അറുപത്തെട്ടാം ദിവസം: ന്യായാധിപന്മാര്‍ 13 - 17


അദ്ധ്യായം 13

സാംസൻ്റെ ജനനം

1: ഇസ്രായേല്‍ജനം വീണ്ടും കര്‍ത്താവിൻ്റെ മുമ്പില്‍ തിന്മചെയ്തു. അവിടുന്നവരെ നാല്പതു വര്‍ഷത്തേക്കു ഫിലിസ്ത്യരുടെ കൈകളിലേല്പിച്ചു.
2: സോറായില്‍ ദാന്‍ഗോത്രക്കാരനായ മനോവ എന്നൊരാളുണ്ടായിരുന്നു. അവൻ്റെ ഭാര്യ വന്ധ്യയായിരുന്നു. അവള്‍ക്കു മക്കളില്ലായിരുന്നു.
3: കര്‍ത്താവിൻ്റെ ദൂതന്‍ അവള്‍ക്കു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: നീ വന്ധ്യയാണ്; നിനക്കു മക്കളില്ല. നീ ഗര്‍ഭംധരിച്ച്, ഒരു പുത്രനെ പ്രസവിക്കും.
4: അതുകൊണ്ടു നീ സൂക്ഷിക്കണം. വീഞ്ഞോ, വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്.
5: നീ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ്റെ തലയില്‍ ക്ഷൗരക്കത്തി തൊടരുത്. അവന്‍ ജനനംമുതല്‍ ദൈവത്തിനു നാസീര്‍വ്രതക്കാരനായിരിക്കും. അവന്‍ ഫിലിസ്ത്യരുടെ കൈയില്‍നിന്ന് ഇസ്രായേലിനെ വിടുവിക്കാനാരംഭിക്കും.
6: അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു: ഒരു ദൈവപുരുഷന്‍ എൻ്റെയടുത്തുവന്നു. അവൻ്റെ മുഖം ദൈവദൂതന്റേതുപോലെ പേടിപ്പെടുത്തുന്നതാണ്. എവിടെനിന്നു വരുന്നുവെന്ന് അവനോടു ഞാന്‍ ചോദിച്ചില്ല; അവന്‍ പേരു പറഞ്ഞതുമില്ല.
7: അവനെന്നോടു പറഞ്ഞു: നീ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. ബാലന്‍ ആജീവനാന്തം ദൈവത്തിനു നാസീര്‍വ്രതക്കാരനായിരിക്കും.
8: മനോവ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. കര്‍ത്താവേ, അങ്ങയച്ച ദൈവപുരുഷന്‍ വീണ്ടും ഞങ്ങളുടെയടുക്കല്‍ വന്ന്, ജനിക്കാനിരിക്കുന്ന ശിശുവിനുവേണ്ടി ഞങ്ങളെന്താണു ചെയ്യേണ്ടതെന്നറിയിക്കാന്‍ ഇടയാക്കണമേ!
9: മനോവയുടെ പ്രാര്‍ത്ഥന ദൈവംകേട്ടു. വയലിലായിരിക്കുമ്പോള്‍ ദൈവദൂതന്‍ വീണ്ടും സ്ത്രീയുടെയടുത്തുവന്നു. ഭര്‍ത്താവായ മനോവ അവളോടുകൂടെയുണ്ടായിരുന്നില്ല.
10: അവള്‍ പെട്ടെന്ന് ഓടിച്ചെന്നു ഭര്‍ത്താവിനോടു പറഞ്ഞു: എൻ്റെയടുത്തു കഴിഞ്ഞദിവസം വന്നയാള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
11: മനോവ എഴുന്നേറ്റു ഭാര്യയുടെ പിന്നാലെ ചെന്ന്, അവനോടു ചോദിച്ചു: ഇവളോടു സംസാരിച്ചവന്‍ നീയോ? അവന്‍ പറഞ്ഞു: ഞാന്‍തന്നെ.
12: അപ്പോള്‍ മനോവ ചോദിച്ചു: നിൻ്റെ വാക്കുകള്‍ നിറവേറുമ്പോള്‍, ബാലൻ്റെ ജീവിതചര്യ എങ്ങനെയായിരിക്കണം? അവനെന്താണു ചെയ്യേണ്ടത്?
13: കര്‍ത്താവിൻ്റെ ദൂതന്‍ മനോവയോടു പറഞ്ഞു: ഞാന്‍ സ്ത്രീയോടു പറഞ്ഞതെല്ലാം അവള്‍ പാലിക്കട്ടെ.
14: മുന്തിരിയില്‍നിന്നുള്ളതൊന്നും അവള്‍ ഭക്ഷിക്കരുത്. വീഞ്ഞോ ലഹരിപദാര്‍ത്ഥമോ കുടിക്കരുത്. അശുദ്ധമായതൊന്നും തിന്നുകയുമരുത്. ഞാനവളോടു കല്പിച്ചതൊക്കെ അവള്‍ പാലിക്കണം.
15: മനോവ കര്‍ത്താവിൻ്റെ ദൂതനോടു പറഞ്ഞു: ഞാന്‍ ഒരാട്ടിന്‍കുട്ടിയെ പാകംചെയ്യുന്നതുവരെ നില്‍ക്കണമേ!
16: കര്‍ത്താവിൻ്റെ ദൂതന്‍ പറഞ്ഞു: നീ പിടിച്ചു നിറുത്തിയാലും നിൻ്റെ ഭക്ഷണം ഞാന്‍ കഴിക്കുകയില്ല. എന്നാല്‍, നീ പാകംചെയ്യുന്നെങ്കില്‍ അതു കര്‍ത്താവിനു ദഹനബലിയായര്‍പ്പിക്കുക. കര്‍ത്താവിൻ്റെ ദൂതനാണവനെന്നു മനോവയറിഞ്ഞിരുന്നില്ല.
17: അവന്‍ കര്‍ത്താവിൻ്റെ ദൂതനോടു നിൻ്റെ പേരെന്ത്, നീ പറഞ്ഞതു സംഭവിക്കുമ്പോള്‍ ഞങ്ങള്‍ നിന്നെ ബഹുമാനിക്കണമല്ലോ എന്നു പറഞ്ഞു. ദൂതന്‍ അവനോടു ചോദിച്ചു:
18: എൻ്റെ പേര് അദ്ഭുതകരമായിരിക്കെ, നീയതു ചോദിക്കുന്നതെന്തിന്? അപ്പോള്‍, മനോവ ആട്ടിന്‍കുട്ടിയെകൊണ്ടുവന്ന്
19: ധാന്യബലിയോടുകൂടെ അദ്ഭുതം പ്രവര്‍ത്തിക്കുന്നവനായ കര്‍ത്താവിനു പാറപ്പുറത്തുവച്ച് അര്‍പ്പിച്ചു.
20: ബലിപീഠത്തില്‍നിന്ന് അഗ്നിജ്വാല ആകാശത്തിലേക്കുയര്‍ന്നു. മനോവയും ഭാര്യയും നോക്കിനില്‍ക്കെ കര്‍ത്താവിൻ്റെ ദൂതന്‍ ബലിപീഠത്തിലെ അഗ്നിജ്വാലയിലൂടെ ഉയര്‍ന്നുപോയി. അവര്‍ നിലത്തു കമിഴ്ന്നുവീണു.
21: അവന്‍ മനോവയ്ക്കും ഭാര്യയ്ക്കും പിന്നീടു പ്രത്യക്ഷപ്പെട്ടില്ല. അതു കര്‍ത്താവിൻ്റെ ദൂതനായിരുന്നെന്നു മനോവയ്ക്കു വ്യക്തമായി.
22: മനോവ ഭാര്യയോടു പറഞ്ഞു: ദൈവത്തെ കണ്ടതുകൊണ്ടു നാം തീര്‍ച്ചായും മരിക്കും.
23: അവള്‍ പറഞ്ഞു: നമ്മെ കൊല്ലണമെന്ന് ഉദ്ദ്യേശിച്ചിരുന്നെങ്കില്‍, കര്‍ത്താവു നമ്മുടെ കൈയില്‍നിന്നു ദഹനബലിയും ധാന്യബലിയും സ്വീകരിക്കുകയോ ഇക്കാര്യങ്ങള്‍ കാണിച്ചുതരുകയോ അറിയിക്കുകയോചെയ്യുമായിരുന്നില്ല.
24: അവള്‍ ഒരു പുത്രനെ പ്രസവിച്ചു. സാംസണ്‍ എന്ന്, അവനു പേരിട്ടു. കുട്ടി വളര്‍ന്നു; കര്‍ത്താവവനെ അനുഗ്രഹിച്ചു.
25: സോറായ്ക്കും എഷ്താവോലിനും മദ്ധ്യേയുള്ള മഹനേദാനില്‍വച്ചു കര്‍ത്താവിൻ്റെ ആത്മാവ് അവനില്‍ പ്രവര്‍ത്തിച്ചുതുടങ്ങി.

