എഴുപത്തിയെട്ടാം ദിവസം: 1 സാമുവേല്‍ 25 - 27


അദ്ധ്യായം 25

സാമുവലിൻ്റെ മരണം
1: സാമുവല്‍ മരിച്ചു. ഇസ്രായേല്യര്‍ ഒരുമിച്ചുകൂടി, അവനെയോര്‍ത്തു വിലപിച്ചു. റാമായിലുള്ള സ്വന്തം ഭവനത്തില്‍ അവനെ സംസ്‌കരിച്ചു. ദാവീദ് പാരാന്‍ മരുഭൂമിയില്‍പോയിപ്പാര്‍ത്തു. 

ദാവീദും അബിഗായിലും
2: കാര്‍മ്മലിലെ ഒരു വ്യാപാരി മാവോനില്‍ ഉണ്ടായിരുന്നു. വലിയ ധനികനായിരുന്നു. അവനു മൂവായിരം ചെമ്മരിയാടുകളും ആയിരം കോലാടുകളുമുണ്ടായിരുന്നു. കാര്‍മ്മലില്‍വച്ചാണ് ആടുകളുടെ രോമം കത്രിച്ചിരുന്നത്. 
3: കാലെബുവംശജനായ അവൻ്റെ പേര് നാബാല്‍ എന്നുംഭാര്യയുടെ പേര് അബിഗായില്‍ എന്നുമായിരുന്നു. അവള്‍ വിവേകവതിയും സുന്ദരിയുമായിരുന്നുഅവനാകട്ടെ ഹീനനും ദുഷ്‌കര്‍മ്മിയും.
4: നാബാല്‍ ആടുകളുടെ രോമം കത്രിക്കുകയാണെന്നു മരുഭൂമിയില്‍വച്ച് ദാവീദു കേട്ടു.
5: അവന്‍ പത്തു ചെറുപ്പക്കാരെ വിളിച്ച്കാര്‍മ്മലില്‍ച്ചെന്നു നാബാലിനെ എൻ്റെപേരില്‍ അഭിവാദനംചെയ്യുക എന്നു പറഞ്ഞയച്ചു.
6: നിങ്ങള്‍ ഇപ്രകാരം പറയണം: നിനക്കു സമാധാനംനിൻ്റെ ഭവനത്തിനും നിനക്കുള്ള സകലതിനും സമാധാനം. 
7: നിനക്ക് ആടുകളുടെ രോമം കത്രിക്കുന്നവരുണ്ടെന്നു ഞാനറിയുന്നു. കാര്‍മ്മലിലായിരുന്ന കാലമെല്ലാം നിൻ്റെ ഇടയന്മാര്‍ ഞങ്ങളുടെകൂടെയായിരുന്നു. ഞങ്ങള്‍ അവര്‍ക്ക് ഒരുപദ്രവവും ചെയ്തില്ലഅവര്‍ക്കു നഷ്ടമൊന്നും വന്നതുമില്ല. 
8: നിൻ്റെ ഭൃത്യന്മാരോടു ചോദിച്ചാല്‍ അവരിതുപറയും. അതിനാല്‍, എൻ്റെ ദാസന്മാരോടു പ്രീതികാണിക്കണം. ഒരു വിശേഷദിവസമാണ് ഞങ്ങള്‍ വരുന്നത്. നിൻ്റെ പുത്രനായ ദാവീദിനും നിൻ്റെ ദാസന്മാര്‍ക്കും നിൻ്റെ കൈവശമുള്ളതു തരണമെന്നപേക്ഷിക്കുന്നു.
9: ദാവീദിൻ്റെ ദാസന്മാര്‍ചെന്ന്, ഇത് അവൻ്റെ നാമത്തില്‍ നാബാലിനോടു പറഞ്ഞിട്ടു കാത്തുനിന്നു.
10: നാബാല്‍ അവരോടു ചോദിച്ചു: ആരാണീ ദാവീദ്ജസ്സെയുടെ പുത്രനാരാണ്യജമാനന്മാരില്‍നിന്നു തെറ്റിപ്പിരിഞ്ഞുപോകുന്ന ഭൃത്യന്മാര്‍ ഇക്കാലത്തു ധാരാളമുണ്ട്.
