തൊണ്ണൂറാം ദിവസം: 1 രാജാക്കന്മാര്‍ 9 - 11


അദ്ധ്യായം 9

സോളമനു വാഗ്ദാനം

1: സോളമന്‍, ദേവാലയവും കൊട്ടാരവും, താനാഗ്രഹിച്ചതൊക്കെയും പണിതു പൂര്‍ത്തിയാക്കി.
2: ഗിബയോനില്‍വച്ചെന്നതുപോലെ കര്‍ത്താവ് വീണ്ടുമവനു പ്രത്യക്ഷനായി.
3: അവിടുന്നരുളിച്ചെയ്തു: നീ എൻ്റെ സന്നിധിയില്‍ സമര്‍പ്പിച്ച പ്രാര്‍ത്ഥനകളും യാചനകളും ഞാന്‍ ശ്രവിച്ചു. നീ നിര്‍മ്മിക്കുകയും എന്നേയ്ക്കുമായി എൻ്റെ നാമംപ്രതിഷ്ഠിക്കുകയുംചെയ്ത ഈ ആലയം ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്നു. എൻ്റെ ഹൃദയപൂര്‍വ്വമായ കടാക്ഷം സദാ അവിടെയുണ്ടായിരിക്കും.
4: നിൻ്റെ പിതാവിനെപ്പോലെ നീയും ഹൃദയനൈര്‍മ്മല്യത്തോടും പരമാര്‍ഥതയോടുംകൂടെ എൻ്റെ മുമ്പില്‍ വ്യാപരിക്കുകയും ഞാന്‍ കല്പിച്ചതെല്ലാം നിര്‍വ്വഹിക്കുകയും എൻ്റെ ചട്ടങ്ങളും നിയമങ്ങളും അനുസരിക്കുകയുംചെയ്താല്‍,
5: ഇസ്രായേല്‍സിംഹാസനംവാഴാന്‍ നിൻ്റെ വംശത്തില്‍ സന്തതി അറ്റുപോകുകയില്ലെന്ന്, നിൻ്റെ പിതാവായ ദാവീദിനോടു ഞാന്‍ വാഗ്ദാനംചെയ്തതുപോലെ ഇസ്രായേലില്‍ നിൻ്റെ സിംഹാസനം ഞാന്‍ എന്നേയ്ക്കും നിലനിറുത്തും.
6: നീയോ നിൻ്റെ മക്കളോ എന്നെയുപേക്ഷിച്ച്, എൻ്റെ കല്പനകളും നിയമങ്ങളുംപാലിക്കാതെ, അന്യദേവന്മാരെ സേവിക്കുകയും ആരാധിക്കുകയുംചെയ്താല്‍,
7: ഞാന്‍ നല്കിയിരിക്കുന്ന ദേശത്തുനിന്ന് ഇസ്രായേലിനെ ഞാന്‍ വിച്ഛേദിക്കും. എനിക്കുവേണ്ടി ഞാന്‍ വിശുദ്ധീകരിച്ച ഈ ആലയം എൻ്റെ മുമ്പില്‍നിന്നു ഞാന്‍ നീക്കിക്കളയും. ഇസ്രായേല്‍, സകലജനതകളുടെയുമിടയില്‍ പരിഹാസപാത്രവും പഴമൊഴിയുമായി പരിണമിക്കും.
8: ഈ ആലയം നാശക്കൂമ്പാരമായിത്തീരും. അടുത്തുകൂടെ കടന്നുപോകുന്നവര്‍ സ്തബ്ധരായി ചോദിക്കും, ഈ ദേശത്തോടും ആലയത്തോടും എന്തുകൊണ്ടാണു കര്‍ത്താവിങ്ങനെ ചെയ്തത്?
9: തങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു മോചിപ്പിച്ച ദൈവമായ കര്‍ത്താവിനെ അവരുപേക്ഷിക്കുകയും അന്യദേവന്മാരുടെ പിന്നാലെപോയി, അവരെയാരാധിക്കുകയും സേവിക്കുകയും ചെയ്തതുകൊണ്ടാണ്, കര്‍ത്താവവര്‍ക്ക് ഈ നാശം വരുത്തിയതെന്ന് അവര്‍തന്നെ ഉത്തരവും പറയും.


സോളമൻ്റെ പ്രവര്‍ത്തനങ്ങള്‍
10: കര്‍ത്താവിൻ്റെ ആലയവും രാജകൊട്ടാരവും പണിയാന്‍ സോളമന്‍ ഇരുപതു വര്‍ഷമെടുത്തു.
11: തനിക്കാവശ്യമുള്ള സരളമരവും ദേവദാരുവും സ്വര്‍ണ്ണവുംനല്കിയ ടയിറിലെ ഹീരാംരാജാവിന്, സോളമന്‍ ഗലീലിപ്രദേശത്ത് ഇരുപതുനഗരങ്ങള്‍ കൊടുത്തു.