അദ്ധ്യായം 14

സാംസണ്‍ൻ്റെ വിവാഹം

1: സാംസണ്‍ തിംനായിലേക്കു പോയി; അവിടെവച്ച് ഒരു ഫിലിസ്ത്യയുവതിയെക്കണ്ടു.
2: അവന്‍ തിരിച്ചുവന്നു മാതാപിതാക്കന്മാരോടു പറഞ്ഞു: തിംനായില്‍ ഞാനൊരു ഫിലിസ്ത്യയുവതിയെ കണ്ടുമുട്ടി. അവളെ എനിക്കു വിവാഹംചെയ്തു തരണം.
3: അവര്‍ പറഞ്ഞു: നിൻ്റെ ബന്ധുക്കളിലോ നമ്മുടെ ജനത്തിലോ സ്ത്രീകളില്ലാഞ്ഞിട്ടാണോ നീ അപരിച്ഛേദിതരായ ഫിലിസ്ത്യരുടെയിടയില്‍ ഭാര്യയെയന്വേഷിക്കുന്നത്? എന്നാല്‍, സാംസണ്‍ പറഞ്ഞു: അവളെയെനിക്കു തരിക; അവളെ എനിക്കിഷ്ടപ്പെട്ടു.
4: അതു കര്‍ത്താവിൻ്റെ ഹിതമാണെന്നു മാതാപിതാക്കന്മാര്‍ മനസ്സിലാക്കിയില്ല. അവിടുന്നു ഫിലിസ്ത്യര്‍ക്കെതിരായി ഒരവസരംപാര്‍ത്തിരിക്കുകയായിരുന്നു. അക്കാലത്ത് ഫിലിസ്ത്യര്‍ ഇസ്രായേലിൻ്റെമേല്‍ ആധിപത്യംപുലര്‍ത്തിയിരുന്നു.
5: സാംസണ്‍ മാതാപിതാക്കന്മാരോടുകൂടെ തിംനായിലേക്കുപോയി; അവിടെയൊരു മുന്തിരിത്തോപ്പിലെത്തിയപ്പോള്‍ ഒരു സിംഹക്കുട്ടി അവൻ്റെനേരേ അലറിവന്നു.
6: കര്‍ത്താവിൻ്റെയാത്മാവ് അവനില്‍ ശക്തമായാവസിച്ചു. ആയുധംകൂടാതെ ആട്ടിന്‍കുട്ടിയെയെന്നപോലെ അവനാ സിംഹത്തെ ചീന്തിക്കളഞ്ഞു. എന്നാല്‍, മാതാപിതാക്കന്മാരെ അക്കാര്യമറിയിച്ചില്ല.
7: സാംസണ്‍ ആ സ്ത്രീയോടു സംസാരിച്ചു.
8: അവനവളെ വളരെയിഷ്ടപ്പെട്ടു. കുറച്ചുനാള്‍കഴിഞ്ഞ് അവളെ കൂട്ടിക്കൊണ്ടുപോകാന്‍ അവന്‍ വന്നു. വഴിമദ്ധ്യേ ആ സിംഹത്തിൻ്റെയുടല്‍ കാണാന്‍ അവന്‍ തിരിഞ്ഞു.
9: അതാ, സിംഹത്തിൻ്റെ ശരീരത്തില്‍ ഒരുതേന്‍കൂട്. അവന്‍ അതടര്‍ത്തിയെടുത്തു ഭക്ഷിച്ചുകൊണ്ടു മാതാപിതാക്കളുടെയടുത്തെത്തി. അവര്‍ക്കും കൊടുത്തു. അവരും ഭക്ഷിച്ചു. എന്നാല്‍, ചത്ത സിംഹത്തിൻ്റെ ഉടലില്‍നിന്നാണു തേനെടുത്തതെന്ന് അവനവരോടു പറഞ്ഞില്ല.
10: അവൻ്റെ പിതാവു യുവതിയുടെ വീട്ടിലേക്കു പോയി. സാംസണ്‍ അവിടെയൊരു വിരുന്നു നടത്തി. യുവാക്കന്മാര്‍ അങ്ങനെചെയ്യുക പതിവായിരുന്നു.
11: അവനെക്കണ്ടപ്പോള്‍ അവിടുത്തുകാര്‍, മുപ്പതുപേരെ അവനു തോഴരായി കൊടുത്തു.
12: സാംസണ്‍ അവരോടു പറഞ്ഞു: ഞാന്‍ നിങ്ങളോടൊരു കടംകഥ പറയാം. വിരുന്നിൻ്റെ ഏഴു ദിവസത്തിനകം ഉത്തരം പറഞ്ഞാല്‍ ഓരോ ചണവസ്ത്രവും വിശേഷവസ്ത്രവും തരാം.
13: ഉത്തരംപറയാന്‍ സാധിക്കാതെവന്നാല്‍ നിങ്ങള്‍ മുപ്പതു ചണവസ്ത്രവും അത്രയും വിശേഷ വസ്ത്രവും എനിക്കു തരണം. അവര്‍ പറഞ്ഞു: നിൻ്റെ കടംകഥ കേള്‍ക്കട്ടെ.
14: അവന്‍ പറഞ്ഞു: ഭോക്താവില്‍നിന്നു ഭോജനവും മല്ലനില്‍നിന്നു മാധുര്യവും പുറപ്പെട്ടു. മൂന്നു ദിവസമായിട്ടും കടംകഥയുടെ പൊരുള്‍ അവര്‍ക്കു പിടികിട്ടിയില്ല.
15: നാലാം ദിവസം അവര്‍ സാംസൻ്റെ ഭാര്യയോടു പറഞ്ഞു: നിൻ്റെ ഭര്‍ത്താവിനെ വശീകരിച്ചു കടംകഥയുടെ പൊരുളറിഞ്ഞു ഞങ്ങളോടു പറയുക. അല്ലെങ്കില്‍, ഞങ്ങള്‍ നിന്നെ കുടുംബത്തോടെ ചുട്ടെരിക്കും; ദരിദ്രരാക്കാനാണോ നിങ്ങള്‍ ഞങ്ങളെ ക്ഷണിച്ചുവരുത്തിയത്?
16: സാംസൻ്റെ ഭാര്യ അവൻ്റെ മുമ്പില്‍ കരഞ്ഞുകൊണ്ടു പറഞ്ഞു: നിനക്കെന്നോടു വെറുപ്പാണ്; എന്നെ സ്‌നേഹിക്കുന്നില്ല. എൻ്റെയാളുകളോടു നീ ഒരു കടംകഥ പറഞ്ഞിരിക്കുന്നു. എന്നാല്‍, അതെന്തെന്ന് എന്നോടു പറഞ്ഞില്ല. അവന്‍ പറഞ്ഞു: എൻ്റെ മാതാപിതാക്കന്മാരോടുപോലും ഞാനതു പറഞ്ഞിട്ടില്ല. പിന്നെ, അതു നിന്നോടു പറയുമോ?
17: വിരുന്നവസാനിക്കുന്ന ഏഴാംദിവസംവരെ അവള്‍ കേണുചോദിച്ചു. അവളുടെ നിര്‍ബ്ബന്ധംമൂലം അവന്‍ അവള്‍ക്കതു വെളിപ്പെടുത്തി. അവളതു തൻ്റെയാളുകളോടു പറഞ്ഞു.
18: ഏഴാംദിവസം സൂര്യാസ്തമയത്തിനുമുമ്പു പട്ടണവാസികള്‍ വന്ന്, അവനോടു പറഞ്ഞു: തേനിനേക്കാള്‍ മാധുര്യമുള്ളതെന്ത്? സിംഹത്തെക്കാള്‍ കരുത്തുള്ളത് ആര്? അപ്പോളവന്‍ പറഞ്ഞു: എൻ്റെ പശുക്കിടാവിനെക്കൊണ്ട് ഉഴുതില്ലായിരുന്നെങ്കില്‍ കടംകഥയുടെ സാരം നിങ്ങള്‍ മനസ്സിലാക്കുകയില്ലായിരുന്നു.
19: കര്‍ത്താവിൻ്റെ ആത്മാവ് അവൻ്റെമേല്‍ ശക്തിയോടെ വന്നു. അഷ്‌കലോണില്‍ ചെന്ന് പട്ടണത്തിലെ മുപ്പതുപേരെ കൊന്ന്, കൊള്ളയടിച്ച്, കടംകഥയുടെ സാരം പറഞ്ഞവര്‍ക്കു വിശേഷവസ്ത്രങ്ങള്‍ കൊടുത്തു. കോപാക്രാന്തനായി അവന്‍ തൻ്റെ പിതാവിൻ്റെ ഭവനത്തിലേക്കു പോയി.
20: സാംസൻ്റെ ഭാര്യ, അവൻ്റെ മണവാളത്തോഴൻ്റെ ഭാര്യയായി.

