മുന്നൂറ്റിമുപ്പത്തേഴാം ദിവസം: ഗലാത്തിയാ 1 - 3


അദ്ധ്യായം 1


അഭിവാദനം

1: മനുഷ്യരില്‍നിന്നോ മനുഷ്യന്‍മുഖേനയോ അല്ല, യേശുക്രിസ്തുമുഖേനയും അവനെ മരിച്ചവരില്‍നിന്നുയിര്‍പ്പിച്ച പിതാവുമുഖേനയും അപ്പസ്‌തോലനായിരിക്കുന്ന പൗലോസായ ഞാനും
2: എന്നോടുകൂടെയുള്ള എല്ലാ സഹോദരരും ഗലാത്തിയായിലെ സഭകള്‍ക്കെഴുതുന്നത്:
3: നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.
4: തിന്മനിറഞ്ഞ ഈ യുഗത്തില്‍നിന്നു നമ്മെ മോചിപ്പിക്കേണ്ടതിന്, നമ്മുടെ പിതാവായ ദൈവത്തിന്റെ അഭീഷ്ടമനുസരിച്ച്, നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി അവന്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചു.
5: ദൈവത്തിന് എന്നേയ്ക്കും മഹത്വമുണ്ടായിരിക്കട്ടെ. ആമേന്‍.

മറ്റൊരു സുവിശേഷമില്ല
6: ക്രിസ്തുവിന്റെ കൃപയില്‍ നിങ്ങളെ വിളിച്ചവനെ നിങ്ങള്‍ ഇത്രപെട്ടെന്നുപേക്ഷിക്കുകയും വ്യത്യസ്തമായ ഒരു സുവിശേഷത്തിലേക്കു തിരിയുകയുംചെയ്യുന്നതില്‍ എനിക്ക് ആശ്ചര്യംതോന്നുന്നു.
7: വാസ്തവത്തില്‍ മറ്റൊരു സുവിശേഷമില്ല; എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനുമാഗ്രഹിക്കുന്ന കുറെയാളുകളുണ്ട്.
8: ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
9: ഞങ്ങള്‍ നേരത്തേ നിങ്ങളോടു പറഞ്ഞപ്രകാരംതന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
10: ഞാന്‍ ഇപ്പോള്‍ മനുഷ്യരുടെ പ്രീതിയാണോ അന്വേഷിക്കുന്നത്? അതോ, ദൈവത്തിന്റേതാണോ? അഥവാ, മനുഷ്യരെ പ്രസാദിപ്പിക്കാന്‍ ഞാന്‍ യത്നിക്കുകയാണോ? ഞാന്‍ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കില്‍ ക്രിസ്തുവിന്റെ ദാസനാവുകയില്ലായിരുന്നു. 

അപ്പസ്തോലനാകാനുള്ള വിളി
11: സഹോദരരേ, ഞാന്‍പ്രസംഗിച്ച സുവിശേഷം മാനുഷികമല്ലെന്നു നിങ്ങളെ ഞാനറിയിക്കുന്നു.
12: എന്തെന്നാല്‍, മനുഷ്യനില്‍നിന്നല്ല ഞാനതു സ്വീകരിച്ചത്. ആരും അതെന്നെ പഠിപ്പിച്ചതുമില്ല. യേശുക്രിസ്തുവിന്റെ വെളിപാടിലൂടെയാണ് അതെനിക്കു ലഭിച്ചത്.
13: മുമ്പ്, യഹൂദമതത്തിലായിരുന്നപ്പോളത്തെ എന്റെ ജീവിതത്തെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാന്‍ ദൈവത്തിന്റെ സഭയെ കഠിനമായി പീഡിപ്പിക്കുകയും അതിനെ ഉന്മൂലനംചെയ്യാന്‍ പരിശ്രമിക്കുകയുംചെയ്തിരുന്നു.
14: എന്റെ വംശത്തില്‍പ്പെട്ട, സമപ്രായക്കാരായ അനേകരെക്കാള്‍ യഹൂദമതകാര്യങ്ങളില്‍ ഞാന്‍ മുമ്പന്തിയിലായിരുന്നു; എന്റെ പിതാക്കന്മാരുടെ പാരമ്പര്യങ്ങളില്‍ അത്യധികം തീക്ഷ്ണമതിയുമായിരുന്നു.
15: എന്നാല്‍, ഞാന്‍ മാതാവിന്റെ ഉദരത്തിലായിരിക്കുമ്പോള്‍ത്തന്നെ ദൈവമെന്നെ പ്രത്യേകം തിരഞ്ഞെടുത്തു; തന്റെ കൃപയാല്‍ അവിടുന്നെന്നെ വിളിച്ചു.
16: അത്, അവിടുത്തെപ്പുത്രനെപ്പറ്റി, വിജാതീയരുടെയിടയില്‍ പ്രസംഗിക്കാന്‍ അവനെ എനിക്കു വെളിപ്പെടുത്തിത്തരേണ്ടതിനായിരുന്നു. ഞാന്‍ ഒരു മനുഷ്യന്റെയും ഉപദേശംതേടാന്‍ നിന്നില്ല.
17: എനിക്കുമുമ്പേ അപ്പസ്‌തോലന്മാരായവരെക്കാണാന്‍ ഞാന്‍ ജറുസലെമിലേക്കുപോയതുമില്ല. മറിച്ച്, ഞാന്‍ അറേബ്യായിലേക്കു പോകുകയും ദമാസ്‌ക്കസിലേക്കു തിരിച്ചുവരുകയും ചെയ്തു.
18: മൂന്നുവര്‍ഷത്തിനുശേഷം കേപ്പായെക്കാണാന്‍ ഞാന്‍ ജറുസലെമിലേക്കുപോയി. അവനോടൊത്തു പതിനഞ്ചുദിവസം താമസിക്കുകയുംചെയ്തു.
19: കര്‍ത്താവിന്റെ സഹോദരനായ യാക്കോബിനെയല്ലാതെ അപ്പസ്‌തോലന്മാരില്‍ മറ്റാരെയും ഞാന്‍ കണ്ടില്ല.
20: ഞാന്‍ നിങ്ങള്‍ക്കെഴുതുന്ന ഇക്കാര്യങ്ങള്‍ വ്യാജമല്ലായെന്നതിനു ദൈവം സാക്ഷി!
21: തുടര്‍ന്ന് ഞാന്‍ സിറിയാ, കിലിക്യാ എന്നീ പ്രദേശങ്ങളിലേക്കു പോയി.
22: യൂദയായിലുള്ള, ക്രിസ്തുവിന്റെ സഭകള്‍ അപ്പോഴും എന്നെ നേരിട്ടറിഞ്ഞിരുന്നില്ല.
23: ഒരിക്കല്‍ നമ്മെ പീഡിപ്പിച്ചിരുന്നവന്‍ താന്‍ ഉന്മൂലനംചെയ്യാന്‍ശ്രമിച്ച വിശ്വാസം ഇപ്പോള്‍ പ്രസംഗിക്കുന്നുവെന്നുമാത്രം അവര്‍ കേട്ടിരുന്നു.
24: എന്നെപ്രതി അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.
 

അദ്ധ്യായം 2


പൗലോസിന് അംഗീകാരം
1: പിന്നീടു പതിന്നാലുവര്‍ഷത്തിനുശേഷം ബാര്‍ണബാസിനോടുകൂടെ ഞാന്‍ വീണ്ടും ജറുസലെമിലേക്കു പോയി. തീത്തോസിനെയും കൂടെക്കൊണ്ടുപോയിരുന്നു.
2: ഒരു വെളിപാടനുസരിച്ചാണു ഞാന്‍ പോയത്. അവിടത്തെ പ്രധാനികളുടെമുമ്പില്‍, ഞാന്‍ വിജാതീയരുടെയിടയില്‍ പ്രസംഗിക്കുന്ന സുവിശേഷം സ്വകാര്യമായി അവതരിപ്പിച്ചു. ഇത്, ഞാനോടുന്നതും ഓടിയതും വ്യര്‍ത്ഥമാകാതിരിക്കാന്‍വേണ്ടിയായിരുന്നു.
3: എന്നോടുകൂടെയുണ്ടായിരുന്ന തീത്തോസ് ഒരു ഗ്രീക്കുകാരനായിരുന്നിട്ടും പരിച്ഛേദനത്തിനു നിര്‍ബന്ധിക്കപ്പെട്ടില്ല.
4: എന്നാല്‍, യേശുക്രിസ്തുവിലുള്ള ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ചൂഷണംചെയ്ത്, ഞങ്ങളെ അടിമത്തത്തില്‍ക്കൊണ്ടുചെന്നെത്തിക്കുന്നതിന്, വ്യാജസഹോദരന്മാര്‍ രഹസ്യത്തില്‍ കടന്നുകൂടി.
5: അവര്‍ക്കു ഞങ്ങള്‍ നിമിഷനേരത്തേക്കുപോലും വശപ്പെട്ടില്ല. അത്, സുവിശേഷത്തിന്റെ സത്യം നിങ്ങള്‍ക്കായി നിലനിറുത്തേണ്ടതിനാണ്.
6: തങ്ങള്‍ എന്തോആണെന്നു ഭാവിക്കുന്ന അവരില്‍നിന്ന്, എനിക്കു കൂടുതലായി ഒന്നും ലഭിച്ചില്ല. അവര്‍ എന്താണെന്ന് ഞാന്‍ ഗൗനിക്കുന്നേയില്ല. ദൈവം മുഖംനോക്കുന്നവനല്ലല്ലോ.
7: പരിച്ഛേദിതര്‍ക്കുള്ള സുവിശേഷം പത്രോസിനെന്നതുപോലെ, അപരിച്ഛേദിതര്‍ക്കുള്ള സുവിശേഷം എനിക്കേല്പിക്കപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കി.
8: എന്തെന്നാല്‍, പരിച്ഛേദിതര്‍ക്കുളള പ്രേഷിതത്വം പത്രോസിലൂടെ നിറവേറ്റുന്നവന്‍തന്നെ വിജാതീയര്‍ക്കുവേണ്ടി എന്നിലൂടെ പ്രവര്‍ത്തിക്കുന്നു.
9: നേതൃസ്തംഭങ്ങളായി ഗണിക്കപ്പെട്ടിരുന്ന യാക്കോബും കേപ്പായും യോഹന്നാനും ദൈവത്തിന്റെ കൃപ എനിക്കു ലഭിച്ചിരിക്കുന്നുവെന്നുകണ്ട്, തങ്ങളുടെ കൂട്ടായ്മയുടെ വലത്തുകരം എനിക്കും ബാര്‍ണബാസിനും നീട്ടിത്തന്നു. അങ്ങനെ വിജാതീയരുടെയടുത്തേക്കു ഞങ്ങളും പരിച്ഛേദിതരുടെടുത്തേക്ക് അവരും പോകാന്‍ തീരുമാനമായി.
10: പാവങ്ങളെപ്പറ്റി ചിന്തവേണമെന്നുമാത്രമേ ഞങ്ങളോട് അവരാവശ്യപ്പെട്ടുള്ളു. അതുതന്നെയാണ് എന്റെ തീവ്രമായ താത്പര്യം. 

അഭിപ്രായഭിന്നത
11: എന്നാല്‍, കേപ്പാ അന്ത്യോക്യായില്‍ വന്നപ്പോള്‍ അവനില്‍ കുറ്റംകണ്ടതുകൊണ്ട്, ഞാനവനെ മുഖത്തുനോക്കിയെതിര്‍ത്തു.
12: യാക്കോബിന്റെയടുത്തുനിന്നു ചിലര്‍ വരുന്നതുവരെ, അവന്‍ വിജാതീയരോടൊപ്പമിരുന്നു ഭക്ഷിച്ചിരുന്നു. അവര്‍ വന്നുകഴിഞ്ഞപ്പോഴാകട്ടെ, പരിച്ഛേദിതരെ ഭയന്ന്, അവന്‍ പിന്മാറിക്കളഞ്ഞു.
13: അവനോടൊത്ത്, ബാക്കി യഹൂദന്മാരും കപടമായിപ്പെരുമാറി. അവരുടെ കാപട്യത്താല്‍ ബാര്‍ണബാസ്പോലും വഴിതെറ്റിക്കപ്പെട്ടു.
14: അവരുടെ പെരുമാറ്റം സുവിശേഷസത്യവുമായി പൊരുത്തപ്പെടുന്നില്ലെന്നുകണ്ടപ്പോള്‍ എല്ലാവരുടെയും മുമ്പില്‍വച്ച് ഞാന്‍ കേപ്പായോട് പറഞ്ഞു: യഹൂദനായ നീ യഹൂദനെപ്പോലെയല്ല, വിജാതീയനെപ്പോലെയാണു ജീവിക്കുതെങ്കില്‍, യഹൂദരെപ്പോലെ ജീവിക്കാന്‍ വിജാതീയരെ പ്രേരിപ്പിക്കുന്നതിനു നിനക്കെങ്ങനെ സാധിക്കും? 

വിശ്വാസത്തിലൂടെ നീതീകരണം
15: നാംതന്നെ യഹൂദരായി ജനിച്ചവരാണ്. വിജാതീയരിലെ പാപികളായിട്ടല്ല.
16: എന്നിരിക്കിലും, നിയമത്തിന്റെ അനുഷ്ഠാനത്തിലൂടെയല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ്, ഒരുവന്‍ നീതീകരിക്കപ്പെടുന്നതെന്നു നമുക്കറിയാം. നിയമാനുഷ്ഠാനംവഴിയല്ല, ക്രിസ്തുവിലുള്ള വിശ്വാസംവഴി നീതീകരിക്കപ്പെടേണ്ടതിനാണ്, നാംതന്നെയും യേശുക്രിസ്തുവില്‍ വിശ്വസിച്ചത്. എന്തെന്നാല്‍, നിയമാനുഷ്ഠാനംവഴി ഒരുവനും നീതീകരിക്കപ്പെടുകയില്ല.
17: എന്നാല്‍, ക്രിസ്തുവില്‍ നീതീകരിക്കപ്പെടാനുള്ള പരിശ്രമത്തില്‍ത്തന്നെ നമ്മള്‍ പാപികളായി കാണപ്പെട്ടുവെങ്കില്‍ ക്രിസ്തു, പാപത്തിന്റെ ശുശ്രൂഷകനാണോ?
18: തീര്‍ച്ചയായുമല്ല! ഞാന്‍ നശിപ്പിച്ചവ ഞാന്‍തന്നെ വീണ്ടും പണിതുയര്‍ത്തുന്നുവെങ്കില്‍ ഞാന്‍ അതിക്രമംകാണിക്കുകയാണ്. 
19: എന്തെന്നാല്‍, ദൈവത്തിനായി ജീവിക്കേതിന്, ഞാന്‍ നിയമത്തിലൂടെ നിയമത്തിനു മൃതനായി.
20: ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്. എന്റെ ഇപ്പോഴത്തെ ഐഹികജീവിതം, എന്നെ സ്‌നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയുംചെയ്ത ദൈവപുത്രനില്‍ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ്.
21: ദൈവത്തിന്റെ കൃപ ഞാന്‍ നിരാകരിക്കുന്നില്ല. നിയമത്തിലൂടെയാണു നീതി കൈവരുന്നതെങ്കില്‍ ക്രിസ്തുവിന്റെ മരണത്തിനു നീതീകരണമൊന്നുമില്ല.

അദ്ധ്യായം 3


നിയമമോ വിശ്വാസമോ?
1: ഭോഷന്മാരായ ഗലാത്തിയാക്കാരേ, യേശുക്രിസ്തു നിങ്ങളുടെ കണ്മുമ്പില്‍ ക്രൂശിതനായി ചിത്രീകരിക്കപ്പെട്ടിരിക്കേ നിങ്ങളെയാരാണ്, ആഭിചാരംചെയ്തത്?
2: ഇതുമാത്രം നിങ്ങളില്‍നിന്നറിയാന്‍ ഞാനാഗ്രഹിക്കുന്നു: നിങ്ങള്‍ ആത്മാവിനെ സ്വീകരിച്ചതു നിയമത്തിന്റെ അനുഷ്ഠാനത്താലോ, അതോ വിശ്വാസത്തിന്റെ അനുസരണം നിങ്ങളോടു പ്രഘോഷിക്കപ്പെട്ടതു വിശ്വസിച്ചതുകൊണ്ടോ?
3: ആത്മാവിലാരംഭിച്ചിട്ട് ഇപ്പോള്‍ ശരീരത്തില്‍ അവസാനിപ്പിക്കുവാന്‍മാത്രം ഭോഷന്മാരാണോ നിങ്ങള്‍?
4: നിങ്ങള്‍ സഹിച്ചവയത്രയും വ്യര്‍ത്ഥമായിരുന്നുവോ - തീര്‍ത്തുംവ്യര്‍ത്ഥം?
5: നിങ്ങള്‍ക്ക്, ആത്മാവിനെനല്കുകയും, നിങ്ങളുടെയിടയില്‍ അദ്ഭുതങ്ങള്‍പ്രവര്‍ത്തിക്കുകയുംചെയ്യുന്നവന്‍ അങ്ങനെ ചെയ്യുന്നത്, നിങ്ങളുടെ നിയമാനുഷ്ഠാനംനിമിത്തമോ, അതോ നിങ്ങളോടു പ്രഘോഷിക്കപ്പെട്ടതു വിശ്വസിച്ചതുകൊണ്ടോ?
6: അബ്രാഹംതന്നെയും ദൈവത്തെ വിശ്വസിച്ചു. അതവനു നീതിയായി പരിഗണിക്കപ്പെട്ടു.
7: അതിനാല്‍, വിശ്വാസമുള്ളവരാണ് അബ്രാഹമിന്റെ മക്കള്‍ എന്നു നിങ്ങള്‍ മനസ്സിലാക്കണം.
8: വിജാതീയരെ വിശ്വാസംവഴി ദൈവം നീതീകരിക്കുമെന്നു മുന്‍കൂട്ടിക്കണ്ടുകൊണ്ട്,വിശുദ്ധഗ്രന്ഥം, നിന്നില്‍ ജനതകളെല്ലാം അനുഗൃഹീതരാകുമെന്ന സദ്വാര്‍ത്ത, നേരത്തെതന്നെ അബ്രാഹമിനെ അറിയിച്ചിട്ടുണ്ട്.
9: ആകയാല്‍, വിശ്വാസമുള്ളവര്‍ വിശ്വാസിയായ അബ്രാഹമിനോടൊത്ത് അനുഗ്രഹംപ്രാപിക്കുന്നു.
10: നിയമാനുഷ്ഠാനത്തിലാശ്രയമര്‍പ്പിക്കുന്ന എല്ലാവരും ശാപത്തിനു വിധേയരാണ്. എന്തെന്നാല്‍, ഇപ്രകാരമെഴുതപ്പെട്ടിരിക്കുന്നു: നിയമഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതെല്ലാം അനുസരിക്കാതെയും പ്രവര്‍ത്തിക്കാതെയുമിരിക്കുന്നവന്‍ ശപിക്കപ്പെട്ടവനാണ്.
11: ഒരുവനും ദൈവസന്നിധിയില്‍ നിയമംവഴി നീതീകരിക്കപ്പെടുന്നില്ല എന്നു വ്യക്തമാണ്. എന്തെന്നാല്‍, നീതിമാന്‍ വിശ്വാസംവഴിയാണു ജീവിക്കുക.
12: നിയമത്തിന്റെ അടിസ്ഥാനം വിശ്വാസമല്ല; എന്തെന്നാല്‍, അവയനുഷ്ഠിക്കുന്നവന്‍ അവവഴി ജീവിക്കും.
13: ക്രിസ്തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നുകൊണ്ടു നിയമത്തിന്റെ ശാപത്തില്‍നിന്നു നമ്മെ രക്ഷിച്ചു. എന്തെന്നാല്‍, മരത്തില്‍ തൂക്കപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാണ് എന്നെഴുതിയിരിക്കുന്നു.
14: അബ്രാഹമിനുലഭിച്ച അനുഗ്രഹം, യേശുക്രിസ്തുവഴി വിജാതീയരിലേക്കും വ്യാപിക്കേണ്ടതിനും ആത്മാവിന്റെ വാഗ്ദാനം, വിശ്വാസംവഴി നമ്മള്‍ പ്രാപിക്കേണ്ടതിനുമാണ് ഇപ്രകാരം സംഭവിച്ചത്. 

നിയമവും വാഗ്ദാനവും
15: സഹോദരരേ, മനുഷ്യസാധാരണമായ ഒരുദാഹരണം പറഞ്ഞാല്‍, ഒരുവന്റെ ഉടമ്പടി, ഒരിക്കല്‍ സ്ഥിരീകരിച്ചതിനുശേഷം ആരും അതസാധുവാക്കുകയോ, അതില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാറില്ല.
16: വാഗ്ദാനങ്ങള്‍ ലഭിച്ചത്, അബ്രാഹമിനും അവന്റെ സന്തതിക്കുമായിട്ടാണ്. പലരെയുദ്ദ്യേശിച്ച്, സന്തതികള്‍ക്കെന്ന് അതില്‍പ്പറഞ്ഞിട്ടില്ല; പ്രത്യുത, ഒരുവനെ
യുദ്ദ്യേശിച്ച്, നിന്റെ സന്തതിക്ക് എന്നാണു പറഞ്ഞിരിക്കുന്നത്. അത് ക്രിസ്തുവിനെയുദ്ദ്യേശിച്ചാണ്.
17: ഞാന്‍ പറയുന്നതിതാണ്: നാനൂറ്റിമുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം നിലവില്‍വന്ന നിയമം, ദൈവം പണ്ടുതന്നെ സ്ഥിരീകരിച്ച ഉടമ്പടിയെ, വാഗ്ദാനത്തെ, നീക്കിക്കളയത്തക്കവിധം അസാധുവാക്കുകയില്ല.
18: എന്തെന്നാല്‍, പാരമ്പര്യാവകാശം നിയമത്തില്‍നിന്നാണു ലഭിക്കുന്നതെങ്കില്‍ അതൊരിക്കലും വാഗ്ദാനത്തില്‍നിന്നായിരിക്കുകയില്ല. എന്നാല്‍, ദൈവം അബ്രാഹമിനതു നല്കിയതു വാഗ്ദാനംവഴിയാണ്. പിന്നെന്തിനാണു നിയമം?
19: വാഗ്ദാനംസിദ്ധിച്ചവനു സന്തതി ലഭിക്കുന്നതുവരെ പാപങ്ങള്‍നിമിത്തം നിയമം നല്കപ്പെട്ടു. ദൈവദൂതന്മാര്‍വഴി ഒരു മദ്ധ്യവര്‍ത്തിയിലൂടെ അതു വിളംബരംചെയ്യപ്പെട്ടു.
20: ഒന്നില്‍ക്കൂടുതല്‍പേരുണ്ടെങ്കിലേ മദ്ധ്യവര്‍ത്തി വേണ്ടൂ; എന്നാല്‍, ദൈവം ഏകനാണ്. 

നിയമത്തിന്റെ ഉദ്ദേശ്യം
21: അങ്ങനെയെങ്കില്‍ നിയമം ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ക്കു വിരുദ്ധമാണോ? ഒരിക്കലുമല്ല. എന്തെന്നാല്‍, ജീവദായകമായ ഒരു നിയമം നിലവിലുണ്ടായിരുന്നെങ്കില്‍, നീതി തീര്‍ച്ചയായും ആ നിയമംവഴി ഉണ്ടാകുമായിരുന്നു.
22: എന്നാല്‍, യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി, വിശ്വാസികള്‍ വാഗ്ദാനംപ്രാപിക്കേണ്ടതിന്, എല്ലാവരും പാപത്തിനധീനരാണെന്ന് വിശുദ്ധഗ്രന്ഥം പ്രഖ്യാപിച്ചു.
23: വിശ്വാസം ആവിര്‍ഭവിക്കുന്നതിനുമുമ്പ്, നമ്മള്‍ നിയമത്തിന്റെ കാവലിലായിരുന്നു; വിശ്വാസം വെളിപ്പെടുന്നതുവരെ നിയന്ത്രണാധീനരായിക്കഴിയുകയുംചെയ്തു.
24: തന്നിമിത്തം നമ്മള്‍ വിശ്വാസത്താല്‍ നീതീകരിക്കപ്പെടേണ്ടതിന്, ക്രിസ്തുവിന്റെ ആഗമനംവരെ, നിയമം നമ്മുടെ പാലകനായിരുന്നു.
25: ഇപ്പോളാകട്ടെ, വിശ്വാസം സമാഗതമായ നിലയ്ക്ക്, നമ്മള്‍ പാലകനധീനരല്ല. 

