എഴുപത്തിയേഴാം ദിവസം: 1 സാമുവേല്‍ 21 - 24


അദ്ധ്യായം 21

ദാവീദ് ഒളിച്ചോടുന്നു

1: ദാവീദ്, നോബില്‍, പുരോഹിതനായ അഹിമലെക്കിൻ്റെയടുക്കലെത്തിച്ചേര്‍ന്നു. അഹിമലെക്ക് സംഭ്രമത്തോടെ ദാവീദിനെയെതിരേറ്റുകൊണ്ടു ചോദിച്ചു: നീയെന്താണു തനിച്ച്കൂടെയാരുമില്ലേ?
2: ദാവീദ് പറഞ്ഞു: രാജാവ്, ഒരു കാര്യം എന്നെയേല്പിച്ചിരിക്കുന്നു. ഞാന്‍ നിന്നെയേല്പിച്ചയയ്ക്കുന്ന കാര്യം, ആരുമറിയരുതെന്ന് എന്നോടു കല്പിച്ചിട്ടുമുണ്ട്. എൻ്റെ ഭൃത്യന്മാരോട് ഇന്നസ്ഥലത്തു വരണമെന്നു ഞാനേര്‍പ്പാടുചെയ്തിട്ടുണ്ട്.
3: ആകയാല്‍, അങ്ങയുടെ കൈവശമെന്തുണ്ട്എനിക്ക് അഞ്ചപ്പം തരുകഅല്ലെങ്കില്‍, ഉള്ളതാകട്ടെ.
4: പുരോഹിതന്‍ ദാവീദിനോടു പറഞ്ഞു: വിശുദ്ധയപ്പമല്ലാതെ സാധാരണയപ്പം എൻ്റെ കൈവശമില്ല. നിൻ്റെ ഭൃത്യന്മാര്‍ സ്ത്രീകളില്‍നിന്നകന്നുനിന്നവരാണെങ്കില്‍മാത്രമേ തരികയുള്ളു.
5: ദാവീദുപറഞ്ഞു: സത്യമായി ഞാന്‍ യാത്രപോകുമ്പോഴൊക്കെ ഞങ്ങള്‍ സ്ത്രീകളില്‍നിന്നകന്നിരിക്കും. സാധാരണ യാത്രയില്‍പ്പോലും എൻ്റെ ഭൃത്യന്മാരുടെ പാത്രങ്ങള്‍ ശുദ്ധിയുള്ളവയായിരിക്കുംഅതിലെത്രയോ അധികമായി ഇന്ന്.
6: പുരോഹിതന്‍ അവനു വിശുദ്ധയപ്പം കൊടുത്തു. പുതിയതു പകരംവയ്ക്കാന്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍നിന്ന് എടുത്തുമാറ്റിയ തിരുസ്സാന്നിധ്യയപ്പമല്ലാതെ അവിടെ വേറെയില്ലായിരുന്നു.
7: സാവൂളിൻ്റെ ഭൃത്യന്മാരില്‍ ഒരാള്‍ അന്നവിടെ കര്‍ത്താവിൻ്റെ സന്നിധിയിലുണ്ടായിരുന്നു. സാവൂളിൻ്റെ ഇടയപ്രമാണിയും ഏദോമ്യനുമായ ദോയെഗ് ആയിരുന്നു അത്.
8: ദാവീദ് അഹിമലെക്കിനോടു ചോദിച്ചു: അങ്ങയുടെ കൈവശം കുന്തമോ വാളോ ഉണ്ടോരാജാവ് കല്പിച്ചകാര്യം നിര്‍വഹിക്കാനുള്ള തിടുക്കത്തില്‍ ഞാന്‍ വാളോ മറ്റായുധങ്ങളോ എടുക്കാന്‍ വിട്ടുപോയി.
9: പുരോഹിതന്‍ പറഞ്ഞു: ഏലാതാഴ്‌വരയില്‍വച്ചു നീ കൊന്ന ഫിലിസ്ത്യനായ ഗോലിയാത്തിൻ്റെ വാള്‍ എഫോദിൻ്റെ പിറകില്‍ ഒരു ശീലയില്‍ പൊതിഞ്ഞുവച്ചിട്ടുണ്ട്. അതു വേണമെങ്കിലെടുക്കാം. അല്ലാതെവേറൊന്നുമിവിടെയില്ല. ദാവീദ് പറഞ്ഞു: അതിനു തുല്യം മറ്റൊന്നില്ല. അതെനിക്കു തരുക. 
10: സാവൂളിൻ്റെ മുമ്പില്‍നിന്നോടി ദാവീദ് അന്നുതന്നെ ഗത്ത് രാജാവായ അക്കീഷിൻ്റെയടുത്തെത്തി.
