ലാതെ എടുത്തുചാടുന്നു.
17: ക്ഷിപ്രകോപി ബുദ്ധിഹീനമായി പ്രവര്‍ത്തിക്കുന്നു; ബുദ്ധിമാന്‍ ക്ഷമാശീലനാണ്.
18: ശുദ്ധഗതിക്കാര്‍ ഭോഷത്തം കാട്ടിക്കൂട്ടുന്നു; ബുദ്ധിമാന്മാര്‍ വിജ്ഞാനകിരീടമണിയുന്നു.
19: ദുര്‍ജ്ജനം സജ്ജനങ്ങളുടെ മുമ്പിലും ദുഷ്ടര്‍ നീതിമാന്മാരുടെ കവാടങ്ങളിലും കുമ്പിടും.
20: ദരിദ്രനെ അയല്‍ക്കാരന്‍പോലും വെറുക്കുന്നു; ധനികന് അനേകം സ്നേഹിതനുമാരുണ്ട്.
21: അയല്‍ക്കാരനെ നിന്ദിക്കുന്നവന്‍ പാപിയാണ്; പാവപ്പെട്ടവനോടു ദയകാണിക്കുന്നവന്‍ ഭാഗ്യവാനും.
22: തിന്മ നിനയ്ക്കുന്നവന്‍ തെറ്റുചെയ്യുകയല്ലേ? നന്മയ്ക്കു കളമൊരുക്കുന്നവര്‍ക്കു മറ്റുള്ളവരുടെ കൂറും വിശ്വാസവും ലഭിക്കുന്നു.
23: അദ്ധ്വാനമേതും ലാഭകരമാണ്; അലസഭാഷണം ദാരിദ്ര്യത്തിനു വഴിതെളിക്കുകയേയുള്ളു.
24: ജ്ഞാനമാണു വിവേകികളുടെ കിരീടം; ഭോഷത്തം ഭോഷന്മാര്‍ക്കു പൂമാലയും.
25: സത്യസന്ധനായ സാക്ഷി പലരുടെയും ജീവന്‍ രക്ഷിക്കുന്നു; കള്ളസ്സാക്ഷി വഞ്ചകനാണ്.
26: ദൈവഭക്തിയാണു ബലിഷ്ഠമായ ആശ്രയം; സന്താനങ്ങള്‍ക്ക് അത് അഭയസ്ഥാനമായിരിക്കുകയും ചെയ്യും.
27: ദൈവഭക്തി ജീവന്റെയുറവയാണ്; മരണത്തിന്റെ കെണികളില്‍നിന്നു രക്ഷപ്പെടാന്‍ അതു സഹായിക്കുന്നു.
28: രാജാവിന്റെ മഹത്വം പ്രജകളുടെ ബാഹുല്യമാണ്; പ്രജകള്‍ചുരുങ്ങിയ രാജാവു നാശമടയുന്നു.
29: പെട്ടെന്നു കോപിക്കാത്തവന് ഏറെ വിവകേമുണ്ട്; മുന്‍കോപി ഭോഷത്തത്തെ താലോലിക്കുന്നു.
30: പ്രശാന്തമായ മനസ്സു ശരീരത്തിനുന്മേഷംനല്കുന്നു; അസൂയ അസ്ഥികളെ ജീര്‍ണ്ണിപ്പിക്കുന്നു.
31: ദരിദ്രരെ ഞെരുക്കുന്നവന്‍ സ്രഷ്ടാവിനെ നിന്ദിക്കുന്നു; പാവപ്പെട്ടവരോടു ദയ കാണിക്കുന്നവന്‍ അവിടുത്തെ ബഹുമാനിക്കുന്നു.
32: ദുഷ്ടൻ തിന്മചെയ്ത് അധഃപതിക്കുന്നു; നീതിമാന്‍ സ്വന്തം നീതിനിഷ്ഠയില്‍ അഭയംകണ്ടെത്തുന്നു.
33: ബുദ്ധിമാന്റെ മനസ്സില്‍ വിവേകം കുടികൊള്ളുന്നു; ഭോഷന്മാരുടെ ഹൃദയം അതിനെയറിയുന്നതേയില്ല.
34: നീതി ജനതയെ ഉത്കര്‍ഷത്തിലെത്തിക്കുന്നു; പാപം ഏതു ജനതയ്ക്കും അപമാനകരമത്രേ,
35: വിവേകത്തോടെ പ്രവര്‍ത്തിക്കുന്ന സേവകന്‍ രാജാവിന്റെ പ്രീതിനേടുന്നു; ലജ്ജാവഹമായി പ്രവര്‍ത്തിക്കുന്നവന്റെമേല്‍ അവന്റെ കോപം നിപതിക്കുന്നു.


