എണ്‍പത്തിമൂന്നാം ദിവസം: 2 സാമുവേല്‍ 13 - 15


അദ്ധ്യായം 13

അം‌നോനും താമാറും

1: ദാവീദിൻ്റെ മകന്‍ അബ്‌സലോമിനു സുന്ദരിയായൊരു സഹോദരിയുണ്ടായിരുന്നു. താമാര്‍ എന്നായിരുന്നു അവളുടെ പേര്. ദാവീദിൻ്റെ മറ്റൊരു മകനായ അം‌നോന്‍ അവളെ കാംക്ഷിച്ചു.
2: കന്യകയായ അവളെ സമീപിക്കുക അസാദ്ധ്യമെന്നു കരുതിയ അം‌നോന്‍ അവളെപ്രതി രോഗാതുരനായിത്തീര്‍ന്നു.
3: അം‌നോന് യോനാദാബ് എന്നൊരു സ്‌നേഹിതനുണ്ടായിരുന്നു. ദാവീദിൻ്റെ സഹോദരന്‍ ഷിമെയായുടെ മകനായ അവന്‍ വലിയ സൂത്രശാലിയായിരുന്നു.
4: അവന്‍ അം‌നോനോടു ചോദിച്ചു: അല്ലയോ രാജകുമാരാ, നീ ഓരോ ദിവസവും ദുഃഖാര്‍ത്തനായി കാണപ്പെടുന്നതെന്ത്? എൻ്റെ സഹോദരന്‍ അബ്‌സലോമിൻ്റെ സഹോദരി താമാറിനെ ഞാന്‍ സ്‌നേഹിക്കുന്നു. അം‌നോന്‍ മറുപടി പറഞ്ഞു.
5: യോനാദാബ് ഉപദേശിച്ചു: രോഗംനടിച്ചു കിടക്കുക. നിൻ്റെ പിതാവ് നിന്നെക്കാണാന്‍വരുമ്പോള്‍, എൻ്റെ സഹോദരി താമാര്‍വന്ന് എനിക്കു ഭക്ഷണംതരട്ടെ. അവളുടെ കൈയില്‍നിന്നു ഞാന്‍ വാങ്ങി ഭക്ഷിക്കേണ്ടതിന് ഞാന്‍ കാണ്‍കെ അവള്‍തന്നെ ഭക്ഷണമൊരുക്കട്ടെയെന്ന് അവനോടു പറയുക.
6: അങ്ങനെ അം‌നോന്‍ രോഗംനടിച്ചു കിടന്നു. രാജാവു കാണാന്‍വന്നപ്പോള്‍ അവന്‍ രാജാവിനോടു പറഞ്ഞു: എൻ്റെ സഹോദരി താമാര്‍വന്ന് എൻ്റെ മുമ്പില്‍വച്ചുതന്നെ അപ്പമുണ്ടാക്കി, അവള്‍തന്നെ എനിക്കു വിളമ്പിത്തരട്ടെ.
7: അപ്പോള്‍ ദാവീദ്, കൊട്ടാരത്തില്‍ താമാറിൻ്റെയടുക്കല്‍ ആളയച്ചു പറഞ്ഞു: നിൻ്റെ സഹോദരന്‍ അംനോൻ്റെ വീട്ടില്‍ച്ചെന്ന് അവനു ഭക്ഷണമുണ്ടാക്കിക്കൊടുക്കുക.
8: അങ്ങനെ താമാര്‍ തൻ്റെ സഹോദരന്‍ അം‌നോൻ്റെ വീട്ടില്‍ച്ചെന്നു. അവന്‍ കിടക്കുകയായിരുന്നു. അവള്‍ മാവുകുഴച്ച് അവന്‍ കാണ്‍കെ അടചുട്ടു.
9: അവള്‍ അതു വറചട്ടിയില്‍നിന്നെടുത്ത് അവനു കൊടുത്തു. എന്നാല്‍ അവന്‍ ഭക്ഷിച്ചില്ല. എല്ലാവരെയും ഇവിടെനിന്നു പുറത്താക്കുക. അം‌നോന്‍ ആവശ്യപ്പെട്ടു. അങ്ങനെ എല്ലാവരും പുറത്തുപോയി.
10: അപ്പോള്‍ അം‌നോന്‍ താമാറിനോടു പറഞ്ഞു: നിൻ്റെ കൈയില്‍നിന്നുതന്നെ ഞാന്‍ ഭക്ഷിക്കേണ്ടതിന്, ഭക്ഷണം ഉള്‍മുറിയിലേക്കു കൊണ്ടുവരുക.
11: താമാര്‍ അടയെടുത്ത് തൻ്റെ സഹോദരനായ അം‌നോൻ്റെ മുറിയില്‍ച്ചെന്നു. അവള്‍ അതുംകൊണ്ട് അടുത്തുചെന്നപ്പോള്‍ അവന്‍ അവളെ കടന്നുപിടിച്ച്, സഹോദരീ എൻ്റെകൂടെക്കിടക്കുക എന്നു പറഞ്ഞു.
12: ഇല്ല, സഹോദരാ, എന്നെയപമാനിക്കരുതേ! ഇസ്രായേലില്‍ ഇതു നിഷിദ്ധമല്ലേ? വഷളത്തം പ്രവര്‍ത്തിക്കരുത്.
