എഴുപത്തിയാറാം ദിവസം: 1 സാമുവേല്‍ 18 - 20


അദ്ധ്യായം 18

ദാവീദും ജോനാഥാനും

1: ദാവീദ്, രാജാവിനോടു സംസാരിച്ചുതീര്‍ന്നപ്പോള്‍ ജോനാഥാൻ്റെ ഹൃദയം അവൻ്റെ ഹൃദയത്തോടൊട്ടിച്ചേര്‍ന്നു. ജോനാഥനവനെ പ്രാണതുല്യം സ്‌നേഹിച്ചു. 
2: സാവൂളവനെ പിതൃഭവനത്തിലേക്കു തിരിച്ചയയ്ക്കാതെ അവിടെത്താമസിപ്പിച്ചു. 
3: ജോനാഥാന്‍ ദാവീദിനെ പ്രാണതുല്യം സ്‌നേഹിച്ചതിനാല്‍, അവനുമായി ഒരുടമ്പടിയുണ്ടാക്കി. 
4: അവന്‍ തൻ്റെ മേലങ്കിയൂരി ദാവീദിനെയണിയിച്ചുതൻ്റെ പടച്ചട്ടയും വാളും വില്ലും അരക്കച്ചയും അവനു കൊടുത്തു. 
5: സാവൂള്‍ അയയ്ക്കുന്നിടത്തൊക്കെപ്പോയി, ദാവീദ് കാര്യങ്ങളെല്ലാം നന്നായി നടത്തിപ്പോന്നു. അതുകൊണ്ട്സാവൂള്‍ അവനെ പടത്തലവനാക്കി. ഇതു ജനത്തിനും സാവൂളിൻ്റെ ഭൃത്യര്‍ക്കുമിഷ്ടപ്പെട്ടു.

സാവൂളിൻ്റെ അസൂയ

6ദാവീദ് ഗോലിയാത്തിനെ സംഹരിച്ചതിനുശേഷം അവര്‍ മടങ്ങിവരുമ്പോള്‍ ഇസ്രായേലിലെ എല്ലാ നഗരങ്ങളിലും സ്ത്രീകള്‍ തപ്പും മറ്റുവാദ്യങ്ങളുമായി ആടിപ്പാടി സന്തോഷത്തോടെ സാവൂളിനെയെതിരേറ്റു.
7: അവര്‍ സന്തോഷംകൊണ്ടു മതിമറന്നു പാടി: സാവൂള്‍ ആയിരങ്ങളെക്കൊന്നു. ദാവീദ് പതിനായിരങ്ങളേയും. ഇതു സാവൂളിനിഷ്ടപ്പെട്ടില്ല.
8: കോപാകുലനായി അവന്‍ പറഞ്ഞു: അവര്‍ ദാവീദിനു പതിനായിരങ്ങള്‍ കൊടുത്തുഎനിക്കോ ആയിരങ്ങളും. ഇനി രാജത്വമല്ലാതെ എന്താണവനു കിട്ടാനുള്ളത്
9: അന്നുമുതല്‍ സാവൂള്‍ ദാവീദിനെ സംശയദൃഷ്ടിയോടെ വീക്ഷിക്കാന്‍ തുടങ്ങി. 
10: പിറ്റേദിവസം ദൈവമയച്ച ഒരു ദുരാത്മാവു സാവൂളില്‍ പ്രവേശിച്ചു. അവന്‍ കൊട്ടാരത്തിനുള്ളില്‍ ഭ്രാന്തനെപ്പോലെ പുലമ്പിക്കൊണ്ടിരുന്നു. ദാവീദാകട്ടെപതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നുസാവൂളിൻ്റെ കൈയില്‍ ഒരു കുന്തമുണ്ടായിരുന്നു. 
11: ദാവീദിനെ ചുമരോടുചേര്‍ത്തു തറയ്ക്കാനുദ്ദേശിച്ചുകൊണ്ട് സാവൂള്‍ കുന്തമെറിഞ്ഞു. ദാവീദ് രണ്ടു പ്രാവശ്യമൊഴിഞ്ഞുമാറി.
12: കര്‍ത്താവു തന്നെവിട്ടു ദാവീദിനോടുകൂടെയാണെന്നറിഞ്ഞപ്പോള്‍ അവന്‍ ദാവീദിനെ ഭയപ്പെട്ടു.
13: സാവൂള്‍ അവനെ തൻ്റെയടുക്കല്‍നിന്നകറ്റി ഒരു സഹസ്രാധിപനാക്കി. അവനവരെ നയിച്ചു. 
