എണ്‍പത്തിയേഴാംദിവസം: 1 രാജാക്കന്മാര്‍ 1 - 3


അദ്ധ്യായം 1

സോളമന്‍ കിരീടാവകാശി

1: ദാവീദുരാജാവു വൃദ്ധനായി. പരിചാരകരവനെ പുതപ്പിച്ചിട്ടും കുളിരുമാറിയില്ല.
2: അവരവനോടു പറഞ്ഞു: യജമാനനായ രാജാവിനുവേണ്ടി ഒരു യുവതിയെ ഞങ്ങളന്വേഷിക്കട്ടെ; അവളങ്ങയെ പരിചരിക്കുകയും അങ്ങയോടു ചേര്‍ന്നുകിടന്നു ചൂടുപകരുകയും ചെയ്യട്ടെ.
3: അവര്‍ സുന്ദരിയായ ഒരു യുവതിയെ ഇസ്രായേലിലെങ്ങുമന്വേഷിച്ചു; ഷൂനാംകാരി അബിഷാഗിനെക്കണ്ടെത്തി, അവളെ രാജസന്നിധിയില്‍ കൊണ്ടുവന്നു.
4: അതീവസുന്ദരിയായിരുന്ന അവള്‍, രാജാവിനെ ശുശ്രൂഷിച്ചു. എന്നാല്‍, രാജാവ് അവളെയറിഞ്ഞില്ല. 
5: അക്കാലത്ത്, ഹഗ്ഗീത്തിന്റെ മകന്‍ അദോനിയ താന്‍ രാജാവാകുമെന്നു വമ്പുപറഞ്ഞു. അവന്‍ രഥങ്ങളെയും കുതിരക്കാരെയും അമ്പതു അകമ്പടിക്കാരെയുമൊരുക്കി.
6: നീയെന്താണു ചെയ്യുന്നതെന്നു ചോദിച്ച്, ഒരിക്കലും പിതാവായ ദാവീദ് അവനെ ശാസിച്ചിരുന്നില്ല. അബ്‌സലോമിനുശേഷം ജനിച്ച അവനും അതികോമളനായിരുന്നു.
7: അവന്‍ സെരൂയായുടെ മകന്‍ യോവാബിനോടും പുരോഹിതന്‍ അബിയാഥറിനോടുമാലോചിച്ചു. അവരവനു പിന്തുണ നല്കി.
8: എന്നാല്‍, പുരോഹിതന്‍ സാദോക്ക്, യഹോയാദായുടെ മകന്‍ ബനായാ, പ്രവാചകന്‍ നാഥാന്‍, ഷിമെയി, റേയി എന്നിവരും ദാവീദിന്റെ അംഗരക്ഷകരായ ധീരയോദ്ധാക്കളും അവന്റെ പക്ഷത്തുചേര്‍ന്നില്ല.
9: ഒരു ദിവസം അദോനിയാ എന്റോഗെല്‍ അരുവിയുടെ സമീപത്തുള്ള സൊഹെലെത്ത്കല്ലിനരികേ ആടുകളെയും കാളക്കുട്ടികളെയും മെഴുത്തകാലികളെയും ബലിയര്‍പ്പിച്ചു. ബലിയോടനുബന്ധിച്ച വിരുന്നിന് ദാവീദു രാജാവിന്റെ പുത്രന്മാരായ തന്റെ എല്ലാ സഹോദരന്മാരെയും യൂദായിലെ എല്ലാ രാജസേവകന്മാരെയും അവന്‍ ക്ഷണിച്ചിരുന്നു.
10: എന്നാല്‍, പ്രവാചകന്‍ നാഥാന്‍, ബനായാ, രാജാവിന്റെ അംഗരക്ഷകരായ യോദ്ധാക്കള്‍, തന്റെ സഹോദരന്‍ സോളമന്‍ എന്നിവരെ അവന്‍ ക്ഷണിച്ചില്ല.
11: സോളമന്റെ അമ്മ ബത്‌ഷെബായോടു നാഥാന്‍ പറഞ്ഞു: നമ്മുടെ യജമാനനായ ദാവീദറിയാതെ, ഹഗ്ഗീത്തിന്റെ മകന്‍ അദോനിയാ രാജാവായിരിക്കുന്നുവെന്നു നീ കേട്ടില്ലേ?
12: നിന്റെയും നിന്റെ പുത്രന്‍ സോളമന്റെയും ജീവന്‍ രക്ഷിക്കാന്‍ എന്റെ ഉപദേശം സ്വീകരിക്കുക.
13: ഉടന്‍ചെന്നു ദാവീദു രാജാവിനോടു പറയുക, എന്റെ യജമാനനായ രാജാവേ, എന്റെ മകന്‍ സോളമന്‍ അങ്ങയുടെ പിന്‍ഗാമിയായി സിംഹാസനത്തില്‍ ഉപവിഷ്ടനാകുമെന്ന് ഈ ദാസിയോട് അങ്ങു ശപഥം ചെയ്തിട്ടില്ലേ? പിന്നെ എന്തുകൊണ്ടാണ്, അദോനിയാ രാജാവായിരിക്കുന്നത്?
14: നീ രാജാവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഞാന്‍ വന്ന് നിന്നെ പിന്താങ്ങിക്കൊള്ളാം.
15: ബത്‌ഷെബാ ശയനമുറിയില്‍ രാജാവിന്റെയടുക്കല്‍ ചെന്നു. ഷൂനാംകാരി അബിഷാഗ് വൃദ്ധനായ അവനെ പരിചരിക്കുകയായിരുന്നു.
16: ബത്‌ഷെബാ രാജാവിനെ താണുവണങ്ങി. എന്താണു നിന്റെ ആഗ്രഹം? രാജാവ് അവളോടു ചോദിച്ചു.
17: അവള്‍ പറഞ്ഞു: യജമാനനേ, എന്റെ മകന്‍ സോളമന്‍ അങ്ങേയ്ക്കുശേഷം സിംഹാസനത്തില്‍ ഉപവിഷ്ടനാകുമെന്ന് ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ അങ്ങെന്നോടു സത്യം ചെയ്തിരുന്നല്ലോ.