അദ്ധ്യായം 15

ഫിലിസ്ത്യരെ തോല്പിക്കുന്നു

1: കുറെനാള്‍കഴിഞ്ഞ്, സാംസണ്‍, ഗോതമ്പു വിളവെടുപ്പുകാലത്ത് ഒരാട്ടിന്‍കുട്ടിയുമായി ഭാര്യയെ സന്ദര്‍ശിക്കാന്‍ ചെന്നു. അവന്‍ പറഞ്ഞു: ഞാനെൻ്റെ ഭാര്യയുടെ ശയനമുറിയില്‍ പ്രവേശിക്കട്ടെ. പക്ഷേ, പിതാവ് അതനുവദിച്ചില്ല.
2: അവളുടെ പിതാവു പറഞ്ഞു: നീയവളെ അതിയായി വെറുക്കുന്നുവെന്നു വിചാരിച്ച്, ഞാനവളെ നിൻ്റെ കൂട്ടുകാരനുകൊടുത്തു. അവളുടെ ഇളയസഹോദരി അവളെക്കാള്‍ സുന്ദരിയല്ലേ? അവളെ സ്വീകരിച്ചാലും.
3: സാംസണ്‍ പറഞ്ഞു: ഇപ്രാവശ്യവും ഫിലിസ്ത്യരോടു ഞാനെന്തെങ്കിലും അതിക്രമംപ്രവര്‍ത്തിച്ചാല്‍ അതെൻ്റെ കുറ്റമായിരിക്കയില്ല.
4: സാംസണ്‍ പോയി മുന്നൂറു കുറുനരികളെപ്പിടിച്ചു. കുറെ പന്തങ്ങളുമുണ്ടാക്കി. ഈരണ്ടെണ്ണത്തെ വാലോടുവാല്‍ചേര്‍ത്തു ബന്ധിച്ച്, അവയ്ക്കിടയില്‍ പന്തവും വച്ചുകെട്ടി.
5: അനന്തരം, അവന്‍ പന്തങ്ങള്‍ക്കു തീ കൊളുത്തി. അവയെ ഫിലിസ്ത്യരുടെ ധാന്യവിളയിലേക്കു വിട്ടു. വയലില്‍ നില്‍ക്കുന്ന വിളയും കൊയ്തകറ്റയും ഒലിവുതോട്ടങ്ങളും കത്തിച്ചാമ്പലായി.
6: ഫിലിസ്ത്യര്‍ ചോദിച്ചു: ആരാണിതു ചെയ്തത്? അവര്‍ പറഞ്ഞു:
7: ആ തിംനാക്കാരൻ്റെ മരുമകനായ സാംസണ്‍, അവൻ്റെ ഭാര്യയെ അമ്മായിയപ്പന്‍ അവൻ്റെ കൂട്ടുകാരനു കൊടുത്തതുകൊണ്ടു ചെയ്തതാണിത്. ഫിലിസ്ത്യര്‍ചെന്ന്, അവളെയും അവളുടെ പിതാവിനെയും അഗ്നിക്കിരയാക്കി. സാംസണ്‍ അവരോടു പറഞ്ഞു: ഇങ്ങനെയാണു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍, ഞാന്‍ ശപഥം ചെയ്യുന്നു, ഞാന്‍ നിങ്ങളോടു പ്രതികാരംചെയ്തിട്ടു സ്ഥലംവിടും.
8: അവനവരെ ക്രൂരമായി പ്രഹരിച്ചു കൊന്നുകളഞ്ഞു. അതിനുശേഷം അവന്‍ ഏത്താംപാറക്കെട്ടില്‍പോയി താമസിച്ചു.
9: അപ്പോള്‍ ഫിലിസ്ത്യര്‍ യൂദായില്‍ ചെന്നു പാളയമടിച്ച്, ലേഹിപട്ടണം ആക്രമിച്ചു. യൂദായിലെ ജനം ചോദിച്ചു:
10: നിങ്ങള്‍ ഞങ്ങള്‍ക്കെതിരായി വന്നതെന്തുകൊണ്ട്? അവര്‍ പറഞ്ഞു: സാംസണ്‍ ഞങ്ങളോടു ചെയ്തതിനു പകരംവീട്ടാന്‍ അവനെ ബന്ധനസ്ഥനാക്കുന്നതിനുവേണ്ടിയാണു ഞങ്ങള്‍ വന്നിരിക്കുന്നത്.
11: അപ്പോള്‍ യൂദായിലെ മൂവായിരം ആളുകള്‍ ഏത്താംപാറയിടുക്കില്‍ചെന്നു സാംസനോടു ചോദിച്ചു: ഫിലിസ്ത്യരാണു ഞങ്ങളുടെ ഭരണാധികാരികളെന്നു നിനക്കറിഞ്ഞുകൂടേ? പിന്നെ നീയിപ്പോള്‍ ഞങ്ങളോടീച്ചെയ്തതെന്ത്? അവന്‍ പറഞ്ഞു: അവരെന്നോടു ചെയ്തതുപോലെ ഞാനവരോടും ചെയ്തു.
12: അവര്‍ പ്രതിവചിച്ചു: നിന്നെ ബന്ധിച്ചു ഫിലിസ്ത്യരുടെ കൈയിലേല്പിക്കാന്‍ വന്നിരിക്കയാണ്, ഞങ്ങള്‍. സാംസണ്‍ പറഞ്ഞു: നിങ്ങള്‍ എൻ്റെമേല്‍ ചാടിവീഴുകയില്ലെന്നു സത്യം ചെയ്യുക.
13: അവര്‍ പറഞ്ഞു: ഇല്ല; ഞങ്ങള്‍ നിന്നെ ബന്ധിച്ചു ഫിലിസ്ത്യരുടെ കൈയിലേല്പിക്കുകയേയുള്ളു, കൊല്ലുകയില്ല. അവര്‍ പുതിയ രണ്ടു കയറുകൊണ്ട്, അവനെ ബന്ധിച്ചു പാറയ്ക്കുവെളിയില്‍ കൊണ്ടുവന്നു.
14: അവന്‍ ലേഹിയിലെത്തിയപ്പോള്‍ ഫിലിസ്ത്യര്‍ ആര്‍പ്പുവിളികളോടെ അവനെക്കാണാനെത്തി. കര്‍ത്താവിൻ്റെ ആത്മാവു ശക്തിയോടെ അവൻ്റെമേല്‍ വന്നു. അവനെ ബന്ധിച്ചിരുന്ന കയര്‍, കരിഞ്ഞ ചണനൂല്‍പോലെയായിത്തീര്‍ന്നു; കെട്ടുകള്‍ അറ്റുവീണു.
15: ആയിടെ ചത്ത ഒരു കഴുതയുടെ താടിയെല്ലു കിടക്കുന്നത് അവന്‍ കണ്ടു. അതെടുത്ത്, അവന്‍ ആയിരംപേരെ അതുകൊണ്ടു കൊന്നു;
16: എന്നിട്ട് അവന്‍ ഘോഷിച്ചു: കഴുതയുടെ താടിയെല്ലുകൊണ്ടു ഞാനവരെ കൂനകൂട്ടി. കഴുതയുടെ താടിയെല്ലുകൊണ്ട് ആയിരംപേരെ ഞാന്‍ കൊന്നു.
17: ഇതു പറഞ്ഞിട്ട്, അവന്‍ എല്ല് എറിഞ്ഞുകളഞ്ഞു. ആ സ്ഥലത്തിനു റാമാത്ത്‌ലേഹി എന്നു പേരുലഭിച്ചു.
18: അവനു വലിയ ദാഹമുണ്ടായി. അവന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു: അവിടുത്തെ ദാസൻ്റെ കരങ്ങളാല്‍ ഈ വലിയ വിജയം അവിടുന്നു നേടിത്തന്നിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ ദാഹംകൊണ്ടു മരിച്ച്, അപരിച്ഛേദിതരുടെ കൈകളില്‍ വീഴണമോ?
19: ദൈവം ലേഹിയിലുള്ള പൊള്ളയായ ഒരു സ്ഥലം തുറന്നു. അതില്‍നിന്നു ജലം പുറപ്പെട്ടു. അവന്‍ വെള്ളം കുടിച്ച് ഊര്‍ജ്ജസ്വലനായി. അതുകൊണ്ടതിന് എന്‍ഹക്കോര്‍ എന്നു പേരുകിട്ടി.
20: അത് ഇന്നുമവിടെയുണ്ട്. ഫിലിസ്ത്യരുടെ കാലത്ത്, ഇരുപതുവര്‍ഷം സാംസണ്‍ ഇസ്രായേലില്‍ ന്യായാധിപനായിരുന്നു.


