മുപ്പത്തൊന്നാംദിവസം - ലേവ്യര്‍ 10 - 12


അദ്ധ്യായം 10

നാദാബും അബിഹുവും

1: അഹറോൻ്റെ പുത്രന്മാരായ നാദാബും അബിഹുവും തങ്ങളുടെ ധൂപകലശങ്ങളെടുത്തു തീകൊളുത്തി. അതില്‍ കുന്തുരുക്കമിട്ടു കര്‍ത്താവിൻ്റെ മുമ്പിലര്‍പ്പിച്ചു. അവിടുന്നു കല്പിച്ചിട്ടില്ലായ്കയാല്‍, ആ അഗ്നി അവിശുദ്ധമായിരുന്നു.
2: അതിനാല്‍, കര്‍ത്താവിൻ്റെ സന്നിധിയില്‍നിന്ന് അഗ്നിയിറങ്ങിവന്ന്, അവരെ വിഴുങ്ങി. അവരവിടുത്തെ മുമ്പില്‍വച്ചു മരിച്ചു.
3: അപ്പോള്‍മോശ അഹറോനോടു പറഞ്ഞു: കര്‍ത്താവരുളിച്ചെയ്തിരിക്കുന്നു, എന്നെ സമീപിക്കുന്നവര്‍ക്കു ഞാന്‍ പരിശുദ്ധനാണെന്നു കാണിച്ചുകൊടുക്കും. എല്ലാ ജനങ്ങളുടെയുംമുമ്പില്‍ എൻ്റെ മഹത്വം ഞാന്‍ വെളിപ്പെടുത്തും. അഹറോന്‍ നിശ്ശബ്ദനായിരുന്നു.
4: മോശ അഹറോൻ്റെ പിതൃസഹോദരനായ ഉസിയേലിൻ്റെ പുത്രന്മാരായ മിഷായെലിനെയും എല്‍സഫാനെയും വിളിച്ചുപറഞ്ഞു: വന്നു നിങ്ങളുടെ സഹോദരന്മാരെ കൂടാരത്തിനു മുമ്പില്‍നിന്നു പാളയത്തിനു വെളിയില്‍ കൊണ്ടുപോകുവിന്‍.
5: മോശ പറഞ്ഞതുപോലെ അവര്‍ ചെന്ന്, അവരെ കുപ്പായങ്ങളോടുകൂടെ എടുത്തു, പാളയത്തിനു പുറത്തുകൊണ്ടുപോയി.
6: അനന്തരം, മോശ അഹറോനോടും അവൻ്റെ പുത്രന്മാരായ എലെയാസറിനോടും ഇത്താമറിനോടും പറഞ്ഞു: നിങ്ങള്‍ തല നഗ്നമാക്കുകയോ വസ്ത്രം വലിച്ചുകീറുകയോ അരുത്. അങ്ങനെചെയ്താല്‍, നിങ്ങള്‍ മരിക്കുകയും ജനം മുഴുവൻ്റെയുംമേല്‍ ദൈവകോപം നിപതിക്കുകയും ചെയ്യും. എന്നാല്‍, ഇസ്രായേല്‍ഭവനം മുഴുവനിലുമുള്ള നിങ്ങളുടെ സഹോദരര്‍, കര്‍ത്താവയച്ച അഗ്നിയെക്കുറിച്ചു വിലപിച്ചുകൊള്ളട്ടെ.
7: കര്‍ത്താവിൻ്റെ അഭിഷേകതൈലം നിങ്ങളുടെമേലുള്ളതിനാല്‍ നിങ്ങള്‍ സമാഗമകൂടാരത്തിൻ്റെ വാതില്‍വിട്ടു പുറത്തുപോകരുത്. പോയാല്‍, നിങ്ങള്‍ മരിക്കും. അവര്‍ മോശയുടെ വാക്കനുസരിച്ചു പ്രവര്‍ത്തിച്ചു.

പുരോഹിതര്‍ക്കു നിയമങ്ങള്‍

8: കര്‍ത്താവ്, അഹറോനോടു പറഞ്ഞു:
9: നീയും പുത്രന്മാരും സമാഗമകൂടാരത്തിലേക്കു പോകുമ്പോള്‍ വീഞ്ഞോ ലഹരിസാധനങ്ങളോ കുടിക്കരുത്; കുടിച്ചാല്‍, നിങ്ങള്‍ മരിക്കും. ഇതു നിങ്ങള്‍ക്കു തലമുറതോറും ശാശ്വതമായ നിയമമായിരിക്കും.
10: വിശുദ്ധവുമവിശുദ്ധവും, ശുദ്ധവുമശുദ്ധവും നിങ്ങള്‍ വേര്‍തിരിച്ചറിയണം.
11: കര്‍ത്താവു മോശവഴി കല്പിച്ചിട്ടുള്ളവയെല്ലാമനുഷ്ഠിക്കാന്‍ നിങ്ങള്‍ ഇസ്രായേല്‍ജനത്തെ പഠിപ്പിക്കുകയും വേണം.
12: മോശ അഹറോനോടും അവൻ്റെ ശേഷിച്ച രണ്ടു മക്കളായ എലെയാസറിനോടും ഇത്താമറിനോടും പറഞ്ഞു: കര്‍ത്താവിനു സമര്‍പ്പിച്ച ധാന്യബലിയില്‍നിന്ന്, അഗ്നിയില്‍ ദഹിപ്പിച്ചതിനുശേഷമുള്ള ഭാഗമെടുത്തു ബലിപീഠത്തിനു സമീപംവച്ച്, പുളിപ്പുചേര്‍ക്കാതെ ഭക്ഷിക്കുക. എന്തെന്നാല്‍, അത് അതിവിശുദ്ധമാണ്.
13: നിങ്ങളതു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിക്കണം. കാരണം, അതു കര്‍ത്താവിൻ്റെ ദഹനബലികളില്‍നിന്ന് നിനക്കും നിൻ്റെ പുത്രന്മാര്‍ക്കുമുള്ള അവകാശമാണ്. ഇങ്ങനെയാണ് എന്നോടു കല്പിച്ചിരിക്കുന്നത്.
14: എന്നാല്‍, നീരാജനംചെയ്ത നെഞ്ചും കാഴ്ചവച്ച കുറകും ശുദ്ധിയുള്ള ഏതെങ്കിലും സ്ഥലത്തുവച്ചു നീയും നിൻ്റെ പുത്രന്മാരും പുത്രികളും ഭക്ഷിച്ചു കൊള്ളുവിന്‍. ഇസ്രായേല്‍ജനത്തിൻ്റെ സമാധാനബലികളില്‍നിന്നു നിനക്കും നിൻ്റെ സന്തതികള്‍ക്കുമുള്ള അവകാശമാണത്.
15: അര്‍പ്പിക്കാനുള്ള കുറകും നീരാജനംചെയ്യാനുള്ള നെഞ്ചും ദഹനബലിക്കുള്ള മേദസ്സോടുകൂടെ അവര്‍ കര്‍ത്താവിൻ്റെമുമ്പില്‍ നീരാജനംചെയ്യാന്‍ കൊണ്ടുവരണം. കര്‍ത്താവു കല്പിച്ചിട്ടുള്ളതുപോലെ നിനക്കും നിൻ്റെ മക്കള്‍ക്കും നിത്യമായി നല്കിയിരിക്കുന്ന അവകാശമാണത്.
16: അനന്തരം, മോശ പാപപരിഹാരബലിക്കുള്ള കോലാടിനെയന്വേഷിച്ചപ്പോള്‍ അതു ദഹിപ്പിക്കപ്പെട്ടിരിക്കുന്നതായിക്കണ്ടു. അവന്‍ അഹറോൻ്റെ ശേഷിച്ച പുത്രന്മാരായ എലെയാസറിനോടും ഇത്താമറിനോടും കോപത്തോടെ പറഞ്ഞു:
17: നിങ്ങള്‍ എന്തുകൊണ്ടു പാപപരിഹാരബലി വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിച്ചില്ല? അത് അതിവിശുദ്ധവും, സമൂഹത്തിൻ്റെ കുറ്റം വഹിക്കാനും കര്‍ത്താവിൻ്റെമുമ്പില്‍ അവര്‍ക്കുവേണ്ടി പരിഹാരമനുഷ്ഠിക്കാനുമായി നിങ്ങള്‍ക്കു തന്നിരുന്നതുമാണല്ലോ.
18: അതിൻ്റെ രക്തം നിങ്ങള്‍ കൂടാരത്തിനകത്തു കൊണ്ടുവന്നില്ല; ഞാന്‍ നിങ്ങളോടു കല്പിച്ചിരുന്നതുപോലെ നിങ്ങളതു വിശുദ്ധസ്ഥലത്തുവച്ചുതന്നെ ഭക്ഷിക്കേണ്ടതായിരുന്നു.
19: അപ്പോള്‍ അഹറോന്‍ മോശയോടു പറഞ്ഞു: ഇതാ, ഇന്നവര്‍ തങ്ങളുടെ ദഹനബലിയും പാപപരിഹാരബലിയും കര്‍ത്താവിൻ്റെ സന്നിധിയിലര്‍പ്പിച്ചിരിക്കുന്നു. എന്നിട്ടും ഇവയൊക്കെ എനിക്കു സംഭവിച്ചു. ഞാനിന്നു പാപപരിഹാരബലി ഭക്ഷിച്ചിരുന്നുവെങ്കില്‍ കര്‍ത്താവിൻ്റെ ദൃഷ്ടിയില്‍ അതു സ്വീകാര്യമാകുമായിരുന്നോ?
20: അതുകേട്ടപ്പോള്‍ മോശയ്ക്കു തൃപ്തിയായി.

അദ്ധ്യായം 11


ശുദ്ധവുമശുദ്ധവുമായ ജീവികള്‍

1: കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്തു:
2: ഇസ്രായേല്‍ജനത്തോടു പറയുക, ഭൂമുഖത്തെ മൃഗങ്ങളില്‍ നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നവ ഇവയാണ്:
3: പാദം വിഭജിച്ചിരിക്കുന്നതും ഇരട്ടക്കുളമ്പുള്ളതും അയവിറക്കുന്നതുമായ മൃഗങ്ങളെ നിങ്ങള്‍ക്കു ഭക്ഷിക്കാം.
4: എന്നാല്‍, അയവിറക്കുന്നതോ ഇരട്ടക്കുളമ്പുള്ളതോ ആയ മൃഗങ്ങളില്‍, ഇവയെ നിങ്ങള്‍ ഭക്ഷിക്കരുത്: ഒട്ടകം അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്‍ക്കശുദ്ധമാണ്.
5: കുഴിമുയല്‍ അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്‍ക്കശുദ്ധമാണ്.
6: മുയല്‍ അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്‍ക്കശുദ്ധമാണ്.
7: പന്നി ഇരട്ടക്കുളമ്പുള്ളതെങ്കിലും അത് അയവിറക്കുന്നതല്ല. അതു നിങ്ങള്‍ക്കശുദ്ധമാണ്.
8: ഇവയുടെ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. പിണം തൊടുകയുമരുത്. ഇവ നിങ്ങള്‍ക്കശുദ്ധമാണ്.
9: ജലജീവികളില്‍ നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നവ ഇവയാണ്. കടലിലും നദിയിലും ജീവിക്കുന്ന, ചിറകും ചെതുമ്പലുമുള്ളവയെല്ലാം നിങ്ങള്‍ക്കു ഭക്ഷിക്കാം.
10: എന്നാല്‍ കടലിലും നദികളിലും പറ്റംചേര്‍ന്നു ചരിക്കുന്നവയും അല്ലാത്തവയുമായ ജലജീവികളില്‍, ചിറകും ചെതുമ്പലുമില്ലാത്തവ നിങ്ങള്‍ക്കു നിന്ദ്യമായിരിക്കട്ടെ.
11: അവ നിങ്ങള്‍ക്കു നിന്ദ്യമായിരിക്കണം. അവയുടെ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. അവയുടെ പിണം നിങ്ങള്‍ക്കു നിന്ദ്യമായിരിക്കട്ടെ.
12: ചിറകും ചെതുമ്പലുമില്ലാത്ത ജലജീവികളെല്ലാം നിങ്ങള്‍ക്കു നിന്ദ്യമായിരിക്കണം.
13: പക്ഷികളില്‍ നിങ്ങള്‍ക്കു നിന്ദ്യമായിരിക്കേണ്ടവ ഇവയാണ്. ഇവ നിങ്ങള്‍ ഭക്ഷിക്കരുത്. ഇവയെല്ലാം നിന്ദ്യമാണ്. എല്ലാത്തരത്തിലുംപെട്ട കഴുകന്‍, ചെമ്പരുന്ത്, കരിമ്പരുന്ത്,
14: പരുന്ത്, പ്രാപ്പിടിയന്‍,
15: കാക്ക,
16: ഒട്ടകപ്പക്ഷി, രാനത്ത്, കടല്‍പ്പാത്ത, ചെങ്ങാലിപ്പരുന്ത്,
17: മൂങ്ങ, നീര്‍കാക്ക, കൂമന്‍,
18: അരയന്നം, ഞാറപ്പക്ഷി, കരിങ്കഴുകന്‍,
19: കൊക്ക്, എരണ്ട, കാട്ടുകോഴി, നരിച്ചീര്‍.
20: ചിറകുള്ള കീടങ്ങളില്‍ നാലുകാലില്‍ ചരിക്കുന്നവയെല്ലാം നിന്ദ്യമാണ്.
21: എന്നാല്‍, ചിറകും നാലുകാലുമുള്ള കീടങ്ങളില്‍ നിലത്തു കുതിച്ചുചാടുന്നവയെ ഭക്ഷിക്കാം.
22: അവയില്‍ വെട്ടുകിളി, പച്ചക്കുതിര, വണ്ട്, വിട്ടില്‍ - ഇവയുടെ എല്ലാവര്‍ഗ്ഗങ്ങളും നിങ്ങള്‍ക്കു ഭക്ഷിക്കാം.
23: എന്നാല്‍, നാലു കാലും ചിറകുമുള്ള മറ്റെല്ലാക്കീടങ്ങളും നിങ്ങള്‍ക്കു നിന്ദ്യമാണ്. ഇവ നിങ്ങളെയശുദ്ധരാക്കും. 
24: ഇവയുടെ പിണം സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
25: ഇവയുടെ പിണം വഹിക്കുന്നവന്‍, തൻ്റെ വസ്ത്രം കഴുകട്ടെ. അവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
26: പാദം വിഭക്തമെങ്കിലും ഇരട്ടക്കുളമ്പില്ലാത്തതും അയവിറക്കാത്തതുമായ സകലമൃഗങ്ങളും നിങ്ങള്‍ക്കശുദ്ധമാണ്. അവയെ സ്പര്‍ശിക്കുന്നവരും അശുദ്ധരായിരിക്കും.
27: നാല്‍ക്കാലികളില്‍, നഖമുള്ള പാദങ്ങളോടുകൂടിയവ നിങ്ങള്‍ക്കശുദ്ധമാണ്. അവയുടെ പിണം സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
28: അവയുടെ പിണം വഹിക്കുന്നവന്‍ തൻ്റെ വസ്ത്രം കഴുകണം. വൈകുന്നേരംവരെ അവനശുദ്ധനായിരിക്കും. അവ നിങ്ങള്‍ക്കശുദ്ധമാണ്.
29: ഭൂമിയിലെ ഇഴജന്തുക്കളില്‍, നിങ്ങള്‍ക്കശുദ്ധമായവ കീരി, എലി, വിവിധതരം ഉടുമ്പുകള്‍,
30: പല്ലി, ചുമര്‍പ്പല്ലി, മണല്‍പ്പല്ലി, അരണ, ഓന്ത് എന്നിവയാണ്.
31: ഇഴജന്തുക്കളില്‍ അശുദ്ധമായ ഇവയുടെ പിണം സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
32: ഇവയുടെ പിണം ഏതെങ്കിലും വസ്തുവിന്മേല്‍ വീണാല്‍ അതും അശുദ്ധമാകും. അതു മരംകൊണ്ടുണ്ടാക്കിയ ഉപകരണമോ, വസ്ത്രമോ, തോലോ, ചാക്കോ, ഉപയോഗയോഗ്യമായ ഏതെങ്കിലും പാത്രമോ ആകട്ടെ, അതു വെള്ളത്തിലിടണം. വൈകുന്നേരംവരെ അതശുദ്ധമായിരിക്കും. അനന്തരം ശുദ്ധമാകും.
33: പിണം മണ്‍പാത്രത്തില്‍ വീണാല്‍ അതിലുള്ളവയും അശുദ്ധമായിത്തീരും. അതുടച്ചുകളയണം.
34: അതിലെ വെള്ളം ഏതെങ്കിലും ഭക്ഷണപദാര്‍ത്ഥത്തില്‍ വീണാല്‍ അതശുദ്ധമാകും. അതിലുള്ള ഏതുപാനീയവും അശുദ്ധമായിരിക്കും.
35: പിണത്തിൻ്റെ അംശം എന്തിലെങ്കിലും വീണാല്‍ അതശുദ്ധമാകും. അടുപ്പോ അഗ്നികലശമോ ആകട്ടെ, അതുടച്ചുകളയണം. അതശുദ്ധമാണ്; അശുദ്ധമായി നിങ്ങള്‍ കരുതുകയുംവേണം.
36: പിണം സ്പര്‍ശിക്കുന്ന എന്തും അശുദ്ധമാകുമെങ്കിലും ജലസമൃദ്ധമായ അരുവികള്‍ക്കും ഉറവകള്‍ക്കും അതു ബാധകമല്ല.
37: വിതയ്ക്കാനുള്ള വിത്തില്‍ പിണത്തിൻ്റെ അംശം വീണാലും, അതു ശുദ്ധമായിരിക്കും.
38: എന്നാല്‍ നനച്ച വിത്തില്‍ പിണത്തിൻ്റെ അംശംവീണാല്‍ അതു നിങ്ങള്‍ക്കശുദ്ധമായിരിക്കും.
39: മൃഗം നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നതാണെങ്കിലും ചത്തുപോയാല്‍ അതിൻ്റെ പിണം സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
40: അതിൻ്റെ മാംസം ഭക്ഷിക്കുന്നവന്‍ തൻ്റെ വസ്ത്രം കഴുകണം. അവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. അതു വഹിക്കുന്നവനും തൻ്റെ വസ്ത്രം കഴുകണം. അവനും വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
41: ഇഴജന്തുക്കളെല്ലാം നിന്ദ്യമാണ്. അവയെ ഭക്ഷിക്കരുത്.
42: ഉരസ്സുകൊണ്ടോ നാലോ അതില്‍ക്കൂടുതലോ കാലുകള്‍കൊണ്ടോ ഇഴയുന്ന ജന്തുക്കളെ നിങ്ങള്‍ ഭക്ഷിക്കരുത്; അവ നിന്ദ്യമാണ്.
43: ഇഴജന്തുക്കള്‍നിമിത്തം നിങ്ങള്‍ അശുദ്ധരാകരുത്. അശുദ്ധരാകാതിരിക്കാന്‍ അവകൊണ്ടുള്ള മാലിന്യത്തില്‍നിന്നകലുവിന്‍.
44: ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാകുന്നു. നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയും പരിശുദ്ധരായിരിക്കുകയും ചെയ്യുവിന്‍. കാരണം, ഞാന്‍ പരിശുദ്ധനാകുന്നു. ഭൂമിയിലെ ഇഴജന്തുക്കള്‍നിമിത്തം നിങ്ങള്‍ മലിനരാകരുത്.
45: നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന് ഈജിപ്തില്‍നിന്നു നിങ്ങളെയാനയിച്ച കര്‍ത്താവു ഞാനാകുന്നു. നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍, ഞാന്‍ പരിശുദ്ധനാണ്.
46: പക്ഷികള്‍, മൃഗങ്ങള്‍, ജലജീവികള്‍, ഭൂമിയിലെ ഇഴജന്തുക്കള്‍ എന്നിവയെ സംബന്ധിച്ചുള്ള നിയമമാണിത്.
47: ജീവികളെ ശുദ്ധിയുള്ളവയും ശുദ്ധിയില്ലാത്തവയും ഭക്ഷിക്കാവുന്നവയും ഭക്ഷിക്കരുതാത്തവയുംതമ്മില്‍ വേര്‍തിരിക്കാനാണിത്.

അദ്ധ്യായം 12

മാതാക്കളുടെ ശുദ്ധീകരണം

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: ഇസ്രായേല്‍ജനത്തോടു പറയുക, ഗര്‍ഭംധരിച്ച്, ആണ്‍കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീ, ഋതുകാലത്തെന്നപോലെ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും.
3: എട്ടാംദിവസം, കുട്ടിയെ പരിച്ഛേദനം ചെയ്യണം.
4: പിന്നെ, രക്തത്തില്‍നിന്നുള്ള ശുദ്ധീകരണത്തിനായി അവള്‍ മുപ്പത്തിമൂന്നു ദിവസം കാത്തിരിക്കണം. ശുദ്ധീകരണദിവസങ്ങള്‍ കഴിയുന്നതുവരെ വിശുദ്ധവസ്തുക്കള്‍ സ്പര്‍ശിക്കുകയോ വിശുദ്ധസ്ഥലത്തു പ്രവേശിക്കുകയോ അരുത്.
5: എന്നാല്‍, പെണ്‍കുഞ്ഞിനെയാണു പ്രസവിക്കുന്നതെങ്കില്‍ ഋതുകാലത്തെന്നപോലെ രണ്ടാഴ്ചത്തേയ്ക്ക് അവളശുദ്ധയായിരിക്കും; രക്തത്തില്‍നിന്നുള്ള ശുദ്ധീകരണത്തിനായി അറുപത്തിയാറു ദിവസം കാത്തിരിക്കണം.
6: കുഞ്ഞ്, ആണോ പെണ്ണോ ആകട്ടെ, ശുദ്ധീകരണത്തിൻ്റെ ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍, അവള്‍ കുഞ്ഞിനുവേണ്ടി ഒരു വയസ്സുള്ള ഒരാട്ടിന്‍കുട്ടിയെ ദഹനബലിക്കായും ഒരു ചെങ്ങാലിയെയോ പ്രാവിന്‍കുഞ്ഞിനെയോ പാപപരിഹാരബലിക്കായും സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ പുരോഹിതൻ്റെ മുമ്പില്‍ കൊണ്ടുവരണം.
7: അവനവയെ കര്‍ത്താവിൻ്റെ സന്നിധിയിലര്‍പ്പിച്ച്, അവള്‍ക്കുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ രക്തസ്രാവത്തില്‍നിന്ന് അവള്‍ ശുദ്ധയാകും. ഇതാണ് ആണ്‍കുഞ്ഞിനെയോ പെണ്‍കുഞ്ഞിനെയോ പ്രസവിക്കുന്ന സ്ത്രീക്കുള്ള നിയമം.
8: ആട്ടിന്‍കുട്ടിയെ സമര്‍പ്പിക്കാന്‍ അവള്‍ക്കു കഴിവില്ലെങ്കില്‍, രണ്ടു ചെങ്ങാലികളെയോ, രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കൊണ്ടുവരട്ടെ. ഒന്നു ദഹനബലിക്കും, മറ്റേതു പാപപരിഹാരബലിക്കും. പുരോഹിതന്‍ അവള്‍ക്കുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍, അവള്‍ ശുദ്ധയാകും.

മുപ്പതാം ദിവസം: ലേവ്യര്‍ 7 - 9


അദ്ധ്യായം 7


പ്രായശ്ചിത്തബലി

1: അതിവിശുദ്ധമായ പ്രായശ്ചിത്തബലിക്കുള്ള നിയമമിതാണ്:
2: ദഹനബലിക്കുള്ള മൃഗത്തെക്കൊല്ലുന്ന സ്ഥലത്തുവച്ചുതന്നെ പ്രായശ്ചിത്തബലിക്കുള്ള മൃഗത്തെയും കൊല്ലണം. അതിൻ്റെ രക്തം ബലിപീഠത്തിനുചുറ്റും തളിക്കണം.
3: അതിൻ്റെ മേദസ്സു മുഴുവനും - ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്നതും അരക്കെട്ടിനോടുചേര്‍ന്നുള്ള വൃക്കകളിലുള്ളതും -
4: ഇരുവൃക്കകളും കൊഴുത്തവാലും കരളിന്മേലുള്ള നെയ്‌വലയുമെടുക്കണം.
5: പുരോഹിതന്‍, അവ കര്‍ത്താവിനായി ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു പ്രായശ്ചിത്തബലിയാണ്.
6: പുരോഹിതവംശത്തില്‍പ്പെട്ട എല്ലാ പുരുഷന്മാര്‍ക്കും അതു ഭക്ഷിക്കാം. വിശുദ്ധ സ്ഥലത്തുവച്ചുവേണം അതു ഭക്ഷിക്കാന്‍.
7: അത്, അതിവിശുദ്ധമാണ്. പ്രായശ്ചിത്തബലി, പാപപരിഹാരബലിപോലെതന്നെയാണ്. അവയുടെ നിയമവും ഒന്നുതന്നെ. ബലിവസ്തു, പരിഹാരകര്‍മ്മംചെയ്യുന്ന പുരോഹിതനുള്ളതാണ്.
8: ആര്‍ക്കെങ്കിലുംവേണ്ടി ദഹനബലിയായി അര്‍പ്പിക്കപ്പെടുന്ന മൃഗത്തിൻ്റെ തുകല്‍, ബലിയര്‍പ്പിക്കുന്ന പുരോഹിതനുള്ളതാണ്.
9: അടുപ്പിലോ ഉരുളിയിലോ വറചട്ടിയിലോ പാകപ്പെടുത്തിയ ധാന്യബലിവസ്തുക്കളെല്ലാം ബലിയര്‍പ്പിക്കുന്ന പുരോഹിതനുള്ളതാണ്.
10: എണ്ണ ചേര്‍ത്തതും ചേര്‍ക്കാത്തതുമായ എല്ലാ ധാന്യബലിവസ്തുക്കളും അഹറോൻ്റെ പുത്രന്മാര്‍ക്കെല്ലാവര്‍ക്കും ഒന്നുപോലെ അവകാശപ്പെട്ടതാണ്.

