അറുപത്തിരണ്ടാം ദിവസം: ജോഷ്വാ 19 - 21


അദ്ധ്യായം 19


ശിമയോന്‍

1: രണ്ടാമത്തെ നറുക്ക്, ശിമയോന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു വീണു. യൂദാഗോത്രത്തിൻ്റെ അതിര്‍ത്തിക്കുള്ളിലായിരുന്നു അവരുടെ ഓഹരി.
2: അവര്‍ക്കു ലഭിച്ച പ്രദേശങ്ങളിവയാണ്: ബേര്‍ഷബാ, ഷേബാ, മൊളാദാ,
3: ഹാസര്‍, ഷുവാല്‍, ബാലാ, ഏസെ,
4: എത്‌ലോലാദ്, ബഥൂല്‍, ഹോര്‍മാ,
5: സിക്‌ലാഗ്, ബത്മാര്‍കബോത്, ഹാസാര്‍ സൂസ,
6: ബത്‌ലെബാവോത്ത്, ഷരുഹെന്‍ എന്നീ പതിമ്മൂന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
7: ഐന്‍, റിമ്മോണ്‍, എത്തര്‍, ആഷാന്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
8: ബാലാത്‌ബേര്‍നെഗെബിലെ റാമാവരെയുള്ള ഈ പട്ടണങ്ങളും അവയുടെ ചുറ്റുമുള്ള ഗ്രാമങ്ങളും ഇതിലുള്‍പ്പെടുന്നു. ശിമയോന്‍ഗോത്രത്തിനു കുടുംബക്രമമനുസരിച്ചു ലഭിച്ച അവകാശമാണിത്.
9: ശിമയോന്‍ഗോത്രത്തിന്റെ അവകാശം, യൂദായുടെ ദേശത്തിൻ്റെ ഒരു ഭാഗമായിരുന്നു. യൂദാഗോത്രത്തിൻ്റെ ഓഹരി വളരെ വലുതായിരുന്നതിനാലാണ് അവരുടെ അതിര്‍ത്തിക്കുള്ളില്‍ ശിമയോന്‍ഗോത്രത്തിനവകാശം ലഭിച്ചത്.

സെബുലൂണ്‍

10: സെബുലൂണ്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക്, മൂന്നാമത്തെ നറുക്കുവീണു. അവരുടെയതിര്‍ത്തി സാരിദ്‌വരെ നീണ്ടുകിടക്കുന്നു. അവിടെനിന്ന് അതു പടിഞ്ഞാറോട്ടു നീങ്ങി,
11: മാറെയാലില്‍ എത്തി, ദാബേഷെത്തുവരെ ചെന്നു യൊക്ക്‌നെയാമിനു കിഴക്കുള്ള അരുവിവരെയെത്തുന്നു.
12: സാരിദില്‍നിന്നു കിഴക്കോട്ടുള്ള അതിര്‍ത്തി കിസ്‌ലോത്ത് - താബോറിൻ്റെ അതിര്‍ത്തിയിലെത്തുന്നു. അവിടെനിന്നു ദബറാത്തിലേക്കും തുടര്‍ന്നു യാഫിയാവരെയുമെത്തുന്നു.
13: അവിടെനിന്നു കിഴക്കോട്ടുപോയി, ഗത്ത്ഹേഫറിലും എത്ത്കാസീനിലുമെത്തി, റിമ്മോണിലൂടെ നേയായുടെനേരേ തിരിയുന്നു.
14: വീണ്ടും വടക്ക്, ഹന്നാത്തോനിലേക്കു തിരിഞ്ഞ്, ഇഫ്താഫേല്‍ താഴ്‌വരയിലവസാനിക്കുന്നു.
15: കത്താത്ത്, നഹലാല്‍, ഷിമ്‌റോണ്‍, യിദാല, ബേത്‌ലെഹെം എന്നിവ ഉള്‍പ്പെടെ ആകെ പന്ത്രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുമുണ്ടായിരുന്നു.
16: ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുമാണ് സെബുലൂണ്‍ഗോത്രത്തിനു കുടുംബക്രമമനുസരിച്ച് അവകാശമായി ലഭിച്ചത്.

