തൊണ്ണൂറ്റിരണ്ടാം ദിവസം: 1 രാജാക്കന്മാര്‍ 15 - 17


അദ്ധ്യായം 15

അബിയാം
1: നെബാത്തിൻ്റെ മകന്‍ ജറോബോവാമിൻ്റെ വാഴ്ചയുടെ പതിനെട്ടാംവര്‍ഷം അബിയാം യൂദായില്‍ ഭരണമാരംഭിച്ചു.   
2: അവന്‍ മൂന്നുവര്‍ഷം ജറുസലെമില്‍ ഭരിച്ചുഅബ്‌സലോമിൻ്റെ മകള്‍ മാഖാ ആയിരുന്നു അവൻ്റെ അമ്മ. 
3: പിതാവിൻ്റെ പാപങ്ങളില്‍ അവനുമേര്‍പ്പെട്ടു. കര്‍ത്താവിൻ്റെ സന്നിധിയില്‍ വിശ്വസ്തനായി പ്രവര്‍ത്തിച്ച പിതാവായ ദാവീദിന്റേതുപോലെയായിരുന്നില്ല അവൻ്റെ ഹൃദയം. 
4: എങ്കിലും ദാവീദിനെപ്രതി ദൈവമായ കര്‍ത്താവ് അബിയാമിന് കിരീടാവകാശിയായി ഒരു പുത്രനെ നല്കുകയും ജറുസലെമിനെ സുസ്ഥിരമാക്കുകയുംചെയ്തു. 
5: ദാവീദ്, ഹിത്യനായ ഊറിയായുടെ കാര്യത്തിലൊഴികെ കര്‍ത്താവുകല്പിച്ച യാതൊന്നിലുംനിന്ന് ആയുഷ്‌കാലത്തൊരിക്കലും വ്യതിചലിക്കാതെ അവിടുത്തെ ദൃഷ്ടിയില്‍ നീതിമാത്രംചെയ്തു. 
6: അബിയാംചെയ്ത മറ്റുകാര്യങ്ങൾ 
7: യൂദാരാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അബിയാമും ജറോബോവാമുംതമ്മില്‍ ജീവിതകാലംമുഴുവന്‍ യുദ്ധംനടന്നു. 
8: അബിയാം പിതാക്കന്മാരോടുചേരുകയും ദാവീദിൻ്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെടുകയും ചെയ്തു. അവൻ്റെ മകന്‍ ആസാ ഭരണമേറ്റു. 

