എണ്‍പത്തിയാറാം ദിവസം: 2 സാമുവേല്‍ 22 - 24


അദ്ധ്യായം 22

ദാവീദിന്റെ വിജയകീര്‍ത്തനം
1: കര്‍ത്താവു ദാവീദിനെ സകലശത്രുക്കളില്‍നിന്നും സാവൂളില്‍നിന്നും രക്ഷിച്ചദിവസം, ദാവീദ് അവിടുത്തേക്ക് ഈ കീര്‍ത്തനമാലപിച്ചു: 
2: കര്‍ത്താവല്ലോ ഉന്നതശിലയും ദുര്‍ഗ്ഗവും എന്റെ വിമോചകനും എന്റെ ദൈവവും എനിക്കഭയംതരുന്ന പാറയും പരിചയും രക്ഷാശൃംഗവും അഭയകേന്ദ്രവും
3: എന്റെ രക്ഷകനും അവിടുന്നാണ്. അങ്ങെന്നെ അക്രമത്തില്‍നിന്നു രക്ഷിക്കുന്നു. 
4: സ്തുത്യര്‍ഹനായ കര്‍ത്താവിനെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നുഅവിടുന്നെന്നെ ശത്രുക്കളില്‍നിന്നു രക്ഷിക്കും. 
5: മൃത്യുതരംഗങ്ങള്‍ എന്നെ വലയംചെയ്തു. വിനാശത്തിന്റെ മഹാപ്രവാഹങ്ങള്‍ എന്നെ ആക്രമിച്ചു. 
6: പാതാളപാശങ്ങള്‍ എന്നെച്ചുറ്റി. മരണമെനിക്കു കെണിയൊരുക്കി. 
7: കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. എന്റെ ദൈവത്തോടു ഞാന്‍ നിലവിളിച്ചു. അവിടുന്നു തന്റെ ആലയത്തില്‍നിന്ന്, എന്റെയപേക്ഷ കേട്ടു. എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി. 
8: കര്‍ത്താവിന്റെ കോപത്തില്‍ ഭൂമി ഞെട്ടിവിറച്ചു. ആകാശത്തിന്റെ അടിസ്ഥാനങ്ങളിളകി. 
9: അവിടുത്തെ നാസികയില്‍നിന്നു ധൂമപടലമുയര്‍ന്നു. വായില്‍നിന്നു സര്‍വ്വവുംവിഴുങ്ങുന്ന അഗ്നി പുറപ്പെട്ടുജ്വലിക്കുന്ന കനലുകള്‍ ആളിക്കത്തി. 
10: ആകാശംചായിച്ച്, അവിടുന്നിറങ്ങിവന്നുകൂരിരുട്ടിനുമേല്‍ അവിടുന്നു പാദമുറപ്പിച്ചു. 
11: കെരൂബിനെ വാഹനമാക്കി അവിടുന്നു പറന്നു. കാറ്റിന്റെ ചിറകുകളില്‍ അവിടുന്നു പ്രത്യക്ഷനായി. 
12: അന്ധകാരംകൊണ്ട് അവിടുന്ന് ആവരണം ചമച്ചുജലംനിറഞ്ഞ കാര്‍മേഘങ്ങള്‍ വിതാനവും. 
13: അവിടുത്തെമുമ്പില്‍ ജ്വലിക്കുന്ന തേജസ്സില്‍നിന്നു തീക്കനല്‍ പാറി. 
14: കര്‍ത്താവ് ആകാശത്തില്‍ ഇടിമുഴക്കി. അത്യുന്നതന്റെ ശബ്ദം മുഴങ്ങിക്കേട്ടു. 
15: അവിടുന്ന്, അമ്പയച്ച് അവരെ ചിതറിച്ചു. മിന്നല്‍പ്പിണര്‍കൊണ്ട് അവരെ പായിച്ചു. 
16: അവിടുത്തെ നാസികയില്‍നിന്നുദ്ഗമിച്ച ക്രുദ്ധനിശ്വാസത്താല്‍ സമുദ്രത്തിന്റെ ഉള്‍ച്ചാലുകള്‍ കാണപ്പെട്ടു. ഭൂമിയുടെ അടിസ്ഥാനങ്ങള്‍ നഗ്നമാക്കപ്പെട്ടു. 
17: അത്യുന്നതങ്ങളില്‍നിന്നു കൈനീട്ടി അവിടുന്നെന്നെ പിടിച്ചു. പെരുവെള്ളത്തില്‍നിന്ന് അവിടുന്നെന്നെ പൊക്കിയെടുത്തു. 
