എഴുപത്തിയഞ്ചാം ദിവസം: 1 സാമുവേല്‍ 15 - 17


അദ്ധ്യായം 15

സാവൂള്‍ കല്പന ലംഘിക്കുന്നു

1: സാമുവല്‍ സാവൂളിനോടു പറഞ്ഞു: തൻ്റെ ജനമായ ഇസ്രായേലിൻ്റെ രാജാവായി, നിന്നെ അഭിഷേകംചെയ്യാന്‍ കര്‍ത്താവ് എന്നെയയച്ചിരിക്കുന്നു; അതിനാല്‍ കര്‍ത്താവിൻ്റെ വചനം കേട്ടുകൊള്ളുക.
2: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്യര്‍ ഈജിപ്തില്‍നിന്നു പോരുമ്പോള്‍ വഴിയില്‍വച്ച് അവരെയെതിര്‍ത്തതിന്, ഞാന്‍ അമലേക്യരെ ശിക്ഷിക്കും.
3: ആകയാല്‍, നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയുംചെയ്യുക. ആരുമവശേഷിക്കാത്തവിധം സ്ത്രീപുരുഷന്മാരെയും കുട്ടികളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക.
4: സാവൂള്‍ ജനത്തെ വിളിച്ചുകൂട്ടി തെലായിമില്‍വച്ച്, അവരെ എണ്ണിത്തിട്ടപ്പെടുത്തി. രണ്ടുലക്ഷം കാലാള്‍പ്പടയും, യൂദാഗോത്രക്കാരായ പതിനായിരംപേരുമുണ്ടായിരുന്നു.
5: അനന്തരം, സാവൂള്‍ അമലേക്യരുടെ നഗരത്തില്‍ച്ചെന്ന് ഒരു താഴ്‌വരയില്‍ പതിയിരുന്നു.
6: കേന്യരോട് അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളെ അമലേക്യരോടൊപ്പം നശിപ്പിക്കാതിരിക്കേണ്ടതിന്, അവരുടെയിടയില്‍നിന്നു മാറിപ്പൊയ്‌ക്കൊള്ളുവിന്‍. ഇസ്രായേല്‍ ഈജിപ്തില്‍നിന്നു പോരുമ്പോള്‍ നിങ്ങളവരോടു കാരുണ്യംകാണിച്ചല്ലോ. അങ്ങനെ കേന്യര്‍ അമലേക്യരുടെയിടയില്‍നിന്നു മാറിത്താമസിച്ചു.
7: സാവൂള്‍ ഹവിലമുതല്‍ ഈജിപ്തിനു കിഴക്ക്, ഷൂര്‍വരെയുള്ള അമലേക്യരെയെല്ലാം സംഹരിച്ചു.
8: അമലേക്യരുടെ രാജാവായ അഗാഗിനെ അവന്‍ ജീവനോടെ പിടിച്ചു. ജനത്തെയപ്പാടെ വാളിനിരയാക്കി.
9: എന്നാല്‍, സാവൂളും ജനവും അഗാഗിനെയും, ആടുമാടുകള്‍, തടിച്ചമൃഗങ്ങള്‍, കുഞ്ഞാടുകള്‍ എന്നിവയില്‍ ഏറ്റവും നല്ലവയെയും - ഉത്തമമായവയൊക്കെയും - നശിപ്പിക്കാതെ സൂക്ഷിച്ചു. നിന്ദ്യവും നിസ്സാരവുമായവയെ അവര്‍ നശിപ്പിച്ചു.
10: കര്‍ത്താവു സാമുവലിനോടരുളിച്ചെയ്തു:
11: സാവൂളിനെ രാജാവാക്കിയതില്‍ ഞാന്‍ ഖേദിക്കുന്നു. അവന്‍ എന്നില്‍നിന്നകലുകയും എൻ്റെ കല്പനകള്‍ നിറവേറ്റാതിരിക്കുകയുംചെയ്തിരിക്കുന്നു. സാമുവല്‍ കോപാകുലനായി; രാത്രിമുഴുവന്‍ കര്‍ത്താവിനോടു കരഞ്ഞപേക്ഷിച്ചു.
12: സാവൂളിനെ പ്രഭാതത്തിനുമുമ്പേകാണാന്‍, സാമുവല്‍ നേരത്തേയെഴുന്നേറ്റു. എന്നാല്‍, സാവൂള്‍ കാര്‍മ്മലിലെത്തി തൻ്റെതന്നെ വിജയസ്തംഭം നാട്ടിയിട്ട്, ഗില്‍ഗാലിലേക്കു മടങ്ങിപ്പോയെന്നു സാമുവലിനറിവുകിട്ടി.
13: അവന്‍ സാവൂളിൻ്റെയടുത്തെത്തി. സാവൂള്‍ പറഞ്ഞു: അങ്ങു കര്‍ത്താവിനാല്‍ അനുഗൃഹീതനാകട്ടെ! ഞാന്‍ കര്‍ത്താവിൻ്റെ കല്പന നിറവേറ്റിയിരിക്കുന്നു.
14: സാമുവല്‍ ചോദിച്ചു: എൻ്റെ കാതുകളില്‍ മുഴങ്ങുന്ന ആടുകളുടെ നിലവിളിയും കാളകളുടെ മുക്രയിടലും എന്താണര്‍ത്ഥമാക്കുന്നത്?