സമാധാനബലി

11: കര്‍ത്താവിനു സമര്‍പ്പിക്കുന്ന സമാധാനബലിയുടെ നിയമമിതാണ്:
12: കൃതജ്ഞതാപ്രകാശനത്തിനുവേണ്ടിയാണ് ഒരുവന്‍ അതര്‍പ്പിക്കുന്നതെങ്കില്‍, എണ്ണചേര്‍ത്ത പുളിപ്പില്ലാത്ത അപ്പവും എണ്ണപുരട്ടിയ പുളിപ്പില്ലാത്ത അടയും നേരിയമാവില്‍ എണ്ണചേര്‍ത്തു കുഴച്ചുചുട്ട അപ്പവുമാണ് കൃതജ്ഞതാബലിയോടുചേര്‍ത്തു സമര്‍പ്പിക്കേണ്ടത്.
13: കൃതജ്ഞതാപ്രകാശനത്തിനുള്ള സമാധാനബലിയോടുകൂടെ പുളിപ്പുള്ള അപ്പവും കാഴ്ചയര്‍പ്പിക്കണം.
14: ഓരോ ബലിയര്‍പ്പണത്തിലും കര്‍ത്താവിനു കാഴ്ചയായി ഓരോ അപ്പം നല്കണം. അതു സമാധാനബലിമൃഗത്തിൻ്റെ രക്തംതളിക്കുന്ന പുരോഹിതനുള്ളതാണ്.
15: കൃതജ്ഞതാപ്രകാശനത്തിനുള്ള സമാധാനബലിമൃഗത്തിൻ്റെ മാംസം ബലിയര്‍പ്പിക്കുന്ന ദിവസംതന്നെ ഭക്ഷിക്കണം. അതില്‍ ഒട്ടും പ്രഭാതംവരെ ബാക്കിവയ്ക്കരുത്.
16: എന്നാല്‍, ബലി, നേര്‍ച്ചയോ സ്വാഭീഷ്ടക്കാഴ്ചയോ ആയിട്ടാണര്‍പ്പിക്കുന്നതെങ്കില്‍ അര്‍പ്പിക്കുന്ന ദിവസംതന്നെ അതു ഭക്ഷിക്കണം. അവശേഷിക്കുന്നതു പിറ്റേദിവസം ഭക്ഷിക്കാം.
17: ബലിമൃഗത്തിൻ്റെ മാംസം മൂന്നാംദിവസവും അവശേഷിക്കുന്നുവെങ്കില്‍ അത്, അഗ്നിയില്‍ ദഹിപ്പിക്കണം.
18: സമാധാനബലിയുടെ മാംസം മൂന്നാംദിവസം ഭക്ഷിക്കയാണെങ്കില്‍ ബലി സ്വീകരിക്കപ്പെടുകയില്ല. സമര്‍പ്പകന് അതിൻ്റെ ഫലം ലഭിക്കുകയുമില്ല. അത് അശുദ്ധമായിരിക്കും. ഭക്ഷിക്കുന്നവന്‍ കുറ്റമേല്‍ക്കേണ്ടിവരും.
19: അശുദ്ധവസ്തുക്കളുടെ സ്പര്‍ശമേറ്റ മാംസം ഭക്ഷിക്കരുത്. അതു തീയില്‍ ദഹിപ്പിച്ചുകളയണം. ശുദ്ധിയുള്ള എല്ലാവര്‍ക്കും മാംസം ഭക്ഷിക്കാം.
20: എന്നാല്‍, അശുദ്ധനായിരിക്കേ ആരെങ്കിലും കര്‍ത്താവിനര്‍പ്പിക്കപ്പെട്ട സമാധാനബലിയുടെ മാംസം ഭക്ഷിച്ചാല്‍ അവന്‍ സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.
21: അശുദ്ധമായ ഏതെങ്കിലുമൊന്നിനെ, മാനുഷിക മാലിന്യത്തെയോ അശുദ്ധമായ മൃഗത്തെയോ നിന്ദ്യമായ എന്തെങ്കിലും അശുദ്ധവസ്തുവിനെയോ, സ്പര്‍ശിച്ചതിനുശേഷം കര്‍ത്താവിനര്‍പ്പിക്കപ്പെട്ട സമാധാനബലിയുടെ മാംസം ഭക്ഷിക്കുന്നവന്‍ സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.
22: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
23: ഇസ്രായേല്‍ജനത്തോടു പറയുക, നിങ്ങള്‍ കാളയുടെയോ ചെമ്മരിയാടിൻ്റെയോ കോലാടിൻ്റെയോ മേദസ്സു ഭക്ഷിക്കരുത്.
24: ചത്തതോ വന്യമൃഗങ്ങള്‍ കൊന്നതോ ആയ മൃഗത്തിൻ്റെ മേദസ്സ്‌ ഒരു കാരണവശാലും ഭക്ഷിക്കരുത്. അതു മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കാം.
25: കര്‍ത്താവിനു ദഹനബലിയായി അര്‍പ്പിച്ച മൃഗത്തിൻ്റെ മേദസ്സ്, ആരെങ്കിലും ഭക്ഷിച്ചാല്‍ അവനെ സ്വജനത്തില്‍നിന്നു വിച്ഛേദിക്കണം.
26: നിങ്ങള്‍ എവിടെപ്പാര്‍ത്താലും പക്ഷിയുടെയോ മൃഗത്തിൻ്റെയോ രക്തം ഭക്ഷിക്കരുത്.
27: രക്തം ഭക്ഷിക്കുന്നവന്‍ സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.
28: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
29: ഇസ്രായേല്‍ജനത്തോടു പറയുക, കര്‍ത്താവിനു സമാധാനബലിയര്‍പ്പിക്കുന്നവന്‍, തൻ്റെ ബലിവസ്തുവിലൊരു ഭാഗം അവിടുത്തേക്കു പ്രത്യേകകാഴ്ചയായിക്കൊണ്ടുവരണം.
30: കര്‍ത്താവിനുള്ള ദഹനബലിവസ്തുക്കള്‍ സ്വന്തം കൈകളില്‍ത്തന്നെ അവന്‍ കൊണ്ടുവരട്ടെ. ബലിമൃഗത്തിൻ്റെ നെഞ്ചോടൊപ്പം മേദസ്സും കൊണ്ടുവരണം. നെഞ്ച്, അവിടുത്തെമുമ്പില്‍ നീരാജനംചെയ്യണം.
31: മേദസ്സ് പുരോഹിതന്‍ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. എന്നാല്‍ നെഞ്ച്, അഹറോനും പുത്രന്മാര്‍ക്കുമുള്ളതാണ്.
32: സമാധാനബലിക്കുള്ള മൃഗത്തിൻ്റെ വലത്തെ കുറക്, പ്രത്യേകകാഴ്ചയായി പുരോഹിതനു നല്കണം.
33: വലത്തെ കുറക്, സമാധാനബലിയുടെ രക്തവും മേദസ്സുമര്‍പ്പിക്കുന്ന അഹറോൻ്റെ പുത്രനുള്ളതാണ്.
34: നീരാജനംചെയ്ത നെഞ്ചും അര്‍പ്പിച്ച കുറകും ഇസ്രായേല്‍ജനത്തില്‍നിന്നുള്ള ശാശ്വതാവകാശമായി സമാധാനബലിയില്‍നിന്ന് അഹറോനും പുത്രന്മാര്‍ക്കും ഞാന്‍ നല്കിയിരിക്കുന്നു.
35: അഹറോനും പുത്രന്മാരും കര്‍ത്താവിൻ്റെ പുരോഹിതരായി ശുശ്രൂഷചെയ്യാന്‍ അഭിഷിക്തരായ ദിവസം, അവിടുത്തെ ദഹനബലികളില്‍നിന്ന് അവര്‍ക്കു ലഭിച്ച ഓഹരിയാണിത്.
36: ഇത്, അവര്‍ക്കു നല്കണമെന്ന് അവരുടെ അഭിഷേകദിവസം കര്‍ത്താവ് ഇസ്രായേല്‍ജനത്തോടു കല്പിച്ചിട്ടുണ്ട്. ഇതു തലമുറതോറും അവരുടെ ശാശ്വതാവകാശമാണ്.
37: ദഹനബലി, ധാന്യബലി, പാപപരിഹാരബലി, പ്രായശ്ചിത്തബലി, സമാധാനബലി, അഭിഷേകം എന്നിവ സംബന്ധിച്ചുള്ള നിയമമാണിത്.
38: സീനായ്‌മരുഭൂമിയില്‍വച്ചു തനിക്കു ബലികളര്‍പ്പിക്കണമെന്ന് ഇസ്രായേല്‍ക്കാരോടു കല്പിച്ചനാളിലാണ് സീനായ്‌മലയിൽവച്ച്, കര്‍ത്താവു മോശയോട് ഇങ്ങനെയാജ്ഞാപിച്ചത്.

അദ്ധ്യായം 8

പുരോഹിതാഭിഷേകം

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: വസ്ത്രങ്ങള്‍, അഭിഷേകതൈലം, പാപപരിഹാരബലിക്കുള്ള കാള, രണ്ടു മുട്ടാടുകള്‍, ഒരുകുട്ട പുളിപ്പില്ലാത്ത അപ്പം എന്നിവയോടുകൂടെ അഹറോനെയും പുത്രന്മാരെയും കൊണ്ടുവരിക.
3: സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ സമൂഹത്തെ ഒന്നിച്ചുകൂട്ടുക.
4: കര്‍ത്താവു കല്പിച്ചതുപോലെ മോശചെയ്തു. സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ സമൂഹത്തെ ഒന്നിച്ചുകൂട്ടി.
5: അപ്പോള്‍ മോശ സമൂഹത്തോടു പറഞ്ഞു: ഇങ്ങനെ ചെയ്യണമെന്നാണു കര്‍ത്താവു കല്പിച്ചത്.
6: അനന്തരം, മോശ അഹറോനെയും പുത്രന്മാരെയും മുമ്പോട്ടുകൊണ്ടുവന്ന്, അവരെ വെള്ളംകൊണ്ടു കഴുകി;
7: അഹറോനെ കുപ്പായമണിയിച്ച്, അരപ്പട്ടകെട്ടി, മേലങ്കി ധരിപ്പിച്ചു. അതിനുമീതെ എഫോദണിയിച്ചു. എഫോദിൻ്റെ വിദഗ്ദ്ധമായി നെയ്‌തെടുത്ത പട്ട, അവൻ്റെ അരയില്‍ച്ചുറ്റി.
8: പിന്നീട്, ഉരസ്ത്രാണം ധരിപ്പിച്ചു. അതില്‍ ഉറീമും തുമ്മീമും നിക്ഷേപിച്ചു.
9: തലപ്പാവു ധരിപ്പിച്ച്, അതിൻ്റെ മുന്‍വശത്തായി കര്‍ത്താവു കല്പിച്ചിരുന്നതുപോലെ വിശുദ്ധകിരീടമായ പൊന്‍തകിടു ചാര്‍ത്തി.
10: അനന്തരം, അഭിഷേകതൈലമെടുത്തു കൂടാരവും അതിലുള്ളതൊക്കെയും അഭിഷേകംചെയ്തു വിശുദ്ധീകരിച്ച് അതില്‍നിന്നു കുറച്ചെടുത്തു ബലിപീഠത്തില്‍ ഏഴുപ്രാവശ്യം തളിച്ചു.
11: ബലിപീഠവും അതിൻ്റെ എല്ലാ ഉപകരണങ്ങളും ക്ഷാളനപാത്രവും അതിൻ്റെ ചുവടും അഭിഷേകംചെയ്തു വിശുദ്ധീകരിച്ചു.
12: പിന്നീടു ശിരസ്സില്‍ തൈലാഭിഷേകംചെയ്ത്, അഹറോനെ വിശുദ്ധീകരിച്ചു.
13: കര്‍ത്താവു കല്പിച്ചിരുന്നതുപോലെ, മോശ അഹറോൻ്റെ പുത്രന്മാരെയും മുന്നോട്ടു കൊണ്ടുവന്നു കുപ്പായമണിയിക്കുകയും അരപ്പട്ടകെട്ടുകയും തൊപ്പി ധരിപ്പിക്കുകയും ചെയ്തു.
14: മോശ പാപപരിഹാരബലിക്കുള്ള കാളയെക്കൊണ്ടുവന്നു. അഹറോനും പുത്രന്മാരും അതിൻ്റെ തലയില്‍ കൈകള്‍വച്ചു.
15: മോശ അതിനെക്കൊന്നു രക്തമെടുത്ത്, അതില്‍ വിരല്‍മുക്കി ബലിപീഠത്തിൻ്റെ കൊമ്പുകളില്‍ പുരട്ടി ബലിപീഠം ശുദ്ധീകരിച്ചു. ബാക്കിരക്തം ബലിപീഠത്തിൻ്റെ ചുവട്ടിലൊഴിച്ചു; അങ്ങനെ ബലിപീഠം ശുദ്ധിചെയ്ത് പരിഹാരകര്‍മ്മത്തിനു സജ്ജമാക്കി.
16: ആന്തരികാവയവങ്ങളിന്മേലുണ്ടായിരുന്ന മേദസ്സു മുഴുവനും കരളിന്‍മേലുണ്ടായിരുന്ന നെയ്‌വലയും ഇരുവൃക്കകളും അവയുടെ മേദസ്സുമെടുത്തു ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.
17: എന്നാല്‍, കാളയെ - അതിൻ്റെ തോല്‍, മാംസം, ചാണകം എന്നിവ - കര്‍ത്താവു മോശയോടു കല്പിച്ചിരുന്നതുപോലെ കൂടാരത്തിനു വെളിയില്‍വച്ചാണു ദഹിപ്പിച്ചത്.
18: ദഹനബലിക്കുള്ള മുട്ടാടിനെ അവന്‍ കൊണ്ടുവന്നു. അഹറോനും പുത്രന്മാരും അതിൻ്റെ തലയില്‍ കൈകള്‍വച്ചു.
19: മോശ അതിനെക്കൊന്നു രക്തം ബലിപീഠത്തിനു ചുറ്റുമൊഴിച്ചു.
20: അതിനെ കഷണങ്ങളായി മുറിച്ച്, തലയും കഷണങ്ങളും മേദസ്സും ദഹിപ്പിച്ചു.
21: കര്‍ത്താവു കല്പിച്ചിരുന്നതുപോലെ മോശ അതിൻ്റെ ആന്തരികാവയവങ്ങളും കാലുകളും വെള്ളത്തില്‍ക്കഴുകി, അതിനെ മുഴുവനും അവിടുത്തേക്കു പ്രീതിജനകമായ സൗരഭ്യംനല്കുന്ന ദഹനബലിയായി, ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.
22: അവന്‍ മറ്റേ മുട്ടാടിനെ - പുരോഹിതാഭിഷേകത്തിൻ്റെ മുട്ടാടിനെ - കൊണ്ടുവന്നു. അഹറോനും പുത്രന്മാരും അതിൻ്റെ തലയില്‍ കൈകള്‍വച്ചു.
23: മോശ അതിനെക്കൊന്നു കുറേ രക്തമെടുത്ത്, അഹറോൻ്റെ വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിൻ്റെ പെരുവിരലിലും പുരട്ടി.
24: പിന്നീട് അഹറോൻ്റെ പുത്രന്മാരെ അടുക്കല്‍വരുത്തി കുറച്ചു രക്തം ഓരോരുത്തരുടെയും വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിൻ്റെ പെരുവിരലിലും പുരട്ടി. ശേഷിച്ച രക്തം ബലിപീഠത്തിനുചുറ്റുമൊഴിച്ചു.
25: കൊഴുത്തവാലും ആന്തരികാവയവങ്ങളിന്മേലുള്ള മേദസ്സും കരളിന്മേലുള്ള നെയ്‌വലയും ഇരുവൃക്കകളും അവയുടെ മേദസ്സും വലത്തെ കുറകുമെടുത്തു.
26: കര്‍ത്താവിൻ്റെ സന്നിധിയില്‍ പുളിപ്പില്ലാത്ത അപ്പമിരിക്കുന്ന കുട്ടയില്‍നിന്ന് ഒരപ്പവും എണ്ണചേര്‍ത്ത ഒരപ്പവും ഒരടയുമെടുത്ത് മേദസ്സിന്മേലും വലത്തെ കുറകിന്മേലും വച്ചു.
27: ഇവയെല്ലാം അവന്‍ അഹറോൻ്റെയും പുത്രന്മാരുടെയും കൈകളില്‍വച്ച് കര്‍ത്താവിൻ്റെ മുമ്പില്‍ നീരാജനംചെയ്തു.
28: അനന്തരം മോശ, അവ അവരുടെ കൈകളില്‍നിന്നെടുത്തു ബലിപീഠത്തിന്മേല്‍ ദഹനബലിവസ്തുക്കളോടൊപ്പംവച്ചു ദഹിപ്പിച്ചു. അഭിഷേകബലിയായി കര്‍ത്താവിനു പ്രീതികരമായ സൗരഭ്യമായര്‍പ്പിച്ച ദഹനബലിയാണിത്.
29: മോശ അതിൻ്റെ നെഞ്ച്, കര്‍ത്താവിൻ്റെ സന്നിധിയില്‍ നീരാജനംചെയ്തു. കര്‍ത്താവു കല്പിച്ചതുപോലെ അഭിഷേകബലിയാടില്‍നിന്ന് മോശയ്ക്കുള്ള ഓഹരിയായിരുന്നു അത്.
30: അനന്തരം, മോശ കുറച്ചഭിഷേകതൈലവും ബലിപീഠത്തിന്മേലുള്ള രക്തവുമെടുത്ത് അഹറോൻ്റെയും അവൻ്റെ വസ്ത്രങ്ങളുടെയുംമേലും, പുത്രന്മാരുടെയും അവരുടെ വസ്തങ്ങളുടെയുംമേലും തളിച്ചു. അങ്ങനെ മോശ അഹറോനെയും അവൻ്റെ വസ്ത്രങ്ങളെയും പുത്രന്മാരെയും അവരുടെ വസ്ത്രങ്ങളെയും വിശുദ്ധീകരിച്ചു.
31: മോശ അഹറോനോടും പുത്രന്മാരോടും പറഞ്ഞു: സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍വച്ചു മാംസം വേവിക്കണം. ഞാന്‍ കല്പിച്ചിട്ടുള്ളതനുസരിച്ച് അതും അഭിഷേകക്കാഴ്ചകളുടെ കുട്ടയിലുള്ള അപ്പവും അഹറോനും പുത്രന്മാരും അവിടെവച്ചു ഭക്ഷിക്കണം.
32: ശേഷിക്കുന്ന അപ്പവും മാംസവും തീയില്‍ ദഹിപ്പിക്കണം.
33: അഭിഷേകത്തിൻ്റെ ദിവസങ്ങള്‍ തീരുന്നതുവരെ ഏഴു ദിവസത്തേക്കു സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍നിന്നു പുറത്തുപോകരുത്. എന്തെന്നാല്‍, അഭിഷേകത്തിന് ഏഴുദിവസം വേണം.
34: ഇന്നു ചെയ്തതു കര്‍ത്താവിൻ്റെ കല്പനയനുസരിച്ച്, നിങ്ങളുടെ പാപങ്ങളുടെ പരിഹാരത്തിനുവേണ്ടിയാണ്.
35: ആകയാല്‍, കര്‍ത്താവിൻ്റെ കല്പനകള്‍ കാത്തുകൊണ്ട് ഏഴുദിവസം രാവും പകലും നിങ്ങള്‍ സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ കഴിയുവിന്‍. അല്ലെങ്കില്‍, നിങ്ങള്‍ മരിക്കും. എന്തെന്നാല്‍, ഇങ്ങനെയാണ് കര്‍ത്താവ് എന്നോടു കല്പിച്ചിരിക്കുന്നത്.
36: മോശവഴി കര്‍ത്താവു കല്പിച്ചിരുന്നതെല്ലാം അഹറോനും പുത്രന്മാരും നിറവേറ്റി.


അദ്ധ്യായം 8

പുരോഹിതശുശ്രൂഷ

1: എട്ടാംദിവസം മോശ അഹറോനെയും പുത്രന്മാരെയും ഇസ്രായേലിലെ ശ്രേഷ്ഠന്മാരെയും വിളിച്ചു.
2: അവന്‍ അഹറോനോടു പറഞ്ഞു: പാപപരിഹാരബലിക്കായി ഊനമറ്റൊരു കാളക്കുട്ടിയെയും ദഹനബലിക്കായി ഊനമറ്റൊരു മുട്ടാടിനെയും കര്‍ത്താവിൻ്റെ മുമ്പില്‍ സമര്‍പ്പിക്കണം.
3: ഇസ്രായേല്‍ജനത്തോടു പറയുക: പാപപരിഹാരബലിക്കായി ഒരു കോലാട്ടിന്‍മുട്ടനെയും ദഹനബലിക്കായി ഒരു വയസ്സുള്ളതും ഊനമറ്റതുമായ ഒരു കാളക്കുട്ടിയെയും ഒരു ചെമ്മരിയാടിനെയും
4: സമാധാനബലിക്കായി ഒരു കാളയെയും ഒരു മുട്ടാടിനെയും കര്‍ത്താവിൻ്റെ മുമ്പില്‍ ബലിയര്‍പ്പിക്കാന്‍ കൊണ്ടുവരുവിന്‍. എണ്ണചേര്‍ത്ത ഒരു ധാന്യബലിയും അര്‍പ്പിക്കുവിന്‍. എന്തെന്നാല്‍ കര്‍ത്താവ്, ഇന്നു നിങ്ങള്‍ക്കു പ്രത്യക്ഷപ്പെടും.
5: മോശ ആവശ്യപ്പെട്ടതെല്ലാം അവര്‍ സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ കൊണ്ടുവന്നു. സമൂഹം മുഴുവന്‍ അടുത്തുവന്ന്, കര്‍ത്താവിൻ്റെ സന്നിധിയില്‍ നിലകൊണ്ടു.
6: അപ്പോള്‍ മോശ പറഞ്ഞു: നിങ്ങള്‍ ചെയ്യണമെന്നു കര്‍ത്താവു കല്പിച്ചകാര്യമിതാണ്. കര്‍ത്താവിൻ്റെ മഹത്വം നിങ്ങള്‍ക്കു പ്രത്യക്ഷപ്പെടും.
7: മോശ അഹറോനോടു പറഞ്ഞു: ബലിപീഠത്തിങ്കലേക്കുവന്നു നിൻ്റെ പാപപരിഹാരബലിയും ദഹനബലിയും അര്‍പ്പിക്കുക. അങ്ങനെ നിനക്കും ജനങ്ങള്‍ക്കുമായി പാപപരിഹാരം ചെയ്യുക. ജനങ്ങളുടെ കാഴ്ചകള്‍ സമര്‍പ്പിച്ച്, അവര്‍ക്കുവേണ്ടി പാപപരിഹാരം ചെയ്യുക. ഇങ്ങനെയാണു കര്‍ത്താവു കല്പിച്ചിരിക്കുന്നത്.
8: അഹറോന്‍ ബലിപീഠത്തെ സമീപിച്ച്, തൻ്റെ പാപപരിഹാരബലിക്കുള്ള കാളക്കുട്ടിയെ കൊന്നു.
9: അഹറോൻ്റെ പുത്രന്മാര്‍, അതിൻ്റെ രക്തം, അവൻ്റെമുമ്പില്‍ കൊണ്ടുവന്നു. അവന്‍ വിരല്‍ രക്തത്തില്‍മുക്കി, ബലിപീഠത്തിൻ്റെ കൊമ്പുകളില്‍ പുരട്ടി.
10: ശേഷിച്ചരക്തം ബലിപീഠത്തിനു ചുറ്റുമൊഴിച്ചു. കര്‍ത്താവു മോശയോടു കല്പിച്ചിരുന്നതുപോലെ ബലിമൃഗത്തിൻ്റെ മേദസ്സും വൃക്കകളും കരളിനുമുകളിലുള്ള നെയ്‌വലയും ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.
11: മാംസവും തോലും പാളയത്തിനു വെളിയില്‍വച്ച് അഗ്നിയില്‍ ദഹിപ്പിച്ചു.
12: അഹറോന്‍, ദഹനബലിക്കുള്ള മൃഗത്തെയും കൊന്നു. അവൻ്റെ പുത്രന്മാര്‍ അതിൻ്റെ രക്തം അവൻ്റെയടുക്കല്‍ കൊണ്ടുവന്നു. അവനതു ബലിപീഠത്തിനു ചുറ്റും തളിച്ചു.
13: ദഹനബലിമൃഗത്തിൻ്റെ കഷണങ്ങളും തലയും അവര്‍ അവൻ്റെയടുത്തു കൊണ്ടുവന്നു. അവനതു ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.
14: അതിൻ്റെ ആന്തരികാവയവങ്ങളും കാലുകളും കഴുകി, അതിനോടൊപ്പം ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.
15: അതിനുശേഷം, അവന്‍ ജനങ്ങളുടെ കാഴ്ച സമര്‍പ്പിച്ചു. പാപപരിഹാരബലിയായി അവര്‍ക്കുവേണ്ടി ഒരു കോലാടിനെ കൊണ്ടുവന്നുകൊന്നു. അതിനെ ആദ്യത്തേതിനെപ്പോലെയര്‍പ്പിച്ചു. 
16: അനന്തരം, ദഹനബലിവസ്തു കൊണ്ടുവന്നു വിധിപ്രകാരം സമര്‍പ്പിച്ചു.
17: പ്രഭാതത്തിലെ ദഹനബലിക്കുപുറമേ ധാന്യബലിയും സമര്‍പ്പിച്ചു. അതില്‍നിന്ന് ഒരു കൈനിറയെയെടുത്തു ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.
18: അഹറോന്‍ ജനങ്ങള്‍ക്കുവേണ്ടി സമാധാനബലിയായി കാളയെയും മുട്ടാടിനെയും കൊന്നു. പുത്രന്മാര്‍ അതിൻ്റെ രക്തം അവൻ്റെയടുക്കല്‍ കൊണ്ടുവന്നു. അവനതു ബലിപീഠത്തിനു ചുറ്റും തളിച്ചു.
19: അവര്‍ കാളയുടെയും മുട്ടാടിൻ്റെയും കൊഴുത്തവാലും ആന്തരികാവയവങ്ങളെ പൊതിഞ്ഞുള്ള മേദസ്സും വൃക്കകളും കരളിന്മേലുള്ള നെയ്‌വലയും എടുത്തു.
20: അവര്‍ മേദസ്സ്‌, മൃഗങ്ങളുടെ നെഞ്ചിനുമീതേ വച്ചു; അവന്‍ മേദസ്സു ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.
21: മോശ കല്പിച്ചിരുന്നതുപോലെ നെഞ്ചും വലത്തെ കുറകും അഹറോന്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍ നീരാജനംചെയ്തു.
22: അതിനുശേഷം അഹറോന്‍ ജനത്തിൻ്റെനേരേ കൈകളുയര്‍ത്തി അവരെയനുഗ്രഹിച്ചു. പാപപരിഹാരബലിയും ദഹനബലിയും സമാധാനബലിയും അര്‍പ്പിച്ചതിനുശേഷം അവനിറങ്ങിവന്നു.
23: മോശയും അഹറോനും സമാഗമകൂടാരത്തില്‍ പ്രവേശിച്ചു; പുറത്തിറങ്ങിവന്ന്, അവര്‍ ജനത്തെ ആശീര്‍വദിച്ചു. അപ്പോള്‍ കര്‍ത്താവിൻ്റെ മഹത്വം ജനത്തിനു പ്രത്യക്ഷമായി.
24: കര്‍ത്താവിൻ്റെ സന്നിധിയില്‍നിന്ന് അഗ്നി പുറപ്പെട്ടു ബലിപീഠത്തിലിരുന്ന ദഹനബലിയും മേദസ്സും ദഹിപ്പിച്ചു. ഇതു കണ്ടപ്പോള്‍ ജനമെല്ലാം ആര്‍ത്തുവിളിച്ചു സാഷ്ടാംഗം വീണു.

