അറുപത്തിമൂന്നാം ദിവസം: ജോഷ്വാ 22 - 24


അദ്ധ്യായം 22

കിഴക്കന്‍ഗോത്രങ്ങള്‍ മടങ്ങുന്നു

1: റൂബന്‍ - ഗാദ്ഗോത്രങ്ങളെയും മനാസ്സെയുടെ അര്‍ദ്ധഗോത്രത്തെയും ജോഷ്വ വിളിച്ചുകൂട്ടി.
2: അവനവരോടു പറഞ്ഞു: കര്‍ത്താവിൻ്റെ ദാസനായ മോശ നിങ്ങളോടു കല്പിച്ചതെല്ലാം നിങ്ങളനുസരിച്ചു. എൻ്റെയാജ്ഞ നിങ്ങളനുവര്‍ത്തിക്കുകയുംചെയ്തു
3: നിങ്ങളുടെ സഹോദരന്മാരെ ഇന്നുവരെ നിങ്ങളുപേക്ഷിച്ചിട്ടില്ല. നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ കല്പനയനുസരിക്കുന്നതില്‍ നിങ്ങളുത്സുകരായിരുന്നു.
4: ഇപ്പോള്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവ്, തൻ്റെ വാഗ്ദാനമനുസരിച്ച്, നിങ്ങളുടെ സഹോദരന്മാര്‍ക്കു സ്വസ്ഥതനല്കിയിരിക്കുന്നു. ആകയാല്‍ കര്‍ത്താവിൻ്റെ ദാസനായ മോശ, ജോര്‍ദ്ദാനക്കരെ, നിങ്ങള്‍ക്കവകാശമായി നല്കിയ ദേശത്തുള്ള ഭവനങ്ങളിലേയ്ക്കു മടങ്ങുവിന്‍.
5: നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുകയും അവിടുത്തെ വഴികളിലൂടെ ചരിക്കുകയും അവിടുത്തെ പ്രമാണങ്ങളനുസരിക്കുകയും അവിടുത്തോടു വിശ്വസ്തതപുലര്‍ത്തുകയും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ അവിടുത്തെയാരാധിക്കുകയുംചെയ്യണമെന്നു കര്‍ത്താവിൻ്റെ ദാസനായ മോശ നിങ്ങള്‍ക്കു നല്കിയിട്ടുള്ള കല്പനകളും നിയമങ്ങളുമനുസരിക്കുന്നതില്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
6: ജോഷ്വ അവരെയനുഗ്രഹിച്ചയച്ചു. അവര്‍ തങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി.
7: മാനാസ്സെയുടെ ഒരര്‍ദ്ധഗോത്രത്തിന്, മോശ ബാഷാനില്‍ അവകാശം നല്കിയിരുന്നു. മറ്റേയര്‍ദ്ധഗോത്രത്തിന്, ജോര്‍ദ്ദാൻ്റെ പടിഞ്ഞാറു ഭാഗത്ത്, അവരുടെ സഹോദരന്മാരുടെ അവകാശഭൂമിയോടു ചേര്‍ന്നു ജോഷ്വ ഓഹരി കൊടുത്തു. അവനവരെയനുഗ്രഹിച്ച്, സ്വഭവനങ്ങളിലേക്കയച്ചു.
8: അവന്‍ പറഞ്ഞു: വളരെയധികം കന്നുകാലികള്‍, വെള്ളി, സ്വര്‍ണ്ണം, പിച്ചള, ഇരിമ്പ്, വസ്ത്രങ്ങള്‍ എന്നിവയോടുകൂടെ സമ്പന്നരായി നിങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങിപ്പോകുവിന്‍; ശത്രുക്കളില്‍നിന്നു ലഭിച്ച കൊള്ളവസ്തുക്കള്‍ സഹോദരന്മാരുമായി പങ്കുവയ്ക്കുവിന്‍.
9: അങ്ങനെ റൂബന്‍, ഗാദ്‌ഗോത്രങ്ങളും മനാസ്സെയുടെ അര്‍ദ്ധഗോത്രവും ഇസ്രായേല്‍ജനത്തോടു യാത്രചോദിച്ചതിനുശേഷം, കാനാന്‍ദേശത്തുള്ള ഷീലോയില്‍വച്ചു കര്‍ത്താവിൻ്റെ ദാസനായ മോശയുടെ കല്പനയനുസരിച്ചു സ്വന്തമാക്കിയ ഗിലയാദിലുള്ള ഭവനങ്ങളിലേക്കു മടങ്ങി.

ജോര്‍ദ്ദാനു സമീപം ബലിപീഠം

10: റൂബന്‍, ഗാദുഗോത്രങ്ങളും മനാസ്സെയുടെ അര്‍ദ്ധഗോത്രവും കാനാന്‍ദേശത്ത്‌, ജോര്‍ദ്ദാനു സമീപമെത്തിയപ്പോള്‍, നദീതീരത്തു വലിയൊരു ബലിപീഠം നിര്‍മ്മിച്ചു.