14: കര്‍ത്താവുകൂടെയുണ്ടായിരുന്നതിനാല്‍ എല്ലാ ഉദ്യമങ്ങളിലും ദാവീദ് വിജയം വരിച്ചു. 
15: ദാവീദിൻ്റെ വിജയംകണ്ടു സാവൂള്‍ കൂടുതല്‍ ഭയപ്പെട്ടു. 
16: എന്നാല്‍, ഇസ്രായേലിലും യൂദായിലുമുള്ളവര്‍ ദാവീദിനെ സ്‌നേഹിച്ചുഅവന്‍, അവരുടെ സമര്‍ത്ഥനായ നേതാവായിരുന്നു. 
17: സാവൂള്‍ ദാവീദിനോടു പറഞ്ഞു: ഇതാ എൻ്റെ മൂത്ത മകള്‍ മേരബ്. അവളെ നിനക്കു ഞാന്‍ ഭാര്യയായി നല്കാം. ധീരോചിതമായി നീ എനിക്കുവേണ്ടി കര്‍ത്താവിൻ്റെ യുദ്ധംനടത്തിയാല്‍ മതി. തൻ്റെ കൈയല്ലഫിലിസ്ത്യരുടെ കൈ അവൻ്റെമേല്‍ പതിക്കട്ടെയെന്ന് അവന്‍ വിചാരിച്ചു. 
18: ദാവീദ് സാവൂളിനോടു ചോദിച്ചു: രാജാവിൻ്റെ ജാമാതാവാകാന്‍ ഞാനാരാണ്ഇസ്രായേലില്‍ എൻ്റെ പിതൃഭവനത്തിനും ഉററവര്‍ക്കും എന്തുസ്ഥാനമാണുള്ളത്
19: എന്നാല്‍, മേരബിനെ ദാവീദിനു ഭാര്യയായിക്കൊടുക്കേണ്ട സമയമായപ്പോള്‍ സാവൂളവളെ മെഹോലാത്യനായ അദ്രിയേലിനു നല്കുകയാണു ചെയ്തത്. 
20: സാവൂളിൻ്റെ മകള്‍ മിഖാല്‍ ദാവീദിനെ സ്‌നേഹിച്ചു. 
21: സാവൂളതറിഞ്ഞു. അവനതിഷ്ടമായി. അവളവനൊരു കെണിയായിത്തീരുന്നതിനുംഫിലിസ്ത്യര്‍ അവനെതിരേ തിരിയുന്നതിനുംവേണ്ടി അവളെ ഞാനവനു നല്കുമെന്നു രാജാവു വിചാരിച്ചു. അതിനാല്‍, സാവൂള്‍ ദാവീദിനോടു രണ്ടാംപ്രാവശ്യം പറഞ്ഞു: നീ എൻ്റെ ജാമാതാവാകണം. 
22: സാവൂള്‍ ഭൃത്യന്മാരോടു കല്പിച്ചു: നിങ്ങള്‍ രഹസ്യമായി ദാവീദിനോട് ഇങ്ങനെ പറയണംഇതാ രാജാവു നിന്നില്‍ സംപ്രീതനായിരിക്കുന്നു. അവൻ്റെ ഭൃത്യന്മാരെല്ലാവരും നിന്നെ സ്‌നേഹിക്കുന്നു. ആകയാല്‍, നീ രാജാവിൻ്റെ മരുമകനായിത്തീരണം. 
23: സാവൂളിൻ്റെ ഭൃത്യന്മാര്‍ അതു ദാവീദിൻ്റെ ചെവിയില്‍ മന്ത്രിച്ചു. അവന്‍ ചോദിച്ചു: ദരിദ്രനും അപ്രശസ്തനുമായ ഞാന്‍ രാജാവിൻ്റെ മരുമകനാവുകയെന്നത് അത്ര നിസ്സാരമാണെന്നു നിങ്ങള്‍ കരുതുന്നുവോ
24: ഭൃത്യന്മാര്‍ ദാവീദ് പറഞ്ഞവിവരം അതേപടി സാവൂളിനെറിയിച്ചു. 
25: സാവൂള്‍ കല്പിച്ചു: നിങ്ങള്‍ ദാവീദിനോട് ഇപ്രകാരം പറയണംതൻ്റെ ശത്രുക്കളോടുള്ള പ്രതികാരമായി ഫിലിസ്ത്യരുടെ നൂറ് അഗ്രചര്‍മ്മമല്ലാതെ രാജാവു യാതൊരു വിവാഹസമ്മാനവുമാഗ്രഹിക്കുന്നില്ല. അങ്ങനെ ദാവീദിനെ ഫിലിസ്ത്യരുടെ കൈകളിലകപ്പെടുത്താമെന്നു സാവൂള്‍ വിചാരിച്ചു. 