18: പ്രബലനായ ശത്രുവില്‍നിന്നും എന്നെ വെറുത്തവരില്‍നിന്നും അവിടുന്നെന്നെ രക്ഷിച്ചു. അവര്‍ എന്റെ ശക്തിക്കതീതരായിരുന്നു. 
19: അനര്‍ത്ഥകാലത്ത് അവര്‍ എന്റെമേല്‍ ചാടിവീണു. കര്‍ത്താവ് എനിക്കഭയസ്ഥാനമായിരുന്നു. 
20: അവിടുന്നെന്നെ വിശാലസ്ഥലത്തേക്കാനയിച്ചു. എന്നില്‍ പ്രസാദിച്ചതിനാല്‍ എന്നെ വിമോചിപ്പിച്ചു. 
21: എന്റെ നീതിക്കൊത്തവിധം കര്‍ത്താവെനിക്കു പ്രതിഫലം നല്കി. എന്റെ കൈകളുടെ നിര്‍മ്മലതയ്ക്കു ചേര്‍ന്നവിധം എനിക്കു പകരംതന്നു.
22: കര്‍ത്താവിന്റെ വഴിയില്‍നിന്നു ഞാന്‍ വ്യതിചലിച്ചില്ല. തിന്മചെയ്ത് എന്റെ ദൈവത്തില്‍നിന്നു ഞാനകന്നു പോയില്ല. 
23: അവിടുത്തെ കല്പനകള്‍ എന്റെ കണ്മുമ്പിലുണ്ടായിരുന്നു. അവിടുത്തെ നിയമങ്ങള്‍ ഞാന്‍ ലംഘിച്ചില്ല. 
24: തിരുമുമ്പില്‍ ഞാന്‍ നിര്‍മ്മലനായിരുന്നു. കുറ്റങ്ങളില്‍നിന്നു ഞാനകന്നുനിന്നു. 
25: ആകയാല്‍, എന്റെ നീതിയും നിഷ്‌കളങ്കതയുംകണ്ടു കര്‍ത്താവെനിക്കു പ്രതിഫലം നല്കി. 
26: വിശ്വസ്തനോട് അവിടുന്നു വിശ്വസ്തത പുലര്‍ത്തുന്നു. നിഷ്‌കളങ്കനോടു നിഷ്‌കളങ്കമായി പെരുമാറുന്നു. 
27: നിര്‍മ്മലനോടു നിര്‍മ്മലമായും ദുഷ്ടനോടു ക്രൂരമായും അങ്ങു പെരുമാറുന്നു. 
28: വിനീതരെ അങ്ങു വിടുവിക്കുന്നു. അഹങ്കാരികളെ അങ്ങു വീഴ്ത്തുന്നു. 
29: കര്‍ത്താവേഅങ്ങെന്റെ ദീപമാണ്. എന്റെ ദൈവംഎന്റെ അന്ധകാരമകറ്റുന്നു. 
30: അങ്ങയുടെ സഹായത്താല്‍ സൈന്യനിരയെ ഞാന്‍ ഭേദിക്കും. എന്റെ ദൈവത്തിന്റെ സഹായത്താല്‍ കോട്ട ഞാന്‍ ചാടിക്കടക്കും. 
31: ദൈവത്തിന്റെ മാര്‍ഗ്ഗം അവികലമാണ്. തന്നിലാശ്രയിക്കുന്നവര്‍ക്ക്, അവിടുന്നു പരിചയാണ്. കര്‍ത്താവിന്റെ വാഗ്ദാനം നിറവേറ്റപ്പെടും. 
32: കര്‍ത്താവല്ലാതെ ദൈവമായ ആരുണ്ട്നമ്മുടെ ദൈവമല്ലാതെ ഉന്നതശിലയുണ്ടോ? 
33: ദൈവമാണ് എന്റെ സുശക്തസങ്കേതം.. എന്റെ മാര്‍ഗ്ഗം അവിടുന്നു സുരക്ഷിതമാക്കുന്നു. 
34: അവിടുന്ന് എന്റെ കാലുകള്‍ക്കു മാന്‍പേടയുടെ വേഗം നല്കി. ഉന്നതഗിരികളില്‍ എന്നെ സുരക്ഷിതനായി നിറുത്തി. 
35: എന്റെ കൈകളെ അവിടുന്നു യുദ്ധമുറയഭ്യസിപ്പിച്ചു. എന്റെ കരങ്ങള്‍ക്കു പിത്തളവില്ലു കുലയ്ക്കാന്‍കഴിയും. 