പുത്രത്വവും അവകാശവും
26: യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി, നിങ്ങളെല്ലാവരും ദൈവപുത്രന്മാരാണ്.
27: ക്രിസ്തുവിനോട് ഐക്യപ്പെടാന്‍വേണ്ടി, സ്‌നാനംസ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
28: യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്തുവിലൊന്നാണ്.
29: നിങ്ങള്‍ ക്രിസ്തുവിനുള്ളവരാണെങ്കില്‍ അബ്രാഹമിന്റെ സന്തതികളാണ്; വാഗ്ദാനമനുസരിച്ചുള്ള അവകാശികളുമാണ്.

മുന്നൂറ്റിമുപ്പത്തിയാറാം ദിവസം: 2 കൊറിന്തോസ് 10 - 13


അദ്ധ്യായം 10

    
പൗലോസിന്റെ ന്യായവാദം
1: അടുത്തായിരിക്കുമ്പോള്‍ വിനീതനും അകന്നിരിക്കുമ്പോള്‍ തന്റേടിയുമെന്നു നിങ്ങള്‍കരുതുന്ന പൗലോസായ ഞാന്‍, ക്രിസ്തുവിന്റെ സൗമ്യതയുടെയും ശാന്തതയുടെയുംപേരില്‍ നിങ്ങളോടഭ്യര്‍ത്ഥിക്കുന്നു.
2: ഞങ്ങളെ ജഡികന്മാരായിക്കരുതുന്ന ചിലരുണ്ട്. അവരെ ധീരമായി നേരിടാമെന്ന ആത്മവിശ്വാസം, എനിക്കുണ്ട്. എന്നാല്‍, നിങ്ങളുടെയടുത്തുവരുമ്പോള്‍ എന്റെ ധൈര്യംപ്രകടിപ്പിക്കാന്‍ ഇടവരുത്തരുതേ
യെന്നഭ്യര്‍ത്ഥിക്കുന്നു.
3: ഞങ്ങള്‍ ജീവിക്കുന്നതു ജഡത്തിലാണെങ്കിലും ജഡികപോരാട്ടമല്ല ഞങ്ങള്‍ നടത്തുന്നത്.
4: എന്തുകൊണ്ടെന്നാല്‍, ഞങ്ങളുടെ സമരായുധങ്ങള്‍ ജഡികമല്ല; ദുര്‍ഗ്ഗമങ്ങളായ കോട്ടകള്‍തകര്‍ക്കാന്‍ ദൈവത്തില്‍ അവ ശക്തങ്ങളാണ്.
5: ദൈവത്തെപ്പറ്റിയുള്ള അറിവിനെതിരായ വാദമുഖങ്ങളെയും ഔദ്ധത്യപൂര്‍ണ്ണമായ എല്ലാപ്രതിബന്ധങ്ങളെയും ഞങ്ങള്‍ തകര്‍ക്കുകയും ക്രിസ്തുവിനെ അനുകരിക്കേണ്ടതിന് എല്ലാ ചിന്താഗതികളെയും കീഴ്‌പ്പെടുത്തുകയുംചെയ്യുന്നു.
6: നിങ്ങള്‍ പൂര്‍ണ്ണമായി അനുസരിക്കുന്നവരായതിനുശേഷം അനുസരിക്കാത്തവരെ ശിക്ഷിക്കാന്‍ ഞങ്ങള്‍ സന്നദ്ധരായിരിക്കുകയാണ്.
7: നിങ്ങള്‍ കണ്മുമ്പിലുള്ളതു കാണുക. ആരെങ്കിലും താന്‍ ക്രിസ്തുവിനുള്ളവനാണെന്നു ദൃഢമായി വിശ്വസിക്കുന്നെങ്കില്‍, ഞങ്ങളും അവനെപ്പോലെ ക്രിസ്തുവിനുള്ളവരാണെന്നു മനസ്സിലാക്കിക്കൊള്ളട്ടെ.
8: ഞങ്ങളുടെ അധികാരത്തെപ്പറ്റി ഞാന്‍ കുറച്ചധികം പ്രശംസിച്ചാലും അതിലെനിക്കു ലജ്ജിക്കാനില്ല. നിങ്ങളെ പടുത്തുയര്‍ത്താനാണ്, നശിപ്പിക്കാനല്ല, കര്‍ത്താവു ഞങ്ങള്‍ക്കധികാരംനല്കിയിരിക്കുന്നത്.
9: ലേഖനത്തിലൂടെ നിങ്ങളെ ഭയപ്പെടുത്തുന്നവനായി എന്നെ നിങ്ങള്‍ കണക്കാക്കരുത്.
10: എന്തെന്നാല്‍, ചിലര്‍ പറയുന്നു: അവന്റെ ലേഖനങ്ങള്‍ ഈടുറ്റതും ശക്തവുമാണ്. എന്നാല്‍, അവന്റെ ശാരീരികസാന്നിദ്ധ്യം അശക്തവും ഭാഷണം മനസ്സിലേശാത്തതുമാണ്.
11: അകലെയായിരിക്കുമ്പോള്‍ ലേഖനത്തിലൂടെ പറയുന്നതുതന്നെയാണ്, അടുത്തായിരിക്കുമ്പോള്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇക്കൂട്ടര്‍ ധരിക്കട്ടെ.
12: ആത്മപ്രശംസനടത്തുന്നവരുടെ ഗണത്തില്‍പ്പെടാനോ ഞങ്ങളെ അവരോടു താരതമ്യംചെയ്യാനോ ഞങ്ങള്‍ തുനിയുന്നില്ല. പരസ്പരമളക്കാനും തുലനംചെയ്യാനും സാഹസപ്പെടുന്ന വിഡ്ഢികളാണവര്‍.
13: ഞങ്ങള്‍ അതിരുകടന്ന് ആത്മപ്രശംസചെയ്യുകയില്ല. ദൈവം ഞങ്ങള്‍ക്കു നിശ്ചയിച്ചുതന്നിട്ടുള്ള പരിധി ഞങ്ങള്‍ പാലിക്കും. ആ പരിധിയില്‍ നിങ്ങളു
മുള്‍പ്പെടുന്നു.
14: നിങ്ങളുടെയടുത്ത് എത്തിയിട്ടില്ലാത്തവരെപ്പോലെ കൈയെത്തിച്ചുപിടിക്കാന്‍ ഉദ്യമിക്കുകയല്ല. ക്രിസ്തുവിന്റെ സുവിശേഷവുമായി നിങ്ങളുടെയടുത്തുവന്നതു ഞങ്ങളാണല്ലോ.
15: അന്യരുടെ പ്രയത്നങ്ങളുടെ ഫലം സ്വായത്തമാക്കി, അതിരുകവിഞ്ഞഹങ്കരിക്കുന്നവരല്ല ഞങ്ങള്‍. നിങ്ങളുടെ വിശ്വാസം വര്‍ദ്ധിക്കുന്നതനുസരിച്ച്, നിങ്ങളുടെയിടയില്‍ ഞങ്ങളുടെ അധികാരമണ്ഡലം പൂര്‍വ്വോപരി വികസിക്കുമെന്നാണു ഞങ്ങളുടെ പ്രത്യാശ.
16: അപ്പോള്‍, അന്യന്റെ വയലില്‍ച്ചെയ്ത ജോലികളെപ്പറ്റി പ്രശംസിക്കാതെ, നിങ്ങള്‍ക്കപ്പുറമുള്ള സ്ഥലങ്ങളില്‍ സുവിശേഷംപ്രസംഗിക്കാന്‍ ഞങ്ങള്‍ക്കു കഴിയും.
17: അഭിമാനിക്കുന്നവന്‍ കര്‍ത്താവിലഭിമാനിക്കട്ടെ.
18: എന്തെന്നാല്‍, തന്നെത്തന്നെ പ്രശംസിക്കുന്നവനല്ല, കര്‍ത്താവു പ്രശംസിക്കുന്നവനാണു സ്വീകാര്യന്‍.

അദ്ധ്യായം 11


കപട അപ്പസ്‌തോലന്മാര്‍
1: അല്പം ഭോഷത്തം സംസാരിക്കുന്നത്, നിങ്ങള്‍ സഹിക്കുമെന്നു പ്രതീക്ഷിക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ത്തന്നെ എന്നോടു സഹിഷ്ണുത കാണിക്കുന്നുണ്ടല്ലോ.
2: എനിക്കു നിങ്ങളോടു ദൈവികമായ അസൂയ തോന്നുന്നു. എന്തെന്നാല്‍, നിര്‍മ്മലയായ വധുവിനെ അവളുടെ ഭര്‍ത്താവിനെന്നതുപോലെ, നിങ്ങളെ ക്രിസ്തുവിനു സമര്‍പ്പിക്കേണ്ടതിന്, ക്രിസ്തുവുമായി നിങ്ങളുടെ വിവാഹനിശ്ചയം ഞാന്‍ നടത്തി.
3: എന്നാല്‍, സര്‍പ്പം ഹവ്വായെ തന്ത്രപൂര്‍വ്വം ചതിച്ചതുപോലെ, നിങ്ങളുടെ ചിന്തകള്‍ ക്രിസ്തുവിലുള്ള ലാളിത്യത്തിലും വിശുദ്ധിയിലുംനിന്നു വ്യതിചലിപ്പിക്കപ്പെടുമോയെന്നു ഞാന്‍ ഭയപ്പെടുന്നു.
4: എന്തെന്നാല്‍, ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേശുവിനെ ആരെങ്കിലുംവന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരാത്മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോചെയ്താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക.
5: ഈ അപ്പസ്‌തോലപ്രമാണികളെക്കാള്‍ ഒട്ടുംകുറഞ്ഞവനല്ല ഞാനെന്നാണ് എന്റെ വിശ്വാസം.
6: എനിക്കു പ്രസംഗചാതുര്യം കുറവായിരിക്കാം. എങ്കിലും അറിവില്‍ ഞാന്‍ പിന്നോക്കമല്ല. എല്ലാക്കാര്യങ്ങളിലും എല്ലാവിധത്തിലും ഇതു ഞങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ.
7: ദൈവത്തിന്റെ സുവിശേഷം പ്രതിഫലംകൂടാതെ പ്രസംഗിച്ചുകൊണ്ടു നിങ്ങളുടെ ഉത്കര്‍ഷത്തിനുവേണ്ടി ഞാന്‍ എന്നെത്തന്നെ താഴ്ത്തിയതു തെറ്റാണോ?
8: നിങ്ങളെ ശുശ്രൂഷിക്കുന്നതിനുവേണ്ടി മറ്റുസഭകളില്‍നിന്നു സഹായം സ്വീകരിച്ചുകൊണ്ട്, ഞാനവരെ കവര്‍ച്ചചെയ്യുകയായിരുന്നു.
9: ഞാന്‍ നിങ്ങളുടെകൂടെയായിരിക്കുമ്പോള്‍ എനിക്കു ഞെരുക്കമുണ്ടായെങ്കിലും ആരെയും ഞാന്‍ ബുദ്ധിമുട്ടിച്ചില്ല. മക്കെദോനിയായില്‍നിന്നു വന്ന സഹോദരന്മാരാണ് എന്റെ ആവശ്യങ്ങള്‍ നിറവേറ്റിത്തന്നത്. അതിനാല്‍ നിങ്ങളെ ഒരുപ്രകാരത്തിലും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു; മേലിലും ശ്രദ്ധിക്കും.
10: ക്രിസ്തുവിന്റെ സത്യം എന്നിലുള്ളതുകൊണ്ട് എന്റെ ഈ പ്രശംസ അക്കായിയാപ്രദേശങ്ങളില്‍ കേള്‍ക്കപ്പെടാതിരിക്കുകയില്ല.
11: എന്തുകൊണ്ട്? ഞാന്‍ നിങ്ങളെ സ്‌നേഹിക്കാത്തതുകൊണ്ടോ? അങ്ങനെയല്ലെന്നു ദൈവത്തിനറിയാം.
12: ഞാന്‍ ഇപ്പോള്‍ച്ചെയ്യുന്നത്, തുടര്‍ന്നും ചെയ്യും. അങ്ങനെ തങ്ങളുടെ പ്രേഷിതവേല ഞങ്ങളുടേതുപോലെതന്നെയാണെന്നു വമ്പുപറയുന്നവരുടെ അവകാശവാദം ഞങ്ങള്‍ ഖണ്ഡിക്കുകയുംചെയ്യും.
13: അത്തരക്കാര്‍ കപടനാട്യക്കാരായ അപ്പസ്‌തോലന്മാരും വഞ്ചകരായ ജോലിക്കാരും ക്രിസ്തുവിന്റെ അപ്പസ്‌തോലന്മാരായി വ്യാജവേഷംധരിച്ചവരുമാണ്.
14: അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ.
15: അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം? അവരുടെ പരിണാമം അവരുടെ പ്രവൃത്തികള്‍ക്കനുസൃതമായിരിക്കും. 

അപ്പസ്‌തോലന്റെ സഹനം
16: എന്നെ ഭോഷനായി ആരും കരുതരുതെന്ന്, ഞാനാവര്‍ത്തിച്ചുപറയുന്നു. അഥവാ, നിങ്ങള്‍ കരുതുകയാണെങ്കില്‍ എനിക്കും അല്പം ആത്മപ്രശംസചെയ്യേണ്ടതിന് എന്നെ ഭോഷനായിത്തന്നെ സ്വീകരിക്കുവിന്‍.
17: കര്‍ത്താവിന്റെ അധികാരത്തോടെയല്ല, പ്രത്യുത ആത്മപ്രശംസയിലുള്ള ഈ ദൃഢവിശ്വാസത്തോടെ, ഒരു ഭോഷനെപ്പോലെയാണു ഞാന്‍ സംസാരിക്കുന്നത്.
18: പലരും ലൗകികകാര്യങ്ങളെപ്പറ്റി പ്രശംസിക്കാറുള്ളതുപോലെ ഞാനും പ്രശംസിക്കും.
19: ബുദ്ധിമാന്മാരായ നിങ്ങള്‍ വിഡ്ഢികളോടു സന്തോഷപൂര്‍വ്വം സഹിഷ്ണുത കാണിക്കാറുണ്ടല്ലോ!
20: എന്തെന്നാല്‍, നിങ്ങളെ അടിമകളാക്കുകയും കൊള്ളയടിക്കുകയും ചൂഷണംചെയ്യുകയും അഹങ്കരിക്കുകയും നിങ്ങളുടെ മുഖത്തടിക്കുകയുംചെയ്യുന്നവരോടു നിങ്ങള്‍ സഹിഷ്ണുതപുലര്‍ത്തുന്നുണ്ടല്ലോ.
21: അതിനൊന്നും ഞങ്ങള്‍ക്കു ശക്തിയില്ലായിരുന്നെന്നു ലജ്ജയോടെ പറഞ്ഞുകൊള്ളട്ടെ. ആരെങ്കിലും പ്രശംസിക്കാന്‍ ധൈര്യപ്പെടുന്ന എന്തിനെക്കുറിച്ചും പ്രശംസിക്കാന്‍ ഞാനും ധൈര്യപ്പെടുമെന്ന് ഒരുഭോഷനെപ്പോലെ ഞാന്‍ പറയുന്നു.
22: അവര്‍ ഹെബ്രായരാണോ? ഞാനുമതേ. അവര്‍ ഇസ്രായേല്‍ക്കാരാണോ? ഞാനുമതേ. അവര്‍ അബ്രാഹമിന്റെ സന്തതികളാണോ? ഞാനുമതേ.
23: അവര്‍ ക്രിസ്തുവിന്റെ ദാസന്മാരാണോ? ഉന്മത്തനെപ്പോലെ ഞാനും പറയുന്നു, ഞാന്‍ കുറെക്കൂടെ മെച്ചപ്പെട്ട ദാസനാണ്. അവരെക്കാള്‍ വളരെയേറെ ഞാനദ്ധ്വാനിച്ചു; വളരെക്കൂടുതല്‍ കാരാഗൃഹവാസമനുഭവിച്ചു; എണ്ണമറ്റവിധം പ്രഹരമേറ്റു; പലതവണ മരണവക്ത്രത്തിലകപ്പെട്ടു.
24: അഞ്ചുപ്രാവശ്യം യഹൂദരുടെ കൈകളില്‍നിന്ന്, ഒന്നുകുറയെ നാല്പതടിവീതം ഞാന്‍ കൊണ്ടു.
25: മൂന്നുപ്രാവശ്യം വടികൊണ്ടടിക്കപ്പെട്ടു. ഒരിക്കല്‍ കല്ലെറിയപ്പെട്ടു. മൂന്നുപ്രാവശ്യം കപ്പലപകടത്തില്‍
പ്പെട്ടു. ഒരു രാത്രിയും ഒരു പകലും കടലിലൊഴുകിനടന്നു.
26: തുടരെത്തുടരെയുള്ള യാത്രകള്‍ക്കിടയില്‍, നദികളില്‍വച്ചും കൊള്ളക്കാരില്‍നിന്നും സ്വന്തക്കാരില്‍നിന്നും വിജാതീയരില്‍നിന്നും എനിക്കപകടങ്ങളുണ്ടായി. നഗരത്തില്‍വച്ചും വിജനപ്രദേശത്തുവച്ചും കടലില്‍വച്ചും അപകടങ്ങളിലകപ്പെട്ടു. വ്യാജസഹോദരരില്‍നിന്നുള്ള അപകടങ്ങള്‍ക്കും ഞാനധീനനായി.
27: കഠിനാദ്ധ്വാനത്തിലും വിഷമസന്ധികളിലും നിരവധിരാത്രികളിലെ ജാഗരണത്തിലും വിശപ്പിലും ദാഹത്തിലും പലപ്പോഴും ഉപവാസത്തിലും തണുപ്പിലും നഗ്നതയിലും ഞാന്‍ ജീവിച്ചു.
28: ഇവയ്‌ക്കെല്ലാംപുറമേ, സകലസഭകളെയുംകുറിച്ചുള്ള എന്റെ ഉത്കണ്ഠ, അനുദിനം എന്നെയലട്ടിക്കൊണ്ടുമിരിക്കുന്നു.
29: ആരു ബലഹീനനാകുമ്പോളാണ് ഞാന്‍ ബലഹീനനാകാതിരിക്കുന്നത്? ആരു തെറ്റുചെയ്യുമ്പോ
ളാണ് എന്റെ ഹൃദയം കത്തിയെരിയാത്തത്?
30: എനിക്കു പ്രശംസിക്കണമെന്നുണ്ടെങ്കില്‍ എന്റെ ബലഹീനതകളെക്കുറിച്ചായിരിക്കും ഞാന്‍ പ്രശംസിക്കുക.
31: ഞാന്‍ വ്യാജംപറയുകയല്ലെന്നു കര്‍ത്താവായ യേശുവിന്റെ ദൈവവും പിതാവും എന്നേയ്ക്കും വാഴ്ത്തപ്പെട്ടവനുമായ ദൈവ
റിയുന്നു.
32: ദമാസ്‌ക്കസില്‍വച്ച്, എന്നെപ്പിടികൂടുന്നതിനുവേണ്ടി, അരേത്താസ് രാജാവിന്റെ ദേശാധിപതി, ദമാസ്‌ക്കസ് നഗരത്തിനു കാവലേര്‍പ്പെടുത്തി.
33: എന്നാല്‍, മതിലിലുള്ള ഒരു കിളിവാതിലിലൂടെ കുട്ടയില്‍ ഞാന്‍ താഴേയ്ക്കിറക്കപ്പെട്ടു. അങ്ങനെ അവന്റെ കൈകളില്‍നിന്നു ഞാന്‍ രക്ഷപ്പെട്ടു.

അദ്ധ്യായം 12


ദര്‍ശനങ്ങളും വെളിപാടുകളും
1: എനിക്ക് ആത്മപ്രശംസചെയ്യാന്‍ പലതുമുണ്ട്. അതുകൊണ്ട് ഒരു നേട്ടവുമില്ലെന്നെനിക്കറിയാം. എങ്കിലും, കര്‍ത്താവിന്റെ ദര്‍ശനങ്ങളിലേക്കും വെളിപാടുകളിലേക്കും ഞാന്‍ കടക്കട്ടെ.
2: പതിന്നാലു വര്‍ഷംമുമ്പു മൂന്നാംസ്വര്‍ഗ്ഗംവരെ ഉയര്‍ത്തപ്പെട്ട ഒരു മനുഷ്യനെ ക്രിസ്തുവില്‍ എനിക്കറിയാം. ശരീരത്തോടുകൂടെയോ ശരീരംകൂടാതെയോ എന്നെനിക്കറിവില്ല; അതു ദൈവത്തിനേ അറിയൂ.
3: ഈ മനുഷ്യന്‍ പറുദീസായിലേക്കുയര്‍ത്തപ്പെട്ടു എന്നെനിക്കറിയാം - ശരീരത്തോടുകൂടെയോ ശരീരംകൂടാതെയോ എന്നെനിക്കറിവില്ല; അതു ദൈവത്തിനേ അറിയൂ.
4: അവാച്യവും മനുഷ്യനു വിവരിച്ചുകൂടാത്തതുമായ കാര്യങ്ങള്‍ അവന്‍ കേട്ടു.
5: ഈ മനുഷ്യനെക്കുറിച്ചു ഞാനഭിമാനംകൊള്ളും. എന്നെക്കുറിച്ചു സ്വന്തം ബലഹീനതകളിലല്ലാതെ ഞാന്‍ അഭിമാനംകൊള്ളുകയില്ല.
6: ആത്മപ്രശംസയ്ക്കിച്ഛിക്കുന്നെങ്കില്‍ത്തന്നെ, ഞാനൊരു ഭോഷനാവുകയില്ല. എന്തെന്നാല്‍, സത്യമായിരിയ്ക്കും ഞാന്‍ സംസാരിക്കുക. എന്നില്‍ക്കാണുകയും എന്നില്‍നിന്നു കേള്‍ക്കുകയുംചെയ്യുന്നതിലധികമായി ആരും എന്നെപ്പറ്റി വിചാരിക്കാതിരിക്കേണ്ടതിന്, ഞാന്‍ ആത്മപ്രശംസ ഒഴിവാക്കുന്നു.
7: വെളിപാടുകളുടെ ആധിക്യത്താല്‍ ഞാനധികം ആഹ്ലാദിക്കാതിരിക്കേണ്ടതിന്, ശരീരത്തില്‍ ഒരു മുള്ള്, എനിക്കു നല്കപ്പെട്ടിരിക്കുന്നു. അതായത്, എന്നെ ശല്യപ്പെടുത്തുന്നതിനും മതിമറന്നാഹ്ലാദിക്കാതെ എന്നെ നിയന്ത്രിക്കുന്നതിനുംവേണ്ടിയുള്ള പിശാചിന്റെ ദൂതന്‍.
8: അതെന്നെ വിട്ടകലാന്‍വേണ്ടി, മൂന്നുപ്രാവശ്യം ഞാന്‍ കര്‍ത്താവിനോടപേക്ഷിച്ചു.
9: എന്നാല്‍, അവിടുന്നെന്നോടരുളിച്ചെയ്തു: നിനക്ക് എന്റെ കൃപമതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്റെ ശക്തി പൂര്‍ണ്ണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്റെ ശക്തി എന്റെമേലാവസിക്കേണ്ടതിന്, ഞാന്‍ പൂര്‍വ്വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും.
10: അതുകൊണ്ട്, ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ ക്രിസ്തുവിനെപ്രതി സന്തുഷ്ടനാണ്. എന്തെന്നാല്‍, ബലഹീനനായിരിക്കുമ്പോളാണു ഞാന്‍ ശക്തനായിരിക്കുന്നത്. 