26: ഭൃത്യന്മാര്‍ ദാവീദിനെ ഇതറിയിച്ചപ്പോള്‍, രാജാവിൻ്റെ മരുമകനാകുന്നത് അവനിഷ്ടമായി. 
27: നിശ്ചിത സമയത്തിനുള്ളില്‍ ദാവീദ് തൻ്റെ പടയാളികളോടൊത്തു പുറപ്പെട്ടുചെന്നു ഫിലിസ്ത്യരില്‍ ഇരുനൂറുപേരെ കൊന്നു. രാജാവിൻ്റെ മരുകനാകുന്നതിനുവേണ്ടി അവന്‍, അവരുടെ അഗ്രചര്‍മ്മം രാജാവിനെ എണ്ണിയേല്പിച്ചു. സാവൂള്‍ മിഖാലിനെ ദാവീദിനു ഭാര്യയായിക്കൊടുത്തു. 
28: കര്‍ത്താവു ദാവീദിനോടുകൂടെയാണെന്നും മിഖാല്‍ അവനെ സ്‌നേഹിക്കുന്നെന്നും കണ്ടപ്പോൾ 
29: സാവൂളവനെ കൂടുതല്‍ ഭയപ്പെട്ടു. അങ്ങനെയവന്‍ ദാവീദിൻ്റെ നിത്യശത്രുവായി. 
30: ഫിലിസ്ത്യ പ്രഭുക്കന്മാര്‍ യുദ്ധത്തിനു വന്നു. അവര്‍ വന്നപ്പോഴൊക്കെ സാവൂളിൻ്റെ സകല ഭൃത്യന്മാരെയുംകാള്‍ ദാവീദ് വിജയശ്രീലാളിതനായി. തന്മൂലം അവൻ്റെ നാമം വിശ്രുതമായിത്തീര്‍ന്നു.

അദ്ധ്യായം 19

ദാവീദിനെ വധിക്കാന്‍ ശ്രമം
1: ദാവീദിനെ കൊന്നുകളയണമെന്നു സാവൂള്‍ ജോനാഥാനോടും ഭൃത്യന്മാരോടും കല്പിച്ചു. എന്നാല്‍, സാവൂളിൻ്റെ മകന്‍ ജോനാഥാന്‍ ദാവീദിനെ വളരെയധികം സ്‌നേഹിച്ചിരുന്നു. 
2: ജോനാഥാന്‍ ദാവീദിനോടു പറഞ്ഞു: എൻ്റെ പിതാവ് സാവൂള്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ നാളെ രാവിലെ നീ എവിടെയെങ്കിലുംപോയി കരുതലോടെ ഒളിച്ചിരിക്കുക. 
3: നീ ഒളിച്ചിരിക്കുന്ന വയലില്‍വന്ന് എൻ്റെ പിതാവിനോടു നിന്നെപ്പറ്റി ഞാന്‍ സംസാരിക്കാംഎന്തെങ്കിലുമറിഞ്ഞാല്‍ നിന്നോടു പറയാം. 
4: ജോനാഥാന്‍, തൻ്റെ പിതാവു സാവൂളിനോടു ദാവീദിനെപ്പറ്റി നന്നായി സംസാരിച്ചു. അവന്‍ പറഞ്ഞു: ദാസനായ ദാവീദിനോടു രാജാവു തിന്മ പ്രവര്‍ത്തിക്കരുതേ! അവനങ്ങയോടു തിന്മ പ്രവര്‍ത്തിച്ചിട്ടില്ല. അവൻ്റെ പ്രവൃത്തികള്‍ അങ്ങേയ്ക്കു ഗുണകരമായിരുന്നതേയുള്ളു. 
5: അവന്‍ സ്വജീവനെയവഗണിച്ചുപോലും ഗോലിയാത്തിനെ വധിച്ചുമഹത്തായ വിജയം കര്‍ത്താവ് ഇസ്രായേല്യര്‍ക്കു നല്കി. അതുകണ്ട് അങ്ങു സന്തോഷിച്ചതാണ്. അകാരണമായി ദാവീദിനെക്കൊന്ന്നിഷ്‌കളങ്കരക്തംചൊരിഞ്ഞ്പാപംചെയ്യുന്നതെന്തിന്?
6: സാവൂള്‍ ജോനാഥാൻ്റെ വാക്കുകേട്ടുദാവീദിനെ കൊല്ലുകയില്ലെന്നു കര്‍ത്താവിൻ്റെ നാമത്തില്‍ ശപഥംചെയ്തു.
