എഴുപത്തിരണ്ടാംദിവസം: 1 സാമുവേല്‍ 5 - 8

 അദ്ധ്യായം 5

പേടകം ഫിലിസ്ത്യരുടെയിടയില്‍

1: ഫിലിസ്ത്യര്‍ ദൈവത്തിൻ്റെ പേടകം കൈവശപ്പെടുത്തി. എബ്‌നേസറില്‍നിന്ന് അഷ്‌ദോദിലേക്കു കൊണ്ടുപോയി.
2: അവിടെ ദാഗോൻ്റെ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുസമീപം സ്ഥാപിച്ചു.
3: അടുത്തദിവസം പ്രഭാതത്തില്‍ അഷ്‌ദോദിലെ ജനങ്ങളുണര്‍ന്നപ്പോള്‍ ദാഗോൻ്റെ ബിംബം കര്‍ത്താവിൻ്റെ പേടകത്തിനുമുമ്പില്‍ നിലത്തു മറിഞ്ഞുകിടക്കുന്നതു കണ്ടു. അവര്‍, അതെടുത്തു യഥാപൂര്‍വ്വം സ്ഥാപിച്ചു.
4: പിറ്റേന്നും അവരുണര്‍ന്നപ്പോള്‍ ദാഗോൻ്റെ ബിംബം കര്‍ത്താവിൻ്റെ പേടകത്തിനുമുമ്പില്‍ മറിഞ്ഞുകിടക്കുന്നു. ദാഗോൻ്റെ തലയും കൈകളുമറ്റ്, വാതില്‍പ്പടിയില്‍ക്കിടക്കുന്നു. ഉടല്‍മാത്രമവശേഷിച്ചിരുന്നു.
5: അതുകൊണ്ടാണു ദാഗോൻ്റെ പുരോഹിതന്മാരും അവിടെ പ്രവേശിക്കുന്ന മറ്റുള്ളവരും അഷ്ദോദിലുള്ള ദാഗോൻ്റെ വാതില്‍പ്പടിയില്‍ ചവിട്ടാത്തത്.
6: കര്‍ത്താവിൻ്റെ കരം അഷ്‌ദോദിലുള്ള ജനങ്ങള്‍ക്കെതിരേ പ്രബലമായി. അവിടുന്ന്, അവരെ ഭയപ്പെടുത്തി. അഷ്‌ദോദിലും പരിസരങ്ങളിലുമുള്ളവര്‍ക്ക് കുരുക്കള്‍വരുത്തി അവരെ കഷ്ടപ്പെടുത്തി.
7: ഇതുകണ്ട്, അഷ്ദോദിലെ ജനങ്ങള്‍ പറഞ്ഞു: ഇസ്രായേലിൻ്റെ ദൈവത്തിൻ്റെ പേടകം നമ്മുടെയിടയിലിരിക്കേണ്ടാ. അവിടുത്തെക്കരം നമ്മുടെയും നമ്മുടെ ദേവനായ ദാഗോൻ്റെയുംമേല്‍ പ്രബലപ്പെട്ടിരിക്കുന്നു.
8: അവരാളയച്ച്, ഫിലിസ്ത്യപ്രഭുക്കന്മാരെയെല്ലാം വിളിച്ചുകൂട്ടി, ഇസ്രായേല്യരുടെ ദൈവത്തിൻ്റെ പേടകം നാമെന്താണു ചെയ്യേണ്ടതെന്നു ചോദിച്ചു. ഗത്തിലേക്കു കൊണ്ടുപോകാമെന്ന് അവര്‍ പറഞ്ഞു. ദൈവത്തിൻ്റെ പേടകം അവര്‍ അങ്ങോട്ടു കൊണ്ടുപോയി.
9: അവിടെയെത്തിയപ്പോള്‍ കര്‍ത്താവ്, ആ നഗരത്തെയും ശിക്ഷിച്ചു. ജനങ്ങള്‍ സംഭ്രാന്തരായി, ആബാലവൃദ്ധം ജനങ്ങളും കുരുക്കള്‍മൂലം കഷ്ടപ്പെട്ടു.
10: അതിനാല്‍ ദൈവത്തിൻ്റെ പേടകം അവര്‍ എക്രോണിലേക്കയച്ചു. എന്നാല്‍ പേടകം എക്രോണിലെത്തിയപ്പോള്‍ തദ്‌ദേശവാസികള്‍ മുറവിളികൂട്ടി. നമ്മെയും നമ്മുടെ ജനത്തെയും നശിപ്പിക്കാന്‍ ഇസ്രായേലിൻ്റെ ദൈവത്തിൻ്റെ പേടകം നമ്മുടെയടുത്തേക്കു കൊണ്ടുവന്നിരിക്കുന്നു!
11: അവര്‍ വീണ്ടും ഫിലിസ്ത്യപ്രഭുക്കന്മാരെ വിളിച്ചുകൂട്ടി. ഇസ്രായേല്യരുടെ ദൈവത്തിൻ്റെ പേടകം വിട്ടുകൊടുക്കുക. നമ്മെയും നമ്മുടെ ജനത്തെയും നശിപ്പിക്കാതിരിക്കാന്‍ അതു തിരിച്ചയയ്ക്കുക എന്നുപറഞ്ഞു. സംഭ്രാന്തി നഗരത്തെമുഴുവന്‍ ബാധിച്ചു. കാരണം, ദൈവം അവരെ കഠിനമായി ശിക്ഷിച്ചുകൊണ്ടിരുന്നു.
12: മരിക്കാതെയവശേഷിച്ചവരെ കുരുക്കള്‍ ബാധിച്ചു. നഗരവാസികളുടെ നിലവിളി ആകാശത്തിലേക്കുയര്‍ന്നു.

