ഏഴുപതാംദിവസം: റൂത്ത്‍ 1 - 4


അദ്ധ്യായം 1

എലിമെലെക്കും കുടുംബവും മൊവാബില്‍

1: ന്യായാധിപന്മാരുടെ ഭരണകാലത്ത്, നാട്ടില്‍ ക്ഷാമമുണ്ടായി. അന്നു യൂദായിലെ ഒരു ബേത്‌ലെഹംകാരന്‍, ഭാര്യയും പുത്രന്മാരിരുവരുമൊത്ത് മൊവാബുദേശത്തു കുടിയേറിപ്പാര്‍ത്തു.
2: അവൻ്റെ പേര് എലിമെലെക്ക്, ഭാര്യ നവോമി, പുത്രന്മാര്‍ മഹ്‌ലോനും കിലിയോനും; അവര്‍ യൂദായിലെ ബേത്‌ലെഹെമില്‍നിന്നുള്ള എഫ്രാത്യരായിരുന്നു. അവര്‍ മൊവാബില്‍ താമസമാക്കി.
3: നവോമിയുടെ ഭര്‍ത്താവ് എലിമെലെക്ക് മരിച്ചു. അവളും പുത്രന്മാരും ശേഷിച്ചു.
4: പുത്രന്മാര്‍ ഓര്‍ഫാ, റൂത്ത് എന്നീ മൊവാബ്യസ്ത്രീകളെ വിവാഹംചെയ്തു. പത്തുവര്‍ഷത്തോളം അവരവിടെക്കഴിഞ്ഞു.
5: അങ്ങനെയിരിക്കെ മഹ്‌ലോനും കിലിയോനും മരിച്ചു; നവോമിക്കു ഭര്‍ത്താവും പുത്രന്മാരും നഷ്ടപ്പെട്ടു.

നവോമിയും റൂത്തും ബേത്‌ലെഹെമിലേക്ക്

6: കര്‍ത്താവു തൻ്റെ ജനത്തെ ഭക്ഷണംനല്കി അനുഗ്രഹിക്കുന്നുവെന്നുകേട്ട്, നവോമി മരുമക്കളോടുകൂടെ മൊവാബില്‍നിന്നു തിരികെപ്പോകാനൊരുങ്ങി.
7: അവള്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്നു മരുമക്കളോടുകൂടെ പുറപ്പെട്ടു യൂദായിലേക്കുള്ള വഴിയിലെത്തി.
8: അപ്പോള്‍ നവോമി മരുമക്കളോടു പറഞ്ഞു: നിങ്ങള്‍ മാതൃഭവനങ്ങളിലേക്കു മടങ്ങിപ്പോകുവിന്‍. മരിച്ചവരോടും എന്നോടും നിങ്ങള്‍ കരുണകാണിച്ചു. കര്‍ത്താവു നിങ്ങളോടും കരുണകാണിക്കട്ടെ!
9: വീണ്ടും വിവാഹംചെയ്തു കുടുംബജീവിതം നയിക്കാന്‍ കര്‍ത്താവു നിങ്ങളെയനുഗ്രഹിക്കട്ടെ! അവളവരെ ചുംബിച്ചു. അവര്‍ പൊട്ടിക്കരഞ്ഞു.
10: അവര്‍ പറഞ്ഞു: ഞങ്ങള്‍ പോകുന്നില്ല. അമ്മയുടെ ആളുകളുടെയടുത്തേക്കു ഞങ്ങളും വരുന്നു. 
11: എന്നാല്‍, നവോമി പറഞ്ഞു: എൻ്റെ മക്കളേ, നിങ്ങള്‍ തിരിച്ചുപോകുവിന്‍. എന്തിനെന്നോടുകൂടെ വരുന്നു? നിങ്ങള്‍ക്കു ഭര്‍ത്താക്കന്മാരാകാന്‍ എനിക്കിനി പുത്രന്മാരുണ്ടാകുമോ?