15: സാവൂള്‍ പ്രതിവചിച്ചു: ജനം അമലേക്യരില്‍നിന്നു കൊണ്ടുവന്നതാണവ. നിൻ്റെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ അവര്‍ ആടുകളിലും കാളകളിലുംനിന്നു നല്ലതു സൂക്ഷിച്ചു. ശേഷിച്ചവയെ ഞങ്ങള്‍ നശിപ്പിച്ചുകളഞ്ഞു.
16: നിര്‍ത്ത്, സാമുവല്‍ പറഞ്ഞു, കര്‍ത്താവ് ഈ രാത്രിയില്‍ എന്നോടു പറഞ്ഞതെന്തെന്നു ഞാനറിയിക്കാം. പറഞ്ഞാലും, സാവൂള്‍ പ്രതിവചിച്ചു.
17: സാമുവല്‍ ചോദിച്ചു: സ്വന്തം ദൃഷ്ടിയില്‍ നിസ്സാരനെങ്കിലും ഇസ്രായേല്‍ഗോത്രങ്ങളുടെ നേതാവല്ലേ നീ? ഇസ്രായേലിൻ്റെ രാജാവായി കര്‍ത്താവു നിന്നെ അഭിഷേകംചെയ്തു.
18: പിന്നീടു കര്‍ത്താവ്, ഒരു ദൗത്യമേല്പിച്ചുകൊണ്ട്, പോയി പാപികളായ അമലേക്യരെയെല്ലാം നശിപ്പിക്കുക, അവര്‍ നശിക്കുന്നതുവരെ അവരോടു പോരാടുകയെന്നു നിന്നോടു പറഞ്ഞു.
19: എന്തുകൊണ്ടാണു നീ കര്‍ത്താവിനെയനുസരിക്കാതിരുന്നത്? കവര്‍ച്ചവസ്തുക്കളുടെമേല്‍ ചാടിവീണ് കര്‍ത്താവിനനിഷ്ടമായതു ചെയ്തതെന്തിനാണ്? സാവൂള്‍ പറഞ്ഞു:
20: ഞാന്‍ കര്‍ത്താവിൻ്റെ വാക്കനുസരിച്ചു. കര്‍ത്താവെന്നെയേല്പിച്ച ദൗത്യം ഞാന്‍ നിറവേറ്റി. അമലേക്യരാജാവായ അഗാഗിനെ ഞാന്‍ പിടിച്ചുകൊണ്ടുവന്നു. അമലേക്യരെയെല്ലാം നശിപ്പിച്ചു.
21: എന്നാല്‍, നശിപ്പിക്കപ്പെടേണ്ട കൊള്ളവസ്തുക്കളില്‍ ഏറ്റവും നല്ല ആടുമാടുകളെ നിൻ്റെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ ജനം ഗില്‍ഗാലില്‍ കൊണ്ടുവന്നു.
22: സാമുവല്‍ പറഞ്ഞു: തൻ്റെ കല്പനയനുസരിക്കുന്നതോ ദഹനബലികളും മറ്റു ബലികളുമര്‍പ്പിക്കുന്നതോ കര്‍ത്താവിനു പ്രീതികരം? അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം; മുട്ടാടുകളുടെ മേദസ്സിനെക്കാള്‍ ഉത്കൃഷ്ടം.
23: മാത്സര്യം മന്ത്രവാദംപോലെ പാപമാണ്; മര്‍ക്കടമുഷ്ടി വിഗ്രഹാരാധനപോലെയും. കര്‍ത്താവിൻ്റെ വചനം നീ തിരസ്കരിച്ചതിനാല്‍, അവിടുന്നു രാജത്വത്തില്‍നിന്നു നിന്നെയും തിരസ്കരിച്ചിരിക്കുന്നു.
24: സാവൂള്‍ പറഞ്ഞു: ഞാന്‍ പാപം ചെയ്തുപോയി. ജനത്തെ ഭയപ്പെട്ട് അവരുടെ വാക്കു ഞാനനുസരിച്ചു. കര്‍ത്താവിൻ്റെ കല്പനകളെയും അങ്ങയുടെ വാക്കുകളെയും ലംഘിച്ച് ഞാന്‍ തെറ്റുചെയ്തു.
25: അതിനാല്‍, എൻ്റെ പാപം ക്ഷമിക്കണമെന്നും കര്‍ത്താവിനെ ആരാധിക്കുന്നതിന് അങ്ങെന്നോടുകൂടെ വരണമെന്നും ഇപ്പോള്‍ ഞാനപേക്ഷിക്കുന്നു.
26: സാമുവല്‍ പറഞ്ഞു. ഞാന്‍ നിന്നോടൊത്തു വരില്ല. നീ കര്‍ത്താവിൻ്റെ വചനം തിരസ്കരിച്ചതിനാല്‍, ഇസ്രായേലിൻ്റെ രാജാവായിരിക്കുന്നതില്‍നിന്നു നിന്നെയും അവിടുന്നു തിരസ്കരിച്ചിരിക്കുന്നു.
27: സാമുവല്‍ മടങ്ങിപ്പോകാന്‍ തിരിഞ്ഞപ്പോള്‍ സാവൂള്‍ അവൻ്റെ മേലങ്കിയുടെ വിളുമ്പില്‍ പിടിച്ചുനിര്‍ത്തി, അതു കീറിപ്പോയി.
28: സാമുവല്‍ പറഞ്ഞു: ഇന്നു കര്‍ത്താവ് ഇസ്രായേലിൻ്റെ രാജത്വം നിന്നില്‍നിന്നു വേര്‍പെടുത്തി, നിന്നെക്കാള്‍ ഉത്തമനായ ഒരയല്‍ക്കാരനു കൊടുത്തിരിക്കുന്നു.
