തൊണ്ണൂറ്റൊന്നാം ദിവസം:1 രാജാക്കന്മാര്‍ 12 - 14


അദ്ധ്യായം 12

രാജ്യം വിഭജിക്കപ്പെടുന്നു

1: ഇസ്രായേല്‍ജനം, തന്നെ രാജാവാക്കുന്നതിനു ഷെക്കെമില്‍ സമ്മേളിച്ചതിനാല്‍ റഹോബോവാം അവിടെ വന്നു.
2: നെബാത്തിൻ്റെ പുത്രനായ ജറോബോവാം ഇതു കേട്ടയുടനെ ഈജിപ്തില്‍നിന്നു മടങ്ങിയെത്തി - സോളമന്‍ രാജാവില്‍നിന്ന് ഒളിച്ചോടിയ അവന്‍, ഇതുവരെ ഈജിപ്തിലായിരുന്നു.
3: ഇസ്രായേല്‍ജനം അവനെ ആളയച്ചു വരുത്തി; ജറോബോവാമും ഇസ്രായേല്‍ജനവും റഹോബോവാമിൻ്റെ അടുത്തുവന്നു പറഞ്ഞു:
4: അങ്ങയുടെ പിതാവു ഞങ്ങളുടെമേല്‍വച്ചതു ഭാരമേറിയ നുകമാണ്. ഞങ്ങളുടെ ജോലിയുടെ കാഠിന്യവും അവന്‍വച്ച നുകത്തിൻ്റെ ഭാരവും അങ്ങു ലഘൂകരിക്കണം; ഞങ്ങളങ്ങയെ സേവിക്കാം.
5: അവന്‍ പറഞ്ഞു: നിങ്ങള്‍ ഇപ്പോള്‍ പോകുവിന്‍. മൂന്നുദിവസം കഴിഞ്ഞുവരുവിന്‍. ജനം മടങ്ങിപ്പോയി.
6: റഹോബോവാം തൻ്റെ പിതാവായ സോളമന്‍രാജാവിൻ്റെ വൃദ്ധരായ ഉപദേശകന്മാരോട് ആലോചിച്ചു; ജനത്തിന് എന്തുത്തരംനല്കണമെന്നാണു നിങ്ങളുടെ അഭിപ്രായം?
7: അവര്‍ പറഞ്ഞു: അങ്ങ് അവര്‍ക്കു വഴങ്ങി, അവരെ സേവിക്കുകയും അവര്‍ക്കു ദയാപൂര്‍വ്വം മറുപടി നല്കുകയുംചെയ്താല്‍ അവര്‍ എന്നും അങ്ങയുടെ ദാസന്മാരായിരിക്കും.
8: മുതിര്‍ന്നവരുടെ ഉപദേശം നിരസിച്ച്, അവന്‍ തന്നോടൊത്തുവളര്‍ന്ന പാര്‍ശ്വവര്‍ത്തികളായ യുവാക്കന്മാരോടാലോചിച്ചു.
9: അവനവരോടുചോദിച്ചു: അങ്ങയുടെ പിതാവ് ഞങ്ങളുടെമേല്‍വച്ച നുകം ലഘൂകരിക്കുക എന്നു പറയുന്ന ഈ ജനത്തിന്, എന്തു മറുപടിനല്കണമെന്നാണു നിങ്ങളുടെയഭിപ്രായം?
10: അവനോടൊപ്പം വളര്‍ന്നുവന്ന ആ യുവാക്കള്‍ പറഞ്ഞു: അങ്ങയുടെ പിതാവു ഞങ്ങളുടെ നുകത്തിൻ്റെ ഭാരംകൂട്ടി, അങ്ങതു കുറച്ചുതരണം, എന്നു പറഞ്ഞ ഈ ജനത്തോടു പറയുക: എൻ്റെ ചെറുവിരല്‍ എൻ്റെ പിതാവിൻ്റെ അരക്കെട്ടിനെക്കാള്‍ മുഴുപ്പുള്ളതാണ്.
11: അവന്‍ ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വച്ചു. ഞാനതിൻ്റെ ഭാരംകൂട്ടും; അവന്‍ നിങ്ങളെ ചാട്ടകൊണ്ടടിച്ചു; ഞാന്‍ മുള്‍ച്ചാട്ടകൊണ്ടടിക്കും.
12: രാജാവിൻ്റെ നിര്‍ദ്ദേശമനുസരിച്ച് ജറോബോവാമും ജനവും മൂന്നാംദിവസം റഹോബോവാമിൻ്റെ അടുക്കല്‍ വന്നു.
13: മുതിര്‍ന്നവര്‍ നല്കിയ ഉപദേശം അവഗണിച്ച്, രാജാവ് ജനത്തോടു പരുഷമായി സംസാരിച്ചു.