12: സോളമന്‍ സമ്മാനിച്ച നഗരങ്ങള്‍ കാണാന്‍ ഹീരാം ടയിറില്‍നിന്നു വന്നു. അവനവ ഇഷ്ടപ്പെട്ടില്ല.
13: അവന്‍ ചോദിച്ചു: സഹോദരാ, എന്തുതരം നഗരങ്ങളാണ് എനിക്കീ നല്കിയത്? അതിനാല്‍, അവ കാബൂല്‍ എന്ന് ഇന്നുമറിയപ്പെടുന്നു.
14: ഹീരാം നൂറ്റിയിരുപതു താലന്തു സ്വര്‍ണ്ണം സോളമനു കൊടുത്തിരുന്നു.
15: കര്‍ത്താവിൻ്റെ ആലയം, സ്വന്തം ഭവനം, മില്ലോ, 
16: ജറുസലെമിൻ്റെ മതില്‍, ഹസോര്‍, മെഗിദോ, ഗേസര്‍ -
17: ഈജിപ്തിലെ രാജാവായ ഫറവോ പിടിച്ചെടുക്കുകയും ചുട്ടെരിക്കുകയും, 
18: അവിടെ വസിച്ചിരുന്ന കാനാന്‍കാരെ വധിച്ചതിനുശേഷം സോളമനു ഭാര്യയായി നല്കിയ തൻ്റെ പുത്രിക്കു സ്ത്രീധനമായി കൊടുക്കുകയുംചെയ്ത നഗരമാണ് ഗേസര്‍. സോളമനതു പുതുക്കിപ്പണിതു - 
19: താഴത്തെ ബത്‌ഹോറോണ്‍, യൂദാമരുപ്രദേശത്തെ ബാലാത്ത്, താമാര്‍, സോളമൻ്റെ സംഭരണനഗരങ്ങള്‍, രഥങ്ങള്‍ക്കുവേണ്ടിയുള്ള പട്ടണങ്ങള്‍, കുതിരക്കാര്‍ക്കുവേണ്ടിയുള്ള പട്ടണങ്ങള്‍ എന്നിവയും ജറുസലെമിലും ലബനോനിലും തൻ്റെ അധികാരത്തില്‍പ്പെട്ട മറ്റു പ്രദേശങ്ങളിലും താന്‍ പണിയാനാഗ്രഹിച്ചവയും നിര്‍മ്മിക്കാന്‍, സോളമന്‍ചെയ്യിച്ച അടിമവേലയുടെ വിവരം ഇതാണ് :
20: ഇസ്രായേല്‍ക്കാരില്‍ ഉള്‍പ്പെടാത്ത അമോര്യര്‍, ഹിത്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരില്‍ അവശേഷിച്ച സകലരെയും സോളമന്‍ അടിമവേലയ്ക്കു നിയോഗിച്ചു;
21: അവര്‍ ഇന്നും അങ്ങനെ തുടരുന്നു. ഇസ്രായേല്‍ജനത്തിന് ഉന്മൂലനംചെയ്യാന്‍ സാധിക്കാതെ അവശേഷിച്ചവരുടെ മക്കളായിരുന്നു ഇവര്‍.
22: ഇസ്രായേലില്‍നിന്ന് ആരെയും സോളമന്‍ ദാസ്യവേലയ്ക്കു നിയോഗിച്ചില്ല. അവര്‍ അവൻ്റെ യോദ്ധാക്കളും അംഗരക്ഷകരും സേനാനായകന്മാരും ഉപസേനാനായകന്മാരും അശ്വ - രഥസൈന്യങ്ങളുടെ അധിപന്മാരുമായിരുന്നു.
23: സോളമന്‍ ചെയ്തുതീര്‍ത്ത ജോലികള്‍ക്കു മേല്‍നോട്ടംവഹിച്ചത് അഞ്ഞൂറ്റിയന്‍പതു മേലാളന്മാരാണ്.
24: ഫറവോയുടെ മകള്‍, ദാവീദിൻ്റെ നഗരത്തില്‍നിന്ന് സോളമന്‍ അവള്‍ക്കു നിര്‍മ്മിച്ചുകൊടുത്ത ഭവനത്തിലേക്കു മാറിത്താമസിച്ചു; അതിനുശേഷം അവന്‍ മില്ലോ നിര്‍മ്മിച്ചു.
25: കര്‍ത്താവിനു നിര്‍മ്മിച്ച ബലിപീഠത്തില്‍ സോളമന്‍ ആണ്ടുതോറും മൂന്നുപ്രാവശ്യം ദഹനബലികളും സമാധാനബലികളുമര്‍പ്പിക്കുകയും കര്‍ത്താവിൻ്റെ മുമ്പില്‍ ധൂപാര്‍ച്ചനനടത്തുകയും ചെയ്തുവന്നു. ദേവാലയനിര്‍മ്മാണം അവന്‍ പൂര്‍ത്തിയാക്കി.