36: രക്ഷയുടെ പരിച അങ്ങെനിക്കു നല്കിയിരിക്കുന്നു. അങ്ങയുടെ പരിപാലനം എന്നെ വലിയവനാക്കി. 
37: എന്റെ വീഥി അങ്ങു വിശാലമാക്കി. എന്റെ കാലുകള്‍ വഴുതിയതുമില്ല.
38: ശത്രുക്കളെ ഞാന്‍ പിന്തുടര്‍ന്നു പിടിച്ചു. അവരെ സംഹരിക്കുവോളം ഞാന്‍ പിന്‍വാങ്ങിയില്ല. 
39: ഞാന്‍ അവരെ സംഹരിച്ചു. എഴുന്നേല്‍ക്കാനാവാത്തവിധം അവരെ ഞാന്‍ തകര്‍ത്തു. അവര്‍ എന്റെ പാദങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞു. 
40: യുദ്ധത്തിനായി, ശക്തികൊണ്ട് അങ്ങെന്റെ അരമുറുക്കി. എന്നെ ആക്രമിച്ചവരെ അങ്ങെനിക്ക് അധീനരാക്കി. 
41: എന്റെ ശത്രുക്കളെ അങ്ങു പലായനംചെയ്യിച്ചു. എന്നെ വെറുത്തവരെ ഞാന്‍ നശിപ്പിച്ചു. 
42: സഹായത്തിനുവേണ്ടി അവര്‍ മുഖമുയര്‍ത്തിരക്ഷിക്കാനാരുമുണ്ടായിരുന്നില്ല. കര്‍ത്താവിനോട് അവര്‍ നിലവിളിച്ചുഅവിടുന്ന് ഉത്തരമരുളിയില്ല. 
43: നിലത്തെ പൂഴിപോലെ ഞാനവരെ പൊടിച്ചു. തെരുവിലെ ചെളിപോലെ ചവിട്ടിമെതിച്ചു. 
44: ജനതകളോടുള്ള കലഹത്തില്‍നിന്ന് അങ്ങെന്നെ രക്ഷിച്ചു. അങ്ങെന്നെ ജനതകളുടെ അധിപനാക്കി. എനിക്ക് അപരിചിതമായ ജനം എന്നെ സേവിച്ചു. 
45: വിദേശികള്‍ എന്നോടു കേണിരന്നു. എന്നെക്കുറിച്ചു കേട്ടമാത്രയില്‍ അവരെന്നെ അനുസരിച്ചു. 
46: വിദേശീയര്‍ക്കു ധൈര്യമറ്റു. സങ്കേതങ്ങളില്‍നിന്നു വിറയലോടെ അവര്‍ പുറത്തുവന്നു. 
47: കര്‍ത്താവു ജീവിക്കുന്നു. എന്റെ ഉന്നതശില വാഴ്ത്തപ്പെടട്ടെ! എന്റെ രക്ഷയുടെ ശിലയായ ദൈവം സ്തുതിക്കപ്പെടട്ടെ! 
48: ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്തു. ജനതകളെ എനിക്കധീനരാക്കി.  
49: ശത്രുക്കളില്‍നിന്ന് അവിടുന്നെന്നെ രക്ഷിച്ചു.. വൈരികള്‍ക്കുമേല്‍ എന്നെ ഉയര്‍ത്തി. അക്രമികളില്‍നിന്ന് അവിടുന്നെന്നെ വിടുവിച്ചു. 
50: ആകയാല്‍, കര്‍ത്താവേജനതകളുടെമദ്ധ്യേ, ഞാനങ്ങേയ്ക്കു സ്‌തോത്രമാലപിക്കും. അങ്ങയുടെ നാമം പാടി സ്തുതിക്കും. 
51: തന്റെ രാജാവിന് അവിടുന്നു വന്‍വിജയം നല്കുന്നു. തന്റെ അഭിഷിക്തനോട് അവിടുന്ന്, എന്നേക്കും കാരുണ്യം കാണിക്കുന്നു. ദാവീദിനോടും അവന്റെ സന്തതിയോടുംതന്നെ. 

അദ്ധ്യായം 23

ദാവീദിന്റെ അന്ത്യവചസ്സുകള്‍

1: ദാവീദിന്റെ അന്ത്യവചസ്സാണിത്: ജസ്സെയുടെ പുത്രന്‍ ദാവീദ്ദൈവമുയര്‍ത്തിയവന്‍, യാക്കോബിന്റെ ദൈവത്തിന്റെയഭിഷിക്തൻ; ഇസ്രായേലിന്റെ മധുരഗായകൻ പ്രവചിക്കുന്നു.