ഇസാക്കര്‍

17: ഇസാക്കര്‍ ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു നാലാമത്തെ നറുക്കുവീണു.
18: അവരുടെ പ്രദേശങ്ങള്‍ ജസ്രേല്‍, കെസുലോത്ത്ഷൂനെം,
19, 20: ഹഫാരായിം, ഷിയോന്‍, അനാഹരത്ത്, റബീത്ത്, കിഷിയോന്‍, ഏബെസ്,
21: റേമെത്ത്, എന്‍ഗന്നീം, എന്‍ഹദ്ദാ, ബത്പാസെസ് എന്നിവയായിരുന്നു.
22: ഇതിൻ്റെയതിര്‍ത്തി താബോര്‍, ഷാഹസുമ, ബത്ഷമെഷ് എന്നിവിടങ്ങളിലെത്തി, ജോര്‍ദ്ദാനില്‍ അവസാനിക്കുന്നു. അങ്ങനെ പതിനാറു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുമുണ്ടായിരുന്നു.
23: ഇസാക്കര്‍ഗോത്രത്തിനു കുടുംബക്രമമനുസരിച്ച് പട്ടണങ്ങളോടും ഗ്രാമങ്ങളോടുംകൂടെ ലഭിച്ച അവകാശമാണിത്.

ആഷേര്‍

24: ആഷേര്‍ ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അഞ്ചാമത്തെ നറുക്കുവീണു.
25: അവരുടെ ദേശം താഴെപ്പറയുന്നവയാണ്: ഹെല്‍ക്കത്, ഹലി, ബഥേന്‍, അക്ഷാഫ്,
26: അല്ലാംമെലക്, അമാദ്, മിഷാല്‍. അതിര്‍ത്തി പടിഞ്ഞാറു കാര്‍മ്മലും ഷിഹോര്‍ ലിബ്‌നത്തും സ്പര്‍ശിക്കുന്നു.
27: അതു കിഴക്കോട്ടു ബത്ദാഗോനിലേക്കു പോയി, നെയീയേലിനും ബത്എമെക്കിനും വടക്കു യിപ്താഹേല്‍താഴ്‌വരയും സെബുലൂണും സ്പര്‍ശിക്കുന്നു. വീണ്ടും വടക്കോട്ടുപോയി, കാബൂല്‍,
28: എബ്രേണ്‍, റഹോബ്, ഹമ്മോന്‍, കാനാ എന്നിവിടങ്ങളിലൂടെ മഹാനഗരമായ സീദോനിലെത്തുന്നു.
29: പിന്നീടത്, റാമായില്‍ കോട്ടകളാല്‍ച്ചുറ്റപ്പെട്ട ടയിര്‍പട്ടണത്തിലെത്തി ഹോസായിലേക്കു തിരിഞ്ഞ്, കടല്‍വരെയെത്തുന്നു. മഹ്‌ലാബ്, അക്സീബ്,
30: ഉമ്മാ, അഫേക്, റഹോബ് ഇവയുള്‍പ്പെടെ ഇരുപത്തിരണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവര്‍ക്കുണ്ടായിരുന്നു.
31: ആഷേര്‍ഗോത്രത്തിനു കുടംബക്രമമനുസരിച്ച്, പട്ടണങ്ങളോടും ഗ്രാമങ്ങളോടുംകൂടെ ലഭിച്ച അവകാശമാണിത്.