12: എൻ്റെ മക്കളേ, നിങ്ങള്‍ മടങ്ങിപ്പോകുവിന്‍. വിവാഹംചെയ്യാന്‍ കഴിയാത്തവിധം ഞാന്‍ വൃദ്ധയായിരിക്കുന്നു. അഥവാ ഈ രാത്രിതന്നെ ഭര്‍ത്താവിനെ സ്വീകരിച്ചു പുത്രന്മാരെ ഗര്‍ഭംധരിച്ചാല്‍ത്തന്നെ
13: അവര്‍ക്കു പ്രായമാകുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുമോ? നിങ്ങള്‍ വിധവകളായിക്കഴിയുമോ? ഇല്ല, മക്കളേ! കര്‍ത്താവിൻ്റെ കരം എനിക്കെതിരായി ഉയര്‍ന്നിരിക്കുന്നു. നിങ്ങളെപ്രതിയും ഞാന്‍ അത്യന്തം വ്യസനിക്കേണ്ടിവരും.
14: അവര്‍ വീണ്ടും പൊട്ടിക്കരഞ്ഞു; ഓര്‍ഫാ അമ്മായിയമ്മയെ ചുംബിച്ചു വിടവാങ്ങി; റൂത്ത് അവളെപ്പിരിയാതെനിന്നു.
15: നവോമി പറഞ്ഞു: നിൻ്റെ സഹോദരി ചാര്‍ച്ചക്കാരുടെയും ദേവന്മാരുടെയുമടുത്തേക്കു മടങ്ങിപ്പോയല്ലോ; അവളെപ്പോലെ നീയും പോകുക.
16: റൂത്ത് പറഞ്ഞു: അമ്മയെ ഉപേക്ഷിക്കാനോ കൂടെപ്പോരാതിരിക്കാനോ എന്നോടു പറയരുത്. അമ്മ പോകുന്നിടത്തു ഞാനും വരും; വസിക്കുന്നിടത്തു ഞാനും വസിക്കും. അമ്മയുടെ ചാര്‍ച്ചക്കാര്‍ എൻ്റെ ചാര്‍ച്ചക്കാരും അമ്മയുടെ ദൈവം എൻ്റെ ദൈവവുമായിരിക്കും;
17: അമ്മ മരിക്കുന്നിടത്തു ഞാനും മരിച്ചടക്കപ്പെടും. മരണംതന്നെ എന്നെ അമ്മയില്‍നിന്നു വേര്‍പെടുത്തിയാല്‍, കര്‍ത്താവ് എന്തുശിക്ഷയും എനിക്കു നല്‍കിക്കൊള്ളട്ടെ.
18: അവള്‍ തന്നോടുകൂടെ പോരാനുറച്ചു എന്നുകണ്ട്, നവോമി അവളെ നിര്‍ബന്ധിച്ചില്ല.
19: അവര്‍ ബേത്‌ലെഹെമിലെത്തി. പട്ടണംമുഴുവന്‍ അവരെക്കണ്ടു വിസ്മയിച്ചു. ഇതു നവോമിയോ എന്നു സ്ത്രീകള്‍ പരസ്പരം ചോദിച്ചു.
20: അവള്‍ പറഞ്ഞു: എന്നെ നവോമിയെന്നല്ല മാറാ എന്നാണു വിളിക്കേണ്ടത്. സര്‍വ്വശക്തന്‍ എന്നോടു വളരെ കഠിനമായിട്ടാണു പ്രവര്‍ത്തിച്ചത്.
21: എല്ലാം തികഞ്ഞവളായി ഞാനിവിടെനിന്നുപോയി. ഒന്നുമില്ലാത്തവളായി കര്‍ത്താവെന്നെ തിരിച്ചയച്ചു. കര്‍ത്താവെന്നെ ഞെരുക്കുകയും, സര്‍വ്വശക്തന്‍ എനിക്കാപത്തുവരുത്തുകയുംചെയ്യുമ്പോള്‍ എന്തിനെന്നെ നവോമിയെന്നു വിളിക്കുന്നു?
22: അങ്ങനെ നവോമി മൊവാബില്‍നിന്ന് അവിടത്തുകാരിയായ മരുമകള്‍ റൂത്തിനോടുകൂടെ തിരിച്ചെത്തി. ബാര്‍ലിക്കൊയ്ത്തു തുടങ്ങിയപ്പോഴാണ് അവര്‍ ബേത്‌ലെഹെമിലെത്തിയത്.