11: ഇതാ, റൂബന്‍ - ഗാദുഗോത്രങ്ങളും മനാസ്സെയുടെ അര്‍ദ്ധഗോത്രവും ഇസ്രായേല്‍ജനത്തിൻ്റെ അവകാശഭൂമിയില്‍, കാനാന്‍ദേശത്തിൻ്റെയതിര്‍ത്തിയില്‍, ജോര്‍ദ്ദാൻ്റെ തീരത്ത്, ഒരു ബലിപീഠം നിര്‍മ്മിച്ചിരിക്കുന്നുവെന്ന്, ഇസ്രായേല്‍ജനം കേട്ടു.
12: അപ്പോള്‍, ഇസ്രായേല്‍ജനം മുഴുവനും അവരോടു യുദ്ധംചെയ്യുന്നതിനുവേണ്ടി ഷീലോയില്‍ സമ്മേളിച്ചു.
13: ഇസ്രായേല്‍ജനം പുരോഹിതനായ എലെയാസറിൻ്റെ മകന്‍ ഫിനെഹാസിനെ ഗിലയാദില്‍ റൂബന്‍-ഗാദുഗോത്രങ്ങളുടെയും മനാസ്സെയുടെ അര്‍ദ്ധഗോത്രത്തിൻ്റെയുമടുത്തേക്കയച്ചു.
14: ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്ന് ഗോത്രത്തലവന്മാരായ പത്തുപേരെയും അവനോടുകൂടെയയച്ചു.
15: അവര്‍ ഗിലയാദില്‍, റൂബന്‍ - ഗാദുഗോത്രങ്ങളുടെയും മനാസ്സെയുടെ അര്‍ദ്ധഗോത്രത്തിൻ്റെയുമടുത്തുവന്നു പറഞ്ഞു:
16: കര്‍ത്താവിൻ്റെ ജനമൊന്നാകെ ഇങ്ങനെ പറയുന്നു: കര്‍ത്താവിനെയനുഗമിക്കുന്നതില്‍നിന്നു പിന്തിരിഞ്ഞ്, അവിടുത്തെയെതിര്‍ത്തുകൊണ്ട്, നിങ്ങള്‍ സ്വന്തമായി ഒരു ബലിപീഠം നിര്‍മ്മിച്ചു. ഇസ്രായേലിൻ്റെ ദൈവത്തിനെതിരേ എന്തൊരതിക്രമമാണു നിങ്ങളിന്നു പ്രവര്‍ത്തിച്ചിരിക്കുന്നത്!
17: പെയോറില്‍വച്ച്, നമ്മള്‍ പാപംചെയ്തു. അതിനു ശിക്ഷയായി കര്‍ത്താവു ജനത്തിൻ്റെമേല്‍ മഹാമാരിയയച്ചു. ആ പാപത്തില്‍നിന്ന് ഇന്നും നമ്മള്‍ ശുദ്ധരായിട്ടില്ല.
18: ഇതു പോരാഞ്ഞിട്ടാണോ കര്‍ത്താവിനെയനുഗമിക്കുന്നതില്‍നിന്നു പിന്തിരിയാന്‍ നിങ്ങള്‍ ഭാവിക്കുന്നത്? ഇന്നു നിങ്ങള്‍ കര്‍ത്താവിനോടു മറുതലിക്കുന്നെങ്കില്‍ നാളെയവിടുന്ന്, ഇസ്രായേല്‍ജനം മുഴുവനോടും കോപിക്കും.
19: ആകയാല്‍, നിങ്ങളുടെ ദേശമശുദ്ധമെങ്കില്‍, കര്‍ത്താവിൻ്റെ കൂടാരം സ്ഥിതിചെയ്യുന്ന ദേശത്തുവന്ന് ഞങ്ങളുടെയിടയില്‍ ഒരു സ്ഥലം സ്വന്തമാക്കണം. നമ്മുടെ ദൈവമായ കര്‍ത്താവിൻ്റെ ബലിപീഠമല്ലാതെ മറ്റൊന്നു നിര്‍മ്മിച്ചുകൊണ്ട് അവിടുത്തോടു മത്സരിക്കുകയോ അതിലേക്കു ഞങ്ങളെ വലിച്ചിഴയ്ക്കുകയോചെയ്യരുത്. 
20: സേറായുടെ മകന്‍ ആഖാന്‍, നേര്‍ച്ചവസ്തുക്കളുടെ കാര്യത്തില്‍ അവിശ്വസ്തതകാണിക്കുകയും അതിൻ്റെ ശിക്ഷ ഇസ്രായേല്‍ജനം മുഴുവന്‍ അനുഭവിക്കുകയും ചെയ്തില്ലേ? അവൻ്റെ തെറ്റിന് അവന്‍മാത്രമല്ലല്ലോ നശിക്കേണ്ടിവന്നത്!