13: മറ്റുള്ളവരുടെമുമ്പില്‍ ഞാനെങ്ങനെ തലയുയര്‍ത്തി നടക്കും? ഇസ്രായേലില്‍ നിനക്കും ദുഷ്കീര്‍ത്തിവരുമല്ലോ. ദയവായി രാജാവിനോടപേക്ഷിക്കുക. അവന്‍ എന്നെ നിനക്കു വിവാഹംചെയ്തുതരും.
14: അവള്‍ കേണപേക്ഷിച്ചു. അവളുടെ അപേക്ഷ അവന്‍ ശ്രദ്ധിച്ചില്ല. ബലംപ്രയോഗിച്ച് അവളുമായി ശയിച്ചു.
15: പിന്നെ അം‌നോന്‍ അവളെ അത്യധികം വെറുത്തു. അവളെ സ്‌നേഹിച്ചതിനെക്കാള്‍ തീവ്രമായി ഇപ്പോളവന്‍ അവളെ ദ്വേഷിച്ചു. എഴുന്നേറ്റു പോവുക, അം‌നോന്‍ അവളോടു പറഞ്ഞു.
16: ഇല്ല, സഹോദരാ; നീ എന്നോടുചെയ്ത തെറ്റിനെക്കാള്‍ ഭയങ്കരമാണ് എന്നെ പറഞ്ഞുവിടുന്നത്, അവള്‍ പറഞ്ഞു. എങ്കിലും അവനതു ശ്രദ്ധിച്ചില്ല.
17: തൻ്റെ ദാസനെ വിളിച്ച് അവന്‍ പറഞ്ഞു: ഇവളെ എൻ്റെ മുമ്പില്‍നിന്നു പുറത്താക്കി വാതിലടയ്ക്കുക.
18: താമാര്‍ ധരിച്ചിരുന്നത് അവിവാഹിതകളായ രാജകുമാരിമാര്‍ ധരിക്കാറുള്ള നീണ്ട കൈയുള്ള അങ്കിയായിരുന്നു. ഭൃത്യന്‍ അവളെ പുറത്താക്കി വാതിലടച്ചു.
19: താമാര്‍ തലയില്‍ ചാരംവിതറി, താന്‍ ധരിച്ചിരുന്ന നീണ്ട അങ്കി വലിച്ചുകീറി, തലയില്‍ കൈവച്ച് ഉറക്കെ നിലവിളിച്ചുകൊണ്ടുപോയി.
20: സഹോദരനായ അബ്‌സലോം അവളോടു പറഞ്ഞു: നിൻ്റെ സഹോദരന്‍ അം‌നോന്‍ നിൻ്റെകൂടെയായിരുന്നുവോ? ആകട്ടെ സഹോദരീ, സമാധാനമായിരിക്കുക, അവന്‍ നിൻ്റെ സഹോദരനാണല്ലോ. നീ ദുഃഖിക്കരുത്. അങ്ങനെ താമാര്‍ സഹോദരനായ അബ്‌സലോമിൻ്റെ ഭവനത്തില്‍ ദുഃഖിതയും ഏകാകിനിയുമായിക്കഴിഞ്ഞു.
21: ദാവീദ് രാജാവ് ഇതുകേട്ടപ്പോള്‍ അത്യന്തം കോപിച്ചു.
22: അബ്‌സലോമാകട്ടെ അം‌നോനോടു ഗുണമോ ദോഷമോ പറഞ്ഞില്ല. തൻ്റെ സഹോദരി താമാറിനെ മാനഭംഗപ്പെടുത്തിയതിനാല്‍ അവനെ വെറുത്തു.

അബ്‌സലോമിൻ്റെ പ്രതികാരം

23: രണ്ടുവര്‍ഷം കഴിഞ്ഞ്, അബ്‌സലോമിനു് എഫ്രായിംപട്ടണത്തിനടുത്തു ബാല്‍ഹസോറില്‍വച്ച് ആടുകളെ രോമംകത്രിക്കുന്ന ഉത്സവമുണ്ടായിരുന്നു. രാജകുമാരന്മാരെയെല്ലാം അവന്‍ ക്ഷണിച്ചു.
24: അബ്‌സലോം രാജസന്നിധിയില്‍ച്ചെന്നു പറഞ്ഞു: തിരുമേനീ, എൻ്റെ ആടുകളുടെ രോമം കത്രിക്കുകയാണ്. അങ്ങ് സേവകരുമൊത്ത് വിരുന്നാഘോഷങ്ങളില്‍ സംബന്ധിക്കണം.
25: ഇല്ല, മകനേ, ഞങ്ങളെല്ലാവരും വന്നാല്‍ നിനക്കു ബുദ്ധിമുട്ടായിത്തീരും, രാജാവു മറുപടി പറഞ്ഞു. അബ്‌സലോം നിര്‍ബ്ബന്ധിച്ചെങ്കിലും രാജാവു പോകാതെ അവനു മംഗളംനേര്‍ന്നു.
26: അപ്പോള്‍ അബ്‌സലോം പറഞ്ഞു: അങ്ങനെയെങ്കില്‍ എൻ്റെ സഹോദരന്‍ അം‌നോ‌ന്‍ വരാനനുവദിക്കണമേ!
27: അവന്‍ പോരുന്നതെന്തിന്? രാജാവു ചോദിച്ചു. എന്നാല്‍, അബ്‌സലോം നിര്‍ബന്ധിച്ചപ്പോള്‍ അംനോനും മറ്റു രാജകുമാരന്മാരും പോകാന്‍ രാജാവ് അനുവദിച്ചു.