നഫ്താലി

32: നഫ്താലി ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് ആറാമത്തെ നറുക്കു വീണു.
33: അവരുടെയതിര്‍ത്തി, ഹേലഫില്‍ സനാമിനിലെ ഓക്കു വൃക്ഷങ്ങളുടെ ഇടയില്‍നിന്നു തുടങ്ങി, അദാമിനെക്കബ്, യബ്‌നേല്‍ എന്നിവിടങ്ങളിലൂടെ ലാക്കും കടന്ന്, ജോര്‍ദ്ദാനിലെത്തുന്നു.
34: അവിടെനിന്നു പശ്ചിമഭാഗത്തുള്ള അസ്‌നോത്ത് തബോറിലേക്കു തിരിഞ്ഞ്, ഹുക്കോക്കിലെത്തി, തെക്കു സെബുലൂണിനെയും പടിഞ്ഞാറ് ആഷേറിനെയും കിഴക്കു ജോര്‍ദ്ദാനുസമീപം യൂദായെയും തൊട്ടുകിടക്കുന്നു.
35: കോട്ടയുള്ള പട്ടണങ്ങള്‍ സിദ്ദിം, സേര്‍, ഹമ്മത്ത, റാക്കത്, കിന്നരോത്ത്,
36, 37: ദമാ, റാമ, ഹാസോര്‍, കേദെഷ്, എദ്‌റേയി, എന്‍ഹാസോര്‍,
38: ഈറോണ്‍, മിഗ്ദലേല്‍, ഹോറെം, ബത്അനാത്ത്, ബത്ഷമെഷ് എന്നിവയാണ്. അങ്ങനെ ആകെ പത്തൊമ്പതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
39: നഫ്താലിഗോത്രത്തിനു കുടുംബക്രമമനുസരിച്ച്, പട്ടണങ്ങളോടും അവയുടെ ഗ്രാമങ്ങളോടുംകൂടെ ലഭിച്ച അവകാശമാണിത്.

ദാന്‍

40: ദാനിൻ്റെ ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക്, ഏഴാമത്തെ നറുക്കുവീണു.
41, 42, 43: അവരുടെ അവകാശം താഴെപ്പറയുന്നതാണ്: സോറ, എഷ്താവോല്‍, യീര്‍ഷമെഷ്, ഷാലാബ്ബിന്‍, അയ്യാലോന്‍, ഇത്‌ലാ, ഏലോന്‍, തിമ്‌ന, എക്രോണ്‍,
44, 45: എല്‍തെക്കേ, ഗിബ്ബത്തോന്‍, ബാലത്, യേഹുദ്, ബനേബെറക്ക്, ഗത്ത്‌റിമ്മോണ്‍,
46: ജോപ്പായ്ക്ക് എതിര്‍വശത്തുകിടക്കുന്ന പ്രദേശവും മേയാര്‍ക്കോന്‍, റാക്കോല്‍ എന്നിവയും.
47: തങ്ങളുടെ ദേശംനഷ്ടപ്പെട്ടപ്പോള്‍, ദാന്‍ഗോത്രം ലേഷെമിനെതിരേ യുദ്ധംചെയ്തു. അതു പിടിച്ചടക്കി, അവരെ നശിപ്പിച്ച്, അതു സ്വന്തമാക്കി, അവിടെ വാസമുറപ്പിച്ചു. പൂര്‍വ്വപിതാവായ ദാനിൻ്റെ ഓര്‍മ്മ നിലനിറുത്താന്‍ ലേഷെമിന് ദാന്‍ എന്നു പേരിട്ടു.
48: ദാന്‍ഗോത്രത്തിനു കുടുംബക്രമമനുസരിച്ച്, ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവകാശമായി ലഭിച്ചു.
49: ഈ സ്ഥലമെല്ലാം അവകാശമായി വീതിച്ചുകഴിഞ്ഞപ്പോള്‍ ഇസ്രായേല്‍മക്കള്‍ നൂനിൻ്റെ മകനായ ജോഷ്വയ്ക്കു തങ്ങളുടെയിടയില്‍ ഒരു ഭാഗം അവകാശമായിക്കൊടുത്തു.
50: അവന്‍ ചോദിച്ച എഫ്രായിമിൻ്റെ മലമ്പ്രദേശത്തുള്ള തിമ്‌നത്ത് സേരാപട്ടണം കര്‍ത്താവിൻ്റെ കല്പനയനുസരിച്ച്, അവനു കൊടുത്തു. അവന്‍ ആ പട്ടണം പുതുക്കിപ്പണിത്, അവിടെ വാസമുറപ്പിച്ചു.
51: പുരോഹിതനായ എലെയാസറും നൂനിൻ്റെ മകനായ ജോഷ്വയും ഇസ്രായേല്‍ജനത്തിൻ്റെ ഗോത്രത്തലവന്മാരും, ഷീലോയില്‍ സമാഗമകൂടാരത്തിൻ്റെ കവാടത്തില്‍ കര്‍ത്താവിൻ്റെ മുമ്പില്‍വച്ച് വീതിച്ചുകൊടുത്ത അവകാശങ്ങളാണിവ. അങ്ങനെയവര്‍ ദേശവിഭജനം പൂര്‍ത്തിയാക്കി.