11: എൻ്റെ ആടുകളുടെ രോമം കത്രിക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുള്ള ഇറച്ചിയും അപ്പവും വെള്ളവുമെടുത്ത് എവിടെനിന്നു വരുന്നെന്നുപോലും അറിഞ്ഞുകൂടാത്തവര്‍ക്കു കൊടുക്കണമെന്നോ?
12: അവര്‍ തിരിച്ചുവന്ന്എല്ലാ വിവരവും ദാവീദിനെറിയിച്ചു.
13: അവനവരോടു പറഞ്ഞു: ഓരോരുത്തരും വാള്‍ അരയില്‍ കെട്ടുവിന്‍. അവര്‍ അങ്ങനെ ചെയ്തു. ദാവീദും വാളെടുത്തു. നാനൂറുപേര്‍ അവനോടുകൂടെ പോയി. ഇരുനൂറുപേര്‍ ഭാണ്ഡങ്ങള്‍ സൂക്ഷിക്കാന്‍ അവിടെത്തങ്ങി.
14: അതിനിടയ്ക്കു ഭൃത്യരിലൊരുവന്‍ നാബാലിൻ്റെ ഭാര്യ അബിഗായിലിനോടു പറഞ്ഞു: യജമാനനെ അഭിവാദനംചെയ്യാന്‍ ദാവീദ് മരുഭൂമിയില്‍നിന്നു ദൂതന്മാരെ അയച്ചിരുന്നു. എന്നാല്‍, അവനവരെ ശകാരിച്ചയച്ചു.
15: അതേസമയം അവര്‍ നമുക്കു വലിയ ഉപകാരികളായിരുന്നു. ഞങ്ങള്‍ വയലില്‍ അവരോടുകൂടെ വസിച്ചിരുന്ന കാലത്തൊരിക്കലും അവര്‍ ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല. ഞങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെട്ടതുമില്ല.
16: ആടുകളെ മേയ്ച്ചുകൊണ്ട് അവരോടുകൂടെ ആയിരുന്നപ്പോഴൊക്കെ രാവും പകലും അവര്‍ ഞങ്ങള്‍ക്കൊരു കോട്ടയായിരുന്നു.
17: എന്തുചെയ്യണമെന്ന് ആലോചിച്ചു തീരുമാനിക്കുക. യജമാനനും കുടുംബത്തിനും ദ്രോഹംചെയ്യാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നു. യജമാനന്‍ ദുഃസ്വഭാവനാകകൊണ്ട്, അവനോട് ആര്‍ക്കും ഇതു പറയാനാവില്ല.
18: അബിഗായില്‍ തിടുക്കത്തില്‍ ഇരുനൂറ് അപ്പവും രണ്ടു തോല്‍ക്കുടം വീഞ്ഞും പാകംചെയ്ത അഞ്ച് ആടും അഞ്ചുകുട്ട മലരും നൂറ് ഉണക്കമുന്തിരിക്കുലയും അത്തിപ്പഴംകൊണ്ടുള്ള ഇരുനൂറ് അടയും എടുത്തു കഴുതപ്പുറത്തു കയറ്റി.
19: അവള്‍ ഭൃത്യരോടു പറഞ്ഞു: നിങ്ങള്‍ മുമ്പേ പോവുകഞാനിതാ വരുന്നു. അവള്‍ ഭര്‍ത്താവായ നാബാലിനെ അറിയിച്ചില്ല.
20: അവള്‍ കഴുതപ്പുറത്തു കയറിമലയടിവാരത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ ദാവീദും അനുയായികളും എതിരേ വരുന്നതുകണ്ടു.
21: ദാവീദു പറയുകയായിരുന്നുമരുഭൂമിയില്‍ അവനുണ്ടായിരുന്നതൊക്കെ ഞാന്‍ കാത്തുസൂക്ഷിച്ചതു വെറുതെയായി. അവൻ്റെ വക യാതൊന്നും നഷ്ടപ്പെട്ടില്ല. അവനാകട്ടെ എന്നോടു നന്മയ്ക്കു പകരം തിന്മ ചെയ്തു.
22: അവൻ്റെ ആളുകളില്‍ ഒരുവനെയെങ്കിലും പുലരുംവരെ ജീവനോടിരിക്കാന്‍ ഞാനനുവദിച്ചാല്‍ ദൈവം ദാവീദിൻ്റെ ജീവനെടുത്തുകൊള്ളട്ടെ!
