ഇരുന്നൂറ്റിയെണ്‍പത്തിമൂന്നാം ദിവസം: മര്‍ക്കോസ് 1 - 2


അദ്ധ്യായം 1

സ്നാപകന്റെ പ്രഭാഷണം
1: ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം.
2: 
ഏശയ്യാപ്രവാചകന്റെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നപോലെ, ഇതാ, നിനക്കുമുമ്പേ, ഞാനെന്റെ ദൂതനെയയയ്ക്കുന്നു. അവന്‍ നിന്റെ വഴിയൊരുക്കും.
3: മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം: കര്‍ത്താവിന്റെ വഴിയൊരുക്കുവിന്‍. അവന്റെ പാതകൾ നേരെയാക്കുവിന്‍. 
4: പാപമോചനത്തിനുള്ള മാനസാന്തരത്തിന്റെ സ്നാനംപ്രഘോഷിച്ചുകൊണ്ട്, സ്നാപകയോഹന്നാന്‍ മരുഭൂമിയില്‍ പ്രത്യക്ഷനായി.
5: യൂദയാപ്രദേശംമുഴുവനും ജറുസലേംനിവാസികളെല്ലാവരും അവന്റെയടുത്തേക്കുപോയി. അവര്‍ പാപങ്ങളേറ്റുപറഞ്ഞ്, ജോര്‍ദ്ദാന്‍ നദിയില്‍വച്ച്, അവനിൽനിന്നു സ്നാനംസ്വീകരിച്ചു.
6: ഒട്ടകരോമംകൊണ്ടുള്ള വസ്ത്രമാണ്, 
യോഹന്നാന്‍ ധരിച്ചിരുന്നത്. അവന്റെ അരയില്‍ തോല്‍പ്പട്ടയും. വെട്ടുക്കിളിയും കാട്ടുതേനുമാണ്, അവൻ ഭക്ഷിച്ചിരുന്നത്.
7: അവന്‍ ഇപ്രകാരം പ്രഘോഷിച്ചു: എന്നെക്കാള്‍ ശക്തനായവന്‍ എന്റെ പിന്നാലെവരുന്നു. കുനിഞ്ഞ്, അവന്റെ ചെരിപ്പിന്റെ വള്ളിയഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല.
8: ഞാന്‍ നിങ്ങളെ ജലംകൊണ്ടു സ്നാനപ്പെടുത്തി. അവനോ പരിശുദ്ധാത്മാവാല്‍ നിങ്ങളെ സ്നാനപ്പെടുത്തും.

യേശുവിന്റെ ജ്ഞാനസ്നാനം
9: അനാളുകളിൽ, യേശു ഗലീലിയിലെ നസറത്തില്‍നിന്നു വന്ന്, ജോര്‍ദ്ദാനില്‍വച്ച് യോഹന്നാനില്‍നിന്നു സ്നാനംസ്വീകരിച്ചു.
10: വെള്ളത്തില്‍നിന്നു കയറിയ ഉടനേ, ആകാശംപിളരുന്നതും ആത്മാവു പ്രാവിന്റെരൂപത്തില്‍ തന്റെമേല്‍ ഇറങ്ങിവരുന്നതും അവന്‍ കണ്ടു.
11: സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടായി: നീ എന്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.

മരുഭൂമിയിലെ പ്രലോഭനം 
12: ഉടനെ ആത്മാവവനെ മരുഭൂമിയിലേക്കു കൊണ്ടുപോയി.
13: സാത്താനാല്‍ പരീക്ഷിക്കപ്പെട്ട്, നാല്പതുദിവസം അവന്‍ മരുഭൂമിയിലായിരുന്നു. അവന്‍ വന്യമൃഗങ്ങളോടുകൂടെയായിരുന്നു. ദൈവദൂതന്മാര്‍ അവനെ ശുശ്രൂഷിച്ചു.

ദൗത്യമാരംഭിക്കുന്നു
14: യോഹന്നാന്‍ ബന്ധനസ്ഥനായശേഷം, യേശു ദൈവത്തിന്റെ സുവിശേഷം പ്രഘോഷിച്ചുകൊണ്ടു ഗലീലിയിലേക്കു വന്നു.
15: അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. മാനസാന്തരപ്പെടുവിൻ. സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.