ആസാ
9: ഇസ്രായേല്‍രാജാവായ ജറോബോവാമിൻ്റെ വാഴ്ചയുടെ ഇരുപതാംവര്‍ഷം ആസാ യൂദായില്‍ ഭരണംതുടങ്ങി. 
10: അവന്‍ ജറുസലെമില്‍ നാല്പത്തൊന്നു കൊല്ലം ഭരിച്ചു. അവൻ്റെ പിതാമഹി അബ്‌സലോമിൻ്റെ മകള്‍ മാഖാ ആയിരുന്നു. 
11: ആസാ പിതാവായ ദാവീദിനെപ്പോലെ കര്‍ത്താവിൻ്റെ ദൃഷ്ടിയില്‍ നീതിപൂര്‍വ്വം വര്‍ത്തിച്ചു. 
12: അവന്‍ നാട്ടില്‍നിന്നു ദേവപ്രീതിക്കായുള്ള ആണ്‍വേശ്യാസമ്പ്രദായം ഉച്ചാടനംചെയ്തു. പിതാക്കന്മാര്‍ നിര്‍മ്മിച്ച എല്ലാ വിഗ്രഹങ്ങളും നിര്‍മ്മാര്‍ജനംചെയ്തു. 
13: പിതാമഹിയായ മാഖാ അഷേരായ്ക്കു മ്ലേച്ഛവിഗ്രഹം നിര്‍മ്മിച്ചതിനാല്‍ അവനവളെ അമ്മറാണിയുടെ പദവിയില്‍നിന്നു നീക്കി. വിഗ്രഹംതകര്‍ത്ത്, കിദ്രോന്‍ അരുവിക്കരയില്‍ ദഹിപ്പിച്ചു. 
14: എന്നാല്‍, അവന്‍ പൂജാഗിരികള്‍ നശിപ്പിച്ചില്ല. എങ്കിലും ജീവിതകാലംമുഴുവന്‍ ആസായുടെ ഹൃദയം കര്‍ത്താവിനോടു വിശ്വസ്തതപുലര്‍ത്തി. 
15: താനും തൻ്റെ പിതാവും കാഴ്ചയര്‍പ്പിച്ച സ്വര്‍ണ്ണവും വെള്ളിയും പാത്രങ്ങളും അവന്‍ കര്‍ത്താവിൻ്റെ ആലയത്തില്‍ കൊണ്ടുവന്നു. 
16: ആസായും ഇസ്രായേല്‍രാജാവായ ബാഷായും തമ്മില്‍ നിരന്തരം യുദ്ധംനടന്നു.   
17: ഇസ്രായേല്‍രാജാവായ ബാഷാ, യൂദായ്‌ക്കെതിരേ പുറപ്പെട്ടുയൂദാരാജാവായ ആസായുമായി ബന്ധമുണ്ടാകാതിരിക്കാന്‍ റാമാ നിര്‍മ്മിച്ചു. 
18: ആസാ, ദേവാലയത്തിലെയും കൊട്ടാരത്തിലെയും ഭണ്ഡാരത്തില്‍ശേഷിച്ചിരുന്ന സ്വര്‍ണ്ണവും വെള്ളിയും ദമാസ്‌ക്കസില്‍ വസിച്ചിരുന്ന ഹെസിയോനിൻ്റെ പൗത്രനും തബ്രിമ്മോനിൻ്റെ മകനുമായ ബന്‍ഹദാദ് എന്ന സിറിയന്‍രാജാവിനു കൊടുത്തയച്ചുകൊണ്ടു പറഞ്ഞു: 
19: നമ്മുടെ പിതാക്കന്മാര്‍ തമ്മിലുണ്ടായിരുന്നതുപോലെ നമുക്കും സഖ്യംചെയ്യാം. ഞാനിതാ സ്വര്‍ണ്ണവും വെള്ളിയും സമ്മാനമായി അയയ്ക്കുന്നു. ഇസ്രായേല്‍രാജാവായ ബാഷാ എൻ്റെ രാജ്യത്തില്‍നിന്നു പിന്മാറുന്നതിന് അവനുമായുള്ള സഖ്യം വിച്ഛേദിക്കുക. 
20: ആസാരാജാവിൻ്റെ അഭ്യര്‍ത്ഥന സ്വീകരിച്ച് ബന്‍ഹദാദ് സേനാധിപന്മാരെ ഇസ്രായേല്‍നഗരങ്ങള്‍ക്കെതിരേ അയച്ചു. അവര്‍ നഫ്താലിദേശത്തോടൊപ്പം ഇയോന്‍, ദാന്‍, ആബെല്‍ ബത്മാക്കാകിന്നറോത്ത് എന്നിവ കീഴടക്കി. 
21: ഇതറിഞ്ഞു ബാഷാ, റാമായുടെ നിര്‍മ്മാണം നിര്‍ത്തിവച്ച് തിര്‍സായില്‍ത്തന്നെ താമസിച്ചു. 
22: ആസാരാജാവ് ഒരു വിളംബരംമൂലം യൂദാനിവാസികളെ വിളിച്ചുകൂട്ടി. ആരെയും ഒഴിവാക്കിയില്ല. റാമാ പണിയാന്‍ ബാഷാ സംഭരിച്ചിരുന്ന കല്ലും മരവും അവരെടുത്തുകൊണ്ടു വന്നു. ആസാരാജാവ് ഇവകൊണ്ട് ബഞ്ചമിനിലെ ഗേബയും മിസ്പായും നിര്‍മ്മിച്ചു. 
23: ആസായുടെ മറ്റു പ്രവര്‍ത്തനങ്ങളും ശക്തിവൈഭവവും അവന്‍ പണിയിച്ച നഗരങ്ങളുടെ വിവരങ്ങളുംയൂദാരാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. വാര്‍ദ്ധക്യത്തില്‍ അവന് കാലില്‍ രോഗം പിടിപെട്ടു. അവനും പിതാക്കന്മാരോടു ചേര്‍ന്നു; 
24: പിതാവായ ദാവീദിൻ്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. അവൻ്റെ മകന്‍ യഹോഷാഫാത്ത് ഭരണമേറ്റു. 