പൗലോസിന്റെ വ്യഗ്രത
11: ഞാനൊരു ഭോഷനായിപ്പോയല്ലോ! നിങ്ങളാണതിനു കാരണക്കാര്‍; എന്തെന്നാല്‍, നിങ്ങള്‍ എന്നെ പ്രശംസിക്കേണ്ടവരായിരുന്നു. ഞാന്‍ നിസ്സാരനാണെന്നിരിക്കിലും ഈ അപ്പസ്‌തോലപ്രമാണികളെക്കാള്‍ ഒട്ടുംകുറഞ്ഞവനല്ല.
12: തെളിവുകളോടും അദ്ഭുതങ്ങളോടും ശക്തികളോടുംകൂടെ എല്ലാത്തരത്തിലുമുള്ള സഹനങ്ങളിലും ഒരപ്പസ്‌തോലനുചേര്‍ന്ന അടയാളങ്ങള്‍ നിങ്ങള്‍ക്കു നല്കപ്പെട്ടു.
13: ഞാന്‍ നിങ്ങള്‍ക്കൊരു ഭാരമായിത്തീര്‍ന്നിട്ടില്ലായെന്നതിലൊഴികേ, മറ്റെന്തിലാണു നിങ്ങള്‍ക്കു മറ്റുസഭകളെക്കാള്‍ കുറവുവന്നിട്ടുള്ളത്? ആ അപരാധം എന്നോടു ക്ഷമിക്കുവിന്‍!
14: ഇതാ, ഞാന്‍ മൂന്നാംപ്രാവശ്യം നിങ്ങളെ സന്ദര്‍ശിക്കാന്‍ തയ്യാറായിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കൊരു ഭാരമായിരിക്കുകയില്ലാ. എന്തെന്നാല്‍, ഞാന്‍ കാംക്ഷിക്കുന്നത് നിങ്ങളെയാണ്, നിങ്ങള്‍ക്കുള്ളതല്ല. മക്കള്‍ മാതാപിതാക്കന്മാര്‍ക്കുവേണ്ടിയല്ല സമ്പാദിക്കേണ്ടത്; മറിച്ച്, മാതാപിതാക്കന്മാര്‍ മക്കള്‍ക്കുവേണ്ടിയാണ്.
15: ഞാന്‍ അതീവസന്തോഷത്തോടെ നിങ്ങളുടെ ആത്മാക്കള്‍ക്കുവേണ്ടി എനിക്കുള്ളതെല്ലാം ചെലവഴിക്കുകയും എന്നെത്തന്നെ സമര്‍പ്പിക്കുകയുംചെയ്യും. ഞാന്‍ നിങ്ങളെ കൂടുതല്‍ സ്‌നേഹിക്കുംതോറും നിങ്ങളെന്നെ കുറച്ചുമാത്രമാണോ സ്‌നേഹിക്കേണ്ടത്?
16: ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നു നിങ്ങള്‍ സമ്മതിക്കുമെങ്കിലും, നിങ്ങളെ കബളിപ്പിച്ച് സൂത്രത്തില്‍ വശപ്പെടുത്തുകയായിരുന്നുവെന്നു നിങ്ങള്‍ പറയുന്നു.
17: ഞാന്‍ നിങ്ങളുടെയടുത്തേക്കയച്ച ആരെങ്കിലുംവഴി, ഞാന്‍ നിങ്ങളെ കബളിപ്പിച്ചിട്ടുണ്ടോ?
18: തീത്തോസ് പോകണമെന്നു ഞാന്‍ നിര്‍ബന്ധിച്ചു. അവന്റെകൂടെ ആ സഹോദരനെയുമയച്ചു. തീത്തോസ് നിങ്ങളെ കബളിപ്പിച്ചില്ലല്ലോ. ഒരേ ആത്മാവിലല്ലേ ഞങ്ങള്‍ പ്രവര്‍ത്തിച്ചത്? ഒരേ പാതയിലല്ലേ ഞങ്ങള്‍ നടന്നത്.
19: ഞങ്ങള്‍ നിങ്ങളുടെമുമ്പില്‍ ഞങ്ങളെത്തന്നെ ന്യായീകരിക്കുകയായിരുന്നുവെന്നാണോ ഇത്രയുംകാലം നിങ്ങള്‍ വിചാരിച്ചിരുന്നത്? പ്രിയപ്പെട്ടവരേ, ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ അഭ്യുന്നതിക്കുവേണ്ടി ദൈവസമക്ഷം സമസ്തവും ക്രിസ്തുവിലാണു പ്രസംഗിച്ചിരുന്നത്.
20: ഒരുപക്ഷേ, ഞാന്‍ വരുമ്പോള്‍ ഞാനാഗ്രഹിക്കുന്നനിലയില്‍ നിങ്ങളെയും നിങ്ങളാഗ്രഹിക്കുന്നനിലയില്‍ എന്നെയും കാണാതിരിക്കുമോയെന്നു ഞാന്‍ ഭയപ്പെടുന്നു. കലഹവും അസൂയയും കോപവും മാത്സര്യവും അപവാദവും പരദൂഷണവും അഹന്തയും അസ്വസ്ഥതയുമായിരിക്കുമോ കണ്ടെത്തുന്നത്?
21: ഞാന്‍ വീണ്ടും നിങ്ങളുടെ
ടുക്കല്‍വരുമ്പോള്‍ എന്റെ ദൈവം, എന്നെ നിങ്ങളുടെമുമ്പില്‍ എളിമപ്പെടുത്തുമോയെന്ന് എനിക്കു ഭയമുണ്ട്. നേരത്തേ പാപംചെയ്തവരും, എന്നാല്‍ തങ്ങളുടെ അശുദ്ധിയെക്കുറിച്ചും വ്യഭിചാരത്തെക്കുറിച്ചും വിഷയാസക്തിയെക്കുറിച്ചും പശ്ചാത്തപിക്കാത്തവരുമായ അനേകരെയോര്‍ത്തു വിലപിക്കേണ്ടിവരുമോ എന്നും ഞാന്‍ ഭയപ്പെടുന്നു.

അദ്ധ്യായം 13


മുന്നറിയിപ്പുകള്‍
1: മൂന്നാംപ്രാവശ്യമാണു ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കാന്‍പോകുന്നത്. രണ്ടോമൂന്നോ സാക്ഷികളുടെ മൊഴിയിന്മേല്‍ ഏതുകാര്യവും സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു.
2: നേരത്തേ പാപംചെയ്തവര്‍ക്കും മറ്റെല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പുനല്കിയിട്ടുണ്ട്. എന്റെ രണ്ടാംസന്ദര്‍ശനവേളയില്‍ ഞാന്‍ചെയ്തതുപോലെ, ഇപ്പോള്‍ എന്റെ അസാന്നിദ്ധ്യത്തിലും അവര്‍ക്കു ഞാന്‍ താക്കീതുനല്കുന്നു. ഞാന്‍ വീണ്ടുംവന്നാല്‍ അവരെ വെറുതെവിടുകയില്ല.
3: ക്രിസ്തു എന്നിലൂടെ സംസാരിക്കുന്നുവെന്നതിനു തെളിവാണല്ലോ നിങ്ങളാഗ്രഹിക്കുന്നത്. നിങ്ങളോടിടപെടുന്നതില്‍ അവന്‍ ദുര്‍ബ്ബലനല്ല, ശക്തനാണ്.
4: അവന്‍ ബലഹീനതയില്‍ ക്രൂശിക്കപ്പെട്ടു. എന്നാല്‍, ദൈവത്തിന്റെ ശക്തിയാല്‍ ജീവിക്കുന്നു. ക്രിസ്തുവില്‍ ഞങ്ങളും ബലഹീനരാണ്. എന്നാല്‍, നിങ്ങളോടു പെരുമാറുമ്പോളാകട്ടെ, ഞങ്ങള്‍ അവനോടുകൂടെ ദൈവത്തിന്റെ ശക്തികൊണ്ടു ജീവിക്കും.
5: നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തില്‍ നിലനില്ക്കുന്നുണ്ടോയെന്നു പരിശോധിക്കുവിന്‍; നിങ്ങളെത്തന്നെ പരീക്ഷിച്ചറിയുവിന്‍. യേശുക്രിസ്തു നിങ്ങളിലുണ്ടെന്നു നിങ്ങള്‍ക്കു ബോദ്ധ്യമായിട്ടില്ലേ? ഇല്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പരീക്ഷയില്‍ പരാജയപ്പെട്ടിരിക്കുന്നു.
6: ഞങ്ങള്‍ പരാജയപ്പെട്ടിട്ടില്ലെന്നു നിങ്ങള്‍ ഗ്രഹിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
7: എന്നാല്‍, നിങ്ങള്‍ തിന്മപ്രവര്‍ത്തിക്കരുതേയെന്നാണു ദൈവത്തോടുള്ള ഞങ്ങളുടെ പ്രാര്‍ത്ഥന. ഞങ്ങള്‍ പരീക്ഷയില്‍ വിജയിച്ചവരായി കാണപ്പെടണമെന്നില്ല; ഞങ്ങള്‍ പരാജിതരായിക്കാണപ്പെട്ടാലും നിങ്ങള്‍ നന്മപ്രവര്‍ത്തിക്കണം.
8: സത്യത്തിനുവേണ്ടിയല്ലാതെ സത്യത്തിനെതിരായി ഒന്നുംചെയ്യുക ഞങ്ങള്‍ക്കു സാദ്ധ്യമല്ല.
9: ഞങ്ങള്‍ ബലഹീനരും നിങ്ങള്‍ ബലവാന്മാരുമായിരിക്കുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. നിങ്ങളുടെ പുനരുദ്ധാരണത്തിനുവേണ്ടിയാണു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്.
10: ഞാന്‍ വരുമ്പോള്‍ കാര്‍ക്കശ്യത്തോടെ അധികാരം പ്രയോഗിക്കാതിരിക്കേണ്ടതിന്, നിങ്ങളില്‍നിന്ന് അകലെയായിരിക്കുമ്പോള്‍ ഇതെഴുതുന്നു. കര്‍ത്താവ്, എന്നെ അധികാരപ്പെടുത്തിയിരിക്കുന്നതു നിങ്ങളെ വളര്‍ത്തിയെടുക്കാനാണ്; നശിപ്പിക്കാനല്ല. 

അഭിവാദനങ്ങള്‍
11: അവസാനമായി, സഹോദരരേ, സന്തോഷിക്കുവിന്‍. നിങ്ങളെത്തന്നെ നവീകരിക്കുവിന്‍. എന്റെ ആഹ്വാനം സ്വീകരിക്കുവിന്‍. ഏകമനസ്കരായിരിക്കുവിന്‍. സമാധാനത്തില്‍ ജീവിക്കുവിന്‍. സ്‌നേഹത്തിന്റെയും ശാന്തിയുടെയും ദൈവം നിങ്ങളോടുകൂടെയുണ്ടായിരിക്കും.
12: വിശുദ്ധചുംബനംകൊണ്ട് അന്യോന്യമഭിവാദനംചെയ്യുവിന്‍.
13: വിശുദ്ധരെല്ലാവരും നിങ്ങളെ അഭിവാദനംചെയ്യുന്നു.
14: കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!

മുന്നൂറ്റിമുപ്പത്തിയഞ്ചാം ദിവസം: 2 കൊറിന്തോസ് 5 - 9


അദ്ധ്യായം 5

    
    1: ഞങ്ങള്‍ വസിക്കുന്ന ഭൗമികഭവനം നശിച്ചുപോകുമെങ്കിലും കരങ്ങളാല്‍ നിര്‍മ്മിതമല്ലാത്തതും ശാശ്വതവും ദൈവത്തില്‍നിന്നുള്ളതുമായ സ്വര്‍ഗ്ഗീയഭവനം ഞങ്ങള്‍ക്കുണ്ടെന്നു ഞങ്ങളറിയുന്നു.
    2: വാസ്തവത്തില്‍ ഞങ്ങളിവിടെ നെടുവീര്‍പ്പിടുകയും സ്വര്‍ഗ്ഗീയവസതി ധരിക്കുവാന്‍ വെമ്പല്‍ക്കൊള്ളുകയുമാണ്.
    3: അതു ധരിക്കുമ്പോള്‍ ഞങ്ങള്‍ നഗ്നരായി കാണപ്പെടുകയില്ല.
    4: ഈ കൂടാരത്തിലായിരിക്കുമ്പോള്‍ത്തന്നെയും ഞങ്ങള്‍ ഉത്കണ്ഠാകുലരായി നെടുവീര്‍പ്പിടുന്നു; മൃത്യുവശഗമായതു ജീവനാല്‍ ഗ്രസിക്കപ്പെടേണ്ടതിന്, പഴയതു മാറ്റിക്കളയാനല്ല, പുതിയതു ധരിക്കാനാണു ഞങ്ങളാഗ്രഹിക്കുന്നത്.
    5: ഈ ലക്ഷ്യത്തിനായി ഞങ്ങളെയൊരുക്കിയത്, ആത്മാവിനെ അച്ചാരമായി ഞങ്ങള്‍ക്കു നല്കിയ ദൈവമാണ്.
    6: ഞങ്ങള്‍ക്ക്, എല്ലായ്‌പോഴും നല്ല ധൈര്യമുണ്ട്. ഞങ്ങള്‍ ശരീരത്തില്‍ വസിക്കുന്നിടത്തോളം കാലം കര്‍ത്താവില്‍നിന്നകലെയാണെന്നു ഞങ്ങളറിയുന്നു.
    7: എന്തെന്നാല്‍, ഞങ്ങള്‍ നയിക്കപ്പെടുന്നതു വിശ്വാസത്താലാണ്, കാഴ്ചയാലല്ല. ഞങ്ങള്‍ക്കു നല്ല ധൈര്യമുണ്ട്.
    8: ശരീരത്തില്‍നിന്നകന്നിരിക്കാനും കര്‍ത്താവിനോടടുത്തിരിക്കാനും ഞങ്ങളാഗ്രഹിക്കുന്നു.
    9: അടുത്തായാലുമകലെയായാലും അവിടുത്തെ പ്രസാദിപ്പിക്കുകയെന്നതാണു ഞങ്ങളുടെ ലക്ഷ്യം.
    10: എന്തുകൊണ്ടെന്നാല്‍, ഓരോരുത്തരും തങ്ങളുടെ ശാരീരികതയില്‍ ചെയ്തിട്ടുള്ള നന്മതിന്മകള്‍ക്കു പ്രതിഫലം സ്വീകരിക്കുന്നതിന് നാമെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനുമുമ്പില്‍ വരണം. 

    അനുരഞ്ജനത്തിന്റെ ശുശ്രൂഷ
    11: കര്‍ത്താവിനെ ഭയമുള്ളതുകൊണ്ടുതന്നെയാണു ഞങ്ങള്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ഞങ്ങള്‍ എന്താണെന്നു ദൈവത്തിനറിയാം. അതു നിങ്ങള്‍ക്കും നന്നായറിയാമെന്നു ഞാന്‍ വിശ്വസിക്കുന്നു.
    12: ഞങ്ങള്‍ വീണ്ടും ഞങ്ങളെത്തന്നെ നിങ്ങളുടെ മുമ്പാകെ പുകഴ്ത്തുകയല്ല; പ്രത്യുത, ഹൃദയംനോക്കാതെ, മുഖംനോക്കി പ്രശംസിക്കുന്നവര്‍ക്ക് ഉത്തരംനല്കാന്‍ നിങ്ങള്‍ക്കു കഴിയേണ്ടതിന്, ഞങ്ങളെപ്പറ്റിയഭിമാനിക്കാന്‍ ഒരവസരംനല്കുകയാണ്.
    13: ഞങ്ങള്‍ ഉന്മത്തരാണെങ്കില്‍ അതു ദൈവത്തിനുവേണ്ടിയാണ്. ഞങ്ങള്‍ സമചിത്തരാണെങ്കില്‍ അതു നിങ്ങള്‍ക്കുവേണ്ടിയാണ്.
    14: ഒരുവന്‍ എല്ലാവര്‍ക്കുംവേണ്ടി മരിച്ചുവെന്നും അതിനാല്‍ എല്ലാവരും മരിച്ചുവെന്നും ഞങ്ങള്‍ക്കു ബോദ്ധ്യമുള്ളതിനാല്‍, ക്രിസ്തുവിന്റെ സ്‌നേഹം ഞങ്ങള്‍ക്കുത്തേജനം നല്കുന്നു.
    15: ജീവിക്കുന്നവര്‍ ഇനിയും തങ്ങള്‍ക്കുവേണ്ടി ജീവിക്കാതെ, തങ്ങളെപ്രതി മരിക്കുകയും ഉയിര്‍ക്കുകയുംചെയ്തവനുവേണ്ടി ജീവിക്കേണ്ടതിനാണ് അവിടുന്ന് എല്ലാവര്‍ക്കുംവേണ്ടി മരിച്ചത്.
    16: അതിനാല്‍, ഇപ്പോള്‍മുതല്‍ ഞങ്ങള്‍ ആരെയും മാനുഷികമായ കാഴ്ചപ്പാടില്‍ വീക്ഷിക്കുന്നില്ല. ഒരിക്കല്‍ ഞങ്ങള്‍ മാനുഷികമായ കാഴ്ചപ്പാടില്‍ ക്രിസ്തുവിനെ വീക്ഷിച്ചിരുന്നെങ്കിലും ഇനിയൊരിക്കലും അങ്ങനെ ചെയ്യുകയില്ല.
    17: ക്രിസ്തുവിലായിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു.
    18: ഞങ്ങളെ ക്രിസ്തുവഴി തന്നോടു രമ്യതപ്പെടുത്തുകയും രമ്യതയുടെ ശുശ്രൂഷ ഞങ്ങള്‍ക്കു നല്കുകയുംചെയ്ത ദൈവത്തില്‍നിന്നാണ് ഇവയെല്ലാം.
    19: അതായത്, ദൈവം മനുഷ്യരുടെ തെറ്റുകള്‍ അവര്‍ക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്ദേശം ഞങ്ങളെ ഭരമേല്പിച്ചുകൊണ്ട്, ക്രിസ്തുവഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തുകയായിരുന്നു.
    20: ഞങ്ങള്‍ ക്രിസ്തുവിന്റെ സ്ഥാനപതികളാണ്. ഞങ്ങള്‍വഴി ദൈവം നിങ്ങളോടഭ്യര്‍ത്ഥിക്കുന്നു: നിങ്ങള്‍ ദൈവത്തോടു രമ്യതപ്പെടുവിന്‍. ഇതാണ്, ക്രിസ്തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടപേക്ഷിക്കുന്നത്.
    21: എന്തെന്നാല്‍, അവനില്‍ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിന്, പാപമറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി.

അദ്ധ്യായം 6

    
സമ്പൂര്‍ണ്ണമായ ശുശ്രൂഷ
1: നിങ്ങള്‍ക്കു കൈവന്നിരിക്കുന്ന ദൈവകൃപ വ്യർത്ഥമാക്കരുതെന്ന്, അവിടുത്തെ സഹപ്രവര്‍ത്തകരെന്നനിലയില്‍ ഞങ്ങള്‍ നിങ്ങളോടപേക്ഷിക്കുന്നു.
2: അവിടുന്നരുളിച്ചെയ്യുന്നു: സ്വീകാര്യമായ സമയത്ത്, ഞാന്‍ നിന്റെ പ്രാര്‍ത്ഥന കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയുംചെയ്തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോള്‍ രക്ഷയുടെ ദിവസം. 
3: ഞങ്ങളുടെ ശുശ്രൂഷയില്‍ ആരും കുറ്റംകാണാതിരിക്കേണ്ടതിന് ഞങ്ങള്‍, ആര്‍ക്കും ഒന്നിനും പ്രതിബന്ധമുണ്ടാക്കുന്നില്ല.
4: മറിച്ച്, എല്ലാവിധത്തിലും ദൈവത്തിന്റെ ദാസന്മാരാണെന്ന് ഞങ്ങളഭിമാനിക്കുന്നു; വലിയ സഹനത്തില്‍, പീഡകളില്‍, ഞെരുക്കങ്ങളില്‍, അത്യാഹിതങ്ങളില്‍, 
5: മര്‍ദ്ദനങ്ങളില്‍, കാരാഗൃഹങ്ങളില്‍, ലഹളകളില്‍, അദ്ധ്വാനങ്ങളില്‍, ജാഗരണത്തില്‍, വിശപ്പില്‍, 
6: ശുദ്ധതയില്‍, ജ്ഞാനത്തില്‍, ക്ഷമയില്‍, ദയയില്‍, പരിശുദ്ധാത്മാവില്‍, നിഷ്‌കളങ്കസ്‌നേഹത്തില്‍;
7: സത്യസന്ധമായ വാക്കില്‍, ദൈവത്തിന്റെ ശക്തിയില്‍, വലത്തുകൈയിലും ഇടത്തുകൈയിലുമുള്ള നീതിയുടെ ആയുധത്തില്‍;
8: ബഹുമാനത്തിലും അവമാനത്തിലും, സത്കീര്‍ത്തിയിലും ദുഷ്‌കീര്‍ത്തിയിലും ഞങ്ങളഭിമാനിക്കുന്നു. വഞ്ചകരെപ്പോലെ ഞങ്ങള്‍ കരുതപ്പെടുന്നു; എങ്കിലും ഞങ്ങള്‍ സത്യസന്ധരാണ്.
9: ഞങ്ങള്‍ അറിയപ്പെടാത്തവരെപ്പോലെയാണെങ്കിലും അറിയപ്പെടുന്നവരാണ്; മരിക്കുന്നവരെപ്പോലെയാണെങ്കിലും ഇതാ, ഞങ്ങള്‍ ജീവിക്കുന്നു. ശിക്ഷിക്കപ്പെട്ടവരെപ്പോലെയാണെങ്കിലും വധിക്കപ്പെട്ടിട്ടില്ല.
10: ഞങ്ങള്‍ ദുഃഖിതരെപ്പോലെയാണെങ്കിലും സദാ സന്തോഷിക്കുന്നു; ദരിദ്രരെപ്പോലെയാണെങ്കിലും അനേകരെ സമ്പന്നരാക്കുന്നു; ഒന്നുമില്ലാത്തവരെപ്പോലെയാണെങ്കിലും എല്ലാമാര്‍ജ്ജിച്ചിരിക്കുന്നു.
11: കോറിന്തോസുകാരേ, ഞങ്ങള്‍ നിങ്ങളോടു വളരെ തുറന്നുസംസാരിക്കുന്നു. ഞങ്ങളുടെ ഹൃദയം നിങ്ങളെ തുറന്നുകാണിക്കുകയും ചെയ്യുന്നു.
12: ഞങ്ങള്‍ മുഖാന്തരമല്ല നിങ്ങള്‍ ഞെരുങ്ങുന്നത്; നിങ്ങള്‍ നിങ്ങളില്‍ത്തന്നെയാണു ഞെരുങ്ങുന്നത്.
13: മക്കളോടെന്നതുപോലെ ഞാന്‍ പറയുന്നു, നിങ്ങളും ഞങ്ങളോടു ഹൃദയംതുറന്നു പെരുമാറുവിന്‍.

      ദൈവത്തിന്റെ ആലയം
    14: നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയുമനീതിയുംതമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന്, അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്?
    15: ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്?
    16: ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവമരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെയിടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാനവരുടെ ദൈവമായിരിക്കും; അവരെന്റെ ജനവുമായിരിക്കും.
    17: ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയുംചെയ്യുവിനെന്ന് കര്‍ത്താവരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും;
    18: ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങളെനിക്കു പുത്രന്മാരും പുത്രികളുമായിരിക്കുമെന്നു സര്‍വ്വശക്തനായ കര്‍ത്താവരുളിച്ചെയ്യുന്നു.

അദ്ധ്യായം 7

    
1: പ്രിയപ്പെട്ടവരേ, ഈ വാഗ്ദാനങ്ങള്‍ നമുക്കുള്ളതിനാല്‍ ശരീരത്തിന്റെയും ആത്മാവിന്റെയും എല്ലാ അശുദ്ധിയിലുംനിന്നു നമ്മെത്തന്നെ ശുചീകരിക്കുകയും ദൈവഭയത്തില്‍ വിശുദ്ധി പരിപൂര്‍ണ്ണമാക്കുകയും ചെയ്യാം.

