മുന്നൂറ്റിയൊന്നാം ദിവസം: ലൂക്കാ 21 - 22


അദ്ധ്യായം 21

വിധവയുടെ കാണിക്ക
1: അവന്‍ കണ്ണുകളുയര്‍ത്തിനോക്കിയപ്പോള്‍, ധനികര്‍ ദേവാലയഭണ്ഡാരത്തില്‍ കാണിക്കയിടുന്നതു കണ്ടു.
2: ദരിദ്രയായൊരു വിധവ, രണ്ടു ചെമ്പുതുട്ടുകളിടുന്നതും അവന്‍ കണ്ടു.
3: അവന്‍ പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ദരിദ്രയായ ഈ വിധവ, മറ്റെല്ലാവരെയുംകാള്‍ കൂടുതലിട്ടിരിക്കുന്നു .
4: എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്നു കാണിക്കയിട്ടു. ഇവളാകട്ടെ തന്റെ ദാരിദ്ര്യത്തില്‍നിന്ന്, ഉപജീവനത്തിനുള്ളവകമുഴുവനും, ഇട്ടിരിക്കുന്നു.

ദേവാലയനാശം പ്രവചിക്കുന്നു.
5: ചിലയാളുകള്‍ ദേവാലയത്തെപ്പറ്റി, അതു വിശേഷപ്പെട്ട കല്ലുകളാലും കാഴ്ചവസ്തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നുപറഞ്ഞു: അവനവരോടു പറഞ്ഞു:
6: നിങ്ങള്‍ ഈ കാണുന്നവ, കല്ലിന്മേല്‍ക്കല്ലുശേഷിക്കാതെ തകര്‍ക്കപ്പെടുന്ന ദിനങ്ങൾ വരുന്നു.

അടയാളങ്ങളും പീഡനങ്ങളും 
7: അവരവനോടു ചോദിച്ചു: ഗുരോ, ഇവ എപ്പോഴായിരിക്കും? ഇതെല്ലാം സംഭവിക്കാന്‍തുടങ്ങുന്നതിന്റെ അടയാളമെന്താണ്?
8: അവന്‍ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, അനേകർ, അവന്‍ ഞാനാണെന്നും സമയമടുത്തെന്നും പറഞ്ഞുകൊണ്ട്, എന്റെനാമത്തില്‍ വരും. നിങ്ങളവരുടെ പിന്നാലെപോകരുത്.
9: യുദ്ധങ്ങളെയും കലാപങ്ങളെയുംകുറിച്ചു കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ഭയപ്പെടരുത്. ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതാണ്. എന്നാല്‍, അവസാനം ഇനിയുമായിട്ടില്ല.
10: അവന്‍ തുടര്‍ന്നു: ജനത, ജനതയ്‌ക്കെതിരായും രാജ്യം രാജ്യത്തിനെതിരായുമുയരും.
11: വലിയഭൂകമ്പങ്ങളും പലസ്ഥലങ്ങളിലും ക്ഷാമവും പകര്‍ച്ചവ്യാധികളുമുണ്ടാകും. ഭീകരസംഭവങ്ങളും ആകാശത്തില്‍നിന്നു വലിയ അടയാളങ്ങളുമുണ്ടാകും.
12: ഇവയ്‌ക്കെല്ലാംമുമ്പ്, അവര്‍ നിങ്ങളെ പിടികൂടുകയും പീഡിപ്പിക്കുകയുംചെയ്യും. അവരുടെ സിനഗോഗുകളിലും കാരാഗൃഹങ്ങളിലും നിങ്ങളെയേല്പിച്ചുകൊടുക്കും. എന്റെ നാമത്തെപ്രതി രാജാക്കന്മാരുടെയും ദേശാധിപതികളുടെയുംമുമ്പില്‍ അവര്‍ നിങ്ങളെ കൊണ്ടുചെല്ലും.
13: ഇതു നിങ്ങള്‍ക്ക്, സാക്ഷ്യത്തിനുള്ള അവസരമായിരിക്കും.
14: എന്തുത്തരംകൊടുക്കണമെന്നു നേരത്തേ ആലോചിക്കേണ്ടതില്ലെന്നു നിങ്ങളുടെ ഹൃദയത്തിൽ ഉറച്ചുകൊള്ളുവിന്‍.
15: എന്തെന്നാല്‍, നിങ്ങളുടെ എതിരാളികളിലാര്‍ക്കും ചെറുത്തുനില്‍ക്കാനോ എതിര്‍ത്തുപറയാനോകഴിയാത്ത വാക്ചാതുരിയും ജ്ഞാനവും നിങ്ങള്‍ക്കു ഞാന്‍ നല്കും.
16: മാതാപിതാക്കന്മാരാലും സഹോദരന്മാരാലും ബന്ധുക്കളാലും മിത്രങ്ങളാലും നിങ്ങൾ ഒറ്റിക്കൊടുക്കുപ്പെടും. അവര്‍ നിങ്ങളില്‍ച്ചിലരെ കൊല്ലുകയുംചെയ്യും.
17: എന്റെ നാമംനിമിത്തം നിങ്ങളെ എല്ലാവരും വെറുക്കും.
18: എങ്കിലും, നിങ്ങളുടെ ഒരു തലനാരിഴപോലും നശിച്ചുപോകുകയില്ല.
19: നിങ്ങളുടെ ഉറച്ചുനില്പിലൂടെ നിങ്ങള്‍ ജീവൻ നേടും.