29: ഇസ്രായേലിൻ്റെ മഹത്വമായവന്‍ കള്ളംപറയുകയോ അനുതപിക്കുകയോ ഇല്ല; അനുതപിക്കാന്‍ അവിടുന്നു മനുഷ്യനല്ലല്ലോ. സാവൂള്‍ പറഞ്ഞു:
30: ഞാന്‍ പാപംചെയ്തുപോയി. എങ്കിലും, ഇപ്പോള്‍ ജനപ്രമാണികളുടെയും ഇസ്രായേല്യരുടെയുംമുമ്പില്‍ എന്നെ ബഹുമാനിച്ച്, അങ്ങയുടെ ദൈവമായ കര്‍ത്താവിനെയാരാധിക്കാന്‍ എന്നോടൊത്തു വരണമേ!
31: സാമുവല്‍ അവനോടുകൂടെപ്പോയി. സാവൂള്‍ കര്‍ത്താവിനെയാരാധിച്ചു.
32: അനന്തരം, സാമുവല്‍ കല്പിച്ചു: അമലേക്യരുടെ രാജാവായ അഗാഗിനെ ഇവിടെ, എൻ്റെയടുക്കല്‍ കൊണ്ടുവരുക. അഗാഗ് സന്തുഷ്ടനായി, അവൻ്റെയടുക്കല്‍ വന്നു; മരണം ഒഴിഞ്ഞുപോയല്ലോ എന്നാശ്വസിച്ചു.
33: സാമുവല്‍ പറഞ്ഞു: നിൻ്റെ വാള്‍ സ്ത്രീകളെ സന്താനരഹിതരാക്കിയതുപോലെ, നിൻ്റെ അമ്മയും സന്താനരഹിതയാവട്ടെ. അനന്തരം, സാമുവല്‍ ഗില്‍ഗാലില്‍ കര്‍ത്താവിൻ്റെ മുമ്പില്‍വച്ച് അഗാഗിനെ തുണ്ടംതുണ്ടമാക്കി.
34: പിന്നീട് അവന്‍ റാമായിലേക്കു പോയി; സാവൂള്‍ ഗിബെയായിലുള്ള തൻ്റെ വീട്ടിലേക്കും.
35: സാമുവല്‍ പിന്നീടൊരിക്കലും സാവൂളിനെക്കണ്ടില്ല. അവനെയോര്‍ത്തു സാമുവല്‍ ദുഃഖിച്ചു. സാവൂളിനെ ഇസ്രായേലിൻ്റെ രാജാവാക്കിയതില്‍ കര്‍ത്താവു ഖേദിച്ചു.

അദ്ധ്യായം 16

ദാവീദിൻ്റെ അഭിഷേകം
1: കര്‍ത്താവു സാമുവലിനോടു പറഞ്ഞു: ഇസ്രായേലിൻ്റെ രാജത്വത്തില്‍നിന്ന് സാവൂളിനെ ഞാന്‍ തള്ളിക്കളഞ്ഞിരിക്കുന്നു. അവനെയോര്‍ത്ത്, നീയെത്രനാള്‍ വിലപിക്കും? കുഴലില്‍ തൈലംനിറച്ചു പുറപ്പെടുക. ഞാന്‍ നിന്നെ ബേത്‌ലെഹെംകാരനായ ജസ്സെയുടെ അടുത്തേക്കയയ്ക്കും. അവൻ്റെയൊരു മകനെ ഞാന്‍ രാജാവായി നിശ്ചയിച്ചിരിക്കുന്നു.
2: സാമുവല്‍ ചോദിച്ചു: ഞാനെങ്ങനെ പോകും? സാവൂള്‍ ഇതുകേട്ടാല്‍, എന്നെക്കൊന്നുകളയും. കര്‍ത്താവു പറഞ്ഞു: ഒരു പശുക്കിടാവിനെക്കൂടെ കൊണ്ടുപോവുക, കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ വന്നിരിക്കുകയാണെന്നു പറയുക.
3: ജസ്സെയെയും ബലിയര്‍പ്പണത്തിനു ക്ഷണിക്കുക. നീയെന്താണു ചെയ്യേണ്ടതെന്നു ഞാന്‍ കാണിച്ചുതരാം. ഞാന്‍ പറയുന്നവനെ എനിക്കായി നീയഭിഷേകംചെയ്യണം.
4: കര്‍ത്താവു കല്പിച്ചതുപോലെ സാമുവല്‍ പ്രവര്‍ത്തിച്ചു. അവന്‍ ബേത്‌ലെഹെമിലെത്തി. നഗരത്തിലെ ശ്രേഷ്ഠന്മാര്‍ ഭയപരവശരായി അവനെക്കാണാന്‍ വന്നു. അവര്‍ ചോദിച്ചു: അങ്ങയുടെ വരവു ശുഭസൂചകമോ?
5: അതേ, അവന്‍ പറഞ്ഞു, ഞാന്‍ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ വന്നിരിക്കുന്നു. നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് ബലിയര്‍പ്പണത്തിന് എന്നോടൊത്തു വരുവിന്‍. അനന്തരം, അവന്‍ ജസ്സെയെയും പുത്രന്മാരെയും ശുദ്ധീകരിച്ച് ബലിയര്‍പ്പണത്തിനു ക്ഷണിച്ചു.
6: അവന്‍ വന്നപ്പോള്‍ സാമുവല്‍ ഏലിയാബിനെ ശ്രദ്ധിച്ചു. കര്‍ത്താവിൻ്റെ അഭിഷിക്തനാണു മുമ്പില്‍ നില്‍ക്കുന്നതെന്ന് അവനു തോന്നി.