ആദ്യശിഷ്യന്മാര്‍
16: അവന്‍ ഗലീലിക്കടല്‍ത്തീരത്തുകൂടെ കടന്നുപോകുമ്പോള്‍,
 കടലില്‍ വലയെറിഞ്ഞുകൊണ്ടിരുന്ന ശിമയോനെയും അവന്റെ സഹോദരന്‍ അന്ത്രയോസിനെയും കണ്ടു. എന്തെന്നാൽ  അവര്‍ മീന്‍പിടിത്തക്കാരായിരുന്നു.
17: യേശു അവരോടു പറഞ്ഞു: എന്റെ പിന്നാലെ വരുക. ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും.
18: ഉടനെ വലയുപേക്ഷിച്ച്, അവരവനെ അനുഗമിച്ചു.
19: കുറച്ചുകൂടെ മുന്നോട്ടുപോയപ്പോള്‍, സെബദിയുടെ പുത്രനായ യാക്കോബിനെയും അവന്റെ സഹോദരന്‍ യോഹന്നാനെയും കണ്ടു. അവര്‍ വഞ്ചിയിലിരുന്നു വലയുടെ കേടുപോക്കുകയായിരുന്നു.
20: ഉടനെ അവനവരെയും വിളിച്ചു. തങ്ങളുടെ പിതാവായ സെബദിയെ സേവകരോടൊപ്പം വഞ്ചിയിൽവിട്ടിട്ട്, അവരവനെയനുഗമിച്ചു.

പിശാചുബാധിതനെ സുഖപ്പെടുത്തുന്നു
21: അവര്‍ കഫര്‍ണാമിലെത്തി. സാബത്തുദിവസം അവന്‍ സിനഗോഗില്‍ പ്രവേശിച്ചുപഠിപ്പിച്ചു.
22: അവന്റെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, നിയമജ്ഞരെപ്പോലെയല്ല, അധികാരമുളളവനെപ്പോലെയാണ് അവന്‍ പഠിപ്പിച്ചത്.
23: അശുദ്ധാത്മാവുബാധിച്ച ഒരു മനുഷ്യന്‍ അവരുടെ സിനഗോഗിലുണ്ടായിരുന്നു.
24: അവനലറി: നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കുമെന്ത്? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീയാരാണെന്നെനിക്കറിയാം - ദൈവത്തിന്റെ പരിശുദ്ധന്‍.
25: യേശു അവനെ ശാസിച്ചു: നിശ്ശബ്ദനായിരിക്കുക; അവനെവിട്ട്, നീ പുറത്തുവരുക.
26: അശുദ്ധാത്മാവ് അവനെ കോച്ചിവലിച്ച്, ഉച്ചത്തില്‍ അലറിക്കൊണ്ടു പുറത്തുവന്നു.
27: എല്ലാവരും അദ്ഭുതപ്പെട്ടു പരസ്പരം പറഞ്ഞു. ഇതെന്ത്? അധികാരത്തോടെയുള്ള പുതിയപ്രബോധനം! അശുദ്ധാത്മാക്കളോടുപോലും അവനാജ്ഞാപിക്കുന്നു; അവ, അവനെയനുസരിക്കുകയുംചെയ്യുന്നു.
28: അവന്റെ പ്രശസ്തി, ഉടനേ ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം വ്യാപിച്ചു.