23: ദാവീദിനെ കണ്ടപ്പോള്‍ അബിഗായില്‍ തിടുക്കത്തില്‍ കഴുതപ്പുറത്തുനിന്നിറങ്ങി അവൻ്റെ മുമ്പില്‍ സാഷ്ടാംഗം നമസ്‌കരിച്ചു. 
24: അവള്‍ അവൻ്റെ കാല്‍ക്കല്‍വീണു പറഞ്ഞു: പ്രഭോഈ തെറ്റ് എൻ്റെമേലായിരിക്കട്ടെ! അങ്ങയുടെ ഈ ദാസിയെ സംസാരിക്കാന്‍ അനുവദിച്ചാലും. ഈ ദാസിയുടെ വാക്കുകള്‍ കേള്‍ക്കണമേ!
25: ദുഃസ്വഭാവനായ ഈ നാബാലിനെ അങ്ങു പരിഗണിക്കരുതേ! പേരുപോലെതന്നെ സ്വഭാവവും. നാബാല്‍ എന്ന പേര് അര്‍ത്ഥമാക്കുന്നതുപോലെ ഭോഷത്തമേ അവന്‍ പ്രവര്‍ത്തിക്കുകയുള്ളു. അങ്ങയച്ച ആള്‍ക്കാരെ ഈ ദാസി കണ്ടില്ല.
26: പ്രഭോഅങ്ങയുടെ കൈകൊണ്ടുള്ള രക്തച്ചൊരിച്ചിലും പ്രതികാരവും കര്‍ത്താവു തടഞ്ഞതുകൊണ്ട് കര്‍ത്താവും അങ്ങുമാണേഅങ്ങയുടെ ശത്രുക്കളും അങ്ങയുടെ നാശന്വേഷിക്കുന്നവരും നാബാലിനെപ്പോലെയായിത്തീരട്ടെ.
27: ഇപ്പോള്‍ അങ്ങയുടെ ദാസി കൊണ്ടുവന്നിരിക്കുന്ന കാഴ്ച സ്വീകരിച്ച് അനുചരന്മാര്‍ക്കു നല്കിയാലും.
28: ഈ ദാസിയുടെ അപരാധം ക്ഷമിക്കണമേ! കര്‍ത്താവ് അങ്ങേക്കു വിശ്വസ്തമായൊരു ഭവനം പണിയും. എന്തെന്നാല്‍, കര്‍ത്താവിനുവേണ്ടിയാണ് അങ്ങു യുദ്ധംചെയ്യുന്നത്. ആയുഷ്‌കാലത്തൊരിക്കലും അങ്ങില്‍ തിന്മയുണ്ടാകുകയില്ല.
29: ആരങ്ങയെ പിന്തുടര്‍ന്നു ജീവഹാനിവരുത്താന്‍ ശ്രമിച്ചാലും അങ്ങയുടെ പ്രാണനെ ദൈവമായ കര്‍ത്താവു നിധിയെന്നപോലെ സൂക്ഷിച്ചുകൊള്ളും. അങ്ങയുടെ ശത്രുക്കളുടെ ജീവനാകട്ടെ കവിണയില്‍നിന്നെന്നപോലെ അവിടുന്നു തെറിപ്പിച്ചുകളയും.
30: കര്‍ത്താവു വാഗ്ദാനംചെയ്തിരിക്കുന്ന എല്ലാ നന്മയും പൂര്‍ത്തിയാക്കി അങ്ങയെ ഇസ്രായേല്‍രാജാവാക്കും.
31: അപ്പോള്‍ കാരണമില്ലാതെ രക്തംചിന്തിയെന്നോ സ്വന്തം കൈകൊണ്ടു പ്രതികാരംചെയ്‌തെന്നോ ഉള്ള വ്യഥയും മനസ്സാക്ഷിക്കുത്തും അങ്ങേയ്ക്കുണ്ടാവുകയില്ല. കര്‍ത്താവു നന്മവരുത്തുമ്പോള്‍ അങ്ങയുടെ ഈ ദാസിയെയും ഓര്‍ക്കണമേ!
32: ദാവീദ് അബിഗായിലിനോടു പറഞ്ഞു: ഇന്നു നിന്നെ എൻ്റെ അടുത്തേക്കയച്ച ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ.
