ഇരുന്നൂറ്റിത്തൊണ്ണൂറ്റിയൊന്നാം ദിവസം: ലൂക്കാ 1


അദ്ധ്യായം 1

പ്രാരംഭം
1: നമ്മുടെയിടയില്‍ പൂർത്തിയാക്കപ്പെട്ട സംഭവങ്ങളുടെ വിവരണം സമാഹരിച്ചെഴുതാന്‍ അനേകര്‍ ശ്രമിച്ചിട്ടുണ്ടല്ലോ.
2: അതാകട്ടെ ആദിമുതല്‍തന്നെ വചനത്തിന്റെ ദൃക്സാക്ഷികളും ശുശ്രൂഷകരുമായിരുന്നവര്‍ നമുക്കേല്പിച്ചുതന്നിട്ടുള്ളതനുസരിച്ചാണ്.
3: അതിശ്രേഷ്ഠനായ തെയോഫിലോസേ, എല്ലാം പ്രാരംഭംമുതല്‍ സൂക്ഷ്മമായിപരിശോധിച്ച എനിക്കും, ക്രമമായി നിനക്കെഴുതുന്നത്, ഉചിതമാണെന്നുതോന്നി.
4: അതു നിന്നെ പ്രബോധിപ്പിച്ചിട്ടുള്ള വചനങ്ങളുടെ വിശ്വാസ്യത നീ ഗ്രഹിക്കാനാണ്.

സ്നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ച് അറിയിപ്പ്
5: ഹേറോദേസ്‌ യൂദയാരാജാവായിരുന്നകാലത്ത്, അബിയായുടെ ഗണത്തില്‍ സഖറിയാ എന്നു പേരുള്ള ഒരു പുരോഹിതനുണ്ടായിരുന്നു. അഹറോന്റെ പുത്രിമാരിലൊരാളായിരുന്നു അവന്റെ ഭാര്യ. അവളുടെ പേര്, എലിസബത്ത്.
6: ഇരുവരും ദൈവസന്നിധിയിൽ നീതിനിഷ്ഠരും കര്‍ത്താവിന്റെ സകലകല്പനകളിലും പ്രമാണങ്ങളിലും കുറ്റമറ്റവിധം ചരിക്കുന്നവരുമായിരുന്നു.
7: അവര്‍ക്കു സന്താനമില്ലായിരുന്നു; കാരണം, എലിസബത്ത് വന്ധ്യയായിരുന്നു. ഇരുവരും പ്രായംകവിഞ്ഞവരുമായിരുന്നു.
8: തന്റെ ഗണത്തിനു നിശ്ചയിക്കപ്പെട്ടിരുന്ന ക്രമമനുസരിച്ച്, സഖറിയാ ദൈവസന്നിധിയില്‍ പൗരോഹിത്യശുശ്രൂഷ നിർവ്വഹിച്ചുകൊണ്ടിരിക്കേ,
9: പൗരോഹിത്യാചാരപ്രകാരം കര്‍ത്താവിന്റെ വിശുദ്ധസ്ഥലത്തുപ്രവേശിച്ചു ധൂപമര്‍പ്പിക്കാന്‍ സഖറിയായ്ക്കു കുറിവീണു.
10: ധൂപാര്‍പ്പണസമയം, ജനംമുഴുവന്‍ വെളിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
11: കര്‍ത്താവിന്റെ ദൂതന്‍ ധൂപപീഠത്തിന്റെ വലത്തുവശത്തുനില്ക്കുന്നതായി അവനു കാണപ്പെട്ടു.
12: അവനെക്കണ്ട്, സഖറിയാ അസ്വസ്ഥനാവുകയും ഭയാധീനനാകുകയുംചെയ്തു.
13: ദൂതനവനോടു പറഞ്ഞു: സഖറിയാ, ഭയപ്പെടേണ്ടാ. കാരണം, നിന്റെ പ്രാര്‍ത്ഥന കേൾക്കപ്പെട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത്, നിനക്കൊരു പുത്രനെ പ്രസവിക്കും. നീയവനു യോഹന്നാന്‍ എന്നു പേരു വിളിക്കണം.