28: അബ്‌സലോം ദാസന്മാര്‍ക്കു നിര്‍ദ്ദേശം നല്കി. അം‌നോന്‍ വീഞ്ഞുകുടിച്ചു മത്തനാകുമ്പോള്‍, അവനെ വെട്ടുക എന്നു ഞാന്‍ പറയുമ്പോള്‍, അവനെ കൊന്നുകളയണം. ഭയപ്പെടേണ്ടാ, ഞാനല്ലേ നിങ്ങളോടു കല്പിക്കുന്നത്? അബ്‌സലോം കല്പിച്ചതുപോലെ ഭൃത്യന്മാര്‍ അം‌നോനെക്കൊന്നു.
29: രാജകുമാരന്മാര്‍ കോവര്‍കഴുതപ്പുറത്തു കയറി ഓടിപ്പോയി.
30: അവര്‍ കൊട്ടാരത്തിലെത്തുന്നതിനുമുമ്പുതന്നെ അബ്‌സലോം അവരെയെല്ലാം കൊന്നു; ആരും ശേഷിച്ചിട്ടില്ല എന്നൊരു വാര്‍ത്ത ദാവീദിൻ്റെ ചെവിയിലെത്തി.
31: രാജാവ് എഴുന്നേറ്റു വസ്ത്രംകീറി തറയില്‍ക്കിടന്നു. കൂടെയുണ്ടായിരുന്ന ഭൃത്യന്മാരും വസ്ത്രംകീറി.
32: എന്നാല്‍, ദാവീദിൻ്റെ സഹോദരന്‍ ഷിമെയായുടെ മകന്‍ യോനാദാബ് പറഞ്ഞു: രാജാവേ, അങ്ങയുടെ എല്ലാ പുത്രന്മാരെയും കൊന്നു എന്നു ധരിക്കരുത്, അം‌നോന്‍മാത്രമേ മരിച്ചിട്ടുള്ളു. തൻ്റെ സഹോദരി താമാറിനെ അം‌നോന്‍ അപമാനിച്ചപ്പോള്‍മുതല്‍ ഇതുചെയ്യാന്‍ അബ്‌സലോം ഉറച്ചിരുന്നെന്നു വ്യക്തം.
33: അതുകൊണ്ട്, അങ്ങയുടെ പുത്രന്മാരെല്ലാം കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വിശ്വസിക്കരുത്.
34: അം‌നോന്‍മാത്രമേ മരിച്ചിട്ടുള്ളു. അബ്‌സലോം ഓടിപ്പോയി. ഇതിനിടെ വലിയൊരു ജനക്കൂട്ടം ഹെറോണായിമില്‍നിന്നുള്ള പാതവഴി മലയിറങ്ങിവരുന്നതു കാവല്‍ഭടന്മാരിലൊരുവന്‍ കണ്ടു. അവന്‍ രാജാവിനെ അറിയിച്ചു.
35: അപ്പോള്‍ യോനാദാബ് രാജാവിനോടു പറഞ്ഞു: അതാ, ഞാന്‍ പറഞ്ഞതുപോലെതന്നെ രാജകുമാരന്മാര്‍ വരുന്നു.
36: അവന്‍ ഇതു പറഞ്ഞുതീര്‍ന്നയുടനെ രാജകുമാരന്മാര്‍ അടുത്തെത്തി ഉറക്കെ നിലവിളിച്ചു. രാജാവും ഭൃത്യന്മാരും അതീവദുഃഖത്തോടെ കരഞ്ഞു.
37: അബ്‌സലോം ഓടി അമ്മീഹൂദിൻ്റെ  മകന്‍ ഗഷൂര്‍രാജാവായ തല്‍മായിയുടെയടുക്കല്‍ച്ചെന്നു. തൻ്റെ മകന്‍ അം‌നോനെയോര്‍ത്ത് ദാവീദു വളരെക്കാലം ദുഃഖിച്ചു.
38: ഗഷൂറിലേക്ക് ഓടിപ്പോയ അബ്‌സലോം അവിടെ മൂന്നുവര്‍ഷം താമസിച്ചു. അം‌നോൻ്റെ മരണത്തിലുള്ള ദുഃഖം ശമിച്ചപ്പോള്‍ അബ്‌സലോമിനെക്കാണാന്‍ ദാവീദ് അതിയായി ആഗ്രഹിച്ചു.

അദ്ധ്യായം 14

അബ്‌സലോമിൻ്റെ തിരിച്ചുവരവ്

1: രാജാവിൻ്റെ ഹൃദയം അബ്‌സലോമിനെ പാര്‍ത്തിരിക്കുന്നെന്ന് സെരൂയയുടെ മകന്‍ യോവാബു ഗ്രഹിച്ചു.
2: അതുകൊണ്ട്, അവന്‍ തെക്കോവായിലേക്ക് ആളയച്ച്, സമര്‍ത്ഥയായ ഒരു സ്ത്രീയെ വരുത്തി. നീയൊരു വിലാപക്കാരിയായി നടിക്കുക. വിലാപവസ്ത്രംധരിച്ച് തൈലംപൂശാതെ, മരിച്ചവനെക്കുറിച്ചു വളരെ ദിവസങ്ങളായി ദുഃഖിച്ചിരിക്കുന്ന സ്ത്രീയെപ്പോലെ പെരുമാറുക.