33: രക്തച്ചൊരിച്ചിലില്‍നിന്നും സ്വന്തം കൈയാലുള്ള പ്രതികാരത്തില്‍നിന്നും എന്നെയിന്നു തടഞ്ഞ നീയും നിൻ്റെ വിവേകവും അനുഗൃഹീതമാണ്.
34: നീ ബദ്ധപ്പെട്ട് എന്നെയെതിരേല്‍ക്കാന്‍ വന്നില്ലായിരുന്നെങ്കില്‍, നിന്നെ ഉപദ്രവിക്കുന്നതില്‍നിന്ന് എന്നെത്തടഞ്ഞ ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവാണേനേരംപുലരുമ്പോഴേക്കും ഒരൊറ്റപ്പുരുഷൻപോലും  നാബാലിനവശേഷിക്കുകയില്ലായിരുന്നു.
35: അവള്‍ കൊണ്ടുവന്നതു ദാവീദ് സ്വീകരിച്ചു. അവന്‍ പറഞ്ഞു: സമാധാനത്തോടെ വീട്ടിലേക്കു പൊയ്‌ക്കൊള്ളുക. നിൻ്റെ വാക്ക് ഞാന്‍ ശ്രവിച്ചിരിക്കുന്നുനിൻ്റെ അപേക്ഷ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. 
36: അബിഗായില്‍ നാബാലിൻ്റെ അടുത്തെത്തി. അവന്‍ തൻ്റെ വീട്ടില്‍ രാജകീയമായ ഒരു വിരുന്നുനടത്തുകയായിരുന്നു. വളരെയധികം മദ്യപിച്ചിരുന്നതിനാല്‍ അവന്‍ ഉന്മത്തനായിരുന്നു. പ്രഭാതംവരെ അവള്‍ യാതൊന്നും അവനോടു പറഞ്ഞില്ല.
37: നാബാലിനു രാവിലെ ലഹരിയിറങ്ങിയപ്പോള്‍ അവള്‍ ഇക്കാര്യം അവനോടു പറഞ്ഞു. അതുകേട്ടു ഹൃദയം മരവിച്ച് അവന്‍ ശിലാതുല്യനായിത്തീര്‍ന്നു.
38: ഏകദേശം പത്തുദിവസം കഴിഞ്ഞപ്പോള്‍ കര്‍ത്താവ് നാബാലിനെ ശിക്ഷിച്ചുഅവന്‍ മരിച്ചു.
39: നാബാലിൻ്റെ മരണവാര്‍ത്തകേട്ടപ്പോള്‍ ദാവീദ് പറഞ്ഞു: അവന്‍ എന്നോടുകാണിച്ച നിന്ദയ്ക്കു പകരംചോദിക്കുകയും അവിടുത്തെ ദാസനെ തിന്മയില്‍നിന്നു രക്ഷിക്കുകയുംചെയ്ത കര്‍ത്താവു വാഴ്ത്തപ്പെടട്ടെ. നാബാലിൻ്റെ ദുഷ്ടത കര്‍ത്താവ് അവൻ്റെ തലയിലേക്കുതന്നെ അയച്ചിരിക്കുന്നു. അനന്തരംഅബിഗായിലിനെ ഭാര്യയാക്കാനുള്ള ഉദ്ദേശ്യത്തോടെ അവളോടു സംസാരിക്കാന്‍ ദാവീദ് ദൂതന്മാരെ അയച്ചു. 
40: അവര്‍ കാര്‍മ്മലില്‍ അബിഗായിലിൻ്റെ അടുത്തുചെന്ന്ദാവീദിൻ്റെ ഭാര്യയാകുന്നതിനു നിന്നെ കൂട്ടിക്കൊണ്ടുചെല്ലാന്‍ അവന്‍ ഞങ്ങളെ അയച്ചിരിക്കുകയാണ് എന്നു പറഞ്ഞു.
41: അവള്‍ എഴുന്നേറ്റു നിലംപറ്റെ താണുതൊഴുതു പറഞ്ഞു: ഈ ദാസി എൻ്റെ യജമാനൻ്റെ ദാസന്മാരുടെ പാദം കഴുകേണ്ടവളാണ്.
42: അബിഗായില്‍ എഴുന്നേറ്റു കഴുതപ്പുറത്തു കയറി. അഞ്ചു പരിചാരികമാരോടൊപ്പം ദാവീദിൻ്റെ ഭൃത്യന്മാരുടെ പിന്നാലെപോയി. അവള്‍ ദാവീദിൻ്റെ ഭാര്യയായിത്തീര്‍ന്നു.