ജറുസലെമിന്റെ നാശം പ്രവചിക്കുന്നു.
20: ജറുസലെമിനുചുറ്റും സൈന്യം താവളമടിച്ചിരിക്കുന്നതുകാണുമ്പോള്‍ അതിന്റെ വിജനാവസ്ഥ അടുത്തിരിക്കുന്നെന്ന് അറിഞ്ഞുകൊള്ളുവിന്‍.
21: യൂദയായിലുള്ളവര്‍ പര്‍വ്വതങ്ങളിലേക്കു പലായനംചെയ്യട്ടെ. നഗരത്തിലുള്ളവര്‍ അവിടംവിട്ടുപോകട്ടെ. ഗ്രാമങ്ങളിലുള്ളവര്‍ അതിലേക്കു പ്രവേശിക്കാതിരിക്കട്ടെ.
22: കാരണം, എഴുതപ്പെട്ടിരിക്കുന്നവയെല്ലാം പൂര്‍ത്തിയാകേണ്ട പ്രതികാരത്തിന്റെ ദിനങ്ങളാണവ.
23: ആ ദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം! അന്നു ഭൂമുഖത്തു വലിയഞെരുക്കവും ഈ ജനത്തിന്റെമേല്‍ വലിയക്രോധവുമുണ്ടാകും.
24: അവര്‍ വാളിന്റെ വായ്ത്തലയേറ്റുവീഴുകയും എല്ലാജനതകളിലേക്കും തടവുകാരായി കൊണ്ടുപോകപ്പെടുകയുംചെയ്യും. വിജാതീയരുടെ സമയം പൂര്‍ത്തിയാകുന്നതുവരെ അവരാൽ ജറുസലേം ചവിട്ടിമെതിക്കപ്പെടും.