അദ്ധ്യായം 2

റൂത്ത് ബോവാസിൻ്റെ വയലില്‍

1: നവോമിയുടെ ഭര്‍ത്തൃകുടുംബത്തില്‍ ബോവാസ് എന്നുപേരായ ഒരു ധനികനുണ്ടായിരുന്നു.
2: ഞാന്‍പോയി എന്നെയനുവദിക്കുന്നവരുടെ വയലില്‍ കാലാപെറുക്കട്ടെയെന്ന്, മൊവാബ്യയായ റൂത്ത്, നവോമിയോടു ചോദിച്ചു.
3: അവള്‍ പറഞ്ഞു: പോയ്‌ക്കൊള്ളുക. റൂത്ത് വയലില്‍ച്ചെന്ന് കൊയ്ത്തുകാരുടെ പിറകേ കാലാപെറുക്കി. എലിമെലെക്കിൻ്റെ കുടുംബത്തില്‍പ്പെട്ട ബോവാസിൻ്റെ വയലിലാണ് അവളെത്തിച്ചേര്‍ന്നത്.
4: ബോവാസ് ബേത്‌ലെഹെമില്‍നിന്നു വന്നു. കര്‍ത്താവു നിങ്ങളോടുകൂടെ എന്നുപറഞ്ഞ്, അവന്‍ കൊയ്ത്തുകാരെ അഭിവാദനം ചെയ്തു. കര്‍ത്താവങ്ങയെ അനുഗ്രഹിക്കട്ടെയെന്ന് അവര്‍ പ്രത്യഭിവാദനംചെയ്തു.
5: കൊയ്ത്തുകാരുടെ മേല്‍നോട്ടംവഹിച്ചിരുന്ന ഭൃത്യനോടു ബോവാസ് ചോദിച്ചു: ആരാണീ യുവതി?
6: നവോമിയോടൊപ്പം മൊവാബില്‍നിന്നുവന്ന മൊവാബ്യസ്ത്രീയാണിവള്‍ എന്നു ഭൃത്യന്‍ മറുപടിനല്കി.
7: വയലില്‍ കാലാപെറുക്കാന്‍ അനുവദിക്കണമേയെന്ന് അവളപേക്ഷിച്ചു. രാവിലെമുതല്‍ ഇതുവരെ വിശ്രമമില്ലാതെ കാലാപെറുക്കുകയാണ്.
8: അപ്പോള്‍ ബോവാസ് റൂത്തിനോടു പറഞ്ഞു: മകളേ, കാലാപെറുക്കാന്‍ ഇവിടംവിട്ടു മറ്റു വയലുകളില്‍ പോകേണ്ടാ. എൻ്റെ ദാസിമാരോടുകൂടെ ചേര്‍ന്നുകൊള്ളുക.
9: അവര്‍ കൊയ്യുന്നതെവിടെയെന്നു നോക്കി അവരെ പിന്തുടരുക. നിന്നെ ശല്യപ്പെടുത്തരുതെന്നു ഭൃത്യന്മാരോടു ഞാന്‍ പറഞ്ഞിട്ടുണ്ട്. നിനക്കു ദാഹിക്കുമ്പോള്‍ അവര്‍ കോരിവച്ചിട്ടുള്ള വെള്ളംകുടിക്കാം.
10: അവള്‍ സാഷ്ടാംഗം പ്രണമിച്ചുകൊണ്ടു ബോവാസിനോടു പറഞ്ഞു: അന്യനാട്ടുകാരിയായ എന്നോടു കരുണതോന്നാന്‍ ഞാന്‍ അങ്ങേയ്ക്കെന്തു നന്മചെയ്തു?
11: ബോവാസ് പറഞ്ഞു: ഭര്‍ത്താവിൻ്റെ മരണത്തിനുശേഷം നീ അമ്മായിയമ്മയ്ക്കുവേണ്ടി ചെയ്തതും മാതാപിതാക്കളെയും സ്വദേശത്തെയുംവിട്ട് അപരിചിതരായ ജനത്തിൻ്റെയിടയില്‍ വന്നതുമെല്ലാം എനിക്കറിയാം.