2: കര്‍ത്താവിന്റെ ആത്മാവ് എന്നിലൂടെ അരുളിച്ചെയ്യുന്നു,  അവിടുത്തെ വചനമാണിത്, എന്റെ നാവിൽ!
3ഇസ്രായേലിന്റെ ദൈവം സംസാരിക്കുന്നു. ഇസ്രായേലിന്റെ ഉന്നതശില എന്നോടരുളിച്ചെയ്തിരിക്കുന്നു. മനുഷ്യരെ നീതിയോടെ ഭരിക്കുന്നവൻ, ദൈവഭയത്തോടെ ഭരിക്കുന്നവൻ.
4: പ്രഭാതത്തിലെ പ്രകാശംപോലെ, കാർമേഘരഹിതമായ പ്രഭാതത്തിൽ പ്രകാശിക്കുന്ന സൂര്യനെപ്പോലെ, ഭൂമിയിൽ പുല്ലുമുളപ്പിക്കുന്ന മഴപോലെ അവൻ ശോഭിക്കുന്നു.
5: എന്റെ ഭവനം ദൈവസന്നിധിയില്‍ അങ്ങനെയല്ലയോ? അവിടുന്നെന്നോടു ശാശ്വതമായ ഉടമ്പടിചെയ്തിരിക്കുന്നു. സുരക്ഷിതമായി സംവിധാനംചെയ്ത ഉടമ്പടി. അവിടുന്ന് എന്റെരക്ഷയും എന്റെ അഭിലാഷവും സാധിച്ചുതരും.
6: ദൈവചിന്തയില്ലാത്തവര്‍, എറിഞ്ഞുകളയേണ്ട മുള്ളുപോലെയാകുന്നു. അതു കൈയിലെടുക്കില്ലല്ലോ.
7: കമ്പിയോ കുന്തത്തിന്റെ പിടിയോകൊണ്ടല്ലാതെ ആരുമതു തൊടുന്നില്ല. അതു നിശ്ശേഷം ചുട്ടുകളയും.

ദാവീദിന്റെ വീരയോദ്ധാക്കള്‍
8: ദാവീദിന്റെ വീരയോദ്ധാക്കള്‍: തഹ്കെമോന്യനായ യോഷേബ്ബാഷെബത്ത്. അവന്‍ മൂവരില്‍ പ്രധാനനായിരുന്നു. അവന്‍ കുന്തംകൊണ്ട് എണ്ണൂറുപേരെ ഒന്നിച്ചുകൊന്നു. 
9: മൂവരില്‍ രണ്ടാമന്‍ അഹോഹിയുടെ മകനായ ദോദോയുടെ മകന്‍ എലെയാസര്‍. ഫിലിസ്ത്യരോടുള്ള യുദ്ധത്തില്‍ ഇസ്രായേല്യര്‍ ഓടിയപ്പോള്‍ അവന്‍ ദാവീദിനോടു ചേര്‍ന്നുനിന്ന് അവരെ ചെറുത്തു. 
10: അവന്‍ കൈ തളരുംവരെ ഫിലിസ്ത്യരെ വെട്ടി. അവന്റെ കൈ വാളോട് ഒട്ടിച്ചേര്‍ന്നുപോയി. കര്‍ത്താവിന്റെ അന്നത്തെ വിജയം വലുതായിരുന്നു. മരിച്ചുവീണവരെ കൊള്ളയടിക്കാന്‍മാത്രമാണു ജനം മടങ്ങിവന്നത്. 
11: മൂന്നാമന്‍ ഹരാര്യനായ ആഗേയുടെ മകന്‍ ഷമ്മാ. ഫിലിസ്ത്യര്‍ ലേഹിയില്‍ ഒരുമിച്ചുകൂടി. അവിടെ ചെറുപയര്‍ നട്ടിരുന്ന ഒരു വയലുണ്ടായിരുന്നു. ജനം ഫിലിസ്ത്യരുടെ മുമ്പില്‍നിന്ന് ഓടിപ്പോയി. 
12: എന്നാല്‍, ഷമ്മാ വയലിന്റെ നടുവില്‍നിന്ന് അതിനെക്കാത്തു. അവന്‍ ഫിലിസ്ത്യരെ കൊന്നു. കര്‍ത്താവു വലിയ വിജയംനല്കി. 