പശ്ചാത്താപത്തിൽ സന്തോഷം
2: നിങ്ങളുടെ ഹൃദയത്തില്‍ ഞങ്ങള്‍ക്കിടമുണ്ടായിരിക്കട്ടെ. ഞങ്ങളാരെയും ദ്രോഹിച്ചിട്ടില്ല; ആരെയും മുറിപ്പെടുത്തിയിട്ടില്ല; ആരെയും വഞ്ചിച്ചിട്ടില്ല.
3: നിങ്ങ
ളെ കുറ്റപ്പെടുത്താനല്ല ഞാനിതു പറയുന്നത്. ഒന്നിച്ചുമരിക്കാനും ജീവിക്കാനുംവേണ്ടി നിങ്ങളെ ഞങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണെന്നു ഞാന്‍ നേരത്തേ പറഞ്ഞല്ലോ.
4: എനിക്കു നിങ്ങളില്‍ ഉത്തമവിശ്വാസമുണ്ട്. നിങ്ങളെക്കുറിച്ചു വലിയ അഭിമാനവുമുണ്ട്. ഞാന്‍ ആശ്വാസഭരിതനായിരിക്കുന്നു. ഞങ്ങളുടെ ക്ലേശങ്ങളിലെല്ലാം ഞാന്‍ ആനന്ദപൂരിതനുമാണ്.
5: ഞങ്ങള്‍ മക്കെദോനിയായില്‍ ചെന്നപ്പോള്‍പ്പോലും ഞങ്ങള്‍ക്കൊരു വിശ്രമവുമില്ലായിരുന്നു. എന്നുമാത്രമല്ല, ക്ലേശങ്ങള്‍ സദാ ഞങ്ങളെ അലട്ടിക്കൊണ്ടുമിരുന്നു. പുറമേ മത്സരം, അകമേ ഭയം.
6: എന്നാല്‍, ആശയറ്റവരെ സമാശ്വസിപ്പിക്കുന്ന ദൈവം തീത്തോസിന്റെ സാന്നിദ്ധ്യംവഴി ഞങ്ങള്‍ക്കാശ്വാസം നല്കി;
7: സാന്നിദ്ധ്യത്താല്‍മാത്രമല്ല, നിങ്ങളെപ്രതി അവനുണ്ടായിരുന്ന സംതൃപ്തിമൂലവും. നിങ്ങള്‍ക്ക് എന്നോടുള്ള താത്പര്യത്തെയും സഹതാപത്തെയും തീക്ഷ്ണതയെയുംകുറിച്ച് അവന്‍ പറഞ്ഞപ്പോള്‍, ഞാനത്യധികം സന്തോഷിച്ചു.
8: എന്റെയെഴുത്തു നിങ്ങളെ ദുഃഖിപ്പിച്ചുവെങ്കിലും എനിക്കതില്‍ സങ്കടമില്ല. വാസ്തവത്തില്‍ നേരത്തേ എനിക്കു സങ്കടമുണ്ടായിരുന്നു. എന്തെന്നാല്‍, ആ എഴുത്ത്, നിങ്ങളെ കുറച്ചുകാലത്തേക്കുമാത്രമാണെങ്കിലും ദുഃഖിപ്പിക്കുകയുണ്ടായല്ലോ.
9: ഇപ്പോഴാകട്ടെ, ഞാന്‍ സന്തോഷിക്കുന്നു. നിങ്ങളെ ദുഃഖിപ്പിച്ചതുകൊണ്ടല്ല, മറിച്ച്, നിങ്ങളുടെ ദുഃഖം പശ്ചാത്താപത്തിലേക്കു നയിച്ചതുകൊണ്ട്. നിങ്ങളുടെ ദുഃഖം ദൈവഹിതപ്രകാരമായിരുന്നതുകൊണ്ട്, ഞങ്ങള്‍വഴി നിങ്ങള്‍ക്കൊരു നഷ്ടവുമുണ്ടായിട്ടില്ല.
10: ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷാകരമായ പശ്ചാത്താപം ജനിപ്പിക്കുന്നു. അതില്‍ ഖേദത്തിനവകാശമില്ല. എന്നാല്‍, ലൗകികമായ ദുഃഖം മരണത്തിലേക്കു നയിക്കുന്നു.
11: ദൈവികമായ ഈ ദുഃഖം എത്രയധികം ഉത്സാഹവും നിഷ്‌കളങ്കത തെളിയിക്കാനുള്ള താത്പര്യവും ധാര്‍മ്മികരോഷവും ഭയവും ആകാംക്ഷയും തീക്ഷ്ണതയും നീതിവാഞ്ഛയുമാണു നിങ്ങളിലെല്ലാമുളവാക്കിയിരിക്കുന്നതെന്നു മനസ്സിലാക്കുവിന്‍. നിങ്ങള്‍ നിര്‍ദ്ദോഷരാണെന്ന്, എല്ലാപ്രകാരത്തിലും തെളിയിച്ചിരിക്കുന്നു.
12: അപരാധംചെയ്തവനെപ്രതിയോ, അപരാധത്തിനിരയായവനെപ്രതിയോ അല്ല ഞാന്‍ നിങ്ങള്‍ക്കെഴുതിയത്; പ്രത്യുത, ഞങ്ങളോടു നിങ്ങള്‍ക്കുള്ള താത്പര്യം ദൈവസന്നിധിയില്‍ വെളിപ്പെടേണ്ടതിനാണ്.
13: തന്മൂലം, ഞങ്ങള്‍ക്കാശ്വാസമായി. അതിനുംപുറമേ, തീത്തോസിന്റെ മനസ്സിന്, നിങ്ങളെല്ലാവരും ആശ്വാസമേകിയതില്‍ അവനുണ്ടായ സന്തോഷത്തെയോര്‍ത്തും ഞങ്ങളത്യധികം സന്തോഷിച്ചു.
14: നിങ്ങളെ പ്രശംസിച്ച്, ഞാന്‍ അവനോടു ചിലതു സംസാരിച്ചുവെന്നതില്‍ എനിക്കു ലജ്ജിക്കേണ്ടിവന്നില്ല. ഞങ്ങള്‍ നിങ്ങളോടു പറഞ്ഞതെല്ലാം സത്യമായിരിക്കുന്നതുപോലെ, തീത്തോസിനോടു ഞങ്ങള്‍ മേനിപറഞ്ഞതും സത്യമാണെന്നു തെളിഞ്ഞിരിക്കുന്നു.
15: നിങ്ങളെല്ലാവരുടെയും അനുസരണത്തെക്കുറിച്ചും ഭയത്തോടും വിറയലോടുംകൂടെ നിങ്ങളവനെ സ്വീകരിച്ചതിനെക്കുറിച്ചുമോര്‍ക്കുമ്പോള്‍, അവന്‍ വികാരതരളിതനാകുന്നു.
16: എനിക്കു നിങ്ങളില്‍ പരിപൂര്‍ണ്ണ വിശ്വാസമുള്ളതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു.

അദ്ധ്യായം 8


ഉദാരമായ ദാനം
1: സഹോദരരേ, മക്കെദോനിയായിലെ സഭകളില്‍ വര്‍ഷിക്കപ്പെട്ട ദൈവകൃപയെക്കുറിച്ചു നിങ്ങളറിയണമെന്നു ഞങ്ങളാഗ്രഹിക്കുന്നു.
2: എന്തെന്നാല്‍, ക്ലേശങ്ങളുടെ തീവ്രമായ പരീക്ഷയില്‍ അവരുടെ സന്തോഷാധിക്യവും കൊടിയ ദാരിദ്ര്യവും ഉദാരതയുടെ സമ്പത്തായി കരകവിഞ്ഞൊഴുകി.
3: അവര്‍ തങ്ങളുടെ കഴിവനുസരിച്ചും അതില്‍ക്കവിഞ്ഞും തുറന്നമനസ്സോടെ ദാനംചെയ്‌തെന്നു സാക്ഷ്യപ്പെടുത്താന്‍ എനിക്കു സാധിക്കും.
4: വിശുദ്ധരെ ശുശ്രൂഷിക്കുന്നതിനുള്ള ഭാഗ്യത്തില്‍ തങ്ങളെക്കൂടെ ഭാഗഭാക്കുകളാക്കണമെന്ന് അവര്‍ ഞങ്ങളോടു തീവ്രമായപേക്ഷിച്ചു.
5: ഇതു ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല; പ്രത്യുത, ആദ്യമേതന്നെ അവര്‍ തങ്ങളെത്തന്നെ കര്‍ത്താവിനും ദൈവഹിതമനുസരിച്ചു ഞങ്ങള്‍ക്കും സമര്‍പ്പിച്ചു.
6: അതനുസരിച്ച് തീത്തോസ് നിങ്ങളുടെയിടയില്‍ ആരംഭിച്ചിട്ടുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങളവനോടഭ്യര്‍ത്ഥിച്ചു.
7: നിങ്ങള്‍ എല്ലാകാര്യങ്ങളിലും വിശ്വാസത്തിലും പ്രഭാഷണത്തിലും വിജ്ഞാനത്തിലും സമ്പൂര്‍ണ്ണമായ ഉത്സാഹത്തിലും ഞങ്ങളോടുള്ള സ്‌നേഹത്തിലും മികച്ചുനില്‍ക്കുന്നതുപോലെ ഈ കാരുണ്യപ്രവര്‍ത്തനങ്ങളിലും മികച്ചുനില്ക്കുവിന്‍.
8: ഞാന്‍ നിങ്ങളോടു കല്പിക്കുകയല്ല, നിങ്ങളുടെ സ്‌നേഹം യഥാര്‍ത്ഥമാണെന്നു മറ്റുള്ളവരുടെ ഉത്സാഹത്തിലൂടെ തെളിയിക്കുകയാണ്.
9: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങള്‍ക്കറിയാമല്ലോ. അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി - തന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍വേണ്ടിത്തന്നെ.
10: ഒരുവര്‍ഷംമുമ്പേ നിങ്ങള്‍ അഭിലഷിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയ ഈ കാര്യം ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത് ഉത്തമമായിരിക്കുമെന്നു ഞാനുപദേശിക്കുന്നു.
11: നിങ്ങള്‍ ആഗ്രഹത്താല്‍ പ്രകടിപ്പിച്ച സന്നദ്ധത നിങ്ങളുടെ കഴിവനുസരിച്ചു പ്രവൃത്തിയിലും പ്രകടിപ്പിക്കുവിന്‍.
12: താത്പര്യത്തോടെയാണു നല്കുന്നതെങ്കില്‍ ഒരുവന്റെ കഴിവനുസരിച്ചുള്ള ദാനം ദൈവം സ്വീകരിക്കും. കഴിവില്ലായ്മ കണക്കാക്കേണ്ടതില്ല.
13: മറ്റുള്ളവര്‍ കഷ്ടപ്പെടരുതെന്നും നിങ്ങള്‍ കഷ്ടപ്പെടണമെന്നുമല്ല ഞാനര്‍ത്ഥമാക്കുന്നത്;
14: അവരുടെ സമൃദ്ധിയില്‍നിന്ന് നിങ്ങളുടെ കുറവു നികത്തപ്പെടുന്നതിന്, നിങ്ങളുടെ ഇപ്പോഴത്തെ സമൃദ്ധിയില്‍നിന്ന് അവരുടെ കുറവു നികത്തണമെന്നും അപ്രകാരം സമത്വമുണ്ടാകണമെന്നുമാണ്.
15: എഴുതപ്പെട്ടിരിക്കുന്നതുപോലെ, അധികം സമ്പാദിച്ചവന് ഒന്നും മിച്ചമുണ്ടായിരുന്നില്ല; അല്പം സമ്പാദിച്ചവനു കുറവുമുണ്ടായിരുന്നില്ല.

തീത്തോസും സഹകാരികളും
16: നിങ്ങളെക്കുറിച്ച് ഇത്തരത്തിലുള്ള ആത്മാര്‍ത്ഥമായ താത്പര്യം തീത്തോസിന്റെ ഹൃദയത്തില്‍ ഉദിപ്പിച്ച ദൈവത്തിനു ഞാന്‍ നന്ദിപറയുന്നു.
17: അവന്‍ ഞങ്ങളുടെ അഭ്യര്‍ഥന കൈക്കൊള്ളുകമാത്രമല്ല, വളരെ ഉത്സാഹത്തോടെ സ്വമനസ്സാലെ നിങ്ങളുടെയടുത്തേക്കു വരുകയുംചെയ്തു.
18: സുവിശേഷപ്രഘോഷണത്തിന് എല്ലാ സഭകളിലും പ്രസിദ്ധിനേടിയ ഒരു സഹോദരനെയും അവനോടുകൂടെ ഞങ്ങളയച്ചിട്ടുണ്ട്.
19: മാത്രമല്ല, കര്‍ത്താവിന്റെ മഹത്വവും ഞങ്ങളുടെ സന്മനസ്സും വെളിപ്പെടേണ്ടതിന്, ഞങ്ങള്‍ നിര്‍വഹിക്കുന്ന ഈ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഞങ്ങളുടെ സഹകാരിയായി സഭകളാല്‍ നിയോഗിക്കപ്പെട്ടവനാണ് ഈ സഹോദരന്‍.
20: ഉദാരമായ ഈ ദാനം കൈകാര്യംചെയ്യുന്നതില്‍ ആരും ഞങ്ങളെ കുറ്റപ്പെടുത്താതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്.
21: കര്‍ത്താവിന്റെമുമ്പാകെമാത്രമല്ല, മനുഷ്യരുടെമുമ്പാകെയും ആദരണീയമായതേ ഞങ്ങള്‍ ലക്ഷ്യമാക്കുന്നുള്ളൂ.
22: പല കാര്യങ്ങളിലും ഉത്സാഹിയാണെന്നു ഞങ്ങള്‍ പലതവണ പരീക്ഷിച്ചറിഞ്ഞ ഞങ്ങളുടെ ഒരു സഹോദരനെക്കൂടെ അവരോടൊത്തു ഞങ്ങളയച്ചിട്ടുണ്ട്. നിങ്ങളിലുള്ള ഉത്തമവിശ്വാസംനിമിത്തം ഇപ്പോള്‍ അവന്‍ പൂര്‍വ്വോപരി ഉത്സാഹിയാണ്.
23: തീത്തോസിനെപ്പറ്റി പറഞ്ഞാല്‍, നിങ്ങളുടെയിടയിലെ ശുശ്രൂഷയില്‍ എന്റെ പങ്കുകാരനും സഹപ്രവര്‍ത്തകനുമാണവന്‍ . ഞങ്ങളുടെ സഹോദരന്മാരാകട്ടെ, സഭകളുടെ അപ്പസ്‌തോലന്മാരും ക്രിസ്തുവിന്റെ മഹത്വവുമാണ്.
24: ആകയാല്‍, നിങ്ങളുടെ സ്‌നേഹത്തിന്റെയും നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രശംസയുടെയും തെളിവ്, സഭകളുടെ മുമ്പാകെ ഇവര്‍ക്കു നല്കുവിന്‍.

അദ്ധ്യായം 9

    
വിശുദ്ധര്‍ക്കുള്ള ധനശേഖരണം
1: വിശുദ്ധര്‍ക്കുവേണ്ടിയുള്ള ശുശ്രൂഷയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്കെഴുതേണ്ടതില്ല.
2: നിങ്ങളുടെ സന്നദ്ധത എനിക്കു ബോദ്ധ്യമുള്ളതാണ്. കഴിഞ്ഞവര്‍ഷംമുതല്‍ അക്കായിയായിലുള്ളവര്‍ തയ്യാറായിരിക്കുകയാണെന്ന് മക്കെദോനിയാക്കാരോടു ഞാന്‍ പ്രശംസിച്ചുപറയുകയുണ്ടായി. നിങ്ങളുടെ തീക്ഷ്ണത നിരവധിയാളുകള്‍ക്ക് ഉത്തേജനം നല്കിയിട്ടുണ്ട്.
3: ഇക്കാര്യത്തില്‍ നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രശംസ നിരര്‍ത്ഥകമാകാതിരിക്കാനാണ് സഹോദരന്മാരെ ഞാനയച്ചിരിക്കുന്നത്. ഞാന്‍ പറഞ്ഞിരുന്നതുപോലെ നിങ്ങള്‍ തയ്യാറായിരിക്കണം.
4: അല്ലെങ്കില്‍ മക്കെദോനിയാക്കാര്‍ ആരെങ്കിലും എന്റെകൂടെ വരുകയും നിങ്ങളെ ഒരുക്കമില്ലാത്തവരായി കാണുകയുംചെയ്താല്‍, നിങ്ങളുടെ കാര്യംപോകട്ടെ, ഇത്രമാത്രം വിശ്വാസം നിങ്ങളിലര്‍പ്പിച്ചതിനു ഞങ്ങള്‍ അവമാനിതരാകും.
5: അതിനാല്‍, എനിക്കുമുമ്പേ നിങ്ങളുടെ അടുത്തുവന്ന് നിങ്ങള്‍ വാഗ്ദാനംചെയ്ത ഉദാരമായ സംഭാവന മുന്‍കൂട്ടി സജ്ജമാക്കാന്‍ സഹോദരന്മാരെ പ്രേരിപ്പിക്കുക ആവശ്യമാണെന്നു ഞാന്‍ കരുതി. അങ്ങനെ ആ സംഭാവന, ഞങ്ങളുടെ നിര്‍ബ്ബന്ധംമൂലമല്ല, നിങ്ങളുടെ സന്മനസ്സുകൊണ്ടാണു ശേഖരിച്ചതെന്നു വ്യക്തമാകട്ടെ.
6: സത്യമിതാണ്: അല്പം വിതയ്ക്കുന്നവന്‍ അല്പംമാത്രം കൊയ്യും; ധാരാളം വിതയ്ക്കുന്നവന്‍ ധാരാളംകൊയ്യും.
7: ഓരോരുത്തരും സ്വന്തം തീരുമാനമനുസരിച്ചുവേണം പ്രവര്‍ത്തിക്കാന്‍. വൈമനസ്യത്തോടെയോ നിര്‍ബന്ധത്തിനു കീഴ്‌വഴങ്ങിയോ ആകരുത്. സന്തോഷപൂര്‍വം നല്കുന്നവനെയാണു ദൈവം സ്‌നേഹിക്കുന്നത്.
8: നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായുണ്ടാകാനും സത്കൃത്യങ്ങള്‍ ധാരാളമായിചെയ്യാനുംവേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്കാന്‍ കഴിവുറ്റവനാണു ദൈവം.
9: എഴുതപ്പെട്ടിരിക്കുന്നതുപോലെ, അവന്‍ വാരിവിതറി. അവന്‍ ദരിദ്രര്‍ക്കു ദാനംചെയ്തു. അവന്റെ നീതി എന്നേയ്ക്കും നിലനില്ക്കുന്നു.
10: വിതക്കാരനു വിത്തും ഭക്ഷിക്കാന്‍ അപ്പവുംകൊടുക്കുന്നവന്‍ നിങ്ങള്‍ക്കു വിതയ്ക്കാനുള്ള വിത്തുതരുകയും അതിനെ വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ നീതിയുടെ വിളവ് സമൃദ്ധമാക്കുകയും ചെയ്യും.
11: നിങ്ങള്‍ ഉദാരശീലരാകേണ്ടതിന് ദൈവം നിങ്ങളെ എല്ലാവിധത്തിലും സമ്പന്നരാക്കുകയും, അതു ഞങ്ങളിലൂടെ ദൈവത്തിനു കൃതജ്ഞതാസ്‌തോത്രമായി പരിണമിക്കുകയും ചെയ്യും.
12: എന്തെന്നാല്‍, സേവനത്തിന്റെ ഈ ശുശ്രൂഷ, വിശുദ്ധരുടെ ആവശ്യങ്ങള്‍ നിറവേറ്റുകമാത്രമല്ല, ദൈവത്തിനര്‍പ്പിക്കുന്ന നിരവധി കൃതജ്ഞഞതാസ്‌തോത്രങ്ങളിലൂടെ കരകവിഞ്ഞൊഴുകുകകൂടെ ചെയ്യുന്നു.
13: ക്രിസ്തുവിന്റെ സുവിശേഷം ശിരസ്സാവഹിക്കുന്നതിനുള്ള നിങ്ങളുടെ വിധേയത്വംവഴിയും, അവരോടും മറ്റെല്ലാവരോടും നിങ്ങള്‍ക്കുള്ള കൂട്ടായ്മയുടെ ഔദാര്യംവഴിയും നിങ്ങളുടെ ശുശ്രൂഷയെപ്പറ്റി ബോദ്ധ്യപ്പെട്ട് അവര്‍ ദൈവത്തെ സ്തുതിക്കും.
14: മാത്രമല്ല, നിങ്ങളില്‍ മികച്ചുനില്ക്കുന്നദൈവകൃപനിമിത്തം അവര്‍ നിങ്ങളെ കാണാനാഗ്രഹിക്കുകയും നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും.
15: അവര്‍ണ്ണനീയമായ ദാനത്തിനു ദൈവത്തിനു സ്തുതി!

മുന്നൂറ്റിമുപ്പത്തിനാലാം ദിവസം: 2 കൊറിന്തോസ് 1 - 4


അദ്ധ്യായം 1


അഭിവാദനം
1: ദൈവതിരുമനസ്സാല്‍ യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനായ പൗലോസും സഹോദരന്‍ തിമോത്തേയോസും കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്ക്കും അക്കായിയായിലെങ്ങുമുള്ള വിശുദ്ധർക്കുമെഴുതുന്നത്.
2: നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.

സഹനത്തിലൂടെ സമാശ്വാസം
3: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും, കരുണയുടെ പിതാവും സകലസമാശ്വാസത്തിന്റെയും ദൈവവുമായവന്‍ വാഴ്ത്തപ്പെട്ടവനാകട്ടെ!
4: ദൈവം ഞങ്ങള്‍ക്കുനല്കുന്ന സാന്ത്വനത്താല്‍, ഓരോതരത്തിലുള്ള വ്യഥകളനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ ശക്തരാകേണ്ടതിനും ഞങ്ങള്‍ ദൈവത്തില്‍നിന്നനുഭവിക്കുന്ന അതേ ആശ്വാസംതന്നെ അവരും അനുഭവിക്കേണ്ടതിനും അവിടുന്നു ഞങ്ങളെ, എല്ലാക്ലേശങ്ങളിലും സമാശ്വസിപ്പിക്കുന്നു.
5: ക്രിസ്തുവിന്റെ സഹനങ്ങളില്‍ ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നതുപോലെ ക്രിസ്തുവിലൂടെ സമാശ്വാസത്തിലും ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നു.
6: ഞങ്ങള്‍ ക്ലേശങ്ങളനുഭവിക്കുന്നെങ്കില്‍ അതു നിങ്ങളുടെ സമാശ്വാസത്തിനും രക്ഷയ്ക്കുംവേണ്ടിയാണ്; ഞങ്ങള്‍ക്ക് ആശ്വാസംലഭിക്കുന്നെങ്കില്‍ അതു നിങ്ങളുടെ ആശ്വാസത്തിനുവേണ്ടിയാണ്, ഞങ്ങള്‍ സഹിക്കുന്ന പീഡകള്‍തന്നെ നിങ്ങളും ക്ഷമയോടെ സഹിക്കുന്നതിന്, നിങ്ങള്‍ക്കു ശക്തിലഭിക്കുന്നതിനുവേണ്ടിയാണ്.
7: ഞങ്ങള്‍ക്കു നിങ്ങളില്‍ ഉറച്ചപ്രത്യാശയുണ്ട്. ഞങ്ങളുടെ ക്ലേശങ്ങളില്‍ നിങ്ങള്‍ പങ്കുചേരുന്നതുപോലെ ഞങ്ങളുടെ സമാശ്വാസത്തിലും നിങ്ങള്‍ പങ്കുചേരുമെന്നു ഞങ്ങള്‍ക്കറിയാം.
8: സഹോദരരേ, ഏഷ്യയില്‍ ഞങ്ങളനുഭവിച്ച ക്ലേശങ്ങളെപ്പറ്റി നിങ്ങളറിഞ്ഞിരിക്കണമെന്നു ഞങ്ങളാഗ്രഹിക്കുന്നു. മരണഭയമുണ്ടാകത്തക്കവിധം അത്രമാത്രംകഠിനമായും ദുസ്സഹമായും ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടു.
9: മാത്രമല്ല, ഞങ്ങള്‍ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നെന്നു ഞങ്ങള്‍ക്കു തോന്നി. എന്നാലിത്, ഞങ്ങള്‍ ഞങ്ങളില്‍ത്തന്നെ ആശ്രയിക്കാതെ, മരിച്ചവരെ ഉയിര്‍പ്പിക്കുന്ന ദൈവത്തില്‍ ആശ്രയിക്കുന്നതിനുവേണ്ടിയായിരുന്നു.
10: അത്രഗൗരവമേറിയ ഒരു വിപത്തില്‍നിന്നു ദൈവം ഞങ്ങളെ രക്ഷിച്ചു; തുടര്‍ന്നും രക്ഷിക്കും; രക്ഷിക്കുമെന്ന് ഞങ്ങളവനില്‍ പ്രത്യാശിക്കുകയുംചെയ്യുന്നു.
11: ഞങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍വഴി, നിങ്ങള്‍ ഞങ്ങളെ സഹായിക്കണം. അങ്ങനെ, അനേകരുടെ പ്രാര്‍ത്ഥനയുടെ ഫലമായി ഞങ്ങള്‍ക്കുലഭിച്ച അനുഗ്രഹത്തിന്, അനേകമാളുകള്‍ ഞങ്ങളെപ്രതി സ്‌തോത്രമര്‍പ്പിക്കാന്‍ ഇടയാകട്ടെ. 

