എണ്‍പത്തിരണ്ടാം ദിവസം: 2 സാമുവേല്‍ 8 - 12


അദ്ധ്യായം 8


ദാവീദിൻ്റെ വിജയങ്ങള്‍


1: കുറച്ചുനാളുകള്‍ക്കുശേഷം ദാവീദ്, ഫിലിസ്ത്യരെ ആക്രമിച്ചുകീഴ്‌പ്പെടുത്തി. മെഥെഗമ്മാ അവരില്‍നിന്നു പിടിച്ചെടുത്തു.
2: അവന്‍ മൊവാബ്യരെയും തോല്പിച്ചു. അവരെ നിലത്തുകിടത്തി ചരടുകൊണ്ടളന്നു മൂന്നില്‍രണ്ടു ഭാഗത്തെ കൊന്നു; ഒരു ഭാഗത്തെ വെറുതെ വിട്ടു. അങ്ങനെ മൊവാബ്യര്‍ അവനു കീഴടങ്ങിക്കപ്പം കൊടുത്തു.
3: ദാവീദ്‌ യൂഫ്രട്ടീസ് നദീതീരത്തു തൻ്റെ അതിര്‍ത്തി വീണ്ടെടുക്കാന്‍പോകവേ, റഹോബിൻ്റെ മകനും സോബാരാജാവുമായ ഹദദേസറിനെയും തോല്പിച്ചു.
4: അവൻ്റെ ആയിരത്തിയെഴുന്നൂറു കുതിരക്കാരെയും കാലാള്‍പ്പടയില്‍ ഇരുപതിനായിരംപേരെയും ദാവീദു പിടിച്ചെടുത്തു.
5: അവന്‍ നൂറു രഥങ്ങള്‍ക്കുള്ള കുതിരകളെയൊഴിച്ചു ബാക്കിയുള്ളവയെ കുതിഞരമ്പു ഛേദിച്ച്, മുടന്തുള്ളവയാക്കി. സോബാരാജാവായ ഹദദേസറിനെ സഹായിക്കാന്‍ ദമാസ്‌ക്കസിലെ സിറിയാക്കാര്‍വന്നപ്പോള്‍, അവരില്‍ ഇരുപത്തീരായിരംപേരെ ദാവീദ് കൊന്നുകളഞ്ഞു.
6: ദമാസ്‌ക്കസിലെ അരാമില്‍ ദാവീദ് കാവല്‍പ്പടയെ നിര്‍ത്തി. സിറിയാക്കാര്‍ ദാവീദിനു സാമന്തരായി കപ്പംകൊടുത്തു. ദാവീദ് പോയിടത്തെല്ലാം കര്‍ത്താവവനു വിജയം നല്കി.
7: ഹദദേസറിൻ്റെ സേവകര്‍ വഹിച്ചിരുന്ന സ്വര്‍ണപ്പരിചകള്‍ ദാവീദ് ജറുസലെമിലേക്കു കൊണ്ടുവന്നു.
8: ഹദദേസര്‍ ഭരിച്ചിരുന്ന ബേത്തായിലും ബരോത്തായിലുംനിന്നു ദാവീദു രാജാവ് വളരെയധികം വെള്ളോടും കൈവശപ്പെടുത്തി.
9: ഹദദേസറിൻ്റെ സര്‍വ്വസൈന്യത്തെയും ദാവീദു തോല്പിച്ചെന്നു ഹമാത്തു രാജാവായ തോയി കേട്ടു.
10: ദാവീദിനെ അഭിവാദനംചെയ്യാനും ഹദദേസറിനെ തോല്പിച്ചതിന് അനുമോദിക്കാനും തോയി തൻ്റെ മകന്‍ യോറാമിനെ ദാവീദു രാജാവിൻ്റെ അടുത്തേക്കയച്ചു. എന്തെന്നാല്‍, ഹദദേസര്‍ പലപ്പോഴും തോയിയുമായി യുദ്ധത്തിലായിരുന്നു. വെള്ളി, സ്വര്‍ണ്ണം, ഓട് ഇവകൊണ്ടുള്ള ഉപകരണങ്ങളും യോറാം കൂടെക്കൊണ്ടുവന്നു.
11: ദാവീദവ കര്‍ത്താവിനു പ്രതിഷ്ഠിച്ചു.
12: ഏദോമ്യര്‍, മൊവാബ്യര്‍, അമ്മോന്യര്‍, ഫിലിസ്ത്യര്‍, അമലേക്യര്‍ തുടങ്ങി താന്‍ കീഴ്‌പ്പെടുത്തിയ സകലജനതകളിലുംനിന്ന് എടുത്ത വെള്ളിയും പൊന്നും, റഹോബിൻ്റെ മകനും സോബാരാജാവുമായ ഹദദേസറില്‍നിന്നെടുത്ത കൊള്ളയും ദാവീദ് കര്‍ത്താവിനു പ്രതിഷ്ഠിച്ചു.
13: ഉപ്പുതാഴ്‌വരയില്‍വച്ച് പതിനെണ്ണായിരം ഏദോമ്യരെ കൊന്നൊടുക്കി മടങ്ങിവന്നപ്പോള്‍ ദാവീദു കൂടുതല്‍ പ്രശസ്തനായി.
14: അവന്‍ ഏദോമില്‍ കാവല്‍പ്പടയെ നിയമിച്ചു. ഏദോമ്യര്‍ ദാവീദിനടിമകളായി. അവന്‍ ചെന്നിടത്തെല്ലാം കര്‍ത്താവവനു വിജയം നല്കി.
15: ദാവീദ് ഇസ്രായേല്‍മുഴുവനിലും ഭരണംനടത്തി. തൻ്റെ സകലജനത്തിലും അവന്‍ നീതിയും ന്യായവും പാലിച്ചു.
16: സെരൂയയുടെ മകന്‍ യോവാബായിരുന്നു സൈന്യാധിപന്‍.
17: അഹിലൂദിൻ്റെ മകന്‍ യഹോഷാഫാത്ത് നടപടിയെഴുത്തുകാരനും. അഹിത്തൂബിൻ്റെ മകന്‍ സാദോക്കും അബിയാഥറിൻ്റെ മകന്‍ അഹിമലേക്കുമായിരുന്നു പുരോഹിതന്മാര്‍.
18: സെരായിയ ആയിരുന്നു കാര്യദര്‍ശി. യഹോയിയാദായുടെ മകന്‍ ബനാനിയാ ക്രേത്യര്‍ക്കും പെലേത്യര്‍ക്കും അധിപതിയായിരുന്നു; ദാവീദിന്റെ പുത്രന്മാര്‍ പുരോഹിതന്മാരും.