14: നിനക്കു സന്തോഷവും ആനന്ദവുമുണ്ടാകും. അനേകര്‍ അവന്റെ ജനനത്തില്‍ ആഹ്ലാദിക്കും.
15: അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ വലിയവനായിരിക്കും. വീഞ്ഞോ ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിശുദ്ധാത്മാവാല്‍ നിറയും.
16: ഇസ്രായേല്‍മക്കളില്‍ അനേകരെ തങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേക്ക് അവന്‍ തിരികെക്കൊണ്ടുവരും.
17: പിതാക്കന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിനിഷ്ഠരുടെ വിവേകത്തിലേക്കും തിരികെക്കൊണ്ടുവരാനും രൂപീകൃതമായൊരു ജനത്തെ കര്‍ത്താവിനുവേണ്ടിയൊരുക്കാനും ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടുംകൂടെ അവന്‍ കര്‍ത്താവിന്റെമുമ്പേ പോകും.
18: സഖറിയാ ദൂതനോടു ചോദിച്ചു: ഞാനിതെങ്ങനെയറിയും? ഞാന്‍ വൃദ്ധനാണ്; എന്റെ ഭാര്യ പ്രായംകവിഞ്ഞവളുമാണ്.
19: ദൂതന്‍ അവനോടു മറുപടി പറഞ്ഞു: ഞാന്‍ ദൈവസന്നിധിയില്‍ നില്ക്കുന്ന ഗബ്രിയേലാണ്. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ വാര്‍ത്ത നിന്നെയറിയിക്കാനും ഞാനയയ്ക്കപ്പെട്ടിരിക്കുന്നു.
20: ഇതാ, ഇവ സംഭവിക്കുന്ന ദിവസംവരെ നീ നിശ്ശബ്ദനും സംസാരിക്കാൻ കഴിവില്ലാത്തവനുമായിരിക്കും. എന്തെന്നാൽ യഥാകാലം പൂര്‍ത്തിയാകാനിരിക്കുന്ന എന്റെ വാക്കുകൾ നീ വിശ്വസിച്ചില്ല.
21: ജനം സഖറിയായെ കാത്തുനില്ക്കുകയും വിശുദ്ധസ്ഥലത്ത്, അവന്‍ വൈകുന്നതിനെപ്പററി അദ്ഭുതപ്പെടുകയുംചെയ്തു.
22: പുറത്തുവന്നപ്പോള്‍ അവരോടു സംസാരിക്കാൻ അവനുകഴിഞ്ഞില്ല. വിശുദ്ധസ്ഥലത്ത്, അവനൊരു ദര്‍ശനമുണ്ടായെന്ന് അവര്‍ക്കു മനസ്സിലായി. അവന്‍ അവരെ ആംഗ്യംകാണിക്കുകയും ഊമയായിത്തുടരുകയുംചെയ്തു.
23: ദേവാലയശുശ്രൂഷയുടെ ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവന്‍ വീട്ടിലേക്കുപോയി.
24: ആ ദിവസങ്ങള്‍ക്കുശേഷം, അവന്റെ ഭാര്യ എലിസബത്ത് ഗര്‍ഭിണിയായി. അഞ്ചുമാസം, അവള്‍ ഇങ്ങനെ പറഞ്ഞുകൊണ്ട്, രഹസ്യത്തിൽ കഴിഞ്ഞുകൂടി.
25: മനുഷ്യരുടെയിടയിലുള്ള എന്റെ അപമാനം നീക്കാന്‍ എന്നെക്കടാക്ഷിച്ച നാളുകളിൽ, കര്‍ത്താവ്, എനിക്കിപ്രകാരംചെയ്തുതന്നിരിക്കുന്നു.