12: നിൻ്റെ പ്രവൃത്തികള്‍ക്കു കര്‍ത്താവു പ്രതിഫലം നല്കും. നീ അഭയംപ്രാപിച്ചിരിക്കുന്ന ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവു നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും.
13: അപ്പോള്‍ റൂത്ത് പറഞ്ഞു: യജമാനനേ, അങ്ങെന്നോടു വലിയ ദയയാണു കാണിക്കുന്നത്; എന്തെന്നാല്‍, ഞാനങ്ങയുടെ ദാസിമാരിലൊരുവളല്ല. എങ്കിലും, ഈ ദാസിയെ ആശ്വസിപ്പിക്കുകയും കരുണയോടെ സംസാരിക്കുകയും ചെയ്തു.
14: ഭക്ഷണസമയത്തു ബോവാസ് അവളോടു പറഞ്ഞു: വന്നു ഭക്ഷണം കഴിക്കൂ. വീഞ്ഞില്‍ മുക്കി അപ്പം ഭക്ഷിച്ചുകൊള്ളൂ. അങ്ങനെ അവള്‍ കൊയ്ത്തുകാരോടുകൂടെ ഇരുന്നു. അവനവള്‍ക്കു മലര്‍ കൊടുത്തു; അവള്‍ ഭക്ഷിച്ചു തൃപ്തയായി; ബാക്കിയുംവന്നു.
15: അവള്‍ കാലാപെറുക്കാനെഴുന്നേറ്റപ്പോള്‍ ബോവാസ് ഭൃത്യന്മാരോടു പറഞ്ഞു: അവള്‍ കറ്റകളുടെയിടയില്‍നിന്നും ശേഖരിച്ചുകൊള്ളട്ടെ.
16: അവളെ ശകാരിക്കരുത്. കറ്റകളില്‍നിന്നു കുറേശ്ശെ വലിച്ചൂരി അവള്‍ക്കു പെറുക്കാനിടണം. അവളെ ശാസിക്കരുത്.
17: അങ്ങനെ അവള്‍ സന്ധ്യവരെ കാലാപെറുക്കി. മെതിച്ചപ്പോള്‍ ഏകദേശം ഒരു ഏഫാ ബാര്‍ലിയുണ്ടായിരുന്നു.
18: അവള്‍ അതെടുത്തുകൊണ്ടു നഗരത്തിലേക്കു പോയി, താന്‍ ശേഖരിച്ച ധാന്യം, അമ്മായിയമ്മയെ കാണിച്ചു; ബാക്കിവന്ന ആഹാരം അവള്‍ക്കു കൊടുക്കുകയും ചെയ്തു.
19: അമ്മായിയമ്മ ചോദിച്ചു: എവിടെയാണ് ഇന്നു നീ കാലാപെറുക്കിയത്? എവിടെയാണ് ഇന്നു നീ ജോലി ചെയ്തത്? നിന്നോടു കരുണതോന്നിയ മനുഷ്യന്‍ അനുഗൃഹീതനാകട്ടെ! താനിന്നു ജോലിചെയ്തതു ബോവാസിനോടുകൂടെയാണെന്ന് അവള്‍ അമ്മായിയമ്മയോടു പറഞ്ഞു.
20: നവോമി മരുമകളോടു പറഞ്ഞു: ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കാരുണ്യംകാണിക്കുന്ന കര്‍ത്താവ്, അവനെയനുഗ്രഹിക്കട്ടെ! അവള്‍ തുടര്‍ന്നു: അവന്‍ നമ്മുടെ ബന്ധുവാണ് - ഉറ്റബന്ധു.
21: റൂത്ത് പറഞ്ഞു: കൊയ്ത്തുമുഴുവന്‍ തീരുവോളം വേലക്കാരോടുകൂടെയുണ്ടായിരിക്കണമെന്ന് അവനെന്നോടു പറഞ്ഞിട്ടുണ്ട്.