സന്ദര്‍ശനം മാറ്റിവയ്ക്കുന്നു
12 : ഞങ്ങള്‍ ലോകത്തില്‍, പ്രത്യേകിച്ചു നിങ്ങളുടെയിടയില്‍, വിശുദ്ധിയോടും പരമാര്‍ത്ഥതയോടുംകൂടെ വ്യാപരിച്ചു എന്ന മനസ്സാക്ഷിയാണ്, ഞങ്ങളുടെ അഭിമാനം. അതു ഭൗതികജ്ഞാനത്താലല്ല, ദൈവകൃപയാലാണു സാധിച്ചത്.
13: നിങ്ങള്‍ക്കു വായിക്കാനും മനസ്സിലാക്കാനും സാധിക്കുന്നതൊഴിച്ചു മറ്റൊന്നും ഞങ്ങളെഴുതുന്നില്ല.
14: ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളെ ഭാഗികമായി മനസ്സിലാക്കുന്നതുപോലെ, നമ്മുടെ കര്‍ത്താവായ യേശുവിന്റെ ദിനത്തില്‍ നിങ്ങള്‍ ഞങ്ങളുടെ അഭിമാനവും ഞങ്ങള്‍ നിങ്ങളുടെ അഭിമാനവുമാണെന്നു നിങ്ങള്‍ സമ്പൂര്‍ണ്ണമായും ഗ്രഹിക്കുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.
15: ഈ വിശ്വാസത്തോടെയാണ്, നിങ്ങള്‍ക്കു വീണ്ടും കൃപലഭിക്കേണ്ടതിന്, നിങ്ങളുടെ അടുത്തുവരാമെന്നു ഞാന്‍ നേരത്തെ നിശ്ചയിച്ചത്.
16  മക്കെദോനിയായ്ക്കു പോകുന്നവഴി, നിങ്ങളെ സന്ദര്‍ശിക്കണമെന്നും, അവിടെനിന്നു നിങ്ങളുടെയടുത്തു തിരിച്ചെത്തണമെന്നും അവിടെനിന്ന് നിങ്ങളെന്നെ യൂദയായിലേക്കു യാത്രയയയ്ക്കണമെന്നുമായിരുന്നു എന്റെ ആഗ്രഹം.
17: എന്റെ ഈ തീരുമാനത്തില്‍ ഞാന്‍ ഉറപ്പില്ലാത്തവനായിരുന്നുവോ? ഒരേസമയം അതേയെന്നും അല്ലയെന്നും പറയാന്‍മുതിരുന്ന ലൗകികമനുഷ്യനെപ്പോലെയാണോ ഞാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്?
18: നിങ്ങളോടുള്ള ഞങ്ങളുടെ വാക്കുകള്‍ ഒരേസമയം അതേയെന്നും അല്ലയെന്നുമായിരുന്നില്ല എന്നതിനു വിശ്വസ്തനായ ദൈവംസാക്ഷിയാണ്.
19: എന്തുകൊണ്ടെന്നാല്‍, നിങ്ങളുടെയിടയില്‍ ഞങ്ങള്‍, ഞാനും സില്‍വാനോസും തിമോത്തേയോസും, പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു അതേയും അല്ലയും ആയിരുന്നില്ല. എല്ലായ്‌പോഴും അതേതന്നെയായിരുന്നു.
20: ദൈവത്തിന്റെ സകലവാഗ്ദാനങ്ങളും ക്രിസ്തുവില്‍ അതേയെന്നുതന്നെ. അതുകൊണ്ടുതന്നെയാണു ദൈവമഹത്വത്തിന് അവന്‍വഴി ഞങ്ങള്‍ ആമേന്‍ പറയുന്നത്.
21: ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവില്‍ സ്ഥാപിച്ചിരിക്കുന്നതും അഭിഷേകംചെയ്തിരിക്കുന്നതും ദൈവമാണ്.
22: അവിടുന്നു നമ്മില്‍, തന്റെ മുദ്രപതിക്കുകയും അച്ചാരമായിട്ടു തന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്കു പകരുകയും ചെയ്തിരിക്കുന്നു.
23: നിങ്ങളുടെ ഗുണത്തിനുവേണ്ടിയാണ് ഞാന്‍ കോറിന്തോസിലേക്കു വരാതിരുന്നത്. ഇതിന് എന്റെ ജീവനെച്ചൊല്ലി ദൈവത്തെ ഞാന്‍ സാക്ഷിയാക്കുന്നു.
24: നിങ്ങളുടെ വിശ്വാസത്തിന്മേല്‍ ഞങ്ങള്‍ ആധിപത്യംപുലര്‍ത്തുന്നില്ല. നിങ്ങള്‍ വിശ്വാസസ്ഥിരതയുള്ളവരായതുകൊണ്ടു നിങ്ങളുടെ സന്തോഷത്തിനുവേണ്ടി ഞങ്ങള്‍ നിങ്ങളോടൊത്തു ജോലിചെയ്യുന്നു.

അദ്ധ്യായം 2

    
    1: ദുഃഖമുളവാക്കുന്ന മറ്റൊരുസന്ദര്‍ശനം വേണ്ടായെന്നു ഞാന്‍ തീര്‍ച്ചയാക്കി.
    2: ഞാന്‍ നിങ്ങളെ ദുഃഖിപ്പിക്കുന്നെങ്കില്‍, ഞാന്‍ ദുഃഖിപ്പിച്ചവരല്ലാതെ മറ്റാരാണ് എന്നെ സന്തോഷിപ്പിക്കുവാനുള്ളത്?
    3: ഞാന്‍ വരുമ്പോള്‍ എനിക്കു സന്തോഷംനല്കേണ്ടവര്‍ എന്നെ ദുഃഖിപ്പിക്കാതിരിക്കാന്‍വേണ്ടിമാത്രമാണ് ഞാനെഴുതിയത്. എന്റെ സന്തോഷം നിങ്ങളോരോരുത്തരുടെയും സന്തോഷമായിരിക്കുമെന്ന്, നിങ്ങളെപ്പറ്റി എനിക്കുറപ്പുണ്ടായിരുന്നു.
    4: വലിയദുഃഖത്തോടും ഹൃദയവ്യഥയോടും വളരെ കണ്ണുനീരോടുംകൂടെ ഞാന്‍ നിങ്ങള്‍ക്കെഴുതിയതു നിങ്ങളെ ദുഃഖിപ്പിക്കുവാന്‍വേണ്ടിയല്ല; മറിച്ച്, നിങ്ങളോടുള്ള എന്റെ സമൃദ്ധമായ സ്‌നേഹമറിയിക്കാന്‍വേണ്ടിയാണ്. 

    അപരാധിക്കു മാപ്പ്
    5: ദുഃഖമുളവാക്കിയവന്‍ എന്നെയല്ല ദുഃഖിപ്പിച്ചത്; ഒരു പരിധിവരെ - ഞാന്‍ മയപ്പെടുത്തിപ്പറയുകയാണ് - നിങ്ങളെല്ലാവരെയുമാണ്.
    6: അങ്ങനെയുള്ളവന്, ഭൂരിപക്ഷംപേര്‍നല്കുന്ന ഈ ശിക്ഷ ധാരാളംമതി.
    7: അതുകൊണ്ട്, അവന്‍ അഗാധദുഃഖത്തില്‍ നിപതിക്കാതിരിക്കുന്നതിന്, നിങ്ങളവനോടു ക്ഷമിക്കുകയും അവനെ ആശ്വസിപ്പിക്കുകയുംചെയ്യണം.
    8: നിങ്ങള്‍ക്കവനോടുള്ള സ്‌നേഹത്തെക്കുറിച്ച്, അവനുറപ്പുവരുത്തണമെന്നു ഞാനഭ്യര്‍ത്ഥിക്കുന്നു.
    9: എല്ലാക്കാര്യങ്ങളിലും നിങ്ങള്‍ അനുസരണയുള്ളവരാണോ എന്നു പരീക്ഷിച്ചറിയുന്നതിനുവേണ്ടിയാണ് ഞാനെഴുതിയത്.
    10: നിങ്ങള്‍ ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു. ഞാന്‍ എന്തെങ്കിലും ക്ഷമിച്ചിട്ടുണ്ടെങ്കില്‍, അതു ക്രിസ്തുവിന്റെ നാമത്തില്‍ നിങ്ങള്‍ക്കുവേണ്ടിയാണ്.
    11: ഇതു സാത്താന്‍ നമ്മെ കബളിപ്പിക്കാതിരിക്കേണ്ടതിനാണ്. അവന്റെ തന്ത്രങ്ങളെപ്പറ്റി നമ്മള്‍ അജ്ഞരല്ലല്ലോ. 

    ആകുലതയും ആശ്വാസവും
    12: ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കാന്‍ ഞാന്‍ ത്രോവാസില്‍ച്ചെന്നപ്പോള്‍, കര്‍ത്താവില്‍ എനിക്കായി ഒരു വാതില്‍ തുറക്കപ്പെട്ടു.
    13: എന്നാല്‍, എന്റെ സഹോദരനായ തീത്തോസിനെ അവിടെ കാണായ്കയാല്‍ എന്റെ മനസ്സിന് ഒരു സ്വസ്ഥതയുമുണ്ടായിരുന്നില്ല. അതിനാല്‍, ഞാന്‍ അവിടെയുള്ളവരോടു യാത്രപറഞ്ഞിട്ട്, മക്കെദോനിയായിലേക്കു പോയി.
    14: ക്രിസ്തുവില്‍ ഞങ്ങളെ എല്ലായ്‌പോഴും വിജയത്തിലെത്തിക്കുകയും അവനെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ സൗരഭ്യം ഞങ്ങള്‍വഴി എല്ലായിടത്തും പരത്തുകയുംചെയ്യുന്ന ദൈവത്തിനു സ്തുതി
    15: എന്തുകൊണ്ടെന്നാല്‍, രക്ഷിക്കപ്പെടുന്നവരുടെയിടയിലും ശിക്ഷിക്കപ്പെടുന്നവരുടെയിടയിലും ഞങ്ങള്‍ ദൈവത്തിനു ക്രിസ്തുവിന്റെ പരിമളമാണ്.
    16: ഒരുവനു മരണത്തില്‍നിന്നു മരണത്തിലേക്കുള്ള സൗരഭ്യവും അപരനു ജീവനില്‍നിന്നു ജീവനിലേക്കുള്ള സൗരഭ്യവും. ഇവയ്‌ക്കെല്ലാം കെല്പുള്ളവനാരാണ്?
    17: ദൈവവചനത്തില്‍ മായംചേര്‍ത്തു കച്ചവടംചെയ്യുന്ന അനേകരുണ്ട്. അവരെപ്പോലെയല്ല ഞങ്ങള്‍. മറിച്ച്, ദൈവസന്നിധിയില്‍ വിശ്വസ്തരും ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരുമെന്നനിലയില്‍ ക്രിസ്തുവില്‍ ഞങ്ങള്‍ സംസാരിക്കുന്നു.

അദ്ധ്യായം 3


ഉടമ്പടിയുടെ ശുശ്രൂഷകര്‍
1: ഞങ്ങള്‍ വീണ്ടും ആത്മപ്രശംസചെയ്യുകയാണോ? മറ്റുചിലര്‍ക്കെന്നതുപോലെ ഞങ്ങള്‍ക്കു നിങ്ങളുടെപേര്‍ക്കോ നിങ്ങളില്‍നിന്നോ ശിപാര്‍ശക്കത്തുകളാവശ്യമുണ്ടോ?
2: ഞങ്ങളുടെ ഹൃദയങ്ങളിലെഴുതപ്പെട്ടതും സകലമനുഷ്യരും അറിയുകയും വായിക്കുകയുംചെയ്യുന്നതുമായ ഞങ്ങളുടെ ശിപാര്‍ശക്കത്ത് നിങ്ങള്‍തന്നെയാണ്.
3: മഷികൊണ്ടല്ല, ജീവിക്കുന്ന ദൈവത്തിന്റെ ആത്മാവുകൊണ്ട്, കല്പലകകളിലല്ല, മനുഷ്യരുടെ ഹൃദയഫലകങ്ങളില്‍ ഞങ്ങളുടെ ശുശ്രൂഷവഴി എഴുതപ്പെട്ട ക്രിസ്തുവിന്റെ ലിഖിതമാണു നിങ്ങള്‍ എന്നു വ്യക്തമാണ്.
4: ഇതാണു ക്രിസ്തുവഴി ദൈവത്തിലുള്ള ഞങ്ങളുടെ വിശ്വാസം.
5: സ്വന്തമായി എന്തെങ്കിലും മേന്മയവകാശപ്പെടാന്‍ ഞങ്ങള്‍ യോഗ്യരല്ല. ഞങ്ങളുടെ യോഗ്യത ദൈവത്തില്‍നിന്നാണ്.
6: അവിടുന്നു ഞങ്ങളെ എഴുതപ്പെട്ട നിയമത്താലല്ല, ആത്മാവിനാല്‍, പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരാകാന്‍ യോഗ്യരാക്കിയിരിക്കുന്നു. എന്തെന്നാല്‍, എഴുതപ്പെട്ട നിയമം മൃതിപ്പെടുത്തുന്നു; ആത്മാവു ജീവിപ്പിക്കുന്നു.
7: കല്പലകയിലെഴുതപ്പെട്ട മരണത്തിന്റെ നിയമം തേജസ്സിലാണു നല്കപ്പെട്ടത്. ആ തേജസ്സു മങ്ങിക്കൊണ്ടിരുന്നപ്പോള്‍പ്പോലും ഇസ്രായേല്‍ജനത്തിനു നോക്കാനാവാത്തവിധം മോശയുടെ മുഖത്തെ ജ്വലിപ്പിച്ചു.
8: അങ്ങനെയെങ്കില്‍ ആത്മാവിന്റെ ശുശ്രൂഷ എത്രയേറെ തേജസ്സുറ്റതായിരിക്കും!
9: എന്തുകൊണ്ടെന്നാല്‍, ശിക്ഷാവിധിയുടെ ശുശ്രൂഷ തേജോമയമായിരുന്നെങ്കില്‍ നീതിയുടെ ശുശ്രൂഷ അതിനെക്കാള്‍ കൂടുതല്‍ തേജോമയമായിരിക്കണം.
10: ഒരിക്കല്‍ പ്രശോഭിച്ചിരുന്നത്, അതിനെ അതിശയിക്കുന്ന മറ്റൊരു ശോഭമൂലം നിഷ്പ്രഭമായിത്തീര്‍ന്നു.
11: മങ്ങിമറഞ്ഞുപോയതു തേജസ്സുള്ളതായിരുന്നെങ്കില്‍ നിലനില്ക്കുന്നതു തീര്‍ച്ചയായും അതിനെക്കാള്‍ തേജസ്സുള്ളതായിരിക്കണം.
12: ഈദൃശമായ പ്രത്യാശ ഞങ്ങള്‍ക്കുള്ളതുകൊണ്ട്, ഞങ്ങള്‍ ധൈര്യമുള്ളവരാണ്.
13: മങ്ങിക്കൊണ്ടിരുന്ന തേജസ്സിന്റെ തിരോധാനം ഇസ്രായേല്‍ക്കാര്‍ ദര്‍ശിക്കാതിരിക്കാന്‍വേണ്ടി, മുഖത്തു മൂടുപടംധരിച്ച മോശയെപ്പോലെയല്ല ഞങ്ങള്‍.
14: അവരുടെ മനസ്സ് കടുപ്പമേറിയതായിരുന്നു. അവര്‍ പഴയ പ്രമാണം വായിക്കുമ്പോള്‍ അതേ മൂടുപടം ഇന്നുമവശേഷിക്കുന്നു. എന്തെന്നാല്‍, ക്രിസ്തുവിലൂടെമാത്രമാണ് അതു നീക്കപ്പെടുന്നത്.
15: അതേ, ഇന്നും മോശയുടെ ഗ്രന്ഥം വായിക്കുമ്പോഴെല്ലാം അവരുടെ മനസ്സില്‍ ഒരു മൂടുപടം കിടക്കുന്നുണ്ട്.
16: എന്നാല്‍, ആരെങ്കിലും കര്‍ത്താവിലേക്കു തിരിയുമ്പോള്‍ ആ മൂടുപടം നീക്കപ്പെടുന്നു.
17: കര്‍ത്താവ് ആത്മാവാണ്; കര്‍ത്താവിന്റെ ആത്മാവുള്ളിടത്തു സ്വാതന്ത്ര്യമുണ്ട്.
18: കര്‍ത്താവിന്റെ മഹത്വം, കണ്ണാടിയിലെന്നപോലെ, മൂടുപടമണിയാത്ത മുഖത്തു പ്രതിഫലിക്കുന്ന നാമെല്ലാവരും അവിടുത്തെ സാദൃശ്യത്തിലേക്ക്, മഹത്വത്തില്‍നിന്നു മഹത്വത്തിലേക്ക്, രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് ആത്മാവായ കര്‍ത്താവിന്റെ ദാനമാണ്.

അദ്ധ്യായം 4

    
മണ്‍പാത്രത്തിലെ നിധി
1: ദൈവകൃപയാല്‍ ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ഈ ശുശ്രൂഷയില്‍ ഞങ്ങള്‍ ഭഗ്നാശരല്ല.
2: ലജ്ജാകരങ്ങളായ രഹസ്യനടപടികള്‍ ഞങ്ങള്‍ വര്‍ജ്ജിച്ചിരിക്കുന്നു. ഞങ്ങള്‍ ആരെയും വഞ്ചിക്കുകയോ ദൈവവചനം തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്യുന്നില്ല; പ്രത്യുത, സത്യം വെളിവായി പ്രഖ്യാപിച്ചുകൊണ്ട് ഓരോരുത്തരുടെയും മനസ്സാക്ഷിക്കു ഞങ്ങളെ ദൈവസമക്ഷം സമര്‍പ്പിക്കുന്നു.
3: ഞങ്ങളുടെ സുവിശേഷം നിഗൂഢമായിരിക്കുന്നെങ്കില്‍ അതു നാശത്തിലേക്കു പോകുന്നവര്‍ക്കുമാത്രമാണ്.
4: ഈ ലോകത്തിന്റെ ദേവന്‍, അവിശ്വാസികളായ അവരുടെ മനസ്സിനെ അന്ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല.
5: ഞങ്ങള്‍ ഉദ്‌ഘോഷിക്കുന്നത് ഞങ്ങളെക്കുറിച്ചല്ല, പ്രത്യുത, യേശുക്രിസ്തുവിനെ കര്‍ത്താവായും യേശുവിനുവേണ്ടി ഞങ്ങളെ നിങ്ങളുടെ ദാസന്മാരായുമാണ്.
6: അന്ധകാരത്തില്‍നിന്നു പ്രകാശമുദിക്കട്ടെയെന്ന് അരുളിച്ചെയ്ത ദൈവംതന്നെയാണ്, ക്രിസ്തുവിന്റെ മുഖത്തു വെളിവാക്കപ്പെട്ട ദൈവതേജസ്സിനെപ്പറ്റിയുള്ള അറിവിന്റെ പ്രകാശം ഞങ്ങള്‍ക്കു തരേണ്ടതിന്, ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചിരിക്കുന്നത്.
7: എന്നാല്‍, പരമമായ ശക്തി ദൈവത്തിന്റേതാണ്, ഞങ്ങളുടേതല്ലാ. എന്നു വെളിപ്പെടുത്തുന്നതിന്, ഈ നിധി, മണ്‍പാത്രങ്ങളിലാണു ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ളത്.
8: ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല.
9: പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല.
10: യേശുവിന്റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷമാകുന്നതിന്, അവിടുത്തെ മരണം ഞങ്ങള്‍ എല്ലായ്‌പോഴും ശരീരത്തില്‍ സംവഹിക്കുന്നു.
11: ഞങ്ങളുടെ മര്‍ത്ത്യശരീരത്തില്‍ യേശുവിന്റെ ജീവന്‍ പ്രത്യക്ഷമാകേണ്ടതിന്, ഞങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ യേശുവിനെപ്രതി സദാ മരണത്തിനേല്പിക്കപ്പെടുന്നു.
12: തന്നിമിത്തം, ഞങ്ങളില്‍ മരണവും നിങ്ങളില്‍ ജീവനും പ്രവര്‍ത്തിക്കുന്നു.
13: ഞാന്‍ വിശ്വസിച്ചു; അതിനാല്‍ ഞാന്‍ സംസാരിച്ചു എന്ന് എഴുതിയവന്റെ വിശ്വാസചൈതന്യംതന്നെ ഞങ്ങള്‍ക്കുള്ളതുകൊണ്ട്, ഞങ്ങളും വിശ്വസിക്കുകയും സംസാരിക്കുകയും ചെയ്യുന്നു.
14: കര്‍ത്താവായ യേശുവിനെ ഉയിര്‍പ്പിച്ചവന്‍ യേശുവിനോടുകൂടെ ഞങ്ങളെയും ഉയിര്‍പ്പിക്കുമെന്നും നിങ്ങളോടൊപ്പം അവിടുത്തെ സന്നിധിയില്‍ കൊണ്ടുവരുമെന്നും ഞങ്ങളറിയുന്നു. ഇതെല്ലാം നിങ്ങള്‍ക്കുവേണ്ടിയാണ്.
15: അങ്ങനെ, കൂടുതല്‍കൂടുതല്‍ ആളുകളില്‍ കൃപ സമൃദ്ധമാകുന്നതുവഴി ദൈവമഹത്വത്തിനു കൂടുതല്‍ കൃതജ്ഞതയര്‍പ്പിക്കപ്പെടുന്നു. 

അനശ്വരതയിലുള്ള പ്രത്യാശ
16: ഞങ്ങള്‍ ഭഗ്നാശരാകുന്നില്ല. ഞങ്ങളിലെ ബാഹ്യമനുഷ്യന്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആന്തരികമനുഷ്യന്‍ അനുദിനം നവീകരിക്കപ്പെടുന്നു.
17: ഞങ്ങളുടെ ക്ലേശങ്ങള്‍ നിസ്സാരവും ക്ഷണികവുമാണ്; അവയുടെ ഫലമോ അനുപമമായ മഹത്വവും.
18: ദൃശ്യമായവയല്ല, അദൃശ്യമായവയാണു ഞങ്ങളുടെ ലക്ഷ്യം. ദൃശ്യങ്ങള്‍ നശ്വരങ്ങളാണ്, അദൃശ്യങ്ങള്‍ അനശ്വരങ്ങളും.

മുന്നൂറ്റിമുപ്പത്തിമൂന്നാം ദിവസം: 1 കൊറിന്തോസ് 15 - 16


അദ്ധ്യായം 15


ക്രിസ്തുവിന്റെ ഉത്ഥാനം

1: സഹോദരരേ, നിങ്ങള്‍ സ്വീകരിച്ചതും നിങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളുന്നതും നിങ്ങള്‍ക്കു രക്ഷപ്രദാനംചെയ്തതുമായ സുവിശേഷം, ഞാനെപ്രകാരമാണു നിങ്ങളോടു പ്രസംഗിച്ചതെന്ന്, ഇനി നിങ്ങളെയനുസ്മരിപ്പിക്കാം.
2: അതനുസരിച്ചു നിങ്ങള്‍ അചഞ്ചലരായി അതില്‍ നിലനിന്നാല്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ത്ഥമാകുകയില്ല.
3: എനിക്കു ലഭിച്ചതു സര്‍വ്വപ്രധാനമായിക്കരുതി, ഞാന്‍ നിങ്ങള്‍ക്കേല്പിച്ചുതന്നു. വിശുദ്ധലിഖിതങ്ങളില്‍ പറഞ്ഞിട്ടുളളതുപോലെ,
4: ക്രിസ്തു, നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയുംചെയ്തു.
5: അവന്‍ കേപ്പായ്ക്കും പിന്നീടു പന്ത്രണ്ടുപേര്‍ക്കും പ്രത്യക്ഷനായി.
6: അതിനുശേഷം ഒരുമിച്ച്, അഞ്ഞൂറിലധികം സഹോദരര്‍ക്കു പ്രത്യക്ഷനായി. അവരില്‍ ഏതാനുംപേര്‍ മരിച്ചുപോയി. മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്.
7: പിന്നീടവന്‍ യാക്കോബിനും, തുടര്‍ന്ന് മറ്റെല്ലാ അപ്പസ്‌തോലന്മാര്‍ക്കും കാണപ്പെട്ടു.
8: ഏറ്റവുമൊടുവില്‍, അകാലജാതനെന്നതുപോലെ എനിക്കും അവിടുന്നു പ്രത്യക്ഷനായി.
9: ഞാന്‍ അപ്പസ്‌തോലന്മാരില്‍ ഏറ്റവും നിസ്സാരനാണ്. ദൈവത്തിന്റെ സഭയെ പീഡിപ്പിച്ചതുനിമിത്തം അപ്പസ്‌തോലനെന്ന നാമത്തിനു ഞാനയോഗ്യനുമാണ്.
10: ഞാനെന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്. എന്റെമേല്‍ ദൈവംചൊരിഞ്ഞ കൃപ നിഷ്ഫലമായിപ്പോയിട്ടില്ല. നേരേമറിച്ച്, മറ്റെല്ലാവരെയുംകാളധികം ഞാനദ്ധ്വാനിച്ചു. എന്നാല്‍, ഞാനല്ല, എന്നിലുള്ള ദൈവകൃപയാണദ്ധ്വാനിച്ചത്.
11: അതുകൊണ്ട്, ഞാനോ അവരോ, ആരുതന്നെയായാലും ഇതാണു ഞങ്ങള്‍ പ്രസംഗിക്കുന്നതും നിങ്ങള്‍ വിശ്വസിച്ചതും. 