14: യുവാക്കളുടെ ഉപദേശമനുസരിച്ച് അവന്‍ പറഞ്ഞു: എൻ്റെ പിതാവ് നിങ്ങളുടെമേല്‍ ഭാരമുള്ളനുകം വച്ചു; ഞാനതിൻ്റെ ഭാരംകൂട്ടും. എൻ്റെ പിതാവ് നിങ്ങളെ ചാട്ടകൊണ്ടടിച്ചു; ഞാന്‍ മുള്‍ച്ചാട്ടകൊണ്ടടിക്കും.
15: രാജാവ്, ജനത്തിൻ്റെ അപേക്ഷകേട്ടില്ല. നെബാത്തിൻ്റെ മകനായ ജറോബോവാമിനോടു ഷീലോന്യനായ അഹിയാമുഖേന ദൈവമായ കര്‍ത്താവരുളിച്ചെയ്തതു നിറവേറുന്നതിനാണ് ഇപ്രകാരം സംഭവിക്കാന്‍ അവിടുന്നിടയാക്കിയത്.
16: രാജാവു തങ്ങളുടെ അപേക്ഷ സ്വീകരിച്ചില്ലെന്നുകണ്ട്, ജനം പറഞ്ഞു: ദാവീദുമായി ഞങ്ങള്‍ക്കെന്തു ബന്ധം? ജസ്സെയുടെ പുത്രനില്‍ ഞങ്ങള്‍ക്കെന്തവകാശം? ഇസ്രായേലേ, കൂടാരങ്ങളിലേക്കു മടങ്ങുക, ദാവീദേ, നീ നിൻ്റെ കുടുംബം നോക്കിക്കൊള്ളുക. അനന്തരം, ഇസ്രായേല്‍ജനം തങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങി.
17: റഹോബോവാം യൂദാനഗരങ്ങളില്‍ വസിച്ചിരുന്ന ഇസ്രായേല്‍ജനത്തിൻ്റെമേല്‍ വാഴ്ചനടത്തി.
18: അവന്‍ അടിമവേലകളുടെ മേല്‍നോട്ടക്കാരനായ അദോറാമിനെ ഇസ്രായേലിലേക്കയച്ചു; ഇസ്രായേല്‍ജനം അവനെ കല്ലെറിഞ്ഞു കൊന്നു. ജറുസലെമിലേക്കു പലായനംചെയ്യാന്‍ റഹോബോവാം രാജാവ് അതിവേഗം തൻ്റെ രഥത്തില്‍ കയറി.
19: അങ്ങനെ, ഇസ്രായേല്‍ ദാവീദിൻ്റെ ഭവനത്തോട് ഇന്നും കലഹത്തിലാണ്.
20: ജറോബോവാം മടങ്ങിവന്നെന്നു കേട്ടപ്പോള്‍ ഇസ്രായേല്‍ജനം ഒരുമിച്ചുകൂടി, അവനെ വരുത്തി ഇസ്രായേലിൻ്റെ രാജാവാക്കി. യൂദായുടെ ഗോത്രമൊഴികെ മറ്റൊന്നും ദാവീദിൻ്റെ ഭവനത്തെ അനുഗമിച്ചില്ല.
21: സോളമൻ്റെ പുത്രന്‍ റഹോബോവാം ജറുസലെമില്‍നിന്ന് ഇസ്രായേലിനോടു യുദ്ധംചെയ്തു രാജ്യംവീണ്ടെടുക്കാന്‍ യൂദായുടെയും ബഞ്ചമിൻ്റെയും ഗോത്രങ്ങളില്‍നിന്ന്‌ യുദ്ധവീരന്മാരായ ഒരു ലക്ഷത്തിയെണ്‍പതിനായിരംപേരെ ശേഖരിച്ചു.
22: എന്നാല്‍, പ്രവാചകനായ ഷെമായായോട് ദൈവം അരുളിച്ചെയ്തു:
23: യൂദായിലെ രാജാവും സോളമൻ്റെ മകനുമായ റഹോബോവാമിനോടും, യൂദായുടെയും ബഞ്ചമിൻ്റെയും ഭവനങ്ങളോടും മറ്റുജനത്തോടും പറയുക:
24: കര്‍ത്താവരുളിച്ചെയ്യുന്നു, നിങ്ങള്‍ മുമ്പോട്ടു പോകരുത്; നിങ്ങളുടെ സഹോദരരായ ഇസ്രായേല്‍ജനത്തോടു യുദ്ധം ചെയ്യരുത്. വീടുകളിലേക്കു മടങ്ങുവിന്‍. ഞാനാണിതു പറയുന്നത്. കര്‍ത്താവിൻ്റെ വാക്കുകേട്ട് അവര്‍ മടങ്ങിപ്പോയി.