അദ്ധ്യായം 16


1: സാംസണ്‍ ഗാസായിലേക്കു പോയി. അവിടെ, ഒരു സ്വൈരിണിയെ കണ്ടുമുട്ടി. അവളോടുകൂടെ ശയിച്ചു.
2: സാംസണ്‍ അവിടെ വന്നിട്ടുണ്ടെന്നു ഗാസാ നിവാസികളറിഞ്ഞു. അവര്‍ അവിടം വളഞ്ഞു. രാത്രിമുഴുവന്‍ പട്ടണവാതില്‍ക്കല്‍ പതിയിരുന്നു. പ്രഭാതംവരെ കാത്തിരിക്കാം; രാവിലെ, അവനെ നമുക്കു കൊല്ലാം എന്നുപറഞ്ഞ്, രാത്രിമുഴുവന്‍ നിശ്ചലരായിരുന്നു.
3: എന്നാല്‍, സാംസണ്‍ പാതിരാവരെ കിടന്നു. പിന്നെയെഴുന്നേറ്റു പട്ടണപ്പടിപ്പുരയുടെ വാതില്‍ കട്ടിളക്കാലോടുകൂടെ പറിച്ചെടുത്തു തോളില്‍വച്ച്, ഹെബ്രോൻ്റെ മുമ്പിലുള്ള മലമുകളിലേക്കു പോയി.

