ഇരുന്നൂറ്റിത്തൊണ്ണൂറ്റിയേഴാം ദിവസം: ലൂക്കാ 12 - 13


അദ്ധ്യായം 12

ഭയംകൂടാതെ സാക്ഷ്യംനല്കുക
1: പരസ്പരം ചവിട്ടേല്ക്കുംവിധം ആയിരക്കണക്കിനാളുകൾ തിങ്ങിക്കൂടി. അപ്പോളവന്‍ ശിഷ്യരോടു പറയുവാന്‍തുടങ്ങി: ഫരിസേയരുടെ കാപട്യമാകുന്ന പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍.
2: മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല.
3: അതുകൊണ്ട്, നിങ്ങളിരുട്ടത്തു സംസാരിച്ചതു വെളിച്ചത്തു കേള്‍ക്കപ്പെടും. വീട്ടില്‍ സ്വകാര്യമുറികളില്‍വച്ചു ചെവിയില്‍പ്പറഞ്ഞതു പുരമുകളില്‍നിന്നു പ്രഘോഷിക്കപ്പെടും.
4: എന്റെ സ്‌നേഹിതരായ നിങ്ങളോടു ഞാന്‍ പറയുന്നു, ശരീരത്തെ കൊല്ലുന്നതില്‍ക്കവിഞ്ഞ് ഒന്നുംചെയ്യാന്‍കഴിയാത്തവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ.
5: എന്നാല്‍, നിങ്ങളാരെ ഭയപ്പെടണമെന്നു ഞാന്‍ വ്യക്തമാക്കാം. കൊന്നശേഷം നിങ്ങളെ നരകത്തിലേക്കു തളളിക്കളയാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍. അതേ, ഞാന്‍ പറയുന്നു, അവനെ ഭയപ്പെടുവിന്‍.
6: അഞ്ചുകുരുവികള്‍ രണ്ടു നാണയത്തുട്ടിനു വില്ക്കപ്പെടുന്നില്ലേ? എങ്കിലും അവയിലൊന്നുപോലും ദൈവസന്നിധിയില്‍ വിസ്മരിക്കപ്പെടുന്നില്ല.
7: നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ, നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണ്.
8: ഞാന്‍ നിങ്ങളോടു പറയുന്നു, മനുഷ്യരുടെമുമ്പില്‍ എന്നെ ഏറ്റുപറയുന്ന ആരെയും ദൈവദൂതന്മാരുടെമുമ്പില്‍ മനുഷ്യപുത്രനുമേറ്റുപറയും.
9: മനുഷ്യരുടെമുമ്പില്‍ എന്നെ തള്ളിപ്പറയുന്നവന്‍ ദൈവത്തിന്റെ ദൂതന്മാരുടെമുമ്പിലും തള്ളിപ്പറയപ്പെടും.
10: മനുഷ്യപുത്രനെതിരേ സംസാരിക്കുന്ന ആരോടും ക്ഷമിക്കപ്പെടും. എന്നാല്‍, പരിശുദ്ധാത്മാവിനെതിരേ ദൂഷണംപറയുന്നവനോടു ക്ഷമിക്കപ്പെടുകയില്ല.
11: സിനഗോഗുകളുടേയും അധികാരങ്ങളു
ടേയും ഭരണാധിപന്മാരുടേയുംമുമ്പിൽ അവര്‍ നിങ്ങളെ കൊണ്ടുപോകുമ്പോള്‍, എങ്ങനെ, എന്തുത്തരംകൊടുക്കുമെന്നും എന്തു പറയുമെന്നും ഉത്കണ്ഠാകുലരാകേണ്ടാ.
12: എന്തെന്നാൽ, നിങ്ങൾ പറയേണ്ടത്, ആ മണിക്കൂറിൽ പരിശുദ്ധാത്മാവു നിങ്ങളെ പഠിപ്പിക്കും.