അദ്ധ്യായം 9


ദാവീദും മെഫിബോഷെത്തും

1: ജോനാഥാനെപ്രതി ഞാന്‍ ദയകാണിക്കേണ്ടതിനു സാവൂളിൻ്റെ കുടുംബത്തില്‍ ആരെങ്കിലും ശേഷിച്ചിട്ടുണ്ടോ എന്നു ദാവീദ് തിരക്കി.
2: സാവൂളിൻ്റെ ഭവനത്തില്‍ സീബ എന്നു പേരുള്ള ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു. അവനെ ദാവീദിൻ്റെയടുക്കല്‍ കൊണ്ടുവന്നു. നീയാണോ സീബ? ദാവീദ് ചോദിച്ചു. അതേ, അടിയന്‍തന്നെ, അവന്‍ മറുപടി പറഞ്ഞു.
3: രാജാവവനോടു ചോദിച്ചു: ഞാന്‍ ദൈവത്തോടു വാഗ്ദാനംചെയ്തതുപോലെ ദയ കാണിക്കേണ്ടതിനു സാവൂളിൻ്റെ കുടുംബത്തില്‍ ഇനി ആരുമില്ലേ? ജോനാഥാന് ഒരു മകനുണ്ട്, അവന്‍ മുടന്തനാണ്, സീബ പറഞ്ഞു. അവനെവിടെ?
4: രാജാവു ചോദിച്ചു. അവന്‍ ലോദേബാറില്‍ അമ്മിയേലിൻ്റെ മകന്‍ മാഖീറിൻ്റെ വീട്ടിലുണ്ട്, സീബ പറഞ്ഞു.
5: അപ്പോള്‍, ദാവീദ് ലോദേബാറില്‍ അമ്മിയേലിൻ്റെ മകന്‍ മാഖീറിൻ്റെ വീട്ടിലേക്കാളയച്ച് അവനെ വരുത്തി.
6: സാവൂളിൻ്റെ മകനായ ജോനാഥാൻ്റെ മകന്‍ മെഫിബോഷെത്ത് ദാവീദിൻ്റെയടുക്കല്‍വന്നു സാഷ്ടാംഗം നമസ്‌കരിച്ചു. മെഫിബോഷെത്ത്, ദാവീദു വിളിച്ചു. അടിയനിതാ, അവന്‍ വിളികേട്ടു.
7: ദാവീദ് അവനോടു പറഞ്ഞു: ഭയപ്പെടേണ്ട. നിൻ്റെ പിതാവായ ജോനാഥാനെപ്രതി ഞാന്‍ നിന്നോടു ദയ കാണിക്കും. നിൻ്റെ പിതാമഹനായ സാവൂളിൻ്റെ ഭൂമിയെല്ലാം ഞാന്‍ നിനക്കു മടക്കിത്തരും. നീ എപ്പോഴും എന്നോടൊപ്പം ഭക്ഷണം കഴിക്കുകയുംചെയ്യും.
8: ചത്തനായ്ക്കു തുല്യനായ എന്നോടു കരുണകാണിക്കാന്‍ അങ്ങേയ്ക്കു തോന്നിയല്ലോ, മെഫിബോഷെത്ത് നമിച്ചുകൊണ്ടു പറഞ്ഞു.
9: രാജാവു സാവൂളിൻ്റെ ഭൃത്യന്‍ സീബയെ വിളിച്ചു പറഞ്ഞു: സാവൂളിനും കുടുംബത്തിനും ഉണ്ടായിരുന്നതെല്ലാം ഞാന്‍ നിൻ്റെ യജമാനൻ്റെ മകനു നല്കിയിരിക്കുന്നു.
10: നീയും മക്കളും ദാസന്മാരും കൃഷിചെയ്തു നിൻ്റെ യജമാനൻ്റെ മകനു ഭക്ഷണത്തിനുള്ളവക കൊണ്ടുവരണം. മെഫിബോഷെത്ത് എപ്പോഴും എന്നോടൊപ്പം ഭക്ഷണം കഴിക്കും. സീബയ്ക്കു പതിനഞ്ചു പുത്രന്മാരും ഇരുപതു ദാസന്മാരുമുണ്ടായിരുന്നു.
11: എൻ്റെ യജമാനനായ രാജാവു കല്പിക്കുന്നതുപോലെ അടിയന്‍ ചെയ്യാം, സീബ പറഞ്ഞു. അങ്ങനെ രാജാവിൻ്റെ പുത്രന്മാരില്‍ ഒരുവനെപ്പോലെ മെഫിബോഷെത്ത് ദാവീദിൻ്റെ മേശയില്‍ ഭക്ഷിച്ചുപോന്നു.
12: മെഫിബോഷെത്തിന് ഒരു കൊച്ചുമകന്‍ ഉണ്ടായിരുന്നു, മീക്കാ. സീബയുടെ വീട്ടിലുണ്ടായിരുന്നവരെല്ലാം മെഫിബോഷെത്തിൻ്റെ ദാസന്മാരായിത്തീര്‍ന്നു.
13: അങ്ങനെ മെഫിബോഷെത്ത് ജറുസെലേമില്‍ പാര്‍ത്ത് എപ്പോഴും രാജാവിൻ്റെ മേശയില്‍ ഭക്ഷണം കഴിച്ചുപോന്നു. അവൻ്റെ രണ്ടു കാലിനും മുടന്തായിരുന്നു.