ഇസ്രായേല്‍ രാജാക്കന്മാര്‍ : നാദാബ്
25: ജറോബോവാമിൻ്റെ മകന്‍ നാദാബ് യൂദാരാജാവായ ആസായുടെ രണ്ടാം ഭരണവര്‍ഷം ഇസ്രായേലില്‍ ഭരണമാരംഭിച്ചു. അവന്‍ രണ്ടുകൊല്ലം വാണു. 
26: തൻ്റെ പിതാവ്, ഇസ്രായേലിനെ വഴിപിഴപ്പിച്ച പാപമാര്‍ഗ്ഗത്തില്‍ച്ചരിച്ച്, അവന്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍ തിന്മ പ്രവര്‍ത്തിച്ചു. 
27: ഇസാക്കര്‍ ഗോത്രത്തില്‍പ്പെട്ട അഹിയായുടെ മകന്‍ ബാഷാ അവനെതിരേ ഗൂഢാലോചന നടത്തി. നാദാബും ഇസ്രായേലും ഫിലിസ്ത്യനഗരമായ ഗിബത്തോണ്‍ ആക്രമിച്ചപ്പോള്‍ ബാഷാ അവനെ വധിച്ചു. 
28: ഇങ്ങനെ യൂദാരാജാവായ ആസായുടെ മൂന്നാം ഭരണവര്‍ഷം ബാഷാ നാദാബിനെക്കൊന്നു തല്‍സ്ഥാനത്തു വാണു.  
29: രാജാവായപ്പോള്‍ത്തന്നെ അവന്‍ ജറോബോവാമിൻ്റെ വംശംമുഴുവന്‍ നശിപ്പിച്ചു. കര്‍ത്താവ്, തൻ്റെ ദാസനും ഷീലോന്യനുമായ അഹിയാവഴി അരുളിച്ചെയ്തിരുന്നതുപോലെഅവൻ്റെ സന്തതികളില്‍ ആരുമവശേഷിച്ചില്ല. 
30: ജറോബോവാംചെയ്തതും ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങള്‍, ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ കോപം ജ്വലിപ്പിച്ചതിനാലാണ് ഇതു സംഭവിച്ചത്. 
31: നാദാബിനെക്കുറിച്ചുള്ള മറ്റു വിവരങ്ങളും അവൻ്റെ പ്രവര്‍ത്തനങ്ങളും ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. 
32: ആസായും ഇസ്രായേല്‍രാജാവായ ബാഷായുംതമ്മില്‍ നിരന്തരംയുദ്ധം നടന്നു. 

ബാഷാ
33: യൂദാരാജാവായ ആസായുടെ മൂന്നാം ഭരണവര്‍ഷം അഹിയായുടെ മകന്‍ ബാഷാ ഭരണമേറ്റു. അവന്‍ ഇരുപത്തിനാലു വര്‍ഷം ഇസ്രായേല്‍രാജാവായി തിര്‍സായില്‍ വാണു. 
34: അവനും കര്‍ത്താവിൻ്റെ സന്നിധിയില്‍ തിന്മ പ്രവര്‍ത്തിച്ചു. ജറോബോവാമിൻ്റെ മാര്‍ഗ്ഗങ്ങളിലും ഇസ്രായേലിനെ വഴിപിഴപ്പിച്ച അവൻ്റെ പാപങ്ങളിലും ബാഷാ വ്യാപരിച്ചു. 

