മുന്നൂറ്റിരണ്ടാം ദിവസം: ലൂക്കാ 23 - 24


അദ്ധ്യായം 23


പീലാത്തോസിന്റെ മുമ്പില്‍
1: അനന്തരം, അവരുടെ സംഘം ഒന്നാകെയെഴുന്നേറ്റ്, അവനെ പീലാത്തോസിന്റെ മുമ്പിലേക്കു കൊണ്ടുപോയി.
2: അവര്‍ അവന്റെമേല്‍ കുറ്റംചുമത്താന്‍ തുടങ്ങി: ഞങ്ങളുടെ ജനതയെ വഴിതെറ്റിക്കുകയും സീസറിനു നികുതികൊടുക്കുന്നതു നിരോധിക്കുകയും താന്‍ രാജാവായ ക്രിസ്തുവാണെന്ന് അവകാശപ്പെടുകയുംചെയ്യുന്നതായി ഇവനെ ഞങ്ങള്‍ കണ്ടിരിക്കുന്നു.
3: പീലാത്തോസ് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ? അവന്‍ മറുപടി പറഞ്ഞു: നീ പറയുന്നുവല്ലോ.
4: പീലാത്തോസ്, പ്രധാനപുരോഹിതന്മാരോടും ജനക്കൂട്ടത്തോടും പറഞ്ഞു: ഞാന്‍ ഈ മനുഷ്യനില്‍ ഒരു കുറ്റവുംകാണുന്നില്ല.
5: അവരാകട്ടെ, ഉറപ്പിച്ചു പറഞ്ഞു: ഇവന്‍ ഗലീലിമുതല്‍ ഇവിടംവരെയും യൂദയായിലെങ്ങും പഠിപ്പിച്ചുകൊണ്ട് ജനത്തെ ഇളക്കിവിടുന്നു.

ഹേറോദേസിന്റെ മുമ്പില്‍
6: ഇതുകേട്ടു പീലാത്തോസ്, ഈ മനുഷ്യന്‍ ഗലീലിക്കാരനാണോ എന്നുചോദിച്ചു.
7: അവന്‍ ഹേറോദേസിന്റെ അധികാരത്തില്‍പ്പെട്ടവനാണെന്നറിഞ്ഞപ്പോള്‍, ആ ദിവസങ്ങളില്‍ ഹേറോദേസ് ജറുസലെമിലുണ്ടായിരുന്നതുകൊണ്ട്, പീലാത്തോസ് അവനെ അവന്റെയടുത്തേക്കയച്ചു.
8: ഹേറോദേസ് യേശുവിനെക്കണ്ടപ്പോള്‍ അത്യധികം സന്തോഷിച്ചു. എന്തെന്നാല്‍, അവന്‍ യേശുവിനെപ്പറ്റി കേട്ടിരുന്നതുകൊണ്ട്, വളരെക്കാലമായി അവനെ കാണാനാഗ്രഹിച്ചിരുന്നു; അവന്‍ചെയ്യുന്ന ഏതെങ്കിലും അടയാളം കാണാമെന്നു പ്രതീക്ഷിക്കുകയുംചെയ്തു.
9: അതിനാല്‍, അവന്‍ അവനെ ദീർഘനേരം ചോദ്യംചെയ്തു. പക്ഷേ, അവന്‍ അവനോട് ഒന്നുംപറഞ്ഞില്ല.
10: പ്രധാനപുരോഹിതന്മാരും നിയമജ്ഞരും അവനെ രൂക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ട്, ചുറ്റുംനിന്നിരുന്നു.
11: ഹേറോദേസ് പടയാളികളോടുചേര്‍ന്ന്, അവനോടു നിന്ദ്യമായി പെരുമാറുകയും അവനെ പരിഹസിക്കുകയും ചെയ്തു. അവന്‍ യേശുവിനെ പകിട്ടേറിയ വസ്ത്രംധരിപ്പിച്ച്, പീലാത്തോസിന്റെയടുത്തേക്കു തിരിച്ചയച്ചു.
12: ആ ദിവസം, ഹേറോദേസും പീലാത്തോസും സ്‌നേഹിതന്മാരായി. അതുവരെ അവര്‍ അന്യോന്യം ശത്രുതയിലാരുന്നു.