അദ്ധ്യായം 15


1: സൗമ്യമായ മറുപടി, ക്രോധംശമിപ്പിക്കുന്നു; പരുഷമായ വാക്കു കോപമിളക്കിവിടുന്നു.
2: വിവേകിയുടെ നാവ്, അറിവു വിതറുന്നു; വിഡ്ഢിയുടെ അധരങ്ങള്‍ ഭോഷത്തംവര്‍ഷിക്കുന്നു.
3: കര്‍ത്താവിന്റെ ദൃഷ്ടികള്‍ എല്ലായിടത്തും പതിയുന്നു; ദുഷ്ടരെയും ശിഷ്ടരെയും അവിടുന്നുറ്റുനോക്കുന്നു.
4: സൗമ്യന്റെ വാക്കു ജീവന്റെ വൃക്ഷമാണ്; വികടമായ വാക്കു മനസ്സുപിളര്‍ക്കുന്നു.
5: ഭോഷന്‍ തന്റെ പിതാവിന്റെയുപദേശം പുച്ഛിച്ചുതള്ളുന്നു; വിവേകി ശാസനമാദരിക്കുന്നു.
6: നീതിമാന്മാരുടെ ഭവനത്തില്‍ ധാരാളം നിക്ഷേപങ്ങളുണ്ട്; ദുഷ്ടരുടെ ആദായം കുഴപ്പം സൃഷ്ടിക്കുന്നു.
7: വിവേകികളുടെ അധരങ്ങള്‍ അറിവു പരത്തുന്നു; ഭോഷന്മാരുടെ മനസ്സ് അങ്ങനെയല്ല.
8: ദുഷ്ടരുടെ ബലി, കര്‍ത്താവിനു വെറുപ്പാണ്; സത്യസന്ധരുടെ പ്രാര്‍ത്ഥന അവിടുത്തെ സന്തോഷിപ്പിക്കുന്നു.
9: ദുഷ്ടരുടെ മാര്‍ഗ്ഗം കര്‍ത്താവിനു വെറുപ്പാണ്; നീതിയില്‍ ചരിക്കുന്നവരെ, അവിടുന്നു സ്നേഹിക്കുന്നു.
10: നേര്‍വഴിവിട്ടു നടക്കുന്നവൻ കര്‍ക്കശമായ ശിക്ഷണത്തിനു വിധേയനാകും; ശാസനംവെറുക്കുന്നവന്‍ മരിക്കും.
11: പാതാളവും അധോലോകവും കര്‍ത്താവിനുമുമ്പില്‍ തുറന്നുകിടക്കുന്നു; മനുഷ്യഹൃദയങ്ങളുടെ കാര്യം പറയാനുണ്ടോ?
12: പരിഹാസകന്‍ ശാസനമിഷ്ടപ്പെടുന്നില്ല; അവന്‍ ജ്ഞാനികളെ സമീപിക്കുകയുമില്ല.
13: സന്തുഷ്ടമായ ഹൃദയം മുഖത്തെ പ്രസന്നമാക്കുന്നു; ഹൃദയവ്യഥ, ഉന്മേഷംകെടുത്തിക്കളയുന്നു.
14: ബുദ്ധിമാന്റെ മനസ്സു വിജ്ഞാനം തേടുന്നു; ഭോഷന്മാരുടെ വദനത്തിന് ആഹാരം ഭോഷത്തമാണ്.
15: ദുഃഖിതരുടെ ദിനങ്ങള്‍ ക്ലേശഭൂയിഷ്ഠമാണ്; സന്തുഷ്ടമായ ഹൃദയം നിരന്തരം വിരുന്നാസ്വദിക്കുന്നു.
16: വലിയ സമ്പത്തും അതോടൊത്തുള്ള അനര്‍ത്ഥങ്ങളുമായി കഴിയുന്നതിനെക്കാള്‍ മെച്ചം ദൈവഭക്തിയോടെ അല്പംകൊണ്ടു കഴിയുന്നതാണ്.
17: സ്നേഹപൂര്‍വ്വം വിളമ്പുന്ന സസ്യാഹാരമാണ്, വെറുപ്പോടെ വിളമ്പുന്ന കാളയിറച്ചിയെക്കാള്‍ മെച്ചം.
18: മുന്‍കോപി കലഹമിളക്കിവിടുന്നു; ക്ഷമാശീലന്‍ അതു ശമിപ്പിക്കുന്നു.
19: അലസന്റെ മാര്‍ഗ്ഗം മുള്‍പ്പടര്‍പ്പുകളാലാവൃതമാണ്; സ്ഥിരോത്സാഹിയുടെ വഴി നിരപ്പായ രാജവീഥിയത്രേ.
20: വിവേകിയായ പുത്രന്‍ പിതാവിനെ സന്തോഷിപ്പിക്കുന്നു; ഭോഷന്‍ അമ്മയെ നിന്ദിക്കുന്നു.
21: ബുദ്ധിഹീനന്‍ ഭോഷത്തത്തിലാനന്ദിക്കുന്നു; ബുദ്ധിമാന്‍ നേര്‍വഴിക്കു നടക്കുന്നു.
22: സദുപദേശമില്ലെങ്കില്‍ പദ്ധതികള്‍ പാളിപ്പോകും; വേണ്ടത്ര ഉപദേഷ്ടാക്കളുള്ളപ്പോള്‍ അവ വിജയിക്കുന്നു.
23: ഉചിതമായ മറുപടി പറയുക ഒരുവനാഹ്ലാദകരമത്രേ, സന്ദര്‍ഭോചിതമായ വാക്ക് എത്ര നന്ന്!
24: വിവേകിയുടെ വഴി, മേലോട്ട്, ജീവനിലേക്കു നയിക്കുന്നു; താഴെയുള്ള പാതാളത്തെ വിട്ടകലുന്നു.
25: അഹങ്കാരിയുടെ ഭവനം കര്‍ത്താവു നിലംപരിചാക്കുന്നു; വിധവയുടെ അതിര് അവിടുന്നു സംരക്ഷിക്കുന്നു.
26: ദുഷ്ടരുടെ ആലോചനകള്‍ കര്‍ത്താവിനു വെറുപ്പാണ്; നിഷ്‌കളങ്കരുടെ വാക്കുകള്‍ അവിടുത്തേക്കു പ്രീതികരവും.
27: നീതിരഹിതമായ നേട്ടമാഗ്രഹിക്കുന്നവന്‍ സ്വന്തം കുടുംബത്തെ ദ്രോഹിക്കുന്നു; കൈക്കൂലി വെറുക്കുന്നവന്‍ ഏറെനാള്‍ ജീവിക്കും.
28: നീതിമാന്മാര്‍ ആലോചിച്ചുത്തരംകൊടുക്കുന്നു; ദുഷ്ടരുടെ അധരങ്ങള്‍ ദുഷ്ടത വമിക്കുന്നു.
29: കര്‍ത്താവു ദുഷ്ടരില്‍നിന്നകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാര്‍ത്ഥന ചെവിക്കൊള്ളുന്നു.
30: തിളങ്ങുന്ന കണ്ണ്, ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; സദ്‌വാര്‍ത്ത ശരീരത്തെ ഉത്തേജിപ്പിക്കുന്നു.
31: ഉത്തമമായ ഉപദേശമാദരിക്കുന്നവനു വിവേകികളോടുകൂടെ സ്ഥാനംലഭിക്കും.
32: പ്രബോധനമവഗണിക്കുന്നവന്‍ തന്നെത്തന്നെ ദ്രോഹിക്കുന്നു; ശാസനമനുസരിക്കുന്നവന്‍ അറിവു നേടുന്നു.
33: ദൈവഭക്തി ജ്ഞാനത്തിനുള്ള പരിശീലനമാണ്; വിനയം ബഹുമതിയുടെ മുന്നോടിയും.

അദ്ധ്യായം 16

1: മനുഷ്യന്‍ പദ്ധതികള്‍ വിഭാവനംചെയ്യുന്നു; അന്തിമമായ തീരുമാനം കര്‍ത്താവിന്റേതത്രേ.
2: ഒരുവനു തന്റെ നടപടികള്‍ അന്യൂനമെന്നു തോന്നുന്നു; കര്‍ത്താവു ഹൃദയം പരിശോധിക്കുന്നു.
3: നിന്റെ പ്രയത്നം കര്‍ത്താവിലര്‍പ്പിക്കുക; നിന്റെ പദ്ധതികള്‍ ഫലമണിയും.
4: കര്‍ത്താവ് ഓരോന്നിനെയും നിശ്ചിത ലക്ഷ്യത്തോടെ സൃഷ്ടിച്ചു; അനര്‍ത്ഥദിനത്തിനുവേണ്ടി അവിടുന്നു ദുഷ്ടരെയും സൃഷ്ടിച്ചു.
5: അഹങ്കരിക്കുന്നവരോടു കര്‍ത്താവിനു വെറുപ്പാണ്; അവര്‍ക്കു ശിക്ഷകിട്ടാതിരിക്കുകയില്ല, തീര്‍ച്ച.
6: ആത്മാര്‍ത്ഥതയും വിശ്വസ്തതയുമാണ് അധര്‍മ്മത്തിനു പരിഹാരം; ദൈവഭയം, തിന്മയില്‍നിന്നകറ്റിനിര്‍ത്തുന്നു.
7: ഒരുവന്റെ വഴികള്‍ കര്‍ത്താവിനു പ്രീതികരമായിരിക്കുമ്പോള്‍ ശത്രുക്കള്‍പോലും അവനോടിണങ്ങിക്കഴിയുന്നു.
8: നീതിപൂര്‍വ്വംനേടിയ ചെറിയ ആദായമാണ് അനീതിവഴിനേടിയ വലിയ ആദായത്തെക്കാള്‍ വിശിഷ്ടം.
9: മനുഷ്യന്‍ തന്റെ മാര്‍ഗ്ഗമാലോചിച്ചുവയ്ക്കുന്നു; അവന്റെ കാലടികളെ നിയന്ത്രിക്കുന്നതു കര്‍ത്താവാണ്.
10: രാജാവിന്റെ നാവില്‍ ദൈവനിശ്ചയം കുടികൊള്ളുന്നു; വിധിക്കുമ്പോള്‍ അവനു തെറ്റുപറ്റുകയില്ല.
11: ശരിയായ അളവും തൂക്കവും കര്‍ത്താവു നിയന്ത്രിക്കുന്നു; സഞ്ചിയിലുള്ള കട്ടികള്‍ അവിടുന്നു നിശ്ചയിക്കുന്നു.
12: ദുഷ്പ്രവൃത്തികള്‍ രാജാക്കന്മാര്‍ വെറുക്കുന്നു; നീതി, സിംഹാസനത്തെയുറപ്പിക്കുന്നു.
13: നീതിപൂര്‍വ്വമായ വാക്കുകള്‍ രാജാവിനെ ആഹ്ലാദിപ്പിക്കുന്നു; നേരുപറയുന്നവനെ അവന്‍ സ്നേഹിക്കുന്നു.
14: രാജാവിന്റെ കോപം മരണത്തിന്റെ ദൂതനാണ്; വിവേകിക്ക് അതു ശമിപ്പിക്കാന്‍ കഴിയും.
15: രാജാവിന്റെ പ്രസാദത്തില്‍ ജീവന്‍ കുടികൊള്ളുന്നു; രാജപ്രീതി, വസന്തത്തില്‍ മഴപൊഴിക്കുന്ന മേഘങ്ങളെപ്പോലെയാണ്.
16: ജ്ഞാനം ലഭിക്കുന്നതു സ്വര്‍ണ്ണംകിട്ടുന്നതിനെക്കാള്‍ ശ്രേഷ്ഠമാണ്; വിജ്ഞാനം വെള്ളിയെക്കാള്‍ അഭികാമ്യവും.
17: സത്യസന്ധരുടെ വഴി, തിന്മയില്‍നിന്ന് ഒഴിഞ്ഞുമാറുന്നു; സ്വന്തം വഴികാക്കുന്നവന്‍ ജീവന്‍ പരിരക്ഷിക്കുന്നു.
18: അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്; അഹന്ത അധഃപതനത്തിന്റെയും.
19: അഹങ്കാരികളോടുചേര്‍ന്നു കൊള്ളമുതല്‍ പങ്കുവയ്ക്കുന്നതിനെക്കാള്‍ നല്ലത്, വിനീതനായി ദരിദ്രനോടൊപ്പം കഴിയുകയാണ്.
20: ദൈവവചനം ആദരിക്കുന്നവന്‍ ഉത്കര്‍ഷം നേടും; കര്‍ത്താവിലാശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
21: ഹൃദയത്തില്‍ ജ്ഞാനമുള്ളവന്‍ വിവേകിയെന്നറിയപ്പെടുന്നു. ഹൃദ്യമായ ഭാഷണം കൂടുതലനുനയിപ്പിക്കുന്നു.
22: വിവേകംലഭിച്ചവന് അതു ജീവന്റെയുറവയാണ്; ഭോഷത്തം, ഭോഷനുള്ള ശിക്ഷയത്രേ.
23: വിവേകിയുടെ മനസ്സ്, വാക്കുകളെ യുക്തിയുക്തമാക്കുന്നു; അങ്ങനെ അതിനു പ്രേരകശക്തി വര്‍ദ്ധിക്കുന്നു.
24: ഹൃദ്യമായ വാക്കു തേനറപോലെയാണ്; അതാത്മാവിനു മധുരവും ശരീരത്തിന് ആരോഗ്യപ്രദവുമാണ്.
25: ശരിയെന്നു തോന്നിയ വഴി, മരണത്തിലേക്കു നയിക്കുന്നതാവാം.
26: വിശപ്പ്, പണിക്കാരനെക്കൊണ്ടു കൂടുതല്‍ ജോലിചെയ്യിക്കുന്നു; അതവനെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
27: വിലകെട്ടവന്‍ തിന്മ നിരൂപിക്കുന്നു; അവന്റെ വാക്കു പൊള്ളുന്ന തീപോലെയാണ്.
28: വികടബുദ്ധി കലഹം പരത്തുന്നു; ഏഷണിക്കാരന്‍ ഉറ്റമിത്രങ്ങളെ ഭിന്നിപ്പിക്കുന്നു.
29: അക്രമി അയല്‍ക്കാരനെ വശീകരിച്ച്, അപഥത്തിലേക്കു നയിക്കുന്നു.
30: കണ്ണിറുക്കുന്നവന്‍ ദുരാലോചന നടത്തുന്നു; ചുണ്ടു കടിക്കുന്നവന്‍ തിന്മയ്ക്കു വഴിയൊരുക്കുന്നു.
31: നരച്ച മുടി മഹത്വത്തിന്റെ കിരീടമാണ്; സുകൃതപൂര്‍ണ്ണമായ ജീവിതംകൊണ്ടാണ് അതു കൈവരുന്നത്.
32: ക്ഷമാശീലന്‍ കരുത്തനെക്കാളും, മനസ്സിനെ നിയന്ത്രിക്കുന്നവന്‍ നഗരം പിടിച്ചെടുക്കുന്നവനെക്കാളും ശ്രേഷ്ഠനാണ്.
33: കാര്യങ്ങള്‍ തീരുമാനിക്കാന്‍ കുറിയിടുന്നവരുണ്ട്; അന്തിമമായ തീരുമാനം കര്‍ത്താവിന്റേതാണ്.