ജറോബോവാം കര്‍ത്താവില്‍നിന്നകലുന്നു

25: ജറോബോവാം എഫ്രായിംമലനാട്ടില്‍ ഷെക്കെം ബലിഷ്ഠമാക്കി അവിടെ വസിച്ചു. പിന്നീട് അവിടെനിന്നു പോയി, പെനുവേലും ബലിഷ്ഠമാക്കി.
26: അവന്‍ ആത്മഗതം ചെയ്തു: ദാവീദിൻ്റെ ഭവനത്തിലേക്കു രാജ്യം തിരികെപ്പോകും.
27: ഈ ജനം ജറുസലെമില്‍ കര്‍ത്താവിൻ്റെ ഭവനത്തില്‍ ബലിയര്‍പ്പിക്കാന്‍ പോയാല്‍ യൂദാരാജാവായ റഹോബോവാമിൻ്റെനേര്‍ക്ക് അവരുടെ മനസ്സുതിരിയുകയും അവര്‍ എന്നെ വധിച്ചതിനുശേഷം അവനെ അനുഗമിക്കുകയും ചെയ്യും.
28: അതിനാല്‍, രാജാവ് ഒരുപായം കണ്ടുപിടിച്ചു. സ്വര്‍ണ്ണംകൊണ്ട് രണ്ടു കാളക്കുട്ടികളെ നിര്‍മ്മിച്ചിട്ട് അവന്‍ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ജറുസലെമിലേക്കു പോകേണ്ടാ, ഇസ്രായേല്‍ജനമേ, ഇതാ, ഈജിപ്തില്‍നിന്നു നിങ്ങളെ മോചിപ്പിച്ച ദേവന്മാര്‍.
29: അവന്‍ അവയിലൊന്നിനെ ബഥേലിലും ഒന്നിനെ ദാനിലും പ്രതിഷ്ഠിച്ചു. ഇതു പാപമായിത്തീര്‍ന്നു.
30: ബഥേലിലെയും ദാനിലെയും പ്രതിഷ്ഠകളുടെ അടുത്തേക്ക് ജനം പൊയ്‌ക്കൊണ്ടിരുന്നു.
31: അവന്‍ പൂജാഗിരികളുണ്ടാക്കി, ലേവി ഗോത്രത്തില്‍പ്പെടാത്തവരെ പുരോഹിതന്മാരാക്കി.
32: യൂദായില്‍ ആഘോഷിച്ചിരുന്ന തിരുനാളിനു തുല്യമായി ജറോബോവാം എട്ടാംമാസം പതിനഞ്ചാം ദിവസം ഒരുത്സവമേര്‍പ്പെടുത്തി, ബലിപീഠത്തില്‍ അവന്‍ ബലികളര്‍പ്പിച്ചു. താന്‍ നിര്‍മ്മിച്ച കാളക്കുട്ടികള്‍ക്ക് ബഥേലില്‍ അവന്‍ ഇപ്രകാരം ബലിയര്‍പ്പിച്ചു. പൂജാഗിരികളില്‍ നിയമിച്ചിരുന്ന പുരോഹിതന്മാരെ ബഥേലില്‍ നിയമിച്ചു.
33: അവന്‍ എട്ടാംമാസം പതിനഞ്ചാംദിവസം - സ്വാഭീഷ്ടപ്രകാരം നിശ്ചയിച്ച ദിവസം - ജനത്തിന് ഒരുത്സവമേര്‍പ്പെടുത്തുകയും ബഥേലില്‍ താന്‍ പണിയിച്ച ബലിപീഠത്തില്‍ ധൂപാര്‍ച്ചനനടത്തുന്നതിനു ചെല്ലുകയുംചെയ്തു.

അദ്ധ്യായം 13

ബഥേലിനെതിരേ പ്രവചനം

1: ജറോബോവാം ധൂപാര്‍പ്പണത്തിനു ബലിപീഠത്തിനരികെ നില്‍ക്കുമ്പോള്‍, കര്‍ത്താവിൻ്റെ കല്പനയനുസരിച്ച് ഒരു ദൈവപുരുഷന്‍ യൂദായില്‍നിന്നു ബഥേലില്‍ വന്നു.