മനുഷ്യപുത്രന്റെ ആഗമനം
25: സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങളുണ്ടാകും. കടലിന്റെ ഇരമ്പലും തിരമാലകളുംവഴിയുള്ള സംഭ്രമത്താൽ, ഭൂമുഖത്തു ജനതകളിൽ വിഭ്രാന്തിയും!
26: ലോകമാസകലം സംഭവിക്കുന്നവയെക്കുറിച്ചുള്ള ഭയവും ആകുലതയുംമൂലം, മോഹാലസ്യപ്പെടുന്ന മനുഷ്യരും! എന്തെന്നാൽ ആകാശശക്തികൾ ഇളകും!
27: അപ്പോള്‍, മനുഷ്യപുത്രന്‍ ശക്തിയോടും വലിയമഹത്വത്തോടുംകൂടെ മേഘങ്ങളില്‍വരുന്നത് അവര്‍ കാണും.
28: ഇവ സംഭവിക്കാന്‍തുടങ്ങുമ്പോള്‍ നിങ്ങള്‍ നിവർന്നുനില്‍ക്കുകയും 
നിങ്ങളുടെ ശിരസ്സുയർത്തുകയുംചെയ്യുവിൻ. കാരണം, നിങ്ങളുടെ വീണ്ടെടുപ്പു സമീപിച്ചിരിക്കുന്നു.
29: ഒരുപമയും അവനവരോടു പറഞ്ഞു: അത്തിമരത്തെയും മറ്റുമരങ്ങളെയും നിരീക്ഷിക്കുവിന്‍.
30: അവ തളിര്‍ത്തുകാണുമ്പോള്‍ വേനല്‍ക്കാലമടുത്തിരിക്കുന്നെന്നു നിങ്ങളറിയുന്നു.
31: അതുപോലെ ഇവ സംഭവിക്കുന്നതുകാണുമ്പോള്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നെന്നു മനസ്സിലാക്കിക്കൊള്ളുവിന്‍.
32: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോ
കുകയില്ല.
33: ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്റെ വാക്കുകള്‍ കടന്നുപോകുകയില്ല.

ജാഗരൂകരായിരിക്കുവിന്‍
34: സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ ഹൃദയം ദുര്‍ബ്ബലമാ
കുകയും, ആ ദിനം പെട്ടെന്നു നിങ്ങളുടെമേല്‍ വന്നുവീഴുകയുംചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍.
35: എന്തെന്നാല്‍ ഭൂമുഖത്തു വസിക്കുന്ന എല്ലാവരുടെയുംമേല്‍ അതൊരു കെണിപോലെ വരും.
36: സംഭവിക്കാനിരിക്കുന്ന ഇവയില്‍നിന്നെല്ലാം രക്ഷപ്പെട്ട്, മനുഷ്യപുത്രന്റെമുമ്പില്‍ നില്ക്കാന്‍വേണ്ട കരുത്തുണ്ടാകാന്‍ എല്ലാസമയവും പ്രാര്‍ത്ഥിച്ചുകൊണ്ടുണർന്നിരിക്കുവിന്‍.
37: ദിവസവും അവന്‍ ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു. രാത്രി, അവന്‍ പട്ടണത്തിനു പുറത്തുപോയി ഒലിവുമലയില്‍ പാർത്തിരുന്നു.
38: അവനെക്കേള്‍ക്കാന്‍,  ജനംമുഴുവന്‍ അതിരാവിലെയുണർന്ന്, ദേവാലയത്തില്‍, അവന്റെയടുത്തു വന്നിരുന്നു.

അദ്ധ്യായം 22 

യേശുവിനെ വധിക്കാന്‍ ആലോചന
1: പെസഹാ എന്നറിയപ്പെടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളടുത്തു.
2: പ്രധാനപുരോഹിതന്മാരും നിയമജ്ഞരും അവനെ എങ്ങനെ വധിക്കാമെന്നന്വേഷിച്ചുകൊണ്ടിരുന്നു. എന്തെന്നാൽ, അവര്‍ ജനത്തെ ഭയപ്പെട്ടു.
3: പന്ത്രണ്ടുപേരിലൊരുവനും സ്കറിയോത്താ എന്നു വിളിക്കപ്പെടുന്നവനുമായ യൂദാസില്‍, സാത്താന്‍പ്രവേശിച്ചു.
4: അവന്‍ പ്രധാനപുരോഹിതന്മാരെയും സേനാധിപന്മാരെയും സമീപിച്ച്, എങ്ങനെയാണ് യേശുവിനെ അവര്‍ക്ക് ഒറ്റിക്കൊടുക്കേണ്ടത് എന്നതിനെപ്പറ്റി സംസാരിച്ചു.
5: അവര്‍ സന്തോഷിച്ച്, അവനു പണംകൊടുക്കാമെന്നു വാഗ്ദാനംചെയ്തു.
6: അവന്‍ സമ്മതിച്ചു. ജനക്കൂട്ടമില്ലാത്തപ്പോള്‍ അവനെ ഒറ്റിക്കൊടുക്കാന്‍ അവനവസരം പാര്‍ത്തുകൊണ്ടിരുന്നു.