11: അക്കീഷിൻ്റെ ഭൃത്യന്മാര്‍ അവനോടു പറഞ്ഞു: ഈ ദാവീദ് ആ നാട്ടിലെ രാജാവല്ലേസാവൂള്‍ ആയിരങ്ങളെക്കൊന്നുദാവീദോപതിനായിരങ്ങളെയുമെന്ന് ഇവനെക്കുറിച്ചല്ലേ അവര്‍ പാടി നൃത്തംചെയ്തത്?
12: ദാവീദ്, ഇതിൻ്റെ പൊരുള്‍ ഗ്രഹിച്ചപ്പോള്‍ ഗത്തിലെ രാജാവായ അക്കീഷിനെ വളരെയധികം ഭയപ്പെട്ടു.
13: അവരുടെ മുമ്പില്‍ അവന്‍ ഭാവംമാറ്റി. ബുദ്ധിഭ്രമംനടിച്ച്, വാതിലിൻ്റെ കതകുകളില്‍ കുത്തിവരയ്ക്കുകയും താടിയിലൂടെ തുപ്പലൊലിപ്പിക്കുകയുംചെയ്തുകൊണ്ടിരുന്നു.
14: അക്കീഷ് ഭൃത്യന്മാരോടു ചോദിച്ചു: ഇവന്‍ ഭ്രാന്തനാണെന്നു നിങ്ങള്‍ കാണുന്നില്ലേഅവനെയെന്തിന് എൻ്റെയടുക്കല്‍ കൊണ്ടുവന്നു?
15: എൻ്റെ മുമ്പില്‍ ഭ്രാന്തുകളിപ്പിക്കാന്‍ ഇവനെക്കൊണ്ടുവരാന്‍ എനിക്കിവിടെ ഭ്രാന്തന്മാര്‍ കുറവാണോഎൻ്റെ കൊട്ടാരത്തിലാണോ ഇവന്‍ വരേണ്ടത്?

അദ്ധ്യായം 22

1: ദാവീദ് അവിടെനിന്നോടിരക്ഷപ്പെട്ട്അദുല്ലാം ഗുഹയിലെത്തി. അവൻ്റെ സഹോദരന്മാരും കുടുംബംമുഴുവനും ഇതറിഞ്ഞവിടെച്ചെന്നു. 
2: പീഡിതര്‍, കടമുള്ളവര്‍, അസന്തുഷ്ടര്‍ എന്നിങ്ങനെ പലരും അവൻ്റെ ചുറ്റുംകൂടി. അവന്‍ അവരുടെയെല്ലാം തലവനായി. നാനൂറോളംപേര്‍ അവനോടുകൂടെ അവിടെയുണ്ടായിരുന്നു.
3: ദാവീദ് അവിടെനിന്ന് മൊവാബിലുള്ള മിസ്പേയിലെത്തിമൊവാബു രാജാവിനോടപേക്ഷിച്ചു: ദൈവം എനിക്കുവേണ്ടി എന്താണു ചെയ്യാന്‍പോകുന്നതെന്നറിയുന്നതവരെ എൻ്റെ മാതാപിതാക്കന്മാര്‍ അങ്ങയോടുകൂടെ താമസിക്കാനനുവദിക്കണം. 
4: അവരെയവന്‍ മൊവാബുരാജാവിൻ്റെയടുത്താക്കി. ദാവീദ് രക്ഷാസങ്കേതത്തിലായിരുന്ന കാലമത്രയും അവരവിടെ താമസിച്ചു.
5: പ്രവാചകനായ ഗാദ്, ദാവീദിനോടു പറഞ്ഞു: സങ്കേതത്തില്‍ ഒളിച്ചിരുന്നതു മതി. യൂദാദേശത്തേക്കു പോവുക. അതനുസരിച്ച് ദാവീദ് ഹേരെത്തു വനത്തിലേക്കു പോയി.

പുരോഹിതന്മാരെ വധിക്കുന്നു
6: ദാവീദിനെയും കൂട്ടാളികളെയും കണ്ടെത്തിയെന്നു സാവൂളറിഞ്ഞു. അവന്‍ കുന്തവുമായി ഗിബെയായിലെ കുന്നിന്‍മുകളിലുള്ള പിചുല മരത്തിൻ്റെ ചുവട്ടിലിരിക്കുകയായിരുന്നു. ഭൃത്യന്മാര്‍ ചുറ്റുംനിന്നിരുന്നു. 