3: എന്നിട്ടു രാജസന്നിധിയില്‍ച്ചെന്ന് ഞാന്‍ പറയുന്നതു പറയുക എന്നു യോവാബ് അവളോടാവശ്യപ്പെട്ടു. പിന്നെ, പറയേണ്ടകാര്യം അവന്‍ അവള്‍ക്കു വിവരിച്ചുകൊടുത്തു.
4: തെക്കോവാക്കാരി രാജസന്നിധിയില്‍ച്ചെന്ന് സാഷ്ടാംഗം നമസ്‌കരിച്ചു. അവള്‍ പറഞ്ഞു: തിരുമേനീ, സഹായിക്കണമേ!
5: എന്താണു നിൻ്റെ പ്രശ്‌നം? രാജാവു ചോദിച്ചു. അവള്‍ പറഞ്ഞു: അടിയന്‍ ഒരു വിധവയത്രെ; എൻ്റെ ഭര്‍ത്താവു മരിച്ചുപോയി.
6: അങ്ങയുടെ ദാസിക്കു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവര്‍ വയലില്‍വച്ചു വഴക്കിട്ടു. അവരെ പിടിച്ചുമാറ്റാന്‍ ആരുമില്ലായിരുന്നു.
7: ഒരുവന്‍ മറ്റവനെ അടിച്ചുകൊന്നു. ഇപ്പോഴോ എൻ്റെ ചാര്‍ച്ചക്കാരെല്ലാവരും ഈ ദാസിക്കെതിരേ തിരിഞ്ഞിരിക്കുന്നു. സഹോദരനെക്കൊന്നവനെ വിട്ടുതരുക. മരിച്ചവനുവേണ്ടി ഞങ്ങള്‍ പ്രതികാരംചെയ്യട്ടെ. അങ്ങനെ അവൻ്റെ വംശം നശിപ്പിക്കട്ടെ എന്നു പറയുന്നു. ശേഷിച്ചിരിക്കുന്ന കനല്‍കൂടെ അവര്‍ കെടുത്തും; എൻ്റെ ഭര്‍ത്താവിൻ്റെ നാമം നിലനിറുത്താന്‍ ഭൂമുഖത്ത് ഒരവകാശിപോലുമില്ലാതെയാകും.
8: അപ്പോള്‍, രാജാവു പറഞ്ഞു: വീട്ടിലേക്കു മടങ്ങുക. നിൻ്റെ കാര്യത്തിന് ഞാന്‍ നിര്‍ദ്ദേശം കൊടുത്തുകൊള്ളാം.
9: തെക്കോവാക്കാരി പറഞ്ഞു: തിരുമേനീ, കുറ്റം എൻ്റെയും എൻ്റെ പിതൃഗൃഹത്തിൻ്റെയുംമേലിരിക്കട്ടെ! രാജാവും സിംഹാസനവും കുറ്റസ്പര്‍ശമേല്‍ക്കാതിരിക്കട്ടെ!
10: ആരെങ്കിലും നിന്നെ ഭീഷണിപ്പെടുത്തിയാല്‍ അവനെ എൻ്റെയടുക്കല്‍കൊണ്ടുവരുക. അവന്‍ നിന്നെ വീണ്ടും ശല്യപ്പെടുത്തുകയില്ല. രാജാവു കല്പിച്ചു.
11: അപ്പോള്‍, അവള്‍ പറഞ്ഞു: രക്തത്തിനു പ്രതികാരംചെയ്യാന്‍ വീണ്ടും കൊലനടത്തി എൻ്റെ മകനെ നശിപ്പിക്കാനിടവരാതിരിക്കാന്‍ തിരുമേനി, അങ്ങയുടെ ദൈവമായ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കേണമേ! രാജാവു പറഞ്ഞു: കര്‍ത്താവാണേ, നിൻ്റെ മകൻ്റെ തലയിലെ ഒരു മുടിപോലും വീണുപോവുകയില്ല.
12: അപ്പോള്‍ അവള്‍ പറഞ്ഞു: തിരുമേനീ അങ്ങയുടെ ദാസി ഒരു വാക്കുകൂടെ ബോധിപ്പിച്ചുകൊള്ളട്ടെ.
13: പറയുക, രാജാവ് അനുവദിച്ചു. അവൾ‍ പറഞ്ഞു: പിന്നെന്തുകൊണ്ട് ദൈവത്തിനെതിരായി അങ്ങ്, ഇതേ തെറ്റുചെയ്തിരിക്കുന്നു? പ്രവാസത്തില്‍നിന്ന് സ്വപുത്രനെ മടക്കിക്കൊണ്ടുവരാത്തതുകൊണ്ട്, അങ്ങ് അങ്ങയെത്തന്നെ കുറ്റം വിധിച്ചിരിക്കുന്നു.
14: നാമെല്ലാവരും മരിക്കും; നിലത്തുവീണു ചിതറിയാല്‍ തിരിച്ചെടുക്കാന്‍വയ്യാത്ത, വെള്ളംപോലെയാണു നാം. ബഹിഷ്‌കരിച്ചവനെ എന്നും പരിത്യക്തനായി ഉപേക്ഷിക്കാതിരിക്കാനുള്ള മാര്‍ഗ്ഗംതേടുന്നവൻ്റെ ജീവനില്‍ ദൈവം കൈവയ്ക്കുകയില്ല.
15: ജനം എന്നെ ഭയപ്പെടുത്തിയതുകൊണ്ടാണ് ഇക്കാര്യം എൻ്റെ യജമാനനായ രാജാവിനോടു പറയാന്‍ ഞാന്‍ വന്നിരിക്കുന്നത്. ഞാന്‍ ചിന്തിച്ചു; രാജാവിനോടു പറയാം; ഈ ദാസിയുടെ അപേക്ഷ രാജാവു നിറവേറ്റിത്തരും.
