എണ്‍പത്തിയെട്ടാം ദിവസം: 1 രാജാക്കന്മാര്‍ 4 - 6


അദ്ധ്യായം 4

ഭരണസംവിധാനം

1: സോളമന്‍ ഇസ്രായേല്‍മുഴുവന്റെയും രാജാവായിരുന്നു.
2: അവന്റെ പ്രധാനസേവകന്മാര്‍: സാദോക്കിന്റെ പുത്രന്‍ അസറിയാ പുരോഹിതനും
3: ഷീഷായുടെ പുത്രന്മാരായ എലീഹൊറേഫും അഹിയായും കാര്യവിചാരകന്മാരുമായിരുന്നു. അഹിലൂദിന്റെ പുത്രന്‍ യഹോഷഫാത്ത് നടപടിയെഴുത്തുകാരനും
4: യഹോയാദായുടെ പുത്രന്‍ ബനായാ സൈന്യാധിപനും സാദോക്കും അബിയാഥറും പുരോഹിതന്മാരുമായിരുന്നു.
5: നാഥാന്റെ പുത്രന്മാരായ അസറിയാ മേല്‍വിചാരകനും, സാബുദ് പുരോഹിതനും രാജാവിന്റെ തോഴനുമായിരുന്നു.
6: അഹിഷാറായിരുന്നു കൊട്ടാരവിചാരിപ്പുകാരന്‍. അടിമകളുടെ മേല്‍നോട്ടം അബ്ദയുടെ പുത്രന്‍ അദൊണിറാമിനായിരുന്നു.
7: രാജാവിനും കുടുംബത്തിനും ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ സോളമന് ഇസ്രായേലില്‍ ആകെ പന്ത്രണ്ടുപേരുണ്ടായിരുന്നു. ഓരോരുത്തര്‍ ഓരോ മാസത്തേക്കുവേണ്ട സാധനങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നു.
8: അവര്‍: എഫ്രായിം മലനാട്ടില്‍ ബന്‍ഹൂര്‍;
9: മാക്കസ്, ഷാല്‍ബിം, ബത്‌ഷെമെഷ്, ഏലോന്‍, ബേത്ഹാനാന്‍ എന്നീ പ്രദേശങ്ങളില്‍ ബന്‍ദെക്കര്‍;
10: അരുബ്‌ബോത്തില്‍ ബന്‍ഹേസെദ് - സൊക്കോയും ഹേഫര്‍ പ്രദേശവും ഇവന്റെ അധീനതയിലായിരുന്നു;
11: നഫാത്ത്‌ദോറില്‍ ബന്‍ അബിനാദാബ് - സോളമന്റെ പുത്രി താഫാത്ത് ഇവന്റെ ഭാര്യയായിരുന്നു;
12: താനാക്ക്, മെഗിദോ എന്നീ നഗരങ്ങളിലും സാരെഥാനുസമീപം ജസ്രേലിനുതാഴെ ബത്‌ഷെയാന്‍ മുതല്‍ ആബേല്‍മെഹോലായും യൊക്‌മെയാമിന്റെ അപ്പുറവുംവരെ ബത്‌ഷെയാന്‍പ്രദേശം മുഴുവനിലും അഹിലൂദിന്റെ മകന്‍ ബാനാ;
13: ഗിലയാദിലെ റാമോത്തില്‍ ബന്‍ഗേബര്‍ - മനാസ്സെയുടെ മകന്‍ ജായിരിന് ഗിലയാദിലുള്ള ഗ്രാമങ്ങളും, മതിലുകളും പിച്ചളയോടാമ്പലുകളോടുകൂടിയ വാതിലുകളുമുള്ള അറുപതു പട്ടണങ്ങളുള്‍പ്പെട്ട ബാഷാനിലെ അര്‍ഗോബു പ്രദേശവും ഇവന്റെ അധീനതയിലായിരുന്നു;
14: മഹനായീമില്‍ ഇദ്ദോയുടെ മകന്‍ അഹിനാദാബ്;
15: നഫ്താലിപ്രദേശത്ത് അഹിമാസ് സോളമന്റെ പുത്രി ബസ്മത് ഇവന്റെ ഭാര്യയായിരുന്നു;
16: ആഷേറിലും ബയാലോത്തിലും ഹൂഷായിയുടെ മകന്‍ ബാനാ;
17: ഇസാക്കറില്‍ പരൂവായുടെ മകന്‍ യാഹോഷാഫത്;
18: ബഞ്ചമിന്‍പ്രദേശത്ത് ഏലായുടെ മകന്‍ ഷിമെയി;
19: അമോര്യരാജാവായ സീഹോനും ബാഷാന്‍രാജാവായ ഓഗും ഭരിച്ചിരുന്ന ഗിലയാദുപ്രദേശത്ത് ഊറിയുടെ മകന്‍ ഗേബര്‍. കൂടാതെ യൂദായില്‍ ഒരു അധിപനുമുണ്ടായിരുന്നു.