18: ഇപ്പോഴിതാ, അദോനിയാ രാജാവായിരിക്കുന്നു. യജമാനനായ രാജാവ് ഇതറിയുന്നുമില്ല.
19: അവന്‍ കാളകളെയും കൊഴുത്ത അനേകം ആടുമാടുകളെയും ബലിയര്‍പ്പിക്കുകയും അങ്ങേ എല്ലാ പുത്രന്മാരെയും പുരോഹിതന്‍ അബിയാഥറിനെയും സേനാനായകന്‍ യോവാബിനെയും വിരുന്നിനു ക്ഷണിക്കുകയുംചെയ്തു. എന്നാല്‍, അങ്ങയുടെ ദാസനായ സോളമനെ ക്ഷണിച്ചില്ല.
20: എന്റെ യജമാനനായ രാജാവേ, അങ്ങയുടെ പിന്‍ഗാമിയായി ആരാണു സിംഹാസനത്തില്‍ വാഴുകയെന്ന് അങ്ങു പ്രഖ്യാപിക്കുന്നതു കേള്‍ക്കാന്‍ ഇസ്രായേല്‍ജനം കാത്തിരിക്കുകയാണ്.
21: അങ്ങു പിതാക്കന്മാരോടു ചേരുമ്പോള്‍ എന്നെയും എന്റെ മകന്‍ സോളമനെയും അവര്‍ രാജ്യദ്രോഹികളായി കണക്കാക്കും.
22: അവള്‍ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രവാചകന്‍ നാഥാന്‍ കടന്നുവന്നു.
23: അവന്‍ വന്നവിവരം രാജാവിനെ അറിയിച്ചു. നാഥാന്‍ രാജസന്നിധിയില്‍ താണുവണങ്ങി.
24: അവന്‍ രാജാവിനോടു ചോദിച്ചു: എന്റെ യജമാനനായ രാജാവേ, അദോനിയാ അങ്ങയുടെ പിന്‍ഗാമിയായി ഭരിക്കണമെന്നും അവനാണ് അങ്ങയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകേണ്ടതെന്നും അങ്ങു കല്പിച്ചിട്ടുണ്ടോ?
25: അവന്‍ ഇന്നു കാളകളെയും കൊഴുത്ത അനേകം ആടുമാടുകളെയും ബലിയര്‍പ്പിച്ചു. എല്ലാ രാജകുമാരന്മാരെയും സേനാധിപന്മാരെയും പുരോഹിതന്‍ അബിയാഥറിനെയും വിരുന്നിനു ക്ഷണിച്ചിരിക്കുന്നു. അവര്‍ അവനോടുകൂടെ തിന്നുകുടിക്കുകയും അദോനിയാരാജാവ് നീണാള്‍ വാഴട്ടെ എന്ന് ആര്‍പ്പുവിളിക്കുകയും ചെയ്യുന്നു.
26: എന്നാല്‍, അങ്ങേ ദാസനായ എന്നെയും പുരോഹിതന്‍ സാദോക്കിനെയും യഹോയാദായുടെ മകന്‍ ബനായായെയും അങ്ങയുടെ ദാസനായ സോളമനെയും ക്ഷണിച്ചിട്ടില്ല.
27: യജമാനനായ രാജാവിന്റെ പിന്‍ഗാമിയായി സിംഹാസനത്തിലിരിക്കേണ്ടത് ആരെന്ന് അങ്ങയുടെ ദാസരെ അറിയിച്ചിട്ടില്ലല്ലോ. ഇക്കാര്യം അങ്ങയുടെ കല്പനയനുസരിച്ചുതന്നെയാണോ നടന്നത്?
28: അപ്പോള്‍, ബത്‌ഷെബായെ വിളിക്കാന്‍ രാജാവാജ്ഞാപിച്ചു. അവള്‍ രാജാവിന്റെ മുമ്പാകെ വന്നുനിന്നു.
29: അവന്‍ ശപഥംചെയ്തു: സകല കഷ്ടതകളിലുംനിന്ന് എന്നെ രക്ഷിച്ച കര്‍ത്താവാണേ,
30: നിന്റെ മകനായ സോളമന്‍ എനിക്കുശേഷം എന്റെ സിംഹാസനത്തില്‍ വാഴുമെന്ന് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ നിന്നോടു ഞാന്‍ സത്യം ചെയ്തിട്ടുള്ളതനുസരിച്ച് ഇന്നു ഞാന്‍ പ്രവര്‍ത്തിക്കും.
31: ബത്‌ഷെബാ രാജാവിനെ സാഷ്ടാംഗം നമസ്‌കരിച്ചുകൊണ്ടു പറഞ്ഞു: എന്റെ യജമാനനായ ദാവീദു രാജാവ് എന്നേയ്ക്കും ജീവിക്കട്ടെ!
32: പുരോഹിതന്‍ സാദോക്കിനെയും പ്രവാചകന്‍ നാഥാനെയും യഹോയാദായുടെ മകന്‍ ബനായായെയും തന്റെയടുത്തേക്കു വിളിക്കുവാന്‍ ദാവീദു രാജാവ് കല്പിച്ചു.
33: അവര്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ രാജസേവകന്മാരെ കൂട്ടിക്കൊണ്ട്, എന്റെ മകന്‍ സോളമനെ എന്റെ കോവര്‍കഴുതയുടെ പുറത്തിരുത്തി, ഗീഹോനിലേക്കു കൊണ്ടുപോകുവിന്‍.
34: അവിടെവച്ചു പുരോഹിതന്‍ സാദോക്കും പ്രവാചകന്‍ നാഥാനും അവനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകംചെയ്യട്ടെ. സോളമന്‍രാജാവ് നീണാള്‍ വാഴട്ടെയെന്ന് കാഹളംമുഴക്കി ആര്‍പ്പിടുവിന്‍.
35: അതിനുശേഷം നിങ്ങള്‍ അവന്റെ പിന്നാലെ പോരുക. അവന്‍ വന്ന് എന്റെ സിംഹാസനത്തിലിരുന്ന് എനിക്കുപകരം ഭരണം നടത്തട്ടെ; ഇസ്രായേലിന്റെയും യൂദായുടെയും അധിപനായി അവനെ ഞാന്‍ നിയമിച്ചിരിക്കുന്നു.
