2018, ജനുവരി 7, ഞായറാഴ്‌ച

മുന്നൂറ്റിപ്പതിമൂന്നാം ദിവസം: യോഹന്നാന്‍ 12 - 14


അദ്ധ്യായം 12

തൈലാഭിഷേകം
1: മരിച്ചവരില്‍നിന്നു താനുയിര്‍പ്പിച്ച ലാസര്‍ താമസിച്ചിരുന്ന ബഥാനിയായിലേക്കു പെസഹായ്ക്ക് ആറുദിവസം മുമ്പ്, യേശു വന്നു. 
2: അവരവന് അത്താഴമൊരുക്കി. മര്‍ത്താ പരിചരിച്ചു. അവനോടുകൂടെ ഭക്ഷണത്തിനിരുന്നവരില്‍ ലാസറുമുണ്ടായിരുന്നു.  
3: മറിയം വിലയേറിയതും ശുദ്ധവുമായ ഒരു കുപ്പി നാര്‍ദിന്‍ സുഗന്ധതൈലമെടുത്ത് യേശുവിന്റെ പാദങ്ങളില്‍ പൂശുകയും തന്റെ തലമുടികൊണ്ട് അവന്റെ പാദങ്ങള്‍ തുടയ്ക്കുകയും ചെയ്തു. തൈലത്തിന്റെ പരിമളംകൊണ്ടു വീടു നിറഞ്ഞു. 
4: അവന്റെ ശിഷ്യന്മാരിലൊരുവനും അവനെ ഒറ്റിക്കൊടുക്കാനിരുന്നവനുമായ യൂദാസ് സ്കറിയോത്താ പറഞ്ഞു: 
5: എന്തുകൊണ്ട് ഈ തൈലം മുന്നൂറു ദനാറയ്ക്കു വിറ്റു ദരിദ്രര്‍ക്കു കൊടുത്തില്ല? 
6: അവനിതു പറഞ്ഞത് അവനു ദരിദ്രരോടു പരിഗണനയുണ്ടായിരുന്നതുകൊണ്ടല്ല, പ്രത്യുത, അവന്‍ ഒരു കള്ളനായിരുന്നതുകൊണ്ടും പണസഞ്ചി അവന്റെ കൈയിലായിരുന്നതുകൊണ്ടും അതില്‍ വീഴുന്നതില്‍നിന്ന് അവന്‍ എടുത്തിരുന്നതുകൊണ്ടുമാണ്. 
7: യേശു പറഞ്ഞു: അവളെ തടയേണ്ടാ. എന്റെ ശവസംസ്കാരദിനത്തിനായി ഇതു ചെയ്തുവെന്ന് അവള്‍ കരുതിക്കൊള്ളട്ടെ. 
8: ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്; ഞാനെപ്പോഴും നിങ്ങളോടൊത്തുണ്ടായിരിക്കുകയില്ല. 
9: അവന്‍ അവിടെയുണ്ടെന്നറിഞ്ഞ് വലിയൊരു ഗണം യഹൂദര്‍ അവിടേക്കു വന്നു. അവര്‍ വന്നത്, യേശുവിനെ ഉദ്ദേശിച്ചുമാത്രമല്ല; അവന്‍ മരിച്ചവരില്‍നിന്നുയിര്‍പ്പിച്ച ലാസറിനെ കാണാന്‍കൂടിയാണ്. 
10: ലാസറിനെക്കൂടി കൊല്ലാന്‍ പുരോഹിതപ്രമുഖന്മാര്‍ ആലോചിച്ചു. 
11: എന്തെന്നാല്‍, അവന്‍നിമിത്തം യഹൂദരില്‍ വളരെപ്പേര്‍ അവരെവിട്ടു യേശുവില്‍ വിശ്വസിച്ചിരുന്നു. 