20: യൂദായിലെയും ഇസ്രായേലിലെയും ജനം കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ അസംഖ്യമായിരുന്നു. അവര്‍ തിന്നും കുടിച്ചും ഉല്ലാസഭരിതരായി കഴിഞ്ഞു.
21: യൂഫ്രട്ടീസ് നദിമുതല്‍ ഫിലിസ്ത്യരുടെ നാടും ഈജിപ്തിന്റെ അതിര്‍ത്തിയുംവരെയുള്ള പ്രദേശങ്ങള്‍ സോളമന്റെ ഭരണത്തിന്‍കീഴിലായിരുന്നു. അവന്റെ ജീവിതകാലംമുഴുവന്‍ ജനം കാഴ്ചകള്‍ സമര്‍പ്പിക്കയും അവനെ സേവിക്കയുംചെയ്തു.
22: സോളമന്റെ അനുദിനച്ചെലവ് മുപ്പതുകോര്‍ നേര്‍ത്തമാവും അറുപതു കോര്‍ സാധാരണമാവും,
23: കലമാന്‍, പേടമാന്‍, മ്‌ളാവ്, കോഴി എന്നിവയ്ക്കുപുറമേ കൊഴുത്ത പത്തു കാളകള്‍, ഇരുപതു കാലികള്‍, നൂറു മുട്ടാടുകള്‍ ഇവയുമായിരുന്നു.
24: യൂഫ്രട്ടീസിനു പടിഞ്ഞാറ് തിഫ്സാമുതല്‍ ഗാസാവരെയുള്ള പ്രദേശങ്ങള്‍ സോളമന്റെ അധീനതയിലായിരുന്നു. യൂഫ്രട്ടീസിനു പടിഞ്ഞാറുള്ള എല്ലാ രാജാക്കന്മാരും അവനു കീഴ്‌പ്പെട്ടിരുന്നു. അയല്‍നാടുകളുമായി അവന്‍ സമാധാനത്തില്‍ കഴിഞ്ഞു.
25: സോളമന്റെകാലംമുഴുവന്‍ ദാന്‍മുതല്‍ ബേര്‍ഷെബാവരെ യൂദായിലെയും ഇസ്രായേലിലെയും ജനം മുന്തിരിയും അത്തിയും കൃഷിചെയ്തു സുരക്ഷിതരായി ജീവിച്ചു.
26: സോളമനു പന്തീരായിരം കുതിരപ്പടയാളികളും തേര്‍ക്കുതിരകള്‍ക്കായി നാല്പതിനായിരം പന്തികളുമുണ്ടായിരുന്നു.
27: മുമ്പുപറഞ്ഞ സേവകന്മാര്‍ ഓരോരുത്തരും നിശ്ചിത മാസത്തില്‍ സോളമന്‍രാജാവിനും അവനോടൊപ്പം ഭക്ഷിച്ചിരുന്നവര്‍ക്കുമാവശ്യമായ സാധനങ്ങളെത്തിച്ചിരുന്നു; ഒരു കുറവും വരുത്തിയില്ല.
28: അവര്‍ കുതിരകള്‍ക്കും വേഗമേറിയ പടക്കുതിരകള്‍ക്കുംവേണ്ട ബാര്‍ലിയും വയ്‌ക്കോലും മുറപ്രകാരം യഥാസ്ഥാനം എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു.