36: യഹോയാദായുടെ മകന്‍ ബനായാ രാജാവിനോടു പറഞ്ഞു: അപ്രകാരം സംഭവിക്കട്ടെ; യജമാനനായ രാജാവിന്റെ ദൈവമായ കര്‍ത്താവ് അപ്രകാരംതന്നെ കല്പിക്കുമാറാകട്ടെ!
37: കര്‍ത്താവ്‌ യജമാനനായ രാജാവിനോടുകൂടെയെന്നതുപോലെ സോളമനോടുകൂടെയും ആയിരിക്കട്ടെ! അവന്റെ ഭരണം എന്റെ യജമാനനായ ദാവീദ് രാജാവിന്റേതിനെക്കാള്‍ മഹത്വപൂര്‍ണ്ണമാകട്ടെ!
38: പുരോഹിതന്‍ സാദോക്കും പ്രവാചകന്‍ നാഥാനും യഹോയാദായുടെ മകന്‍ ബനായായും കെറേത്യരും പെലേത്യരും സോളമനെ ദാവീദ് രാജാവിന്റെ കോവര്‍കഴുതയുടെ പുറത്തിരുത്തി ഗീഹോനിലേക്കു കൊണ്ടുപോയി.
39: പുരോഹിതന്‍ സാദോക്ക് വിശുദ്ധകൂടാരത്തില്‍നിന്നു തൈലംനിറച്ച കൊമ്പെടുത്തു സോളമനെ അഭിഷേകംചെയ്തു. അവര്‍ കാഹളം മുഴക്കി; സോളമന്‍രാജാവ് നീണാള്‍ വാഴട്ടെ! ജനം ആര്‍പ്പുവിളിച്ചു.
40: കുഴലൂതുകയും ഭൂമി പിളരുമാറ് ആഹ്‌ളാദാരവം മുഴക്കുകയും ചെയ്തുകൊണ്ട് ജനം അവനെയനുഗമിച്ചു.
41: അദോനിയായും അതിഥികളും ആ സ്വരം കേട്ടു. അപ്പോഴേക്കും വിരുന്നുകഴിഞ്ഞിരുന്നു. കാഹളനാദം കേട്ടപ്പോള്‍, എന്താണു നഗരത്തില്‍ ഘോഷം എന്നു യോവാബ്‌ ചോദിച്ചു.
42: അവര്‍ സംസാരിച്ചുകൊണ്ടിരിക്കേ പുരോഹിതന്‍ അബിയാഥറിന്റെ മകന്‍ ജോനാഥാന്‍ അവിടെ വന്നു. അദോനിയാ അവനോടു പറഞ്ഞു: വരുക; ധീരനായ നീ സദ്വാര്‍ത്തയുംകൊണ്ടായിരിക്കുമല്ലോ വരുന്നത്.
43: അങ്ങനെയല്ല, ജോനാഥാന്‍ പറഞ്ഞു: നമ്മുടെ യജമാനന്‍ ദാവീദു രാജാവ് സോളമനെ രാജാവാക്കിയിരിക്കുന്നു.
44: പുരോഹിതന്‍ സാദോക്കിനെയും പ്രവാചകന്‍ നാഥാനെയും യഹോയാദായുടെ മകന്‍ ബനായായെയും കെറേത്യരെയും പെലേത്യരെയും രാജാവ് അവനോടൊപ്പമയച്ചിട്ടുണ്ട്. അവര്‍ അവനെ രാജാവിന്റെ കോവര്‍കഴുതയുടെ പുറത്താണ് എഴുന്നള്ളിച്ചത്. 
45: പുരോഹിതന്‍ സാദോക്കും പ്രവാചകന്‍ നാഥാനും അവനെ ഗീഹോനില്‍വച്ചു രാജാവായി അഭിഷേകംചെയ്തു. പട്ടണം ഇളകിമറിയത്തക്കവണ്ണം ആഹ്‌ളാദാരവം മുഴക്കിക്കൊണ്ട് അവര്‍ അവിടെനിന്നു മടങ്ങിപ്പോയി. അതാണു നിങ്ങള്‍ കേട്ട ശബ്ദം.
46: സോളമന്‍ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്നു.
47: മാത്രമല്ല, രാജസേവകന്മാരും നമ്മുടെ യജമാനന്‍ ദാവീദു രാജാവിനെ അഭിനന്ദിക്കാന്‍ ചെന്നിരുന്നു. അങ്ങയുടെ ദൈവം സോളമന്റെ നാമത്തെ അങ്ങയുടേതിനെക്കാള്‍ മഹനീയവും അവന്റെ ഭരണം അങ്ങയുടേതിനേക്കാള്‍ ശ്രേഷ്ഠവുമാക്കട്ടെ എന്ന് അവര്‍ ആശംസിച്ചു. രാജാവു കിടക്കയില്‍ കിടന്നുകൊണ്ടു നമിച്ചു.
48: അനന്തരം, ദാവീദു പറഞ്ഞു: ഇസായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ! എന്റെ മക്കളിലൊരുവന്‍ സിംഹാസനത്തിലിരിക്കുന്നതു കാണാന്‍ അവിടുന്ന് എനിക്കിടവരുത്തി.
49: അപ്പോള്‍ അദോനിയായുടെ അതിഥികള്‍ ഭയന്നെഴുന്നേറ്റ് താന്താങ്ങളുടെ വഴിക്കുപോയി.
50: സോളമനോടുള്ള ഭയംനിമിത്തം അദോനിയാ ഓടിച്ചെന്നു ബലിപീഠത്തിന്റെ വളര്‍കോണില്‍ പിടിച്ചു.
51: സോളമന്‍ രാജാവ് എന്നെ വാളിനിരയാക്കുകയില്ലെന്ന് സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അദോനിയാ തന്നെ ഭയന്നു ബലിപീഠത്തിന്റെ വളര്‍കോണില്‍ പിടിച്ചുകൊണ്ടു നില്‍ക്കുന്നുവെന്നു സോളമനറിഞ്ഞു.
52: അപ്പോള്‍ സോളമന്‍ പറഞ്ഞു: അവന്‍ വിശ്വസ്തനെങ്കില്‍ അവന്റെ തലയില്‍നിന്ന് ഒരു രോമംപോലും വീഴുകയില്ല; കുറ്റക്കാരനെങ്കില്‍ മരിക്കുകതന്നെ വേണം.