യേശുവിനെ മരണത്തിനു വിധിക്കുന്നു
13: പീലാത്തോസ് പ്രധാനപുരോഹിതന്മാരെയും ഭരണാധിപന്മാരെയും ജനത്തെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു:
14: ജനത്തെ വഴിപിഴപ്പിക്കുന്നെന്നു പറഞ്ഞ്, നിങ്ങൾ ഈ മനുഷ്യനെ എന്റെപക്കലേക്കു കൊണ്ടുവന്നു. ഇതാ, നിങ്ങളുടെ മുമ്പില്‍വച്ചുതന്നെ ഞാന്‍ ഇവനെ വിസ്തരിച്ചിട്ട്, ഈ മനുഷ്യനെതിരേ, നിങ്ങളാരോപിക്കുന്ന കുറ്റമൊന്നുംകണ്ടില്ല.
15: ഹേറോദേസും കണ്ടില്ല. അതിനാൽ, അവന്‍ ഇവനെ എന്റെയടുത്തേക്കു തിരിച്ചയച്ചു. നോക്കൂ, മരണാര്‍ഹമായ കുറ്റമൊന്നും ഇവന്‍ ചെയ്തിട്ടില്ല.
16: അതുകൊണ്ട്, ഇവനെ ചമ്മട്ടികൊണ്ടടിപ്പിച്ച്, ഞാൻ വിട്ടയയ്ക്കും.
17: അപ്പോള്‍, അവര്‍ ഏകസ്വരത്തിലാക്രോശിച്ചു: ഇവനെ കൊണ്ടുപോകുക.
18: ബറാബാസിനെ ഞങ്ങള്‍ക്കുവേണ്ടി വിട്ടയയ്ക്കുക.
19: പട്ടണത്തില്‍നടന്ന കലാപവും കൊലപാതകവുംകാരണം, കാരാഗൃഹത്തിലടയ്ക്കപ്പെട്ടവനായിരുന്നൂ, ബറാബാസ്.
20: യേശുവിനെ വിട്ടയയ്ക്കണം എന്നാഗ്രഹിച്ചുകൊണ്ട്, വീണ്ടും പീലാത്തോസ് അവരോടു സംസാരിച്ചു.
21: അവരാകട്ടെ, ക്രൂശിക്കുക, അവനെ ക്രൂശിക്കുക എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
22: അവന്‍ മൂന്നാംപ്രാവശ്യവും അവരോടു ചോദിച്ചു: എന്തു തിന്മയാണ്, ഇവൻ ചെയ്തത്? മരണാര്‍ഹമായ ഒരു കുറ്റവും ഞാനവനില്‍ കണ്ടില്ല. അതിനാൽ, അവനെ ചമ്മട്ടികൊണ്ടടിപ്പിച്ച്, ഞാൻ വിട്ടയയ്ക്കും.
23: അവനെ ക്രൂശിക്കണമെന്ന് അവര്‍ നിര്‍ബ്ബന്ധപൂര്‍വ്വം വലിയശബ്ദത്തിൽ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവരുടെ മുറവിളി, കൂടുതൽ ശക്തമായി.
24: അവരുടെ ആവശ്യംനടക്കട്ടെയെന്ന്, പീലാത്തോസ് വിധിച്ചു.
25: അവരാവശ്യപ്പെട്ടവനെ, കലാപവും കൊലപാതകവുംകാരണം, കാരാഗൃഹത്തിലടയ്ക്കപ്പെട്ടവനെ, വിട്ടയയ്ക്കുകയും യേശുവിനെ അവരുടെ ഇംഗിതത്തിന് ഏല്പിച്ചുകൊടുക്കുകയുംചെയ്തു.

യേശുവിനെ ക്രൂശിക്കുന്നു
26: അവരവനെ കൊണ്ടുപോകുമ്പോള്‍, വയലിൽനിന്നുവന്ന, സൈറീൻകാരൻശിമയോനെപ്പിടിച്ച്, യേശുവിന്റെ പിന്നാലെ, കുരിശുചുമക്കാൻ അത്, അവന്റെമേൽ വച്ചു.
27: ജനത്തിന്റേയും മാറത്തടിക്കുകയും വിലപിക്കുകയുംചെയ്തിരുന്ന സ്ത്രീകളുടേയും ഒരു വലിയസംഘം, അവനെ അനുഗമിക്കുന്നുണ്ടായിരുന്നു.
