അറുപത്തിനാലാം ദിവസം: ന്യായാധിപന്മാര്‍ 1 - 3


അദ്ധ്യായം 1

കാനാന്‍ദേശത്തെ വിജാതീയര്‍

1: ജോഷ്വയുടെ മരണത്തിനുശേഷം കാനാന്‍നിവാസികളോടു യുദ്ധംചെയ്യാന്‍ തങ്ങളിലാരാണ് ആദ്യംപോകേണ്ടതെന്ന്, ഇസ്രായേല്‍ജനം കര്‍ത്താവിൻ്റെ സന്നിധിയിലാരാഞ്ഞു.
2: കര്‍ത്താവു പറഞ്ഞു: യൂദാ ആദ്യം പോകട്ടെ. ഇതാ, ഞാന്‍ ആ ദേശം അവനേല്പിച്ചുകൊടുത്തിരിക്കുന്നു.
3: യൂദാ, സഹോദരനായ ശിമയോനോടു പറഞ്ഞു: എനിക്കു നിശ്ചയിക്കപ്പെട്ടിരിക്കുന്ന പ്രദേശത്തേക്ക്, എന്നോടുകൂടെ വരുക. കാനാന്യരോടു നമുക്കു പോരാടാം. നിനക്കു നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദേശത്തേക്കു ഞാനും നിന്നോടുകൂടെ പോരാം. ശിമയോന്‍ അവനോടുകൂടെ പുറപ്പെട്ടു.
4: യൂദായുദ്ധം ചെയ്തു; ദൈവം കാനാന്യരെയും പെരീസ്യരെയും അവരുടെ കൈയിലേല്പിച്ചു. അവര്‍ പതിനായിരംപേരെ ബസേക്കില്‍വച്ചു പരാജയപ്പെടുത്തി.
5: ബസേക്കില്‍വച്ച് അദോണിബസേക്കിനോട് അവര്‍ യുദ്ധംചെയ്തു; കാനാന്യരെയും പെരീസ്യരെയും പരാജയപ്പെടുത്തി.
6: അദോണിബസേക്ക് പലായനംചെയ്തു; അവര്‍ പിന്തുടര്‍ന്ന്, അവനെപ്പിടിച്ച് കൈകാലുകളുടെ പെരുവിരലുകള്‍ മുറിച്ചുകളഞ്ഞു.
7: അദോണിബസേക്ക് പറഞ്ഞു: കൈകാലുകളുടെ പെരുവിരലുകള്‍ ഛേദിക്കപ്പെട്ട എഴുപതു രാജാക്കന്മാര്‍ എൻ്റെ മേശയ്ക്കുകീഴിലെ ഉച്ഛിഷ്ടം പെറുക്കിത്തിന്നിരുന്നു. ഞാന്‍ അവരോടു ചെയ്തതുപോലെതന്നെ ദൈവം എന്നോടും ചെയ്തിരിക്കുന്നു. അവരവനെ ജറുസലെമില്‍ക്കൊണ്ടുവന്നു. അവിടെവച്ച് അവന്‍ മരിച്ചു.
8: യൂദാഗോത്രക്കാര്‍ ജറുസലെമിനെതിരായി യുദ്ധംചെയ്ത്, അതു പിടിച്ചടക്കി അതിലെ നിവാസികളെ വാളിനിരയാക്കുകയും നഗരത്തിനു തീവയ്ക്കുകയും ചെയ്തു.
9: അതിനുശേഷം യൂദാഗോത്രം നെഗെബില്‍ മലയോരങ്ങളിലും താഴ്‌വരകളിലും താമസിച്ചിരുന്ന കാനാന്യരോടു യുദ്ധംചെയ്യാന്‍ പുറപ്പെട്ടു.
10: ഹെബ്രോണില്‍ത്താമസിച്ചിരുന്ന കാനാന്യരോട് അവര്‍ യുദ്ധംചെയ്തു. ഹെബ്രോണ്‍, പണ്ടു കിരിയാത്ത്അര്‍ബാ എന്നാണറിയപ്പെട്ടിരുന്നത്. അവര്‍ ഷെഷായി, അഹിമാന്‍, തല്‍മായി എന്നിവരെ പരാജയപ്പെടുത്തി.
11: പിന്നീടവര്‍ ദബീര്‍ദേശക്കാരോടു യുദ്ധംചെയ്തു. ദബീരിൻ്റെ പഴയപേര് കിരിയാത്ത് സേഫര്‍ എന്നായിരുന്നു.