7: സാവൂള്‍ ചുറ്റുംനിന്നിരുന്ന ഭൃത്യന്മാരോടു പറഞ്ഞു: ബഞ്ചമിന്‍ ഗോത്രജരേകേള്‍ക്കുവിന്‍; ജസ്സെയുടെ മകന്‍ നിങ്ങള്‍ക്കു നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തരുമോനിങ്ങളെ സഹസ്രാധിപന്മാരും ശതാധിപന്മാരുമാക്കുമോ?
8: നിങ്ങള്‍ എനിക്കെതിരേ ഗൂഢാലോചനനടത്തിയില്ലേജസ്സെയുടെ മകനുമായി എൻ്റെ പുത്രന്‍ സഖ്യമുണ്ടാക്കിയപ്പോള്‍ ആരുമെന്നോടു പറഞ്ഞില്ല. അവന്‍ എൻ്റെ ദാസനായ ദാവീദിനെ എനിക്കെതിരായി തിരിച്ചുവിടുകയും പതിയിരിക്കാന്‍ പ്രേരിപ്പിക്കുകയുംചെയ്തിട്ടു നിങ്ങളിലൊരുവന്‍പോലും എന്നോടു പറയുകയോ എന്നോടു സഹതപിക്കുകയോ ചെയ്തില്ല.
9: അപ്പോള്‍ സാവൂളിൻ്റെ ഭൃത്യന്മാരുടെ അടുത്തുനിന്നിരുന്ന ഏദോമ്യനായ ദോയെഗ് പറഞ്ഞു: ജസ്സെയുടെ മകനെ ഞാന്‍ കണ്ടു. നോബില്‍വച്ച് അഹിത്തൂബിൻ്റെ പുത്രന്‍ അഹിമലെക്കിൻ്റെയടുക്കലേക്ക് അവന്‍ വരുകയായിരുന്നു.
10: അഹിമലെക്ക് അവനുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചുഅവനു ഭക്ഷണവും ഫിലിസ്ത്യനായ ഗോലിയാത്തിൻ്റെ വാളും കൊടുത്തു.
11: രാജാവ് അഹിത്തൂബിൻ്റെ മകനും പുരോഹിതനുമായ അഹിമലെക്കിനെയും അവൻ്റെ പിതൃഭവനത്തിലുള്ള എല്ലാവരെയും നോബിലുള്ള എല്ലാ പുരോഹിതന്മാരെയും ആളയച്ചുവരുത്തി.
12: സാവൂള്‍ പറഞ്ഞു: അഹിത്തൂബിൻ്റെ പുത്രാകേള്‍ക്കുക. പ്രഭോസംസാരിച്ചാലുംഅവന്‍ പ്രതിവചിച്ചു.
13: സാവൂള്‍ ചോദിച്ചു: നീയും ജസ്സെയുടെ മകനുംകൂടെ എനിക്കെതിരായി എന്തിനു ഗൂഢാലോചന നടത്തിനീ അവന് അപ്പവും വാളും കൊടുക്കുകയും അവനുവേണ്ടി കര്‍ത്താവിൻ്റെ ഹിതമാരായുകയുംചെയ്തില്ലേഅതുകൊണ്ടല്ലേഅവനിന്നും എനിക്കെതിരായി പ്രവര്‍ത്തിക്കുന്നത്?
14: അഹിമലെക്ക് പറഞ്ഞു: അങ്ങയുടെ സേവകന്മാരില്‍ ദാവീദിനോളം വിശ്വസ്തനായി വേറെയാരുണ്ട്അവന്‍ അങ്ങയുടെ മരുമകനും അംഗരക്ഷകരുടെ അധിപനും അങ്ങയുടെ ഭവനത്തില്‍ ആദരിക്കപ്പെടുന്നവനുമല്ലേ?
15: അവനുവേണ്ടി ദൈവത്തോടാരായുന്നത് ആദ്യമല്ല. രാജാവ് ഈ ദാസൻ്റെയോ പിതൃഭവനത്തിൻ്റെയോമേല്‍ കുറ്റമാരോപിക്കരുതേ! ഈ ദാസന്‍ ഇതൊന്നുമറിഞ്ഞിരുന്നില്ല.
16: രാജാവു പറഞ്ഞു: അഹിമലെക്ക്നീയും നിൻ്റെ കുടുംബവും മരിക്കണം.
17: രാജാവ് അടുത്തുനിന്ന അംഗരക്ഷകനോടാജ്ഞാപിച്ചു: കര്‍ത്താവിൻ്റെ ആ പുരോഹിതന്മാരെ കൊന്നുകളയുക. അവരും ദാവീദിനോടു ചേര്‍ന്നിരിക്കുന്നു. അവന്‍ ഒളിച്ചോടിയതറിഞ്ഞിട്ടും എന്നെയറിയിച്ചില്ല. എന്നാല്‍ കര്‍ത്താവിൻ്റെ പുരോഹിതന്മാരുടെമേല്‍ കൈവയ്ക്കാന്‍ രാജഭൃത്യന്മാര്‍ തയ്യാറായില്ല.