ഇരുപത്തിയൊമ്പതാം ദിവസം - ലേവ്യര്‍ 4 - 6


അദ്ധ്യായം 4


പാപപരിഹാരബലി

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: ഇസ്രായേല്‍ജനത്തോടു പറയുക, ചെയ്യരുതെന്നു കര്‍ത്താവു വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്നിനെതിരായി ആരെങ്കിലും അറിവില്ലായ്മമൂലം പാപംചെയ്യുന്നുവെന്നിരിക്കട്ടെ.
3: ഇങ്ങനെ പാപംചെയ്ത്, ജനങ്ങളുടെമേല്‍ കുറ്റം വരുത്തിവയ്ക്കുന്നത്, അഭിഷിക്തനായ പുരോഹിതനാണെങ്കില്‍, അവന്‍ ഊനറ്റൊരു കാളക്കുട്ടിയെ കര്‍ത്താവിനു പാപപരിഹാരബലിയായി സമര്‍പ്പിക്കണം.
4: അതിനെ സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ അവിടുത്തെ സന്നിധിയില്‍ക്കൊണ്ടുവന്ന്, അതിൻ്റെ തലയില്‍ കൈവച്ചതിനുശേഷം അതിനെക്കൊല്ലണം.
5: അഭിഷിക്തപുരോഹിതന്‍ കാളക്കുട്ടിയുടെ കുറേ രക്തമെടുത്തു സമാഗമകൂടാരത്തിലേക്കു കൊണ്ടുവരണം.
6: അവന്‍ തൻ്റെ വിരല്‍ രക്തത്തില്‍ മുക്കി, അതിലൊരുഭാഗം കര്‍ത്താവിൻ്റെ സന്നിധിയില്‍, ശ്രീകോവിലിൻ്റെ തിരശ്ശീലയുടെ മുമ്പില്‍ ഏഴു പ്രാവശ്യം തളിക്കണം.
7: പിന്നീടു രക്തത്തില്‍ കുറച്ചെടുത്തു സമാഗമകൂടാരത്തില്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍ ധൂപപീഠത്തിൻ്റെ കൊമ്പുകളില്‍പ്പുരട്ടണം. ശേഷിച്ച രക്തം സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കലുള്ള ദഹനബലിപീഠത്തിൻ്റെ ചുവട്ടിലൊഴിക്കണം.
8: പാപപരിഹാരബലിക്കുള്ള കാളക്കുട്ടിയുടെ ആന്തരികാവയവങ്ങളിലും അവയെപ്പൊതിഞ്ഞുമുള്ള മേദസ്സു മുഴുവനുമെടുക്കണം.
9: അതിൻ്റെ ഇരുവൃക്കകളും അവയിലും അരക്കെട്ടിലുമുള്ള മേദസ്സും കരളിനു മുകളിലുള്ള നെയ്‌വലയുമെടുക്കണം.
10: സമാധാനബലിക്കുള്ള കാളയില്‍നിന്നെന്നപോലെ, പുരോഹിതന്‍ അവയെടുത്ത്, ദഹനബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം.
11: എന്നാല്‍, കാളക്കുട്ടിയുടെ തോലും മാംസം മുഴുവനും തലയും കാലുകളും ആന്തരികാവയവങ്ങളും ചാണകവും -
12: കാളയെ മുഴുവനും - പാളയത്തിനു വെളിയില്‍ ചാരമിടുന്ന വൃത്തിയുള്ള സ്ഥലത്തുകൊണ്ടുചെന്ന്, കത്തുന്ന വിറകിന്മേല്‍വച്ചു ദഹിപ്പിക്കണം. ചാരമിടുന്ന സ്ഥലത്തുതന്നെ അതിനെ ദഹിപ്പിക്കണം.
13: ഇസ്രായേല്‍സമൂഹംമുഴുവന്‍ അറിവില്ലായ്മമൂലം പാപംചെയ്യുകയും കര്‍ത്താവു വിലക്കിയിരിക്കുന്നതില്‍ ഏതെങ്കിലുമൊന്നു ചെയ്തു കുറ്റക്കാരാകുകയും അക്കാര്യം അവരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ;
14: എന്നാല്‍, തങ്ങളുടെ പാപത്തെക്കുറിച്ചറിയുമ്പോള്‍ പാപപരിഹാരബലിക്കായി സമൂഹംമുഴുവന്‍ ഒരു കാളക്കുട്ടിയെ കാഴ്ചവയ്ക്കുകയും അതിനെ സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍കൊണ്ടുവരുകയുംവേണം.
15: സമൂഹത്തിലെ ശ്രേഷ്ഠന്മാര്‍, കര്‍ത്താവിൻ്റെ സന്നിധിയില്‍വച്ചു കാളക്കുട്ടിയുടെ തലയില്‍ കൈകള്‍വയ്ക്കണം; അതിനെ അവിടുത്തെ മുമ്പില്‍വച്ചു കൊല്ലണം.
16: അഭിഷിക്തനായ പുരോഹിതന്‍, കാളക്കുട്ടിയുടെ കുറേ രക്തം, സമാഗമകൂടാരത്തിലേക്കു കൊണ്ടുവരണം.
17: അവന്‍ രക്തത്തില്‍ വിരല്‍മുക്കി, കര്‍ത്താവിൻ്റെ സന്നിധിയില്‍ തിരശ്ശീലയ്ക്കുമുമ്പില്‍ ഏഴുപ്രാവശ്യം തളിക്കണം.
18: കുറേ രക്തമെടുത്തു സമാഗമകൂടാരത്തില്‍ കര്‍ത്താവിൻ്റെ സന്നിധിയിലുള്ള ബലിപീഠത്തിൻ്റെ കൊമ്പുകളില്‍പ്പുരട്ടണം. ബാക്കി രക്തം സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കലുള്ള ദഹനബലിപീഠത്തിൻ്റെ ചുവട്ടിലൊഴിക്കണം.
19: അതിൻ്റെ മേദസ്സു മുഴുവനുമെടുത്തു ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം.
20: പാപപരിഹാരബലിക്കുള്ള കാളക്കുട്ടിയെയെന്നപോലെ ഈ കാളക്കുട്ടിയെയും ദഹിപ്പിക്കണം. അങ്ങനെ അവര്‍ക്കുവേണ്ടി പുരോഹിതന്‍ പാപപരിഹാരം ചെയ്യണം. അപ്പോള്‍ അവരുടെ കുറ്റം ക്ഷമിക്കപ്പെടും.
21: അനന്തരം കാളയെ കൂടാരത്തിനു വെളിയില്‍ക്കൊണ്ടുപോയി ആദ്യത്തെ കാളയെ ദഹിപ്പിച്ചതുപോലെ ദഹിപ്പിക്കണം. ഇതു സമൂഹത്തിനുവേണ്ടിയുള്ള പാപപരിഹാരബലിയാണ്.
22: ഒരു ഭരണാധികാരി തൻ്റെ ദൈവമായ കര്‍ത്താവു വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്ന്, അറിവില്ലായ്മമൂലംചെയ്തു കുറ്റക്കാരനാകുന്നുവെന്നിരിക്കട്ടെ.
23: അവന്‍ തൻ്റെ തെറ്റു മനസ്സിലാക്കുമ്പോള്‍ ഊനമറ്റ ഒരു കോലാട്ടിന്‍മുട്ടനെ കര്‍ത്താവിനു ബലിയര്‍പ്പിക്കണം.
24: അവന്‍ അതിൻ്റെ തലയില്‍ കൈവയ്ക്കുകയും കര്‍ത്താവിൻ്റെ സന്നിധിയില്‍ ദഹനബലിക്കായി മൃഗങ്ങളെക്കൊല്ലുന്ന സ്ഥലത്തുവച്ച് അതിനെക്കൊല്ലുകയും വേണം. ഇതൊരു പാപപരിഹാരബലിയാണ്.
25: പുരോഹിതന്‍ കുറച്ചു രക്തമെടുത്ത്, അതില്‍ വിരല്‍മുക്കി ദഹനബലിപീഠത്തിൻ്റെ കൊമ്പുകളില്‍പ്പുരട്ടണം. ശേഷിച്ചതു ബലിപീഠത്തിൻ്റെ ചുവട്ടിലൊഴിക്കണം.
26: അതിൻ്റെ മേദസ്സു മുഴുവനും സമാധാനബലിക്കുള്ള മൃഗത്തിൻ്റെ മേദസ്സുപോലെ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അങ്ങനെ പുരോഹിതന്‍ അവൻ്റെ പാപത്തിനു പരിഹാരംചെയ്യണം. അപ്പോള്‍ കുറ്റം ക്ഷമിക്കപ്പെടും.
27: ജനങ്ങളിലാരെങ്കിലും കര്‍ത്താവു വിലക്കിയിട്ടുള്ളതില്‍ ഏതെങ്കിലുമൊന്ന്, അറിവില്ലായ്മകൊണ്ടുചെയ്തു കുറ്റക്കാരനായെന്നിരിക്കട്ടെ.
28: അവന്‍ തൻ്റെ തെറ്റു മനസ്സിലാക്കുമ്പോള്‍ ഊനമറ്റ ഒരു പെണ്‍കോലാടിനെ പാപപരിഹാരത്തിനായി സമര്‍പ്പിക്കണം.
29: അവന്‍ ബലിമൃഗത്തിൻ്റെ തലയില്‍ കൈവയ്ക്കുകയും ദഹനബലിക്കുള്ള സ്ഥലത്തുവച്ച് അതിനെ കൊല്ലുകയും വേണം.
30: പുരോഹിതന്‍ കുറച്ചു രക്തമെടുത്ത്, അതില്‍ വിരല്‍മുക്കി ദഹനബലിപീഠത്തിൻ്റെ കൊമ്പുകളില്‍ പുരട്ടുകയും ശേഷിച്ചതു ബലിപീഠത്തിൻ്റെ ചുവട്ടില്‍ ഒഴിക്കുകയുംവേണം.
31: സമാധാനബലിക്കുള്ള മൃഗത്തില്‍നിന്നു മേദസ്സു മാറ്റിയെടുക്കുന്നതുപോലെ അതിൻ്റെ മേദസ്സു മുഴുവനെടുത്ത്, പുരോഹിതന്‍ കര്‍ത്താവിനു പ്രീതികരമായ സൗരഭ്യത്തിനായി ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അങ്ങനെ പുരോഹിതന്‍ അവനുവേണ്ടി പരിഹാരംചെയ്യണം. അപ്പോള്‍ തെറ്റു ക്ഷമിക്കപ്പെടും.
32: പാപപരിഹാരബലിക്കായി ചെമ്മരിയാടിനെയാണു കൊണ്ടുവരുന്നതെങ്കില്‍ അത് ഊനമറ്റ പെണ്ണാടായിരിക്കണം.
33: അതിൻ്റെ തലയില്‍ കൈവച്ചതിനുശേഷം ദഹനബലിമൃഗത്തെ കൊല്ലുന്ന സ്ഥലത്തുവച്ച്, അതിനെ പാപപരിഹാരബലിക്കായി കൊല്ലണം.
34: പുരോഹിതന്‍ അതിൻ്റെ കുറച്ചു രക്തമെടുത്ത് അതില്‍ വിരല്‍മുക്കി ദഹനബലിപീഠത്തിൻ്റെ കൊമ്പുകളില്‍ പുരട്ടണം. ശേഷിച്ചതു ബലിപീഠത്തിൻ്റെ ചുവട്ടില്‍ ഒഴിക്കണം.
35: സമാധാനബലിക്കുള്ള ആട്ടിന്‍കുട്ടിയില്‍നിന്നെന്നപോലെ അതിൻ്റെ മേദസ്സു മുഴുവനുമെടുക്കണം. പുരോഹിതന്‍ അതു കര്‍ത്താവിനു ദഹനബലിയായി ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അങ്ങനെ പുരോഹിതന്‍ അവൻ്റെ പാപങ്ങള്‍ക്കു പരിഹാരം ചെയ്യണം. അപ്പോള്‍ കുറ്റം ക്ഷമിക്കപ്പെടും. 

അദ്ധ്യായം 5



1: സാക്ഷ്യംനല്കാന്‍ ശപഥപൂര്‍വ്വം ആവശ്യപ്പെട്ടിട്ടും താന്‍ കാണുകയോ മനസ്സിലാക്കുകയോചെയ്തകാര്യം ഏറ്റുപറയായ്കമൂലം പാപംചെയ്യുന്നവന്‍ അതിൻ്റെ കുറ്റമേല്ക്കണം.
2: ആരെങ്കിലും അശുദ്ധമായ വസ്തുവിനെ - അശുദ്ധമായ വന്യമൃഗം, കന്നുകാലി, ഇഴജന്തു ഇവയില്‍ ഏതിൻ്റെയെങ്കിലും ശവത്തെ - സ്പര്‍ശിക്കുകയും അവനതറിയാതിരിക്കുകയുംചെയ്താല്‍, അറിയുമ്പോള്‍ അവന്‍ അശുദ്ധനും കുറ്റക്കാരനുമായിരിക്കും.
3: ഒരുവന്‍, തന്നെയശുദ്ധനാക്കുന്ന ഏതെങ്കിലുംതരത്തിലുള്ള മാനുഷികമാലിന്യത്തെ സ്പര്‍ശിക്കുകയും അതറിയാതിരിക്കുകയും ചെയ്താല്‍, അറിയുമ്പോള്‍ അവന്‍ കുറ്റക്കാരനായിരിക്കും.
4: നന്മയാകട്ടെ, തിന്മയാകട്ടെ, താനതുചെയ്യുമെന്ന് ഒരുവന്‍ അവിവേകമായി ആണയിട്ടു പറയുകയും അക്കാര്യം വിസ്മരിക്കുകയുംചെയ്താല്‍, ഓര്‍മ്മിക്കുമ്പോള്‍ അവന്‍ കുറ്റക്കാരനായിരിക്കും.
5: ഇവയിലേതെങ്കിലും കാര്യത്തില്‍ ഒരുവന്‍ കുറ്റക്കാരനാണെങ്കില്‍ അവന്‍ തൻ്റെ പാപം, ഏറ്റുപറയണം.
6: അവന്‍ ഒരു പെണ്‍ചെമ്മരിയാടിനെയോ പെണ്‍കോലാടിനെയോ കര്‍ത്താവിനു പാപപരിഹാരബലിയായര്‍പ്പിക്കണം. പുരോഹിതന്‍ അവനുവേണ്ടി പാപപരിഹാരം ചെയ്യുകയുംവേണം.
7: ആട്ടിന്‍കുട്ടിയെ നല്‍കാന്‍ കഴിവില്ലെങ്കില്‍ അവൻ്റെ പാപത്തിനു പരിഹാരമായി, രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കര്‍ത്താവിൻ്റെ മുമ്പില്‍ കൊണ്ടുവരണം; ഒന്നു പാപപരിഹാരബലിക്കും മറ്റേതു ദഹനബലിക്കും.
8: അവയെ പുരോഹിതൻ്റെ അടുക്കല്‍ കൊണ്ടുവരണം. പുരോഹിതന്‍ ആദ്യം പാപപരിഹാരബലിക്കുള്ളതിനെ അര്‍പ്പിക്കണം; അതിൻ്റെ കഴുത്തു പിരിച്ചൊടിക്കണം; തല വേര്‍പെടുത്തരുത്.
9: ബലിയര്‍പ്പിച്ച പക്ഷിയുടെ കുറേ രക്തമെടുത്ത്, പുരോഹിതന്‍ ബലിപീഠത്തിൻ്റെ പാര്‍ശ്വത്തില്‍ തളിക്കണം. ശേഷിച്ച രക്തം ബലിപീഠത്തിൻ്റെ ചുവട്ടിലൊഴുക്കിക്കളയണം. ഇതു പാപപരിഹാരബലിയാണ്.
10: രണ്ടാമത്തേതിനെ വിധിപ്രകാരം ദഹനബലിയായി സമര്‍പ്പിക്കണം. പുരോഹിതന്‍ അവനുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ കുറ്റം ക്ഷമിക്കപ്പെടും.
11: രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ നല്‍കാന്‍ കഴിവില്ലെങ്കില്‍ താന്‍ചെയ്ത പാപങ്ങള്‍ക്കു പരിഹാരമായി ഒരു ഏഫായുടെ പത്തിലൊന്നു നേരിയമാവ്, അവന്‍ പാപപരിഹാര ബലിക്കായി നല്‍കണം. പാപപരിഹാരബലിക്കുവേണ്ടിയുള്ളതാകയാല്‍ അതില്‍ എണ്ണയൊഴിക്കുകയോ കുന്തുരുക്കമിടുകയോ അരുത്.
12: അതു പുരോഹിതൻ്റെയടുക്കല്‍ കൊണ്ടുവരണം. പുരോഹിതന്‍ അതില്‍നിന്നു സ്മരണാംശമായി ഒരുകൈ മാവെടുത്തു കര്‍ത്താവിനുള്ള ദഹനബലിയായി ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു പാപപരിഹാര ബലിയാണ്.
13: മേല്പറഞ്ഞവയില്‍ ഒരുവന്‍ചെയ്ത പാപത്തിനു പുരോഹിതന്‍ അവനുവേണ്ടി പരിഹാരം ചെയ്യണം. അപ്പോള്‍ കുറ്റം ക്ഷമിക്കപ്പെടും. ശേഷിച്ച മാവ്, ധാന്യബലിയിലെന്നതുപോലെ പുരോഹിതനുള്ളതാണ്.

പ്രായശ്ചിത്ത ബലി

14: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
15: കര്‍ത്താവിനു നല്കേണ്ട കാണിക്കകളുടെ കാര്യത്തില്‍ ആരെങ്കിലും അറിയാതെ തെറ്റുചെയ്താല്‍, വിശുദ്ധമന്ദിരത്തിലെ നിരക്കനുസരിച്ച് നീ നിശ്ചയിക്കുന്നത്ര ഷെക്കല്‍ വെള്ളി വിലയുള്ള, ഊനമറ്റ ഒരു മുട്ടാടിനെ ആട്ടിൻപറ്റത്തില്‍നിന്നു പ്രായശ്ചിത്തബലിയായര്‍പ്പിക്കണം.
16: വിശുദ്ധവസ്തുക്കള്‍ക്കു നഷ്ടംവരുത്തുന്നവന്‍ പരിഹാരത്തുകയും അതിൻ്റെ അഞ്ചിലൊന്നുംകൂടെ പുരോഹിതനെ ഏല്പിക്കണം. പുരോഹിതന്‍ പ്രായശ്ചിത്തബലിക്കുള്ള മുട്ടാടിനെ അര്‍പ്പിച്ച്, അവനുവേണ്ടി പാപപരിഹാരം ചെയ്യട്ടെ. അപ്പോള്‍ അവൻ്റെ കുറ്റം ക്ഷമിക്കപ്പെടും.
17: കര്‍ത്താവു വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്നു പ്രവര്‍ത്തിച്ച് പാപംചെയ്യുന്നവന്‍, അറിയാതെയാണതുചെയ്തതെങ്കില്‍ത്തന്നെയും, കുറ്റക്കാരനാണ്. അവന്‍ തൻ്റെ തെറ്റിന് ഉത്തരവാദിയായിരിക്കും.
18: പ്രായശ്ചിത്തബലിയുടെ ചെലവനുസരിച്ച്, നീ നിശ്ചയിക്കുന്ന വിലയ്ക്കുള്ളതും ഊനമറ്റതുമായ ഒരു മുട്ടാടിനെ അവന്‍ ആട്ടിൻപറ്റത്തില്‍നിന്നു പുരോഹിതൻ്റെയടുക്കല്‍ കൊണ്ടുവരണം. അറിയാതെചെയ്ത പാപത്തിന്, പുരോഹിതന്‍ അവനുവേണ്ടി പരിഹാരം ചെയ്യണം. അപ്പോള്‍ കുറ്റം ക്ഷമിക്കപ്പെടും.
19: ഇതു പ്രായശ്ചിത്തബലിയാണ്. അവന്‍ കര്‍ത്താവിൻ്റെ മുമ്പില്‍ കുറ്റക്കാരനാണല്ലോ.

അദ്ധ്യായം 6


1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: സൂക്ഷിക്കാനേല്പിച്ചതോ ഈടുവച്ചതോ ആയ വസ്തു തിരിച്ചുകൊടുക്കാതെയും കവര്‍ച്ചചെയ്തും അയല്‍ക്കാരനെ വഞ്ചിക്കുക, പീഡിപ്പിക്കുക,
3: കാണാതെപോയതു കണ്ടുകിട്ടിയിട്ടും ആ കാര്യം നിഷേധിച്ചു കള്ളസത്യംചെയ്യുക എന്നിങ്ങനെയുമുള്ള പാപങ്ങളില്‍ ഏതെങ്കിലുമൊന്നു പ്രവര്‍ത്തിച്ച്, കര്‍ത്താവിനോട് അവിശ്വസ്തത കാണിക്കുന്നവന്‍ കുറ്റക്കാരനായിരിക്കും.
4: ഒരുവന്‍ ഇങ്ങനെ പാപംചെയ്തു കുറ്റക്കാരനായാല്‍, അവന്‍ കവര്‍ച്ചകൊണ്ടോ മര്‍ദ്ദനത്തിലൂടെയോ കൈവശപ്പെടുത്തിയതും സൂക്ഷിക്കാന്‍ ഏല്പിക്കപ്പെട്ടതും കാണാതെപോയി കണ്ടുകിട്ടിയതും,
5: കള്ളസത്യംചെയ്തു നേടിയതുമെല്ലാം, വിലയുടെ അഞ്ചില്‍ ഒരുഭാഗം കൂട്ടിച്ചേര്‍ത്തു പ്രായശ്ചിത്തബലിയുടെ ദിവസം ഉടമസ്ഥനു തിരിച്ചുകൊടുക്കണം.
6: കൂടാതെ, പ്രായശ്ചിത്തബലിക്കുള്ള ചെലവനുസരിച്ച്, നീ നിശ്ചയിക്കുന്ന വിലവരുന്ന ഊനമറ്റ ഒരു മുട്ടാടിനെ ആട്ടിൻപറ്റത്തില്‍നിന്നു കര്‍ത്താവിനു പ്രായശ്ചിത്തബലിയായി പുരോഹിതൻ്റെയടുക്കല്‍ കൊണ്ടുവരണം.
7: പുരോഹിതന്‍ കര്‍ത്താവിൻ്റെമുമ്പില്‍ അവനുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ അവന്‍ ചെയ്ത, ഏതു കുറ്റത്തിലുംനിന്ന് അവനു മോചനം ലഭിക്കും.


