ഇരുന്നൂറ്റിത്തൊണ്ണൂറാം ദിവസം: മര്‍ക്കോസ് 15 - 16


അദ്ധ്യായം 15

വിചാരണയും വിധിയും
1: ഉടനേ രാവിലെ, പ്രധാനപുരോഹിതന്മാര്‍ ശ്രേഷ്ഠന്മാരോടും നിയമജ്ഞരോടും ന്യായാധിപസംഘംമുഴുവനോടുംചേര്‍ന്ന് ആലോചന നടത്തി. അവര്‍ യേശുവിനെ ബന്ധിച്ചുകൊണ്ടുപോയി പീലാത്തോസിനെയേല്പിച്ചു.
2: പീലാത്തോസ് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ? അവനവനോടു മറുപടി പറഞ്ഞു: നീതന്നെ പറയുന്നു.
3: 
പ്രധാനപുരോഹിതന്മാര്‍ അവനില്‍ പലകുറ്റങ്ങളും ആരോപിച്ചുകൊണ്ടിരുന്നു.
4: പീലാത്തോസ് വീണ്ടും അവനോടു ചോദിച്ചു: നിനക്കു മറുപടിയൊന്നും പറയാനില്ലേ? നോക്കൂ! എത്രകുറ്റങ്ങളാണ് അവര്‍ നിന്നിലാരോപിക്കുന്നത്!
5: എന്നാല്‍, യേശു മറുപടിയൊന്നും പറഞ്ഞില്ല. തന്മൂലം പീലാത്തോസ് വിസ്മയിച്ചു.
6: ആവശ്യപ്പെടുന്ന ഒരു തടവുകാരനെ അവന്‍ അവർക്കായി തിരുനാളില്‍ മോചിപ്പിക്കുമായിരുന്നു.
7: വിപ്ലവത്തിനിടയില്‍ കൊലപാതകംനടത്തിയ വിപ്ലവകാരികളോടൊപ്പം 
ബറാബ്ബാസ് എന്നുവിളിക്കപ്പെടുന്ന ഒരുവൻ ബന്ധിതനായി, തടങ്കലിലുണ്ടായിരുന്നു.
8: ജനക്കൂട്ടം അടുത്തുചെന്നു പതിവായി അവർക്കുചെയ്തിരുന്നത് ആവശ്യപ്പെട്ടു.
9: പീലാത്തോസ് അവരോടു പറഞ്ഞു: യഹൂദരുടെ രാജാവിനെ നിങ്ങൾക്കു ഞാന്‍ മോചിപ്പിച്ചുതരണമെന്നാണോ നിങ്ങളാഗ്രഹിക്കുന്നത്?
10: എന്തെന്നാല്‍, അസൂയനിമിത്തമാണു 
പ്രധാനപുരോഹിതന്മാര്‍ അവനെ ഏല്പിച്ചുതന്നതെന്ന് അവനറിഞ്ഞിരുന്നു.
11: എന്നാല്‍, ബറാബ്ബാസിനെയാണു തങ്ങൾക്കു വിട്ടുതരേണ്ടതെന്നാവശ്യപ്പെടാന്‍ 
പ്രധാനപുരോഹിതന്മാര്‍ ജനക്കൂട്ടത്തെ ഇളക്കി.
12: അപ്പോൾ, പീലാത്തോസ് വീണ്ടുമവരോടു ചോദിച്ചു: യഹൂദരുടെ രാജാവെന്നു നിങ്ങള്‍ വിളിക്കുന്നവനെ ഞാനെന്തു ചെയ്യണമെന്നാണ്‌ നിങ്ങളാഗ്രഹിക്കുന്നത്?
13: അവരാകട്ടെ, വീണ്ടുമാക്രോശിച്ചു: അവനെ ക്രൂശിക്കുക!
14: പീലാത്തോസ് അവരോടു ചോദിച്ചു: അവനെന്തു തിന്മപ്രവര്‍ത്തിച്ചു? അവര്‍ ആ
ക്രോശിച്ചു: അവനെ ക്രൂശിക്കുക!
15: അപ്പോള്‍, പീലാത്തോസ് ജനക്കൂട്ടത്തിന് ഇഷ്ടമായതുചെയ്യാൻ ആഗ്രഹിച്ചുകൊണ്ട്, ബറാബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ചശേഷം ക്രൂശിക്കാന്‍ ഏല്പിച്ചുകൊടുക്കുകയും ചെയ്തു.