 
അദ്ധ്യായം 17

1: കലഹംനിറഞ്ഞ വീട്ടിലെ വിരുന്നിനെക്കാളഭികാമ്യം സ്വസ്ഥതയോടെ കഴിക്കുന്ന ഉണങ്ങിയ അപ്പക്കഷണമാണ്.
2: ബുദ്ധിമാനായ അടിമ, ലജ്ജാവഹമായി പ്രവര്‍ത്തിക്കുന്ന യജമാനപുത്രന്റെമേല്‍ ഭരണംനടത്തും; അവന്‍ പുത്രന്മാര്‍ക്കൊപ്പം കുടുംബസ്വത്തിന് അവകാശിയുമാകും.
3: മൂശയില്‍ വെള്ളിയും ഉലയില്‍ സ്വര്‍ണ്ണവും ശോധനചെയ്യപ്പെടുന്നു; ഹൃദയങ്ങളെ പരിശോധിക്കുന്നതു കര്‍ത്താവാണ്.
4: ദുഷ്ടന്‍ ദുര്‍വ്വചസ്സുകള്‍ ശ്രദ്ധിക്കുന്നു; നുണയന്‍ അപവാദത്തിനു ചെവികൊടുക്കുന്നു.
5: ദരിദ്രരെ പരിഹസിക്കുന്നവന്‍സ്രഷ്ടാവിനെ നിന്ദിക്കുന്നു; മറ്റുള്ളവരുടെ അത്യാഹിതത്തില്‍ സന്തോഷിക്കുന്നവന്‍ ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.
6: പേരക്കിടാങ്ങള്‍ വൃദ്ധര്‍ക്കു കിരീടം; മക്കളുടെ അഭിമാനം പിതാക്കന്മാരത്രേ.
7: ഉത്തമമായ സംസാരം ഭോഷനു ചേരുകയില്ല; കപടഭാഷണം അഭിജാതര്‍ക്ക് അത്രപോലുമില്ല.
8: കൈക്കൂലി മാന്ത്രികക്കല്ലാണെന്നത്രേ കൊടുക്കുന്നവന്റെ സങ്കല്പം; തിരിയുന്നിടത്തെല്ലാം അവന്‍ വിജയം നേടുന്നു.
9: തെറ്റു പൊറുക്കുന്നവന്‍ സ്നേഹംനേടുന്നു; കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കുന്നവന്‍ സ്നേഹിതനെ പിണക്കിയകറ്റുന്നു.
10: ഭോഷനെ നൂറടിക്കുന്നതിനെക്കാള്‍, ബുദ്ധിമാനെ ഒന്നു ശകാരിക്കുന്നതു കൂടുതല്‍ ഉള്ളില്‍ത്തട്ടും.
11: അധമന്‍ എപ്പോഴും കലാപകാരിയാണ്; ക്രൂരനായ ഒരു ദൂതന്‍ അവനെതിരായി അയയ്ക്കപ്പെടും.
12: ഭോഷനെ അവന്റെ ഭോഷത്തത്തില്‍ നേരിടുന്നതിനെക്കാളെളുപ്പം, കുഞ്ഞുങ്ങള്‍ അപഹരിക്കപ്പെട്ട ഒരു പെണ്‍കരടിയെ നേരിടുകയാണ്.
13: ഉപകാരത്തിനു പകരം അപകാരംചെയ്യുന്നവന്റെ ഭവനത്തില്‍നിന്നു തിന്മ വിട്ടകലുകയില്ല.
14: കലഹത്തിന്റെ ആരംഭം അണപൊട്ടുന്നതുപോലെയാണ്; കലഹം തുടങ്ങുന്നതിനുമുമ്പുതന്നെ അതൊഴിവാക്കിക്കൊള്ളുക.
15: ദുഷ്ടരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്നവനും, നീതിമാന്മാരില്‍ കുറ്റം ചുമത്തുന്നവനും, ഒന്നുപോലെ കര്‍ത്താവിനെ വെറുപ്പിക്കുന്നു.
16: ഭോഷനു ധനമുണ്ടായിട്ടെന്തു പ്രയോജനം? അവനു ജ്ഞാനം വിലയ്ക്കുവാങ്ങാന്‍ കഴിയുമോ?
17: മിത്രം എപ്പോഴും മിത്രംതന്നെ; ആപത്തില്‍ പങ്കുചേരാന്‍ ജനിച്ചവനാണു സഹോദരന്‍.
18: ബുദ്ധിഹീനന്‍ അയല്‍ക്കാരനു വാക്കുകൊടുക്കുകയും ജാമ്യം നില്ക്കുകയുംചെയ്യുന്നു.
19: നിയമനിഷേധകന്‍ കലഹപ്രിയനാണ്; വാതില്‍ ഉയര്‍ത്തിപ്പണിയുന്നവന്‍ നാശം ക്ഷണിച്ചുവരുത്തുന്നു.
20: കുടിലമാനസന്‍ ഐശ്വര്യം പ്രാപിക്കുകയില്ല; വികടഭാഷണംനടത്തുന്നവന്‍ ആപത്തില്‍പ്പതിക്കുന്നു.
21: വിഡ്ഢിയായ പുത്രന്‍ പിതാവിന്റെ ദുഃഖമാണ്; ഭോഷന്റെ പിതാവിന് ഒരിക്കലും സന്തോഷമില്ല
22: സന്തുഷ്ടഹൃദയം ആരോഗ്യദായകമാണ്; തളര്‍ന്ന മനസ്സ്, ആരോഗ്യംകെടുത്തുന്നു.
23: നീതിയുടെ വഴിതെറ്റിക്കാന്‍ ദുഷ്ടന്‍ രഹസ്യമായി കൈക്കൂലി വാങ്ങുന്നു.
24: ബുദ്ധിമാന്‍ ജ്ഞാനോന്മുഖനായിരിക്കുന്നു; ഭോഷന്റെ ദൃഷ്ടി അങ്ങുമിങ്ങും അലഞ്ഞുതിരിയുന്നു.
25: മൂഢനായ പുത്രന്‍ പിതാവിനു ദുഃഖവും അമ്മയ്ക്കു കയ്പുമാണ്.
26: നീതിമാന്റെമേല്‍ പിഴചുമത്തുന്നതു നന്നല്ല; ഉത്തമനെ പ്രഹരിക്കുന്നതു തെറ്റാണ്.
27: വാക്കുകള്‍ നിയന്ത്രിക്കുന്നവന്‍ വിജ്ഞനാണ്; പ്രശാന്തമായ മനസ്സുള്ളവന്‍ ബുദ്ധിമാനത്രേ.
28: മൗനം ഭജിക്കുന്ന മൂഢന്‍പോലും ജ്ഞാനിയെന്നു കരുതപ്പെടുന്നു; അവന്‍ വായ് പൂട്ടിയിരുന്നാല്‍ ബുദ്ധിമാനെന്നു ഗണിക്കപ്പെടുന്നു. 