28: സ്ത്രീകളുടെനേരേ തിരിഞ്ഞ്, യേശു പറഞ്ഞു: ജറുസലെംപുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍.
29: എന്തെന്നാല്‍, വന്ധ്യകളും പ്രസവിക്കാത്ത ഉദരങ്ങളും പാലൂട്ടാത്ത മുലകളും അനുഗൃഹീതം എന്ന്, അവർപറയുന്ന ദിവസങ്ങള്‍ വരുന്നു.
30: അന്നവര്‍ പര്‍വ്വതങ്ങളോടു ഞങ്ങളുടെമേല്‍ വീഴുകയെന്നും കുന്നുകളോടു ഞങ്ങളെ മൂടിക്കളയുകയെന്നും പറയാന്‍തുടങ്ങും.
31: പച്ചമരത്തോട്, അവരിങ്ങനെയാണു ചെയ്യുന്നതെങ്കില്‍ ഉണങ്ങിയതിനെന്തുതന്നെ സംഭവിക്കുകയില്ലാ?
32: അവനോടൊപ്പം വധിക്കപ്പെടേണ്ടതിന്, മറ്റു രണ്ടുകുറ്റവാളികളേയും അവര്‍ കൂട്ടിക്കൊണ്ടുപോയി.
33: തലയോട് എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവര്‍ വന്നു. അവിടെ അവരവനെ ക്രൂശിച്ചു; ആ കുറ്റവാളികളെയും- ഒരുവനെ വലത്തുവശത്തും ഇതരനെ ഇടത്തുവശത്തും.
34: യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; എന്തെന്നാൽ, അവര്‍ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല. അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ചെടുക്കാന്‍ അവര്‍ കുറിയിട്ടു.
35: ജനം നോക്കികൊണ്ടുനിന്നു. ഭരണാധിപന്മാരാകട്ടെ, അവനെ പരിഹസിച്ചു പറഞ്ഞു: ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു. ഇവന്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടക്രിസ്തുവാണെങ്കില്‍, തന്നെത്തന്നെ രക്ഷിക്കട്ടെ.
36: പടയാളികള്‍ അടുത്തുവന്നു ചവർപ്പുള്ള വീഞ്ഞുകൊടുത്ത്, അവനെ പരിഹസിച്ചു പറഞ്ഞു:
37: നീ യഹൂദരുടെ രാജാവാണെങ്കില്‍ നിന്നെത്തന്നെ രക്ഷിക്കുക.
38: ഇവന്‍ യഹൂദരുടെ രാജാവ് എന്നൊരു ലിഖിതം, അവനുമീതെയുണ്ടായിരുന്നു.
39: തൂക്കപ്പെട്ടിരുന്ന കുറ്റവാളികളിലൊരുവന്‍ അവനെ ദുഷിച്ചുപറഞ്ഞു; നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക!
40: അപരന്‍ അവനെ ശകാരിച്ചുപറഞ്ഞു: നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? കാരണം, നീയും അതേ ശിക്ഷാവിധിയിലാണല്ലോ.
41: എന്നാൽ, നാം തീർച്ചയായുംന്യായമായി, പ്രവൃത്തിച്ചതിനർഹമായതു സ്വീകരിച്ചിരിക്കുന്നു. ഇവനോ, അരുതാത്തതൊന്നുംചെയ്തിട്ടില്ല.
42: അവന്‍ പറഞ്ഞു: യേശുവേ, നീ നിന്റെ രാജ്യത്തുവരുമ്പോള്‍ എന്നെയുമോര്‍ക്കണമേ!
43: യേശു അവനോടരുൾചെയ്തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീയിന്ന് എന്നോടുകൂടെ പറുദീസായിലായിരിക്കും.

യേശുവിന്റെ മരണം
44: അപ്പോള്‍ ഏകദേശം ആറാംമണിക്കൂറായിരുന്നു. ഒമ്പതാംമണിക്കൂര്‍വരെ ഭൂമിമുഴുവന്റേയുംമേൽ അന്ധകാരമായി.
45: സൂര്യഗ്രഹണമുണ്ടായി. ദേവാലയത്തിലെ തിരശ്ശീല നടുവേകീറി.
46: യേശു വലിയശബ്ദത്തില്‍ വിളിച്ചുപറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ എല്പിക്കുന്നു. ഇതു പറഞ്ഞ്, അവന്‍ പ്രാണന്‍വെടിഞ്ഞു.