ഭോഷനായ ധനികന്‍
13: ജനക്കൂട്ടത്തില്‍നിന്ന് ഒരുവനവനോടു പറഞ്ഞു: ഗുരോ, പിതൃസ്വത്ത്, ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു പറയണമേ!
14: യേശു അവനോടു ചോദിച്ചു: ഹേ, മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ ഭാഗംവയ്ക്കുന്നവനോ ആയി ആരു നിയമിച്ചു?
15: അനന്തരം അവനവരോടു പറഞ്ഞു: ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന് അകന്നിരിക്കുകയുംചെയ്യുവിന്‍. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്.
16: ഒരുപമയും അവനവരോടു പറഞ്ഞു: ഒരു ധനികന്റെ കൃഷിസ്ഥലം സമൃദ്ധമായ വിളവുനല്കി.
17: അവനിങ്ങനെ ചിന്തിച്ചു: ഞാനെന്തുചെയ്യും? 
എന്റെ ധാന്യം സൂക്ഷിക്കാന്‍ എനിക്കിടമില്ലല്ലോ.
18: അവന്‍ പറഞ്ഞു: ഞാനിങ്ങനെ ചെയ്യും, എന്റെ അറപ്പുരകള്‍പൊളിച്ച്, കൂടുതല്‍ വലിയവ പണിയും; അവിടെ എന്റെ മുഴുവൻ ധാന്യവും വിഭവങ്ങളും ശേഖരിക്കും.
19: അനന്തരം ഞാനെന്റെ ആത്മാവിനോടു പറയും: ആത്മാവേ, അനേകവര്‍ഷങ്ങൾക്കുവേണ്ട വിഭവങ്ങള്‍ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കുക, തിന്നു
ക, കുടിക്കുക, ആഹ്ലാദിക്കുക.
20: എന്നാല്‍, ദൈവമവനോടു പറഞ്ഞു: ഭോഷാ, ഈ രാത്രി നിന്റെയാത്മാവിനെ നിന്നില്‍നിന്നാവശ്യപ്പെടും; അപ്പോള്‍ നീ ഒരുക്കിവെച്ചിരിക്കുന്നവ ആരുടേതാകും?
21: ഇതുപോലെയാണ്, ദൈവത്തിലേക്കു സമ്പന്നനാകാതെ തനിക്കുവേണ്ടി നിധി കൂട്ടിവയ്ക്കുന്നവനും.

ദൈവപരിപാലനത്തിലാശ്രയം
22: വീണ്ടുമവന്‍ ശിഷ്യരോടരുളിച്ചെയ്തു: അതിനാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, എന്തുഭക്ഷിക്കുമെന്നു ജീവനെപ്പറ്റിയോ എന്തുധരിക്കുമെന്നു ശരീരത്തെപ്പറ്റിയോ ഉത്കണ്ഠാകുലരാകേണ്ടാ.
23: എന്തെന്നാല്‍, ജീവന്‍, ഭക്ഷണത്തിനും ശരീരം, വസ്ത്രത്തിനുമുപരിയാണ്.
24: കാക്കകളെ നോക്കുവിന്‍; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; കലവറയോ കളപ്പുരയോ 
അവയ്ക്കില്ല. എങ്കിലും, ദൈവമവയെ പോറ്റുന്നു. പക്ഷികളെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍!
25: ഉത്കണ്ഠാകുലരാകുന്നതുകൊണ്ട് ആയുസ്സ്, ഒരു വിനാഴികകൂടെ നീട്ടാന്‍ നിങ്ങളിലാര്‍ക്കു സാധിക്കും?
26: നിസ്സാരമായ ഇതുപോലുംചെയ്യാന്‍ നിങ്ങള്‍ക്കു കഴിവില്ലെങ്കില്‍ മറ്റുള്ളവയെപ്പറ്റി 
ഉത്കണ്ഠാകുലരാകുന്നതെന്തിന്?
27: ലില്ലികളെ നോക്കുവിന്‍: എങ്ങനെ അവ വളരുന്നു? അവ, അദ്ധ്വാനിക്കുകയോ നൂല്ക്കുകയോ ചെയ്യുന്നില്ലല്ലോ. ഞാന്‍ നിങ്ങളോടു പറയുന്നു: സോളമന്‍പോലും അവന്റെ സര്‍വ്വമഹത്വത്തിലും അവയിലൊന്നിനെപ്പോലെ അലംകൃതനായിരുന്നില്ല.
28: ഇന്നുള്ളതും നാളെ തീയിലെറിയപ്പെടുന്നതുമായ വയലിലെ പുല്ലിനെ ദൈവമിങ്ങനെ അണിയിക്കുന്നെങ്കില്‍, അല്പവിശ്വാസികളേ, നിങ്ങളെ എത്രയധികം അണിയിക്കുകയില്ല!
29: എന്തുതിന്നുമെന്നോ എന്തുകുടിക്കുമെന്നോ അന്വേഷിക്കേണ്ടാ; ആകുലചിത്തരാകുകയും വേണ്ടാ.
30: ലോകത്തിന്റെ ജനതകളാണ് ഇവയെല്ലാമന്വേഷിക്കുന്നത്. നിങ്ങള്‍ക്കിവ ആവശ്യമാണെന്നു നിങ്ങളുടെ പിതാവിനറിയാം.
31: നിങ്ങള്‍ അവിടുത്തെ രാജ്യമന്വേഷിക്കുവിന്‍. ഇവയെല്ലാം നിങ്ങളോടു ചേർക്കപ്പെടും.
32: ചെറിയ അജഗണമേ, ഭയപ്പെടേണ്ടാ. എന്തെന്നാല്‍, നിങ്ങള്‍ക്കു രാജ്യംനല്കാന്‍ നിങ്ങളുടെ പിതാവു പ്രസാദിച്ചിരിക്കുന്നു.
33: നിങ്ങൾക്കുള്ളതു വിറ്റു ധർമ്മംകൊടുക്കുവിൻ. കീറിപ്പോകാത്ത പണസഞ്ചികളുണ്ടാക്കുവിന്‍, 
സ്വര്‍ഗ്ഗത്തില്‍ ഒടുങ്ങാത്ത നിക്ഷേപവും! അവിടെ കള്ളനടുക്കുകയോ ചിതലെടുക്കുകയോ ഇല്ല.
34: കാരണം, നിങ്ങളുടെ നിക്ഷേപമെവിടെയാണോ, അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.