അദ്ധ്യായം 10

അമ്മോന്യരെയും സിറിയാക്കാരെയും തോല്പിക്കുന്നു

1: അമ്മോന്യരുടെ രാജാവ് മരിച്ചു. അവൻ്റെ മകന്‍ ഹാനൂന്‍രാജാവായി.
2: അപ്പോള്‍ ദാവീദ് പറഞ്ഞു: നാഹാഷ് എന്നോടു കാണിച്ചതുപോലെ അവൻ്റെ മകന്‍ ഹാനൂനോടു ഞാനും ദയ കാണിക്കും. പിതാവിൻ്റെ മരണത്തില്‍ അനുശോചനമറിയിക്കാന്‍ ദാവീദ് ഒരു സംഘം ദൂതന്മാരെ ഹാനൂൻ്റെയടുത്തേക്കയച്ചു.
3: അവര്‍ അമ്മോന്യരുടെ ദേശത്തെത്തി. എന്നാല്‍ അമ്മോന്യപ്രഭുക്കന്മാര്‍ രാജാവായ ഹാനൂനോടു പറഞ്ഞു: നിന്നെ ആശ്വസിപ്പിക്കാന്‍ ദാവീദ് ദൂതന്മാരെ അയച്ചത് നിൻ്റെ പിതാവിനോടുള്ള ബഹുമാനംകൊണ്ടാണെന്നു നീ വിശ്വസിക്കുന്നുവോ? അവര്‍ ഒറ്റുകാരാണ്. നഗരം നശിപ്പിക്കാനുള്ള മാര്‍ഗ്ഗമറിയാനാണ് അവനവരെ അയച്ചിരിക്കുന്നത്.
4: ഹാനൂന്‍ ദാവീദിൻ്റെ ഭൃത്യന്മാരെപ്പിടിച്ച്, അവരുടെ താടി പകുതിവീതം ക്ഷൗരംചെയ്യിച്ചും വസ്ത്രം നടുവില്‍ നിതംബംവരെ കീറിയും വിട്ടയച്ചു.
5: ദാവീദ് അതുകേട്ട്, അത്യന്തം അപമാനിതരായ അവരോട് ആളയച്ച് പറഞ്ഞു: താടി വളരുംവരെ ജറീക്കോയില്‍ താമസിക്കുവിന്‍. പിന്നെ മടങ്ങിപ്പോകുവിന്‍.
6: ദാവീദിൻ്റെ ശത്രുതസമ്പാദിച്ചുവെന്നു ഗ്രഹിച്ചപ്പോള്‍ അമ്മോന്യര്‍ ബത്‌റെഹോബിലെയും സോബായിലെയും സിറിയാക്കാരില്‍നിന്ന് ഇരുപതിനായിരം കാലാള്‍പ്പടയെയും ആയിരംപേരോടുകൂടെ മാഖാരാജാവിനെയും തോബില്‍നിന്നു പന്തീരായിരംപേരെയും കൂലിക്കെടുത്തു.
7: അതുകേട്ടു ദാവീദ് യോവാബിനെ സകലവീരപടയാളികളുമായി അയച്ചു.
8: അമ്മോന്യര്‍ നഗരവാതില്‍ക്കല്‍ അണിനിരന്നു. സോബായിലെയും റഹോബിലെയും സിറിയാക്കാരും തോബിലെയും മാഖായിലെയും പടയാളികളും വെളിമ്പ്രദേശത്തു നിലയുറപ്പിച്ചു.
9: ശത്രുസൈന്യം മുമ്പിലും പിമ്പിലും നിലയുറപ്പിച്ചിരിക്കുന്നെന്നു കണ്ടപ്പോള്‍ യോവാബ് ഇസ്രായേലിൻ്റെ അതിധീരരായ ഒരുകൂട്ടം പടയാളികളെ തിരഞ്ഞെടുത്തു സിറിയാക്കാര്‍ക്കെതിരേ അണിനിരത്തി.