2: കര്‍ത്താവ് കല്പിച്ചതുപോലെ അവന്‍ ബലിപീഠത്തെനോക്കി വിളിച്ചുപറഞ്ഞു: അല്ലയോ ബലിപീഠമേ, കര്‍ത്താവ് അരുളിച്ചെയ്യുന്നു; ദാവീദിൻ്റെ ഭവനത്തില്‍ ജോസിയാ എന്ന ഒരു പുത്രന്‍ ജനിക്കും. നിൻ്റെമേല്‍ ധൂപാര്‍പ്പണംനടത്തുന്ന പൂജാഗിരിയിലെ പുരോഹിതന്മാരെ അവന്‍ നിൻ്റെമേല്‍വച്ചു ബലിയര്‍പ്പിക്കും. മനുഷ്യാസ്ഥികള്‍ നിൻ്റെമേല്‍ ഹോമിക്കും.
3: അന്നുതന്നെ ഒരടയാളം കാണിച്ചുകൊണ്ട് അവന്‍ തുടര്‍ന്നു: കര്‍ത്താവാണു സംസാരിച്ചത് എന്നതിൻ്റെ അടയാളമിതാണ്; ഇതാ ഈ ബലിപീഠം പിളര്‍ന്ന് അതിന്മേലുള്ള ചാരം ഊര്‍ന്നുവീഴും.
4: ദൈവപുരുഷന്‍ ബഥേലിലെ ബലിപീഠത്തിനെതിരേ പ്രഖ്യാപിച്ചതുകേട്ടു ജറോബോവാം പീഠത്തിനരികേ നിന്നു കൈനീട്ടിക്കൊണ്ട് അവനെ പിടിക്കാന്‍ കല്പിച്ചു. അപ്പോള്‍ അവൻ്റെ കരം മരവിച്ച് മടക്കാന്‍ കഴിയാതെയായി.
5: കര്‍ത്താവിൻ്റെ കല്പനയാല്‍ ദൈവപുരുഷന്‍കൊടുത്ത അടയാളമനുസരിച്ച് ബലിപീഠം പിളര്‍ന്ന് ചാരം ഊര്‍ന്നുവീണു.
6: രാജാവ് അവനോടു പറഞ്ഞു: നിൻ്റെ ദൈവമായ കര്‍ത്താവിനോട് എനിക്കുവേണ്ടി ദയവായി പ്രാര്‍ത്ഥിക്കുക; അവിടുന്ന് എൻ്റെ കരം സുഖപ്പെടുത്തട്ടെ. അവന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു; രാജാവിൻ്റെ കരം പഴയപടിയായി.
7: രാജാവ് അവനോടു പറഞ്ഞു: നീ എന്നോടുകൂടെ കൊട്ടാരത്തില്‍വന്ന് സത്കാരം സ്വീകരിക്കുക. ഞാന്‍ നിനക്കൊരു സമ്മാനം തരാം.
8: അവന്‍ പ്രതിവചിച്ചു: നിൻ്റെ കൊട്ടാരത്തിൻ്റെ പകുതിതന്നാലും ഞാന്‍ വരുകയില്ല. ഇവിടെവച്ചു ഞാന്‍ ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയില്ല.
9: ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയോ പോയവഴി മടങ്ങുകയോ ചെയ്യരുതെന്നു കര്‍ത്താവെന്നോടു കല്പിച്ചിട്ടുണ്ട്.
10: അവന്‍ ബഥേലില്‍നിന്നു വന്നവഴിയല്ലാതെ മറ്റൊരു വഴിക്കു മടങ്ങിപ്പോയി.
11: അക്കാലത്ത്, ബഥേലില്‍ ഒരു വൃദ്ധപ്രവാചകന്‍ ഉണ്ടായിരുന്നു. അവൻ്റെ പുത്രന്മാര്‍വന്ന് ദൈവപുരുഷന്‍ചെയ്ത കാര്യങ്ങളും രാജാവിനോടു പറഞ്ഞവിവരങ്ങളും പിതാവിനെയറിയിച്ചു.
12: അവനവരോടു ചോദിച്ചു: ഏതു വഴിക്കാണവന്‍ പോയത്? യൂദായില്‍നിന്നുള്ള ദൈവപുരുഷന്‍ പോയവഴി പുത്രന്മാര്‍ അവനു കാട്ടിക്കൊടുത്തു.
13: അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ കഴുതയ്ക്കു ജീനിയിടുവിന്‍. അവര്‍ ജീനിയിട്ടു, അവന്‍ കഴുതപ്പുറത്തു കയറി.
14: ദൈവപുരുഷന്‍ പോയവഴിയേ അവന്‍ തിരിച്ചു; ഒരു ഓക്കുവൃക്ഷത്തിൻ്റെ ചുവട്ടില്‍ അവനിരിക്കുന്നതുകണ്ടു ചോദിച്ചു: അങ്ങാണോ യൂദായില്‍നിന്നുവന്ന ദൈവപുരുഷന്‍? ഞാന്‍തന്നെ, അവന്‍ പ്രതിവചിച്ചു.