അദ്ധ്യായം 18

1: വേറിട്ടുനില്ക്കുന്നവന്‍ എല്ലാ നല്ല തീരുമാനങ്ങളോടും മറുതലിച്ചുനില്ക്കാന്‍ പഴുതുനോക്കുന്നു.
2: ഭോഷനു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലല്ലാതെ കാര്യംഗ്രഹിക്കുന്നതില്‍ താല്പര്യമില്ല.
3: ദുഷ്ടതയോടൊപ്പം അവജ്ഞയും ദുഷ്‌കീര്‍ത്തിയോടൊപ്പം അപമാനവും വന്നുഭവിക്കുന്നു.
4: മനുഷ്യന്റെ വാക്കുകള്‍ അഗാധമായ ജലാശയമാണ്; ജ്ഞാനത്തിന്റെ ഉറവ പാഞ്ഞൊഴുകുന്ന അരുവിയും.
5: ദുഷ്ടനോടു പക്ഷപാതം കാണിക്കുന്നതോ നീതിമാനു നീതി നിഷേധിക്കുന്നതോ നന്നല്ല.
6: മൂഢന്റെ അധരങ്ങള്‍ കലഹത്തിനു വഴിതെളിക്കുന്നു; അവന്റെ വാക്കുകള്‍ ചാട്ടയടിയെ ക്ഷണിച്ചുവരുത്തുന്നു.
7: മൂഢന്റെ നാവ് അവനെ നശിപ്പിക്കുന്നു; അവന്റെയധരങ്ങള്‍ അവനു കെണിയാണ്.
8: ഏഷണിക്കാരന്റെ വാക്കുകള്‍ സ്വാദുള്ള അപ്പക്കഷണങ്ങള്‍പോലെയത്രേ; അത് ഉള്ളിലേക്കിറങ്ങിച്ചെല്ലുന്നു.
9: മടിയന്‍ മുടിയന്റെ സഹോദരനാണ്.
10: കര്‍ത്താവിന്റെ നാമം ബലിഷ്ഠമായ ഒരു ഗോപുരമാണ്; നീതിമാന്‍ അതില്‍ ഓടിക്കയറി സുരക്ഷിതനായിക്കഴിയുന്നു.
11: സമ്പത്താണു ധനികന്റെ ബലിഷ്ഠമായ നഗരം; ഉയര്‍ന്ന കോട്ടപോലെ അതവനെ സംരക്ഷിക്കുന്നു.
12: ഗര്‍വ്വം നാശത്തിന്റെ മുന്നോടിയാണ്; വിനയം ബഹുമതിയുടെയും.
13: ചോദ്യംമുഴുവന്‍ കേള്‍ക്കുന്നതിനുമുമ്പ്, ഉത്തരം പറയുന്നതു ഭോഷത്തവും മര്യാദകേടുമാണ്.
14: ഉന്മേഷമുള്ള മനസ്സ്, രോഗം സഹിക്കുന്നു; തളര്‍ന്നമനസ്സിനെ ആര്‍ക്കു താങ്ങാൻകഴിയും?
15: ബുദ്ധിമാന്‍ അറിവു നേടുന്നു; വിവേകി ജ്ഞാനത്തിനു കാതോര്‍ക്കുന്നു.
16: സമ്മാനം കൊടുക്കുന്നവനു വലിയവരുടെയടുക്കല്‍ പ്രവേ ശനവും സ്ഥാനവും ലഭിക്കുന്നു.
17: മറ്റൊരാള്‍ ചോദ്യംചെയ്യുന്നതുവരെ, വാദമുന്നയിക്കുന്നവന്‍പറയുന്നതാണു ന്യായമെന്നുതോന്നും.
18: നറുക്ക്, തര്‍ക്കങ്ങളവസാനിപ്പിക്കുന്നു; അതു പ്രബലരായ പ്രതിയോഗികളെ തീരുമാനത്തിലെത്തിക്കുന്നു.
19: സഹോദരന്‍ സഹായത്തിനുള്ളവന്‍, ഉറപ്പുള്ള നഗരംപോലെയാണ്; എന്നാല്‍ കലഹം ഇരുമ്പഴികള്‍പോലെ അവരെ പിടിച്ചകറ്റുന്നു.
20: അധരഫലം ഉപജീവനമാര്‍ഗ്ഗം നേടിക്കൊടുക്കുന്നു; അധരങ്ങള്‍ സംതൃപ്തി വിളയിക്കുന്നു.
21: ജീവനെ നശിപ്പിക്കാനും പുലര്‍ത്താനും നാവിനു കഴിയും; അതിനെ സ്നേഹിക്കുന്നവന്‍ അതിന്റെ കനി ഭുജിക്കണം.
22: ഉത്തമയായ ഭാര്യയെ കണ്ടെത്തുന്നവന്‍ ഭാഗ്യവാന്‍; അതു കര്‍ത്താവിന്റെയനുഗ്രഹമാണ്.
23: ദരിദ്രന്‍ കേണപേക്ഷിക്കുന്നു; ധനവാന്മാര്‍ പരുഷമായി മറുപടിനല്കുന്നു.
24: ചിലര്‍ സ്‌നേഹിതരെന്നു നടിക്കും; ചിലര്‍ സഹോദരനെക്കാള്‍ ഉറ്റവരാണ്.