29: ദൈവം സോളമന് അളവറ്റ ജ്ഞാനവും ഉള്‍ക്കാഴ്ചയും കടല്‍ത്തീരംപോലെ വിശാലമായ ഹൃദയവും പ്രദാനംചെയ്തു.
30: പൗരസ്ത്യദേശത്തെയും ഈജിപ്തിലെയും ജ്ഞാനികളെ അതിശയിക്കുന്നതായിരുന്നു സോളമന്റെ ജ്ഞാനം.
31: എസ്രാഹ്യനായ ഏഥാന്‍, മാഹോലിന്റെ പുത്രന്മാരാ യഹേമാന്‍, കല്‍ക്കോല്‍, ദാര്‍ദാ തുടങ്ങി എല്ലാവരെയുംകാള്‍ ജ്ഞാനിയായിരുന്നു അവന്‍. അവന്റെ പ്രശസ്തി ചുറ്റുമുള്ള എല്ലാരാജ്യങ്ങളിലും വ്യാപിച്ചു.
32: അവന്‍ മൂവായിരം സുഭാഷിതങ്ങളും ആയിരത്തഞ്ചു ഗീതങ്ങളും രചിച്ചു.
33: ലബനോനിലെ ദേവദാരുമുതല്‍ ചുമരില്‍ മുളയ്ക്കുന്ന പായല്‍വരെ എല്ലാ സസ്യങ്ങളെയുംകുറിച്ച് അവന്‍ പ്രതിപാദിച്ചു. മൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും മത്സ്യങ്ങളെയുംകുറിച്ച് അവന്‍ സംസാരിച്ചിരുന്നു.
34: സോളമന്റെ ജ്ഞാനത്തെപ്പറ്റി കേട്ടിട്ടുള്ള രാജാക്കന്മാരിലും ജനതകളിലുംനിന്നു ധാരാളംപേര്‍ അവന്റെ ഭാഷണം കേള്‍ക്കാനെത്തിയിരുന്നു.

അദ്ധ്യായം 5

ദേവാലയനിര്‍മ്മാണത്തിനുള്ള ഒരുക്കം

1: സോളമനെ പിതാവിന്റെ സ്ഥാനത്തു രാജാവായി അഭിഷേകംചെയ്തിരിക്കുന്നുവെന്നുകേട്ട്, ടയിര്‍ രാജാവായ ഹീരാം അവന്റെയടുത്തേക്കു ദൂതന്മാരെ അയച്ചു. ഹീരാം എന്നും ദാവിദുമായി മൈത്രിയിലായിരുന്നു.
2: സോളമന്‍ ഹീരാമിന് ഒരു സന്ദേശമയച്ചു:
3: എന്റെ പിതാവായ ദാവീദിന്, തന്റെ ദൈവമായ കര്‍ത്താവിന് ഒരാലയം പണിയാന്‍കഴിഞ്ഞില്ലെന്നു നിനക്കറിയാമല്ലോ. ചുറ്റുമുള്ള ശത്രുക്കളെ കര്‍ത്താവ്, അവനു കീഴ്‌പ്പെടുത്തുന്നതുവരെ അവനു തുടര്‍ച്ചയായി യുദ്ധംചെയ്യേണ്ടിവന്നു.
4: എന്നാല്‍, എനിക്കു പ്രതിയോഗിയില്ല; ദൗര്‍ഭാഗ്യവുമില്ല. എന്റെ ദൈവമായ കര്‍ത്താവ് എനിക്ക് എല്ലാത്തരത്തിലും സമാധാനം നല്കിയിരിക്കുന്നു.
5: എന്റെ പിതാവായ ദാവീദിനോടു കര്‍ത്താവിങ്ങനെ അരുളിച്ചെയ്തിട്ടുണ്ട്: നിനക്കുപകരം സിംഹാസനത്തില്‍ ഞാന്‍ അവരോധിക്കുന്ന നിന്റെ മകന്‍ എന്റെ നാമത്തിന് ഒരാലയം പണിയും. അതനുസരിച്ച് എന്റെ ദൈവമായ കര്‍ത്താവിന് ആലയം നിര്‍മ്മിക്കണമെന്ന് ഞാനുദ്ദ്യേശിക്കുന്നു.