നിരന്തര ദഹനബലി

8: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
9: അഹറോനോടും അവൻ്റെ പുത്രന്മാരോടും ഇപ്രകാരം കല്പിക്കുക, ദഹനബലിക്കുള്ള നിയമമിതാണ്: ബലിവസ്തു ബലിപീഠത്തിന്മേലുള്ള അഗ്നികുണ്ഡത്തില്‍, രാത്രിമുഴുവന്‍, പ്രഭാതംവരെ വച്ചിരിക്കണം. ബലിപീഠത്തിലെ അഗ്നി, തുടരെ കത്തിക്കൊണ്ടിരിക്കുകയും വേണം.
10: പുരോഹിതന്‍ ചണംകൊണ്ടുള്ള വസ്ത്രവും കാല്‍ച്ചട്ടയും ധരിക്കണം. കാഴ്ചവസ്തു അഗ്നിയില്‍ ദഹിപ്പിച്ചുണ്ടായ ചാരം ബലിപീഠത്തില്‍നിന്നു ശേഖരിച്ച്, അതിൻ്റെ ഒരു വശത്തിടണം.
11: അതിനുശേഷം വസ്ത്രംമാറി, വേറെ വസ്ത്രം ധരിച്ചു, ചാരം പാളയത്തിനു വെളിയില്‍ ശുചിയായ സ്ഥലത്തേയ്ക്കു കൊണ്ടുപോകണം.
12: ബലിപീഠത്തിലെ അഗ്നി കത്തിക്കൊണ്ടിരിക്കണം. അതു കെട്ടുപോകരുത്. ദിവസവും രാവിലെ പുരോഹിതന്‍ അതില്‍ വിറകടുക്കുകയും അതിന്മേല്‍ ദഹനബലിവസ്തു ക്രമത്തില്‍ നിരത്തുകയും സമാധാനബലിക്കായുള്ള മേദസ്സു ദഹിപ്പിക്കുകയും വേണം.
13: ബലിപീഠത്തിലെ അഗ്നി നിരന്തരം കത്തിക്കൊണ്ടിരിക്കണം. അതു കെട്ടുപോകരുത്. .


ധാന്യബലി

14: ധാന്യബലിയുടെ നിയമമിതാണ്: അത് അഹറോൻ്റെ പുത്രന്മാര്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍ ബലിപീഠത്തിനു മുമ്പിലര്‍പ്പിക്കണം.
15: പുരോഹിതന്‍ ധാന്യബലിക്കുള്ള നേരിയമാവില്‍നിന്ന് ഒരുകൈ മാവും അതിനുള്ള എണ്ണയും കുന്തുരുക്കം മുഴുവനും എടുത്ത് സ്മരണാംശമായി ബലിപീഠത്തില്‍വച്ചു കര്‍ത്താവിനു പ്രീതികരമായ സൗരഭ്യമായര്‍പ്പിക്കണം.
16: ശേഷിക്കുന്നത് അഹറോനും പുത്രന്മാരും ഭക്ഷിക്കണം. വിശുദ്ധസ്ഥലത്തുവച്ചു പുളിപ്പില്ലാത്ത അപ്പമുണ്ടാക്കിവേണം അതു ഭക്ഷിക്കാന്‍. സമാഗമകൂടാരത്തിൻ്റെ അങ്കണത്തില്‍വച്ച് അവരതു ഭക്ഷിക്കണം. അതു പുളിപ്പുചേര്‍ത്തു ചുടരുത്.
17: എൻ്റെ ദഹനബലികളില്‍നിന്ന് അവരുടെ ഓഹരിയായി ഞാനതു കൊടുത്തിരിക്കുന്നു. പാപപരിഹാരബലിപോലെയും പ്രായശ്ചിത്തബലിപോലെയും അതേറ്റവും വിശുദ്ധമാണ്.
18: അഹറോൻ്റെ പുത്രന്മാര്‍ക്കെല്ലാവര്‍ക്കും കര്‍ത്താവിൻ്റെ ദഹനബലിയില്‍നിന്നു ഭക്ഷിക്കാം. തലമുറതോറും എന്നും നിലനില്‍ക്കേണ്ട നിയമമാണിത്. അവയെ സ്പര്‍ശിക്കുന്നവരെല്ലാം വിശുദ്ധരായിത്തീരും.
19: കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
20: അഹറോനും അവൻ്റെ പുത്രന്മാരും അഭിഷേകദിവസം കര്‍ത്താവിനു സമര്‍പ്പിക്കേണ്ട ബലി ഇതാണ്. ഒരു ഏഫായുടെ പത്തിലൊന്നു നേരിയമാവ് അനുദിന ധാന്യബലിയായി, പകുതി രാവിലെയും പകുതി വൈകുന്നേരവും അര്‍പ്പിക്കണം.
21: അത്, എണ്ണചേര്‍ത്തു വറചട്ടിയില്‍ ചുട്ടെടുക്കണം. അതു നന്നായി കുഴച്ച്, ചുട്ട്, കഷണങ്ങളാക്കി, ധാന്യബലി പോലെ കര്‍ത്താവിനു പ്രീതികരമായ സൗരഭ്യമായി അര്‍പ്പിക്കണം.
22: അഹറോൻ്റെ പുത്രന്മാരില്‍ അവൻ്റെ പിന്‍തുടര്‍ച്ചാവകാശിയായി അഭിഷിക്തനായ പുരോഹിതന്‍ എന്നേക്കുമുള്ള നിയമപ്രകാരം അതു കര്‍ത്താവിനു സമര്‍പ്പിക്കണം. അതു മുഴുവനും ദഹിപ്പിക്കണം.
23: പുരോഹിതൻ്റെ ഓരോ ധാന്യബലിയും പൂര്‍ണ്ണമായി ദഹിപ്പിക്കണം. അതു ഭക്ഷിക്കാന്‍ പാടില്ല.


പാപപരിഹാരബലി

24: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
25: അഹറോനോടും പുത്രന്മാരോടും പറയുക, പാപപരിഹാരബലിയുടെ നിയമമിതാണ്. പാപപരിഹാരബലിക്കുള്ള മൃഗത്തെ, കര്‍ത്താവിൻ്റെ സന്നിധിയില്‍, ദഹനബലിമൃഗത്തെക്കൊല്ലുന്ന സ്ഥലത്തുവച്ചുതന്നെ കൊല്ലണം. അത് അതിവിശുദ്ധമാണ്.
26: പാപപരിഹാരബലി അര്‍പ്പിക്കുന്ന പുരോഹിതന്‍ അതു ഭക്ഷിക്കണം. സമാഗമകൂടാരത്തിൻ്റെ അങ്കണത്തില്‍ വിശുദ്ധസ്ഥലത്തുവച്ചുവേണം ഭക്ഷിക്കുവാന്‍.
27: അതിൻ്റെ മാംസത്തില്‍ തൊടുന്നവരെല്ലാം വിശുദ്ധരായിത്തീരും. അതിൻ്റെ രക്തം വസ്ത്രത്തില്‍ തെറിച്ചുവീണാല്‍ ആ വസ്ത്രം വിശുദ്ധസ്ഥലത്തുവച്ചു കഴുകണം.
28: അതു പാകംചെയ്ത മണ്‍പാത്രം ഉടച്ചുകളയണം. ഓട്ടുപാത്രത്തിലാണു പാകംചെയ്തതെങ്കില്‍ അതു നന്നായി തേച്ചുകഴുകണം.
29: പുരോഹിതവംശത്തില്‍പ്പെട്ട എല്ലാ പുരുഷന്മാര്‍ക്കും അതു ഭക്ഷിക്കാം. അത്, അതിവിശുദ്ധമാണ്.
30: എന്നാല്‍ വിശുദ്ധസ്ഥലത്തുവച്ച് പാപപരിഹാരകര്‍മം നടത്താന്‍ ബലിമൃഗത്തിൻ്റെ രക്തം സമാഗമകൂടാരത്തിലേക്കു കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ ആ ബലിമൃഗത്തെ ഭക്ഷിക്കരുത്. അതിനെ അഗ്നിയില്‍ ദഹിപ്പിക്കണം.

ഇരുപത്തിയെട്ടാംദിവസം: ലേവ്യര്‍ 1 - 3


അദ്ധ്യായം 1

ദഹനബലി

1: കര്‍ത്താവു മോശയെ വിളിച്ചു സമാഗമകൂടാരത്തില്‍നിന്നു പറഞ്ഞു:
2: ഇസ്രായേല്‍ജനത്തോടു പറയുക: നിങ്ങളിലാരെങ്കിലും കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ വരുമ്പോള്‍ കാലിക്കൂട്ടത്തില്‍നിന്നോ ആട്ടിന്‍കൂട്ടത്തില്‍നിന്നോ ബലിമൃഗത്തെ കൊണ്ടുവരണം.
3: ദഹനബലിക്കുള്ള മൃഗം കാലിക്കൂട്ടത്തില്‍നിന്നാണെങ്കില്‍ ഊനമറ്റ ഒരു കാളയെ സമര്‍പ്പിക്കട്ടെ. കര്‍ത്താവിനു സ്വീകാര്യമാകാന്‍ അതിനെ സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ സമര്‍പ്പിക്കട്ടെ.
4: അവന്‍ ബലിമൃഗത്തിൻ്റെ തലയില്‍ കൈകള്‍വയ്ക്കണം. അത്, അവൻ്റെ പാപങ്ങളുടെ പരിഹാരത്തിനായി സ്വീകരിക്കപ്പെടും.
5: അവന്‍ കര്‍ത്താവിൻ്റെ മുമ്പില്‍വച്ചു കാളക്കുട്ടിയെക്കൊല്ലണം. അഹറോൻ്റെ പുത്രന്മാരായ പുരോഹിതന്മാര്‍, അതിൻ്റെ രക്തമെടുത്തു സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കലുള്ള ബലിപീഠത്തിനു ചുറ്റും തളിക്കണം.
6: അതിനുശേഷം, ബലിമൃഗത്തെ തോലുരിഞ്ഞു കഷണങ്ങളായി മുറിക്കണം.
7: പുരോഹിതരായ അഹറോൻ്റെ പുത്രന്മാര്‍ ബലിപീഠത്തില്‍ തീകൂട്ടി അതിനുമുകളില്‍ വിറകടുക്കണം.
8: അവര്‍ മൃഗത്തിൻ്റെ കഷണങ്ങളും തലയും മേദസ്സും ബലിപീഠത്തില്‍, തീയ്ക്കു മുകളിലുള്ള വിറകിനുമീതേ അടുക്കിവയ്ക്കണം.
9: എന്നാല്‍, അതിൻ്റെ അന്തര്‍ഭാഗങ്ങളും കാലുകളും വെള്ളത്തില്‍ക്കഴുകണം. പുരോഹിതന്‍, എല്ലാം ദഹനബലിയായി, കര്‍ത്താവിനു പ്രീതികരമായ സൗരഭ്യമായി, ബലിപീഠത്തിലെ അഗ്നിയില്‍ ദഹിപ്പിക്കണം.
10: ദഹനബലിക്കായുള്ള കാഴ്ചമൃഗം ചെമ്മരിയാടോ കോലാടോ ആണെങ്കില്‍, അത് ഊനമറ്റ മുട്ടാടായിരിക്കണം.
11: ബലിപീഠത്തിനു വടക്കുവശത്ത്, കര്‍ത്താവിൻ്റെ സന്നിധിയില്‍വച്ച് അതിനെക്കൊല്ലണം. അതിൻ്റെ രക്തം, അഹറോൻ്റെ പുത്രന്മാരായ പുരോഹിതന്മാര്‍ ബലിപീഠത്തിനു ചുറ്റും തളിക്കണം.
12: അതിനെ തലയും മേദസ്സും ഉള്‍പ്പെടെ കഷണങ്ങളായി മുറിക്കണം; പുരോഹിതന്മാര്‍, അവ ബലിപീഠത്തില്‍ തീയ്ക്കു മുകളിലുള്ള വിറകിന്മേല്‍ അടുക്കിവയ്ക്കണം.
13: എന്നാല്‍, അതിൻ്റെ അന്തര്‍ഭാഗങ്ങളും കാലുകളും വെള്ളംകൊണ്ടു കഴുകണം. പുരോഹിതന്‍ അതു മുഴുവന്‍ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അതൊരു ദഹനബലിയാണ് - അഗ്നിയിലുള്ള ബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവും.
14: ദഹനബലിയായി പക്ഷിയെയാണര്‍പ്പിക്കുന്നതെങ്കില്‍, അതു ചെങ്ങാലിയോ പ്രാവിന്‍കുഞ്ഞോ ആയിരിക്കണം.
15: പുരോഹിതന്‍, അതിനെ ബലിപീഠത്തില്‍ക്കൊണ്ടുവന്നു കഴുത്തു പിരിച്ചുമുറിച്ച്, ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. രക്തം ബലിപീഠത്തിൻ്റെ പാര്‍ശ്വത്തിലൊഴുക്കിക്കളയണം.
16: അതിൻ്റെ ആമാശയവും തൂവലുകളും ബലിപീഠത്തിനു കിഴക്കുവശത്ത്, ചാരം ശേഖരിക്കുന്ന സ്ഥലത്തിടണം.
17: അതിനെ ചിറകുകളില്‍പ്പിടിച്ച് വലിച്ചുകീറണം. എന്നാല്‍, രണ്ടായി വേര്‍പെടുത്തരുത്. പുരോഹിതന്‍ അതിനെ ബലിപീഠത്തില്‍ തീയുടെ മുകളിലുള്ള വിറകിനുമീതേവച്ചു ദഹിപ്പിക്കണം. അതൊരു ദഹനബലിയാണ്. അഗ്നിയിലുള്ള ബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവും.


അദ്ധ്യായം 2

ധാന്യബലി

1: ആരെങ്കിലും കര്‍ത്താവിനു ധാന്യബലിയര്‍പ്പിക്കുന്നെങ്കില്‍, ബലിവസ്തു നേര്‍മ്മയുള്ള മാവായിരിക്കണം. അതില്‍ എണ്ണയൊഴിക്കുകയും കുന്തുരുക്കമിടുകയും ചെയ്യണം.
2: അത്, അഹറോൻ്റെ പുത്രന്മാരായ പുരോഹിതരുടെ മുമ്പില്‍ കൊണ്ടുവരണം. പുരോഹിതന്‍ ഒരു കൈ മാവും എണ്ണയും കുന്തുരുക്കം മുഴുവനുമെടുത്തു സ്മരണാംശമായി ബലിപീഠത്തില്‍ ദഹിപ്പിക്കണം. അത്, അഗ്നിയിലുള്ള ബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവുമായിരിക്കും.
3: ധാന്യബലിവസ്തുവില്‍ ശേഷിച്ചഭാഗം അഹറോനും പുത്രന്മാര്‍ക്കുമുള്ളതാണ്. കര്‍ത്താവിനുള്ള ദഹനബലികളില്‍ ഏറ്റവും വിശുദ്ധമാണിത്.
4: ധാന്യബലിക്കുള്ള കാഴ്ചവസ്തു അടുപ്പില്‍ ചുട്ടെടുത്തതാണെങ്കില്‍, അതു നേരിയമാവില്‍ എണ്ണചേര്‍ത്തുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പമോ എണ്ണപുരട്ടിയ പുളിപ്പില്ലാത്ത അടയോ ആയിരിക്കണം.
5: നിൻ്റെ ധാന്യബലിക്കുള്ള കാഴ്ചവസ്തു വറചട്ടിയില്‍ പാകപ്പെടുത്തിയതാണെങ്കില്‍ അതു പുളിപ്പില്ലാത്ത നേരിയമാവില്‍ എണ്ണചേര്‍ത്തുണ്ടാക്കിയതായിരിക്കണം.
6: കഷണങ്ങളായി മുറിച്ച്, അതില്‍ എണ്ണയൊഴിക്കണം. അതൊരു ധാന്യബലിയാണ്.
7: ധാന്യബലിക്കുള്ള കാഴ്ചവസ്തു ഉരുളിയില്‍ പാകപ്പെടുത്തിയതാണെങ്കില്‍ അതു നേരിയമാവില്‍ എണ്ണചേര്‍ത്തുണ്ടാക്കിയതായിരിക്കണം.
8: ഇവകൊണ്ടുണ്ടാക്കിയ ധാന്യബലി കര്‍ത്താവിനു കൊണ്ടുവരുമ്പോള്‍ അതു പുരോഹിതനെയേല്പിക്കണം. അവന്‍, അതു ബലിപീഠത്തിലേയ്ക്കു കൊണ്ടുവരണം.
9: പുരോഹിതന്‍ ധാന്യബലിയില്‍നിന്നു സ്മരണാംശമെടുത്തു ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അത്, അഗ്നിയിലുള്ള ബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവുമായിരിക്കും.
10: ധാന്യബലിവസ്തുവില്‍ ശേഷിക്കുന്നത്, അഹറോനും പുത്രന്മാര്‍ക്കുമുള്ളതാണ്. കര്‍ത്താവിനുള്ള ദഹനബലികളില്‍ ഏറ്റവും വിശുദ്ധമാണിത്.
11: കര്‍ത്താവിനു നിങ്ങള്‍ കൊണ്ടുവരുന്ന ധാന്യബലി പുളിപ്പുചേര്‍ത്തതായിരിക്കരുത്. ദഹനബലിയായി പുളിമാവോ തേനോ അര്‍പ്പിക്കരുത്.
12: എന്നാല്‍, അവ ആദ്യഫലങ്ങളായി കര്‍ത്താവിനു സമര്‍പ്പിക്കാം. അവയൊരിക്കലും കര്‍ത്താവിനു സുരഭിലബലിയായി ദഹിപ്പിക്കരുത്. ധാന്യബലിക്കെല്ലാം ഉപ്പുചേര്‍ക്കണം.
13: ധാന്യബലിയില്‍നിന്നു നിൻ്റെ ദൈവത്തിൻ്റെ ഉടമ്പടിയുടെ ഉപ്പു നീക്കിക്കളയരുത്. എല്ലാ ധാന്യബലിയോടുംകൂടെ ഉപ്പു സമര്‍പ്പിക്കണം.
14: ആദ്യഫലങ്ങള്‍ കര്‍ത്താവിനു ധാന്യബലിയായി സമര്‍പ്പിക്കുന്നെങ്കില്‍ പുതിയ കതിരുകളില്‍നിന്നുള്ള മണികള്‍ തീയില്‍ ഉണക്കിപ്പൊടിച്ചു സമര്‍പ്പിക്കണം.
15: അതില്‍, എണ്ണയൊഴിക്കുകയും കുന്തുരുക്കമിടുകയും വേണം. അതൊരു ധാന്യബലിയാണ്.
16: പൊടിച്ചമാവില്‍നിന്നും എണ്ണയില്‍നിന്നും സ്മരണാംശമെടുത്ത് കുന്തുരുക്കം മുഴുവനുംകൂടെ പുരോഹിതന്‍ ദഹിപ്പിക്കണം. അതു കര്‍ത്താവിനുള്ള ദഹനബലിയാണ്.


അദ്ധ്യായം 3

സമാധാനബലി

1: സമാധാനബലിക്കായി കാലിക്കൂട്ടത്തില്‍നിന്നാണു കര്‍ത്താവിനു കാഴ്ചകൊണ്ടുവരുന്നതെങ്കില്‍, അത്, ഊനമറ്റ കാളയോ പശുവോ ആയിരിക്കണം.
2: ബലിമൃഗത്തിൻ്റെ തലയില്‍ കൈവയ്ക്കുകയും സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍വച്ച് അതിനെക്കൊല്ലുകയുംവേണം. അഹറോൻ്റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിൻ്റെ രക്തം ബലിപീഠത്തിനുചുറ്റും തളിക്കണം.
3: സമാധാനബലിമൃഗത്തിൻ്റെ ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്സ്, കര്‍ത്താവിനു ദഹനബലിക്കായി എടുക്കണം.
4: അതിൻ്റെ ഇരുവൃക്കകളും അവയോടൊപ്പം അരക്കെട്ടിലുള്ള മേദസ്സും കരളിനുമുകളിലുള്ള നെയ്‌വലയുമെടുക്കണം.
5: അഹറോൻ്റെ പുത്രന്മാര്‍, അവ ബലിപീഠത്തില്‍, വിറകിനു മുകളില്‍വച്ച് അഗ്നിയില്‍ ദഹിപ്പിക്കണം. അതു ദഹനബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവുമായിരിക്കും.
6: ആട്ടിന്‍കൂട്ടത്തില്‍നിന്നാണു സമാധാനബലിക്കായി കര്‍ത്താവിനു കാഴ്ച കൊണ്ടുവരുന്നതെങ്കില്‍ അത്, ഊനമറ്റ മുട്ടാടോ പെണ്ണാടോ ആയിരിക്കണം.
7: ആട്ടിന്‍കുട്ടിയെയാണ് ബലിവസ്തുവായി സമര്‍പ്പിക്കുന്നതെങ്കില്‍, അതിനെ കര്‍ത്താവിൻ്റെ മുമ്പില്‍ക്കൊണ്ടുവരട്ടെ.
8: അതിൻ്റെ തലയില്‍ കൈവച്ചതിനുശേഷം സമാഗമകൂടാരത്തിൻ്റെ മുമ്പില്‍വച്ച് അതിനെക്കൊല്ലണം. അഹറോൻ്റെ പുത്രന്മാര്‍, അതിൻ്റെ രക്തം ബലിപീഠത്തിനു ചുറ്റും തളിക്കണം.
9: സമാധാനബലിമൃഗത്തിൻ്റെ മേദസ്സും ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്സും, നട്ടെല്ലോടുചേര്‍ത്തു മുറിച്ചെടുത്ത കൊഴുത്തവാലും കര്‍ത്താവിനു ദഹനബലിക്കായി എടുക്കണം.
10: അതിൻ്റെ ഇരുവൃക്കകളും അവയിലും അരക്കെട്ടിലുമുള്ള മേദസ്സും കരളിനു മുകളിലുള്ള നെയ്‌വലയുമെടുക്കണം.
11: പുരോഹിതന്‍, അവ കര്‍ത്താവിനു ഭോജനബലിയായി ബലിപീഠത്തില്‍ ദഹിപ്പിക്കണം.
12: ബലിമൃഗം കോലാടാണെങ്കില്‍, അതിനെ കര്‍ത്താവിൻ്റെ മുമ്പില്‍ക്കൊണ്ടുവരണം.
13: അതിൻ്റെ തലയില്‍ കൈവച്ചതിനുശേഷം സമാഗമകൂടാരത്തിൻ്റെ മുമ്പില്‍വച്ച്, അതിനെക്കൊല്ലണം. അഹറോൻ്റെ പുത്രന്മാര്‍, അതിൻ്റെ രക്തം ബലിപീഠത്തിനുചുറ്റും തളിക്കണം.
14: അതിൻ്റെ ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്സു മുഴുവനും കര്‍ത്താവിനു ദഹനബലിക്കായി എടുക്കണം.
15: അതിൻ്റെ ഇരുവൃക്കകളും അവയിലും അരക്കെട്ടിലുമുള്ള മേദസ്സും കരളിനു മുകളിലുള്ള നെയ്‌വലയുമെടുക്കണം.
16: പുരോഹിതന്‍, അവ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അതു കര്‍ത്താവിനു പ്രീതികരമായ സൗരഭ്യത്തിനായി അഗ്നിയില്‍ സമര്‍പ്പിക്കുന്ന ഭോജനബലിയാണ്. മേദസ്സു മുഴുവന്‍ കര്‍ത്താവിനുള്ളതത്രേ.
17: രക്തവും മേദസ്സും ഭക്ഷിച്ചുകൂടാ എന്നതു നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം തലമുറതോറും എന്നേയ്ക്കുമുള്ളൊരു നിയമമായിരിക്കും.

ഇരുപത്തിയേഴാംദിവസം: പുറപ്പാട് 37 - 40


അദ്ധ്യായം 37

സാക്ഷ്യപേടകം

1: ബസാലേല്‍ കരുവേലത്തടികൊണ്ടു പേടകമുണ്ടാക്കി. അതിൻ്റെ നീളം രണ്ടരമുഴമായിരുന്നു; വീതിയും ഉയരവും ഒന്നരമുഴംവീതവും.
2: തനിസ്വര്‍ണ്ണംകൊണ്ട്, അതിൻ്റെ അകവും പുറവും പൊതിഞ്ഞു. അതിനുചുറ്റും സ്വര്‍ണ്ണംകൊണ്ടുള്ള ഒരരികുപാളി പിടിപ്പിച്ചു.
3: നാലു സ്വര്‍ണ്ണവളയങ്ങളുണ്ടാക്കി, നാലുമൂലകളില്‍ ഘടിപ്പിച്ചു; ഒരുവശത്തു രണ്ടും മറുവശത്തു രണ്ടും.
4: അവന്‍ കരുവേലത്തടികൊണ്ടു തണ്ടുകളുണ്ടാക്കി, സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു.
5: പേടകം വഹിക്കുന്നതിന്, അതിൻ്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ തണ്ടുകള്‍ കടത്തി.
6: തനിസ്വര്‍ണ്ണംകൊണ്ടു കൃപാസനം നിര്‍മ്മിച്ചു. അതിൻ്റെ നീളം രണ്ടരമുഴവും വീതി ഒന്നരമുഴവുമായിരുന്നു.
7: കൃപാസനത്തിൻ്റെ രണ്ടഗ്രങ്ങളില്‍ സ്ഥാപിക്കാന്‍ സ്വര്‍ണ്ണത്തകിടുകൊണ്ട് രണ്ടു കെരൂബുകളെ നിര്‍മ്മിച്ചു.
8: രണ്ടഗ്രങ്ങളിലും ഒന്നുവീതം കൃപാസനത്തോട് ഒന്നായിച്ചേര്‍ത്താണ് അവയെ നിര്‍മ്മിച്ചത്.
9: കെരൂബുകള്‍ മുകളിലേക്കു ചിറകുകള്‍വിരിച്ച്, കൃപാസനത്തെ മൂടിയിരുന്നു. കൃപാസനത്തിലേക്കു തിരിഞ്ഞ് അവ മുഖാഭിമുഖം നിലകൊണ്ടു.