13: മുപ്പതു പ്രമാണികളില്‍ മൂന്നുപേര്‍ കൊയ്ത്തുകാലത്ത് അദുല്ലാം ഗുഹയില്‍ ദാവീദിന്റെയടുക്കല്‍ ചെന്നു. അപ്പോള്‍ ഒരു കൂട്ടം ഫിലിസ്ത്യര്‍ റഫായിം താഴ്‌വരയില്‍ പാളയമടിച്ചിരുന്നു. 
14: ദാവീദു ദുര്‍ഗ്ഗത്തിലായിരുന്നുഫിലിസ്ത്യരുടെ കാവല്‍പ്പട്ടാളം ബേത്‌ലെഹെമിലും. 
15: ദാവീദ് ആര്‍ത്തിയോടുകൂടി പറഞ്ഞു: ബേത്‌ലെഹെമിലെ പട്ടണവാതില്‍ക്കലെ കിണറ്റില്‍നിന്ന് എനിക്കു കുടിക്കാന്‍, കുറച്ചു വെള്ളം ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍! 
16: അപ്പോള്‍, ഈ മൂന്നു വീരന്മാര്‍ ഫിലിസ്ത്യതാവളം ഭേദിച്ചുകടന്നു ബേത്‌ലെഹെം പട്ടണവാതില്‍ക്കലെ കിണറ്റില്‍ന്നു വെള്ളംകോരിദാവീദിനു കൊണ്ടുവന്നു കൊടുത്തു. എന്നാല്‍, അതു കുടിക്കാന്‍ അവനു മനസ്സു വന്നില്ല. അവന്‍ അതു കര്‍ത്താവിനു നൈവേദ്യമായി ഒഴുക്കി. 
17: അവന്‍ പറഞ്ഞു: കര്‍ത്താവേഞാനിതു കുടിക്കുകയില്ല. സ്വജീവന്‍ പണയപ്പെടുത്തിയ ഇവരുടെ രക്തം കുടിക്കുന്നതിനു തുല്യമായിരിക്കുമല്ലോ അത്. അതുകൊണ്ട് അവനതു കുടിച്ചില്ല. ആ മൂന്നു വീരന്മാര്‍ ഇങ്ങനെചെയ്തു. 
18: സെരൂയയുടെ മകന്‍ യോവാബിന്റെ സഹോദരന്‍ അബിഷായി മുപ്പതുപേരുടെ തലവനായിരുന്നു. അവന്‍ കുന്തംകൊണ്ട് മുന്നൂറുപേരെ കൊന്ന്, മുപ്പതുപേരുടെയിടയില്‍ പേരുനേടി. 
19: അവന്‍ മുപ്പതുപേരില്‍ ഏറ്റവും പ്രശസ്തനായിരുന്നു. അവന്‍ അവരുടെ തലവനുമായിത്തീര്‍ന്നു. എങ്കിലും അവന്‍ മൂവരോളം പ്രശസ്തി നേടിയില്ല. 
20: കബ്‌സേലില്‍നിന്നുള്ള യഹോയാദായുടെ മകന്‍ ബനായിയാ ഒരു ശൂരപരാക്രമിയായിരുന്നു. രണ്ടു മൊവാബ്യ യോദ്ധാക്കളെ കൊന്നതുള്‍പ്പെടെ പല ധീരകൃത്യങ്ങളും അവന്‍ ചെയ്തു. ഹിമപാതമുണ്ടായ ഒരു ദിവസം അവന്‍ ഒരു ഗുഹയില്‍ക്കടന്ന് ഒരു സിംഹത്തെ കൊന്നു. അവന്‍ ഭീമാകാരനായ ഒരു ഈജിപ്തുകാരനെയും കൊന്നു. 
21: ഈജിപ്തുകാരന്റെ കൈയില്‍ ഒരു കുന്തമുണ്ടായിരുന്നു. ബനായിയാ ഒരു വടിയുമായിച്ചെന്ന് കുന്തം പിടിച്ചുപറിച്ച് അതുകൊണ്ടുതന്നെ അവനെക്കൊന്നു. 
22: യഹോയാദായുടെ മകന്‍ ബനായിയാ ഇതുചെയ്ത് മുപ്പതു ധീരന്മാരുടെയിടയില്‍ പേരെടുത്തു. 