സാംസനും ദലീലായും

4: അതിനുശേഷം സോറേക്കു താഴ്‌വരയിലുള്ള ദലീലാ എന്ന സ്ത്രീയെ അവന്‍ സ്‌നേഹിച്ചു.
5: ഫിലിസ്ത്യരുടെ നേതാക്കന്മാര്‍ അവളുടെയടുത്തുചെന്നു പറഞ്ഞു. സാംസനെ നീ വശീകരിക്കണം. അവൻ്റെ ശക്തി എവിടെ സ്ഥിതിചെയ്യുന്നുവെന്നും അവനെ എങ്ങനെ കീഴടക്കി ബന്ധിക്കാമെന്നും മനസ്സിലാക്കണം; ഞങ്ങള്‍ ഓരോരുത്തരും നിനക്ക് ആയിരത്തിയൊരുന്നൂറു വെള്ളിനാണയം തരാം.
6: ദലീലാ സാംസനോടു പറഞ്ഞു: നിൻ്റെ ഈ വലിയ ശക്തിയെല്ലാം എവിടെ സ്ഥിതിചെയ്യുന്നുവെന്നും നിന്നെയെങ്ങനെ ബന്ധിച്ചു കീഴടക്കാമെന്നും ദയവായി എന്നോടു പറയുക.
7: സാംസണ്‍ മറുപടി പറഞ്ഞു: ഉണങ്ങാത്ത പുതിയ ഏഴു ഞാണുകൊണ്ടു ബന്ധിച്ചാല്‍ എൻ്റെ ശക്തികുറഞ്ഞു ഞാന്‍ മറ്റു മനുഷ്യരെപ്പോലെയാകും.
8: അപ്പോള്‍ ഫിലിസ്ത്യപ്രഭുക്കന്മാര്‍ ഉണങ്ങാത്ത, പുതിയ ഏഴുഞാണ്‍ കൊണ്ടുവന്നു. ദലീലാ അവകൊണ്ട് അവനെ ബന്ധിച്ചു.
9: ഉള്‍മുറിയില്‍ അവള്‍ ആളുകളെ പതിയിരുത്തിയിരുന്നു. അതിനുശേഷം അവളവനോടു പറഞ്ഞു: സാംസണ്‍, ഇതാ, ഫിലിസ്ത്യര്‍ നിന്നെ വളഞ്ഞിരിക്കുന്നു. എന്നാല്‍, അഗ്നി ചണനൂലിനെയെന്നപോലെ അവന്‍ ഞാണുകള്‍ പൊട്ടിച്ചുകളഞ്ഞു. അവൻ്റെ ശക്തിയുടെ രഹസ്യം പുറത്തായില്ല.
10: ദലീല സാംസനോടു പറഞ്ഞു: നീയെന്നെ കബളിപ്പിച്ചു; എന്നോടു നുണ പറഞ്ഞു. എങ്ങനെ നിന്നെ ബന്ധിക്കാമെന്ന് എന്നോടു പറയുക.
11: അവന്‍ പറഞ്ഞു: ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത പുതിയ കയറുകൊണ്ടു ബന്ധിച്ചാല്‍ ഞാന്‍ ദുര്‍ബ്ബലനായി മറ്റാരേയുംപോലെയാകും.
12: അപ്പോള്‍ ദലീലാ പുതിയ കയറുകൊണ്ടുവന്ന് അവനെക്കെട്ടി. അവനോടു പറഞ്ഞു: സാംസണ്‍, ഇതാ ഫിലിസ്ത്യര്‍ വരുന്നു. പതിയിരുന്നവര്‍ അകത്തെ ഒരു മുറിയിലായിരുന്നു. കെട്ടിയിരുന്ന കയര്‍, നൂലുപോലെ അവന്‍ പൊട്ടിച്ചുകളഞ്ഞു.
13: ദലീലാ സാംസനോടു പറഞ്ഞു: ഇപ്പോഴും നീ എന്നെ കബളിപ്പിച്ചിരിക്കുന്നു; എന്നോടു നീ കളവു പറഞ്ഞു. നിന്നെയെങ്ങനെ ബന്ധിക്കാമെന്നു പറയുക. അവന്‍ പറഞ്ഞു: എൻ്റെ ഏഴു തലമുടിച്ചുരുളെടുത്തു പാവിനോടു ചേര്‍ത്ത്, ആണിയില്‍ ഉറപ്പിച്ചുനെയ്താല്‍ മറ്റു മനുഷ്യരെപ്പോലെ ഞാന്‍ ബലഹീനനാകും.