15: അങ്ങ് എന്നോടൊപ്പം വീട്ടില്‍വന്നു ഭക്ഷണം കഴിക്കുകയെന്ന് അവന്‍ ദൈവപുരുഷനോടു പറഞ്ഞു.
16: അവന്‍ പ്രതിവചിച്ചു: എനിക്ക് അങ്ങയോടുകൂടെ വരാനോ, വീട്ടില്‍ക്കയറാനോ ഇവിടെവച്ചു ഭക്ഷണപാനീയങ്ങള്‍ കഴിക്കാനോപാടില്ല.
17: ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയോ, പോയവഴി മടങ്ങുകയോ ചെയ്യരുതെന്ന് കര്‍ത്താവെന്നോടു കല്പിച്ചിട്ടുണ്ട്.
18: വൃദ്ധന്‍ പറഞ്ഞു: ഞാനും നിന്നെപ്പോലെ ഒരു പ്രവാചകനാണ്; ദൂതന്‍വഴി കര്‍ത്താവെന്നോടു കല്പിച്ചിരിക്കുന്നു; ഭക്ഷണംകഴിക്കാന്‍ അവനെ നീ വീട്ടില്‍ കൊണ്ടുവരുക; അവന്‍ പറഞ്ഞതു വ്യാജമായിരുന്നു.
19: ദൈവപുരുഷന്‍ അവനോടൊപ്പം വീട്ടില്‍ച്ചെന്ന് ഭക്ഷണപാനീയങ്ങള്‍ കഴിച്ചു.
20: അവര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ ദൈവപുരുഷനെ വിളിച്ചുകൊണ്ടുവന്ന പ്രവാചകനു കര്‍ത്താവിൻ്റെ അരുളപ്പാടുണ്ടായി.
21: അവന്‍ യൂദായില്‍നിന്നുവന്ന ദൈപുരുഷനോട് ഉച്ചത്തില്‍ പറഞ്ഞു: നീ കര്‍ത്താവിൻ്റെ വചനം ശ്രവിച്ചില്ല; കര്‍ത്താവായ ദൈവം നിന്നോടു കല്പിച്ചതുപോലെ നീ പ്രവര്‍ത്തിച്ചതുമില്ല.
22: നീ തിരിച്ചുവരുകയും ഭക്ഷണപാനീയങ്ങള്‍ കഴിക്കരുതെന്ന് അവിടുന്ന് കല്പിച്ചിരുന്ന സ്ഥലത്തുവച്ചു നീ ഭക്ഷിക്കുകയും ചെയ്തു. അതുകൊണ്ട് നിൻ്റെ ജഡം നിൻ്റെ പിതാക്കന്മാരോടുകൂടെ സംസ്‌കരിക്കപ്പെടുകയില്ലെന്ന് കര്‍ത്താവരുളിച്ചെയ്യുന്നു.
23: ഭക്ഷണത്തിനുശേഷം അവന്‍, താന്‍ കൂട്ടിക്കൊണ്ടുവന്ന ദൈവപുരുഷനുവേണ്ടി കഴുതയ്ക്കു ജീനിയിട്ടു.
24: മാര്‍ഗ്ഗമദ്ധ്യേ ഒരു സിംഹം എതിരേ വന്ന് അവനെക്കൊന്നു; ജഡത്തിനരികേ സിംഹവും കഴുതയും നിന്നു.
25: വഴിപോക്കര്‍ നിരത്തില്‍ കിടക്കുന്ന ജഡവും അരികില്‍ നില്‍ക്കുന്ന സിംഹത്തെയും കണ്ടു. അവര്‍ വൃദ്ധപ്രവാചകന്‍ വസിക്കുന്ന പട്ടണത്തില്‍ച്ചെന്ന് വിവരമറിയിച്ചു.
26: അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്‍ ഇതുകേട്ടു പറഞ്ഞു: കര്‍ത്താവിൻ്റെ കല്പന ലംഘിച്ച ദൈവപുരുഷന്‍തന്നെ അവന്‍ ! കര്‍ത്താവ് അരുളിച്ചെയ്തതുപോലെ അവനെ സിംഹത്തിന് വിട്ടുകൊടുക്കുകയും അതവനെ ചീന്തിക്കളയുകയും ചെയ്തു.
27: അവന്‍ മക്കളോടു പറഞ്ഞു: കഴുതയ്ക്കു ജീനിയിടുവിന്‍. അവര്‍ അങ്ങനെ ചെയ്തു.
28: അവന്‍ ചെന്ന്, ദൈവപുരുഷൻ്റെ ജഡം വഴിയില്‍ക്കിടക്കുന്നതും അതിനരികെ കഴുതയും സിംഹവും നില്‍ക്കുന്നതും കണ്ടു. സിംഹം ജഡം ഭക്ഷിക്കുകയോ കഴുതയെ ആക്രമിക്കുകയോ ചെയ്തില്ല.