പടയാളികളുടെ പരിഹാസം
16: അനന്തരം, പടയാളികള്‍ 
വനെ അകത്തളത്തിൽ, പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അവര്‍ സൈന്യദളത്തെ മുഴുവൻ വിളിച്ചുകൂട്ടി.
17: അവരവനെ ധൂമ്രവസ്ത്രം ധരിപ്പിക്കുകയും ഒരു മുള്‍ക്കിരീടംമെടഞ്ഞ് അണിയിക്കുകയും ചെയ്തു.
18: യഹൂദരുടെ രാജാവേ, സ്വസ്തി! എന്ന് അവര്‍ അവനെ അഭിവാദനംചെയ്യാന്‍തുടങ്ങി.
19: പിന്നീടു ഞാങ്ങണകൊണ്ട്, അവന്റെ ശിരസ്സിലടിക്കുകയും അവനെ തുപ്പുകയും മുട്ടുകുത്തി അവനെ പ്രണമിക്കുകയുംചെയ്തു.
20: അവനെ പരിഹസിച്ചശേഷം 
ധൂമ്രവസ്ത്രം അഴിച്ചുമാറ്റുകയും സ്വന്തം വസ്ത്രം ധരിപ്പിക്കുകയും ചെയ്തു. പിന്നീടവര്‍ അവനെ കുരിശില്‍ത്തറയ്ക്കാന്‍ പുറത്തേക്കു കൊണ്ടുപോയി.

കുരിശില്‍ത്തറയ്ക്കുന്നു
21: അലക്സാണ്ടറിന്റെയും റൂഫസിന്റെയും പിതാവായ സൈറീൻകാരൻ ശിമയോന്‍ നാട്ടിന്‍പുറത്തുനിന്നുവന്ന്, അതിലേ കടന്നുപോവുകയായിരുന്നു. യേശുവിന്റെ കുരിശുചുമക്കാന്‍ അവരവനെ നിര്‍ബന്ധിച്ചു.
22: തലയോടിടം എന്നര്‍ത്ഥമുള്ള ഗോല്‍ഗോഥായില്‍ അവരവനെ കൊണ്ടുവന്നു.
23: മീറ കലര്‍ത്തിയ വീഞ്ഞ്, അവരവനു കൊടുത്തു. അവനതു സ്വീകരിച്ചില്ല.
24: പിന്നീട്, അവരവനെ കുരിശില്‍ത്തറച്ചു. അതിനുശേഷം അവരവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ച്, അവയ്ക്കുമേൽ ഏത്, ആരെടുക്കണമെന്നതിനു കുറിയിട്ടു.
25: അവരവനെ കുരിശില്‍ത്തറച്ചപ്പോള്‍ മൂന്നാംമണിക്കൂറായിരുന്നു.
26: യഹൂദരുടെ രാജാവെന്ന് അവന്റെ കുറ്റപത്രവുമെഴുതിവച്ചിരുന്നു.
27: അവനോടുകൂടെ രണ്ടുകവര്‍ച്ചക്കാരെയും അവര്‍ കുരിശില്‍ത്തറച്ചു.
28: ഒരുവനെ അവന്റെ വലത്തുവശത്തും അപരനെ ഇടത്തുവശത്തും.
29: അതിലേ കടന്നുപോയവര്‍ തങ്ങളുടെ തലകുലുക്കികൊണ്ട്, അവനെ ദുഷിച്ചുപറഞ്ഞു: ഹാ, ദേവാലയംനശിപ്പിച്ച്, മൂന്നു ദിവസംകൊണ്ടു വീണ്ടുംപണിയുന്നവനേ,
30: കുരിശില്‍നിന്നിറങ്ങിവന്ന്, 
നിന്നെത്തന്നെ രക്ഷിക്കുക.
31: അതുപോലെ, 
പ്രധാനപുരോഹിതന്മാരും നിയമജ്ഞരും പരിഹാസപൂര്‍വ്വം പരസ്പരംപറഞ്ഞു. ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു. തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല.
32: ഞങ്ങള്‍ കണ്ടുവിശ്വസിക്കുന്നതിനുവേണ്ടി ഇസ്രായേലിന്റെ രാജാവായ ക്രിസ്തു, ഇപ്പോള്‍ കുരിശില്‍നിന്നിറങ്ങിവരട്ടെ. അവനോടൊപ്പം ക്രൂശിക്കപ്പെട്ടവരും അവനെ പരിഹസിച്ചു.