53: സോളമന്‍ രാജാവ് അവനെ ബലിപീഠത്തിങ്കല്‍നിന്ന് ആളയച്ചു വരുത്തി. അവന്‍ രാജാവിനെ നമിച്ചു. സോളമന്‍ അവനോട് വീട്ടില്‍ പൊയ്‌ക്കൊള്ളുക എന്നാജ്ഞാപിച്ചു.

അദ്ധ്യായം 2

ദാവീദിന്റെ മരണം

1: മരണമടുത്തപ്പോള്‍ ദാവീദ്, പുത്രന്‍ സോളമനെ അടുത്തുവിളിച്ച് ഇപ്രകാരം നിര്‍ദ്ദേശിച്ചു:
2: മര്‍ത്ത്യന്റെ പാതയില്‍ ഞാനും പോകുന്നു. ധീരനായിരിക്കുക. പൗരുഷത്തോടെ പെരുമാറുക.
3: നിന്റെ ദൈവമായ കര്‍ത്താവിന്റെ ശാസനങ്ങള്‍ നിറവേറ്റുക. മോശയുടെ നിയമത്തില്‍ എഴുതിയിട്ടുള്ളതുപോലെ അവിടുത്തെ മാര്‍ഗ്ഗത്തില്‍ ചരിക്കുകയും അവിടുത്തെ ചട്ടങ്ങളും പ്രമാണങ്ങളും കല്പനകളും സാക്ഷ്യങ്ങളും അനുസരിക്കുകയുംചെയ്യുക; നിന്റെ എല്ലാ പ്രവൃത്തികളും ഉദ്യമങ്ങളും വിജയമണിയും.
4: നിന്റെ സന്താനങ്ങള്‍ നേര്‍വഴിക്കു നടക്കുകയും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ എന്റെ മുമ്പില്‍ വിശ്വസ്തരായി വര്‍ത്തിക്കുകയും ചെയ്താല്‍, നിന്റെ സന്തതി ഇസ്രായേലിന്റെ സിംഹാസനത്തില്‍നിന്ന് അറ്റുപോവുകുകയില്ലെന്ന് കര്‍ത്താവ് എന്നോടരുളിച്ചെയ്ത വാഗ്ദാനം നിറവേറ്റേണ്ടതിന്, നീ അവിടുത്തെയനുസരിക്കുക.
5: സെരൂയായുടെ മകന്‍ യോവാബ് എന്നോടു ചെയ്തതെന്തെന്ന് നിനക്കറിയാമല്ലോ. അവന്‍ ഇസ്രായേലിലെ രണ്ടു സൈന്യാധിപന്മാരെ - നേറിന്റെ മകന്‍ അബ്‌നേറിനെയും യഥേറിന്റെ മകന്‍ അമാസയെയും - കൊലപ്പെടുത്തി. യുദ്ധകാലത്തെ രക്തച്ചൊരിച്ചിലിനു പകരംവീട്ടാന്‍, അവന്‍ സമാധാനകാലത്ത് അവരെ വധിക്കുകയും രക്തംചൊരിയുകയും ചെയ്തു. അവന്‍ നിരപരാധരെ കൊലപ്പെടുത്തി. അങ്ങനെ എന്റെ പാദുകങ്ങളും അരപ്പട്ടയും രക്തംപുരണ്ടിരിക്കുന്നു.
6: ആകയാല്‍, നീ തന്ത്രപൂര്‍വ്വം പ്രവര്‍ത്തിക്കുക. അവന്‍ വാര്‍ദ്ധക്യത്തിലെത്തി സമാധാനത്തോടെ മരിക്കാന്‍ ഇടവരുത്തരുത്.
7: എന്നാല്‍, ഗിലയാദുകാരനായ ബര്‍സില്ലായുടെ മക്കളോട് കാരുണ്യംകാണിക്കണം. നിന്റെ ഭക്ഷണമേശയില്‍ അവരും പങ്കുചേരട്ടെ. നിന്റെ സഹോദരനായ അബ്‌സലോമില്‍നിന്നു ഞാന്‍ പലായനം ചെയ്തപ്പോള്‍, അവര്‍ എന്നെ കാരുണ്യത്തോടെ സ്വീകരിച്ചു.
8: ബഹൂറിംകാരനും ബഞ്ചമിന്‍ഗോത്രജനുമായ ഗേരായുടെ മകന്‍ ഷിമെയി നിന്നോടുകൂടെയാണല്ലോ. ഞാന്‍ മഹനായീമിലേക്കു പോയപ്പോള്‍ എന്നെ കഠിനമായി ശപിച്ചവനാണവന്‍. എങ്കിലും ജോര്‍ദാന്‍കരയില്‍ അവന്‍ എന്നെ എതിരേറ്റു. അതിനാല്‍, അവനെ ഞാന്‍ വാളിനിരയാക്കുകയില്ലെന്നു കര്‍ത്താവിന്റെ നാമത്തില്‍ സത്യംചെയ്തിട്ടുണ്ട്.
9: എന്നാലും അവന്‍ നിരപരാധനാണെന്നു കരുതരുത്. അവനോട് എന്തു ചെയ്യണമെന്നു നിനക്കറിയാം. നീ ബുദ്ധിമാനാണല്ലോ. അവന്റെ നരച്ച തല രക്തരൂഷിതമായി പാതാളത്തിലെത്തട്ടെ!
10: ദാവീദു മരിച്ചു. അവനെ സ്വനഗരത്തില്‍ അടക്കംചെയ്തു.
11: അവന്‍ ഇസ്രായേലില്‍ നാല്പതുവര്‍ഷം ഭരിച്ചു. ഏഴുവര്‍ഷം ഹെബ്രോണിലും മുപ്പത്തിമൂന്നുവര്‍ഷം ജറുസലെമിലും.
12: പിതാവായ ദാവീദിന്റെ സിംഹാസനത്തില്‍ സോളമന്‍ ആരൂഢനായി. അവന്റെ രാജ്യം സുപ്രതിഷ്ഠിതമായി.