അദ്ധ്യായം 6

പേടകം തിരിച്ചെത്തുന്നു

1: കര്‍ത്താവിൻ്റെ പേടകം ഏഴുമാസം ഫിലിസ്ത്യരുടെ രാജ്യത്തായിരുന്നു.
2: ഫിലിസ്ത്യര്‍ പുരോഹിതന്മാരെയും ജ്യോത്സ്യന്മാരെയും വിളിച്ചുവരുത്തിച്ചോദിച്ചു: കര്‍ത്താവിൻ്റെ പേടകം നാമെന്തു ചെയ്യണം? പൂര്‍വ്വസ്ഥാനത്തേക്കു തിരിച്ചയയ്ക്കുമ്പോള്‍ അതോടൊപ്പം നാമെന്താണു കൊടുത്തയയ്ക്കേണ്ടത്?
3: അവര്‍ പറഞ്ഞു: ഇസ്രായേല്യരുടെ ദൈവത്തിൻ്റെ പേടകം തിരിച്ചയയ്ക്കുന്നത് വെറുംകൈയോടെയാകരുത്. ഒരു പ്രായശ്ചിത്തബലിക്കുള്ള വസ്തുക്കള്‍ തീര്‍ച്ചയായും കൊടുത്തയയ്ക്കണം. അപ്പോള്‍ നിങ്ങള്‍ സുഖംപ്രാപിക്കുകയും അവിടുത്തെക്കരം നിങ്ങളില്‍നിന്നു പിന്‍വലിക്കാഞ്ഞതിൻ്റെ കാരണം മനസ്സിലാകുകയും ചെയ്യും.
4: എന്തു വസ്തുവാണ്, പ്രായശ്ചിത്തബലിക്കു ഞങ്ങള്‍ അവിടുത്തേക്കര്‍പ്പിക്കേണ്ടതെന്നു ഫിലിസ്ത്യര്‍ ചോദിച്ചു. അവര്‍ പറഞ്ഞു: ഫിലിസ്ത്യപ്രഭുക്കന്മാരുടെ സംഖ്യയനുസരിച്ച്, സ്വര്‍ണ്ണനിര്‍മ്മിതമായ അഞ്ചു കുരുക്കളും അഞ്ച് എലികളുമാകട്ടെ. കാരണം, നിങ്ങള്‍ക്കും നിങ്ങളുടെ പ്രഭുക്കന്മാര്‍ക്കും ഒരേ ബാധതന്നെയാണല്ലോ ഉണ്ടായത്.
5: അതുകൊണ്ട്, നിങ്ങള്‍ നിങ്ങളുടെ കുരുക്കളുടെയും നിങ്ങളുടെ നാടുനശിപ്പിച്ച എലികളുടെയും രൂപംതന്നെയുണ്ടാക്കണം. അങ്ങനെ ഇസ്രായേല്യരുടെ ദൈവത്തിൻ്റെ മഹിമയെ പ്രകീര്‍ത്തിക്കുവിന്‍; നിങ്ങളുടെയും നിങ്ങളുടെ ദേവന്മാരുടെയും നിങ്ങളുടെ നാടിൻ്റെയുംമേല്‍ ശക്തിപ്പെട്ടിരിക്കുന്ന കരം, അവിടുന്നു പിന്‍വലിച്ചേക്കാം.
6: ഈജിപ്തുകാരെയും ഫറവോയെയുംപോലെ നിങ്ങളും എന്തിനു കഠിനഹൃദയരാകുന്നു? അവിടുന്ന്, അവരെ പരിഹാസപാത്രമാക്കിയതിനുശേഷമല്ലേ, നാടുവിടാന്‍ ഈജിപ്തുകാര്‍ ഇസ്രായേല്യരെയനുവദിച്ചതും അവര്‍ പോയതും?