26: ഏദോമില്‍ ചെങ്കടല്‍ത്തീരത്ത് ഏലോത്തിനുസമീപം എസിയോന്‍ഗേബറില്‍ സോളമന്‍ കപ്പലുകള്‍ പണിയിച്ചു.
27: ആ കപ്പലുകളില്‍ സോളമൻ്റെ സേവകന്മാരോടൊപ്പം ഹീരാം തൻ്റെ ദാസന്മാരെയുമയച്ചു. അവര്‍ പരിചയമുള്ള നാവികരായിരുന്നു. അവര്‍ ഓഫീറില്‍ച്ചെന്ന് നാനൂറ്റിയിരുപതു താലന്തു സ്വര്‍ണ്ണംകൊണ്ടുവന്ന്, സോളമന്‍ രാജാവിനു കൊടുത്തു.

അദ്ധ്യായം 10

ഷേബാരാജ്ഞിയുടെ സന്ദര്‍ശനം

1: സോളമൻ്റെ കീര്‍ത്തിയെപ്പറ്റിക്കേട്ട ഷേബാരാജ്ഞി, അവനെപ്പരീക്ഷിക്കാന്‍ കുറെ കടംകഥകളുമായി വന്നു.
2: ഒട്ടകപ്പുറത്തു സുഗന്ധദ്രവ്യങ്ങളും ധാരാളം സ്വര്‍ണ്ണവും വിലയേറിയ രത്നങ്ങളുമായി വലിയൊരു പരിവാരത്തോടുകൂടെയാണ് അവള്‍ ജറുസലെമിലെത്തിയത്. സോളമനെ സമീപിച്ച്, ഉദ്ദ്യേശിച്ചതെല്ലാം അവള്‍ പറഞ്ഞു.
3: അവളുടെ എല്ലാ ചോദ്യങ്ങള്‍ക്കും സോളമൻ മറുപടി നല്കി. വിശദീകരിക്കാന്‍വയ്യാത്തവിധം ഒന്നും അവന് അജ്ഞാതമായിരുന്നില്ല.
4: സോളമൻ്റെ ജ്ഞാനം, അവന്‍ പണിയിച്ച ഭവനം,
5: മേശയിലെ വിഭവങ്ങള്‍, സേവകന്മാര്‍ക്കുള്ള പീഠങ്ങള്‍, ഭൃത്യന്മാരുടെ പരിചരണം, അവരുടെ വേഷം, പാനപാത്രവാഹകര്‍, ദേവാലയത്തില്‍ അവനര്‍പ്പിച്ച ദഹനബലികള്‍ എന്നിവ കണ്ടപ്പോള്‍ ഷേബാരാജ്ഞി അന്ധാളിച്ചുപോയി.
6: അവള്‍ രാജാവിനോടു പറഞ്ഞു: അങ്ങയെയും അങ്ങയുടെ ജ്ഞാനത്തെയുംപറ്റി ഞാന്‍ എൻ്റെ ദേശത്തു കേട്ടത്, എത്രയോ വാസ്തവം!
7: നേരില്‍ക്കാണുന്നതുവരെ യാതൊന്നും ഞാന്‍ വിശ്വസിച്ചിരുന്നില്ല. യാഥാര്‍ത്ഥ്യത്തിൻ്റെ പകുതിപോലും ഞാനറിഞ്ഞിരുന്നില്ല. അങ്ങയുടെ ജ്ഞാനവും സമ്പത്തും ഞാന്‍ കേട്ടതിനെക്കാള്‍ എത്രയോ വിപുലമാണ്!
8: അങ്ങയുടെ ഭാര്യമാര്‍ എത്രയോ ഭാഗ്യവതികള്‍! അങ്ങയുടെ സന്നിധിയില്‍ സദാ കഴിച്ചുകൂട്ടുകയും ജ്ഞാനം ശ്രവിക്കുകയുംചെയ്യുന്ന അങ്ങയുടെ ദാസന്മാര്‍ എത്ര ഭാഗ്യവാന്മാര്‍!
9: അങ്ങില്‍ പ്രസാദിച്ച് ഇസ്രായേലിൻ്റെ രാജാസനത്തില്‍ അങ്ങയെ ഇരുത്തിയ അങ്ങയുടെ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! കര്‍ത്താവ് ഇസ്രായേലിനെ അനന്തമായി സ്‌നേഹിച്ചതിനാല്‍, നീതിയും ന്യായവുംനടത്താന്‍ അങ്ങയെ രാജാവാക്കി.