അദ്ധ്യായം 16

1: ഹനാനിയുടെ മകന്‍ യേഹുവഴി കര്‍ത്താവ് ബാഷായ്‌ക്കെതിരേ അരുളിച്ചെയ്തു: 
2: ഞാന്‍ നിന്നെ പൊടിയില്‍നിന്നുയര്‍ത്തിഎൻ്റെ ജനമായ ഇസ്രായേലിൻ്റെ രാജാവാക്കി. എന്നാല്‍, നീ ജറോബോവാമിൻ്റെ വഴിയില്‍ നടക്കുകയും എൻ്റെ ജനമായ ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച് എന്നെ പ്രകോപിപ്പിക്കുകയും ചെയ്തു.  
3: ഞാന്‍ ബാഷായെയും അവൻ്റെ വംശത്തെയും നിശ്ശേഷം നശിപ്പിക്കും: നിൻ്റെ ഭവനം നെബാത്തിൻ്റെ മകന്‍ ജറോബോവാമിൻ്റെ ഭവനംപോലെയാക്കും. 
4: പട്ടണത്തില്‍വച്ചു മരിക്കുന്ന ബാഷാവംശജരെ നായ്ക്കള്‍ ഭക്ഷിക്കുംവയലില്‍വച്ചു മരിക്കുന്നവരെ ആകാശപ്പറവകളും. 
5: ബാഷായുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും ശക്തിവൈഭവവും ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. 
6: ബാഷായും പിതാക്കന്മാരോടു ചേര്‍ന്നുതിര്‍സായില്‍ സംസ്കരിക്കപ്പെട്ടു. അവൻ്റെ മകന്‍ ഏലാ ഭരണമേറ്റു. 
7: ജറോബോവാമിൻ്റെ ഭവനത്തെപ്പോലെ കര്‍ത്താവിൻ്റെ സന്നിധിയില്‍ പാപംചെയ്ത് അവിടുത്തെ പ്രകോപിപ്പിക്കുകയും ആ ഭവനത്തെ നശിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് ഹനാനിയുടെ മകനായ യേഹു പ്രവാചകന്‍വഴി കര്‍ത്താവു ബാഷായ്ക്കും അവൻ്റെ വംശത്തിനുമെതിരായി സംസാരിച്ചത്.   

ഏലാ
8: യൂദാരാജാവ് ആസായുടെ ഇരുപത്താറാം ഭരണവര്‍ഷം ബാഷായുടെ മകന്‍ ഏലാ ഇസ്രായേലിൻ്റെ രാജാവായി തിര്‍സായില്‍ ഭരണംതുടങ്ങി. അവന്‍ രണ്ടുവര്‍ഷം വാണു. 
9: എന്നാല്‍, അവൻ്റെ തേര്‍പ്പടയുടെ പകുതിയുടെ അധിപനായിരുന്ന സിമ്രി അവനെതിരേ ഗൂഢാലോചന നടത്തി. തിര്‍സായിലെ നഗരാധിപനായ അര്‍സായുടെ ഭവനത്തില്‍ ഏലാ മദ്യപിച്ചു മത്തനായി കിടക്കുകയായിരുന്നു. 
10: സിമ്രി അകത്തുകടന്ന്, അവനെ വധിച്ചുഅവന്‍ രാജാവായി. യൂദാരാജാവായ ആസായുടെ ഇരുപത്തേഴാം ഭരണവര്‍ഷത്തിലാണ് ഇതു സംഭവിച്ചത്. 
11: രാജാവായ ഉടനെ അവന്‍ ബാഷാഭവനത്തെ മുഴുവന്‍ കൊന്നൊടുക്കി. ബാഷായുടെ ബന്ധുക്കളോ സ്നേഹിതരോ ആയി ഒരു പുരുഷനുമവശേഷിച്ചില്ല. 
12: യേഹുപ്രവാചകന്‍വഴി ബാഷായ്‌ക്കെതിരേ കര്‍ത്താവ് അരുളിച്ചെയ്തതുപോല അവൻ്റെ വംശത്തെ മുഴുവന്‍ സിമ്രി നശിപ്പിച്ചു. 
13: വിഗ്രഹാരാധനവഴി പാപംചെയ്തും ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ചും ബാഷായും മകന്‍ ഏലായും ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിനെ പ്രകോപിപ്പിച്ചതുകൊണ്ടാണ് ഇതു സംഭവിച്ചത്. 
14: ഏലായെപ്പറ്റിയുള്ള മറ്റുവിവരങ്ങളും അവൻ്റെ പ്രവര്‍ത്തനങ്ങളും ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. 