10: ശേഷിച്ച സൈന്യത്തെ തൻ്റെ സഹോദരന്‍ അബിഷായിയുടെ ചുമതലയിലേല്പിച്ചു. അബിഷായി അവരെ അമ്മോന്യര്‍ക്കെതിരേ അണിനിരത്തി. യോവാബ് അബിഷായിയോടു പറഞ്ഞു:
11: സിറിയാക്കാര്‍ എന്നെ തോല്പിക്കുമെന്നു കണ്ടാല്‍, നീ വന്ന്, എന്നെ സഹായിക്കുക; അമ്മോന്യര്‍ നിന്നെ തോല്പിക്കുമെന്നു കണ്ടാല്‍, ഞാന്‍വന്നു നിന്നെ സഹായിക്കാം. ധൈര്യമായിരിക്കുക.
12: നമ്മുടെ ജനത്തിനുവേണ്ടിയും നമ്മുടെ ദൈവത്തിൻ്റെ നഗരങ്ങള്‍ക്കുവേണ്ടിയും നമുക്കു ധീരമായി പോരാടാം. ദൈവേഷ്ടംപോലെ ഭവിക്കട്ടെ!
13: അങ്ങനെ യോവാബും കൂടെയുള്ള സൈന്യവും സിറിയാക്കാരോടു യുദ്ധംചെയ്യാനടുത്തു.
14: അവര്‍ പലായനംചെയ്തു. സിറിയാക്കാര്‍ തോറ്റോടുന്നതുകണ്ടപ്പോള്‍ അമ്മോന്യരും അബിഷായിയുടെ മുമ്പില്‍നിന്നോടി നഗരത്തില്‍ കടന്നു. യോവാബ് അമ്മോന്യരോടുള്ള യുദ്ധമവസാനിപ്പിച്ചു ജറുസലെമിലേക്കു മടങ്ങിപ്പോന്നു.
15: ഇസ്രായേല്‍ തങ്ങളെ തോല്പിച്ചെന്നുകണ്ടപ്പോള്‍ സിറിയാക്കാര്‍ ഒരുമിച്ചുകൂടി.
16: ഹദദേസര്‍ ആളയച്ച്‌ യൂഫ്രട്ടീസ് നദിക്കപ്പുറത്തുള്ള സിറിയാക്കാരെ വരുത്തി. ഹദദേസറിൻ്റെ സൈന്യാധിപനായ ഷോബക്കിൻ്റെ നേതൃത്വത്തില്‍ അവര്‍ ഹേലാമിലേക്കു വന്നു.
17: ദാവീദ് അതറിഞ്ഞ് ഇസ്രായേലിനെ മുഴുവന്‍ ഒരുമിച്ചുകൂട്ടി ജോര്‍ദ്ദാന്‍കടന്നു ഹേലാമിലെത്തി.
18: സിറിയാക്കാര്‍ ദാവീദിനെതിരേ അണിനിരന്നു യുദ്ധംചെയ്തു. സിറിയാക്കാര്‍ ഇസ്രായേലിൻ്റെമുമ്പില്‍ തോറ്റോടി. എഴുന്നൂറു തേരാളികളെയും നാല്പതിനായിരം കുതിരപ്പടയാളികളെയും ദാവീദു കൊന്നു. അവരുടെ സൈന്യാധിപനായ ഷോബക്ക് മുറിവേറ്റ് അവിടെവച്ചു മരിച്ചു.
19: ഇസ്രായേല്‍ തങ്ങളെ തോല്പിച്ചുവെന്നു കണ്ടപ്പോള്‍ ഹദദേസറിൻ്റെ സാമന്തന്മാര്‍ ഇസ്രായേലുമായി ഉടമ്പടിചെയ്തു; ആശ്രിതരായി. അതിനുശേഷം അമ്മോന്യരെ സഹായിക്കാന്‍ സിറിയാക്കാര്‍ക്കു ഭയമായി.