16: എന്നെയും എൻ്റെ പുത്രനെയും കൊന്നു ദൈവത്തിൻ്റെ അവകാശത്തില്‍നിന്ന് അകറ്റാന്‍ ശ്രമിക്കുന്നവരുടെ കൈയില്‍നിന്ന് അങ്ങ് എൻ്റെ വാക്കുകേട്ട് എന്നെ രക്ഷിക്കും;
17: എൻ്റെ യജമാനനായ രാജാവിൻ്റെ വാക്ക് എനിക്കു സ്വസ്ഥത തരും. എന്തെന്നാല്‍, നന്മയും തിന്മയും വിവേചിച്ചറിയുന്നതില്‍ എൻ്റെ യജമാനനായ രാജാവു ദൈവദൂതനെപ്പോലെയാണ്. അങ്ങയുടെ ദൈവമായ കര്‍ത്താവ് അങ്ങയുടെകൂടെയുണ്ടായിരിക്കട്ടെ!
18: ഞാന്‍ നിന്നോടൊരു ചോദ്യം ചോദിക്കട്ടെ. നീ സത്യം പറയണം. രാജാവ് അവളോടു പറഞ്ഞു. യജമാനനേ, അരുളിച്ചെയ്താലും, അവള്‍ പറഞ്ഞു.
19: രാജാവു ചോദിച്ചു: ഇതിൻ്റെയെല്ലാംപിന്നില്‍ യോവാബിൻ്റെ കരങ്ങളാണോ ഉള്ളത്? യജമാനനേ, അവിടുത്തേ ചോദ്യത്തിനു മറുപടിപറയാതെ രക്ഷപ്പെടാന്‍ ആര്‍ക്കും സാധിക്കുകയില്ല. അങ്ങയുടെ ദാസന്‍ യോവാബുതന്നെയാണ് എന്നെ പ്രേരിപ്പിച്ചത്. അവന്‍തന്നെയാണ് ഈ വാക്കുകളൊക്കെ എനിക്കു പറഞ്ഞുതന്നത്.
20: എന്നാല്‍, കാര്യങ്ങളെല്ലാം നേരേയാക്കാനാണു യോവാബ് ഇതു ചെയ്തത്. ഭൂമിയിലുള്ള സകലതും അറിയത്തക്കവിധം ദൈവദൂതനെപ്പോലെ ജ്ഞാനിയാണവിടുന്ന്, അവള്‍ പറഞ്ഞു. രാജാവു യോവാബിനോടു പറഞ്ഞു:
21: ശരി, ഞാന്‍ സമ്മതിച്ചിരിക്കുന്നു. ചെന്ന് അബ്‌സലോംകുമാരനെ കൂട്ടിക്കൊണ്ടുവരുക.
22: യോവാബു രാജസന്നിധിയില്‍ സാഷ്ടാംഗംപ്രണമിച്ചു പറഞ്ഞു: യജമാനനേ, ദൈവമങ്ങയെ അനുഗ്രഹിക്കട്ടെ! അങ്ങേയ്ക്ക് അടിയനില്‍ പ്രീതിയുണ്ടെന്നു ഞാനിപ്പോളറിയുന്നു; അങ്ങ് അടിയൻ്റെ അപേക്ഷയനുവദിച്ചല്ലോ.
23: യോവാബ് ഗഷൂറില്‍ച്ചെന്ന് അബ്‌സലോമിനെ ജറുസലെമില്‍ കൂട്ടിക്കൊണ്ടുവന്നു.
24: അവന്‍ സ്വഭവനത്തില്‍ താമസിക്കട്ടെ. എനിക്കവനെ കാണേണ്ടാ, രാജാവു കല്പിച്ചു. അങ്ങനെ അബ്‌സലോം രാജസന്നിധിയില്‍വരാതെ സ്വന്തംവീട്ടില്‍ക്കഴിഞ്ഞു.
25: ഇസ്രായേലിലെങ്ങും അബ്‌സലോമിനെപ്പോലെ സൗന്ദര്യവാനായി ആരുമുണ്ടായിരുന്നില്ല. അടിമുതല്‍ മുടിവരെ തികവുറ്റവനായിരുന്നു അവന്‍.
26: അവൻ്റെ മുടിവെട്ടുമ്പോള്‍ - വര്‍ഷത്തിലൊരിക്കലാണതു വെട്ടുക; മുടിവളര്‍ന്ന് ഭാരമാകുന്നതുകൊണ്ടത്രെ വെട്ടുന്നത് - കത്രിച്ചുകളയുന്ന മുടി രാജതൂക്കത്തിന് ഇരുനൂറുഷെക്കെല്‍ ഭാരമുണ്ടായിരുന്നു.
27: അബ്‌സലോമിന് മൂന്നു പുത്രന്മാരും താമാര്‍ എന്നുപേരുള്ള ഒരു പുത്രിയും ജനിച്ചു. അവള്‍ അതീവസുന്ദരിയുമായിരുന്നു.
28: രാജസന്നിധിയില്‍ചെല്ലാതെ രണ്ടുസംവത്സരം അബ്‌സലോം ജറുസലേമില്‍ താമസിച്ചു.