ശിഷ്യന്മാര്‍ പെസഹായൊരുക്കുന്നു
7: പെസഹാക്കുഞ്ഞാടിനെ ബലിയർപ്പിക്കേണ്ട പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിനം വന്നു.
8: യേശു, പത്രോസിനെയും യോഹന്നാനെയും
 ഇപ്രകാരം പറഞ്ഞയച്ചു: നിങ്ങള്‍പോയി, നമുക്കു ഭക്ഷിക്കാൻ പെസഹായൊരുക്കുവിന്‍.
9: അവരവനോടു ചോദിച്ചു: ഞങ്ങളെവിടെ ഒരുക്കണമെന്നാണു നീയാഗ്രഹിക്കുന്നത്?
10: അവന്‍ പറഞ്ഞു: ഇതാ, നിങ്ങള്‍ പട്ടണത്തിലേക്കു പ്രവേശിക്കുമ്പോള്‍, ഒരുമണ്‍കുടം വെള്ളംചുമന്നുകൊണ്ട്, ഒരു മനുഷ്യന്‍ നിങ്ങളെ കണ്ടുമുട്ടും. അവന്‍ പ്രവേശിക്കുന്ന വീട്ടിലേക്ക്, 
വനെ നിങ്ങൾ പിന്തുടരുക.
11: ആ വീടിന്റെ ഉടമസ്ഥനോടു പറയുക: ഗുരു നിന്നോടു ചോദിക്കുന്നു, എന്റെ ശിഷ്യന്മാരോടുകൂടെ ഞാന്‍ പെസഹാ ഭക്ഷിക്കുന്നതിനുള്ള ശാല എവിടെയാണ്?
12: വിരിച്ചൊരുക്കിയ വലിയൊരു മാളികമുറി, അവന്‍ നിങ്ങള്‍ക്കു കാണിച്ചുതരും. അവിടെയൊരുക്കുക.
13: അവര്‍ പോയി, അവന്‍ പറഞ്ഞപോലെ കാണുകയും പെസഹാ ഒരുക്കുകയുംചെയ്തു.