21: റൂബൻ - ഗാദു ഗോത്രങ്ങളും മനാസ്സെയുടെ അര്‍ദ്ധഗോത്രവും ഇസ്രായേല്‍ ഗോത്രത്തലവന്മാരോടു പറഞ്ഞു:
22: സര്‍വ്വശക്തനായ ദൈവമാണു കര്‍ത്താവ്.
23: അതേ, സര്‍വ്വശക്തനായ ദൈവംതന്നെ കര്‍ത്താവ്. അവിടുന്നിതറിയുന്നു; ഇസ്രായേലുമറിയട്ടെ. കര്‍ത്താവിനോടുള്ള മത്സരത്താലോ അവിശ്വസ്തതയാലോ അവിടുത്തെ അനുഗമിക്കുന്നതില്‍നിന്നു പിന്തിരിയുന്നതിനോവേണ്ടിയാണു ബലിപീഠംപണിതതെങ്കില്‍ അവിടുന്നു ഞങ്ങളെ ശിക്ഷിക്കട്ടെ! ഞങ്ങളതിന്മേല്‍ ദഹനബലി, ധാന്യബലി, സമാധാനബലി എന്നിവയര്‍പ്പിക്കുന്നെങ്കില്‍ അവിടുന്നുതന്നെ ഞങ്ങളോടു പ്രതികാരംചെയ്യട്ടെ! 
24, 25: ഭാവിയില്‍ നിങ്ങളുടെ മക്കള്‍ ഞങ്ങളുടെ മക്കളോട്, ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവുമായി നിങ്ങള്‍ക്കെന്തു ബന്ധമാണുള്ളത്, നിങ്ങള്‍ക്കും ഞങ്ങള്‍ക്കുമിടയില്‍, അതിര്‍ത്തിയായി കര്‍ത്താവു ജോര്‍ദ്ദാനെ നിശ്ചയിച്ചിരിക്കുന്നു, റൂബന്‍ഗാദു ഗോത്രക്കാരായ നിങ്ങള്‍ക്ക്, കര്‍ത്താവിലവകാശമില്ല എന്നു പറഞ്ഞു കര്‍ത്താവിനെയാരാധിക്കുന്നതില്‍നിന്ന് അവരെയകറ്റുമെന്നു ഭയന്നാണ് ഞങ്ങളിതു ചെയ്തത്. 
26: അതുകൊണ്ട്, ഒരു ബലിപീഠം നിര്‍മ്മിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ദഹനബലിയോ ഇതരബലിയോ അര്‍പ്പിക്കുന്നതിനല്ല അത്.
27: പ്രത്യുത, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുംമദ്ധ്യേ, നമ്മുടെ പിന്‍തലമുറകള്‍ക്കിടയില്‍ ഒരു സാക്ഷ്യമായാണ് അതു നിര്‍മ്മിച്ചത്. കര്‍ത്താവിൻ്റെ സന്നിധിയില്‍ ഞങ്ങള്‍ ദഹനബലിയും സമാധാനബലിയും മറ്റു ബലികളുമര്‍പ്പിക്കുന്നത്, ഭാവിയില്‍ നിങ്ങളുടെ മക്കള്‍ ഞങ്ങളുടെ മക്കളോടു കര്‍ത്താവില്‍ നിങ്ങള്‍ക്കോഹരിയില്ലെന്നു പറയാതിരിക്കാന്‍വേണ്ടിയാണ്. 
28: ഞങ്ങളോടോ ഞങ്ങളുടെ പിന്‍ഗാമികളോടോ ഭാവിയില്‍ അവരിങ്ങനെ ചോദിക്കുകയാണെങ്കില്‍, ഞങ്ങള്‍ പറയും ബലിയ്ക്കോ ദഹനബലിയ്ക്കോ അല്ല, നിങ്ങള്‍ക്കും ഞങ്ങള്‍ക്കുംമദ്ധ്യേ ഒരു സാക്ഷ്യത്തിനായി കര്‍ത്താവിൻ്റെ ബലിപീഠത്തിൻ്റെ ഒരു മാതൃക ഞങ്ങളുടെ പിതാക്കന്മാര്‍ നിര്‍മ്മിച്ചതാണിത്.
29: കര്‍ത്താവിൻ്റെ കൂടാരത്തിൻ്റെ മുമ്പിലുള്ള ബലിപീഠമല്ലാതെ ദഹനബലിക്കോ ധാന്യബലിക്കോ ഇതരബലികള്‍ക്കോവേണ്ടി മറ്റൊരു ബലിപീഠമുണ്ടാക്കി, കര്‍ത്താവിനെതിരേ മത്സരിക്കുകയും അവിടുത്തെ മാര്‍ഗ്ഗങ്ങളില്‍നിന്നു വ്യതിചലിക്കുകയുംചെയ്യാന്‍ ഞങ്ങള്‍ക്കിടവരാതിരിക്കട്ടെ.