മരിച്ചവരുടെ ഉത്ഥാനം
12: ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കില്‍ മരിച്ചവര്‍ക്കു പുനരുത്ഥാനമില്ലെന്നു നിങ്ങളില്‍ച്ചിലര്‍ പറയുന്നതെങ്ങനെ?
13: മരിച്ചവര്‍ക്കു പുനരുത്ഥാനമില്ലെങ്കില്‍, ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല.
14: ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം.
15: മാത്രമല്ല, ഞങ്ങള്‍ ദൈവത്തിനുവേണ്ടി കപടസാക്ഷ്യംവഹിക്കുന്നവരായിത്തീരുന്നു. എന്തെന്നാല്‍, ദൈവം ക്രിസ്തുവിനെ ഉയിര്‍പ്പിച്ചു എന്നു ഞങ്ങള്‍ സാക്ഷ്യപ്പെടുത്തി. മരിച്ചവര്‍ യഥാര്‍ത്ഥത്തില്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍, ദൈവം ക്രിസ്തുവിനെയും ഉയിര്‍പ്പിച്ചിട്ടില്ല.
16: മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല.
17: ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്. നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ത്തന്നെ വര്‍ത്തിക്കുന്നു.
18: ക്രിസ്തുവില്‍ നിദ്രപ്രാപിച്ചവര്‍ നശിച്ചുപോകുകയുംചെയ്തിരിക്കുന്നു.
19: ഈ ജീവിതത്തിനുവേണ്ടിമാത്രം ക്രിസ്തുവില്‍ പ്രത്യാശവച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്.
20: എന്നാല്‍, നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെയിടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു.
21: ഒരു മനുഷ്യന്‍വഴി മരണമുണ്ടായതുപോലെ, ഒരു മനുഷ്യന്‍വഴി പുനരുത്ഥാനവുമുണ്ടായി.
22: ആദത്തില്‍ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും പുനര്‍ജ്ജീവിക്കും.
23: എന്നാല്‍, ഓരോരുത്തരും താന്താങ്ങളുടെ ക്രമമനുസരിച്ചായിരിക്കും. ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്റെ ആഗമനത്തില്‍ അവനുള്ളവരും.
24: അവന്‍ എല്ലാഭരണവും അധികാരവും ശക്തിയും നിര്‍മ്മാര്‍ജനംചെയ്ത്, രാജ്യം പിതാവായ ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍, എല്ലാറ്റിന്റെയും അവസാനമാകും.
25: എന്തെന്നാല്‍, സകലശത്രുക്കളെയും തന്റെ പാദസേവകരാക്കുന്നതുവരെ അവിടുന്നു വാഴേണ്ടിയിരിക്കുന്നു.
26: മരണമെന്ന അവസാനശത്രുവും നശിപ്പിക്കപ്പെട്ടിരിക്കുന്നു.
27: ദൈവം സമസ്തവും അധീനമാക്കി, തന്റെ പാദത്തിന്‍കീഴാക്കിയിരിക്കുന്നു. എന്നാല്‍, സമസ്തവുമധീനമാക്കി എന്നുപറയുമ്പോള്‍ അവ അധീനമാക്കിയവനൊഴികെ എന്നതു സ്പഷ്ടം.
28: സമസ്തവും അവിടുത്തേക്ക് അധീനമായിക്കഴിയുമ്പോള്‍ സമസ്തവും തനിക്ക് അധീനമാക്കിയവന്, പുത്രന്‍തന്നെയും അധീനനാകും. ഇത്, ദൈവം എല്ലാവര്‍ക്കും എല്ലാമാകേണ്ടതിനുതന്നെ.
29: അല്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി ജ്ഞാനസ്‌നാനം സ്വീകരിക്കുന്നതുകൊണ്ട് എന്താണര്‍ത്ഥമാക്കുന്നത്? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിനു ജ്ഞാനസ്‌നാനം സ്വീകരിക്കണം?
30: ഞങ്ങള്‍തന്നെയും എന്തിനു സദാസമയവും അപകടത്തെ അഭിമുഖീഭവിക്കണം?
31: സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിങ്ങളെക്കുറിച്ച് എനിക്കുള്ള അഭിമാനത്തെ ആധാരമാക്കി ഞാന്‍ പറയുന്നു, ഞാന്‍ പ്രതിദിനം മരിച്ചുകൊണ്ടിരിക്കുന്നു.
32: മാനുഷികമായിപ്പറഞ്ഞാല്‍, എഫേസോസില്‍വച്ചു വന്യമൃഗങ്ങളോടു പോരാടിയതുകൊണ്ട് എനിക്കെന്തു പ്രയോജനം? മരിച്ചവര്‍ക്കു പുനരുത്ഥാനമില്ലെങ്കില്‍ നമുക്കു തിന്നുകയും കുടിക്കുകയുംചെയ്യാം; എന്തെന്നാല്‍, നാളെ നമ്മള്‍ മരിച്ചുപോകും. നിങ്ങള്‍ വഞ്ചിതരാകരുത്.
33: അധമമായ സംസര്‍ഗ്ഗം സദാചാരങ്ങളെ ദുഷിപ്പിക്കും.
34: നിങ്ങള്‍ നീതിപൂര്‍വം സമചിത്തതപാലിക്കയും പാപംവര്‍ജ്ജിക്കയുംചെയ്യുവിന്‍. ചിലര്‍ക്കു ദൈവത്തെപ്പറ്റി ഒരറിവുമില്ല. നിങ്ങളെ ലജ്ജിപ്പിക്കാനാണു ഞാനിതു പറയുന്നത്. 

ശരീരത്തിന്റെ ഉയിര്‍പ്പ്
35: ആരെങ്കിലും ചോദിച്ചേക്കാം: മരിച്ചവര്‍ എങ്ങനെയാണുയിര്‍പ്പിക്കപ്പെടുക? ഏതുതരം ശരീരത്തോടുകൂടെയായിരിക്കും അവര്‍ പ്രത്യക്ഷപ്പെടുക?
36: വിഡ്ഢിയായ മനുഷ്യാ, നീ വിതയ്ക്കുന്നതു നശിക്കുന്നില്ലെങ്കില്‍ അതു പുനര്‍ജ്ജീവിക്കുകയില്ല.
37: ഉണ്ടാകാനിരിക്കുന്ന പദാര്‍ത്ഥമല്ല നീ വിതയ്ക്കുന്നത്; ഗോതമ്പിന്റെയോ മറ്റുവല്ലധാന്യത്തിന്റെയോ വെറുമൊരു മണിമാത്രം.
38: എന്നാല്‍, ദൈവം തന്റെ ഇഷ്ടമനുസരിച്ച്, ഓരോ വിത്തിനും അതിന്റെതായ ശരീരംനല്കുന്നു.
39: എല്ലാ ശരീരവും ഒന്നുപോലെയല്ല. മനുഷ്യരുടേതൊന്ന്, മൃഗങ്ങളുടേതു മറ്റൊന്ന്, പക്ഷികളുടേതു വേറൊന്ന്, മത്സ്യങ്ങളുടേതു വേറൊന്ന്.
40: സ്വര്‍ഗ്ഗീയശരീരങ്ങളുണ്ട്; ഭൗമികശരീരങ്ങളുമുണ്ട്; സ്വര്‍ഗ്ഗീയശരീരങ്ങളുടെ തേജസ്സ് ഒന്ന്; ഭൗമിക ശരീരങ്ങളുടെ തേജസ്സ് മറ്റൊന്ന്.
41: സൂര്യന്റെ തേജസ്സ് ഒന്ന്; ചന്ദ്രന്റെതു മറ്റൊന്ന്; നക്ഷത്രങ്ങളുടേതു വേറൊന്ന്. നക്ഷത്രങ്ങള്‍തമ്മിലും തേജസ്സിനു വ്യത്യാസമുണ്ട്.
42: ഇപ്രകാരംതന്നെയാണു മരിച്ചവരുടെ പുനരുത്ഥാനവും. നശ്വരതയില്‍ വിതയ്ക്കപ്പെടുന്നു;
43: അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. അവമാനത്തില്‍ വിതയ്ക്കപ്പെടുന്നു; മഹിമയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. ബലഹീനതയില്‍ വിതയ്ക്കപ്പെടുന്നു; ശക്തിയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു.
44: വിതയ്ക്കപ്പെടുന്നതു ഭൗതികശരീരം, പുനര്‍ജ്ജീവിക്കുന്നത് ആത്മീയശരീരം. ഭൗതികശരീരമുണ്ടെങ്കില്‍ ആത്മീയശരീരവുമുണ്ട്.
45: ആദ്യമനുഷ്യനായ ആദം ജീവനുള്ളവനായിത്തീര്‍ന്നു എന്നെഴുതപ്പെട്ടിരിക്കുന്നു. അവസാനത്തെ ആദം ജീവദാതാവായ ആത്മാവായിത്തീര്‍ന്നു.
46: എന്നാല്‍, ആദ്യമുള്ളത് ആത്മീയനല്ല, ഭൗതികനാണ്; പിന്നീട് ആത്മീയന്‍.
47: ആദ്യമനുഷ്യന്‍ ഭൂമിയില്‍നിന്നുള്ള ഭൗമികനാണ്; രണ്ടാമത്തെ മനുഷ്യനോ സ്വര്‍ഗ്ഗത്തില്‍നിന്നുള്ളവന്‍.
48: ഭൂമിയില്‍നിന്നുള്ളവനെങ്ങനെയോ അങ്ങനെതന്നെ ഭൗമികരും; സ്വര്‍ഗ്ഗത്തില്‍നിന്നുള്ളവനെങ്ങനെയോ അങ്ങനെതന്നെ സ്വര്‍ഗ്ഗീയരും.
49: നമ്മള്‍ ഭൗമികന്റെ സാദൃശ്യം ധരിച്ചതുപോലെതന്നെ സ്വര്‍ഗ്ഗീയന്റെ സാദൃശ്യവും ധരിക്കും.
50: സഹോദരരേ, ശരീരത്തിനോ രക്തത്തിനോ ദൈവരാജ്യം അവകാശപ്പെടുത്തുക സാദ്ധ്യമല്ലെന്നും നശ്വരമായത് അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നും ഞാന്‍ പറയുന്നു.
51: ഇതാ, ഞാന്‍ നിങ്ങളോട്, ഒരു രഹസ്യം പറയുന്നു: നാമെല്ലാവരും നിദ്രപ്രാപിക്കുകയില്ല.
52: അവസാനകാഹളം മുഴങ്ങുമ്പോള്‍, കണ്ണിമയ്ക്കുന്നത്രവേഗത്തില്‍ നാമെല്ലാവരും രൂപാന്തരപ്പെടും. എന്തെന്നാല്‍, കാഹളംമുഴങ്ങുകയും മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാമെല്ലാവരും രൂപാന്തരപ്പെടുകയുംചെയ്യും.
53: നശ്വരമായത് അനശ്വരവും മര്‍ത്യമായത് അമര്‍ത്യവുമാകേണ്ടിയിരിക്കുന്നു.
54: അങ്ങനെ, നശ്വരമായത് അനശ്വരതയും മര്‍ത്യമായത് അമര്‍ത്യതയുംപ്രാപിച്ചുകഴിയുമ്പോള്‍, മരണത്തെ വിജയം ഗ്രസിച്ചു എന്നെഴുതപ്പെട്ടതു യാഥാര്‍ത്ഥ്യമാകും.
55:
 മരണമേ, നിന്റെ വിജയമെവിടെ? മരണമേ, നിന്റെ ദംശനമെവിടെ?
56: മരണത്തിന്റെ ദംശനം പാപവും പാപത്തിന്റെ ശക്തി നിയമവുമാണ്.
57: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി നമുക്കു വിജയംനല്കുന്ന ദൈവത്തിനു നന്ദി.
58: അതിനാല്‍, എന്റെ വത്സലസഹോദരരേ, കര്‍ത്താവില്‍ നിങ്ങളുടെ ജോലി നിഷ്ഫലമല്ലെന്നു ബോദ്ധ്യപ്പെട്ട്, അവിടുത്തെ ജോലിയില്‍ സദാ അഭിവൃദ്ധിപ്രാപിച്ച്, സ്ഥിരചിത്തരും അചഞ്ചലരുമായിരിക്കുവിന്‍.

അദ്ധ്യായം 16

    
വിശുദ്ധര്‍ക്കുള്ള ധര്‍മ്മശേഖരണം
1: ഇനി വിശുദ്ധര്‍ക്കുവേണ്ടിയുള്ള സംഭാവനയെപ്പറ്റി പ്രതിപാദിക്കാം. ഗലാത്തിയായിലെ സഭകളോടു ഞാന്‍ നിര്‍ദ്ദേശിച്ചതുപോലെ നിങ്ങളുംചെയ്യുവിന്‍.
2: ഞാന്‍വരുമ്പോള്‍ പിരിവൊന്നും നടത്താതിരിക്കുന്നതിന് നിങ്ങള്‍ ഓരോരുത്തരും കഴിവനുസരിച്ചുള്ള തുക ആഴ്ചയിലെ ആദ്യദിവസം നീക്കിവയ്ക്കണം.
3: ഞാന്‍ വരുമ്പോള്‍, നിങ്ങളുടെ സംഭാവന കൊണ്ടുപോകുന്നതിനുവേണ്ടി, നിങ്ങളംഗീകരിക്കുന്ന വ്യക്തികളെ എഴുത്തുമായി ജറുസലെമിലേക്കയച്ചുകൊള്ളാം.
4: ഞാന്‍കൂടെ പോകേണ്ട ആവശ്യമുണ്ടെങ്കില്‍ അവര്‍ എന്നോടൊപ്പം പോരട്ടെ. 

യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍
5: ഞാന്‍ മക്കെദോനിയായില്‍പ്പോയിട്ട്, നിങ്ങളെ സന്ദര്‍ശിക്കുന്നതാണ്. എനിക്കവിടെ
പ്പോകേണ്ടതുണ്ട്.
6: ഞാന്‍ നിങ്ങളുടെകൂടെ കുറെനാള്‍, ഒരുപക്ഷേ ശീതകാലംമുഴുവന്‍, ചെലവഴിച്ചെന്നുവരാം. തദവസരത്തില്‍, എന്റെ തുടര്‍ന്നുള്ള എല്ലായാത്രകള്‍ക്കുംവേണ്ട സഹായംചെയ്തുതരാന്‍ നിങ്ങള്‍ക്കു കഴിഞ്ഞേക്കും.
7: നിങ്ങളെ തിടുക്കത്തില്‍ സന്ദര്‍ശിച്ചുപോരാന്‍ ഞാനിഷ്ടപ്പെടുന്നില്ല. കര്‍ത്താവനുവദിക്കുമെങ്കില്‍ കുറെനാള്‍ നിങ്ങളോടൊത്തു കഴിയാമെന്നു ഞാനാശിക്കുന്നു.
8: പന്തക്കുസ്താവരെ ഞാന്‍ എഫേസോസില്‍ താമസിക്കും.
9: ഫലപ്രദമായ പ്രവര്‍ത്തനത്തിനുള്ള ഒരു വലിയവാതില്‍ എനിക്കു തുറന്നുകിട്ടിയിട്ടുണ്ട്. പ്രതിയോഗികളും വളരെയാണ്.
10: തിമോത്തേയോസ് നിങ്ങളുടെയടുത്തുവരുമ്പോള്‍ നിങ്ങളുടെയിടയില്‍ നിര്‍ഭയനായിക്കഴിയാന്‍ അവനു സാഹചര്യങ്ങളുണ്ടാക്കിക്കൊടുക്കണം. അവനും എന്നെപ്പോലെ കര്‍ത്താവിന്റെ ജോലിയില്‍ വ്യാപൃതനാണല്ലോ.
11: ആകയാല്‍, ആരുമവനെ നിന്ദിക്കാനിടയാകരുത്. എന്റെയടുത്തു വേഗം മടങ്ങിവരേണ്ടതിന്, സമാധാനത്തില്‍ അവനെ യാത്രയാക്കണം. സഹോദരരോടൊപ്പം അവനെ ഞാന്‍ പ്രതീക്ഷിക്കുന്നു.
12: മറ്റു സഹോദരരോടൊത്തു നിങ്ങളെ സന്ദര്‍ശിക്കണമെന്ന്, ഞാന്‍ നമ്മുടെ സഹോദരന്‍ അപ്പോളോസിനെ വളരെ നിര്‍ബന്ധിച്ചതാണ്. എന്നാല്‍, ഈയവസരത്തില്‍ നിങ്ങളുടെയടുത്തുവരാന്‍ അവന് ഒട്ടും മനസ്സില്ലായിരുന്നു; സൗകര്യപ്പെടുമ്പോള്‍ വന്നുകൊള്ളും. 

അഭ്യര്‍ത്ഥന, അഭിവാദനം
13: നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുവിന്‍; പൗരുഷവും കരുത്തുമുള്ളവരായിരിക്കുവിന്‍.
14: നിങ്ങളുടെ സകലകാര്യങ്ങളും സ്‌നേഹത്തോടെ നിര്‍വ്വഹിക്കുവിന്‍.
15: സഹോദരരേ, സ്തേഫാനാസിന്റെ കുടുംബാംഗങ്ങളാണ് അക്കായിയായിലെ ആദ്യഫലങ്ങളെന്നും അവര്‍ വിശുദ്ധരുടെ ശുശ്രൂഷയ്ക്കായി തങ്ങളെത്തന്നെ സമര്‍പ്പിച്ചുവെന്നും നിങ്ങളറിഞ്ഞിരിക്കണമെന്നു ഞാനഭ്യര്‍ഥിക്കുന്നു.
16: ഇപ്രകാരമുള്ളവരെയും എന്നോടു സഹകരിച്ച് അദ്ധ്വാനിക്കുന്ന എല്ലാവരെയും നിങ്ങളനുസരിക്കണമെന്നു ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു.
17: സ്‌തേഫാനാസും ഫൊര്‍ത്തുനാത്തൂസും ആകായിക്കോസും വന്നതില്‍ ഞാന്‍ ആഹ്ലാദിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ അസാന്നിദ്ധ്യം അവര്‍ പരിഹരിച്ചു.
18: അവര്‍ എന്റെയും നിങ്ങളുടെയും ആത്മാവിനെ ഉന്മേഷപ്പെടുത്തി. ഇങ്ങനെയുള്ളവരെ നിങ്ങള്‍ അംഗീകരിക്കണം.
19: ഏഷ്യയിലെ സഭകള്‍ നിങ്ങളെ അഭിവാദനംചെയ്യുന്നു. അക്വീലായും പ്രിസ്‌ക്കായും അവരുടെ വീട്ടിലുള്ള സഭയും കര്‍ത്താവില്‍ നിങ്ങളെ ഹൃദയപൂര്‍വ്വം അഭിവാദനംചെയ്യുന്നു.
20: സകലസഹോദരരും നിങ്ങളെ അഭിവാദനംചെയ്യുന്നു. നിങ്ങള്‍ വിശുദ്ധചുംബനത്താല്‍ അന്യോന്യം അഭിവാദനംചെയ്യുവിന്‍.
21: പൗലോസായ ഞാന്‍, സ്വന്തം കൈപ്പടയില്‍ അഭിവാദനം രേഖപ്പെടുത്തുന്നു.
22: ആരെങ്കിലും കര്‍ത്താവിനെ സ്‌നേഹിക്കുന്നില്ലെങ്കില്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഞങ്ങളുടെ കര്‍ത്താവേ, വന്നാലും!
23: കര്‍ത്താവായ യേശുവിന്റെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ!
24: യേശുക്രിസ്തുവില്‍ എന്റെ സ്‌നേഹം നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!

മുന്നൂറ്റിമുപ്പത്തിരണ്ടാം ദിവസം: 1 കൊറിന്തോസ് 12 - 14


അദ്ധ്യായം 12


പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍
1: സഹോദരരേ, നിങ്ങള്‍ ആത്മീയദാനങ്ങളെക്കുറിച്ച് അറിവുള്ളവരായിരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു.
2: നിങ്ങള്‍ വിജാതീയരായിരുന്നപ്പോള്‍ സംസാരശേഷിയില്ലാത്ത വിഗ്രഹങ്ങളുടെയടുത്തേക്ക് അപഥസഞ്ചാരംചെയ്തിരുന്നത് ഓര്‍ക്കുന്നുണ്ടല്ലോ.
3: ദൈവാത്മാവുമുഖേന സംസാരിക്കുന്നവരാരും യേശു ശപിക്കപ്പെട്ടവനാണെന്ന് ഒരിക്കലും പറയുകയില്ലെന്നും യേശു കര്‍ത്താവാ
ണെന്നുപറയാന്‍ പരിശുദ്ധാത്മാവുമുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ലെന്നും നിങ്ങള്‍ ഗ്രഹിക്കണമെന്നു ഞാനാഗ്രഹിക്കുന്നു.
4: ദാനങ്ങളില്‍ വൈവിദ്ധ്യമുണ്ടെങ്കിലും ആത്മാവൊന്നുതന്നെ.
5: ശുശ്രൂഷകളില്‍വൈവിദ്ധ്യമുണ്ടെങ്കിലും കര്‍ത്താവൊന്നുതന്നെ.
6: പ്രവൃത്തികളില്‍ വൈവി
ദ്ധ്യമുണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാറ്റിലും പ്രചോദനംനല്കുന്ന ദൈവമൊന്നുതന്നെ.
7: ഓരോരുത്തരിലും ആത്മാവുവെളിപ്പെടുന്നത് പൊതുനന്മയ്ക്കുവേണ്ടിയാണ്.
8: ഒരേ ആത്മാവുതന്നെ, ഒരാള്‍ക്കു വിവേകത്തിന്റെ വചനവും മറ്റൊരാള്‍ക്കു ജ്ഞാനത്തിന്റെ വചനവും നല്കുന്നു.
9: ഒരേ ആത്മാവുതന്നെ ഒരുവനു വിശ്വാസവും വേറൊരുവനു രോഗശാന്തിക്കുള്ള വരവും നല്കുന്നു.
10: ഒരുവന് അദ്ഭുതങ്ങള്‍പ്രവര്‍ത്തിക്കാന്‍ ശക്തിയും, മറ്റൊരുവനു പ്രവചിക്കാന്‍ വരവും, വേറൊരുവന് ആത്മാക്കളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരുവനു ഭാഷാവരവും, വേറൊരുവന് വ്യാഖ്യാനത്തിനുള്ള വരവും, അതേ ആത്മാവുതന്നെ നല്കുന്നു.
11: തന്റെ ഇച്ഛയ്‌ക്കൊത്ത് ഓരോരുത്തര്‍ക്കും പ്രത്യേകപ്രത്യേകദാനങ്ങള്‍നല്കുന്ന ഒരേ ആത്മാവിന്റെതന്നെ പ്രവൃത്തിയാണ് ഇതെല്ലാം. 