നൂറ്റിയെൺപത്തൊന്നാം ദിവസം: സുഭാഷിതങ്ങള്‍ 9 - 13


അദ്ധ്യായം 9

ജ്ഞാനവും മൗഢ്യവും

1: ജ്ഞാനം, തന്റെ ഭവനംപണിയുകയും ഏഴുതൂണുകള്‍ നാട്ടുകയുംചെയ്തിരിക്കുന്നു. 
2: അവള്‍ മൃഗങ്ങളെക്കൊന്ന്, വീഞ്ഞുകലര്‍ത്തി, വിരുന്നൊരുക്കിയിരിക്കുന്നു. 
3: നഗരത്തിലെ ഏറ്റവുമുയര്‍ന്ന ഇടങ്ങളില്‍നിന്ന് ഇങ്ങനെ വിളിച്ചറിയിക്കാന്‍ അവള്‍ പരിചാരികമാരെ അയച്ചിരിക്കുന്നു. 
4: അല്പബുദ്ധികളേ, ഇങ്ങോട്ടു വരുവിന്‍. ബുദ്ധിശൂന്യനോട് അവള്‍ പറയുന്നു: 
5: വന്ന്, എന്റെ അപ്പം ഭക്ഷിക്കുകയും ഞാന്‍ കലര്‍ത്തിയ വീഞ്ഞുകുടിക്കുകയുംചെയ്യുവിന്‍. 
6: ഭോഷത്തംവെടിഞ്ഞു ജീവിക്കുവിന്‍; അറിവിന്റെ പാതയില്‍ സഞ്ചരിക്കുവിന്‍. 
7: പരിഹാസകനെ തിരുത്തുന്നവനു ശകാരംകിട്ടും; ദുഷ്ടനെ കുറ്റപ്പെടുത്തുന്നവനു ക്ഷതമേല്‍ക്കേണ്ടിവരും. 
8: പരിഹാസകനെ കുറ്റപ്പെടുത്തരുത്, അവന്‍ നിന്നെ വെറുക്കും; വിവേകിയെ കുറ്റപ്പെടുത്തുക, അവന്‍ നിന്നെ സ്നേഹിക്കും. 
9: വിവേകിയെ പ്രബോധിപ്പിക്കുക, അവന്‍ കൂടുതല്‍ വിവേകിയായിത്തീരും. നീതിമാനെ പഠിപ്പിക്കുക, അവൻ കൂടുതല്‍ ജ്ഞാനിയാകും. 
10: ദൈവഭക്തിയാണു ജ്ഞാനത്തിന്റെയുറവിടം; പരിശുദ്ധനായവനെ അറിയുന്നതാണറിവ്. 
11: ഞാന്‍നിമിത്തം നിന്റെ ദിനങ്ങള്‍ പെരുകും; നിന്റെ ആയുസ്സിനോടു കൂടുതല്‍ സംവത്സരങ്ങള്‍ ചേരും. 
12: നീ വിവേകിയെങ്കില്‍ പ്രയോജനം നിനക്കുതന്നെ; നീ പരിഹസിച്ചാല്‍ അതു നീതന്നെ ഏല്ക്കേണ്ടിവരും. 
13: ഭോഷത്തം വായാടിയാണ്; അവള്‍ ദുര്‍വൃത്തയും നിര്‍ലജ്ജയുമത്രേ. 
14: അവള്‍ വാതില്‍ക്കല്‍ ഇരുപ്പുറപ്പിക്കുന്നു, നഗരത്തിലെ ഉയര്‍ന്നസ്ഥലങ്ങള്‍ തന്റെ ഇരിപ്പിടമാക്കുന്നു. 
15: വഴിയെ, നേരേപോകുന്നവരോട് അവള്‍ വിളിച്ചുപറയുന്നു: 
16: അല്പബുദ്ധികളെ, ഇങ്ങോട്ടുകയറി വരുവിന്‍. ബുദ്ധിശൂന്യനോട് അവള്‍ പറയുന്നു: 
17: മോഷ്ടിച്ച ജലം മധുരവും രഹസ്യത്തില്‍തിന്ന അപ്പം രുചികരവുമാണ്. 
18: എന്നാല്‍, അവിടെ മരണം പതിയിരിക്കുന്നുവെന്നും അവളുടെ അതിഥികള്‍ പാതാളഗര്‍ത്തങ്ങളിലാണെന്നും അവനുണ്ടോ അറിയുന്നു!

അദ്ധ്യായം 10

സോളമന്റെ സുഭാഷിതങ്ങള്‍
1: ജ്ഞാനിയായ മകന്‍ പിതാവിനാന്ദമണയ്ക്കുന്നുഭോഷനായ മകനാകട്ടെ അമ്മയ്ക്കു ദുഃഖവും.   
2: അന്യായമായി നേടിയധനം ഉതകുകയില്ലനീതിയാകട്ടെ മരണത്തില്‍നിന്നു മോചിപ്പിക്കുന്നു.   
3: നീതിമാന്മാര്‍ വിശപ്പനുഭവിക്കാന്‍ കര്‍ത്താവനുവദിക്കുകയില്ലദുഷ്ടരുടെ അതിമോഹത്തെ അവിടുന്നു നിഷ്ഫലമാക്കുന്നു.  
4: അലസമായ കരം ദാരിദ്ര്യംവരുത്തിവയ്ക്കുന്നുസ്ഥിരോത്സാഹിയുടെ കൈ സമ്പത്തുനേടുന്നു.  
5: വേനല്‍ക്കാലത്തു കൊയ്തെടുക്കുന്ന മകൻ, മുൻകരുതലുള്ളവനാണ്കൊയ്ത്തുകാലത്തുറങ്ങുന്ന മകന്‍, അപമാനംവരുത്തിവയ്ക്കുന്നു.   
6: നീതിമാന്മാരുടെ ശിരസ്സില്‍ അനുഗ്രഹങ്ങള്‍ കുടികൊള്ളുന്നുദുഷ്ടരുടെ വായ്, അക്രമം മറച്ചുവയ്ക്കുന്നു.   
7: നീതിമാന്മാരെ സ്മരിക്കുന്നതനുഗ്രഹമാണ്ദുഷ്ടരുടെ നാമം ക്ഷയിച്ചുപോകുന്നു.  
8: ഹൃദയത്തില്‍ വിവേകമുള്ളവന്‍ കല്പനകളാദരിക്കുംവായാടിയായ ഭോഷന്‍ നാശമടയും.  
9: സത്യസന്ധന്റെ മാര്‍ഗ്ഗം സുരക്ഷിതമാണ്വഴിപിഴയ്ക്കുന്നവന്‍ പിടിക്കപ്പെടും.   
10: തെറ്റിനുനേരേ കണ്ണടയ്ക്കുന്നവന്‍ ഉപദ്രവംവരുത്തിവയ്ക്കുന്നുധൈര്യപൂര്‍വ്വം ശാസിക്കുന്നവനാകട്ടെ, സമാധാനംസൃഷ്ടിക്കുന്നു.   
11: നീതിമാന്മാരുടെ അധരം ജീവന്റെയുറവയാണ്ദുഷ്ടനുമാരുടേതോ അക്രമത്തെ മൂടിവയ്ക്കുന്നു.   
12: വിദ്വേഷം കലഹമിളക്കിവിടുന്നുസ്നേഹമോ എല്ലാ അപരാധങ്ങളും പൊറുക്കുന്നു.  
13: അറിവുള്ളവന്റെ അധരങ്ങളില്‍ ജ്ഞാനം കുടികൊള്ളുന്നുബുദ്ധിശൂന്യന്റെ മുതുകില്‍ വടിയാണു വീഴുക.   
14: ജ്ഞാനികള്‍ അറിവു സംഭരിച്ചുവയ്ക്കുന്നുഭോഷന്റെ ജല്പനം നാശംവരുത്തിവയ്ക്കുന്നു.   
15: ബലിഷ്ഠമായ നഗരമാണു ധനികന്റെ സമ്പത്ത്ദാരിദ്ര്യം ദരിദ്രന്റെ നാശവും.  
16: നീതിമാന്മാരുടെ പ്രതിഫലം, ജീവനിലേക്കു നയിക്കുന്നുദുഷ്ടരുടെ നേട്ടം പാപത്തിലേയ്ക്കും.   
17: പ്രബോധനത്തെ ആദരിക്കുന്നവന്‍ ജീവനിലേക്കുള്ള പാതയിലാണ്ശാസന നിരസിക്കുന്നവനു വഴിപിഴയ്ക്കുന്നു.  
18: വിദ്വേഷം മറച്ചുവച്ചു സംസാരിക്കുന്നവന്‍ കള്ളംപറയുന്നുഅപവാദംപറയുന്നവന്‍ മൂഢനാണ്.   
19: വാക്കുകളേറുമ്പോള്‍ തെറ്റു വര്‍ദ്ധിക്കുന്നുവാക്കുകളെ നിയന്ത്രിക്കുന്നവനു വീണ്ടുവിചാരമുണ്ട്.   
20: നീതിമാന്മാരുടെ നാവ്, വിശിഷ്ടമായ വെള്ളിയാണ്ദുഷ്ടരുടെ മനസ്സു വിലകെട്ടതും.   
21: നീതിമാന്റെ വാക്ക്, അനേകരെ പോഷിപ്പിക്കുന്നുമൂഢന്‍ ബുദ്ധിശൂന്യതമൂലം മൃതിയടയുന്നു.   
22: കര്‍ത്താവിന്റെയനുഗ്രഹം സമ്പത്തു നല്കുന്നുഅവിടുന്നതില്‍ ദുഃഖം കലര്‍ത്തുന്നില്ല.   
23: തെറ്റുചെയ്യുക മൂഢനു വെറുമൊരു വിനോദമാണ്അറിവുള്ളവനു വിവേകപൂര്‍വ്വമായ പെരുമാറ്റത്തിലാണാഹ്ലാദം.  
24: ദുഷ്ടന്‍ ഭയപ്പെടുന്നതുതന്നെ അവനു വന്നുകൂടുംനീതിമാന്റെ ആഗ്രഹം സഫലമാകും.   
25: ദുഷ്ടന്‍ കൊടുംകാറ്റില്‍ നിലംപതിക്കുന്നുനീതിമാനോ എന്നേയ്ക്കും നിലനില്‍ക്കും.   
26: വിനാഗിരി പല്ലിനും പുക കണ്ണിനുമെന്നപോലെയാണ്,  അലസന്‍ തന്നെ നിയോഗിക്കുന്നവര്‍ക്കും.   
27: ദൈവഭക്തി ആയുസ്സു വര്‍ദ്ധിപ്പിക്കുന്നുദുഷ്ടരുടെ ജീവിതകാലം പരിമിതമായിരിക്കും.   
28: നീതിമാന്മാരുടെ പ്രത്യാശ സന്തോഷപര്യവസായിയാണ്ദുഷ്ടരുടെ പ്രതീക്ഷ നിഷ്ഫലമാകും.   
29: സത്യസന്ധമായി പെരുമാറുന്നവനു കര്‍ത്താവ് ഉറപ്പുള്ള കോട്ടയാണ്തിന്മ പ്രവര്‍ത്തിക്കുന്നവനെ അവിടുന്നു നശിപ്പിക്കുന്നു. 
30: നീതിമാന്മാര്‍ക്ക് ഒരിക്കലും സ്ഥാനഭ്രംശം സംഭവിക്കുകയില്ല; ദുഷ്ടര്‍ക്കു ഭൂമിയില്‍ ഇടംകിട്ടുകയില്ല.   
31: നീതിമാന്റെ അധരങ്ങളില്‍നിന്നു ജ്ഞാനം പുറപ്പെടുന്നുവഴിപിഴച്ച നാവ് വിച്ഛേദിക്കപ്പെടും.   
32: നീതിമാന്മാരുടെ അധരങ്ങള്‍ പഥ്യമായതു പറയുന്നുദുഷ്ടരുടെ അധരങ്ങളോ, വഴിപിഴച്ചവയും. 