47: സംഭവച്ചതുകണ്ടു ശതാധിപന്‍ ദൈവത്തെ മഹത്വപ്പെടുത്തിപ്പറഞ്ഞു: വാസ്തവത്തിൽ, ഈ മനുഷ്യന്‍ നീതിമാനായിരുന്നു.
48: ഈ കാഴ്ചകാണാന്‍ ഒരുമിച്ചുകൂടിയ ജനക്കൂട്ടമെല്ലാം സംഭവച്ചവകണ്ട്, മാറത്തടിച്ചുകൊണ്ടു തിരിച്ചുപോയി.
49: ഇവ കണ്ടുകൊണ്ട്, അല്പംദൂരെയായി, അവന്റെ പരിചയക്കാരെല്ലാവരും ഗലീലിയില്‍നിന്ന് അവനെയനുഗമിച്ചിരുന്ന സ്ത്രീകളും നിന്നിരുന്നു.

യേശുവിനെ സംസ്കരിക്കുന്നു
50: എന്നാൽ ഇതാ, ആലോചനാസംഘത്തിലെ അംഗവും നല്ലവനും നീതിമാനുമായ ജോസഫ് എന്നുപേരുള്ള ഒരുമനുഷ്യൻ അവിടെയുണ്ടായിരുന്നു.
51: അവന്‍ അവരുടെ ആലോചനകളോടോ, പ്രവൃത്തികളോടോ യോജിച്ചിരുന്നിരുന്നില്ല; യഹൂദരുടെ ഒരു നഗരമായ അരിമത്തെയായില്‍നിന്നുള്ളവനായിരുന്നു. ദൈവരാജ്യം പ്രതീക്ഷിച്ചിരുന്നവനും.
52: അവന്‍ പീലാത്തോസിനെ സമീപിച്ച്, യേശുവിന്റെ ശരീരം ചോദിച്ചു.
53: അവനതു താഴെയിറക്കി, കച്ചയില്‍പ്പൊതിഞ്ഞ്, പാറയില്‍ വെട്ടിയുണ്ടാക്കിയതും അതുവരെ ആരെയും സംസ്കരിച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയില്‍ വച്ചു.
54: അന്ന് ഒരുക്കത്തിന്റെ ദിവസമായിരുന്നു; സാബത്തിന്റെ ആരംഭവും.
55: ഗലീലിയില്‍നിന്ന് യേശുവിനോടൊപ്പം വന്നിരുന്ന സ്ത്രീകള്‍, ജോസഫിനെ അനുയാത്രചെയ്ത്, കല്ലറ വീക്ഷിച്ചു: അവന്റെ ശരീരംവച്ച വിധവും.
56: അവര്‍ തിരിച്ചുചെന്ന്, സുഗന്ധവസ്തുക്കളും മീറയും തയ്യാറാക്കി. സാബത്തില്‍ അവര്‍ കല്പനയനുസരിച്ചുവിശ്രമിച്ചു.

അദ്ധ്യായം 24 

യേശുവിന്റെ പുനരുത്ഥാനം
1: അവര്‍, തയ്യാറാക്കിവച്ചിരുന്ന സുഗന്ധവസ്തുക്കളെടുത്ത്, ആഴ്ചയുടെ ഒന്നാംദിവസം അതിരാവിലേ, കല്ലറയുടെയടുത്തേക്കു പോയി.
2: കല്ലറയില്‍നിന്ന്, ഉരുട്ടിമാറ്റിയിരിക്കുന്ന കല്ല്, അവര്‍ കണ്ടു.
3: അവര്‍ അകത്തുകടന്നപ്പോള്‍ കര്‍ത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.
4: ഇതേക്കുറിച്ചു പരിഭ്രമിച്ചുനില്‍ക്കവേ, രണ്ടുപേര്‍, തിളങ്ങുന്ന വസ്ത്രങ്ങള്‍ധരിച്ച്, അവര്‍ക്കു പ്രത്യക്ഷപ്പെട്ടു.
5: അവര്‍ ഭയപ്പെട്ടു ഭൂമിയിലേക്കു മുഖംകുനിച്ചു. അപ്പോള്‍ അവര്‍, അവരോടു ചോദിച്ചു: ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവരുടെയിടയില്‍ അന്വേഷിക്കുന്നതെന്ത്?