22: നവോമി മരുമകളോടു പറഞ്ഞു: മറ്റു വയലുകളില്‍പ്പോയി ശല്യമേല്ക്കാനിടയാകാതെ, നീ അവൻ്റെ ദാസിമാരോടുകൂടെ പോകുന്നതാണു നല്ലത്.
23: അങ്ങനെ ബാര്‍ലിയുടെയും ഗോതമ്പിൻ്റെയും വിളവെടുപ്പു കഴിയുന്നതുവരെ അവള്‍ ബോവാസിൻ്റെ ദാസിമാരോടു ചേര്‍ന്നുനിന്നു കാലാപെറുക്കി; തൻ്റെ അമ്മായിയമ്മയോടൊത്തു ജീവിച്ചു.

അദ്ധ്യായം 3

ബോവാസിൻ്റെ മെതിക്കളത്തില്‍

1: നവോമി റൂത്തിനോടു പറഞ്ഞു: മകളേ, സന്തുഷ്ടമായ കുടുംബജീവിതത്തില്‍ നിന്നെ പ്രവേശിപ്പിക്കുക എൻ്റെ കടമയല്ലേ?
2: നീ ആരുടെ ദാസികളുമൊത്തു ജോലിചെയ്യുന്നുവോ ആ ബോവാസ് നമ്മുടെ ബന്ധുവാണല്ലോ.
3: മെതിക്കളത്തില്‍ ബാര്‍ലി പാറ്റുന്നതിന്, അവനിന്നുരാത്രി വരുന്നുണ്ട്. നീ കുളിച്ചു തൈലംപൂശി ഏറ്റവും നല്ല വസ്ത്രവും ധരിച്ചു മെതിക്കളത്തിലേക്കു ചെല്ലുക. എന്നാല്‍, അവൻ്റെ അത്താഴംകഴിയുന്നതുവരെ അവന്‍ നിന്നെ തിരിച്ചറിയാനിടയാകരുത്.
4: അവന്‍ ഉറങ്ങാന്‍ കിടക്കുന്ന സ്ഥലം നോക്കിവയ്ക്കുക, പിന്നീടു നീ ചെന്ന്, അവൻ്റെ കാലില്‍നിന്നു പുതപ്പുമാറ്റി, അവിടെക്കിടക്കുക. നീ ചെയ്യേണ്ടതെന്തെന്ന് അവന്‍ പറഞ്ഞുതരും.
5: അമ്മ പറഞ്ഞതുപോലെ ഞാന്‍ ചെയ്യാമെന്ന് അവള്‍ പറഞ്ഞു.
6: അവള്‍ മെതിക്കളത്തില്‍ച്ചെന്ന് അമ്മായിയമ്മ പറഞ്ഞതുപോലെ പ്രവര്‍ത്തിച്ചു.
7: ഭക്ഷിച്ചും പാനംചെയ്തും സന്തുഷ്ടനായപ്പോള്‍ ബോവാസ് ധാന്യക്കൂമ്പാരത്തിൻ്റെ അരികില്‍ കിടന്നുറങ്ങി. അപ്പോള്‍ അവള്‍ സാവധാനംചെന്ന്, അവൻ്റെ കാലില്‍നിന്നു പുതപ്പുമാറ്റി അവിടെ കിടന്നു.
8: അര്‍ദ്ധരാത്രിയില്‍ അവന്‍ ഞെട്ടിയുണര്‍ന്നു. കാല്‍ക്കല്‍ ഒരു സ്ത്രീ കിടക്കുന്നു!
9: നീയാരാണ്? അവന്‍ ചോദിച്ചു; ഞാന്‍ നിൻ്റെ ദാസിയായ റൂത്താണ് എന്നവള്‍ പറഞ്ഞു. അങ്ങെൻ്റെ അടുത്ത ബന്ധുവാകയാല്‍ അങ്ങയുടെ വസ്ത്രം ഈ ദാസിയുടെമേല്‍വിരിച്ച് എന്നെ സ്വീകരിക്കുക.