23: മുപ്പതുപേരുടെ കൂട്ടത്തില്‍ അവന്‍ അതിപ്രശസ്തനായിരുന്നു. എങ്കിലും മൂവരോളം എത്തിയില്ല. ദാവീദ് അവനെ തന്റെ അംഗരക്ഷകന്മാരുടെ തലവനാക്കി. 
24: യോവാബിന്റെ സഹോദരന്‍ അസഹേലായിരുന്നു മുപ്പതുപേരിലൊരുവന്‍. 
25: ബേത്‌ലെഹെംകാരനായ ദോദോയുടെ മകന്‍ എല്‍ഹാനാന്‍,  ഹരോദിലെ ഷമ്മായും എലീക്കയും, 
26: പെലേത്യനായ ഹേലെസ്തെക്കോവായിലെ ഇക്കേഷിന്റെ മകന്‍ ഈര, 
27: അനാത്തോത്തിലെ അബിയേസര്‍, ഹുഷാത്യനായ മെബുന്നായി, 
28: ആഹോഹ്യനായ സല്‍മോന്‍, നെതോഫായിലെ മഹരായി, 
29: നെതോഫായിലെ ബാനായുടെ മകന്‍ ഹേലെബ്ബഞ്ചമിന്‍കാരുടെ ഗിബെയായിലെ റിബായിയുടെ മകന്‍ ഇത്തായി, 
30: പിറാഥോണിലെ ബനായിയാഗാഷിലെ അരുവികള്‍ക്കടുത്തുള്ള ഹിദ്ദായി, 
31: അര്‍ബാക്യനായ അബിയാല്‍ബോന്‍, ബഹൂറൂമിലെ അസ്മാവെത്ത്, 
32: ഷാല്‍ബോനിലെ എലിയാഹ്ബായാഷേന്റെ പുത്രന്മാര്‍, ജോനാഥാന്‍, 
33: ഹാരാറിലെ ഷമ്മാഹാരാറിലെ ഷറാറിന്റെ മകന്‍ അഹിയാം, 
34: മാഖായിലെ അഹസ്ബായിയുടെ മകന്‍ എലഫെലത്ത്ഗിലോയിലെ അഹിത്തോഫെലിന്റെ മകന്‍ എലിയാം, 
35: കാര്‍മ്മലിലെ ഹെസ്രോഅര്‍ബയിലെ പാരായി, 
36: സോബായിലെ നാഥാന്റെ മകന്‍ ഇഗാല്‍, ഗാദിലെ ബിനി, 
37: അമ്മോനിലെ സേലെക്ക്സെരൂയയുടെ മകന്‍ യോവാബിന്റെ ആയുധവാഹകനായ ബരോത്തിലെ നഹറായി, 
38: ഇത്രായിലെ ഈരായും ഗാരെബും, 
39: ഹിത്യനായ ഊറിയാ - ആകെ മുപ്പത്തിയേഴുപേര്‍. 

അദ്ധ്യായം 24

ദാവീദു ജനസംഖ്യയെടുക്കുന്നു

1: കര്‍ത്താവു വീണ്ടും ഇസ്രായേലിനോടു കോപിച്ചുഅവരെ കഷ്ടപ്പെടുത്താന്‍ ദാവീദിനെ പ്രേരിപ്പിച്ചു. നീ ചെന്ന് ഇസ്രായേലിലെയും യൂദായിലെയും ആളുകളുടെ എണ്ണമെടുക്കുകയെന്ന് കര്‍ത്താവവനോടു കല്പിച്ചു. 
2: രാജാവ് യോവാബിനോടും സൈന്യത്തലവന്മാരോടും പറഞ്ഞു: ദാന്‍മുതല്‍ ബേര്‍ഷെബാവരെയുള്ള ഇസ്രായേല്‍ഗോത്രങ്ങളിലെ ജനത്തെ എണ്ണുക. എനിക്കു സംഖ്യയറിയണം. 
3: എന്നാല്‍, യോവാബ് പറഞ്ഞു: രാജാവേഅങ്ങയുടെ ദൈവമായ കര്‍ത്താവ് ജനത്തെ ഇന്നുള്ളതിന്റെ നൂറിരട്ടി വര്‍ദ്ധിപ്പിക്കട്ടെ! അതുകാണാന്‍ അങ്ങേയ്ക്കിടവരട്ടെ! പക്ഷേഅങ്ങേയ്ക്ക് ഇതിലിത്ര താത്പര്യമെന്താണ്? 