സിമ്രി
15: യൂദാരാജാവ് ആസായുടെ ഇരുപത്തേഴാം ഭരണവര്‍ഷം സിമ്രി തിര്‍സായില്‍ ഏഴുദിവസം ഭരിച്ചുഇസ്രായേല്‍സൈന്യം ഫിലിസ്ത്യനഗരമായ ഗിബത്തോണിനെതിരേ പാളയമടിച്ചിരിക്കുകയായിരുന്നു. 
16: രാജാവിനെതിരേ സിമ്രി ഗൂഢാലോചനനടത്തി, അവനെ വധിച്ചുവെന്ന് പാളയത്തിലറിവുകിട്ടി. അന്ന് അവിടെവച്ചുതന്നെ ഇസ്രായേല്‍ജനം സേനാനായകനായ ഓമ്രിയെ രാജാവാക്കി. 
17: ഓമ്രിയും ഇസ്രായേല്‍ജനവും ഗിബത്തോണില്‍നിന്നു പുറപ്പെട്ടു തിര്‍സാ വളഞ്ഞു. 
18: പട്ടണം പിടിക്കപ്പെട്ടെന്നു കണ്ടപ്പോള്‍, സിമ്രി കൊട്ടാരത്തിൻ്റെ ഉള്ളറയില്‍ക്കടന്ന്, കൊട്ടാരത്തിനു തീ കൊളുത്തി ആത്മഹത്യചെയ്തു. 
19: ജറോബോവാമിനെപ്പോലെ പാപംചെയ്യുകയും ഇസ്രായേലിനെ പാപമാര്‍ഗ്ഗത്തിലേക്കു നയിക്കുകയും ചെയ്തു. കര്‍ത്താവിൻ്റെ സന്നിധിയില്‍ തിന്മപ്രവര്‍ത്തിച്ചതിനാലാണ് അവനിതു സംഭവിച്ചത്. 
20: സിമ്രിയെക്കുറിച്ചുള്ള മറ്റുവിവരങ്ങളും അവൻ്റെ ഗൂഢാലോചനയും ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.   