7: എന്നാല്‍, കര്‍ത്താവു സാമുവലിനോടു കല്പിച്ചു: അവൻ്റെ ആകാരവടിവോ ഉയരമോ നോക്കേണ്ടാ. അവനെ ഞാന്‍ തിരസ്കരിച്ചതാണ്. മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവു കാണുന്നത്. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും.
8: ജസ്സെ അബിനാദാബിനെ സാമുവലിൻ്റെമുമ്പില്‍ വരുത്തി. ഇവനെയും കര്‍ത്താവു തിരഞ്ഞെടുത്തിട്ടില്ല എന്നു സാമുവല്‍ പറഞ്ഞു.
9: പിന്നെ ജസ്സെ ഷമ്മായെ വരുത്തി. കര്‍ത്താവു തിരഞ്ഞെടുത്തവനല്ല ഇവനുമെന്ന് അവന്‍ പറഞ്ഞു.
10: ജസ്സെ തൻ്റെ ഏഴു പുത്രന്മാരെ സാമുവലിൻ്റെ മുമ്പില്‍ കൊണ്ടുവന്നു. അവന്‍ ജസ്സെയോടു പറഞ്ഞു: ഇവരെയാരെയും കര്‍ത്താവു തിരഞ്ഞെടുത്തിട്ടില്ല.
11: നിൻ്റെ പുത്രന്മാര്‍ എല്ലാവരുമായോ എന്നു സാമുവല്‍ അവനോടു ചോദിച്ചു. ഇനി ഇളയ മകനുണ്ട്; അവന്‍ ആടുകളെ മേയിക്കാൻ പോയിരിക്കുകയാണ്. അവന്‍ പറഞ്ഞു. അവനെ ആളയച്ചു വരുത്താന്‍ സാമുവലാവശ്യപ്പെട്ടു. അവന്‍ വന്നിട്ടേ ഞങ്ങള്‍ ഭക്ഷണം കഴിക്കുകയുള്ളു എന്നും പറഞ്ഞു. ജസ്സെ അവനെ ആളയച്ചു വരുത്തി.
12: പവിഴനിറവും മനോഹര നയനങ്ങളുമുള്ള അവന്‍ സുന്ദരനായിരുന്നു. കര്‍ത്താവു കല്പിച്ചു: എഴുന്നേറ്റ് അവനെ അഭിഷേകംചെയ്യുക. തിരഞ്ഞെടുക്കപ്പെട്ടവന്‍ അവന്‍തന്നെ. സാമുവല്‍ അവനെ സഹോദരന്മാരുടെ മുമ്പില്‍വച്ച്, കുഴലിലെ തൈലംകൊണ്ടഭിഷേകംചെയ്തു.
13: അന്നുമുതല്‍ കര്‍ത്താവിൻ്റെ ആത്മാവ് ദാവീദിൻ്റെമേല്‍ ശക്തമായി ആവസിച്ചു. സാമുവല്‍ റാമായിലേക്കുപോയി.

ദാവീദ് സാവൂളിനോടൊന്നിച്ച്

14: കര്‍ത്താവിൻ്റെ ആത്മാവ് സാവൂളിനെ വിട്ടുപോയി. അവിടുന്നയച്ച ഒരു ദുരാത്മാവ് അവനെ പീഡിപ്പിച്ചു.
15: സാവൂളിൻ്റെ ഭൃത്യന്മാര്‍ അവനോടു പറഞ്ഞു: ദൈവം അയച്ച ഒരു ദുരാത്മാവ് അങ്ങയെ പീഡിപ്പിക്കുന്നു.
16: ആകയാല്‍, കിന്നരം വായനയില്‍ നിപുണനായ ഒരുവനെയന്വേഷിക്കാന്‍ അങ്ങ് അടിയങ്ങള്‍ക്കു കല്പനതരണം. ദുരാത്മാവ്, അങ്ങയിലാവസിക്കുമ്പോള്‍ അവന്‍ കിന്നരം വായിച്ച് അങ്ങേയ്ക്കാശ്വാസംനല്കും.
17: കിന്നരവായനയില്‍ നിപുണനായ ഒരുവനെത്തേടിപ്പിടിക്കാന്‍ സാവൂള്‍ ഭൃത്യന്മാരോടു കല്പിച്ചു.
18: ബേത്‌ലെഹെംകാരനായ ജസ്സെയുടെ ഒരു മകനെ ഞാന്‍ കണ്ടിട്ടുണ്ടെന്ന്, ഭൃത്യരിലൊരുവന്‍ പറഞ്ഞു. അവന്‍ കിന്നരവായനയില്‍ നിപുണനും പരാക്രമിയായ യോദ്ധാവും വാക്ചാതുര്യമുള്ളവനും, കോമളനുമാണ്; കര്‍ത്താവവനോടുകൂടെയുണ്ട്.
19: സാവൂള്‍ ജസ്സെയുടെയടുത്തു ദൂതന്മാരെവിട്ട്, ആട്ടിടയനായ നിൻ്റെ മകന്‍ ദാവീദിനെ എൻ്റെയടുക്കലയയ്ക്കുക എന്നറിയിച്ചു.
20: ജസ്സെ ഒരു കഴുതയുടെ പുറത്ത്, കുറേ അപ്പം, ഒരു പാത്രം വീഞ്ഞ്, ഒരാട്ടിന്‍കുട്ടി എന്നിവ കയറ്റി തൻ്റെ മകന്‍ ദാവീദുവശം സാവൂളിനു കൊടുത്തയച്ചു.