10: അവള്‍ രാജാവിനു നൂറ്റിയിരുപതു താലന്തു സ്വര്‍ണ്ണവും വളരെയേറെ സുഗന്ധദ്രവ്യങ്ങളും രത്നങ്ങളും കൊടുത്തു. ഷേബാരാജ്ഞി സമ്മാനിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങള്‍ പിന്നീടാരും സോളമനു കൊടുത്തിട്ടില്ല.
11: ഓഫീറില്‍നിന്നു സ്വര്‍ണ്ണവുമായിവന്ന ഹീരാമിൻ്റെ കപ്പലുകള്‍ ധാരാളം രക്തചന്ദനവും രത്നങ്ങളും കൊണ്ടുവന്നു.
12: രാജാവ് ആ ചന്ദനംകൊണ്ടു കര്‍ത്താവിൻ്റെ ആലയത്തിലും കൊട്ടാരത്തിലും തൂണുകളും ഗായകര്‍ക്ക് വീണയും തംബുരുവുമുണ്ടാക്കി. അത്തരം ചന്ദനം ഇന്നുവരെ ആരും കൊണ്ടുവന്നിട്ടില്ല; കണ്ടിട്ടുമില്ല.
13: രാജാവു ഷേബാരാജ്ഞിക്കു സമ്മാനമായി നല്കിയവയ്ക്കുപുറമേ, അവള്‍ ആഗ്രഹിച്ചതും ചോദിച്ചതുമെല്ലാം നല്കി; അവള്‍ സേവകരോടൊത്തു സ്വദേശത്തേക്കു മടങ്ങി.
14: സോളമന് ഒരുവര്‍ഷം ലഭിച്ചിരുന്ന സ്വര്‍ണ്ണം അറുനൂറ്റിയറുപത്താറു താലന്ത് ആണ്.
15: വ്യാപാരികളില്‍നിന്നുള്ള നികുതിയും ചുങ്കവും വിദേശരാജാക്കന്മാരും ദേശാധിപതികളും നല്കിയ കപ്പവുംവഴി ലഭിച്ചിരുന്ന സ്വര്‍ണ്ണം വേറെയും.
16: സ്വര്‍ണ്ണം അടിച്ചുപരത്തി സോളമന്‍രാജാവ് ഇരുനൂറു വലിയ പരിചകളുണ്ടാക്കി. ഓരോ പരിചയ്ക്കും അറുനൂറു ഷെക്കല്‍ സ്വര്‍ണ്ണം ചെലവായി.
17: സ്വര്‍ണ്ണം അടിച്ചുപരത്തി മുന്നൂറു പരിചകള്‍കൂടി ഉണ്ടാക്കി. ഓരോന്നിനും മൂന്നു മീനാ സ്വര്‍ണ്ണം വേണ്ടി വന്നു. രാജാവ് ഇവ ലബനോന്‍ കാനനമന്ദിരത്തില്‍ സൂക്ഷിച്ചു.
18: രാജാവ് വലിയൊരു ദന്തസിംഹാസനമുണ്ടാക്കി, സ്വര്‍ണ്ണംപൊതിഞ്ഞു.
19: അതിന് ആറു പടികളുണ്ടായിരുന്നു; പിന്‍ഭാഗത്ത് കാളക്കുട്ടിയുടെ തലയും; ഇരുവശത്തും കൈതാങ്ങികളും അതിനടുത്തു രണ്ടു സിംഹങ്ങളുമുണ്ടായിരുന്നു.
20: ആറു പടികളില്‍ ഇരുവശത്തുമായി പന്ത്രണ്ടു സിംഹങ്ങളെ നിര്‍മ്മിച്ചു; ഇത്തരമൊരു ശില്പം ഒരു രാജ്യത്തുമുണ്ടായിരുന്നില്ല.
21: സോളമന്‍രാജാവിൻ്റെ പാനപാത്രങ്ങളെല്ലാം സ്വര്‍ണ്ണനിര്‍മ്മിതമായിരുന്നു; ലബനോന്‍ കാനനമന്ദിരത്തിലെ എല്ലാ പാത്രങ്ങളും തങ്കംകൊണ്ടുള്ളതും. സോളമൻ്റെകാലത്തു വെള്ളി വിലപ്പെട്ടതേ ആയിരുന്നില്ല. അതിനാല്‍, വെള്ളികൊണ്ട് ഒന്നുംതന്നെ നിര്‍മ്മിച്ചിരുന്നില്ല.
22: കടലില്‍ ഹീരാമിൻ്റെ കപ്പലുകളോടൊപ്പം രാജാവിനു താര്‍ഷീഷിലെ കപ്പലുകളുമുണ്ടായിരുന്നു. അവ മൂന്നു വര്‍ഷത്തിലൊരിക്കല്‍ സ്വര്‍ണ്ണം, വെള്ളി, ആനക്കൊമ്പ്, കുരങ്ങുകള്‍, മയിലുകള്‍ ഇവ കൊണ്ടുവരുക പതിവായിരുന്നു.