29: ദുഃഖാചരണത്തിനും സംസ്‌കാരത്തിനുമായി വൃദ്ധപ്രവാചകന്‍ ജഡം കഴുതപ്പുറത്തുവച്ച്, പട്ടണത്തില്‍ക്കൊണ്ടുവന്നു.
30: അവന്‍ തൻ്റെ സ്വന്തം കല്ലറയില്‍ അവനെ സംസ്‌കരിച്ചു; അയ്യോ, സഹോദരാ എന്നുവിളിച്ച് അവര്‍ വിലപിച്ചു.
31: അനന്തരം, അവന്‍ പുത്രന്മാരോടു പറഞ്ഞു: ഞാന്‍ മരിക്കുമ്പോള്‍ ദൈവപുരുഷനെ അടക്കിയ കല്ലറയില്‍ത്തന്നെ എന്നെയും സംസ്‌കരിക്കണം. എൻ്റെ അസ്ഥികള്‍ അവൻ്റെ അസ്ഥികള്‍ക്കരികേ നിക്ഷേപിക്കുക.
32: ബഥേലിലെ ബലിപീഠത്തിനും സമരിയായിലെ പട്ടണങ്ങളിലുള്ള പൂജാഗിരികള്‍ക്കുമെതിരായി കര്‍ത്താവിൻ്റെ കല്പനപോലെ അവന്‍ പറഞ്ഞകാര്യങ്ങള്‍ നിശ്ചയമായും സംഭവിക്കും.
33: ജറോബോവാം അധര്‍മത്തില്‍നിന്നു പിന്തിരിഞ്ഞില്ല. എല്ലാ ജനവിഭാഗങ്ങളിലുംനിന്നു പൂജാഗിരികളില്‍ പുരോഹിതന്മാരെ നിയമിച്ചു. ആഗ്രഹിച്ചവരെയൊക്കെ അവന്‍ പുരോഹിതന്മാരാക്കി.

അദ്ധ്യായം 14

ജറോബോവാമിനു ശിക്ഷ

1: അക്കാലത്തു ജറോബോവാമിൻ്റെ മകന്‍ അബിയാ രോഗബാധിതനായി.
2: ജറോബോവാം ഭാര്യയോടു പറഞ്ഞു: നീയെഴുന്നേറ്റ് എൻ്റെ ഭാര്യയാണെന്നറിയാത്തവിധം വേഷംമാറി ഷീലോയിലേക്കു പോവുക. ഈ ജനത്തിനു ഞാന്‍ രാജാവായിരിക്കണമെന്നു പറഞ്ഞ അഹിയാപ്രവാചകന്‍ അവിടെയുണ്ട്.
3: പത്തപ്പവും കുറെ അടയും ഒരു ഭരണി തേനുമായി നീ അവൻ്റെയടുക്കല്‍ ചെല്ലുക. കുട്ടിക്ക് എന്തു സംഭവിക്കുമെന്ന് അവന്‍ പറയും. അങ്ങനെ അവള്‍ ഷീലോയില്‍ അഹിയായുടെ വസതിയിലെത്തി.
4: വാര്‍ദ്ധക്യംനിമിത്തം കണ്ണുമങ്ങിയിരുന്നതിനാല്‍ അവനു കാണാന്‍ സാധിച്ചില്ല.
5: ജറോബോവാമിൻ്റെ ഭാര്യ തൻ്റെ രോഗിയായ പുത്രനെക്കുറിച്ചു ചോദിക്കാന്‍ വരുന്നെന്നും, അവളോട് എന്തു പറയണമെന്നും കര്‍ത്താവ് അഹിയായെ അറിയിച്ചു. വേറൊരുവളായി ഭാവിച്ചുകൊണ്ടാണ് അവള്‍ ചെന്നത്.
6: എന്നാല്‍, അവള്‍ വാതില്‍കടന്നപ്പോള്‍ കാല്പെരുമാറ്റംകേട്ടിട്ട് അഹിയാ പറഞ്ഞു: ജറോബോവാമിൻ്റെ ഭാര്യ അകത്തുവരൂ; നീ വേറൊരുവളായി നടിക്കുന്നതെന്തിന്? ദുസ്സഹമായ വാര്‍ത്ത നിന്നെയറിയിക്കാന്‍ ഞാന്‍ നിയുക്തനായിരിക്കുന്നു.
7: നീ ചെന്ന്, ജറോബോവാമിനോടു പറയുക: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, ഞാന്‍ ജനത്തിൻ്റെ ഇടയില്‍നിന്ന് നിന്നെ ഉയര്‍ത്തി, എൻ്റെ ജനമായ ഇസ്രായേലിൻ്റെ നായകനാക്കി.