രാജകീയപ്രവേശനം
12: അടുത്ത ദിവസം, തിരുനാളിനു വന്നുകൂടിയ ഒരു വലിയ ജനക്കൂട്ടം യേശു ജറുസലെമിലേക്കു വരുന്നെന്നു കേട്ട്, 
13: ഈന്തപ്പനയുടെ കൈകളെടുത്തുകൊണ്ട് അവനെയെതിരേല്‍ക്കാന്‍ പുറപ്പെട്ടു. അവര്‍ വിളിച്ചുപറഞ്ഞു: ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവനും ഇസ്രായേലിന്റെ രാജാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍. 
14: യേശു ഒരു കഴുതക്കുട്ടിയെക്കണ്ട് അതിന്റെ പുറത്തു കയറിയിരുന്നു. 
15: സീയോന്‍പുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവു കഴുതക്കുട്ടിയുടെ പുറത്ത് എഴുന്നള്ളുന്നെന്ന് എഴുതപ്പെട്ടിരിക്കുന്നു. 
16: അവന്റെ ശിഷ്യന്മാര്‍ക്ക് ആദ്യമിതു മനസ്സിലായില്ല. എന്നാല്‍, യേശു മഹത്വം പ്രാപിച്ചപ്പോള്‍ അവനെപ്പറ്റി ഇക്കാര്യങ്ങള്‍ എഴുതപ്പെട്ടിരുന്നുവെന്നും അവനുവേണ്ടി ഇവയെല്ലാം ചെയ്തുവെന്നും അവരനുസ്മരിച്ചു. 
17: ലാസറിനെ മരിച്ചവരില്‍നിന്നുയിര്‍പ്പിച്ച അവസരത്തില്‍ അവനോടൊപ്പമുണ്ടായിരുന്ന ജനക്കൂട്ടം അവനു സാക്ഷ്യം നല്‍കിയിരുന്നു. 
18: അവന്‍ ഈ അടയാളം പ്രവര്‍ത്തിച്ചെന്നു കേട്ടതുകൊണ്ടുകൂടിയാണ് ജനക്കൂട്ടം അവനെ സ്വീകരിക്കുവാന്‍ വന്നത്. 
19: അപ്പോള്‍ ഫരിസേയര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നു കാണുന്നില്ലേ? നോക്കൂ. ലോകം അവന്റെ പിന്നാലെ പോയിക്കഴിഞ്ഞു. 

ഗ്രീക്കുകാര്‍ യേശുവിനെ തേടുന്നു
20: തിരുനാളില്‍ ആരാധിക്കാന്‍ വന്നവരില്‍ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു. 
21: ഇവര്‍ ഗലീലിയിലെ ബേത്സയ്ദായില്‍നിന്നുള്ള പീലിപ്പോസിന്റെയടുക്കല്‍ ചെന്നു പറഞ്ഞു: പ്രഭോ, ഞങ്ങള്‍ യേശുവിനെക്കാണാന്‍ ആഗ്രഹിക്കുന്നു. 
22: പീലിപ്പോസ് പോയി അന്ത്രയോസിനോടു പറഞ്ഞു: അന്ത്രയോസും പീലിപ്പോസും കൂടി യേശുവിനെ വിവരമറിയിച്ചു. 
23: യേശു പറഞ്ഞു: മനുഷ്യപുത്രന്‍ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു. 
24: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത്, അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും. 
25: തന്റെ ജീവനെ സ്നേഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്കും.  26: എന്നെ ശുശ്രൂഷിക്കാനാഗ്രഹിക്കുന്നവന്‍ എന്നെയനുഗമിക്കട്ടെ. അപ്പോള്‍, ഞാനായിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനുമായിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും. 

മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടണം
27: ഇപ്പോള്‍ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കുന്നു. ഞാനെന്തു പറയേണ്ടു? പിതാവേ, ഈ മണിക്കൂറില്‍നിന്ന് എന്നെ രക്ഷിക്കണമേ! അല്ല, ഇതിനുവേണ്ടിയാണല്ലോ ഈ മണിക്കൂറിലേക്കു ഞാന്‍ വന്നത്. 
28: പിതാവേ, അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ! അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടായി: ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്വപ്പെടുത്തും. 
29: അവിടെ നിന്നിരുന്ന ജനക്കൂട്ടം ഇതു കേട്ടിട്ട്, ഇടിമുഴക്കമുണ്ടായെന്നു പറഞ്ഞു. എന്നാല്‍ ചിലര്‍ ഒരു ദൂതന്‍ അവനോടു സംസാരിച്ചെന്നു പറഞ്ഞു. 
30: യേശു പറഞ്ഞു: ഈ സ്വരമുണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങള്‍ക്കുവേണ്ടിയാണ്. 
31: ഇപ്പോഴാണ് ഈ ലോകത്തിന്റെ ന്യായവിധി. ഇപ്പോള്‍ ഈ ലോകത്തിന്റെ അധികാരി പുറന്തള്ളപ്പെടും. 
32: ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും. 
33: അവനിതു പറഞ്ഞത്, താന്‍ ഏതു വിധത്തിലുള്ള മരണമാണു വരിക്കാന്‍ പോകുന്നതെന്നു സൂചിപ്പിക്കാനാണ്. 
34: അപ്പോള്‍ ജനക്കൂട്ടം അവനോടു ചോദിച്ചു: ക്രിസ്തു എന്നേക്കും നിലനില്‍ക്കുന്നു എന്നാണല്ലോ നിയമത്തില്‍ ഞങ്ങള്‍ കേട്ടിട്ടുള്ളത്. പിന്നെ മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു എന്നു നീ പറയുന്നതെങ്ങനെ? ആരാണീ മനുഷ്യപുത്രന്‍? 
35: യേശു അവരോടു പറഞ്ഞു: അല്പസമയത്തേക്കുകൂടി പ്രകാശം നിങ്ങളുടെയിടയിലുണ്ട്. അന്ധകാരം നിങ്ങളെ കീഴടക്കാതിരിക്കാന്‍ പ്രകാശമുള്ളപ്പോള്‍ നടന്നുകൊള്ളുവിന്‍. അന്ധകാരത്തില്‍ നടക്കുന്നവന്‍ താനെവിടേയ്ക്കാണു പോകുന്നതെന്ന് അറിയുന്നില്ല. 
36: നിങ്ങള്‍ പ്രകാശത്തിന്റെ മക്കളാകേണ്ടതിന് നിങ്ങള്‍ക്കു പ്രകാശമുള്ളപ്പോള്‍ അതില്‍ വിശ്വസിക്കുവിന്‍. 

യഹൂദരുടെ അവിശ്വാസം
37: ഇതു പറഞ്ഞതിനുശേഷം യേശു അവരില്‍നിന്നു പോയി രഹസ്യമായി പാര്‍ത്തു. അവന്‍ വളരെ അടയാളങ്ങള്‍ അവരുടെ മുമ്പാകെ പ്രവര്‍ത്തിച്ചെങ്കിലും അവരവനില്‍ വിശ്വസിച്ചില്ല. 
38: ഏശയ്യാ പ്രവാചകന്‍ പറഞ്ഞ വചനം പൂര്‍ത്തിയാകേണ്ടതിനാണിത്. കര്‍ത്താവേ, ഞങ്ങളുടെ സന്ദേശം ആരു വിശ്വസിച്ചു? കര്‍ത്താവിന്റെ ഭുജം ആര്‍ക്കാണു വെളിപ്പെട്ടത്? 
39: അതുകൊണ്ട് അവര്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഏശയ്യാ വീണ്ടും പറഞ്ഞിരിക്കുന്നു: 
40: അവര്‍ തങ്ങളുടെ കണ്ണുകള്‍കൊണ്ടു കാണുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും അങ്ങനെ, അവരെന്നിലേക്കു തിരിഞ്ഞ്, ഞാനവരെ സുഖപ്പെടുത്തുകയുംചെയ്യാതിരിക്കേണ്ടതിന് അവിടുന്നവരുടെ കണ്ണുകളെ അന്ധമാക്കുകയും ഹൃദയത്തെ കഠിനമാക്കുകയും ചെയ്തു. 
41: അവന്റെ മഹത്വം കാണുകയും അവനെപ്പറ്റി സംസാരിക്കുകയും ചെയ്തതുകൊണ്ടാണ് ഏശയ്യാ ഇങ്ങനെ പ്രസ്താവിച്ചത്.
42: എന്നിട്ടും, അധികാരികളില്‍പ്പോലും അനേകര്‍ അവനില്‍ വിശ്വസിച്ചു. എന്നാല്‍, സിനഗോഗില്‍നിന്നു ബഹിഷ്‌കൃതരാകാതിരിക്കാന്‍വേണ്ടി ഫരിസേയരെ ഭയന്ന് അവരാരും അതേറ്റുപറഞ്ഞില്ല. 
43: ദൈവത്തില്‍നിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അവരഭിലഷിച്ചു. 
44: യേശു ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല, എന്നെ അയച്ചവനിലാണു വിശ്വസിക്കുന്നത്.
45: എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു. 
46: എന്നില്‍ വിശ്വസിക്കുന്നവരാരും അന്ധകാരത്തില്‍ വസിക്കാതിരിക്കേണ്ടതിന് ഞാന്‍ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു. 
47: എന്റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും ഞാനവനെ വിധിക്കുന്നില്ല. കാരണം, ഞാന്‍ വന്നിരിക്കുന്നതു ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ്. 
48: എന്നാല്‍, എന്നെ നിരസിക്കുകയും എന്റെ വാക്കുകള്‍ തിരസ്കരിക്കുകയും ചെയ്യുന്നവന് ഒരു വിധികര്‍ത്താവുണ്ട്. ഞാന്‍ പറഞ്ഞ വചനംതന്നെ അന്ത്യദിനത്തില്‍ അവനെ വിധിക്കും. 
49: എന്തെന്നാല്‍, ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്. ഞാനെന്തു പറയണം, എന്തു പഠിപ്പിക്കണമെന്ന് എന്നെ അയച്ച പിതാവുതന്നെ എനിക്കു കല്പന നല്‍കിയിരിക്കുന്നു. 
50: അവിടുത്തെ കല്പന നിത്യജീവനാണെന്നു ഞാനറിയുന്നു. അതിനാല്‍, ഞാന്‍ പറയുന്നതെല്ലാം പിതാവ് എന്നോടു കല്പിച്ചതുപോലെതന്നെയാണ്. 