6: ആകയാല്‍, ലബനോനില്‍നിന്ന് എനിക്കായി ദേവദാരു മുറിക്കാന്‍ ആജ്ഞനല്കിയാലും. എന്റെ ജോലിക്കാരും നിന്റെ ജോലിക്കാരോടുകൂടെയുണ്ടായിരിക്കും. അവര്‍ക്കു നീ നിശ്ചയിക്കുന്ന കൂലി ഞാന്‍ തരാം. സീദോന്യരെപ്പോലെ മരംമുറിക്കാന്‍ പരിചയമുള്ളവര്‍ ഞങ്ങളുടെയിടയിലില്ലെന്നു നിനക്കറിയാമല്ലോ.
7: സോളമന്റെ വാക്കുകേട്ടപ്പോള്‍ ഹീരാം അതീവസന്തുഷ്ടനായി പറഞ്ഞു: ഈ മഹത്തായ ജനത്തെ ഭരിക്കാന്‍ ജ്ഞാനിയായൊരു മകനെ ദാവീദിനുനല്കിയ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ!
8: ഹീരാം ദൂതന്‍മുഖേന സോളമനെ അറിയിച്ചു: നിന്റെ സന്ദേശം കിട്ടി. ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യം നിന്റെ ആഗ്രഹംപോലെ ചെയ്യാം.
9: എന്റെ ജോലിക്കാര്‍ ലബനോനില്‍നിന്ന്, തടി കടലിലേക്കിറക്കും. പിന്നീടു ചങ്ങാടങ്ങളാക്കി നീ പറയുന്ന സ്ഥലത്തേക്കയച്ചുതരാം. കരയ്ക്കടുക്കുമ്പോള്‍ നീ അവ ഏറ്റുവാങ്ങണം. എന്റെ കുടുംബത്തിനാവശ്യമായ ഭക്ഷണസാധനങ്ങള്‍ നീ നല്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
10: സോളമന് ആവശ്യമായ ദേവദാരുവും സരളമരവും ഹീരാം നല്കി.
11: ഹീരാമിന്റെ ഗാര്‍ഹികാവശ്യങ്ങള്‍ക്കായി സോളമന്‍ ഇരുപതിനായിരം കോര്‍ ഗോതമ്പും ആട്ടിയെടുത്ത ഇരുപതിനായിരം കോര്‍ എണ്ണയും കൊടുത്തു. ആണ്ടുതോറും ഹീരാമിന് ഇവ കൊടുത്തുകൊണ്ടിരുന്നു.
12: കര്‍ത്താവ്, വാഗ്ദാനപ്രകാരം സോളമനു ജ്ഞാനം നല്കി. ഹീരാമും സോളമനും സമാധാനത്തില്‍ കഴിഞ്ഞുകൂടുകയും ഇരുവരും ഉടമ്പടിയിലേര്‍പ്പെടുകയും ചെയ്തു.
13: സോളമന്‍രാജാവ് ഇസ്രായേലിന്റെ എല്ലാഭാഗത്തുംനിന്ന് അടിമവേലയ്ക്ക് ആളെയെടുത്തു. മുപ്പതിനായിരം പേരാണ്, ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ടത്.
14: മാസംതോറും പതിനായിരംപേരെവീതം ലബനോനിലെക്ക് അയച്ചുകൊണ്ടിരുന്നു. അവര്‍ ഒരു മാസം ലബനോനിലാണെങ്കില്‍ രണ്ടുമാസം തങ്ങളുടെ വീടുകളിലായിരിക്കും. അദോണിറാമിനായിരുന്നു ഇവരുടെ മേല്‍നോട്ടം.
15: ചുമടെടുക്കാന്‍ എഴുപതിനായിരവും മലയില്‍ കല്ലുവെട്ടാന്‍ എണ്‍പതിനായിരവും ആളുകളുണ്ടായിരുന്നു.