അദ്ധ്യായം 11

1: കള്ളത്രാസ് കര്‍ത്താവു വെറുക്കുന്നുന്യായമായ തൂക്കം അവിടുത്തെ സന്തോഷിപ്പിക്കുന്നു.   
2: അഹങ്കാരത്തിന്റെ പിന്നാലെ അപമാനമുണ്ട്വിനയമുള്ളവരോടുകൂടെ ജ്ഞാനവും.   
3: സത്യസന്ധരുടെ വിശ്വസ്തത അവര്‍ക്കു വഴികാട്ടുന്നുവഞ്ചകരുടെ വക്രത അവരെ നശിപ്പിക്കുന്നു.  
4: ക്രോധത്തിന്റെ ദിനത്തില്‍ സമ്പത്തു പ്രയോജനപ്പെടുകയില്ല.   
5: നീതി, മരണത്തില്‍നിന്നു മോചിപ്പിക്കുന്നു. നിഷ്‌കളങ്കന്റെ നീതി, അവനെ നേര്‍വഴിക്കു നടത്തുന്നുദുഷ്ടന്‍ തന്റെ ദുഷ്ടതനിമിത്തം നിപതിക്കുന്നു.   
6: സത്യസന്ധരുടെ നീതി, അവരെ മോചിപ്പിക്കുന്നുദുഷ്ടരെ അവരുടെ അത്യാഗ്രഹം അടിമകളാക്കുന്നു.   
7: ദുഷ്ടന്റെ പ്രത്യാശ മരണത്തോടെ നശിക്കുംഅധര്‍മ്മിയുടെ പ്രതീക്ഷ വ്യര്‍ത്ഥമായിത്തീരും.   
8: നീതിമാന്‍ ദുരിതത്തില്‍നിന്നു മോചിപ്പിക്കപ്പെടുന്നുദുഷ്ടന്‍ അതില്‍ക്കുടുങ്ങുകയും ചെയ്യുന്നു.   
9: അധര്‍മ്മി വാക്കുകൊണ്ട് അയല്‍ക്കാരനെ നശിപ്പിക്കുംനീതിമാന്‍ വിജ്ഞാനംനിമിത്തം വിമോചിതനാകും.   
10: നീതിമാന്മാരുടെ ക്ഷേമത്തില്‍ നഗരം ആഹ്ലാദിക്കുന്നുദുഷ്ടരുടെ നാശത്തില്‍ സന്തോഷത്തിന്റെ ആര്‍പ്പുവിളി മുഴങ്ങുന്നു.   
11: സത്യസന്ധരുടെമേലുള്ള അനുഗ്രഹത്താല്‍ നഗരം ഉത്കര്‍ഷംപ്രാപിക്കുന്നുദുഷ്ടരുടെ വാക്കുനിമിത്തം അതധഃപതിക്കുന്നു;   
12: അയല്‍ക്കാരനെ പുകഴ്ത്തിപ്പറയുന്നവന്‍ ബുദ്ധിശൂന്യനാണ്ആലോചനാശീലമുള്ളവന്‍ നിശ്ശബ്ദത പാലിക്കുന്നു.  
13: ഏഷണിപറഞ്ഞുനടക്കുന്നവന്‍ രഹസ്യം പരസ്യമാക്കുന്നുവിശ്വസ്തന്‍ രഹസ്യംസൂക്ഷിക്കുന്നു.   
14: മാര്‍ഗ്ഗദര്‍ശനമില്ലാഞ്ഞാല്‍ ജനത നിലംപതിക്കുംഉപദേഷ്ടാക്കള്‍ ധാരാളമുണ്ടെങ്കില്‍ സുരക്ഷിതത്വമുണ്ട്.   
15: അന്യനു ജാമ്യംനില്ക്കുന്നവന്‍ ദുഃഖിക്കേണ്ടിവരുംജാമ്യം നില്ക്കാത്തവന്‍ സുരക്ഷിതനാണ്.  
16: ശാലീനയായ സ്ത്രീ, ആദരം നേടുന്നുബലവാന്‍ സമ്പത്തും.   
17: ദയാശീലന്‍ തനിക്കുതന്നെ ഗുണം ചെയ്യുന്നുക്രൂരന്‍ തനിക്കുതന്നെ ഉപദ്രവം വരുത്തിവയ്ക്കുന്നു; 
18: ദുഷ്ടന്റെ പ്രതിഫലം അവനെ വഞ്ചിക്കുന്നുനീതി വിതയ്ക്കുന്നവന്റെ പ്രതിഫലം സുനിശ്ചിതമാണ്.  
19: നീതിയില്‍ നിലനില്ക്കുന്നവന്‍ ജീവിക്കുംതിന്മയെ പിന്തുടരുന്നവന്‍ മരിക്കും.   
20: വികടബുദ്ധികള്‍ കര്‍ത്താവിനു വെറുപ്പുളവാക്കുന്നുനിഷ്‌കളങ്കര്‍ അവിടുത്തെ സന്തോഷിപ്പിക്കുന്നു.   
21: തിന്മ ചെയ്യുന്നവനു തീര്‍ച്ചയായും ശിക്ഷ ലഭിക്കുംനീതിമാനു മോചനവും.   
22: വകതിരിവില്ലാത്ത സുന്ദരി, പന്നിയുടെ സ്വര്‍ണ്ണമൂക്കുത്തിക്കു തുല്യയാണ്.   
23: നീതിമാന്മാരുടെ ആഗ്രഹം നന്മയിലേ ചെല്ലൂദുഷ്ടരുടെ പ്രതീക്ഷ ക്രോധത്തിലും.   
24: ഒരാള്‍ ഉദാരമായി നല്‍കിയിട്ടും കൂടുതല്‍ ധനികനാകുന്നുനല്കേണ്ടതു പിടിച്ചുവച്ചിട്ടും മറ്റൊരുവന്റെ ദാരിദ്ര്യം വര്‍ദ്ധിക്കുന്നു.   
25: ഉദാരമായി ദാനംചെയ്യുന്നവന്‍ സമ്പന്നനാകുംദാഹജലം കൊടുക്കുന്നവനു ദാഹജലം കിട്ടും.   
26: ധാന്യം പൂഴ്ത്തിവയ്ക്കുന്നവനെ ജനങ്ങള്‍ ശപിക്കുന്നുഅതു വില്പനയ്ക്കു വയ്ക്കുന്നവനെ അവരനുഗ്രഹിക്കുന്നു.  
27: നന്മയെ ജാഗരൂകതയോടെ അന്വേഷിക്കുന്നവര്‍ അനുഗ്രഹത്തെയാണന്വേഷിക്കുന്നത്. തിന്മയെ തെരയുന്നവനു തിന്മതന്നെ വന്നുകൂടുന്നു.   
28: ധനത്തെ ആശ്രയിക്കുന്നവന്‍ കൊഴിഞ്ഞുവീഴുംനീതിമാന്‍ പച്ചിലപോലെ തഴയ്ക്കും.   
29: കുടുംബദ്രോഹിക്ക് ഒന്നും ബാക്കിയുണ്ടാവുകയില്ലഭോഷന്‍ വിവേകിയുടെ ദാസനായിരിക്കും.   
30: നീതിയുടെ ഫലം ജീവന്റെ വൃക്ഷമാണ്അക്രമം ജീവനൊടുക്കുന്നു.   
 31: നീതിമാൻ കഷ്ടിച്ചുമാത്രമേ രക്ഷപെടുന്നുള്ളുവെങ്കില്‍ ദുഷ്ടന്റെയും പാപിയുടെയും സ്ഥിതിയെന്തായിരിക്കും? 