18: അപ്പോള്‍ രാജാവ് ദോയെഗിനോട് കല്പിച്ചു: നീ ആ പുരോഹിതന്മാരെ കൊല്ലുക. ഏദോമ്യനായ ദോയെഗ് അതുചെയ്തു. ചണനൂല്‍കൊണ്ടുള്ള എഫോദ് ധരിച്ച എണ്‍പത്തഞ്ചുപേരെ അന്നവന്‍ വധിച്ചു.
19: ആ പുരോഹിതന്മാരുടെ നഗരമായ നോബ് അവന്‍ നശിപ്പിച്ചുപുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍, ശിശുക്കള്‍, കഴുതകള്‍, ആടുമാടുകള്‍ എന്നിങ്ങനെ എല്ലാറ്റിനെയും വാളിനിരയാക്കി.
20: എന്നാല്‍, അഹിത്തൂബിൻ്റെ മകന്‍ അഹിമലെക്കിൻ്റെ പുത്രന്മാരിലൊരുവനായ അബിയാഥര്‍ രക്ഷപ്പെട്ടോടി ദാവീദിൻ്റെയടുത്തെത്തി.
21: കര്‍ത്താവിൻ്റെ പുരോഹിതന്മാരെ സാവൂള്‍ വധിച്ചവിവരം അവനറിയിച്ചു.
22: ദാവീദ് അബിയാഥറിനോടു പറഞ്ഞു: ഏദോമ്യനായ ദോയെഗ് അവിടെ ഉണ്ടായിരുന്നതിനാല്‍ അവന്‍ തീര്‍ച്ചയായും സാവൂളിനോടു പറയുമെന്ന് അന്നുതന്നെ ഞാന്‍ മനസ്സിലാക്കിയിരുന്നു. നിൻ്റെ പിതൃഭവനത്തില്‍ എല്ലാവരും മരിക്കുന്നതിനു ഞാന്‍ കാരണമായി.
23: ഭയപ്പെടേണ്ടഎന്നോടുകൂടെ താമസിക്കുക. എൻ്റെ ജീവന്‍ അപഹരിക്കാന്‍ നോക്കുന്നവര്‍ നിൻ്റെയും ജീവനന്വേഷിക്കുന്നു. എൻ്റെയടുക്കല്‍ നീ സുരക്ഷിതനായിരിക്കും. 

അദ്ധ്യായം 23

ദാവീദ് കെയ്‌ലായില്‍

1: ഫിലിസ്ത്യര്‍ കെയ്‌ലാ ആക്രമിക്കുന്നെന്നും മെതിക്കളങ്ങള്‍ കവര്‍ച്ചചെയ്യുന്നെന്നും ദാവീദിനറിവുകിട്ടി.
2: അതിനാല്‍ അവന്‍ കര്‍ത്താവിനോടാരാഞ്ഞു: ഞാന്‍ പോയി ഫിലിസ്ത്യരെയാക്രമിക്കട്ടെയോകര്‍ത്താവു ദാവീദിനനുമതി നല്കി: പോയി ഫിലിസ്ത്യരെയാക്രമിച്ച് കെയ്‌ലാ രക്ഷിക്കുക. 
3: ദാവീദിനോടുകൂടെയുള്ളവര്‍ ചോദിച്ചു: നമ്മള്‍ ഇവിടെ യൂദായില്‍ത്തന്നെ ഭയന്നാണു കഴിയുന്നത്പിന്നെങ്ങനെ ഫിലിസ്ത്യരെ നേരിടാന്‍ കെയ്‌ലായില്‍പ്പോകും?
4: ദാവീദ് വീണ്ടും കര്‍ത്താവിനോടാരാഞ്ഞുകര്‍ത്താവു പറഞ്ഞു: കെയ്‌ലായിലേക്കു പോവുക. ഫിലിസ്ത്യരെ ഞാന്‍ നിൻ്റെ കൈയിലേല്പിക്കും.
5: ദാവീദും കൂട്ടരും അവിടെച്ചെന്ന് ഫിലിസ്ത്യരുമായി ഏറ്റുമുട്ടി. അവരുടെ ആടുമാടുകളെ അപഹരിച്ചു. വലിയൊരു കൂട്ടക്കൊല അവിടെനടന്നു. അങ്ങനെ ദാവീദ് കെയ്‌ലാനിവാസികളെ രക്ഷിച്ചു.