അദ്ധ്യായം 11

ദാവീദും ബത്‌ഷെബായും

1: അടുത്ത വസന്തത്തില്‍ രാജാക്കന്മാര്‍ യുദ്ധത്തിനുപോകാറുള്ള സമയത്ത്, ദാവീദ് യോവാബിനെയും തൻ്റെ സേവകന്മാരെയും ഇസ്രായേല്‍സൈന്യം മുഴുവനെയുമയച്ചു. അവര്‍ അമ്മോന്യരെ തകര്‍ത്തു റബ്ബാനഗരംവളഞ്ഞു. ദാവീദു ജറുസലെമില്‍ താമസിച്ചു.
2: ഒരു ദിവസം സായാഹ്നത്തില്‍ ദാവീദ് കിടക്കയില്‍നിന്നെഴുന്നേറ്റു കൊട്ടാരത്തിൻ്റെ മട്ടുപ്പാവില്‍ ഉലാത്തുമ്പോള്‍ ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. അവള്‍ അതീവസുന്ദരിയായിരുന്നു.
3: ദാവീദ് ആളയച്ച് അവളാരെന്ന് അന്വേഷിച്ചു. എലിയാമിൻ്റെ മകളും ഹിത്യനായ ഊറിയായുടെ ഭാര്യയുമായ ബത്‌ഷെബായാണ് അവളെന്നറിഞ്ഞു.
4: അവളെ കൂട്ടിക്കൊണ്ടുവരാന്‍ ദാവീദ് ആളയച്ചു. അവള്‍ വന്നപ്പോള്‍ അവന്‍ അവളെ പ്രാപിച്ചു. അവള്‍ ഋതുസ്‌നാനം കഴിഞ്ഞിരുന്നതേയുള്ളു. അവള്‍ വീട്ടിലേക്കു മടങ്ങിപ്പോയി. അവള്‍ ഗര്‍ഭംധരിച്ചു.
5: അവള്‍ ആളയച്ചു ദാവീദിനെ വിവരമറിയിച്ചു.
6: അപ്പോള്‍ ദാവീദു യോവാബിനൊരു സന്ദേശം കൊടുത്തയച്ചു: ഹിത്യനായ ഊറിയായെ എൻ്റെ അടുക്കലേക്കയയ്ക്കുക. യോവാബ് ഊറിയായെ അങ്ങോട്ടയച്ചു.
7: ഊറിയാ വന്നപ്പോള്‍ ദാവീദ് യോവാബിൻ്റെയും പടയാളികളുടെയും ക്‌ഷേമവും യുദ്ധവര്‍ത്തമാനവും അന്വേഷിച്ചു. പിന്നെ ദാവീദ് ഊറിയായോടു പറഞ്ഞു.
8: നീ വീട്ടില്‍പോയി അല്പം വിശ്രമിക്കുക. ഊറിയാ കൊട്ടാരത്തില്‍നിന്നു പോയി. രാജാവ് അവനൊരു സമ്മാനവും കൊടുത്തയച്ചു.
9: എന്നാല്‍, ഊറിയാ വീട്ടില്‍ പോയില്ല. കൊട്ടാരം കാവല്‍ക്കാരോടൊപ്പം പടിപ്പുരയില്‍ കിടന്നുറങ്ങി.
10: ഊറിയാ വീട്ടില്‍പോയില്ലെന്നു ദാവീദറിഞ്ഞു. നീ യാത്രകഴിഞ്ഞു വരുകയല്ലേ? വീട്ടിലേക്കു പോകാത്തതെന്ത്? ദാവീദ് ഊറിയായോടു ചോദിച്ചു. ഇസ്രായേലും യൂദായും യുദ്ധരംഗത്താണ്.
11: പേടകവും അവരോടൊപ്പമുണ്ട്. എൻ്റെ യജമാനനായ യോവാബും അങ്ങയുടെ സേവകരും വെളിമ്പ്രദേശത്തു താവളമടിച്ചിരിക്കുന്നു. അങ്ങനെയിരിക്കേ, വീട്ടില്‍ച്ചെന്ന് തിന്നുകുടിച്ചു ഭാര്യയുമായി രമിക്കാന്‍ എനിക്കെങ്ങനെ കഴിയും? അങ്ങാണേ, എനിക്കതു സാദ്ധ്യമല്ല, ഊറിയാ പറഞ്ഞു:
12: അപ്പോള്‍ ദാവീദ് ഊറിയായോടു പറഞ്ഞു: അങ്ങനെയെങ്കില്‍ ഇന്നും നീ ഇവിടെ താമസിക്കുക. നാളെ നിന്നെ മടക്കിയയ്ക്കാം. അങ്ങനെ അന്നും പിറ്റേന്നും ഊറിയാ ജറുസലെമില്‍ താമസിച്ചു. ദാവീദ് അവനെ ക്ഷണിച്ചു.