ശിമയോന്റെ അമ്മായിയമ്മയെ
 സുഖപ്പെടുത്തുന്നു 
29: യേശു സിനഗോഗില്‍നിന്നിറങ്ങി യാക്കോബിനോടും യോഹന്നാനോടുംകൂടെ ശിമയോന്റെയും അന്ത്രയോസിന്റെയും ഭവനത്തിലെത്തി.
30: ശിമയോന്റെ അമ്മായിയമ്മ പനിപിടിച്ചുകിടപ്പായിരുന്നു. അവളെക്കുറിച്ച്, ഉടനേ അവരവനോടു പറഞ്ഞു.
31: അവനടുത്തുചെന്ന്, അവളെ കൈയ്ക്കുപിടിച്ചെഴുന്നേല്പിച്ചു. പനി അവളെ വിട്ടുമാറി. അവളവരെ ശുശ്രൂഷിച്ചു.
32: വൈകുന്നേരം സൂര്യാസ്തമയമായപ്പോള്‍, രോഗികളും പിശാചുബാധിതരുമായ എല്ലാവരെയും അവര്‍ അവന്റെയടുത്തുകൊണ്ടുവന്നു.
33: നഗരംമുഴുവൻ വാതില്‍ക്കല്‍ ഒത്തുകൂടി.
34: വിവിധരോഗങ്ങള്‍ബാധിച്ചിരുന്ന ഏറേപ്പേരെ അവന്‍ സുഖപ്പെടുത്തി. അനേകം പിശാചുക്കളെപ്പുറത്താക്കി. പിശാചുക്കള്‍ തന്നെയറിഞ്ഞിരുന്നതുകൊണ്ട്, സംസാരിക്കാന്‍ അവരെയവന്‍ അനുവദിച്ചില്ല.

സിനഗോഗുകളില്‍ പ്രസംഗിക്കുന്നു
35: അതിരാവിലേ, അവനെഴുന്നേറ്റുപുറത്തിറങ്ങി, ഒരു വിജനസ്ഥലത്തേക്കു പോയി. അവിടെയവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
36: ശിമയോനും കൂടെയുണ്ടായിരുന്നവരും അവനെത്തേടിച്ചെന്നു. 
37: അവനെക്കണ്ടെത്തിയപ്പോള്‍ അവരവനോടു പറഞ്ഞു: എല്ലാവരും നിന്നെയന്വേഷിക്കുന്നു.
38: അവനവരോടു പറഞ്ഞു: നമുക്ക് അടുത്തപട്ടണങ്ങളിലേക്കു പോകാം. അവിടെയും എനിക്കു പ്രഘോഷിക്കാനുണ്ട്. ഇതിനാണു ഞാന്‍ വന്നത്.
39: അവരുടെ സിനഗോഗുകളില്‍ പ്രഘോഷിച്ചുകൊണ്ടും പിശാചുക്കളെ പുറത്താക്കിക്കൊണ്ടും അവന്‍ ഗലീലിമുഴുവൻ സഞ്ചരിച്ചു.

കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു.
40: ഒരു കുഷ്ഠരോഗി അവന്റെയടുത്തെത്തി മുട്ടുകുത്തിയപേക്ഷിച്ചു: അങ്ങേയ്ക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍കഴിയും.
41: അവന്‍ മനസ്സലിഞ്ഞു കൈനീട്ടി, അവനെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്സുണ്ട്; നീ ശുദ്ധനാക്കപ്പെടട്ടെ.
42: ഉടനേ അവനിൽനിന്നു കുഷ്ഠംമാറി, അവൻ ശുദ്ധനാക്കപ്പെട്ടു.
43: യേശു അവനെ താക്കീതുനല്കിപ്പറഞ്ഞയച്ചു:
44: നീ ഇതേപ്പറ്റി, ആരോടും ഒന്നുംസംസാരിക്കരുത്. എന്നാല്‍ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിച്ചുകൊടുക്കുക.
 അവർക്കു സാക്ഷ്യത്തിനായി, മോശകല്പിച്ച കാഴ്ചകളര്‍പ്പിക്കുകയുംചെയ്യുക.
45: എന്നാല്‍, അവന്‍ പുറത്തുചെന്ന് എറെക്കാര്യങ്ങള്‍ പ്രഘോഷിക്കാനും ഇതു പറഞ്ഞുപരത്താനുംതുടങ്ങി. തന്മൂലം, പിന്നീടു പട്ടണത്തില്‍ പരസ്യമായി പ്രവേശിക്കാന്‍ യേശുവിനു സാധിച്ചില്ല. അവന്‍ പുറത്തു വിജനപ്രദേശങ്ങളില്‍ത്തങ്ങി. ആളുകളാകട്ടെ, എല്ലായിടങ്ങളിലുംനിന്ന് അവന്റെയടുത്തു വന്നുകൊണ്ടിരുന്നു.