23: ഇങ്ങനെ, സോളമന്‍രാജാവ് സമ്പത്തിലും ജ്ഞാനത്തിലും ഭൂമിയിലുള്ള സകല രാജാക്കന്മാരെയും പിന്നിലാക്കി.
24: ദൈവം സോളമനു നല്കിയ ജ്ഞാനംശ്രവിക്കാന്‍ എല്ലാദേശക്കാരും അവൻ്റെ സാന്നിദ്ധ്യംതേടി.
25: ഓരോരുത്തരും ആണ്ടുതോറും വെള്ളിയും സ്വര്‍ണ്ണവുംകൊണ്ടുള്ള ഉരുപ്പടികള്‍, തുണിത്തരങ്ങള്‍, മീറ, സുഗന്ധദ്രവ്യങ്ങള്‍, കുതിര, കോവര്‍കഴുത എന്നിവ ധാരാളം അവനു സമ്മാനിച്ചു.
26: സോളമന്‍, രഥങ്ങളെയും കുതിരക്കാരെയും ശേഖരിച്ചു. തൻ്റെ ആയിരത്തിനാനൂറു രഥങ്ങള്‍ക്കും പന്തീരായിരം കുതിരക്കാര്‍ക്കും നഗരങ്ങളിലും രാജാവിനുസമീപം ജറുസലെമിലും താവളം നല്കി.
27: ജറുസലെമില്‍ കല്ലുപോലെ വെള്ളി അവനു സുലഭമാക്കി. ദേവദാരു ഷെഫെലായിലെ അത്തിമരംപോലെ സമൃദ്ധവുമാക്കി.
28: ഈജിപ്തില്‍നിന്നും കുവേയില്‍നിന്നും സോളമന്‍ കുതിരകളെ ഇറക്കുമതിചെയ്തു. രാജാവിൻ്റെ വ്യാപാരികള്‍ അവയെ കുവേയില്‍നിന്നു വിലയ്ക്കുവാങ്ങി.
29: ഈജിപ്തില്‍ രഥം ഒന്നിന് അറുനൂറും, കുതിര ഒന്നിനു നൂറ്റിയമ്പതും ഷെക്കല്‍ വെള്ളിയായിരുന്നു വില. ഹിത്യരുടെയും സിറിയാക്കാരുടെയും രാജാക്കന്മാര്‍ക്ക് രാജവ്യാപാരികള്‍വഴി അവ കയറ്റുമതിചെയ്തു.

അദ്ധ്യായം 11

സോളമൻ്റെ അധഃപതനം

1: സോളമന്‍രാജാവ് അനേകം വിദേശവനിതകളെ പ്രേമിച്ചു. ഫറവോയുടെ മകളെയും മൊവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സീദോന്യര്‍, ഹിത്യര്‍ എന്നീ അന്യവംശങ്ങളില്‍പ്പെട്ട സ്ത്രീകളെയും ഭാര്യമാരായി സ്വീകരിച്ചു;
2: നിങ്ങളവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്; അവര്‍ നിങ്ങളുമായും. അവര്‍ നിങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്ന് അവരെക്കുറിച്ചു കര്‍ത്താവരുളിച്ചെയ്തിരുന്നു. സോളമനാകട്ടെ അവരെ ഗാഢമായി പ്രേമിച്ചു.
3: അവനു രാജ്ഞിസ്ഥാനമുള്ള എഴുനൂറു ഭാര്യമാരും മുന്നൂറ് ഉപനാരികളും ഉണ്ടായിരുന്നു. അവര്‍ അവൻ്റെ ഹൃദയം വ്യതിചലിപ്പിച്ചു.
4: സോളമനു വാര്‍ദ്ധക്യമായപ്പോള്‍ ഭാര്യമാര്‍ അവൻ്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു തിരിച്ചു. പിതാവായ ദാവീദ്, ദൈവമായ കര്‍ത്താവിനോടു വിശ്വസ്തനായിരുന്നതുപോലെ അവന്‍ അവിടുത്തോടു പരിപൂര്‍ണ്ണവിശ്വസ്തത പാലിച്ചില്ല.
5: സോളമന്‍ സീദോന്യരുടെ ദേവിയായ അസ്താര്‍ത്തെയെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മില്‍ക്കോമിനെയും ആരാധിച്ചു.
6: അങ്ങനെ അവന്‍ കര്‍ത്താവിൻ്റെമുമ്പില്‍ അനിഷ്ടം പ്രവര്‍ത്തിച്ചു. തൻ്റെ പിതാവായ ദാവീദിനെപ്പോലെ അവന്‍ കര്‍ത്താവിനെ പൂര്‍ണ്ണമായനുഗമിച്ചില്ല.