43: ജസ്രേലില്‍നിന്ന് അഹിനോവാമിനെയും ദാവീദ് ഭാര്യയായി സ്വീകരിച്ചു. ഇരുവരും അവൻ്റെ ഭാര്യമാരായിത്തീര്‍ന്നു.
44: ദാവീദിനു ഭാര്യയായി നല്കിയിരുന്ന തൻ്റെ മകള്‍ മിഖാലിനെ സാവൂള്‍ ഗല്ലിംകാരനായ ലായിഷിൻ്റെ മകന്‍ ഫാല്‍ത്തിക്കു ഭാര്യയായി നല്കി. 

അദ്ധ്യായം 26

ദാവീദ് സാവൂളിനെ വധിക്കാതെവിടുന്നു

1: സിഫ്യര്‍, ഗിബെയായില്‍ സാവൂളിൻ്റെ അടുക്കല്‍വന്നു പറഞ്ഞു: ദാവീദ് ജഷിമോൻ്റെ കിഴക്കുള്ള ഹക്കീലാക്കുന്നില്‍ ഒളിച്ചിരിപ്പുണ്ട്.
2: കരുത്തരായ മൂവായിരം ഇസ്രായേല്യരോടൊത്തു ദാവീദിനെ തെരക്കി സാവൂള്‍ സിഫ് മരുഭൂമിയിലേക്കുപോയി.
3: ജഷിമോൻ്റെ കിഴക്കുള്ള വഴിക്കു സമീപം ഹക്കീലാക്കുന്നില്‍ സാവൂള്‍ പാളയമടിച്ചു. ദാവീദാകട്ടെ അവിടെത്തന്നെ പാര്‍ത്തു.
4: സാവൂള്‍ തന്നെത്തേടി മരുഭൂമിയിലെത്തിയിട്ടുണ്ടെന്നു കേട്ടപ്പോള്‍, ദാവീദ് ചാരന്മാരെ അയച്ച് അക്കാര്യം ഉറപ്പുവരുത്തി.
5: ദാവീദ് സാവൂള്‍ പാളയമടിച്ചിരുന്ന സ്ഥലത്തേക്കുചെന്നു. സാവൂള്‍ തൻ്റെ സൈന്യാധിപനും നേറിൻ്റെ മകനുമായ അബ്‌നേറിനോടൊത്തു കിടക്കുന്ന സ്ഥലം ദാവീദ് കണ്ടെണ്ടത്തി. സാവൂള്‍ കൂടാരത്തിനുള്ളില്‍ കിടക്കുകയായിരുന്നു. പട്ടാളക്കാര്‍ അവനുചുറ്റും പാളയമടിച്ചിരുന്നു.
6: ദാവീദ് ഹിത്യനായ അഹിമലെക്കിനോടും സെരൂയായുടെ മകനും യോവാബിൻ്റെ സഹോദരനുമായ അബിഷായിയോടും ചോദിച്ചു: സാവൂളിൻ്റെ പാളയത്തിലേക്ക് എന്നോടുകൂടെ നിങ്ങളിലാരു പോരുംഅബിഷായി പറഞ്ഞു: ഞാന്‍ പോരാം. 
7: ദാവീദും അബിഷായിയും രാത്രിയില്‍ സൈന്യത്തിൻ്റെയടുത്തെത്തി. സാവൂള്‍ തൻ്റെ കുന്തം തലയ്ക്കല്‍ കുത്തിനിറുത്തിയിട്ട് കൂടാരത്തില്‍ കിടക്കുകയായിരുന്നു. അബ്‌നേറും പടയാളികളും ചുറ്റും കിടന്നിരുന്നു.
8: അബിഷായി ദാവീദിനോടു പറഞ്ഞു: നിൻ്റെ ശത്രുവിനെ ദൈവം ഇന്നു നിൻ്റെ കൈയിലേല്പിച്ചിരിക്കുന്നു. ഞാനവനെ കുന്തംകൊണ്ട് ഒറ്റക്കുത്തിനു നിലത്തു തറയ്ക്കാം. രണ്ടാമതൊന്നുകൂടെ കുത്തേണ്ടിവരില്ല. 