14: അവനുറങ്ങുമ്പോള്‍ ദലീലാ അവൻ്റെ ഏഴു തലമുടിച്ചുരുളെടുത്ത്, പാവിനോടു ചേര്‍ത്ത്, ആണിയിലുറപ്പിച്ചു നെയ്തു. അനന്തരം, അവനോടു പറഞ്ഞു: സാംസണ്‍, ഫിലിസ്ത്യര്‍ നിന്നെ ആക്രമിക്കാന്‍ വരുന്നു. അവന്‍ ഉറക്കത്തില്‍നിന്നെഴുന്നേറ്റ് ആണിയും തറിയും പാവും വലിച്ചുപൊളിച്ചു.
15: അവളവനോടു ചോദിച്ചു: നിൻ്റെ ഹൃദയം എന്നോടുകൂടെയല്ലെങ്കില്‍ എന്നെ സ്‌നേഹിക്കുന്നുവെന്ന് നിനക്കെങ്ങനെ പറയാന്‍കഴിയും? ഈ മൂന്നുപ്രാവശ്യവും നീയെന്നെ അവഹേളിച്ചിരിക്കുന്നു.
16: നിൻ്റെ അജയ്യശക്തി എവിടെ കുടികൊള്ളുന്നെന്ന് നീയെന്നോടു പറഞ്ഞിട്ടുമില്ല. അവളിങ്ങനെ ദിവസംതോറും നിര്‍ബ്ബന്ധിച്ചു; ആ അലട്ടല്‍ മരണത്തിനു തുല്യമായി.
17: അവന്‍ രഹസ്യം തുറന്നുപറഞ്ഞു: ക്ഷൗരക്കത്തി എൻ്റെ തലയില്‍ സ്പര്‍ശിച്ചിട്ടില്ല. ജനനംമുതലേ ഞാന്‍ ദൈവത്തിനു നാസീര്‍വ്രതക്കാരനാണ്. മുടിവെട്ടിയാല്‍ എൻ്റെ ശക്തി നഷ്ടപ്പെട്ട്, ഞാന്‍ മറ്റു മനുഷ്യരെപ്പോലെയാകും.     
18: അവന്‍ സത്യം തുറന്നുപറഞ്ഞപ്പോള്‍ ദലീലാ ഫിലിസ്ത്യരുടെ നേതാക്കളെ വിളിച്ചുപറഞ്ഞു: ഈ പ്രാവശ്യംകൂടെ വരുക; അവന്‍ സകലരഹസ്യങ്ങളും എന്നോടു പറഞ്ഞിരിക്കുന്നു. അപ്പോള്‍ ഫിലിസ്ത്യരുടെ നേതാക്കന്മാര്‍ പണവുമായി അവളുടെയടുത്തെത്തി.
19: അവളവനെ മടിയില്‍ക്കിടത്തിയുറക്കി. ഒരാളെക്കൊണ്ട് അവൻ്റെ തലയിലെ ഏഴു മുടിച്ചുരുളുകളും ക്ഷൗരം ചെയ്യിച്ചു; അതിനുശേഷം അവളവനെ അസഹ്യപ്പെടുത്താന്‍ തുടങ്ങി, അവൻ്റെ ശക്തി അവനെ വിട്ടുപോയി.
20: അവള്‍ പറഞ്ഞു: സാംസണ്‍, ഫിലിസ്ത്യര്‍ നിന്നെ ആക്രമിക്കാന്‍ വരുന്നു. അപ്പോളവന്‍ ഉറക്കമുണര്‍ന്നു പറഞ്ഞു: മറ്റവസരങ്ങളിലെന്നപോലെതന്നെ ഞാന്‍ രക്ഷപെടും. എന്നെത്തന്നെ സ്വതന്ത്രനാക്കും. കര്‍ത്താവു തന്നെവിട്ടുപോയ കാര്യം അവനറിഞ്ഞില്ല.
21: ഫിലിസ്ത്യര്‍ അവനെപ്പിടിച്ചു കണ്ണു ചുഴന്നെടുത്തു ഗാസായിലേക്കു കൊണ്ടുപോയി. ഓട്ടു ചങ്ങലകൊണ്ടു ബന്ധിച്ചു കാരാഗൃഹത്തിലാക്കി. മാവുപൊടിക്കുന്ന ജോലിയിലേര്‍പ്പെടുത്തി.
22: എന്നാല്‍ മുണ്ഡനത്തിനുശേഷവും അവൻ്റെ തലയില്‍ മുടി വളര്‍ന്നുകൊണ്ടിരുന്നു.