അദ്ധ്യായം 2

തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു
1: കുറേദിവസങ്ങള്‍കഴിഞ്ഞ്, യേശു കഫര്‍ണാമില്‍ വീണ്ടുമെത്തിയപ്പോള്‍, അവന്‍ വീട്ടിലുണ്ടെന്ന ശ്രുതിപരന്നു.
2: വാതില്‍ക്കല്‍പോലും നില്‍ക്കാന്‍ സ്ഥലംതികയാത്തവിധം നിരവധിയാളുകള്‍ അവിടെക്കൂടി. അവനവരോടു വചനം പ്രസംഗിച്ചുകൊണ്ടിരുന്നു.
3: അപ്പോള്‍, നാലുപേര്‍ ഒരു തളര്‍വാതരോഗിയെ എടുത്ത്, അവന്റെപക്കലേക്കു കൊണ്ടുവന്നു.
4: എന്നാൽ, ജനക്കൂട്ടംനിമിത്തം അവന്റെയടുത്തെത്താന്‍കഴിയാതെ, അവനിരുന്ന സ്ഥലത്തിന്റെ മേല്‍ക്കൂര പൊളിച്ച്, തളര്‍വാതരോഗിയെ അവര്‍ കിടക്കയോടെ താഴോട്ടിറക്കി.
5: അവരുടെ വിശ്വാസം കണ്ട്, യേശു തളര്‍വാതരോഗിയോടു പറഞ്ഞു: മകനേ, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
6: നിയമജ്ഞരില്‍ച്ചിലര്‍ അവിടെയിരിക്കുന്നുണ്ടായിരുന്നു. അവര്‍ തങ്ങളുടെ ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു:
7: എന്തുകൊണ്ടാണ് ഇവനിപ്രകാരം സംസാരിക്കുന്നത്? ഇവന്‍ ദൈവദൂഷണം പറയുന്നു. ദൈവമൊരുവനല്ലാതെ മറ്റാര്‍ക്കാണു പാപംമോചിക്കാന്‍സാധിക്കുക?
8: അവര്‍ ഇപ്രകാരം ചിന്തിക്കുന്നെന്നുമനസ്സിലാക്കി, പെട്ടെന്ന്, യേശു അവരോടു ചോദിച്ചു. എന്തുകൊണ്ടാണു നിങ്ങളിക്കാര്യങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ ചിന്തിക്കുന്നത്?
9: ഏതാണെളുപ്പം? തളര്‍വാതരോഗിയോടു നിന്റെ പാപങ്ങള്‍ മോചിപ്പിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നിന്റെ കിടക്കയെടുടുത്തു നടക്കുക എന്നു പറയുന്നതോ?
10: എന്നാല്‍, ഭൂമിയില്‍ പാപങ്ങള്‍ മോചിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങളറിയേണ്ടതിന്, - അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു:
11: ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്ക്കുക. നിന്റെ കിടക്കയെടുത്ത്, വീട്ടിലേക്കു പോവുക.
12: അവനെഴുന്നേറ്റ്, ഉടനേ കിടക്കയെടുത്ത്, എല്ലാവരുംകാണ്‍കേ, പുറത്തേക്കു പോയി. എല്ലാവരുമാശ്ചര്യപ്പെട്ടു. ഇതുപോലൊന്നു ഞങ്ങളൊരിക്കലുംകണ്ടിട്ടില്ലെന്നു പറഞ്ഞ്, അവര്‍ ദൈവത്തെ മഹത്ത്വപ്പെടുത്തി.