7: അവന്‍ ജറുസലെമിനുകിഴക്കുള്ള മലയില്‍ മൊവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോഷിനും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോളെക്കിനും പൂജാഗിരികള്‍ നിര്‍മ്മിച്ചു.
8: തങ്ങളുടെ ദേവന്മാര്‍ക്കു ധൂപാര്‍ച്ചനനടത്തുകയും ബലി സമര്‍പ്പിക്കുകയുംചെയ്തിരുന്ന എല്ലാ വിജാതീയഭാര്യമാര്‍ക്കുംവേണ്ടി, അവനങ്ങനെ ചെയ്തു.
9: രണ്ടുപ്രാവശ്യം പ്രത്യക്ഷനാവുകയും അന്യദേവന്മാരെ
10: സേവിക്കരുതെന്ന് ആജ്ഞാപിക്കുകയുംചെയ്ത ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവില്‍നിന്ന് അവനകന്നുപോവുകയും അവിടുത്തെ കല്പനകള്‍ പാലിക്കാതിരിക്കുകയുംചെയ്തതിനാല്‍, അവിടുന്നവനോടു കോപിച്ചു.
11: കര്‍ത്താവു സോളമനോടരുളിച്ചെയ്തു: നിൻ്റെ മനസ്സ് ഇങ്ങനെതിരിയുകയും എൻ്റെ ഉടമ്പടിയും ഞാന്‍ നല്കിയ കല്പനകളും പാലിക്കാതിരിക്കുകയും ചെയ്തതിനാല്‍, ഞാന്‍ രാജ്യം നിന്നില്‍നിന്നു പറിച്ചെടുത്ത് നിൻ്റെ ദാസനു നല്കും.
12: എന്നാല്‍, നിൻ്റെ പിതാവായ ദാവീദിനെയോര്‍ത്ത്, നിൻ്റെ ജീവിതകാലത്ത് ഇതു ഞാന്‍ ചെയ്യുകയില്ല; നിൻ്റെ മകൻ്റെ കരങ്ങളില്‍നിന്ന് അതു ഞാന്‍ വേര്‍പെടുത്തും.
13: രാജ്യം മുഴുവനും എടുത്തുകളയുകയില്ല. എൻ്റെ ദാസനായ ദാവീദിനെയും ഞാന്‍ തിരഞ്ഞെടുത്ത ജറുസലെമിനെയുമോര്‍ത്തു നിൻ്റെ പുത്രന് ഒരു ഗോത്രം നല്കും.
14: കര്‍ത്താവ് ഏദോമ്യനായ ഹദാദിനെ സോളമനെതിരായി തിരിച്ചുവിട്ടു. അവന്‍ ഏദോം രാജവംശത്തില്‍പ്പെട്ടവനായിരുന്നു.
15: ദാവീദ് ഏദോമിലായിരുന്നപ്പോള്‍ സേനാനായകന്‍ യോവാബ്,‌ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെ സംസ്കരിക്കാന്‍ അങ്ങോട്ടുപോയി. ഏദോംകാരില്‍ പുരുഷന്മാരെയെല്ലാം അവന്‍ വധിച്ചു.
16: ഏദോമിലെ പുരുഷന്മാരെ കൊന്നൊടുക്കുന്നതുവരെ ആറു മാസക്കാലം യോവാബും ഇസ്രായേല്‍ക്കാരും അവിടെ താമസിച്ചു.
17: അക്കാലത്ത് ഹദാദും അവൻ്റെ പിതാവിൻ്റെ ദാസരായ ഏദോമ്യരില്‍ ചിലരും ഈജിപ്തിലേക്ക് ഓടി രക്ഷപെട്ടു. ഹദാദ് അന്നു കൊച്ചുകുട്ടിയായിരുന്നു.
18: മിദിയാനില്‍നിന്നു പുറപ്പെട്ട അവര്‍ പാരാനിലെത്തി; അവിടെനിന്ന് ആളുകളെ ശേഖരിച്ച് ഈജിപ്തുരാജാവായ ഫറവോയുടെ അടുത്തുചെന്നു. ഫറവോ അവനൊരു ഭവനവും കുറച്ചു സ്ഥലവും ഭക്ഷണവും കൊടുത്തു.
19: ഹദാദ് ഫറവോയുടെ പ്രീതി സമ്പാദിച്ചു. ഫറവോ തൻ്റെ ഭാര്യയായ തഹ്ഫ്‌നേസ് രാജ്ഞിയുടെ സഹോദരിയെ ഹദാദിനു ഭാര്യയായിക്കൊടുത്തു.