12: കാലെബ് പറഞ്ഞു: കിരിയാത്ത്‌സേഫര്‍ ആക്രമിച്ചു കീഴടക്കുന്നവന് ഞാന്‍ എൻ്റെ മകള്‍ അക്സായെ ഭാര്യയായി നല്‍കും.
13: കാലെബിൻ്റെ ഇളയ സഹോദരനായ കെനാസിൻ്റെ പുത്രന്‍ ഒത്ത്‌നിയേല്‍ ദേശം പിടിച്ചടക്കി. കാലെബ് അക്സായെ അവനു ഭാര്യയായി കൊടുക്കുകയും ചെയ്തു.
14: അവള്‍ ഒത്ത്‌നിയേലിൻ്റെ അടുത്തുചെന്നു തൻ്റെ പിതാവിനോട് ഒരു വയല്‍ ആവശ്യപ്പെടാന്‍ അവനെ നിര്‍ബ്ബന്ധിച്ചു. അവള്‍ കഴുതപ്പുറത്തുനിന്നിറങ്ങവേ കാലെബ് അവളോടു ചോദിച്ചു: നീയെന്താണാഗ്രഹിക്കുന്നത്?
15: അവള്‍ പറഞ്ഞു: എനിക്ക് ഒരു സമ്മാനം തരുക. നെഗെബിലാണല്ലോ എന്നെപ്പാര്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ഏതാനും നീര്‍ച്ചാലുകളും എനിക്കു തരുക. കാലെബ് അവള്‍ക്കു മലയിലും താഴ്‌വരയിലും നീര്‍ച്ചാലുകള്‍ വിട്ടുകൊടുത്തു.
16: മോശയുടെ അമ്മായിയപ്പനായ കേന്യൻ്റെ പിന്‍ഗാമികള്‍ യൂദാഗോത്രക്കാരോടുകൂടെ ഈന്തപ്പനകളുടെ നഗരത്തില്‍നിന്ന് നെഗെബില്‍ ആരാദിനുസമീപമുള്ള യൂദാമരുഭൂമിയിലേക്കു പോയി. അവരവിടെയെത്തി, അവിടത്തെ ജനങ്ങളോടൊത്തു ജീവിച്ചു.
17: അതിനുശേഷം, യൂദാ, സഹോദരനായ ശിമയോനോടൊത്തു പുറപ്പെട്ടു. സേഫാത്ത്നിവാസികളായ കാനാന്യരെ പരാജയപ്പെടുത്തി, നിശ്ശേഷം നശിപ്പിച്ചു. അങ്ങനെ, ആ പട്ടണത്തിനു ഹോര്‍മാ എന്നു പേരു ലഭിച്ചു.
18: ഗാസാ, അഷ്‌ക്കലോണ്‍, എക്രോന്‍ എന്നിവയും അവയുടെ പ്രാന്തപ്രദേശങ്ങളും യൂദാ കൈവശപ്പെടുത്തി.
19: കര്‍ത്താവു യൂദായോടുകൂടെയുണ്ടായിരുന്നു. അവര്‍ മലമ്പ്രദേശങ്ങള്‍ കൈവശമാക്കി; പക്ഷേ, താഴ്‌വരനിവാസികള്‍ക്ക് ഇരിമ്പുരഥങ്ങളുണ്ടായിരുന്നതിനാല്‍ അവരെത്തുരത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല.
20: മോശ പറഞ്ഞിരുന്നതുപോലെ, ഹെബ്രോണ്‍ കാലെബിനു കൊടുത്തു. അവിടെനിന്ന് അനാക്കിൻ്റെ മൂന്നു പുത്രന്മാരെ അവന്‍ പുറത്താക്കി.
21: ബഞ്ചമിൻ്റെ ഗോത്രക്കാര്‍ ജറുസലെംനിവാസികളായ ജബൂസ്യരെ പുറത്താക്കിയില്ല. അതിനാല്‍, ജബൂസ്യര്‍, ബഞ്ചമിന്‍ഗോത്രക്കാരോടൊപ്പം ജറുസലെമില്‍ ഇന്നും താമസിക്കുന്നു.
22: ജോസഫിൻ്റെ ഗോത്രം ബഥേലിനെതിരേ പുറപ്പെട്ടു; കര്‍ത്താവ് അവരോടുകൂടെയുണ്ടായിരുന്നു.
23: അവര്‍ ബഥേല്‍ ഒറ്റുനോക്കാന്‍ ആളയച്ചു. ലൂസ് എന്നാണ് ഈ നഗരം അറിയപ്പെട്ടിരുന്നത്.