യേശുവിന്റെ മരണം
33: ആറാംമണിക്കൂര്‍മുതല്‍ ഒമ്പതാംമണിക്കൂര്‍വരെ ഭൂമിമുഴുവന്‍ അന്ധകാരംവ്യാപിച്ചു.
34: ഒമ്പതാംമണിക്കൂറായപ്പോള്‍ യേശു വലിയസ്വരത്തില്‍ നിലവിളിച്ചു: എലോയ്, എലോയ്, ല്മാ സബക്ക്ത്താനി? അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, 
ന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു?
35: അടുത്തുനിന്നിരുന്ന ചിലര്‍ അതുകേട്ടു പറഞ്ഞു: ഇതാ, അവന്‍ ഏലിയായെ വിളിക്കുന്നു.
36: ഒരുവനോടിവന്ന്, നീര്‍പ്പഞ്ഞി ചവർപ്പുള്ള വീഞ്ഞില്‍മുക്കി, ഒരു ഞാങ്ങണമേല്‍വച്ച്, അവനു കുടിക്കാന്‍ കൊടുത്തുകൊണ്ടു പറഞ്ഞു: ആകട്ടെ, അവനെത്താഴെയിറക്കാന്‍ ഏലിയാ വരുമോയെന്നു നമുക്കു കാണാം.
37: യേശു 
വലിയസ്വരത്തില്‍ നിലവിളിച്ചു ജീവന്‍വെടിഞ്ഞു.
38: അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല, മുകളില്‍നിന്ന് താഴെവരെ രണ്ടായിക്കീറി.
39: അവനഭിമുഖമായിനിന്നിരുന്ന ശതാധിപന്‍, അവന്‍ ഇപ്രകാരം മരിച്ചതുകണ്ടു പറഞ്ഞു: സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു.
40: ഇതെല്ലാം കണ്ടുകൊണ്ട്, ദൂരെ കുറേ സ്ത്രീകളും നിന്നിരുന്നു. മഗ്ദലേനമറിയവും യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തിലുണ്ടായിരുന്നു.
41: ഗലീലിയിലായിരുന്നപ്പോള്‍ അവനെയനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തവരാണിവര്‍. കൂടാതെ, അവനോടുകൂടെ ജറുസലേമിലേക്കുവന്ന അനവധി സ്ത്രീകളും അവിടെയുണ്ടായിരുന്നു.

യേശുവിനെ സംസ്കരിക്കുന്നു
42: അത്, സാബത്തിനു തൊട്ടുമുമ്പുള്ള ഒരുക്കദിവസം വൈകുന്നേരമായിരുന്നു.
43: അതിനാല്‍, ആലോചനാസമാഗത്തിലെ ഒരു പ്രമുഖഅംഗവും ദൈവരാജ്യം പ്രതീക്ഷിച്ചിരുന്നവനുമായ അരിമത്തെയാക്കാരൻ ജോസഫ് ധൈര്യപൂര്‍വ്വം പീലാത്തോസിന്റെയടുത്തെത്തി, 
യേശുവിന്റെ ശരീരം ചോദിച്ചു.
44: അവന്‍ മരിച്ചുകഴിഞ്ഞോ എന്നു പീലാത്തോസ് വിസ്മയിച്ചു. അവന്‍ ശതാധിപനെ വിളിച്ച്, അവനിതിനകം മരിച്ചുകഴിഞ്ഞോ എന്നന്വേഷിച്ചു.
45: ശതാധിപനില്‍നിന്നു വിവരമറിഞ്ഞശേഷം അവന്‍ മൃതദേഹം ജോസഫിനു വിട്ടുകൊടുത്തു.
46: ജോസഫ് ഒരു കച്ചവാങ്ങി, അവനെ താഴെയിറക്കി, അതില്‍പ്പൊതിഞ്ഞു പാറയില്‍ വെട്ടിയൊരുക്കിയ കല്ലറയില്‍ അവനെ സംസ്കരിക്കുകയും കല്ലറയുടെ വാതില്‍ക്കല്‍ ഒരു കല്ലുരുട്ടിവയ്ക്കുകയും ചെയ്തു.
47: അവനെ സംസ്കരിച്ചസ്ഥലം, മഗ്ദലേനമറിയവും യോസേയുടെ അമ്മയായ മറിയവും കണ്ടു.