16: ജോലിക്കാരുടെ മേല്‍നോട്ടംവഹിച്ചിരുന്ന മൂവായിരത്തിമൂന്നൂറ് ആളുകള്‍ക്കുപുറമേയായിരുന്നു ഇവര്‍.
17: രാജാവിന്റെ കല്പനയനുസരിച്ച്, അവര്‍ ദേവാലയത്തിന്റെ അടിത്തറപണിയാന്‍ വിശേഷപ്പെട്ട വലിയ കല്ലുകള്‍ കൊണ്ടുവന്നു ചെത്തി ശരിപ്പെടുത്തി.
18: സോളമന്റെയും, ഹീരാമിന്റെയും ശില്പികളും ഗേബാല്‍കാരുംചേര്‍ന്ന് അവ ചെത്തിമിനുക്കുകയും ദേവാലയം പണിയാനുള്ള കല്ലും മരവും തയ്യാറാക്കുകയുംചെയ്തു. 
 
അദ്ധ്യായം 6

ദേവാലയനിര്‍മ്മാണം 


1: ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു മോചിതരായതിന്റെ നാനൂറ്റിയെണ്‍പതാം വര്‍ഷം, അതായത്, സോളമന്റെ നാലാം ഭരണവര്‍ഷം രണ്ടാമത്തെ മാസമായ സീവില്‍ അവന്‍ ദേവാലയത്തിന്റെ പണിയാരംഭിച്ചു.
2: സോളമന്‍ കര്‍ത്താവിനുവേണ്ടി പണിയിച്ച ഭവനത്തിന് അറുപതുമുഴം നീളവും ഇരുപതുമുഴം വീതിയും മുപ്പതുമുഴം ഉയരവുമുണ്ടായിരുന്നു.
3: ദേവാലയത്തിന്റെ മുന്‍ഭാഗത്ത് പത്തുമുഴം ഉയരവും ആലയത്തിന്റെ വീതിക്കൊപ്പം ഇരുപതുമുഴം നീളവുമുള്ള ഒരു പൂമുഖം ഉണ്ടായിരുന്നു.
4: ദേവാലയഭിത്തിയില്‍ പുറത്തേക്കു വീതി കുറഞ്ഞുവരുന്ന ജനലുകളുണ്ടായിരുന്നു.
5: ശ്രീകോവിലടക്കം ദേവാലയത്തിന്റെ ചുറ്റുമുള്ള ഭിത്തികളോടുചേര്‍ന്ന്, തട്ടുകളായി മുറികള്‍ നിര്‍മ്മിച്ചു.
6: താഴത്തെ നിലയ്ക്ക് അഞ്ചു മുഴവും നടുവിലത്തേതിന് ആറുമുഴവും മുകളിലത്തേതിന് ഏഴുമുഴവും വീതിയുണ്ടായിരുന്നു. തുലാങ്ങള്‍ ദേവാലയഭിത്തിയില്‍ തുളച്ചു കടക്കാതിരിക്കാന്‍ ആലയത്തിനുപുറമേ ഭിത്തികളില്‍ ഗളം നിര്‍മ്മിച്ച് അവ ഘടിപ്പിച്ചു.
7: നേരത്തേ ചെത്തിമിനുക്കിയ കല്ലുകളായിരുന്നതുകൊണ്ട് പണിനടക്കുന്ന സമയത്തു മഴുവിന്റെയോ ചുറ്റികയുടേയോ മറ്റ് ഇരുമ്പായുധങ്ങളുടെയോ ശബ്ദം ദേവാലയത്തില്‍ കേട്ടിരുന്നില്ല.
8: താഴത്തെനിലയുടെ വാതില്‍ ദേവാലയത്തിന്റെ തെക്കുവശത്തായിരുന്നു. ഗോവണിയിലൂടെ നടുവിലത്തെ നിലയിലേക്കും അവിടെനിന്നു മൂന്നാമത്തേതിലേക്കും മാര്‍ഗ്ഗമുണ്ടായിരുന്നു.