24: നഗരത്തില്‍നിന്ന് ഒരാള്‍ വെളിയിലേക്കു വരുന്നതു ചാരന്മാര്‍ കണ്ടു. അവരവനോടു പറഞ്ഞു: നഗരത്തിലേക്കുള്ള വഴി ഞങ്ങള്‍ക്കു കാണിച്ചുതരുക. എങ്കില്‍, നിശ്ചയമായും ഞങ്ങള്‍ നിന്നോടു ദയാപൂര്‍വ്വം വര്‍ത്തിക്കും.
25: അവന്‍, അവര്‍ക്കു നഗരത്തിലേക്കുള്ള വഴി കാണിച്ചുകൊടുത്തു. അവര്‍ നഗരത്തെ വാളിനിരയാക്കി. എന്നാല്‍, അവനെയും അവൻ്റെ കുടുംബത്തെയും വെറുതെവിട്ടു.
26: അവന്‍ ഹിത്യരുടെ നാട്ടില്‍ച്ചെന്ന്, അവിടെ ഒരു നഗരം പണിതു. ലൂസ് എന്ന് അതിനു പേരിട്ടു. ഇന്നും ആ പേരില്‍ അതറിയപ്പെടുന്നു.
27: ബേത്ഷയാന്‍, താനാക്ക്, ദോര്‍, ഇബ് ലെയാം, മെഗിദോ എന്നീ പട്ടണങ്ങളിലെയും അവയുടെ ഗ്രാമങ്ങളിലെയും നിവാസികളെ മനാസ്സെ പുറത്താക്കിയില്ല. കാനാന്യര്‍ ആ ദേശത്തു തുടര്‍ന്നും ജീവിച്ചുപോന്നു.
28: ഇസ്രായേല്‍ക്കാര്‍ പ്രബലരായപ്പോള്‍ കാനാന്‍കാരെക്കൊണ്ട് അടിമവേല ചെയ്യിച്ചു; അവരെ തീര്‍ത്തും പുറത്താക്കിയില്ല.
29: എഫ്രായിംഗോത്രം, ഗസ്സെര്‍ നിവാസികളായ കാനാന്യരെ പുറത്താക്കിയില്ല. അതുകൊണ്ട് കാനാന്‍കാര്‍ ഗസ്സെറില്‍ അവരുടെയിടയില്‍ താമസിച്ചു.
30: സെബുലൂണ്‍ഗോത്രം കിത്രോന്‍, നഹലോല്‍ എന്നീ നഗരങ്ങളിലെ നിവാസികളെ പുറത്താക്കിയില്ല. കാനാന്‍കാര്‍ അടിമകളായി അവരുടെയിടയില്‍ ജീവിച്ചു.
31: അക്കോ, സീദോന്‍, അഹലാബ്, അക്സിബ്, ഹെര്‍ബ്ബ, അഫീക്, റഹോബ് ഇവിടങ്ങളിലെ നിവാസികളെ ആഷേര്‍ പുറത്താക്കിയില്ല.
32: അങ്ങനെ, ആഷേര്‍ഗോത്രക്കാര്‍ തദ്ദേശവാസികളായ കാനാന്യരുടെയിടയില്‍ ജീവിച്ചു.
33: ബേത്‌ഷെമെഷിലെയോ ബേത്അനാത്തിലെയോ നിവാസികളെ നഫ്താലിഗോത്രം പുറത്താക്കിയില്ല. അവര്‍ തദ്ദേശവാസികളായ കാനാന്‍കാരുടെയിടയില്‍ താമസിച്ചു. ബേത്‌ഷെമെഷിലെയും ബേത്അനാത്തിലെയും നിവാസികള്‍ അവര്‍ക്കടിമകളായിത്തീര്‍ന്നു.
34: അമോര്യര്‍ ദാന്‍ഗോത്രത്തെ മലമ്പ്രദേശത്തേക്കു തള്ളിവിട്ടു. താഴ്‌വരയിലേക്കു നീങ്ങുന്നതിന് അവരെയനുവദിച്ചില്ല.
35: അമോര്യര്‍ ഹാര്‍ഹെറെസിലും അയ്യാലോണിലും ഷാല്‍ബീമിലും താമസം തുടര്‍ന്നു. എന്നാല്‍, ജോസഫിൻ്റെ ഗോത്രം അവരുടെമേല്‍ ശക്തിപ്പെട്ടു. അവര്‍ അടിമകളായിത്തീര്‍ന്നു.
36: അമോര്യരുടെ അതിര്‍ത്തി സേലാ മുതല്‍ മുകളിലേക്ക് അക്രാബിം കയറ്റംവരെ ആയിരുന്നു.