ഓമ്രി
21: ഇസ്രായേല്‍ജനം ഇരു ചേരികളിലായിപ്പിരിഞ്ഞു. ഗിനാത്തിൻ്റെ മകന്‍ തിബ്‌നിയെ രാജാവാക്കാന്‍ ഒരു വിഭാഗം അവൻ്റെ പക്ഷത്തും മറുഭാഗം ഓമ്രിയുടെ പക്ഷത്തും ചേര്‍ന്നു. 
22: ഓമ്രിപക്ഷം ഗിനാത്തിൻ്റെ മകന്‍ തിബ്‌നിയുടെ അനുയായികളെ തോല്പിച്ചുതിബ്‌നി മരിക്കുകയും ഓമ്രി രാജാവാകുകയും ചെയ്തു. 
23: യൂദാരാജാവായ ആസായുടെ മുപ്പത്തൊന്നാം ഭരണവര്‍ഷം ഓമ്രി ഇസ്രായേലില്‍ രാജാവായിപന്ത്രണ്ടുവര്‍ഷം അവന്‍ ഭരിച്ചുആറുവര്‍ഷം തിര്‍സായിലാണു വാണത്. 
24: രണ്ടു താലന്തു വെള്ളിക്ക് അവന്‍ ഷെമേറിൻ്റെ കൈയില്‍നിന്നു സമരിയാമല വാങ്ങി. ചുറ്റും കോട്ടകെട്ടി പട്ടണം നിര്‍മ്മിച്ചു. പട്ടണത്തിനു മലയുടെ ഉടമസ്ഥനായ ഷെമേറിൻ്റെ നാമം ആസ്പദമാക്കി സമരിയാ എന്നു പേരിട്ടു. 
25: ഓമ്രി കര്‍ത്താവിൻ്റെ സന്നിധിയില്‍ തിന്മ പ്രവര്‍ത്തിച്ചുമുന്‍ഗാമികളെക്കാളേറെ തിന്മയില്‍ മുഴുകി; 
26: അവന്‍ നെബാത്തിൻ്റെ മകന്‍ ജറോബോവാമിൻ്റെ മാര്‍ഗ്ഗം പിന്തുടരുകയും ഇസ്രായേല്‍ജനത്തെ വിഗ്രഹാരാധനവഴി പാപംചെയ്യിച്ച് ദൈവമായ കര്‍ത്താവിനെ പ്രകോപിപ്പിക്കുകയും ചെയ്തു. 
27: ഓമ്രിയുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും അവൻ്റെ ശക്തിവൈഭവവും ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. 
28: ഓമ്രി പിതാക്കന്മാരോടു ചേര്‍ന്നു. സമരിയായില്‍ സംസ്‌കരിക്കപ്പെട്ടു. മകന്‍ ആഹാബ് ഭരണമേറ്റു. 

ആഹാബ്
29: യൂദാരാജാവായ ആസായുടെ മുപ്പത്തിയെട്ടാം ഭരണവര്‍ഷമാണ് ഓമ്രിയുടെ മകന്‍ ആഹാബ് സമരിയായില്‍ ഇസ്രായേല്‍ജനത്തിൻ്റെ രാജാവായത്. അവന്‍ ഇരുപത്തിരണ്ടു വര്‍ഷം ഭരിച്ചു.   
30: ഓമ്രിയുടെ മകന്‍ ആഹാബ് തൻ്റെ മുന്‍ഗാമികളെക്കാളധികം കര്‍ത്താവിൻ്റെ സന്നിധിയില്‍ തിന്മപ്രവര്‍ത്തിച്ചു. 
31: നെബാത്തിൻ്റെ മകന്‍ ജറോബോവാമിൻ്റെ പാപങ്ങളില്‍ വ്യാപരിച്ചത് പോരാഞ്ഞിട്ട് അവന്‍ സീദോന്‍രാജാവായ എത്ബാലിൻ്റെ മകള്‍ ജസെബെലിനെ വിവാഹംചെയ്യുകയും ബാല്‍ദേവനെ ആരാധിക്കുകയുംചെയ്തു. 
32: സമരിയായില്‍ താന്‍പണിയിച്ച ബാല്‍ക്ഷേത്രത്തില്‍ ബാലിന് അവനൊരു ബലിപീഠം സ്ഥാപിച്ചു. 
33: അവന്‍, ഒരഷേരാപ്രതിഷ്ഠയുമുണ്ടാക്കിതൻ്റെ മുന്‍ഗാമികളെക്കാളധികമായി ആഹാബ് ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിനെ പ്രകോപിപ്പിച്ചു. 
34: അവൻ്റെ കാലത്ത്, ബഥേലിലെ ഹിയേല്‍ ജറീക്കോ പണിയിച്ചു. നൂനിൻ്റെ മകന്‍ ജോഷ്വവഴി കര്‍ത്താവരുളിച്ചെയ്തതുപോലെ നഗരത്തിൻ്റെ അടിസ്ഥാനമിട്ടപ്പോള്‍ അവന് മൂത്തമകന്‍ അബിറാമും കവാടം നിര്‍മ്മിച്ചപ്പോള്‍ ഇളയ മകന്‍ സെഹൂബും നഷ്ടപ്പെട്ടു. 