7: അതുകൊണ്ട്, നിങ്ങള്‍ ഒരു പുതിയ വണ്ടിയുണ്ടാക്കി ഒരിക്കലും നുകംവച്ചിട്ടില്ലാത്ത രണ്ടു കറവപ്പശുക്കളെ കെട്ടുവിന്‍. അവയുടെ കുട്ടികള്‍, വീട്ടില്‍ നിന്നുകൊള്ളട്ടെ.
8: കര്‍ത്താവിൻ്റെ പേടകമെടുത്ത്, വണ്ടിയില്‍ വയ്ക്കുക. പ്രായശ്ചിത്തബലിക്കു നിങ്ങള്‍ തയ്യാറാക്കിയ സ്വര്‍ണ്ണയുരുപ്പടികള്‍ പെട്ടിക്കുള്ളിലാക്കി അതിൻ്റെ ഒരുവശത്തുവയ്ക്കുവിന്‍.
9: നിങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുവിന്‍. സ്വന്തംനാടായ ബത്‌ഷെമെഷിലേക്കാണ് അവ പോകുന്നതെങ്കില്‍ തീര്‍ച്ചയായും അവിടുത്തെ കരങ്ങളാണ് ഈ വലിയ അനര്‍ത്ഥം നമുക്കു വരുത്തിയത്. അല്ലെങ്കില്‍, അവിടുന്നല്ല നമ്മെ ശിക്ഷിച്ചതെന്നും അവ യാദൃച്ഛികമായി സംഭവിച്ചതാണെന്നും നമുക്കനുമാനിക്കാം. അവരപ്രകാരം ചെയ്തു.
10: രണ്ടു കറവപ്പശുക്കളെ കൊണ്ടുവന്നു വണ്ടിക്കുകെട്ടി. കിടാക്കളെ വീട്ടില്‍ നിര്‍ത്തി.
11: കര്‍ത്താവിൻ്റെ പേടകത്തോടൊപ്പം സ്വര്‍ണ്ണനിര്‍മ്മിതമായ കുരുക്കളും എലികളുമുള്ള പെട്ടിയും അതിനുള്ളില്‍വച്ചു.
12: പശുക്കള്‍ ബത്‌ഷെമെഷിലേക്കുള്ള പെരുവഴിയിലൂടെ അമറിക്കൊണ്ട്, ഇടംവലം നോക്കാതെ നേരേപോയി. ഫിലിസ്ത്യപ്രഭുക്കന്മാര്‍ ബത്‌ഷെമെഷ് അതിര്‍ത്തിവരെ അവയെ അനുധാവനംചെയ്തു.
13: ബത്‌ഷെമെഷിലെ ജനങ്ങള്‍ വയലില്‍ ഗോതമ്പുകൊയ്തുകൊണ്ടിരിക്കുകയായിരുന്നു. തലയുയര്‍ത്തി നോക്കിയപ്പോള്‍ക്കണ്ടത്, കര്‍ത്താവിൻ്റെ പേടകമാണ്. അവര്‍ അത്യധികമാനന്ദിച്ചു.
14: വണ്ടി ബത്‌ഷെമെഷുകാരനായ ജോഷ്വയുടെ വയലില്‍ച്ചെന്നുനിന്നു. ഒരു വലിയ കല്ല് അവിടെയുണ്ടായിരുന്നു. വണ്ടിയ്ക്കുപയോഗിച്ചിരുന്ന മരം വെട്ടിക്കീറി, പശുക്കളെ ദഹനബലിയായി അവര്‍ കര്‍ത്താവിനു സമര്‍പ്പിച്ചു.