6: അവനിവിടെയില്ല. എന്നാൽ, അവനുയിര്‍പ്പിക്കപ്പെട്ടു. അവന്‍ ഗലീലിയിലായിരിക്കുമ്പോൾത്തന്നെ, നിങ്ങളോടു പറഞ്ഞിട്ടുള്ളതോര്‍മ്മിക്കുവിന്‍.
7: മനുഷ്യപുത്രന്‍ പാപികളായ മനുഷ്യരുടെ കൈകളിലേല്പിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും മൂന്നാംദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയുംവേണ്ടിയിരിക്കുന്നു.
8: അപ്പോളവര്‍ അവന്റെ വാക്കുകളോര്‍മ്മിച്ചു.
9: കല്ലറയിങ്കല്‍നിന്നു തിരിച്ചുവന്ന്, അവരിതെല്ലാം പതിനൊന്നുപേരെയും മറ്റെല്ലാവരെയുമറിയിച്ചു.
10: അവര്‍ മഗ്ദലേനമറിയവും യോവാന്നയും യാക്കോബിന്റെ അമ്മയായ മറിയവും അവരുടെകൂടെയുണ്ടായിരുന്ന മറ്റുസ്ത്രീകളുമായിരുന്നു. ഇക്കാര്യങ്ങള്‍ അപ്പസ്‌തോലന്മാരോട് അവര്‍ പറഞ്ഞു.
11: അവര്‍ക്കാകട്ടെ ഈ വാക്കുകള്‍ കെട്ടുകഥപോലെ തോന്നി. അവര്‍ അവരെ വിശ്വസിച്ചില്ല.
12: എന്നാല്‍ പത്രോസ് എഴുന്നേറ്റ് കല്ലറയിങ്കലേക്കോടി; കുനിഞ്ഞ് അകത്തേക്കുനോക്കിയപ്പോള്‍ അവനെ പൊതിഞ്ഞിരുന്ന തുണികള്‍മാത്രം കിടക്കുന്നതു കണ്ടു. സംഭവിച്ചതിനെപ്പറ്റി വിസ്മയിച്ചുകൊണ്ട് അവന്‍ വീട്ടിലേക്കുപോയി.

എമ്മാവൂസിലേക്കുപോയ ശിഷ്യന്മാര്‍
13: ആ ദിവസംതന്നെ അവരില്‍ രണ്ടുപേര്‍ ജറുസലെമില്‍നിന്ന് അറുപതു സ്താദിയോണ്‍ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്കു യാത്രചെയ്യുകയായിരുന്നു.
14: ഈ സംഭവങ്ങളെക്കുറിച്ചെല്ലാം അവര്‍ തമ്മിൽത്തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു.
15: അവര്‍ സംസാരിക്കുകയും തർക്കിക്കുകയുംചെയ്തുകൊണ്ടു പോകുമ്പോള്‍, യേശുതന്നെ അടുത്തെത്തി, അവരോടൊപ്പം യാത്രചെയ്തു.
16: എന്നാല്‍, അവനെ തിരിച്ചറിയാന്‍കഴിയാത്തവിധം അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരുന്നു.
17: അവനവരോടു ചോദിച്ചു: എന്തിനെപ്പറ്റിയാണു നിങ്ങള്‍ നടന്നുകൊണ്ട്, അന്യോന്യം വാദപ്രതിവാദംചെയ്യുന്നത്? അവര്‍ മ്ലാനവദനരായിനിന്നു.
18: അവരില്‍ ക്ലെയോപാസ് എന്നുപേരുള്ളവന്‍ അവനോടു ചോദിച്ചു: ഈ ദിവസങ്ങളില്‍ ജറുസലെമില്‍നടന്ന സംഭവമൊന്നുമറിയാത്ത അപരിചിതനാണോ നീ?
19: അവന്‍ ചോദിച്ചു: ഏതു കാര്യങ്ങള്‍? അവരവനോടു പറഞ്ഞു: നസറായനായ യേശുവിനെക്കുറിച്ചുതന്നെ. അവന്‍ ദൈവത്തിന്റെയും ജനംമുഴുവന്റേയുംമുമ്പില്‍, വാക്കിലും പ്രവൃത്തിയിലും ശക്തനായ പ്രവാചകനായിരുന്നു.