പുതിയ ഉടമ്പടി
14: സമയമായപ്പോള്‍ അവന്‍ ഭക്ഷണത്തിനിരുന്നു; അവനോടൊപ്പം അപ്പസ്തോലന്മാരും.
15: അവനവരോടു പറഞ്ഞു: പീഡ സഹിക്കുന്നതിനുമുമ്പ് നിങ്ങളോടുകൂടെ ഈ പെസഹാഭക്ഷിക്കാൻ ഞാന്‍ അതിയായി ആശിച്ചു.
16: ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യത്തില്‍ ഇതു പൂര്‍ത്തിയാകുന്നതുവരെ ഞാനിനി ഇതിൽനിന്നു ഭക്ഷിക്കയില്ല.
17: അവന്‍ പാനപാത്രമെടുത്തു കൃതജ്ഞതാസ്‌തോത്രംചെയ്തശേഷം അരുൾചെയ്തു: ഇതുവാങ്ങി നിങ്ങള്‍ പങ്കുവയ്ക്കുവിന്‍.
18: ഞാന്‍ നിങ്ങളോടു പറയുന്നു, ഇപ്പോള്‍മുതല്‍ ദൈവരാജ്യംവരുന്നതുവരെ മുന്തിരിയുടെ ഫലത്തില്‍നിന്നു ഞാന്‍ പാനംചെയ്യുകയില്ല.
19: പിന്നെ അവനപ്പമെടുത്ത്, കൃതജ്ഞതാസ്‌തോത്രംചെയ്ത്, മുറിച്ച്, അവര്‍ക്കു കൊടുത്തുകൊണ്ടരുൾചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി ഇതുചെയ്യുവിന്‍.
20: അപ്രകാരംതന്നെ അത്താഴത്തിനുശേഷം, അവന്‍ പാനപാത്രമെടുത്തുകൊണ്ട് അരു
ൾചെയ്തു: ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്.
21: എന്നാല്‍, ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ, എന്നോടൊപ്പം മേശമേലുണ്ട്. നിശ്ചയിക്കപ്പെട്ടപോലെ മനുഷ്യപുത്രന്‍പോകുന്നു.
22: എന്നാല്‍, അവനെ ആരൊറ്റിക്കൊടുക്കുന്നുവോ ആ മനുഷ്യനു ദുരിതം!
23: തങ്ങളിലാരാണ് ഇതുചെയ്യാനിരിക്കുന്നതെന്ന് അവര്‍ പരസ്പരം ചോദിക്കാന്‍തുടങ്ങി.

ആരാണു വലിയവന്‍?
24: തങ്ങളില്‍ ആരാണു വലിയവനായി കരുതപ്പെടേണ്ടത്, എന്നൊരു തര്‍ക്കം അവരുടെയിടയിലുണ്ടായി.
25: അവനാകട്ടെ, അവരോടു പറഞ്ഞു: വിജാതീയരുടെ രാജാക്കന്മാര്‍, അവരുടെമേല്‍ യജമാനത്വംപുലർത്തുന്നു. അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നവർ, ഉപകാരികൾ എന്നു വിളിക്കപ്പെടുകയുംചെയ്യുന്നു.
26: എന്നാല്‍, നിങ്ങളങ്ങനെയല്ലാ. നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയായിരിക്കട്ടെ, നയിക്കുന്നവന്‍, ശുശ്രൂഷിക്കുന്നവനെപ്പോലെയും.
27: ആരാണു വലിയവന്‍, ഭക്ഷണത്തിനിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവനല്ലേ? എന്നാൽ, ഞാനാകട്ടെ നിങ്ങളുടെയിടയില്‍ ശുശ്രൂഷിക്കുന്നവനെപ്പോലെയാണ്.
28: നിങ്ങളോ, എന്നാൽ, എന്റെ പരീക്ഷകളില്‍ എന്നോടുകൂടെ നിലനിന്നവരാണ്.
29: എന്റെ പിതാവ്, എനിക്കു രാജ്യം കല്പിച്ചുതന്നപോലെ ഞാന്‍ നിങ്ങള്‍ക്കും കല്പിച്ചുതരുന്നു.
30: അത്, നിങ്ങള്‍ എന്റെരാജ്യത്തില്‍, എന്റെ മേശയില്‍നിന്നു ഭക്ഷിക്കുകയും പാനംചെയ്യുകയും ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങളെ വിധിച്ചുകൊണ്ട്, സിംഹാസനങ്ങളിലിരിക്കുകയുംചെയ്യുന്നതിനാണ്.