15: ലേവ്യര്‍ കര്‍ത്താവിൻ്റെ പേടകവും അതോടൊപ്പം സ്വര്‍ണ്ണയുരുപ്പടികള്‍വച്ചിരുന്ന പെട്ടിയും താഴെയിറക്കി ആ വലിയ കല്ലിന്‍മേല്‍ വച്ചു. ബത്‌ഷെമെഷിലെ ജനങ്ങള്‍ അന്നു ദഹനബലികളും ഇതരബലികളും കര്‍ത്താവിനു സമര്‍പ്പിച്ചു.
16: ഇതു കണ്ടതിനുശേഷം ഫിലിസ്ത്യപ്രഭുക്കന്മാര്‍ അഞ്ചുപേരും അന്നുതന്നെ എക്രോണിലേക്കു മടങ്ങി.
17: കര്‍ത്താവിനു പ്രായശ്ചിത്തബലിയായി ഫിലിസ്ത്യര്‍സമര്‍പ്പിച്ച സ്വര്‍ണ്ണക്കുരുക്കളിലൊന്ന് അഷ്ദോദിനും മറ്റൊന്നു ഗാസായ്ക്കും മൂന്നാമത്തേത് അഷ്‌ക്കലോനും നാലാമത്തേത് ഗത്തിനും അഞ്ചാമത്തേത് എക്രോണിനുംവേണ്ടിയായിരുന്നു.
18: സ്വര്‍ണ്ണയെലികള്‍ ഫിലിസ്ത്യപ്രഭുക്കന്മാരുടെ അധീനതയിലുള്ള, കോട്ടകളാല്‍ച്ചുറ്റപ്പെട്ട, നഗരങ്ങളുടെയും തുറസ്സായ ഗ്രാമങ്ങളുടെയും സംഖ്യയനുസരിച്ചായിരുന്നു.
19: കര്‍ത്താവിൻ്റെ പേടകമിറക്കിവച്ച ആ വലിയ കല്ല്, ഈ സംഭവത്തിനു സാക്ഷിയായി ഇന്നും ബത്‌ഷെമെഷുകാരനായ ജോഷ്വയുടെ വയലിലുണ്ട്. കര്‍ത്താവിൻ്റെ പേടകത്തിലേക്കു എത്തിനോക്കിയ എഴുപത് ബത്‌ഷെമെഷുകാരെ അവിടുന്നു വധിച്ചു. കര്‍ത്താവ് അവരുടെയിടയില്‍ കൂട്ടക്കൊലനടത്തിയതുകൊണ്ട് അവര്‍ വിലപിച്ചു.
20: ബത്‌ഷെമെഷിലെ ആളുകള്‍ പറഞ്ഞു: കര്‍ത്താവിൻ്റെ സന്നിധിയില്‍, പരിശുദ്ധനായ ഈ ദൈവത്തിൻ്റെ സന്നിധിയില്‍നില്‍ക്കാന്‍ ആര്‍ക്കുകഴിയും? നമ്മുടെയടുത്തുനിന്ന് അവിടുത്തെ എങ്ങോട്ടയയ്ക്കും?
21: അവര്‍ ദൂതന്മാരെ കിരിയാത്ത്‌യയാറിമിലെ ജനങ്ങളുടെയടുത്തയച്ചു പറഞ്ഞു: കര്‍ത്താവിൻ്റെ പേടകം ഫിലിസ്ത്യര്‍ തിരിച്ചയച്ചിരിക്കുന്നു. നിങ്ങള്‍ വന്ന്, ഏറ്റെടുത്തുകൊള്ളുവിന്‍.