ഒരു ശരീരം, പലഅവയവങ്ങള്‍
12: ശരീരമൊന്നാണെങ്കിലും, അതില്‍ പല അവയവങ്ങളുണ്ട്. അവയവങ്ങള്‍ പലതെങ്കിലും അവയെല്ലാംചേര്‍ന്ന് ഏകശരീരമായിരിക്കുന്നു. അതുപോലെതന്നെയാണു ക്രിസ്തുവും.
13: നമ്മളെല്ലാവരും ഒരേആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്‌നാനമേറ്റു. യഹൂദരെന്നോ ഗ്രീക്കുകാരെന്നോ, അടിമകളെന്നോ സ്വതന്ത്രരെന്നോ ഭേദംകൂടാതെ, ഒരേ ആത്മാവിനെ പാനംചെയ്യാന്‍ എല്ലാവര്‍ക്കുംസാധിച്ചു.
14: ഒരവയവമല്ല, പലതുചേര്‍ന്നതാണു ശരീരം.
15: ഞാന്‍ കൈയല്ലാത്തതിനാല്‍ ശരീരത്തിന്റെ ഭാഗമല്ലെന്നു കാല്‍ പറഞ്ഞാല്‍, അതു ശരീരത്തിന്റെ ഭാഗമല്ലെന്നുവരുമോ?
16: അതുപോലെതന്നെ, ഞാന്‍ കണ്ണല്ലാത്തതിനാല്‍ ശരീരത്തിന്റെ ഭാഗമല്ലെന്നു ചെവി പറഞ്ഞാല്‍ അതു ശരീരത്തിന്റെ ഭാഗമല്ലെന്നുവരുമോ?
17: ശരീരം ഒരു കണ്ണുമാത്രമായിരുന്നെങ്കില്‍, ശ്രവണം സാദ്ധ്യമാകുന്നതെങ്ങനെ? ശരീരം ഒരു ചെവിമാത്രമായിരുന്നെങ്കില്‍ ഘ്രാണം സാ
ദ്ധ്യമാകുന്നതെങ്ങനെ?
18: എന്നാല്‍, ദൈവം സ്വന്തമിഷ്ടമനുസരിച്ച്, ഓരോ അവയവവും ശരീരത്തില്‍ ക്രമപ്പെടുത്തിയിരിക്കുന്നു.
19: എല്ലാംകൂടെ ഒരവയവമായിരുന്നെങ്കില്‍ ശരീരം എവിടെയാകുമായിരുന്നു?
20: ഇപ്പോഴാകട്ടെ, പല അവയവങ്ങളും ഒരു ശരീരവുമാണുള്ളത്.
21: കണ്ണിനു കൈയോട്, എനിക്കു നിന്നെക്കൊണ്ടാവശ്യമില്ലെന്നോ, തലയ്ക്കു കാലിനോട്, എനിക്കു നിന്നെക്കൊണ്ടുപയോഗമി
ല്ലെന്നോ പറയുക സാധ്യമല്ല.
22: നേരേമറിച്ച്, ദുര്‍ബ്ബലങ്ങളെന്നു കരുതപ്പെടുന്ന അവയവയങ്ങളാണ് കൂടുതലാവശ്യമായിരിക്കുന്നത്.
23: മാന്യങ്ങളല്ലെന്നു കരുതപ്പെടുന്ന അവയവങ്ങള്‍ക്കു നമ്മള്‍ കൂടുതല്‍ മാന്യതകല്പിക്കുകയും, ഭംഗി കുറഞ്ഞവയെന്നു കരുതപ്പെടുന്നവയെ കൂടുതലലങ്കരിക്കുകയുംചെയ്യുന്നു.
24: ഭംഗിയുള്ള അവയവങ്ങള്‍ക്ക്, ഇവയൊന്നുമാവശ്യമില്ല. ദൈവമാകട്ടെ, അപ്രധാനങ്ങളായ അവയവങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യംലഭിക്കത്തക്കവിധം ശരീരം സംവിധാനംചെയ്തിരിക്കുന്നു.
25: അതു ശരീരത്തില്‍ ഭിന്നിപ്പുണ്ടാകാതെ അവയവങ്ങള്‍ പരസ്പരം തുല്യശ്രദ്ധയോടെ വര്‍ത്തിക്കേണ്ടതിനുതന്നെ.
26: ഒരവയവം വേദനയനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു. ഒരവയവം പ്രശംസിക്കപ്പെടുമ്പോള്‍ എല്ലാ അവയവങ്ങളും സന്തോഷിക്കുന്നു.
27: നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്.
28: ദൈവം സഭയില്‍ ഒന്നാമത് അപ്പസ്‌തോലന്മാരെയും രണ്ടാമത് പ്രവാചകന്മാരെയും, മൂന്നാമത് പ്രബോധകരെയും, തുടര്‍ന്ന് അദ്ഭുതപ്രവര്‍ത്തകര്‍, രോഗശാന്തിനല്കുന്നവര്‍, സഹായകര്‍, ഭരണകര്‍ത്താക്കള്‍, വിവിധഭാഷകളില്‍ സംസാരിക്കുന്നവര്‍ എന്നിവരെയും നിയമിച്ചിരിക്കുന്നു. എല്ലാവരും അപ്പസ്‌തോലരോ?
29: എല്ലാവരും പ്രവാചകരോ? എല്ലാവരും പ്രബോധകരോ?
30: എല്ലാവരും അദ്ഭുതപ്രവര്‍ത്തകരോ? എല്ലാവര്‍ക്കും രോഗശാന്തിക്കുള്ള വരങ്ങളുണ്ടോ? എല്ലാവരും വിവിധഭാഷകളില്‍ സംസാരിക്കുന്നുണ്ടോ? എല്ലാവരും വ്യാഖ്യാനിക്കുന്നുണ്ടോ?
31: എന്നാല്‍, ഉത്കൃഷ്ടദാനങ്ങള്‍ക്കുവേണ്ടി, തീക്ഷ്ണമായി അഭിലഷിക്കുവിന്‍. ഉത്തമമായ മാര്‍ഗ്ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം.

അദ്ധ്യായം 13


സ്‌നേഹം സര്‍വോത്കൃഷ്ടം
1: ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്.
2: എനിക്കു പ്രവചനവരമുണ്ടായിരിക്കുകയും സകലരഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയുംചെയ്താലും സകലവിജ്ഞാനവും മലകളെ മാറ്റാന്‍തക്കവിശ്വാസവും എനിക്കുണ്ടായാലും സ്‌നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല.
3: ഞാന്‍ എന്റെ സര്‍വ്വസമ്പത്തും ദാനംചെയ്താലും എന്റെ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്‌നേഹമില്ലെങ്കില്‍ എനിക്ക്, ഒരു പ്രയോജനവുമില്ല.
4: സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല.
5: സ്‌നേഹം അനുചിതമായിപ്പെരുമാറുന്നില്ല, സ്വാർത്ഥമന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷംപുലര്‍ത്തുന്നില്ല.
6: അത് അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്‌ലാദംകൊള്ളുന്നു.
7: സ്‌നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു.
8: സ്‌നേഹം ഒരിക്കലുമവസാനിക്കുന്നില്ല. പ്രവചനങ്ങള്‍ കടന്നുപോകും; ഭാഷകളില്ലാതാകും; വിജ്ഞാനം തിരോഭവിക്കും.
9: നമ്മുടെ അറിവും പ്രവചനവും അപൂര്‍ണ്ണമാണ്.
10: പൂര്‍
ണ്ണമായവ ഉദിക്കുമ്പോള്‍ അപൂര്‍ണ്ണമായവ അസ്തമിക്കുന്നു.
11: ഞാന്‍ ശിശുവായിരുന്നപ്പോള്‍ ശിശുവിനെപ്പോലെ സംസാരിച്ചു; ശിശുവിനെപ്പോലെ ചിന്തിച്ചു; ശിശുവിനെപ്പോലെ യുക്തിവിചാരംനടത്തി. എന്നാല്‍, പ്രായപൂര്‍ത്തിവന്നപ്പോള്‍ ശിശുസഹജമായവ ഞാന്‍ കൈവെടിഞ്ഞു.
12: ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്തമായിക്കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവമെന്നെ പൂര്‍
ണ്ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണ്ണമായി അറിയും. വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു.
13: എന്നാല്‍, സ്‌നേഹമാണ് സര്‍വോത്കൃഷ്ടം.

അദ്ധ്യായം 14


പ്രവചനവരവും ഭാഷാവരവും
1: സ്‌നേഹമായിരിക്കട്ടെ, നിങ്ങളുടെ ലക്ഷ്യം. അതേസമയം ആത്മീയദാനങ്ങള്‍ക്കായി, പ്രത്യേകിച്ച് പ്രവചനവരത്തിനായി, തീക്ഷ്ണതയോടെ ആഗ്രഹിക്കുവിന്‍.
2: ഭാഷാവരമുള്ളവന്‍, മനുഷ്യരോടല്ല ദൈവത്തോടാണു സംസാരിക്കുന്നത്. അവന്‍ പറയുന്നത് ആരും ഗ്രഹിക്കുന്നില്ല. അവന്‍ ആത്മാവിനാല്‍ പ്രചോദിതനായി രഹസ്യങ്ങളെക്കുറിച്ചു സംസാരിക്കുന്നു. നേരേമറിച്ച്, പ്രവചിക്കുന്നവന്‍ മനുഷ്യരോടു സംസാരിക്കുന്നു.
3: അത്, അവരുടെ ഉത്കര്‍ഷത്തിനും പ്രോത്സാഹത്തിനും ആശ്വാസത്തിനുമുപകരിക്കുന്നു.
4: ഭാഷാവരത്തോടെ സംസാരിക്കുന്നവന്‍ തനിക്കുതന്നെ അഭിവൃദ്ധി കൈവരുത്തുന്നു; പ്രവചിക്കുന്നവനാകട്ടെ സഭയ്ക്കും. നിങ്ങളെല്ലാവരും ഭാഷാവരത്തോടെ സംസാരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു.
5: എന്നാല്‍, നിങ്ങള്‍ പ്രവചിക്കുന്നെങ്കില്‍ അതു കൂടുതലുത്തമം. ഭാഷാവരമുള്ളവന്റെ വാക്കുകള്‍ സഭയുടെ ഉത്കര്‍ഷത്തിനുതകുംവിധം ആരെങ്കിലും വ്യാഖ്യാനിക്കുന്നില്ലെങ്കില്‍, പ്രവചിക്കുന്നവനാണ് അവനെക്കാള്‍ വലിയവന്‍.
6: സഹോദരരേ, ഞാന്‍ ഭാഷാവരത്തോടെ സംസാരിച്ചുകൊണ്ട് നിങ്ങളുടെയടുക്കലേക്കു വരുകയും എന്തെങ്കിലും വെളിപാടോ വിജ്ഞാനമോ പ്രവചനമോ പ്രബോധനമോ നല്കാന്‍ സാധിക്കാതിരിക്കുകയുംചെയ് താല്‍ നിങ്ങള്‍ക്കെന്തു പ്രയോജനം?
7: വീണ, കുഴല്‍ മുതലായ അചേതനങ്ങളായ സംഗീതോപകരണങ്ങള്‍പോലും വ്യതിരിക്തമായ ശ്രുതി പുറപ്പെടുവിക്കുന്നില്ലെങ്കില്‍ അവയുടെ സ്വരങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമോ?
8: കാഹളധ്വനി അസ്പഷ്ടമാണെങ്കില്‍ ആരെങ്കിലും യുദ്ധത്തിനു തയ്യാറാകുമോ?
9: അതുപോലെതന്നെ നിങ്ങളുടെ കാര്യവും; ഭാഷാവരംകൊണ്ട് അവ്യക്തമായി സംസാരിച്ചാല്‍, ആര്‍ക്ക്, എന്തു മനസ്സിലാകും? വായുവിനോടായിരിക്കും നിങ്ങള്‍ സംസാരിക്കുന്നത്.
10: അര്‍
ത്ഥമുള്ള അനേകം ശബ്ദങ്ങള്‍ ലോകത്തിലുണ്ട്.
11: എന്നാല്‍, ഭാഷയുടെ അർത്ഥം ഞാന്‍ ഗ്രഹിക്കുന്നില്ലെങ്കില്‍ സംസാരിക്കുന്നവനു ഞാനും എനിക്കവനും അന്യനായിരിക്കും.
12: നിങ്ങളുടെ കാര്യവും അങ്ങനെതന്നെ. നിങ്ങള്‍ ആത്മീയകാര്യങ്ങളില്‍ ഉത്സുകരായിരിക്കുന്നതുകൊണ്ട് സഭയുടെ ഉത്കര്‍ഷത്തിനായി യത്‌നിക്കുവിന്‍.
13: അതിനാല്‍, ഭാഷാവരത്തോടെ സംസാരിക്കുന്നവന്‍ വ്യാഖ്യാനത്തിനുള്ള കഴിവിനായി പ്രാർത്ഥിക്കണം.
14: ഞാന്‍ ഭാഷാവരത്തോടെ പ്രാര്‍
ത്ഥിക്കുമ്പോള്‍ എന്റെ ആത്മാവു പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍, എന്റെ മനസ്സ് ഫലരഹിതമായിരിക്കും.
15: ഞാനെന്താണു ചെയ്യേണ്ടത്? ഞാന്‍ എന്റെ ആത്മാവുകൊണ്ടും മനസ്സുകൊണ്ടും പ്രാര്‍
ത്ഥിക്കും; ആത്മാവുകൊണ്ടും മനസ്സുകൊണ്ടും പാടുകയും ചെയ്യും.
16: നേരേമറിച്ച്, നീ ആത്മാവുകൊണ്ടുമാത്രം സ്‌തോത്രംചെയ്താല്‍ നിന്റെ വാക്കുകള്‍ഗ്രഹിക്കാന്‍ ത്രാണിയില്ലാത്ത അന്യന്‍ നിന്റെ കൃതജ്ഞതാസ്‌തോത്രത്തിന്, എങ്ങനെ ആമേന്‍ പറയും?
17: നീ ഉചിതമായി കൃതജ്ഞതയര്‍പ്പിക്കുന്നുണ്ടായിരിക്കാം. എന്നാല്‍, അപരന് അതു പരിപോഷകമാകുന്നില്ല.
18: നിങ്ങളെല്ലാവരെയുംകാള്‍ കൂടുതലായി ഞാന്‍ ഭാഷാവരത്തോടെ സംസാരിക്കുന്നുണ്ട്, എന്നതില്‍ ഞാന്‍ ദൈവത്തിനു നന്ദിപറയുന്നു.
19: എങ്കിലും, സഭയില്‍ പതിനായിരം വാക്കുകള്‍ ഭാഷാവരത്തില്‍ സംസാരിക്കുന്നതിനെക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്, മറ്റുള്ളവരെ പ്രബോധിപ്പിക്കുന്നതിന് അഞ്ചുവാക്കുകള്‍ ബോധപൂര്‍വ്വം സംസാരിക്കുന്നതാണ്.
20: സഹോദരരേ, ചിന്തയില്‍ നിങ്ങള്‍ ശിശുക്കളായിരിക്കരുത്. തിന്മയെസംബന്ധിച്ചിടത്തോളം നിങ്ങള്‍ പൈതങ്ങളെപ്പോലെയും ചിന്തയില്‍ പക്വമതികളെപ്പോലെയുമായിരിക്കുവിന്‍.
21: നിയമത്തില്‍ ഇപ്രകാരമെഴുതപ്പെട്ടിരിക്കുന്നു: അന്യഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍മുഖേനയും അന്യദേശക്കാരുടെ അധരങ്ങള്‍മുഖേനയും ഞാന്‍ ഈ ജനത്തോടു സംസാരിക്കും; എന്നാലുമവര്‍, എന്നെക്കേള്‍ക്കാന്‍ കൂട്ടാക്കുകയില്ലായെന്നു കര്‍ത്താവു പറയുന്നു.
22: ഭാഷാവരം വിശ്വാസികള്‍ക്കുള്ളതല്ല, അവിശ്വാസികള്‍ക്കുള്ള അടയാളമാണ്. പ്രവചനമാകട്ടെ, അവിശ്വാസികള്‍ക്കല്ല, വിശ്വാസികള്‍ക്കുവേണ്ടിയുള്ളതും.
23: ആകയാല്‍, സഭമുഴുവന്‍ സമ്മേളിച്ചിരിക്കേ ഓരോരുത്തരും ഭാഷാവരത്തോടെ സംസാരിക്കുന്നതായി അജ്ഞരോ അവിശ്വാസികളോ വന്നുകണ്ടാല്‍ നിങ്ങള്‍ക്കു ഭ്രാന്താണെന്ന് അവര്‍ പറയുകയില്ലേ?
24: എല്ലാവരും പ്രവചിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഒരു അവിശ്വാസിയോ അജ്ഞനോ അവിടെ വരുന്നതെങ്കില്‍ തന്നെത്തന്നെ വിധിക്കാനും പരിശോധിക്കാനും ഹൃദയരഹസ്യങ്ങള്‍ വെളിപ്പെടുത്താനും നിങ്ങള്‍ അവനു കാരണമാകും.
25: അങ്ങനെ അവന്‍ സാഷ്ടാംഗപ്രണാമംചെയ്ത് ദൈവത്തെ ആരാധിക്കാനും, ദൈവം നിങ്ങളുടെ
യിയിലുണ്ടെന്നു പ്രഖ്യാപിക്കാനുമിടയാകും. 

ആത്മീയവരങ്ങളുടെ ഉപയോഗം
26: സഹോദരരേ, ആകയാല്‍ എന്തുവേണം? നിങ്ങള്‍ സമ്മേളിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ഒരു സങ്കീര്‍ത്തനമോ, സാരോപദേശമോ വെളിപാടോ ഭാഷയോ വ്യാഖ്യാനമോ ഉണ്ടായിരിക്കട്ടെ. ഇവയെല്ലാം ആത്മീയോത്കര്‍ഷത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യട്ടെ.
27: ഭാഷാവരത്തോടെ സംസാരിക്കുന്നെങ്കില്‍ രണ്ടോ മൂന്നോപേര്‍മാത്രമേ സംസാരിക്കാവൂ. ഓരോരുത്തരും മാറിമാറി സംസാരിക്കുകയും ഒരാള്‍ വ്യാഖ്യാനിക്കുകയുംചെയ്യണം.
28: വ്യാഖ്യാനിക്കാന്‍ ആളില്ലെങ്കില്‍ അവര്‍ സഭയില്‍ മൗനംദീക്ഷിക്കുകയും ഓരോരുത്തരും തങ്ങളോടുതന്നെയും ദൈവത്തോടും സംസാരിക്കുകയുംചെയ്യട്ടെ.
29: രണ്ടോമൂന്നോപേര്‍ പ്രവചിക്കുകയും മറ്റുള്ളവര്‍ അതു വിവേചിക്കുകയുംചെയ്യട്ടെ.
30: കൂടിയിരിക്കുന്നവരില്‍ ആര്‍ക്കെങ്കിലും വെളിപാടുണ്ടായാല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നവന്‍ നിശ്ശബ്ദനാകണം.
31: അങ്ങനെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും മാറിമാറിപ്രവചിക്കാനും പഠിക്കാനും പ്രോത്സാഹനംലഭിക്കാനുമിടയാകും.
32: പ്രവാചകരുടെ ആത്മാവ്, പ്രവാചകര്‍ക്കു വിധേയമാണ്.
33: എന്തെന്നാല്‍, ദൈവം കോലാഹലത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്.
34: വിശുദ്ധരുടെ എല്ലാസഭകളിലും പതിവുള്ളതുപോലെ സമ്മേളനങ്ങളില്‍ സ്ത്രീകള്‍ മൗനമായിരിക്കണം. സംസാരിക്കാന്‍ അവര്‍ക്കനുവാദമില്ല. നിയമം അനുശാസിക്കുന്നതുപോലെ അവര്‍ വിധേയത്വമുള്ളവരായിരിക്കട്ടെ.
35: അവര്‍ എന്തെങ്കിലും പഠിക്കാനാഗ്രഹിക്കുന്നെങ്കില്‍ വീട്ടില്‍വച്ചു ഭര്‍ത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടെ. സഭയില്‍ സംസാരിക്കുന്നത് സ്ത്രീയ്ക്കുചിതമല്ല.
36: എന്ത്! നിങ്ങളില്‍നിന്നാണോ ദൈവവചനത്തിന്റെ ഉദ്ഭവം? അതോ, ദൈവവചനം സ്വീകരിക്കാന്‍ സാധിച്ചത് നിങ്ങള്‍ക്കുമാത്രമാണോ?
37: പ്രവാചകനെന്നോ ആത്മീയമനുഷ്യനെന്നോ ആരെങ്കിലും തന്നെത്തന്നെ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു ഞാനെഴുതുന്ന ഈ സംഗതികള്‍, കര്‍ത്താവിന്റെ കല്പനയായി അവനംഗീകരിക്കണം.
38 : ആരെങ്കിലും ഇതംഗീകരിക്കുന്നില്ലെങ്കില്‍, അവനും അംഗീകരിക്കപ്പെടുകയില്ല.
39: ആകയാല്‍, എന്റെ സഹോദരരേ, പ്രവചനവരത്തിനായി തീവ്രമായഭിലഷിക്കുവിന്‍. ഭാഷാവരത്തോടെ സംസാരിക്കുന്നവരെ നിരോധിക്കേണ്ടാ. എല്ലാക്കാര്യങ്ങളും ഉചിതമായും ക്രമമായും ചെയ്യുവിന്‍.