സദാ ജാഗരൂകരായ ഭൃത്യന്മാര്‍
35: നിങ്ങള്‍ അരമുറുക്കിയും വിളക്കുകൊളുത്തിയുമിരിക്കുവിന്‍.
36: കല്യാണവിരുന്നിൽനിന്നു മടങ്ങിവന്നു മുട്ടുന്ന ഉടനെ തുറന്നുകൊടുക്കാൻ കാത്തിരിക്കുന്നവരെപ്പോലെയായിരിക്കുവിന്‍.
37: യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായിക്കാണപ്പെടുന്ന ഭൃത്യര്‍ അനുഗൃഹീതർ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവന്‍ അരമുറുക്കി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുചെന്ന്, അവരെ ശുശ്രൂഷിക്കുകയും ചെയ്യും.
38: അവന്‍ രാത്രിയുടെ രണ്ടാംയാമത്തിലോ മൂന്നാംയാമത്തിലോ വന്നാലും അവരെ ഒരുക്കമുള്ളവരായിക്കണ്ടാല്‍ അവര്‍ 
അനുഗൃഹീതർ.
39: ഇതറിഞ്ഞുകൊള്ളുവിന്‍: കള്ളന്‍ ഏതു യാമത്തിൽവരുമെന്നു ഗൃഹനായകൻ മനസ്സിലാക്കിയിരുന്നെങ്കില്‍ തന്റെ വീടു കുത്തിത്തുറക്കാന്‍ അനുവദിക്കുകയില്ലായിരുന്നു.
40: നിങ്ങളും ഒരുങ്ങിയിരിക്കുവിന്‍. എന്തെന്നാല്‍, വിചാരിക്കാത്ത മണിക്കൂറിലാണു മനുഷ്യപുത്രന്‍ വരുന്നത്.
41: പത്രോസ് ചോദിച്ചു: കര്‍ത്താവേ, നീ ഈ ഉപമ പറയുന്നതു ഞങ്ങള്‍ക്കുവേണ്ടിയോ എല്ലാവര്‍ക്കുംവേണ്ടിയോ?
42: അപ്പോള്‍ കര്‍ത്താവു പറഞ്ഞു: വീട്ടുജോലിക്കാര്‍ക്കു നിശ്ചിതസമയം ഭക്ഷണംകൊടുക്കേണ്ടതിന്, യജമാനന്‍ അവരുടെമേല്‍ നിയമിക്കുന്ന വിശ്വസ്തനും വിവേകിയുമായ കാര്യസ്ഥനാരാണ്?
43: യജമാനന്‍ വരുമ്പോള്‍ അപ്രകാരം പ്രവർത്തിക്കുന്നവനായി അവൻ കാണുന്ന ഭൃത്യന്‍ 
അനുഗൃഹീതന്‍.
44: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ തന്റെ സകലസ്വത്തിന്റെയുംമേല്‍ അവനെ നിയമിക്കും,
45: എന്നാല്‍, ആ ഭൃത്യന്‍ തന്റെ യജമാനന്‍ വരാന്‍വൈകുന്നു എന്ന് ഉള്ളില്‍ക്കരുതി, യജമാനന്റെ ദാസന്മാരെയും ദാസിമാരെയും അടിക്കാനും തിന്നുകുടിച്ച് ഉന്മത്തനാകാനുംതുടങ്ങിയാല്‍,
46: നിനയ്ക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും ആ ദാസന്റെ യജമാനന്‍ വരുകയും അവനെ നിഷ്ഠൂരംശിക്ഷിച്ച്, അവന്റെ പങ്ക് അവിശ്വസ്‌തരോടുകൂടെയാക്കുകയും ചെയ്യും.
47: തന്റെ യജമാനന്റെ ഹിതമറിഞ്ഞിട്ടും, തയ്യാറെടുക്കുകയോ 
അവന്റെ ഹിതമനുസരിച്ചു പ്രവര്‍ത്തിക്കുകയോചെയ്യാത്ത ഭൃത്യന്‍ ഏറെ പ്രഹരിക്കപ്പെടും.
48: എന്നാല്‍, അറിയാതെയാണ് ഒരുവന്‍ പ്രഹരാര്‍ഹമായതുചെയ്തതെങ്കില്‍, അവന്‍കുറച്ചേ പ്രഹരിക്കപ്പെടുകയുള്ളൂ. ഏറെ നല്കപ്പെട്ട ഓരോരുത്തരിലുംനിന്ന് ഏറെ ആവശ്യപ്പെടും; ഏറെ ഏല്പിക്കപ്പെട്ടവനോട് വളരെയേറെ ചോദിക്കും.