അദ്ധ്യായം 7

1: കിരിയാത്ത്‌യയാറിമിലെ ആളുകള്‍വന്ന്, കര്‍ത്താവിൻ്റെ  പേടകം ഗിരിമുകളില്‍ താമസിച്ചിരുന്ന അബിനാദാബിൻ്റെ  ഭവനത്തിലെത്തിച്ചു. അതു സൂക്ഷിക്കുന്നതിന്, അബിനാദാബിൻ്റെ  പുത്രന്‍ എലെയാസറിനെ അവരഭിഷേകംചെയ്തു.

സാമുവല്‍, ന്യായാധിപന്‍

2: കര്‍ത്താവിൻ്റെ പേടകം അവിടെ ഏറെക്കാലം, ഇരുപതു വര്‍ഷത്തോളം, ഇരുന്നു. ഇസ്രായേല്‍ജനം കര്‍ത്താവിങ്കലേക്കുതിരിഞ്ഞു വിലപിച്ചുകൊണ്ടിരുന്നു.
3: അപ്പോള്‍ സാമുവല്‍ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: പൂര്‍ണ്ണഹൃദയത്തോടെ നിങ്ങള്‍ കര്‍ത്താവിങ്കലേക്കു തിരിയേണ്ടതിന്, അന്യദേവന്മാരെയും അസ്താര്‍ത്തെദേവതകളെയും ബഹിഷ്‌കരിക്കണം. നിങ്ങളെ പൂര്‍ണ്ണമായി ദൈവത്തിനു സമര്‍പ്പിക്കുവിന്‍. അവിടുത്തെമാത്രം ആരാധിക്കുവിന്‍. ഫിലിസ്ത്യരുടെ കരങ്ങളില്‍നിന്ന് അവിടുന്നു നിങ്ങളെ രക്ഷിക്കും.
4: അങ്ങനെ, ഇസ്രായേല്യര്‍ ബാലിൻ്റെയും അസ്താര്‍ത്തെയുടെയും ബിംബങ്ങളെ ബഹിഷ്‌കരിച്ച്, കര്‍ത്താവിനെമാത്രം ആരാധിച്ചു.
5: സാമുവല്‍ പറഞ്ഞു: ഇസ്രായേല്‍മുഴുവന്‍, മിസ്പായില്‍ ഒരുമിച്ചുകൂടട്ടെ. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം.
6: അവര്‍ മിസ്പായിലൊരുമിച്ചുകൂടി. വെള്ളംകോരി കര്‍ത്താവിൻ്റെ സന്നിധിയില്‍ പകര്‍ന്നു. ആ ദിവസംമുഴുവന്‍ അവരുപവസിച്ചു. ഞങ്ങള്‍ കര്‍ത്താവിനെതിരായി പാപംചെയ്തുപോയി എന്ന് അവരേറ്റുപറഞ്ഞു. മിസ്പായില്‍വച്ചാണ് സാമുവല്‍ ഇസ്രായേല്‍ജനത്തെ ന്യായപാലനംചെയ്യാന്‍തുടങ്ങിയത്.
7: ഇസ്രായേല്‍ക്കാര്‍ മിസ്പായില്‍ ഒരുമിച്ചുകൂടിയിട്ടുണ്ടെന്നുകേട്ടപ്പോള്‍ ഫിലിസ്ത്യപ്രഭുക്കന്മാര്‍ ഇസ്രായേല്യരെ ആക്രമിക്കാന്‍ പുറപ്പെട്ടു.
8: ഇസ്രായേല്‍ക്കാര്‍ ചകിതരായി. ഫിലിസ്ത്യരില്‍നിന്നു തങ്ങളെ രക്ഷിക്കുന്നതിന്, ദൈവമായ കര്‍ത്താവിനോടു നിരന്തരം പ്രാര്‍ത്ഥിക്കണമേയെന്ന് അവര്‍ സാമുവലിനോടപേക്ഷിച്ചു.