പത്രോസ് കർത്താവിനെ തള്ളിപ്പറയും 
31: ശിമയോന്‍, ശിമയോന്‍, ഇതാ, സാത്താന്‍ നിങ്ങളെ ഗോതമ്പുപോലെ കൊഴിക്കാനാവശ്യപ്പെട്ടു.
32: എന്നാൽ‍, നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. നീ തിരിച്ചുവന്ന്, നിന്റെ സഹോദരന്മാരെ ശക്തിപ്പെടുത്തണം.
33: ശിമയോന്‍ പറഞ്ഞു: കര്‍ത്താവേ, നിന്നോടുകൂടെ കാരാഗൃഹത്തിലേക്കും മരണത്തിലേക്കും പോരാൻപോലും ഞാനൊരുക്കമാണ്.
34: അവന്‍ പറഞ്ഞു: പത്രോസേ, ഞാന്‍ നിന്നോടു പറയുന്നു, നീ എന്നെ അറിയുകയില്ലെന്നു മൂന്നുപ്രാവശ്യം നിഷേധിച്ചുപറയുന്നതിനുമുമ്പ്, ഇന്നു കോഴികൂകുകയില്ല.

പണവും വാളും കരുതുക
35: അനന്തരം, അവനവരോടു ചോദിച്ചു: ഞാന്‍ നിങ്ങളെ മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ ഇല്ലാതെയയച്ചപ്പോള്‍ നിങ്ങള്‍ക്കെന്തിനെങ്കിലും കുറവുണ്ടായോ? അവര്‍ പറഞ്ഞു: ഒന്നിനും കുറവുണ്ടായില്ല.
36: അവന്‍ പറഞ്ഞു: എന്നാല്‍, ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതെടുക്കട്ടെ; അതുപോലെതന്നെ സഞ്ചിയും. വാളില്ലാത്തവന്‍ പുറംകുപ്പായംവിറ്റ്, അതു വാങ്ങട്ടെ.
37: ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ നിയമലംഘകരോടുകൂടെ എണ്ണപ്പെട്ടു എന്നെഴുതിയത്, എന്നില്‍ നിറവേറണം. എന്തെന്നാല്‍, എന്നെക്കുറിച്ച്, എഴുതപ്പെട്ടിട്ടുള്ളവയ്ക്ക് ഒരു ലക്ഷ്യമുണ്ട്.
38: അവര്‍ പറഞ്ഞു: കര്‍ത്താവേ, ഇതാ, ഇവിടെ രണ്ടു വാളുണ്ട്. അവന്‍ പറഞ്ഞു: അതുമതി.

ഗത്‌സെമനിയില്‍ പ്രാര്‍ത്ഥിക്കുന്നു
39: അവന്‍ പുറത്തുവന്ന്, പതിവനുസരിച്ച്, ഒലിവുമലയിലേക്കു പോയി. ശിഷ്യന്മാർ അവനെയനുഗമിച്ചു.
40: ആ സ്ഥലത്തെത്തിയപ്പോള്‍ അവനവരോടു പറഞ്ഞു: നിങ്ങള്‍ പ്രലോഭനത്തിലുള്‍പ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുവിന്‍.
41: അവന്‍, അവരില്‍നിന്ന് ഏകദേശം ഒരു കല്ലേറുദൂരംമാറി മുട്ടുകുത്തിപ്രാര്‍ത്ഥിച്ചു:
42: പിതാവേ, അങ്ങേയ്ക്കിഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നകറ്റണമേ. എങ്കിലും, എന്റെ ഹിതമല്ല, അവിടുത്തേതു നിറവേറട്ടെ!
43: അപ്പോള്‍, അവനെ ശക്തിപ്പെടുത്താന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു.
44: അവന്‍ പ്രാണവേദനയിലാണ്ട്‌, കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു. അവന്റെ വിയര്‍പ്പ്, രക്തത്തുള്ളികള്‍പോലെ നിലത്തുവീണു.
45: അവന്‍ പ്രാര്‍ത്ഥനകഴിഞ്ഞെഴുന്നേറ്റ്, ശിഷ്യന്മാരുടെയടുത്തുവന്നപ്പോള്‍ അവര്‍ ദുഃഖംനിമിത്തം ഉറങ്ങുന്നതു കണ്ടു.
46: അവനവരോടു ചോദിച്ചു: നിങ്ങളുറങ്ങുന്നതെന്തേ? പ്രലോഭനത്തിലുള്‍പ്പെടാതിരിക്കാന്‍ എഴുന്നേറ്റ്, പ്രാര്‍ത്ഥിക്കുവിന്‍.

യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുന്നു
47: അവന്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഇതാ, ഒരു ജനക്കൂട്ടം; പന്ത്രണ്ടുപേരിൽ യൂദാസ് എന്നുവിളിക്കപ്പെടുന്നവൻ അവരുടെ മുമ്പില്‍ നടന്നിരുന്നു. യേശുവിനെ ചുംബിക്കാന്‍ അവന്‍ അടുത്തുവന്നു.
48: യേശു അവനോടു ചോദിച്ചു: യൂദാസേ, ചുംബനംകൊണ്ടോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?
49: സംഭവിക്കാന്‍പോകുന്നതുകണ്ടപ്പോള്‍ അവന്റെ കൂടെയുണ്ടായിരുന്നവർ‍, കര്‍ത്താവേ, ഞങ്ങള്‍ വാൾകൊണ്ടു വെട്ടട്ടെയോ എന്നു ചോദിച്ചു.
50: അവരിലൊരുവന്‍ പ്രധാനപുരോഹിതന്റെ സേവകനെ വെട്ടി, അവന്റെ വലത്തുചെവി ഛേദിച്ചു.
51: അതുകണ്ട് യേശു പറഞ്ഞു: നിര്‍ത്തൂ! അനന്തരം, യേശു അവന്റെ ചെവിതൊട്ട്, അവനെ സുഖപ്പെടുത്തി.
52: അപ്പോള്‍ യേശു തനിക്കെതിരേവന്ന പ്രധാനപുരോഹിതന്മാരോടും സേനാധിപന്മാരോടും ശ്രേഷ്ഠന്മാരോടും പറഞ്ഞു: കവര്‍ച്ചക്കാരനുനേരേയെന്നപോലെ, വാളും വടിയുമായി നിങ്ങള്‍ വന്നിരിക്കുന്നുവോ?
53: ഞാന്‍ നിങ്ങളോടുകൂടെ എല്ലാ ദിവസവും ദേവാലയത്തിലായിരുന്നപ്പോള്‍ നിങ്ങൾ എനിക്കെതിരേ കൈയുയർത്തിയില്ലാ. എന്നാല്‍, ഇതു നിങ്ങളുടെ സമയമാണ്, അന്ധകാരത്തിന്റെ ആധിപത്യവും.