9: ഇങ്ങനെ അവന്‍ ദേവാലയം പണിതീര്‍ത്തു. ദേവദാരുവിന്റെ പലകയും തുലാങ്ങളുംകൊണ്ടാണു മച്ചുണ്ടാക്കിയത്.
10: തട്ടുകള്‍ പണിയിച്ചത് ആലയത്തിനുചുറ്റും അഞ്ചു മുഴം ഉയരത്തിലാണ്. ദേവദാരുത്തടികൊണ്ട് അവ ആലയവുമായി ബന്ധിപ്പിച്ചു.
11: സോളമനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
12: നീ എനിക്കു ഭവനം പണിയുകയാണല്ലോ. എന്റെ ചട്ടങ്ങള്‍ ആചരിച്ചും എന്റെ അനുശാസനങ്ങളനുസരിച്ചും എന്റെ കല്പനകള്‍പാലിച്ചുംനടന്നാല്‍ ഞാന്‍ നിന്റെ പിതാവായ ദാവീദിനോടുചെയ്ത വാഗ്ദാനം നിന്നില്‍ നിറവേറ്റും.
13: ഞാന്‍ ഇസ്രായേല്‍ മക്കളുടെമദ്ധ്യേ വസിക്കും. എന്റെ ജനമായ ഇസ്രായേലിനെ ഞാനുപേക്ഷിക്കുകയില്ല.
14: സോളമന്‍ ദേവാലയത്തിന്റെ പണി പൂര്‍ത്തിയാക്കി.
15: അവന്‍ ദേവാലയഭിത്തികളുടെ ഉള്‍വശം, തറമുതല്‍ മുകളറ്റംവരെ ദേവദാരുപ്പലകകൊണ്ടു പൊതിഞ്ഞു. തറയില്‍ സരളമരപ്പലകകളും നിരത്തി.
16: ദേവാലയത്തിന്റെ പിന്‍ഭാഗത്തെ ഇരുപതുമുഴം തറമുതല്‍ മുകളറ്റംവരെ ദേവദാരുപ്പലകകൊണ്ടു വേര്‍തിരിച്ചു. അങ്ങനെയാണ് അതിവിശുദ്ധമായ ശ്രീകോവില്‍ നിര്‍മ്മിച്ചത്.
17: ശ്രീകോവിലിന്റെ മുമ്പിലുള്ള ദേവാലയഭാഗത്തിന് നാല്പതു മുഴമായിരുന്നു നീളം.
18: ഫലങ്ങളും വിടര്‍ന്ന പുഷ്പങ്ങളുംകൊത്തിയ ദേവദാരുപ്പലകകൊണ്ട് ആലയത്തിന്റെ ഉള്‍വശംമുഴുവന്‍ പൊതിഞ്ഞിരുന്നു. എല്ലായിടത്തും ദേവദാരുപ്പലകകള്‍; കല്ല്, തെല്ലും ദൃശ്യമായിരുന്നില്ല.
19: കര്‍ത്താവിന്റെ വാഗ്ദാനപേടകം സ്ഥാപിക്കുന്നതിന്, ആലയത്തിന്റെയുള്ളില്‍ ശ്രീകോവില്‍ സജ്ജമാക്കി.
20: അതിന് ഇരുപതുമുഴംവീതം നീളവും വീതിയും ഉയരവുമുണ്ടായിരുന്നു. അവന്‍ അതു തങ്കംകൊണ്ടു പൊതിഞ്ഞു. ദേവദാരുകൊണ്ടു ബലിപീഠവും നിര്‍മ്മിച്ചു.
21: ദേവാലയത്തിന്റെ ഉള്‍വശം തങ്കംകൊണ്ടു പൊതിഞ്ഞു ശ്രീകോവിലിന്റെ മുന്‍വശത്തു കുറുകെ സ്വര്‍ണ്ണച്ചങ്ങലകള്‍ ബന്ധിച്ചു. അവിടവും സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു.
22: ദേവാലയംമുഴുവന്‍ സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു. ശ്രീകോവിലിലെ ബലിപീഠവും അവന്‍ സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു.