അദ്ധ്യായം 2

ബോക്കിമില്‍വച്ചുള്ള മുന്നറിയിപ്പ്

1: കര്‍ത്താവിൻ്റെ ദൂതന്‍ ഗില്‍ഗാലില്‍നിന്നു ബോക്കിമിലേക്കു ചെന്നു. അവന്‍ പറഞ്ഞു: നിങ്ങളുടെ പിതാക്കന്മാര്‍ക്കു കൊടുക്കാമെന്നു വാഗ്ദാനംചെയ്ത ദേശത്തേക്കു ഞാന്‍ നിങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നിരിക്കുന്നു.
2: നിങ്ങളോടുചെയ്ത ഉടമ്പടി, ഞാനൊരിക്കലും ലംഘിക്കുകയില്ലെന്നും, ഈ ദേശവാസികളുമായി യാതൊരു സഖ്യവും നിങ്ങള്‍ ചെയ്യരുതെന്നും അവരുടെ ബലിപീഠങ്ങളെ നശിപ്പിച്ചുകളയണമെന്നും ഞാന്‍ നിങ്ങളോടു പറഞ്ഞു. എന്നാല്‍, നിങ്ങളെൻ്റെ കല്പനയനുസരിച്ചില്ല. നിങ്ങളീച്ചെയ്തതെന്താണ്?
3: അതിനാല്‍, ഞാന്‍ പറയുന്നു: നിങ്ങളുടെ മുമ്പില്‍നിന്നു ഞാനവരെ പുറത്താക്കുകയില്ല; അവര്‍ നിങ്ങളുടെ എതിരാളികളായിത്തീരും. അവരുടെ ദേവന്മാര്‍ നിങ്ങള്‍ക്കു കെണിയാവുകയും ചെയ്യും.
4: കര്‍ത്താവിൻ്റെ ദൂതന്‍ ഇതറിയിച്ചപ്പോള്‍ ഇസ്രായേല്‍ജനം ഉച്ചത്തില്‍ക്കരഞ്ഞു.
5: അവര്‍ ആ സ്ഥലത്തിനു ബോക്കിം എന്നു പേരിട്ടു. അവരവിടെ, കര്‍ത്താവിനു ബലിയര്‍പ്പിച്ചു.

ജോഷ്വയുടെ മരണം

6: ജോഷ്വ ഇസ്രായേല്‍ജനത്തെ പറഞ്ഞയച്ചു. അവരോരോരുത്തരും തങ്ങള്‍ക്കവകാശമായി ലഭിച്ചദേശം കൈവശമാക്കാന്‍ പോയി.
7: ജോഷ്വയുടെയും, കര്‍ത്താവ് ഇസ്രായേലിനുചെയ്ത വലിയ കാര്യങ്ങള്‍ നേരിട്ടുകാണുകയും ജോഷ്വയ്ക്കുശേഷവും ജീവിച്ചിരിക്കുകയുംചെയ്ത ശ്രേഷ്ഠന്മാരുടെയും കാലത്തു്, ജനം കര്‍ത്താവിനെ സേവിച്ചു.
8: കര്‍ത്താവിൻ്റെ ദാസനും നൂനിൻ്റെ മകനുമായ ജോഷ്വ നൂറ്റിപ്പത്താമത്തെ വയസ്സില്‍ മരിച്ചു.
9: അവനെ ഗാഷ് പര്‍വ്വതത്തിനു വടക്ക്, എഫ്രായിംമലനാട്ടില്‍ തിമ്‌നാത്ത്‌ഹെറെസില്‍ അവൻ്റെ അവകാശഭൂമിയുടെ അതിര്‍ത്തിക്കുള്ളിലടക്കി.
10: ആ തലമുറമുഴുവന്‍ തങ്ങളുടെ പിതാക്കന്മാരോടുചേര്‍ന്നു. അവര്‍ക്കുശേഷം കര്‍ത്താവിനെയോ ഇസ്രായേലിന് അവിടുന്നുചെയ്ത വലിയ കാര്യങ്ങളെയോ അറിയാത്ത മറ്റൊരു തലമുറ വന്നു.