29: രാജാവിൻ്റെയടുത്തേക്ക് അയയ്‌ക്കേണ്ടതിന്, അവന്‍ യോവാബിനെ വിളിപ്പിച്ചു. എന്നാല്‍, യോവാബ് അവൻ്റെയടുക്കല്‍ ചെന്നില്ല. അവന്‍ രണ്ടാമതും ആളയച്ചു.
30: യോവാബ് ചെന്നില്ല. അപ്പോള്‍ അബ്‌സലോം ദാസന്മാരോടു പറഞ്ഞു: നോക്കൂ, യോവാബിൻ്റെ വയല്‍ എന്റേതിനടുത്താണല്ലോ. അതില്‍ യവം വളരുന്നു. നിങ്ങള്‍ ചെന്ന് അതിനു തീവയ്ക്കൂ. അങ്ങനെ അബ്‌സലോമിൻ്റെ ഭൃത്യന്മാര്‍ വയലിനു തീവച്ചു.
31: യോവാബ് അബ്‌സലോമിൻ്റെ വീട്ടില്‍ച്ചെന്നു നിൻ്റെ ദാസന്മാര്‍ എൻ്റെ വയലിനു തീവച്ചതെന്തിനെന്ന് അവനോടു ചോദിച്ചു.
32: ഞാന്‍ വിളിപ്പിച്ചിട്ടു നീ വരാഞ്ഞതുകൊണ്ടുതന്നെ. ഗഷൂറില്‍നിന്നു ഞാന്‍ ഇവിടെ വന്നതെന്തിന്? അവിടെ താമസിക്കുകയായിരുന്നു കൂടുതല്‍ നല്ലതെന്ന് നിന്നെ അയച്ച രാജാവിനോട് എനിക്കു പറയണമായിരുന്നു. അബ്‌സലോം മറുപടി പറഞ്ഞു. അവന്‍ തുടര്‍ന്നു: ഞാന്‍ രാജസന്നിധിയില്‍ ചെല്ലട്ടെ; എന്നില്‍ കുറ്റമുണ്ടെങ്കില്‍ അവനെന്നെ കൊല്ലട്ടെ.
33: അപ്പോള്‍ യോവാബ് രാജസന്നിധിയില്‍ച്ചെന്നു വിവരം പറഞ്ഞു. രാജാവ് അബ്‌സലോമിനെ വിളിപ്പിച്ചു. അങ്ങനെ അവന്‍വന്ന് രാജസന്നിധിയില്‍ സാഷ്ടാംഗം പ്രണമിച്ചു. രാജാവ് അബ്‌സലോമിനെ ചുംബിച്ചു.

അദ്ധ്യായം 15

അബ്‌സലോമിൻ്റെ സൈനിക വിപ്ലവം

1: അബ്‌സലോം ഒരു രഥത്തെയും കുതിരകളെയും അമ്പത് അകമ്പടിക്കാരെയും സമ്പാദിച്ചു.
2: അവന്‍ അതിരാവിലെ നഗരവാതില്‍ക്കല്‍ വഴിയരികെ നില്‍ക്കുക പതിവായിരുന്നു. ആരെങ്കിലും രാജസന്നിധിയില്‍ വ്യവഹാരംതീര്‍ക്കാന്‍ ആ വഴി വന്നാല്‍, അബ്‌സലോം അവനെ വിളിച്ച്, ഏതു പട്ടണത്തില്‍നിന്നാണു വരുന്നതെന്നു ചോദിക്കും.
3: പട്ടണമേതെന്നു പറഞ്ഞുകഴിഞ്ഞാല്‍, അബ്‌സലോം അവനോടു പറയും: നിൻ്റെ കാര്യം വളരെ ന്യായമാണ്. പക്ഷേ, നിൻ്റെ വ്യവഹാരംകേള്‍ക്കാന്‍ രാജാവ് ആരെയും നിയോഗിച്ചിട്ടില്ലല്ലോ.
4: ഞാനൊരു ന്യായാധിപനായിരുന്നെങ്കില്‍! വഴക്കും വ്യവഹാരവുമുള്ള ആര്‍ക്കും എൻ്റെയടുക്കല്‍ വരാമായിരുന്നു. ഞാനവര്‍ക്കു നീതിനടത്തിക്കൊടുക്കുമായിരുന്നു.
5: ആരെങ്കിലും അടുത്തുവന്നു വണങ്ങാനൊരുമ്പെട്ടാല്‍ അവന്‍ കൈനീട്ടി അവനെ പിടിച്ചു ചുംബിക്കും.
6: രാജാവിൻ്റെ തീര്‍പ്പിനായിവന്ന എല്ലാ ഇസ്രായേല്യരോടും അബ്‌സലോം ഇപ്രകാരംചെയ്തു. അങ്ങനെ അവന്‍ അവരുടെ ഹൃദയം വശീകരിച്ചു.
7: നാലുവര്‍ഷംകഴിഞ്ഞ്, അബ്‌സലോം രാജാവിനോടു പറഞ്ഞു: കര്‍ത്തൃസന്നിധിയിലെടുത്ത വ്രതമനുഷ്ഠിക്കാന്‍ ഹെബ്രോണിലേക്കു പോകാന്‍ എന്നെയനുവദിച്ചാലും.
8: കര്‍ത്താവ്, എന്നെ ജറുസലേമിലേക്കു തിരികെക്കൊണ്ടുവന്നാല്‍ ഹെബ്രോണില്‍, അവിടുത്തെ ആരാധിക്കുമെന്ന് ആരാമിലെ ഗഷൂരിലായിരിക്കുമ്പോള്‍ ഞാനൊരു നേര്‍ച്ചനേര്‍ന്നിട്ടുണ്ട്.