6: അഹിമലെക്കിൻ്റെ മകന്‍ അബിയാഥര്‍ രക്ഷപെട്ടു കെയ്‌ലായില്‍ ദാവീദിൻ്റെടുത്തുവരുമ്പോള്‍ കൈയില്‍ ഒരു എഫോദുമുണ്ടായിരുന്നു.
7: ദാവീദ് കെയ്‌ലായില്‍ വന്നിട്ടുണ്ടെന്നു സാവൂളിനറിവുകിട്ടി. അവന്‍ പറഞ്ഞു: ദൈവമവനെ എൻ്റെ കൈയിലേല്പിച്ചിരിക്കുന്നു. എന്തെന്നാല്‍, വാതിലുകളും ഓടാമ്പലുകളുമുള്ള പട്ടണത്തില്‍ പ്രവേശിച്ച് അവന്‍ സ്വയം കുടുങ്ങിയിരിക്കുന്നു.
8: സാവൂള്‍ ജനത്തെ വിളിച്ചുകൂട്ടികെയ്‌ലായില്‍ച്ചെന്ന് ദാവീദിനെയും കൂട്ടരെയും ആക്രമിക്കാന്‍ കല്പിച്ചു.
9: സാവൂള്‍ തനിക്കെതിരേ ദുരാലോചനനടത്തുന്ന വിവരമറിഞ്ഞ് ദാവീദ്, പുരോഹിതനായ അബിയാഥറിനോടു പറഞ്ഞു: എഫോദ് ഇവിടെ കൊണ്ടുവരുക. 
10: അനന്തരംദാവീദ് പ്രാര്‍ത്ഥിച്ചു: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവേഎന്നെപ്രതി കെയ്‌ലാനഗരത്തെ നശിപ്പിക്കാന്‍ സാവൂള്‍ ഒരുങ്ങുന്നതായി അങ്ങേ ദാസന്‍ കേട്ടു.
11: കെയ്‌ലാ നിവാസികള്‍ എന്നെ അവൻ്റെ കൈയില്‍ ഏല്പിച്ചുകൊടുക്കുമോഅങ്ങയുടെ ദാസന്‍ കേട്ടതുപോലെ സാവൂള്‍ ഇങ്ങോട്ടുവരുമോഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവേഅങ്ങയുടെ ദാസനുത്തരമരുളണമേ! അവന്‍ വരുമെന്നു കര്‍ത്താവറിയിച്ചു.
12: ദാവീദ് ചോദിച്ചു: കെയ്‌ലാക്കാര്‍ എന്നെയും എൻ്റെ ആള്‍ക്കാരെയും സാവൂളിൻ്റെ കൈയിലേല്പിച്ചുകൊടുക്കുമോകര്‍ത്താവ് പറഞ്ഞു: അവര്‍ നിന്നെ ഏല്പിച്ചു കൊടുക്കും. 
13: ഉടനെ ദാവീദും അറുനൂറോളംവരുന്ന അവൻ്റെ ആള്‍ക്കാരും കെയ്‌ലായില്‍നിന്നു പുറത്തുകടന്ന് എങ്ങോട്ടെന്നില്ലാതെ യാത്രയായി. കെയ്‌ലായില്‍നിന്ന് അവന്‍ രക്ഷപെട്ടെന്നറിഞ്ഞപ്പോള്‍ സാവൂള്‍ യാത്ര നിറുത്തിവച്ചു.

ദാവീദ് സിഫില്‍
14: ദാവീദ് സിഫ് മരുഭൂമിയിലെ കുന്നുകളില്‍ ഒളിസ്ഥലങ്ങളില്‍ താമസിച്ചു. സാവൂള്‍ ദിനംതോറും അവനെയന്വേഷിച്ചുകൊണ്ടിരുന്നു. എന്നാല്‍, ദൈവമവനെ സാവൂളിൻ്റെ കൈയിലേല്പിച്ചില്ല.
15: തൻ്റെ ജീവനെത്തേടിയാണ് സാവൂള്‍ സഞ്ചരിക്കുന്നതെന്നറിഞ്ഞപ്പോള്‍ ദാവീദ് ഭയപ്പെട്ടു. അവന്‍ സിഫ് മരുഭൂമിയിലെ ഹോറെഷിലായിരുന്നു.
16: സാവൂളിൻ്റെ മകന്‍ ജോനാഥാന്‍ ഹോറെഷിലെത്തി. ദാവീദിനെ ദൈവനാമത്തില്‍ ധൈര്യപ്പെടുത്തി. അവന്‍ പറഞ്ഞു: ഭയപ്പെടേണ്ട.