മുന്നൂറ്റിമുപ്പത്തൊന്നാം ദിവസം: 1 കൊറിന്തോസ് 9 - 11


അദ്ധ്യായം 9


അപ്പസ്‌തോലന്റെ അവകാശം
1: ഞാന്‍ സ്വതന്ത്രനല്ലേ? ഞാന്‍ അപ്പസ്‌തോലനല്ലേ? ഞാന്‍ നമ്മുടെ കര്‍ത്താവായ യേശുവിനെക്കണ്ടിട്ടില്ലേ? കര്‍ത്താവിനുവേണ്ടിയുള്ള എന്റെ അദ്ധ്വാനങ്ങളുടെ ഫലമല്ലേ നിങ്ങള്‍?
2: മറ്റുള്ളവര്‍ക്കു ഞാന്‍ അപ്പസ്‌തോലനല്ലെങ്കില്‍ത്തന്നെയും നിങ്ങള്‍ക്കു തീര്‍ച്ചയായും ഞാന്‍ അപ്പസ്‌തോലനാണ്. നിങ്ങള്‍ കര്‍ത്താവില്‍ എന്റെ അപ്പസ്‌തോലവൃത്തിയുടെ മുദ്രയുമാണ്.
3: എന്നെ ചോദ്യംചെയ്യുന്നവരോട് എനിക്കുള്ള മറുപടിയിതാണ്:
4: തിന്നുന്നതിനും കുടിക്കുന്നതിനും ഞങ്ങള്‍ക്കവകാശമില്ലേ?
5: മറ്റ് അപ്പസ്‌തോലന്മാരും കര്‍ത്താവിന്റെ സഹോദരന്മാരും കേപ്പായും ചെയ്യുന്നതുപോലെ സഹോദരിയായ ഒരു സ്ത്രീയെ കൊണ്ടുനടക്കാന്‍ ഞങ്ങള്‍ക്കുമവകാശമില്ലേ?
6: ജോലി ചെയ്യാതിരിക്കാന്‍ ബാര്‍ണബാസിനും എനിക്കുംമാത്രം അവകാശമില്ലെന്നോ?
7: സ്വന്തം ചെലവില്‍ സൈനികസേവനത്തിനു പോകുന്നവനുണ്ടോ? മുന്തിരിത്തോട്ടമുണ്ടാക്കിയിട്ട് അതിന്റെ ഫലത്തില്‍നിന്നു ഭക്ഷിക്കാത്തവനുണ്ടോ? ആട്ടിന്‍പറ്റത്തെ വളര്‍ത്തിയിട്ട്, അതിന്റെ പാല്‍ കുടിക്കാത്തവനുണ്ടോ?
8: ഞാന്‍ ഈ പറയുന്നതു കേവലം മാനുഷികമായിട്ടാണോ? നിയമമനുശാസിക്കുന്നതും ഇതുതന്നെയല്ലേ?
9: എന്തെന്നാല്‍, മോശയുടെ നിയമത്തിലെഴുതിയിരിക്കുന്നു: ധാന്യംമെതിക്കുന്ന കാളയുടെ വായ്, നിങ്ങള്‍ മൂടിക്കെട്ടരുത്. കാളയുടെ കാര്യത്തിലാണോ ദൈവത്തിനു ശ്രദ്ധ?
10: അവിടുന്നു സംസാരിക്കുന്നതത്രയും നമുക്കുവേണ്ടിയല്ലേ? ഉഴുകുന്നവന്‍ പ്രതിഫലേച്ഛയോടും മെതിക്കുന്നവന്‍ ഓഹരിലഭിക്കുമെന്ന പ്രതീക്ഷയോടുംകൂടെ ജോലിചെയ്യുന്നതിന്, നമുക്കുവേണ്ടി ഇതെഴുതപ്പെട്ടിരിക്കുന്നു.
11: ഞങ്ങള്‍ നിങ്ങളുടെയിടയില്‍ ആത്മീയനന്മകള്‍ വിതച്ചെങ്കില്‍ നിങ്ങളില്‍നിന്ന് ഭൗതികഫലങ്ങള്‍ കൊയ്യുന്നത് അധികപ്പറ്റാണോ?
12: നിങ്ങളുടെമേലുള്ള ഈ ന്യായമായ അവകാശത്തില്‍ മറ്റുള്ളവര്‍ക്കു പങ്കുചേരാമെങ്കില്‍ ഞങ്ങള്‍ക്ക് അതിനു കൂടുതലര്‍ഹതയില്ലേ? എങ്കിലും, ഞങ്ങള്‍ ഈ അവകാശമുപയോഗപ്പെടുത്തിയിട്ടില്ല. ക്രിസ്തുവിന്റെ സുവിശേഷത്തിന് ഒരു പ്രതിബന്ധവുമുണ്ടാകാതിരിക്കാന്‍ എല്ലാം ഞങ്ങള്‍ സഹിക്കുന്നു.
13: ദേവാലയജോലിക്കാര്‍ക്കുള്ള ഭക്ഷണം ദേവാലയത്തില്‍നിന്നാണെന്നും അള്‍ത്താരശുശ്രൂഷകര്‍ ബലിവസ്തുക്കളുടെ പങ്കുപറ്റുന്നുവെന്നും നിങ്ങളറിയുന്നില്ലേ?
14: അതുപോലെ, സുവിശേഷപ്രഘോഷകര്‍ സുവിശേഷംകൊണ്ടുതന്നെ ഉപജീവനംകഴിക്കണമെന്നു കര്‍ത്താവു കല്പിച്ചിരിക്കുന്നു.
15: എന്നാല്‍, ഇതൊന്നും ഞാനുപയോഗപ്പെടുത്തിയിട്ടില്ല. അങ്ങനെയുള്ള അവകാശങ്ങള്‍ ഉറപ്പിക്കുന്നതിനുവേണ്ടി, ഞാനിക്കാര്യങ്ങള്‍ എഴുതുകയുമല്ല. എന്തെന്നാല്‍, മറ്റൊരുവനില്‍നിന്ന് അഭിമാനക്ഷതമേല്‍ക്കുന്നതില്‍ഭേദം മരിക്കുകയാണ്.
16: ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്കഹംഭാവത്തിനു വകയില്ല. അത്, എന്റെ കടമയാണ്. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!
17: ഞാന്‍ സ്വമനസ്സാ ഇതു ചെയ്യുന്നെങ്കില്‍ എനിക്കു പ്രതിഫലമുണ്ട്. അങ്ങനെയല്ലെങ്കില്‍ മറ്റാരുടെയോ നിയോഗമനുസരിച്ചാണ് ചെയ്യുന്നത്.
18: അപ്പോള്‍ എന്താണെന്റെ പ്രതിഫലം? സുവിശേഷംനല്കുന്ന അവകാശം പൂർണ്ണമായുപയോഗിക്കാതെ, പ്രതിഫലമെന്നിയേ സുവിശേഷം പ്രസംഗിക്കുന്നതിലുള്ള സംതൃപ്തിമാത്രം.
19: ഞാന്‍ എല്ലാവരിലുംനിന്നു സ്വതന്ത്രനാണെങ്കിലും വളരെപ്പേരെ നേടേണ്ടതിന്, ഞാന്‍ എല്ലാവരുടെയും ദാസനായിത്തീര്‍ന്നിരിക്കുന്നു.
20: യഹൂദരെ നേടേണ്ടതിന്, ഞാന്‍ അവരുടെയിടയില്‍ യഹൂദനെപ്പോലെയായി. നിയമത്തിന്‍കീഴുള്ളവരെ നേടേണ്ടതിന്, നിയമത്തിനു വിധേയനല്ലെന്നിരിക്കിലും, ഞാന്‍ അവരെപ്പോലെയായി.
21: നിയമത്തിനു പുറമെയുള്ളവരെ നേടേണ്ടതിന് ഞാനവര്‍ക്കു നിയമമില്ലാത്തവനെപ്പോലെയായി. അതേസമയം ഞാന്‍ ദൈവനിയമമില്ലാത്തവനായിരുന്നില്ല; പ്രത്യുത, ക്രിസ്തുവിന്റെ നിയമത്തിന് അധീനനായിരുന്നു.
22: ബലഹീനരെ നേടേണ്ടതിന് ഞാനവര്‍ക്കു ബലഹീനനായി. എല്ലാപ്രകാരത്തിലും കുറെപ്പേരെ രക്ഷിക്കേണ്ടതിന്, ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി.
23: സുവിശേഷത്തില്‍ ഭാഗഭാക്കാകുന്നതിനായി സുവിശേഷത്തിനുവേണ്ടി ഞാന്‍ ഇവയെല്ലാം ചെയ്യുന്നു.
24: മത്സരക്കളത്തില്‍ എല്ലാ ഓട്ടക്കാരും ഓടുന്നെങ്കിലും സമ്മാനാര്‍ഹനാകുന്നത് ഒരുവന്‍മാത്രമാണെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? ആകയാല്‍, സമ്മാനം ലഭിക്കേണ്ടതിനായി നിങ്ങള്‍ ഓടുവിന്‍.
25: കായികാഭ്യാസികള്‍ എല്ലാക്കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കുന്നു. അവര്‍ നശ്വരമായ കിരീടത്തിനുവേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്; നാം അനശ്വരമായതിനുവേണ്ടിയും.
26: ഞാനോടുന്നതു ലക്ഷ്യമില്ലാതെയല്ല. ഞാന്‍ മുഷ്ടിപ്രയോഗംനടത്തുന്നത്, വായുവില്‍ പ്രഹരിക്കുന്നതുപോലെയല്ല.
27: മറ്റുള്ളവരോടു സുവിശേഷം പ്രസംഗിച്ച ഞാന്‍തന്നെ തിരസ്‌കൃതനാകാതിരിക്കുന്നതിന്, എന്റെ ശരീരത്തെ ഞാന്‍ കര്‍ശനമായി നിയന്ത്രിച്ചു കീഴടക്കുന്നു.

അദ്ധ്യായം 10


വിഗ്രഹാരാധനയ്‌ക്കെതിരേ
1: സഹോദരരേ, നമ്മുടെ പിതാക്കന്മാരെല്ലാവരും മേഘത്തണലിലായിരുന്നുവെന്നും കടലിലൂടെ കടന്നുവെന്നും നിങ്ങള്‍ മനസ്സിലാക്കണമെന്നു ഞാനാഗ്രഹിക്കുന്നു.
2: അവരെല്ലാവരും മേഘത്തിലും കടലിലും സ്‌നാനമേറ്റ്, മോശയോടു ചേര്‍ന്നു.
3: എല്ലാവരും ഒരേ ആത്മീയഭക്ഷണം കഴിച്ചു.
4: എല്ലാവരും ഒരേ ആത്മീയപാനീയം കുടിച്ചു. തങ്ങളെയനുഗമിച്ച ആത്മീയശിലയില്‍നിന്നാണ് അവര്‍ പാനംചെയ്തത്. ആ ശില ക്രിസ്തുവാണ്.
5: എന്നാല്‍, അവരില്‍ മിക്കവരിലും ദൈവം പ്രസാദിച്ചില്ല. അവരെല്ലാം മരുഭൂമിയില്‍വച്ചു ചിതറിക്കപ്പെട്ടു.
6: അവരെപ്പോലെ നാം തിന്മയാഗ്രഹിക്കാതിരിക്കാന്‍, ഇതു നമുക്കൊരു പാഠമാണ്.
7: അവരില്‍ച്ചിലരെപ്പോലെ നിങ്ങള്‍ വിഗ്രഹാരാധകരാകരുത്. തിന്നാനും കുടിക്കാനുമായി ജനം ഇരിക്കുകയും, നൃത്തം ചെയ്യാനായി എഴുന്നേല്ക്കുകയുംചെയ്തുവെന്ന്, അവരെപ്പറ്റിയെഴുതപ്പെട്ടിരിക്കുന്നു.
8: അവരില്‍
ച്ചിലര്‍, വ്യഭിചാരംചെയ്തതുപോലെ നമ്മളൊരിക്കലും വ്യഭിചാരംചെയ്യരുത്. അവരില്‍ ഇരുപത്തിമൂവായിരംപേര്‍ ഒറ്റദിവസംകൊണ്ടു നാശമടഞ്ഞു.
9: അവരില്‍
ച്ചിലര്‍ ചെയ്തതുപോലെ നാം കര്‍ത്താവിനെ പരീക്ഷിക്കരുത്. അവരെല്ലാവരും പാമ്പുകടിയേറ്റു മരിച്ചു.
10: അവരില്‍
ച്ചിലര്‍ പിറുപിറുത്തതുപോലെ നാം പിറുപിറുക്കയുമരുത്. സംഹാരകന്‍ അവരെ നശിപ്പിച്ചുകളഞ്ഞു.
11: ഇതെല്ലാം അവര്‍ക്കൊരു താക്കീതായിട്ടാണു സംഭവിച്ചത്. നമുക്കൊരു പാഠമാകേണ്ടതിന്, അവയെല്ലാം എഴുതപ്പെട്ടിരിക്കുന്നു. യുഗങ്ങളുടെ അന്തിമഘട്ടം നമ്മിലാണല്ലോ വന്നെത്തിയിരിക്കുന്നത്.
12: ആകയാല്‍, നില്ക്കുന്നു എന്നുവിചാരിക്കുന്നവന്‍ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ.
13: മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങള്‍ക്കു നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങളുണ്ടാകാന്‍ അവിടുന്നനുവദിക്കുകയില്ല. പ്രലോഭനങ്ങളുണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍വേണ്ട ശക്തി, അവിടുന്നു നിങ്ങള്‍ക്കു നല്കും.
14: ആകയാല്‍ പ്രിയപ്പെട്ടവരേ, വിഗ്രഹാരാധനയില്‍നിന്ന് ഓടിയകലുവിന്‍.
15: വിവേകമതികളോടെന്നപോലെ ഞാന്‍ നിങ്ങളോടു പറയുന്നു: ഞാന്‍ പറയുന്നതു നിങ്ങള്‍തന്നെ വിധിക്കുവിന്‍.
16: നാം ആശീര്‍വ്വദിക്കുന്ന അനുഗ്രഹത്തിന്റെ പാനപാത്രം ക്രിസ്തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ? നാം മുറിക്കുന്ന അപ്പം, ക്രിസ്തുവിന്റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ?
17: അപ്പമൊന്നേയുള്ളു. അതിനാല്‍, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാല്‍, ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ്.
18: ജനനംകൊണ്ടുമാത്രം ഇസ്രായേല്‍ക്കാരായവരെ നോക്കുവിന്‍. ബലിവസ്തുക്കള്‍ ഭക്ഷിക്കുന്നവര്‍ക്കല്ലേ ബലിപീഠത്തിലെ ഭാഗഭാഗിത്വം?
19: വിഗ്രഹത്തിനുസമര്‍പ്പിച്ച ആഹാരപദാര്‍ത്ഥമോ വിഗ്രഹംതന്നെയോ എന്തെങ്കിലുമാണെന്നു ഞാനുദ്ദേശിക്കുന്നുണ്ടോ?
20: ഇല്ല. വിജാതീയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്. നിങ്ങള്‍ പിശാചുക്കളുടെ പങ്കാളികളാകാന്‍ ഞാനാഗ്രഹിക്കുന്നില്ല.
21: ഒരേസമയം കര്‍ത്താവിന്റെ പാനപാത്രവും പിശാചുക്കളുടെ പാനപാത്രവും കുടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. കര്‍ത്താവിന്റെ മേശയിലും പിശാചുക്കളുടെമേശയിലും ഭാഗഭാക്കുകളാകാനും സാധിക്കുകയില്ല.
22: കര്‍ത്താവില്‍ നാം അസൂയയുണര്‍ത്തണമോ? നാം അവിടുത്തെക്കാള്‍ ശക്തരാണോ? 

എല്ലാം ദൈവമഹത്വത്തിന്
23: എല്ലാം നിയമാനുസൃതമാണ്; എന്നാല്‍, എല്ലാം പ്രയോജനകരങ്ങളല്ല. എല്ലാം നിയമാനുസൃതമാണ്; എന്നാല്‍, എല്ലാം പടുത്തുയര്‍ത്തുന്നില്ല.
24: ഏതൊരുവനും സ്വന്തം നന്മകാംക്ഷിക്കാതെ അയല്‍ക്കാരന്റെ നന്മകാംക്ഷിക്കട്ടെ.
25: ചന്തയില്‍ വില്ക്കപ്പെടുന്ന ഏതുതരം മാംസവും വാങ്ങി, മനശ്ചാഞ്ചല്യംകൂടാതെ ഭക്ഷിച്ചുകൊള്ളുവിന്‍.
26: കാരണം, ഭൂമിയും അതിലുള്ള സര്‍വ്വവും കര്‍ത്താവിന്റേതാണ്.
27: അവിശ്വാസിയായ ഒരുവന്‍, നിന്നെ ഭക്ഷണത്തിനു ക്ഷണിക്കുകയും പോകാന്‍ നീയാഗ്രഹിക്കുകയുംചെയ്താല്‍ വിളമ്പിത്തരുന്നതെന്തും മനശ്ചാഞ്ചല്യംകൂടാതെ ഭക്ഷിച്ചുകൊള്ളുക
28: എന്നാല്‍, ആരെങ്കിലും നിന്നോട്, ഇതു ബലിയര്‍പ്പിച്ചവസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരമറിയിച്ച ആളെക്കരുതിയും മനസ്സാക്ഷിയെക്കരുതിയും നീയതു ഭക്ഷിക്കരുത്.
29: നിന്റെ മനസ്സാക്ഷിയല്ല അവന്റേതാണു ഞാനുദ്ദേശിക്കുന്നത്. എന്റെ സ്വാതന്ത്ര്യം, മറ്റൊരുവന്റെ മനസ്സാക്ഷികൊണ്ട് എന്തിനു വിധിക്കപ്പെടണം?
30: കൃതജ്ഞതയോടൊണു ഞാന്‍ അതില്‍ ഭാഗഭാക്കാകുന്നതെങ്കില്‍, ഞാന്‍ കൃതജ്ഞതയര്‍പ്പിക്കുന്ന ഒന്നിനുവേണ്ടി എന്തിനെന്നെ കുറ്റപ്പെടുത്തണം?
31: അതിനാല്‍, നിങ്ങള്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോചെയ്യുമ്പോള്‍ അവയെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവിന്‍.
32: യഹൂദര്‍ക്കോ ഗ്രീക്കുകാര്‍ക്കോ ദൈവത്തിന്റെ സഭയ്‌ക്കോ നിങ്ങള്‍ ദ്രോഹമൊന്നും ചെയ്യരുത്.
33: ഞാന്‍തന്നെയും എല്ലാവരുടെയും രക്ഷയെപ്രതി, അനേകരുടെ പ്രയോജനത്തിനായി എന്റെ പ്രയോജനംനോക്കാതെ എല്ലാക്കാര്യങ്ങളിലും എല്ലാവരെയും പ്രീതിപ്പെടുത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

അദ്ധ്യായം 11

    
    1: ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ, നിങ്ങള്‍ എന്നെയനുകരിക്കുവിന്‍. 

    സ്ത്രീകളും ശിരോവസ്ത്രവും
    2: എല്ലാക്കാര്യങ്ങളിലും നിങ്ങള്‍ എന്നെയനുസ്മരിക്കുന്നതിനാലും ഞാന്‍ നല്കിയ പാരമ്പര്യം അതേപടി സംരക്ഷിക്കുന്നതിനാലും ഞാന്‍ നിങ്ങളെ പ്രശംസിക്കുന്നു.
    3: പുരുഷന്റെ ശിരസ്സു ക്രിസ്തുവും സ്ത്രീയുടെ ശിരസ്സു ഭര്‍ത്താവും ക്രിസ്തുവിന്റെ ശിരസ്സു ദൈവവുമാണെന്നു നിങ്ങളറിയണമെന്ന് ഞാനാഗ്രഹിക്കുന്നു.
    4: ശിരസ്സു മൂടിക്കൊണ്ടു പ്രാര്‍ത്ഥിക്കുകയോ പ്രവചിക്കുകയോചെയ്യുന്ന ഏതൊരു പുരുഷനും തന്റെ ശിരസ്സിനെ അവമാനിക്കുന്നു.
    5: ശിരസ്സുമൂടാതെ പ്രാര്‍ത്ഥിക്കുകയോ പ്രവചിക്കുകയോചെയ്യുന്ന ഏതൊരു സ്ത്രീയും തന്റെ ശിരസ്സിനെ അവമാനിക്കുന്നു. അവളുടെ തല, മുണ്ഡനംചെയ്യുന്നതിനു തുല്യമാണത്.
    6: സ്ത്രീ ശിരോവസ്ത്രം ഉപയോഗിക്കുന്നില്ലെങ്കില്‍ മുടി മുറിച്ചുകളയട്ടെ. മുടി മുറിക്കുന്നതും തല ക്ഷൗരംചെയ്യുന്നതും അവള്‍ക്കു ലജ്ജാകരമെങ്കില്‍ ശിരോവസ്ത്രംധരിക്കട്ടെ.
    7: പുരുഷന്‍ ദൈവത്തിന്റെ പ്രതിച്ഛായയും മഹിമയുമാകയാല്‍ അവന്‍ തല മൂടരുത്. സ്ത്രീയാകട്ടെ പുരുഷന്റെ മഹിമയാണ്.
    8: പുരുഷന്‍ സ്ത്രീയില്‍നിന്നല്ല, സ്ത്രീ പുരുഷനില്‍നിന്നാണുണ്ടായത്.
    9: പുരുഷന്‍ സൃഷ്ടിക്കപ്പെട്ടതു സ്ത്രീക്കുവേണ്ടിയല്ല; സ്ത്രീ സൃഷ്ടിക്കപ്പെട്ടതു പുരുഷനുവേണ്ടിയാണ്.
    10: ദൂതന്മാരെ ആദരിച്ച്, വിധേയത്വത്തിന്റെ പ്രതീകമായ ശിരോവസ്ത്രം അവള്‍ക്കുണ്ടായിരിക്കട്ടെ.
    11: കര്‍ത്താവില്‍ പുരുഷനും സ്ത്രീയും പരസ്പരമാശ്രയിച്ചാണു നിലകൊള്ളുത്.
    12: എന്തെന്നാല്‍, സ്ത്രീ പുരുഷനില്‍നിന്നുണ്ടായതുപോലെ ഇന്നു പുരുഷന്‍ സ്ത്രീയില്‍നിന്നു പിറക്കുന്നു. എല്ലാം ദൈവത്തില്‍നിന്നുതന്നെ.
    13: സ്ത്രീ തലമറയ്ക്കാതെ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നത് ഉചിതമാണോയെന്ന് നിങ്ങള്‍തന്നെ തീരുമാനിക്കുവിന്‍.
    14: നീണ്ടമുടി പുരുഷനവമാനമാണെന്നും
    15: സ്ത്രീയ്ക്കതു ഭൂഷണമാണെന്നും പ്രകൃതിതന്നെ പഠിപ്പിക്കുന്നില്ലേ? തലമുടി സ്ത്രീയ്ക്ക് ഒരാവരണമായി നല്കപ്പെട്ടിരിക്കുന്നു.
    16: അഭിപ്രായവ്യത്യാസമുള്ളവരോട് എനിക്കു പറയാനുള്ളത്, ഞങ്ങള്‍ക്കോ ദൈവത്തിന്റെ സഭകള്‍ക്കോ മേല്പറഞ്ഞതൊഴികെ മറ്റൊരു സമ്പ്രദായവുമില്ല എന്നാണ്. 

      അത്താഴവിരുന്നില്‍ ഭിന്നിപ്പ്
      17: ഇനിപ്പറയാന്‍പോകുന്ന കാര്യങ്ങളില്‍ ഞാന്‍ നിങ്ങളെ പ്രശംസിക്കുന്നില്ല. എന്തെന്നാല്‍, നിങ്ങളുടെ സമ്മേളനങ്ങള്‍ ഗുണത്തിനുപകരം ദോഷമാണുചെയ്യുന്നത്.
      18: ഒന്നാമത്, നിങ്ങള്‍ സഭയായി സമ്മേളിക്കുമ്പോള്‍ നിങ്ങളുടെയിടയില്‍ ഭിന്നിപ്പുകളുണ്ടെന്നു ഞാന്‍ കേള്‍ക്കുന്നു. അതു ഭാഗികമായി ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.
      19: നിങ്ങളില്‍ യോഗ്യരെത്തിരിച്ചറിയാന്‍ ഭിന്നിപ്പുകള്‍ ഉണ്ടാകുകയെന്നതുമാവശ്യമാണ്.
      20: നിങ്ങള്‍ ഒന്നിച്ചുകൂടുമ്പോള്‍ കര്‍ത്താവിന്റെ അത്താഴമല്ല നിങ്ങള്‍ ഭക്ഷിക്കുന്നത്.
      21: കാരണം, ഓരോരുത്തരും നേരത്തെതന്നെ സ്വന്തം ഭക്ഷണംകഴിക്കുന്നു. തത്ഫലമായി ഒരുവന്‍ വിശന്നും അപരന്‍ കുടിച്ചുന്മത്തനായുമിരിക്കുന്നു.
      22: എന്ത്! തിന്നാനും കുടിക്കാനും നിങ്ങള്‍ക്കു വീടുകളില്ലേ? അതോ, നിങ്ങള്‍ ദൈവത്തിന്റെ സഭയെ അവഗണിക്കുകയും ഒന്നുമില്ലാത്തവരെ അവഹേളിക്കുകയുംചെയ്യുന്നുവോ? നിങ്ങളോടു ഞാന്‍ എന്താണുപറയേണ്ടത്? ഇക്കാര്യത്തില്‍ നിങ്ങളെ പ്രശംസിക്കണമോ? ഇല്ല; ഞാന്‍ പ്രശംസിക്കുകയില്ല.

      പുതിയ ഉടമ്പടി
      23: കര്‍ത്താവില്‍നിന്ന് എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്പിച്ചതുമായ കാര്യമിതാണ്: കര്‍ത്താവായ യേശു, താനൊറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്, കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്തു:
      24: ഇതു നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി നിങ്ങളിതു ചെയ്യുവിന്‍.
      25: അപ്രകാരംതന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത്, അരുളിച്ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങളിതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍.
      26: നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണു ചെയ്യുന്നത്.
      27: തന്മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയുംചെയ്താല്‍ അവന്‍ കര്‍ത്താവിന്റെ ശരീരത്തിനും രക്തത്തിനുമെതിരേ തെറ്റുചെയ്യുന്നു.
      28: അതിനാല്‍, ഓരോരുത്തരും ആത്മശോധനചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയുംചെയ്യട്ടെ.
      29: എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനംചെയ്യുകയുംചെയ്യുന്നവന്‍ തന്റെതന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനംചെയ്യുന്നതും.
      30: നിങ്ങളില്‍പ്പലരും രോഗികളും ദുര്‍ബ്ബലരുമായിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയതിനും കാരണമിതാണ്.
      31: നാം നമ്മെത്തന്നെ ശരിയായി വിധിച്ചിരുന്നെങ്കില്‍, നാം വിധിക്കപ്പെടുകയില്ലായിരുന്നു.
      32: എന്നാല്‍, കര്‍ത്താവു നമ്മെ വിധിക്കുകയും ശിക്ഷണവിധേയരാക്കുകയുംചെയ്യുന്നു. അത്, ലോകത്തോടൊപ്പം നമ്മള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍വേണ്ടിയാണ്.
      33: എന്റെ സഹോദരരേ, നിങ്ങള്‍ ഭക്ഷണംകഴിക്കാന്‍ സമ്മേളിക്കുമ്പോള്‍ അന്യോന്യം കാത്തിരിക്കുവിന്‍.
      34: വിശപ്പുള്ളവന്‍ വീട്ടിലിരുന്നു ഭക്ഷിച്ചുകൊള്ളട്ടെ. അല്ലെങ്കില്‍ നിങ്ങളുടെ സമ്മേളനം ശിക്ഷാവിധിക്കേ ഉപകരിക്കുകയുള്ളൂ. ഇനിയുള്ള കാര്യങ്ങള്‍ ഞാന്‍ വരുമ്പോള്‍ ക്രമപ്പെടുത്തിക്കൊള്ളാം.