യേശുവിന്റെ ജനനത്തെക്കുറിച്ച് അറിയിപ്പ്
26: ആറാംമാസം ഗബ്രിയേല്‍ദൂതന്‍ ഗലീലിയില്‍, നസറത്ത് എന്നുപേരുള്ള പട്ടണത്തില്‍,
27: ദാവീദിന്റെ കുടുംബത്തില്‍പ്പെട്ട, ജോസഫ് എന്നുപേരുള്ള പുരുഷനുമായി വിവാഹനിശ്ചയംചെയ്തിരുന്ന കന്യകയുടെയടുത്തേക്ക്, ദൈവത്താലയയ്ക്കപ്പെട്ടു. ആ കന്യകയുടെ പേര്, മറിയമെന്നായിരുന്നു.
28: ദൂതന്‍ അവളുടെയടുത്തുവന്നു പറഞ്ഞു. കൃപനിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവു നിന്നോടുകൂടെ!
29: ഈ വചനത്തിൽ, അവള്‍ അതീവം അസ്വസ്ഥയായി; ഏതുതരം അഭിവാദനമായിരിക്കും ഇതെന്ന് അവള്‍ ചിന്തിച്ചുകൊണ്ടിരുന്നു.
30: ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, ഭയപ്പെടേണ്ടാ; എന്തെന്നാൽ, നീ ദൈവസന്നിധിയില്‍ കൃപകണ്ടെത്തിയിരിക്കുന്നു.
31: ഇതാ, നീ ഗര്‍ഭംധരിച്ച്, ഒരു പുത്രനെ പ്രസവിക്കും. നീയവനെ യേശുവെന്നു പേരുവിളിക്കണം.
32: അവന്‍ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രനെന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം, ദൈവമായ കര്‍ത്താവ് അവനു കൊടുക്കും.
33: അവൻ, യാക്കോബിന്റെ കുടുംബത്തിന്മേല്‍ എന്നേയ്ക്കും ഭരിക്കും. അവന്റെ രാജ്യത്തിനവസാനമുണ്ടായിരിക്കുകയില്ല.
34: മറിയമാകട്ടെ, ദൂതനോടു ചോദിച്ചു: ഞാന്‍ പുരുഷനെയറിയായ്കയാൽ, ഇതെങ്ങനെ സംഭവിക്കും? 
35: ദൂതന്‍ അവളോടു പ്രതിവചിച്ചു: പരിശുദ്ധാത്മാവു നിന്റെമേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്നെയാവരണംചെയ്യും. ആകയാൽ ജനിക്കാനിരിക്കുന്നവൻ പരിശുദ്ധനായിരിക്കും. അവൻ ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.
36: ഇതാ, നിന്റെ ചാര്‍ച്ചക്കാരി, എലിസബത്തും അവളുടെ വാർദ്ധക്യത്തിൽ ഒരു പുത്രനെ ഗര്‍ഭംധരിച്ചിരിക്കുന്നു. വന്ധ്യയെന്നു വിളിക്കപ്പെട്ടിരുന്ന അവള്‍ക്കിത് ആറാംമാസമാണ്.
37: എന്തെന്നാൽ ദൈവത്തിനൊരുകാര്യവും അസാദ്ധ്യമല്ല.
38: മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്കുപോലെ എനിക്കു സംഭവിക്കട്ടേ! അപ്പോള്‍ ദൂതന്‍ അവളെ വിട്ടുപോയി.

മറിയം എലിസബത്തിനെ സന്ദർശിക്കുന്നു.
39: ആ ദിവസങ്ങളില്‍ത്തന്നെ, മറിയമെഴുന്നേറ്റ്, യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍ പുറപ്പെട്ടു.
40: അവള്‍ സഖറിയായുടെ വീട്ടില്‍പ്രവേശിച്ച്, എലിസബത്തിനെ അഭിവാദനംചെയ്തു.
41: മറിയത്തിന്റെ അഭിവാദനം എലിസബത്ത് കേട്ടപ്പോള്‍ അവളുടെയുദരത്തില്‍ ശിശു കുതിച്ചുചാടി. എലിസബത്ത്, പരിശുദ്ധാത്മാവാൽ പൂരിതയായി.
42: അവളുദ്‌ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം.
43: എന്റെ കര്‍ത്താവിന്റെയമ്മ എന്റെയടുത്തേക്കുവരാൻ ഞാനാര്?