30: റൂബന്‍ - ഗാദ് - മനാസ്സെ ഗോത്രങ്ങള്‍പറഞ്ഞ ഈ വാക്കുകേട്ട്, പുരോഹിതനായ ഫിനെഹാസും അവൻ്റെകൂടെയുണ്ടായിരുന്ന ശ്രേഷ്ഠന്മാരും ഇസ്രായേലിലെ ഗോത്രത്തലവന്മാരും തൃപ്തരായി.
31: പുരോഹിതനായ എലെയാസറിൻ്റെ മകന്‍, ഫിനെഹാസ് അവരോടു പറഞ്ഞു: കര്‍ത്താവു നമ്മുടെ മദ്ധ്യത്തിലുണ്ടെന്ന്, ഇന്നു ഞങ്ങളറിയുന്നു. എന്തെന്നാല്‍, നിങ്ങള്‍ കര്‍ത്താവിനെതിരേ അകൃത്യം ചെയ്തില്ല. നിങ്ങള്‍ ഇസ്രായേല്‍ജനത്തെ കര്‍ത്താവിൻ്റെ കോപത്തില്‍നിന്നു രക്ഷിച്ചിരിക്കുന്നു.
32: പുരോഹിതനായ എലെയാസറിൻ്റെ മകന്‍ ഫിനെഹാസും സമൂഹനേതാക്കളും ഗിലയാദില്‍ റൂബന്‍ - ഗാദുഗോത്രങ്ങളുടെ അടുക്കല്‍നിന്നു കാനാന്‍ദേശത്തു തിരിച്ചുവന്ന്, ഇസ്രായേല്‍ജനത്തെ വിവരമറിയിച്ചു.
33: ഈ വാര്‍ത്ത ഇസ്രായേലിനെ സന്തോഷിപ്പിച്ചു. റൂബന്‍ - ഗാദുഗോത്രങ്ങള്‍വസിക്കുന്ന നാടു നശിപ്പിക്കാന്‍, യുദ്ധംചെയ്യുന്നതിനെക്കുറിച്ച്, അവര്‍ പിന്നീടു സംസാരിച്ചില്ല. അവര്‍ ദൈവത്തെ സ്തുതിച്ചു.
34: കര്‍ത്താവാണു ദൈവമെന്നതിന് ഇതു നമ്മുടെയിടയില്‍ ഒരു സാക്ഷ്യമായിരിക്കുമെന്നു പറഞ്ഞു റൂബന്‍ - ഗാദുഗോത്രങ്ങള്‍ ആ ബലിപീഠത്തിനു സാക്ഷ്യം എന്നു പേരിട്ടു.

അദ്ധ്യായം 23

ജോഷ്വ വിടവാങ്ങുന്നു

1: ചുറ്റുമുള്ള ശത്രുക്കളെയെല്ലാം കീഴടക്കി, കര്‍ത്താവ് ഇസ്രായേലിനു സ്വസ്ഥത നല്കി. അങ്ങനെ ഏറെക്കാലം കഴിഞ്ഞു. ജോഷ്വ വൃദ്ധനായി.
2: അവന്‍ ഇസ്രായേല്‍ജനത്തെയും അവരുടെ ശ്രേഷ്ഠന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും സ്ഥാനികളെയും വിളിച്ചുവരുത്തിപ്പറഞ്ഞു: ഞാനിതാ വൃദ്ധനായി.
3: ജനതകളോടു നിങ്ങളുടെ ദൈവമായ കര്‍ത്താവ്, എന്താണു ചെയ്തതെന്നു നിങ്ങള്‍ കണ്ടുകഴിഞ്ഞു; അവിടുന്നുതന്നെയാണല്ലോ നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്തത്.
4: ജോര്‍ദ്ദാന്‍മുതല്‍ പടിഞ്ഞാറ് മഹാസമുദ്രംവരെ ഞാന്‍ പിടിച്ചടക്കിയതും കീഴടങ്ങാതെ അവശേഷിക്കുന്നതുമായ എല്ലാ ദേശങ്ങളും നിങ്ങളുടെ ഗോത്രങ്ങള്‍ക്ക് അവകാശമായി ഞാന്‍ വിഭജിച്ചുതന്നിരിക്കുന്നു.
5: നിങ്ങളുടെ ദൈവമായ കര്‍ത്താവ്, ശത്രുക്കളെ നിങ്ങളുടെ മുമ്പില്‍നിന്നു നിര്‍മ്മാര്‍ജ്ജനംചെയ്യും. അവിടുന്നു വാഗ്ദാനംചെയ്തനുസരിച്ച്, അവരുടെ ദേശം നിങ്ങള്‍ കൈവശപ്പെടുത്തും.