തിരുസാന്നിദ്ധ്യ അപ്പത്തിൻ്റെ മേശ

10: കരുവേലത്തടികൊണ്ട് അവന്‍ മേശയുണ്ടാക്കി. അതിനു രണ്ടുമുഴം നീളവും ഒരുമുഴം വീതിയും ഒന്നരമുഴം ഉയരവുമുണ്ടായിരുന്നു.
11: തനിസ്വര്‍ണ്ണംകൊണ്ട്, അതു പൊതിയുകയും മുകള്‍ഭാഗത്തു ചുറ്റിലും സ്വര്‍ണ്ണംകൊണ്ട് അരികുപാളി പിടിപ്പിക്കുകയും ചെയ്തു.
12: അതിനുചുറ്റും കൈപ്പത്തിയുടെ വീതിയില്‍ ഒരു ചട്ടവും ചട്ടത്തിനുചുറ്റും സ്വര്‍ണ്ണംകൊണ്ട് അരികുപാളിയും പിടിപ്പിച്ചു.
13: അവന്‍ നാലുസ്വര്‍ണ്ണവളയങ്ങള്‍ നിര്‍മ്മിച്ച്, അവ മേശയുടെ നാലുകാലുകളില്‍ ഘടിപ്പിച്ചു.
14: മേശ വഹിക്കാനുള്ള തണ്ടുകള്‍ കടത്തിയിരുന്ന വളയങ്ങള്‍ ചട്ടത്തോടു ചേര്‍ന്നതായിരുന്നു.
15: ഈ തണ്ടുകള്‍ അവന്‍ കരുവേലത്തടികൊണ്ടുണ്ടാക്കി, സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു.
16: മേശപ്പുറത്തേക്കുള്ള ഉപകരണങ്ങള്‍ - താലങ്ങള്‍, തട്ടങ്ങള്‍, കലശങ്ങള്‍, പാനീയബലിക്കുള്ള ചഷകങ്ങള്‍ എന്നിവ - തനിസ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിച്ചു.

വിളക്കുകാല്‍

17: തനിസ്വര്‍ണ്ണംകൊണ്ടു വിളക്കുകാലുണ്ടാക്കി. അതിൻ്റെ അടിത്തട്ട്, തണ്ട്, ചഷകങ്ങള്‍, മുകുളങ്ങള്‍, പുഷ്പങ്ങള്‍ എന്നിവ ഒരേ സ്വര്‍ണ്ണത്തകിടിലാണു പണിതത്.
18: വിളക്കുകാലിന്, ഓരോ വശത്തും മൂന്നുവീതം, രണ്ടുവശങ്ങളിലായി ആറുശാഖകളുണ്ടായിരുന്നു.
19: വിളക്കുകാലിൻ്റെ ആറുശാഖകളിലോരോന്നിലും ബദാംപൂവിൻ്റെ ആകൃതിയിലുളളതും മുകുളങ്ങളോടും പുഷ്പദലങ്ങളോടുംകൂടിയതുമായ മൂന്നു ചഷകങ്ങള്‍വീതമുണ്ടായിരുന്നു.
20: വിളക്കുകാലിൻ്റെ തണ്ടിന്മേല്‍ ബദാംപൂവിൻ്റെ ആകൃതിയിലുള്ളതും മുകുളങ്ങളോടും പുഷ്പദലങ്ങളോടും കൂടിയതുമായ നാലുചഷകങ്ങളുണ്ടായിരുന്നു.
21: വിളക്കുകാലില്‍നിന്നു പുറപ്പെടുന്ന ഓരോജോടി ശാഖകളുടെയും ചുവട്ടില്‍ വിളക്കുകാലിൻ്റെ തണ്ടിനോടൊന്നായിച്ചേര്‍ന്ന്, ഒരു മുകുളംവീതമുണ്ടായിരുന്നു.
22: മുകുളങ്ങളും ശാഖകളും വിളക്കുകാലിനോടൊന്നായിച്ചേര്‍ന്നിരുന്നു. എല്ലാം തനിസ്വര്‍ണ്ണത്തകിടുകൊണ്ടു പണിതതായിരുന്നു.
23: അവന്‍ അതിൻ്റെ ഏഴു വിളക്കുകളും തിരിയണയ്ക്കാനുപയോഗിക്കുന്ന കത്രികകളും തട്ടങ്ങളും തനിസ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിച്ചു.
24: വിളക്കുകാലും അതിൻ്റെ എല്ലാ ഉപകരണങ്ങളും ഒരു താലന്ത് തനിസ്വര്‍ണ്ണംകൊണ്ടാണു നിര്‍മ്മിച്ചത്.

ധൂപപീഠം

25: കരുവേലത്തടികൊണ്ട് അവനൊരു ധൂപപീഠം പണിതു. അത്, ഒരുമുഴം നീളവും ഒരുമുഴം വീതിയുമുള്ള സമചതുരമായിരുന്നു; ഉയരം രണ്ടുമുഴം. അതിൻ്റെ കൊമ്പുകള്‍, അതിനോടൊന്നായിച്ചേര്‍ന്നിരുന്നു.
26: തനിസ്വര്‍ണ്ണംകൊണ്ട്, അവനതിൻ്റെ മുകള്‍ഭാഗവും വശങ്ങളും കൊമ്പുകളും പൊതിഞ്ഞു. അതിനു മുകള്‍വശത്തായി ചുറ്റും സ്വര്‍ണ്ണംകൊണ്ടുള്ള അരികുപാളി പിടിപ്പിച്ചു.
27: അതു വഹിക്കുന്നതിനുള്ള തണ്ടുകള്‍ കടത്തുന്നതിന്, അരികുപാളിയുടെ താഴെ, മൂലകളിലായി ഒരുവശത്തു രണ്ടും മറുവശത്തു രണ്ടും സ്വര്‍ണ്ണവളയങ്ങള്‍ ഘടിപ്പിച്ചു.
28: കരുവേലത്തടികൊണ്ടു തണ്ടുകളുണ്ടാക്കി, സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു.
29: സുഗന്ധതൈലങ്ങള്‍ നിര്‍മ്മിക്കുന്ന വിദഗ്ദ്ധനെപ്പോലെ അവന്‍ വിശുദ്ധമായ അഭിഷേകതൈലവും ധൂപത്തിനുള്ള പരിമളവസ്തുക്കളും സജ്ജീകരിച്ചു.

അദ്ധ്യായം 38

ദഹനബലിപീഠം

1: ബസാലേല്‍ കരുവേലത്തടികൊണ്ടു ദഹനബലിപീഠം നിര്‍മ്മിച്ചു. അത് അഞ്ചുമുഴം നീളവും വീതിയുമുള്ള സമചതുരമായിരുന്നു; അതിൻ്റെ ഉയരം മൂന്നു മുഴവും.
2: അതിൻ്റെ നാലുമൂലകളിലും അതിനോടൊന്നായിച്ചേര്‍ത്തു നാലുകൊമ്പുകള്‍ നിര്‍മ്മിച്ച്, ഓടുകൊണ്ടു പൊതിഞ്ഞു.
3: ബലിപീഠത്തിൻ്റെ ഉപകരണങ്ങളെല്ലാം - പാത്രങ്ങള്‍, കോരികകള്‍, താലങ്ങള്‍, മുള്‍ക്കരണ്ടികള്‍, അഗ്നികലശങ്ങള്‍ എന്നിവ - ഓടുകൊണ്ടു നിര്‍മ്മിച്ചു.
4: അവന്‍ ബലിപീഠത്തിൻ്റെ മുകളിലെ അരികുപാളിക്കുകീഴില്‍ ബലിപീഠത്തിന്റെ മദ്ധ്യഭാഗംവരെ ഇറങ്ങിനില്ക്കുന്ന ഒരു ചട്ടക്കൂട് ഓടുകൊണ്ടുള്ള അഴികളുപയോഗിച്ച്, വലയുടെ രൂപത്തില്‍ നിര്‍മ്മിച്ചു.
5: തണ്ടുകള്‍ കടത്തുന്നതിന്, ഓടുകൊണ്ടുള്ള ചട്ടക്കൂടിൻ്റെ നാലുമൂലകളില്‍ നാലുവളയങ്ങള്‍ ഘടിപ്പിച്ചു.
6: അവന്‍ കരുവേലത്തടികൊണ്ടു തണ്ടുകളുണ്ടാക്കി ഓടുകൊണ്ടു പൊതിഞ്ഞു.
7: ബലിപീഠം വഹിച്ചുകൊണ്ടുപോകുന്നതിന്, അതിൻ്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ തണ്ടുകള്‍ കടത്തി. ബലിപീഠം പലകകള്‍കൊണ്ടാണു നിര്‍മ്മിച്ചത്; അതിൻ്റെ അകം പൊള്ളയായിരുന്നു.
8: സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ ശുശ്രൂഷചെയ്തിരുന്ന സ്ത്രീകളുടെ ഓട്ടുകണ്ണാടിയുപയോഗിച്ച്, ക്ഷാളനപാത്രവും അതിൻ്റെ പീഠവും നിര്‍മ്മിച്ചു.

കൂടാരാങ്കണം

9: അവന്‍ അങ്കണവും നിര്‍മ്മിച്ചു. അതിൻ്റെ തെക്കുവശത്തെ മറ, നേര്‍മ്മയില്‍ നെയ്‌തെടുത്ത ചണത്തുണികൊണ്ടുള്ളതും നൂറുമുഴം നീളമുള്ളതുമായിരുന്നു.
10: അതിന് ഇരുപതുതൂണുകളും അവയ്ക്ക് ഓടുകൊണ്ടുള്ള ഇരുപതു പാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടു നിര്‍മ്മിച്ചവയായിരുന്നു.
11: വടക്കുവശത്തെ മറ, നൂറുമുഴം നീളമുള്ളതായിരുന്നു. അതിന് ഇരുപതു തൂണുകളും അവയ്ക്ക് ഓടുകൊണ്ടുള്ള ഇരുപതു പാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടുള്ളവയായിരുന്നു.
12: പടിഞ്ഞാറുവശത്തെ മറയ്ക്ക് അമ്പതുമുഴം നീളമുണ്ടായിരുന്നു. അതിനു പത്തുതൂണുകളും അവയ്ക്ക് പത്ത് പാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളും വെളളികൊണ്ടുള്ളവയായിരുന്നു.
13: കിഴക്കുവശത്ത് അമ്പതു മുഴം.
14: അങ്കണകവാടത്തിൻ്റെ ഒരുവശത്തെ മറകള്‍ക്കു പതിനഞ്ചുമുഴം നീളമുണ്ടായിരുന്നു. അവയ്ക്ക് മൂന്നു തൂണുകളും തൂണുകള്‍ക്കു മൂന്നു പാദകുടങ്ങളുമുണ്ടായിരുന്നു.
15: അങ്കണകവാടത്തിൻ്റെ മറുവശത്തും അപ്രകാരംതന്നെ പതിനഞ്ചുമുഴം നീളത്തില്‍ മറയും അവയ്ക്കു മൂന്നുതൂണുകളും തൂണുകള്‍ക്ക് മൂന്നു പാദകുടങ്ങളുമുണ്ടായിരുന്നു.
16: അങ്കണത്തെച്ചുറ്റിയുള്ള മറകളെല്ലാം നേര്‍മ്മയില്‍ നെയ്‌തെടുത്ത ചണത്തുണികൊണ്ടുള്ളതായിരുന്നു.
17: തൂണുകളുടെ പാദകുടങ്ങള്‍ ഓടുകൊണ്ടും അവയുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടുമുള്ളതായിരുന്നു. അവയുടെ ശീര്‍ഷങ്ങള്‍ വെള്ളികൊണ്ടു പൊതിഞ്ഞിരുന്നു. അങ്കണത്തൂണുകള്‍ക്കെല്ലാം വെള്ളികൊണ്ടുള്ള പട്ടകളുണ്ടായിരുന്നു.
18: അങ്കണവാതിലിൻ്റെ യവനിക, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീവര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍ നെയ്‌തെടുത്ത ചണത്തുണിയുപയോഗിച്ചുള്ള ചിത്രത്തുന്നല്‍കൊണ്ട് അലംകൃതമായിരുന്നു. അത് അങ്കണത്തിൻ്റെ മറകള്‍ക്കനുസൃതമായി ഇരുപതുമുഴം നീളവും അഞ്ചുമുഴം വീതിയുമുള്ളതായിരുന്നു.
19: അതിനു നാലുതൂണുകളും അവയ്ക്ക് ഓടുകൊണ്ടുള്ള നാലുപാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകള്‍ക്കു വെള്ളികൊണ്ടുള്ള കൊളുത്തുകളും വെള്ളിപൊതിഞ്ഞ ശീര്‍ഷങ്ങളും വെള്ളിപ്പട്ടകളുമുണ്ടായിരുന്നു.
20: കൂടാരത്തിൻ്റെയും ചുറ്റുമുള്ള അങ്കണത്തിൻ്റെയും കുറ്റികളെല്ലാം ഓടുകൊണ്ടുള്ളവയായിരുന്നു.

ഉപയോഗിച്ച ലോഹം

21: സാക്ഷ്യകൂടാരം നിര്‍മ്മിക്കാനുപയോഗിച്ച വസ്തുക്കളുടെ കണക്കുകാണിക്കുന്ന പട്ടികയാണിത്. മോശയുടെ കല്പനയനുസരിച്ചു പുരോഹിതനായ അഹറോൻ്റെ പുത്രന്‍ ഇത്താമറിൻ്റെ നേതൃത്വത്തില്‍ ലേവ്യരാണ്, ഇതു തയ്യാറാക്കിയത്.
22: യൂദാഗോത്രത്തില്‍പ്പട്ട ഹൂറിൻ്റെ പുത്രന്‍ ഊറിയുടെ മകനായ ബസാലേല്‍, കര്‍ത്താവു മോശയോടു കല്പിച്ചവയെല്ലാം നിര്‍മ്മിച്ചു.
23: ദാന്‍ഗോത്രത്തില്‍പ്പെട്ട അഹിസാമാക്കിൻ്റെ പുത്രന്‍ ഒഹോലിയാബ് അവനു സഹായത്തിനുണ്ടായിരുന്നു. ഒഹോലിയാബ് കൊത്തുപണിക്കാരനും ശില്പവിദഗ്ദ്ധനും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍നെയ്‌തെടുത്ത ചണത്തുണിയുമുപയോഗിച്ചു ചിത്രത്തുന്നല്‍നടത്തുന്നവനുമായിരുന്നു.
24: വിശുദ്ധകൂടാരത്തിൻ്റെ എല്ലാ പണികള്‍ക്കുമായി ചെലവാക്കിയ കാണിക്കസ്വര്‍ണ്ണം, വിശുദ്ധമന്ദിരത്തിലെ തോതനുസരിച്ച് ആകെ ഇരുപത്തൊമ്പതു താലന്തും എഴുന്നൂറ്റിമുപ്പതു ഷെക്കലുമാകുന്നു.
25: ജനസംഖ്യാക്കണക്കിലുള്‍പ്പെട്ടവരില്‍നിന്നു ലഭിച്ച വെള്ളി, വിശുദ്ധമന്ദിരത്തിലെ തോതനുസരിച്ചു നൂറുതാലന്തും ആയിരത്തിയെഴുന്നൂറ്റിയെഴുപത്തഞ്ചു ഷെക്കലുമാകുന്നു.
26: ജനസംഖ്യക്കണക്കിലുള്‍പ്പെട്ടവരില്‍ ഇരുപതുവയസ്സും അതിനുമേലും പ്രായമുള്ളവര്‍, ആളൊന്നിന് ഒരു ബക്കാ - വിശുദ്ധ മന്ദിരത്തിലെ തോതനുസരിച്ച് അര ഷെക്കല്‍ - കൊടുക്കേണ്ടിയിരുന്നു. അവരുടെ സംഖ്യ ആറുലക്ഷത്തിമൂവായിരത്തി അഞ്ഞൂറ്റിയമ്പതായിരുന്നു.
27: വിശുദ്ധകൂടാരത്തിനും തിരശ്ശീലയ്ക്കുംവേണ്ടി പാദകുടങ്ങള്‍ വാര്‍ക്കുന്നതിനു പാദകുടമൊന്നിന് ഒരു താലന്തുവീതം നൂറുതാലന്തു വെള്ളിയുപയോഗിച്ചു.
28: ആയിരത്തിയെഴുന്നൂറ്റിയെഴുപത്തഞ്ചു ഷെക്കല്‍ വെള്ളികൊണ്ടു തൂണുകളുടെ കൊളുത്തുകളും പട്ടകളുമുണ്ടാക്കുകയും ശീര്‍ഷങ്ങള്‍ പൊതിയുകയുംചെയ്തു.
29: കാണിക്കയായി ലഭിച്ച ഓട്, എഴുപതു താലന്തും രണ്ടായിരത്തിനാനൂറു ഷെക്കലുമാണ്.
30: അവന്‍ അതുപയോഗിച്ചു സമാഗമകൂടാരത്തിൻ്റെ വാതിലിനു പാദകുടങ്ങളും ഓടുകൊണ്ടുള്ള ബലിപീഠവും അതിൻ്റെ അഴിക്കൂടും ബലിപീഠത്തിലെ ഉപകരണങ്ങളും
31: കൂടാരാങ്കണത്തിനു ചുറ്റുമുള്ള പാദകുടങ്ങളും അങ്കണകവാടത്തിൻ്റെ പാദകുടങ്ങളും കൂടാരത്തിൻ്റെയും ചുറ്റുമുള്ള അങ്കണത്തിൻ്റെയും കുറ്റികളും നിര്‍മ്മിച്ചു.



അദ്ധ്യായം 39

പുരോഹിതവസ്ത്രങ്ങള്‍

1: മോശയ്ക്കു കര്‍ത്താവുനല്കിയ കല്പനയനുസരിച്ച്, അവര്‍ വിശുദ്ധകൂടാരത്തിലെ ശുശ്രൂഷകള്‍ക്കുവേണ്ടി നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലൂകളുപയോഗിച്ച്, നേര്‍മ്മയുള്ള വസ്ത്രങ്ങള്‍ നിര്‍മ്മിച്ചു; അഹറോനുവേണ്ടിയുള്ള വിശുദ്ധ വസ്ത്രങ്ങളുമുണ്ടാക്കി.
2: സ്വര്‍ണ്ണവും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍നെയ്‌തെടുത്ത ചണത്തുണിയുമുപയോഗിച്ച്, അവര്‍ എഫോദുണ്ടാക്കി.
3: അവര്‍ സ്വര്‍ണ്ണംതല്ലിപ്പരത്തി നേരിയ നൂലുകളായി വെട്ടിയെടുത്ത്, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളിലും നേര്‍മ്മയില്‍ നെയ്‌തെടുത്ത ചണത്തുണികളിലും വിദഗ്ദ്ധമായി ഇണക്കിച്ചേര്‍ത്തു.
4: എഫോദിനു തോള്‍വാറുകളുണ്ടാക്കി, അതിൻ്റെ  രണ്ടറ്റങ്ങളിലും യോജിപ്പിച്ചു.
5: എഫോദിനെ ചുറ്റിയിരുന്ന പട്ട എഫോദുപോലെതന്നെ, സ്വര്‍ണ്ണവും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍നെയ്‌തെടുത്ത ചണത്തുണിയും ചേര്‍ത്ത്, കര്‍ത്താവു മോശയോടു കല്പിച്ചപ്രകാരമാണുണ്ടാക്കിയത്.
6: ചെത്തിയൊരുക്കിയ വൈഡൂര്യക്കല്ലുകളില്‍ മുദ്രപോലെ ഇസ്രായേലിൻ്റെ പുത്രന്മാരുടെ പേരുകള്‍ കൊത്തി; കല്ലുകള്‍ സ്വര്‍ണ്ണത്തകിടുകളില്‍ പതിച്ചു.
7: കര്‍ത്താവു മോശയോടു കല്പിച്ചതനുസരിച്ച്, ഇസ്രായേല്‍പുത്രന്മാരുടെ സ്മാരകശിലകളായി അവ എഫോദിൻ്റെ തോള്‍വാറുകളിലുറപ്പിച്ചു.
8: അവര്‍ എഫോദിന്റേതുപോലെയുള്ള ചിത്രപ്പണികളോടുകൂടിയ ഉരസ്ത്രാണവും നിര്‍മ്മിച്ചു. സ്വര്‍ണ്ണനൂലുകള്‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്‍മ്മയില്‍ നെയ്തെടുത്ത ചണത്തുണി എന്നിവയുപയോഗിച്ചാണ് അതു നിര്‍മ്മിച്ചത്.
9: ഉരസ്ത്രാണം സമചതുരത്തില്‍ രണ്ടുമടക്കുള്ളതായിരുന്നു. അതിന് ഒരുചാണ്‍ നീളവും ഒരുചാണ്‍ വീതിയുമുണ്ടായിരുന്നു. അതിന്മേല്‍ അവര്‍ നാലുനിര രത്നങ്ങള്‍ പതിച്ചു.
10: ആദ്യത്തെ നിരയില്‍ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം;
11: രണ്ടാമത്തെ നിരയില്‍ മരതകം, ഇന്ദ്രനീലം, വജ്രം;
12: മൂന്നാമത്തെ നിരയില്‍ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം;
13: നാലാമത്തെ നിരയില്‍ പത്മരാഗം, ഗോമേദകം, സൂര്യകാന്തം. അലങ്കാരപ്പണിചെയ്ത സ്വര്‍ണ്ണത്തകിടിലാണ് ഈ രത്നങ്ങള്‍ പതിച്ചത്.
14: ഇസ്രായേലിൻ്റെ പന്ത്രണ്ടു പുത്രന്മാരുടെ പേരുകളനുസരിച്ച്, പന്ത്രണ്ടു രത്നങ്ങളുണ്ടായിരുന്നു. ഓരോ ഗോത്രത്തിൻ്റെയും പേര്, ഓരോ രത്നത്തിന്മേല്‍, മുദ്രപോലെ ആലേഖനംചെയ്തു.
15: അവര്‍ ഉരസ്ത്രാണത്തിനുവേണ്ടി തനിസ്വര്‍ണ്ണംകൊണ്ടു കയറുപോലെ പിണച്ചെടുത്ത തുടലുകള്‍ പണിതു;
16: രണ്ടു സ്വര്‍ണ്ണത്തകിടുകളും രണ്ടു സ്വര്‍ണ്ണവളയങ്ങളും ഉണ്ടാക്കി. വളയങ്ങള്‍ ഉരസ്ത്രാണത്തിൻ്റെ മുകളിലത്തെ രണ്ടു മൂലകളില്‍ ഘടിപ്പിച്ചു.
17: രണ്ടു സ്വര്‍ണ്ണത്തുടലുകള്‍ ഉരസ്ത്രാണത്തിൻ്റെ മൂലകളിലുള്ള വളയങ്ങളില്‍ കൊളുത്തി.
18: സ്വര്‍ണ്ണത്തുടലുകളുടെ മറ്റേയറ്റങ്ങള്‍ സ്വര്‍ണ്ണത്തകിടുകളില്‍ ഘടിപ്പിച്ച്, എഫോദിൻ്റെ മുന്‍ഭാഗത്ത്, അതിൻ്റെ തോള്‍വാറുകളില്‍ ബന്ധിച്ചു.
19: രണ്ടു സ്വര്‍ണ്ണവളയങ്ങളുണ്ടാക്കി അവ ഉരസ്ത്രാണത്തിൻ്റെ താഴത്തെകോണുകളില്‍ അവയുടെ ഉള്‍ഭാഗത്ത് എഫോദിനോടു ചേര്‍ത്തു ബന്ധിച്ചു.
20: രണ്ടു സ്വര്‍ണ്ണവളയങ്ങള്‍കൂടെ നിര്‍മ്മിച്ച്, അവ എഫോദിൻ്റെ തോള്‍വാറുകളുടെ താഴത്തെയറ്റങ്ങള്‍ക്കു മുന്‍ഭാഗത്ത്, അവയുടെ തുന്നലിനോടടുത്ത്, എഫോദിൻ്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളിലായി ബന്ധിച്ചു. 
21: കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, ഉരസ്ത്രാണം എഫോദിൻ്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളില്‍നിന്ന് ഇളകിപ്പോകാതിരിക്കാന്‍ അവയുടെ വളയങ്ങള്‍ ഒരു നീലച്ചരടുകൊണ്ടു ബന്ധിച്ചു.
22: എഫോദിൻ്റെ നിലയങ്കി നീലനിറത്തില്‍ നെയ്‌തെടുത്തു;
23: തല കടത്താന്‍ അതിൻ്റെ നടുവില്‍ ഒരു ദ്വാരമുണ്ടായിരുന്നു. ധരിക്കുമ്പോള്‍ കീറിപ്പോകാതിരിക്കാന്‍ ഉടുപ്പുകള്‍ക്കു ചെയ്യാറുള്ളതുപോലെ, ദ്വാരത്തിനുചുറ്റും ഒരു നാട തുന്നിച്ചേര്‍ത്തു.
24: നിലയങ്കിയുടെ വിളുമ്പിനുചുറ്റും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളുള്ള, പിരിച്ച ചണനൂലുകൊണ്ടു മാതളനാരങ്ങകള്‍ തുന്നിച്ചേര്‍ത്തു.
25: അവര്‍ തനിസ്വര്‍ണ്ണംകൊണ്ടു മണികളുണ്ടാക്കി, നിലയങ്കിയുടെ വിളുമ്പിനുചുറ്റും മാതളനാരങ്ങകളുടെയിടയില്‍ ബന്ധിച്ചു.
26: കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, ശുശ്രൂഷയ്ക്കുള്ള നിലയങ്കിയുടെ വിളുമ്പിനുചുറ്റും ഒന്നിടവിട്ടു മണികളും മാതളനാരങ്ങകളുമുണ്ടായിരുന്നു.
27: അവര്‍ അഹറോനും അവൻ്റെ പുത്രന്മാര്‍ക്കുംവേണ്ടി നേര്‍ത്ത ചണംകൊണ്ട്, അങ്കികള്‍ നെയ്തു. 
28: നേരിയ ചണംകൊണ്ടു തലപ്പാവും തൊപ്പികളും, നേരിയ ചണച്ചരടുകൊണ്ടു കാല്‍ച്ചട്ടയുമുണ്ടാക്കി.
29: കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, അവര്‍ നേര്‍ത്തചണത്തുണിയും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളുള്ള നൂലുകളുമുപയോഗിച്ചു ചിത്രത്തയ്യലില്‍ അരപ്പട്ടയുണ്ടാക്കി.
30: വിശുദ്ധ കിരീടത്തിൻ്റെ തകിട്, അവര്‍ തനിസ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിച്ച്, അതിന്മേല്‍ ഒരു മുദ്രയെന്നപോലെ, 'കര്‍ത്താവിനു സമര്‍പ്പിതന്‍' എന്നു കൊത്തിവച്ചു.
31: കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, തലപ്പാവിൻ്റെ മുന്‍വശത്തു ബന്ധിക്കാന്‍ തകിടിന്മേല്‍ ഒരു നീലച്ചരടു പിടിപ്പിച്ചു.
32: ഇങ്ങനെ, സമാഗമകൂടാരത്തിൻ്റെ പണികളെല്ലാമവസാനിച്ചു. കര്‍ത്താവു മോശയോടു കല്പിച്ചതനുസരിച്ച്, ഇസ്രായേല്‍ജനം എല്ലാക്കാര്യങ്ങളും ചെയ്തു.
33: അവര്‍ കൂടാരം അതിൻ്റെ എല്ലാ ഉപകരണങ്ങളോടുംകൂടെ മോശയുടെയടുക്കല്‍കൊണ്ടുവന്നു: കൊളുത്തുകള്‍, പലകകള്‍, അഴികള്‍, തൂണുകള്‍, പാദകുടങ്ങള്‍; 
34: ഊറയ്ക്കിട്ട മുട്ടാടിന്‍തോലുകൊണ്ടുള്ള വിരി, നിലക്കരടിത്തോലുകൊണ്ടുള്ള വിരി, തിരശ്ശീല;
35: സാക്ഷ്യപേടകം, അതിൻ്റെ തണ്ടുകള്‍, കൃപാസനം;
36: മേശ, അതിൻ്റെ ഉപകരണങ്ങള്‍, തിരുസാന്നിദ്ധ്യത്തിൻ്റെ അപ്പം;
37: തനിസ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിച്ച വിളക്കുകാല്‍, അതിലെ ദീപനിര, അതിൻ്റെ ഉപകരണങ്ങള്‍, വിളക്കിനുള്ള എണ്ണ;
38: സ്വര്‍ണ്ണബലിപീഠം, അഭിഷേകതൈലം, പരിമളധൂപത്തിനുള്ള സുഗന്ധദ്രവ്യങ്ങള്‍, കൂടാരവാതിലിൻ്റെ യവനിക;
39: ഓടുകൊണ്ടുള്ള ബലിപീഠം, ചട്ടക്കൂട്, തണ്ടുകള്‍, ഉപകരണങ്ങള്‍, ക്ഷാളനപാത്രം, അതിൻ്റെ പീഠം;
40: അങ്കണത്തിൻ്റെ മറകള്‍, തൂണുകള്‍, പാദകുടങ്ങള്‍, അങ്കണകവാടത്തിൻ്റെ യവനിക, കയറുകള്‍, കുറ്റികള്‍, സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുള്ള പാത്രങ്ങള്‍;
41: വിശുദ്ധസ്ഥലത്തെ ശുശ്രൂഷയ്ക്കുവേണ്ട വിശുദ്ധവസ്ത്രങ്ങള്‍, പുരോഹിതനായ അഹറോൻ്റെ വിശുദ്ധവസ്ത്രങ്ങള്‍, അവൻ്റെ പുത്രന്മാര്‍ പുരോഹിതശുശ്രൂഷയ്ക്കണിയേണ്ട വസ്ത്രങ്ങള്‍.
42: കര്‍ത്താവു മോശയോടു കല്പിച്ചതുപോലെതന്നെ, ഇസ്രായേല്‍ജനം ഇവയെല്ലാമുണ്ടാക്കി.
43: അവര്‍ചെയ്ത ജോലികളെല്ലാം മോശ പരിശോധിച്ചു. കര്‍ത്താവു കല്പിച്ചതുപോലെതന്നെ അവര്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. മോശ അവരെയനുഗ്രഹിച്ചു.