അദ്ധ്യായം 13

ശിഷ്യന്മാരുടെ പാദം കഴുകുന്നു
1: ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായെന്ന് പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്നേഹിച്ചു; അവസാനംവരെ സ്നേഹിച്ചു. 
2: അത്താഴ സമയത്തു പിശാചു ശിമയോന്റെ പുത്രനായ യൂദാസ് സ്കറിയോത്തായുടെ മനസ്സില്‍ യേശുവിനെ ഒറ്റിക്കൊടുക്കുവാന്‍ തോന്നിച്ചു. 
3: പിതാവു സകലതും തന്റെ കരങ്ങളിലേല്പിച്ചിരിക്കുന്നെന്നും താന്‍ ദൈവത്തില്‍നിന്നു വരുകയും ദൈവത്തിങ്കലേക്കുപോവുകയും ചെയ്യുന്നെന്നും യേശു അറിഞ്ഞു. 
4: അത്താഴത്തിനിടയില്‍ അവനെഴുന്നേറ്റ്, മേലങ്കി മാറ്റി, ഒരു തൂവാലയെടുത്ത് അരയില്‍ കെട്ടി. 
5: അനന്തരം, ഒരു താലത്തില്‍ വെള്ളമെടുത്തു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ ചുറ്റിയിരുന്ന തൂവാലകൊണ്ടു തുടയ്ക്കാനും തുടങ്ങി. 
6: അവന്‍ ശിമയോന്‍ പത്രോസിന്റെ അടുത്തെത്തി. പത്രോസ് അവനോടു ചോദിച്ചു: കര്‍ത്താവേ, നീ എന്റെ കാല്‍ കഴുകുകയോ? 
7: യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീയറിയുന്നില്ല; എന്നാല്‍ പിന്നീടറിയും. 
8: പത്രോസ് പറഞ്ഞു: നീയൊരിക്കലും എന്റെ പാദം കഴുകരുത്. യേശു പറഞ്ഞു: ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്കെന്നോടുകൂടെ പങ്കില്ല. 
9: ശിമയോന്‍ പത്രോസ് പറഞ്ഞു: കര്‍ത്താവേ, എങ്കില്‍ എന്റെ പാദങ്ങള്‍ മാത്രമല്ല, കരങ്ങളും ശിരസ്സുംകൂടി കഴുകണമേ!
10: യേശു പ്രതിവചിച്ചു: കുളികഴിഞ്ഞവന്റെ കാലുകള്‍ മാത്രമേ കഴുകേണ്ടതുള്ളു. അവന്‍ മുഴുവന്‍ ശുചിയായിരിക്കും. നിങ്ങളും ശുദ്ധിയുള്ളവരാണ്; എന്നാല്‍ എല്ലാവരുമല്ല. 
11: തന്നെ ഒറ്റിക്കൊടുക്കുന്നവന്‍ ആരാണെന്ന് അവനറിഞ്ഞിരുന്നു; അതുകൊണ്ടാണ് നിങ്ങളിലെല്ലാവരും ശുദ്ധിയുള്ളവരല്ലെന്ന് അവന്‍ പറഞ്ഞത്. 
12: അവരുടെ പാദങ്ങള്‍ കഴുകിയതിനുശേഷം അവന്‍ മേലങ്കി ധരിച്ച്, സ്വസ്ഥാനത്തിരുന്ന് അവരോടു പറഞ്ഞു: ഞാനെന്താണു നിങ്ങള്‍ക്കു ചെയ്തതെന്നു നിങ്ങളറിയുന്നുവോ? 
13: നിങ്ങള്‍ എന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാന്‍ ഗുരുവും കര്‍ത്താവുമാണ്. 
14: നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം. 
15: എന്തെന്നാല്‍, ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്‍കിയിരിക്കുന്നു. 
16: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഭൃത്യന്‍ യജമാനനെക്കാള്‍ വലിയവനല്ല; അയയ്ക്കപ്പെട്ടവന്‍ അയച്ചവനെക്കാളും വലിയവനല്ല. 
17: ഈ കാര്യങ്ങളറിഞ്ഞ്, നിങ്ങളിതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ അനുഗൃഹീതര്‍. 
18: നിങ്ങളെല്ലാവരെയുംകുറിച്ചല്ല ഞാനിതു പറയുന്നത്. ഞാന്‍ തെരഞ്ഞെടുത്തവരെ എനിക്കറിയാം. എന്റെ അപ്പം ഭക്ഷിക്കുന്നവന്‍ എനിക്കെതിരേ കുതികാലുയര്‍ത്തിയെന്ന തിരുവെഴുത്തു പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു. 
19: അതു സംഭവിക്കുമ്പോള്‍ ഞാന്‍ തന്നെ എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിനാണു സംഭവിക്കുന്നതിനുമുമ്പുതന്നെ ഞാന്‍ നിങ്ങളോടു പറയുന്നത്. 
20: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാനയയ്ക്കുന്നവനെ സ്വീകരിക്കുന്നവന്‍ എന്നെയാണു സ്വീകരിക്കുന്നത്. എന്നെ സ്വീകരിക്കുന്നവന്‍, എന്നെയയച്ചവനെ സ്വീകരിക്കുന്നു. 