17: എൻ്റെ പിതാവ് സാവൂളിനു നിന്നെ പിടികിട്ടുകയില്ല. നീ ഇസ്രായേലിൻ്റെ രാജാവാകും. ഞാന്‍ നിനക്കു രണ്ടാമനുമായിരിക്കും. എൻ്റെ പിതാവിനുമിതറിയാം.
18: അവരിരുവരും കര്‍ത്താവിൻ്റെ സന്നിധിയില്‍ ഒരുടമ്പടി ചെയ്തു. ദാവീദ് ഹോറെഷില്‍ താമസിച്ചു. ജോനാഥാന്‍ വീട്ടിലേക്കു തിരിച്ചുപോയി.
19: സിഫുകാര്‍ ഗിബെയായില്‍ സാവൂളിൻ്റെയടുക്കല്‍ച്ചെന്നു പറഞ്ഞു: ഞങ്ങളുടെ സമീപം ജഷിമോനു തെക്ക് ഹോറെഷിലുള്ള ഹാക്കിലാക്കുന്നിലെ സങ്കേതങ്ങളില്‍ ദാവീദ് ഒളിച്ചിരിക്കുന്നു. ആകയാല്‍, രാജാവേഅങ്ങേയ്ക്കിഷ്ടമുള്ളപ്പോള്‍ വരുക.
20: അവനെ രാജാവിൻ്റെ കൈയില്‍ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങളേറ്റിരിക്കുന്നു.
21: സാവൂള്‍ പറഞ്ഞു: കര്‍ത്താവു നിങ്ങളെയനുഗ്രഹിക്കട്ടെ! നിങ്ങള്‍ക്ക് എന്നോടു ദയതോന്നിയല്ലോ.
22: നിങ്ങള്‍പോയി, സൂക്ഷ്മമായി അന്വേഷിക്കുവിന്‍. അവൻ്റെ ഒളിസ്ഥലം എവിടെയെന്നും ആരെല്ലാം അവനെ കണ്ടിട്ടുണ്ടെന്നും മനസ്സിലാക്കുവിന്‍. അവന്‍ വലിയ തന്ത്രശാലിയാണെന്നാണു ഞാന്‍ കേട്ടിരിക്കുന്നത്.
23: ആകയാല്‍, അവൻ്റെ ഒളിസ്ഥലങ്ങളെല്ലാം കണ്ടുപിടിച്ചതിനുശേഷം തിരികെവന്നു സൂക്ഷ്മവിവരം എന്നെ അറിയിക്കുവിന്‍. അപ്പോള്‍ ഞാന്‍ നിങ്ങളോടുകൂടെ പോരാം. അവന്‍ നാട്ടിലെവിടെയെങ്കിലുമുണ്ടെങ്കില്‍ യൂദായിലെ ആയിരങ്ങളില്‍നിന്ന് അവനെ ഞാന്‍ തേടിപ്പിടിക്കും.
24: അവര്‍ പുറപ്പെട്ട് സാവൂളിനുമുമ്പേ സിഫിലേക്കു പോയി. ദാവീദും അനുചരന്മാരും ജഷിമോനു തെക്ക് അരാബായിലെ മാവോന്‍ മരുഭൂമിയിലായിരുന്നു.
25: സാവൂളും സേവകരും അവനെയന്വേഷിച്ചു പുറപ്പെട്ടു. ഇതറിഞ്ഞ ദാവീദ് മാവോന്‍ മരുഭൂമിയിലുള്ള പാറക്കെട്ടിലേക്കു പോയി. സാവൂള്‍ ഇതുകേട്ട്ദാവീദിനെ പിന്തുടര്‍ന്ന് ആ മരുഭൂമിയിലെത്തി.
26: സാവൂള്‍ മലയുടെ ഒരു വശത്തുകൂടെയും ദാവീദും അനുചരന്മാരും മറുവശത്തുകൂടെയും പോയി. സാവൂളില്‍നിന്നു രക്ഷപെടാന്‍ ദാവീദ് ബദ്ധപ്പെടുകയായിരുന്നു. ദാവീദിനെയും അനുയായികളെയും പിടിക്കാന്‍ സാവൂളും സൈന്യവും അടുത്തുകൊണ്ടിരുന്നു.
27: അപ്പോള്‍ ഒരു ദൂതന്‍വന്നു സാവൂളിനോടു പറഞ്ഞു: വേഗംവരണംഫിലിസ്ത്യര്‍ നമ്മുടെ രാജ്യത്തെ ആക്രമിച്ചിരിക്കുന്നു.