അദ്ധ്യായം 40

കൂടാരപ്രതിഷ്ഠ

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: ഒന്നാംമാസത്തിൻ്റെ ഒന്നാംദിവസം, നീ സമാഗമകൂടാരം സ്ഥാപിക്കണം.
3: സാക്ഷ്യപേടകം അതിനുള്ളില്‍ പ്രതിഷ്ഠിച്ചു തിരശ്ശീലകൊണ്ടു മറയ്ക്കണം.
4: മേശ കൊണ്ടുവന്ന്, അതിൻ്റെ ഉപകരണങ്ങളെല്ലാം അതിന്മേല്‍ ക്രമപ്പെടുത്തിവയ്ക്കണം. വിളക്കുകാല്‍ കൊണ്ടുവന്ന്, അതിന്മേല്‍ വിളക്കുകളുറപ്പിക്കുക.
5: ധൂപാര്‍ച്ചനയ്ക്കുള്ള സ്വര്‍ണ്ണപീഠം സാക്ഷ്യപേടകത്തിൻ്റെ മുമ്പില്‍ സ്ഥാപിക്കുകയും കൂടാരവാതിലിനു യവനികയിടുകയും വേണം.
6: സമാഗമകൂടാരത്തിൻ്റെ വാതിലിനുമുമ്പില്‍ നീ ദഹനബലിപീഠം സ്ഥാപിക്കണം.
7: സമാഗമകൂടാരത്തിൻ്റെയും ബലിപീഠത്തിൻ്റെയുംമദ്ധ്യേ, ക്ഷാളനപാത്രംവച്ച്, അതില്‍ വെള്ളമൊഴിക്കുക.
8: ചുറ്റും അങ്കണമൊരുക്കി അങ്കണകവാടത്തില്‍ യവനിക തൂക്കിയിടണം.
9: അതിനുശേഷം, അഭിഷേകതൈലമെടുത്തു കൂടാരവും അതിലുള്ള സകലതും അഭിഷേചിക്കുക. അങ്ങനെ കൂടാരവും അതിലെ ഉപകരണങ്ങളും ശുദ്ധീകരിക്കുക. അവ വിശുദ്ധമാകും.
10: ദഹനബലിപീഠവും അതിലെ ഉപകരണങ്ങളും അഭിഷേചിച്ചു ശുദ്ധീകരിക്കുക.
11: ബലിപീഠം അതിവിശുദ്ധമാകും. ക്ഷാളനപാത്രവും അതിൻ്റെ പീഠവും അഭിഷേചിച്ചു ശുദ്ധീകരിക്കണം.
12: അനന്തരം, അഹറോനെയും അവൻ്റെ പുത്രന്മാരെയും സമാഗമകൂടാരത്തിൻ്റെ വാതില്ക്കല്‍ കൊണ്ടുവന്നു വെള്ളംകൊണ്ടു കഴുകണം.
13: അഹറോനെ നീ വിശുദ്ധവസ്ത്രങ്ങളണിയിക്കുകയും അഭിഷേചിച്ചു ശുദ്ധീകരിക്കുകയുംവേണം. അങ്ങനെ, അവന്‍ പുരോഹിതപദവിയില്‍ എന്നെ ശുശ്രൂഷിക്കട്ടെ.
14: അവൻ്റെ പുത്രന്മാരെക്കൊണ്ടുവന്ന് അങ്കികളണിയിക്കണം.
15: അവരുടെ പിതാവിനെ അഭിഷേചിച്ചതുപോലെ അവരെയും അഭിഷേകംചെയ്യണം. പുരോഹിതരെന്നനിലയില്‍ അവര്‍ എനിക്കു ശുശ്രൂഷചെയ്യട്ടെ. അവരുടെ ഈ അഭിഷേകം അവരെ തലമുറകളിലൂടെ നിലനില്ക്കുന്ന നിത്യപൗരോഹിത്യത്തില്‍ ഭാഗഭാക്കുകളാക്കും.
16: മോശ അപ്രകാരം പ്രവര്‍ത്തിച്ചു; കര്‍ത്താവു തന്നോടുകല്പിച്ചതെല്ലാം അവനനുഷ്ഠിച്ചു.
17: രണ്ടാംവര്‍ഷം, ഒന്നാംമാസം ,ഒന്നാംദിവസം കൂടാരം സ്ഥാപിക്കപ്പെട്ടു.
18: മോശ കൂടാരമുയര്‍ത്തി; അതിൻ്റെ പാദകുടങ്ങളുറപ്പിച്ചു; പലകകള്‍ പിടിപ്പിച്ചു; അഴികള്‍ നിരത്തി, തൂണുകള്‍ നാട്ടി.
19: കര്‍ത്താവു കല്പിച്ചതുപോലെ, മോശ കൂടാരത്തിൻ്റെ വിതാനമൊരുക്കി, വിരികള്‍ നിരത്തി.
20: അവന്‍ ഉടമ്പടിപ്പത്രികയെടുത്തു പേടകത്തില്‍ വച്ചു. തണ്ടുകള്‍ പേടകത്തോടു ഘടിപ്പിച്ചു. പേടകത്തിനുമീതേ കൃപാസനം സ്ഥാപിക്കുകയും ചെയ്തു.
21: കര്‍ത്താവു കല്പിച്ചതുപോലെ, മോശ സാക്ഷ്യപേടകം കൂടാരത്തിനുള്ളിലേക്കു കൊണ്ടുവന്നു. അതു തിരശ്ശീലകൊണ്ടു മറച്ചു.
22: അവന്‍ സമാഗമകൂടാരത്തില്‍ ശ്രീകോവിലിൻ്റെ വടക്കുവശത്തായി യവനികയ്ക്കു വെളിയില്‍ മേശ സ്ഥാപിച്ചു.
23: അതിന്മേല്‍ കര്‍ത്താവു കല്പിച്ചതുപോലെ അവിടുത്തെ മുമ്പില്‍, ക്രമപ്രകാരം അപ്പവും വച്ചു.
24: സമാഗമകൂടാരത്തില്‍ മേശയ്‌ക്കെതിരായി ശ്രീകോവിലിൻ്റെ തെക്കുവശത്തു വിളക്കുകാല്‍ സ്ഥാപിച്ചു.
25: കര്‍ത്താവു കല്പിച്ചതുപോലെ, മോശ കര്‍ത്താവിൻ്റെ മുമ്പില്‍ വിളക്കുകള്‍ വച്ചു.
26: സമാഗമകൂടാരത്തില്‍ തിരശ്ശീലയുടെമുമ്പില്‍ ധൂപാര്‍ച്ചനയ്ക്കുള്ള സ്വര്‍ണ്ണപീഠം സ്ഥാപിച്ചു.
27: കര്‍ത്താവു കല്പിച്ചതുപോലെ, മോശ അതിന്മേല്‍ പരിമളദ്രവ്യങ്ങള്‍ പുകച്ചു.
28: കൂടാരത്തിൻ്റെ വാതില്‍ക്കല്‍ തിരശ്ശീല തൂക്കിയിട്ടു.
29: കര്‍ത്താവു കല്പിച്ചതുപോലെ സമാഗമകൂടാരത്തിൻ്റെ വാതില്ക്കല്‍ ദഹനബലിപീഠം സ്ഥാപിക്കുകയും അതിന്മേല്‍ ദഹനബലിയും ധാന്യബലിയും അര്‍പ്പിക്കുകയും ചെയ്തു.
30: സമാഗമകൂടാരത്തിനും ബലിപീഠത്തിനുംമദ്ധ്യേ ക്ഷാളനപാത്രംവച്ച് അതില്‍ ക്ഷാളനത്തിനുള്ള വെള്ളമൊഴിച്ചു.
31: ഈ വെള്ളംകൊണ്ടു മോശയും അഹറോനും അഹറോൻ്റെ പുത്രന്മാരും കൈകാലുകള്‍ കഴുകി.
32: കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, അവര്‍ സമാഗമകൂടാരത്തില്‍ പ്രവേശിക്കുമ്പോഴും ബലിപീഠത്തെ സമീപിക്കുമ്പോഴും ക്ഷാളനകര്‍മ്മം അനുഷ്ഠിച്ചുപോന്നു.
33: അവന്‍ കൂടാരത്തിനും ബലിപീഠത്തിനും ചുറ്റും അങ്കണമുണ്ടാക്കി. അങ്കണകവാടത്തില്‍ യവനികയിട്ടു. അങ്ങനെ, മോശ ജോലിചെയ്തുതീര്‍ത്തു.

കര്‍ത്താവിൻ്റെ സാന്നിദ്ധ്യം

34: അപ്പോള്‍ ഒരു മേഘം സമാഗമകൂടാരത്തെ ആവരണംചെയ്തു. കര്‍ത്താവിൻ്റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നു.
35: മോശയ്ക്കു സമാഗമകൂടാരത്തില്‍ പ്രവേശിക്കാൻ കഴിഞ്ഞില്ല; കാരണം, മേഘം അതിനെ ആവരണംചെയ്തിരുന്നു. കര്‍ത്താവിൻ്റെ മഹത്വം, കൂടാരത്തില്‍ നിറഞ്ഞുനിന്നിരുന്നു.
36: മേഘം കൂടാരത്തില്‍നിന്ന് ഉയരുമ്പോഴാണ് ഇസ്രായേല്‍ജനം യാത്രപുറപ്പെട്ടിരുന്നത്.
37: മേഘമുയര്‍ന്നില്ലെങ്കില്‍, അതുയരുന്ന ദിവസംവരെ അവര്‍ പുറപ്പെട്ടിരുന്നില്ല.
38: കര്‍ത്താവിൻ്റെ മേഘം ,പകല്‍സമയത്തു കൂടാരത്തിനു മുകളില്‍ നിലകൊണ്ടിരുന്നു; രാത്രിസമയത്തു മേഘത്തില്‍ അഗ്നി ജ്വലിച്ചിരുന്നു. ഇസ്രായേല്‍ജനം യാത്രയുടെ ഓരോഘട്ടത്തിലും ഇതു ദര്‍ശിച്ചു

ഇരുപത്തിയാറാം ദിവസം: പുറപ്പാട് 34 - 36


അദ്ധ്യായം 34

വീണ്ടും ഉടമ്പടിപ്പത്രിക
1: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ആദ്യത്തേതുപോലുള്ള രണ്ടു കല്പലകള്‍ ചെത്തിയെടുക്കുക. നീ ഉടച്ചുകളഞ്ഞ പലകകളിലുണ്ടായിരുന്ന വാക്കുകള്‍തന്നെ, ഞാനതിലെഴുതാം.
2: പ്രഭാതത്തില്‍ത്തന്നെ തയ്യാറായി, സീനായ്‌മലമുകളില്‍ എൻ്റെമുമ്പില്‍ നീ സന്നിഹിതനാകണം.
3: ആരും നിന്നോടൊന്നിച്ചു കയറിവരരുത്. മലയിലെങ്ങും ആരുമുണ്ടായിരിക്കുകയുമരുത്. മലയുടെയടുത്തെങ്ങും ആടുകളോ മാടുകളോ മേയരുത്.
4: ആദ്യത്തേതുപോലുളള രണ്ടു കല്പലക മോശ ചെത്തിയെടുത്തു. കര്‍ത്താവു കല്പിച്ചതനുസരിച്ച്, അവന്‍ അതിരാവിലെയെഴുന്നേറ്റ്, കല്പലകകള്‍ കൈയ്യിലെടുത്തു സീനായ്‌മലയിലേക്കു കയറിപ്പോയി.
5: കര്‍ത്താവു മേഘത്തിലിറങ്ങിവന്ന്, അവൻ്റെയടുക്കല്‍ നില്ക്കുകയും 'കര്‍ത്താവ്' എന്ന തൻ്റെ നാമം പ്രഖ്യാപിക്കുകയും ചെയ്തു.
6: അവിടുന്ന്, ഇപ്രകാരം ഉദ്‌ഘോഷിച്ചുകൊണ്ട് അവൻ്റെ മുമ്പിലൂടെ കടന്നുപോയി: കര്‍ത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്‌നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍;
7: തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ട്, ആയിരങ്ങളോടു കരുണകാണിക്കുന്നവന്‍; എന്നാല്‍, കുറ്റവാളിയുടെനേരേ കണ്ണടയ്ക്കാതെ പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്കു മക്കളെയും മക്കളുടെ മക്കളെയും മൂന്നും നാലും തലമുറയോളം ശിക്ഷിക്കുന്നവന്‍.
8: മോശ ഉടനെ നിലംപറ്റെ കുമ്പിട്ടാരാധിച്ചു.
9: അവന്‍ പറഞ്ഞു: അങ്ങെന്നിൽ സംപ്രീതനെങ്കില്‍, കര്‍ത്താവേ, അങ്ങയോടു ഞാനപേക്ഷിക്കുന്നു: ഞങ്ങള്‍ ദുശ്ശാഠ്യക്കാരാണെങ്കിലും അങ്ങു ഞങ്ങളോടുകൂടെ വരണമേ! ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ക്ഷമിക്കുകയും ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിക്കുകയും ചെയ്യണമേ!
10: അവിടുന്നരുളിച്ചെയ്തു: ഇതാ, ഞാന്‍ ഒരുടമ്പടിചെയ്യുന്നു. ലോകത്തിലൊരിടത്തും ഒരു ജനതയുടെയിടയിലും നടന്നിട്ടില്ലാത്തതരം അദ്ഭുതങ്ങള്‍ നിൻ്റെ ജനത്തിൻ്റെമുമ്പില്‍ ഞാന്‍ പ്രവര്‍ത്തിക്കും; നിൻ്റെ ചുറ്റുമുള്ള ജനതകള്‍ കര്‍ത്താവിൻ്റെ പ്രവൃത്തി കാണും. നിനക്കുവേണ്ടി ഞാന്‍ ചെയ്യാന്‍പോകുന്നതു ഭയാനകമായൊരു കാര്യമാണ്.
11: ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്നതു നീയനുസരിക്കണം. നിൻ്റെമുമ്പില്‍നിന്ന് അമോര്യരെയും കാനാന്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാനോടിക്കും.
12: നിങ്ങള്‍ പ്രവേശിക്കുന്ന ദേശത്തെ നിവാസികളുമായി ഒരുടമ്പടിയിലുമേര്‍പ്പെടരുത്. ഏര്‍പ്പെട്ടാല്‍, അതു നിങ്ങള്‍ക്കൊരു കെണിയായിത്തീരും.
13: നിങ്ങള്‍ അവരുടെ ബലിപീഠങ്ങളും വിശുദ്ധസ്തംഭങ്ങളും തകര്‍ക്കുകയും അഷേരാദേവതയുടെ പ്രതിഷ്ഠകള്‍ നശിപ്പിക്കുകയും ചെയ്യണം.
14: മറ്റൊരു ദൈവത്തെയും ആരാധിക്കരുത്. എന്തെന്നാല്‍, അസഹിഷ്ണു എന്നുപേരുള്ള കര്‍ത്താവ് അസഹിഷ്ണുവായ ദൈവംതന്നെ.
15: ആ ദേശത്തെ നിവാസികളുമായി നിങ്ങള്‍, ഉടമ്പടിചെയ്യരുത്. ചെയ്താല്‍, തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും അവര്‍ക്കു ബലിയര്‍പ്പിക്കുകയുംചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ ക്ഷണിക്കുകയും അവരുടെ ബലിവസ്തു ഭക്ഷിക്കാന്‍ നിങ്ങള്‍ക്കിടവരുകയുംചെയ്‌തേക്കാം.
16: അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാരെക്കൊണ്ടു വിവാഹംകഴിപ്പിക്കുകയും ആ പുത്രിമാര്‍ തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും നിങ്ങളുടെ പുത്രന്മാരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്‌തെന്നുവരാം.
 17: നിങ്ങള്‍ക്കായി ദേവന്മാരെ വാര്‍ത്തുണ്ടാക്കരുത്.
18: പുളിപ്പില്ലാത്ത അപ്പത്തിൻ്റെ തിരുനാള്‍ നിങ്ങളാചരിക്കണം. ഞാന്‍ കല്പിച്ചിട്ടുള്ളതുപോലെ അബീബുമാസത്തില്‍ ഏഴു നിശ്ചിതദിവസങ്ങളില്‍ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. കാരണം, അബീബു മാസത്തിലാണു നിങ്ങള്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടത്.
19: ആദ്യജാതരെല്ലാം എനിക്കുള്ളതാണ്; ആടുമാടുകളുടെ കടിഞ്ഞൂലുകളും എന്റേതാണ്.
20: കഴുതയുടെ കടിഞ്ഞൂലിനെ ഒരാട്ടിന്‍കുട്ടിയെ നല്കി വീണ്ടെടുക്കാം. വീണ്ടെടുക്കുന്നില്ലെങ്കില്‍, അതിനെ കഴുത്തുഞെരിച്ചു കൊല്ലണം. നിങ്ങളുടെ പുത്രന്മാരില്‍, എല്ലാ ആദ്യജാതരെയും വീണ്ടടുക്കണം. വെറുംകൈയോടെ ആരും എൻ്റെമുമ്പില്‍ വന്നുകൂടാ. ആറുദിവസം നിങ്ങള്‍ ജോലി ചെയ്യുക.
21: ഏഴാംദിവസം വിശ്രമിക്കണം; ഉഴവുകാലത്തോ, കൊയ്ത്തുകാലത്തോ ആയാലും വിശ്രമിക്കണം.
22: ഗോതമ്പുവിളയുടെ ആദ്യഫലങ്ങള്‍കൊണ്ടു നിങ്ങള്‍ വാരോത്സവമാഘോഷിക്കണം; വര്‍ഷാവസാനം സംഭരണത്തിരുന്നാളും.
23: വര്‍ഷത്തില്‍ മൂന്നുതവണ നിങ്ങളുടെ പുരുഷന്മാരെല്ലാവരും ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിൻ്റെമുമ്പില്‍ ഹാജരാകണം.
24: ഞാന്‍ നിങ്ങളുടെ മുമ്പില്‍നിന്നു ജനതകളെ നിഷ്‌കാസനം ചെയ്യും. നിങ്ങളുടെ അതിര്‍ത്തികള്‍ ഞാന്‍ വിപുലമാക്കും. വര്‍ഷത്തില്‍ മൂന്നുപ്രാവശ്യം നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെമുമ്പില്‍ ഹാജരാകാന്‍വേണ്ടി നിങ്ങള്‍ പോകുമ്പോള്‍ ആരും നിങ്ങളുടെ ഭൂമി കൈയടക്കാന്‍ ശ്രമിക്കുകയില്ല.
25: പുളിപ്പുള്ള അപ്പത്തോടൊപ്പം എനിക്കു രക്തബലിയര്‍പ്പിക്കരുത്. പെസഹാത്തിരുനാളിലെ ബലിവസ്തു, പ്രഭാതംവരെ അവശേഷിക്കുകയുമരുത്.
26: ഭൂമിയുടെ ആദ്യഫലങ്ങളില്‍ ഏറ്റവും മികച്ചതു നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ ആലയത്തില്‍ കൊണ്ടുവരണം. ആട്ടിന്‍കുട്ടിയെ അതിൻ്റെ തള്ളയുടെ പാലില്‍ വേവിക്കരുത്.
27: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഈ വചനങ്ങള്‍ രേഖപ്പെടുത്തുക. നിന്നോടും ഇസ്രായേല്‍ജനത്തോടും ഞാന്‍ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥകളാണിവ.
28: മോശ നാല്പതുപകലും നാല്പതുരാവും കര്‍ത്താവിനോടുകൂടെ അവിടെ ചെലവഴിച്ചു. അവന്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ ചെയ്തില്ല. ഉടമ്പടിയുടെ വചനങ്ങളായ പത്തുപ്രമാണങ്ങള്‍ അവന്‍ പലകകളിലെഴുതി.
29: രണ്ടു സാക്ഷ്യഫലകങ്ങളും വഹിച്ചുകൊണ്ടു മോശ സീനായ്‌മലയില്‍നിന്നു താഴേക്കുവന്നു. ദൈവവുമായി സംസാരിച്ചതിനാല്‍ തൻ്റെ മുഖം തേജോമയമായി എന്നകാര്യം അവനറിഞ്ഞില്ല.
30: അഹറോനും ഇസ്രായേല്‍ജനവും മോശയുടെ മുഖം പ്രശോഭിക്കുന്നതു കണ്ടു. അവനെ സമീപിക്കാന്‍ അവര്‍ ഭയപ്പെട്ടു.
31: മോശ അവരെ വിളിച്ചു. അഹറോനും സമൂഹനേതാക്കന്മാരും അടുത്തുചെന്നു.
32: മോശ അവരോടു സംസാരിച്ചു. അനന്തരം, ജനം അടുത്തുചെന്നു. സീനായ്‌മലയില്‍വച്ചു കര്‍ത്താവു തന്നോടു സംസാരിച്ചതെല്ലാം അവന്‍ അവര്‍ക്കു കല്പനയായി നല്കി.
33: സംസാരിച്ചു തീര്‍ന്നപ്പോള്‍ മോശ ഒരു മൂടുപടംകൊണ്ടു മുഖംമറച്ചു.
34: അവന്‍ കര്‍ത്താവിനോടു സംസാരിക്കാന്‍ തിരുമുമ്പില്‍ ചെല്ലുമ്പോഴോ, അവിടെനിന്നു പുറത്തുവരുന്നതുവരെയോ മൂടുപടം ധരിച്ചിരുന്നില്ല. അവന്‍ പുറത്തുവന്ന്, അവിടുന്ന് തന്നോടു കല്പിച്ചവയെല്ലാം ഇസ്രായേല്‍ജനത്തോടു പറഞ്ഞിരുന്നു.
35: ഇസ്രായേല്‍ജനം മോശയുടെ മുഖം കണ്ടു; മോശയുടെ മുഖം പ്രകാശിച്ചിരുന്നു. കര്‍ത്താവിനോടു സംസാരിക്കാന്‍ അകത്തു പ്രവേശിക്കുന്നതുവരെ മോശ മുഖംമറച്ചിരുന്നു.