അദ്ധ്യായം 12


1: ശിക്ഷണമിഷ്ടപ്പെടുന്നവന്‍ വിജ്ഞാനത്തെയാണു സ്‌നേഹിക്കുന്നത്ശാസനം വെറുക്കുന്നവന്‍ മൂഢനത്രേ.   
2: ഉത്തമനായ മനുഷ്യനു കര്‍ത്താവിന്റെയനുഗ്രഹം ലഭിക്കുന്നുതിന്മ നിരൂപിക്കുന്നവനെ അവിടുന്നു ശിക്ഷയ്ക്കു വിധിക്കുന്നു.   
3: ദുഷ്ടതയിലൂടെ ആരും നിലനില്പു നേടുന്നില്ലനീതിമാന്മാര്‍ ഒരിക്കലും ഉന്മൂലനംചെയ്യപ്പെടുന്നില്ല.  
4: ഉത്തമയായ ഭാര്യ ഭര്‍ത്താവിന്റെ കിരീടംഅപമാനംവരുത്തിവയ്ക്കുന്നവള്‍ അവന്റെ അസ്ഥികളിലെ അര്‍ബുദവും.  
5: നീതിമാന്മാരുടെ ആലോചനകള്‍ ന്യായയുക്തമാണ്ദുഷ്ടരുടെ ഉപദേശങ്ങള്‍ വഞ്ചനാത്മകവും. 
6: ദുഷ്ടരുടെ വാക്കുകള്‍ രക്തത്തിനു പതിയിരിക്കുന്നുസത്യസന്ധരുടെ വാക്കുകള്‍ മനുഷ്യരെ മോചിപ്പിക്കുന്നു.  
7: ദുഷ്ടര്‍ നിപതിക്കുമ്പോള്‍ നിശ്ശേഷം നശിക്കുംനീതിമാന്മാരുടെ പരമ്പര നിലനില്‍ക്കും.   
8: സദ്ബുദ്ധിയുള്ളവന്‍ അതിന്റെപേരില്‍ പ്രശംസിക്കപ്പെടുന്നുവികടബുദ്ധി നിന്ദിക്കപ്പെടുന്നു.   
9: ആഹാരത്തിനു വകയില്ലാതിരിക്കേ, വമ്പു നടിക്കുന്നവനെക്കാള്‍ ശ്രേഷ്ഠന്‍, അദ്ധ്വാനിച്ച് എളിയനിലയില്‍ കഴിയുന്നവനാണ്.   
10: നീതിമാന്‍ വളര്‍ത്തൃമൃഗങ്ങളോടു ദയകാട്ടുന്നുദുഷ്ടന്മാരുടെ ഹൃദയം ക്രൂരതനിറഞ്ഞതാണ്.   
11: മണ്ണില്‍ അദ്ധ്വാനിക്കുന്നവനു യഥേഷ്ടം ആഹാരം കിട്ടുംപാഴ്‌വേല ചെയ്യുന്നവന്‍ ബുദ്ധിശൂന്യനാണ്.   
12: ദുഷ്ടരുടെ ബലിഷ്ഠമായ ഗോപുരം തകര്‍ന്നടിയുന്നുനീതിമാന്മാരാകട്ടെ വേരുറച്ചുനില്ക്കുന്നു.   
13: ദുഷ്ടൻ തന്റെ ദുഷിച്ച വാക്കുകളില്‍ത്തന്നെ കുടുങ്ങിപ്പോകുന്നുനീതിമാന്‍ കുഴപ്പത്തില്‍നിന്നു രക്ഷപ്പെടുന്നു.   
14: ഒരുവനു തന്റെ വാക്കുകള്‍ക്ക് നന്മ പ്രതിഫലമായി ലഭിക്കുന്നുവേറൊരുവനു തന്റെ കരവേലയ്ക്കു തക്കപ്രതിഫലം കിട്ടുന്നു.   
15: ഭോഷന്റെ ദൃഷ്ടിയില്‍ തന്റെ പ്രവൃത്തി ഉത്തമമാണ്വിവേകി ഉപദേശംതേടുന്നു.   
16: ഭോഷന്‍ നീരസം പെട്ടെന്നു പ്രകടിപ്പിക്കുന്നുവിവേചനാശീലമുള്ളവന്‍ നിന്ദനം വകവയ്ക്കുന്നില്ല.  
17: സത്യം പറയുന്നവന്‍ വ്യാജംകൂടാതെ തെളിവു നല്കുന്നുകള്ളസ്സാക്ഷി വ്യാജംപറയുന്നു. 
18: തുളച്ചുകയറുന്ന വാളുപോലെ, വീണ്ടുവിചാരമില്ലാതെ വാക്കുകള്‍ പ്രയോഗിക്കുന്നവരുണ്ട്വിവേകിയുടെ വാക്കുകള്‍ മുറിവുണക്കുന്നു.   
19: സത്യസന്ധമായ വാക്ക്, എന്നേയ്ക്കും നിലനില്ക്കുന്നുവ്യാജമായ വാക്കു ക്ഷണികമാണ്.   
20: തിന്മ നിനയ്ക്കുന്നവരുടെ ഹൃദയം കുടിലമാണ്നന്മ നിരൂപിക്കുന്നവര്‍ സന്തോഷമനുഭവിക്കുന്നു.  
21: നീതിമാന്മാര്‍ക്ക് അനര്‍ത്ഥം സംഭവിക്കുന്നില്ലദുഷ്ടര്‍ക്ക് ആപത്തൊഴിയുകയില്ല.   
22: കള്ളംപറയുന്ന അധരങ്ങള്‍ കര്‍ത്താവിനു വെറുപ്പാണ്വിശ്വസ്തതയോടെ പെരുമാറുന്നവര്‍ അവിടുത്തെ സന്തോഷിപ്പിക്കുന്നു.   
23: വിവേകി തന്റെ അറിവു മറച്ചുവയ്ക്കുന്നുഭോഷന്‍ തന്റെ ഭോഷത്തം വിളംബരംചെയ്യുന്നു.   
24: സ്ഥിരോത്സാഹിയുടെ കരം ഭരണംനടത്തും. അലസന്മാര്‍ അടിമവേലചെയ്യാന്‍ നിര്‍ബ്ബന്ധിക്കപ്പെടും.   
25: ഉത്കണ്ഠ ഒരുവന്റെ ഹൃദയത്തെ നിരുന്മേഷമാക്കുന്നുനല്ലവാക്ക് അവനെ ഉത്തേജിപ്പിക്കുന്നു.   
26: നീതിമാന്‍ തിന്മയില്‍നിന്ന് ഒഴിഞ്ഞുമാറുന്നുദുഷ്ടന്റെ പെരുമാറ്റം അവനെത്തന്നെ വഴിതെറ്റിക്കുന്നു.    
27: അലസനു തന്റെ ഇരയെ പിടികിട്ടുകയില്ലസ്ഥിരോത്സാഹിക്ക് അമൂല്യമായ സമ്പത്തു ലഭിക്കും.  
28: നീതിയുടെ പാതയിലാണു ജീവന്‍; അനീതിയുടെ മാര്‍ഗ്ഗം മരണത്തിലേക്കു നയിക്കുന്നു. 