20: ഞങ്ങളുടെ പ്രധാനപുരോഹിതന്മാരും ഭരണാധിപന്മാരും അവനെ മരണവിധിക്കേല്പിച്ചുകൊടുക്കുകയും അവരവനെ ക്രൂശിക്കുകയുംചെയ്തു.
21: ഇവന്‍ ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവന്‍, എന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇതിനൊക്കെപ്പുറമേ, ഇവയെല്ലാം സംഭവിച്ചിട്ട്, ഇതു മൂന്നാംദിവസമാണ്.
22: മാത്രമല്ലാ, ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകള്‍ ഞങ്ങളെ വിസ്മയിപ്പിക്കുകയുംചെയ്തു. ഇന്നുരാവിലെ അവര്‍ കല്ലറയിങ്കല്‍പ്പോയിരുന്നു.
23: എന്നാൽ, അവന്റെ ശരീരം അവരവിടെക്കണ്ടില്ല. അവര്‍ തിരിച്ചുവന്ന്, തങ്ങള്‍ക്കു ദൂതന്മാരുടെ ദര്‍ശനമുണ്ടായെന്നും അവന്‍ ജീവിച്ചിരിക്കുന്നെന്ന്, അറിയിച്ചെന്നും പറഞ്ഞു.
24: ഞങ്ങളുടെകൂടെയുണ്ടായിരുന്നവരില്‍ച്ചിലരും കല്ലറയിങ്കലേക്കു പോയി, സ്ത്രീകള്‍ പറഞ്ഞതുപോലെതന്നെ കണ്ടു. എന്നാൽ, അവനെയവര്‍ കണ്ടില്ല.
25: അപ്പോള്‍ അവനവരോടു പറഞ്ഞു: ഭോഷന്മാരേ, പ്രവാചകന്മാര്‍ പറഞ്ഞിട്ടുള്ളതെല്ലാം വിശ്വസിക്കാന്‍കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ,
26: ക്രിസ്തു ഇതെല്ലാംസഹിച്ച്, തന്റെ മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ?
27: അനന്തരം, മോശമുതൽ എല്ലാപ്രവാചകന്മാരും ലിഖിതങ്ങളിലെല്ലാം തന്നെപ്പറ്റി എഴുതിയിരുന്നവ, അവനവര്‍ക്കു വ്യാഖ്യാനിച്ചുകൊടുത്തു.
28: അവര്‍ എത്തേണ്ടിയിരുന്ന ഗ്രാമത്തോടടുത്തു. എന്നാൽ, അവനാകട്ടെ യാത്രതുടരുകയാണെന്നു ഭാവിച്ചു.
29: അവരവനെ നിര്‍ബ്ബന്ധിച്ചുകൊണ്ടു പറഞ്ഞു: ഞങ്ങളോടുകൂടെ വസിക്കുക. സായംകാലമായി, പകല്‍ അസ്തമിക്കാറായി. അവന്‍ അവരോടുകൂടെവസിക്കാൻ അകത്തുപ്രവേശിച്ചു.
30: അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോള്‍, അവനപ്പമെടുത്ത്, ആശീര്‍വ്വദിച്ച്, മുറിച്ച് അവര്‍ക്കുകൊടുത്തു.
31: അപ്പോള്‍ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു. അവരവനെ തിരിച്ചറിഞ്ഞു. അവനാകട്ടെ, അവരിൽനിന്ന് അപ്രത്യക്ഷനായി.
32: അവര്‍ പരസ്പരം പറഞ്ഞു: വഴിയില്‍വച്ച്, അവന്‍ നമ്മോടു സംസാരിച്ചുകൊണ്ടിരുന്നപ്പോഴും നമ്മോടു ലിഖിതങ്ങൾ വ്യാഖ്യാനിച്ചുകൊണ്ടിരുന്നപ്പോഴും നമ്മുടെ ഹൃദയം ജ്വലിക്കുകയായിരുന്നില്ലേ?
33: അവര്‍ ആ മണിക്കൂറിൽത്തന്നെ എഴുന്നേറ്റു ജറുസലെമിലേക്കു തിരിച്ചുപോയി; അവിടെക്കൂടിയിരുന്ന പതിനൊന്നുപേരെയും അവരോടൊപ്പമുണ്ടായിരുന്നവരെയും കണ്ടു.