അദ്ധ്യായം 35

സാബത്തു വിശ്രമം
1: മോശ ഇസ്രായേല്‍ സമൂഹത്തെ വിളിച്ചുകൂട്ടിപ്പറഞ്ഞു: നിങ്ങളനുഷ്ഠിക്കണമെന്നു കര്‍ത്താവു കല്പിച്ചിട്ടുള്ളത് ഇവയാണ്:
2: ആറുദിവസം ജോലിചെയ്യുക. ഏഴാംദിവസം നിങ്ങള്‍ക്കു വിശുദ്ധദിനമായിരിക്കണം - കര്‍ത്താവിനു സമര്‍പ്പിതവും വിശ്രമത്തിനുള്ളതുമായ സാബത്തുദിനം. അന്നു ജോലിചെയ്യുന്ന ഏവനും വധിക്കപ്പെടണം.
3: നിങ്ങളുടെ വസതികളില്‍ അന്നു തീ കത്തിക്കരുത്.

കൂടാരനിര്‍മ്മാണത്തിനു കാഴ്ചകള്‍
4: ഇസ്രായേല്‍സമൂഹത്തോടു മോശ പറഞ്ഞു: ഇതാണു കര്‍ത്താവു കല്പിച്ചിരിക്കുന്നത്.
5: നിങ്ങള്‍ കര്‍ത്താവിനു കാണിക്കകൊണ്ടുവരുവിന്‍. ഉദാരമനസ്‌കര്‍ കര്‍ത്താവിനു കാഴ്ചകൊണ്ടുവരട്ടെ: സ്വര്‍ണ്ണം, വെള്ളി, ഓട്,
6: നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളിലുള്ള നൂലുകള്‍, നേര്‍മ്മയില്‍ നെയ്‌തെടുത്ത ചണവസ്ത്രം, കോലാട്ടിന്‍രോമം;
7: ഊറയ്ക്കിട്ട മുട്ടാടിന്‍തോല്, നിലക്കരടിത്തോല്, കരുവേലത്തടി,
8: വിളക്കിനുള്ള എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനുമുള്ള സുഗന്ധവസ്തുക്കള്‍;
9: ഗോമേദകരത്നങ്ങള്‍, എഫോദിനും ഉരസ്ത്രാണത്തിനുമുള്ള രത്നങ്ങള്‍.
10: നിങ്ങളില്‍ ശില്പവൈദഗ്ദ്ധ്യമുള്ളവര്‍ മുമ്പോട്ടുവന്ന്, കര്‍ത്താവാജ്ഞാപിച്ചിരിക്കുന്നവയെല്ലാം നിര്‍മ്മിക്കട്ടെ:
11: വിശുദ്ധ കൂടാരം, അതിൻ്റെ വിരികള്‍, കൊളുത്തുകള്‍, ചട്ടങ്ങള്‍, അഴികള്‍, തൂണുകള്‍, അവയുടെ പാദകുടങ്ങള്‍;
12: പേടകം, അതിൻ്റെ തണ്ടുകള്‍, കൃപാസനം, തിരശ്ശീല;
13: മേശ, അതിൻ്റെ തണ്ടുകള്‍, ഉപകരണങ്ങള്‍, തിരുസാന്നിദ്ധ്യത്തിൻ്റെ അപ്പം;
14: വിളക്കുകാല്, അതിൻ്റെ ഉപകരണങ്ങള്‍, വിളക്കുകള്‍, എണ്ണ,
15: ധൂപപീഠം, അതിൻ്റെ തണ്ടുകള്‍, അഭിഷേകതൈലം, ധൂപത്തിനുള്ള സുഗന്ധദ്രവ്യം, കൂടാരവാതിലിനുവേണ്ട യവനിക;
16: ദഹനബലിപീഠം, ഓടുകൊണ്ടുള്ള അതിൻ്റെ ചട്ടക്കൂട്, തണ്ടുകള്‍, മറ്റുപകരണങ്ങള്‍, ക്ഷാളനപാത്രം, അതിൻ്റെ പീഠം;
17: അങ്കണത്തെ മറയ്ക്കുന്ന വിരികള്‍, അവയ്ക്കുള്ള തൂണുകള്‍, അവയുടെ പാദകുടങ്ങള്‍, അങ്കണ കവാടത്തിൻ്റെ യവനിക;
18: കൂടാരത്തിനും അങ്കണത്തിനുംവേണ്ട കുറ്റികള്‍, കയറുകള്‍;
19: വിശുദ്ധ സ്ഥലത്തെ ശുശ്രൂഷയ്ക്കുവേണ്ട തിരുവസ്ത്രങ്ങള്‍, പുരോഹിതനായ അഹറോനും പുരോഹിതശുശ്രൂഷചെയ്യുന്ന അവൻ്റെ പുത്രന്മാര്‍ക്കുമണിയാനുള്ള വിശുദ്ധവസ്ത്രങ്ങള്‍.
20: ഇസ്രായേല്‍സമൂഹം മോശയുടെ മുമ്പില്‍നിന്നു പിരിഞ്ഞുപോയി.
21: ആന്തരികപ്രചോദനം ലഭിച്ച ഉദാരമനസ്കര്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍ കാഴ്ചകള്‍ കൊണ്ടുവന്നു. അതു സമാഗമകൂടാരത്തിനും അതിലെ ശുശ്രൂഷയ്ക്കും വിശുദ്ധവസ്ത്രങ്ങള്‍ക്കുംവേണ്ടിയുള്ളതായിരുന്നു.
22: ഉദാരമനസ്‌കരായ സ്ത്രീപുരുഷന്മാര്‍ കാഴ്ചകളുമായിവന്നു. അവര്‍ സൂചിപ്പതക്കങ്ങളും കര്‍ണ്ണവളയങ്ങളും അംഗുലീയങ്ങളും തോള്‍വളകളും എല്ലാത്തരം സ്വര്‍ണ്ണാഭരണങ്ങളും കൊണ്ടുവന്നു. അങ്ങനെ, ഓരോരുത്തരും കര്‍ത്താവിനു സ്വര്‍ണ്ണംകൊണ്ടുള്ള കാഴ്ചസമര്‍പ്പിച്ചു.
23: ഓരോരുത്തരും കൈവശമുണ്ടായിരുന്ന നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകളും നേര്‍മ്മയുള്ള ചണത്തുണിയും കോലാട്ടിന്‍രോമവും ഊറയ്ക്കിട്ട മുട്ടാടിന്‍തോലും നിലക്കരടിത്തോലും കൊണ്ടുവന്നു.
24: വെള്ളിയോ, ഓടോ അര്‍പ്പിക്കാൻ കഴിവുണ്ടായിരുന്നവര്‍ അതു കൊണ്ടുവന്നു കര്‍ത്താവിനു കാഴ്ചവെച്ചു. ഏതെങ്കിലും പണിക്കുതകുന്ന കരുവേലത്തടി കൈവശമുണ്ടായിരുന്നവര്‍ അതുകൊണ്ടുവന്നു.
25: കരവിരുതുള്ള സ്ത്രീകള്‍ നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളില്‍ സ്വന്തം കൈകൊണ്ടു പിരിച്ചെടുത്ത നൂലുകളും നേര്‍മ്മയില്‍നെയ്ത ചണത്തുണിയും കൊണ്ടുവന്നു.
26: നൈപുണ്യവും സന്നദ്ധതയുമുണ്ടായിരുന്ന സ്ത്രീകള്‍, കോലാട്ടിന്‍രോമംകൊണ്ടു നൂലുണ്ടാക്കി.
27: നേതാക്കന്മാര്‍ എഫോദിനും ഉരസ്ത്രാണത്തിനുംവേണ്ട ഗോമേദകങ്ങളും മറ്റു രത്നങ്ങളും,
28: വിളക്കിനും അഭിഷേകതൈലത്തിനും ധൂപത്തിനും ആവശ്യമായ സുഗന്ധദ്രവ്യങ്ങളും എണ്ണയും കൊണ്ടുവന്നു.
29: കര്‍ത്താവു മോശവഴി ആജ്ഞാപിച്ച ജോലികളുടെ നിര്‍വഹണത്തിന്, ഇസ്രായേലിലെ സ്ത്രീപുരുഷന്മാരോരുത്തരും തങ്ങളുടെ ഉള്‍പ്രേരണയനുസരിച്ച്, ഓരോ സാധനം കൊണ്ടുവന്ന്, സ്വമേധയാ കര്‍ത്താവിനു കാഴ്ചവച്ചു.
30: മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: യൂദാഗോത്രത്തിലെ ഹൂറിൻ്റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ കര്‍ത്താവു പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു.
31: അവിടുന്ന്, അവനില്‍ ദൈവികചൈതന്യം നിറച്ചിരിക്കുന്നു. സാമര്‍ത്ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരം ശില്പവേലകളിലുമുള്ള വൈദഗ്ധ്യവുംനല്കി അവനെ അനുഗ്രഹിച്ചിരിക്കുന്നു.
32: കലാരൂപങ്ങള്‍ ആസൂത്രണംചെയ്യുക, സ്വര്‍ണ്ണം, വെള്ളി, ഓട് എന്നിവകൊണ്ടു പണിയുക,
33: പതിക്കാനുള്ള രത്നങ്ങള്‍ ചെത്തിമിനുക്കുക, തടിയില്‍ കൊത്തുപണിചെയ്യുക എന്നിങ്ങനെ എല്ലാത്തരം ശില്പവേലകള്‍ക്കുംവേണ്ടിയാണിത്.
34: അവിടുന്ന്, അവനും ദാന്‍ഗോത്രത്തിലെ അഹിസാമാക്കിൻ്റെ പുത്രന്‍ ഒഹോലിയാബിനും മറ്റുള്ളവരെ പഠിപ്പിക്കാന്‍തക്ക കഴിവു നല്കിയിരിക്കുന്നു.
35: കൊത്തുപണിക്കാരനോ രൂപസംവിധായകനോ നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളിലുള്ള നൂലുകൊണ്ടോ നേര്‍മ്മയില്‍ നെയ്‌തെടുത്ത ചണത്തുണിയിലോ ചിത്രത്തുന്നല്‍ നടത്തുന്നവനോ നെയ്ത്തുകാരനോ മറ്റേതെങ്കിലും തൊഴില്‍ക്കാരനോ ശില്പകലാവിദഗ്ദ്ധനോ ചെയ്യുന്ന ഏതുതരം ജോലിയിലുമേര്‍പ്പെടുന്നതിനുംവേണ്ട തികഞ്ഞകഴിവ്, അവിടുന്ന് അവര്‍ക്കു നല്കി.

അദ്ധ്യായം 36

വിശുദ്ധ കൂടാരത്തിൻ്റെ നിര്‍മ്മാണം
1: വിശുദ്ധ സ്ഥലത്തിൻ്റെ നിര്‍മ്മാണത്തിനായി ഏതുജോലിയുംചെയ്യാന്‍പോന്ന അറിവും സാമര്‍ത്ഥ്യവുംനല്കി കര്‍ത്താവനുഗ്രഹിച്ച ബസാലേലും ഒഹോലിയാബും കരവിരുതുള്ള മറ്റാളുകളും അവിടുന്നു കല്പിച്ചതനുസരിച്ചു ജോലിചെയ്യണം.
2: ബസാലേലിനെയും, ഒഹോലിയാബിനെയും കര്‍ത്താവ്, അറിവും സാമര്‍ത്ഥ്യവുംനല്കിയാനുഗ്രഹിച്ചവരും ജോലിചെയ്യാന്‍ ഉള്‍പ്രേരണ ലഭിച്ചവരുമായ എല്ലാവരെയും മോശ വിളിച്ചുകൂട്ടി.
3: വിശുദ്ധ കൂടാരത്തിൻ്റെ പണിക്കുവേണ്ടി ഇസ്രായേല്‍ജനം കൊണ്ടുവന്ന കാഴ്ചകളെല്ലാം മോശയുടെ അടുക്കല്‍നിന്ന് അവര്‍ സ്വീകരിച്ചു. എല്ലാ പ്രഭാതത്തിലും ജനങ്ങള്‍ സ്വമേധയാ കാഴ്ചകള്‍ കൊണ്ടുവന്നിരുന്നു.
4: അതിനാല്‍, വിശുദ്ധകൂടാരത്തിൻ്റെ വിവിധതരം പണികളിലേര്‍പ്പെട്ടിരുന്ന വിദഗ്ദ്ധന്മാരെല്ലാവരും ജോലിനിറുത്തി മോശയുടെയടുത്തു വന്നു.
5: അവര്‍ മോശയോടു പറഞ്ഞു: കര്‍ത്താവു നമ്മോടു കല്പിച്ചിട്ടുള്ള ജോലിക്കാവശ്യമായതില്‍ക്കൂടുതല്‍ വസ്തുക്കള്‍ ജനങ്ങള്‍ കൊണ്ടുവരുന്നു.
6: ഉടനെ മോശ പാളയത്തിലെങ്ങും ഒരു കല്പന വിളംബരംചെയ്തു. വിശുദ്ധകൂടാരത്തിനുവേണ്ടി പുരുഷനോ, സ്ത്രീയോ ആരും ഇനി കാണിക്ക കൊണ്ടുവരേണ്ടതില്ല. അങ്ങനെ, ജനങ്ങള്‍ കാണിക്ക കൊണ്ടുവരുന്നത് അവന്‍ നിയന്ത്രിച്ചു.
7: എല്ലാ പണികള്‍ക്കും ആവശ്യമായതില്‍ക്കവിഞ്ഞ വസ്തുക്കള്‍ അവര്‍ക്കു ലഭിച്ചിരുന്നു.
8: പണിയിലേര്‍പ്പെട്ടിരുന്നവരില്‍ വിദഗ്ദ്ധരായവര്‍ പത്തുവിരികള്‍കൊണ്ടു കൂടാരമുണ്ടാക്കി. അവ നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍നെയ്‌തെടുത്ത ചണത്തുണിയുംകൊണ്ടു നിര്‍മ്മിച്ചവയും കെരൂബുകളുടെ ചിത്രം തുന്നിയലങ്കരിച്ചവയുമായിരുന്നു.
9: ഓരോ വിരിയുടെയും നീളം ഇരുപത്തെട്ടുമുഴവും വീതി നാലുമുഴവുമായിരുന്നു. എല്ലാ വിരികളും ഒരേയളവിലുള്ളതായിരുന്നു.
10: അവര്‍ അഞ്ചുവിരികള്‍ ഒന്നിനൊന്നു യോജിപ്പിച്ചു; അതുപോലെ മറ്റേ അഞ്ചുവിരികളും.
11: ആദ്യഗണം വിരികളില്‍ അവസാനത്തേതിൻ്റെവക്കില്‍ നീല നൂലുകൊണ്ട് അവര്‍ വളയങ്ങള്‍ നിര്‍മ്മിച്ചു; അപ്രകാരംതന്നെ രണ്ടാംഗണം വിരികളില്‍ അവസാനത്തേതിൻ്റെ വക്കിലും.
12: ഒന്നാമത്തേതിലും രണ്ടാമത്തേതിലും അമ്പതുവളയങ്ങള്‍ വീതമുണ്ടാക്കി. ഒന്നിനുനേരേ, ഒന്നു വരത്തക്കവിധത്തിലാണ് വളയങ്ങള്‍ നിര്‍മ്മിച്ചത്.
13: അമ്പതു സ്വര്‍ണ്ണക്കൊളുത്തുകളുണ്ടാക്കി, വിരികള്‍ പരസ്പരം ബന്ധിച്ചു. അങ്ങനെ, കൂടാരം ഒന്നായിത്തീര്‍ന്നു.
14: കൂടാരത്തിൻ്റെ മുകള്‍ഭാഗം മൂടുന്നതിനു കോലാട്ടിന്‍രോമംകൊണ്ട് അവര്‍ പതിനൊന്നു വിരികളുണ്ടാക്കി.
15: ഓരോവിരിയുടെയും നീളം, മുപ്പതു മുഴവും വീതി, നാലു മുഴവുമായിരുന്നു. പതിനൊന്നു വിരികള്‍ക്കും ഒരേയളവുതന്നെ.
16: അവര്‍ അഞ്ചുവിരികള്‍ ഒന്നോടൊന്നു തുന്നിച്ചേര്‍ത്തു; അതുപോലെ മറ്റേ ആറുവിരികളും.
17: ഇരുഗണത്തെയും തമ്മില്‍ യോജിപ്പിക്കുന്ന വിരികളുടെ വിളുമ്പുകളില്‍ അമ്പതുവളയങ്ങള്‍വീതം നിര്‍മ്മിച്ചു.
18: കൂടാരം കൂട്ടിയോജിപ്പിക്കാന്‍ ഓടുകൊണ്ട്, അമ്പതു കൊളുത്തുകളുമുണ്ടാക്കി.
19: കൂടാരത്തിന് ഊറയ്ക്കിട്ട മുട്ടാടിന്‍തോലുകൊണ്ട് ഒരാവരണവും അതിനുമീതേ നിലക്കരടിത്തോലുകൊണ്ട് വേറൊരാവരണവും നിര്‍മ്മിച്ചു.
20: കൂടാരത്തിനു കരുവേലപ്പലകകള്‍കൊണ്ടു നിവര്‍ന്നുനില്ക്കുന്ന ചട്ടങ്ങളുമുണ്ടാക്കി.
21: ഓരോ പലകയുടെയും നീളം പത്തുമുഴമായിരുന്നു; വീതി ഒന്നരമുഴവും.
22: പലകകളെ തമ്മില്‍ച്ചേര്‍ക്കുന്നതിന് ഓരോ പലകയിലും ഈരണ്ടു കുടുമകള്‍ ഉണ്ടായിരുന്നു. എല്ലാ പലകകളും ഇങ്ങനെതന്നെയാണുണ്ടാക്കിയത്.
23: അവര്‍ കൂടാരത്തിനുള്ള ചട്ടപ്പലകകള്‍ ഇപ്രകാരമാണുണ്ടാക്കിയത്: തെക്കുവശത്ത് ഇരുപതുപലകകള്‍;
24: ഇരുപതു പലകകളുടെയടിയില്‍ വെള്ളികൊണ്ട് നാല്പതു പാദകുടങ്ങള്‍ - ഓരോ പലകയുടെയുമടിയില്‍ കുടുമയ്ക്ക് ഒന്നുവീതം രണ്ടു പാദകുടങ്ങള്‍.
25: കൂടാരത്തിൻ്റെ വടക്കുവശത്ത് അവര്‍ ഇരുപതു പലകകളുണ്ടാക്കി.
26: ഓരോ പലകയ്ക്കുമടിയില്‍ രണ്ടുവീതം വെള്ളികൊണ്ടുള്ള നാല്പതു പാദകുടങ്ങളുമുണ്ടാക്കി.
27: കൂടാരത്തിൻ്റെ പിന്‍ഭാഗമായ പടിഞ്ഞാറുവശത്ത്, ആറു പലകകളുണ്ടാക്കി;
28: കൂടാരത്തിൻ്റെ പിന്‍ഭാഗത്തെ രണ്ടു മൂലകള്‍ക്കായി രണ്ടു പലകകളും.
29: അവയുടെ ചുവടുകള്‍ അകത്തിയും മുകള്‍ഭാഗം ഒരു വളയംകൊണ്ടു യോജിപ്പിച്ചും നിറുത്തി. ഇരുമൂലകളിലുമുള്ള രണ്ടു പലകകള്‍ക്കും ഇപ്രകാരം ചെയ്തു.
30: അങ്ങനെ, എട്ടുപലകകളും, ഒരു പലകയുടെ അടിയില്‍ രണ്ടുവീതം വെള്ളികൊണ്ടുള്ള പതിനാറു പാദകുടങ്ങളുമുണ്ടായിരുന്നു.
31: കരുവേലത്തടികൊണ്ട് അവര്‍ അഴികള്‍ നിര്‍മ്മിച്ചു. കൂടാരത്തിൻ്റെ ഒരുവശത്തെ പലകകള്‍ക്ക്, അഞ്ചഴികള്‍.
32: മറുവശത്തുള്ള പലകകള്‍ക്കും അഞ്ചഴികള്‍. കൂടാരത്തിൻ്റെ പിന്‍ഭാഗമായ പടിഞ്ഞാറുവശത്തെ പലകകള്‍ക്കും അഞ്ചഴികള്‍.
33: നടുവിലുള്ള അഴി, പലകയുടെ പകുതി ഉയരത്തില്‍വച്ച് ഒരറ്റംമുതല്‍ മറ്റേയറ്റംവരെ കടത്തിവിട്ടു.
34: അവര്‍ പലകകളും അഴികളും സ്വര്‍ണ്ണംകൊണ്ടു പൊതിയുകയും അഴികള്‍ കടത്താനുള്ള വളയങ്ങള്‍ സ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിക്കുകയും ചെയ്തു.
35: നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍ നെയ്തെടുത്ത ചണത്തുണിയുമുപയോഗിച്ചു തിരശ്ശീലയുണ്ടാക്കി. കെരൂബുകളുടെ ചിത്രം വിദഗ്ദ്ധമായി തുന്നിച്ചേര്‍ത്ത് അതലങ്കരിച്ചു.
36: അവര്‍ കരുവേലത്തടികൊണ്ടു നാലുതൂണുകളുണ്ടാക്കി, സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു. അവയ്ക്കു സ്വര്‍ണ്ണംകൊണ്ടു കൊളുത്തുകളും വെള്ളികൊണ്ടു നാലുപാദകുടങ്ങളും പണിതു.
37: നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍നെയ്ത് ചിത്രത്തുന്നല്‍കൊണ്ട് അലങ്കരിച്ച ചണത്തുണിയുമുപയോഗിച്ച് കൂടാരവാതിലിന് അവര്‍ യവനികയുണ്ടാക്കി.
38: അതിനായി അഞ്ചുതൂണുകളും അവയില്‍ കൊളുത്തുകളുമുണ്ടാക്കി. തൂണുകളുടെ ശീര്‍ഷങ്ങള്‍ സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു. പട്ടകള്‍ സ്വര്‍ണ്ണംകൊണ്ടും അവയുടെ അഞ്ചുപാദകുടങ്ങള്‍ ഓടുകൊണ്ടും നിര്‍മ്മിച്ചു.

ഇരുപത്തിയഞ്ചാം ദിവസം: പുറപ്പാട് 31 - 33



അദ്ധ്യായം 31

ശില്പികള്‍
1: കര്‍ത്താവു മോശയോടരുളിച്ചെയ്തു: യൂദാഗോത്രത്തില്‍പ്പെട്ട ഹൂറിൻ്റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു.
2, 3: ഞാനവനില്‍ ദൈവികചൈതന്യം നിറച്ചിരിക്കുന്നു; സാമര്‍ത്ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരം ശില്പവേലകളിലുമുള്ള വൈദഗ്ദ്ധ്യവും അവനു ഞാന്‍ നല്കിയിരിക്കുന്നു.
4: കലാരൂപങ്ങള്‍ ആസൂത്രണംചെയ്യുക, സ്വര്‍ണ്ണം, വെള്ളി, ഓട് എന്നിവകൊണ്ടു പണിയുക.
5: പതിക്കാനുള്ള രത്നങ്ങള്‍ ചെത്തിമിനുക്കുക, തടിയില്‍ കൊത്തുപണിചെയ്യുക എന്നിങ്ങനെ എല്ലാത്തരം ശില്പവേലകള്‍ക്കുംവേണ്ടിയാണിത്. 
6: അവനെ സഹായിക്കാനായി ദാന്‍ഗോത്രത്തില്‍പ്പെട്ട അഹിസാമാക്കിൻ്റെ പുത്രന്‍ ഓഹോലിയാബിനെ ഞാന്‍ നിയോഗിച്ചിരിക്കുന്നു. ഞാന്‍ നിന്നോടു കല്പിച്ചതെല്ലാം നിര്‍മ്മിക്കുന്നതിന് എല്ലാ ശില്പവിദഗ്ദ്ധന്മാര്‍ക്കും പ്രത്യേകസാമര്‍ത്ഥ്യം കൊടുത്തിട്ടുണ്ട്.
7: സമാഗമകൂടാരം, സാക്ഷ്യപേടകം, അതിന്മേലുള്ള കൃപാസനം, കൂടാരത്തിലെ ഉപകരണങ്ങള്‍
8: മേശയും അതിൻ്റെ ഉപകരണങ്ങളും, വിളക്കുകാലും അതിൻ്റെ ഉപകരണങ്ങളും, ധൂപപീഠം,
9: ദഹനബലിപീഠവും അതിൻ്റെ എല്ലാ ഉപകരണങ്ങളും, ക്ഷാളനപാത്രവും അതിൻ്റെ പീഠവും,
10: ചിത്രത്തുന്നലാല്‍ അലംകൃതമായ വസ്ത്രങ്ങള്‍, പുരോഹിതനായ അഹറോൻ്റെ വിശുദ്ധവസ്ത്രങ്ങള്‍, അവൻ്റെ പുത്രന്മാര്‍ പുരോഹിതശുശ്രൂഷചെയ്യുമ്പോള്‍ അണിയേണ്ട വസ്ത്രങ്ങള്‍,
11: അഭിഷേകതൈലം, വിശുദ്ധസ്ഥലത്തു ധൂപാര്‍പ്പണത്തിനുപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ ഇവയെല്ലാം ഞാന്‍ നിന്നോടു കല്പിച്ചപ്രകാരം അവര്‍ നിര്‍മ്മിക്കണം.