20: ഹദാദിന് അവളില്‍ ഗനുബാത്ത് എന്നൊരു മകനുണ്ടായി. മുലകുടിമാറുന്നതുവരെ തഹ്ഫ്‌നേസ് അവനെ ഫറവോയുടെ കൊട്ടാരത്തില്‍ വളര്‍ത്തി. അവനവിടെ ഫറവോയുടെ പുത്രന്മാരോടുകൂടെ വസിച്ചു.
21: ദാവീദു തന്റെ പിതാക്കന്മാരോടു ചേര്‍ന്നുവെന്നും സേനാധിപനായ യോവാബു മരിച്ചെന്നും ഹദാദ് ഈജിപ്തില്‍വച്ചു കേട്ടു. അപ്പോള്‍ അവന്‍ ജന്മദേശത്തേക്കു മടങ്ങിപ്പോകാന്‍ ഫറവോയോട് അനുവാദം ചോദിച്ചു.
22: ഫറവോ പറഞ്ഞു: എൻ്റെയടുത്ത് എന്തു കുറവുണ്ടായിട്ടാണ് നീ സ്വദേശത്തേക്കു പോകാനാഗ്രഹിക്കുന്നത്? എന്നെ വിട്ടയച്ചാലും, അവന്‍ വീണ്ടും അപേക്ഷിച്ചു.
23: എലിയാദായുടെ മകന്‍ റസോണിനെയും ദൈവം സോളമൻ്റെ എതിരാളിയാക്കി! അവന്‍ തൻ്റെ യജമാനനും സോബായിലെ രാജാവുമായ ഹദദേസറിൻ്റെയടുത്തുനിന്ന് ഒളിച്ചോടിപ്പോന്നവനാണ്.
24: ദാവീദ് സോബാക്കാരെ സംഹരിച്ചപ്പോള്‍ റസോണ്‍ ഒരു കവര്‍ച്ചസംഘം രൂപവല്‍ക്കരിച്ച് അതിൻ്റെ തലവനായി. അവര്‍ ദമാസ്‌ക്കസില്‍പോയി താമസിക്കുകയും അവനെ ദമാസ്‌ക്കസിലെ രാജാവാക്കുകയും ചെയ്തു.
25: സോളമൻ്റെ കാലം മുഴുവനും അവന്‍ ഹദാദിനെപ്പോലെ ദുഷ്‌കൃത്യങ്ങള്‍ചെയ്ത് ഇസ്രായേലിൻ്റെ ശത്രുവായി ജീവിച്ചു. അവന്‍ ഇസ്രായേലിനെ വെറുത്തുകൊണ്ട് സിറിയായില്‍ ഭരണം നടത്തി.
26: സോളമൻ്റെ ഭൃത്യനും സെരേദായിലെ എഫ്രായിമ്യനായ നെബാത്തിൻ്റെ മകനുമായ ജറോബോവാം - അവൻ്റെ അമ്മ സെരൂവാ എന്ന വിധവയായിരുന്നു - രാജാവിനെതിരേ കരമുയര്‍ത്തി.
27: അവന്‍ രാജാവിനെതിരായി പ്രവര്‍ത്തിക്കാന്‍ കാരണമിതാണ്. സോളമന്‍ മില്ലോ പണിയുകയും തൻ്റെ പിതാവായ ദാവീദിൻ്റെ നഗരത്തിലുണ്ടായിരുന്ന അറ്റകുറ്റങ്ങള്‍ തീര്‍ക്കുകയുംചെയ്തു.
28: ജറോബോവാം വളരെ കഴിവുള്ളവനായിരുന്നു; പരിശ്രമശാലിയായ അവനെ സോളമന്‍ ജോസഫിൻ്റെ ഭവനത്തിലെ അടിമവേലയുടെ മേല്‍നോട്ടക്കാരനാക്കി.
29: ഒരു ദിവസം ജറോബോവാം ജറുസലെമില്‍നിന്നു പുറത്തുപോകവേ ഷീലോന്യനായ അഹിയാ പ്രവാചകന്‍ അവനെ കണ്ടുമുട്ടി.
30: അഹിയാ ഒരു പുതിയ അങ്കി ധരിച്ചിരുന്നു. ആ വെളിംപ്രദേശത്ത് അവര്‍ ഇരുവരുംമാത്രമേ ഉണ്ടായിരുന്നുള്ളു. അഹിയാ താന്‍ ധരിച്ചിരുന്ന പുതിയ അങ്കിയെടുത്തു പന്ത്രണ്ടു കഷണങ്ങളായി കീറി.
31: അവന്‍ ജറോബോവാമിനോടു പറഞ്ഞു: പത്തു കഷണം നീ എടുത്തുകൊള്ളുക. ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ സോളമൻ്റെ കൈയില്‍നിന്നു രാജ്യമെടുത്ത്, പത്തു ഗോത്രങ്ങള്‍ നിനക്കു തരും.