യേശു ഭിന്നതയ്ക്കു കാരണം.
49: ഭൂമിയില്‍ തീയിടാനാണു ഞാന്‍ വന്നത്. അതിതിനകം കത്തിയെരിഞ്ഞെങ്കില്‍!
50: എനിക്കൊരു സ്നാനമേല്ക്കാനുണ്ട്; അതു നിവൃത്തിയാകുവോളം ഞാനെത്ര ഞെരുങ്ങുന്നു!
51: ഭൂമിയില്‍ സമാധാനംനല്കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നതയെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
52: എന്തെന്നാൽ ഭിന്നിച്ചിരിക്കുന്ന അഞ്ചുപേര്‍ ഇനിമേല്‍ ഒരു വീട്ടിലുണ്ടായിരിക്കും. മൂന്നുപേര്‍ രണ്ടുപേര്‍ക്കെതിരായും രണ്ടുപേര്‍ മൂന്നുപേര്‍ക്കെതിരായും ഭിന്നിച്ചിരിക്കും.
53: പിതാവു പുത്രനും പുത്രന്‍ പിതാവിനുമെതിരായും അമ്മ മകള്‍ക്കും മകള്‍ അമ്മയ്ക്കുമെതിരായും അമ്മായിയമ്മ മരുമകള്‍ക്കും മരുമകള്‍ അമ്മായിയമ്മയ്ക്കുമെതിരായും ഭിന്നിക്കും.

കാലത്തിന്റെ അടയാളങ്ങള്‍
54: അവന്‍ ജനക്കൂട്ടത്തോടു പറഞ്ഞു: പടിഞ്ഞാറു മേഘമുയരുന്നതുകണ്ടാല്‍ മഴവരുന്നെന്നു ഉടനേ നിങ്ങള്‍ പറയുന്നു; അങ്ങനെ സംഭവിക്കുകയുംചെയ്യുന്നു.
55: തെക്കന്‍കാറ്റടിക്കുമ്പോള്‍ അത്യുഷ്ണമായിരിക്കുമെന്നു നിങ്ങള്‍ പറയുന്നു; അതു സംഭവിക്കുന്നു.
56: കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍, ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാത്തതെങ്ങനെ?