9: സമാധാനത്തോടെ പോവുക, രാജാവു പറഞ്ഞു. അങ്ങനെ അവന്‍ ഹെബ്രോണിലേക്കു പോയി.
10: എന്നാല്‍, അബ്സലോം ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലേക്കും ദൂതന്മാരെ രഹസ്യമായയച്ചു പറഞ്ഞു: കാഹളനാദം കേള്‍ക്കുമ്പോള്‍ അബ്‌സലോം ഹെബ്രോണില്‍ രാജാവായിരിക്കുന്നു എന്നു വിളിച്ചു പറയുവിന്‍.
11: ജറുസലേമില്‍നിന്നു ക്ഷണിക്കപ്പെട്ട ഇരുനൂറുപേര്‍ അബ്‌സലോമിനോടുകൂടെ പോയിരുന്നു. അബ്‌സലോമിൻ്റെ ഗൂഢാലോചനയറിയാതെ ശുദ്ധഗതികൊണ്ടാണ് അവര്‍പോയത്.
12: ബലിയര്‍പ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അബ്സലോം ദാവീദിൻ്റെ ഉപദേഷ്ടാവായ അഹിഥോഫെലിനെ അവൻ്റെ പട്ടണമായ ഗിലോയില്‍നിന്ന് ആളയച്ചു വരുത്തി. രാജാവിനെതിരായ ഗൂഢാലോചന ശക്തിപ്പെട്ടു. അബ്‌സലോമിൻ്റെ സംഘം വലുതായി.
13: ഇസ്രായേല്യര്‍ അബ്സലോമിനോടു കൂറു പ്രഖ്യാപിച്ചിരിക്കുന്നുവെന്ന് ഒരു ദൂതന്‍ ദാവീദിനെയറിയിച്ചു.
14: അപ്പോള്‍ ദാവീദ്, ജറുസലേമില്‍ തന്നോടുകൂടെയുള്ള അനുചരന്മാരോടു പറഞ്ഞു: നമുക്ക് ഓടി രക്ഷപ്പെടാം. അല്ലെങ്കില്‍, നമ്മില്‍ ആരും അബ്‌സലോമിൻ്റെ കൈയില്‍നിന്നു രക്ഷപെടുകയില്ല; വേഗമാകട്ടെ; അവന്‍ നമ്മെ പിന്തുടര്‍ന്നു നശിപ്പിക്കുകയും നഗരത്തിലുള്ള സകലരെയും കൊന്നുകളയുകയും ചെയ്യും.
15: അവര്‍ പറഞ്ഞു: അങ്ങയുടെ ഏതാജ്ഞയും ഈ ദാസന്മാര്‍ നിവര്‍ത്തിക്കും.
16: അങ്ങനെ രാജാവു കുടുംബസമേതം പുറപ്പെട്ടു. കൊട്ടാരം സൂക്ഷിക്കാന്‍ പത്ത് ഉപനാരിമാരെമാത്രം അവിടെ നിറുത്തി.
17: രാജാവും കൂടെയുള്ളവരും ദൂരെയൊരിടത്തുചെന്നുനിന്നു.
18: അവൻ്റെ ദാസന്മാരെല്ലാം അവൻ്റെ അരികെക്കൂടെ കടന്നുപോയി. ക്രേത്യരും പെലേത്യരും ഗത്തില്‍നിന്ന് അവനോടുചേര്‍ന്ന അറുനൂറുപേരും രാജാവിൻ്റെ മുമ്പിലൂടെ കടന്നുപോയി.
19: ഗിത്യനായ ഇത്തായിയോടു രാജാവ് പറഞ്ഞു: നീ ഞങ്ങളോടൊപ്പം പോരുന്നതെന്തിന്? തിരിച്ചുചെന്ന് പുതിയ രാജാവിനോടു ചേര്‍ന്നുകൊള്ളുക. നീ വിദേശിയും സ്വദേശത്തുനിന്നു ബഹിഷ്‌കരിക്കപ്പെട്ടവനുമാണല്ലോ.
20: ഇന്നലെമാത്രമെത്തിയ നീ, എങ്ങോട്ടു പോകുന്നുവെന്നറിയാത്ത എന്നോടൊപ്പമലയുകയോ? സഹോദരന്മാരെയുംകൂട്ടി തിരിച്ചുപോകുക. കര്‍ത്താവു നിന്നോടു ദയയും വിശ്വസ്തതയും കാണിക്കട്ടെ.
21: ഇത്തായി മറുപടി പറഞ്ഞു: മരണമോ ജീവിതമോ ആകട്ടെ, അങ്ങു പോകുന്നിടത്തെല്ലാം ഞാനും വരുമെന്നു കര്‍ത്താവിൻ്റെയും അങ്ങയുടെയും നാമത്തില്‍ ഞാന്‍ സത്യംചെയ്യുന്നു. നീയും കൂടെപ്പോരുക,
22: ദാവീദ് ഇത്തായിയോടു പറഞ്ഞു. അങ്ങനെ ഗിത്യനായ ഇത്തായി തൻ്റെ സകല ആളുകളോടും കുട്ടികളോടുംകൂടെ കടന്നുപോയി.