ബാലിനെയാരാധിക്കുന്നു

11: ഇസ്രായേല്‍ജനം കര്‍ത്താവിൻ്റെ മുമ്പില്‍ തിന്മചെയ്തു. ബാല്‍ദേവന്മാരെ സേവിച്ചു.
12: തങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ദൈവമായ കര്‍ത്താവിനെ അവരുപേക്ഷിച്ചു. ചുറ്റുമുള്ള ജനങ്ങളുടെ ദേവന്മാരുടെ പിന്നാലെ അവര്‍ പോയി; അവയ്ക്കു മുമ്പില്‍ കുമ്പിട്ടു. അങ്ങനെ, അവര്‍ കര്‍ത്താവിനെ പ്രകോപിപ്പിച്ചു.
13: അവര്‍, കര്‍ത്താവിനെയുപേക്ഷിച്ചു ബാല്‍ദേവന്മാരെയും അസ്താര്‍ത്തെ ദേവതകളെയും സേവിച്ചു.
14: ഇസ്രായേലിനെതിരേ കര്‍ത്താവിൻ്റെ കോപം ജ്വലിച്ചു; അവിടുന്നവരെ കവര്‍ച്ചക്കാര്‍ക്കേല്പിച്ചുകൊടുത്തു. അവര്‍, അവരെക്കൊള്ളയടിച്ചു. ചുറ്റുമുള്ള ശത്രുക്കളുടെ ആധിപത്യത്തിന് അവരെ വിട്ടുകൊടുത്തു; അവരോടെതിര്‍ത്തുനില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
15: കര്‍ത്താവു ശപഥംചെയ്ത്, അവര്‍ക്കു മുന്നറിയിപ്പു നല്കിയിരുന്നതുപോലെ ചെന്നിടത്തൊക്കെയും നാശംവരത്തക്കവിധം കര്‍ത്താവിൻ്റെ കരം അവര്‍ക്കെതിരായിരുന്നു; അവര്‍ വളരെ കഷ്ടതയനുഭവിച്ചു.
16: അപ്പോള്‍ കര്‍ത്താവു ന്യായാധിപന്മാരെ നിയമിച്ചു. കവര്‍ച്ചചെയ്തിരുന്നവരുടെ ആധിപത്യത്തില്‍നിന്ന്, അവര്‍, അവരെ രക്ഷിച്ചു.
17: എങ്കിലും ന്യായാധിപന്മാരെ അവരനുസരിച്ചില്ല; പ്രത്യുത, അന്യദേവന്മാരുടെ പുറകേപോയി, അവരെ വന്ദിച്ചു. കര്‍ത്താവിൻ്റെ കല്പനകളനുസരിച്ചുജീവിച്ച, പിതാക്കന്മാരുടെ മാര്‍ഗ്ഗത്തില്‍നിന്ന് അവര്‍ വേഗം വ്യതിചലിച്ചു.
18: അവര്‍, അവരെയനുകരിച്ചില്ല. ന്യായാധിപന്മാരെ നിയമിച്ചപ്പോഴൊക്കെ, കര്‍ത്താവ് അവര്‍ ഓരോരുത്തരോടുംകൂടെയുണ്ടായിരുന്നു. അവരുടെ കാലത്തു കര്‍ത്താവു ശത്രുക്കളുടെ കൈയില്‍നിന്ന് ജനത്തെ രക്ഷിച്ചിരുന്നു. കാരണം, തങ്ങളെ പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നവര്‍നിമിത്തമുള്ള അവരുടെ രോദനംകേട്ട്, കര്‍ത്താവിന് അവരിലനുകമ്പ ജനിച്ചിരുന്നു.
19: എന്നാല്‍, ന്യായാധിപന്‍ മരിക്കുമ്പോള്‍ അവര്‍ വഴിതെറ്റി, തങ്ങളുടെ പിതാക്കന്മാരെക്കാള്‍ വഷളായി ജീവിക്കും. മറ്റു ദേവന്മാരെ സേവിച്ചും നമസ്കരിച്ചും അവരുടെ പിന്നാലെപോകും. തങ്ങളുടെ ആചാരങ്ങളും മര്‍ക്കടമുഷ്ടിയും അവരുപേക്ഷിച്ചില്ല.
20: കര്‍ത്താവിൻ്റെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടുന്നു പറഞ്ഞു: ഈ ജനം അവരുടെ പിതാക്കന്മാരോടു ഞാന്‍ചെയ്ത ഉടമ്പടി ലംഘിച്ചിരിക്കുന്നു; എൻ്റെ വാക്കുകള്‍ അവരനുസരിച്ചില്ല.
21: അതിനാല്‍, ജോഷ്വ മരിക്കുമ്പോള്‍ അവശേഷിച്ചിരുന്ന ജനതകളെ അവരുടെ മുമ്പില്‍നിന്നു ഞാന്‍ നീക്കിക്കളയുകയില്ല.
22: അങ്ങനെ തങ്ങളുടെ പിതാക്കന്മാരെപ്പോലെ കര്‍ത്താവിൻ്റെ വഴികളില്‍ നടക്കാന്‍ അവര്‍ ശ്രദ്ധിക്കുമോ ഇല്ലയോ എന്ന് എനിക്കു പരീക്ഷിക്കണം.
23: അതുകൊണ്ട്, കര്‍ത്താവ് ആ ജനതകളെ ഉടനെ നീക്കിക്കളയുകയോ ജോഷ്വയുടെ കൈകളിലേല്പിച്ചുകൊടുക്കുകയോ ചെയ്തില്ല.