സോളമന്‍ എതിരാളികളെ നിര്‍മ്മാര്‍ജനംചെയ്യുന്നു
13: അങ്ങനെയിരിക്കേ, ഹഗ്ഗീത്തിന്റെ മകന്‍ അദോനിയാ സോളമന്റെ അമ്മ ബത്‌ഷെബായെ ചെന്നുകണ്ടു. നിന്റെ വരവ് സൗഹാര്‍ദ്ദപരമാണോ എന്ന് അവളവനോടു ചോദിച്ചു. അവന്‍ പറഞ്ഞു: സൗഹാര്‍ദ്ദപരംതന്നെ; എന്നാല്‍, എനിക്കു ചിലതു പറയാനുണ്ട്.
14: പറയാനുള്ളതു പറയുക, അവള്‍ പറഞ്ഞു.
15: അവന്‍ പറഞ്ഞു: രാജ്യം എനിക്കു കിട്ടേണ്ടതായിരുന്നുവെന്നു നിങ്ങള്‍ക്കറിയാമല്ലോ. ഞാന്‍ രാജാവാകുമെന്ന് ഇസ്രായേല്‍ജനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, മറിച്ചുസംഭവിച്ചു; എന്റെ സഹോദരന്‍ രാജാവായി.
16: ഇതു കര്‍ത്താവിന്റെ ഹിതമാണ്. ഇപ്പോള്‍ ഞാന്‍ ഒരു കാര്യം അഭ്യര്‍ത്ഥിക്കുകയാണ്. അതു തള്ളിക്കളയരുത്. എന്താണെന്നു പറയുക, അവള്‍ പറഞ്ഞു.
17: അവന്‍ അഭ്യര്‍ത്ഥിച്ചു; ഷൂനാംകാരി അബിഷാഗിനെ എനിക്കു ഭാര്യയായിത്തരണമെന്നു സോളമന്‍ രാജാവിനോടു പറയണം. അവന്‍ നിങ്ങളുടെ അപേക്ഷ തള്ളിക്കളയുകയില്ല.
18: ശരി, ഞാന്‍ നിനക്കുവേണ്ടി രാജാവിനോടു സംസാരിക്കാം, അവള്‍ പറഞ്ഞു.
19: ബത്‌ഷെബാ അദോനിയായ്ക്കുവേണ്ടി സംസാരിക്കാന്‍ സോളമന്‍ രാജാവിനെ സമീപിച്ചു. രാജാവ് എഴുന്നേറ്റ് അവളെ അഭിവാദനം ചെയ്തിട്ട് സിംഹാസനത്തില്‍ ഇരുന്നു; മാതാവിന് ഇരിപ്പിടം സജ്ജീകരിച്ചു. അവള്‍ രാജാവിന്റെ വലത്തുഭാഗത്തിരുന്നു.
20: ഞാന്‍ നിന്നോട് ഒരു ചെറിയ കാര്യം ആവശ്യപ്പെടുന്നു. തള്ളിക്കളയരുത്, അവള്‍ പറഞ്ഞു. എന്താണമ്മേ, അത്? പറയുക, ഞാന്‍ തള്ളിക്കളയുകയില്ല, അവന്‍ മറുപടി പറഞ്ഞു.
21: ഷൂനാംകാരി അബിഷാഗിനെ നിന്റെ സഹോദരന്‍ അദോനിയായ്ക്കു ഭാര്യയായി കൊടുക്കണം, അവള്‍ പറഞ്ഞു.
22: സോളമന്‍ രാജാവ് അമ്മയോട് ഇങ്ങനെപ്രതിവചിച്ചു: ഷൂനാംകാരി അബിഷാഗിനെ അദോനിയായ്ക്കുവേണ്ടി ചോദിക്കുന്നതെന്താണ്? രാജ്യവും അവനുവേണ്ടി ചോദിക്കാമല്ലോ? അവന്‍ എന്റെ ജ്യേഷ്ഠനല്ലേ? പുരോഹിതന്‍ അബിയാഥറും സെരൂയായുടെ മകന്‍ യോവാബും അവന്റെ പക്ഷമാണല്ലോ.
23: അനന്തരം, സോളമന്‍ കര്‍ത്താവിന്റെ നാമത്തില്‍ ശപഥംചെയ്തു: അദോനിയായുടെ ഈ അഭ്യര്‍ത്ഥന അവന്റെ ജീവനൊടുക്കിയില്ലെങ്കില്‍ ദൈവമെന്നോട് അതും അതിലധികവും ചെയ്യട്ടെ.
24: എന്റെ പിതാവായ ദാവീദിന്റെ സിംഹാസനത്തില്‍ കര്‍ത്താവെന്നെ ഉപവിഷ്ടനാക്കി. അവിടുത്തെ വാഗ്ദാനം നിവേറ്റിക്കൊണ്ട് എനിക്ക് ഒരു ഭവനം തീര്‍ത്തിരിക്കുന്നു. കര്‍ത്താവാണേ അദോനിയാ ഇന്നുതന്നെ മരിക്കണം.
25: സോളമന്‍രാജാവിന്റെ കല്പനയനുസരിച്ച്‌ യഹോയാദായുടെ മകന്‍ ബനായ അദോനിയായെ വധിച്ചു.
26: പുരോഹിതന്‍ അബിയാഥറിനോടു രാജാവു പറഞ്ഞു: നിന്റെ ജന്മദേശമായ അനാത്തോത്തിലേക്കു പോവുക. നീയും മരണശിക്ഷയ്ക്കര്‍ഹനാണ്. എങ്കിലും ഇപ്പോള്‍ ശിക്ഷിക്കുന്നില്ല. ദൈവമായ കര്‍ത്താവിന്റെ വാഗ്ദാനപേടകം എന്റെ പിതാവായ ദാവീദിന്റെ മുമ്പില്‍ നീ വഹിച്ചു. കൂടാതെ, എന്റെ പിതാവിന്റെ എല്ലാ ദുരിതങ്ങളിലും നീയും പങ്കുചേര്‍ന്നു.
27: സോളമന്‍ അബിയാഥറിനെ കര്‍ത്താവിന്റെ പുരോഹിതസ്ഥാനത്തുനിന്നു നീക്കംചെയ്തു. ഇങ്ങനെ, കര്‍ത്താവ് ഷീലോയില്‍വച്ച് ഏലിയുടെ ഭവനത്തെപ്പറ്റി അരുളിച്ചെയ്തതു നിറവേറി.