13: അവന്‍ രാജസന്നിധിയില്‍ ഭക്ഷിച്ചു; പാനംചെയ്തു. ദാവീദ് അവനെ കുടിപ്പിച്ചു മത്തനാക്കി. എന്നിട്ടും രാത്രി അവന്‍ വീട്ടിലേക്കു പോയില്ല; രാജഭൃത്യന്മാരോടുകൂടെ തൻ്റെ വിരിപ്പില്‍ക്കിടന്നു.
14: രാവിലെ ദാവീദ് ഊറിയായുടെ കൈവശം യോവാബിന് ഒരെഴുത്തു കൊടുത്തയച്ചു.
15: അവന്‍ ഇങ്ങനെ എഴുതി: ഉഗ്രയുദ്ധം നടക്കുന്നിടത്ത് ഊറിയായെ മുന്നണിയില്‍ നിര്‍ത്തുക; പിന്നെ അവന്‍ വെട്ടേറ്റു മരിക്കേണ്ടതിന് അവനെ വിട്ടുപിന്‍വാങ്ങുക.
16: യോവാബു നഗരംവളയവേ ശത്രുക്കള്‍ക്കു ശക്തിയുള്ള ഒരു സ്ഥാനത്ത് ഊറിയായെ നിറുത്തി.
17: ശത്രുസൈന്യം യോവാബിനോടു യുദ്ധംചെയ്തു. ദാവീദിൻ്റെ പടയാളികളില്‍ ചിലര്‍ കൊല്ലപ്പെട്ടു. ഊറിയായും വധിക്കപ്പെട്ടു.
18: യോവാബ് ആളയച്ച്‌ യുദ്ധവാര്‍ത്ത ദാവീദിനെയറിയിച്ചു.
19: അവന്‍ ദൂതനു നിര്‍ദ്ദേശം നല്കി.
20: യുദ്ധവാര്‍ത്ത രാജാവിനെ അറിയിക്കുമ്പോള്‍ രാജാവു കോപിച്ച്, നഗരത്തോടിത്ര ചേര്‍ന്നുനിന്നു യുദ്ധംചെയ്തതെന്തിന്?
21: മതിലില്‍നിന്നുകൊണ്ട് അവരെയ്യുമെന്ന് അറിഞ്ഞുകൂടായിരുന്നോ? യെരൂബേഷത്തിൻ്റെ മകനായ അബിമലെക്ക് മരിച്ചതെങ്ങിനെയെന്നറിഞ്ഞുകൂടേ? തേബെസില്‍വച്ച് മതിലില്‍നിന്നുകൊണ്ട് ഒരു സ്ത്രീ തിരികല്ല് അവൻ്റെമേലിട്ടതുകൊണ്ടല്ലേ? നിങ്ങള്‍ മതിലിനോട് ഇത്രയടുത്തു ചെന്നതെന്തിനെന്നു ചോദിച്ചാല്‍, നിൻ്റെ ഹിത്യനായ ദാസന്‍ ഊറിയായും മരിച്ചു എന്നു നീ പറയണം.
22: ദൂതന്‍ യോവാബ് കല്പിച്ചതുപോലെ ദാവീദിനോടു പറഞ്ഞു.
23: ശത്രുക്കള്‍ നമ്മെക്കാള്‍ ശക്തരായിരുന്നു. അവര്‍ നഗരത്തില്‍നിന്നു പുറപ്പെട്ട്, വെളിമ്പ്രദേശത്തു നമുക്കെതിരേ വന്നു. പക്ഷേ, നഗരവാതില്‍ക്കലേക്കു നാമവരെ തിരിച്ചോടിച്ചു. 
24: അപ്പോള്‍, അവര്‍ മതിലില്‍നിന്ന് നമ്മുടെ നേരെ അമ്പയച്ചു. തിരുമേനീ, അവിടുത്തെ ദാസന്മാരില്‍ ചിലര്‍ കൊല്ലപ്പെട്ടു. അവിടുത്തെ ദാസനായ ഹിത്യന്‍ ഊറിയായും മരിച്ചു.
25: ദാവീദ് ദൂതനോടു കല്പിച്ചു: ഇതുകൊണ്ടധീരനാകരുത്. ആരൊക്കെ യുദ്ധത്തില്‍ മരിക്കുമെന്നു മുന്‍കൂട്ടിപ്പറയാന്‍ ആര്‍ക്കുമാവില്ല. ആക്രമണം ശക്തിപ്പെടുത്തി, നഗരത്തെ തകര്‍ത്തുകളയുക എന്നുപറഞ്ഞു യോവാബിനെ നീ ധൈര്യപ്പെടുത്തുക.
26: ഭര്‍ത്താവു മരിച്ചെന്നുകേട്ടപ്പോള്‍ ഊറിയായുടെ ഭാര്യ അവനെച്ചൊല്ലി വിലപിച്ചു.
27: വിലാപകാലം കഴിഞ്ഞപ്പോള്‍ ദാവീദവളെ കൊട്ടാരത്തില്‍ വരുത്തി. അവളവനു ഭാര്യയായി. അവളൊരു പുത്രനെ പ്രസവിച്ചു. പക്ഷേ ദാവീദിൻ്റെ പ്രവൃത്തി കര്‍ത്താവിന് അനിഷ്ടമായി.