23: പത്തുമുഴം ഉയരമുള്ള രണ്ടു കെരൂബുകളെ ഒലിവുതടികൊണ്ടു നിര്‍മ്മിച്ച് അവന്‍ ശ്രീകോവിലില്‍ സ്ഥാപിച്ചു.
24: കെരൂബിന്റെ ഇരുചിറകുകള്‍ക്കും അഞ്ചുമുഴം നീളമുണ്ടായിരുന്നു. ഒരു ചിറകിന്റെ അറ്റംമുതല്‍ മറ്റേ ചിറകിന്റെ അറ്റംവരെ ആകെ പത്തുമുഴം.
25: രണ്ടാമത്തെ കെരൂബിനും പത്തുമുഴം. രണ്ടു കെരൂബുകളുടെയും വലുപ്പവും രൂപവും ഒന്നുപോലെതന്നെ.
26: ഒരു കെരൂബിന്റെ ഉയരം പത്തുമുഴം; മറ്റേതും അങ്ങനെതന്നെ.
27: സോളമന്‍ കെരൂബുകളെ ശ്രീകോവിലില്‍ സ്ഥാപിച്ചു. ഒരു കെരൂബിന്റെ ചിറക് ഒരു ചുമരിലും മറ്റേ കെരൂബിന്റെ ചിറക് മറുചുമരിലും തൊട്ടിരിക്കത്തക്കവിധം ചിറകുകള്‍ വിടര്‍ത്തിയാണ് സ്ഥാപിച്ചത്. മറ്റു രണ്ടു ചിറകുകള്‍ മധ്യത്തില്‍ പരസ്പരം തൊട്ടിരുന്നു.
28: അവന്‍ കെരൂബുകളെ സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു.
29: അകത്തും പുറത്തുമുള്ള മുറികളുടെ ഭിത്തികളില്‍ കെരൂബുകളും ഈന്തപ്പനകളും വിടര്‍ന്ന പുഷ്പങ്ങളും കൊത്തിവച്ചിരുന്നു.
30: അവയുടെ തറയില്‍ സ്വര്‍ണ്ണം പതിച്ചിരുന്നു.
31: ശ്രീകോവിലിന്റെ കതകുകള്‍ ഒലിവുതടികൊണ്ടു നിര്‍മ്മിച്ചു; മേല്പടിയും കട്ടിളക്കാലുകളും ചേര്‍ന്ന് ഒരു പഞ്ചഭുജമായി.
32: ഒലിവുതടിയില്‍തീര്‍ത്ത ഇരുകതകുകളിലും കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പങ്ങള്‍ എന്നിവ കൊത്തി, എല്ലാം സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു.
33: ദേവാലയത്തിന്റെ കവാടത്തില്‍ ഒലിവുതടികൊണ്ടു ചതുരത്തില്‍ കട്ടിളയുണ്ടാക്കി.
34: അതിന്റെ കതകുരണ്ടും സരളമരംകൊണ്ടു നിര്‍മ്മിച്ചു. ഓരോന്നിനും ഈരണ്ടു മടക്കുപാളിയുണ്ടായിരുന്നു.
35: അവന്‍ അവയില്‍ കെരൂബുകളും ഈന്തപ്പനകളും വിടര്‍ന്ന പുഷ്പങ്ങളും കൊത്തിച്ചു. അവയും കൊത്തുപണികളും സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു.
36: അകത്തേ അങ്കണം ചെത്തിമിനുക്കിയ മൂന്നു നിര കല്ലും ഒരു നിര ദേവദാരുത്തടിയുംകൊണ്ടു നിര്‍മ്മിച്ചു.
37: നാലാംവര്‍ഷം സീവു മാസത്തിലാണു ദേവാലയത്തിന് അടിസ്ഥാനമിട്ടത്.
38: പതിനൊന്നാംവര്‍ഷം എട്ടാം മാസം, അതായത്, ബൂല്‍മാസം ദേവാലയത്തിന്റെ എല്ലാ ഭാഗങ്ങളും യഥാവിധി പൂര്‍ത്തിയായി. അങ്ങനെ ദേവാലയനിര്‍മ്മാണത്തിന് ഏഴുവര്‍ഷം വേണ്ടിവന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