അദ്ധ്യായം 20


അഭയനഗരങ്ങള്‍

1: കര്‍ത്താവു ജോഷ്വയോടരുളിച്ചെയ്തു: ഇസ്രായേല്‍ജനത്തോടു പറയുക,
2: ഞാന്‍ മോശയോടു കല്പിച്ചതുപോലെ, സങ്കേതനഗരങ്ങള്‍ നിര്‍മ്മിക്കുവിന്‍.
3: ആരെങ്കിലും, അബദ്ധവശാല്‍ ആരെയെങ്കിലും കൊല്ലാനിടയായാല്‍ അവന്, അഭയംതേടാന്‍വേണ്ടിയാണിത്. രക്തത്തിനു പ്രതികാരംചെയ്യുന്നവനില്‍നിന്നു രക്ഷപെടാനുള്ള സങ്കേതമായിരിക്കും അവ.
4: കുറ്റക്കാരന്‍ ഇവയിലേതെങ്കിലും നഗരത്തിലേക്കോടി, കവാടത്തില്‍നിന്ന്, അവിടത്തെ ശ്രേഷ്ഠന്മാരോടു തൻ്റെ കാര്യം വിവരിച്ചു പറയണം. അപ്പോളവര്‍, അവനു വസിക്കാന്‍, പട്ടണത്തില്‍ ഒരു സ്ഥലം നല്‍കണം.
5: അവനവരോടുകൂടെ വസിക്കട്ടെ. രക്തത്തിനു പ്രതികാരംചെയ്യുന്നവന്‍ പിന്തുടര്‍ന്നു വന്നാല്‍, അവര്‍ അഭയാര്‍ത്ഥിയെ അവൻ്റെ കൈകളിലേല്പിക്കരുത്. മുന്‍ശത്രുതയില്ലാതെ, അബദ്ധത്താലാണല്ലോ അവന്‍ വധംനടത്തിയത്.
6: പ്രധാനപുരോഹിതന്‍ മരിക്കുന്നതുവരെയോ താന്‍ സമൂഹസമക്ഷം വിധിക്കപ്പെടുന്നതുവരെയോ അവന്‍ ആ പട്ടണത്തില്‍ താമസിക്കട്ടെ. അതിനുശേഷം അവന്‍ സ്വന്തം പട്ടണത്തിലേക്കും സ്വന്തം ഭവനത്തിലേക്കും തിരിച്ചുപോകട്ടെ.
7: നഫ്താലിയുടെ മലമ്പ്രദേശത്തുള്ള ഗലീലിയിലെ കേദേഷ്, എഫ്രായിംമലമ്പ്രദേശത്തുള്ള ഷെക്കെം, യൂദായിലെ മലമ്പ്രദേശത്തുള്ള കിരിയാത്ത്അര്‍ബാ, ഹെബ്രോണ്‍ എന്നീ പട്ടണങ്ങള്‍ അവര്‍ അഭയനഗരങ്ങളാക്കി.
8: ജറീക്കോയ്ക്കു കിഴക്ക്, ജോര്‍ദ്ദാനു മറുകരയില്‍ റൂബന്‍ഗോത്രക്കാര്‍ക്ക് അവകാശമായി ലഭിച്ച സമതലത്തിലെ ബേസറും ഗാദ്‌ഗോത്രക്കാര്‍ക്ക് ലഭിച്ച ഗിലയാദിലെ റാമോത്തും മനാസ്സെ ഗോത്രത്തിൻ്റെ അവകാശമായ ബാഷാനിലെ ഗോലാനും അവര്‍ തിരഞ്ഞെടുത്തു.
9: അബദ്ധവശാല്‍, ആരെങ്കിലും ഒരാളെക്കൊന്നാല്‍ ഓടിരക്ഷപെടുന്നതിനും സമൂഹസമക്ഷം വിചാരണചെയ്യുന്നതുവരെ രക്തപ്രതികാരകൻ്റെ കരങ്ങളാല്‍ വധിക്കപ്പെടാതിരിക്കുന്നതിനുംവേണ്ടി, ഇസ്രായേല്‍ജനത്തിനും അവരുടെയിടയില്‍ വസിക്കുന്ന പരദേശികള്‍ക്കുമായി നീക്കിവച്ച പട്ടണങ്ങളാണിവ.
                                                                     