സാംസണ്‍ൻ്റെ രണം


23: ഫിലിസ്ത്യപ്രഭുക്കന്മാര്‍ തങ്ങളുടെ ദേവനായ ദാഗോന്,. ഒരു വലിയ ബലികഴിച്ചു സന്തോഷിക്കാന്‍ ഒരുമിച്ചുകൂടി; അവര്‍ പറഞ്ഞു: നമ്മുടെ ദേവന്‍, ശത്രുവായ സാംസനെ നമ്മുടെ കൈയ്യില്‍ ഏല്പിച്ചിരിക്കുന്നു.
24: അവനെ കണ്ടപ്പോള്‍ ജനങ്ങള്‍ തങ്ങളുടെ ദേവനെ സ്തുതിച്ചുപറഞ്ഞു: നമ്മുടെ ദേവന്‍ ശത്രുവിനെ നമുക്കേല്പിച്ചുതന്നിരിക്കുന്നു. അവന്‍ നമ്മുടെ ദേശം നശിപ്പിച്ചവനാണ്. നമ്മില്‍ അനേകരെ കൊന്നവനുമാണ്.
25: സന്തോഷിച്ചു മതിമറന്ന്, അവര്‍ പറഞ്ഞു: നമ്മുടെ മുമ്പില്‍ അഭ്യാസംകാണിക്കുന്നതിന് സാംസനെ വിളിക്കുവിന്‍. സാംസനെ അവര്‍ കാരാഗൃഹത്തില്‍ നിന്നു കൊണ്ടുവന്നു. അവന്‍, അവരുടെ മുമ്പില്‍ അഭ്യാസം പ്രകടിപ്പിച്ചു; തൂണുകളുടെയിടയില്‍ അവരവനെ നിറുത്തി.
26: കൈക്കു പിടിച്ചിരുന്ന ബാലനോടു സാംസണ്‍ പറഞ്ഞു: ഒന്നു ചാരിനില്‍ക്കാന്‍ കെട്ടിടത്തിൻ്റെ തൂണുകളെവിടെയെന്ന് ഞാന്‍ തപ്പിനോക്കട്ടെ.
27: പുരുഷന്മാരെയും സ്ത്രീകളെയുംകൊണ്ടു കെട്ടിടം നിറഞ്ഞിരുന്നു. ഫിലിസ്ത്യപ്രഭുക്കന്മാരെല്ലാം അവിടെ സന്നിഹിതരായിരുന്നു. മേല്‍ത്തട്ടില്‍ ഏകദേശം മൂവായിരം സ്ത്രീപുരുഷന്മാര്‍ അഭ്യാസം കണ്ടുകൊണ്ടിരുന്നു.
28: അപ്പോള്‍ സാംസണ്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു: ദൈവമായ കര്‍ത്താവേ, എന്നെയോര്‍ക്കണമേ! ഞാന്‍ നിന്നോടു പ്രാര്‍ത്ഥിക്കുന്നു. എന്നെ ശക്തനാക്കണമേ! ഞാന്‍ നിന്നോട് ഇപ്രാവശ്യംകൂടെ യാചിക്കുന്നു. എൻ്റെ കണ്ണുകളിലൊന്നിനു ഫിലിസ്ത്യരോടു പ്രതികാരംചെയ്യാന്‍ എന്നെ ശക്തിപ്പെടുത്തണമേ!
29: കെട്ടിടം താങ്ങിനിന്നിരുന്ന രണ്ടു നെടുംതൂണുകളെ സാംസണ്‍ പിടിച്ചു. വലത്തുകൈ ഒന്നിലും ഇടത്തുകൈ മറ്റതിലുംവച്ച്, അവന്‍ തള്ളി.
30: അവന്‍ പറഞ്ഞു: ഫിലിസ്ത്യരോടുകൂടെ ഞാനും മരിക്കട്ടെ. സര്‍വ്വശക്തിയുമുപയോഗിച്ച് അവന്‍ കുനിഞ്ഞു. കെട്ടിടം അതിലുണ്ടായിരുന്ന പ്രഭുക്കന്മാരുടെയും മറ്റ് ആളുകളുടെയുംമേല്‍ വീണു. മരണസമയത്ത് അവന്‍ കൊന്നവര്‍, ജീവിച്ചിരിക്കുമ്പോള്‍ കൊന്നവരെക്കാള്‍ അധികമായിരുന്നു.
31: സഹോദരന്മാരും കുടുംബക്കാരും വന്ന്, അവൻ്റെ ശരീരം കൊണ്ടുപോയി; സോറായ്ക്കും എഷ്താവോലിനുമിടയ്ക്ക്, പിതാവായ മനോവയുടെ ശവകുടീരത്തില്‍ സംസ്‌കരിച്ചു. ഇരുപതു വര്‍ഷമാണ് അവന്‍ ഇസ്രായേലില്‍ ന്യായപാലനംനടത്തിയത്.