21: ദാവീദ് സാവൂളിൻ്റെയടുക്കലെത്തി സേവനമാരംഭിച്ചു. സാവൂളിന് അവനെ വളരെയധികമിഷ്ടപ്പെട്ടു. ദാവീദ് അവൻ്റെ ആയുധവാഹകനായിത്തീര്‍ന്നു..
22: സാവൂള്‍ ജസ്സെയുടെയടുക്കല്‍ ആളയച്ച് ദാവീദിനെ എനിക്കിഷ്ടപ്പെട്ടു, അവനിവിടെ നില്‍ക്കട്ടെ എന്നറിയിച്ചു.
23: ദൈവമയച്ച ദുരാത്മാവ്, സാവൂളില്‍ പ്രവേശിക്കുമ്പോഴൊക്കെ ദാവീദ് കിന്നരം വായിക്കും. അതുവഴി അവന് ആശ്വാസവും സുഖവും ലഭിക്കുകയും ദുരാത്മാവ് അവനെ വിട്ടുമാറുകയും ചെയ്തിരുന്നു.

അദ്ധ്യായം 17

ദാവീദും ഗോലിയാത്തും

1: ഫിലിസ്ത്യര്‍ യുദ്ധത്തിനു സൈന്യത്തെ ഒരുമിച്ചുകൂട്ടി. അവര്‍ യൂദായുടെ സൊക്കോയില്‍ സമ്മേളിച്ച്, സൊക്കോയ്ക്കും അസെക്കായ്ക്കുംമദ്ധ്യേ ഏഫെസ്‌ദമ്മിമില്‍ പാളയമടിച്ചു.
2: സാവൂളും ഇസ്രായേല്യരും ഏലാതാഴ്‌വരയില്‍ പാളയമടിച്ച് അവര്‍ക്കെതിരേ അണിനിരന്നു.
3: താഴ്‌വരയുടെ അപ്പുറത്തും ഇപ്പുറത്തുമുള്ള മലകളില്‍ ഫിലിസ്ത്യരും ഇസ്രായേല്യരും നിലയുറപ്പിച്ചു.
4: അപ്പോള്‍ ഫിലിസ്ത്യപ്പാളയത്തില്‍നിന്നു ഗത്ത്കാരനായ ഗോലിയാത്ത് എന്ന മല്ലന്‍ മുമ്പോട്ടുവന്നു. ആറുമുഴവും ഒരു ചാണും ഉയരമുണ്ടായിരുന്നു അവന്.
5: അവൻ്റെ തലയില്‍ ഒരു പിച്ചളത്തൊപ്പിയുണ്ടായിരുന്നു. അയ്യായിരം ഷെക്കല്‍ തൂക്കമുള്ള പിച്ചളക്കവചമാണ് അവന്‍ ധരിച്ചിരുന്നത്.
6: അവന്‍ പിച്ചളകൊണ്ടുള്ള കാല്‍ച്ചട്ട ധരിക്കുകയും പിച്ചളകൊണ്ടുള്ള കുന്തം തോളില്‍ തൂക്കിയിടുകയും ചെയ്തിരുന്നു.
7: അവൻ്റെ കുന്തത്തിൻ്റെ തണ്ടിന് നെയ്ത്തുകാരൻ്റെ ഉരുളിൻ്റെ കനവും, അതിൻ്റെ ഇരുമ്പുമുനയ്ക്ക് അറുനൂറു ഷെക്കല്‍ ഭാരവുമുണ്ടായിരുന്നു. പരിച വഹിക്കുന്നവന്‍ അവൻ്റെമുമ്പേ നടന്നിരുന്നു.
8: ഗോലിയാത്ത് ഇസ്രായേല്‍പ്പടയുടെനേര്‍ക്ക് അട്ടഹസിച്ചു: നിങ്ങള്‍ യുദ്ധത്തിനു വന്നിരിക്കുകയാണോ? ഞാനൊരു ഫിലിസ്ത്യനാണ്. നിങ്ങള്‍ സാവൂളിൻ്റെ സേവകരല്ലേ? നിങ്ങള്‍ ഒരുത്തനെ തിരഞ്ഞെടുക്കുക; അവന്‍ എന്നെ നേരിടട്ടെ.
9: അവനെന്നോടു പൊരുതി എന്നെ കൊല്ലുകയാണെങ്കില്‍, ഞങ്ങള്‍ നിങ്ങളുടെ ദാസന്മാരാകാം. ഞാനവനെ തോല്പിച്ചു കൊന്നാല്‍ നിങ്ങള്‍ ഞങ്ങള്‍ക്ക്, അടിമവേല ചെയ്യണം.
10: അവന്‍ തുടര്‍ന്നു: ഇസ്രായേല്‍ നിരകളെ ഞാന്‍ വെല്ലുവിളിക്കുന്നു. എന്നോടു യുദ്ധംചെയ്യാന്‍ ഒരാളെ വിടുവിന്‍.
11: അവൻ്റെ വാക്കുകള്‍കേട്ടു സാവൂളും ഇസ്രായേല്യരും ചകിതരായി.
12: യൂദായിലെ ബേത്‌ലെഹെമില്‍നിന്നുള്ള എഫ്രാത്യനായ ജസ്സെയുടെ മകനായിരുന്നു ദാവീദ്. ജസ്സെയ്ക്ക് എട്ടു മക്കളുണ്ടായിരുന്നു. സാവൂളിൻ്റെകാലത്ത് അവന്‍ വൃദ്ധനായിരുന്നു.