44: എന്തെന്നാൽ, ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ കാതുകളില്‍പ്പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ ആനന്ദത്താല്‍ കുതിച്ചുചാടി.
45: കര്‍ത്താവു തന്നോടരുൾചെയ്തവയ്ക്ക്, പൂർത്തീകരണമുണ്ടാകുമെന്നു വിശ്വസിച്ചവള്‍ അനുഗൃഹീത.

മറിയത്തിന്റെ സ്‌തോത്രഗീതം
46: മറിയം പറഞ്ഞു: എന്റെയാത്മാവു കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
47: എന്റെ ഉള്ളം, എന്റെ രക്ഷകനായ ദൈവത്തിലാനന്ദിക്കുന്നു.
48: എന്തെന്നാൽ, അവിടുന്നു തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇതാ, ഇപ്പോള്‍മുതല്‍ സകലതലമുറകളും എന്നെ അനുഗൃഹീതയെന്നു പ്രകീര്‍ത്തിക്കും.
49: എന്തെന്നാൽ, ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്.
50: അവിടുത്തെ ഭയപ്പെടുന്നവർക്ക്, തലമുറകള്‍തോറും തന്റെ കരുണയുണ്ടായിരിക്കും.
51: അവിടുന്നു തന്റെ ഭുജംകൊണ്ടു ബലംപ്രവർത്തിച്ചു; ഹൃദയവിചാരത്തിലഹങ്കരിക്കുന്നവരെ ചിതറിച്ചു.
52: ശക്തന്മാരെ സിംഹാസനങ്ങളിൽനിന്നു താഴെയിറക്കി; എളിയവരെയുയര്‍ത്തി.
53: വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍കൊണ്ടു സംതൃപ്തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
54: തന്റെ കാരുണ്യമനുസ്മരിച്ചുകൊണ്ട്, അവിടുന്നു തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.
55: നമ്മുടെ പിതാക്കന്മാരായ അബ്രാഹമിനോടും അവന്റെ സന്തതികളോടും എന്നേയ്ക്കുമായി അരുൾചെയ്തപോലെ. 
56: മറിയം അവളുടെകൂടെ മൂന്നുമാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി.

യോഹന്നാന്റെ ജനനവും പരിച്ഛേദനവും 
57: എലിസബത്തിനു പ്രസവിക്കാനുള്ള സമയമായി; അവളൊരു പുത്രനെ പ്രസവിച്ചു.
58: കര്‍ത്താവവളോടു വലിയകാരുണ്യംകാണിച്ചിരിക്കുന്നു എന്നുകേട്ട അയല്‍ക്കാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു.
59: എട്ടാംദിവസം അവര്‍ ശിശുവിന്റെ പരിച്ഛേദനത്തിനു വന്നു. പിതാവിന്റെ പേരനുസരിച്ചു സഖറിയായെന്നു വിളിക്കാൻ അവരൊരുങ്ങി.
60: എന്നാല്‍, അവന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവന്‍ യോഹന്നാന്‍ എന്നു വിളിക്കപ്പെടണം.
61: അവരവളോടു പറഞ്ഞു: നിന്റെ ബന്ധുക്കളിലാരും ഈ പേരിൽ വിളിക്കപ്പെടുന്നില്ലല്ലോ. 
62: അവൻ എങ്ങനെ വിളിക്കപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന്, അവന്റെ പിതാവിനോട്, അവര്‍ ആംഗ്യംകാണിച്ചുചോദിച്ചു.
63: അവന്‍ ഒരു എഴുത്തുപലക ആവശ്യപ്പെട്ടു. യോഹന്നാന്‍ എന്നാണ് അവന്റെ പേരെന്നുപറഞ്ഞുകൊണ്ട്, അതിലെഴുതി. എല്ലാവരും അദ്ഭുതപ്പെട്ടു.
64: തത്ക്ഷണം അവന്റെ വായും നാവും തുറക്കപ്പെട്ടു. അവന്‍ ദൈവത്തെ വാഴ്ത്തിക്കൊണ്ടു സംസാരിച്ചു.