10: അവന്‍ മറുപടിപറഞ്ഞു: മകളേ, കര്‍ത്താവു നിന്നെയനുഗ്രഹിക്കട്ടെ! നീ ഇപ്പോള്‍ കാണിച്ചിരിക്കുന്ന ഔദാര്യം ആദ്യത്തേതിലും വലുതാണ്. യുവാക്കന്മാരെ - ധനികരോ ദരിദ്രരോ ആകട്ടെ - തേടാതെ നീ എൻ്റെയടുക്കല്‍ വന്നല്ലോ.
11: മകളേ, ഭയപ്പെടേണ്ടാ. നീ ആവശ്യപ്പെടുന്നതെന്തും ഞാന്‍ നിനക്കു ചെയ്തുതരാം. നീ ഒരുത്തമസ്ത്രീയാണെന്നു നഗരത്തിലെ എൻ്റെ പരിചയക്കാര്‍ക്കെല്ലാമറിയാം. 
12: ഞാന്‍ നിൻ്റെ അടുത്ത ബന്ധുവാണെന്നതു വാസ്തവംതന്നെ. എന്നാല്‍, എന്നെക്കാള്‍ അടുത്ത മറ്റൊരു ചാര്‍ച്ചക്കാരന്‍ നിനക്കുണ്ട്.
13: ഈ രാത്രി ഇവിടെക്കഴിയുക. ഏറ്റവും അടുത്ത ബന്ധുവിൻ്റെ ചുമതല അവന്‍ നിര്‍വ്വഹിക്കുമോയെന്നു രാവിലെ അന്വേഷിക്കാം. അവന്‍ അതു ചെയ്താല്‍ നന്ന്. ഇല്ലെങ്കില്‍ ഉറ്റ ബന്ധുവിൻ്റെ കടമ, കര്‍ത്താവാണേ, ഞാന്‍ നിര്‍വ്വഹിക്കും. പ്രഭാതംവരെ നീ ഇവിടെ കിടന്നുകൊള്ളുക.
14: അവള്‍ അവൻ്റെ കാല്‍ക്കല്‍ കിടന്നു. അതിരാവിലെ ആളറിയുന്നതിനുമുമ്പേ അവളെഴുന്നേറ്റു. ബോവാസ് പറഞ്ഞു: മെതിക്കളത്തില്‍ ഒരു സ്ത്രീ വന്നെന്ന് ആരുമറിയരുത്.
15: നിൻ്റെ മേലങ്കി വിരിച്ചുപിടിക്കുക. അവന്‍ ആറളവു ബാര്‍ലി അതിലിട്ട്, അവളുടെ തലയില്‍വച്ചുകൊടുത്തു. അവള്‍ നഗരത്തിലേക്കുപോയി.
16: വീട്ടിലെത്തിയപ്പോള്‍ അമ്മായിയമ്മ ചോദിച്ചു: മകളേ, എന്തുണ്ടായി? അവന്‍ ചെയ്തതെല്ലാം അവള്‍ വിവരിച്ചു പറഞ്ഞു.
17: അമ്മായിയമ്മയുടെയടുത്തേക്കു വെറുംകയ്യോടെ പോകേണ്ടാ എന്നുപറഞ്ഞ്, ഈ ആറളവ് ബാര്‍ലി അവനെനിക്കു തന്നു.
18: നവോമി പറഞ്ഞു: മകളേ, കാര്യങ്ങള്‍ എങ്ങനെയാകുമെന്നു കാത്തിരുന്നു കാണാം. കാര്യം തീരുമാനിക്കുന്നതുവരെ അവനടങ്ങിയിരിക്കുകയില്ല. ഇന്നുതന്നെ തീരുമാനമാകും.

അദ്ധ്യായം 4

റൂത്തിൻ്റെ വിവാഹം

1: ബോവാസ് നഗരവാതില്‍ക്കല്‍ച്ചെന്നു. അപ്പോള്‍ മുമ്പുപറഞ്ഞ ബന്ധു അവിടെ വന്നു. ബോവാസവനോടു പറഞ്ഞു: സ്‌നേഹിതാ, ഇവിടെവന്ന് അല്പനേരമിരിക്കൂ. അവനങ്ങനെ ചെയ്തു.