23: ദാവീദിൻ്റെ അനുചരന്മാര്‍ കടന്നുപോയപ്പോള്‍ ദേശനിവാസികള്‍ ഉച്ചത്തില്‍ നിലവിളിച്ചു. രാജാവു കിദ്രോന്‍ അരുവി കടന്നു. ജനവും അരുവികടന്നു മരുഭൂമിയിലേക്കു പോയി.
24: അബിയാഥറും സാദോക്കും എല്ലാ ലേവ്യരും പുറപ്പെട്ടു. അവര്‍ ദൈവത്തിൻ്റെ ഉടമ്പടിയുടെ പേടകം വഹിച്ചിരുന്നു. ജനം പട്ടണംവിട്ടു പോകുംവരെ അവരതു താഴെ വച്ചു.
25: രാജാവ് സാദോക്കിനോടു പറഞ്ഞു: ദൈവത്തിൻ്റെ പേടകം നഗരത്തിലേക്കു തിരിച്ചുകൊണ്ടുപോവുക. കര്‍ത്താവിൻ്റെ പ്രീതിക്കു ഞാന്‍ പാത്രമായാല്‍ അവിടുന്നെന്നെ തിരികെവരുത്തി അവിടുത്തെ പേടകവും കൂടാരവും കാണാന്‍ എനിക്കിടവരുത്തും.
26: അവിടുന്ന് എന്നില്‍ പ്രസാദിക്കുന്നില്ലെങ്കില്‍, ഇതാ ഞാന്‍! അവിടുത്തെ ഇഷ്ടംപോലെ എന്നോടു പ്രവര്‍ത്തിക്കട്ടെ!
27: രാജാവ്, പുരോഹിതനായ സാദോക്കിനോടു തുടര്‍ന്നു പറഞ്ഞു: നിൻ്റെ മകന്‍ അഹിമാസിനോടും അബിയാഥറിൻ്റെ മകന്‍ ജോനാഥാനോടുമൊപ്പം നീയും അബിയാഥറും സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോവുക.
28: നിങ്ങള്‍ വിവരമറിയിക്കുംവരെ മരുഭൂമിയിലേക്കുള്ള കടവില്‍ ഞാന്‍ കാത്തിരിക്കും.
29: അങ്ങനെ സാദോക്കും അബിയാഥറും ദൈവത്തിൻ്റെ പേടകം ജറുസലെമിലേക്കു തിരികെക്കൊണ്ടു പോയി; അവര്‍ അവിടെ താമസിച്ചു.
30: ദാവീദു നഗ്നപാദനായി, തലമൂടി, കരഞ്ഞുകൊണ്ട്, ഒലിവുമലയുടെ കയറ്റംകയറി. അവനോടുകൂടെയുള്ളവരെല്ലാം തലമൂടിയിരുന്നു. അവരും കരഞ്ഞുകൊണ്ട് അവനെ പിന്തുടര്‍ന്നു.
31: അഹിഥോഫെലും അബ്‌സലോമിൻ്റെ ഗൂഢാലോചനയില്‍ ചേര്‍ന്നെന്നറിഞ്ഞപ്പോള്‍ ദാവീദു പ്രാര്‍ത്ഥിച്ചു: കര്‍ത്താവേ, അഹിഥോഫെലിൻ്റെ ആലോചന വ്യര്‍ത്ഥമാക്കണമേ!
32: മലമുകളില്‍, ദൈവത്തെ ആരാധിച്ചിരുന്ന സ്ഥലത്തു ദാവീദ് എത്തിയപ്പോള്‍, അര്‍ഖ്യനായ ഹൂഷായി അങ്കി കീറിയും തലയില്‍ പൂഴി വിതറിയും അവനെ എതിരേറ്റു.
33: ദാവീദ് അവനോടു പറഞ്ഞു: നീ എന്നോടുകൂടെ പോന്നാല്‍, അതെനിക്കു ഭാരമായിരിക്കും.
34: എന്നാല്‍, പട്ടണത്തിലേക്കു മടങ്ങിച്ചെന്ന്, രാജാവേ, ഞാന്‍ അങ്ങയുടെ ദാസനായിരിക്കും. മുമ്പു ഞാന്‍, അവിടുത്തെ പിതാവിനെ സേവിച്ചതുപോലെ ഇനി ഞാന്‍ അങ്ങയെ സേവിക്കും എന്ന് അബ്‌സലോമിനോടു പറയുമെങ്കില്‍, അഹിഥോഫെലിൻ്റെ ആലോചനയെ പരാജയപ്പെടുത്തി എന്നെ സഹായിക്കാന്‍ നിനക്കു കഴിയും.
35: പുരോഹിതന്മാരായ സാദോക്കും അബിയാഥറും അവിടെ നിന്നോടുകൂടെയുണ്ടായിരിക്കും. കൊട്ടാരത്തില്‍ കേള്‍ക്കുന്നതെല്ലാം അവരെയറിയിക്കുക.
36: സാദോക്കിൻ്റെ മകന്‍ അഹിമാസും അബിയാഥറിൻ്റെ മകന്‍ ജോനാഥാനും അവിടെ അവരോടുകൂടെയുണ്ട്. കിട്ടുന്ന വിവരമെല്ലാം അവര്‍ മുഖാന്തരം എന്നെ അറിയിക്കണം.
37: അങ്ങനെ ദാവീദിൻ്റെ സുഹൃത്തായ ഹൂഷായി, അബ്‌സലോം ജറുസലെമിലേക്കു പ്രവേശിക്കവെ, പട്ടണത്തിലെത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