9: സാമുവല്‍ മുലകുടിമാറാത്ത ഒരാട്ടിന്‍കുട്ടിയെ സമ്പൂര്‍ണ്ണദഹനബലിയായി കര്‍ത്താവിനര്‍പ്പിച്ചു. അവന്‍ ഇസ്രായേലിനുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. അവിടുന്നവൻ്റെ പ്രാര്‍ത്ഥന ശ്രവിച്ചു.
10: സാമുവല്‍ ദഹനബലിയര്‍പ്പിച്ചുകൊണ്ടിരിക്കവേ, ഫിലിസ്ത്യര്‍ ഇസ്രായേല്യരെയാക്രമിക്കാന്‍ അടുത്തുകൊണ്ടിരുന്നു. കര്‍ത്താവ് ഭയങ്കരമായ ഒരിടിനാദംമുഴക്കി ഫിലിസ്ത്യരെ സംഭ്രാന്തരാക്കി. അവര്‍ പലായനം ചെയ്തു.
11: ഇസ്രായേല്യര്‍ മിസ്പായില്‍നിന്ന് ബത്ത്കാര്‍വരെ അവരെ പിന്തുടര്‍ന്നു വധിച്ചു.
12: അനന്തരം, സാമുവല്‍ മിസ്പായ്ക്കും ജഷാനായ്ക്കുംമദ്ധ്യേ, ഒരു കല്ലു സ്ഥാപിച്ചു. ഇതുവരെ കര്‍ത്താവ് നമ്മെ സഹായിച്ചു എന്നുപറഞ്ഞ് ആ സ്ഥലത്തിനു എബ്‌നേസര്‍ എന്നുപേരിട്ടു.
13: അങ്ങനെ ഫിലിസ്ത്യര്‍ കീഴടങ്ങി. പിന്നീടൊരിക്കലും അവര്‍ ഇസ്രായേല്‍ദേശത്തു കാലുകുത്തിയിട്ടില്ല. സാമുവലിൻ്റെകാലമത്രയും കര്‍ത്താവിൻ്റെ കരം ഫിലിസ്ത്യര്‍ക്കെതിരേ ബലപ്പെട്ടിരുന്നു.
14: എക്രോണ്‍മുതല്‍ ഗത്ത്‌വരെ ഫിലിസ്ത്യര്‍ കൈവശമാക്കിയിരുന്ന പ്രദേശങ്ങളെല്ലാം അവര്‍ ഇസ്രായേലിനു തിരികെക്കൊടുത്തു. ഇസ്രായേല്യര്‍ തങ്ങളുടെ പ്രദേശമെല്ലാം ഫിലിസ്ത്യരില്‍നിന്നു വീണ്ടെടുത്തു. ഇസ്രായേല്യരും അമോര്യരും തമ്മില്‍ സമാധാനമുണ്ടായി.
15: സാമുവല്‍ തൻ്റെ ജീവിതകാലമത്രയും ഇസ്രായേലില്‍ നീതിപാലനം നടത്തി.
16: ബഥേല്‍, ഗില്‍ഗാല്‍, മിസ്പാ എന്നീ സ്ഥലങ്ങള്‍ വര്‍ഷംതോറും സന്ദര്‍ശിച്ച് അവിടെയും അവന്‍ നീതിപാലനം നടത്തിയിരുന്നു.
17: അനന്തരം, തൻ്റെ ഭവനം സ്ഥിതിചെയ്തിരുന്ന റാമായിലേക്ക് അവന്‍ മടങ്ങിപ്പോയി. അവിടെയും നീതിപാലനംനടത്തുകയും കര്‍ത്താവിനൊരു ബലിപീഠം നിര്‍മ്മിക്കുകയുംചെയ്തു.