4: യോവാബും പടനായകന്മാരും രാജകല്പനയ്ക്കു വഴങ്ങി. ഇസ്രായേല്‍ ജനത്തെ എണ്ണാന്‍ അവര്‍ രാജസന്നിധിയില്‍നിന്നു പുറപ്പെട്ടു. 
5: അവര്‍ ജോര്‍ദ്ദാന്‍കടന്നു താഴ്‌വരയുടെ മദ്ധ്യത്തിലുള്ള അരോവറില്‍നിന്ന് ആരംഭിച്ച് ഗാദിലേക്കും യാസറിലേക്കും പോയി. 
6: അവര്‍ ഗിലെയാദിലും ഹിത്യരുടെ ദേശമായ കാദെഷിലും എത്തി. പിന്നെ ദാനിലേക്കുംഅവിടെനിന്ന് സീദോനിലേക്കും പോയി.
7: കോട്ടകെട്ടിയ ടയിര്‍പ്പട്ടണത്തിലും ഹിവ്യരുടെയും കാനാന്യരുടെയും എല്ലാ പട്ടണങ്ങളിലും അവസാനം യൂദായുടെ നെഗെബിലുള്ള ബേര്‍ഷെബായിലും അവര്‍ എത്തി. 
8: അവര്‍ ദേശമെല്ലാം സഞ്ചരിച്ച് ഒമ്പതുമാസവും ഇരുപതുദിവസവും കഴിഞ്ഞു ജറുസലെമിലെത്തി. 
9: യോവാബ് ജനസംഖ്യ രാജാവിനെ അറിയിച്ചു. സൈന്യസേവനത്തിനു പറ്റിയവര്‍ ഇസ്രായേലില്‍ എട്ടു ലക്ഷവും യൂദായില്‍ അഞ്ചു ലക്ഷവുമുണ്ടായിരുന്നു. 
10: ജനസംഖ്യയെടുത്തുകഴിഞ്ഞപ്പോള്‍ ദാവീദിനു മനസ്സാക്ഷിക്കുത്തുണ്ടായി. ദാവീദു കര്‍ത്താവിനോടു പറഞ്ഞു: ഞാന്‍ കൊടുംപാപം ചെയ്തിരിക്കുന്നു. കര്‍ത്താവേഅങ്ങയുടെ ദാസന്റെ പാപം പൊറുക്കണമേ! ഞാന്‍ വലിയ ഭോഷത്തം പ്രവര്‍ത്തിച്ചിരിക്കുന്നു. 
11: ദാവീദ് രാവിലെ എഴുന്നേറ്റപ്പോള്‍ അവന്റെ ദീര്‍ഘദര്‍ശിയായ ഗാദ് പ്രവാചകനോടു കര്‍ത്താവ് അരുളിച്ചെയ്തു: 
12: നീ ചെന്നു ദാവീദിനോടു പറയുക. കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ മൂന്നു കാര്യങ്ങള്‍. അതിലൊന്നു തിരഞ്ഞെടുത്തു കൊള്ളുക. അതു ഞാന്‍ നിന്നോടുചെയ്യും. 
13: ഗാദ്ദാവീദിന്റെയടുക്കല്‍വന്നു പറഞ്ഞു: നിന്റെ രാജ്യത്ത് മൂന്നുവര്‍ഷം ക്ഷാമമുണ്ടാകുകയോനീ ശത്രുക്കളില്‍നിന്നു മൂന്നുമാസം ഒളിവില്‍ പാര്‍ക്കുകയോ നിന്റെ രാജ്യത്ത് മൂന്നുദിവസം പകര്‍ച്ചവ്യാധി ഉണ്ടാവുകയോ ഏതുവേണംഎന്നെയയച്ചവനു ഞാന്‍ മറുപടി കൊടുക്കേണ്ടതിന് നീ ആലോചിച്ച് ഉത്തരംനല്കുക. 
14: ദാവീദു ഗാദിനോടു പറഞ്ഞു: ഞാന്‍ വലിയ വിഷമത്തിലായിരിക്കുന്നു. കര്‍ത്താവിന്റെ കരംതന്നെ നമ്മുടെമേല്‍ പതിച്ചുകൊള്ളട്ടെഎന്തെന്നാല്‍, അവിടുന്നു അതിദയാലുവാണല്ലോ. എന്നാല്‍, ഞാന്‍ മനുഷ്യരുടെ പിടിയിലകപ്പെടാതിരിക്കട്ടെ!