2: നഗരത്തില്‍നിന്നു ശ്രേഷ്ഠന്മാരായ പത്തുപേരെക്കൂടെ ബോവാസ് വിളിച്ചുകൊണ്ടുവന്നു. ഇവിടെ ഇരിക്കുവിനെന്ന് അവരോടും പറഞ്ഞു; അവരുമിരുന്നു.
3: ബോവാസ് തൻ്റെ ബന്ധുവിനോടു പറഞ്ഞു: മോവാബു ദേശത്തുനിന്നു തിരിച്ചുവന്ന നവോമി, നമ്മുടെ ബന്ധുവായ എലിമെലെക്കിൻ്റെ നിലത്തില്‍ ഒരു ഭാഗം വില്‍ക്കാന്‍പോകുന്നു. അതു നിന്നെയറിയിക്കണമെന്നു ഞാന്‍ കരുതി. ഇവിടെയിരിക്കുന്നവരുടെയും എൻ്റെ ജനത്തിലെ ശ്രേഷ്ഠന്മാരുടെയും സാന്നിദ്ധ്യത്തില്‍ നീയതു വാങ്ങുകയെന്നു പറയണമെന്നും ഞാനാഗ്രഹിച്ചു.
4: മനസ്സുണ്ടെങ്കില്‍ നീയതു വീണ്ടെടുക്കുക. താല്പര്യമില്ലെങ്കില്‍ എന്നെയറിയിക്കുക. അതു വീണ്ടെടുക്കാന്‍ നീയല്ലാതെ മറ്റാരുമില്ല. നീ വീണ്ടെടുക്കുന്നില്ലെങ്കില്‍, അതുചെയ്യേണ്ട അടുത്തയാള്‍ ഞാനാണ്. അവന്‍ പറഞ്ഞു: ഞാനതു വീണ്ടെടുക്കാം.
5: അപ്പോള്‍ ബോവാസ് പറഞ്ഞു: നവോമിയില്‍നിന്നു വയല്‍വാങ്ങുന്ന ദിവസംതന്നെ, മരിച്ചവൻ്റെ നാമം അവകാശികളിലൂടെ നിലനിര്‍ത്തുന്നതിനുവേണ്ടി അവൻ്റെ വിധവയും മൊവാബ്യയുമായ റൂത്തിനെയുംക്കൂടെ നീ സ്വീകരിക്കണം.
6: അപ്പോള്‍ ബന്ധു പറഞ്ഞു: അതു സാദ്ധ്യമല്ല. കാരണം, അതുവഴി എൻ്റെ അവകാശം നഷ്ടപ്പെടാനിടയാകും.
7: വീണ്ടെടുക്കാനുള്ള അവകാശം നീതന്നെ ഉപയോഗിച്ചുകൊള്ളുക. എനിക്കതു സാദ്ധ്യമല്ല. വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ച് ഇസ്രായേലില്‍ മുമ്പു നിലവിലിരുന്ന നിയമമിതാണ്: ഇടപാട് സ്വീകരിക്കുന്നതിനുവേണ്ടി ഒരാള്‍ തൻ്റെ ചെരിപ്പൂരി മറ്റെയാളെ ഏല്പിക്കും. ഇതായിരുന്നു ഇസ്രായേലിലെ നടപ്പ്.
8: അതനുസരിച്ചു നീ വാങ്ങിക്കൊള്ളുക എന്നുപറഞ്ഞ് ആ ബന്ധു തൻ്റെ ചെരിപ്പൂരി.
9: അനന്തരം, ബോവാസ് ശ്രേഷ്ഠന്മാരോടും മറ്റുള്ളവരോടും പറഞ്ഞു: എലിമെലെക്കിന്റേതും, മഹ്‌ലോന്‍, കിലിയോന്‍ എന്നിവരുടേതുമായ എല്ലാം നവോമിയില്‍നിന്ന് ഇന്നു ഞാന്‍ വാങ്ങി എന്നതിനു നിങ്ങള്‍ സാക്ഷികളാണ്.