13: അവൻ്റെ പുത്രന്മാരില്‍ മൂത്ത മൂന്നു പേര്‍ സാവൂളിനോടൊത്ത്‌ യുദ്ധരംഗത്തുണ്ടായിരുന്നു - ആദ്യജാതനായ ഏലിയാബ്, അബിനാദാബ്, ഷമ്മാ.
14: ദാവീദ് ഏറ്റവും ഇളയവനായിരുന്നു. മൂത്ത മൂന്നുപേര്‍ സാവൂളിനോടൊത്തുണ്ടായിരുന്നു.
15: ദാവീദ് പിതാവിൻ്റെ ആടുകളെമേയ്ക്കാന്‍ സാവൂളിൻ്റെയടുക്കല്‍നിന്ന് ബേത്‌ലെഹെമില്‍ പോയിവരുക പതിവായിരുന്നു.
16: ഗോലിയാത്ത് നാല്പതുദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും യുദ്ധത്തിനു വെല്ലുവിളിച്ചു.
17: ജസ്സെ ദാവീദിനോടു പറഞ്ഞു: ഒരു ഏഫാ മലരും പത്തപ്പവും പാളയത്തില്‍ നിൻ്റെ സഹോദരന്മാര്‍ക്ക്, വേഗം കൊണ്ടുപോയിക്കൊടുക്കുക.
18: അവരുടെ സഹസ്രാധിപനു പത്തു പാല്‍ക്കട്ടി കൊണ്ടുപോവുക. സഹോദരന്മാരുടെ ക്ഷേമമന്വേഷിച്ച്, അവരില്‍നിന്ന് ഒരടയാളവും വാങ്ങിവരുക.
19: സാവൂളും ദാവീദിൻ്റെ സഹോദരന്മാരും മറ്റ് ഇസ്രായേല്യരും ഏലാ താഴ്‌വരയില്‍ ഫിലിസ്ത്യരോടു യുദ്ധംചെയ്യുകയായിരുന്നു.
20: പിതാവ് ആജ്ഞാപിച്ചതനുസരിച്ച്, ദാവീദ് അതിരാവിലെയെഴുന്നേറ്റ്, ആടുകളെ ഒരു കാവല്‍ക്കാരനെയേല്പിച്ചിട്ട്, ഭക്ഷണസാധനങ്ങളുമായി പുറപ്പെട്ടു. അവന്‍ പാളയത്തിലെത്തുമ്പോള്‍ സൈന്യം പോര്‍വിളിച്ചുകൊണ്ടു പുറപ്പെടുകയായിരുന്നു.
21: ഇസ്രായേല്യരും ഫിലിസ്ത്യരും യുദ്ധസന്നദ്ധരായി മുഖാഭിമുഖമണിനിരന്നു.
22: കൊണ്ടുവന്ന പൊതി പടക്കോപ്പു സൂക്ഷിപ്പുകാരനെ ഏല്പിച്ചിട്ട്, ദാവീദ്‌ യുദ്ധരംഗത്ത് ഓടിച്ചെന്ന് തൻ്റെ സഹോദരന്മാരോടു ക്ഷേമാന്വേഷണംനടത്തി.
23: അവരോടു സംസാരിച്ചുകൊണ്ടുനില്‍ക്കവേ ഗത്തില്‍നിന്നുള്ള ഗോലിയാത്ത് എന്ന ഫിലിസ്ത്യമല്ലന്‍ മുമ്പോട്ടുവന്നു മുമ്പത്തെപ്പോലെ വെല്ലുവിളിക്കുന്നതു ദാവീദു കേട്ടു.
24: ഗോലിയാത്തിനെക്കണ്ടപ്പോള്‍ ഇസ്രായേല്യര്‍ ഭയന്നോടി.
25: അവര്‍ പറഞ്ഞു: ഈ വന്നുനില്‍ക്കുന്ന മനുഷ്യനെക്കണ്ടോ? അവന്‍ ഇസ്രായേലിനെ നിന്ദിക്കാന്‍ വന്നിരിക്കുന്നു. അവനെ കൊല്ലുന്നവനെ രാജാവു മഹാസമ്പന്നനാക്കും. തൻ്റെ മകളെ അവനു വിവാഹംചെയ്തുകൊടുക്കുകയും, അവൻ്റെ പിതൃഭവനത്തിന്, ഇസായേലില്‍ കരമൊഴിവു കല്പിച്ചുകൊടുക്കുകയുംചെയ്യും.
26: ദാവീദ് അടുത്തുനിന്നവരോടു ചോദിച്ചു: ഈ ഫിലിസ്ത്യനെക്കൊന്ന്, ഇസ്രായേലിനു വന്നിരിക്കുന്ന അപമാനം നീക്കിക്കളയുന്നവന് എന്തുകിട്ടും? ജീവിക്കുന്ന ദൈവത്തിൻ്റെ സേനകളെ നിന്ദിക്കാന്‍ ഈ അപരിച്ഛേദിതന്‍ ആരാണ്?
27: അവനെക്കൊല്ലുന്നവന്, മുമ്പു പറഞ്ഞവയെല്ലാം നല്കുമെന്ന് അവര്‍ പറഞ്ഞു.
28: ദാവീദ് അവരോടു സംസാരിക്കുന്നതു മൂത്തസഹോദരന്‍ ഏലിയാബ് കേട്ടു. അവന്‍ കുപിതനായി ദാവീദിനോടു ചോദിച്ചു: നീയെന്തിനിവിടെ വന്നു? കുറെ ആടുകളുള്ളതിനെ മരുഭൂമിയില്‍ ആരെയേല്പിച്ചിട്ടു പോന്നു? നിൻ്റെ അഹന്തയും ദുഷ്ടതയും എനിക്കറിയാം. നീ വന്നതു യുദ്ധംകാണാനല്ലേ?