എതിരാളിയുമായി ഒത്തുതീർപ്പ്.
57: എന്തുകൊണ്ടു നിങ്ങള്‍ നീതിപൂർവ്വം വിധിക്കുന്നില്ല?
58: നീ, നിന്റെ എതിരാളിയോടുകൂടെ അധികാരിയുടെയടുത്തേക്കു പോകുമ്പോള്‍, വഴിയില്‍വച്ചുതന്നെ അവയാളുമായി ഒത്തുതീർപ്പിലെത്താൻ ശ്രമംനടത്തുക. അല്ലെങ്കില്‍ അയാൾ നിന്നെ ന്യായാധിപന്റെയടുക്കലേക്കു വലിച്ചിഴയ്ക്കുകയും ന്യായാധിപന്‍ നിന്നെ പാറാവുകാരനെയേല്പിക്കുകയും പാറാവുകാരൻ, നിന്നെ തടവിലിടുകയുംചെയ്യും.
59: ഞാൻ നിന്നോടു പറയുന്നു, അവസാനത്തെ തുട്ടുവരെ കൊടുത്തുവീട്ടാതെ, നീ അവിടെനിന്നു പുറത്തുവരുകയില്ല.

അദ്ധ്യായം 13 

മാനസാന്തരപ്പെടുന്നില്ലെങ്കിൽ നാശം 
1: ഗലീലിയക്കാരുടെ ബലികളില്‍ അവരുടെ രക്തംകൂടെ പീലാത്തോസ് കലര്‍ത്തിയ വിവരം, ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലര്‍ യേശുവിനെയറിയിച്ചു.
2: അവന്‍ ചോദിച്ചു: ഇവയെല്ലാം സഹിച്ചതുകൊണ്ട്, അവര്‍ മറ്റെല്ലാ ഗലീലിയക്കാരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നെന്നു നിങ്ങള്‍ കരുതുന്നുവോ?
3: അല്ലാ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. മാനസാന്തരപ്പെടുന്നില്ലെങ്കില്‍, നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
4: അഥവാ, സിലോഹായിലെ ഗോപുരമിടിഞ്ഞുവീണുകൊല്ലപ്പെട്ട, ആ പതിനെട്ടുപേര്‍, എല്ലാ ജറുസലേംനിവാസികളേയുംകാള്‍ കുറ്റക്കാരായിരുന്നെന്നു നിങ്ങള്‍ കരുതുന്നുവോ?
5: അല്ല എന്നു ഞാന്‍ പറയുന്നു: മാനസാന്തരപ്പെടുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.

ഫലംതരാത്ത അത്തിവൃക്ഷം
6: അവന്‍ ഈ ഉപമ പറഞ്ഞു: 
മുന്തിരിത്തോട്ടത്തില്‍, ഒരുവന്‍ നട്ടുപിടിപ്പിച്ച ഒരത്തിവൃക്ഷമുണ്ടായിരുന്നു. അതില്‍ ഫലമുണ്ടോയെന്നുനോക്കാന്‍ അവന്‍ വന്നു; എന്നാല്‍ ഒന്നും കണ്ടില്ല.
7: അപ്പോള്‍ അവന്‍ മുന്തിരിത്തോട്ടക്കാരനോടു പറഞ്ഞു: മൂന്നുവര്‍ഷമായി ഞാന്‍ ഈ അത്തിവൃക്ഷത്തില്‍നിന്നു ഫലമന്വേഷിച്ചുവരുന്നു; ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക. എന്തിനു നിലംപാഴാക്കണം?
8: കൃഷിക്കാരന്‍ അവനോടു പറഞ്ഞു: യജമാനനേ, ഈ വര്‍ഷംകൂടെ അതു നില്ക്കട്ടെ. ഞാനതിനുചുറ്റും കിളച്ചുവളമിടാം.
9: മേലില്‍ അതു ഫലംനല്കിയേക്കാം. ഇല്ലെങ്കില്‍ നീയതു വെട്ടിക്കളഞ്ഞുകൊള്ളുക.