പത്രോസ് കർത്താവിനെ തള്ളിപ്പറയുന്നു
54: അവരവനെപ്പിടിച്ച്, മഹാപുരോഹിതന്റെ വീട്ടിലേക്കു കൊണ്ടുപോയി. പത്രോസ് ദൂരെയായി അവനെയനുഗമിച്ചിരുന്നു.
55: അവര്‍ മുറ്റത്തിന്റെ നടുക്കു തീകൂട്ടി, അതിനുചുറ്റുമിരുന്നപ്പോള്‍ പത്രോസും അവരുടെകൂട്ടത്തിലിരുന്നു.
56: അവന്‍ തീവെട്ടത്തിനരികെ ഇരിക്കുന്നതുകണ്ട ഒരു പരിചാരിക സൂക്ഷിച്ചുനോക്കിയിട്ടു പറഞ്ഞു: ഇവനും അവനോടുകൂടെയായിരുന്നു.
57: അവനാകട്ടെ, നിഷേധിച്ചുകൊണ്ടു പറഞ്ഞു: സ്ത്രീയേ, അവനെ ഞാനറിയുകയില്ലാ.
58: അല്പംകഴിഞ്ഞ്, വേറൊരാള്‍ അവനെക്കണ്ടിട്ടു പറഞ്ഞു: നീയും അവരിലൊരുവനാണ്. അപ്പോൾ പത്രോസ് പറഞ്ഞു: മനുഷ്യാ, ഞാനല്ല.
59: ഏകദേശം ഒരുമണിക്കൂര്‍കഴിഞ്ഞ്, വേറൊരാള്‍ ഉറപ്പിച്ചുപറഞ്ഞു: സത്യമായും ഈ മനുഷ്യൻ അവനോടുകൂടെയായിരുന്നു. ഇവനും ഗലീലിക്കാരനാണല്ലോ.
60: പത്രോസ് പറഞ്ഞു: മനുഷ്യാ, നീ പറയുന്നതെന്താണെന്ന് എനിക്കറിഞ്ഞുകൂടാ. അവനിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ, പെട്ടെന്ന്, കോഴികൂകി.
61: കര്‍ത്താവു തിരിഞ്ഞ്, പത്രോസിനെ നോക്കി. ഇന്നു കോഴികൂകുന്നതിനുമുമ്പ്, മൂന്നുപ്രാവശ്യം നീയെന്നെ നിഷേധിക്കുമെന്നു കര്‍ത്താവുപറഞ്ഞവചനം അപ്പോള്‍ പത്രോസ് ഓര്‍ത്തു.
62: അവന്‍ പുറത്തുപോയി കയ്‌പോടെ കരഞ്ഞു.

യേശുവിനെ പരിഹസിക്കുന്നു
63: യേശുവിനു പാറാവുനിന്നിരുന്ന മനുഷ്യർ അവനെ പരിഹസിക്കുകയും അടിക്കുകയുംചെയ്തു.
64: അവര്‍, അവന്റെ കണ്ണുകള്‍ മൂടിക്കൊണ്ട്, നിന്നെ അടിച്ചവനാരെന്നു പ്രവചിക്കുക എന്നു പറഞ്ഞു.
65: അവര്‍ അവനെ അധിക്ഷേപിച്ച്, അവനെതിരായി മറ്റുപലതും പറഞ്ഞു.

ന്യായാധിപസംഘത്തിന്റെ മുമ്പാകെ
66: പ്രഭാതമായപ്പോള്‍, 
നിയമജ്ഞരും പ്രധാനപുരോഹിതന്മാരുമുള്‍പ്പെട്ട ജനശ്രേഷ്ഠന്മാരുടെ സംഘം സമ്മേളിക്കുകയും അവനെ അവരുടെ ന്യായാധിപസംഘത്തിലേക്കു കൊണ്ടുപോകുകയുംചെയ്തു.
67: അവർ പറഞ്ഞു: നീ ക്രിസ്തുവാണെങ്കില്‍ ഞങ്ങളോടു പറയുക. അവനവരോടു പറഞ്ഞു: ഞാന്‍ പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കുകയില്ല.
68: ഞാന്‍ ചോദിച്ചാല്‍ നിങ്ങളുത്തരംതരുകയുമില്ല.
69: ഇപ്പോള്‍മുതല്‍ മനുഷ്യപുത്രന്‍ ദൈവശക്തിയുടെ വലത്തുവശത്ത് ഉപവിഷ്ടനാകും.
70: അവരെല്ലാവരുംകൂടെ ചോദിച്ചു: അങ്ങനെയെങ്കിൽ‍, നീ ദൈവപുത്രനാണോ? അവനവരോടു പറഞ്ഞു: 
ഞാനാകുന്നുവെന്ന്, നിങ്ങള്‍തന്നെ പറയുന്നല്ലോ.
71: അവര്‍ പറഞ്ഞു: ഇനി നമുക്കു സാക്ഷ്യത്തിന്റെ ആവശ്യമെന്ത്? അവന്റെ വായില്‍നിന്നുതന്നെ നാമതു കേട്ടുവല്ലോ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