28: ഇതുകേട്ട് അവന്‍ ദാവീദിനെ പിന്തുടരാതെഫിലിസ്ത്യര്‍ക്കെതിരേ പുറപ്പെട്ടു. അങ്ങനെ ആ സ്ഥലത്തിനു രക്ഷപെടലിൻ്റെ പാറ എന്നു പേരുണ്ടായി. ദാവീദ് അവിടെനിന്നു എന്‍ഗേദിയിലെ ഒളിസ്ഥലങ്ങളില്‍ ചെന്നുപാര്‍ത്തു.

അദ്ധ്യായം 24

സാവൂളിനെ വെറുതേവിടുന്നു
1: ഫിലിസ്ത്യരെ തുരത്തിയതിനുശേഷം മടങ്ങിവന്നപ്പോള്‍ ദാവീദ് എന്‍ഗേദിയിലെ മരുഭൂമിയിലുണ്ടെന്നു സാവൂളിനറിവുകിട്ടി.
2: ഉടനെ അവന്‍ ഇസ്രായേല്യരില്‍നിന്നു തിരഞ്ഞെടുത്ത മൂവായിരംപേരെ കൂട്ടിക്കൊണ്ടു ദാവീദിനെയും അനുചരന്മാരെയും അന്വേഷിച്ചു കാട്ടാടിന്‍പാറകളിലേക്കു പോയി.
3: അവന്‍ വഴിയരികിലുള്ള ആലകളിലെത്തി. അവിടെ ഒരു ഗുഹയില്‍ വിസര്‍ജ്ജനത്തിനായി കടന്നു. അതേ ഗുഹയുടെ ഉള്ളറകളിലായിരുന്നു ദാവീദും അനുയായികളും ഒളിച്ചിരുന്നത്.
4: ദാവീദിനോട് അനുയായികള്‍ പറഞ്ഞു: ഞാന്‍ നിൻ്റെ ശത്രുവിനെ നിൻ്റെ കൈയില്‍ ഏല്പിക്കുംനിനക്കിഷ്ടമുള്ളത് അവനോടുചെയ്യാം എന്നു കര്‍ത്താവ് അങ്ങയോടു പറഞ്ഞിരുന്ന ആ ദിവസമിതാണ്. ദാവീദ് എഴുന്നേറ്റു സാവൂളിൻ്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.
5: അതോര്‍ത്ത് അവന്‍ പിന്നീട് വ്യസനിച്ചു.
6: അവന്‍ അനുയായികളോടു പറഞ്ഞു: എൻ്റെ യജമാനനെതിരേ കൈയുയര്‍ത്താന്‍ അവിടുന്ന് ഇടവരുത്താതിരിക്കട്ടെ. എന്തെന്നാല്‍, അവന്‍ കര്‍ത്താവിൻ്റെ അഭിഷിക്തനാണ്.
7: ഇങ്ങനെ പറഞ്ഞു ദാവീദ് തൻ്റെ അനുയായികളുടെമേല്‍ നിയന്ത്രണം ചെലുത്തിസാവൂളിനെ ആക്രമിക്കാന്‍ അനുവദിച്ചില്ല. സാവൂള്‍ ഗുഹയില്‍നിന്നിറങ്ങി തൻ്റെ വഴിക്കുപോയി.
8: ദാവീദും ഗുഹയില്‍നിന്നു പുറത്തിറങ്ങിഎൻ്റെ യജമാനനായ രാജാവേ എന്നു സാവൂളിനെ പുറകില്‍നിന്നു വിളിച്ചു. സാവൂള്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ദാവീദ് സാഷ്ടാംഗംവീണു വിധേയത്വം കാണിച്ചു.
9: അവന്‍ സാവൂളിനോടു ചോദിച്ചു: ദാവീദ് അങ്ങയുടെ ശത്രുവാണെന്നു പറയുന്നവരുടെ വാക്കുകള്‍ അങ്ങു കേള്‍ക്കുന്നതെന്തിന്?
10: കര്‍ത്താവ് ഇന്ന് ഈ ഗുഹയില്‍വച്ച് അങ്ങയെ എൻ്റെ കൈയില്‍ ഏല്പിച്ചതെങ്ങനെയെന്ന് അങ്ങുതന്നെ കണ്ടില്ലേഅങ്ങയെകൊല്ലണമെന്നു ചിലര്‍ പറഞ്ഞെങ്കിലും ഞാനതു ചെയ്തില്ല. എൻ്റെ യജമാനനെതിരേ ഞാന്‍ കൈയുയര്‍ത്തുകയില്ല. അങ്ങു കര്‍ത്താവിൻ്റെ അഭിഷിക്തനാണെന്നു ഞാനവരോടു പറഞ്ഞു.