കൂനുള്ള സ്ത്രീയെ സുഖപ്പെടുത്തുന്നു
10: ഒരു സാബത്തില്‍ അവനൊരു സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു.
11: പതിനെട്ടുവര്‍ഷമായി രോഗത്തിന്റെ അരൂപിബാധിച്ച്, നിവര്‍ന്നുനില്ക്കാന്‍ സാധിക്കാത്തവിധം കൂനിപ്പോയ ഒരു സ്ത്രീ അവിടെയുണ്ടായിരുന്നു.
12: യേശു അവളെക്കണ്ടപ്പോള്‍ അടുത്തുവിളിച്ചു പറഞ്ഞു: സ്ത്രീയേ, നിന്റെ രോഗത്തില്‍നിന്നു നീ മുക്തയാക്കപ്പെട്ടിരിക്കുന്നു.
13: അവന്‍ അവളുടെമേല്‍ കൈകള്‍വച്ചു. തത്ക്ഷണം അവള്‍ നിവര്‍ന്നുനില്ക്കുകയും ദൈവത്തെ സ്തുതിക്കുകയുംചെയ്തു.
14: യേശു സാബത്തില്‍ സുഖപ്പെടുത്തിയതില്‍ അമർഷംപൂണ്ട്‌, സിനഗോഗധികാരി ജനക്കൂട്ടത്തോടു പറഞ്ഞു: ജോലിചെയ്യാവുന്ന ആറുദിവസങ്ങളുണ്ട്. ആ ദിവസങ്ങളില്‍ വന്ന് സുഖപ്പെട്ടുകൊള്ളുക; സാബത്തുദിവസം പാടില്ല.
15: അപ്പോള്‍ കര്‍ത്താവു മറുപടി പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങളോരോരുത്തരും സാബത്തില്‍ തങ്ങളുടെ കാളയെയോ കഴുതയെയോ തൊഴുത്തില്‍നിന്നഴിച്ച് വെള്ളംകുടിപ്പിക്കാന്‍ കൊണ്ടുപോകുന്നില്ലേ?
16: പതിനെട്ടുവര്‍ഷം സാത്താന്‍ ബന്ധിച്ചിട്ടിരുന്ന, അബ്രാഹമിന്റെ മകളെ സാബത്തുദിവസം ഈ ബന്ധനത്തിൽനിന്നു മോചിപ്പിക്കേണ്ടതില്ലെന്നോ?
17: ഇതുകേട്ട് അവന്റെ പ്രതിയോഗികളെല്ലാം ലജ്ജിതരായി. എന്നാല്‍, ജനക്കൂട്ടംമുഴുവന്‍ അവന്‍വഴിയായി നടന്നിരുന്ന മഹനീയകൃത്യങ്ങളെക്കുറിച്ചു സന്തോഷിച്ചു.

കടുകുമണിയും പുളിമാവും
18: അവന്‍ പറഞ്ഞു: ദൈവരാജ്യം എന്തിനോടു സദൃശമാണ്? എന്തിനോടു ഞാനതിനെയുപമിക്കും?
19: അത്, ഒരു മനുഷ്യന്‍ തന്റെ തോട്ടത്തില്‍പ്പാകിയ കടുകുമണിക്കു സദൃശമാണ്. അതു വളര്‍ന്നു മരമായി. ആകാശപ്പറവകള്‍ അതിന്റെ ശാഖകളില്‍ കൂടുകെട്ടി.
20: അവന്‍ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടു ഞാനുപമിക്കും?
21: ഒരു സ്ത്രീ മൂന്നളവു മാവില്‍ അതു മുഴുവന്‍ പുളിക്കുവോളം എടുത്ത്, ഒളിപ്പിച്ചുവച്ച പുളിമാവുപോലെയാണത്.