അദ്ധ്യായം 17

ഏലിയായും വരള്‍ച്ചയും

1: ഗിലയാദിലെ തിഷ്‌ബെയില്‍നിന്നുള്ള ഏലിയാപ്രവാചകന്‍ ആഹാബിനോടു പറഞ്ഞു: ഞാന്‍ സേവിക്കുന്ന ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവാണേവരുംകൊല്ലങ്ങളില്‍ ഞാന്‍ പറഞ്ഞല്ലാതെ മഞ്ഞോ മഴയോ പെയ്യുകയില്ല. 
2: കര്‍ത്താവ് ഏലിയായോട് അരുളിച്ചെയ്തു:   
3: നീ പുറപ്പെട്ട്, ജോര്‍ദ്ദാനു കിഴക്കുള്ള കെറീത്ത് അരുവിക്കു സമീപം ഒളിച്ചുതാമസിക്കുക. 
4: നിനക്ക് അരുവിയില്‍നിന്നു വെള്ളം കുടിക്കാം. ഭക്ഷണം തരുന്നതിന് കാക്കകളോടു ഞാന്‍ കല്പിച്ചിട്ടുണ്ട്. 
5: അവന്‍ കര്‍ത്താവിൻ്റെ കല്പനയനുസരിച്ച്, ജോര്‍ദ്ദാനു കിഴക്കുള്ള കെറീത്ത് നീര്‍ച്ചാലിനരികേചെന്നു താമസിച്ചു. 
6: കാക്കകള്‍ കാലത്തും വൈകിട്ടും അവന് അപ്പവും മാംസവും കൊണ്ടുവന്നുകൊടുത്തു. അരുവിയില്‍നിന്ന് അവന്‍ വെള്ളം കുടിച്ചു. 
7: മഴ പെയ്യായ്കയാല്‍, കുറെനാളുകള്‍ കഴിഞ്ഞപ്പോള്‍ അരുവി വറ്റി. 