6: ആകയാല്‍, മോശയുടെ നിയമഗ്രന്ഥത്തിലെഴുതിയിരിക്കുന്നതെല്ലാം വിശ്വസ്തതയോടെയനുസരിക്കുകയും അനുഷ്ഠിക്കുകയുംചെയ്യുവിന്‍; അതില്‍നിന്ന് ഇടംവലം വ്യതിചലിക്കരുത്.
7: ഇവിടെ നിങ്ങളുടെയിടയില്‍ അവശേഷിച്ചിരിക്കുന്നവരുമായി
8: കൂടിക്കലരുകയോ അവരുടെ ദേവന്മാരുടെ നാമമുച്ചരിക്കുകയോ അവരെക്കൊണ്ട് ആണയിടുകയോ അവരെ സേവിക്കുകയോ നമസ്കരിക്കുകയോ ചെയ്യാതിരിക്കുന്നതിനും നിങ്ങളിന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ കര്‍ത്താവിനോടു വിശ്വസ്തതപാലിക്കുന്നതിനുംവേണ്ടിയാണിത്.
9: പ്രബലരും ശക്തരുമായ ജനങ്ങളെ കര്‍ത്താവു നിങ്ങളുടെ മുമ്പില്‍നിന്നു നിര്‍മ്മാര്‍ജ്ജനംചെയ്തു. ഇതുവരെ ഒരുവനും നിങ്ങളോട് എതിര്‍ത്തുനില്ക്കാന്‍ സാധിച്ചിട്ടില്ല.
10: നിങ്ങളിലൊരാള്‍ ആയിരംപേരെ തുരത്തുന്നു. കാരണം, നിങ്ങളോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ ദൈവമായ കര്‍ത്താവുതന്നെയാണു നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്യുന്നത്.
11: അതുകൊണ്ട്, നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുന്നതില്‍ നിങ്ങളുത്സുകരായിരിക്കണം.
12: എന്നാല്‍, ഇക്കാര്യം വിസ്മരിച്ച്,
13: നിങ്ങളുടെയിടയില്‍ അവശേഷിച്ചിരിക്കുന്ന ഈ ജനങ്ങളുമായി ഇടപഴകുകയോ അവരുടെ സ്ത്രീകളെ വിവാഹംചെയ്യുകയോ നിങ്ങളുടെ സ്ത്രീകളെ അവര്‍ക്കു വിവാഹംചെയ്തുകൊടുക്കുകയോ ചെയ്യുന്നെങ്കില്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവ്, ഈ ജനങ്ങളെ നിങ്ങളുടെയിടയില്‍നിന്നു മേലില്‍ നിര്‍മ്മാര്‍ജ്ജനംചെയ്യുകയില്ലെന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു നല്കിയിരിക്കുന്ന ഈ വിശിഷ്ട ദേശത്തുനിന്നു നിങ്ങള്‍ വിച്ഛേദിക്കപ്പെടുന്നതുവരെ അവര്‍ നിങ്ങള്‍ക്കു കെണിയും കുടുക്കും മുതുകില്‍ ചാട്ടയും കണ്ണില്‍ മുള്ളുമായിരിക്കും.
14: ഇതാ, സകലമര്‍ത്ത്യരും പോകേണ്ടവഴിയേ എനിക്കും പോകാറായിരിക്കുന്നു. നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു വാഗ്ദാനംചെയ്തിട്ടുള്ള വിശിഷ്ടമായ കാര്യങ്ങളിലൊന്നുപോലും സഫലമാകാതിരുന്നിട്ടില്ലെന്നു നിങ്ങള്‍ക്കു പൂര്‍ണ്ണമായറിയാമല്ലോ. നിങ്ങള്‍ക്കുവേണ്ടി എല്ലാം നിറവേറി. ഒന്നും വിഫലമായിട്ടില്ല.
15: നിങ്ങളുടെ ദൈവമായ കര്‍ത്താവു വാഗ്ദാനങ്ങള്‍ നിറവേറ്റിയതുപോലെ തൻ്റെ ഭീഷണിയും നിറവേറ്റും.
16: നിങ്ങള്‍, അവിടുത്തെ ഉടമ്പടി ലംഘിച്ച്, അന്യദേവന്മാരെ സേവിച്ചാല്‍ അവിടുത്തെ കോപം നിങ്ങളുടെമേല്‍ ജ്വലിക്കും. നിങ്ങളുടെമേല്‍ സകലതിന്മകളുംവരുത്തി, താന്‍ നല്കിയ വിശിഷ്ട ദേശത്തുനിന്ന് അവിടുന്നു നിങ്ങളെ നിര്‍മ്മാര്‍ജ്ജനംചെയ്യും.