7: ജോനാഥാന്‍ ദാവീദിനെ വിളിച്ച് ഇതറിയിച്ചു. അവന്‍ ദാവീദിനെ സാവൂളിൻ്റെയടുക്കല്‍ കൊണ്ടുവന്നു. ദാവീദ് മുമ്പത്തെപ്പോലെ അവനെ സേവിച്ചു.
8: വീണ്ടും യുദ്ധമുണ്ടായിദാവീദ് ഫിലിസ്ത്യരോടു പടവെട്ടിവളരെപ്പേരെ വധിച്ചു. അവര്‍ തോറ്റോടി. 
9: കര്‍ത്താവയച്ച ദുരാത്മാവ്, സാവൂളിൻ്റെമേലാവസിച്ചു. അവന്‍ കൈയിലൊരു കുന്തവുമായി കൊട്ടാരത്തിലിരിക്കുകയായിരുന്നു. ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.
10: സാവൂള്‍ അവനെ കുന്തംകൊണ്ടു ചുമരോടുചേര്‍ത്തു തറയ്ക്കാന്‍ ശ്രമിച്ചു. അവനൊഴിഞ്ഞുമാറി. കുന്തം ചുമരില്‍ തറഞ്ഞുകയറി. ദാവീദ് ഓടിരക്ഷപെട്ടു.
11: ദാവീദിനെ രാവിലെ കൊല്ലാന്‍ കാത്തുനില്‍ക്കേണ്ടതിന് അവൻ്റെ താമസസ്ഥലത്തേക്ക് ആ രാത്രിയില്‍ സാവൂള്‍ ദൂതന്മാരെയയച്ചു. എന്നാല്‍, അവൻ്റെ ഭാര്യ മിഖാല്‍ പറഞ്ഞു: ഈ രാത്രി രക്ഷപെട്ടില്ലെങ്കില്‍ നാളെ അങ്ങു വധിക്കപ്പെടും. 
12: ജനല്‍വഴി ഇറങ്ങിപ്പോകാന്‍ മിഖാല്‍ ദാവീദിനെ സഹായിച്ചുഅങ്ങനെ അവന്‍ ഓടി രക്ഷപെട്ടു.
13: മിഖാല്‍ ഒരു ബിംബമെടുത്തു കട്ടിലിൽക്കിടത്തി. തലയ്ക്കല്‍ ആട്ടിന്‍രോമംകൊണ്ടുള്ള തലയണവച്ച്തുണികൊണ്ടു പുതപ്പിച്ചു.
14: സാവൂള്‍ ദാവീദിനെ പിടിക്കാന്‍ ദൂതന്മാരെ അയച്ചപ്പോള്‍ അവന്‍ സുഖമില്ലാതെ കിടക്കുകയാണെന്ന് അവള്‍ പറഞ്ഞു.
15: അവനെ കൊല്ലാന്‍വേണ്ടി കിടക്കയോടെ തൻ്റെയടുക്കല്‍ കൊണ്ടുവരാന്‍ സാവൂള്‍ ദൂതന്മാരെ അയച്ചു. 
16: ദൂതന്മാര്‍ അകത്തുകടന്നപ്പോള്‍ കട്ടിലില്‍ ഒരു ബിംബവും തലയ്ക്കല്‍ ആട്ടിന്‍രോമംകൊണ്ടൊരു തലയിണയുമാണു കണ്ടത്. 
17: സാവൂള്‍ മിഖാലിനോടു ചോദിച്ചു: എൻ്റെ ശത്രു ഓടിരക്ഷപെടാന്‍ അനുവദിച്ചുകൊണ്ട് നീയെന്തിനാണ് എന്നെയിങ്ങനെ വഞ്ചിച്ചത്മിഖാല്‍ സാവൂളിനോടു പ്രതിവചിച്ചു: നിന്നെ ഞാന്‍ കൊല്ലാതിരിക്കണമെങ്കില്‍ എന്നെ വിട്ടയ്ക്കുകയെന്ന് അവനെന്നോടു പറഞ്ഞു.
18: ദാവീദ് ഓടിരക്ഷപെട്ടു. അവന്‍ റാമായില്‍ സാമുവലിൻ്റെയടുക്കലെത്തി. സാവൂള്‍ തന്നോടു പ്രവര്‍ത്തിച്ചതെല്ലാം അവനോടു പറഞ്ഞു. ദാവീദും സാമുവലും നായോത്തില്‍ച്ചെന്നു പാര്‍ത്തു.
19: ദാവീദ് റാമായിലെ നായോത്തിലുണ്ടെന്ന് സാവൂളിനറിവു കിട്ടി.