സാബത്താചരണം

12: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
13: ഇസ്രായേല്‍ജനത്തോടു പറയുക, നിങ്ങള്‍ എൻ്റെ സാബത്തു സൂക്ഷ്മമായി ആചരിക്കണം. എന്തെന്നാല്‍, കര്‍ത്താവായ ഞാനാണു നിങ്ങളെ വിശുദ്ധീകരിക്കുന്നതെന്നു നിങ്ങളറിയാന്‍വേണ്ടി, ഇതെനിക്കും നിങ്ങള്‍ക്കുംമദ്ധ്യേ, തലമുറതോറും അടയാളമായിരിക്കും.
14: നിങ്ങള്‍ സാബത്താചരിക്കണം. കാരണം, അതു നിങ്ങള്‍ക്കു വിശുദ്ധമായ ഒരു ദിവസമാണ്. അതിനെ അശുദ്ധമാക്കുന്നവന്‍ വധിക്കപ്പെടണം. അന്നു ജോലിചെയ്യുന്നവന്‍ ജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം. ആറുദിവസം ജോലിചെയ്യണം.
15: എന്നാല്‍ ഏഴാംദിവസം സാബത്താണ്; കര്‍ത്താവിനു വിശുദ്ധമായ വിശ്രമദിനം. സാബത്തുദിവസം ജോലിചെയ്യുന്നവന്‍ വധിക്കപ്പെടണം.
16: ഇസ്രായേല്‍ജനം ശാശ്വതമായൊരുടമ്പടിയായി തലമുറതോറും സാബത്താചരിക്കണം.
17: ഇതെനിക്കും ഇസ്രായേല്‍ജനത്തിനുംമദ്ധ്യേ ശാശ്വതമായൊരടയാളമാണ്; കര്‍ത്താവ് ആറു ദിവസംകൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിക്കുകയും ഏഴാംദിവസം ജോലിയില്‍നിന്നു വിരമിച്ചു വിശ്രമിക്കുകയും ചെയ്തതിൻ്റെ അടയാളം.

ഉടമ്പടിപ്പത്രിക നല്കുന്നു
18: സീനായ്‌മലയില്‍വച്ചു മോശയോടു സംസാരിച്ചതിനുശേഷം ഉടമ്പടിയുടെ രണ്ടു പ്രതികള്‍ - തൻ്റെ വിരല്‍കൊണ്ടെഴുതിയ രണ്ടു കല്പലകകള്‍ - ദൈവമവനു നല്കി.


അദ്ധ്യായം 32

സ്വര്‍ണ്ണംകൊണ്ടുള്ള കാളക്കുട്ടി

1: മോശ മലയില്‍നിന്നിറങ്ങിവരാന്‍ താമസിക്കുന്നുവെന്നുകണ്ടപ്പോള്‍, ജനം അഹറോൻ്റെ ചുറ്റുംകൂടി പറഞ്ഞു: ഞങ്ങളെ നയിക്കാന്‍, വേഗം ദേവന്മാരെയുണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്തില്‍നിന്നുകൊണ്ടുവന്ന മോശയെന്ന മനുഷ്യന് എന്തുസംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിവില്ല.
2: അഹറോന്‍ പറഞ്ഞു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലുള്ള സ്വര്‍ണ്ണവളയങ്ങളൂരിയെടുത്ത്, എൻ്റെയടുത്തു കൊണ്ടുവരുവിന്‍.
3: ജനം തങ്ങളുടെ കാതുകളില്‍നിന്നു സ്വര്‍ണ്ണവളയങ്ങളൂരി അഹറോൻ്റെമുമ്പില്‍ കൊണ്ടുചെന്നു.
4: അവന്‍, അവ വാങ്ങി, മൂശയിലുരുക്കി ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്തു. അപ്പോള്‍ അവര്‍ വിളിച്ചുപറഞ്ഞു: ഇസ്രായേലേ, ഇതാ ഈജിപ്തില്‍നിന്നു നിന്നെക്കൊണ്ടുവന്ന ദേവന്മാര്‍.
5: അതുകണ്ടപ്പോള്‍ അഹറോന്‍ കാളക്കുട്ടിയുടെ മുമ്പില്‍ ഒരു ബലിപീഠം പണിതിട്ട്, ഇപ്രകാരം പ്രഖ്യാപിച്ചു: നാളെ, കര്‍ത്താവിൻ്റെ ഉത്സവദിനമായിരിക്കും.
6: അവര്‍ പിറ്റേന്ന്, അതിരാവിലെയുണര്‍ന്ന്, ദഹനയാഗങ്ങളും അനുരഞ്ജനയാഗങ്ങളുമര്‍പ്പിച്ചു; ജനം തീനും കുടിയുംകഴിഞ്ഞ്, വിനോദങ്ങളിലേര്‍പ്പെട്ടു. 
7: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഉടനെ താഴേക്കുചെല്ലുക. നീ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന നിൻ്റെ ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു.
8: ഞാന്‍ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗത്തില്‍നിന്ന് അവര്‍ പെട്ടെന്നു വ്യതിചലിച്ചിരിക്കുന്നു. അവര്‍ ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്ത്, അതിനെ ആരാധിക്കുകയും അതിനു ബലിയര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ഇസ്രായേലേ, നിന്നെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ദേവന്മാരിതാ എന്ന് അവര്‍ പറഞ്ഞിരിക്കുന്നു.
9: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഇവര്‍ ദുശ്ശാഠ്യക്കാരായ ഒരു ജനമാണെന്നു ഞാന്‍ കണ്ടുകഴിഞ്ഞു.
10: അതിനാല്‍, എന്നെത്തടയരുത്; എൻ്റെ ക്രോധമാളിക്കത്തി അവരെ വിഴുങ്ങിക്കളയട്ടെ. എന്നാല്‍, നിന്നില്‍നിന്ന്, ഒരു വലിയ ജനതയെ ഞാന്‍ പുറപ്പെടുവിക്കും. 
11: മോശ ദൈവമായ കര്‍ത്താവിനോടു കാരുണ്യംയാചിച്ചുകൊണ്ടു പറഞ്ഞു: കര്‍ത്താവേ, വലിയ ശക്തിയോടും കരബലത്തോടുംകൂടെ അങ്ങുതന്നെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്ന അങ്ങയുടെ ജനത്തിനെതിരേ അവിടുത്തെ ക്രോധം ജ്വലിക്കുന്നതെന്ത്?
12: മലകളില്‍വച്ചു കൊന്നുകളയുന്നതിനും ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുന്നതിനുമുള്ള ദുരുദ്ദേശ്യത്തോടുകൂടെയാണ് അവനവരെ കൊണ്ടുപോയതെന്ന് ഈജിപ്തുകാര്‍ പറയാനിടവരുത്തുന്നതെന്തിന്? അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ! അങ്ങയുടെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്നു പിന്മാറണമേ!
13: അവിടുത്തെ ദാസന്മാരായ അബ്രാഹത്തെയും ഇസഹാക്കിനെയും ഇസ്രായേലിനെയും ഓര്‍ക്കണമേ! നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ഞാന്‍ വര്‍ദ്ധിപ്പിക്കും, ഞാന്‍ വാഗ്ദാനംചെയ്തിട്ടുള്ള ഈ നാടുമുഴുവന്‍ നിങ്ങളുടെ സന്തതികള്‍ക്കു ഞാന്‍ നല്കും, അവര്‍, അതെന്നേക്കും കൈവശമാക്കുകയുംചെയ്യുമെന്ന് അവിടുന്നുതന്നെ ശപഥംചെയ്തു പറഞ്ഞിട്ടുണ്ടല്ലോ. കര്‍ത്താവു ശാന്തനായി.
14: തൻ്റെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്ന് അവിടുന്നു പിന്മാറി.
15: മോശ കൈകളില്‍ രണ്ട് ഉടമ്പടിപ്പത്രികകളുമായി താഴേയ്ക്കിറങ്ങി. പലകകളുടെ ഇരുവശങ്ങളിലും എഴുത്തുണ്ടായിരുന്നു.
16: പലകകള്‍ ദൈവത്തിൻ്റെ കൈവേലയും അവയില്‍ കൊത്തിയിരുന്നത് അവിടുത്തെ കൈയെഴുത്തുമായിരുന്നു.
17: ജനങ്ങള്‍ അട്ടഹസിക്കുന്ന സ്വരംകേട്ടപ്പോള്‍ ജോഷ്വ മോശയോടു പറഞ്ഞു: പാളയത്തില്‍ യുദ്ധത്തിൻ്റെ ശബ്ദം മുഴങ്ങുന്നു.
18: എന്നാല്‍, മോശ പറഞ്ഞു: ഞാന്‍ കേള്‍ക്കുന്നതു വിജയത്തിൻ്റെ അട്ടഹാസമോ പരാജയത്തിൻ്റെ മുറവിളിയോ അല്ല; പാട്ടുപാടുന്ന ശബ്ദമാണ്.
19: മോശ പാളയത്തിനടുത്തെത്തിയപ്പോള്‍ കാളക്കുട്ടിയെക്കണ്ടു; അവര്‍ നൃത്തം ചെയ്യുന്നതും കണ്ടു; അവൻ്റെ കോപം ആളിക്കത്തി. അവൻ കല്പലകകള്‍ വലിച്ചെറിഞ്ഞ്, മലയുടെ അടിവാരത്തില്‍വച്ച് അവ തകര്‍ത്തുകളഞ്ഞു.
20: അവന്‍ കാളക്കുട്ടിയെയെടുത്തു തീയിലിട്ടുചുട്ടു; അത്, ഇടിച്ചുപൊടിച്ച്, പൊടി, വെള്ളത്തില്‍ക്കലക്കി, ഇസ്രായേല്‍ജനത്തെക്കൊണ്ടു കുടിപ്പിച്ചു: 
21: മോശ അഹറോനോടു ചോദിച്ചു: നീ ഈ ജനത്തിൻ്റെമേല്‍ ഇത്രവലിയൊരു പാപം വരുത്തിവയ്ക്കാന്‍, അവര്‍ നിന്നോടെന്തുചെയ്തു?
22: അഹറോന്‍ പറഞ്ഞു: അങ്ങയുടെ കോപം ജ്വലിക്കാതിരിക്കട്ടെ. ഈ ജനത്തിനു തിന്മയിലേക്കുള്ള ചായ്‌വ് അങ്ങേയ്ക്കറിവുള്ളതാണല്ലോ.
23: അവര്‍ എന്നോടു പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ ഞങ്ങള്‍ക്കു ദേവന്മാരെ ഉണ്ടാക്കിത്തരുക. എന്തെന്നാല്‍, ഈജിപ്തില്‍നിന്നു ഞങ്ങളെക്കൊണ്ടുവന്ന മോശയെന്ന മനുഷ്യന് എന്തുസംഭവിച്ചെന്നു ഞങ്ങള്‍ക്കറിവില്ല.
24: ഞാന്‍ പറഞ്ഞു: സ്വര്‍ണ്ണംകൈവശമുള്ളവര്‍ അതു കൊണ്ടുവരട്ടെ. അവര്‍ കൊണ്ടുവന്നു. ഞാന്‍ അതു തീയിലിട്ടു. അപ്പോള്‍ ഈ കാളക്കുട്ടി പുറത്തുവന്നു.
25: ജനത്തിൻ്റെ അഴിഞ്ഞാട്ടം മോശ കണ്ടു. ശത്രുക്കളുടെയിടയില്‍ സ്വയംലജ്ജിതരാകത്തക്കവിധമഴിഞ്ഞാടുന്നതിന് അഹറോന്‍ അവരെയനുവദിച്ചിരുന്നു.
26: മോശ പാളയത്തിൻ്റെ വാതില്ക്കല്‍നിന്നുകൊണ്ടു പറഞ്ഞു: കര്‍ത്താവിൻ്റെ പക്ഷത്തുള്ളവര്‍ എൻ്റെയടുത്തേക്കു വരട്ടെ. ലേവിയുടെ പുത്രന്മാരെല്ലാവരും അവൻ്റെയടുക്കല്‍ ഒന്നിച്ചുകൂടി.
27: അവനവരോടു പറഞ്ഞു: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു. ഓരോ മനുഷ്യനും തൻ്റെ വാള്‍ പാര്‍ശ്വത്തില്‍ ധരിക്കട്ടെ. പാളയത്തിലുടനീളം കവാടംതോറുംചെന്ന് ഓരോരുത്തനും തൻ്റെ സഹോദരനെയും സ്‌നേഹിതനെയും അയല്ക്കാരനെയും നിഗ്രഹിക്കട്ടെ.
28: ലേവിയുടെ പുത്രന്മാര്‍ മോശയുടെ കല്പനയനുസരിച്ചു പ്രവര്‍ത്തിച്ചു. അന്നേദിവസം മൂവായിരത്തോളംപേര്‍ മരിച്ചുവീണു.
29: മോശ പറഞ്ഞു: കര്‍ത്താവിൻ്റെ ശുശ്രൂഷയ്ക്കായി ഇന്നു നിങ്ങള്‍ നിങ്ങളെത്തന്നെ സമര്‍പ്പിച്ചിരിക്കുന്നു. ഓരോരുത്തനും തൻ്റെ പുത്രനും സഹോദരനുമെതിരായിനിന്നതുകൊണ്ടു കര്‍ത്താവു നിങ്ങള്‍ക്ക് ഇന്നൊരനുഗ്രഹം തരും.
30: പിറേറദിവസം, മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ കഠിനപാപം ചെയ്തിരിക്കുന്നു. ഞാനിപ്പോള്‍ കര്‍ത്താവിൻ്റെയടുത്തേക്കു കയറിച്ചെല്ലാം; നിങ്ങളുടെ പാപത്തിനു പരിഹാരംചെയ്യാന്‍ എനിക്കു കഴിഞ്ഞേക്കും.
31: മോശ കര്‍ത്താവിൻ്റെയടുക്കല്‍ തിരിച്ചുചെന്നു പറഞ്ഞു: ഈ ജനം ഒരു വലിയ പാപം ചെയ്തുപോയി. അവര്‍ തങ്ങള്‍ക്കായി സ്വര്‍ണ്ണംകൊണ്ടു ദേവന്മാരെ നിര്‍മ്മിച്ചു.
32: അവിടുന്നു കനിഞ്ഞ്, അവരുടെ പാപം ക്ഷമിക്കണം; അല്ലെങ്കില്‍, അവിടുന്നെഴുതിയിട്ടുള്ള പുസ്തകത്തില്‍നിന്ന് എൻ്റെ പേരു മായിച്ചുകളഞ്ഞാലും.
33: അപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു: എനിയ്‌ക്കെതിരായി പാപംചെയ്തവനെയാണ്, എൻ്റെ പുസ്തകത്തില്‍നിന്നു ഞാന്‍ തുടച്ചുനീക്കുക.
34: നീ പോയി ഞാന്‍ നിന്നോടു പറഞ്ഞിട്ടുള്ള സ്ഥലത്തേക്കു ജനത്തെ നയിക്കുക. എൻ്റെ ദൂതന്‍ നിൻ്റെ മുമ്പേ പോകും. എങ്കിലും ഞാനവരെ സന്ദര്‍ശിക്കുന്ന ദിവസം അവരുടെ പാപങ്ങളെപ്രതി അവരെ ശിക്ഷിക്കും.
35: കാളക്കുട്ടിയെ നിര്‍മ്മിക്കാന്‍ അവര്‍ അഹറോനെ നിര്‍ബ്ബന്ധിച്ചതിനാല്‍ കര്‍ത്താവ് അവരുടെമേല്‍ മഹാമാരിയയച്ചു.

അദ്ധ്യായം 33

സീനായ് വിടാന്‍ കല്പന

1: കര്‍ത്താവു മോശയോടു കല്പിച്ചു: നീയും ഈജിപ്തില്‍നിന്നു നീ കൂട്ടിക്കൊണ്ടുവന്ന ജനവും ഇവിടെനിന്നു പുറപ്പെട്ട്, അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും അവരുടെ സന്തതികള്‍ക്കായി നല്കുമെന്നു ഞാന്‍ ശപഥംചെയ്തിട്ടുള്ള നാട്ടിലേക്കു പോവുക.
2: ഞാന്‍ നിങ്ങള്‍ക്കുമുമ്പേ ഒരു ദൂതനെയയയ്ക്കും. കാനാന്‍കാരെയും അമോര്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാന്‍ ഓടിച്ചുകളയും.
3: തേനും പാലുമൊഴുകുന്ന നാട്ടിലേക്കു പോകുവിന്‍. ഞാന്‍ നിങ്ങളുടെകൂടെ വരുന്നില്ല; വന്നാല്‍ നിങ്ങളുടെ ദുശ്ശാഠ്യംനിമിത്തം വഴിയില്‍വച്ചു നിങ്ങളെ നശിപ്പിച്ചുകളയും.
4: അശുഭമായ ഈ വാര്‍ത്തകേട്ട്, അവര്‍ വിലപിച്ചു. ആരും ആഭരങ്ങളണിഞ്ഞില്ല.
5: കര്‍ത്താവു മോശയോടരുളിച്ചെയ്തിരുന്നു: നീ ഇസ്രായേൽക്കാരോടു പറയുക; നിങ്ങള്‍ ദുശ്ശാഠ്യക്കാരായ ഒരു ജനമാണ്. ഒരു നിമിഷത്തേക്കു നിങ്ങളുടെകൂടെ സഞ്ചരിച്ചാല്‍മതി, നിങ്ങളെ ഞാന്‍ നശിപ്പിച്ചുകളയും. നിങ്ങളുടെ ആഭരണങ്ങള്‍ അഴിച്ചുമാറ്റുവിന്‍. നിങ്ങളോടെന്തു ചെയ്യണമെന്നു ഞാന്‍ നിശ്ചയിക്കും.
6: ഹോറെബുമലയുടെ സമീപത്തുവച്ച് ഇസ്രായേല്‍ജനം ആഭരണങ്ങളഴിച്ചുമാറ്റി.

സമാഗമകൂടാരം
7: പാളയത്തിനു പുറത്ത്, അകലെയായി, മോശ ഒരു കൂടാരമടിക്കുക പതിവായിരുന്നു. അവന്‍ അതിനെ സമാഗമകൂടാരമെന്നു വിളിച്ചു. കര്‍ത്താവിൻ്റെ ഹിതമറിയാനാഗ്രഹിച്ചവരൊക്കെ പാളയത്തിനുവെളിയിലുള്ള ഈ കൂടാരത്തിലേക്കു പോയിരുന്നു.
8: മോശ ഈ കൂടാരത്തിലേക്കുപോകുന്ന അവസരങ്ങളിലൊക്കെ ജനമെഴുന്നേറ്റ്, ഓരോരുത്തനും സ്വന്തം കൂടാരത്തിൻ്റെ വാതില്ക്കല്‍ നിന്നുകൊണ്ട്, മോശ കൂടാരത്തിനുള്ളില്‍ക്കടക്കുന്നതുവരെ അവനെ വീക്ഷിച്ചിരുന്നു.
9: മോശ കൂടാരത്തില്‍ പ്രവേശിക്കുമ്പോള്‍ മേഘസ്തംഭം ഇറങ്ങിവന്നു കൂടാരവാതില്ക്കല്‍ നില്ക്കും. അപ്പോള്‍ കര്‍ത്താവു മോശയോടു സംസാരിക്കും.
10: മേഘസ്തംഭം കൂടാരവാതില്ക്കല്‍ നില്ക്കുന്നതു കാണുമ്പോള്‍ ജനമെഴുന്നേറ്റ്, ഓരോരുത്തനും സ്വന്തം കൂടാരത്തിൻ്റെ വാതില്ക്കല്‍ കുമ്പിട്ടാരാധിച്ചിരുന്നു.
11: സ്‌നേഹിതനോടെന്നപോലെ കര്‍ത്താവു മോശയോടു മുഖാഭിമുഖം സംസാരിച്ചിരുന്നു. അതിനുശേഷം, മോശ പാളയത്തിലേക്കു മടങ്ങിപ്പോകും. എന്നാല്‍ അവൻ്റെ സേവകനും നൂനിൻ്റെ പുത്രനുമായ ജോഷ്വ എന്ന യുവാവ്, കൂടാരത്തെ വിട്ടുപോയിരുന്നില്ല. 

കര്‍ത്താവു ജനത്തോടുകൂടെ
12: മോശ കര്‍ത്താവിനോടു പറഞ്ഞു: ഈ ജനത്തെ നയിക്കുകയെന്ന് അങ്ങെന്നോടാജ്ഞാപിക്കുന്നു. എന്നാല്‍, ആരെയാണ് എൻ്റെകൂടെ അയയ്ക്കുകയെന്നറിയിച്ചിട്ടില്ല. എന്നിട്ടും, എനിക്കു നിന്നെ നന്നായിട്ടറിയാം, നീ എൻ്റെ പ്രീതിനേടിയിരിക്കുന്നെന്ന് അവിടുന്നു പറയുന്നു.
13: അങ്ങ്, എന്നില്‍ സംപ്രീതനാണെങ്കില്‍ അങ്ങയുടെ വഴികളെനിക്കു കാണിച്ചുതരുക. അങ്ങനെ, ഞാനങ്ങയെ അറിയുകയും പ്രീതിപ്പെടുത്തുകയും ചെയ്യട്ടെ. ഈ ജനത അങ്ങയുടെ സ്വന്തം ജനമാണെന്ന് ഓര്‍മ്മിച്ചാലും.
14: കര്‍ത്താവു പറഞ്ഞു: ഞാന്‍തന്നെ നിന്നോടുകൂടെ വരുകയും നിനക്കാശ്വാസംനല്കുകയും ചെയ്യും.
15: മോശ പറഞ്ഞു: അങ്ങു ഞങ്ങളോടുകൂടെ വരുകയില്ലെങ്കില്‍, ഞങ്ങളെ ഇവിടെനിന്നു പറഞ്ഞയയ്ക്കരുത്.
16: അങ്ങു പോരുന്നില്ലെങ്കില്‍, അങ്ങ്, എന്നിലും അങ്ങയുടെ ജനത്തിലും സംപ്രീതനാണെന്ന് എങ്ങനെ വെളിപ്പെടും? അങ്ങു ഞങ്ങളോടൊത്തു യാത്രചെയ്യുമെങ്കില്‍, ഞാനും അങ്ങയുടെ ജനവും ഭൂമുഖത്തുള്ള എല്ലാ ജനതകളിലുംനിന്നു വ്യത്യസ്തരായിരിക്കും.
17: കര്‍ത്താവു മോശയോടു പറഞ്ഞു: നീ ആവശ്യപ്പെട്ട ഈ കാര്യവും ഞാന്‍ ചെയ്യും. എന്തെന്നാല്‍, നീ എൻ്റെ പ്രീതി നേടിയിരിക്കുന്നു. നിന്നെ എനിക്കു നന്നായറിയാം.
18: മോശ പറഞ്ഞു: അങ്ങയുടെ മഹത്വം എനിക്കു കാണിച്ചുതരണമെന്നു ഞാനപേക്ഷിക്കുന്നു.
19: അവിടുന്നരുളിച്ചെയ്തു: എൻ്റെ മഹത്വം നിൻ്റെ മുമ്പിലൂടെ കടന്നുപോകും. കര്‍ത്താവ് എന്ന എൻ്റെ നാമം നിൻ്റെ മുമ്പില്‍ ഞാന്‍ പ്രഖ്യാപിക്കുകയും ചെയ്യും. എനിക്കിഷ്ടമുള്ളവനില്‍ ഞാന്‍ പ്രസാദിക്കും. എനിക്കിഷ്ടമുള്ളവനോടു ഞാന്‍ കരുണകാണിക്കും.
20: അവിടുന്നു തുടര്‍ന്നു: നീ എൻ്റെ മുഖം കണ്ടുകൂടാ; എന്തെന്നാല്‍, എന്നെക്കാണുന്ന ഒരു മനുഷ്യനും ജീവനോടെയിരിക്കുകയില്ല.
21: കര്‍ത്താവു പറഞ്ഞു: ഇതാ എൻ്റെയടുത്തുള്ള ഈ പാറമേല്‍ നീ നില്ക്കുക.
22: എൻ്റെ മഹത്വം കടന്നുപോകുമ്പോള്‍ നിന്നെ ഈ പാറയുടെ ഒരിടുക്കില്‍ ഞാന്‍ നിറുത്തും. ഞാന്‍ കടന്നുപോകുമ്പോള്‍ എൻ്റെ കൈകൊണ്ടു നിന്നെ മറയ്ക്കും.
23: അതിനുശേഷം ഞാന്‍, കൈ മാറ്റും. അപ്പോള്‍ നിനക്ക് എൻ്റെ പിന്‍ഭാഗം കാണാം. എന്നാല്‍ എൻ്റെ മുഖം നീ കാണുകയില്ല.