അദ്ധ്യായം 24

ഷെക്കെമിലെ ഉടമ്പടി

1: ജോഷ്വ ഇസ്രായേല്‍ഗോത്രങ്ങളെ ഷെക്കെമില്‍ വിളിച്ചുകൂട്ടി; അവരുടെ ശ്രേഷ്ഠന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും സ്ഥാനികളെയും അവന്‍ വരുത്തി. അവര്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍ നിന്നു.
2: ജോഷ്വ അവരോടു പറഞ്ഞു: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, അബ്രാഹത്തിൻ്റെയും നാഹോറിൻ്റെയും പിതാവായ തേരാഹ്‌വരെയുള്ള നിങ്ങളുടെ പിതാക്കന്മാര്‍ യൂഫ്രട്ടീസിനക്കരെ മറ്റുദേവന്മാരെ സേവിച്ചുപോന്നു.
3: നിങ്ങളുടെ പിതാവായ അബ്രാഹമിനെ ഞാന്‍ നദിയുടെ മറുകരെനിന്നു കൊണ്ടുവരുകയും കാനാന്‍ദേശത്തുകൂടെ നയിക്കുകയും അവൻ്റെ സന്തതികളെ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഞാനവന്, ഇസഹാക്കിനെ നല്കി.
4: ഇസഹാക്കിനു യാക്കോബിനെയും ഏസാവിനെയും കൊടുത്തു. ഏസാവിനു സെയിര്‍മലമ്പ്രദേശം അവകാശമായിക്കൊടുത്തു. എന്നാല്‍, യാക്കോബും അവൻ്റെ സന്തതികളും ഈജിപ്തിലേക്കുപോയി.
5: ഞാന്‍ മോശയെയും അഹറോനെയും അവിടേക്കയച്ചു; ഈജിപ്തിൻ്റെമേല്‍ മഹാമാരികളയച്ച് നിങ്ങളെ അവിടെനിന്നു മോചിപ്പിച്ചു.
6: നിങ്ങളുടെ പിതാക്കന്മാര്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടു കടല്‍വരെ വന്നു. അപ്പോള്‍ ഈജിപ്തുകാര്‍ രഥങ്ങളോടും കുതിരപ്പടയോടുംകൂടെ ചെങ്കടല്‍വരെ നിങ്ങളെ പിന്തുടര്‍ന്നു.
7: നിങ്ങള്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്ഷിച്ചപ്പോള്‍, അവിടുന്ന് ഇസ്രായേല്യരുടെയും ഈജിപ്തുകാരുടെയുമിടയില്‍ അന്ധകാരം വ്യാപിപ്പിച്ചു. കടല്‍ അവരുടെമേലൊഴുകി, അവര്‍ മുങ്ങിമരിക്കാനിടയാക്കി. ഞാന്‍ ഈജിപ്തിനോടുചെയ്തത്, നിങ്ങള്‍ നേരില്‍ക്കണ്ടതാണല്ലോ. നിങ്ങള്‍ വളരെനാള്‍ മരുഭൂമിയില്‍ വസിച്ചു.
8: അനന്തരം, ജോര്‍ദ്ദാനു മറുകരെ വസിച്ചിരുന്ന അമോര്യരുടെ നാട്ടിലേക്കു ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടു വന്നു. അവര്‍ നിങ്ങളോടു യുദ്ധംചെയ്‌തെങ്കിലും അവരെ നിങ്ങളുടെ കൈകളില്‍ ഞാനേല്പിച്ചു. നിങ്ങള്‍, അവരുടെ ദേശം കൈവശമാക്കുകയും നിങ്ങളുടെ മുമ്പില്‍വച്ച് ഞാനവരെ നശിപ്പിക്കുകയും ചെയ്തു.
9: അപ്പോള്‍ സിപ്പോറിൻ്റെ മകനും മൊവാബുരാജാവുമായ ബാലാക് ഇസ്രായേലിനോടു യുദ്ധംചെയ്തു. നിങ്ങളെ ശപിക്കുന്നതിന്, ബയോറിൻ്റെ മകന്‍ ബാലാമിനെ, അവന്‍ ആളയച്ചുവരുത്തി.
10: എന്നാല്‍, ഞാന്‍ ബാലാമിനെ ശ്രവിച്ചില്ല. അതിനാല്‍, അവന്‍ നിങ്ങളെയനുഗ്രഹിച്ചു. അങ്ങനെ ബാലാക്കിൻ്റെ കരങ്ങളില്‍നിന്നു നിങ്ങളെ ഞാന്‍ മോചിപ്പിച്ചു.
11: പിന്നീടു നിങ്ങള്‍ ജോര്‍ദ്ദാന്‍കടന്നു ജറീക്കോയിലെത്തി. അപ്പോള്‍ ജറീക്കോനിവാസികള്‍, അമോര്യര്‍, പെരീസ്യര്‍, കാനാന്യര്‍, ഹിത്യര്‍, ഗിര്‍ഗാഷ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവര്‍ നിങ്ങള്‍ക്കെതിരേ യുദ്ധംചെയ്തു. എന്നാല്‍, ഞാനവരെ നിങ്ങള്‍ക്കേല്പിച്ചുതന്നു.