20: ദാവീദിനെപ്പിടിക്കാന്‍ അവന്‍ ദൂതന്മാരെ അയച്ചു. ഒരു സംഘം പ്രവാചകന്മാര്‍ പ്രവചിക്കുന്നതും സാമുവല്‍ അവരുടെ നേതാവായി ഇരിക്കുന്നതും സാവൂളിൻ്റെ ഭൃത്യന്മാര്‍ കണ്ടപ്പോള്‍, അവരുടെമേലും കര്‍ത്താവിൻ്റെയാത്മാവ് ആവസിക്കുകയും അവര്‍ പ്രവചിക്കുകയും ചെയ്തു.
21: സാവൂള്‍ ഇതറിഞ്ഞപ്പോള്‍ വേറെ ദൂതന്മാരെയയച്ചു. അവരും പ്രവചിക്കാന്‍ തുടങ്ങി. മൂന്നാമതും അവന്‍ ദൂതന്മാരെ അയച്ചുഅവരും പ്രവചിച്ചു. 
22: അവസാനംസാവൂള്‍ നേരിട്ടു റാമായിലേക്കു പുറപ്പെട്ടു. സെക്കുയിലുള്ള വലിയ കിണറ്റിന്‍കരയിലെത്തി സാമുവലും ദാവീദും എവിടെയെന്നന്വേഷിച്ചു. അവര്‍ റാമായിലുള്ള നായോത്തിലുണ്ടെന്ന് ഒരാള്‍ പറഞ്ഞു,
23: അവനങ്ങോട്ടുപോയി. കര്‍ത്താവിൻ്റെയാത്മാവ് അവൻ്റെമേലും ആവസിച്ചു. റാമായിലെ നായോത്തിലെത്തുന്നതുവരെ അവന്‍ പ്രവചിച്ചുകൊണ്ടിരുന്നു.
24: അവനും പ്രവചിച്ചുകൊണ്ട് സാമുവലിൻ്റെമുമ്പാകെ ആ രാത്രിയും പകലും വിവസ്ത്രനായിക്കിടന്നു. സാവൂളും പ്രവാചകനോ എന്ന പഴമൊഴിക്ക് ഇതുകാരണമായി. 

അദ്ധ്യായം 20

ജോനാഥാന്‍ സഹായിക്കുന്നു

1: ദാവീദ് റാമായിലെ നായോത്തില്‍നിന്നോടി ജോനാഥാൻ്റെയടുത്തെത്തി ചോദിച്ചു: ഞാനെന്തുചെയ്തുഎന്താണെൻ്റെ കുറ്റംഎന്നെ കൊല്ലാന്മാത്രം എന്തു പാപമാണു നിൻ്റെ പിതാവിനെതിരേ ഞാന്‍ ചെയ്തത്?
2: ജോനാഥാന്‍ പറഞ്ഞു: അങ്ങനെ സംഭവിക്കാതിരിക്കട്ടെ. നീ മരിക്കുകയില്ല. എന്നെയറിയിക്കാതെ ഒരു കാര്യവും ചെറുതായാലും വലുതായാലും എൻ്റെ പിതാവു ചെയ്യുകയില്ല. പിന്നെയെന്തിന് പിതാവിക്കാര്യം എന്നില്‍നിന്നു മറച്ചുവയ്ക്കുന്നുഅങ്ങനെ സംഭവിക്കുകയില്ല. 
3: ദാവീദ് പറഞ്ഞു: നിനക്കെന്നോടിഷ്ടമാണെന്നു നിൻ്റെ പിതാവിനു നന്നായറിയാം. അതിനാല്‍ നീ ദുഃഖിക്കാതിരിക്കാന്‍ ഇക്കാര്യമറിയേണ്ടെന്ന് അവന്‍ വിചാരിച്ചുകാണും. നീയാണേജീവനുള്ള കര്‍ത്താവാണേഞാന്‍ പറയുന്നുഞാനും മരണവും തമ്മില്‍ ഒരടിയകലമേയുള്ളു.
4: ജോനാഥാനവനോടു പറഞ്ഞു: നീ ആവശ്യപ്പെടുന്നതെന്തും നിനക്കുവേണ്ടി ഞാന്‍ ചെയ്യാം.
5: ദാവീദ് പറഞ്ഞു: നാളെ അമാവാസിയാണ്പതിവനുസരിച്ച് ഞാന്‍ രാജാവിനോടൊത്തു ഭക്ഷണത്തിനിരിക്കേണ്ടതാണ്. പക്ഷേമൂന്നാംനാള്‍ വൈകുന്നേരംവരെ വയലിലൊളിച്ചിരിക്കാന്‍ എന്നെയനുവദിക്കണം.