9: ദാവീദ് അബിഷായിയോടു പറഞ്ഞു: അവനെ കൊല്ലരുത്കര്‍ത്താവിൻ്റെ അഭിഷിക്തനെതിരേ കരമുയര്‍ത്തിയിട്ട് നിര്‍ദ്ദോഷനായിരിക്കാന്‍ ആര്‍ക്കുകഴിയും
10: കര്‍ത്താവാണേഅവിടുന്നവനെ ശിക്ഷിച്ചുകൊള്ളും. യഥാകാലം അവന്‍ മരിക്കുകയോ യുദ്ധത്തില്‍ വധിക്കപ്പെടുകയോ ചെയ്യും. 
11: കര്‍ത്താവിൻ്റെ അഭിഷിക്തൻ്റെമേല്‍ കൈവയ്ക്കുന്നതില്‍നിന്ന് അവിടുന്നെന്നെ തടയട്ടെ! ഇപ്പോള്‍ അവൻ്റെ തലയ്ക്കലുള്ള കുന്തവും കൂജയുമെടുത്തുകൊണ്ടു നമുക്കു പോകാം.
12: സാവൂളിൻ്റെ തലയ്ക്കല്‍നിന്നു കുന്തവും കൂജയുമെടുത്ത് അവര്‍പോയി. ആരും കണ്ടില്ലഅറിഞ്ഞുമില്ല. ആരും ഉണര്‍ന്നതുമില്ല. കര്‍ത്താവവരെ ഗാഢനിദ്രയിലാഴ്ത്തിയിരുന്നു.
13: ദാവീദ് അപ്പുറത്തുകടന്നു സാവൂളില്‍നിന്നു വളരെദൂരെ ഒരു മലമുകളില്‍ കയറിനിന്നു. 
14: അവന്‍ പട്ടാളക്കാരോടും നേറിൻ്റെ മകനായ അബ്‌നേറിനോടും വിളിച്ചുചോദിച്ചു: അബ്‌നേര്‍, നിനക്കു കേള്‍ക്കാമോഅബ്‌നേര്‍ ചോദിച്ചു: ശബ്ദമുണ്ടാക്കി രാജാവിനെ ശല്യപ്പെടുത്തുന്നതാരാണ്?
15: ദാവീദ് അബ്‌നേറിനോടു ചോദിച്ചു: നീയൊരു പുരുഷനാണോഇസ്രായേലില്‍ നിന്നെപ്പോലെ ആരുണ്ട്എന്തുകൊണ്ട് നീ നിൻ്റെ യജമാനനായ രാജാവിനെ കാത്തില്ലനിൻ്റെ യജമാനനായ രാജാവിനെ കൊല്ലാന്‍ ജനത്തിലൊരുവന്‍ അവിടെ വന്നിരുന്നല്ലോ?
16: നീ ഈ ചെയ്തത് ഒട്ടും ശരിയായില്ല. തീര്‍ച്ചയായും നീ വധിക്കപ്പെടേണ്ടവനാണ്. കര്‍ത്താവിൻ്റെ അഭിഷിക്തനും നിൻ്റെ യജമാനനുമായ രാജാവിനെ നീ കാത്തില്ല. രാജാവിൻ്റെ തലയ്ക്കലിരുന്ന കുന്തവും കൂജയും എവിടെയെന്നു നോക്കുക.
17: സാവൂള്‍ ദാവീദിൻ്റെ സ്വരം തിരിച്ചറിഞ്ഞിട്ടു ചോദിച്ചു: മകനേദാവീദേഇതു നിൻ്റെ സ്വരംതന്നെയോദാവീദ് പറഞ്ഞു: രാജാവേഎൻ്റെ സ്വരംതന്നെ. 
18: യജമാനനായ അങ്ങെന്തിന് ഈ ദാസനെത്തേടിനടക്കുന്നുഞാനെന്തുചെയ്തുഎന്തു കുറ്റമാണ് എൻ്റെ പേരിലുള്ളത്?
19: യജമാനനായ രാജാവേഈ ദാസൻ്റെ വാക്കുകള്‍ ശ്രവിച്ചാലും! കര്‍ത്താവാണ് എനിക്കെതിരായി അങ്ങയെ തിരിച്ചുവിട്ടതെങ്കില്‍ അവിടുന്നൊരു കാഴ്ച സ്വീകരിക്കട്ടെമനുഷ്യരാണെങ്കില്‍ അവര്‍ കര്‍ത്താവിൻ്റെമുമ്പാകെ ശപിക്കപ്പെട്ടവരാകട്ടെ! എന്തെന്നാല്‍, നീ പോയി അന്യദേവന്മാരെ സേവിക്കുകയെന്നു പറഞ്ഞ്, കര്‍ത്താവിൻ്റെ അവകാശത്തില്‍ എനിക്കു പങ്കില്ലാതാകത്തക്കവണ്ണം അവരെന്നെ ഇന്നു പുറന്തള്ളിയിരിക്കുന്നു. 