അദ്ധ്യായം 16 

യേശുവിന്റെ പുനരുത്ഥാനം
1: സാബത്തുകഴിഞ്ഞപ്പോള്‍ മഗ്ദലേനമറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയുംപോയി, അവനെ അഭിഷേകംചെയ്യുന്നതിനുവേണ്ടി സുഗന്ധദ്രവ്യങ്ങള്‍ വാങ്ങി.
2: ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ, സൂര്യനുദിച്ചപ്പോള്‍ത്തന്നെ, അവര്‍ കല്ലറയിങ്കലേക്കു പോയി.
3: അവര്‍ തമ്മില്‍ പറഞ്ഞു: ആരു നമുക്കുവേണ്ടി ശവകുടീരത്തിന്റെ വാതില്‍ക്കല്‍നിന്നു കല്ലുരുട്ടിമാറ്റിത്തരും?
4: എന്നാല്‍, അവര്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ ആ കല്ല് ഉരുട്ടിമാറ്റപ്പെട്ടിരിക്കുന്നതുകണ്ടു! അതു വളരെ വലുതായിരുന്നുതാനും.
5: അവര്‍ ശവകുടീരത്തിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ വെള്ളവസ്ത്രം ധരിച്ച ഒരു യുവാവ് വലത്തുഭാഗത്തിരിക്കുന്നതു കണ്ടു. 
അവര്‍ വിസ്മയിച്ചുപോയി. 
6: അവനവരോടു പറഞ്ഞു: നിങ്ങള്‍ അദ്ഭുതപ്പെടേണ്ടാ. കുരിശില്‍
ത്തറയ്ക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങളന്വേഷിക്കുന്നു. അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവനിവിടെയില്ല. നോക്കൂ, അവരവനെ സംസ്കരിച്ചസ്ഥലം.
7: നിങ്ങള്‍പോയി, അവന്റെ ശിഷ്യന്മാരോടും പത്രോസിനോടും പറയുക: അവന്‍ നിങ്ങള്‍ക്കുമുമ്പേ ഗലീലിയിലേക്കു പോകുന്നു. അവന്‍ നിങ്ങളോടു പറഞ്ഞിരുന്നതുപോലെ അവിടെ നിങ്ങളവനെക്കാണും.
8: അവര്‍ ശവകുടീരത്തില്‍നിന്നു പുറത്തിറങ്ങി ഓടി. എന്തെന്നാല്‍, അവര്‍ക്ക്, വിറയലും ആശ്ചര്യവുമുണ്ടായി. അവര്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്തെന്നാൽ, അവര്‍ അത്യന്തം ഭയപ്പെട്ടിരുന്നു.

ശിഷ്യര്‍ക്കു പ്രത്യക്ഷപ്പെടുന്നു
9: 
ഉയിര്‍ത്തെഴുന്നേറ്റശേഷം, ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ, യേശു ആദ്യം മഗ്ദലേനമറിയത്തിനു പ്രത്യക്ഷപ്പെട്ടു. ഇവളില്‍നിന്നാണ് അവന്‍ ഏഴുപിശാചുക്കളെ ബഹിഷ്കരിച്ചത്.
10: അവള്‍ചെന്ന് അവനോടുകൂടെയുണ്ടായിരുന്നവരെ വിവരമറിയിച്ചു. അവര്‍ ദുഃഖത്തിലാണ്ട്, വിലപിച്ചിരിക്കുകയായിരുന്നു.
11: അവന്‍ ജീവിച്ചിരിക്കുന്നുവെന്നും അവള്‍ക്കു കാണപ്പെട്ടുവെന്നും കേട്ടപ്പോള്‍ അവര്‍ വിശ്വസിച്ചില്ല.
12: ഇതിനുശേഷം അവരില്‍ രണ്ടുപേര്‍ ഗ്രാമത്തിലേക്കു നടന്നുപോകുമ്പോള്‍ അവന്‍ വേറൊരുരൂപത്തില്‍ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു.
13: അവര്‍പോയി ബാക്കിയുള്ളവരെ വിവരമറിയിച്ചു. അവരെയും അവര്‍ വിശ്വസിച്ചില്ല.

ശിഷ്യഗണത്തിനു പ്രേഷിതദൗത്യം
14: പിന്നീട്, അവര്‍ പതിനൊന്നുപേര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍, അവനവര്‍ക്കു പ്രത്യക്ഷപ്പെട്ടു. ഉയിര്‍പ്പിക്കപ്പെട്ടതിനുശേഷം, അവരുടെ വിശ്വാസരാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും അവന്‍ ശാസിച്ചു. കാരണം, 
ഉയിര്‍പ്പിക്കപ്പെട്ട തന്നെക്കണ്ടവരെ അവർ വിശ്വസിച്ചില്ലാ.
15: അവനവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷംപ്രഘോഷിക്കുവിന്‍.
16: വിശ്വസിച്ചു സ്നാനംസ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും.
17: വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങളുണ്ടായിരിക്കും: അവര്‍ എന്റെനാമത്തില്‍ പിശാചുക്കളെ ബഹിഷ്കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും.
18: അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തുകുടിച്ചാലും അതവർക്കു ഹാനിവരുത്തുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കുകയും അവര്‍ സുഖംപ്രാപിക്കുകയുംചെയ്യും.

യേശുവിന്റെ സ്വര്‍ഗ്ഗാരോഹണം
19: കര്‍ത്താവായ യേശു അവരോടു സംസാരിച്ചുകഴിഞ്ഞപ്പോൾ, സ്വര്‍ഗ്ഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവന്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി.
20: അവര്‍ എല്ലായിടത്തുംപോയി പ്രഘോഷിച്ചു. കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍കൊണ്ടു വചനം സ്ഥിരീകരിക്കുകയുംചെയ്തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