അദ്ധ്യായം 12


നാഥാന്‍ ദാവീദിനെ കുറ്റപ്പെടുത്തുന്നു

1: കര്‍ത്താവ് നാഥാന്‍പ്രവാചകനെ ദാവീദിൻ്റെയടുക്കലേക്കയച്ചു. അവന്‍ രാജാവിനോടു പറഞ്ഞു: ഒരു നഗരത്തില്‍ രണ്ടാളുകളുണ്ടായിരുന്നു; ഒരുവന്‍ ധനവാനും അപരന്‍ ദരിദ്രനും. 
2: ധനവാനു വളരെയധികം ആടുമാടുകളുണ്ടായിരുന്നു.
3: ദരിദ്രനോ താന്‍ വിലയ്ക്കുവാങ്ങിയ ഒരു പെണ്ണാട്ടിന്‍കുട്ടിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അവനതിനെ വളര്‍ത്തി. അത് അവൻ്റെ കുട്ടികളോടൊപ്പം വളര്‍ന്നു. അവൻ്റെ ഭക്ഷണത്തില്‍നിന്ന് അതു തിന്നു; അവൻ്റെ പാനീയത്തില്‍നിന്ന് അതു കുടിച്ചു; അതവൻ്റെ മടിയിലുറങ്ങി; അതവനു മകളെപ്പോലെയായിരുന്നു.
4: അങ്ങനെയിരിക്കേ, ധനവാൻ്റെ ഭവനത്തില്‍ ഒരു യാത്രക്കാരന്‍ വന്നു. അവനുവേണ്ടി സ്വന്തം ആടുകളിലൊന്നിനെക്കൊന്നു ഭക്ഷണമൊരുക്കാന്‍ ധനവാനു മനസ്സില്ലായിരുന്നു. അവന്‍ ദരിദ്രൻ്റെ ആട്ടിന്‍കുട്ടിയെപ്പിടിച്ചു തൻ്റെ അതിഥിക്കു ഭക്ഷണമൊരുക്കി.
5: ഇതുകേട്ടപ്പോള്‍ ക്രുദ്ധനായി ദാവീദു പറഞ്ഞു: കര്‍ത്താവാണേ, ഇതു ചെയ്തവന്‍ മരിക്കണം.
6: അവന്‍ നിര്‍ദ്ദയമിതു ചെയ്തതുകൊണ്ട് നാലുമടങ്ങു മടക്കിക്കൊടുക്കണം.
7: നാഥാന്‍ പറഞ്ഞു: ആ മനുഷ്യന്‍ നീതന്നെ. ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ ഇസ്രായേലിൻ്റെ രാജാവായി അഭിഷേകംചെയ്തു. സാവൂളില്‍നിന്നു നിന്നെ രക്ഷിച്ചു.
8: നിൻ്റെ യജമാനൻ്റെ ഭവനം, നിനക്കു നല്കി; അവൻ്റെ ഭാര്യമാരെയും നിനക്കു തന്നു. നിന്നെ ഇസ്രായേലിൻ്റെയും യൂദായുടെയും രാജാവാക്കി. ഇതുകൊണ്ടു തൃപ്തിയായില്ലെങ്കില്‍ ഇനിയുമധികം നല്കുമായിരുന്നു.
9: പിന്നെ, എന്തുകൊണ്ട് നീ എന്നെ അനുസരിക്കാതെ, എൻ്റെ മുമ്പാകെ ഈ തിന്മചെയ്തു? അമ്മോന്യരുടെ വാള്‍കൊണ്ടു ഹിത്യനായ ഊറിയായെ നീ കൊല്ലിച്ചു; അവൻ്റെ ഭാര്യയെ നീയപഹരിച്ചു.
10: എന്നെ നിരസിച്ചു ഹിത്യനായ ഊറിയായുടെ ഭാര്യയെ നീ സ്വന്തമാക്കിയതുകൊണ്ടു നിൻ്റെ ഭവനത്തില്‍നിന്നു വാളൊഴിയുകയില്ല.
11: കര്‍ത്താവരുളിച്ചെയ്യുന്നു: നിൻ്റെ സ്വന്തം ഭവനത്തില്‍നിന്നുതന്നെ നിനക്കു ഞാന്‍ ഉപദ്രവമുണ്ടാക്കും. നിൻ്റെ കണ്‍മുമ്പില്‍വച്ച് ഞാന്‍ നിൻ്റെ ഭാര്യമാരെ അന്യനു കൊടുക്കും. പട്ടാപ്പകല്‍ അവനവരോടൊത്തു ശയിക്കും. നീയിതു രഹസ്യമായിച്ചെയ്തു.
12: ഞാനിത് ഇസ്രായേലിൻ്റെമുഴുവന്‍ മുമ്പില്‍വച്ചു പട്ടാപ്പകല്‍ ചെയ്യിക്കും.