അദ്ധ്യായം 21

ലേവ്യരുടെ പട്ടണങ്ങള്‍

1: കാനാന്‍ദേശത്ത്, ഷീലോയില്‍വച്ച് ലേവ്യരുടെ കുടുംബത്തലവന്മാര്‍ എലെയാസറിൻ്റെയും നൂനിൻ്റെ മകന്‍ ജോഷ്വയുടെയും ഇസ്രായേല്‍ഗോത്രങ്ങളുടെ കുടുംബത്തലവന്മാരുടെയും അടുത്തു വന്നു.
2: അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു താമസിക്കാന്‍ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികള്‍ക്കു മേച്ചില്‍സ്ഥലങ്ങളും തരണമെന്നു കര്‍ത്താവു മോശവഴി അരുളിച്ചെയ്തിട്ടുണ്ട്.
3: കര്‍ത്താവിൻ്റെ കല്പനയനുസരിച്ച്, ഇസ്രായേല്‍ തങ്ങളുടെ അവകാശങ്ങളില്‍നിന്നു താഴെപ്പറയുന്ന പട്ടണങ്ങളും മേച്ചില്‍സ്ഥലങ്ങളും ലേവ്യര്‍ക്കു കൊടുത്തു.
4: കൊഹാത്തു കുടുംബങ്ങള്‍ക്കുവേണ്ടി നറുക്കിട്ടു. അതനുസരിച്ച്, പുരോഹിതനായ അഹറോൻ്റെ സന്തതികള്‍ക്ക് യൂദായുടെയും ബഞ്ചമിൻ്റെയും ശിമയോൻ്റെയും ഗോത്രങ്ങളില്‍നിന്ന് പതിമ്മൂന്നു നഗരങ്ങള്‍ ലഭിച്ചു.
5: ശേഷിച്ച കൊഹാത്യര്‍ക്ക് എഫ്രായിമിൻ്റെ ഗോത്രത്തില്‍നിന്നും മനാസ്സെയുടെ അര്‍ദ്ധഗോത്രത്തില്‍നിന്നും പത്തു പട്ടണങ്ങള്‍ നറുക്കനുസരിച്ചു ലഭിച്ചു.
6: ഗര്‍ഷോൻ കുടുംബങ്ങള്‍ക്ക് ഇസാക്കര്‍, ആഷേര്‍, നഫ്താലി എന്നീ ഗോത്രങ്ങളില്‍നിന്നും ബാഷാനില്‍ മനാസ്സെയുടെ അര്‍ദ്ധഗോത്രത്തില്‍നിന്നും പതിമ്മൂന്നു പട്ടണങ്ങള്‍ നറുക്കനുസരിച്ചു ലഭിച്ചു.
7: മെറാറി കുടുംബങ്ങള്‍ക്ക്, റൂബൻ്റെയും ഗാദിൻ്റെയും സെബുലൂണിൻ്റെയും ഗോത്രങ്ങളില്‍നിന്നു പന്ത്രണ്ടു പട്ടണങ്ങള്‍ ലഭിച്ചു.
8: കര്‍ത്താവു മോശവഴി കല്പിച്ചതനുസരിച്ച് ഇസ്രായേല്‍ജനം ഈ പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും നറുക്കിട്ട്‌, ലേവ്യര്‍ക്കു കൊടുത്തു.
9: യൂദായുടെയും ശിമയോൻ്റെയും ഗോത്രങ്ങളില്‍നിന്നു താഴെപ്പറയുന്ന പട്ടണങ്ങള്‍ അവര്‍ക്കു കൊടുത്തു.
10: അവ ലേവ്യഗോത്രത്തില്‍പ്പട്ട കൊഹാത്തു കുടുംബങ്ങളിലൊന്നായ അഹറോൻ്റെ സന്തതികള്‍ക്കാണു കിട്ടിയത്. അവര്‍ക്കാണ് ആദ്യത്തെ നറുക്കുവീണത്.
11: അവര്‍ക്കു യൂദായുടെ മലമ്പ്രദേശത്തുള്ള കിരിയാത്ത്അര്‍ബാ - ഹെബ്രോണ്‍ - ചുറ്റുമുള്ള മേച്ചില്‍സ്ഥലങ്ങളോടുകൂടെ ലഭിച്ചു. അര്‍ബാ അനാക്കിൻ്റെ പിതാവാണ്.
12: എന്നാല്‍, പട്ടണത്തിലെ വയലുകളും അതിൻ്റെ ഗ്രാമങ്ങളും യഫുന്നയുടെ മകനായ കാലെബിനാണ് അവകാശമായിക്കൊടുത്തത്.
13: പുരോഹിതനായ അഹറോൻ്റെ സന്തതികള്‍ക്കു കൊടുത്ത സ്ഥലങ്ങള്‍ താഴെപ്പറയുന്നവയാണ്: അഭയനഗരമായ ഹെബ്രോണ്‍, ലിബ്‌നാ,
14, 15: യത്തീര്‍, എഷംതെമോവ, ഹോലോണ്‍, ദബീര്‍,
16: ആയീന്‍, യൂത്ത, ബത്ഷമെഷ് എന്നീ പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും. അങ്ങനെ ആ രണ്ടു ഗോത്രങ്ങളില്‍നിന്ന് ഒമ്പതു പട്ടണങ്ങള്‍.
17: കൂടാതെ, ബഞ്ചമിന്‍ഗോത്രത്തില്‍നിന്നു ഗിബെയോന്‍, ഗേബ,
18: അനാത്തോത്ത്, അല്‍മോന്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും.