12: ഞാന്‍ നിങ്ങള്‍ക്കുമുമ്പേ കടന്നലുകളെയയച്ചു. അവ അമോര്യരുടെ രണ്ടു രാജാക്കന്മാരെ നിങ്ങളുടെ മുമ്പില്‍നിന്നോടിച്ചു. നിങ്ങളുടെ വാളിൻ്റെയോ വില്ലിൻ്റെയോ സഹായത്താലല്ല അതു സാധിച്ചത്.
13: നിങ്ങളദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങള്‍ പണിയാത്ത പട്ടണങ്ങളും നിങ്ങള്‍ക്കു ഞാന്‍ തന്നു; നിങ്ങള്‍ ഇന്നിവിടെ വസിക്കുന്നു. നിങ്ങള്‍ നട്ടുവളര്‍ത്താത്ത മുന്തിരിത്തോട്ടത്തിൻ്റെയും ഒലിവുതോട്ടത്തിൻ്റെയും ഫലം നിങ്ങളനുഭവിക്കുന്നു.
14: ആകയാല്‍, കര്‍ത്താവിനെ ഭയപ്പെടുകയും ആത്മാര്‍ത്ഥതയോടും വിശ്വസ്തതയോടുംകൂടെ അവിടുത്തെ സേവിക്കുകയുംചെയ്യുവിന്‍. ഈജിപ്തിലും നദിക്കക്കരെയും നിങ്ങളുടെ പിതാക്കന്മാര്‍ സേവിച്ചിരുന്ന ദേവന്മാരെയുപേക്ഷിച്ചു കര്‍ത്താവിനെ സേവിക്കുവിന്‍.
15: കര്‍ത്താവിനെ സേവിക്കുന്നതിനു മനസ്സില്ലെങ്കില്‍ നദിക്കക്കരെ നിങ്ങളുടെ പിതാക്കന്മാര്‍സേവിച്ച ദേവന്മാരെയോ നിങ്ങള്‍ വസിക്കുന്ന നാട്ടിലെ അമോര്യരുടെ ദേവന്മാരെയോ ആരെയാണു സേവിക്കുകയെന്ന് ഇന്നുതന്നെ തീരുമാനിക്കുവിന്‍. ഞാനും എൻ്റെ കുടുംബവും കര്‍ത്താവിനെ സേവിക്കും.
16: അപ്പോള്‍ ജനം പ്രതിവചിച്ചു: ഞങ്ങള്‍ കര്‍ത്താവിനെവിട്ട് അന്യദേവന്മാരെ സേവിക്കാന്‍ ഇടയാകാതിരിക്കട്ടെ!
17: നമ്മുടെ ദൈവമായ കര്‍ത്താവാണ് നമ്മെയും നമ്മുടെ പിതാക്കന്മാരെയും അടിമത്തത്തിൻ്റെ ഭവനമായ ഈജിപ്തില്‍നിന്നു കൊണ്ടുപോരുകയും നമ്മുടെ കണ്‍മുമ്പില്‍ മഹാദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും നാം പോയ എല്ലാ വഴികളിലും, കടന്നുപോയ എല്ലാ ജനതകളുടെയിടയിലും, നമ്മെ സംരക്ഷിക്കുകയും ചെയ്തത്.
18: ഈ ദേശത്തു വസിച്ചിരുന്ന അമോര്യരെയും മറ്റു ജനതകളെയും നമ്മുടെ മുമ്പില്‍നിന്നു കര്‍ത്താവു തുരത്തി. അതിനാല്‍, ഞങ്ങളും കര്‍ത്താവിനെ സേവിക്കും; അവിടുന്നാണു നമ്മുടെദൈവം.
19: ജോഷ്വ ജനത്തോടു പറഞ്ഞു: നിങ്ങള്‍ക്കു കര്‍ത്താവിനെ സേവിക്കാന്‍ സാദ്ധ്യമല്ല; എന്തെന്നാല്‍, അവിടുന്നു പരിശുദ്ധനായ ദൈവമാണ്; അസഹിഷ്ണുവായ ദൈവം. നിങ്ങളുടെ പാപങ്ങളും അതിക്രമങ്ങളും അവിടുന്നു ക്ഷമിക്കുകയില്ല.
20: കര്‍ത്താവിനെ വിസ്മരിച്ച്, അന്യദേവന്മാരെ സേവിച്ചാല്‍ അവിടുന്നു നിങ്ങള്‍ക്കെതിരേ തിരിയും. നന്മ ചെയ്തിരുന്ന കര്‍ത്താവു നിങ്ങള്‍ക്കു തിന്മ വരുത്തുകയും നിങ്ങളെ നശിപ്പിക്കുകയുംചെയ്യും.