11: എൻ്റെ പിതാവേഇതാഎൻ്റെ കൈയില്‍ അങ്ങയുടെ മേലങ്കിയുടെ ഒരു കഷണം. ഞാനതിൻ്റെ അറ്റം മുറിക്കുകയും അങ്ങയെ കൊല്ലാതിരിക്കുകയും ചെയ്തതിനാല്‍ ഞാന്‍ ദ്രോഹിയോ തെറ്റുകാരനോ അല്ലെന്ന് അങ്ങറിഞ്ഞാലും. ഞാനങ്ങേയ്ക്കെതിരേ തെറ്റുചെയ്തിട്ടില്ല. എന്നിട്ടും അങ്ങെൻ്റെ ജീവനപഹരിക്കാന്‍ അവസരം തേടിനടക്കുന്നു.
12: നാമിരുവര്‍ക്കുമിടയില്‍ കര്‍ത്താവു ന്യായംവിധിക്കട്ടെ! കര്‍ത്താവ് എനിക്കുവേണ്ടി അങ്ങയോടു പ്രതികാരംചെയ്യട്ടെ! എൻ്റെ കരം അങ്ങയുടെമേല്‍ പതിക്കുകയില്ല.
13: ദുഷ്ടത ദുഷ്ടനില്‍നിന്നു പുറപ്പെടുന്നുവെന്നാണല്ലോ പഴമൊഴിഅങ്ങയുടെമേല്‍ എൻ്റെ കൈ പതിക്കുകയില്ല. 
14: ആരെത്തേടിയാണ് ഇസ്രായേല്‍രാജാവ് പുറപ്പെട്ടിരിക്കുന്നത്ആരെയാണ് അങ്ങനുധാവനംചെയ്യുന്നത്ചത്ത പട്ടിയേയോഒരു ചെള്ളിനെയോ?
15: വിധിയാളനായ കര്‍ത്താവ് എന്നെയും അങ്ങയെയും വിധിക്കട്ടെ! അവിടുന്നെന്നെ പരിശോധിച്ച് അങ്ങയുടെ കൈയില്‍നിന്നു രക്ഷിക്കട്ടെ! 
16: ദാവീദ് സാവുളിനോട് ഇതു പറഞ്ഞുകഴിഞ്ഞപ്പോള്‍, അവന്‍ എൻ്റെ മകനേദാവീദേഇതു നിൻ്റെ സ്വരംതന്നെയോ എന്നു ചോദിച്ചുകൊണ്ട് ഉറക്കെക്കരഞ്ഞു.
17: അവന്‍ ദാവീദിനോടു പറഞ്ഞു: നീ എന്നെക്കാള്‍ നീതിമാനാണ്ഞാന്‍ നിനക്കുചെയ്ത തിന്മയ്ക്കുപകരം നീ നന്മ ചെയ്തിരിക്കുന്നു.
18: കര്‍ത്താവ്, എന്നെ നിൻ്റെ കൈയിലേല്പിച്ചിട്ടും നീയെന്നെ കൊല്ലാതെവിട്ട്, എന്നോടെങ്ങനെ പെരുമാറിയെന്ന് ഇന്നു നീ കാണിച്ചുതന്നു.
19: ശത്രുവിനെ കൈയില്‍ കിട്ടിയാല്‍ ആരെങ്കിലും വെറുതെവിടുമോഇന്നു നീ എനിക്കുചെയ്ത നന്മയ്ക്ക് കര്‍ത്താവ് നിനക്കു നന്മ ചെയ്യട്ടെ!
20: നീ തീര്‍ച്ചയായും രാജാവാകുമെന്നും ഇസ്രായേലിൻ്റെ രാജത്വം നിന്നില്‍ സ്ഥിരപ്പെടുമെന്നും എനിക്കറിയാം.
21: ആകയാല്‍, എനിക്കുശേഷം എൻ്റെ സന്തതിയെ നിര്‍മൂലമാക്കി എൻ്റെ നാമം എൻ്റെ പിതൃഭവനത്തില്‍നിന്നു നീക്കം ചെയ്യുകയില്ലെന്ന്, കര്‍ത്താവിൻ്റെ നാമത്തില്‍ നീയെന്നോടു സത്യംചെയ്യണം.
22: ദാവീദ് സാവൂളിനോട് അങ്ങനെ സത്യംചെയ്തു. സാവൂള്‍ കൊട്ടാരത്തിലേക്കു പോയിദാവീദും അനുയായികളും സങ്കേതസ്ഥാനത്തേക്കുംപോയി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