യൂദാസിന്റെ വഞ്ചനയെക്കുറിച്ച്
21: ഇതു പറഞ്ഞപ്പോള്‍ യേശു ആത്മാവിലസ്വസ്ഥനായി. അവന്‍ വ്യക്തമായി പറഞ്ഞു: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളിലൊരുവന്‍ എന്നെ ഒറ്റിക്കൊടുക്കും. 
22: അവന്‍ ആരെപ്പറ്റിപ്പറയുന്നു എന്നറിയാതെ ശിഷ്യന്മാര്‍ ആകുലചിത്തരായി പരസ്പരം നോക്കി. 
23: ശിഷ്യന്മാരില്‍ യേശു സ്നേഹിച്ചിരുന്നവന്‍ അവന്റെ വക്ഷസ്സിലേക്കു ചാരിക്കിടന്നിരുന്നു. 
24: ശിമയോന്‍ പത്രോസ് അവനോട് ആംഗ്യംകാണിച്ചു പറഞ്ഞു: അവന്‍ ആരെപ്പറ്റി പറയുന്നെന്നു ചോദിക്കുക. 
25: യേശുവിന്റെ വക്ഷസ്സില്‍ ചേര്‍ന്നു കിടന്നുകൊണ്ട് അവന്‍ ചോദിച്ചു: കര്‍ത്താവേ, ആരാണത്? 
26: അവന്‍ പ്രതിവചിച്ചു: അപ്പക്കഷണം മുക്കി ഞാനാര്‍ക്കു കൊടുക്കുന്നുവോ അവന്‍തന്നെ. അവന്‍ അപ്പക്കഷണം മുക്കി ശിമയോന്‍ സ്കറിയോത്തായുടെ മകന്‍ യൂദാസിനു കൊടുത്തു. 
27: അപ്പക്കഷണം സ്വീകരിച്ചതിനെത്തുടര്‍ന്ന്, സാത്താന്‍ അവനില്‍ പ്രവേശിച്ചു. യേശു അവനോടു പറഞ്ഞു: നീ ചെയ്യാനിരിക്കുന്നതു വേഗം ചെയ്യുക. 
28: എന്നാല്‍, ഭക്ഷണത്തിനിരുന്നവരിലാരും അവന്‍ ഇതെന്തിനു പറഞ്ഞെന്നറിഞ്ഞില്ല. 
29: പണസഞ്ചി യൂദാസിന്റെ പക്കലായിരുന്നതിനാല്‍, നമുക്കു തിരുനാളിനാവശ്യമുള്ളതു വാങ്ങുകയെന്നോ ദരിദ്രര്‍ക്ക് എന്തെങ്കിലും കൊടുക്കുകയെന്നോ ആയിരിക്കാം യേശു അവനോടാവശ്യപ്പെട്ടതെന്നു ചിലര്‍ വിചാരിച്ചു. 
30: ആ അപ്പക്കഷണം സ്വീകരിച്ച ഉടനെ അവന്‍ പുറത്തു പോയി. അപ്പോള്‍ രാത്രിയായിരുന്നു. 