21: അപ്പോള്‍ ജനം ജോഷ്വയോടു പറഞ്ഞു: ഇല്ല; ഞങ്ങള്‍ കര്‍ത്താവിനെമാത്രം സേവിക്കും.
22: ജോഷ്വ പറഞ്ഞു: കര്‍ത്താവിനെ സേവിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചിരിക്കുന്നു എന്നതിന്, നിങ്ങള്‍തന്നെ സാക്ഷി. അവര്‍ പറഞ്ഞു: അതേ, ഞങ്ങള്‍തന്നെ സാക്ഷി.
23: അവന്‍ പറഞ്ഞു: നിങ്ങളുടെയിടയിലുള്ള അന്യദേവന്മാരെയുപേക്ഷിച്ച്, നിങ്ങളുടെ ഹൃദയം, ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിയട്ടെ!
24: ജനം വീണ്ടും ജോഷ്വയോടു പറഞ്ഞു: ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഞങ്ങള്‍ സേവിക്കുകയും അവിടുത്തെ വാക്കു കേള്‍ക്കുകയും ചെയ്യും.
25: അങ്ങനെ, ഷെക്കെമില്‍വച്ചു ജോഷ്വാ, അന്നു ജനവുമായി ഉടമ്പടിയുണ്ടാക്കുകയും അവര്‍ക്കുവേണ്ടി നിയമങ്ങളും ചട്ടങ്ങളും നല്കുകയും ചെയ്തു.
26: ജോഷ്വ ഈ വാക്കുകള്‍ കര്‍ത്താവിൻ്റെ നിയമഗ്രന്ഥത്തിലെഴുതി. അവന്‍ വലിയൊരു കല്ലെടുത്ത്, കര്‍ത്താവിൻ്റെ കൂടാരത്തിനു സമീപത്തുള്ള ഓക്കുമരത്തിൻ്റെ ചുവട്ടില്‍ സ്ഥാപിച്ചു.
27: ജോഷ്വ ജനത്തോടു പറഞ്ഞു: ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ. കര്‍ത്താവു നമ്മോടരുളിച്ചെയ്ത എല്ലാ വചനങ്ങളും ഇതു ശ്രവിച്ചിട്ടുണ്ട്. അതിനാല്‍, നിങ്ങളുടെ ദൈവത്തോട് അവിശ്വസ്തമായി വര്‍ത്തിക്കാതിരിക്കുന്നതിന് ഇതു നിങ്ങള്‍ക്കു സാക്ഷിയായിരിക്കട്ടെ!
28: അനന്തരം, ജോഷ്വ ജനത്തെ അവരവരുടെ അവകാശദേശത്തേക്കയച്ചു.

ജോഷ്വയുടെ മരണം

29: പിന്നീട്, കര്‍ത്താവിൻ്റെ ദാസനും നൂനിൻ്റെ മകനുമായ ജോഷ്വ മരിച്ചു. അപ്പോള്‍, അവനു നൂറ്റിപ്പത്തു വയസ്സുണ്ടായിരുന്നു.
30: അവര്‍ അവനെ ഗാഷ്മലയുടെ വടക്ക്, എഫ്രായിംമലമ്പ്രദേശത്തുള്ള അവൻ്റെ അവകാശസ്ഥലമായ തീംനാത്‌സേറായില്‍ സംസ്‌കരിച്ചു.
31: ജോഷ്വയുടെകാലത്തും അവനു ശേഷവും ജീവിച്ചിരിക്കുന്നവരും കര്‍ത്താവ് ഇസ്രായേലിനുചെയ്ത എല്ലാക്കാര്യങ്ങളും കണ്ടവരുമായ ശ്രേഷ്ഠന്മാരുടെകാലത്തും ഇസ്രായേല്‍ കര്‍ത്താവിനെ സേവിച്ചു.
32: ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ജോസഫിൻ്റെ അസ്ഥികള്‍ ഇസ്രായേല്‍ജനം ഷെക്കെമില്‍ സംസ്‌കരിച്ചു. ഈ സ്ഥലം ഷെക്കെമിൻ്റെ പിതാവായ ഹാമോറിൻ്റെ മക്കളില്‍നിന്നു നൂറു വെള്ളിനാണയത്തിനു യാക്കോബ് വാങ്ങിയതാണ്. അതു ജോസഫിൻ്റെ സന്തതികള്‍ക്ക് അവകാശമായി.
33: അഹറോൻ്റെ മകനായ എലെയാസറും മരിച്ചു. അവരവനെ ഗിബെയായില്‍ സംസ്‌കരിച്ചു. അത് അവൻ്റെ മകന്‍ ഫിനെഹാസിന് എഫ്രായിംമലമ്പ്രദേശത്തു ലഭിച്ച പട്ടണമാകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