20: ആകയാല്‍, എൻ്റെ രക്തം കര്‍ത്താവിൻ്റെ സന്നിധിയില്‍നിന്ന് അകലെ നിലത്തു വീഴാതിരിക്കട്ടെ! മലകളില്‍ കാട്ടുകോഴിയെ വേട്ടയാടുന്നവനെപ്പോലെ ഇസ്രായേല്‍രാജാവ് എൻ്റെ ജീവനെത്തേടി വന്നിരിക്കുന്നു. 
21: അപ്പോള്‍ സാവൂള്‍ പറഞ്ഞു: ഞാന്‍ തെറ്റുചെയ്തുപോയി. എൻ്റെ മകനേദാവീദേതിരിച്ചുവരുകഞാനിനി നിനക്ക് ഉപദ്രവംചെയ്യുകയില്ല. എന്തെന്നാല്‍, ഇന്ന്, എൻ്റെ ജീവന്‍ നിൻ്റെ കണ്ണില്‍ വിലപ്പെട്ടതായിത്തോന്നി. ഞാന്‍ വിഡ്ഢിത്തംകാണിച്ചു. ഞാന്‍ വളരെയധികം തെറ്റുചെയ്തുപോയി. 
22: ദാവീദു പറഞ്ഞു: രാജാവേഇതാകുന്തം. ദാസന്മാരില്‍ ഒരുവന്‍വന്ന് ഇതു കൊണ്ടുപൊയ്‌ക്കൊള്ളട്ടെ.
23: ഓരോരുത്തനും അവനവൻ്റെ നീതിക്കും വിശ്വസ്തതയ്ക്കും ഒത്തവണ്ണം കര്‍ത്താവു പ്രതിഫലം നല്കുന്നു. ഇന്നു കര്‍ത്താവങ്ങയെ എൻ്റെ കൈയിലേല്പിച്ചു. എന്നാല്‍ അവിടുത്തെ അഭിഷിക്തനെതിരേ ഞാന്‍ കരമുയര്‍ത്തുകയില്ല. 
24: അങ്ങയുടെ ജീവന്‍ ഇന്നെനിക്കു വിലപ്പെട്ടതായിരുന്നതുപോലെ എൻ്റെ ജീവന്‍ കര്‍ത്താവിൻ്റെ മുമ്പിലും വിലപ്പെട്ടതായിരിക്കട്ടെ! എല്ലാ കഷ്ടതകളിലുംനിന്ന് അവിടുന്നെന്നെ രക്ഷിക്കട്ടെ! സാവൂള്‍ ദാവീദിനോടു പറഞ്ഞു:
25: എൻ്റെ മകനേദാവീദേനീ അനുഗൃഹീതനാണ്നീ ചെയ്യുന്ന എല്ലാക്കാര്യങ്ങളും വിജയിക്കും. ദാവീദ് അവൻ്റെ വഴിക്കുപോയി. സാവൂള്‍ കൊട്ടാരത്തിലേക്കും മടങ്ങി. 

അദ്ധ്യായം 27

ദാവീദ് ഫിലിസ്ത്യരുടെ നാട്ടില്‍
1: ദാവീദ് ചിന്തിച്ചു: ഞാന്‍ ഒരു ദിവസം സാവൂളിൻ്റെ കൈകൊണ്ട് മരിക്കേണ്ടിവരും. ഫിലിസ്ത്യരുടെ നാട്ടിലേക്കു രക്ഷപെടുന്നതല്ലേ എനിക്കു നല്ലത്അപ്പോള്‍ സാവൂള്‍ ഇസ്രായേല്‍ അതിര്‍ത്തികളില്‍ എന്നെ അന്വേഷിക്കുന്നതു മതിയാക്കും. ഞാന്‍ അവൻ്റെ കൈയില്‍നിന്നു രക്ഷപ്പെടുകയുംചെയ്യും.