28: ഈ വാര്‍ത്തയറിഞ്ഞയുടനെ യോവാബ് ഓടിച്ചെന്ന് കര്‍ത്താവിന്റെ കൂടാരത്തില്‍ ബലിപീഠത്തിന്റെ വളര്‍കോണുകളില്‍ പിടിച്ചു. അവന്‍ അബ്‌സലോമിന്റെ പക്ഷംചേര്‍ന്നിരുന്നില്ലെങ്കിലും, അദോനിയായുടെ പക്ഷംചേര്‍ന്നവനാണ്.
29: യോവാബ് കര്‍ത്താവിന്റെ കൂടാരത്തില്‍ ബലിപീഠത്തിനരികേ നില്‍ക്കുന്നുവെന്നറിഞ്ഞ സോളമന്‍രാജാവ് ഉടനെ അവനെ കൊന്നുകളയുക എന്നുപറഞ്ഞ്‌ യഹോയാദായുടെ മകന്‍ ബനായായെ അയച്ചു.
30: ബനായാ കര്‍ത്താവിന്റെ കൂടാരത്തില്‍ചെന്ന് അവനോടു പുറത്തുവരാന്‍ രാജാവു കല്പിക്കുന്നതായി പറഞ്ഞു. വരുകയില്ല; ഞാന്‍ ഇവിടെത്തന്നെ മരിക്കും! എന്നായിരുന്നു അവന്റെ മറുപടി. യോവാബ് പറഞ്ഞതു ബനായാ രാജാവിനെ അറിയിച്ചു.
31: അവന്‍ പറഞ്ഞതുപോലെ ചെയ്യുക; അവനെ കൊന്നു കുഴിച്ചിടുക എന്നു രാജാവ് ബനായായോട് കല്പിച്ചു. അങ്ങനെ യോവാബ് അകാരണമായി ചിന്തിയ നിഷ്‌കളങ്ക രക്തത്തിന്റെ ഉത്തരവാദിത്വം എന്നില്‍നിന്നും എന്റെ പിതൃഭവനത്തില്‍നിന്നും നീക്കിക്കളയുക.
32: അവന്റെ രക്തപങ്കിലമായ പ്രവൃത്തികളുടെ പ്രതിഫലം അവന്റെമേല്‍ത്തന്നെ കര്‍ത്താവു വരുത്തട്ടെ. ഇസ്രായേല്‍ സൈന്യാധിപനും നേറിന്റെ മകനുമായ അബ്‌നേറിനേയും യൂദാ സൈന്യാധിപനും യഥേറിന്റെ മകനുമായ അമാസയെയും എന്റെ പിതാവായ ദാവീദിന്റെ അറിവുകൂടാതെ അവന്‍ വാളിനിരയാക്കി. അവര്‍ ഇരുവര്‍ക്കും അവനെക്കാള്‍ നീതിയും സദ്ഗുണവുമുണ്ടായിരുന്നല്ലോ.
33: അവരെ കൊന്നതിന്റെ ശിക്ഷ, യോവാബിന്റെയും അവന്റെ സന്തതികളുടെയുംമേല്‍ എന്നേക്കും ഉണ്ടാകും. ദാവീദിനും അവന്റെ സന്തതികള്‍ക്കും കുടുബത്തിനും സിംഹാസനത്തിനും കര്‍ത്താവിന്റെ സമാധാനം എന്നേക്കും ലഭിക്കും.
34: യഹോയാദായുടെ മകന്‍ ബനായാ യോവാബിനെ വധിച്ച് വിജനപ്രദേശത്തുള്ള അവന്റെ ഭവനത്തില്‍ അടക്കംചെയ്തു.
35: രാജാവ് അവനുപകരം യഹോയാദായുടെ മകന്‍ ബനായായെ സൈന്യാധിപനായി നിയമിച്ചു. അബിയാഥറിനുപകരം പുരോഹിതന്‍ സാദോക്കിനെയുംനിയമിച്ചു.
36: പിന്നെ, രാജാവ് ആളയച്ച് ഷിമെയിയെ വരുത്തി അവനോടു പറഞ്ഞു: ജറുസലെമില്‍ ഒരു വീടുപണിതു പാര്‍ത്തുകൊള്ളുക. അവിടംവിട്ടു പോകരുത്.
37: പുറത്തിറങ്ങി, കെദ്രോന്‍തോടു കടക്കുന്ന നാളില്‍ നീ മരിക്കും എന്ന് ഓര്‍മ്മിച്ചുകൊള്ളുക. നിന്റെ രക്തത്തിനു നീതന്നെയായിരിക്കും ഉത്തരവാദി.
38: ശരി, രാജാവായ അങ്ങു കല്പിക്കുന്നതുപോലെ ഞാന്‍ ചെയ്തുകൊള്ളാം എന്നു ഷിമെയി പറഞ്ഞു. അങ്ങനെ കുറെക്കാലം അവന്‍ ജറുസലെമില്‍ വസിച്ചു.
39: മൂന്നു വര്‍ഷത്തിനുശേഷം ഷിമെയിയുടെ രണ്ടടിമകള്‍ മാഖായുടെ മകനും ഗത്തിലെ രാജാവുമായ അക്കീഷിന്റെയടുത്തേക്ക് ഓടിപ്പോയി. തന്റെ അടിമകള്‍ ഗത്തില്‍ ഉണ്ടെന്നു ഷിമെയി അറിഞ്ഞു. 
40: അവന്‍ അടിമകളെയന്വേഷിച്ചു കഴുതപ്പുറത്തുകയറി ഗത്തില്‍ അക്കീഷിന്റെയടുത്തേക്കു തിരിച്ചു. അവനവരെ ഗത്തില്‍നിന്നു മടക്കിക്കൊണ്ടുവന്നു. 
41: ഷിമെയി ജറുസലെംവിട്ടു ഗത്തില്‍പോയി മടങ്ങിയെത്തിയെന്നു സോളമനറിവുകിട്ടി.