19: പുരോഹിതനായ അഹറോൻ്റെ സന്തതികളുടെ അവകാശം, അങ്ങനെ, പതിമ്മൂന്നു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളുമായിരുന്നു.
20: ലേവിഗോത്രജരായ ഇതര കൊഹാത്തു കുടുംബങ്ങള്‍ക്ക് എഫ്രായിംഗോത്രത്തില്‍നിന്നാണു പട്ടണങ്ങള്‍ നല്കിയത്.
21: അവര്‍ക്കു ലഭിച്ച സ്ഥലങ്ങളിവയാണ്:
22: എഫ്രായിമിൻ്റെ മലമ്പ്രദേശത്തുള്ള അഭയനഗരമായ ഷെക്കെം, ഗേസര്‍,
കിബ്‌സായിം, ബത്‌ഹോറോണ്‍ എന്നീ നാലു പട്ടണങ്ങളും
23: അവയുടെ മേച്ചില്‍സ്ഥലങ്ങളും.
24: ദാന്‍ഗോത്രത്തില്‍നിന്ന് എല്‍തെക്കേ, ഗിബ്ബേഥോന്‍, അയ്യാലോന്‍, ഗത്ത്റിമ്മോണ്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും,
25: മനാസ്സെയുടെ അര്‍ദ്ധഗോത്രത്തില്‍നിന്നു താനാക്, ഗത്ത്‌റിമ്മോണ്‍ എന്നീ രണ്ടു പട്ടണങ്ങളും അവയുടെ മേച്ചില്‍ സ്ഥലങ്ങളും -
26: അങ്ങനെ ശേഷിച്ച കൊഹാത്തു കുടുംബങ്ങള്‍ക്ക്, പത്തു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും ലഭിച്ചു.
27: ലേവിഗോത്രത്തില്‍പ്പെട്ട ഗര്‍ഷോന്‍കുടുംബങ്ങള്‍ക്കു മനാസ്സെയുടെ അര്‍ദ്ധഗോത്രത്തില്‍നിന്നു ബാഷാനിലുള്ള അഭയനഗരമായ ഗോലാന്‍, ബേഷ്‌തെര എന്നീ രണ്ടുപട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും ലഭിച്ചു.
28: ഇസാക്കര്‍ ഗോത്രത്തില്‍നിന്നു കിഷിയോന്‍, ദബേറാത്ത്,
29: യാര്‍മുത്, എന്‍ഗന്നിം എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും ലഭിച്ചു.
30: ആഷേര്‍ ഗോത്രത്തില്‍നിന്നു മിഷാല്‍, അബ്‌ദോന്‍,
31: ഹെല്ക്കത്, റഹോബ് എന്നീ നാലുപട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും ലഭിച്ചു.
32: നഫ്താലിഗോത്രത്തില്‍നിന്നു ഗലീലിയിലുള്ള അഭയനഗരമായ കേദേഷ്, ഹമ്മോത്ത്‌ദോര്‍, കര്‍ത്താന്‍ എന്നീ മൂന്നു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും ലഭിച്ചു.
33: അങ്ങനെ ഗര്‍ഷോന്‍കുടുംബങ്ങള്‍ക്ക് ആകെ പതിമ്മൂന്നു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളുമുണ്ടായിരുന്നു.
34: ലേവ്യരില്‍ ശേഷിച്ച മെറാറികുടുംബങ്ങള്‍ക്ക്, സെബുലൂണ്‍ഗോത്രത്തില്‍നിന്നു യൊക്‌നെയാം, കര്‍ത്താ,
35: ദിംന, നഹലാല്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും നല്കി.
36: റൂബന്‍ഗോത്രത്തില്‍നിന്നു ബേസെര്‍, യാഹാസ്,
37: കെദേമോത്ത്, മേഫാത്ത് എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും നല്കി.
38: ഗാദ്‌ഗോത്രത്തില്‍നിന്ന് അഭയനഗരമായ ഗിലയാദിലെ റാമോത്ത്, മഹനായിം,
39: ഹെഷ്‌ബോണ്‍, യാസെര്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും നല്കി.
40: അങ്ങനെ, ശേഷിച്ച ലേവിഗോത്രജരായ മെറാറികുടുംബങ്ങള്‍ക്ക് ആകെ പന്ത്രണ്ടു പട്ടണങ്ങളാണു ലഭിച്ചത്.
41: ഇസ്രായേല്‍ജനത്തിന്റെ അവകാശഭൂമിയില്‍ ലേവ്യര്‍ക്കു നാല്പത്തിയെട്ടു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളുമാണുണ്ടായിരുന്നത്.
42: ഓരോ പട്ടണത്തിനുചുറ്റും മേച്ചില്‍സ്ഥലവുമുണ്ടായിരുന്നു.