ദാവീദ് അനുതപിക്കുന്നു

13: ഞാന്‍ കര്‍ത്താവിനെതിരായി പാപം ചെയ്തു പോയി, ദാവീദു പറഞ്ഞു. നാഥാന്‍ പറഞ്ഞു: കര്‍ത്താവ് നിൻ്റെ പാപം ക്ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല.
14: എങ്കിലും, ഈ പ്രവൃത്തികൊണ്ടു നീ കര്‍ത്താവിനെ അവഹേളിച്ചതിനാല്‍, നിൻ്റെ കുഞ്ഞു മരിച്ചുപോകും.
15: നാഥാന്‍ വീട്ടിലേക്കു മടങ്ങി. ഊറിയായുടെ ഭാര്യ പ്രസവിച്ച ദാവീദിൻ്റെ കുഞ്ഞിനു കര്‍ത്താവിൻ്റെ പ്രഹരമേറ്റു. അതിനു രോഗം പിടിപെട്ടു.
16: കുഞ്ഞിനുവേണ്ടി ദാവീദു ദൈവത്തോടു പ്രാര്‍ത്ഥിച്ചു. അവന്‍ ഉപവസിച്ചു. രാത്രിമുഴുവന്‍ മുറിയില്‍ നിലത്തുകിടന്നു.
17: കൊട്ടാരത്തിലെ ശ്രേഷ്ഠന്മാര്‍ അവനെ നിലത്തുനിന്ന് എഴുന്നേല്പിക്കാന്‍ ശ്രമിച്ചു; അവന്‍ അതു കൂട്ടാക്കിയില്ല; അവരോടൊത്തു ഭക്ഷണം കഴിച്ചുമില്ല. ഏഴാം ദിവസം കുഞ്ഞു മരിച്ചു.
18: ദാവീദിനോടു വിവരംപറയാന്‍ സേവകന്മാര്‍ ഭയപ്പെട്ടു. അവര്‍തമ്മില്‍ പറഞ്ഞു: കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍പോലും നാം പറഞ്ഞത് അവന്‍ ശ്രദ്ധിച്ചില്ല. കുഞ്ഞു മരിച്ചെന്നു നാം എങ്ങനെ അറിയിക്കും? അവന്‍ വല്ല സാഹസവും കാണിക്കും.
19: സേവകന്മാര്‍ അടക്കംപറയുന്നതു കണ്ടപ്പോള്‍ കുഞ്ഞു മരിച്ചെന്നു ദാവീദ് മനസ്‌സിലാക്കി. കുഞ്ഞു മരിച്ചുവോ? അവന്‍ തിരക്കി. ഉവ്വ്, കുട്ടി മരിച്ചു, അവര്‍ പറഞ്ഞു.
20: അപ്പോള്‍ ദാവീദു തറയില്‍നിന്നെഴുന്നേറ്റു കുളിച്ചു തൈലംപൂശി വസ്ത്രംമാറി, ദേവാലയത്തില്‍ച്ചെന്ന് ആരാധിച്ചു. കൊട്ടാരത്തില്‍ തിരിച്ചെത്തി ഭക്ഷണം ചോദിച്ചു. അവര്‍ വിളമ്പി. അവന്‍ ഭക്ഷിച്ചു.
21: ദാവീദിൻ്റെ ദാസന്മാര്‍ ചോദിച്ചു: ഈ ചെയ്തതെന്ത്? കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍ അങ്ങ് ഉപവസിച്ചു കരഞ്ഞു; കുട്ടി മരിച്ചപ്പോഴാകട്ടെ അങ്ങ് എഴുന്നേറ്റു ഭക്ഷിച്ചിരിക്കുന്നു.
22: കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍ ഞാന്‍ ഉപവസിച്ചു കരഞ്ഞു; ശരിതന്നെ. കര്‍ത്താവു കൃപതോന്നി കുഞ്ഞിൻ്റെ ജീവന്‍ രക്ഷിച്ചെങ്കിലോയെന്നു ഞാന്‍ കരുതി.
23: എന്നാല്‍, ഇപ്പോള്‍ അവന്‍ മരിച്ചിരിക്കുന്നു. ഇനി ഞാന്‍ ഉപവസിക്കുന്നതെന്തിന്? കുഞ്ഞിനെ എനിക്കു വീണ്ടും ജീവിപ്പിക്കാനാവുമോ? ഞാന്‍ അവൻ്റെയടുക്കല്‍ ചെല്ലുകയല്ലാതെ അവന്‍ എൻ്റെയടുക്കലേക്കു വരികയില്ല.
24: പിന്നെ, ദാവീദ്, തൻ്റെ ഭാര്യ ബെത്‌ഷെബായെ ആശ്വസിപ്പിച്ചു. അവന്‍ അവളെ പ്രാപിച്ചു. അവള്‍ ഒരു മകനെ പ്രസവിച്ചു. ദാവീദ് അവനു സോളമന്‍ എന്നു പേരിട്ടു. കര്‍ത്താവ് അവനെ സ്‌നേഹിച്ചു.
25: നാഥാന്‍ കര്‍ത്താവിൻ്റെ നിര്‍ദ്ദേശമനുസരിച്ച് അവനു യദീദിയ എന്നു പേരിട്ടു.
26: യോവാബ് അമ്മോന്യരുടെ റബ്ബാ ആക്രമിച്ചു രാജകീയപട്ടണം പിടിച്ചെടുത്തു.
27: അവന്‍ ദൂതന്മാരെയയച്ചു ദാവീദിനോട് പറഞ്ഞു: ഞാന്‍ റബ്ബാ ആക്രമിച്ച് അവിടത്തെ ജലസംഭരണികള്‍ കൈവശപ്പെടുത്തിയിരിക്കുന്നു.
28: ബാക്കി സൈന്യത്തെ നയിച്ചു നഗരംവളഞ്ഞു നീതന്നെ അതു പിടിച്ചടക്കുക. അല്ലെങ്കില്‍, നഗരം ഞാന്‍ പിടിച്ചടക്കുകയും അത് എൻ്റെ പേരില്‍ അറിയപ്പെടാന്‍ ഇടയാവുകയും ചെയ്യുമല്ലോ.
29: അതുകൊണ്ട്, ദാവീദു സൈന്യത്തെനയിച്ച് റബ്ബായിലെത്തി, നഗരം പിടിച്ചടക്കി.
30: അവന്‍ അവരുടെ രാജാവിൻ്റെ കിരീടം തലയില്‍നിന്നെടുത്തു. ഒരു താലന്തു സ്വര്‍ണ്ണംകൊണ്ടുള്ളതായിരുന്നു അത്. ഒരു രത്നവും അതില്‍ പതിച്ചിരുന്നു. ദാവീദ് ആ കിരീടമണിഞ്ഞു. അവന്‍ പട്ടണത്തില്‍നിന്നു ധാരാളം കൊള്ളവസ്തുക്കളും കൊണ്ടുപോന്നു.
31: നഗരവാസികളെയും അവന്‍ കൊണ്ടുവന്നു. അറക്കവാള്‍, മണ്‍വെട്ടി, കോടാലി എന്നിവകൊണ്ടു പണിയെടുപ്പിച്ചു. ഇഷ്ടികച്ചൂളയിലും അവരെ ജോലിക്കാക്കി. മറ്റ് അമ്മോന്യനഗരങ്ങളോടും ദാവീദ് ഇങ്ങനെ ചെയ്തു. അതിനുശേഷം ദാവീദും ആളുകളും ജറുസലേമിലേക്കു മടങ്ങിപ്പോന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