42: രാജാവ് ആളയച്ചു ഷിമെയിയെ വരുത്തിപ്പറഞ്ഞു: ജറുസലെം വിട്ടുപോകരുതെന്നു ദൈവനാമത്തില്‍ ഞാന്‍ നിന്നോടാജ്ഞാപിച്ചിട്ടുള്ളതാണ്. പോയാല്‍ നീ മരിക്കുമെന്ന് ഞാന്‍ മുന്നറിയിപ്പു നല്കിയിട്ടുമുണ്ട്. നീ അതു സമ്മതിച്ച് എന്നെ അനുസരിക്കാമെന്ന് വാഗ്ദാനംചെയ്തിട്ടില്ലേ?
43: എന്തുകൊണ്ടാണ്, കര്‍ത്താവിന്റെ നാമത്തിലുള്ള പ്രതിജ്ഞ നീ ലംഘിച്ചത്? എന്തുകൊണ്ട് എന്റെ കല്പന നീ നിരസിച്ചു?
44: രാജാവു തുടര്‍ന്നു: എന്റെ പിതാവായ ദാവീദിനോടു നീ പ്രവര്‍ത്തിച്ച തിന്മകള്‍ എന്തൊക്കെയാണെന്നു നിനക്കറിയാമല്ലോ. കര്‍ത്താവിന്റെ ശിക്ഷ നീ അനുഭവിക്കണം.
45: എന്നാല്‍, സോളമന്‍രാജാവ് അനുഗൃഹീതനായിരിക്കും; ദാവീദിന്റെ സിംഹാസനം കര്‍ത്താവിന്റെമുമ്പില്‍ എന്നേക്കും സുസ്ഥാപിതമായിരിക്കുകയുംചെയ്യും.
46: രാജാവ്‌ യഹോയാദായുടെ മകന്‍ ബനായായോട് കല്പിച്ചു; അവന്‍ ഷിമെയിയെ വധിച്ചു. അങ്ങനെ രാജ്യം സോളമന്റെ കൈയില്‍ സുസ്ഥിരമായി.

അദ്ധ്യായം 3

സോളമന്റെ ജ്ഞാനം

1: സോളമന്‍ ഈജിപ്തിലെ രാജാവായ ഫറവോയുടെ മകളെ വിവാഹംചെയ്ത് അവനുമായി ബന്ധുത്വം സ്ഥാപിച്ചു. തന്റെ കൊട്ടാരവും കര്‍ത്താവിന്റെ ആലയവും ജറുസലെമിനു ചുറ്റുമുള്ള മതിലും പണിതീരുന്നതുവരെ സോളമന്‍ അവളെ ദാവീദിന്റെ നഗരത്തില്‍ പാര്‍പ്പിച്ചു.
2: കര്‍ത്താവിന് ഒരാലയം അതുവരെ നിര്‍മ്മിച്ചിരുന്നില്ല. ജനങ്ങള്‍ പൂജാഗിരികളിലാണ് ബലിയര്‍പ്പിച്ചുപോന്നത്.
3: സോളമന്‍ തന്റെ പിതാവായ ദാവീദിന്റെ അനുശാസനങ്ങള്‍ അനുസരിച്ചു; അങ്ങനെ കര്‍ത്താവിനെ സ്‌നേഹിച്ചു; എന്നാല്‍, അവന്‍ പൂജാഗിരികളില്‍ ബലിയര്‍പ്പിച്ചു ധൂപാര്‍ച്ചന നടത്തി.
4: ഒരിക്കല്‍ രാജാവ് ബലിയര്‍പ്പിക്കാന്‍ മുഖ്യപൂജാഗിരിയായ ഗിബയോനിലേക്കു പോയി. ആ ബലിപീഠത്തില്‍ അവന്‍ ആയിരം ദഹനബലി അര്‍പ്പിച്ചിട്ടുണ്ടായിരുന്നു.
5: അവിടെവച്ചു രാത്രി കര്‍ത്താവു സോളമനു സ്വപ്നത്തില്‍ പ്രത്യക്ഷനായി. ദൈവമവനോടരുളിച്ചെയ്തു: നിനക്കെന്തുവേണമെന്നു പറഞ്ഞുകൊള്ളുക. 
6: അവന്‍ പറഞ്ഞു: എന്റെ പിതാവും അങ്ങയുടെ ദാസനുമായ ദാവീദു വിശ്വസ്തതയോടും നീതിബോധത്തോടും പരമാര്‍ത്ഥഹൃദയത്തോടുംകൂടെ അവിടുത്തെ മുമ്പില്‍ വ്യാപരിച്ചു. അങ്ങ് അവനോട് അതിയായ സ്‌നേഹം എപ്പോഴും കാണിച്ചുപോന്നു. അവിടുന്ന് ആ സ്‌നേഹം നിലനിര്‍ത്തുകയും അവന്റെ സിംഹാസനത്തിലിരിക്കാന്‍ ഒരു മകനെ നല്കുകയുംചെയ്തു.
7: എന്റെ ദൈവമായ കര്‍ത്താവേ, ഭരണപരിചയമില്ലാത്ത ഒരു ബാലനായിരുന്നിട്ടുപോലും ഈ ദാസനെ എന്റെ പിതാവായ ദാവീദിന്റെ സ്ഥാനത്തു രാജാവാക്കിയിരിക്കുന്നു.
8: അങ്ങ് തിരഞ്ഞെടുത്തതും സംഖ്യാതീതവുമായ ഒരു മഹാജനത്തിന്റെ നടുവിലാണ് അങ്ങയുടെ ദാസന്‍.
9: ഈ മഹാജനത്തെ ഭരിക്കാന്‍ ആര്‍ക്കുകഴിയും? ആകയാല്‍, നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാന്‍പോരുന്ന വിവേകം ഈ ദാസനു നല്കിയാലും.
10: സോളമന്റെ ഈ അപേക്ഷ കര്‍ത്താവിനു പ്രീതികരമായി.
11: അവിടുന്നവനോടരുളിച്ചെയ്തു: നീ ദീര്‍ഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ആവശ്യപ്പെടാതെ, നീതിനിര്‍വഹണത്തിനുവേണ്ട വിവേകംമാത്രമാണ് ആവശ്യപ്പെട്ടത്.