അദ്ധ്യായം 3

1: കാനാനിലെ യുദ്ധങ്ങളില്‍ പങ്കെടുത്തു പരിചയംസിദ്ധിച്ചിട്ടില്ലാത്ത ഇസ്രായേല്‍ക്കാരെ പരീക്ഷിക്കാന്‍വേണ്ടി കര്‍ത്താവു കുറെ ജനതകളെ ശേഷിപ്പിച്ചു.
2: ഇസ്രായേല്‍ത്തലമുറകളെ യുദ്ധമുറയഭ്യസിപ്പിക്കാനും, പ്രത്യേകിച്ച്, യുദ്ധാനുഭവമുണ്ടായിട്ടില്ലാത്തവരെ യുദ്ധം പഠിപ്പിക്കാനുംവേണ്ടിയാണിത്.
3: ആ ജനതകളിവരാണ്: ഫിലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാര്‍, കാനാന്യര്‍, സിദോന്യര്‍, ബാല്‍ഹെര്‍മ്മോൻമലമുതല്‍, ഹമാത്തിൻ്റെ പ്രവേശനകവാടംവരെയുള്ള ലബനോന്‍മലയില്‍ താമസിച്ചിരുന്ന ഹിവ്യര്‍.
4: മോശവഴി കര്‍ത്താവു തങ്ങളുടെ പിതാക്കന്മാര്‍ക്കു നല്കിയ കല്പനകള്‍ ഇസ്രായേല്‍ക്കാര്‍ അനുസരിക്കുമോയെന്നു പരീക്ഷിക്കാന്‍വേണ്ടിയാണ് ഇവരെയവശേഷിപ്പിച്ചത്.
5: അങ്ങനെ ഇസ്രായേല്‍ജനം കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെയിടയില്‍ ജീവിച്ചു.
6: അവരുടെ പുത്രിമാരെ ഇസ്രായേല്‍ക്കാര്‍ വിവാഹംചെയ്തു; തങ്ങളുടെ പുത്രിമാരെ അവര്‍ക്കു വിവാഹംചെയ്തുകൊടുത്തു. ഇസ്രായേല്‍ക്കാര്‍ അവരുടെ ദേവന്മാരെ സേവിക്കുകയുംചെയ്തു.