8: ദാവീദിൻ്റെ ഭവനത്തില്‍നിന്നു രാജ്യം പറിച്ചെടുത്ത് ഞാന്‍ നിനക്കു തന്നു. നീയാകട്ടെ എൻ്റെ കല്പനകളനുസരിക്കുകയും എൻ്റെ ദൃഷ്ടിയില്‍ നീതിമാത്രംചെയ്ത് പൂര്‍ണ്ണഹൃദയത്തോടെ എന്നെ അനുഗമിക്കുകയുംചെയ്ത എൻ്റെ ദാസന്‍ ദാവീദിനെപ്പോലെയല്ല.
9: മാത്രമല്ല, നിൻ്റെ മുന്‍ഗാമികളെക്കാളധികം തിന്മ നീ പ്രവര്‍ത്തിച്ചു. നീ അന്യദേവന്മാരെയും വാര്‍പ്പുവിഗ്രഹങ്ങളെയുമുണ്ടാക്കി എന്നെ പ്രകോപിപ്പിച്ചു; എന്നെ പുറംതള്ളുകയും ചെയ്തു.
10: ആകയാല്‍, ജറോബോവാമിൻ്റെ കുടുംബത്തിനു ഞാന്‍ നാശംവരുത്തും. ഇസ്രായേലില്‍ ജറോബോവാമിനുള്ള അടിമകളും സ്വതന്ത്രരുമായ പുരുഷന്മാരെയെല്ലാം ഞാന്‍ വിച്ഛേദിക്കും. ജറോബോവാമിൻ്റെ കുടുംബത്തെ ചപ്പുചവറുകള്‍ എരിച്ചുകളയുന്നതുപോലെ ഞാന്‍ പൂര്‍ണ്ണമായി നശിപ്പിക്കും.
11: ജറോബോവാമിൻ്റെ ബന്ധുക്കളിലാരെങ്കിലും പട്ടണത്തില്‍വച്ചു മരിച്ചാല്‍ അവരെ നായ്ക്കളും വെളിമ്പ്രദേശത്തുവച്ചു മരിച്ചാല്‍ ആകാശത്തിലെ പറവകളും ഭക്ഷിക്കും. കര്‍ത്താവാണിതരുളിച്ചെയ്തത്.
12: എഴുന്നേറ്റു വീട്ടില്‍പ്പോവുക. നീ പട്ടണത്തില്‍ കാലുകുത്തുമ്പോള്‍ കുട്ടി മരിക്കും.
13: ഇസ്രായേല്‍ജനം ദുഃഖമാചരിക്കുകയും അവനെ സംസ്കരിക്കുകയും ചെയ്യും. ജറോബോവാമിൻ്റെ കുടുംബത്തില്‍ അവൻമാത്രമേ കല്ലറയില്‍ സംസ്‌കരിക്കപ്പെടുകയുള്ളൂ; എന്തെന്നാല്‍, ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവ് ജറോബോവാമിൻ്റെ സന്തതികളില്‍ അവനില്‍മാത്രം അല്പം നന്മകണ്ടിരുന്നു.
14: കര്‍ത്താവ് ഇസ്രായേലില്‍ ഒരു രാജാവിനെയുയര്‍ത്തും. അവന്‍ ജറോബോവാമിൻ്റെ ഭവനത്തെ ഉന്മൂലനംചെയ്യും.
15: ഇസ്രായേല്‍ അഷേരാപ്രതിഷ്ഠകള്‍ സ്ഥാപിച്ച് കര്‍ത്താവിനെ പ്രകോപിപ്പിച്ചതിനാല്‍, വെള്ളത്തില്‍ ഞാങ്ങണയാടുന്നതുപോലെ അവിടുന്ന് അവരെ അടിച്ചുലയ്ക്കുകയും, താന്‍ അവരുടെ പിതാക്കന്മാര്‍ക്കുനല്കിയ ഈ നല്ല ദേശത്തുനിന്ന് അവരെ ഉന്മൂലനംചെയ്ത്, യൂഫ്രട്ടീസ് നദിക്കപ്പുറം ചിതറിച്ചുകളയുകയുംചെയ്യും.
16: പാപം സ്വയംചെയ്യുകയും ഇസ്രായേലിനെക്കൊണ്ടു ചെയ്യിക്കുകയുംചെയ്ത ജറോബോവാംനിമിത്തം കര്‍ത്താവ് ഇസ്രായേലിനെ കൈവെടിയും.
17: ജറോബോവാമിൻ്റെ ഭാര്യ തിര്‍സായിലേക്കു മടങ്ങി. അവള്‍ കൊട്ടാരത്തിൻ്റെ പൂമുഖത്ത് എത്തിയപ്പോള്‍ കുട്ടി മരിച്ചു.