34: കര്‍ത്താവു സത്യമായും ഉയിര്‍ത്തെഴുന്നേറ്റു; ശിമയോനു പ്രത്യക്ഷപ്പെട്ടെന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
35: വഴിയില്‍വച്ചുണ്ടായവയെന്തെന്നും അപ്പം മുറിക്കലിൽ, അവരവനെ തിരിച്ചറിഞ്ഞതെങ്ങനെയെന്നും അവർ വിശദീകരിച്ചു.

ശിഷ്യഗണത്തിനു പ്രത്യക്ഷനാകുന്നു
36: അവര്‍ ഇവ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അവൻ അവരുടെമദ്ധ്യേ നിന്നു. അവനവരോടരുൾചെയ്തു: നിങ്ങള്‍ക്കു സമാധാനം!
37: അമ്പരന്ന അവരെ ഭയംഗ്രസിച്ചു. ഭൂതത്തെയാണു കാണുന്നതെന്ന് അവര്‍ വിചാരിച്ചു.
38: അവനവരോടു ചോദിച്ചു: നിങ്ങള്‍ അസ്വസ്ഥരാകുന്നതെന്തിന്? നിങ്ങളുടെ ഹൃദയത്തിൽ ചോദ്യങ്ങളുയരുന്നതെന്ത്?
39: എന്റെ കൈകളും കാലുകളും കാണുക, ഞാന്‍തന്നെയാകുന്നു. എന്നെ സ്പർശിച്ചു മനസ്സിലാക്കുവിന്‍. എനിക്കുള്ളതായി നിങ്ങൾ കാണുന്നതുപോലെ മാംസവും അസ്ഥികളും ഭൂതത്തിനില്ലല്ലോ.
40: ഇതുപറഞ്ഞിട്ട്, അവൻ തന്റെ കൈകളും കാലുകളും അവരെക്കാണിച്ചു.
41: എന്നിട്ടും അവര്‍ സന്തോഷാധിക്യത്താല്‍ അവിശ്വസിക്കുകയും അദ്ഭുതപ്പെടുകയുംചെയ്തപ്പോള്‍ അവനവരോടുചോദിച്ചു: ഇവിടെ ഭക്ഷിക്കാന്‍ എന്തെങ്കിലുമുണ്ടോ?
42: ഒരു കഷണം വറുത്തമീന്‍ അവരവനു കൊടുത്തു.
43: അവന്‍ അതെടുത്ത് അവരുടെ മുമ്പില്‍വച്ചു ഭക്ഷിച്ചു.
44: അവന്‍ അവരോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകന്മാരിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു, എന്നത്, ഞാന്‍ നിങ്ങളോടുകൂടെയായിരുന്നപ്പോള്‍ നിങ്ങളോടു പറഞ്ഞിട്ടുള്ള വചനങ്ങളാണല്ലോ.
45: അനന്തരം, ലിഖിതങ്ങള്‍ഗ്രഹിക്കാന്‍, അവരുടെ മനസ്സ് അവന്‍ തുറന്നു.
46: അവന്‍ പറഞ്ഞു: ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ക്രിസ്തു പീഡസഹിക്കുകയും മൂന്നാംദിവസം മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും
47: പാപമോചനത്തിനുള്ള മാനസാന്തരം, അവന്റെ നാമത്തില്‍ ജറുസലെമിലാരംഭിച്ച്, എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടുകയുംചെയ്യും.
48: നിങ്ങള്‍ ഇവയ്ക്കു സാക്ഷികളാണ്.
49: ഇതാ, എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെമേല്‍ ഞാനയയ്ക്കുന്നു. ഉന്നതത്തില്‍നിന്നു ശക്തിധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍.

യേശുവിന്റെ സ്വര്‍ഗ്ഗാരോഹണം
50: അവനവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടുപോയി; കൈകളുയര്‍ത്തി അവരെ ആശീർവദിച്ചു.
51: ആശീർവദിച്ചുകൊണ്ടിരിക്കേ, അവന്‍ അവരില്‍നിന്നകലുകയും സ്വര്‍ഗ്ഗത്തിലേക്ക്, എടുക്കപ്പെടുകയുംചെയ്തു.
52: അവരവനെ ആരാധിച്ചു; വലിയ സന്തോഷത്തോടെ ജറുസലെമിലേക്കു മടങ്ങി.
53: അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു സദാ ദേവാലയത്തിലായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