പുതിയ പ്രമാണം
31: അവന്‍ പുറത്തുപോയിക്കഴിഞ്ഞപ്പോള്‍ യേശു പറഞ്ഞു: ഇപ്പോള്‍ മനുഷ്യപുത്രന്‍ മഹത്വപ്പെട്ടിരിക്കുന്നു. അവനില്‍ ദൈവവും മഹത്വപ്പെട്ടിരിക്കുന്നു. 
32: ദൈവം അവനില്‍ മഹത്വപ്പെട്ടുവെങ്കില്‍ ദൈവമവനെ തന്നില്‍ മഹത്വപ്പെടുത്തും; ഉടന്‍തന്നെ മഹത്വപ്പെടുത്തും. 
33: എന്റെ കുഞ്ഞുങ്ങളേ, ഇനി അല്പസമയംകൂടെ ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും. നിങ്ങളെന്നെയന്വേഷിക്കും. എന്നാല്‍, ഞാന്‍ യഹൂദരോടു പറഞ്ഞതുപോലെ ഇപ്പോള്‍ നിങ്ങളോടും പറയുന്നു, ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. 
34: ഞാന്‍ പുതിയൊരു കല്പന നിങ്ങള്‍ക്കു നല്‍കുന്നു. 
35: നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങളെന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരുമറിയും. 

പത്രോസ് ഗുരുവിനെ നിഷേധിക്കും
36: ശിമയോന്‍ പത്രോസ് ചോദിച്ചു: കര്‍ത്താവേ, നീയെവിടേക്കു പോകുന്നു? യേശു പ്രതിവചിച്ചു: ഞാന്‍ പോകുന്നിടത്തേക്ക് ഇപ്പോളെന്നെ അനുഗമിക്കാന്‍ നിനക്കു കഴിയുകയില്ല. എന്നാല്‍, പിന്നീടു നീ അനുഗമിക്കും. 
37: പത്രോസ് പറഞ്ഞു: കര്‍ത്താവേ, ഇപ്പോള്‍ത്തന്നെ നിന്നെ അനുഗമിക്കാന്‍ എനിക്കു കഴിയാത്തതെന്തുകൊണ്ട്? നിനക്കുവേണ്ടി എന്റെ ജീവന്‍ ഞാന്‍ ത്യജിക്കും. 
38: യേശു പ്രതിവചിച്ചു: നീ എനിക്കുവേണ്ടി ജീവന്‍ ത്യജിക്കുമെന്നോ? സത്യംസത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീയെന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയുന്നതുവരെ കോഴി കൂവുകയില്ല. 

അദ്ധ്യായം 14

യേശു പിതാവിലേക്കുള്ള വഴി
1: നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. 
2: എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? 
3: ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലമൊരുക്കിക്കഴിയുമ്പോള്‍ ഞാനായിരിക്കുന്നിടത്തു നിങ്ങളുമായിരിക്കേണ്ടതിനു ഞാന്‍ വീണ്ടുംവന്നു നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും. 
4: ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം. 
5: തോമസ് പറഞ്ഞു: കര്‍ത്താവേ, നീയെവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി, ഞങ്ങളെങ്ങനെയറിയും? 
6: യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
7: നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍മുതല്‍ നിങ്ങളവനെയറിയുന്നു. നിങ്ങളവനെ കാണുകയും ചെയ്തിരിക്കുന്നു. 
8: പീലിപ്പോസ് പറഞ്ഞു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക, ഞങ്ങള്‍ക്കതു മതി. 
9: യേശു പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീയെന്നെ അറിയുന്നില്ലേ? എന്നെക്കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുകയെന്നു നീ പറയുന്നതെങ്ങനെ? 
10: ഞാന്‍ പിതാവിലും പിതാവെന്നിലുമാണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവു തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്. 
11: ഞാന്‍ പിതാവിലും പിതാവെന്നിലുമാണെന്നു ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍. 
12: സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെയടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും. 
13: നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. 
14: എന്റെ നാമത്തില്‍ നിങ്ങളെന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും. 

പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്നു
15: നിങ്ങളെന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്റെ കല്പന പാലിക്കും. 
16: ഞാന്‍ പിതാവിനോടപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍, മറ്റൊരു സഹായകനെ അവിടുന്നു നിങ്ങള്‍ക്കു തരുകയും ചെയ്യും. 
17: ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍, നിങ്ങളവനെ അറിയുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും. 
18: ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെയടുത്തേക്കു വരും. 
19: അല്പ സമയംകൂടി കഴിഞ്ഞാല്‍പ്പിന്നെ, ലോകമെന്നെ കാണുകയില്ല. എന്നാല്‍, നിങ്ങളെന്നെക്കാണും. ഞാന്‍ ജീവിക്കുന്നു; അതിനാല്‍ നിങ്ങളും ജീവിക്കും. 
20: ഞാനെന്റെ പിതാവിലും നിങ്ങളെന്നിലും ഞാന്‍ നിങ്ങളിലുമാണെന്ന് ആദിവസം നിങ്ങളറിയും. 
21: എന്റെ കല്പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവും സ്നേഹിക്കും. ഞാനുമവനെ സ്നേഹിക്കുകയും എന്നെയവനു വെളിപ്പെടുത്തുകയും ചെയ്യും. 
22: യൂദാസ് - യൂദാസ്കറിയോത്തായല്ല - അവനോടു പറഞ്ഞു: കര്‍ത്താവേ, നീ നിന്നെ ഞങ്ങള്‍ക്കു വെളിപ്പെടുത്താന്‍ പോകുന്നു, എന്നാല്‍, ലോകത്തിനു വെളിപ്പെടുത്തുകയില്ലെന്നു പറഞ്ഞതെന്താണ്? 
23: യേശു പ്രതിവചിച്ചു: എന്നെ സ്നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവന്റെയടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും. 
24: എന്നെ സ്നേഹിക്കാത്തവനോ എന്റെ വചനങ്ങള്‍ പാലിക്കുന്നില്ല. നിങ്ങള്‍ ശ്രവിക്കുന്ന ഈ വചനം എന്റേതല്ല; എന്നെയയച്ച പിതാവിന്റേതാണ്. 
25: നിങ്ങളോടുകൂടെ ആയിരിക്കുമ്പോള്‍ത്തന്നെ ഇതു ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു. 
26: എന്നാല്‍, എന്റെ നാമത്തില്‍ പിതാവയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയുംചെയ്യും. 
27: ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ. 
28: ഞാന്‍ പോകുന്നെന്നും വീണ്ടും നിങ്ങളുടെയടുത്തേക്കു വരുമെന്നും ഞാന്‍ പറഞ്ഞതു നിങ്ങള്‍ കേട്ടല്ലോ. നിങ്ങളെന്നെ സ്നേഹിച്ചിരുന്നുവെങ്കില്‍, പിതാവിന്റെയടുത്തേക്കു ഞാന്‍ പോകുന്നതില്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു. എന്തെന്നാല്‍, പിതാവ് എന്നെക്കാള്‍ വലിയവനാണ്. 
29: അതു സംഭവിക്കുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കേണ്ടതിന്, സംഭവിക്കുന്നതിനുമുമ്പുതന്നെ നിങ്ങളോടു ഞാന്‍ പറഞ്ഞിരിക്കുന്നു. 
30: നിങ്ങളോടിനിയും ഞാനധികം സംസാരിക്കുകയില്ല. കാരണം, ഈ ലോകത്തിന്റെ അധികാരി വരുന്നു. എങ്കിലും അവന് എന്റെമേലധികാരമില്ല. 

31: എന്നാല്‍, ഞാന്‍ പിതാവിനെ സ്നേഹിക്കുന്നുവെന്നും അവിടുന്നെന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവര്‍ത്തിക്കുന്നുവെന്നും ലോകമറിയണം. എഴുന്നേല്‍ക്കുവിന്‍, നമുക്ക് ഇവിടെനിന്നുപോകാം