18: കര്‍ത്താവ് തൻ്റെ ദാസനായ അഹിയാപ്രവാചകനിലൂടെ അരുളിച്ചെയ്തതുപോലെ ഇസ്രായേല്‍ജനം അവനെ സംസ്‌കരിച്ച്, ദുഃഖമാചരിച്ചു.


ജറോബോവാമിൻ്റെ മരണം
19: ജറോബോവാമിൻ്റെ യുദ്ധങ്ങളും ഭരണവുമുള്‍പ്പെടെയുള്ള മറ്റു വിവരങ്ങള്‍ ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
20: ജറോബോവാം ഇരുപത്തിരണ്ടുവര്‍ഷം രാജ്യം ഭരിച്ചു. അവന്‍ പിതാക്കന്മാരോടു ചേര്‍ന്നു; മകന്‍ നാദാബ് രാജാവായി.
21: സോളമൻ്റെ മകന്‍ റഹോബോവാം ആണ് യൂദായില്‍ വാണിരുന്നത്. ഭരണമേല്‍ക്കുമ്പോള്‍ അവനു നാല്പത്തൊന്നു വയസ്സായിരുന്നു. കര്‍ത്താവ് ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്ന് തനിക്കായി തിരഞ്ഞെടുത്ത ജറുസലെം നഗരത്തില്‍ അവന്‍ പതിനേഴു വര്‍ഷം ഭരിച്ചു. അവൻ്റെ അമ്മ അമ്മോന്യസ്ത്രീയായ നാമാ ആയിരുന്നു.
22: യൂദാ കര്‍ത്താവിൻ്റെമുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു. അവര്‍ പാപംചെയ്തു തങ്ങളുടെ പിതാക്കന്മാരെക്കാള്‍ കൂടുതല്‍ അവിടുത്തെ പ്രകോപിപ്പിച്ചു.
23: അവര്‍ പൂജാഗിരികളും സ്തംഭങ്ങളുമുണ്ടാക്കി; എല്ലാ കുന്നുകളുടെയും മുകളിലും എല്ലാ വൃക്ഷങ്ങളുടെയും ചുവട്ടിലും അഷേരാപ്രതിഷ്ഠകള്‍ സ്ഥാപിക്കുകയുംചെയ്തു.
24: ദേവപ്രീതിക്കുവേണ്ടിയുള്ള ആണ്‍വേശ്യാസമ്പ്രദായവും അവിടെയുണ്ടായിരുന്നു. കര്‍ത്താവ് ഇസ്രായേല്‍ജനത്തിൻ്റെ മുമ്പില്‍നിന്ന് ആട്ടിയകറ്റിയ ജനതകളുടെ എല്ലാ മ്ലേച്ഛതകളിലും അവര്‍ മുഴുകി.
25: റഹോബോവാമിൻ്റെ വാഴ്ചയുടെ അഞ്ചാംവര്‍ഷം ഈജിപ്തിലെ രാജാവായ ഷീഷാക്ക് ജറുസലെമിനെ ആക്രമിച്ചു.
26: ദേവാലയത്തിലെയും കൊട്ടാരത്തിലെയും നിധികളും സോളമന്‍ നിര്‍മ്മിച്ച സുവര്‍ണ്ണപരിചകളും അവന്‍ കവര്‍ന്നെടുത്തു. എല്ലാം അവന്‍ കൊണ്ടുപോയി.
27: റഹോബോവാം അവയ്ക്കുപകരം ഓട്ടുപരിചകള്‍ നിര്‍മ്മിച്ച് കൊട്ടാരത്തിലെ കാവല്‍പ്പടത്തലവന്മാരെ ഏല്പിച്ചു.
28: രാജാവ് ദേവാലയം സന്ദര്‍ശിക്കുമ്പോഴെല്ലാം അകമ്പടിക്കാര്‍ അവ വഹിക്കുകയും പിന്നീട് കാവല്‍പ്പുരയിലേക്കു തിരികെകൊണ്ടുവരുകയും ചെയ്തുപോന്നു.
29: റഹോബോവാംചെയ്ത മറ്റു കാര്യങ്ങള്‍ യൂദാരാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
30: റഹോബോവാമും ജറോബോവാമും നിരന്തരം പൊരുതിക്കൊണ്ടിരുന്നു.
31: റഹോബോവാം മരിച്ച്, തൻ്റെ പിതാക്കന്മാരോടുകൂടെ ദാവീദിൻ്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. അമ്മോന്യയായ നാമാ ആയിരുന്നു അവൻ്റെ അമ്മ. അവൻ്റെ മകന്‍ അബിയാം ഭരണമേറ്റു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