ഇടുങ്ങിയ വാതില്‍
22: 
അവന്‍ ഓരോ പട്ടണത്തിലും ഗ്രാമത്തിലുംപോയി, പഠിപ്പിച്ചുകൊണ്ട്, ജറുസലെമിലേക്കു യാത്രചെയ്യുകയായിരുന്നു.
23: ഒരുവനവനോടുചോദിച്ചു: കര്‍ത്താവേ, രക്ഷപ്പെടുന്നവര്‍ ചുരുക്കമാണോ? അവന്‍ അവരോടു പറഞ്ഞു:
24: ഇടുങ്ങിയവാതിലിലൂടെ പ്രവേശിക്കുവാന്‍ കിണഞ്ഞുപരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകര്‍ പ്രവേശിക്കാന്‍ശ്രമിക്കും. എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല.
25: വീട്ടുടമസ്ഥനെഴുന്നേറ്റ്, വാതിലടച്ചുകഴിഞ്ഞാല്‍പ്പിന്നെ, നിങ്ങള്‍ പുറത്തുനിന്ന്, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നുതരണമേയെന്നു പറഞ്ഞു വാതില്‍ക്കല്‍ മുട്ടാന്‍തുടങ്ങും. അപ്പോള്‍ അവന്‍ നിങ്ങളോടു പറയും: നിങ്ങളെവിടെനിന്നാണെന്നു ഞാനറിയുന്നില്ല.
26: അപ്പോള്‍ നിങ്ങള്‍ പറയും: നിന്റെ സാന്നിദ്ധ്യത്തില്‍ ഞങ്ങള്‍ ഭക്ഷിക്കുകയും പാനംചെയ്യുകയും ഞങ്ങളുടെ തെരുവുകളില്‍ നീ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
27: എന്നാല്‍ അവനവരോടു പറയും: നിങ്ങള്‍ എവിടെനിന്നാണെന്നു ഞാനറിയുന്നില്ല. അനീതിപ്രവര്‍ത്തിക്കുന്നവരേ, നിങ്ങളെല്ലാവരും എന്നില്‍നിന്നകന്നു പോകുവിന്‍.
28: അബ്രാഹമിനേയും ഇസഹാക്കിനേയും യാക്കോബിനേയും സകലപ്രവാചകന്മാരേയും ദൈവരാജ്യത്തിലും നിങ്ങളെ ബഹിഷ്കൃതരായി പുറത്തും കാണുമ്പോള്‍, അവിടെ കരച്ചിലും പല്ലുകടിയുമായിരിക്കും.
29: കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ജനങ്ങള്‍വന്ന്, ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കും.
30: ഇതാ, 
പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരുമാകും.

ജറുസലെമിനെക്കുറിച്ചുള്ള വിലാപം
31: അപ്പോള്‍തന്നെ ചില ഫരിസേയര്‍വന്ന് അവനോടു പറഞ്ഞു: ഇവിടംവിട്ടു പോകുക; ഹേറോദേസ് നിന്നെ കൊല്ലാനുദ്ദേശിക്കുന്നു.
32: അവനവരോടു പറഞ്ഞു: നിങ്ങള്‍പോയി ആ കുറുക്കനോടു പറയുവിന്‍: ഞാന്‍ ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തിനല്കുകയും മൂന്നാംദിവസം പൂര്‍ത്തിയാക്കുകയുംചെയ്യും. 
33: ഏതായാലും ഇന്നും നാളെയും മറ്റന്നാളും ഞാന്‍ എന്റെ യാത്രചെയ്യേണ്ടതാവശ്യമാണ്. കാരണം, ജറുസലെമിനു പുറത്തുവച്ച് ഒരു പ്രവാചകന്‍ വധിക്കപ്പെടുക സാദ്ധ്യമല്ല.
34: ജറുസലേം, ജറുസലേം, പ്രവാചകന്മാരെക്കൊല്ലുകയും നിന്റെയടുത്തേക്കയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയുംചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിന്‍കീഴിലെന്നപോലെ 
നിന്റെ സന്താനങ്ങളെ ചേര്‍ത്തുനിറുത്താൻ ഞാനെത്രയോപ്രാവശ്യമാഗ്രഹിച്ചു! എന്നാൽ നിനക്കോ മനസ്സുണ്ടായില്ലാ.
35: ഇതാ, നിങ്ങളുടെ ഭവനം നിങ്ങൾക്കുവിട്ടിരിക്കുന്നു. ഞാന്‍ നിങ്ങളോടു പറയുന്നു, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവനെന്നു നിങ്ങള്‍ പറയുന്നതുവരെ നിങ്ങളെന്നെക്കാണുകയേയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