15: അങ്ങനെ അന്നു പ്രഭാതംമുതല്‍ നിശ്ചിതസമയംവരെ കര്‍ത്താവ് ഒരു പകര്‍ച്ചവ്യാധി അയച്ചു. ദാന്‍മുതല്‍ ബേര്‍ഷെബാവരെ ജനത്തില്‍ എഴുപതിനായിരംപേര്‍ മരിച്ചു. 
16: കര്‍ത്താവിന്റെ ദൂതന്‍ ജറുസലെം നശിപ്പിക്കാന്‍ കൈനീട്ടിയപ്പോള്‍ കര്‍ത്താവ് ആ തിന്മയെപ്പറ്റി അനുതപിച്ചു. സംഹാരദൂതനോട് അവിടുന്നു കല്പിച്ചു: മതികൈ പിന്‍വലിക്കുക. കര്‍ത്താവിന്റെ ദൂതന്‍ ജബൂസ്യനായ അരവ്‌നായുടെ മെതിക്കളത്തിനടുത്തായിരുന്നു. 
17: സംഹാരദൂതനെ കണ്ടിട്ട് ദാവീദ് കര്‍ത്താവിനോടപേക്ഷിച്ചു: ഞാനല്ലേ കുറ്റക്കാരന്‍? തെറ്റുചെയ്തതു ഞാനല്ലേഈ പാവപ്പെട്ട ജനം എന്തു ദോഷംചെയ്തുഎന്നെയും എന്റെ പിതൃഭവനത്തെയും ശിക്ഷിച്ചാലും. 
18: അന്നുതന്നെ ഗാദ് ദാവീദിന്റെയടുക്കല്‍ച്ചെന്നു പറഞ്ഞു: ജബൂസ്യനായ അരവ്നായുടെ മെതിക്കളത്തില്‍ച്ചെന്നു കര്‍ത്താവിനൊരു ബലിപീഠം പണിയുക. 
19: ദാവീദു കര്‍ത്താവിന്റെ കല്പനയുസരിച്ച്, ഗാദു പറഞ്ഞപ്രകാരം ചെന്നു. 
20: അരവ്‌നാ തലയുയര്‍ത്തി നോക്കിയപ്പോള്‍ രാജാവും ഭൃത്യന്മാരും തന്റെ അടുത്തേക്കു വരുന്നതു കണ്ടുഅവന്‍ ചെന്നു രാജാവിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു. 
21: അവന്‍ ചോദിച്ചു: പ്രഭോഇങ്ങോട്ടെഴുന്നള്ളിയതെന്തിന്ദാവീദ് പറഞ്ഞു: മഹാമാരി ജനത്തില്‍നിന്നകലേണ്ടതിനു കര്‍ത്താവിനൊരു ബലിപീഠം പണിയാന്‍ നിന്റെ മെതിക്കളം വാങ്ങുവാന്‍തന്നെ. 
22: അരവ്‌നാ ദാവീദിനോടു പറഞ്ഞു: യജമാനനേഅങ്ങ് ആഗ്രഹിക്കുന്നതെന്തും ബലിയര്‍പ്പിച്ചാലും. ബലിപീഠത്തിലര്‍പ്പിക്കേണ്ടതിന് ഇതാ കാളകള്‍, വിറകിന് ഇതാ മെതിവണ്ടികളും നുകങ്ങളും. 
23: രാജാവേഅരവ്‌നാ ഇതെല്ലാം രാജാവിനു തരുന്നു. അവന്‍ തുടര്‍ന്നു: അങ്ങയുടെ ദൈവമായ കര്‍ത്താവ് അങ്ങില്‍ സംപ്രീതനാകട്ടെ! 
24: ദാവീദ് അരവ്‌നായോടു പറഞ്ഞു: ഇല്ലവിലയ്ക്കുമാത്രമേ ഞാനിതു വാങ്ങു. എനിക്ക് ഒരു ചെലവുമില്ലാത്ത ദഹനബലി എന്റെ ദൈവമായ കര്‍ത്താവിനു ഞാനര്‍പ്പിക്കുകയില്ല. അങ്ങനെ ദാവീദ് അന്‍പതു ഷെക്കല്‍ വെള്ളികൊടുത്ത് കളവും കാളകളും വാങ്ങി. 
25: അവിടെ ബലിപീഠം പണിതു ദാവീദു കര്‍ത്താവിനു ദഹനബലികളും സമാധാന ബലികളും അര്‍പ്പിച്ചു. കര്‍ത്താവു ദാവീദിന്റെ പ്രാര്‍ത്ഥനകേട്ടുഇസ്രായേലില്‍നിന്നു മഹാമാരി വിട്ടുപോയി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