2: ദാവീദ് അറുനൂറ് അനുചരന്മാരോടൊത്ത്, ഗത്തിലെ രാജാവും മാവോക്കിൻ്റെ മകനുമായ അക്കീഷിൻ്റെയടുത്തേക്കുപോയി. 
3: അവര്‍ കുടുംബസമേതം ഗത്തില്‍ അക്കീഷിനോടൊപ്പം വസിച്ചു. ദാവീദിനോടുകൂടെ അവൻ്റെ ഭാര്യമാരായ ജസ്രേല്‍ക്കാരി അഹിനോവാമും നാബാലിൻ്റെ വിധവ കാര്‍മ്മലിലെ അബിഗായിലുമുണ്ടായിരുന്നു.
4: ദാവീദ് ഗത്തിലേക്ക് ഓടിപ്പോയെന്ന് സാവൂളിനറിവുകിട്ടിപിന്നെ സാവൂള്‍ അവനെ അന്വേഷിച്ചില്ല. ദാവീദ് അക്കീഷിനോടു പറഞ്ഞു: 
5: അങ്ങേയ്ക്ക് എന്നോടു പ്രീതിയുണ്ടെങ്കില്‍ നാട്ടിന്‍പുറത്തെവിടെയെങ്കിലും ഒരു സ്ഥലം തരുക. ഞാനവിടെ താമസിച്ചുകൊള്ളാം. ഈ ദാസനെന്തിന് ഈ രാജകീയനഗരത്തില്‍ അങ്ങയോടൊത്തു താമസിക്കുന്നു
6: അക്കീഷ് അന്നുതന്നെ സിക്‌ലാഗ് പ്രദേശം അവനു കൊടുത്തു. അതിനാല്‍, സിക്‌ലാഗ് ഇന്നും യൂദാരാജാക്കന്മാര്‍ക്കുള്ളതാണ്. 
7: ദാവീദ് ഒരു വര്‍ഷവും നാലു മാസവും ഫിലിസ്ത്യദേശത്ത് വസിച്ചു. 
8: തേലാംമുതല്‍ ഈജിപ്തിലേക്കുള്ള വഴിയില്‍ ഷൂര്‍വരെയുള്ള പ്രദേശത്തുവസിച്ചിരുന്ന ഗഷൂര്യരെയും ഗിര്‍സ്യരെയും അമലേക്യരെയും അവന്‍ അനുയായികളോടൊത്ത് ആക്രമിച്ചു. 
9: ദാവീദ് ആ ദേശം ആക്രമിച്ചു നശിപ്പിച്ചു. സ്ത്രീപുരുഷഭേദമെന്നിയേ എല്ലാവരെയും വധിച്ചു. ആടുമാടുകള്‍, കഴുതകള്‍, ഒട്ടകങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവപഹരിച്ച് അക്കീഷിൻ്റെയടുക്കല്‍ മടങ്ങിവന്നു.
10: നീ ഇന്ന് ആരെയാണ് ആക്രമിച്ചത് എന്ന് അക്കീഷ് ചോദിക്കുമ്പേള്‍, യൂദായ്ക്കു തെക്ക് അല്ലെങ്കില്‍ ജറാമെല്യര്‍ക്കു തെക്ക്അതുമല്ലെങ്കില്‍ കേന്യര്‍ക്കു തെക്ക് എന്നൊക്കെ ദാവീദ് മറുപടി പറയുമായിരുന്നു. 
11: ദാവീദിൻ്റെ പ്രവൃത്തി ആരെങ്കിലും ഗത്തിലറിയിക്കുമെന്നു ഭയന്ന് അവന്‍ സ്ത്രീകളെയോ പുരുഷന്മാരെയോ ജീവനോടെ വിട്ടില്ല. ഫിലിസ്ത്യരുടെനാട്ടില്‍ വസിച്ചിരുന്ന കാലമത്രയും അവന്‍ ഇങ്ങനെ ചെയ്തുപോന്നു. 
12: അക്കീഷാകട്ടെ ദാവീദിനെ വിശ്വസിച്ചു. സ്വജനമായ ഇസ്രായേല്യരുടെ കഠിനമായ വെറുപ്പിനു സ്വയംപാത്രമായതിനാല്‍ അവന്‍ എന്നും തൻ്റെ ദാസനായിരിക്കുമെന്ന് അക്കീഷ് കരുതി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