10: മൊവാബ്യയും മഹ്‌ലോൻ്റെ  വിധവയുമായ റൂത്തിനെ ഭാര്യയായി ഞാന്‍ സ്വീകരിക്കുന്നു. മരിച്ചവൻ്റെ  നാമം സഹോദരന്മാരുടെ ഇടയില്‍നിന്നും ജന്മദേശത്തുനിന്നും മാഞ്ഞുപോകാതിരിക്കുന്നതിനും, അനന്തരാവകാശികളിലൂടെ അതു നിലനിറുത്തുന്നതിനുംവേണ്ടിയാണിത്. ഇന്നു നിങ്ങള്‍, അതിനു സാക്ഷികളാണ്.
11: അപ്പോള്‍ ശ്രേഷ്ഠന്മാരും നഗരകവാടത്തില്‍നിന്നിരുന്നവരും പറഞ്ഞു: ഞങ്ങള്‍ സാക്ഷികളാണ്. കര്‍ത്താവു നിൻ്റെ  ഭവനത്തിലേക്കു വരുന്ന സ്ത്രീയെ, ഇസ്രായേല്‍ജനത്തിനു ജന്മം കൊടുത്ത റാഹേല്‍, ലെയാ എന്നിവരെപ്പോലെയാക്കട്ടെ! നീ എഫ്രാത്തയില്‍ ഐശ്വര്യവാനും ബേത്‌ലെഹെമില്‍ പ്രസിദ്ധനുമാകട്ടെ!
12: യൂദായ്ക്കു താമാറില്‍ ജനിച്ച പേരെസിൻ്റെ  ഭവനംപോലെ, ഈ യുവതിയില്‍ കര്‍ത്താവു നിനക്കുതരുന്ന സന്താനങ്ങളിലൂടെ നിൻ്റെ  ഭവനവുമാകട്ടെ!
13: അങ്ങനെ, ബോവാസ് റൂത്തിനെ സ്വീകരിച്ചു. അവളവൻ്റെ  ഭാര്യയായി. അവനവളെ പ്രാപിച്ചു. കര്‍ത്താവിൻ്റെയനുഗ്രഹത്താല്‍ അവള്‍ ഗര്‍ഭിണിയായി ഒരു പുത്രനെ പ്രസവിച്ചു. 
14: അപ്പോള്‍ സ്ത്രീകള്‍ നവോമിയോടു പറഞ്ഞു: നിനക്ക്, ഒരു പിന്തുടര്‍ച്ചാവകാശിയെ നല്കിയ കര്‍ത്താവു വാഴ്ത്തപ്പെട്ടവനാകട്ടെ! ആ അവകാശി ഇസ്രായേലില്‍ പ്രസിദ്ധിയാര്‍ജിക്കട്ടെ!
15: അവന്‍ നിനക്കു നവജീവന്‍ പകരും; വാര്‍ദ്ധക്യത്തില്‍ നിനക്കു താങ്ങായിരിക്കും. നിന്നെ സ്‌നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാള്‍ വിലപ്പെട്ടവളുമായ നിൻ്റെ മരുമകളാണ് അവനെ പ്രസവിച്ചത്.
16: നവോമി ശിശുവിനെ മാറോടണച്ചു. അവളവനെ പരിചരിച്ചു.
17: അയല്‍ക്കാരായ സ്ത്രീകള്‍, നവോമിക്കൊരു പുത്രന്‍ ജനിച്ചിരിക്കുന്നു എന്നു പറഞ്ഞ് ഓബദ് എന്ന് അവനു പേരിട്ടു. അവന്‍ ദാവീദിൻ്റെ  പിതാവായ ജസ്സെയുടെ പിതാവാണ്.
18: പേരെസിൻ്റെ  പിന്‍തലമുറക്കാര്‍ ഇവരാണ്: പേരെസ് ഹെബ്രോൻ്റെ  പിതാവാണ്.
19: ഹെബ്രോണ്‍ രാമിൻ്റെയും, രാം അമീനാദാബിൻ്റെയും,
20: അമീനാദാബ് നഹ്‌ഷോൻ്റെയും, നഹ്‌ഷോന്‍ സല്‍മോൻ്റെയും,
21: സല്‍മോന്‍ ബോവാസിൻ്റെയും, ബോവാസ് ഓബദിൻ്റെയും,
22: ഓബദ് ജസ്സെയുടെയും, ജസ്സെ ദാവീദിൻ്റെയും പിതാവാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