65: അവരുടെ അയല്‍ക്കാര്‍ക്കെല്ലാം ഭയമുണ്ടായി; ഈ കാര്യങ്ങളെല്ലാം യൂദയായിലെ മലനാട്ടിലാകെ സംസാരവിഷയമാവുകയുംചെയ്തു.
66: കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരുമെന്നു പറഞ്ഞുകൊണ്ട്, ഇവ ഹൃദയത്തിൽ സൂക്ഷിച്ചു. എന്തെന്നാൽ, കര്‍ത്താവിന്റെ കരം, അവനോടുകൂടെയുണ്ടായിരുന്നു.

സഖറിയായുടെ പ്രവചനം 
67: അവന്റെ പിതാവായ സഖറിയാ, പരിശുദ്ധാത്മാവാല്‍നിറഞ്ഞു പ്രവചിച്ചു:
68: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെട്ടവന്‍. എന്തെന്നാൽ, അവിടുന്നു തന്റെ ജനത്തെ സന്ദര്‍ശിച്ചുവീണ്ടെടുപ്പുനടത്തി.
69: തന്റെ ദാസനായ ദാവീദിന്റെ കുടുംബത്തില്‍ നമുക്കായി, രക്ഷയുടെ കൊമ്പുയര്‍ത്തി;
70: അത്, അവിടുന്ന്, പുരാതനകാലംമുതലേ, തന്റെ വിശുദ്ധരായ പ്രവാചകന്മാരുടെ അധരങ്ങളിലൂടെ അരുൾചെയ്തിരുന്നപോലെ,
71: നമ്മുടെ ശത്രുക്കളുടെയും നമ്മെവെറുക്കുന്ന എല്ലാവരുടേയും കൈയില്‍നിന്നു രക്ഷിക്കാനും
72: നമ്മുടെ പിതാക്കന്മാരോടുള്ള കരുണപ്രവര്‍ത്തിക്കാനും തന്റെ പരിശുദ്ധമായ ഉടമ്പടി അനുസ്മരിക്കാനുമാണ്.
73: ഇതാകട്ടെ, അവിടുന്ന്, നമ്മുടെ പിതാവായ അബ്രാഹമിനോടുചെയ്ത ശപഥമനുസരിച്ച്,  
74: നാം ശത്രുക്കളുടെ കൈകളില്‍നിന്നു വിമോചിതരായി, നിര്‍ഭയം
75: വിശുദ്ധിയിലും നീതിയിലും നമ്മുടെ നാളുകളിലെല്ലാം അവന്റെമുമ്പില്‍ ആരാധിക്കാൻവേണ്ടിയത്രേ! 
76: നീയോ, കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകന്‍ എന്നു വിളിക്കപ്പെടും. കര്‍ത്താവിനു വഴിയൊരുക്കാന്‍ അവന്റെ മുമ്പേ പോകും.
77: അത് അവന്റെ ജനത്തിനു പാപമോചനത്താലുള്ള രക്ഷയെക്കുറിച്ച്, അറിവുനല്കാനും 
78: നമ്മുടെ ദൈവത്തിന്റെ ആർദ്രമായകരുണയാൽ, ഉന്നതത്തില്‍നിന്നുള്ള ഉദയസൂര്യൻ നമ്മെ സന്ദര്‍ശിക്കുമ്പോള്‍
79: ഇരുളിലും മരണത്തിന്റെ നിഴലിലുമിരിക്കുന്നവര്‍ക്കു പ്രകാശംവീശാനും സമാധാനത്തിന്റെ മാര്‍ഗ്ഗത്തിലേക്കു നമ്മുടെ പാദങ്ങൾ നേർനയിക്കാനുമത്രേ.
80: ശിശു വളരുകയും ആത്മാവില്‍ ബലപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ഇസ്രായേലിനുള്ള പ്രത്യക്ഷപ്പെടലിന്റെ നാളുകൾവരെ അവന്‍ മരുഭൂമിയിലായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