അദ്ധ്യായം 17

മിക്കായുടെ പൂജാഗൃഹം

1: എഫ്രായിം മലനാട്ടില്‍ മിക്കാ എന്നൊരാളുണ്ടായിരുന്നു. അവന്‍ അമ്മയോടു പറഞ്ഞു:
2: ആയിരത്തിയൊരുന്നൂറു വെള്ളിനാണയങ്ങള്‍ നഷ്ടപ്പെട്ടതിനെപ്പറ്റി നീ ശാപമുച്ചരിക്കുകയും എന്നോടു രഹസ്യമായിപ്പറയുകയും ചെയ്തിരുന്നല്ലോ. അത് എൻ്റെ കൈവശമുണ്ട്; ഞാനാണതെടുത്തത്. അവൻ്റെയമ്മ പറഞ്ഞു: എൻ്റെ മകനേ, കര്‍ത്താവ് നിന്നെയനുഗ്രഹിക്കട്ടെ! 
3: അവന്‍ ആ ആയിരത്തിയൊരുന്നൂറു വെള്ളിനാണയങ്ങള്‍ അമ്മയ്ക്കു തിരികെക്കൊടുത്തു. അവള്‍ പറഞ്ഞു: എൻ്റെ മകനുവേണ്ടി ഒരു കൊത്തുവിഗ്രഹവും ഒരു വാര്‍പ്പുവിഗ്രഹവുമുണ്ടാക്കാന്‍ ഈ വെള്ളി ഞാന്‍ കര്‍ത്താവിനു മാറ്റിവയ്ക്കുന്നു. അതുകൊണ്ട്, ഇപ്പോള്‍ ഞാനിതു തിരിച്ചുതരുന്നു.
4: അവന്‍ പണം അമ്മയെ ഏല്പിച്ചപ്പോള്‍ അവള്‍ അതില്‍നിന്ന് ഇരുനൂറു വെള്ളിനാണയങ്ങളെടുത്തു തട്ടാനെയേല്പിച്ചു. അവനതുകൊണ്ട്, ഒരു കൊത്തുവിഗ്രഹവും ഒരു വാര്‍പ്പുവിഗ്രഹവും നിര്‍മ്മിച്ചു. അത്, മിക്കായുടെ ഭവനത്തില്‍ പ്രതിഷ്ഠിച്ചു.
5: മിക്കായ്ക്ക് ഒരു പൂജാഗൃഹമുണ്ടായിരുന്നു. അവന്‍ ഒരു എഫോദും വിഗ്രഹങ്ങളുമുണ്ടാക്കി. തൻ്റെ ഒരു പുത്രനെ പുരോഹിതനായി അവരോധിച്ചു.
6: അന്ന്, ഇസ്രായേലില്‍ രാജവാഴ്ചയില്ലായിരുന്നു. ഓരോരുത്തരും യുക്തമെന്നു തോന്നിയതു പ്രവര്‍ത്തിച്ചുപോന്നു.
7: യൂദായിലെ ബേത്‌ലെഹെമില്‍ യൂദാവംശജനായ ഒരു യുവാവുണ്ടായിരുന്നു, അവിടെ വന്നുപാര്‍ത്ത ഒരു ലേവ്യന്‍.
8: അവന്‍ ജീവിക്കാന്‍പറ്റിയ ഒരു സ്ഥലമന്വേഷിച്ച്, അവിടെനിന്നു പുറപ്പെട്ടു. യാത്രചെയ്ത്, അവന്‍ എഫ്രായിംമലനാട്ടില്‍ മിക്കായുടെ ഭവനത്തിലെത്തി.
9: മിക്കാ ചോദിച്ചു: നീ എവിടെനിന്നു വരുന്നു? ഞാന്‍ യൂദായിലെ ബേത്‌ലെഹെംകാരനായ ഒരു ലേവ്യനാണ്; താമസിക്കാന്‍ ഒരു സ്ഥലമന്വേഷിക്കയാണ്.
10: മിക്കാ പറഞ്ഞു: എന്നോടുകൂടെ താമസിക്കുക. നീയെനിക്ക് ഒരു പിതാവും പുരോഹിതനുമായിരിക്കുക. ഞാന്‍ നിനക്കു വര്‍ഷംതോറും പത്തു വെള്ളിനാണയവും വസ്ത്രവും ഭക്ഷണവും നല്കിക്കൊള്ളാം.
11: അവനോടുകൂടെ താമസിക്കാന്‍ ലേവ്യനു സന്തോഷമായി; ആ യുവാവ് അവനു പുത്രനെപ്പോലെയായിരുന്നു.
12: മിക്കാ ലേവ്യനെ പുരോഹിതനായി അവരോധിച്ചു; അങ്ങനെ ആ യുവാവ്, മിക്കായുടെ ഭവനത്തില്‍ പുരോഹിതനായി താമസമാക്കി. അപ്പോള്‍ മിക്കാ പറഞ്ഞു:
13: ഒരു ലേവ്യനെ പുരോഹിതനായി ലഭിച്ചതുകൊണ്ട്, കര്‍ത്താവെന്നെ അനുഗ്രഹിക്കുമെന്നു ഞാനറിയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