ഇസ്രായേല്‍ക്കാര്‍ ദേശം സ്വന്തമാക്കുന്നു


43: ഇസ്രായേലിനു നല്കുമെന്നു പിതാക്കന്മാരോടു കര്‍ത്താവു വാഗ്ദാനംചെയ്ത ദേശം, അങ്ങനെ അവര്‍ക്കു നല്കി. അവരതു കൈവശമാക്കി, അവിടെ വാസമുറപ്പിച്ചു.
44: കര്‍ത്താവ് അവരുടെ പിതാക്കന്മാരോടു വാഗ്ദാനംചെയ്തിരുന്നതുപോലെ എല്ലാ അതിര്‍ത്തികളിലും അവര്‍ക്കു സ്വസ്ഥത നല്കി. ശത്രുക്കളിലാര്‍ക്കും അവരെയെതിര്‍ക്കാന്‍ സാധിച്ചില്ല. കാരണം, എല്ലാ ശത്രുക്കളെയും കര്‍ത്താവ്, അവരുടെ കൈകളിലേല്പിച്ചുകൊടുത്തു.
45: ഇസ്രായേല്‍ഭവനത്തോടു കര്‍ത്താവുചെയ്ത വാഗ്ദാനങ്ങള്‍ ഒന്നൊഴിയാതെ എല്ലാം നിറവേറി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