29: ദാവീദ് ചോദിച്ചു: ഞാനിപ്പോള്‍ എന്തുചെയ്തു? ഒരു വാക്ക് പറഞ്ഞതല്ലേയുള്ളു?
30: അവന്‍ ജ്യേഷ്ഠൻ്റെയടുക്കല്‍നിന്നു തിരിഞ്ഞു വേറൊരുവനോടു മുന്‍ചോദ്യംതന്നെയാവര്‍ത്തിച്ചു. എല്ലാവരും അതേയുത്തരംതന്നെ പറഞ്ഞു.
31: ദാവീദിൻ്റെ വാക്കുകേട്ടവര്‍ സാവൂളിനെ അതറിയിച്ചു. രാജാവ് അവനെ വിളിപ്പിച്ചു.
32: ദാവീദ് സാവൂളിനോടു പറഞ്ഞു: അവനെയോര്‍ത്ത് ആരും അധൈര്യപ്പെടേണ്ടാ: ഈ ഫിലിസ്ത്യനോട് അങ്ങയുടെ ദാസന്‍ യുദ്ധംചെയ്യാം.
33: സാവൂള്‍ ദാവീദിനോടു പറഞ്ഞു: ഈ ഫിലിസ്ത്യനെ നേരിടാന്‍ നീ ശക്തനല്ല. നീ ചെറുപ്പമല്ലേ? അവനാകട്ടെ ചെറുപ്പംമുതല്‍ യോദ്ധാവാണ്.
34: ദാവീദ് വീണ്ടും പറഞ്ഞു: പിതാവിൻ്റെ ആടുകളെ മേയിക്കുന്നവനാണ് അങ്ങയുടെ ഈ ദാസന്‍.
35: സിംഹമോ കരടിയോവന്ന്, ആട്ടിന്‍ പറ്റത്തില്‍നിന്ന് ഒരാട്ടിന്‍കുട്ടിയെ തട്ടിയെടുത്താല്‍, ഞാനതിനെ പിന്തുടര്‍ന്ന്, ആട്ടിന്‍കുട്ടിയെ രക്ഷിക്കും. അത് എന്നെയെതിര്‍ത്താല്‍ ഞാനതിൻ്റെ  ജടയ്ക്കുപിടിച്ച് അടിച്ചുകൊല്ലും.
36: അങ്ങയുടെ ദാസന്‍ സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്. ജീവിക്കുന്ന ദൈവത്തിൻ്റെ സൈന്യത്തെ അപമാനിക്കുന്ന അപരിച്ഛേദിതനായ ഈ ഫിലിസ്ത്യനും അവയിലൊന്നിനെപ്പോലെയാകും.
37: സിംഹത്തിൻ്റെയും കരടിയുടെയും കൈയില്‍നിന്ന് എന്നെ രക്ഷിച്ച കര്‍ത്താവ്, ഈ ഫിലിസ്ത്യൻ്റെ കൈയില്‍നിന്നും എന്നെ രക്ഷിക്കും. സാവൂള്‍ ദാവീദിനോടു പറഞ്ഞു: പോവുക; കര്‍ത്താവു നിന്നോടുകൂടെയുണ്ടായിരിക്കട്ടെ!
38: അനന്തരം, സാവൂള്‍ തൻ്റെ പോര്‍ച്ചട്ട ദാവീദിനെയണിയിച്ചു. ഒരു പിച്ചളത്തൊപ്പി അവൻ്റെ തലയില്‍ വച്ചു. തൻ്റെ കവചവും അവനെ ധരിപ്പിച്ചു.
39: പോര്‍ച്ചട്ടയും വാളുംധരിച്ച് ദാവീദ് നടക്കാന്‍ നോക്കി. പക്ഷേ, സാധിച്ചില്ല. അവനതു പരിചയമില്ലായിരുന്നു. ഇതൊന്നും പരിചയിച്ചിട്ടില്ലാത്തതിനാല്‍ ഇവ ധരിച്ചുനടക്കാന്‍ എനിക്കു സാധിക്കുകയില്ലെന്ന് അവന്‍ സാവൂളിനോടു പറഞ്ഞു. അവനതൂരിവച്ചു.
40: പിന്നെയവന്‍ തൻ്റെ വടിയെടുത്തു. തോട്ടില്‍നിന്നു മിനുസമുള്ള അഞ്ചു കല്ലു തിരഞ്ഞെടുത്തു സഞ്ചിയിലിട്ടു. കവിണ അവൻ്റെ കൈയിലുണ്ടായിരുന്നു. അവന്‍ ഫിലിസ്ത്യനെ സമീപിച്ചു.
41: ഗോലിയാത്ത് ദാവീദിനോടടുത്തു. ആയുധവാഹകന്‍ മുമ്പേനടന്നു.
42: ദാവീദിനെക്കണ്ടപ്പോള്‍ ഫിലിസ്ത്യനു പുച്ഛംതോന്നി. എന്തെന്നാല്‍, അവന്‍ തുടുത്തുകോമളനായ ഒരു കുമാരന്‍മാത്രമായിരുന്നു.
43: ഗോലിയാത്തു ദാവീദിനോടു ചോദിച്ചു: എൻ്റെനേരേ വടിയുമായി വരാന്‍ ഞാനൊരു പട്ടിയോ? അവന്‍ ദേവന്മാരുടെ പേരുചൊല്ലി ദാവീദിനെ ശപിച്ചു.