ഒത്ത്‌നിയേല്‍

7: തങ്ങളുടെ ദൈവമായ കര്‍ത്താവിനെ മറന്നു ബാല്‍ദേവന്മാരെയും അഷേരാപ്രതിഷ്ഠകളെയും സേവിച്ചുകൊണ്ട്, ഇസ്രായേല്‍ കര്‍ത്താവിൻ്റെ മുമ്പാകെ തിന്മ പ്രവര്‍ത്തിച്ചു.
8: അതിനാല്‍, കര്‍ത്താവിൻ്റെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടുന്നവരെ മെസൊപ്പൊട്ടാമിയാ രാജാവായ കുഷാൻറിഷാത്തായിമിൻ്റെ കൈകളിലേല്പിച്ചു. അവനെയവര്‍ എട്ടുവര്‍ഷം സേവിച്ചു.
9: ഇസ്രായേല്‍ജനം കര്‍ത്താവിനോടു നിലവിളിച്ചു. കാലെബിൻ്റെ ഇളയസഹോദരനായ കെനാസിൻ്റെ പുത്രന്‍ ഒത്ത്‌നിയേലിനെ, കര്‍ത്താവ് അവര്‍ക്കു വിമോചകനായി നിയമിക്കുകയും അവനവരെ മോചിപ്പിക്കുകയും ചെയ്തു.
10: കര്‍ത്താവിൻ്റെയാത്മാവ് അവൻ്റെമേല്‍ വന്നു; അവന്‍ ഇസ്രായേലില്‍ ന്യായവിധി നടത്തി. അവന്‍ യുദ്ധത്തിനു പുറപ്പെട്ടു; മെസൊപ്പൊട്ടാമിയാ രാജാവായ കുഷാൻറിഷാത്തായിമിനെ കര്‍ത്താവ് അവൻ്റെ കൈയിലേല്പിച്ചുകൊടുത്തു. ഒത്ത്‌നിയേല്‍ അവൻ്റെമേല്‍ ആധിപത്യംസ്ഥാപിച്ചു.
11: അങ്ങനെ, ദേശത്തു നാല്പതുവര്‍ഷം ശാന്തി നിലനിന്നു. അതിനുശേഷം കെനാസിൻ്റെ മകനായ ഒത്ത്‌നിയേല്‍ മരിച്ചു.
ഏഹൂദ്