ലേവിയെ വിളിക്കുന്നു
13: അവൻ വീണ്ടും കടല്‍ത്തീരത്തേക്കുപോയി. ജനക്കൂട്ടംമുഴുവൻ അവന്റെയടുത്തേക്കുവന്നു. അവനവരെ പഠിപ്പിച്ചുകൊണ്ടിരുന്നു.
14: അവന്‍ കടന്നുപോയപ്പോള്‍ ഹല്‍പൈയുടെ പുത്രനായ ലേവി ചുങ്കസ്ഥലത്തിരിക്കുന്നതുകണ്ട്, അവനോടു പറഞ്ഞു: എന്നെയനുഗമിക്കുക. അവനെഴുന്നേറ്റ്, യേശുവിനെയനുഗമിച്ചു.
15: അവന്‍ അവന്റെ ഭവനത്തില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍, അനേകം ചുങ്കക്കാരും പാപികളും അവന്റെയും ശിഷ്യന്മാരുടെയുംകൂടെയിരുന്നു. കാരണം, അവനെയനുഗമിച്ചവര്‍ നിരവധിയായിരുന്നു.
16: അവന്‍ പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണംകഴിക്കുന്നതുകണ്ട്, ഫരിസേയരില്‍പെട്ട ചില നിയമജ്ഞര്‍ അവന്റെ ശിഷ്യന്മാരോടു ചോദിച്ചു: അവന്‍ ചുങ്കക്കാരുടെയും പാപികളുടെയുംകൂടെ ഭക്ഷിക്കുന്നതെന്ത്?
17: ഇതുകേട്ട്, യേശു അവരോടു പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കു 
വൈദ്യനെക്കൊണ്ടാവശ്യമില്ലാ. പ്രത്യുത, രോഗികള്‍ക്കാണ്. ഞാന്‍ വന്നത്, നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ്.

ഉപവാസം സംബന്ധിച്ചു തര്‍ക്കം
18: യോഹന്നാന്റെ ശിഷ്യന്മാരും ഫരിസേയരും ഉപവസിക്കുകയായിരുന്നു. ആളുകള്‍ വന്ന്, യേശുവിനോടു ചോദിച്ചു: യോഹന്നാന്റെയും ഫരിസേയരുടെയും ശിഷ്യന്മാര്‍ ഉപവസിക്കുകയും നിന്റെ ശിഷ്യന്മാര്‍ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?
19: യേശു അവരോടു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ വിവാഹാതിഥികൾക്ക്, ഉപവസിക്കാന്‍ സാധിക്കുമോ? മണവാളന്‍ കൂടെയുള്ളിടത്തോളംകാലം അവര്‍ക്കുപവസിക്കാനാവില്ല.
20: മണവാളന്‍ അവരില്‍നിന്നകറ്റപ്പെടുന്ന നാളുകൾ വരും; ആ നാളിൽ, അവരുപവസിക്കും.
21: ആരും പഴയവസ്ത്രത്തില്‍ പുതിയകഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെചെയ്താല്‍ തുന്നി
പ്പിടിപ്പിച്ചത്, പഴയതില്‍നിന്നു കീറിപ്പോരുകയും കീറല്‍, കൂടുതൽ വലുതാവുകയുംചെയ്യും.
22: ആരും പുതിയവീഞ്ഞു പഴയതോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെചെയ്താല്‍, വീഞ്ഞ്, തോല്‍ക്കുടങ്ങള്‍ പിളർക്കുകയും വീഞ്ഞും തോല്‍ക്കുടങ്ങളും നഷ്ടപ്പെടുകയുംചെയ്യും. പുതിയ വീഞ്ഞ്, പുതിയ തോല്‍ക്കുടങ്ങളിൽ!

സാബത്താചരണത്തെക്കുറിച്ചു വിവാദം
23: ഒരു സാബത്തിൽ, അവന്‍ വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോകുകയായിരുന്നു. പോകുമ്പോള്‍, ശിഷ്യന്മാര്‍ കതിരുകള്‍ പറിക്കാന്‍തുടങ്ങി.
24: ഫരിസേയര്‍ അവനോടു പറഞ്ഞു: സാബത്തില്‍ നിഷിദ്ധമായത് അവര്‍ ചെയ്യുന്നതെന്തുകൊണ്ട്?
25: അവന്‍ ചോദിച്ചു: ദാവീദുമനുചരന്മാരും ഒന്നുമില്ലാതെ വിശന്നുവലഞ്ഞപ്പോള്‍ എന്തുചെയ്തുവെന്നു നിങ്ങളൊരിക്കലും വായിച്ചിട്ടില്ലേ?
26: അബിയാഥാര്‍ പ്രധാനപുരോഹിതനായിരിക്കെ, ദാവീദ് ദൈവഭവനത്തില്‍ പ്രവേശിച്ച്, പുരോഹിതന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കുംഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്കു കൊടുക്കുകയുംചെയ്തില്ലേ?
27: അവനവരോടു പറഞ്ഞു: സാബത്തു മനുഷ്യനുവേണ്ടിയാണ്; മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല.
28: അതിനാൽ, മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