44: അവന്‍ ദാവീദിനോടു പറഞ്ഞു: വരൂ; ഞാന്‍ നിൻ്റെ മാംസം പറവകള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും കൊടുക്കും.
45: ദാവീദ് പ്രതിവചിച്ചു: വാളും കുന്തവും ചാട്ടുളിയുമായി നീയെന്നെ നേരിടാന്‍ വരുന്നു. ഞാനാകട്ടെ നീ നിന്ദിച്ച, ഇസ്രായേല്‍സേനകളുടെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവിൻ്റെ നാമത്തിലാണു വരുന്നത്.
46: കര്‍ത്താവു നിന്നെയിന്ന്, എൻ്റെ കൈയിലേല്പിക്കും. ഞാന്‍ നിന്നെ വീഴ്ത്തും. നിൻ്റെ തലവെട്ടിയെടുക്കും. ഫിലിസ്ത്യരുടെ ശവശരീരങ്ങള്‍ പറവകള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കുമിരയാകും. ഇസ്രായേലിലൊരു ദൈവമുണ്ടെന്ന് ലോകമെല്ലാമറിയും.
47: കര്‍ത്താവ് വാളും കുന്തവുംകൊണ്ടല്ല രക്ഷിക്കുന്നതെന്ന്, ഈ ജനതതി മനസ്സിലാക്കും. ഈയുദ്ധം കര്‍ത്താവിന്റേതാണ്; അവിടുന്നു നിങ്ങളെ ഞങ്ങളുടെ കൈയിലേല്പിക്കും.
48: തന്നെ നേരിടാന്‍ ഫിലിസ്ത്യന്‍ അടുക്കുന്നതുകണ്ട്, ദാവീദ് അവനോടെതിര്‍ക്കാന്‍ വേഗത്തിലോടി മുന്നണിയിലെത്തി.
49: ദാവീദ് സഞ്ചിയില്‍നിന്ന് ഒരു കല്ലെടുത്തു കവിണയില്‍വച്ച് ഗോലിയാത്തിൻ്റെ നെറ്റിക്ക് ആഞ്ഞെറിഞ്ഞു. കല്ലു നെറ്റിയില്‍ത്തന്നെ തറച്ചുകയറി. അവന്‍ മുഖംകുത്തി നിലംപതിച്ചു.
50: അങ്ങനെ ദാവീദ്, കല്ലും കവിണയുമായി ഗോലിയാത്തിനെനേരിട്ട്, അവനെയെറിഞ്ഞു വീഴ്ത്തി. അവൻ്റെ കൈയില്‍, വാളില്ലായിരുന്നു.
51: ദാവീദ് ഓടിച്ചെന്ന് ഗോലിയാത്തിൻ്റെമേല്‍ കയറിനിന്ന് അവൻ്റെ വാൾ ഉറയില്‍നിന്നുവലിച്ചൂരി. അവനെ കഴുത്തുവെട്ടിമുറിച്ചു കൊന്നു. തങ്ങളുടെ മല്ലന്‍ വധിക്കപ്പെട്ടെന്നുകണ്ടപ്പോള്‍ ഫിലിസ്ത്യര്‍ ഓടിക്കളഞ്ഞു.
52: ഇസ്രായേലിലെയും യൂദായിലെയുമാളുകള്‍ ആര്‍പ്പുവിളിച്ചുകൊണ്ട് ഗത്ത്, എക്രോണിൻ്റെ കവാടങ്ങള്‍ എന്നിവിടംവരെ ഫിലിസ്ത്യരെ പിന്തുടര്‍ന്നു. ഷാറായിംമുതല്‍ ഗത്തും എക്രോണുംവരെയുള്ള വഴികളില്‍ ഫിലിസ്ത്യര്‍ മുറിവേറ്റുവീണു.
53: ഫിലിസ്ത്യരെ അനുധാവനംചെയ്തു മടങ്ങിവന്നതിനുശേഷം ഇസ്രായേല്യര്‍ അവരുടെ പാളയം കൊള്ളയടിച്ചു.
54: ദാവീദ് ഗോലിയാത്തിൻ്റെ തല ജറുസലേമിലേക്കു കൊണ്ടുവന്നു; കവചം കൂടാരത്തില്‍ സൂക്ഷിച്ചു.
55: ദാവീദ് ഗോലിയാത്തിനെ എതിര്‍ക്കാന്‍ പോകുന്നതുകണ്ടപ്പോള്‍ സാവൂള്‍ സൈന്യാധിപനായ അബ്‌നേറിനോടു ചോദിച്ചു: അബ്നേര്‍, ആരുടെ മകനാണ് ഈ യുവാവ്? തനിക്കറിഞ്ഞുകൂടെന്ന് അവന്‍ പ്രതിവചിച്ചു.
56: ആയുവാവ് ആരുടെ മകനാണെന്നന്വേഷിക്കാന്‍ രാജാവു കല്പിച്ചു.
57: ഗോലിയാത്തിനെ വധിച്ചു മടങ്ങിവന്ന ദാവീദിനെ അബ്‌നേര്‍ സാവൂളിൻ്റെയടുക്കല്‍ കൂട്ടിക്കൊണ്ടുവന്നു. ഫിലിസ്ത്യൻ്റെ ശിരസ്സും അവൻ്റെ കൈയിലുണ്ടായിരുന്നു.
58: സാവൂള്‍ അവനോടു ചോദിച്ചു: നീ ആരുടെ മകനാണ്? അങ്ങയുടെ ദാസനായ ബേത്‌ലെഹെംകാരന്‍ ജസ്സെയുടെ മകനാണു ഞാന്‍ എന്നു ദാവീദ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