6: നിൻ്റെ പിതാവ്, എന്നെത്തിരക്കിയാല്‍ ദാവീദ് തൻ്റെ കുടുംബംമുഴുവനുംചേര്‍ന്നുള്ള വാര്‍ഷികബലിക്കു ബേത്ലെഹെമില്‍പോകാന്‍ അനുമതിക്കായി കേണപേക്ഷിച്ചുവെന്നു പറയണം.
7: അവനതുകേട്ടു തൃപ്തനായാല്‍ ഈ ദാസൻ്റെ ഭാഗ്യംകുപിതനായാല്‍, എന്നോടു തിന്മചെയ്യാന്‍ ഉറച്ചിരിക്കുന്നുവെന്നു മനസ്സിലാക്കാം. 
8: ആകയാല്‍, ഈ ദാസനോടു കരുണകാണിക്കണം. നമ്മള്‍തമ്മില്‍ കര്‍ത്താവിൻ്റെ നാമത്തില്‍ ഒരുടമ്പടിയുണ്ടാക്കിയിട്ടുണ്ടല്ലോ. ഞാന്‍ കുറ്റക്കാരനാണെങ്കില്‍ നീതന്നെ എന്നെക്കൊല്ലുക. എന്തിനാണു നിൻ്റെ പിതാവിൻ്റെയടുക്കലേക്ക് എന്നെക്കൊണ്ടുപോകുന്നത്?
9: ജോനാഥാന്‍ പറഞ്ഞു: അതു സംഭവിക്കാതിരിക്കട്ടെ! എൻ്റെ പിതാവു നിന്നെ ദ്രോഹിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നറിഞ്ഞാല്‍ ഞാന്‍ നിന്നോടു പറയാതിരിക്കുമോ?
10: അപ്പോള്‍ ദാവീദ് ജോനാഥാനോടു ചോദിച്ചു: നിൻ്റെ പിതാവു പരുഷമായിട്ടാണു സംസാരിക്കുന്നതെങ്കില്‍, അക്കാര്യം ആരെന്നെ അറിയിക്കും?
11: വരുകനമുക്കു വയലിലേക്കുപോകാമെന്നു ജോനാഥാന്‍ പറഞ്ഞുഅവരിരുവരും പോയി.
12: ജോനാഥാന്‍ ദാവീദിനോടു പറഞ്ഞു: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവാണേനാളെയോ മറ്റെന്നാളോഈ സമയത്ത് ഞാനെൻ്റെ പിതാവിനോടു ചോദിക്കുകയും അവന്‍ നിനക്കനുകൂലമാണെന്നു കണ്ടാല്‍, ഞാന്‍ വിവരമറിയിക്കുകയും ചെയ്യും.
13: നിന്നെ ദ്രോഹിക്കാനാണ് എൻ്റെ പിതാവിൻ്റെ തീരുമാനമെങ്കില്‍ അതറിയിച്ച് നിന്നെ ഞാന്‍ സുരക്ഷിതനായി പറഞ്ഞയയ്ക്കും. അല്ലെങ്കില്‍, കര്‍ത്താവെന്നെ ശിക്ഷിക്കട്ടെ! കര്‍ത്താവെൻ്റെ പിതാവിനോടുകൂടെയായിരുന്നതു പോലെ നിന്നോടുകൂടെയുമായിരിക്കട്ടെ!
14: ഞാന്‍ ജീവിച്ചിരുന്നാല്‍, കര്‍ത്താവിൻ്റെ നാമത്തില്‍ എന്നോടു കാരുണ്യം കാണിക്കണംമരിച്ചാല്‍
15: എൻ്റെ കുടുംബത്തോടു നിനക്കുള്ള കൂറ് ഒരിക്കലും നഷ്ടപ്പെടുത്തരുത്.
16: കര്‍ത്താവു ദാവീദിൻ്റെ ശത്രുക്കളെയെല്ലാം ഭൂമുഖത്തുനിന്ന് ഉന്മൂലനംചെയ്യുമ്പോള്‍ ജോനാഥാൻ്റെ നാമം ദാവീദിൻ്റെ കുടുംബത്തില്‍നിന്നു വിച്ഛേദിക്കരുതേ! നിൻ്റെ ശത്രുക്കളോടു കര്‍ത്താവു പകരംചോദിക്കട്ടെ.
17: ദാവീദിനു തന്നോടുള്ള സ്‌നേഹത്തിൻ്റെപേരില്‍ ജോനാഥാന്‍ അവനെക്കൊണ്ടു സത്യംചെയ്യിച്ചുഅവന്‍ ദാവീദിനെ പ്രാണനുതുല്യം സ്‌നേഹിച്ചിരുന്നു.
18: ജോനാഥാന്‍ അവനോടു പറഞ്ഞു: നാളെ അമാവാസിയാണ്. ശൂന്യമായ നിൻ്റെ ഇരിപ്പിടം നിൻ്റെ അഭാവം അറിയിക്കും.