12: ഇസ്രായേല്‍ജനം വീണ്ടും കര്‍ത്താവിൻ്റെ മുമ്പില്‍ തിന്മചെയ്തു. അതിനാല്‍, അവിടുന്നു മൊവാബുരാജാവായ എഗ്‌ലോനെ ഇസ്രായേലിനെതിരേ പ്രബലനാക്കി.
13: അവന്‍ അമ്മോന്യരെയും അമലേക്യരെയുംകൂട്ടി ഇസ്രായേലിനെ പരാജയപ്പെടുത്തി, ഈന്തപ്പനകളുടെ നഗരം കൈവശമാക്കി.
14: ഇസ്രായേല്‍ജനം മൊവാബുരാജാവായ എഗ്‌ലോനെ പതിനെട്ടുവര്‍ഷം സേവിച്ചു.
15: എന്നാല്‍, ഇസ്രായേല്‍ജനത കര്‍ത്താവിനോടു നിലവിളിച്ചപ്പോള്‍ അവിടുന്നവര്‍ക്കൊരു വിമോചകനെ നല്കി. ബഞ്ചമിന്‍ഗോത്രജനായ ഗേരയുടെ മകനും ഇടത്തുകൈയ്യനുമായ ഏഹൂദായിരുന്നു അത്. ഇസ്രായേല്‍ അവന്‍വശം, മൊവാബുരാജാവായ എഗ്‌ലോനു കാഴ്ചകൊടുത്തയച്ചു.
16: ഏഹൂദ് ഒരുമുഴം നീളമുള്ള, ഇരുവായ്ത്തലവാളുണ്ടാക്കി, വസ്ത്രത്തിനടിയില്‍ വലത്തെത്തുടയില്‍ കെട്ടിവച്ചു.
17: അവന്‍ മൊവാബുരാജാവായ എഗ്‌ലോനു കാഴ്ച സമര്‍പ്പിച്ചു.
18: എഗ്‌ലോന്‍ തടിച്ചുകൊഴുത്ത മനുഷ്യനായിരുന്നു. ഏഹൂദ് കാഴ്ചസമര്‍പ്പിച്ചുകഴിഞ്ഞ്, ചുമട്ടുകാരെ പറഞ്ഞയച്ചു.
19: എന്നാല്‍, ഗില്‍ഗാലില്‍ ശിലാവിഗ്രഹങ്ങളുടെയടുത്തുചെന്നപ്പോള്‍, അവന്‍ തിരിഞ്ഞുനടന്നു രാജാവിൻ്റെയടുക്കല്‍വന്നു പറഞ്ഞു: അല്ലയോ രാജാവേ, എനിക്കങ്ങയെ ഒരു രഹസ്യസന്ദേശമറിയിക്കാനുണ്ട്. രാജാവു പരിചാരകരോടു പുറത്തുപോകാനാജ്ഞാപിച്ചു. അവര്‍ പോയി.
20: രാജാവു വേനല്‍ക്കാലവസതിയിലിരിക്കുകയായിരുന്നു. ഏഹൂദ് അടുത്തുവന്നു പറഞ്ഞു: ദൈവത്തില്‍നിന്നു നിനക്കായൊരു സന്ദേശം എൻ്റെ പക്കലുണ്ട്. അപ്പോളവന്‍ എഴുന്നേറ്റുനിന്നു.
21: ഏഹൂദ് ഇടത്തുകൈകൊണ്ട് വലത്തെത്തുടയില്‍നിന്നു വാള്‍ വലിച്ചെടുത്ത്, അവൻ്റെ വയറ്റില്‍ ശക്തിയായി കുത്തിയിറക്കി.
22: വാളോടൊപ്പം പിടിയും അകത്തുകടന്നു. വാള്‍ ഊരിയെടുക്കാതിരുന്നതുകൊണ്ട്, കൊഴുപ്പതിനെ മൂടി.
23: അനന്തരം, ഏഹൂദ് പൂമുഖത്തിറങ്ങി അവനെ അകത്തിട്ട് വാതിലടച്ചു പൂട്ടി. അവന്‍ പോയിക്കഴിഞ്ഞു പരിചാരകര്‍ വന്നു.
24: മുറിയുടെ കതകുകള്‍ പൂട്ടിയിരിക്കുന്നതുകണ്ടപ്പോള്‍ അവന്‍ ദിനചര്യയ്ക്കു രഹസ്യമുറിയിലായിരിക്കുമെന്ന് അവര്‍ വിചാരിച്ചു.
25: അവര്‍ കാത്തിരുന്നു കുഴഞ്ഞു; എന്നിട്ടും മുറിയുടെ വാതിലുകള്‍ തുറക്കാതിരുന്നതുകണ്ടപ്പോള്‍ അവര്‍ താക്കോലെടുത്തു തുറന്നു. അതാ രാജാവ്, തറയില്‍ മരിച്ചുകിടക്കുന്നു.
26: അവര്‍ കാത്തിരുന്ന സമയത്ത് ഏഹൂദ് ശിലാവിഗ്രഹങ്ങള്‍ക്കപ്പുറമുള്ള സെയിറായിലേക്കു രക്ഷപെട്ടു.
27: അവന്‍ എഫ്രായിംമലമ്പ്രദേശത്തെത്തിയപ്പോള്‍ കാഹളംമുഴക്കി. ഇസ്രായേല്‍ജനം മലയില്‍നിന്ന് അവൻ്റെ നേതൃത്വത്തില്‍ താഴേക്കിറങ്ങി.
28: അവനവരോടു പറഞ്ഞു: എൻ്റെ പിന്നാലെ വരുക. കര്‍ത്താവു നിങ്ങളുടെ ശത്രുക്കളായ മൊവാബ്യരെ നിങ്ങളുടെ കൈകളില്‍ ഏല്പിച്ചിരിക്കുന്നു. അവര്‍ അവൻ്റെ പിന്നാലെ പോയി. മൊവാബിനെതിരേയുള്ള ജോര്‍ദ്ദാൻ്റെ കടവുകള്‍ പിടിച്ചടക്കി; അതിലെ കടന്നുപോകാന്‍ ഒരുവനെയുമനുവദിച്ചില്ല.
29: ധീരന്മാരും കരുത്തുറ്റവരുമായ പതിനായിരത്തോളം മൊവാബ്യരെ അന്നവര്‍ കൊന്നു. ഒരുവൻപോലും രക്ഷപ്പെട്ടില്ല.
30: അങ്ങനെ മൊവാബ്, ആദിവസം ഇസ്രായേലിനധീനമായി. എണ്‍പതു വര്‍ഷത്തേക്കു നാട്ടില്‍ ശാന്തി നിലനിന്നു.

ഷംഗാര്‍

31: ഏഹൂദിൻ്റെ പിന്‍ഗാമിയും അനാത്തിൻ്റെ പുത്രനുമായ ഷംഗാര്‍ അറുനൂറു ഫിലിസ്ത്യരെ ചാട്ടകൊണ്ടുകൊന്നു. അവനും ഇസ്രായേലിനെ രക്ഷിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