അദ്ധ്യായം 13

1: വിവേകമുള്ള മകന്‍, പിതാവിന്റെ ഉപദേശംകേള്‍ക്കുന്നു; പരിഹാസകന്‍ ശാസനമവഗണിക്കുന്നു.
2: ഉത്തമനായ മനുഷ്യന്‍, തന്റെ വാക്കുകളുടെ സത്ഫലമനുഭവിക്കുന്നു; വഞ്ചകന്മാര്‍ അക്രമമാണഭിലഷിക്കുന്നത്.
3: വാക്കുകളില്‍ നിയന്ത്രണംപാലിക്കുന്നവന്‍ തന്റെ ജീവന്‍ സുരക്ഷിതമാക്കുന്നു; അധരങ്ങളെ നിയന്ത്രിക്കാത്തവന്‍ നാശമടയുന്നു.
4: എത്രയാഗ്രഹിച്ചാലും അലസന് ഒന്നുംകിട്ടുന്നില്ല; സ്ഥിരോത്സാഹിക്കു സമൃദ്ധമായി ലഭിക്കുന്നു.
5: നീതിമാന്‍ കാപട്യത്തെ വെറുക്കുന്നു; ദുഷ്ടന്‍ ലജ്ജയും അഭിമാനവുംവെടിഞ്ഞു പ്രവര്‍ത്തിക്കുന്നു.
6: സത്യസന്ധമായി പെരുമാറുന്നവനെ നീതി കാത്തുകൊള്ളും; ദുഷ്ടനെ പാപം നിലംപതിപ്പിക്കുന്നു,
7: ഒരുവന്‍ ധനികനെന്നു നടിക്കുന്നു, എങ്കിലും അവനു യാതൊന്നുമില്ല. അപരന്‍ ദരിദ്രനെന്നു നടിക്കുന്നു, എങ്കിലും അവനു ധാരാളം സമ്പത്തുണ്ട്.
8: ജീവന്‍ വീണ്ടെടുക്കാനുള്ള മോചനദ്രവ്യമാണു മനുഷ്യനു സമ്പത്ത്; എന്നാല്‍, ദരിദ്രനു മോചനത്തിനു മാര്‍ഗ്ഗമില്ല.
9: നീതിമാന്റെ ദീപം, തെളിഞ്ഞുപ്രകാശിക്കും; ദുഷ്ടന്റെ വിളക്കണഞ്ഞുപോകും.
10: താന്തോന്നികള്‍ ഔദ്ധത്യംനിമിത്തം കലഹമുണ്ടാക്കുന്നു; ഉപദേശം സ്വീകരിക്കുന്നവരോടുകൂടെയാണു വിവേകം.
11: അനായാസമായിനേടിയസമ്പത്തു ക്ഷയിച്ചുപോകും; അല്പാല്പമായി കരുതിവയ്ക്കുന്നവന്‍ അതു വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കും.
12: സഫലമാകാന്‍വൈകുന്ന പ്രതീക്ഷ, ഹൃദയത്തെ വേദനിപ്പിക്കുന്നു; സഫലമായിക്കഴിഞ്ഞ ആഗ്രഹം ജീവന്റെ വൃക്ഷമാണ്.
13: ഉപദേശം നിന്ദിക്കുന്നവന്‍ തനിക്കുതന്നെ നാശംവരുത്തിവയ്ക്കുന്നു; കല്പനയാദരിക്കുന്നവനു പ്രതിഫലംലഭിക്കും.
14: ജ്ഞാനിയുടെയുപദേശം ജീവന്റെയുറവയാണ്; മരണത്തിന്റെ കെണികളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അതു സഹായിക്കുന്നു.
15: സദ്ബുദ്ധി പ്രീതി ജനിപ്പിക്കുന്നു; അവിശ്വസ്തരുടെ മാര്‍ഗ്ഗം അവര്‍ക്കു നാശംവരുത്തുന്നു.
16: വിവേകി എന്തും ആലോചനയോടെ ചെയ്യുന്നു; ഭോഷനാകട്ടെ തന്റെ ഭോഷത്തം തുറന്നുകാട്ടുന്നു.
17: ഔചിത്യമില്ലാത്ത ദൂതന്‍ ആളുകളെ കുഴപ്പത്തിലാഴ്ത്തുന്നു; വിശ്വസ്തനായ സന്ദേശവാഹകന്‍, രഞ്ജനം കൈവരുത്തുന്നു.
18: ഉപദേശമവഗണിക്കുന്നവന്‍ ദാരിദ്ര്യവും അപമാനവും നേരിടുന്നു; ശാസനമാദരിക്കുന്നവന്‍ ബഹുമാനിക്കപ്പെടുന്നു.
19: നിറവേറിയ അഭിലാഷം ആത്മാവിനു മാധുര്യമിയറ്റുന്നു; തിന്മ വിട്ടൊഴിയുന്നതു ഭോഷര്‍ക്ക് അഹിതമാണ്.
20: വിവേകികളോടു സംസര്‍ഗ്ഗംചെയ്യുന്നവന്‍ വിവേകിയായിത്തീരുന്നു; ഭോഷരുമായി കൂട്ടുകൂടുന്നവന് ഉപദ്രവംനേരിടും.
21: പാപികളെ ദൗര്‍ഭാഗ്യം പിന്തുടരുന്നു; നീതിമാന്മാര്‍ക്ക് ഐശ്വര്യം പ്രതിഫലമായി ലഭിക്കുന്നു.
22: ഉത്തമനായ മനുഷ്യന്‍ തന്റെ അവകാശം തലമുറകളിലേക്കു കൈമാറുന്നു; പാപിയുടെ സമ്പത്തു നീതിമാന്മാര്‍ക്കായി സംഭരിക്കപ്പെട്ടതാണ്.
23: ദരിദ്രരുടെ കൈയില്‍ തരിശുനിലം ധാരാളം ആഹാരം ഉത്പാദിപ്പിക്കുമായിരുന്നു; എന്നാല്‍, നീതികെട്ടവന്‍, അതു കൈക്കലാക്കി തരിശിടുന്നു.
24: മകനെ ശിക്ഷകൂടാതെ വളര്‍ത്തുന്നവന്‍ അവനെ വെറുക്കുന്നു; സ്നേഹമുള്ള പിതാവ്, അവനു ശിക്ഷണംനല്കാന്‍ ജാഗരൂകത കാട്ടുന്നു.
25: നീതിമാനു വിശപ്പടക്കാന്‍വേണ്ടത്ര വകയുണ്ട്; ദുഷ്ടനു പട്ടിണികിടക്കേണ്ടിവരും.