19: മറ്റെന്നാള്‍ നിന്റെ അസാന്നിധ്യം കൂടുതല്‍ ശ്രദ്ധിക്കപ്പെടും. അന്നു നീ ഒളിച്ചിരുന്നസ്ഥലത്ത് കല്‍ക്കൂമ്പാരത്തിനുസമീപം മറഞ്ഞിരിക്കണം.
20: അതിൻ്റെ ഒരുവശത്തേക്കു മൂന്നമ്പ്, ഉന്നം നോക്കി ഞാനെയ്യും.
21: പോയി അമ്പെടുത്തുകൊണ്ടുവരുക എന്നുപറഞ്ഞ്, ഒരു കുട്ടിയെ ഞാനങ്ങോട്ടയയ്ക്കും. അമ്പു നിൻ്റെ ഇപ്പുറത്താണ്എടുത്തുകൊണ്ടു വരുക എന്നു പറഞ്ഞു കുട്ടിയെ അയച്ചാല്‍, നിനക്കെഴുന്നേറ്റു വരാംനീ സുരക്ഷിതനാണ്. അപകടമുണ്ടാവുകയില്ലെന്നു കര്‍ത്താവിൻ്റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്യുന്നു.
22: അമ്പ് നിനക്കപ്പുറത്താണെന്നു പറഞ്ഞു കുട്ടിയെ അയച്ചാല്‍ നീ പൊയ്‌ക്കൊള്ളണം. കര്‍ത്താവു നിന്നെ അകലത്തേയ്ക്കയയ്ക്കുകയാണ്.
23: നാം തമ്മില്‍ ഈ പറഞ്ഞതിനു കര്‍ത്താവെന്നും സാക്ഷിയായിരിക്കട്ടെ!
24: ദാവീദ് വയലില്‍പോയി ഒളിച്ചിരുന്നു. അമാവാസിയായിരാജാവു ഭക്ഷണത്തിനിരുന്നു.
25: രാജാവ് പതിവുപോലെ ഭിത്തിയോടുചേര്‍ന്നുള്ള തൻ്റെ ഇരിപ്പിടത്തിലിരുന്നുജോനാഥാന്‍ എതിര്‍വശത്തുംഅബ്‌നേര്‍ സാവൂളിൻ്റെ സമീപത്തും. ദാവീദിൻ്റെ ഇരിപ്പിടമാകട്ടെ ഒഴിഞ്ഞുകിടന്നു.
26: സാവൂള്‍ അന്നൊന്നും പറഞ്ഞില്ല. ദാവീദിന് എന്തോ സംഭവിച്ചിരിക്കണംഒരുപക്ഷേഅവന്‍ അശുദ്ധനാണ്തീര്‍ച്ചയായും അങ്ങനെതന്നെയെന്ന് അവന്‍ കരുതി.
27: അമാവാസിയുടെ പിറ്റേദിവസവും ദാവീദിൻ്റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നു. സാവൂള്‍ പുത്രനായ ജോനാഥാനോടു ചോദിച്ചു: ജസ്സെയുടെ മകന്‍ ഇന്നലെയുമിന്നും ഭക്ഷണത്തിനു വരാത്തതെന്താണ്?
28: ജോനാഥാന്‍ പറഞ്ഞു: ബേത്ലെഹെമിലേക്കു പോകാന്‍ അവനെന്നോട് അനുവാദം ചോദിച്ചിരുന്നു.
29: ഞങ്ങളുടെ ഭവനം നഗരത്തില്‍ ഒരു ബലിയര്‍പ്പിക്കുന്നതിനാല്‍ഞാനവിടെയുണ്ടായിരിക്കണമെന്ന് എൻ്റെ സഹോദരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്ഞാന്‍ പൊയ്‌ക്കൊള്ളട്ടെ. എന്നോടു ദയയുണ്ടെങ്കില്‍ എൻ്റെ സഹോദരന്മാരെ പോയിക്കാണാന്‍ അനുവദിക്കണമെന്ന് അവനപേക്ഷിച്ചു. അതുകൊണ്ടാണു രാജാവിൻ്റെ വിരുന്നിന് അവന്‍ വരാതിരുന്നത്.
30: അപ്പോള്‍ സാവൂളിൻ്റെ കോപം ജോനാഥാനെതിരേ ജ്വലിച്ചു. ദുര്‍വൃത്തയും ദുശ്ശാഠ്യക്കാരിയുമായവളുടെ പുത്രാനീ ജസ്സെയുടെ പുത്രൻ്റെ പക്ഷംചേര്‍ന്നു നിൻ്റെയും നിൻ്റെ അമ്മയുടെയും നാണംകെടുത്തുകയാണെന്ന് എനിക്കറിയാം.