32: എൻ്റെ ദാസനായ ദാവീദിനെയോര്‍ത്തും, ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലുംനിന്നു ഞാന്‍ തിരഞ്ഞെടുത്ത ജറുസലെം നഗരത്തെയോര്‍ത്തും അവന് ഒരു ഗോത്രം നല്കും.
33: അവന്‍ എന്നെ മറന്നു സീദോന്യരുടെ ദേവി അസ്താര്‍ത്തയെയും മൊവാബ്യരുടെ ദേവനായ കെമോഷിനെയും അമ്മോന്യരുടെ ദേവനായ മില്‍ക്കോമിനെയും ആരാധിച്ചു. അവന്‍ തൻ്റെ പിതാവായ ദാവീദിനെപ്പോലെ എൻ്റെ മാര്‍ഗ്ഗത്തിലൂടെ ചരിച്ച് എൻ്റെ മുമ്പില്‍ നീതി പ്രവര്‍ത്തിക്കുകയോ എൻ്റെ കല്പനകളും നിയമങ്ങളും അനുസരിക്കുകയോ ചെയ്തില്ല.
34: എങ്കിലും രാജ്യംമുഴുവന്‍ ഞാനവനില്‍നിന്നെടുക്കുകയില്ല; അവൻ്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ തിരഞ്ഞെടുത്തവനും എൻ്റെ കല്പനകളും നിയമങ്ങളുമനുസരിച്ചവനും എൻ്റെ ദാസനുമായ ദാവീദിനെയോര്‍ത്തു ഞാനവനെ രാജാവായി നിലനിറുത്തും.
35: എന്നാല്‍, ഞാന്‍ അവൻ്റെ പുത്രൻ്റെ കൈയില്‍നിന്നു രാജ്യമെടുത്ത്, പത്തുഗോത്രങ്ങള്‍ നിനക്കു തരും.
36: എങ്കിലും എൻ്റെ നാമം നിലനിറുത്താന്‍ ഞാന്‍ തിരഞ്ഞെടുത്ത ജറുസലെംനഗരത്തില്‍ എൻ്റെ മുമ്പില്‍ എൻ്റെ ദാസനായ ദാവീദിനു സദാ ഒരു ദീപമുണ്ടായിരിക്കാന്‍ അവൻ്റെ പുത്രനു ഞാനൊരു ഗോത്രം നല്കും.
37: ഞാന്‍ നിന്നെ സ്വീകരിക്കും; നീ ഇസ്രായേലിൻ്റെ രാജാവായി യഥേഷ്ടം ഭരണംനടത്തും.
38: എൻ്റെ കല്പനകള്‍ സ്വീകരിച്ച് എൻ്റെ മാര്‍ഗ്ഗത്തില്‍ ചരിക്കുകയും, എൻ്റെ ദാസനായ ദാവീദിനെപ്പോലെ എൻ്റെ പ്രമാണങ്ങളും കല്പനകളും പാലിക്കുകയും ചെയ്തുകൊണ്ട് എന്റെ ദൃഷ്ടിയില്‍ നീതി പ്രവര്‍ത്തിച്ചാല്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. ദാവീദിനെപ്പോലെ നിനക്കും സ്ഥിരമായൊരു ഭവനം ഞാന്‍ പണിയും. ഇസ്രായേലിനെ നിനക്കു നല്കുകയും ചെയ്യും.
39: ദാവീദിൻ്റെ അനന്തര തലമുറകളെ ഇങ്ങനെ ഞാന്‍ പീഡിപ്പിക്കും; എന്നാല്‍ അത് എന്നേയ്ക്കുമായിട്ടല്ല.
40: സോളമന്‍ ജറോബോവാമിനെ കൊല്ലാന്‍ ശ്രമിച്ചു; എന്നാല്‍, ജറോബോവാം ഈജിപ്തുരാജാവായ ഷീഷാക്കിൻ്റെ അടുത്തേക്ക് പലായനം ചെയ്തു. സോളമൻ്റെ മരണംവരെ അവനവിടെയായിരുന്നു.


സോളമൻ്റെ മരണം
41: സോളമൻ്റെ മറ്റെല്ലാ പ്രവൃത്തികളും അവൻ്റെ ജ്ഞാനവും സോളമൻ്റെ നടപടിപ്പുസ്തകത്തില്‍ എഴുതപ്പെട്ടിട്ടില്ലേ?
42: സോളമന്‍ ജറുസലെമില്‍ നാല്പതുവര്‍ഷം ഇസ്രായേല്‍ജനത്തെ ഭരിച്ചു.
43: അവന്‍ പിതാക്കന്മാരോടു ചേര്‍ന്നു; തൻ്റെ പിതാവായ ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. അവൻ്റെ മകന്‍ റഹോബോവാം ഭരണമേറ്റു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