ഏലിയാ സറേഫാത്തില്‍
8: കര്‍ത്താവ്, ഏലിയായോടരുളിച്ചെയ്തു: 
9: നീ സീദോനിലെ സറേഫാത്തില്‍പോയി വസിക്കുക. അവിടെ നിനക്കു ഭക്ഷണംതരുന്നതിനു ഞാനൊരു വിധവയോടു കല്പിച്ചിട്ടുണ്ട്. 
10: ഏലിയാ സറേഫാത്തിലേക്കു മടങ്ങി. പട്ടണകവാടത്തിലെത്തിയപ്പോള്‍ ഒരു വിധവ വിറകു ശേഖരിക്കുന്നതു കണ്ടു. അവനടുത്തുചെന്ന്, കുടിക്കാന്‍ ഒരു പാത്രം വെള്ളംതരുക എന്നുപറഞ്ഞു. 
11: അവള്‍ വെള്ളം കൊണ്ടുവരാന്‍പോകുമ്പോള്‍ അവനവളോടു പറഞ്ഞു: കുറച്ച് അപ്പവും കൊണ്ടുവരുക. 
12: അവള്‍ പറഞ്ഞു: നിൻ്റെ ദൈവമായ കര്‍ത്താവാണേഎൻ്റെ കൈയില്‍ അപ്പമില്ല. ആകെയുള്ളത് കലത്തില്‍ ഒരുപിടി മാവും ഭരണിയില്‍ അല്പം എണ്ണയുമാണ്. ഞാന്‍ രണ്ടു ചുള്ളിവിറക്‌ പെറുക്കുകയാണ്. ഇതു കൊണ്ടുചെന്ന് അപ്പമുണ്ടാക്കി എനിക്കും എൻ്റെ മകനും കഴിക്കണം. പിന്നെ ഞങ്ങള്‍ മരിക്കും. 
13: ഏലിയാ അവളോടു പറഞ്ഞു: ഭയപ്പെടേണ്ടാനീ ചെന്നു പറഞ്ഞതുപോലെ ചെയ്യുക. എന്നാല്‍, ആദ്യം അതില്‍നിന്നു ചെറിയ ഒരപ്പമുണ്ടാക്കി എനിക്കു കൊണ്ടുവരണംപിന്നെ നിനക്കും മകനുംവേണ്ടി ഉണ്ടാക്കിക്കൊള്ളുക. 
14: എന്തെന്നാല്‍, താന്‍ ഭൂമിയില്‍ മഴ പെയ്യിക്കുന്നതുവരെ കലത്തിലെ മാവു തീര്‍ന്നുപോവുകയില്ലഭരണിയിലെ എണ്ണ വറ്റുകയുമില്ല എന്ന് ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. 
15: അവള്‍ ഏലിയാ പറഞ്ഞതുപോലെ ചെയ്തു. അങ്ങനെ അവളും കുടുംബവും അവനും അനേകദിവസം ഭക്ഷണം കഴിച്ചു. 
16: ഏലിയാവഴി കര്‍ത്താവ് അരുളിച്ചെയ്തതുപോലെ കലത്തിലെ മാവു തീര്‍ന്നുപോയില്ലഭരണിയിലെ എണ്ണ വറ്റിയുമില്ല. 
17: ആ ഗൃഹനായികയുടെ മകന്‍ ഒരു ദിവസം രോഗബാധിതനായിരോഗം മൂര്‍ച്ഛിച്ച് ശ്വാസംനിലച്ചു. 
18: അവള്‍ ഏലിയായോടു പറഞ്ഞു: ദൈവപുരുഷാഎന്തുകൊണ്ടാണ് അങ്ങെന്നോട് ഇങ്ങനെ ചെയ്തത്എൻ്റെ പാപങ്ങളനുസ്മരിപ്പിക്കാനും എൻ്റെ മകനെ കൊല്ലാനുമാണോ അങ്ങിവിടെ വന്നത്? 
19: ഏലിയാ പ്രതിവചിച്ചു: നിൻ്റെ മകനെ ഇങ്ങു തരുക. അവനെ അവളുടെ മടിയില്‍നിന്നെടുത്ത്, ഏലിയാ താന്‍പാര്‍ക്കുന്ന മുകളിലത്തെ മുറിയില്‍ കൊണ്ടുപോയി കട്ടിലില്‍ക്കിടത്തി. 
20: അനന്തരംഅവന്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു: എൻ്റെ ദൈവമായ കര്‍ത്താവേഎനിക്ക് ഇടംതന്നവളാണ് ഈ വിധവ. അവളുടെ മകൻ്റെ ജീവന്‍ എടുത്തുകൊണ്ട് അവിടുന്നവളെ പീഡിപ്പിക്കുകയാണോ? 
21: പിന്നീട് അവന്‍ ബാലൻ്റെമേല്‍ മൂന്നുപ്രാവശ്യം കിടന്ന്കര്‍ത്താവിനോടപേക്ഷിച്ചു: എൻ്റെ ദൈവമായ കര്‍ത്താവേഇവൻ്റെ ജീവന്‍ തിരികെക്കൊടുക്കണമേ! 
22: കര്‍ത്താവ് ഏലിയായുടെ അപേക്ഷ കേട്ടു. കുട്ടിക്കു പ്രാണന്‍ വീണ്ടുകിട്ടിഅവന്‍ ജീവിച്ചു. 
23: ഏലിയാ ബാലനെ മുകളിലത്തെ മുറിയില്‍നിന്നു താഴെക്കൊണ്ടുവന്ന് അമ്മയെ ഏല്പിച്ചുകൊണ്ട് ഇതാ നിൻ്റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നുപറഞ്ഞു. 
24: അവള്‍ ഏലിയായോടു പറഞ്ഞു. അങ്ങു ദൈവപുരുഷനാണെന്നും അങ്ങയുടെ വാക്ക്, സത്യമായും കര്‍ത്താവിൻ്റെ വചനമാണെന്നും ഇപ്പോള്‍ എനിക്കുറപ്പായി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