31: അവന്‍ ജീവിച്ചിരിക്കുന്നിടത്തോളംകാലം നിനക്കു രാജാവാകാനോ രാജത്വം സ്ഥാപിക്കാനോ സാധിക്കുകയില്ല. അതുകൊണ്ട്അവനെ ആളയച്ച് എൻ്റെയടുക്കല്‍ പിടിച്ചുകൊണ്ടുവരുക. അവന്‍ മരിക്കണം.
32: ജോനാഥാന്‍ ചോദിച്ചു: എന്തിനവനെ വധിക്കണംഅവനെന്തു ചെയ്തു?
33: സാവൂള്‍ ജോനാഥാനെക്കൊല്ലാന്‍ അവൻ്റെനേരേ കുന്തമെറിഞ്ഞു. ദാവീദിനെ കൊല്ലാന്‍തന്നെ തൻ്റെ പിതാവു തീരുമാനിച്ചിരിക്കയാണെന്ന് അവനു മനസ്സിലായി.
34: അവന്‍ തീന്‍മേശയില്‍നിന്നു കോപത്തോടെ ചാടിയെഴുന്നേറ്റു. അമാവാസിയുടെ പിറ്റേദിവസമായ അന്ന് അവന്‍ ഭക്ഷണമൊന്നും കഴിച്ചില്ല. തൻ്റെ പിതാവു ദാവീദിനെ അപമാനിച്ചതുനിമിത്തം അവന്‍ ദുഃഖിച്ചു.
35: പിറ്റേദിവസം രാവിലെദാവീദുമായി പറഞ്ഞൊത്തിരുന്നതനുസരിച്ച്ജോനാഥാന്‍ ഒരു കുട്ടിയോടൊത്തു വയലിലേക്കു ചെന്നു.
36: ജോനാഥാന്‍ ആ കുട്ടിയോടു പറഞ്ഞു: ഞാനെയ്യുന്ന അമ്പ്, ഓടിച്ചെന്നു കണ്ടെടുക്കുക. കുട്ടി ഓടുമ്പോള്‍ അവൻ്റെ അപ്പുറത്തേക്ക് ഒരമ്പെയ്തു.
37: ജോനാഥാനെയ്ത അമ്പു വീണിടത്തു കുട്ടി ചെന്നപ്പോള്‍ അവന്‍ കുട്ടിയോടു വിളിച്ചുപറഞ്ഞു: അമ്പു നിൻ്റെ അപ്പുറത്തല്ലേ?
38: ജോനാഥാന്‍ വീണ്ടും കുട്ടിയോടു വിളിച്ചുപറഞ്ഞു: അവിടെ നില്‍ക്കരുത്ഓടുകവേഗമാകട്ടെ. കുട്ടി അമ്പുപെറുക്കിയെടുത്ത് അവൻ്റെ അടുത്തെത്തി.
39: ജോനാഥാനും ദാവീദിനുമല്ലാതെ, കുട്ടിക്കു കാര്യമൊന്നും മനസ്സിലായില്ല.
40: ജോനാഥാന്‍ ആയുധങ്ങള്‍ കുട്ടിയെ ഏല്പിച്ചിട്ട് ഇവയെല്ലാം നഗരത്തിലേക്കു കൊണ്ടുപൊയ്ക്കൊള്ളുക എന്നു പറഞ്ഞു;
41: കുട്ടി പോയ ഉടനെ ദാവീദ് കല്‍ക്കൂനയ്ക്കടുത്തുനിന്നെഴുന്നേറ്റ് മൂന്നുപ്രാവശ്യം നിലത്തു കുമ്പിട്ടു. ജോനാഥാനും ദാവീദും പരസ്പരം ചുംബിച്ചു. ദാവീദിനു പരിസരബോധംവരുന്നതുവരെ അവര്‍ കരഞ്ഞു.
42: ജോനാഥാന്‍ അവനോടു പറഞ്ഞു: സമാധാനത്തോടെ പോവുകകര്‍ത്താവ് എനിക്കും നിനക്കും എൻ്റെ സന്തതികള്‍ക്കും നിൻ്റെ സന്തതികള്‍ക്കുംമദ്ധ്യേ എന്നും സാക്ഷിയായിരിക്കട്ടെയെന്നു നമ്മള്‍ കര്‍ത്താവിൻ്റെ നാമത്തില്‍ സത്യം ചെയ്തിട്ടുണ്ടല്ലോ. ദാവീദ് യാത്രയായി. ജോനാഥാന്‍ നഗരത്തിലേക്കും മടങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