12: നിന്റെ അപേക്ഷ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ജ്ഞാനവും വിവേകവും ഞാന്‍ നിനക്കു തരുന്നു. ഇക്കാര്യത്തില്‍ നിനക്കു തുല്യനായി ആരുമുണ്ടായിട്ടില്ല; ഇനിയുണ്ടാവുകയുമില്ല.
13: മാത്രമല്ല, നീ ചോദിക്കാത്തവകൂടെ ഞാന്‍ നിനക്കു തരുന്നു. നിന്റെ ജീവിതകാലംമുഴുവന്‍ സമ്പത്തും മഹത്വവും മറ്റൊരു രാജാവിനുമില്ലാത്തവിധം നിനക്കുണ്ടായിരിക്കും.
14: നിന്റെ പിതാവായ ദാവീദിനെപ്പോലെ എന്റെ നിയമങ്ങളും കല്പനകളും പാലിക്കുകയും എന്റെ മാര്‍ഗ്ഗത്തില്‍ ചരിക്കുകയുംചെയ്താല്‍ നിനക്കു ഞാന്‍ ദീര്‍ഘായുസ്സു നല്കും.
15: സോളമന്‍ നിദ്രയില്‍നിന്നുണര്‍ന്നു. അതു ദര്‍ശനമായിരുന്നെന്ന് അവനു മനസ്സിലായി. അവന്‍ ജറൂസലെമിലേക്കു മടങ്ങി; കര്‍ത്താവിന്റെ വാഗ്ദാനപേടകത്തിന്റെ മുമ്പില്‍വന്ന് ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു. പിന്നെ തന്റെ സേവകന്മാര്‍ക്ക് അവന്‍ വിരുന്നു നല്കി.
16: ഒരു ദിവസം രണ്ടു വേശ്യകള്‍ രാജസന്നിധിയില്‍ വന്നു.
17: ഒരുവള്‍ പറഞ്ഞു: യജമാനനേ, ഇവളും ഞാനും ഒരേ വീട്ടില്‍ താമസിക്കുന്നു. ഇവള്‍ വീട്ടിലുള്ളപ്പോള്‍ ഞാനൊരു കുഞ്ഞിനെ പ്രസവിച്ചു.
18: മൂന്നു ദിവസംകഴിഞ്ഞ് ഇവളും പ്രസവിച്ചു. ആ വീട്ടില്‍ ഞങ്ങളെക്കൂടാതെ ആരുമുണ്ടായിരുന്നില്ല. 
19: രാത്രി ഉറക്കത്തില്‍ ഇവള്‍ തന്റെ കുട്ടിയുടെമേല്‍ കിടക്കാനിടയായി, കുട്ടി മരിച്ചുപോയി. 
20: അര്‍ദ്ധരാത്രിയില്‍ ഇവളെഴുന്നേറ്റു. ഞാന്‍ നല്ല ഉറക്കമായിരുന്നു. ഇവള്‍ എന്റെ മകനെ എടുത്തു തന്റെ മാറിടത്തില്‍ കിടത്തി. മരിച്ച കുഞ്ഞിനെ എന്റെ മാറിടത്തിലും കിടത്തി. 
21: ഞാന്‍ രാവിലെ കുഞ്ഞിനു മുലകൊടുക്കുവാന്‍ എഴുന്നേറ്റപ്പോള്‍ കുട്ടി മരിച്ചിരിക്കുന്നതായി കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍ എന്റെ കുഞ്ഞല്ല അതെന്നു മനസ്സിലായി.
22: മറ്റവള്‍ പറഞ്ഞു: അങ്ങനെയല്ല, ജീവനുള്ള കുട്ടി എന്റേതാണ്. മരിച്ച കുട്ടിയാണു നിന്റേത്. ആദ്യത്തെ സ്ത്രീ എതിര്‍ത്തു. അല്ല; മരിച്ച കുട്ടിയാണു നിന്റേത്. എന്റെ കുട്ടിയാണു ജീവിച്ചിരിക്കുന്നത്. അവര്‍ ഇങ്ങനെ രാജസന്നിധിയില്‍ തര്‍ക്കിച്ചു.
23: അപ്പോള്‍ രാജാവു പറഞ്ഞു: എന്റെ കുട്ടി ജീവിച്ചിരിക്കുന്നു, നിന്റെ കുട്ടിയാണു മരിച്ചതെന്ന് ഒരുവളും നിന്റെ കുട്ടി മരിച്ചുപോയി, എന്റേതാണു ജീവനോടെ ഇരിക്കുന്നതെന്നു മറ്റവളും പറയുന്നു.
24: ഒരു വാള്‍ കൊണ്ടു വരുക; രാജാവു കല്പിച്ചു; സേവകന്‍ വാള്‍ കൊണ്ടുവന്നു.
25: രാജാവു വീണ്ടും കല്പിച്ചു: ജീവനുള്ള കുഞ്ഞിനെ രണ്ടായിപ്പകുത്ത് ഇരുവര്‍ക്കും കൊടുക്കുക.
26: ഉടനെ ജീവനുള്ള ശിശുവിന്റെ അമ്മ തന്റെ കുഞ്ഞിനെയോര്‍ത്തു ഹൃദയംനീറി പറഞ്ഞു: യജമാനനേ, കുട്ടിയെ കൊല്ലരുത്; അവനെ അവള്‍ക്കു ജീവനോടെ കൊടുത്തുകൊള്ളുക. എന്നാല്‍, മറ്റവള്‍ പറഞ്ഞു: കുട്ടിയെ എനിക്കുംവേണ്ടാ, നിനക്കുംവേണ്ടാ; അവനെ വിഭജിക്കുക.
27: അപ്പോള്‍ രാജാവു കല്പിച്ചു: ജീവനുള്ള ശിശുവിനെ ആദ്യത്തെ സ്ത്രീക്കു കൊടുക്കുക. ശിശുവിനെ കൊല്ലേണ്ടതില്ല.
28: അവളാണ് അതിന്റെ അമ്മ. ഇസ്രായേല്‍ ജനം രാജാവിന്റെ വിധിനിര്‍ണ്ണയമറിഞ്ഞു. നീതിനടത്തുന്നതില്‍ ദൈവികജ്ഞാനം രാജാവിനുണ്ടെന്നറിഞ്ഞ് അവരവനോടു ഭയഭക്തിയുള്ളവരായിത്തീര്‍ന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