അദ്ധ്യായം 8

രാജാവിനുവേണ്ടി മുറവിളി

1: സാമുവല്‍ വൃദ്ധനായപ്പോള്‍ മക്കളെ ഇസ്രായേലില്‍ ന്യായാധിപന്മാരായി നിയമിച്ചു.
2: മൂത്തമകന്‍ ജോയേലും രണ്ടാമന്‍ അബിയായും ബേര്‍ഷെബായില്‍ ന്യായാധിപന്മാരായിരുന്നു.
3: അവര്‍ പിതാവിൻ്റെ മാര്‍ഗ്ഗം പിന്തുടര്‍ന്നില്ല. പണമായിരുന്നു അവരുടെ ലക്ഷ്യം; അവര്‍ കൈക്കൂലിവാങ്ങുകയും അനീതി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
4: ഇസ്രായേലിലെ ശ്രേഷ്ഠന്മാര്‍ റാമായില്‍ സാമുവലിൻ്റെ സന്നിധിയില്‍ ഒരുമിച്ചുകൂടി.
5: അവര്‍ പറഞ്ഞു: അങ്ങു വൃദ്ധനായി; പുത്രന്മാരാകട്ടെ അങ്ങയുടെ മാര്‍ഗ്ഗം പിന്തുടരുന്നുമില്ല. അതുകൊണ്ട് മറ്റുജനതകള്‍ക്കുള്ളതുപോലെ ഒരു രാജാവിനെ ഞങ്ങള്‍ക്കും നിയമിച്ചുതരുക.
6: ഞങ്ങള്‍ക്കൊരു രാജാവിനെ തരുകയെന്ന് അവര്‍ പറഞ്ഞത്, സാമുവലിനിഷ്ടമായില്ല. അവന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.
7: അവിടുന്നു സാമുവലിനോടു പറഞ്ഞു: ജനം പറയുന്നതു കേള്‍ക്കുക. അവര്‍ നിന്നെയല്ല, തങ്ങളുടെ രാജാവായ എന്നെയാണു തിരസ്‌കരിച്ചിരിക്കുന്നത്.
8: ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ദിവസംമുതല്‍ അവര്‍ എന്നെയുപേക്ഷിച്ച്, അന്യദേവന്മാരെയാരാധിച്ചുകൊണ്ട് എന്നോടു ചെയ്തതുതന്നെയാണ് അവര്‍ നിന്നോടുംചെയ്യുന്നത്.
9: അതുകൊണ്ട്, ഇപ്പോള്‍ അവരെയനുസരിക്കുക. എന്നാല്‍, അവരെ ഭരിക്കാനിരിക്കുന്ന രാജാക്കന്മാരുടെരീതി, സൂക്ഷ്മമായി വിവരിച്ച്, അവര്‍ക്കു മുന്നറിയിപ്പുകൊടുക്കുക.
10: രാജാവിനെ ആവശ്യപ്പെട്ടവരോടു കര്‍ത്താവിൻ്റെ വാക്ക്, സാമുവലറിയിച്ചു.
11: നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവു നിങ്ങളോട്, ഇങ്ങനെ ചെയ്യും: തൻ്റെ രഥത്തിൻ്റെ മുമ്പില്‍ ഓടാന്‍ തേരാളികളും അശ്വഭടന്മാരുമായി അവന്‍ നിങ്ങളുടെ പുത്രന്മാരെ നിയോഗിക്കും.
12 : ആയിരങ്ങളുടെയും അമ്പതുകളുടെയും അധിപന്മാരായി അവനവരെ നിയമിക്കും. ഉഴവുകാരും കൊയ്ത്തുകാരും ആയുധപ്പണിക്കാരും രഥോപകരണനിര്‍മ്മാതാക്കളുമായി അവരെ നിയമിക്കും.
13: നിങ്ങളുടെ പുത്രിമാരെ സുഗന്ധതൈലക്കാരികളും പാചകക്കാരികളും അപ്പക്കാരികളുമാക്കും.
14: നിങ്ങളുടെ വയലുകളിലും മുന്തിരിത്തോട്ടങ്ങളിലും ഒലിവുതോട്ടങ്ങളിലുംവച്ച്, ഏറ്റവും നല്ലത് അവന്‍ തൻ്റെ സേവകര്‍ക്കു നല്കും.
15: നിങ്ങളുടെ ധാന്യങ്ങളുടെയും മുന്തിരിയുടെയും ദശാംശമെടുത്ത് അവന്‍ തൻ്റെ കിങ്കരന്മാര്‍ക്കും ഭൃത്യന്മാര്‍ക്കും നല്കും.
16: നിങ്ങളുടെ ദാസന്മാരെയും ദാസികളെയും ഏറ്റവും നല്ല കന്നുകാലികളെയും കഴുതകളെയും അവന്‍ തൻ്റെ ജോലിക്കു നിയോഗിക്കും.
17: അവന്‍ നിങ്ങളുടെ ആട്ടിന്‍പറ്റത്തിൻ്റെ ദശാംശമെടുക്കും. നിങ്ങളവൻ്റെ അടിമകളായിരിക്കും.
18: നിങ്ങള്‍ തിരഞ്ഞെടുക്കുന്ന രാജാവുനിമിത്തം അന്നു നിങ്ങള്‍ വിലപിക്കും. എന്നാല്‍, കര്‍ത്താവു നിങ്ങളുടെ പ്രാര്‍ത്ഥനകേള്‍ക്കുകയില്ല.
19: സാമുവലിൻ്റെ വാക്കുകള്‍ ജനമവഗണിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു രാജാവിനെക്കിട്ടണം.
20: ഞങ്ങള്‍ക്കും മറ്റു ജനതകളെപ്പോലെയാകണം. ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കുകയും നയിക്കുകയും ഞങ്ങള്‍ക്കുവേണ്ടി പടവെട്ടുകയും ചെയ്യണം.
21: ജനങ്ങള്‍ പറഞ്ഞതു സാമുവല്‍ കര്‍ത്താവിൻ്റെ മുമ്പിലുണര്‍ത്തിച്ചു.
22: അവിടുന്നവനോടു പറഞ്ഞു: അവരുടെ വാക്കനുസരിച്ച്, അവര്‍ക്കൊരു രാജാവിനെ വാഴിച്ചുകൊടുക്കുക. സാമുവല്‍ ഇസ്രായേല്യരോടു പറഞ്ഞു: ഓരോരുത്തരും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിപ്പോകുവിന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